The contents of this blog and the language used herein are "mature" and suited only for "grown-ups".

Jul 6, 2008

ശാസ്ത്രവും മതവും : വാദപ്രതിവാദങ്ങള്‍

അജ്ഞാതന്‍ എന്ന ബ്ലോഗ്ഗറുടെ കള്ളപ്പൂച്ച എന്ന ബ്ലോഗിലെ പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി? എന്ന പോസ്റ്റ്ഇനിട്ട മറുപടിയാണ് ഇവിടെ.

"ഹാവിസ്ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു....
... ഒരു "പ്രത്യേക" സാഹചര്യത്തില്‍ പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും ചെയ്തു. അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി.പിന്നെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ഏകകോശജീവികള്‍ ഉണ്ടായി. അവയില്‍ നിന്നും മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായി.അവിടെ നിന്ന് ഉരഗങ്ങളും കുരങ്ങനും മറ്റു ജീവ ജാലങ്ങളും ഉണ്ടായി.അങ്ങനെ ഉണ്ടായ കുരങ്ങുകളില്‍ ഒന്നിന്റെ വാല്‍ നഷ്ടപെട്ടു. പിനീട് കുറെ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായ "പ്രത്യേക" സാഹചര്യത്തില്‍ വാല് മുറിഞ്ഞു പോയ കുരങ്ങന്‍ മനുഷനായി മാറി (ബാക്കി കുരങ്ങന്മാര്‍ ഒക്കെ ഇപോഴും പഴയ രൂപത്തില്‍ തന്നെ ഉണ്ട് )... മുഴുവനായി വായിക്കാന്‍ ലിങ്ക് നോക്കുക.

പോസ്റ്റിനിട്ട ആദ്യത്തെ കമന്റ് :

പ്രിയ അജ്ഞാതന്‍,

"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" എന്ന ചോദ്യത്തിനു താങ്കള്ക്കുള്ള മറുപടി എന്തായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. അതു കേട്ടിട്ട് മറുപടി പറയാം എന്നു വിചാരിക്കുന്നു.

പിന്നെ,
ഈ പോസ്റ്റില്‍ ശാസ്ത്രമാണെന്ന് എഴുതിവച്ചതൊന്നും ശാസ്ത്രമല്ല, ശാസ്ത്രവുമായി പുലബന്ധം പോലുമില്ല. വിക്കി പീഡിയ വായിച്ചിട്ട് ശാസ്ത്രവസ്തുതകള്‍ ഇങ്ങനെയാണു താങ്കള്‍ മനസിലാക്കിയത് എങ്കില്‍ ഉടന്‍ താങ്കള്‍ ശരിക്കുള്ള സയന്സ് പഠിച്ചു തുടങ്ങണം .


പ്രിയ സലാഹുദ്ദീന്‍ ഭായ്,

റഫീക്ക് കീഴാറ്റൂരിന്റെ ബ്ലോഗില്‍ വഴിപിരിഞ്ഞ ചര്ച്ച നമുക്ക് ഇവിടെ തുടരാവുന്നതാണ്.
താങ്കളുടെ ഈ 'യുക്തി' ചോദ്യങ്ങള്ക്ക് താങ്കള്ക്ക് തന്നെ ഉള്ള മറുപടികള്‍ എന്തൊക്കെയാണു ?

>>മനുഷ്യ ജന്മത്തിന്റെ നിയോഗം എന്താണ്?

മനുഷ്യ ജന്മത്തിനു ഒരു നിയോഗം വേണോ ?

>> സ്വയം രൂ‍പപ്പെട്ടു എന്ന് നിങ്ങള്‍ വാദിക്കുന്നു എന്നാല്‍ അതിന്റെ ആ രൂപപ്പെടുന്ന സംവിധാനം ആ‍രാണ് നിശ്ചയിച്ചത്?

സ്വയം രൂപപെടും എന്നാല്‍ സ്വയം രൂപപ്പെടും എന്നു തന്നെയാണര്ത്ഥം . അതിനെ വേറേ ആരെങ്കിലും രൂപപ്പെടുത്തുന്നു എങ്കില്‍ പിന്നെ 'സ്വയം രൂപപ്പെട്ടു' എന്ന്നൊരു വാക്യത്തിനു തന്നെ പ്രസക്തിയില്ലല്ലോ.

>> ആദി എന്താണ്? അവസാനമുണ്ടോ?

എന്തിന്റെ ആദി ആണു താങ്കള്‍ ഉദ്ദേശിക്കുന്നത് ?
സമയം എന്നത് സ്പേസ് ടൈം മേയ്ട്രിക്സിന്റെ ഭാഗമാണു. പ്രപന്ചോല്ഭവം എന്നു പറയുന്നത് നമുക്കു അളക്കാവുന്ന സമയത്തിന്റെ ആരംഭം കുറിക്കുന്ന പോയിന്റ് കുടിയാണു. നമ്മെ സമ്ബന്ധിച്ചിടത്തോളം നാമറിയുന്ന രീതിയിലുള്ള ഭൌതിഅ നിയമങ്ങള്‍ ആ പോയിന്റിനപ്പുറമുള്ളതിനെ 'അളക്കാന്' സഹായിക്കില്ല. മാത്രവുമല്ല സമയത്തിന്റെ തുടക്കം അതാണെങ്കില്‍ അതിനും മുന്പത്തെ ഒരു സമയത്തെ കുറിച്ച് ചോദിക്കുന്നതു ലോജിക്കല്‍ അല്ലല്ലൊ.


>>ഞാന്‍ എന്തിന് മറ്റുള്ളവരെ സഹായിക്കണം?

സഹായിക്കണമെന്ന് നിയമമുണ്ടോ ?

>> ഈ ലോക നീതി എന്തേ ഇങ്ങനെയായത്?

എങ്ങനെ ആയത് എന്നാണു ചോദ്യം ?


>> യഥാര്‍ത്തത്തില്‍ എല്ലാവരും ഒരേ പോലെയാവേണ്ടതല്ലേ? ഇവര്‍ക്കൊക്കെ നീതി ആരു നല്‍കും?

അതെന്തു ലോജിക്ക് ? എങ്ങനെയാണു എല്ലാവരും ഒരുപോലെയാവുന്നത് ?
ലോകത്ത്നു നീതി വേണമെന്ന് നിര്ബന്ധമുണ്ടോ ?


>> മരണത്തിന് നിങ്ങള്‍ നല്‍കുന്ന നിര്‍വ്വചനം എന്ത്? മരണം ശേഷം എന്ത്??

എല്ലാ ചയാപചയ പ്രക്രിയകളും അവസാനിക്കുന്ന പോയിന്റ് - മോളിക്യുലാര്‍ ഡെത്ത് എന്നു പറയുo . ഒരു ജീവി - ആനയായാലും സലാഹുദ്ദീനായാലും ആല്മരമായാലും സൂരജായാലും - മരിച്ചു എന്നു നാം വിളിക്കുന്ന പോയിന്റില്‍ തലചോറും ഹാര്ട്ടും മാത്രമാണു യത്ഥാര്ത്ഥത്തില്‍ പ്രവര്ത്തനം നില്കുന്നത്. മട്ടവയവങ്ങളും കോശങ്ങളും ബയോ മോളിക്യൂളുകളും മര്ക്കാന്‍ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ എടുക്കും



>>മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??

ആത്മാവുണ്ടോ ?

>>മരണാന്തരം ഒരു ജീവിതമില്ലെന്ന് നിങ്ങള്‍ക്കെന്താ ഉറപ്പ്? രക്ഷാ ശിഷകളുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കെന്നെ രക്ഷിക്കാനാവും??

മരണാനന്തരം ജീവിതമുണ്ടെന്ന് ഉറപ്പുണ്ടോ ?


>> നിങ്ങള്‍ ആഗ്രഹിച്ചിട്ടാണോ നിങ്ങളെല്ലാം ഇങ്ങോട്ട് വന്നത്?

കുട്ടി വളന്നു വലുതാവുന്ന പ്രക്രിയയ്ക്കിടയില്‍ എപോഴോ ആണു ഈ "ഞാന്","ഞങ്ങള്", "അവര്", "നിങ്ങള്" എന്നൊക്കെയുള്ള ഭാവം ഉണ്ടായി വരുന്നത്. അതു തലക്ചോറും പരിസരവും തമ്മിലുള്ള ഇടപെടലിനെ ആശ്രയിച്ചു വളരുന്ന ഒരു ആന്തരിക ചിത്രം മാത്രമാണ്. അല്ലാതെ ഈ "ഞാന്" ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണു അല്ലെങ്കില്‍ വന്നു പിറന്നതാണു എന്ന സങ്കല്പ്പത്തിനു സാധുതയില്ല.


>> ആത്മാവുണ്ടോ? എവിടുന്നാണ് അതിന്റെ ഉല്‍ഭവം?

അങ്ങനെയൊന്നുണ്ടെന്ന് എന്തു തെളിവ് ?


>> ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്? എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?


പിന്നെന്താ, തീര്ച്ചയായും ഒരുവനു അവനിഷ്ടമുള്ള രീതിയില്‍ ജീവിക്കാമല്ലൊ.

ആ ജീവിത രീതി കൊണ്ട് മറ്റൊരുവനു ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ അവന്‍ വന്ന് അടിച്ചു പല്ലു കൊഴിക്കും . അല്ലെങ്കില്‍ കൊന്നു തള്ളും .
അങ്ങനെ തോന്നിയപാടായാല്‍ സ്വാഭാവികമായും വംശം വേഗം കുറ്റിയറ്റു പോകും . അതു തടയണമെന്ന് പ്രാക്തന സമൂഹങ്ങള്ക്ക്ക് തോന്നിയതിനാല്‍ ഒതു സമൂഹത്തിനു നിയമങ്ങള്‍ നിര്മ്മിക്കപ്പെട്ടു. ഇന്നു ആ നിയമങ്ങള്‍ അനുസരിക്കാതെ തോന്നിയപാട് ജീവിക്കുന്നവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്ത്താനാണു ജയിലുകള്. അത്രതന്നെ.

ഒരു കാര്യം കൂടി.

നിങ്ങള്‍ രണ്ടു പേരും ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഒരു എളുപ്പ ഉത്തരമുണ്ട്. "എല്ലാം ദൈവത്തിന്റെ നിശ്ചയം". ആ ഉത്തരമാണ് യുക്തിസഹം എന്നു തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും അതു സ്വീകരിക്കാം കേട്ടോ.

ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രം മനുഷ്യ യുക്തിയെ ആണു അടിസ്ഥാനപ്പെടുത്തുന്നത്. ആ ശാസ്ത്ര യുക്തിക്കുള്ളില്‍ പ്രപഞ്ചത്തിനു പുറത്തോ നമുക്കറിവുള്ള ഫിസിക്കല്‍ നിയമങ്ങള്‍ക്കു പുറത്തോ ഉള്ള ഒരു ദൈവീക ശക്തിയെ ഒതുക്കാനാവില്ലല്ലോ.

ശാസ്ത്രത്തിന്റെ ലിമിറ്റേഷന്‍സ് മുഴവനും അതില്‍ തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്. ഒരു പരീക്ഷണം ചെയ്യുമ്പോള്‍ ആദ്യമേ അതിന്റെ ഫ്രെയിം നിര്‍വചിക്കപ്പെടുന്നതു തന്നെ ഈ ലിമിറ്റേഷന്‍സ് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.

മറ്റൊന്നു കൂടി : ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാനാണ് മേല്പ്പറഞ്ഞ യുക്തി ചോദ്യങ്ങള്‍ നിങ്ങള്‍ രണ്ടാളും ചോദിച്ചതെങ്കില്‍ ആ ദൈവീക ശക്തിയുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായി ആ ചോദ്യങ്ങള്‍ക്കുത്തരം പറയാനുള്ള ബാധ്യത താങ്കള്‍ക്കുമുണ്ടെന്നു സവിനയം ഓര്‍മ്മപ്പെടുത്തട്ടെ.

പി.എസ് : സോഫ്റ്റ്വേറിനു ചില്ലറ പ്രശങ്ങളുണ്ട്. അക്ഷരത്തെറ്റുകള്‍ പൊറുക്കുക.


രണ്ടാമത്തെ കമന്റ് ഈ കമന്റുകള്‍ക്ക് മറുപടിയായി ഇട്ടത് :

പ്രിയ അജ്ഞാതന്‍,

>>മഹാവിസ്ഫോടന സിദ്ധാന്തം ഞാന്‍ എന്റെ സ്വന്തം വാക്യത്തില്‍ എഴുതിയതല്ല .വികി പീഡിയയില്‍ നിന്നും എടുത്തതാണ് .ഇപ്പോള്‍ താങ്കള്‍ പറയുന്നു അതിന് ശാസ്ത്രവുമായി പുലബന്ധം പോലുമില്ല എന്ന് . ശരി സമധിക്കുന്നു...

Sorry, കളിയാക്കാനായി പറഞ്ഞതല്ല ഞാനത്.

പ്രപഞ്ചോത്ഭവ സിദ്ധാന്തത്തെയും പരിണാമസിദ്ധാന്തത്തെയും കുറിച്ച് പൊതുജനത്തിനുള്ള ഒരു പോപ്പുലര്‍ സയന്‍സ് കാഴ്ചപ്പാട് ആണ് താങ്കള്‍ ഇ പോസ്റ്റില്‍ എഴുതിയത്. അമിതലളിതവല്‍ക്കരണത്താല്‍ തേഞ്ഞ് തേഞ്ഞ് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാതായ ഒരു വേര്‍ഷന്‍.

ഖുര്‍ ആന്‍ വായിക്കാതെ ഇടമറുകിന്റെ പുസ്തകം വായിച്ചിട്ട് ഖുര്‍ ആനെ ഞാന്‍ വിമര്‍ശിക്കാന്‍ വന്നാല്‍ ? അതു പോലെയാണ് സയന്‍സിനെ വിമര്‍ശിക്കാനായി അതിന്റെ തെറ്റായ വെര്‍ഷനുകളെ ഉപയോഗിക്കുന്നതും അതിനെ വളച്ചൊടിക്കുന്നതും.

ഒരുപാട് സങ്കീര്‍ണ്ണമായ ഗണിത രീതികള്‍ പഠിക്കണം പ്രപഞ്ചശാസ്ത്രത്തിന്റെ ഫിസിക്സ് ശരിയായി മനസിലാക്കാന്‍. പോപ്പുലര്‍ സയന്‍സ് വേര്‍ഷനുകളല്ല അതിനാസ്പദമാക്കേണ്ടത്. ഈ തെറ്റിദ്ധാരണ മുഴുവന്‍ മാറ്റി എല്ലാവരെയും ശാസ്ത്രം ശാത്രീയമായി പഠിപ്പിക്കാം എന്നൊരു മൂഢവിശ്വാസമൊന്നുമെനിക്കില്ല കേട്ടോ :) അതിനുള്ള പ്രാപ്തിയില്ലെന്നു മാത്രമല്ല അതു സ്റ്റാന്ഡേഡ് ടെക്സ്റ്റ് ബുക്കുകള്‍ുപയോഗിച്ചും പറ്റാവുന്ന പരീക്ഷണനിരീക്ഷണ ഗവേങ്ങള്‍ ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതിയില്‍ തന്നെ പഠിക്കേണ്ടതാണ്.

നമ്മള്‍ മാഗ്നെറ്റിസത്തെക്കുറിച്ച് പ്രീഡിഗ്രിയിലൊക്കെ പഠിക്കുന്നില്ലേ ?എന്തെല്ലാം ഇക്വേഷനുകള്‍ പ്രയോഗിച്ച് നാം കാന്തിക ബലവും മറ്റും കണ്ടെത്തുന്നു - അതുപോലെയൊക്കെത്തന്നെയാണ് ഈ സിദ്ധാന്തങ്ങളും പഠിക്കേണ്ടത്.

അത്യാവശ്യം തുടക്കക്കാരനു വായിക്കാന്‍ ചില പുസ്തകങ്ങള്‍ :

കോസ്മോളജി:

-ഫസ്റ്റ് ത്രീ മിനിറ്റ്സ്,
-റിങ്കിള്‍സ് ഇന്‍ ടൈം,
-മിസ്കണ്‍സെപ്ഷന്‍സ് എബോട്ട് ദ ബിഗ് ബാംഗ് (ഇത് പുസ്തകമല്ല, ലേഖനമാണ്- നെറ്റില്‍ കിട്ടുമോയെന്ന് നോക്കട്ടെ, കിട്ടിയാല്‍ ലിങ്ക് തരാം)

ഇവല്യൂഷന്‍:

-ഓറിജിന്‍ ഒഫ് സ്പീസീസ്,
-ദ ബ്ലൈന്റ് വാച് മേക്കര്‍,
-ക്രൂസിബിള്‍ ഒഫ് ക്രിയേഷന്‍.

താങ്കളുടെ പോസ്റ്റിലെ ചില വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം:

എ) പ്രപഞ്ചോത്ഭവം ഒരു സ്ഫോടനത്തോടെയാണ് തുടങ്ങിയത് എന്ന് എഴുതിയതു തെറ്റാണ്. ബിഗ് ബാംഗ് = മഹാസ്ഫോടനം എന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും അതു നാം സാധാഅണ മനസിലാകുമ്പോലെ ഒരു അമിട്ട് പൊട്ടല്‍ രീതിയിലുള്ള 'പൊട്ടിത്തെറി'യേ അല്ല. (വിക്കിപ്പീഡിയ ശാസ്ത്ര വെബ്സൈറ്റല്ല, അതിലിതുപോലെ ഒരുപാട് തെറ്റുകളുണ്ട്.)

ബി) കുരങ്ങന്റെ വാലുമുറിഞ്ഞ് മനുഷനുണ്ടായി എന്ന് പരിണാമസിദ്ധാന്തത്തിലെവിടെയും പറയാറില്ല. "ബാക്കി കുരങ്ങന്മാരൊക്കെ അതേപടി ഉണ്ട് " എന്ന പരിഹാസം വളരെ പ്രസിദ്ധമായ ഒരു വിഢിത്തമാണ് - പരിണാമസിദ്ധാന്തം ഒരു ചുക്കും അറിയാത്തവര്‍ അതിനെ എതിര്‍ക്കാന്‍ പണ്ടുമുതല്‍ക്കേ പ്രചരിപ്പിക്കുന്ന തമാശ. മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസിക രോഗമുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതും അതിനാല്‍ ഖുറാന്‍ മുഴുവന്‍ അത്തരം ജല്പ്പനങ്ങളാണെന്ന് പറയുന്നവരും തേ ക്യാറ്റഗറിയിലാണെന്നേ ഞാന്‍ പറയൂ :)

സി)"പ്രത്യേക" സാഹചര്യത്തില്‍ എന്ന് കുറേ പ്രാവശ്യം ലേഖനത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതും ബോള്‍ഡ് ഫോണ്ടില്‍. ഈ കണ്ടെത്തലുകളും സിദ്ധാന്തവുമൊക്കെ ഊഹം മാത്രമാണെന്നാണോ അങ്ങനെ കൊടുത്തതുകൊണ്ട് ഉദ്ദേശിക്കുന്നത് ? അതോ അഡ്ജസ്റ്റ്മെന്റുകളീലൂടെയാണ് ഈ സിദ്ധാന്തങ്ങള്‍ വിപുലീകരിക്കപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ചിട്ടോ ?
എന്തായാലും ശരി പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം സ്പെഷ്യല്‍ തന്നെയാണ്. സ്പെഷ്യല്‍ ആയ സംഭവങ്ങള്‍ക്ക് പ്രകൃതിയില്‍ പ്രത്യേക സാഹചര്യങ്ങളും വേണം. അതുകൊണ്ട് ഉത്ഭവങ്ങല് ഏതു "പ്രത്യേക സാഹചര്യത്തില്‍" ഉണ്ടായതാണെന്നാണ് സിദ്ധാന്തം പറയുന്നത് എന്നല്ല നോക്കേണ്ടത്; സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന പ്രഡിക്ഷന്‍സും തെളിവുകളും ശരിയാണോ എന്നാണ്. നിലവില്‍ കണ്ടെത്തപ്പെടുന്ന വസ്തുതകളെ ഏറ്റവും കൃത്യമായി വിവരികുകയും ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുള്ള അനുബന്ധ വസ്തുതകളെ അവ മുന്‍ കൂറായി പ്രവചിക്കുനുണ്ടോ, അല്ലെങ്കില്‍ ആ പ്രവചനങ്ങള്‍ എത്രകണ്ട് ശരിയാണ് എന്നൊക്കെയാണ് ഒരു സിദ്ധാന്തത്തിന്റെ വാലിഡിറ്റി അറിയാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍. (അതുകൊണ്ടാണ്, 'പ്രത്യേകസാഹചര്യങ്ങള്‍' ഒട്ടനവധി വേണ്ടിവരുന്നതായിട്ടും ക്വാണ്ടം മെക്കാനിക്സിനെയും സ്ട്രിംഗ് സിദ്ധാന്തത്തെയുമൊക്കെ ശാസ്ത്രസമൂഹം പ്രതീക്ഷയോടെ നോക്കുന്നത്. )

ഡി)>> "...ആ പൊട്ടിത്തെറിക്ക്‌ കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.."

പൊട്ടിത്തെറി എന്ന വിവക്ഷ ബിഗ് ബാംഗിനെക്കുറിച്ചാണെങ്കില്‍ അതു തെറ്റാണെന്നു ഞാന്‍ മുകളില്‍ സൂചിപ്പിച്ചല്ലൊ. പിന്നെ പ്രപഞ്ചം ഉത്ഭവികുന്നത് തന്നെ സമയത്തെയും സ്ഥലത്തെയും കൊണ്ടാണ് (സ്പേസ് ആന്റ് ടൈം). - ഇതു പൂര്‍ണ്ണമായും സങ്കല്പിച്ചെടുക്കാന്‍ പൊതു ആപേക്ഷിക സിദ്ധാന്ത അറിയണം. റേയ്മാനിയന്‍ ജ്യാമിതിയും മറ്റും അറിയണം.

സ്ഥലകാലങ്ങളെക്കൊണ്ട് ആരംഭിക്കുകയും വികസികുകയും ചെയ്യുന്ന ഒരു പ്രപഞ്ചത്തിനു തുടക്കത്തിനും മുന്‍പ് എന്ത് എന്ന് ചോദിക്കുന്നത് സാധാരണ അര്‍ത്ഥത്തില്‍ യുക്തിരഹിതമാണ്. എന്നാല്‍ ഫിസിക്സ് ശാസ്ത്രജ്ഞന്‍ ഈ ചോദ്യം സ്വയം ചോദിക്കുന്നത് മറ്റു ചില ആവശ്യങ്ങള്‍ക്കാണ് - നാം ഇന്നറിയുന്ന രീതിയിലുള്ള പ്രകൃതി നിയമങ്ങള്‍ ആ ഒരു പോയിന്റില്‍ അസാധുവാകുമോ; അഥവാ ആകുമെങ്കില്‍ ആ പോയിന്റിനപ്പുറമുള്ള എന്തെങ്കിലും സംഭവങ്ങള്‍ എങ്ങെനെയറിയാം; പ്രപഞ്ചത്തിന്റെ പിന്നീടുള്ള ദ്രുത വികാസത്തിനോ അതിലെ ഡാര്‍ക് മാറ്റര്‍ പോലുള്ള സംഗതികളെക്കുറിച്ചൊക്കെ എന്തെങ്കിലും സൂചന അതു തരുമോ; മറ്റു പ്രപഞ്ചങ്ങള്‍ ഉണ്ടോ എന്നൊക്കെയാണ് അവരുടെ അന്വേഷണം.

ആപേക്ഷിക സിദ്ധാന്തമനുസരിച്ച് യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ പ്രപഞ്ചം സ്വയംഭൂവാകുകയും സ്ഥലകാലങ്ങളോടൊത്തു വികസിക്കുകയും, അതിലെ ഉര്‍ജ്ജം 'ഉറഞ്ഞുകൂടി' ദ്രവ്യമാകുകയും വീണ്ടും ഊര്‍ജ്ജമാകുകയുമൊക്കെ ചെയ്യുന്നതിനു യാതൊരു പ്രശ്നവുമില്ല. ഇതൊന്നും സിദ്ധാന്തം ചുമ്മാ അടിച്ചുവിടുന്നതല്ല - കൃത്യമായ ഗണിതസമീകരണങ്ങളോടെയാണ്. ബിഗ് ബാംഗ് സംഭവിച്ചതിനു ശാസ്ത്രീയ തെളിവുകളും (കോബ് സാറ്റലൈറ്റ് പഠനമുള്‍പ്പടെ) ധാരാളമാണ്. (ഇനി അതൊക്കെ ഉഹാപോഹമാണെന്ന് പറഞ്ഞാല്‍ എനിക്കു അതിനുള്ള മറുപടിയില്ല. നല്ല നമസ്കാരം പറഞ്ഞു പിരിയാം:)


ഇ) >>" ..ശാസ്ത്രത്തിന്റെ കാര്യമല്ലേ കാത്തിരുന്നു കാണാം .... ഇന്നലത്തെ സത്യം ഇന്നു നുണ.ഇന്നത്തെ സത്യം നാളത്തെ ....... ഞാനൊന്നും പറയുന്നില്ലേ"

ശാസ്ത്രത്തില്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതുസരിച്ച് സിദ്ധാന്തങ്ങളും അനുമാനങ്ങളും മാറ്റേണ്ടി വരും. അതൊരു പോരായ്മയായി കാണുന്നത് സയന്‍സ് അറിയാത്തതുകൊണ്ടാണ്.

ദൂരദര്‍ശിനികളില്ലാതിരുന്ന കാലത്ത് നക്ഷത്രങ്ങള്‍ വെറും പ്രകാശപ്പൊട്ടുകളാണെന്നും അവയെ ആകാശത്ത് ഒട്ടിച്ചു വച്ചിരിക്കയാണെന്നുമൊക്കെ ആളുകള്‍ കരുതി - അന്നത്തെ അറിവിന്റെ പരമാവധി അഥവാ ശാസ്ത്രം അതായിരുന്നു. ദൂരദര്‍ശിനികള്‍ വനപ്പോള്‍ തെറ്റുകള്‍ ബോധ്യമായി. കൃത്രിമോപഗ്രഹങ്ങളുടെ ഇക്കാലത്ത് ആ പറഞ്ഞതിലും പിഴവുകളുണ്ടെന്നു ബോധ്യമാകുന്നു. എന്നുവച്ച് നക്ഷത്രങ്ങളും മാറിയിട്ടില്ല അവയുടെ പ്രകാശത്തിനോ ആകാശസഞ്ചാരത്തിനോ വ്യത്യാസവും വന്നിട്ടില്ല - മാറിയത് നമുക്ക് അവയെ കുറിച്ചുള്ള കാഴ്ചപ്പാടു മാത്രമാണ്.

സ്വയം തിരുത്തി പുതിയ കണ്ടെത്തലുകളെ ഉള്‍ക്കൊള്ളിച്ച് മുന്നേറാനുള്ള ശാസ്ത്രത്തിന്റെ അതിജീവന കഴിവിനെയാണ് അതു കാണിക്കുന്നത്. ഓരോ പ്രതിഭാസത്തിനും നല്‍കുന്ന വിശദീകരണങ്ങള്‍ ആ പ്രതിഭാസത്തിന്റെ അടുത്ത സ്റ്റേജിനെ വിവരിക്കാന്‍ പര്യാപ്തമാകാതെ വരുമ്പോള്‍ വിശദീകരിക്കുന്ന സിദ്ധാന്തത്തെ വിപുലീകരിക്കുന്നു - അല്ലെങ്കില്‍ വിശാലമായ പുതിയൊന്നിനെ അവിടെ വയ്ക്കുന്നു.അത്രതന്നെ. അല്ലാതെ ഇനലെ പറഞ്ഞതെല്ലാം നുണ എന്നൊന്നുമല്ല അതിനര്‍ത്ഥം.


>>>>"ശാസ്ത്രം മാത്രം ശരി മതം മുഴുവന്‍ തെറ്റ് എന്ന ആശയത്തോട് യോജിക്കുന്നില്ല .അത് പോലെ തന്നെ ശാസ്ത്രം വച്ചു ഖുര്‍ ആന്‍ തെറ്റാണെന്ന് പറയുന്നതിനോടും .."

ഈ പോസ്റ്റെഴുതാന്‍ താങ്കള്‍ക്ക് പ്രചോദനമുണ്ടായത് ശാസ്ത്രം വച്ച് ആരെങ്കിലും ഖുര്‍ ആനെ എതിര്‍ക്കുന്നതു കണ്ടിട്ടാണോ ?

മതത്തെ വിശദീകരിക്കാന്‍ ശാസ്ത്രം ഉപയോഗികുന്നതിലേ എനിക്കു വ്യക്തിപരമായി എതിര്‍പ്പുള്ളൂ. മതം മുഴുവന്‍ തെറ്റാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ലേ :)
നരവംശശാസ്ത്രപരമായി മതങ്ങള്‍ക്കും മനുഷ്യ വികാസത്തില്‍ പങ്കുണ്ട് എന്നാണ് എന്റെ അറിവ്.

എന്നുവച്ച് മതം പറയുന്നതെല്ലാം വസ്തുതാപരമണെന്ന് എനിക്കഭിപ്രായമില്ല. അവ വസ്തുതാപരവും ശാസ്ത്രീയവുമാണെങ്കില്‍ അതു മതവിശ്വാസികള്‍ അവരുടെ കഴിവിനനുസരിച്ച് തുറന്നുകാട്ടട്ടെ. അപ്പോള്‍ അതേക്കുറിച്ചു ചര്‍ച്ചയാവാം.

>>"സലാഹുദ്ദീന്‍ മറുപടി പറഞ്ഞാല്‍ അത് മതം അടിഷ്ടാനമാക്കി ആയിരിക്കും അത് താങ്കളുടെ യുക്തിബോധം സമാധിച്ചു തരികയും ഇല്ല."

'യുക്തി' എന്നതിനു മതം ശാസ്ത്രം എന്നിങ്ങനെ പല പല വേര്‍ഷനുകളൊന്നുമില്ല. യുക്തി ഒന്നേയുള്ളൂ.

താങ്കളുടെ കൈയ്യിലെ ടോര്‍ച്ച് ലൈറ്റ് പെട്ടെന്ന് കെട്ടു പോയാല്‍ യുക്തി കൊണ്ട് ചിന്തിക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് ? സ്വിച്ച് ഓഫായതാകാം, ബാറ്ററി കേടായതാകാം, ബള്‍ബ് ഫ്യൂസായതാകാം, ഇവയൊക്കെതമ്മിലുള്ള കണക്ഷന്‍ എവിടെയോ പോയതുമാകാം. അല്ലേ ? അതാണ് യുക്തി. ഏതോ അദൃശ്യ ശക്തി വന്ന് എന്റെ ടോര്‍ച്ച് കേടാക്കി എന്നല്ലല്ലോ നമ്മളാരും ആ നേരം ചിന്തിക്കുക ? ആ യുക്തിയേ എല്ലാ വാദമുഖത്തും ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. വാദിക്കുന്നവരുടെ വിശ്വാസമല്ല, ലോജിക്ക് ആണ് മുഖ്യം എന്നു ചുരുക്കം.

>>"മരണത്തിനു താങ്കള്‍ നല്കിയ നിര്‍വ്വചനം ഒരു ശാസ്ത്ര വിദ്ധ്യാര്‍ത്തി എന്ന നിലയില്‍ അല്ലെ ...ശാസ്ത്രം അറിയാത്ത ഒരു യുക്തിവാദി മരണത്തെ എങ്ങനെയാവും നിര്‍വ്വചിക്കുക എന്നറിയാന്‍ താത്പര്യം ഉണ്ട് .."

ഇതൊരു കൊനഷ്ടായല്ലോ അജ്ഞാതന്‍ മാഷേ,
എനിക്ക് നീന്തലറിയാം. എന്നെ പിടിച്ചു കയത്തിലിട്ടാല്‍ ഞാന്‍ നീന്തിക്കയറുകയല്ലേ ഉള്ളൂ ? അല്ലാതെ 'നീന്തലറിയാത്തവന്‍ എങ്ങനെയാണ് നീന്തുക' എന്ന് ഡെമോണ്‍സ്ട്റേറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ??

എന്നെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ ശാസ്ത്രീയ വേര്‍ഷന്‍ ആണു ശരി. മരണവുമായി ബന്ധപെട്ട് നടത്തുന്ന/നടത്തിയ നിരീക്ഷണ ഗവേഷണങ്ങളത്രയും പറയുന്നത് ഇതു തന്നെ. ഇനി അതല്ല ശരി, വേറെന്തോ ആണ് എന്ന് പറഞ്ഞുതരാന്‍ ആരും തിരികെ ജീവനോടെ വന്നിട്ടില്ലല്ലോ. അങ്ങനെയുണ്ടായാല്‍ ഇ തിയറി ശാസ്ത്രം മാറ്റുകയോ വിപുലീകരിക്കുകയോ ചെയ്യും. (ആദ്യകാലത്തൊക്കെ ഹൃദയം നിന്നാല്‍ മരണം ആണ് എന്ന് ശാസ്ത്രം അനുമാനിച്ചിരുന്നു. ശക്തമായ കൂടുതല്‍ ഉപകരണങ്ങളുമായി പഠനങ്ങള്‍ നടന്നപ്പോള്‍ മനസിലായി മസ്തിഷ്ക മരണമാണ് ശരിക്കുള്ള മരണമെന്ന്. എന്നാല്‍ കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ കോശമരണമാണ് യഥാര്‍ത്ഥ മരണമെന്ന് പിന്നീട് കണ്ടെത്തി. നാളെ വേറെ പ്രതിഭാസങ്ങള്‍ കണ്ടെത്തിയാല്‍ അതും ഈ വിശദീകരണത്തില്‍ ചേര്‍ത്ത് വിപുലീകരിക്കും. അത്രതന്നെ.)




പ്രിയ സലാഹുദ്ദീന്‍ ഭായ്,

>>"താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഒരു ലക്ഷ്യവുമില്ലാതെയാണോ താങ്കള്‍ പഠിക്കുന്നത്?അങ്ങിനെയെങ്കില്‍ താങ്കള്‍ എന്തിന് പഠിക്കണം?
താങ്കളുടെ ജീവിതത്തിലേക്ക് ഏത് നിസ്സാര സംഗതികളായാലും അതിനൊരു ലക്ഷ്യമുണ്ട്. അതല്ലെ ആ പ്രവര്‍ത്തിയുടെ യുക്തി.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ?"



നിയോഗ?വും ലക്ഷ്യവും ഒരേ അര്‍ത്ഥത്തിലാണോ താങ്കള്‍ പ്രയോഗിച്ചത് ?
രണ്ടും രണ്ടാണ് എന്നാണ് എനിക്കറിയാവുന്നത്. ആ വ്യത്യാസം തന്നെയാണ് താങ്കളുടെ ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരവും.

ഞാന്‍ ഒരു ലക്ഷ്യത്തോടെ ഒരുകാര്യം ചെയ്ത് ആ കാര്യം നേടിയാല്‍ ഒരു മതവിശ്വാസി പറയും അതു നിയോഗമാണെന്ന്. ഞാന്‍ അതിനെ അങ്ങനെ കാണുന്നില്ല. അത്ര തന്നെ. അതു വെറും ചോയിസിന്റെ പ്രശ്നമാണ്. യാദൃശ്ചികമായ ഒരു സംഭവം നടന്നാല്‍ ചിലര്‍ അതിനെ 'വിധി' എന്നു പറയുന്നതു പോലെതന്നെ.


മൂന്നാമത്തെ കമന്റ് ഈ ചര്‍ച്ച ഇവിടെ തുടര്‍ന്നപ്പോള്‍ ഇട്ടത് .


പ്രിയ അജ്ഞാതന്‍ ഭായ്,


ചില ക്ലാരിഫിക്കേഷന്‍സ്:

1. "ശാസ്ത്രം ഉപയോഗിച്ചു മതത്തെ എതിര്‍കുന്നതില്‍ താങ്കള്‍ക്കും എതിര്പുണ്ടന്നരിഞ്ഞതില്‍ സന്തോഷം ..."

മതം എന്നത് വിശ്വാസസംഹിതകളുടെ ഒരു ക്രോഡീകൃത രൂപമാണെന്നേ എനിക്കഭിപ്രായമുള്ളൂ കേട്ടോ. തീര്‍ച്ചയായും ലോജിക്കിന്റെ തലത്തില്‍ അതു ശാസ്ത്രത്തിന്റെ വാലില്‍ക്കെട്ടാന്‍ പോലും യോഗ്യതയില്ലാത്ത ചരക്കാണ്. കാരണം വെറുതേ അങ്ങു 'വിശ്വസിക്കാന്‍' പത്തു പൈസയുടെ ഗവേഷണമോ നിരീക്ഷണ പാടവമോ ആവശ്യമില്ല. എല്ലാം ദിവ്യസൃഷ്ടി എന്നോ ദൈവീകനിയോഗമെന്നോ പറഞ്ഞാല്‍ മതത്തിന്റെ അന്വേഷണം കഴിഞ്ഞു. ശാസ്ത്രം അങ്ങനെയല്ല. അതിനു അതിന്റെ സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വസ്തുതാപരമായി തെളിയിക്കേണ്ടതുണ്ട്. മതത്തിനോ 'വിശ്വാസ'ത്തിനോ ആ ബാധ്യതയില്ലല്ലോ.

ഞാന്‍ മതത്തെ വെറുതേ വിടുക എന്ന് പറയുന്നത് അതിനു സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്നു കരുതുന്നതുകൊണ്ടാണ്.മതം ആക്രമിക്കപ്പെടുമ്പോള്‍ അതു പ്രതിനിധാനം ചെയ്യുന്ന സംസ്കാരം കൂടിയാണ് ആക്രമിക്കപ്പെടുന്നത്. അതിലൊരു ജനാധിപത്യവിരുദ്ധതയുണ്ടല്ലോ. അതിന്റെ വിശദീകരണം മുന്‍പെപ്പോഴോ കമന്റായി ഇട്ടത് ഇവിടെയുണ്ട്. അതേപ്പറ്റിയല്ല ഇവിടുത്തെ ചര്‍ച്ച എന്നതിനാല്‍ അതിനി സ്പര്‍ശിക്കുന്നില്ല.

2. "പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള big bang theory വെറും അനുമാനം ആണെന്ന് പറഞ്ഞാലും അതില്‍ വിശ്വസിക്കുന്നു[കാരണം പറഞ്ഞു തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല ]"

ഇഷ്ടമില്ലാതെയാണെങ്കിലും താങ്കള്‍ ബിഗ് ബാംഗ് തിയറിയില്‍ വിശ്വസിക്കുന്നു എന്ന തോന്നലാണ് ഈ വാക്കുകള്‍ ഉണ്ടാക്കിയത്. സത്യമാണോ ?
അതോ തര്‍ക്കിക്കാനിഷ്ടമില്ലാത്തതുകൊണ്ട് വിശ്വസിക്കുന്നു എന്നു സമ്മതിക്കുന്നതോ ? ;)

ബിഗ് ബാംഗ് എന്ന തെറ്റിദ്ധാരണാജനകമായ ആ പേര് മാറ്റിയിട്ട് കുറച്ചുകൂടി കൃത്യമായ "സ്റ്റാന്‍ഡേഡ് കോസ്മോളജിക്കല്‍ മോഡല്‍" എന്ന് ഉപയോഗിക്കണം.

മറ്റൊന്ന്,
പ്രപഞ്ചോത്ഭവസിദ്ധാന്തം ചുമ്മാ അനുമാനമൊന്നുമല്ല. അതിനു കൃത്യമായ കണക്കുകളും ഇക്വേഷനുകളുമൊക്കെയുണ്ട്. ചിന്തിച്ചുണ്ടാക്കിയിട്ട് പിന്നെ സൌകര്യം പോലെ തെളിവുകൊണ്ട് ഓട്ടയടച്ച സിദ്ധാന്തവുമല്ല അത്. കോസ്മിക് മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രപഞ്ചത്തിന്റെ ആദിമാവസ്ഥയിലെ അതിദ്രുതവികാസത്തെ സാധൂകരിക്കുന്ന ശക്തമായ പഠനമാണ്. (ജോര്‍ജ് സ്മൂട്ടിന്റെ റിങ്കിള്‍സ് ഇന്‍ ടൈം - കാലത്തിലെ ചുളിവുകള് ‍- വായിക്കാന്‍ പറഞ്ഞത് അതു വ്യക്തമാകുമെന്ന് കരുതിയാണ്)

3. "..ഡാര്‍വിന്‍ സിദ്ധാന്തം ശരിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്ന്ടോ ?അതിനെ പറ്റി ഒന്നു വിശദീകരിക്കുമോ [ബുദ്ധിമുട്ടാവില്ലെന്നു കരുതുന്നു ].ആദ്യ ജീവന്‍ ഉണ്ടായത് ജലത്തില്‍ ആണോ അതോ കരയില്‍ ആണോ ?.."

ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് - താങ്കള്‍ ഡാര്‍വീനിയന്‍ സിദ്ധാന്തത്തെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നാത്.
ജീവന്റെ ഉത്ഭവത്തെക്കുറിച്ചൊന്നും ഡാര്‍വീനിയന്‍ സിദ്ധാന്തത്തില്‍ പരാമര്‍ശങ്ങളില്ല. പ്രകൃതിയുടെ തെരഞ്ഞെടുപ്പിലൂടെ ജന്തു ജാതികളുടെ പരിണാമത്തെയും പുതിയ ജാതികളും വര്‍ഗ്ഗങ്ങളും ഉണ്ടാകുന്നതിനെയുമാണ് ഡാര്‍വിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.
അദ്ദേഹത്തിന്റെ ആദ്യതിയറിയുടെ കാതലായ അംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ ആധുനിക ജനിതകശാസ്ത്രവുമായി ചേര്‍ത്ത് അടിമുടി പരിഷ്കരിച്ചതാണ് നിയോ ഡാര്‍വിനിസം എന്നു വിളിക്കുന്ന പരിണാമ നിയമ സംഹിത.

(സ്കൂള്‍തലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ നീണ്ടു കിടക്കുന്ന ഈ മഹാസിദ്ധാന്തത്തെ വിവരിക്കാനൊന്നും പറയല്ലേ. അതിനുള്ള പാങ്ങൊന്നും എനിക്കില്ല;)

ആദ്യ ജീവന്‍ എന്നതു കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ? 'ജീവന്‍' എന്നതിനു പല തലങ്ങളുണ്ട് - സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ഒരു പ്രോട്ടീന്‍ തന്മാത്രയെ സാങ്കേതികാര്‍ത്ഥത്തില്‍ വേണമെങ്കില്‍ ജീവനുള്ളത് എന്നു വിളിക്കാം. സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ക്രിസ്റ്റല്‍ കണികകളെ വരെ വേണേല്‍ 'ജീവനുള്ളത്' എന്നു വിളിക്കാം. അവിടെ നിന്നും മുകളിലേക്ക് ന്യൂക്ലിയോടൈഡുകള്‍ മുതല്‍ ജനിതക വസ്തുവരെയും ലൈപ്പോപ്രോട്ടീന്‍ കണിക മുതല്‍ കോസര്‍വേറ്റുകളും ലളിത കോശങ്ങളും വരെ പലതലങ്ങളില്‍ ജീവന്‍ എന്ന പ്രതിഭാസം കാണാറുണ്ട്. പിന്നെ സങ്കീര്‍ണകോശങ്ങളിലും ബഹുകോശ ജീവികളിലും അവിടുന്നു മേലോട്ടും. ഇവയിലെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജീവന്‍ എന്ന പ്രതിഭാസം കാണപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇവയെല്ലാം ജീവന്റെ പല ഗുണങ്ങളും ഏറിയും കുറഞ്ഞും പ്രകടിപ്പിക്കുന്നവയാണ്.


4. "മതത്തിലെ വിശ്വാസങ്ങള്‍ /അനുഷ്ട്ടനങ്ങള്‍ യുക്തിക്കു നിലക്കുനതല്ല എന്ന് പറഞ്ഞല്ലേ യുക്തി വാദികള്‍ മതത്തെ എതിര്‍ക്കുന്നത് ..അപ്പോള്‍ യുക്തി ഒന്നാണെന്ന് പറയാന്‍ പറ്റുമോ ?"

മതത്തിലെ ഏതെങ്കിലും അനുഷ്ഠാനത്തിനു പ്രാചീനമോ ആധുനികമോ ആയ എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അതു ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അതല്ലാത്തിടത്തോളം അതു തിരസ്കരിക്കപ്പെടും. അതു യുക്തിവാദികള്‍ മാത്രമല്ല ശാസ്ത്രാഭ്യാസമുള്ള ആരും ചെയ്യുന്നതാണ്.

ഉദാ: ലിംഗാഗ്രചര്‍മ്മം മുറിച്ചുകളയുന്നാതിനു മതങ്ങളില്‍ ഒരു കാരണമുണ്ടായേക്കാം. എന്നാല്‍ ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന്‍ ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം.
എന്നുവച്ച് ഭാവിയിലെപ്പോഴോ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒരു മഹാമാരിയില്‍ നിന്നും രക്ഷനേടാന്‍ ആണ് പ്രാചീനകാലത്ത് മതത്തില്‍ 'സര്‍ക്കംസിഷന്‍' എന്ന ഈ ആചാരമുണ്ടായത് എന്നാരെങ്കിലും പറഞ്ഞാല്‍ അതു ശാസ്ത്രീയമായി തെളിവോടെ വേണം പറയാന്‍. അവിടെയാണ് മതവിശ്വാസവും ശാസ്ത്രവും വഴിപിരിയുക. മതത്തിനു 'വിശ്വസിക്കുക' എന്ന സമര്‍പ്പണം മാത്രമേ വേണ്ടൂ. വിമര്‍ശനപരമായി സമീപിക്കലാണ് ശാസ്ത്രം.


5. "താങ്കളുടെ ലോജിക് വച്ച് "കറന്റ് " എന്താണെന്ന് ഒന്നു വിശദീകരിക്കാമോ ?[ഫിസിക്സിലെ വിശദീകരണം അല്ല..താങ്കളുടെ ലോജിക് വച്ചുള്ള വിശദീകരണം ആണ് ചോദിച്ചത്]"

ഇതു പഴയ 'നീന്തല്‍' സംഗതിയിലേക്ക് തന്നെ കറങ്ങിത്തിരിഞ്ഞ് എത്തിയല്ലോ.

ഫിസിക്സ് പഠിക്കാത്ത ഒരാള്‍ക്ക് കറന്റ് എന്നാല്‍ എന്തെന്ന് എങ്ങനെ മനസിലാവും ?
മനുഷ്യലോജിക്കിന്റെ പരമമായ അവസ്ഥയിലാണ് ശാസ്ത്രം. കറന്റിനു ശാസ്ത്രത്തിലുള്ള ഡെഫിനിഷന്‍ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പഴയ ധാരണകള്‍ക്ക് പ്രസക്തിയില്ലല്ലോ.

6. "ഇങ്ങനെ ഒരിക്കല്‍ ശാസ്ത്രം ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകളുമായി യോജിക്കും എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് നിഷേടിക്കുമോ?"

ഏതു മതഗ്രന്ഥത്തിലെയും പ്രാചീന ഭാഷയിലെ വാക്യങ്ങളെ അങ്ങനെ വ്യാഖ്യാനിക്കാവുന്നതാണ് എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിനു ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ. അതേക്കുറിച്ച് ഞാനൊരു കമന്റ് ശരീഖ് വെള്ളറക്കാടിന്റെ ഒരു പോസ്റ്റിലിട്ടിരുന്നത് ഇവിടെയുണ്ട്.

താങ്കള്‍ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, മറ്റു ചിലര്‍ ഉപനിഷത്തും വേദങ്ങളും ഉയര്‍ത്തും പിന്നെ ബൈബിള്‍ സെന്‍ഡ് അവെസ്റ്റ അങ്ങനെയങ്ങനെ....
മതഗ്രന്ഥം ശാസ്ത്ര പുസ്തകമല്ല എന്ന് താങ്കള്‍ ഈ ചര്‍ച്ച തുടങ്ങിയൊരിടത്ത് തന്നെ പറഞ്ഞു. പിന്നെ അതില്‍ ശാസ്ത്രമുണ്ട് അതുണ്ട് ഇതുണ്ട് എന്ന് അവകാശപ്പെട്ട് വന്നാല്‍ അതിനു കൃത്യമായും വസ്തുനിഷ്ഠമായും ന്യായങ്ങള്‍ നിരത്തേണ്ടി വരും. അതിനു കഴിയാതാകുമ്പോള്‍ അപഹാസ്യമാകുന്നത് ആ അവകാശമുന്നയിച്ച് വന്നവരല്ല മറിച്ച് ആ ഗ്രന്ഥവും അതു പ്രതിനിധാനം ചെയ്യുന്ന മതവും അതിന്റെ സംസ്കാരവും തന്നെയാവും എന്നോര്‍ക്കുക. അത്തരം ഒരു ചെളിവാരിയെറിയല്‍ ഒരു മതവും ആഗ്രഹിക്കില്ല, അതു ഒരു സംസ്കാരത്തെ തന്നെ അപഹസിക്കലാണ്. അതുകൊണ്ടാണ് ഞാന്‍ ‘മതത്തെ വെറുതേ വിടുക’ എന്ന് ആദ്യമേ പറഞ്ഞത്. ആ അപേക്ഷ യുക്തിവാദികളോട് മാത്രമല്ല മത വിശ്വാസികളോടും കൂടിയാണ്. നിങ്ങളുടെ ദൈവത്തിന് - അങ്ങനെയൊരു ശക്തിയുണ്ടെങ്കില് - നിങ്ങളുടെ സപ്പോര്‍ട്ടും കൂറുപ്രഖ്യാപിക്കലും ഗ്രന്ഥ വ്യാഖ്യാനവുമൊന്നും വേണ്ടല്ലോ. ആ ശക്തി വിചാരിച്ചാല്‍ നിമിഷാര്‍ധം കൊണ്ട് അവിശ്വാസിയെ വിശ്വാസിയും തിരിച്ചും ആക്കാമല്ലൊ. പിന്നെ എന്തിനീ വ്യാഖ്യാനങ്ങള്‍.? ദൈവത്തെ വെറുതേ വിടുക.

7. “ഒരു കുഞ്ഞു ചോക്ക് കഷ്ണം പോലും സ്വയം ഉണ്ടായി അല്ലെങ്ങില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?ഇതിനൊക്കെ ഒരു സൃഷ്ട്ടാവ് [ദൈവം ]ഇല്ലെന്നു താങ്കള്‍ വിശ്വസിക്കുനുവോ ?ദൈവത്തെ പറ്റി താങ്കളുടെ കാഴ്ച്ചപ്പാട് ഒന്നു വ്യക്തമാക്കാമോ ?“

സാധാരണ ദൈവവിശ്വാസികളുടെ ഏറ്റവും വലിയ കുഴപ്പമെന്താണെന്നോ; അവര്‍ അവരുടെ പൊട്ട ബുദ്ധിയുപയോഗിച്ച് ദൈവം എന്ന സങ്കല്‍പ്പത്തെ കേറിയങ്ങ് നിര്‍വചിക്കും ചെയ്യും. മിക്ക മതങ്ങളും ആ സങ്കല്പത്തിലാണ് ദൈവത്തെ ഉണ്ടാക്കി വച്ചിട്ടുള്ളത്. ദൈവം കോപിക്കും, ദൈവം സ്നേഹിക്കും ദൈവം ചിരിക്കും ദൈവം ശപിക്കും എന്നിങ്ങനെ മനുഷ്യന്റെ എല്ലാ വികാരങ്ങളെയും മതങ്ങള്‍ അവരുടെ ലോജിക്കനുസരിച്ച് ദൈവത്തിലാരോപിക്കും.

പ്രപഞ്ചം സ്വയംഭൂ ആണ്, അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം സ്വയം ഭൂവായി വന്നതാണ് എന്നു പറയാന്‍ ശാസ്ത്രത്തിനു ഒരു മോഡലുണ്ട്. ആ മോഡലില്‍ നിര്‍ധാരണം ചെയ്യപ്പെടുന്ന ഗണിത സമീകരണങ്ങള്‍ പ്രകൃതിയില്‍ ഇന്നയിന്ന പ്രതിഭാസങ്ങള്‍ ഉണ്ട്/ഉണ്ടാകാം എന്നൊക്കെ പ്രവചിക്കുന്നു. അതു കണ്ടെത്തുന്നതോടെ ആ മോഡലിനു സാധൂകരണമാകുന്നു. അതോടൊപ്പം നിലവില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള സംഗതികളെ ഇന്നയിന്ന കാരണങ്ങള്‍ കാണിച്ചു വിശദീകരിക്കാനും ആ മോഡലിനു കഴിയും. ഉദാഹരണത്തിനു ബിഗ്ബാംഗ് ന്യൂക്ലിയോസിന്തെസിസും കോസ്മിക് മൈക്രോവേവ് ബാക് ഗ്രൌണ്ട് റേഡിയേഷനും സ്ഥലത്തിന്റെ വികാസവും, ഗ്യാലക്സികള്‍ അകന്നകന്ന് പോകുന്നതും സ്പേസ് ടൈമിന്റെ ജ്യാമിതീയ രൂപവും ഒക്കെ ഇത്തരത്തില്‍ വിശദീകരണങ്ങളുള്ളവയാണ്.

പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേഡ് മോഡലിനു പകരം അവിടെ ദൈവത്തെ ഒരു സൃഷ്ടാവായി വയ്ക്കുന്നു എന്നിരിക്കട്ടെ, പ്രശ്നങ്ങളുണ്ട്:

-- ഈ സൃഷ്ടാവിന്റെ ഉത്ഭവം എവിടെ നിന്ന് ?
-- ഈ സൃഷ്ടാവു പ്രപഞ്ചത്തിനകത്തോ പുറത്തോ ?
-- ഈ സൃഷ്ടാവ് പ്രപഞ്ചത്തിനകത്താണെങ്കില്‍ അദ്ദേഹവും ഫിസിക്സിലെ നിയമങ്ങള്‍ക്കു വിധേയനാണെന്ന് വരും. അപ്പോള്‍ ആ നിയമങ്ങളുടെ പരിമിതികള്‍ അദ്ദേഹത്തിനും ഉണ്ടാകും എന്നു സമ്മതിക്കേണ്ടിവരും.
-- ഈ സൃഷ്ടാവ് പ്രപഞ്ചബാഹ്യമാണെങ്കില്‍ പ്രപഞ്ചത്തിലെ ഒന്നിനെയും അതിനു സ്വാധീനിക്കാനാവില്ല. പിന്നെ അങ്ങനൊരു സൃഷ്ടാവിനെപറ്റി ആ‍ശങ്കയും വേണ്ടല്ലോ.
-- പ്രപഞ്ചത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും സ്റ്റാന്‍ഡേഡ് മോഡല്‍ വിശദീകരിക്കുന്നതുമായ എല്ലാ പ്രതിഭാസങ്ങള്‍ക്കും ഈ സൃഷ്ടാവിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കേണ്ടിവരും.
-- മതങ്ങള്‍ പറയുമ്പോലെ/ മതഗ്രന്ഥങ്ങള്‍ പറയുമ്പോലെ ഒരു സൃഷ്ടാവും മാലാഖമാരും സ്വര്‍ഗ്ഗവും നരകവുമൊക്കെ ഉണ്ടെങ്കില്‍ അത് പ്രപഞ്ചത്തില്‍ എവിടെയാണ്? മരണശേഷം അവിടെ എങ്ങനെ എത്തും ? ആത്മാവുണ്ടോ ? ആത്മാവ് എങ്ങനെയിരിക്കും ? എനര്‍ജിയാണോ അത് ?
-- ഗ്യാലക്സികള്‍ എന്തേ അകന്നു പോകുന്നു - അഥവാ അവയ്ക്കിടയിലെ സ്പെയിസ് എന്തേ വികസിക്കുന്നു ?
-- മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷന്‍ എവിടെനിന്നു വരുന്നു ?
-- ന്യൂക്ലിയോ സിന്തസിസില്‍ എന്തുകൊണ്ട് പദാര്‍ത്ഥത്തിന് ഇന്നു കാണുന്ന രീതിയിലുള്ള ആനുപാതിക അളവും നിലവാരവുമുണ്ടായി ?
-- മനുഷ്യനെയും ചരാചരങ്ങളെയും ഒരുമിച്ചാണോ സൃഷ്ടിച്ചത് ?
ഒരുമിച്ചാണെങ്കില്‍ ഡൈനസോറുകളുടെ കാലത്ത് എന്തേ മനുഷ്യനില്ലാതെ പോയത്
-- എന്തേ ജീവി വര്‍ഗ്ഗങ്ങള്‍ ക്രമമായി മാത്രം ഭൂമിയില്‍ ആവിര്‍ഭവിച്ചത് ?
-- എന്തുകൊണ്ട് ആദ്യ ജീവികള്‍ ലളിത കോശജീവികളും പില്‍കാല ജീവികള്‍ സങ്കീര്‍ണ്ണ കോശജീവികളും ആയത് ?

ചോദ്യങ്ങള്‍ ഇങ്ങനെ മലവെള്ളം പോലെ ഒഴുകിവരും.

പരിണാമസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന പരിണാമ നിയമങ്ങളോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിന്‍ബലമോ ഇല്ലാതെ സൃഷ്ടാവിനെ മാത്രം വച്ച് ഇതൊക്കെ ന്യായീകരിക്കാന്‍ പോയാല്‍ കുഴയും. സൃഷ്ടാവ് എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിനു ശാസ്ത്രീയ തെളിവ് പോട്ടെ, ഗണിത പിന്‍ബലമുള്ള ഒരു തിയറട്ടിക്കല്‍ അടിസ്ഥാനമെങ്കിലും ഉണ്ടോ എന്ന ചോദ്യം വരും.

ഏറ്റവും പ്രധാനമായ് ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളില്‍ ദൈവം എന്ന സര്‍വ്വശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്.

ഒരു സിമ്പിള്‍ ചോദ്യത്തിലൂടെ അതു ഉദാഹരിക്കാം:

ദൈവത്തേക്കാള്‍ ശക്തിയുള്ള ഒരു ദൈവത്തെ ദൈവത്തിനു സൃഷ്ടിക്കാനാകുമോ?


-അതേ എന്നാണുത്തരമെങ്കില്‍, ദൈവം സര്‍വ്വശക്തനല്ല, അതിനേക്കാള്‍ പവര്‍ പുതിയ ദൈവത്തിനാണ്.

-പറ്റില്ല എന്നാണുത്തരം,എങ്കിലോ, അപ്പോഴും ദൈവം സര്‍വ്വശക്തനല്ല എന്നു വരും- ദൈവത്തിനു ചെയ്യാന്‍ പറ്റാത്തതായി ഒരു കാര്യമുണ്ടല്ലോ.

ഈ പ്രശ്നം മറിച്ചും തിരിച്ചും ചിന്തിച്ചു നോക്കുക. അവിടെ മനുഷ്യന്റെ യുക്തി എന്നത് മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ലിമിറ്റേഷനാണെന്നും അവന്റെ ഭാവന ഭാഷയാല്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കാം.
ആ ‘പൊട്ട’ ബുദ്ധി കൊണ്ട് ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് ദൈവം അതു തരും ഇതു തരും സ്വര്‍ഗ്ഗത്തില്‍ പാലും പഴവുമുണ്ട് പെണ്ണും പിടക്കോഴിയുമുണ്ട് എന്നൊക്കെവാദിക്കാന്‍ പോകുന്നത് പരിഹാസ്യമായിരിക്കും - യുക്തിവാദിയായാലും വിശ്വാസിയായാലും.

ശാസ്ത്രം ഉപയോഗിച്ച് ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല. ദൈവമുണ്ടെന്നോ മതഗ്രന്ഥത്തില്‍ ശാസ്ത്രീയ വസ്തുതകള്‍ നിരത്തിയിരിക്കുന്നെന്നോ വാദിക്കുന്നെങ്കില്‍ ആദ്യം വസ്തുനിഷ്ടമായി തെളിയിക്കണം. വ്യാഖ്യാന സര്‍ക്കസ് കൊണ്ട് ഈ പരിപാടി പലയിടത്തും കാണുന്നതുകൊണ്ട് പറയുന്നതാണിത്.

നിലവില്‍ മതങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു ദൈവസങ്കല്പവും ശാസ്ത്രവുമായി ഒത്തു പോകുന്നില്ല. ശാസ്ത്രത്തെയും ദൈവസങ്കല്പത്തെയും വിളക്കി ചേര്‍ക്കണമെങ്കില്‍ (ഈ കമന്റില്‍ ) മുകളില്‍ പോയിന്റ് 7-ലായി കൊടുത്തിട്ടുള്ളതടക്കം ഒട്ടേറെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി ഉത്തരം കൊടുക്കേണ്ടതുണ്ട്.

ഈ വിഷയത്തില്‍ കൂടുതല്‍ കമന്റെഴുതിയും ചര്‍ച്ച ചെയ്തും സമയം കളയണോ ? വ്യക്തിപരമായ തിരക്കുകളുണ്ട്. വീണ്ടും ബൂലോഗ വഴിയില്‍ കാണാം.
ആശംസകള് ‍!
July 06, 2008