CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Apr 2, 2008

മതഗ്രന്ഥങ്ങളെ ‘മാത്രം‘ ഫോക്കസ് ചെയ്തുള്ള യുക്തിവാദം

രാജീവ് ചേലനാട്ടിന്റെ ബ്ലോഗ് ലേഖനം : ജബ്ബാറിന്റെ ബ്ല്ലോഗ്ഗ് എവിടെ?

ജബ്ബാറിന്റെ ഖുര്‍ ആന്‍ സംവാദം എന്ന ബ്ലോഗ്ഗ്‌ നാലഞ്ചു ദിവസം മുന്‍പും കണ്ടിരുന്നു. വായിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി അത്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടതായി കാണുന്നു. ഇത്‌ വെറുമൊരു സാങ്കേതിക തകരാറെന്ന മട്ടില്‍, ഇവിടെ, യു.എ.ഇ.യില്‍ മാത്രമായി സംഭവിച്ചതാണോ? അതോ, സ്ഥായിയായ ഒരു സെന്‍സറിംഗ്‌ ആണോ? ഇതിനെക്കുറിച്ച്‌ അറിയുന്നവര്‍ ദയവായി അറിയിക്കാന്‍ അപേക്ഷ.രണ്ടാമത്തേതാണ്‌ യഥാര്‍ത്ഥ കാരണമെങ്കില്‍ (ആണെന്നുതന്നെയാണ്‌ ഇതെഴുതുന്നയാളുടെ നിഗമനം) ഇത്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. ജബ്ബാറിന്റെ സംവാദം തികച്ചും ധീരമായ ഒന്നാണ്‌. ഒരു യുക്തിവാദി എന്നതിനേക്കാളുപരി, മതപ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളെ/വായനകളെ ചെറുക്കുന്ന ഒരാള്‍ എന്ന നിലക്കായിരുന്നു ജബ്ബാര്‍ തന്റെ ബ്ലോഗ്ഗ്‌ ഉപയോഗിച്ചിരുന്നത്‌. വളരെയധികം പേരെ അത്‌ അസഹിഷ്ണുക്കളാക്കിയിട്ടുമുണ്ട്‌. ഭീഷണിയുടെയും വ്യക്തിനിന്ദയുടെയും, അധിക്ഷേപത്തിന്റെയും വക്താക്കളെ ബ്ലോഗ്ഗില്‍ അദ്ദേഹത്തിനു നേരിടേണ്ടതായും വന്നിട്ടുണ്ട്‌.അതുകൊണ്ടുതന്നെ, ഈ നിരോധനം വെറുമൊരു സാങ്കേതിക തകരാറിന്റെ ഫലമാണെന്നു വിശ്വസിക്കാനും ആവില്ല.....

ഈ ലേഖനത്തിനെ സംബന്ധിച്ചുള്ള എന്റെ പ്രതികരണം രണ്ടുകമന്റുകളിലായി ഇവിടെ ചേര്‍ക്കുന്നു :

കമന്റ് 1.

‘ഖുര്‍ ആന്‍ സംവാദം’ ഒരു സംവാദമല്ല മറിച്ച് ഖുര്‍ ആനോടുള്ള ജബ്ബാര്‍ മാഷിന്റെ പക തീര്‍ക്കും മട്ടിലുള്ള കുറിപ്പുകളാണ് എന്നാണ് അതിലെ മിക്ക പോസ്റ്റുകളും വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്. പല രാഷ്ട്രീയ സാംസ്കാരിക കാരണങ്ങളാല്‍ സ്ഥിരമായി ഇസ്ലാം മതം ദ്വേഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു ബ്ലോഗിലൂടെ അതിനു വളം വച്ചുകൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പുമില്ല. (പലപ്പോഴും ആ ബ്ലോഗില്‍ കമന്റുന്ന ചിലരെങ്കിലും ഉള്ളിലെ ഇസ്ലാം വിരോധം തീര്‍ക്കാനായി മാത്രം വന്ന് ജബ്ബാര്‍ മാഷിനു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് എന്നും തോന്നിയിട്ടുണ്ട് - വിശേഷിച്ച് അതേയാളുകളുടെ മറ്റ് പല വിഷയങ്ങളിലെയും അഭിപ്രായങ്ങള്‍ കാണുമ്പോള്‍).

ഒരു യുക്തിവാദി എന്ന നിലയില്‍ ജബ്ബാര്‍ മാഷ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ദൈവസങ്കല്‍പ്പത്തെ അംഗീകരിക്കാതിരിക്കുന്നതില്‍ പരാതിയില്ലെങ്കിലും എല്ലാ മതങ്ങളെയും പോലെ ഇസ്ലാം മതത്തിനും മനുഷ്യചരിത്രത്തില്‍ ഒരു cultural relevance ഉണ്ടെന്ന നരവംശശാസ്ത്ര പരിഗണനയെങ്കിലും നല്‍കാത്തതിനോട് വിയോജിപ്പുണ്ട്.

ഇതൊക്കെയാണെങ്കിലും ആ ബ്ലോഗ് മതപരമായ കാരണങ്ങളാലാണ് നിരോധിക്കപ്പെടുന്നതെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മൂഢരോട് ഹാ കഷ്ടം എന്നേ പറയാനാവൂ...ഒരു ബ്ലോഗിനെ ഭയപ്പെടുന്ന ദൈവമോ ??

കമന്റ് 2.
(രാജീവ് ജീയുടെ കമന്റിനു മറുപടിയും ചില വിശദീകരണങ്ങളും ചേര്‍ത്തത്)

പ്രിയ രാജീവ് ജീ,

"..ഏതെങ്കിലും മതത്തിന്റെയോ അതിലെ പൌരോഹിത്യത്തിന്റെയോ അയുക്തികളെ/ശരികേടുകളെ വിമര്‍ശിക്കുന്നത്, എങ്ങിനെയാണ് ആ മതസമുദായത്തെ അന്യവത്ക്കരിക്കലാകുന്നത്?... വിമര്‍ശനബുദ്ധിയോടെ മതത്തെ സമീപിക്കാനാ‍ണ് അത് സഹായിക്കുക..."

മതങ്ങളുടെയും അതിലെ clergyയുടെയും അയുക്തികതയെയും ശരികേടുകളേയും വിമര്‍ശിക്കുന്ന ഇടമറുകിയന്‍ രീതി ജബ്ബാര്‍ മാഷ് അവലംബിക്കുന്നതില്‍ തെറ്റുണ്ടെന്നുപറയാന്‍ ഞാനാളല്ല.

എന്നാല്‍, ജബ്ബാര്‍ മാഷിന്റെ ഇസ്ലാം-വിമര്‍ശനത്തില്‍ ആ മതസ്ഥാപകനെന്ന് വിശ്വാസികള്‍ കരുതുന്ന മുഹമ്മദിനെ അടക്കം ചീത്തപറയുന്ന ഒരു രീതി അവലംബിച്ചുകാണുന്നു.(മുഹമ്മദ് ഒരു ചിത്തരോഗിയായിരുന്നു എന്ന മട്ടിലുള്ള ചില പ്രചാരണങ്ങള്‍ കാലങ്ങളായി പലയിടത്തും കേള്‍ക്കുന്നതാണ് - ഇടമറുകിന്റെ ഖുര്‍ ആന്‍ വിമര്‍ശന പുസ്തകത്തിലടക്കം).
അത്തരം വിമര്‍ശനത്തിന്റെ ആത്യന്തികഫലം മതത്തിന്റെ പുന:സംസ്കരണമോ തിരുത്തോ അല്ല മറിച്ച് ആ മതത്തെയും അതിന്റെ പ്രവാചക ചര്യകളെയും ജീവിതരീതിയായി അനുവര്‍ത്തിച്ചുപോരുന്ന ജനതയെ മൊത്തത്തില്‍ അവഹേളിക്കല്‍ മാത്രമായി മാറുന്നു.ഉദാഹരണത്തിനു ജബ്ബാര്‍ മാഷ് ഖുര്‍ ആന്‍ സംവാദത്തില്‍ January 2, 2008 -നു എഴുതിയ കുറിപ്പില്‍ “ ‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ.." കഥ വിവരിക്കുന്നതു കാണുക : ഇതില്‍ മുഹമ്മദ് നബിയെ കൊള്ളക്കാരനും യുദ്ധവെറിയനുമായി ചിത്രീകരിക്കാനുള്ള വ്യഗ്രത പ്രകടമാണ്. ഒപ്പം ഇസ്ലാം എന്നത് ഭീകരതയുടെ പര്യായമാണെന്ന പുതിയകാല വ്യാഖ്യാനങ്ങള്‍ക്ക് ഭാഷ്യം ചമയ്ക്കലും.

എന്നാല്‍, ആ ബ്ലോഗിന്റെ പ്രഖ്യാപിത ദൌത്യമെന്ന് ജബ്ബാര്‍ മാഷ് പറയുന്നത് നോക്കൂ :
“ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്...ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല...എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം...”

മേല്‍പ്പറഞ്ഞ മത നവീകരണമാണ് ‘ഖുര്‍ആന്‍ സംവാദ’ബ്ലോഗിന്റെ ദൌത്യമെങ്കില്‍ അതിനു ജബ്ബാര്‍ മാഷിന്റെ ‘ഖുര്‍ ആന്‍ വധം’ കൊണ്ടു ഗുണമുണ്ടാവില്ലെന്നുമാത്രമല്ല ലിബറല്‍ ചിന്താഗതിയുള്ള വിശ്വാസികളായ മുസ്ലീങ്ങള്‍ കൂടി വെറുത്തുപോകുകയേ ഉള്ളൂ.

ഹിന്ദുമതത്തിന്റെ ഇരുണ്ട വശങ്ങളായ ജാതി,അയിത്തം,ചാതുര്‍വര്‍ണ്യം തുടങ്ങിയവയെ വിമര്‍ശിക്കുമ്പോള്‍ ഹൈന്ദവ ദൈവങ്ങളെയോ, ക്രിസ്തുമതത്തിലെ പൌരൊഹിത്യ മേല്‍ക്കോയ്മയെ വിമര്‍ശിക്കുമ്പോള്‍ യേശുക്രിസ്തുവിനേയോ ചീത്തപറഞ്ഞാല്‍ മതനവീകരണമല്ല, മതവിരോധമേ ആവൂ. അതുപോലെത്തന്നെ ഇസ്ലാമും.

മറ്റൊന്ന്,
എല്ലാ മതങ്ങള്‍ക്കും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ ഒരു കൌതുകലോകം കൂടിയുണ്ട്. ഇസ്ലാമിലാണെങ്കില്‍ അത് അറബ് സംഗീതം, പ്രാചീന അറബ് ശാസ്ത്രഗവേഷണം, സഞ്ചാരസാഹിത്യം, കവിത, പേര്‍ഷ്യന്‍ വാസ്തുശില്പകല തുടങ്ങി സൂഫിസത്തിലും വസ്ത്രനിര്‍മ്മാണരീതികളിലും വരെ പ്രതിഫലിക്കുന്ന വിശാലചരിത്രമായി നമുക്കുമുന്നിലുണ്ട്. അതിന്റെയൊക്കെ ചരിത്രപ്രാധാന്യത്തെ മനുഷ്യസമൂഹങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി നാമിന്ന് ശാസ്ത്രീയമായി പഠിക്കുമ്പോള്‍, അതിന്റെയൊക്കെ മുഖത്താട്ടുകയാണ് മതഗ്രന്ഥങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള വരട്ടുയുക്തിവാദം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
March 31, 2008 9:30 PM

6 comments:

 1. സൂരജ്‌ജി,

  ജബ്ബാര്‍ മാഷോട്‌ സമാനമായ ഒരു സംശയം ഞാന്‍ ചോദിച്ചിരുന്നു. എന്‍റെ ചോദ്യവും അദ്ദേഹത്തിന്‍റെ മറുപടിയും പ്രസക്തമെന്നു തോന്നിയതുകൊണ്ട്‌ ഇവിടെ പേസ്റ്റുന്നു: യുക്തിവാദം: എന്താണു യുക്തിവാദം?

  പാമരന്‍ said...
  ജബ്ബാര്‍ മാഷേ,
  താങ്കളുടെ സ്ഥൈര്യത്തിനേയും ഉദ്ദേശശുദ്ധിയേയും അംഗീകരിക്കുന്നു. എങ്കിലും അരുണിന്റെ സംശയം എനിക്കും ഉണ്ട്. യുക്തിവാദികള്‍ സമൂഹത്തിലെ തിന്മകളെ ഉന്‍മൂലനം ചെയ്യാനാണ്‍ ശ്രമിക്കുന്നതെങ്കില്‍ വിമര്‍ശനം ഇത്ര നിശിതമാകുന്നതെന്തിന്? ഇത് അവര്‍ നിങ്ങളെ ശത്രുതയോടെ കാണാനല്ലേ ഇടയാക്കൂ? ഒരു ശത്രു എന്തൊക്കെ നല്ലതു പറഞ്ഞാലും ആരെങ്കിലും അതു ചെവിക്കൊള്ളുമോ? മാത്രവുമല്ല നേരെ ചൊവ്വെ ചിന്തിക്കുന്നവരെക്കൊണ്ടു പോലും നിങ്ങളുടെ വാക്കുകള്‍ തള്ളികളയിക്കാന്‍ അവരെ സഹായിക്കില്ലേ ഈ 'ഇസ്ലാം വിരോധി' എന്ന ലേബല്‍?

  എന്തായാലും ഈ പരിശ്രമത്തില്‍ താങ്കള്‍ക്ക് എല്ലാ വിജയാശംസകളും!

  December 15, 2007 8:28 PM
  ------------------------------
  ea jabbar said...
  . യുക്തിവാദികള്‍ സമൂഹത്തിലെ തിന്മകളെ ഉന്‍മൂലനം ചെയ്യാനാണു‍ ശ്രമിക്കുന്നതെങ്കില്‍ വിമര്‍ശനം ഇത്ര നിശിതമാകുന്നതെന്തിന്? ഇത് അവര്‍ നിങ്ങളെ ശത്രുതയോടെ കാണാനല്ലേ ഇടയാക്കൂ?

  സുഹൃത്തേ, മുസ്ലിംസമൂഹം വിമര്‍ശനങ്ങളോട് പൊതുവെ അസഹിഷ്ണുതയോടെയാണ് എല്ലാ കാലത്തും പ്രതികരിച്ചിട്ടുള്ളത്. അത് എത്ര ലഘുവായ വിമര്‍ശനമായാലും ശരി. ഖുര്‍ ആനിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ ഹദീസുകളെ വിമര്‍ശിച്ചതിനും , നിസ്കാരം അഞ്ചില്ല, ഖുര്‍ ആനില്‍ മൂന്നേയുള്ളു എന്നു പറഞ്ഞതിനും, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു ഖുര്‍ ആനിലുണ്ടെന്നു വ്യാഖ്യാനിച്ചതിനുമാണു ചേകനൂര്‍ മൌലവിയെ കൊല ചെയ്തത്. ആ നിഷ്ഠൂര കൃത്യത്തെ വാചാലമായ മൌനം കൊണ്ട് പിന്തുണയ്ക്കുകയാണ് ഈ സമുദായം ചെയ്തത്.

  പണ്ട് സി എന്‍ അഹ്മദ് മൌലവി ഖുര്‍ ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തെയും ഇവര്‍ കല്ലെറിഞ്ഞു. സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ മുസ്ലിംങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പരിശ്രമിച്ച അവസരത്തിലും ഇതു തന്നെയാണു സംഭവിച്ചത്. മൊയ്തു മൌലവി അബ്ദുറഹ്മാന്‍സാഹിബ് തുടങ്ങിയ ദേശീയ വാദികളെയും ഇവര്‍ കാഫിറാക്കി.

  സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചൊക്കെ വളരെ ലഘുവായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചവരോടു പോലും ഇവര്‍ സഹിഷ്ണുത കാണിക്കുകയുണ്ടായില്ല. എല്ലാവരെയും ഇവര്‍ ‘മുസ്ലിംവിരോധികള്‍ ’ എന്നു മുദ്ര കുത്തുകയാണാദ്യം ചെയ്തത്. ഇപ്പോള്‍ ആരെങ്കിലും വല്ല വിമര്‍ശനവും ഉന്നയിച്ചാല്‍ അവരെ ‘സങ്ഘ്പരിവാര്‍ ഏജന്റ്’, ‘ബുഷിന്റെ ചാരന്‍ ’ , എന്നൊക്കെയുള്ള ലേബല്‍ ആദ്യമേ നെറ്റിയിലങ്ങ് ഒട്ടിക്കും. പിന്നെ മറുപടിയൊന്നും വേണ്ടല്ലോ!


  ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നതിനാലാണ് ,വിമര്‍ശനം അല്‍പ്പം കട്ടിയായിത്തന്നെ വേണമെന്നു ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എ‍ത്ര മയപ്പെടുത്തി അവതരിപ്പിച്ചാലും പ്രകോപനം കുറയുമെന്നെനിക്കു തോന്നുന്നില്ല. എന്റെ പേരു പോലും പലര്‍ക്കും പ്രകോപനമുണ്ടാക്കുന്നു. ഒരു മുസ്ലിം പേരുകാരന്‍ യുക്തിവാദിയാണെന്നു പരസ്യമായി പ്പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണിവര്‍ക്ക്. അതിനാല്‍ പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേരെ ചൊവ്വേ തുറന്നടിച്ചു പറയുന്നതാണു നല്ലതെന്നു തോന്നുന്നു.
  ഇതൊക്കെ വായിക്കുമ്പോഴേക്കും മതവിശ്വാസികള്‍ക്കു എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകുമെന്നൊന്നും എനിക്കു പ്രതീക്ഷയില്ല. പക്ഷെ അവര്‍ ഇതിനൊക്കെ മറുപടി കണ്ടെത്താനുള്ള ഒരു ശ്രമം നടത്തിയാല്‍ തന്നെ വലിയ മനോവികാസത്തിനുള്ള സാധ്യത ഞാന്‍ കാണുന്നു. സത്യസന്ധതയുള്ള വിശ്വാസികളുടെ കാര്യത്തില്‍ മാത്രമാണു പ്രതീക്ഷ. കപടവിശ്വാസികള്‍ക്കു മാറ്റമുണ്ടാകില്ല. അവര്‍ക്കു പ്രകോപനവും ഉണ്ടാവില്ല.!

  December 18, 2007 8:27 AM

  നീളം കൂടിപ്പോയതിനു മാപ്പ്‌.

  ReplyDelete
 2. ജബ്ബാര്‍ മാഷ് എന്റെ അടുത്ത നാട്ടുകാരനും ഞാന്‍ വ്യക്തിപരമായി അറിയുന്ന ആളും ആണ്.
  എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ അംഗീകരിക്കുന്ന ആളല്ല. കാഴ്ച്ചപ്പാറ്റില്‍ സുരജിനു തുല്യമായതാണു എനിക്കും.
  വളരെ ജീനിയസ്സായ ജബ്ബാരിനെപ്പോലുള്ള ഒരു വ്യക്തി സ്പര്‍ദ്ധ വളര്‍ത്തുന്നതിനു പകരം ആ കഴിവും സമവായത്തിനും മതതീഷ്ണതയില്ലാത്ത ജനവിഭാഗങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണു ശ്രമിക്കേണടത്.
  ചീത്തയാളുകളെക്കാള്‍ വളരെ നല്ലയാളുകള്‍ ഉണ്ട്. അതു കണ്ടെത്താനാണു ശ്രമിക്കേണ്ടത്.
  ചീത്തയെ പര്‍വ്വതീകരിക്കുകയും അതു തന്നെ പലവട്ടം പറഞ്ഞു നടക്കുകയും ചെയ്യുന്നതു മനുഷ്യരിലെ നന്മയെ ആരും കാണാതെ പോവുന്നതിനു കാരണമാകുന്നു.

  ReplyDelete
 3. ജബ്ബാര്‍ മാഷ് മുമ്പത്തേക്കാള്‍ കുറച്ചേ ഇപ്പോളെഴുതാറുള്ളൂ.
  യുക്തി വാദികള്‍ കേവലം പുസ്തകങ്ങളോടും,മന്ത്രവാദികളോടും,അല്ലെങ്കില് ‍ആള്‍ ദൈവങ്ങളെന്ന് മാര്‍ക്കു ചെയ്ത ഏതാനും പേരോടുമുള്ള യുദ്ധം മാത്രമായി നല്ലൊരാശയത്തെ ചുരുക്കി നിര്ത്തുന്നു എന്നു തോന്നുന്നു.

  ReplyDelete
 4. "(മുഹമ്മദ് ഒരു ചിത്തരോഗിയായിരുന്നു എന്ന മട്ടിലുള്ള ചില പ്രചാരണങ്ങള്‍ കാലങ്ങളായി പലയിടത്തും കേള്‍ക്കുന്നതാണ് - ഇടമറുകിന്റെ ഖുര്‍ ആന്‍ വിമര്‍ശന പുസ്തകത്തിലടക്കം.)"

  അതിനെപ്പറ്റി ചില പരാമര്‍ശങ്ങള്‍:

  ആദ്യത്തെ ദര്‍ശനത്തിനും വെളിപാടിനും ശേഷം മുഹമ്മദ് മാനസികമായി അസ്വസ്ഥനായിരുന്നു. ഭാര്യയായ ഖദീജയാണു് അദ്ദേഹത്തെ വീണ്ടും സമാശ്വസിപ്പിച്ചതു്. പിന്നീടു് മുഹമ്മദിനുണ്ടായ ഇത്തരം അനുഭവങ്ങളില്‍ പൊതുവേ ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, തണുപ്പുള്ള ദിവസങ്ങളില്‍ പോലും, അതുപോലുള്ള സന്ദര്‍ഭങ്ങളില്‍, ദേഹം വിയര്‍ക്കുക മുതലായ ശാരീരികമായ അവസ്ഥകള്‍ മുഹമ്മദിനു് ഉണ്ടായിക്കൊണ്ടിരുന്നു എന്നതിനാല്‍ അതു് epilepsy-യുടെ അടയാളമായി കരുതപ്പെട്ടു. അതു് അടിസ്ഥാനരഹിതമാണെന്നാണു് ഇന്നത്തെ ധാരണ.

  സ്വയം ഒരു epileptic ആയിരുന്ന Fyodor Dostoyevsky തന്റെ 'The Idiot' എന്ന ഗ്രന്ഥത്തിലെ നായകനായ പ്രിന്‍സിനു് ഉണ്ടാവുന്ന ഒരു epileptic fit വര്‍ണ്ണിക്കുന്നിടത്തും മുഹമ്മദ് പരാമര്‍ശിക്കപ്പെടുന്നുണ്ടു്.

  He 'had' had time to say to himself at the particular second that, for the infinite happiness he had felt in it, it might well be worth the whole of his life. "At that moment," he once told Roghozin in Moscow during their meetings there, "at that moment the extraordinary saying that 'there shall be time no longer' becomes, somehow, comprehensible to me. "I suppose," he added, smiling, "this is the very second in which there was not time enough for the water from the pitcher of the epileptic Mahomet to spill,while he had plenty of time in that very second to behold all the dwellings of Allah."

  ആദ്യത്തെ വെളിപാടിനുശെഷം പലപ്പോഴും മുഹമ്മദ് കേട്ടതു് മണിയടി പോലുള്ള ശബ്ദങ്ങളായിരുന്നു. സ്വരങ്ങളായിരുന്നില്ല. അവയുടെ സത്ത ബോധമനസ്സില്‍ ഒരു ദൂതായി മുഹമ്മദിനു് അനുഭവപ്പെടുകയായിരുന്നു. ഖദീജയുടെ കസിനും ക്രിസ്ത്യാനിയുമായിരുന്ന Waraqah-യുടെ സഹായത്തോടെ ഇവയെല്ലാം ദൈവം പ്രവാചകന്മാര്‍ വഴി യഹൂദര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, മറ്റു് ജനങ്ങള്‍ക്കും നല്‍കിയതുപോലുള്ള ദൌത്യങ്ങളാണെന്നും, ആദ്യം ഉണ്ടായ വെളിപാടുവഴി ഇവയെല്ലാം അറബിലോകത്തെ സഹമനുഷ്യരെ അറിയിക്കേണ്ട ചുമതലയാണു് അള്ളാ തന്നില്‍ ഭരമേല്‍പ്പിച്ചതെന്നും മുഹമ്മദ് കരുതുകയായിരുന്നു.

  ഇതുസംബന്ധിച്ച ആഴത്തിലുള്ള ഒരു ചര്‍ച്ചകൊണ്ടു് ആരും ഒന്നും നേടുകയില്ലെന്ന ഉറപ്പുമൂലം അതിനു് ഞാന്‍ മുതിരുന്നില്ല.

  ReplyDelete
 5. ആരെങ്കിലും ഒക്കെ വിമര്‍ശിക്കാനും വേണ്ടേ സൂരജ്..
  ജബ്ബാര്‍ മാഷ് അങ്ങിനെ ചെയ്യുന്നത് കൊണ്ട് എത്ര പേരാണ് പുതിയതായി യുക്തിവാദിയാകുക?
  ഏതൊരു സമൂഹത്തിനും കാലത്തിനൊത്ത സാമുദായിക പരിഷ്കരണം കൂടിയേ തീരൂ..
  എന്നാല്‍ ഇന്ന് പരിഷ്കര്‍താക്കള്‍ എന്ന് പറയുന്നവര്‍ തട്ടതിന്റെയും പര്ധയുടെയും നീളം അളക്കുന്നതിനാണ് നില്‍ക്കുന്നത്.
  വിശ്വാസം നല്ലത് തന്നെയാണെന്നാണ് ഞാനും വിശ്വോസിക്കുന്നത് .എന്നാല്‍ അത് മനുഷ്യന്റെ സോതന്ത്ര ചിന്താരീതിക്ക്
  എതിരാകുമ്പോള്‍..മറ്റു വിശ്വാസങ്ങള്‍ക്ക് അന്ധമായ വിലക്ക് കല്‍പിക്കുമ്പോള്‍ ....വിമര്‍ശനത്തിനു അര്‍ഹര്‍ തന്നെ
  എന്നാണ് ഞാന്‍ കരുതുന്നത് .
  ജബ്ബാര്‍ മാഷ് അങ്ങിനെ എഴുതുന്നത്‌ കൊണ്ട് അല്പം പേരെങ്കിലും അത്തരം വിഷയങ്ങളെ കുറിച്ച് ചിന്ധിക്കുകയെന്ഗിലും ചെയ്യുമല്ലോ.ജനിച്ചു വളര്‍ന്ന സാമുദായിക ചുറ്റുപാട് അതായത് കൊണ്ട് അതിനോട് അങ്ങേയറ്റം സ്നേഹമുള്ളത് കൊണ്ട് തന്നെ
  ഞാന്‍ ജബ്ബാര്‍ മാഷെ ഏറിയകൂറും അന്ഗീകരിക്കുകയെ ഉള്ളൂ ..........

  ReplyDelete
 6. “ഖുര്‍ ആന്‍ സംവാദം’ ഒരു സംവാദമല്ല മറിച്ച് ഖുര്‍ ആനോടുള്ള ജബ്ബാര്‍ മാഷിന്റെ പക തീര്‍ക്കും മട്ടിലുള്ള കുറിപ്പുകളാണ് എന്നാണ് അതിലെ മിക്ക പോസ്റ്റുകളും വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്.”

  മാഷ് നന്നെ കുട്ടിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് വായിച്ചുകൊണ്ടിരുന്ന ഖുറാന്‍ മേശപ്പുറത്തു നിന്നും വീണ് മാഷിന്റെ കാലൊടിഞ്ഞു. അതിനു ശേഷം മാഷിന് ഖുറാനോട് ഒടുക്കിയാല്‍ ഒടുങ്ങാത്ത പകയാണ്.

  “പല രാഷ്ട്രീയ സാംസ്കാരിക കാരണങ്ങളാല്‍ സ്ഥിരമായി ഇസ്ലാം മതം
  ദ്വേഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു ബ്ലോഗിലൂടെ അതിനു വളം വച്ചുകൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പുമില്ല.”


  അതെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ കാരണങ്ങളാല്‍ ഇസ്ലാം
  ദ്വേഷിക്കപ്പെടുകയുംഅന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് എല്ലാ മാനങ്ങളിലും ശരിയല്ല. പക്ഷേ ആത്മീയതയുടെ തലത്തില്‍ അത് വിമര്‍ശിക്കപ്പെടുന്നതില്‍ എന്താണ് അപാകം? ജബ്ബാറിനെ പോലുള്ള ഒരു യുക്തിവാദി പിറന്നത് ഇസ്ലാം മതത്തിലാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്ക്കാരികവും (സാമ്പത്തികവും) ആയ മണ്ഡലങ്ങളില്‍ ജീവിതത്തില്‍ അത് ഏല്പിക്കുന്ന തിരിച്ചടികളില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നുമാണ് അതിന്റെ ആത്മീയപ്രത്യയശാസ്ത്രത്തിന്റെ പിന്നോക്കാവസ്ഥ സംവേദന ക്ഷമതയുള്ള ഒരുവന്‍ മനസ്സിലാക്കുന്നത്. അരും കേവല ന്യായങ്ങളെങ്കിലും ഇല്ലാതെ സ്വമതം പോലുള്ള ഒന്നിലെങ്കിലും അവിശ്വാസം രേഖപ്പെടുത്തുകയില്ല. പ്രത്യേകിച്ച് മതം പോലെ വൈകാരികമായ ഒരവസ്ഥയെക്കുറിച്ച് , പ്രത്യേകിച്ച് അത് സ്വന്തം മതമായിരിക്കുമ്പോള്‍ !

  ഒരു യുക്തിവാദി എന്ന നിലയില്‍ ജബ്ബാര്‍ മാഷ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ര്ദൈ‍വസങ്കല്‍പ്പത്തെ അംഗീകരിക്കാതിരിക്കുന്നതില്‍ പരാതിയില്ലെങ്കിലും എല്ലാ
  മതങ്ങളെയും പോലെ ഇസ്ലാം മതത്തിനും മനുഷ്യചരിത്രത്തില്‍ ഒരു cultural relevance
  ഉണ്ടെന്ന നരവംശശാസ്ത്ര പരിഗണനയെങ്കിലും നല്‍കാത്തതിനോട് വിയോജിപ്പുണ്ട്.


  ഇസ്ലാമിന് ഒരു സാംസ്ക്കാരിക സാംഗത്യം ഉണ്ട് (cultural relevance ). എവിടെ ? ആര്‍ക്കിടയില്‍ ?:- മുസ്ലിംങ്ങള്‍ക്കിടയില്‍, ഒരു ബഹുമത സമൂഹത്തിനിടയില്‍ ;ഒരു ബഹു
  മത രാഷ്ട്രീയതിനിടയില്‍; ഒരു ബഹു മതസംസ്ക്കരത്തിനിടയില്‍ ആപേക്ഷികമായി
  അടയാളപ്പെടുത്താവുന്ന ഒരു നിലവാരം, നല്ലതോ മോശമായതോ ആയ ഒന്ന്. പക്ഷേ ആനുഭവികഫലത്തിന്റെ വെളിച്ചത്തില്‍ അത് മോശമായതെന്ന തിരിച്ചറിവാകാം ജബ്ബാറിനെ യുക്തിവാദിയാക്കിയ ഒരു ഘടകം ! അത് അദ്ദേഹം സാന്ദര്‍ഭികമായി പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു.

  “ജബ്ബാര്‍ മാഷിന്റെ ഇസ്ലാം-വിമര്‍ശനത്തില്‍ ആ മതസ്ഥാപകനെന്ന് വിശ്വാസികള്‍

  കരുതുന്ന മുഹമ്മദിനെ അടക്കം ചീത്തപറയുന്ന ഒരു രീതി അവലംബിച്ചുകാണുന്നു.”


  ന്യായ-യുക്തികളുടെ അവലംബമില്ലാതെ മുഹമ്മദിനെയോ ഇസ്ലാമിനെയോ വിമര്‍ശിച്ചാല്‍ ജീവന്‍ ബാക്കിയുണ്ടാകുമോ, പ്രത്യേകിച്ച് ഒരു മുസ്ലിമായ ഒരു ഇസ്ലാം

  വിമര്‍ശകന് ?! എവിടെയെങ്കിലും മുഹമ്മദിനെ അന്യായമായി അദ്ദേഹം തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം വരട്ടു യുക്തിവാദി തന്നെ . പക്ഷേ അങ്ങിനെ ന്യായയുക്തികളില്ലാതെ തെറി പറഞ്ഞതെവിടെയാണ് ?

  മത നവീകരണമാണ് ‘ഖുര്‍ആന്‍ സംവാദ’ബ്ലോഗിന്റെ ദൌത്യമെങ്കില്‍ അതിനു ജബ്ബാര്‍ മാഷിന്റെ ‘ഖുര്‍ ആന്‍ വധം’ കൊണ്ടു ഗുണമുണ്ടാവില്ലെന്നുമാത്രമല്ല ലിബറല്‍ ചിന്താഗതിയുള്ള വിശ്വാസികളായ മുസ്ലീങ്ങള്‍ കൂടി വെറുത്തുപോകുകയേ ഉള്ളൂ.

  ഇസ്ലാമിയോ കൃസ്തീയതയേയോ ഹൈന്ദവികതയേയോ വിമര്‍ശിക്കുമ്പോള്‍
  വിമര്‍ശിക്കേണ്ടത് അവയുടെ ആത്മീയാശയങ്ങളുടെ ഉറവിടമായ പ്രാമാണിക മതഗ്രന്ഥങ്ങളെയാണ്. കാരണം ആ മതങ്ങളിലെ വിശ്വാസികളും പണ്ഡിതരും
  പൌരോഹിത്യവും ആധികാരികമായി ഉയര്‍ത്തിപ്പിടിക്കുന്നത് അതേ ഗ്രന്ഥങ്ങള്‍
  തന്നെയാണ്. രാഷ്ട്രീയ ചലനങ്ങള്‍ വഴി ഉണ്ടാകുന്ന സാമൂഹിക പുരോഗതികളെ
  വിശ്ലേഷണം ചെയ്യാതെ മതാത്മീയതയുടെ/ദൈവാനുഗ്രഹത്തിന്റെ നേട്ടത്തില്‍
  പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യാറുള്ളത്. അതു കൊണ്ട് മതഗ്രന്ഥങ്ങളെ കേന്ദ്രീകരിച്ചുള്ള യുക്ത്തിവാദമാണ് യുക്തിഭദ്രമായ യുക്തിവാദം . മറിച്ചുള്ളതാണ് വരട്ടു

  യുക്തിവാദം. യുക്തിവാദികള്‍ തങ്ങളുടെ സംഖ്യാബലത്തെ ഭയക്കാറില്ല. ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശനം മുസ്ലിം യുക്തിവാദികളുടെ എണ്ണത്തിലാണോ കുറവു വരുത്തിയത് അതോ വിശ്വാസികളുടെ എണ്ണത്തിലോ ?! അത് ഇതെഴുതുന്നയാള്‍ കണക്കു നോക്കിയിട്ടില്ല. ആധികാരികമായി കണക്കുണ്ടെങ്കില്‍ മാത്രം അവര്‍ ആവശ്യമെങ്കില്‍ ബോദ്ധ്യപ്പെടുത്തട്ടെ!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)