CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jul 28, 2008

ഭഗവദ് ഗീതയിലെ ദൈവം : ഒരു കമന്റ് !

പാര്‍ത്ഥന്‍ ജീ യുടെ ബ്ലോഗില്‍ ഈ പോസ്റ്റിലെ ആശയത്തിനാണ് ഈ കമന്റ്. പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ക്വോട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റ് മുഴുവന്‍ വായിച്ചാലേ അതിന്റെ പൂര്‍ണ്ണാര്‍ത്ഥം പിടികിട്ടൂ. മറുപടിയുടെ ധ്വനികളും അപ്പോള്‍ വ്യക്തമാകും.


അവിടെ ഇട്ട കമന്റ് ഇതാണ് :


സൂരജ് :: suraj said...

പ്രിയ പാര്‍ത്ഥന് ജീ ,

"..യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന്‌ അസഹിഷ്ണുത (Jealous God‌) ഭൂഷണമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.
[...]

...പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക്‌ അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ്‌ ഖുര്‍ആനും ആരംഭിക്കുന്നത്‌. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു...
....
....
യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട്‌ അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്‌ ദൈവനിന്ദയാണ്‌. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ്‌ സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ്‌ പരിഗണിക്കുന്നത്‌....
...
...
എന്നാല്‍, ഭഗവദ്‌ ഗീതയില്‍ പരമാത്മസ്വരൂപത്തിന്‌ നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ്‌ പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന്‌ മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല..."ഒരു ദൈവവിശ്വാസിയും ഒരു നിരീശ്വരനും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ അതിനൊരന്തവും കുന്തവുമുണ്ടാകില്ല എന്ന് അറിയാം. എങ്കിലും താങ്കള്‍ പണിക്കര്‍ സാറിന്റെ പോസ്റ്റില്‍ ഇട്ടകമന്റ് പിടിച്ച് ഇവിടെ വന്നപ്പോള്‍ കണ്ട ഒരു വാദഗതി മുകളില്‍ ക്വോട്ട് ചെയ്ത ഭാഗങ്ങളില്‍ സംഗ്രഹിച്ചു നോക്കിയതാണ്.

ഇതില്‍ ഒരു ചരിത്രവസ്തുത താങ്കള്‍ പാടേ വിസ്മരിച്ചതായി തോന്നി. ഭാരതീയ വേദവേദാന്ത ചിന്തയിലുമുണ്ട് താങ്കള്‍ ഖുര്‍ ആനിലും ബൈബിളിലും യഹൂദനിയമങ്ങളിലും ആരോപിക്കുന്ന ‘ക്രൌര്യം കാട്ടുന്ന’ ദൈവവും ദേവതകളും. ഋഗ് വേദം മുതല്‍ക്ക് ആരംഭിക്കുന്ന ഭാരതീയമെന്ന് വിശേഷിപ്പിക്കാവുന്ന ദേവതാ സങ്കല്‍പ്പങ്ങള്‍ എടുത്തു നോക്കുക : “ശത്രുക്കള്‍ക്ക് നാശം വരട്ടെ” എന്ന ശാപവചനമില്ലാത്ത ഒരു അധ്യായം പോലും ചിലപ്പോള്‍ അവയില്‍ കാണാനാവില്ല. ശത്രുനാശം വരുത്തി ഞങ്ങളുടെ കുലത്തെ കാത്തുരക്ഷിക്കുന്ന ഇന്ദ്രനാണ് പ്രധാന ആരാധനാ മൂര്‍ത്തി തന്നെ. ഉത്തമോദാഹരണം ഋഗ്വേദം തന്നെയാണ് (ഇന്ത്യന്‍ മണ്ണിലെ ആര്യസംസ്കാരത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അവര്‍ പ്രാദേശിക ഗോത്രങ്ങളില്‍ നിന്നു നേരിട്ട എതിര്‍പ്പുകള്‍ ആവാം ഇതില്‍ പ്രതിനിധീകരിക്കുന്നത്)

അഥര്‍വ്വവേദകാലമൊക്കെ എത്തുമ്പോഴേക്ക് മുന്‍ വേദങ്ങളിലെ ദേവതകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി കാണാം. കൂട്ടത്തില്‍ ആഭിചാരമെന്ന് വിവിക്ഷിക്കാവുന്ന തരം ക്രിയകളുടെ വിധികളും വളരെ കൂടുതല്‍ കാണുന്നു.

ഉപനിഷത്തുകളില്‍ ചിലത് പ്രപഞ്ചത്തെയും മനുഷ്യ സ്വത്വത്തെയും കുറിച്ചുള്ള മനോഹരമായ തത്വചിന്ത ഉള്‍ക്കൊള്ളുന്നവയാണെങ്കിലും ലഭ്യമായ ഉപനിഷദ് ടെക്സ്റ്റുകള്‍ ആകെമൊത്തം നോക്കിയാല്‍ മുകളില്‍ പറഞ്ഞ ലൈന്‍ തന്നെ ഉള്ളവയാണ്.

താങ്കള്‍ പറയുമ്പോലെ ക്രൌര്യം കുറഞ്ഞ, ഏറെകുറേ സൌമ്യനായ ഒരു ദേവസങ്കല്പം ഗീതയില്‍ കാണാമെന്നതു നേര്. എന്നാല്‍ അതിലും ‘ദുഷ്ട-നിഗ്രഹം’ നടത്തുന്ന, നിലയില്ലാത്ത ജനനമരണചക്രത്തില്‍ പെടുത്തി സ്വസൃഷ്ടികളെ ‘കഷ്ടപ്പെടുത്തുന്ന’ ദൈവസങ്കല്‍പ്പം വിളമ്പുന്ന ശ്ലോകങ്ങള്‍ ധാരാളം. ഒരുദാഹരണം : “ദുഷ്ടന്‍മാരായ അവരെ വീണ്ടും വീണ്ടും ഞാന്‍ [കൃഷ്ണന്‍] ഹീന യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു...” എന്ന അര്‍ത്ഥം വരുന്ന ശ്ലോകഭാഗം (ഓര്‍മ്മയില്‍ നിന്ന് എഴുതിയത്: ശ്ലോക നമ്പര്‍ റെഫറന്‍സിന് ഗീത കൈയ്യില്‍ ഇപ്പോഴില്ല).

മാത്രമോ, “ എന്നില്‍ ലയിക്കാതെ മറ്റൊരു മോക്ഷം നിനക്കില്ല” എന്ന ലൈനില്‍ ആണ് കൃഷ്ണന്‍ അര്‍ജ്ജുനനെയും ലോകത്തെ തന്നെയും ഗീതയിലുടനീളം ഉപദേശിക്കുന്നത്. “അന്യദേവതകളെ പൂജിക്കുന്നവരും ഫലത്തില്‍ എന്നെത്തന്നെയാണ് ആരാധിക്കുന്നത് എന്നും ആ അനുഗ്രഹങ്ങളും ഞാന്‍ വഴി തന്നെയാണ് വരുന്നത് എന്നും പറയുന്ന അതേ കൃഷ്ണന്‍ ഇതും കൂടി പറയുന്നുണ്ട് : [...മറ്റു]ദേവതകളെ ഉപാസിക്കുന്നവന്‍ ദേവലോകത്ത് എത്തുന്നു. എന്നെ ഉപാസിക്കുന്നവന്‍ എന്നില്‍ ലയിക്കുന്നു [മോക്ഷത്തെ പ്രാപിക്കുന്നു] എന്ന്.

വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാക്കുമ്പോള്‍ എത്രതന്നെ തേനില്‍ പൊതിഞ്ഞാലും ആത്യന്തികമായി ആടയാഭരണങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ എല്ലാം ഒരേ ശൈലി തന്നെ.

ഭഗവദ് ഗീത ഒറ്റ ഗീതയായി ക്രോഡീകരിക്കപ്പെട്ട ഭാരതീയ ചരിത്ര സാഹചര്യത്തില്‍ ന്യായ, സാംഖ്യ, വൈശേഷിക തത്വശാസ്ത്രങ്ങള്‍ക്ക് എന്തുമാത്രം സ്വാധീനം ഉണ്ടായിരുന്നു എന്ന് പഠിക്കുമ്പോഴേ ഗീതയില്‍ അവയുടെ സ്വാധീനം വളരെ കൂടുതലാണെന്ന് മനസിലാക്കാനാകൂ.


ഗീത തരുന്ന ജനനമരണ ചാക്രിക തത്വം അപഗ്രഥിച്ചാല്‍ ഇതു മനസിലാകും. ആ ത്ത്വശാസ്ത്രത്തെ crude ആയി ഇങ്ങനെ ചുരുക്കാം :


പരമാത്മാവില്‍ നിന്നും വേര്‍പെട്ട് വരുന്ന ജീവാത്മാക്കള്‍ - സ്ഫുലിംഗങ്ങള്‍ - ഭഗവാന്റെ മായയുടെ ഉല്‍പ്പന്നമായ ഇഹത്തില്‍ എത്തുന്നു. അവിടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്ന അവ അതാതിന്റെ കര്‍മ്മമനുസരിച്ച് പ്രമോഷനോ ഡിമോഷനോ കിട്ടി പല ലോകങ്ങളിലൂടെ സൈക്കിള്‍ ചെയ്യുന്നു. പുണ്യങ്ങളുടെ ഫലമായി ചില അവസരങ്ങളില്‍ ആത്മാക്കള്‍ ദേവലോകം വരെയൊക്കെ പ്രമോട്ട് ചെയ്യപ്പെട്ടാലും ഒടുവില്‍ ആ പുണ്യത്തിന്റെ കാലം തീരുമ്പോള്‍ മഴയിലൂടെ ഭൂമിയില്‍ പതിച്ച് ധാന്യമണിയിലൂടെ ആഹാരമായി മനുഷ്യ/ജന്തു ബീജമാകുന്നു - ജനനമെടുക്കുന്നു. എങ്ങനെയാണ് ഇതില്‍ നിന്നും മുക്തനാകുക ? അതിനു ഗീത പല കാലഘട്ടങ്ങളില്‍ പല വഴികളുണ്ടായിരുന്നതായി പറയുന്നു. കൊടും തപസും യോഗവിദ്യയും മുതല്‍ ധ്യാനം വരെയുള്ള മെത്തേഡുകളുണ്ടെങ്കിലും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വിദ്യയെന്താ? അത് ‘നിഷ്കാമ’കര്‍മ്മമാകുന്നു. അതായത് ചെയ്യുന്ന പ്രവര്‍ത്തി എന്തുതന്നെയായാലും അതിന്റെ ശുദ്ധാശുദ്ധികള്‍ നോക്കാതെ, അതിന്റെ ഫലം അനുഭവിക്കാനുള്ള ഇച്ഛയേ ഇല്ലാതെ അതു ഭഗവാനായി സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അങ്ങനെ നിര്‍മ്മമമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ ആ കര്‍മ്മങ്ങളുടെ ഫലം ബാധിക്കുന്നില്ല, അവന്‍ മോക്ഷത്തിന് - അതായത് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയ്ക്ക് - അര്‍ഹനാകും. അവനു പിന്നെ ജനന മരണ ചക്രത്തില്‍ വരേണ്ടിയും ഇല്ല.


പി.എസ്:
ഈ ബ്ലോഗില്‍ തന്നെ അശോക് കര്‍ത്താ മാഷിന് ഇട്ട ഈ കമന്റും ഇതോട് ചേര്‍ത്ത് വായിക്കാം.

Jul 27, 2008

ആത്മാവ് , ‘ഞാന്‍’ , സ്വത്വബോധം : ഒരു കമന്റ്

ണിക്കര്‍ മാഷിന്റെ അക്ഷരശാസ്ത്രം ബ്ലോഗിലെ ഈ പോസ്റ്റ് ആണ് വേദി. കമന്റ് മൂത്തു മൂത്ത് കേറിയപ്പോള്‍ വിഷയം ഇത്തിരി മാറി. മറ്റൊരിടത്ത് ഇടേണ്ടിയിരുന്ന കമന്റ് ആണ് താഴെ കൊടുക്കുന്നത്. സന്ദര്‍ഭവശാല്‍ ഈ വിഷയം പൊങ്ങിവന്നത് കൊണ്ട് മാത്രം അവിടെ എഴുതി . ഇതേ സംബന്ധിച്ച പണിക്കര്‍ സാറിന്റെ ഒറിജിനല്‍ പോസ്റ്റ് ഇതാണ്.


കമന്റ് ഇവിടെ. പിന്നീടെപ്പോഴെങ്കിലും ഒരു പോസ്റ്റായി വികസിപ്പിക്കാമെന്നു കരുതുന്നു.

[...] ശാസ്ത്രവസ്തുതകളെ മരണാനന്തര ജീവിതവുമായി ഇഴചേര്‍ക്കാനുള്ള ഒരു ശ്രമം അങ്ങയുടെ വാക്കുകളില്‍ കണ്ടതുകൊണ്ട് അതേപ്പറ്റി ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി (ഇത് അതാത് പോസ്റ്റുകളില്‍ എഴുതേണ്ടിയിരുന്ന കമന്റാണ്, ഞാന്‍ ബ്ലോഗിലേക്ക് വരുമ്പോഴേക്കും അവിടങ്ങളില്‍ ചര്‍ച്ച തീര്‍ന്നിരുന്നു - അതിനാല്‍ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു) :


1. “...[ഭൗതികവാദികള്‍ക്ക്] ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക്‌ എതിരാണ്‌ ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല- matter cannot be created nor destroyed അത്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റുവാനേ കഴിയുകയുള്ളു : അവര്‍ പറയുന്നു ...“

പദാര്‍ത്ഥത്തിന്റെയോ ഊര്‍ജ്ജത്തിന്റെ ഏതെങ്കിലും ഒരു രൂപമാണ് ആത്മാവ് എന്ന് വസ്തുനിഷ്ഠമായ തെളിവുകളില്ല. ലോകത്തെ വിവിധ മത/ആത്മീയ സംസ്കാരങ്ങളുടെ തത്വങ്ങളില്‍ റെഫറന്‍സുണ്ടായാല്‍ മാത്രം പോരല്ലോ ഏതെങ്കിലും അവകാശവാദം വസ്തുനിഷ്ഠമാകാന്‍.

ഊര്‍ജ്ജപദാര്‍ത്ഥങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ആത്മാവെങ്കില്‍ അത് ശരീരം നശിച്ചാലും തുടര്‍ന്നേക്കാം എന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പക്ഷേ അപ്പോഴും ആദ്യ രൂപത്തില്‍ത്തന്നെ അത് നിലനില്‍ക്കും എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. പദാര്‍ത്ഥത്തെ ഊര്‍ജ്ജമാക്കി കഴിഞ്ഞാല്‍ പിന്നെ അതു പദാര്‍ത്ഥമല്ല ഊര്‍ജ്ജം മാത്രമാണ്. പദാര്‍ത്ഥത്തിന്റെ ഒരു ഗുണവും ആ ഊര്‍ജ്ജരൂപം വഹിക്കുന്നില്ല. ഹോമകുണ്ഡത്തിലെ അഗ്നി അതിലൊഴിക്കുന്ന നെയ്യിന്റെ ഒരു സ്വഭാവവും പേറാത്തതു പോലെ തന്നെ.

ഊര്‍ജ്ജക്വാണ്ടകളുടെ തരംഗപ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ അവയെ ഉത്സര്‍ജ്ജിച്ച പദാര്‍ത്ഥത്തില്‍ ഉള്ളടങ്ങിയ പരമാണുക്കളെയും മറ്റും കണ്ടെത്താനാവുമെങ്കിലും അതുപയോഗിച്ച് പദാര്‍ത്ഥത്തിന്റെ ഭൌതിക പ്രത്യേകതകള്‍ പുനര്‍ രൂപകല്പന ചെയ്യുന്നത് അത്യന്തം പരിമിതമായേ സാധിക്കൂ. പ്രത്യക്ഷഭൌതിക പ്രത്യേകതകളുടെ കാര്യത്തില്‍പ്പോലും ഇതാണ് അവസ്ഥയെങ്കില്‍ പിന്നെ അമൂര്‍ത്ത കല്പനകളായ കര്‍മ്മഫലം, പാപപുണ്യങ്ങള്‍ എന്നിവയുടെയൊക്കെ കാര്യം പറയുക വേണ്ടല്ലൊ. അപ്പോള്‍ ഏതു രൂപത്തിലാണ് ആത്മാവ് മുന്‍ ജന്മത്തിലെ ‘കര്‍മ്മഫല’ങ്ങളെ അടുത്ത ജന്മത്തിലേക്ക് സന്നിവേശിപ്പിക്കുക എന്ന ചോദ്യം വസ്തുനിഷ്ഠമായ ഉത്തരമില്ലാത്തതാകുന്നു. അതിനുത്തരം തേടും മുന്‍പ് രണ്ടാമതൊരു ജന്‍മം ഉണ്ടാവാമോ എന്ന് അറിയണം. ആ അടിസ്ഥാന ചോദ്യത്തിനു പോലും വസ്തുനിഷ്ഠമായ തെളിവിന്റെ അഭാവത്തില്‍ സാംഗത്യം നഷ്ടപ്പെടുന്നുണ്ട്.

2. “നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത്‌ ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ്‌ എന്ന്‌ - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ്‌ ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല...
calcium ത്തിന്‌ വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക്‌ ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്‌...


രാസപദാര്‍ത്ഥങ്ങളുടെ ഒരു വെറും സംഘാതമാണ് ജന്തുകോശം അല്ലെങ്കില്‍ ജന്തുശരീരം എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നത് സത്യം. എന്നാല്‍ ഇഴകീറാവുന്നതിന്റെ പരമാവധിയെത്തിയിട്ടും രാസസംയുക്തങ്ങളല്ലാതെ കോശത്തില്‍/ശരീരത്തില്‍ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതു തുറിച്ചുനോക്കുന്ന മറ്റൊരു മഹാ സത്യം. (ഉദാ: വേദന എന്നത് പൊട്ടാഷ്യം അയോണുകളുടെ സിഗ്നല്‍ മസ്തിഷ്കത്തിലുളവാകുന്ന ഒരു പരിപൂര്‍ണ്ണ ഭൌതിക പ്രതിഭാസമാണെന്ന് തെളിയിച്ചിട്ട് വര്‍ഷം 20 ആയിട്ടുണ്ടാകും. അതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വേദനസംഹാരികളും നമുക്കുണ്ടായിരുന്നു - അവയും ശരീരത്തിലെ കണികാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാസ വസ്തുക്കള്‍ തന്നെ)

അപ്പോള്‍ എന്താണ് ജീവന്റെ അടിസ്ഥാനം ? കാര്‍ബണിക കണികകളുടെ പ്രത്യേക തരം ബന്ധനത്തിന്റെ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസം ആണ് അതെന്ന് മാത്രമേ ഇതുവരെയുള്ള വിശകലനങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ പറയാനാവൂ. അതിനപ്പുറമുള്ള കല്പനകളെല്ലാം മറിച്ചുള്ള വസ്തുനിഷ്ഠ തെളിവുകള്‍ കിട്ടുന്ന കാലത്തോളം വ്യക്തിനിഷ്ഠമോ ഭാവനയോ മാത്രമായി നില്‍ക്കും. അതില്‍ പരിതപിക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. ശാസ്ത്രത്തിന്റെ രീതി അതാണ്.

പിന്നെ, മറ്റൊരു വഴി ഉണ്ട് - ഒരു ഓള്‍ട്ടര്‍നേറ്റിവ് തിയറി ഉണ്ടാക്കിയിട്ട് അതു ടെസ്റ്റ് ചെയ്യുക : എന്താണ് ആത്മാവിന്റെ പിന്‍ബലത്തിലുള്ള ആ ഓള്‍ട്ടര്‍നേറ്റിവ് തിയറി ? ജന്തുകോശം ആത്യന്തികമായി ചൈതന്യവത്താകുന്നത് അതില്‍ ആത്മാവ് എന്ന സംഗതി ഉള്‍ച്ചേരുമ്പോഴാണ് എന്നതാണോ ആ തിയറി ? എങ്കില്‍ അതിനുള്ള വസ്തുനിഷ്ഠമായ തെളിവു വേണം:
... ആത്മാവിന്റെ പ്രോപ്പര്‍ട്ടികളെന്ത് ?
അത് ഒരു ഊര്‍ജ്ജരൂപമാണോ ?
അതിനെ അളക്കാനാവുമോ ?
ഭൌതിക ബലങ്ങളുമായി അത് എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിക്കുന്നു ?
അനസ്തേഷ്യ കൊടുക്കുമ്പോള്‍ ആത്മാവിനു വല്ലതും സംഭവിക്കുമോ?
സ്വഭാവത്തെ മാറ്റിമറിക്കുന്ന മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആത്മാവും മാറുമോ?
തലച്ചോറിനു/ശരീരഭാഗത്തിനു ക്ഷതം സംഭവിക്കുമ്പോള്‍ ആത്മാവ് മുറിപ്പെടുമോ ? മുറിപ്പെടില്ലെങ്കില്‍ എന്തുകൊണ്ട് ?(ഭഗവദ് ഗീതയില്‍ പറഞ്ഞതുകൊണ്ട് മാത്രം ആത്മാവിനെ മുറിപ്പെടുത്താനോ അഗ്നിക്കിരയാക്കാനോ ജലത്താല്‍ നനയ്ക്കാനോ പറ്റില്ല എന്നങ്ങ് ഉറപ്പിക്കാനാവില്ലല്ലൊ)

... ഇങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കാന്‍ ചോദ്യങ്ങളൊത്തിരി കിടക്കുന്നു.

ഇനി ഇതൊന്നും എമ്പിരിക്കലായി പരീക്ഷിക്കാനോ സ്ഥിരീകരിക്കാനോ പറ്റില്ല എങ്കില്‍ പിന്നെ ആദ്യത്തെ തിയറിയാകും ഭേദം - ഒന്നുമില്ലെങ്കിലും testable ആയ പ്രവചനങ്ങള്‍ അതില്‍ നിന്നുരുത്തിരിച്ചെടുക്കാമല്ലൊ. കുറഞ്ഞത് മനുഷ്യനു പ്രയോജനപ്പെടുന്ന മരുന്നുകളെങ്കിലും. :)

3. “എന്റെ ശരീരം ആദ്യം ഉടലെടുത്തത്‌ അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്‌. അത്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത്‌ ഉണ്ടാകുകയും പഴയത്‌ പഴയത്‌ നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട്‌ കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?


“ഞാന്‍” മാത്രം അങ്ങനെ മാറാതെ നില്‍ക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാനാവും മാഷേ ?

ഗര്‍ഭപാത്രത്തിലെ എതെങ്കിലും സംഭവം നാം ഓര്‍മ്മിക്കുന്നുണ്ടോ ? പ്രസവസമയത്തെ ? ഒന്നാം മാസത്തിലെ ? ആദ്യത്തെ മുലകുടി ? ആദ്യത്തെ കട്ടിയാഹാരം ? നൂലുകെട്ട് ? സ്വന്തമായി മൂത്രമൊഴിക്കാന്‍ ശീലിച്ചത്? സ്വയം വസ്ത്രം ധരിക്കാന്‍ പഠിച്ചത് ? നഗ്നതയെ ഓര്‍ത്ത് നാണം വന്നത് ? ശരി പോകട്ടെ, ആണാണെന്നും പെണ്ണാണെന്നും ഉള്ള ബോധ്യം എപ്പോള്‍ മുതല്‍ വന്നു?

കുട്ടി വളര്‍ന്ന് ഏതാണ്ട് ഒന്നര-രണ്ട് വര്‍ഷമാകുമ്പോള്‍ മുതല്‍ക്കാണ് ഈ “ഞാന്‍” എന്ന ബോധം ഉണ്ടാകുന്നത്. മൂന്ന് വയസ്സില്‍ മസ്തിഷ്കത്തോടൊപ്പം അതു വികസിച്ച് ഏതാണ്ട് പൂര്‍ണമാകും. പിന്നെ ഓരോ പ്രായമനുസരിച്ച് അതു മാറിക്കൊണ്ടേയിരിക്കുന്നു. ഏഴാം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം വയസ്സിലെ ‘ഞാന്‍’. പത്താം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം ക്ലാസില്‍ എത്തുന്ന ‘ഞാന്‍’. ഇരുപത്തഞ്ചാം വയസ്സിലെ ‘ഞാന്‍’ ആവുകയില്ല അന്‍പത്തിമൂന്നാം വയസിലെ ‘ഞാന്‍’. എന്നുവച്ചാല്‍ ശരീരം പരിസരവുമായി ഇടപെടുമ്പോള്‍ നിരന്തരപ്രതിപ്രവര്‍ത്തനത്തിലൂടെ ഉളവാകുന്ന ഒരു സെല്ഫ് ഇമേജ് (ആത്മബോധം) ഉണ്ട്. അതാണ് ഈ ‘ഞാന്‍’ എന്ന ഭാവവും ബോധ്യവുമൊക്കെ. അതിനു ശരീരവുമായും പരിസരവുമായും വേര്‍പെട്ടുള്ള നിലനില്‍പ്പോ വികാസമോ ഇല്ല. ഈ ‘ഞാന്‍’ ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണ് അല്ലെങ്കില്‍ വന്നു പിറന്നതാണ് എന്ന സങ്കല്പ്പത്തിന്റെ ശാസ്ത്രസാധുത ഏതായാലും മുകളില്‍ പറഞ്ഞ പോലെയാണ് - തെളിവുണ്ടെങ്കില്‍ സ്വീകാര്യം; അത്രതന്നെ.

ഡൌണ്‍സ് സിന്‍ഡ്രോം അടക്കമുള്ള വിവിധതരം ബുദ്ധിമാന്ദ്യങ്ങള്‍, വികാരരാഹിത്യത്തിന്റെ വ്യാധിരൂപമായ ഓട്ടിസം, വ്യക്തിത്വരോഗങ്ങളായി പരിണമിക്കുന്ന മസ്തിഷ്ക ക്ഷതങ്ങള്‍, സ്കീറ്റ്സോഫ്രീനിയ പോലുള്ള മാനസികവ്യാധികള്‍ എന്നിങ്ങനെ ഇതു പരീക്ഷിക്കാനും നിരീക്ഷിക്കാനും ഒട്ടനവധി സ്ഥലങ്ങളുണ്ട് നമുക്ക്. അവിടങ്ങളില്‍ ‘ഞാന്‍’ എന്ന ബോധത്തെയും ഭാവത്തെയും തത്വജ്ഞാനത്തിന്റെ ആടയാഭരണങ്ങളും നാട്യങ്ങളുമഴിച്ചുവച്ച് ശാസ്ത്രം ക്ഷമയോടെ ഇഴപിരിക്കുന്നു...

ഡിസ്കൈമള്‍ :
ഈ പറഞ്ഞതൊക്കെ ഒരു വിമത ചിന്ത എന്ന നിലയ്ക്കുള്ള എന്റെ അഭിപ്രായങ്ങളാണ്. ഇതിനര്‍ത്ഥം മറ്റു ചിന്താസരണികളെല്ലാം തെറ്റ് എന്നല്ല. ശാസ്ത്രത്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് തന്നെ ഇതേപ്പറ്റിയൊക്കെ വളരെ വിശദമായ അന്വേഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം കുറിച്ചിടുന്നത്.

10:21 AM
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)