CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 31, 2008

അബ്രഹാമിന്റെ സന്തതികള്‍

ഇസ്രയേല്‍ - ഫലസ്തീന്‍ വൈരങ്ങളുടെ കനല്‍ വീണ്ടും ജ്വലിക്കുന്നു. സമാനതകളില്ലാത്ത ആക്രമണങ്ങള്‍ വഴി ഒടുങ്ങുന്നത് നിരപരാധികളായ മനുഷ്യരും. രണ്ടുരാജ്യങ്ങളുടെ,1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ ചരിത്രം ചികഞ്ഞ് ഒരു സ്കൂള്‍ കുട്ടിയായി...വെറുതേ...

1517 മുതലുള്ള നാലു നൂറ്റാണ്ടുകള്‍ : പലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ അറബ് സാമ്രാജ്യത്തിന്റെ ഭാഗം.

1831-40 : ഒട്ടോമാന്‍ സുല്‍ത്താന്റെ ജെനറലായിരുന്ന് പിന്നീട് ഈജിപ്തിന്റെ ഭരണം കൈയ്യേറ്റ മുഹമ്മദ് അലിയുടെ ഭരണകാലത്താണ് ഫലസ്തീനിന്റെ ആധുനികീകരണം ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ . അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം പാഷയാണ് ആധുനികചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃതനികുതിനയവും ഭരണസൗകര്യത്തിനായി ജൂത,ക്രൈസ്തവരടക്കമുള്ള തദ്ദേശീയജനപ്രമുഖരെ ഉള്‍പ്പെടുത്തി ഭരണനിര്‍വഹണ സമിതികള്‍ ഉണ്ടാക്കിയത്.

1840കള്‍ : ഇബ്രാഹിം പാഷയുടെ പതനത്തെത്തുടര്‍ന്ന് ഫലസ്തീനില്‍ ഒട്ടോമാന്‍ ഭരണവും പിന്നീട് യൂറോപ്യന്‍ കോളനിവല്‍ക്കരണവും. "താന്‍സിമത്"എന്ന് വിളിക്കപ്പെട്ട ആധുനികീകരണ ശ്രമങ്ങള്‍ തുടരുന്നു.അതോടൊപ്പം ഭരണകേന്ദ്രീകരണവും സാമ്രാജ്യത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമവും.

1853-56 : ക്രിമിയന്‍ യുദ്ധമാരംഭിക്കുന്ന അവസരത്തില്‍ ഏതാണ്ട് അഞ്ചുലക്ഷമായിരുന്നു പലസ്തീന്‍ ജനസംഖ്യ എന്ന് മക് കാര്‍ത്തി. ഭൂരിപക്ഷവും അറബിസംസാരിക്കുന്നവര്‍ . ഏറിയപങ്കും മുസ്ലീമുകളും.പല സെക്റ്റുകളില്‍ പെട്ട ക്രൈസ്തവര്‍ അറുപതിനായിരത്തോളവും ജൂതവിഭാഗക്കാര്‍ ഏതാണ്ട് ഇരുപതിനായിരത്തോളവും ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇവരെക്കൂടാതെ അന്‍പതിനായിരം ഒട്ടോമാന്‍ പടയാളികളും പതിനായിരത്തിനടുത്ത് യൂറോപ്യന്മാരും.

1878 : ഇന്നത്തെ ടെല്‍ അവീവിന്റെ ചുറ്റുവട്ടത്തായി ആദ്യ സയണിസ്റ്റ് കാര്‍ഷികകോളനി ഉയരുന്നു.

1882 : കിഴക്കന്‍ യൂറോപ്പില്‍ നിന്നും പതിനായിരക്കണക്കിനു ജൂതക്കുടിയേറ്റക്കാര്‍ ഫലസ്തീനിലേയ്ക്ക്.

1891 : ജൂതക്കുടിയേറ്റക്കാരുടെ സഹായത്തിനായി ആദ്യ സംഘടന - Jewish Colonization Association (JCA)- ജര്‍മ്മന്‍ ജൂതനായ മൊറീസ് ഡി ഹെര്‍ഷിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

1896 : ജൂതര്‍ക്കായി ഒരു എക്സ്ക്ലൂസീവ് രാഷ്ട്രം ഉണ്ടാവേണ്ടതുണ്ടെന്ന ദീര്‍ഘകാലമായി നില്‍ക്കുന്ന ആശയം തിയോഡര്‍ ഹെര്‍സലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിലൂടെ രാഷ്ട്രീയ ആഹ്വാനമാകുന്നു.

1897-1904 : മേല്പ്പറഞ്ഞ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ജെ.സി.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. സ്വിറ്റ്സര്‍ലന്റില്‍ സ്ഥാപിതമായ ലോകസയണിസ്റ്റ് സംഘടന ഫലസ്തീനി ഒരു ജൂതരാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കുന്നു. Jewish National Fund എന്ന പേരില്‍ ഫലസ്തീനില്‍ ആവശ്യമെങ്കില്‍ ജൂതര്‍ക്കായി ഭൂമി വാങ്ങാനും നീക്കമാരംഭിക്കുന്നു.

1904-1911 : കൂടുതല്‍ ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറുന്നു.ഫലസ്തീനി അറാബ് കര്‍ഷകരുമായി പലയിടങ്ങളിലും സംഘരഷമാരംഭിക്കുന്നു. ജൂതര്‍ ജനസംഖ്യയുടെ 6% ആയി ഉയരുന്നു.
ജൂതകോളനികളെ, വിശേഷിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാരെ ഫലസ്തീനില്‍ വ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ക്രൈസ്തവ ചായ് വുള്ള യൂറോപ്യന്‍ നേതൃത്വങ്ങള്‍ക്ക് ചില സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒന്നാമത്, വിശുദ്ധഭൂമിയായ യെറുശലേമിനു വേണ്ടി മുസ്ലീങ്ങളുമായി നടന്ന പോരാട്ടങ്ങളുടെ ബാക്കിയായ വംശദ്വേഷം. രണ്ടാമത്, 'ഇസ്രായീല്യ'രാല്‍ വിശുദ്ധദേശം നിറയുന്ന ബിബ്ലിക്കല്‍ പ്രവചനത്തിന്റെ (പ്രതീകാത്മക) സാക്ഷാത്കാരം. മൂന്നാമത്, തദ്ദേശീയമായ ഒരുതരം ഉദ്ഗ്രഥനത്തിനും തയ്യാറാവാതെ നൂറ്റാണ്ടുകളായി വേറിട്ടു നില്‍ക്കുന്ന ജൂതരോടുള്ള വ്യംഗ്യമായ വെറുപ്പ്.
1914 : ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.

1917: ബ്രിട്ടന്റെ സെക്രട്ടറി ഒഫ് സ്റ്റേയ്റ്റ് , ബാല്ഫോര്‍ പ്രഭു ഫലസ്തീനില്‍ ഒരു 'സമ്പൂര്‍ണ്ണ ജൂതരാഷ്ട്ര'മുണ്ടാക്കുമെന്ന് സയണിസ്റ്റ് സംഘടനകള്‍ക്ക് ബാല്ഫോര്‍ ഡിക്ലറേയ്ഷനിലൂടെ വാക്ക് നല്‍കുന്നു.

1918 : ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമാന്‍ തുര്‍ക്കിയും വീണു. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം സൈക്സ്-പികോട്ട് ധാരണപ്രകാരം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി .അന്ന് ബ്രിട്ടനു വീതിച്ചുകിട്ടിയ ഫലസ്തീന്‍ രാജ്യം യോര്‍ദാനും വെസ്റ്റ് ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോനും സിറിയയും ഫ്രാന്‍സിനു പോയി.

1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി. ജൂതക്കുടിയേറ്റത്തെ സഹായിക്കാനായി തദ്ദേശവാസികളെ ഫലസ്തീനില്‍ നിന്ന് കുടിയിറക്കിക്കൊടുക്കാമെന്നത് ഇംഗ്ലണ്ടിന്റെ വാഗ്ദാനങ്ങളില്‍ പെടും എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും എഴുതുകയുണ്ടായി.
ഫലസ്തീനി നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനം യെറുശലേമില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും ഈ വര്‍ഷമാണ്. ബാല്ഫോര്‍ പ്രഭുവിന്റെ പ്രഖ്യാപനം സമ്മേളനം തള്ളുകയും ചെയ്തു.
മുസ്ലീമുകളും ജൂതരും തമ്മിലുള്ള മതപരമായ പൗരാണിക വൈരങ്ങള്‍ കാരണമാണ് മിഡിലീസ്റ്റ് പ്രശ്നം ഇങ്ങനെ കാലാകാലം പുകഞ്ഞുകൊണ്ടേയിരിക്കുന്നത് എന്ന സാമാന്യവല്‍ക്കരണം നിലനില്‍ക്കുമ്പോള്‍ തന്നെ നാം കേള്‍ക്കാറുള്ള മറ്റൊരു വാദമാണ് അറബികളുടെ 'പ്രാകൃതമായ അസഹിഷ്ണുത'യെക്കുറിച്ചുള്ളത്. ഈ വാദത്തെ ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള പാന്‍ ഇസ്ലാമിസ്റ്റ് ടെററിസത്തെക്കുറിച്ചുള്ള ഭീതികളുമായി ചേര്‍ത്തുകെട്ടുവാനും എളുപ്പം. എന്നാല്‍ സയണിസത്തിന്റെ ചരിത്രം ചികഞ്ഞുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമായിവരും: താരതമ്യങ്ങളുടെ ഒരു സ്കെയിലില്‍ ഇസ്ലാമിക മൗലികവാദത്തോടൊപ്പമോ, ഒരുപക്ഷേ അതിലുമധികമോ തീക്ഷ്ണമാണ് ജൂത മൗലികവാദമെന്ന് ! ആദ്യം മുതല്‍ക്കു തന്നെ ഫലസ്തീനെ മിശ്രവംശങ്ങളുടെ ഒരു സെക്യുലര്‍ ദേശമായല്ല, മറിച്ച് ഒരു ജൂതരാഷ്ട്രമായിത്തന്നെയാണ് യൂറോപ്പ് കേന്ദ്രീകരിച്ചുയര്‍ന്നുവന്ന സയണിസ്റ്റ് മൂവ്മെന്റ് വിഭാവനം ചെയ്തിരുന്നത് എന്നത് ഇന്ന് സമരസപ്പെടലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ഫലസ്തീനിലെ നിലവിലുള്ള അറബികളെ നിഷ്കാസിതരാക്കാത്തിടത്തോളം അവിടെയൊരു രാഷ്ട്രസ്ഥാപനം സാധ്യമാകില്ലെന്ന് സയണിസ്റ്റ് മൂവ്മെന്റിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തെ ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടന്‍ തത്വത്തില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നതായി ഒന്നാം ലോകയുദ്ധകാലത്തെ പ്രധാനമന്ത്രി ലോയിഡ് ജോര്‍ജു മുതല്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ബാല്ഫോറും എന്തിനു, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെയുള്ളവരുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1923 : ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനെ ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം രണ്ടായി പകുത്തു. യോര്‍ദാന്‍ നദിക്കു കിഴക്കുള്ള ഭാഗത്തെ അറബ് ഫലസ്തീനികള്‍ക്കും ("ട്രാന്‍സ് ജോര്‍ദാന്‍" എന്നുപേര്) എന്നും പടിഞ്ഞാറുള്ള കഷ്ണം ജൂതര്‍ക്കും എന്ന് നിശ്ചയിക്കപ്പെട്ടു.

1920-28 : പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം തുടരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരിപ്രകാരം ജനസംഖ്യയുടെ 11% ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16% ആയുയര്‍ന്നു. മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4% അവരുടേതായിക്കഴിഞ്ഞിരുന്നു.

1920 : ജാഫയിലും മറ്റുമായി പൊട്ടിപ്പുറപ്പെട്ട അറബ് കലാപങ്ങളെ നേരിടാനായി ഹാഹഗന (Haganah) എന്ന സയണിസ്റ്റ് സായുധ സംഘം രൂപീകൃതമാകുന്നു. ജൂതകുടിയേറ്റഭൂമികളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

1928 : യെരുശലേമിലെ 'വിലാപത്തിന്റെ മതിലി'നടുത്ത് വിശുദ്ധദിനമായ യോം കിപ്പൂറിന്റെ ദിവസം പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ജൂതര്‍ ആണ്‍ ‍-പെണ്‍ വേര്‍തിരിവിനായി കെട്ടിയുയര്‍ത്തിയ മറ നിയമമനുസരിച്ച് അവിടെ പാടില്ല എന്നാരോപണമുയര്‍ന്നു. സ്ഥലം സന്ദര്‍ശിക്കുകയായിരുന്ന യെരുശലേമിലെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ എഡ്വേഡ് റോഷിനു മുന്നില്‍ തര്‍ക്കമെത്തി.
ബ്രിട്ടീഷ് അധികാരികള്‍ ആ മറ മാറ്റാനാവശ്യപ്പെട്ടെങ്കിലും പിന്നെ നടന്ന ലഹളയിലാണ് അതു നശിപ്പിക്കപ്പെട്ടത്. ഒരു വശത്ത് അല്‍-അഖ്സ പള്ളി ജൂതര്‍ കൈയ്യടക്കുമെന്ന് അറബികള്‍ക്കിടയില്‍ പ്രചരണം നടന്നപ്പോള്‍ മറുവശത്ത് വിലാപത്തിന്റെ മതില്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് സയണിസ്റ്റുകളും മുന്നോട്ടു വന്നു. ചെറു പ്രശ്നങ്ങള്‍ വലിയ ലഹളയായി വളര്‍ന്നപ്പോള്‍ ഇരുവശത്തും കനത്ത നഷ്ടങ്ങളുണ്ടായി.
ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അതിലുമിരട്ടിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റവാളികളെ തടവിനും തൂക്കു ശിക്ഷയ്ക്കും വിധേയരാക്കുകയും നഷ്ടപരിഹാരങ്ങള്‍ പിഴയായി ചുമത്തി ഈടാക്കി നല്‍കുകയുമുണ്ടായി എങ്കിലും ഇരുവശത്തും അക്രമങ്ങള്‍ക്കുള്ള കോപ്പുകൂട്ടലിന് ഇതൊരു തുടക്കമായി.

1932 : ആദ്യ ഫലസ്തീനി രാഷ്ട്രീയസംഘടന, ഹിസ്ബല്‍ ഇസ്തിക്ലാല്‍ (സ്വാതന്ത്ര്യ) പാര്‍ട്ടി, നിലവില്‍ വന്നു. അക്കാലത്ത് ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തില്‍ മുന്നിട്ടു നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകരിക്കാനും, ബഹിഷ്കരണതന്ത്രങ്ങള്‍ വഴി ബ്രിട്ടനെ പുറത്താക്കാനും ശ്രമിക്കുക ഇതിന്റെ ആദ്യകാല നയങ്ങളിലൊന്നായിരുന്നു.

1933- 1939 : തീക്ഷ്ണമായ തെരുവു കലാപങ്ങളുടെ കാലം. 1936 മെയ് മാസം അറബ് ഉന്നത രാഷ്ട്രീയ സമിതി ഫലസ്തീനില്‍ പൊതുപണിമുടക്കുപ്രഖ്യാപിക്കുന്നു. തുടര്‍ന്നു നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കു നേരെ ചിലയിടത്ത് ബ്രിട്ടീഷ് വെടിവയ്പ്പ്. ജൂതക്കുടിയേറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നികുതിയടവ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഒപ്പം പലഭാഗങ്ങളിലും ട്രെയിനുകള്‍ക്കുനേരെയും സൗദിമുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും ഫലസ്തീനി സംഘങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി.
കല്ലുകളേയും ഗ്രനേഡുകളെയും തടയാന്‍ ജൂതര്‍ സഞ്ചരിച്ചിരുന്ന ബസുകളില്‍ ഇരുമ്പഴികള്‍ പോലും വച്ചുപിടിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി ഫലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടപ്പോള്‍ പരസ്യമായി. ഇര്‍ഗുന്‍ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടക്കുന്നതും ഇക്കാലത്താണ്. ഇരുപക്ഷവും സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഭീകര/അധോലോക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതും ഇക്കാലത്തു തന്നെ.

1937 : പീല്‍ കമ്മീഷന്‍ ഫലസ്തീനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. 33% ജൂത രാഷ്ട്രത്തിനായി നീക്കിവയ്ക്കാനും അവിടെനിന്നും ഫലസ്തീനികളെ ഭാഗികമായി ഒഴിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ വച്ചു.
കലാപങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ ഫലസ്തീനി നേതാക്കളില്‍ പലരേയും നാടുകടത്തുകയും സംഘടനകളെ പിരിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഫലസ്തീനികളുടെ സായുധസംഘടനകളെയും ആയുധ സ്രോതസ്സുകളെയും ഇല്ലാതാക്കുക വഴി ബ്രിട്ടീഷധികൃതര്‍ പില്‍ക്കാലത്തെ ഇസ്രയേലി യുദ്ധവിജയങ്ങള്‍ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയാം.
പീല്‍ കമ്മീഷന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ സയണിസ്റ്റുകള്‍ തന്ത്രപരമായി അംഗീകരിച്ചു. അങ്ങനെ തങ്ങള്‍ 'പ്രശ്നകാരികളല്ല' എന്ന ഒരു ഇമേജുണ്ടാക്കിയെടുക്കുക എന്നതും അവരുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. 1942 ആയപ്പോഴെയ്ക്കും ഈ മൃദുസമീപനത്തിന്റെ മൂടിയഴിച്ച് മുഴുവന്‍ ഫലസ്തീനും തങ്ങള്‍ക്കു വേണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ ഒരു യുദ്ധത്തയ്യാറെടുപ്പിനായുള്ള സമയം വാങ്ങുന്നതിനായിരുന്നു.

1933- 37 : ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശാക്തിക ചേരികളുടെ ലോകക്രമത്തില്‍ മാറ്റങ്ങള്‍ . നാറ്റ്സികളുടെ ജൂതവേട്ടയും തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സ്, ബ്രിട്ടന്‍,പോളണ്ട്,ബെല്‍ജിയം,സ്വിറ്റ്സര്‍ലന്റ്,റഷ എന്നിവിടങ്ങളിലേയ്ക്ക് ജൂതരുടെ പലായനവും.

പോളണ്ടിനെ ജര്‍മ്മനി ആക്രമിച്ചതിനെ തുടര്‍ന്ന് 1939 സെപ്തംബര്‍ മാസത്തോടെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.
ഇവിടെയും കൗതുകകരമായ ചില ചരിത്രവായനകള്‍ നമുക്ക് കാണാം. ജര്‍മ്മനിയിലെയും പോളണ്ടിലെയും ഓസ്ട്രിയയിലെയും ജൂതരെ ഹിറ്റ്ലര്‍ വേട്ടയാടുന്ന അതേ അവസരത്തില്‍ ഫലസ്തീനില്‍ ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അറബികള്‍ക്കു മേല്‍ ജൂതര്‍ അക്രമമഴിച്ചുവിടുന്നുണ്ടായിരുന്നു. ഒരേ സമയം അക്രമികളാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ! യൂറോപ്പുതന്നെയും സുരക്ഷിതമല്ലാതായപ്പോള്‍ ഫലസ്തീനിലേയ്ക്ക് കുടിയേറിയ ജൂതരുടെ എണ്ണവും വലുതാണ്. എല്ലാവരാലും തിരസ്കരിക്കപ്പെട്ട ജനത എന്ന വിശേഷണം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കത്തോടെ ജൂതര്‍ക്ക് ലഭിക്കുകയുണ്ടായി. ഒരുപക്ഷേ ലോകരാഷ്ട്രങ്ങളുടെ സഹതാപം ഫലസ്തീനിലെ കുടിയേറ്റക്കാര്‍ക്ക് നേടാനായതും അതിനാലാവാം.
1938 : ജൂതസായുധ സേനയായ ഹാഹഗാനയ്ക്ക് ബ്രിട്ടീഷ് അധികൃതരില്‍ നിന്നും കാര്യമായ പിന്തുണ ഈ സമയത്ത് ലഭിച്ചിരുന്നു. (ഇന്ത്യയില്‍ ജനിച്ചു വളരുകയും സുഡാനിലും മറ്റും ട്രെയിനിംഗ് നേടുകയും ചെയ്ത ബ്രിട്ടീഷ് ഓഫീസര്‍ ചാള്‍സ് വിന്‍ഗേയ്റ്റ് ആയിരുന്നു ഇത്തരമൊരു സായുധ സംഘത്തെ പോഷിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പില്‍ക്കാലത്ത് സയണിസ്റ്റ് നേതാക്കളെ ബോധ്യപ്പെടുത്തിയവരില്‍ പ്രമുഖന്‍.) ഒരു ഹാഹഗാന യൂണിറ്റും ഒരു കമ്പനി ബ്രിട്ടീഷ് പട്ടാളവും ചേര്‍ന്ന് ഫലസ്തീനിയന്‍ അതിര്‍ത്തിഗ്രാമം ആക്രമിച്ചത് ഈ കാലത്താണ്. ഇതേ സമയം തന്നെ യുദ്ധാവശ്യം മുന്‍കൂട്ടിക്കണ്ടുകൊണ്ട് അറബ് ഗ്രാമങ്ങളുടെ ഭൂപടം തയ്യാറാക്കുന്ന ഒരു വിഭാഗവും ഹാഹഗാനയില്‍ സജീവമായിരുന്നുവെന്ന് പില്‍ക്കാല രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യകാലത്തെ പ്രധാന ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധങ്ങളിലെ വിജയം സയണിസ്റ്റുകള്‍ക്കായതിന്റെ മുഖ്യ കാരണവും ഈ വിശാലമായ പ്ലാനിങ് തന്നെ.

1939 : പത്തുവര്‍ഷത്തിനു ശേഷം ഉപാധികളോടെ ഫലസ്തീനു സ്വാതന്ത്ര്യമനുവദിക്കാമെന്ന് ബ്രിട്ടീഷ് പൊതുസഭ ധവളപത്രമിറക്കുന്നു. പ്രതിവര്‍ഷം 15,000 ജൂതരെന്ന കണക്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കുടിയേറ്റമനുവദിക്കണമെന്നും പത്രത്തില്‍ പറയുന്നു.

1943 : ബ്രിട്ടന്‍ 1939-ലെ ധവളപത്രത്തിലൂടെ ജൂതക്കുടിയേറ്റത്തിനായി അനുവദിച്ച അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടുന്നു. ഫലസ്തീനികളെ ആശ്വസിപ്പിക്കുന്നതിനായി ജൂതര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നത് ഈ സമയത്താണ്.

1945 : രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
പ്രമുഖ സയണിസ്റ്റ് നേതാക്കള്‍ ബ്രിട്ടനെ ഫലസ്തീനില്‍ നിന്ന് പുറത്തുചാടിക്കാനുള്ള തയ്യാറെടുപ്പും സമാന്തരമായി നടത്തിയിരുന്നു. എന്നാല്‍ അറബികള്‍ ദേശംവിട്ടു പോകണമെന്ന വാദം പരസ്യമായി ഉന്നയിക്കുന്നതില്‍ നിന്നും അവര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുനിന്നു. 1900കളുടെ തുടക്കത്തില്‍ ഫലസ്തീനിലെത്തുകയും സയണിസ്റ്റ് സംഘാടകനായി ഉയരുകയും ചെയ്ത ഡേവിഡ് ബെന്‍ ഗൂറിയൊണിനെ പോലുള്ള പ്രമുഖര്‍ ഇക്കാലത്ത് എഴുതിയ കത്തുകള്‍ ഈ ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നവയത്രെ.

1947 : ലോകരാജ്യങ്ങളുടെ പുതിയ അന്താരാഷ്ട്ര സമിതിയായ ഐക്യരാഷ്ട്രസഭയോട് ഫലസ്തീന്‍ പ്രശ്നത്തിലിടപെടാന്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിക്കുന്നു. യു.എന്നിന്റെ ഫലസ്തീന്‍ കമ്മിറ്റിയായ യുനെസ്കോപ് (UNSCOP) നിലവില്‍ വരുന്നു. 29 നവംബറോടു കൂടി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാന(Resolution 181)മാകുന്നു.
ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10% പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56% ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം യെറുശലേമിനെ അന്താരാഷ്ട്രതീര്‍ത്ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി.
യുദ്ധശേഷം അനാവൃതമായ ഹോളോകോസ്റ്റിന്റെ ഭീകരമായ കാഴ്ചകള്‍ യഹൂദരുടെ പീഡിത ജനതയെന്ന ചിത്രത്തിനു മിഴിവേറ്റി. ഹോളൊകോസ്റ്റിനു മുന്‍പ് (നല്ലൊരളവു വരെ അതിനു ശേഷവും) ജൂതരെ വെറുത്ത ബ്രിട്ടന്‍-ഫ്രാന്‍സ്-റഷന്‍-അമേരിക്കന്‍ അച്ചുതണ്ടിന്റെ "സഹതാപം" യഹൂദരെ പുനരധിവസിപ്പിക്കുക എന്ന ബൃഹത് പദ്ധതിയിലേക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയെത്തിരിച്ചതും ഫലസ്തീനിലെ യിസ്രയേല്യര്‍ക്ക് അനുകൂലഘടകമായി എന്നതാണ് വാസ്തവം. പൊതുദേശീയതയും ഇഴുകിച്ചേരാതെ വേറിട്ടുനില്‍ക്കുന്ന സ്വഭാവം യഹൂദര്‍ക്കുള്ളതിനാലാവാം, യൂറോപ്പില്‍ നിന്ന് അവരെ ഒഴിവാക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ ഉദ്ദേശ്യം. അതിനവര്‍ കണ്ട സ്ഥലം ഫലസ്തീനും. 1947 നവംബറിലെ വിഭജനതീരുമാനം ബഹിഷ്കരിക്കാനാണ് അറബ് ലീഗും ഫലസ്തീനി രാഷ്ട്രീയ സംഘടനകളും തീരുമാനിച്ചത്. ഇതൊരളവു വരെ അവര്‍ക്കുതന്നെ തിരിച്ചടിയായി എന്നു വേണം കരുതാന്‍ : ഒഴിഞ്ഞ രാഷ്ട്രീയ കളിക്കളത്തില്‍ സയണിസ്റ്റുകള്‍ മാത്രം കളിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്.
1948 : അറബ് ലഹളയെ തുടര്‍ന്ന് നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീനി നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി പത്തുവര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ പോരാട്ടത്തിന്റെ നേതൃത്വമേല്‍ക്കുന്നു. ഭൂവിഭാഗങ്ങളെ അതാത് സ്ഥലത്തെ പ്രബലവിഭാഗങ്ങള്‍ക്കായി ഏല്പ്പിച്ചിട്ട് സ്ഥലം വിടാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതോടെ ഭീകരമായ കലാപങ്ങള്‍ തുടങ്ങുന്നു.
യഹൂദ സായുധസംഘം (ഹാഹ്ഗാന) യുദ്ധത്തിനായി ആഹ്വാനം നല്‍കി റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഇതിനോടകം എറെറ്റ്സ് യിസ്രായേല്‍ എന്ന സ്വയം പ്രഖ്യാപിത ഇസ്രയേല്‍ 'ദലേത് പദ്ധതി'യെന്ന കുപ്രസിദ്ധമായ ഫലസ്തീന്‍ വംശീയോന്മൂലനം ആരംഭിക്കുന്നു. 1948 മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിക്കുന്നു. വിഭജനത്തേക്കാള്‍ നല്ലത് വിവിധപ്രദേശങ്ങളില്‍ സ്വയംഭരണമേര്‍പ്പെടുത്തുന്നതാണെന്ന ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശം അറബ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും സയണിസസ്റ്റുകള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല.
അബ്ദല്‍ ഖാദിര്‍ ഹുസൈനി ഈജിപ്തില്‍ നിന്നും പോരാളികളുമായി വന്നാണ് ഒന്നാം അറബ്-ഇസ്രയേലി യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തില്‍ പങ്കുകൊണ്ടത്. യുദ്ധത്തിന്റെ തുടക്കം അറബുകള്‍ക്ക് വിജയം നല്‍കിയെങ്കിലും തന്ത്രപരമായ മേല്‍ക്കോയ്മയും ആയുധസന്നാഹങ്ങളും ഇസ്രയേലിനെ അന്തിമവിജയിയാക്കുകയായിരുന്നു. അല്‍ ഹുസൈനി കൊല്ലപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മേയ് 15 വരെ നീണ്ട ഭീകരമായ അക്രമങ്ങളുടെ അവസാനം രണ്ടരലക്ഷത്തോളം ഫലസ്തീനികള്‍ നിഷ്കാസിതരായി. ജൂതരുടെ ഹോളോകോസ്റ്റിനു തുല്യമെന്ന് ഫലസ്തീനികള്‍ വിളിക്കുന്ന 'നഖ്ബ'(ദുരന്തത്തിന്റെ ദിവസം).
ഏപ്രില്‍ മെയ് മാസങ്ങളില്‍ ചെക്കോസ്ലോവാക്ക്യയില്‍ നിന്നെത്തിയ ആധുനികായുധങ്ങള്‍ യഹൂദരുടെ വിജയത്തിനു കാര്യമായി സഹായിച്ചു. മെയ് 14നു (ബ്രിട്ടീഷ് ഭരണകാലാവധി തീരവെ) ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനായിരുന്നുവെന്നത് യാദൃച്ഛികമല്ല.

1948-49 : സ്വാതന്ത്ര്യപ്രഖ്യാപനശേഷവും ഫലസ്തീനി അറബുകളെ കുടിയിറക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി എന്ന് ചില കണക്കുകള്. പലവട്ടം സമാധാനക്കരാറുകള്‍ ഉണ്ടായി. അതിനേക്കാള്‍ കരാര്‍ ലംഘനങ്ങളും.
ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ അറബ് ഭൂവിഭാഗത്തില്‍ സിറിയ, ലെബനോന്‍, ഇറാഖ്, യോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സേന ഇറങ്ങി. ഡിസംബര്‍ മാസമായപ്പോഴേക്കും ഈ അറബ് സൈനികരുടെ എണ്ണം അന്‍പതിനായിരത്തോളമായെങ്കിലും മറുവശത്ത് വിപുലമായ നിര്‍ബന്ധിത റിക്രൂട്ടിംഗ് വഴി ഇസ്രയേല്‍ സൈനിക ബലം ഒരുലക്ഷത്തിനു മേല്‍ എത്തിച്ചു. 1949 മധ്യത്തോടെ അയല്‍ സേനകളെയും തുരത്തി ഇസ്രയേല്‍ വിജയിയായി. ഈജിപ്ത്, സിറിയ, യോര്‍ദാന്‍, ലെബനോന്‍ എന്നിവരുമായി ഇസ്രയേല്‍ തന്ത്രപരമായ സമാധാന കരാറുകളും ഉറപ്പിച്ചു

1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.
ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം.
1964 : മെയ് മാസം യെറുശലേമില്‍ കൂടിയ നാനൂറോളം ഫലസ്തീനി നേതാക്കള്‍ ചേര്‍ന്ന് "മുനതമ്മത് അല്‍ താഹ്രിര്‍ അല്‍ ഫലസ്തിനീയ്യ" എന്ന ഫലസ്തീനിയന്‍ ലിബറേയ്ഷന്‍ ഓര്‍ഗനൈസേഷനു (PLO) രൂപം നല്‍കുന്നു. സായുധ പോരാട്ടമാണ് ഫലസ്തീനെ വീണ്ടെടുക്കാനുള്ള ഏകവഴിയെന്ന് പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ അവകാശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമെന്നതിലുപരി തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള ജൂതരുടെ ശാരീരിക ഉന്മൂലനവും ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കപ്പെട്ടു. ജൂതര്‍ ഒരു ജനതയല്ലെന്നും അവര്‍ താന്താങ്ങളുടെ ദേശീയതയെ അംഗീകരിക്കേണ്ടുന്ന പൗരന്മാരാണെന്നു വാദിക്കുമ്പോള്‍ തന്നെ പി.എല്‍ .ഓ നേതാക്കള്‍ പാന്‍ ഇസ്ലാമിസം എന്ന മതാധിഷ്ഠിത സാഹോദര്യവും പോറ്റിവളര്‍ത്തി എന്നത് ചരിത്രത്തിന്റെ ഒരിരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ.

ഇവിടുന്നങ്ങോട്ടു നമുക്ക് പരിചിതമായ ചരിത്രം തീവ്രവാദത്തിന്റെയും മതവൈരത്തിന്റെയും കൂടിയാണ്. ഇരുവശത്തും അത് ആളിക്കത്തിക്കാന്‍ എണ്ണയൊഴിച്ചുകൊടുക്കുന്നതില്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഉള്ള പങ്കു ചെറുതല്ല.എങ്കിലും ഫലസ്തീനികളെ "ടെററിസ്റ്റുകള്‍" എന്ന് സാമാന്യവല്‍ക്കരിക്കും മുന്‍പ് അവര്‍ അങ്ങനെയായിത്തീര്‍ന്നതിന്റെ ഈ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ് - ചുരുങ്ങിയ പക്ഷം ഒരു ബാലന്‍സിനെങ്കിലും.
പിന്‍വിളി :
ക്രിസ്തുവിനും 720 വര്‍ഷത്തോളം മുന്‍പ് അസിറിയക്കാരാല്‍ കീഴടക്കപ്പെടുന്നതോടെയത്രെ ഒരു വംശമെന്ന് നിലയ്ക്ക് അഭ്യാര്‍ത്ഥികളാവേണ്ടി വന്ന ജൂതരുടെ കഥയാരംഭിക്കുന്നത്. പിന്നെ പേര്‍ഷ്യന്മാരാല്‍ ബാബിലോണ്‍ വീഴ്ത്തപ്പെട്ടപ്പോള്‍ , റോമാസാമ്രാജ്യത്തിലെ അടിമകളായി, മുഹമ്മദ് നബിയാല്‍ അമര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ , യൂറോപ്യന്‍ ക്രൈസ്തവ രാജാക്കന്മാരാല്‍ സ്പെയിനില്‍ , ഫ്രാന്‍സില്‍ , റഷയില്‍ , ബ്രിട്ടനില്‍ .... അങ്ങനെയങ്ങനെ ജൂതരില്‍ നിന്ന് ഉയിര്‍കൊണ്ട സെമൈറ്റിക് മതങ്ങള്‍ തന്നെ പില്‍ക്കാലത്ത് അവരെ വേട്ടയാടിയിരുന്നതായി നാം കാണുന്നു. ലിഖിതചരിത്രത്തിനും മുന്‍പേ ഇങ്ങനെ അഭയാര്‍ത്ഥികളാവേണ്ടിവരുന്നവരുടെ സൈക്കി എന്തായിരിക്കുമെന്നൂഹിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ദൈവത്താല്‍ വാഗ്ദത്തമായ ഒരു ദേശമെന്നത് മതത്തിന്റെ റൊമാന്റിസിസത്തിനുമപ്പുറത്ത് ഒരു ഭൗതികാവശ്യവും നൊസ്റ്റാള്‍ജിയയുമായാല്‍ കുറ്റം പറയുന്നതെങ്ങനെ ? പക്ഷേ അതിന്റെ സാക്ഷാത്കാരം മറ്റൊരു ജനതയെ അഭയാര്‍ത്ഥികളാക്കിക്കൊണ്ടാവരുത് എന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ ?


_____________________________________________________________

ചിത്രങ്ങള്‍ :
1. ചുരുങ്ങുന്ന ഫലസ്തീനും വളരുന്ന ഇസ്രയേലും: ഒരു ഭൂപട താരതമ്യം.
2. ഐക്യരാഷ്ട്രസഭയുടെ 1947ലെ ഒത്തുതീര്‍പ്പുകരാര്‍ പ്രകാരമുള്ള ഭൂവിഭജനം.

അധികവായനയ്ക്കും 'അതിവായന'യ്ക്കും :
* Middle East Illusions - Noam Chomsky
* A History of Modern Palestine - Ian Pappe
* The Case for Israel - Alan Dershowitz
* A History of Israel:from the rise of zionism to our times - Howard M. Sachar
* പലസ്തീന്‍ പ്രശ്നം: ഒരു ചരിത്രാന്വേഷണം - വേണു അമ്പലപ്പടി
_______________________________________________
ചില അനുബന്ധ ബ്ലോഗ് പോസ്റ്റുകള്‍ :
1. ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക് (ഡാലി ഡേവിസ്)
2 ഫലസ്തീന്‍, നിനക്കില്ല ഒരു 9/11 (ജസ്റ്റിന്‍ പോദൂറിന്റെ കുറിപ്പ്, Workers' Forum)
3.ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രം (തുഷാരത്തില്‍ നദീറിന്റെ കുറിപ്പ്)
4.ഒരിറ്റു സങ്കടം (ഭൂതകാലക്കുളിര്‍ ഫോട്ടോ പോസ്റ്റ്)
5.ദാവീദിന്റെ നക്ഷത്രം (റെമി കനാസിയുടെ കവിത, Workers' Forum)

Nov 5, 2008

മൈക്കല്‍ ക്രൈറ്റന് ആദരാഞ്ജലികള്‍ഒരു തലമുറയുടെ ശാസ്ത്രഭാവനയെ ത്രസിപ്പിച്ച, തന്റെ നോവലുകളിലെ ആശയങ്ങള്‍ കൊണ്ട് ശാസ്ത്രത്തെ ജനകീയമാക്കുകയും ചെയ്ത വിശ്വപ്രസിദ്ധ സയന്‍സ് ഫിക്ഷന്‍ കഥാകാരനായ മൈക്കല്‍ ക്രൈറ്റന് (1942-2008) ആദരാഞ്ജലികള്‍ .


കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ലോസ് ആഞ്ജലസില്‍ ഇന്നലെ (നവംബര്‍ 5,2008) അന്തരിച്ചു. ഏറ്റവും പ്രശസ്തമായ കൃതികള്‍ ആന്‍ഡ്രോമീഡ സ്ട്രെയിന്‍, ജുറാസിക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് എന്നിവ.

ചിത്രം : ഏ.പി

Aug 30, 2008

ജേണൽ പഠനങ്ങളിലെ അവകാശവാദങ്ങൾ

ജോസഫ് ആന്റണി മാഷിന്റെ “ആമവാതം ചെറുക്കാൻ സാധ്യത” എന്ന പുതിയ പോസ്റ്റിനെഴുതിയ അഭിപ്രായം :

.... സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ്‌ ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്നാണ്‌ അറിയപ്പെടുന്നത്‌. രോഗകാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. [...] ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ്‌ ഉണര്‍ത്തിയിരിക്കുന്നത്‌. ശരീരപ്രതിരോധ സംവിധാനത്തെ രോഗത്തിന്‌ മുമ്പുള്ള അവസ്ഥയിലേക്ക്‌ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ്‌ പ്രൊഫ. ജോണ്‍ ഐസക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. [....]പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം, എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകര്‍. (ലിങ്കിൽ പോസ്റ്റ് മുഴുവനായി വായിക്കുക)

അഭിപ്രായം:

പോസ്റ്റിനു നന്ദി മാഷേ.
മിക്ക പഠനങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങളാണ് അമിതാവകാശവാദങ്ങളും, മുൻപുള്ള/സമാന്തര റിസേർച്ചിനെ നിസാരവൽക്കരിക്കലും.
ന്യൂകാസിൽ പത്രക്കുറിക്കുറിപ്പിലും അതുതന്നെ കാണുന്നു. ഒരു പക്ഷേ തങ്ങളുടെ ഫണ്ട് ദാതാക്കളെ പ്രീതിപ്പെടുത്താനാവാമിത്.

എന്തായാലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ കാരണം ഇന്നും അജ്ഞാതമാണെന്നും ചികിത്സ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുമുള്ള ലൈനിൽ വാർത്ത നിറം പിടിപ്പിച്ചതായത് നിർഭാഗ്യകരം.(മാഷ് എഴുതിയതിന്റെ കുഴപ്പമല്ല, മിക്ക വെബ്സൈറ്റിലും അങ്ങനെയായിരുന്നു വാർത്ത)
ഒന്നാമത് ക്യാൻസറുകളേയും ഹൃദ്രോഗത്തേയുമൊക്കെ പോലെ റൂമറ്റോയ്ഡ് ആർത്രൈറ്റിസും ‘ഒറ്റ കാരണം’ കൊണ്ടുണ്ടാകുന്ന രോഗമല്ല - അതുകൊണ്ട് ‘കാരണം’ അജ്ഞാതമെന്ന് പറയുന്നത് തെറ്റാണ്. ഇതിന്റെ പിന്നിലെ നിരവധി മെക്കാനിസങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ അടിസ്ഥാനപ്പെടുത്തി ചികിത്സാരീതികൾ വിപുലമാക്കുകയും ഫലം കിട്ടുകയും ചെയ്തിട്ടുണ്ട്. അനവധി കാരണങ്ങളുടെ ആകെത്തുകയായി പറഞ്ഞാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന്റെതന്നെ ചില ഭാഗങ്ങൾക്കെതിരേ തിരിയുന്ന അവസ്ഥയാണിത് എന്നു പറയാം. പ്രതിരോധവ്യവസ്ഥയുടെ അമിതാവേശത്തെ അമർച്ചചെയ്യാൻ കെല്പുള്ള സ്റ്റീറോയ്ഡുകളും മെത്ഥോ ട്രക്സേയ്റ്റ് പോലുള്ള മരുന്നുകൾ ഏറെ കാലമായി ഉപയോഗത്തിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനകത്ത് വലിയ റിസേർച്ചിന്റെ ഫലമായി വന്ന മരുന്നുകളാണു എറ്റാനെർസെപ്റ്റ്, അടാലിമുമാബ്, ഇൻഫ്ലിക്സിമാബ് എന്നിവ. വെളുത്ത രക്താണുക്കൾ വിസർജ്ജിക്കുന്ന ട്യൂമർ നെക്രോസിസ് ഫാക്റ്റർ ആല്ഫ (TNF-a) എന്ന (വിനാശകാരിയായ)രാസപദാർത്ഥത്തെ അടക്കി നിർത്തുകയെന്നതാണു മേൽ‌പ്പറഞ്ഞ മരുന്നുകളുടെ ധർമ്മം. ആമവാതത്തെ മുൻപൊരിക്കലുമില്ലാത്തവിധത്തിൽ നിയന്ത്രിക്കാൻ ഈ മരുന്നുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ പ്രാഥമിക ഗവേഷണങ്ങൾ കഴിഞ്ഞ് വന്നിട്ടുള്ള ഐസക്സിന്റെ ഈ പഠനം യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുകുമെന്നതിനേക്കാൾ ഓരോ രോഗിക്കും പ്രത്യേകം പ്രത്യേകം ഇതിനു വാക്സീൻ (മരുന്ന് കുത്തിവയ്പ്പ്) ഉണ്ടാക്കണം എന്ന വലിയ ഒരു കടമ്പയുമുണ്ട്. ഇതിന്റെ അടിസ്ഥാനമായ ജൈവരസതന്ത്രം വച്ച് നോക്കുമ്പോൾ അവയവം മാറ്റിവയ്ക്കലിലും മറ്റുമാണ് ഈ സാങ്കേതിക വിദ്യയുടെ കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാവാൻ പോകുന്നത്.

ഇത്തരം രോഗങ്ങളിൽ രോഗപ്രതിരോധ സിസ്റ്റത്തിന്റെ അമിതാവേശത്തിനു പ്രധാനകാരണം തൈമോസൈറ്റുകൾ (ടി-കോശങ്ങൾ)അമിതമായി പ്രവർത്തിക്കുന്നതത്രെ. ആ തൈമോസൈറ്റുകളെ (കൃത്യമായി പറഞ്ഞാൽ മെമ്മറി ടി-കോശങ്ങളെയും നൈവ് ടി-കോശങ്ങളെയും) നിയന്ത്രിക്കാൻ പറ്റുന്ന ചില രാസപദാർത്ഥങ്ങൾ ഡെന്റ്രിറ്റിക് കോശങ്ങൾ എന്നു പറയുന്ന തരം ശ്വേത രക്താണുക്കളിൽ നിന്നും പുറപ്പെടുവിക്കാൻ പറ്റും. അതിനു രോഗിയിൽ നിന്നും ശേഖരിക്കുന്ന ഡെണ്ട്രിറ്റിക് കോശങ്ങളെ വൈറ്റമിൻ ഡി-3യും ഡെക്സോണ എന്ന സ്റ്റീറോയ്ഡും ഒടുവിൽ ലൈപോ പോളീസാക്കറൈഡും കൊണ്ട് ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ രൂപമാറ്റം സംഭവിച്ച ഡെണ്ട്രിറ്റിക് കോശത്തെ ടോൾ-ഡെണ്ട്രിറ്റിക് കോശമെന്ന് വിളിക്കാം. (ടോൾ = ടോളറന്റ് = സഹിഷ്ണുതയുള്ള). ഈ സഹിഷ്ണുക്കളായ ഡെണ്ട്രിറ്റിക് കോശമത്രെ രോഗിയിലേക്ക് തിരികെ കുത്തിവയ്ക്കുക. രോഗിയുടെ ശരീരത്തിൽ ‘ഉറഞ്ഞുതുള്ളുന്ന’ തൈമോസൈറ്റ് കോശങ്ങളെ ഇവ ചെന്ന് ശാന്തരാക്കുന്നു. അതോടെ നീർക്കെട്ടും സന്ധികളിലെ തരുണാസ്ഥി നശിക്കുന്നതുമൊക്കെ തടയപ്പെടും. എന്നാൽ രോഗമില്ലാത്ത പഴയ അവസ്ഥയിലേക്ക് രോഗിയെത്തുമെന്നത് ഒരു അതിരുകടന്ന അവകാശവാദമാണ്.

(റൂമറ്റോളജി ഇഷ്ടവിഷയമായത് കൊണ്ട് ഇത്രയും എഴുതിയെന്നേയുള്ളൂ. നീണ്ടകമന്റിനു മാഷ് ക്ഷമിക്കുമല്ലോ:)

പോപ്പുലർ സയൻസ് ജേണലിസത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് പണ്ടെഴുതിയത് ഇവിടെ.

Aug 20, 2008

“ശാസ്ത്രീയ” ഉഡായിപ്പുകൾ !!

അനിൽ @ ബ്ലോഗ് എന്ന ബ്ലോഗറുടെ പോസ്റ്റ് : "മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം" എന്ന പോസ്റ്റാണ് ഈ കമന്റുകൾക്കാധാരം:

“ ...ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു. കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ.എന്നിലെ ശാസ്ത്രജ്ഞനുണര്‍ന്നു, നോക്കണമല്ലൊ !മാലയും വിരലില്‍ തൂക്കി പറമ്പിലാകെ നടന്നു, ഒരു രക്ഷയുമില്ല, കറക്കം പോയിട്ടു ഒരനക്കം പോലുമില്ല. അവസാനം കിണറിനടുത്തെത്തി.ഞെട്ടിപ്പോയി , അതാ മാല കറങ്ങാന്‍ തുടങ്ങുന്നു.മോളോടിവന്നു, അവളുടെ കയ്യിലും തൂക്കീ മാല, അപ്പോഴും കറങ്ങുന്നു.ഭാര്യ വിടുമൊ? അവളും തൂക്കി, ഹാ കഷ്ടം.വെള്ളവുമായി അലര്‍ജിയായതിനാലാവും മാല കറങ്ങിയില്ല....“

ഈ പോസ്റ്റിൽ വായാടി മലയാളി എന്ന ബ്ലോഗർ എഴുതിയ കമന്റും ചിന്തോദ്ദീപകം:)


വായാടി മലയാളി said...
ഇതു പോലെ ഒരു മാല കറക്കത്തെക്കുറിച്ച്
പറയാം. ഈ കറക്കം ഉപയോഗപ്പെടുന്നത് ഗര്ഭത്തിലുള്ള ശിശുവിന്റെ ശിശുവിന്റെ ലിംഗം അറിയാനാണ്. (ഗര്ഭസ്ഥ ശിശുവിന്റെ ലിംഗം നിര്ണയിക്കുന്നത് ശിക്ഷാര്ഹമായതു കൊണ്ട് പരീക്ഷണം പരീക്ഷണം സ്വന്തം ഉത്തരവാദിത്വത്തില് നടത്തേണ്ടതാണ്)ഗര്ഭിണിയായ സ്ത്രീയുടെ വയറിനുമുകളിലായി ഒരു സ്വര്ണ്ണമാല , ശരീരത്തില് സ്പര്ശിക്കാത്തവണ്ണം പിടിക്കുക(കിടക്കുന്ന അവസ്ഥയില്). എതാനും നിമിഷത്തിനകം മാല ചലനം ആരംഭിക്കും.
മാലക്ക് രണ്ടു തരത്തിലുള്ള ചലനമാണ് ഉണ്ടാകാന് സാധ്യത. ഒന്ന് വയറിന് തിരശ്ചീനമായ ക്ളോക്കിന്റെ പെന്ഡുലം പോലെയുള്ള ചലനം. രണ്ട് ആന്റിക്ലോക്ക് വൈസായോ, ക്ലാക്ക് വൈസായോ ഉള്ള ദീര്ഘ വൃത്താകൃതിയിലുള്ള ചലനം. ആദ്യത്തെ ചലനമാണെങ്കില് കുട്ടി ആണാകാം. രണ്ടാമത്തേതാണെങ്കില് കുട്ടി പെണ്ണാകാം.
August 18, 2008 11:27 PM


എന്തായാലും നമ്മുടെ നാടിന്റെ അപാരമായ ശാസ്ത്ര പുരോഗതി കണ്ട് കോൾ മയിരു കൊള്ളുകയല്ലാതെ വയ്യ !

കമന്റ് 1:
പ്രിയ അനിൽ ജീ,പ്ലീസ്..കാന്തികത/മാഗ്നെറ്റിസം എന്നാൽ എന്താണെന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ. എന്നിട്ട് ഇത്തരം കപടശാസ്ത്ര വാദങ്ങൾ മുന്നോട്ടു വയ്ക്കൂ. ഇതുപോലൊരു വാദം മുൻ വന്നപ്പോൾ എഴുതിയ കമന്റുകൾ എല്ലാം കുടി ഇവിടെ ഒരു പോസ്റ്റായി ശേഖരിച്ച് വച്ചിട്ടുണ്ട്. മാഗ്നെറ്റിസത്തെക്കുറിച്ച് സ്പെസിഫിക് ആയി ദാ ഈ കമന്റിൽ വിശദമാക്കിയിട്ടുമുണ്ട്. സ്വർണ്ണമാല വച്ച് ഗർഭസ്ഥ ശിശുവിനെകണ്ടെത്തുന്ന വായാടി മലയാളിയുടെ വിദ്യ അടിപൊളി. ഇനി ഗർഭ്സഥ ശിശുവിന്റെ ജനിതകവൈകല്യങ്ങൾ കണ്ടുപിടിക്കാനും ഇത് പോലുള്ള വേറെന്തെങ്കിലും തരികിട ഉപയോഗിക്കാമെന്ന് പറഞ്ഞ് ആളുകൾ വരും..! സ്കാനിംഗ് സെന്ററുകൾ പൂട്ടിപ്പോകുമല്ലൊ സന്തോഷം...! വന്ദേ മാതരം !!
August 19, 2008 8:26 PM

കമന്റ് 2 :
"ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ."
ശരി,
അതു വായിച്ച് താങ്കളിലെ ശാസ്ത്രജ്ഞനുണർന്നു എന്നാണല്ലൊ അവകാശം.ചില സംശയങ്ങൾ:
1. ഏതു ലോഹത്തിലുള്ള മാലയാണു വേണ്ടത് ?
2. അതിനെത്ര ഗ്രാം തൂക്കം വേണ്ടി വരും ?
3. ചില പ്രത്യേക ശരീരപ്രകൃതിക്കാർക്ക് മാത്രമേ പറ്റൂ എന്നു പറയുന്നു. എന്ത് പ്രത്യേക ശരീരപ്രകൃതി ?4. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് മുൻ കരുതൽ എടുത്തു ?
5. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല എന്നു പറഞ്ഞു. പിന്നെ കിണറ്റിനു മുകളിൽ മാല കറങ്ങിയത് ??
6. മറ്റൊരാൾ ശരീരത്തിൽ സ്പർശിച്ചാൽ മാല കറക്കം നിർത്തുമെന്ന് പറഞ്ഞു. സ്വയം പിടിച്ചാൽ മാല കറങ്ങുന്ന ഒരാളാണ് തൊടുന്നതെങ്കിലും (ഉദാ താങ്കളുടെ മകൾ) കറക്കം നിൽക്കുമോ ?
7. വെള്ളത്തിനു മാത്രമെ ഇതു സംഭവിക്കുകയുള്ളോ അതോ ദ്രവരൂപത്തിലുള്ള, വെള്ളം ചേർന്ന എല്ലാത്തിനും ഇതു സംഭവിക്കുമോ ? (ഉദാഹരണത്തിനു എന്തെങ്കിലും കലക്കിയ വെള്ളം)അല്ലെങ്കിൽ ധമനികളിൽ ഒഴുകുന്ന രക്തം, മൂത്രനാളിയിലുടെ ഒഴുകുന്ന മൂത്രം...
8. ഹോസിലുടെ വെള്ളം ഒഴുകുമ്പോൾ മാല കറങ്ങുന്നെന്നു പറഞ്ഞു. താങ്കളുടെ വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ. അപ്പോൾ അവിടൊക്കെ മാല കറങ്ങാറുള്ളതായി ശ്രദ്ധിച്ചിട്ടുണ്ടോ ?
9. ഇതു ? മാഗ്നെറ്റിസമാണ് എന്നാണല്ലൊ സംശയം. ഒരു മാഗ്നെറ്റ് കൈയ്യിൽ പിടിച്ചു കൊണ്ട്/ മാലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട്/ മാലയോട് ചേർത്തുവച്ച് ഈ പരീക്ഷണം ആവർത്തിച്ചു നോക്കിയിരുന്നോ ?

ഇതിന്റെ മറുപടി അനിൽ ജീ തന്നത് ഇവിടെ

കമന്റ് 3

സൂരജ് :: suraj said...

അനിൽ ജീ,

A . താങ്കൾ ഇവിടെ നടത്തി എന്നു പറയപ്പെടുന്ന പരീക്ഷണത്തിൽ പ്രശ്നങ്ങളുണ്ട് :

1. ഹോസിലൂടെ വെള്ളമൊഴുകുന്നത് അതിലെ നേർത്ത സീൽകാരം വഴി തന്നെ പരീക്ഷകനു അറിയാൻ സാധിക്കും. അതു പരീക്ഷണ റിസൾട്ടിനെ ബയസ്ഡ് ആക്കുകയും ചെയ്യും.

2. പൈപ്പ് തുറക്കുമ്പോൾ ഒരു വാൽവ് തുറക്കുന്നു എന്നേയുള്ളൂ, പൈപ്പ് അടച്ചിരിക്കുമ്പോഴും അതിന്റെ കുഴലിനുള്ളിലൂടെ വെള്ളം ഒരു നിശ്സിത പ്രഷറിൽ ഒഴുകുക തന്നെയാണ്. അപ്പോൾ ഹോസിനു മുകളിൽ മാത്രമല്ല, താങ്കളുടെ വീട്ടിലെ എല്ലാ പൈപ്പുകൾക്കു മുകളിലും മാല/മോതിരം കറങ്ങേണ്ടതാണ്. ഇതു വച്ച് തപ്പിയാൽ താങ്കളുടെ വീടിനടിയിലും മതിലുകളിലുമായി സഞ്ചരിക്കുന്ന പൈപ്പ്/ഡ്രെയിനേജ് സിസ്റ്റം മുഴുവനും map ചെയ്യാനും സാധിക്കണം.

3. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അതിനു മുൻ കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല എന്നു താങ്കൾ പറയുന്നു. Ideomotor ഇഫക്റ്റാണ് ഡൌസർമാർ ഡൌസിംഗ് ചെയ്യുമ്പോൾ കാണാറ്. അത് ഡൌസിംഗ് ഉപകരണം ഉപയോഗിക്കുന്ന ആളുടെ സൈക്കിയുടെ പ്രശ്നമാണ്. "വെള്ളത്തിന്റെ ഒഴുക്കു" തന്നെയാണു മാലയുടെ കറക്കത്തിനു കാരണം എന്ന് ഉറപ്പിക്കണമെങ്കിൽ അത്തരം മുൻ കരുതലുകൾ എടുത്തെ മതിയാവൂ അനിൽ ജീ.

4. നിഷ്പക്ഷമായ ഒരു അവലോകനമാണുദ്ദേശ്യമെങ്കിൽ ഡബിൾ ബ്ലൈൻഡ് ചെയ്ത് വേണം പരീക്ഷണം നടത്താൻ. ഒന്നൊ രണ്ടോ റിസൾട്ട് പോസിറ്റീവ് ആയതുകൊണ്ട് റാൻഡം ചാൻസേ ആവുന്നുള്ളൂ. അതിനു സ്റ്റാറ്റിസ്റ്റിക്കൽ വ്യക്തത വരണമെങ്കിൽ ഒരുപാട് പ്രാവശ്യം ആവർത്തിക്കണം. (താഴെ നോക്കുക)

5. ഇതിനേ പിടിച്ച് മനുഷ്യ ശരീര കാന്തികതയൊന്നും ആക്കിക്കളയരുത് : പോസ്റ്റിന്റെ തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ്. ‘?’ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യുമില്ല. ഇൻഡ്യാ ഹെറിറ്റേജ് മാഷും വന്ന് കാന്തികതയെപ്പറ്റി (..അപ്പോള്‍ താങ്കളുടെശരീരവുമായി അതിന്‌ നൂല്‍ വഴിയുള്ള ബന്ധം കാന്തികമായി സഹായിക്കുന്നുണ്ടാകുമോ..)പരാമർശിക്കുകയും ചെയ്തു.

മനുഷ്യശരീരത്തിന്റെ കാന്തിക ആവരണമെന്നൊക്കെ ആത്മീയക്കാർ ഗീർവാണം അടിക്കാൻ തുടങ്ങിയിട്ട് കാലമൊത്തിരിയായി. മാഗ്നെറ്റിസം എന്താണെന്നോ ശരീരത്തിനു അങ്ങനൊരു ആവരണം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നൊനും അറിയാതെ ചുമ്മാ ഓറ കാന്തികത എന്നൊക്കെ തട്ടി വിടുന്നു അത്രതന്നെ.

B. ഡൌസിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്യൂഡോ സയൻസ്റ്റിഫിക് അവകാശവാദമാണ് ഇവിടെ പോസ്റ്റായി ഇട്ടിരിക്കുന്നത്.
പെൻഡുലം, Y ആകൃതിയിലുള്ള ലോഹകമ്പിദ്വയം, മാല, മോതിരം എന്നിങ്ങനെ പല സാധനങ്ങളും ഈ പരിപാടിക്ക് ഉപയോഗിച്ചു വരുന്നു.വെള്ളത്തിന്റെ ഒഴുക്ക് അറിയാൻ എന്ന അവകാശവാദവുമായി മുൻ കാലങ്ങളിൽ നടത്തിയിരുന്ന ഈ പരിപാടി പിന്നീട് സ്വർണ്ണ ഖനിയുടെ സ്ഥാനമറിയാനും മനുഷ്യശരീരത്തിന്റെ ഉർജ്ജ/കാന്തിക ആവരണം എന്ന് അവകാശപ്പെടുന്ന "ഓറ"യെ കണ്ടെത്താനുമൊക്കെ ഉപയോഗിക്കാൻ തുടങ്ങി.

ഏതാനും വർഷങ്ങൾ മുൻപ് കേരളത്തിൽ ഈ പരിപാടി സയന്റിസ്റ്റ് എന്നവകാശപ്പെടുന്ന ഒരാൾ തന്നെ നടത്തി ഏഷ്യാനെറ്റിലും മറ്റും കാണിക്കുകയുണ്ടായി. അതിനെ അധികരിച്ച് കെ.പി.സി അനുജൻ ഭട്ടതിരിപ്പാട് എന്നോ മറ്റോ പേരുള്ള ഒരാൾ രണ്ട് നെടുങ്കൻ ലേഖനങ്ങൾ സമകാലിക മലയാളം വാരികയിൽ വച്ചു കാച്ചുകയും ചെയ്തു. ഈ "സയന്റിസ്റ്റിന്റെ" പരീക്ഷണപ്രകാരം, പുജാ വിഗ്രഹങ്ങൾ, പൂജാ പുഷ്പങ്ങൾ, എന്തിനു ബ്രാഹ്മണനെ കഴുകിയ വെള്ളം പോലും "പോസിറ്റീവ്" ഊർജ്ജം കാണിക്കുന്നുവത്രെ. അതു ഡൌസിംഗ് കമ്പിയുടെ ചലനം വഴി അറിയാനാവുമെന്നാണ് അവകാശവാദം. ശാസ്ത്ര സാഹിത്യ പരിഷത്ത് വക്താവായ ആർ വി ജി മേനോൻ സർ ഇതിനെതിരെ മറു ലേഖനങ്ങളും എഴുതിയിരുന്നു.

ഈ തട്ടിപ്പ് ജ്യോതിഷം പോലെ തന്നെ ലോകമെമ്പാടും നടന്നു വരുന്ന ഒന്നാണ്. അമേരിക്കയിൽ ഡൌസിംഗ് സൊസൈറ്റി വരെ രൂപീകരിച്ചാണ് ഇവരുടെ പ്രവർത്തനം. (മന്ത്രവാദികളുടെ സംഘടന നമുക്കും വേണ്ടേ ?)ഒഴുകുന്ന വെള്ളം മാത്രമല്ല, നിശ്ചലമായ വെള്ളവും ഡൌസിംഗ് വഴി കണ്ടെത്താമെന്നാണ് “പരിചയസമ്പന്നരായ” ഡൌസർമാർ അവകാശപ്പെടുന്നത്.
അനിൽ ജീ കുറേനാൾ പരീക്ഷണം തുടർന്നാൽ ആ കഴിവും ലഭിച്ചേക്കാൻ സാധ്യതയുണ്ട്.

ജെയിംസ് റാൻഡി എന്നൊരു മജിഷ്യൻ ഇമ്മാതിരി തരികിടകൾ വഴി വസ്തുക്കളുടെ സ്ഥാനം കൃത്യമായി പ്രവചിക്കാമെന്ന് അവകാശപ്പെടുന്നവർക്ക് 1 മില്യൻ ഡോളർ ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവർ നടത്തുന്ന 2 ഡബിൾ ബ്ലൈണ്ടഡ് പരീക്ഷണത്തിൽ ഇതു വിജയകരമായി തെളിയിച്ചാൽ 1മില്യൻ ഡോളറ് കിട്ടും. അതിന്റെ അപേക്ഷാ ഫോം ഇവിടെ ഉണ്ട്: (പിഡി എഫ് ഫയൽ ലിങ്ക് ക്ലിക്കുക)

ഈ അവകാശവാദവുമായി വരുന്നവർക്ക് സ്കെപ്റ്റിക് സൊസൈറ്റികൾ ഡിസൈൻ ചെയ്ത പരീക്ഷകളുടെ ഏകദേശരൂപം ഇതാണ്:

പരീക്ഷണ സെറ്റപ്പ് : ഡൌസർ കണ്ടെത്തും എന്നു അവകാശപ്പെടുന്ന വസ്തു 20 സ്ഥാനങ്ങളിലായി മറച്ചു വയ്ക്കുക. ഓരോ സ്ഥാനത്തിനും (സ്റ്റേയ്ഷൻ) നമ്പർ ഇടുക. ഉദാഹരണത്തിനു സ്വർണ്ണം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ സ്വർണ്ണപ്പണ്ടം ഒരു പേപ്പർ ബാഗിലാക്കി ഒരു കാഡ്ബോഡ് പെട്ടി കമഴ്ത്തി മറച്ചു വയ്ക്കുക. ഇങ്ങനെ 20 സ്റ്റേയ്ഷനുകൾ ഉണ്ടാക്കുക. വെള്ളം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ കലത്തിലോ വാട്ടർ ബോട്ടിലിലോ വെള്ളം നിറച്ച് കാഡ് ബോഡ് പെട്ടി കൊണ്ട് മറച്ച് വയ്ക്കുക. വസ്തു ഉണ്ട്, അല്ലെങ്കിൽ വസ്തു ഇല്ല എന്ന രണ്ട് ചോയിസാണ് ഡൌസർ നൽകേണ്ട ഉത്തരം.

ഒന്നാം ഘട്ടം :ഓപ്പൺ സിരീസ് പരീക്ഷണം -
ഡൌസർ (ഡൌസിംഗ് ചെയ്യാമെന്ന് അവകാശപ്പെടുന്ന ആൾ) പരീക്ഷണത്തിന്റെ സെറ്റപ്പ് അറിഞ്ഞു കൊണ്ട് പരീക്ഷണം നടത്തുന്ന ഘട്ടമാണിത്. ഡൌസർ 1 മുതൽ 20 നമ്പരുകളിൽ ഒന്ന് സ്വയം തെരഞ്ഞെടുക്കുന്നു (ഇത് നറുക്കെടുപ്പ് രീതിയിൽ തുണ്ട് എടുത്ത് നിശ്ചയിക്കാം). ആ നമ്പർ ഉള്ള പരീക്ഷണ സ്റ്റേഷനിൽ ആണ് കണ്ടെത്തേണ്ട വസ്തു വയ്ക്കുക. ബാക്കിയുള്ളവ ഒഴിച്ചിടുക. ഏതു സ്റ്റേയ്ഷനിലാണു വസ്തു വയ്ക്കുന്നത് എന്ന് ഡൌസർ അറിഞ്ഞിരിക്കണം. അതിനു മുകളിൽ നിന്ന് ഡൌസിംഗ് കമ്പിയോ മോതിരമോ മാലയോ ഒക്കെ തൂക്കിയിട്ട് ഡൌസർക്ക് തന്റെ 'കഴിവ്' പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാം. വസ്തു ഇല്ലാത്തതെന്ന് അറിയാവുന്ന പെട്ടികൾക്ക് മുകളിലും ഡൌസിംഗ് യന്ത്രമോ മാലയോ ഒക്കെ വച്ച് ഇവ അനങ്ങുകയോ ആടുകയോ ഒക്കെ ചെയ്യുന്നുണ്ടോ എന്നും നോക്കാം. ഇത് 20 തവണ ആവർത്തിക്കാം. എത്ര സ്റ്റേയ്ഷനിൽ പ്രവചനം ശരിയാകുന്നു എന്ന് ഒരു കടലാസിൽ റിസൾട്ട് എഴുതി പട്ടികയാക്കി കണക്കുകൂട്ടി വയ്ക്കുക. ഈ ഘട്ടത്തിൽ താൻ തെരഞ്ഞെടുക്കുന്ന നമ്പറ് ഉള്ള സ്റ്റേയ്ഷനുകളിലാണു പരീക്ഷകൻ പരീക്ഷണ വസ്തു വയ്ക്കുക എന്ന് ഡൌസർക്ക് അറിയാവുന്നതു കൊണ്ട് എതാണ്ട് 100% കൃത്യതയോടെ തന്നെ 'പ്രവചനങ്ങൾ' ഉണ്ടാവുക സ്വാഭാവികം.

രണ്ടാം ഘട്ടം:ബ്ലൈൻഡഡ് പരീക്ഷണം -
പരീക്ഷകനും ഡൌസറും മുറിക്ക് പുറത്തിറങ്ങുന്നു. പരീക്ഷകന്റെ രണ്ട് സഹായികൾ മുറിയിൽ കയറി നറുക്കിട്ട് കിട്ടുന്ന 5 സ്റ്റേയ്ഷനുകളിൽ കണ്ടെത്തേണ്ട വസ്തു വയ്ക്കുന്നു. മറ്റ് 5 സ്റ്റേയ്ഷനിൽ മണൽ നിറച്ച ബോട്ടിലോ കലമോ വയ്ക്കാം. ബാക്കിയുള്ള 10 സ്റ്റേയ്ഷനുകൾ ഒഴിച്ചിട്ടിട്ട് വെറും പെട്ടി കൊണ്ട് മറച്ചു വയ്ക്കുക മാത്രം ചെയ്യുക. ഏതൊക്കെ സ്റ്റേയ്ഷനിൽ കണ്ടെത്തേണ്ട വസ്തുവുണ്ട്, ഏതൊക്കെ മണ്ണുണ്ട്, ഏതൊക്കെ ഒഴിഞ്ഞു കിടക്കുന്നു എന്നത് ഒരു കടലാസിൽ പട്ടികയാക്കി നിഷ്പക്ഷനായ മൂന്നാമതൊരാളെ എൽ‌പ്പിക്കുക.ഈ മൂന്നാമൻ പരീക്ഷണത്തിനൊടുവിൽ മാത്രമേ രംഗത്തു വരൂ. ഇത്രയും ചെയ്തുകഴിഞ്ഞാൽ ഡൌസറും നിരീക്ഷകർക്കും മുറിക്കുള്ളിൽ വരാം. 20 സ്റ്റേയ്ഷനിൽ ഏതിലൊക്കെ 'കണ്ടെത്തുമെന്ന് അവകാശപ്പെടുന്ന വസ്തു' ഉണ്ട്, ഏതിലൊക്കെ അതില്ല എന്ന് ഡൌസിംഗ് വഴി കണ്ടെത്തി ഒരു കടലാസിൽ പട്ടിക പൂരിപിച്ച് ഡൌസർ പരീക്ഷകനെ ഏൽ‌പ്പിക്കണം. ഡൌസർ മറ്റെന്തെങ്കിലും സൂചനകൾ ഉപയോഗിച്ചോ, പെട്ടി പൊക്കി നോക്കിയോ മറ്റോ കള്ളത്തരം കാണിക്കുന്നില്ല എന്നുറപ്പിക്കാനാണ് പരീക്ഷകനെ കൂടി മുറിയിൽ അനുവദിക്കുന്നത്. ഒടുവിൽ 20 സ്റ്റേയ്ഷനും കഴിഞ്ഞാൽ ഉത്തര പട്ടിക മുന്നാമത്തെ റഫറിക്ക് കൊടുക്കാം. സഹായികൾ നൽകിയ യഥാർത്ഥ പട്ടികയും ഡൌസറുടെ ആദ്യ ഘട്ടത്തിലെ(ഓപ്പൺ സീരീസ്) പ്രവചന പട്ടികയും, രണ്ടാം ഘട്ടത്തിലെ (ഡബിൾ ബ്ലൈൻഡഡ്)പട്ടികയും തമ്മിൽ ഇനി ഒത്തു നോക്കാം. ഡബിൾ ബ്ലൈൻഡഡ് സീരീസിൽ 50%-ത്തിൽ കൂടുതൽ പ്രാവശ്യം പ്രവചനം കൃത്യമാകുകയാണെങ്കിൽ (അതായത് 20 സ്റ്റേയ്ഷനിൽ 10 പ്രവചനം ശരിയാകുക)ഡൌസർ അവകാശപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ട് എന്നു സമ്മതിക്കാം. അങ്ങനെ വന്നാൽ ഇതേ ടെസ്റ്റ് അഞ്ചോ ആറോ സെറ്റ് ആയി വീണ്ടും നടത്തി റിസൾറ്റുകളുടെ ശരാശരി പരിശോധിക്കാവുന്നതാണ്. സെറ്റുകളുടെ എണ്ണത്തിനനുസരിച്ച് റിസൾട്ടിന്റെ വിശ്വസനീയതയും കൂടുന്നു. ഡൌസർമാർ സാധാരണ അവകാശപെടുന്നത് 100% കൃത്യതയാണെന്നിരിക്കെ (ഇവിടെ അനിൽ ജീയും അതു തന്നെ അവകാശപ്പെടുന്നുണ്ടല്ലോ) 75% കൃത്യതയോടെയെങ്കിലും പ്രവചനങ്ങൾ നടത്താനായാൽ ഇത് സത്യമായ ഒരു സംഗതിതന്നെ എന്നും അതിൽ കൂടുതൽ പഠനങ്ങൾ വേണ്ടതു തന്നെ എന്നും പറയാം.

Off Topic: പണിക്കർ മാഷേ,
ഗണപതി മാത്രമല്ല, എന്റെ വീട്ടിലെ ദിനോസർ പ്രതിമ മുതൽ കളിമണ്ണിലും കല്ലിലും തീർത്ത കൃഷ്ണനും , കന്യാമറിയവും, കഥകളി മുഖവും, ചൈനീസ് ബുദ്ധനുമൊക്കെ പാലു കുടിച്ചു.കളിമണ്ണാണേൽ ഒന്നു കുടി ആവേശത്തിൽ കുടിക്കും. പാലുമാത്രമല്ല വെള്ളമായി കൊടുത്ത മിക്ക സാധനവും കുടിച്ചു. ആ ഒരു ദിവസമല്ല പല ദിവസം. ഇതു വായിച്ചിട്ട് നാട്ടിലുള്ള അനിയനോട് ഇത്തിരി പാലു കൊടുത്തുനോക്കാൻ പറഞ്ഞു: ദേ ഇന്നും കുടിച്ചു... അതു വെറും ക്യാപ്പിലറി ആക്ഷനാ മാഷേ.Mass hysteria കാരണം ഒരാഴ്ച പത്രങ്ങളിൽ നിറഞ്ഞു. അല്ലാതെ പ്രതിമകൾ കുടി നിർത്തീട്ടൊന്നുമില്ല. വെറുതേ ഇല്ലാത്ത പരിവേഷമൊന്നും കൊടുക്കണ്ട !!
August 20, 2008 10:45 PM

കമന്റ് 4:

ഇത് ഭൂമിപുത്രി, പാർത്ഥൻ ജീ എന്നിവരുടെ കമന്റുകൾക്കിട്ട മറുപടി കൂടി ഉൾപ്പെടുന്നതാണു.
ഭൂമിപുത്രിയുടെ കമന്റ് ഇവിടെ.

പ്രിയ ഭൂമിപുത്രീ,

തീവ്രവാദഛായ തോന്നുന്നുണ്ടോ ? ഗുഡ് ! കാരണം തീവ്രവാദം ഇതുപോലുള്ള സ്യൂഡോ സയൻസിനോടാകുമ്പോൾ യാതൊരു പശ്ചാത്താപവും ഇല്ല.

ഞാനെഴുതിയ കമന്റുകൾ അനിൽ എന്ന വ്യക്തിക്കെതിരെ എഴുതിയതായൊന്നും എടുക്കേണ്ടതില്ല. സയൻസ് ആണ് എന്ന പേരിൽ ഒരുപാട് അവകാശവാദങ്ങൾ ദിവസവും കണ്ടു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ. പ്രത്യേകിച്ചും ഈ പോസ്റ്റ് കണ്ട് വണങ്ങി മുകളിൽ രണ്ട് സപ്പോട്ടിംഗ് കമന്റ് കണ്ടാൽ ( മനുഷ്യ ശരീർത്തിന്റെ ഓറ..., ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം ...!!)

ഡൌസിംഗ് എന്നു വിളിക്കപ്പെടുന്ന ഈ പരിപാടി നൂറ്റാണ്ടുകളായി ലോകത്ത് പലയിടത്തും ഉണ്ട്.

ഈ ടെക്നിക്ക് ഉപയോഗിച്ച് അനിൽ ജീ പറയുമ്പോലെ രക്തയോട്ടവും, ഭുഗർഭ ജല വിതരണവും, വാട്ടർ സപ്ലയിലെ ചോർച്ചയും ഒക്കെ കണ്ടെത്താനാവുമെങ്കിൽ എന്താ ഇത്ര നൂറ്റാണ്ടുകൾ ആയിട്ടും എന്താ ശാസ്ത്രത്തിന് ഇതു പ്രയോഗത്തിൽ കൊണ്ടുവന്നുകൂടായിരുന്നോ ?

എന്തിനാണു പിന്നെ ജീഗർ കൌണ്ടറും ഡ്യൂപ്ലക്സ് സ്കാനും പോയിചെല്ലി ഫോർമുലയും ഡോപ്ലർ ഇക്വേഷനുമൊക്കെ വച്ച് ശാസ്ത്രം ഇത്ര കഷ്ടപ്പെടുന്നത് ?
ഇന്ന് ഇതൊകെ കൃത്യമായി അറിയാൻ ഇക്കണ്ട ചെലവേറിയ മെഥേഡുകൾ ഡിസൈൻ കെയ്യേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ?

ലോകമെമ്പാടും ,വർഷങ്ങളായി നടന്ന എത്രയോ സിസ്റ്റമാറ്റിക് പരീക്ഷണങ്ങളിൽ പൊളിഞ്ഞു പോയതാണു അനിൽ ജീ പറയുന്ന ഈ ഡൌസിംഗ് പരീക്ഷണങ്ങൾ. എന്നിട്ടും അതു തന്നെ വാദിക്കാൻ വരുമ്പോൾ എന്തു ചെയ്യണം ?

അതുകൊണ്ടു തന്നെയാണ് ഈ കാര്യം തെളിയിക്കാമെങ്കിൽ 1 മില്യൺ ഡോളർ തരും എന്നു വെല്ലുവിളിച്ചിട്ടുള്ള ജെയിംസ് റാൻഡി ഫൌണ്ടേഷന്റെ ലിങ്ക് അദ്ദേഹത്തിനു ഞാൻ നൽകിയതും. ഇപ്പോൾ റഫീക് ജീ നാട്ടിൽ തന്നെ ഒരു സെറ്റപ്പ് ഇതിനായി ഉണ്ടാക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കുന്നു. നല്ലത്.

ചുമ്മാ വൈബ്രേഷൻ, കാന്തികത എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല, യുക്തിപൂർവ്വമായ ഒരു വിശദീകരണം ഉണ്ടാക്കാനാവുന്നില്ലെങ്കിൽ തലയിൽ തോന്നിയ വിശദീകരണമല്ല ഒരു ശാസ്ത്രജ്ഞൻ വിളിച്ചു പറയുക .

For example: ശരീരത്തിന്റെ പലഭാഗത്തായി പടർന്ന ഒരു ക്യാൻസറിന്റെ കേസ് ഡോക്ടർക്ക് മുന്നിൽ വരുന്നു. അതിന്റെ പ്രൈമറി ലീഷൻ (ക്യാൻസറിന്റെ ഉത്ഭവം) കുറേ ടെസ്റ്റുകൾക്ക് ശേഷവും കണ്ടെത്താനാകുന്നില്ല. എന്നുവച്ച് അദൃശ്യമായ ഏതോ ശക്തിയിലൂടെ പ്രൈമറി ലീഷൻ വന്നു കേറി എന്ന് ഡോക്ടർ തിയറി ഉണ്ടാക്കിയാൽ അയാളുടെ ഡിഗ്രി വാങ്ങി കത്തിച്ചേച്ച് വീട്ടിൽ പറഞ്ഞു വിടുകയേ നിവൃത്തിയുള്ളൂ !

‘ഞാൻ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നുമില്ല’ എന്ന്തോന്നിയ്ക്കുന്ന തരത്തിൽ ...ചിലപ്പോഴെങ്കിലും സൂരജും കൂട്ടരും എഴുതുന്നത്...

എന്റെ ബ്ലോഗ് അനുഭവത്തിൽ അത്തരം എഴുത്ത് നടത്തുന്നത് അധികവും ആത്മീയ വാദികളാണ്.എല്ലാം എന്റെ കിത്താബിലുണ്ട് എന്ന് പറഞ്ഞ് നടക്കുന്നതാരാണെന്ന് ഒന്ന് ഓർത്തു നോക്കുക. അതേക്കുറിച്ച് വല്ല എതിരഭിപ്രായവും പറഞ്ഞാൽ ശീതങ്കൻ തുള്ളൽ നടത്തുന്നതും ചിലപ്പോഴൊക്കെ തെറിവിളിക്കുന്നതും ഇനി ലിങ്കിട്ട് ഞാൻ ഉദാഹരിക്കണോ ? ഇതേ ആരോപണം തിരിച്ചും വയ്ക്കാം അപ്പോൾ !

പിന്നെ,
“ഞാൻ മനസ്സിലാക്കിയത് ” എന്നതല്ല ശാസ്ത്രത്തിന്റെ മാനദണ്ഡം. ഇനിയും ക്ലാസിക്കൽ അർത്ഥത്തിൽ പൂർണ്ണമായി വിശകലിക്കാത്ത എത്രയോ ഗണിത സമീകരണങ്ങൾ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. (ബാബു മാഷിന്റെ ബ്ലോഗിലെ ക്വാണ്ടം ചർച്ച മറന്നില്ലല്ലൊ). ഇതിൽ , ഞാൻ മനസ്സിലാക്കുന്നത്, അവൻ മനസ്സിലാക്കുന്നത്, നീ മനസ്സിലാക്കുന്നത് എന്നൊന്നും ഇല്ല. മനുഷ്യ യുക്തി ശാസ്ത്രത്തിലേക്ക് ഉയരുകയാണു വേണ്ടത്, അല്ലാതെ ശാസ്ത്രം മനുഷ്യയുക്തിയുടെ നിലവാരത്തിലേക്ക് ഇറങ്ങി വരുകയല്ല
................

ഇനി, ഇവിടെ ഈ ചർച്ചാകോലാഹലങ്ങളിൽ അനിൽ ജീ ഇട്ടു വന്ന കമന്റുകളിൽ കണ്ട വൈരുധ്യങ്ങളും അശാസ്ത്ര കല്പനകളും കാണുക:

1. പോസ്റ്റിന്റെ പേര് : മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം
ചോദ്യം വന്നപ്പോൾ :--

അനിൽ: ഇത് മാഗ്നെറ്റിസമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.(?)ഇട്ടിട്ടുണ്ടു. എന്താണെന്നറിയാനായി കഴിഞ്ഞ 3 വര്‍ഷമായി ശ്രമിക്കുന്നു. അനിൽ : മാഗ്നെറ്റിസമാണൊ എന്നെനിക്കറിയില്ല, അതിനാല്‍ മാഗ്നറ്റ് പിടിച്ചു പരീക്ഷണം നടത്തിയിട്ടില്ല...

2.. അനിൽ (from the post): ..തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.കഴിഞ്ഞാ‍യാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു...

അനിൽ (a later comment) : ... കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എന്റെ സുഹൃത്തുക്കളായുള്ള ഡോക്ടര്‍മ്മാര്‍,ഇറിഗേഷനിലെ എഞ്ചിനീര്‍മാര്‍,പാലക്കാട് എഞ്ചിനീയറിങ് കോളേജിലെ എന്റെ സുഹൃത്തുക്കളായ ലെക്ചറന്മാര്‍ ഇവരുമായി ഈ കാര്യം ചര്‍ച്ചചെയ്തു വരികയാണു. അതില്‍ പാലക്കാടുള്ള ലെക്ചറര്‍ (മെക്ക് ആണു)ഇതേ കഴിവുള്ള ആളാണു...

മൂന്നു വർഷം ഇതിങ്ങനെ വിങ്ങലായി കൊണ്ടു നടന്നിട്ട് , ചർച്ചകൾ ചെയ്ത് മനം കുഴച്ചിട്ട്, കഴിഞ്ഞാഴ്ച മാത്രമേ ഒന്നു പരീക്ഷിച്ചു നോക്കാൻ തോന്നിയുള്ളൂ ? ഇദ്ദാണ് ശാസ്ത്രീയ ആപ്റ്റിറ്റ്യൂഡ് !!

3 . അനിൽ: [..കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം...എന്ത് മുൻ കരുതൽ എടുത്തു? ] അങ്ങനെ സംഭവിക്കാതിരിക്കാൻ മുങ്കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല...

ഇതാണ് സയന്റിഫിക് അന്വെഷണം !!

ഇത് അജ്ഞത കൊണ്ടാണെന്ന് ആണു വാദിക്കാൻ പോകുന്നതെങ്കിൽ ലോകപ്രശസ്തമായ മ്യൂണിച്ച് ട്രയലിന്റെ (ഡൌസിംഗിനെ ന്യായീകരിച്ചു വന്ന ഏറ്റവും വലിയ പഠനം) അബദ്ധങ്ങളും റിസൾട്ട് അനാലിസിസിലെ മണ്ടത്തരങ്ങളും ചൂണ്ടിക്ക്‍ാട്ടി സ്ക്രിപ്പ്സ് ഒഷനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ജിം എൻ റൈറ്റ് എഴുതിയ സ്കെപ്റ്റിക്കൽ എന്ക്വയററിലെ ലേഖനം അനിൽ ജീ തന്നെ ഇവിടെ 18-ആമത്തെ കമന്റിൽ ലിങ്കായി കൊടുത്തിട്ടുണ്ട്. (ദാ കിടക്കുന്നു)

ആ ലേഖനം സ്വയം ഒന്നും മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ ഈ “ശാസ്ത്രീയ” രീതി വച്ച് ഇമ്മാതിരി (വൈബ്രേഷൻ നൂലിലൂടെ പോകുന്ന..) അനുമാനങ്ങളിൽ അദ്ദേഹം എത്തുമായിരുന്നില്ല !

4 . അനിൽ: [..കിണറിനു മുകളിലല്ല, സമീപമാണു മാല കറങ്ങിയത്..] അതു ഉറവയായിരിക്കും എന്നു അനുമാനിക്കുന്നു...

Water Table, Ground water, കിണറിന്റെ ഉറവ എന്നിവയെക്കുറിച്ചുള്ള അനിൽ ജീയുടെ ധാരണ കൊള്ളാം !! (കരിപ്പാറ സുനിൽ മാഷിന്റെ കമന്റ് കൂടി നോക്കുക)

5. അനിൽ : [വെള്ളത്തിൽ നിന്ന് എത്ര അകലത്തിൽ പിടിക്കണം ?..] അകലം ഒരു വലിയ ഫാക്റ്ററല്ലെന്നാണു എന്റെ നിഗമനം.... റോഡിലുള്ള വാട്ടര്‍ അഥോരിറ്റി പൈപ്പില് വെള്ളം ഒഴുകുന്നുണ്ടോ എന്നും പറയാന്‍ പറ്റാറുണ്ട്...
അനിൽ: [..വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ...] ഏവിടെയണെങ്കിലും പറയാന്‍ സാധിക്കും.അനിൽ : ഏകദേശം 4 മീറ്ററ് ഉയരത്തിലുള്ള ടെറസ്സില്‍ നിന്നും താഴെമുറ്റത്തു കിടക്കുന്ന ഹോസിലൊഴുകുന്ന പ്രവാഹം കണ്ടെത്തന്‍ പറ്റി...

അങ്ങനെയാണെങ്കിൽ അനിൽ ജീ മാല വെറുതേ കൈയ്യിൽ അങ്ങു തൂക്കിയിട്ട് വീടിനകത്തോ പരിസരത്തോ റോഡിലോ നിന്നാൽ മതി, മാല ചുമ്മാ full time കറങ്ങിക്കോളും. കാരണം അടിയിലും ഭിത്തിയിലും മുഴുവൻ പൈപ്പോ ഗ്രൌണ്ട് വാട്ടറോ അല്ലേ ?

6. അനിൽ: .ഒരു മോതിരം നൂലില്‍ കെട്ടിത്തൂക്കിനൊക്കിയപ്പോഴും ഫലം കണ്ടു...അനിൽ : ..വൈദ്യുതി പ്രവാഹമുള്ള ചാലകങ്ങല്‍ക്കു (ക്ലോസ്ഡ് സര്‍ക്ക്യൂട്ടുകള്‍)സമീപവും ഇപ്രകാരം മാല കറങ്ങുന്നതായിട്ടാണു ഇന്നു നിരീകഹിച്ചത്.

-നൂലിൽ കൂടി “വൈബ്രേഷൻ” മോതിരത്തിലെത്തി അതിനെ ക്ലോക്ക് വൈസ് ആയോ ആന്റീക്ലോക്ക് വൈസ് ആയോ തിരിക്കും !!
-മനുഷ്യശരീർത്തിന്റെ ഈ അദൃശ്യ വൈബ്രേഷൻ ഇലക്ട്രിക്കൽ സർകിറ്റുകളെ പോലും സ്വാധീനിക്കുന്നു...!!

ഇത് ഉടനെ നേയ്ച്ചർ ഫിസിക്സിൽ അയച്ചു കൊടുക്കേണ്ട റിസൾട്ട് ആണ്.

7. അനിൽ : എന്റെ വലത്തെ കയ്യാണു മാല പിടിക്കാന്‍ ഉപയോഗിക്കുന്നതു. ഇടത്തെ കയ്യില്‍ ഒരു ചെമ്പു വളയം ഘടിപ്പിച്ച ശേഷം അതില്‍ നിന്നും 4 മീറ്റര്‍ നീളത്തില്‍ (അത്രയും നീളത്തിലുള്ള വയര്‍ മാത്രമെ കയ്യിലുണ്ടായിരുന്നുള്ളൂ)ചെമ്പു വളയത്തില്‍ ഘടിപ്പിച്ചു. മാല കറങ്ങാന്‍ തുടങ്ങിയശേഷം ഈ വയറിന്റെ അറ്റം എര്‍ത്ത് ചെയ്തപ്പോള്‍ മാലയുടെ കറക്കം നിലച്ചു ........
......എന്റെ ശരീരത്തില്‍ ഒരാള്‍ തൊട്ടാല്‍ മാല കറക്കം നില്‍ക്കും എന്നു പറഞ്ഞതു കണ്ടിരിക്കുമല്ലോ.ഇതിനു ഒരു മോഡിഫികേഷന്‍ എന്ന നിലയില്‍ എന്റെ കയ്യില്‍ നിന്നും ഒരു വയര്‍ കണക്റ്റ് ചെയ്തു. മറ്റേ അറ്റം ഞാന്‍ കാണാത്ത ദൂരത്തില്‍ എര്‍ത്തു ചെയ്തപ്പോള്‍ കറക്കം നിലക്കുകയും ചെയ്തു....

ഇതിനെന്തിനാ മാഷേ വയർ ഒക്കെ വച്ചു കെട്ടി എർത്ത് ചെയ്യുന്നേ ? ചെരുപ്പഴിച്ചിട്ട് വെറും നിലത്ത് നിന്നാ പോരേ ? എർത്തിംഗിനു അതു മതിയല്ലൊ.

8. ഇൻഡ്യാ ഹെറിറ്റേജ് നിർദ്ദേശിച്ചത്: ...ഈ മോതിരം ഒരു fixed slanting pole ല്‍ കെട്ടിയിട്ടിട്ട്‌ ആ നൂലിന്റെ രണ്ടാമത്തെ അറ്റം താങ്കള്‍ പിടിച്ചുകൊണ്ട്‌ ഒന്നു പരീക്ഷിക്കുമോ?അതായത്‌ നൂലിന്റെ ഒരറ്റത്ത്‌ മോതിരം, രണ്ടാമത്തെ അറ്റം താങ്കളുടെ കയ്യില്‍, നടുഭാഗം കമ്പില്‍ കെട്ടിയിട്ടിരിക്കുന്നു-ചുരുക്കത്തില്‍ താങ്കള്‍ കറക്കാന്‍ ശ്രമിച്ചാലും മോതിരത്തിന്‌ കറങ്ങുവാന്‍ സാധിക്കാത്ത വിധം .
അനിൽ:..ഇന്ത്യാഹെറിറ്റേജ് , താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം. നിര്‍ദ്ദേശത്തിനു നന്ദി...
അനിൽ: ....ഒരു പി.വി.സി. റോഡിന്റെ അറ്റത്ത് ഒരടി നീളമുള്ള ഒരു ഇരുമ്പു കമ്പി തുളച്ചു കയറ്റി.പിവിസി പൈപ്പു മുറ്റത്തു നാട്ടി ഉറപ്പിച്ചു നിറുത്തി.ഭൂമിക്കു പാരല്ലല്‍ ആയി നില്‍ക്കുന്ന ഇരിമ്പു കമ്പിക്കു ഒരറ്റം ഒരു മാല തൂക്കിയിട്ടു,താഴെയിട്ടിരിക്കുന്ന പൈപ്പിലൂടെ വെള്ളം കടത്തിവിട്ടശേഷം ഇരുമ്പു കമ്പിക്കു മറ്റേ അറ്റം പിടിച്ചപ്പോള്‍ മാല കറങ്ങാന്‍ തുടങ്ങി. പക്ഷെ ഇതു എന്റെ കയ്യിലെ “വൈബ്രേഷന്‍” ഇരുമ്പു കമ്പിയിലൂടെ മാലയിലെത്തിയതാണെന്നു തീരുമാനിക്കേണ്ടുന്ന രീതിയില്‍ എത്തി, തുടര്‍ന്നു നടന്ന പരീക്ഷണങ്ങളില്‍...

ചില പ്രത്യേക ശരീരപ്രകൃതിക്കാർക്കേ ഇതൊക്കെ പറ്റൂ എന്ന് ആദ്യമേ ജാമ്യമെടുത്തത് നന്നായി :)))
അതാണല്ലൊ എല്ലാ “പാരാനോർമൽ” അവകാശവാദങ്ങളുടെയും തുറുപ്പ് ഗുലാൻ !!

@ പാർത്ഥൻ ജീ,

പണിക്കർ മാഷിനുള്ള ഉത്തരം കൊടുത്തിട്ടുണ്ട്. അദ്ദേഹമുദ്ദേശിച്ചതെന്തെന്ന് എനിക്കും ഞാനുദ്ദേശിച്ചതെന്തെന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുമുണ്ട്. ഇനി ഇടയിൽ കേറി വേറെ വിശകലനം വേണോ ? :))

പിന്നെ, “ബോർ വെൽ അടിക്കാൻ വന്ന ശാസ്ത്രജ്ഞർക്ക് “ കാശുകൊടുത്ത് പറ്റിപ്പോയവരെപ്പറ്റി പറഞ്ഞു,

ബോർ വെൽ “അടിക്കുന്നത്” എന്ത് ശാസ്ത്രരീതി വച്ചാണെന്ന് അന്വേഷിച്ചിട്ടുണ്ടോ ?
അവർ ഉപയോഗിച്ചുവെന്നു പറയുന്ന രീതി എന്താണെന്നെങ്കിലും അറിയാമോ ?
അതിന്റെ സെൻസിറ്റിവിറ്റി എന്താണെന്ന് അന്വേഷിച്ചോ ?
അതിന്റെ എറർ ഒഫ് മെഷമെന്റ് എത്രാണെന്ന് ചോദിച്ചിട്ടുണ്ടോ ?

പോട്ടെ, സ്വന്തം പിതാവ് ഇത് ചെയ്യുന്നതെങ്ങനെ എന്ന് അന്വേഷിച്ചു എന്തു നിഗമനത്തിലെത്തി ? എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം,
അതോ മറ്റൊരു സായിബാബകളി ആണോ ?

കിണർ കുഴിക്കാൻ പൂജ നടത്തുന്ന ആശാന്മാരെക്കുറിച്ച് തിരിച്ചും വിടാം ഈ റോക്കറ്റ് :) അവർക്കാകുമ്പോ എറർ ഒഫ് മെഷർമെന്റ്റുമില്ല സെൻസിറ്റിവിറ്റിയുമില്ല... ശംഭോ മഹാദേവ !Jul 28, 2008

ഭഗവദ് ഗീതയിലെ ദൈവം : ഒരു കമന്റ് !

പാര്‍ത്ഥന്‍ ജീ യുടെ ബ്ലോഗില്‍ ഈ പോസ്റ്റിലെ ആശയത്തിനാണ് ഈ കമന്റ്. പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ക്വോട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റ് മുഴുവന്‍ വായിച്ചാലേ അതിന്റെ പൂര്‍ണ്ണാര്‍ത്ഥം പിടികിട്ടൂ. മറുപടിയുടെ ധ്വനികളും അപ്പോള്‍ വ്യക്തമാകും.


അവിടെ ഇട്ട കമന്റ് ഇതാണ് :


സൂരജ് :: suraj said...

പ്രിയ പാര്‍ത്ഥന് ജീ ,

"..യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന്‌ അസഹിഷ്ണുത (Jealous God‌) ഭൂഷണമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.
[...]

...പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക്‌ അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ്‌ ഖുര്‍ആനും ആരംഭിക്കുന്നത്‌. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു...
....
....
യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട്‌ അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്‌ ദൈവനിന്ദയാണ്‌. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ്‌ സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ്‌ പരിഗണിക്കുന്നത്‌....
...
...
എന്നാല്‍, ഭഗവദ്‌ ഗീതയില്‍ പരമാത്മസ്വരൂപത്തിന്‌ നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ്‌ പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന്‌ മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല..."ഒരു ദൈവവിശ്വാസിയും ഒരു നിരീശ്വരനും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ അതിനൊരന്തവും കുന്തവുമുണ്ടാകില്ല എന്ന് അറിയാം. എങ്കിലും താങ്കള്‍ പണിക്കര്‍ സാറിന്റെ പോസ്റ്റില്‍ ഇട്ടകമന്റ് പിടിച്ച് ഇവിടെ വന്നപ്പോള്‍ കണ്ട ഒരു വാദഗതി മുകളില്‍ ക്വോട്ട് ചെയ്ത ഭാഗങ്ങളില്‍ സംഗ്രഹിച്ചു നോക്കിയതാണ്.

ഇതില്‍ ഒരു ചരിത്രവസ്തുത താങ്കള്‍ പാടേ വിസ്മരിച്ചതായി തോന്നി. ഭാരതീയ വേദവേദാന്ത ചിന്തയിലുമുണ്ട് താങ്കള്‍ ഖുര്‍ ആനിലും ബൈബിളിലും യഹൂദനിയമങ്ങളിലും ആരോപിക്കുന്ന ‘ക്രൌര്യം കാട്ടുന്ന’ ദൈവവും ദേവതകളും. ഋഗ് വേദം മുതല്‍ക്ക് ആരംഭിക്കുന്ന ഭാരതീയമെന്ന് വിശേഷിപ്പിക്കാവുന്ന ദേവതാ സങ്കല്‍പ്പങ്ങള്‍ എടുത്തു നോക്കുക : “ശത്രുക്കള്‍ക്ക് നാശം വരട്ടെ” എന്ന ശാപവചനമില്ലാത്ത ഒരു അധ്യായം പോലും ചിലപ്പോള്‍ അവയില്‍ കാണാനാവില്ല. ശത്രുനാശം വരുത്തി ഞങ്ങളുടെ കുലത്തെ കാത്തുരക്ഷിക്കുന്ന ഇന്ദ്രനാണ് പ്രധാന ആരാധനാ മൂര്‍ത്തി തന്നെ. ഉത്തമോദാഹരണം ഋഗ്വേദം തന്നെയാണ് (ഇന്ത്യന്‍ മണ്ണിലെ ആര്യസംസ്കാരത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അവര്‍ പ്രാദേശിക ഗോത്രങ്ങളില്‍ നിന്നു നേരിട്ട എതിര്‍പ്പുകള്‍ ആവാം ഇതില്‍ പ്രതിനിധീകരിക്കുന്നത്)

അഥര്‍വ്വവേദകാലമൊക്കെ എത്തുമ്പോഴേക്ക് മുന്‍ വേദങ്ങളിലെ ദേവതകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി കാണാം. കൂട്ടത്തില്‍ ആഭിചാരമെന്ന് വിവിക്ഷിക്കാവുന്ന തരം ക്രിയകളുടെ വിധികളും വളരെ കൂടുതല്‍ കാണുന്നു.

ഉപനിഷത്തുകളില്‍ ചിലത് പ്രപഞ്ചത്തെയും മനുഷ്യ സ്വത്വത്തെയും കുറിച്ചുള്ള മനോഹരമായ തത്വചിന്ത ഉള്‍ക്കൊള്ളുന്നവയാണെങ്കിലും ലഭ്യമായ ഉപനിഷദ് ടെക്സ്റ്റുകള്‍ ആകെമൊത്തം നോക്കിയാല്‍ മുകളില്‍ പറഞ്ഞ ലൈന്‍ തന്നെ ഉള്ളവയാണ്.

താങ്കള്‍ പറയുമ്പോലെ ക്രൌര്യം കുറഞ്ഞ, ഏറെകുറേ സൌമ്യനായ ഒരു ദേവസങ്കല്പം ഗീതയില്‍ കാണാമെന്നതു നേര്. എന്നാല്‍ അതിലും ‘ദുഷ്ട-നിഗ്രഹം’ നടത്തുന്ന, നിലയില്ലാത്ത ജനനമരണചക്രത്തില്‍ പെടുത്തി സ്വസൃഷ്ടികളെ ‘കഷ്ടപ്പെടുത്തുന്ന’ ദൈവസങ്കല്‍പ്പം വിളമ്പുന്ന ശ്ലോകങ്ങള്‍ ധാരാളം. ഒരുദാഹരണം : “ദുഷ്ടന്‍മാരായ അവരെ വീണ്ടും വീണ്ടും ഞാന്‍ [കൃഷ്ണന്‍] ഹീന യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു...” എന്ന അര്‍ത്ഥം വരുന്ന ശ്ലോകഭാഗം (ഓര്‍മ്മയില്‍ നിന്ന് എഴുതിയത്: ശ്ലോക നമ്പര്‍ റെഫറന്‍സിന് ഗീത കൈയ്യില്‍ ഇപ്പോഴില്ല).

മാത്രമോ, “ എന്നില്‍ ലയിക്കാതെ മറ്റൊരു മോക്ഷം നിനക്കില്ല” എന്ന ലൈനില്‍ ആണ് കൃഷ്ണന്‍ അര്‍ജ്ജുനനെയും ലോകത്തെ തന്നെയും ഗീതയിലുടനീളം ഉപദേശിക്കുന്നത്. “അന്യദേവതകളെ പൂജിക്കുന്നവരും ഫലത്തില്‍ എന്നെത്തന്നെയാണ് ആരാധിക്കുന്നത് എന്നും ആ അനുഗ്രഹങ്ങളും ഞാന്‍ വഴി തന്നെയാണ് വരുന്നത് എന്നും പറയുന്ന അതേ കൃഷ്ണന്‍ ഇതും കൂടി പറയുന്നുണ്ട് : [...മറ്റു]ദേവതകളെ ഉപാസിക്കുന്നവന്‍ ദേവലോകത്ത് എത്തുന്നു. എന്നെ ഉപാസിക്കുന്നവന്‍ എന്നില്‍ ലയിക്കുന്നു [മോക്ഷത്തെ പ്രാപിക്കുന്നു] എന്ന്.

വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാക്കുമ്പോള്‍ എത്രതന്നെ തേനില്‍ പൊതിഞ്ഞാലും ആത്യന്തികമായി ആടയാഭരണങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ എല്ലാം ഒരേ ശൈലി തന്നെ.

ഭഗവദ് ഗീത ഒറ്റ ഗീതയായി ക്രോഡീകരിക്കപ്പെട്ട ഭാരതീയ ചരിത്ര സാഹചര്യത്തില്‍ ന്യായ, സാംഖ്യ, വൈശേഷിക തത്വശാസ്ത്രങ്ങള്‍ക്ക് എന്തുമാത്രം സ്വാധീനം ഉണ്ടായിരുന്നു എന്ന് പഠിക്കുമ്പോഴേ ഗീതയില്‍ അവയുടെ സ്വാധീനം വളരെ കൂടുതലാണെന്ന് മനസിലാക്കാനാകൂ.


ഗീത തരുന്ന ജനനമരണ ചാക്രിക തത്വം അപഗ്രഥിച്ചാല്‍ ഇതു മനസിലാകും. ആ ത്ത്വശാസ്ത്രത്തെ crude ആയി ഇങ്ങനെ ചുരുക്കാം :


പരമാത്മാവില്‍ നിന്നും വേര്‍പെട്ട് വരുന്ന ജീവാത്മാക്കള്‍ - സ്ഫുലിംഗങ്ങള്‍ - ഭഗവാന്റെ മായയുടെ ഉല്‍പ്പന്നമായ ഇഹത്തില്‍ എത്തുന്നു. അവിടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്ന അവ അതാതിന്റെ കര്‍മ്മമനുസരിച്ച് പ്രമോഷനോ ഡിമോഷനോ കിട്ടി പല ലോകങ്ങളിലൂടെ സൈക്കിള്‍ ചെയ്യുന്നു. പുണ്യങ്ങളുടെ ഫലമായി ചില അവസരങ്ങളില്‍ ആത്മാക്കള്‍ ദേവലോകം വരെയൊക്കെ പ്രമോട്ട് ചെയ്യപ്പെട്ടാലും ഒടുവില്‍ ആ പുണ്യത്തിന്റെ കാലം തീരുമ്പോള്‍ മഴയിലൂടെ ഭൂമിയില്‍ പതിച്ച് ധാന്യമണിയിലൂടെ ആഹാരമായി മനുഷ്യ/ജന്തു ബീജമാകുന്നു - ജനനമെടുക്കുന്നു. എങ്ങനെയാണ് ഇതില്‍ നിന്നും മുക്തനാകുക ? അതിനു ഗീത പല കാലഘട്ടങ്ങളില്‍ പല വഴികളുണ്ടായിരുന്നതായി പറയുന്നു. കൊടും തപസും യോഗവിദ്യയും മുതല്‍ ധ്യാനം വരെയുള്ള മെത്തേഡുകളുണ്ടെങ്കിലും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വിദ്യയെന്താ? അത് ‘നിഷ്കാമ’കര്‍മ്മമാകുന്നു. അതായത് ചെയ്യുന്ന പ്രവര്‍ത്തി എന്തുതന്നെയായാലും അതിന്റെ ശുദ്ധാശുദ്ധികള്‍ നോക്കാതെ, അതിന്റെ ഫലം അനുഭവിക്കാനുള്ള ഇച്ഛയേ ഇല്ലാതെ അതു ഭഗവാനായി സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അങ്ങനെ നിര്‍മ്മമമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ ആ കര്‍മ്മങ്ങളുടെ ഫലം ബാധിക്കുന്നില്ല, അവന്‍ മോക്ഷത്തിന് - അതായത് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയ്ക്ക് - അര്‍ഹനാകും. അവനു പിന്നെ ജനന മരണ ചക്രത്തില്‍ വരേണ്ടിയും ഇല്ല.


പി.എസ്:
ഈ ബ്ലോഗില്‍ തന്നെ അശോക് കര്‍ത്താ മാഷിന് ഇട്ട ഈ കമന്റും ഇതോട് ചേര്‍ത്ത് വായിക്കാം.

Jul 27, 2008

ആത്മാവ് , ‘ഞാന്‍’ , സ്വത്വബോധം : ഒരു കമന്റ്

ണിക്കര്‍ മാഷിന്റെ അക്ഷരശാസ്ത്രം ബ്ലോഗിലെ ഈ പോസ്റ്റ് ആണ് വേദി. കമന്റ് മൂത്തു മൂത്ത് കേറിയപ്പോള്‍ വിഷയം ഇത്തിരി മാറി. മറ്റൊരിടത്ത് ഇടേണ്ടിയിരുന്ന കമന്റ് ആണ് താഴെ കൊടുക്കുന്നത്. സന്ദര്‍ഭവശാല്‍ ഈ വിഷയം പൊങ്ങിവന്നത് കൊണ്ട് മാത്രം അവിടെ എഴുതി . ഇതേ സംബന്ധിച്ച പണിക്കര്‍ സാറിന്റെ ഒറിജിനല്‍ പോസ്റ്റ് ഇതാണ്.


കമന്റ് ഇവിടെ. പിന്നീടെപ്പോഴെങ്കിലും ഒരു പോസ്റ്റായി വികസിപ്പിക്കാമെന്നു കരുതുന്നു.

[...] ശാസ്ത്രവസ്തുതകളെ മരണാനന്തര ജീവിതവുമായി ഇഴചേര്‍ക്കാനുള്ള ഒരു ശ്രമം അങ്ങയുടെ വാക്കുകളില്‍ കണ്ടതുകൊണ്ട് അതേപ്പറ്റി ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി (ഇത് അതാത് പോസ്റ്റുകളില്‍ എഴുതേണ്ടിയിരുന്ന കമന്റാണ്, ഞാന്‍ ബ്ലോഗിലേക്ക് വരുമ്പോഴേക്കും അവിടങ്ങളില്‍ ചര്‍ച്ച തീര്‍ന്നിരുന്നു - അതിനാല്‍ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു) :


1. “...[ഭൗതികവാദികള്‍ക്ക്] ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക്‌ എതിരാണ്‌ ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല- matter cannot be created nor destroyed അത്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റുവാനേ കഴിയുകയുള്ളു : അവര്‍ പറയുന്നു ...“

പദാര്‍ത്ഥത്തിന്റെയോ ഊര്‍ജ്ജത്തിന്റെ ഏതെങ്കിലും ഒരു രൂപമാണ് ആത്മാവ് എന്ന് വസ്തുനിഷ്ഠമായ തെളിവുകളില്ല. ലോകത്തെ വിവിധ മത/ആത്മീയ സംസ്കാരങ്ങളുടെ തത്വങ്ങളില്‍ റെഫറന്‍സുണ്ടായാല്‍ മാത്രം പോരല്ലോ ഏതെങ്കിലും അവകാശവാദം വസ്തുനിഷ്ഠമാകാന്‍.

ഊര്‍ജ്ജപദാര്‍ത്ഥങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ആത്മാവെങ്കില്‍ അത് ശരീരം നശിച്ചാലും തുടര്‍ന്നേക്കാം എന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പക്ഷേ അപ്പോഴും ആദ്യ രൂപത്തില്‍ത്തന്നെ അത് നിലനില്‍ക്കും എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. പദാര്‍ത്ഥത്തെ ഊര്‍ജ്ജമാക്കി കഴിഞ്ഞാല്‍ പിന്നെ അതു പദാര്‍ത്ഥമല്ല ഊര്‍ജ്ജം മാത്രമാണ്. പദാര്‍ത്ഥത്തിന്റെ ഒരു ഗുണവും ആ ഊര്‍ജ്ജരൂപം വഹിക്കുന്നില്ല. ഹോമകുണ്ഡത്തിലെ അഗ്നി അതിലൊഴിക്കുന്ന നെയ്യിന്റെ ഒരു സ്വഭാവവും പേറാത്തതു പോലെ തന്നെ.

ഊര്‍ജ്ജക്വാണ്ടകളുടെ തരംഗപ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ അവയെ ഉത്സര്‍ജ്ജിച്ച പദാര്‍ത്ഥത്തില്‍ ഉള്ളടങ്ങിയ പരമാണുക്കളെയും മറ്റും കണ്ടെത്താനാവുമെങ്കിലും അതുപയോഗിച്ച് പദാര്‍ത്ഥത്തിന്റെ ഭൌതിക പ്രത്യേകതകള്‍ പുനര്‍ രൂപകല്പന ചെയ്യുന്നത് അത്യന്തം പരിമിതമായേ സാധിക്കൂ. പ്രത്യക്ഷഭൌതിക പ്രത്യേകതകളുടെ കാര്യത്തില്‍പ്പോലും ഇതാണ് അവസ്ഥയെങ്കില്‍ പിന്നെ അമൂര്‍ത്ത കല്പനകളായ കര്‍മ്മഫലം, പാപപുണ്യങ്ങള്‍ എന്നിവയുടെയൊക്കെ കാര്യം പറയുക വേണ്ടല്ലൊ. അപ്പോള്‍ ഏതു രൂപത്തിലാണ് ആത്മാവ് മുന്‍ ജന്മത്തിലെ ‘കര്‍മ്മഫല’ങ്ങളെ അടുത്ത ജന്മത്തിലേക്ക് സന്നിവേശിപ്പിക്കുക എന്ന ചോദ്യം വസ്തുനിഷ്ഠമായ ഉത്തരമില്ലാത്തതാകുന്നു. അതിനുത്തരം തേടും മുന്‍പ് രണ്ടാമതൊരു ജന്‍മം ഉണ്ടാവാമോ എന്ന് അറിയണം. ആ അടിസ്ഥാന ചോദ്യത്തിനു പോലും വസ്തുനിഷ്ഠമായ തെളിവിന്റെ അഭാവത്തില്‍ സാംഗത്യം നഷ്ടപ്പെടുന്നുണ്ട്.

2. “നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത്‌ ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ്‌ എന്ന്‌ - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ്‌ ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല...
calcium ത്തിന്‌ വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക്‌ ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്‌...


രാസപദാര്‍ത്ഥങ്ങളുടെ ഒരു വെറും സംഘാതമാണ് ജന്തുകോശം അല്ലെങ്കില്‍ ജന്തുശരീരം എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നത് സത്യം. എന്നാല്‍ ഇഴകീറാവുന്നതിന്റെ പരമാവധിയെത്തിയിട്ടും രാസസംയുക്തങ്ങളല്ലാതെ കോശത്തില്‍/ശരീരത്തില്‍ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതു തുറിച്ചുനോക്കുന്ന മറ്റൊരു മഹാ സത്യം. (ഉദാ: വേദന എന്നത് പൊട്ടാഷ്യം അയോണുകളുടെ സിഗ്നല്‍ മസ്തിഷ്കത്തിലുളവാകുന്ന ഒരു പരിപൂര്‍ണ്ണ ഭൌതിക പ്രതിഭാസമാണെന്ന് തെളിയിച്ചിട്ട് വര്‍ഷം 20 ആയിട്ടുണ്ടാകും. അതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വേദനസംഹാരികളും നമുക്കുണ്ടായിരുന്നു - അവയും ശരീരത്തിലെ കണികാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാസ വസ്തുക്കള്‍ തന്നെ)

അപ്പോള്‍ എന്താണ് ജീവന്റെ അടിസ്ഥാനം ? കാര്‍ബണിക കണികകളുടെ പ്രത്യേക തരം ബന്ധനത്തിന്റെ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസം ആണ് അതെന്ന് മാത്രമേ ഇതുവരെയുള്ള വിശകലനങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ പറയാനാവൂ. അതിനപ്പുറമുള്ള കല്പനകളെല്ലാം മറിച്ചുള്ള വസ്തുനിഷ്ഠ തെളിവുകള്‍ കിട്ടുന്ന കാലത്തോളം വ്യക്തിനിഷ്ഠമോ ഭാവനയോ മാത്രമായി നില്‍ക്കും. അതില്‍ പരിതപിക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. ശാസ്ത്രത്തിന്റെ രീതി അതാണ്.

പിന്നെ, മറ്റൊരു വഴി ഉണ്ട് - ഒരു ഓള്‍ട്ടര്‍നേറ്റിവ് തിയറി ഉണ്ടാക്കിയിട്ട് അതു ടെസ്റ്റ് ചെയ്യുക : എന്താണ് ആത്മാവിന്റെ പിന്‍ബലത്തിലുള്ള ആ ഓള്‍ട്ടര്‍നേറ്റിവ് തിയറി ? ജന്തുകോശം ആത്യന്തികമായി ചൈതന്യവത്താകുന്നത് അതില്‍ ആത്മാവ് എന്ന സംഗതി ഉള്‍ച്ചേരുമ്പോഴാണ് എന്നതാണോ ആ തിയറി ? എങ്കില്‍ അതിനുള്ള വസ്തുനിഷ്ഠമായ തെളിവു വേണം:
... ആത്മാവിന്റെ പ്രോപ്പര്‍ട്ടികളെന്ത് ?
അത് ഒരു ഊര്‍ജ്ജരൂപമാണോ ?
അതിനെ അളക്കാനാവുമോ ?
ഭൌതിക ബലങ്ങളുമായി അത് എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിക്കുന്നു ?
അനസ്തേഷ്യ കൊടുക്കുമ്പോള്‍ ആത്മാവിനു വല്ലതും സംഭവിക്കുമോ?
സ്വഭാവത്തെ മാറ്റിമറിക്കുന്ന മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആത്മാവും മാറുമോ?
തലച്ചോറിനു/ശരീരഭാഗത്തിനു ക്ഷതം സംഭവിക്കുമ്പോള്‍ ആത്മാവ് മുറിപ്പെടുമോ ? മുറിപ്പെടില്ലെങ്കില്‍ എന്തുകൊണ്ട് ?(ഭഗവദ് ഗീതയില്‍ പറഞ്ഞതുകൊണ്ട് മാത്രം ആത്മാവിനെ മുറിപ്പെടുത്താനോ അഗ്നിക്കിരയാക്കാനോ ജലത്താല്‍ നനയ്ക്കാനോ പറ്റില്ല എന്നങ്ങ് ഉറപ്പിക്കാനാവില്ലല്ലൊ)

... ഇങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കാന്‍ ചോദ്യങ്ങളൊത്തിരി കിടക്കുന്നു.

ഇനി ഇതൊന്നും എമ്പിരിക്കലായി പരീക്ഷിക്കാനോ സ്ഥിരീകരിക്കാനോ പറ്റില്ല എങ്കില്‍ പിന്നെ ആദ്യത്തെ തിയറിയാകും ഭേദം - ഒന്നുമില്ലെങ്കിലും testable ആയ പ്രവചനങ്ങള്‍ അതില്‍ നിന്നുരുത്തിരിച്ചെടുക്കാമല്ലൊ. കുറഞ്ഞത് മനുഷ്യനു പ്രയോജനപ്പെടുന്ന മരുന്നുകളെങ്കിലും. :)

3. “എന്റെ ശരീരം ആദ്യം ഉടലെടുത്തത്‌ അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്‌. അത്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത്‌ ഉണ്ടാകുകയും പഴയത്‌ പഴയത്‌ നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട്‌ കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?


“ഞാന്‍” മാത്രം അങ്ങനെ മാറാതെ നില്‍ക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാനാവും മാഷേ ?

ഗര്‍ഭപാത്രത്തിലെ എതെങ്കിലും സംഭവം നാം ഓര്‍മ്മിക്കുന്നുണ്ടോ ? പ്രസവസമയത്തെ ? ഒന്നാം മാസത്തിലെ ? ആദ്യത്തെ മുലകുടി ? ആദ്യത്തെ കട്ടിയാഹാരം ? നൂലുകെട്ട് ? സ്വന്തമായി മൂത്രമൊഴിക്കാന്‍ ശീലിച്ചത്? സ്വയം വസ്ത്രം ധരിക്കാന്‍ പഠിച്ചത് ? നഗ്നതയെ ഓര്‍ത്ത് നാണം വന്നത് ? ശരി പോകട്ടെ, ആണാണെന്നും പെണ്ണാണെന്നും ഉള്ള ബോധ്യം എപ്പോള്‍ മുതല്‍ വന്നു?

കുട്ടി വളര്‍ന്ന് ഏതാണ്ട് ഒന്നര-രണ്ട് വര്‍ഷമാകുമ്പോള്‍ മുതല്‍ക്കാണ് ഈ “ഞാന്‍” എന്ന ബോധം ഉണ്ടാകുന്നത്. മൂന്ന് വയസ്സില്‍ മസ്തിഷ്കത്തോടൊപ്പം അതു വികസിച്ച് ഏതാണ്ട് പൂര്‍ണമാകും. പിന്നെ ഓരോ പ്രായമനുസരിച്ച് അതു മാറിക്കൊണ്ടേയിരിക്കുന്നു. ഏഴാം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം വയസ്സിലെ ‘ഞാന്‍’. പത്താം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം ക്ലാസില്‍ എത്തുന്ന ‘ഞാന്‍’. ഇരുപത്തഞ്ചാം വയസ്സിലെ ‘ഞാന്‍’ ആവുകയില്ല അന്‍പത്തിമൂന്നാം വയസിലെ ‘ഞാന്‍’. എന്നുവച്ചാല്‍ ശരീരം പരിസരവുമായി ഇടപെടുമ്പോള്‍ നിരന്തരപ്രതിപ്രവര്‍ത്തനത്തിലൂടെ ഉളവാകുന്ന ഒരു സെല്ഫ് ഇമേജ് (ആത്മബോധം) ഉണ്ട്. അതാണ് ഈ ‘ഞാന്‍’ എന്ന ഭാവവും ബോധ്യവുമൊക്കെ. അതിനു ശരീരവുമായും പരിസരവുമായും വേര്‍പെട്ടുള്ള നിലനില്‍പ്പോ വികാസമോ ഇല്ല. ഈ ‘ഞാന്‍’ ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണ് അല്ലെങ്കില്‍ വന്നു പിറന്നതാണ് എന്ന സങ്കല്പ്പത്തിന്റെ ശാസ്ത്രസാധുത ഏതായാലും മുകളില്‍ പറഞ്ഞ പോലെയാണ് - തെളിവുണ്ടെങ്കില്‍ സ്വീകാര്യം; അത്രതന്നെ.

ഡൌണ്‍സ് സിന്‍ഡ്രോം അടക്കമുള്ള വിവിധതരം ബുദ്ധിമാന്ദ്യങ്ങള്‍, വികാരരാഹിത്യത്തിന്റെ വ്യാധിരൂപമായ ഓട്ടിസം, വ്യക്തിത്വരോഗങ്ങളായി പരിണമിക്കുന്ന മസ്തിഷ്ക ക്ഷതങ്ങള്‍, സ്കീറ്റ്സോഫ്രീനിയ പോലുള്ള മാനസികവ്യാധികള്‍ എന്നിങ്ങനെ ഇതു പരീക്ഷിക്കാനും നിരീക്ഷിക്കാനും ഒട്ടനവധി സ്ഥലങ്ങളുണ്ട് നമുക്ക്. അവിടങ്ങളില്‍ ‘ഞാന്‍’ എന്ന ബോധത്തെയും ഭാവത്തെയും തത്വജ്ഞാനത്തിന്റെ ആടയാഭരണങ്ങളും നാട്യങ്ങളുമഴിച്ചുവച്ച് ശാസ്ത്രം ക്ഷമയോടെ ഇഴപിരിക്കുന്നു...

ഡിസ്കൈമള്‍ :
ഈ പറഞ്ഞതൊക്കെ ഒരു വിമത ചിന്ത എന്ന നിലയ്ക്കുള്ള എന്റെ അഭിപ്രായങ്ങളാണ്. ഇതിനര്‍ത്ഥം മറ്റു ചിന്താസരണികളെല്ലാം തെറ്റ് എന്നല്ല. ശാസ്ത്രത്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് തന്നെ ഇതേപ്പറ്റിയൊക്കെ വളരെ വിശദമായ അന്വേഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം കുറിച്ചിടുന്നത്.

10:21 AM

May 2, 2008

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍

ശരീഖ് ഹൈദര്‍ വെള്ളറക്കാടിന്റെ ലേഖനം : ഖുര്‍ആനും, മോഡേണ്‍ സയന്‍സും.

ഈ ലേഖനത്തിനുള്ള എന്റെ വൈകിയ പ്രതികരണമാണ് താഴെ :

സൂരജ് :: suraj said...

പ്രിയ ശരീഖ് ജീ,

170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില്‍ ക്ഷമിക്കുക.

ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള്‍ സംസാരിച്ചതാണല്ലോ)

മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും.

എന്നാല്‍,
മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.

ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്.
(ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള്‍ എന്‍.ഗോപാലകൃഷ്ണന്‍ ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )

ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ:

1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.

ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്.
ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ.

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.

2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...

2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....

7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന്‍ പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....

11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...

13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...

15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്

15:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]

15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.

16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]

22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]

23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]

23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.

23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]

25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന്‍ അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന്‍ സ്ഥാപിച്ചു....

30:20 - അവന്‍ നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...

32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...

32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു...

32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്‍കി...

35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...

38: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക

39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്‍ക്കാലികളില്‍ നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]

46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]

53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]

56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]

75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന്‍ ?

75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.

86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്. [ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]

ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം:

(i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:
- ഒട്ടിപ്പിടിക്കുന്ന വസ്തു
- രക്തക്കട്ട
- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട
- അട്ട (കുളയട്ട അഥവാ leech)

ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്‍ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.

ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം.

'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.

(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)

(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു!

ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.

മേല്‍പ്പരാമര്‍ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്.

ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്, അരിസ്റ്റോട്ടില്‍, ചരകന്‍, കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം)

പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്. ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400) ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)

2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ?

പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്‍ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്ത തത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന്‍ എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ.

പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.

3. പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്.
ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്‍ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്‍സ്റ്റൈന്‍ നല്‍കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്‍സ്റ്റൈന്‍ തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക.

പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.

ഇതേ ഐന്‍സ്റ്റൈന്‍ ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം!
അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന്‍ ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടച്ചു പറയുമ്പോലെയിരിക്കുമത് :)

4. പിന്നെ, ഐന്‍സ്റ്റൈന്‍ ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.

5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്‍ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്‍ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്‍ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.
ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാ‍മ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം.

ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല.
ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആ‍ണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല.

പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് ഇത്രയും പറഞ്ഞത്.
May 2, 2008 2:11 PM

Mar 18, 2008

The Evolution of Eyes: കണ്ണിന്റെ പരിണാമം - ചില ശാസ്ത്രവിശകലനങ്ങള്‍.

ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം ! പന്തുകൊണ്ടുണ്ടാക്കിയ സാങ്കല്‍പിക കണ്ണില്‍ നിന്നും ഒരു വ്യത്യാസം യഥാര്‍ത്ഥകണ്ണിനുണ്ട്. ലെന്‍സ് ആണ് അത്. ഒരു ക്യാമറയുടെ ലെന്‍സ് പോലെ വസ്തുക്കളുടെ പ്രതിരൂപം റെറ്റിനയിലേക്കു ഫോക്കസ് ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഒരു പ്ളാസ്റിക് കവറില്‍ തെളിഞ്ഞവെള്ളം നിറച്ച് ഉണ്ടാക്കുന്ന ഒരു ബാഗ് പോലെയാണ് നമ്മുടെ കണ്ണിലെ ലെന്‍സ്. അതു കൃഷ്ണമണിയുടെ തൊട്ടുപിറകിലായി ചുറ്റിനും പേശികളുടെ നാരുകളാല്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ പേശികളുടെ മുറുകലും അയഞ്ഞുപോകലും ആണ് ലെന്‍സിന്റെ വലിപ്പ വ്യത്യാസങ്ങള്‍ക്കു കാരണം. ചുറ്റിനും നിന്ന് ഈ പേശികള്‍ വലിക്കുമ്പോള്‍ ലെന്‍സ് എന്ന ബാഗ് വലിഞ്ഞ്, കൂടുതല്‍ പരന്നതാകുന്നു. ഈ പേശികള്‍ അയഞ്ഞാല്‍ ലെന്‍സ് വീര്‍ത്തു വരുന്നു. ഈ വീര്‍ക്കലും പരന്നുപോകലും അനുസരിച്ച് ലെന്‍സ് ഫോക്കസ് ചെയ്യുന്ന രൂപങ്ങള്‍ക്ക് വ്യതിയാനമുണ്ടാകും. ദൂരെയുള്ള വസ്തുക്കളെ കൃത്യമായി റെറ്റിനയില്‍ ഫോക്കസ് ചെയ്യാന്‍ ലെന്‍സ് പരന്നതാകണം. അടുത്തുള്ള വസ്തുക്കള്‍ക്കു മറിച്ചും(ഇതുവായിക്കുവാനും നിങ്ങളുടെ ലെന്‍സ് വീര്‍ത്തു നില്‍ക്കണം). ഇതിലേതെങ്കിലുമൊന്നിനു കഴിയാതെ വരുമ്പോഴാണ് നിങ്ങള്‍ക്ക് കണ്ണടകള്‍ ആവശ്യമായി വരുന്നത്.

റെറ്റിനയിലാണ് നാം ആദ്യം പറഞ്ഞ കോണ്‍കോശങ്ങളുള്ളത്. പ്രകാശത്തെയും നിറങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്നവയാണിവ. മറ്റൊരു കൂട്ടം കോശങ്ങളായ റോഡ് കോശങ്ങള്‍ ഇരുട്ടിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. (പ്രകാശത്തിന്റെ അഭാവമല്ല യഥാര്‍ത്ഥത്തില്‍ അന്ധതയെന്ന നാം മസ്സിലാക്കണം. ഇരുട്ടിലും നിങ്ങളുടെ റോഡ്കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.) കോണ്‍ കോശങ്ങള്‍ പേരുപോലെ കോണ്‍ ആകൃതിയിലാണിരിക്കുന്നത്. ഈ നീളന്‍ കോശങ്ങളുടെ ഒരറ്റത്ത് കാഴ്ചയെ സഹായിക്കുന്ന രാസവസ്തുക്കളുണ്ട് - വിഷ്വല്‍ പിഗ്മന്റുകള്‍. ജീവകം-എ(വിറ്റാമിന്‍ എ)യും ഓപ്സിന്‍ എന്ന പ്രോട്ടീനും ചേര്‍ന്ന സംയുക്തമാണ് വിഷ്വല്‍ പിഗ്മെന്റ്. പ്രകാശത്തിലെ ഫോട്ടോണ്‍ കണികകള്‍ ഈ പിഗ്മെന്റില്‍ തട്ടുമ്പോള്‍ അതിലെ ഊര്‍ജ്ജകൈമാറ്റ രാസപ്രവര്‍ത്തനങ്ങള്‍ കോശത്തെ ഉത്തേജിതമാക്കുന്നു. പ്രകാശത്തിന്റെ തോതിനനുസരിച്ച് ഉത്തേജനവും വ്യത്യാസപ്പെടും. ഇതനുസരിച്ച് മസ്തിഷ്കത്തിലേക്ക് ഈ കോശങ്ങളയക്കുന്ന സിഗ്നലുകളും വ്യത്യാസപ്പെടുന്നു. അതനുസരിച്ച് നമ്മുടെ ദൃശ്യത്തെ മസ്തിഷ്കം വ്യാഖ്യാനിക്കുന്നു.

മ്യൂട്ടേഷനുകളിലൂടെ സ്വാംശീകരിക്കപ്പെടുന്ന ക്രമാനുഗതമായ മാറ്റങ്ങളിലൂടെയാണ് പരിണാമം സംഭവിക്കുന്നതെന്നു നാം പറഞ്ഞല്ലോ. ഭ്രൂണാവസ്ഥയിലോ അതിനു മുന്‍പോ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് ഒരു ജന്തുവിന്റെ ഘടനയിലോ ശാരീരികപ്രവര്‍ത്തന ക്ഷമതയിലോ ഒക്കെയുള്ള മാറ്റങ്ങളായി പിന്നീട് കാണപ്പെടുന്നത്. പ്രജനനശേഷിയുളള കോശങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മ്യൂട്ടേഷനുകള്‍ പിന്നീട് സന്തതി പരമ്പരകളിലേയ്ക്കും പകരുന്നു. ഇത്തരമൊരു പരിണാമ-മാതൃകയെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ പുനരാവിഷ്കരിക്കുന്നതിനുള്ള പ്രശസ്ത ശാസ്ത്രകാരനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ശ്രമങ്ങളാണ് ബയോമോര്‍ഫ് പ്രോഗ്രാമിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. ബോയോമോര്‍ഫ് എന്നാല്‍ ജൈവരൂപം എന്ന് വാച്യാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇവ ജൈവരൂപങ്ങളല്ല ലളിതമായ ജൈവരൂപങ്ങളുടെ (ഉദാഹരണത്തിന് ഒരു ഷഡ്പദത്തിന്റെ)അയഥാര്‍ത്ഥമായ കംപ്യൂട്ടര്‍ പുനര്‍സൃഷ്ടിയാണ്. ആദ്യമായി ഒരു പൂര്‍വ്വികനെ സൃഷ്ടിക്കുന്നു. ഏറ്റവും ആവശ്യമായ അവയവങ്ങളോ ജൈവപ്രവര്‍ത്തനങ്ങളോ മാത്രമുള്ള ഒരു അടിസ്ഥാന ജീവിയാണ് ഈ പൂര്‍വ്വകന്‍ 2. കണ്ണിനെ സംബന്ധിച്ചാണെങ്കില്‍, പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങളുടെ ഒരു മെത്ത, പ്രകാശത്തെ ഒരു ദിശയിലൂടെ മാത്രം ഈ കോശങ്ങളിലേക്കു കടത്തിവിടാന്‍ സഹായിക്കുന്ന ഒരു സ്ക്രീന്‍ (സ്ക്ളീറ), പ്രകാശ കോശങ്ങളെ പുറംലോകവുമായി നേരിട്ട് സംവദിക്കാന്‍ അനുവദിക്കാതെ അവയ്ക്കുമേല്‍ പരന്നു നില്‍ക്കുന്ന വിട്രിയസ ്മാസ് എന്നു വിളിക്കാവുന്ന (കഞ്ഞിപ്പശപോലുള്ള) പാട, എന്നീ അടിസ്ഥാന ഘടകങ്ങള്‍ ഉള്ള ഒരു പരന്ന തകിടാണ് ഈ പൂര്‍വ്വികന്‍. കണ്ണിന്റെ ഈ പൂര്‍വ്വികന്‍പോലും അല്പം സങ്കീര്‍ണ്ണമാണ്; എന്നാല്‍ നിങ്ങള്‍ക്ക് ഒരു വൃക്ഷശിഖരത്തിന്റെ ശാഖകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണു ബയോമോര്‍ഫ് പ്രോഗ്രാമുപയോഗിച്ചു പഠിക്കേണ്ടതെന്നിരിക്കട്ടെ. ഒരു നേര്‍ത്ത വരമാത്രമാണ് ആദിപൂര്‍വ്വികന്‍ !

ആദിപൂര്‍വ്വിക ജീവിയെ നാം തെരെഞ്ഞെടുത്തുകഴിഞ്ഞു. ഇനി, കമ്പ്യൂട്ടറിന്റെ പരിണാമഭൂമികയില്‍ ഈ പൂര്‍വ്വികന്‍ മാറ്റങ്ങള്‍ക്കു സംഭവിച്ച് പല തലമുറകളിലൂടെ കടന്ന് ഒടുവില്‍ എന്തായിത്തീരുന്നുവെന്നും അറിയണ്ടേ? പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ ഇവിടെയും മ്യൂട്ടേഷനുകള്‍ വേണം. ഒരു ശിഖരത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണെങ്കില്‍ അതില്‍ എത്ര ഉപശാഖകള്‍ ഉണ്ടാകുന്നു, എവിടെയാണുണ്ടാകുന്നത്, എത്രതവണ ആ ഉപശാഖകള്‍ കുറേക്കൂടി ചെറിയ ഉപശാഖകളായി പിരിയുന്നു, കാതല്‍ തടിയും ശാഖയും തമ്മില്‍ ഉണ്ടാക്കുന്ന ആംഗിള്‍ (കോണ്) എത്രയാണ് തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനമായി വേണ്ടത്. ഈ വിവരങ്ങള്‍ അടങ്ങുന്ന കോഡാണ് ജനിതകവസ്തു അഥവാ ഡി.എന്‍.എ. ഈ അടിസ്ഥാന കാര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകള്‍. ഈ മ്യൂട്ടേഷനുകള്‍ക്ക് ആദിപൂര്‍വ്വികന്റെ ഘടനയില്‍ വരുത്താവുന്ന മാറ്റങ്ങളുടെ പരിധികള്‍ മുന്‍കൂര്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കുന്നു. പല തലമുറകളിലൂടെ ഈ പൂര്‍വ്വിക ജീവി കടന്നുപോകുന്നു. മ്യൂട്ടേഷനുകള്‍ അഥവാ, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യഥാര്‍ത്ഥലോകത്തില്‍ ഓരോ തലമുറയിലെ സന്തതികളെയും പ്രകൃതിയുടെ തിരഞ്ഞെടുപ്പിനു വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ജന്തു. അല്ലെങ്കില്‍ കൂടുതല്‍ ശക്തനായ ജന്തു. അതല്ലെങ്കില്‍ കൂടുതല്‍ കാഴ്ചശക്തിയുള്ള ജന്തു, എന്നിങ്ങനെ ഓരോ രംഗത്തെയും, ഓരോ പരിതസ്ഥിതിയിലെയും മികച്ചതിനെ മാത്രം തെരെഞ്ഞെടുക്കുന്ന പ്രകൃതിയ്ക്ക് തുല്യമായ ഒരു ശക്തി നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനും വേണം. ചില സന്ദര്‍ഭങ്ങളില്‍ അത് പ്രോഗ്രാമറുടെ അഭിരുചിയാകാം. മറ്റുചല സന്ദര്‍ഭങ്ങളില്‍ പ്രോഗ്രാമില്‍ത്തന്നെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.

ഇപ്രകാരം ഒരു അജൈവ, അയഥാര്‍ത്ഥ ലോകത്തില്‍ ജൈവലോകത്തിലെ പരിണാമത്തെ -കണ്ണിന്റെപരിണാമചരിത്രത്തെ- പുനര്‍സൃഷ്ടിക്കുക എന്ന വിദ്യയാണ് നില്‍സണും പെല്‍ജറും സാധിച്ചെടുത്തത്. നമ്മള്‍ ആദ്യം പറഞ്ഞ അടിസ്ഥാന ഘടകങ്ങള്‍ മാത്രമുള്ള ഒരു പൂര്‍വ്വിക നേത്രത്തില്‍ നിന്നും ഒരു മത്സ്യത്തിന്റേതിനു സമാനമായ ഒരു കണ്ണിലേക്കുള്ള പരിണാമത്തിന് 1,829 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഓരോ ഘട്ടത്തിലും (ഓരോതലമുറയിലെന്നും പറയാം) ഒരു ശതമാനം വീതം മ്യൂട്ടേഷന്‍ അഥവാ മാറ്റമാണ് നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഒരു ശതമാനം മാറ്റമെന്നത് അടിസ്ഥാനഘടനയിലെ ഏതു ഘടകത്തിനും സംഭവിക്കാം. അത് പ്രകാശ-കോശങ്ങളുടെ "മെത്ത"യുടെ കട്ടികൂട്ടുന്നതാകാം, അല്ലെങ്കില്‍ വിട്രിയസ്മാസ് എന്ന പാടയുടെ കട്ടികൂടുന്നതാകാം അല്ലെങ്കില്‍ സ്ക്ളീറ എന്ന സ്ക്രീനിന്റെ (തകിടിന്റെ) കുഴിവ് വര്‍ദ്ധിക്കുന്നതാകാം. എതു ദിശയിലേക്കും പോകാനുള്ള പരിണാമ സ്വാതന്ത്യ്രം ഈ പ്രോഗ്രാമിനുണ്ട്. പരിണാമപരമായി പുരോഗമിക്കാനും പിന്നോക്കം പോകാനുമുള്ള സ്വാതന്ത്യ്രം നമ്മുടെ കണ്ണുകളുടെ ഓരോ തലമുറയ്ക്കും നല്‍കിയിരുന്നു എന്നര്‍ത്ഥം. 1,829 ഘട്ടങ്ങളിലൂടെ കടന്ന് ഒടുവില്‍ നമ്മുടെ പൂര്‍വ്വികനേത്രം എന്തായി എന്നറിയണ്ടേ? തകിട് കുഴിഞ്ഞ്, ഒടുവില്‍ നാം ആദ്യം കണ്ട പന്തിന്റെ രൂപത്തിലായി. പന്തിന്റെ ഉള്‍ഭാഗത്ത് പ്രകാശകോശങ്ങള്‍ (കോണ്‍, റോഡ് കോശങ്ങള്‍ക്കു തുല്യമായവ) ഒരു മെത്തയായി നിരന്നു. സ്ക്ളീറ എന്ന പുറം തകിടിന് ഒരു സുപ്രധാന മാറ്റം സംഭവിച്ചു. അത് ഉരുണ്ട് പന്ത്പോലെ ആയതൊടൊപ്പം ഒരു വശത്തുമാത്രം ഒരു വിടവ്-പ്രകാശം കടത്തിവിടാനുള്ള ഒരു കുഞ്ഞുതുള- ഉണ്ടായി. അത്യത്ഭുതകരമായ ഒരു കാര്യം കൂടിയുണ്ട്. പ്രകാശകോശങ്ങള്‍ക്കു മേല്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞ വിട്രിയസ്മാസ് എന്ന പാട ഈ പന്തിനകം മുഴുവന്‍ നിറഞ്ഞു. മാത്രമോ പ്രകാശം കത്തിവിടുന്ന സുഷിരത്തിനു തൊട്ടുപിന്നിലായി ഈ വിസ്ട്രിയസ്മാസിന്റെ ഒരു ഭാഗം സാന്ദ്രയാര്‍ന്ന്, ഒരു ലെന്‍സ് ആയി രൂപാന്തരപ്പെട്ടു!

അതേ! പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങള്‍ക്ക് കണ്ണായി രൂപം പ്രാപിക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന ഡാര്‍വീനിയന്‍ പരിണാമ സിദ്ധാന്തത്തിന് അടിവരയിടുകയായിരുന്നു ഈ ബയോമോര്‍ഫ് പ്രോഗ്രാമുകള്‍ 4. യഥാര്‍ത്ഥ ജൈവലോകവുമായി ഈ പരിണാമ മാതൃകയ്ക്കുള്ള സാമ്യം വര്‍ദ്ധിപ്പിക്കാന്‍ ചില സങ്കല്‍പ്പങ്ങള്‍കൂടി പെല്‍ജര്‍,നില്‍സണ്‍ എന്നിവര്‍ ചെയ്തിരുന്നു. ഒരു മ്യൂട്ടേഷന്‍ ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് പോകാനുള്ള സാധ്യത യഥാര്‍ത്ഥലോകത്ത് അമ്പതുശതമാനത്തോളമാണ്. കുറഞ്ഞ ഈ നിരക്കിലുള്ള സാധ്യതയെ അങ്ങനെതന്നെ ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. മാത്രമല്ല പ്രകൃതിനിര്‍ധാരണമാനദണ്ഡങ്ങളനുസരിച്ച്, ഓരോ തലമുറയിലെയും മികച്ച 101 കണ്ണുകളോടൊപ്പം അത്രതന്നെ മികച്ചതല്ലാത്ത 100 കണ്ണുകളും തെരെഞ്ഞെടുക്കപ്പെടുന്നതായി നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ സങ്കല്‍പ്പിച്ചിരുന്നു. ഇതിന് കാരണമുണ്ട്. തങ്ങളുടെ പരിത:സ്ഥിതിയുമായി ഇണങ്ങിയാണ് ഓരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ടു തന്നെ പരിതസ്ഥിതിയില്‍ മാറ്റമില്ലാത്തിടത്തോളം ജീവികളും മാറ്റമില്ലാതെ (പര്യാപ്തരായി) തുടരുന്നു. അത്തരമൊരു അവസ്ഥയില്‍ ഒരു മ്യൂട്ടേഷനെ, അഥവാ ജനിതകവൈജാത്യത്തെ, പ്രകൃതി നിര്‍ധാരണത്തിനു വിധേയമായി തെരെഞ്ഞെടുക്കുക എന്ന പ്രക്രിയ അതീവ സാവധാനത്തിലുള്ളതും സംഭാവ്യത കുറഞ്ഞതുമാണ.് കണ്ണിന്റെ കാര്യത്തിലാണെങ്കില്‍ മികച്ചകാഴ്ച നല്‍കുന്ന കണ്ണുകള്‍ മാത്രമേ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ എങ്കില്‍ ഇന്ന് വിരകളിലും, ഷഢ്പദങ്ങളിലും കാണുന്ന പ്രാകൃത കണ്ണുകളെങ്ങനെ നിലനില്‍ക്കുന്നുവെന്ന ചോദ്യമുണ്ട്. ഈ സാധ്യതയെക്കൂടി കണ്ടുകൊണ്ടാണ് 101 ന് 100 എന്ന അനുപാതത്തില്‍ , മികച്ചതും അല്ലാത്തതുമായ കണ്ണിന്റെ ജൈവരൂപങ്ങളെ (ബയോമോര്‍ഫുകളെ) ഓരോ തലമുറയില്‍ നിന്നും തെരെഞ്ഞെടുപ്പിനു വിധേയമാക്കുവാന്‍ പെല്‍ജറും നില്‍സണും തീരുമാനിച്ചത്.
മ്യൂട്ടേഷന്റെ സാധ്യതയെത്തന്നെ തീരെച്ചുരുക്കുക എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഓരോ തലമുറയിലും ഏതെങ്കിലുമൊക്കെ ഘടകങ്ങളില്‍ ഒരു ശതമാനം വീതം മാറ്റം സംഭവിക്കുന്നുവെന്ന് മാനദണ്ഡം വച്ചപ്പോള്‍ 1,829 ഘട്ടങ്ങള്‍/തലമുറകള്‍ വേണ്ടിവന്നു. ആധുനിക കണ്ണിന്റെ ആവിര്‍ഭാവത്തിന്. ഈ സാധ്യത 0.005% ആക്കുമ്പോള്‍ തലമുറകളുടെ എണ്ണം 3,64,000 ആയി വര്‍ദ്ധിക്കും. 0.005% എന്ന മ്യൂട്ടേഷന്‍ സാധ്യതയെക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥലോകത്തിലെ മ്യൂട്ടേഷന്‍ സാധ്യതയെന്നോര്‍ക്കണം. എന്നിരുന്നിട്ടും ഇത്രയും കുറഞ്ഞൊരു നിരക്ക് വയ്ക്കാന്‍ കാരണമുണ്ട്. കണ്ണ് പോലെ അതിസങ്കീര്‍ണ്ണമായ ഒരു അവയവം ഡാര്‍വീനിയന്‍ തത്വമനുസരിച്ച് പരിണമിച്ച് ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടുന്ന സമയമൊന്നും ജീവികളുടെ ഭൂമിയിലെ ചരിത്രത്തിലില്ല എന്ന ആരോപണം പരിണാമവിരോധികളുടെ ശക്തമായ ഒരായുധമാണ്. ഈ ഒരു ആരോപണം നിലനില്‍ക്കെ വികാസം പ്രാപിച്ച ഒരു ആധുനിക നേത്രം ബയോമോര്‍ഫ് പ്രോഗ്രാമിലൂടെ ഉരുത്തിരിയാനുള്ള സാധ്യതകളെ പരമാവധി കുറയ്ക്കുകയും അതിനു വേണ്ടുന്ന സമയത്തെ പരമാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. എന്നിട്ടും 3,64,000 തലമുറളെ വേണ്ടിവന്നുള്ളൂ, ഇത്തരമൊരു കണ്ണ് പരിണമിച്ചുണ്ടാകാന്‍. നമമുടെ ആദിപൂര്‍വ്വിക നേത്രത്തിനു സമാനമായ കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ മിക്കയിനം വിരകള്‍ക്കും, ചില പ്രാചീന ഷഡ്പദങ്ങള്‍ക്കും ഉണ്ട്. ഇവയുടെ പ്രജനനകാലയളവ് നോക്കിയാല്‍ ഒരു തലമുറയില്‍ നിന്നും മറ്റൊന്നുണ്ടാവാനുള്ള സമയം ഒരു വര്‍ഷത്തിലും താഴെയാണ്. ഒരു വര്‍ഷം എന്ന് കണക്കിയാല്‍പോലും അഞ്ചുലക്ഷത്തില്‍ത്താഴെ മാത്രമേ വരൂ, ഈ സമയം! ഓരോ തലമുറയിലും വരുന്ന പ്രജനന ശേഷിയുടെ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടാണിത്. ഒരു നാടവിര 34,000 മുതല്‍ 40,000 വരെ മുട്ടകള്‍ ഒറ്റയിരിപ്പിനിടും. ഈ വ്യത്യാസങ്ങളൊക്കെ കണക്കിലെടുത്താല്‍ അഞ്ചുലക്ഷം എന്നത് വീണ്ടും കുറയാനാണു സാദ്ധ്യത. പക്ഷേ മ്യൂട്ടേഷന്റെ നിരക്കും അത് തലമുറകളിലൂടെ കൈമാറുന്നതിനുള്ള സാധ്യതയും വളരെ കുറഞ്ഞതാണ്. യഥാര്‍ത്ഥ ലോകത്തിലെ ഈ സാധ്യതകളെക്കൂടി കണക്കിലെടുത്താല്‍ പോലും ഒരു ആധുനിക നേത്രം ഉരുത്തിരിഞ്ഞുവരാന്‍ പത്തുലക്ഷം വര്‍ഷത്തില്‍ത്താഴെ മാത്രം സമയം മതി എന്നു കാണാം. ഭൂമിയിലെ ജീവന്റെ ചരിത്രത്തിന് 400 കോടിയ്ക്കടുത്ത് വര്‍ഷങ്ങള്‍ പഴക്കമുണ്ട്; ആവശ്യമായതിന്റെ നാലായിരം ഇരട്ടി വര്‍ഷങ്ങള്‍ !!
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)