CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jul 3, 2011

ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം  കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല.

ടണ്‍ കണക്കിനു സ്വര്‍ണ നെല്‍ക്കതിരും ഡച്ചുകാലത്തെ നാണയങ്ങളും അടക്കമുള്ള ഈ സ്വത്തുവഹകള്‍ പൊന്നുതമ്പ്രാന്മാര്‍ അടയിരുന്നു വിരിയിച്ചതാണെന്ന് വിചാരിച്ചാണോ ആവോ ഈ കോള്‍മൈരു കൊള്ളല്‍. രാജവാഴ്ചാ ചരിത്രം ഒന്ന് ചികഞ്ഞാല്‍ വ്യക്തമാകാവുന്നതേയുള്ളൂ ഏതൊക്കെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന നാണയങ്ങള്‍ക്ക് മേലാണു ശ്രീപദ്മനാഭന്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതെന്ന്.

ഏ ശ്രീധരമേനോന്റെ കേരളചരിത്രത്തില്‍ നിന്ന് ഒരു ഭാഗം നോക്കൂ: "എന്തെങ്കിലും കാരണം പറഞ്ഞ് പിന്നാക്ക സമുദായങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തുക എന്നതായിരുന്നു രാജ്യത്തിനു വരവുണ്ടാക്കാന്‍ അസന്ദിഗ്ധമായ ഒരേയൊരു മാര്‍ഗം. താണ ജാതിക്കാര്‍ വിവാഹം നടത്തണമെങ്കില്‍ ഒരു നിശ്ചിത തുക നാടുവാഴിക്കു കൊടുക്കണം. എന്നല്ല, തങ്ങളുടെ പൊട്ടക്കുടിലുകളുടെ പേരില്‍ പോലും അവര്‍ നികുതികെട്ടണമായിരുന്നു. തറി, ചക്ക്, വള്ളം, വല, വണ്ടി എന്നിവയിലെല്ലാം നികുതിയേര്‍പ്പെടുത്തിയിരുന്നു...   19-ആം ശതകത്തിന്റെ ആരംഭത്തില്പ്പോലും അടിമസമ്പ്രദായം പ്രാകൃതരീതിയില്‍ കേരളത്തില്‍ നിലനിന്നിരുന്നു. കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂവുടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു... സ്വര്‍ണാഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായ കാര്യങ്ങള്‍ക്ക് രാജാവിനോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് "അടിയറ" വച്ച് അനുവാദം വാങ്ങണമായിരുന്നു. വീട്ടില്‍ നല്ലകാര്യം നടക്കുകയോ മരണം നടക്കുകയോ ചെയ്താല്‍ നാടുവാഴിക് കാഴ്ചവയ്ക്കണമെന്ന നടപ്പിനു നീക്കുപോക്കുണ്ടായിരുന്നില്ല. ജീവിതാവകാശങ്ങള്‍ മിക്കതും നിഷേധിക്കപ്പെട്ടിരുന്ന സാധാരണ ജനം അധാര്‍മ്മികമായ ഒട്ടേറേ നികുതികളുടെയും വരികളുടെയും ദുര്‍‌വഹമായ ഭാരം ചുമക്കേണ്ടിവന്നതായിരുന്നു ഇതിന്റെയെല്ലാം ഫലം... ഉയര്‍ന്ന ജാതിക്കാര്‍ ഭൂനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വധശിക്ഷ ബ്രാഹ്മണര്‍ക്ക് ബാധകമേ ആയിരുന്നില്ല. താണ ജാതിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കഠിനമായിരുന്നു ശിക്ഷാനിയമം. മോഷണം ഗോവധം തുടങ്ങിയ സാധാരണ കുറ്റങ്ങള്‍ക്ക് പോലും വധശിക്ഷയാണു വിധിച്ചിരുന്നത്. ആനയെക്കൊണ്ട് കൊല്ലിക്കുക, പീരങ്കിവായില്‍ കെട്ടി നിറയൊഴിക്കുക, മൂന്ന് ദിവസം കൊണ്ട് മരിക്കത്തക്ക വിധം ചിത്രവധം ചെയ്ക മുതലായവ ശിക്ഷയുടെ സാധാരണ രൂപങ്ങളായിരുന്നു."

1750-ല്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം, തിരുവിതാങ്കൂര്‍ രൂപപ്പെട്ടുവരുന്ന സമയം) സര്‍ക്കാര്‍ വക "മണ്ഡപത്തും‌വാതിലുകള്‍" ഉണ്ടാകുന്നു. മണ്ഡപത്തും‌വാതില്‍ ഉദ്യോഗസ്ഥര്‍ ഈഴവരും അതില്‍ത്താഴെയുമുള്ള ജാതിക്കാരെക്കൊണ്ട്  വേതനമില്ലാതെ ചെയ്യിച്ചുവന്ന സര്‍ക്കാര്‍ നിര്‍മാണപ്പണികളെ "ഊഴിയം വേല" എന്നുപൊതുവായി വിളിച്ചുവന്നു. ഭാസ്കരനുണ്ണിയുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നിന്ന് : "ഊഴിയംവേലയും വിരുത്തിയേര്‍പാടും ഒരുതരം അടിമവൃത്തി തന്നെയായിരുന്നു. ഇവിടെയുള്ള കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സര്‍ക്കാര്‍ വക സത്രങ്ങളുടെയും കെട്ടിടങ്ങളുടെയും കല്ലും മരവും പണിയും വിരുത്തിയും ഊഴിയവും പ്രകാരം നടന്നതാണെന്നറിയണം. സര്‍ക്കാരിനുമുണ്ടായിരുന്നു നല്ലൊരു അടിമ ശേഖരം. അതിന് പുറമെയാണ് ഈ വക ഏര്‍പ്പാടുകള്‍. " 1815ല്‍ ഗൗരീപാര്‍‌വതീബായിയുടെ കാലത്താണു ഇതുനിര്‍ത്തലാക്കിയുള്ള വിളംബരം ഇറങ്ങുന്നതെന്ന് ഓര്‍ക്കണം. മറ്റൊരു നികുതി "തലയറ" എന്ന പേരില്‍ ഒരു തലവരി ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ-രാമയ്യന്‍ ദളവാ കൂട്ടുകെട്ട് ആരംഭിച്ചതെന്ന് അറിയപ്പെടുന്ന ഈ നികുതി നായരുള്‍പ്പടെയുള്ള മേല്‍‌ജാതികളെയും മാപ്പിളമാരെയുമൊക്കെ ഒഴിവാക്കി കീഴാള ജാതികളില്‍ നിന്ന് 6 കൊല്ലം കൂടുമ്പോള്‍ തലയെണ്ണി പിരിക്കുന്ന കരമായിരുന്നു. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു തലയറ-വലയറ ആദി നികുതികള്‍ ഗൗരീപാര്‍‌വതിബായി നിര്‍ത്തലാക്കുന്നത്.

ഇളം കുളം കുഞ്ഞന്‍ പിള്ള ഈ വഹ നികുതികളെപ്പറ്റി ജന്മിസമ്പ്രദായം കേരളത്തില്‍" എന്ന അധ്യായത്തില്‍ (തെരഞ്ഞെടുത്ത കൃതികള്‍) എഴുതുന്നത് ഇങ്ങനെ : "സാധുക്കളില്‍ നിന്ന് കൂടുതല്‍ ധനം കവര്‍ന്നെടുക്കാനാണു നമ്പൂതിരിയുഗത്തില്‍ രാജാക്കന്മാര്‍ ശ്രമിച്ചിരുന്നത്. ഭൂനികുതിയില്ലാതായപ്പോള്‍ പുരുഷാന്തരം (മരണ നികുതി), രക്ഷാഭോഗം, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, തലപ്പണം, മുലപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ഏഴ, കോഴ, ചങ്ങാതം, ആണ്ടുകാഴ്ച, മീശക്കാഴ്ച, മേനിപ്പൊന്ന്, ദത്തുകാണിക്ക തുടങ്ങിയ അനവധി ഇറകളും തിറകളും ഏര്‍പ്പെടുത്തി ചിലപ്പോള്‍ വയ്യാവരി (സഹിക്കാന്‍ വയ്യാത്ത കരം എന്നര്‍ത്ഥം) പോലും ജനം കൊടുക്കേണ്ടിവന്നു."

വര്‍ഷകാലം ചതിക്കുകയോ വെള്ളപ്പൊക്കം വരുകയോ ചെയ്താല്‍ വിള നശിക്കുകയും ദാരിദ്ര്യം സഹിക്കാതാകുകയും ചെയ്യുമ്പോള്‍ സ്വയം വില്പ്പനയ്ക്ക് വയ്ക്കാനായി ഗതികെട്ട് പിന്നാക്കജാതികളും ദരിദ്രരും ഇറങ്ങുന്ന അവസ്ഥയുണ്ടാവുന്നു. 1775ല്‍ ജെയിംസ് ഫോര്‍ബ്സ് എന്ന ബ്രിട്ടിഷുകാരന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ : "ക്ഷാമകാലത്ത് ദരിദ്രപ്പരിഷകള്‍ വിശപ്പിന്റെ പ്രേരണയാല്‍ അഞ്ചുതെങ്ങിലേക്കും മറ്റ് തുറമുഖങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍, തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിനു പകരമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിനു ഒരു ചാക്ക് അരി വിലപറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയെയും മക്കളേയും അടക്കമായി നാല്പതോ അമ്പതോ പണത്തിനു വില്‍ക്കുന്നതും നിങ്ങള്‍ക്കവിടെ കാണാം." ഒരു ഉറുപ്പികയ്ക്ക് ഫോര്‍ബ്സിനു തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഒരു മുക്കുവസ്ത്രീയില്‍ നിന്ന് ഫോബ്സ് കുട്ടിയെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഒടുവില്‍ അര ഉറുപ്പികയ്ക്ക് കുഞ്ഞിനെ അവര്‍ പോര്‍ച്ചുഗീസുകാരനായ ഒരാള്‍ക്ക് വിറ്റെന്നുമുള്ള അനുഭവക്കുറിപ്പും ജയിംസ് ഫോബ്സ് എഴുതിയിട്ടുണ്ട്.

1800കളുടെ തുടക്കത്തില്‍ റാണിമാരായ ഗൗരി ലക്ഷ്മീബായി (1810-'15), പിന്നാലെ സ്ഥാനമേറ്റ പാര്‍‌വതീബായി (1815-'29) എന്നിവരെ ഭരണത്തില്‍ സഹായിച്ചിരുന്ന റസിഡന്റ് ദിവാന്‍ മണ്‍‌റോയുടെ ശ്രമഫലമായാണു ഈ മനുഷ്യത്വരഹിത നികുതികളത്രയും ഇല്ലാതായത്. നായര്‍ക്കും ഈഴവര്‍ക്കും സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍ അണിയാന്‍ അടിയറപ്പണം വയ്ക്കേണ്ടെന്ന നിലവന്നതും (മേനിപ്പൊന്ന്), ജാതി വ്യത്യാസമില്ലാതെ ആര്‍ക്കും വീടുകള്‍ ഓടുമേയാം എന്ന നിലവന്നതും ഗൗരിപാര്‍‌വതീ ബായിയുടെയും റസിഡന്റ് മണ്‍റോയുടെയും ഭരണകാലത്താണ്‌. 1811ല്‍ ലക്ഷ്മീബായിയുടെ ഉത്തരവിലാണു അടിമക്കച്ചവടത്തിനു പരിമിതമായ ഒരു ഔദ്യോഗിക വിലക്ക് വരുന്നത്.

1820ല്‍ സര്‍‌വേ മെമ്വാറില്‍ വാര്‍ഡും കോര്‍ണറും കുറിച്ചിടുന്ന കീഴാളജാതികളുടെ ഭക്ഷണത്തെപ്പറ്റിയുള്ള വിവരണം നോക്കുക: "താഴ്ന്ന ജാതിക്കാര്‍ക്ക് അരി ഭക്ഷണമാകുന്നത് വര്‍ഷത്തില്‍ അല്പം നാളേയ്ക്ക് മാത്രമാണു. കൈവശം വരുന്ന അല്പമാത്രമായ ശേഖരം തീരുന്നതോടെ നട്ടുവളര്‍ത്തുന്ന കിഴങ്ങുകളും നാനാവിധ കാട്ടുകിഴങ്ങുകളും  ഒരുതരം പനന്തടിയില്‍ നിന്നെടുക്കുന്ന പൊടിയും മാത്രമാകുന്നു അവരുടെ ഭക്ഷണം. വിവേചനമില്ലാത്ത വിശപ്പ് ഏതുതരം കാട്ടുകിഴങ്ങുകളും - വിശേഷിച്ച് വെള്ളത്തിലെ കിഴങ്ങുകള്‍ - ഭക്ഷ്യങ്ങളാക്കി മാറ്റുന്നു. കായലില്‍ കഴുത്തറ്റം മുങ്ങിനിന്ന് പുലയര്‍ ഇത് തിരയുന്നതു കാണാം. ഇവകൊണ്ട് തീരാത്തതു എലി ഓന്ത് എന്നീ ജീവികളാണു നികത്തുന്നത്. തീരെത്താഴ്ന്ന ജാതിക്കാര്‍ അറപ്പുണ്ടാക്കുന്ന ഈ വിഭാഗത്തെ മിക്കപ്പോഴും ആശ്രയിക്കേണ്ടി വരുന്നു" (പി കെ ബാലകൃഷ്ണന്‍)

ആകെമൊത്തത്തില്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊതിയാകുന്നില്ലേ ? പൊന്നുതമ്പ്രാക്കന്മാരുടെ അപാരമായ "കരുതലും" "ആപത്ത് കാലത്തേയ്ക്കുള്ള നീക്കിയിരുപ്പും" കാത്ത് വായപൊളിച്ചും ഒരുകാലത്തും തുറന്നിട്ടില്ലാത്ത അമ്പലപ്പണ്ടാര നിധി നോക്കി വെള്ളമിറക്കിയും ചത്തു വീണ, ചാട്ടയടി കൊണ്ടും അരിതിന്നാന്‍ വകയില്ലാതെ മക്കളെ അടിമയായി വിറ്റും ജീവിച്ച, ജീവച്ഛവമായിട്ടെങ്കിലും ജീവിക്കേണ്ടിവരുന്നതിനും കരം കൊടുത്തു മുടിഞ്ഞ ഒരു ജനതയുടെ നിലവിളീകളുടെ ബാക്കിയാണു ടണ്‍ കണക്കിനു സ്വര്‍ണ്ണക്കതിരായും കിലോക്കണക്കിനു നീളമുള്ള മാലകളായും ദേവസ്ഥാനങ്ങളിലിരുന്ന് പുളകം കൊള്ളുന്നത്.

വിശപ്പ് കൊണ്ട് കിഴങ്ങിനായി കായലിലിറങ്ങിപ്പരതുന്ന, കുഞ്ഞിനെ വില്‍ക്കാന്‍ ഒരു റുപ്പികയില്‍ നിന്ന് അരറുപ്പികയിലേക്ക് വിലപേശി തളരുന്ന അമ്മയില്‍ നിന്ന്, തീണ്ടല്‍ഭയങ്ങളില്ലാതെ ആത്മാഭിമാനത്തോടെ യൂണിഫോമണിയിച്ച കുഞ്ഞിനെയും കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അമ്മയുടെ ജനാധിപത്യലോകത്തിലേക്കുള്ള ദൂരമളക്കാന്‍ കഴിയാത്ത ഊളകളെ എന്തു വിളിക്കണം?
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)