The contents of this blog and the language used herein are "mature" and suited only for "grown-ups".

Feb 10, 2010

സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍

ഭാരതപൈതൃകത്തിന്റെ ശേഷിപ്പുകള്‍ എന്ന്‍ പൊതുവേ കരുതപ്പെടുന്ന ആദ്ധ്യാത്മിക/മത ഗ്രന്ഥങ്ങളില്‍ നിന്നും ദര്‍ശന/തത്വ സംഹിതകളില്‍ നിന്നുമൊക്കെ മുറിച്ചും പിരിച്ചും ചൂണ്ടിയെടുക്കുന്ന വാചകക്കഷ്ണങ്ങള്‍ കൊണ്ട് മുട്ടന്‍ ഉഡായിപ്പ് "ശാസ്ത്രീയമായി" വിളമ്പുന്ന ഒരു ഫ്രാഡ് വേലക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. വേറാരുമല്ല, ആളിനെ നിങ്ങക്കറിയാം - ചീഞ്ഞ മതാചാരങ്ങള്‍ക്കും ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ക്കും വ്യാഖ്യാനം ചമച്ച് ആധുനിക സയന്‍സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം "ദേ ഞമ്മട കിത്താബിലുണ്ടേ" എന്ന് വിളമ്പുന്ന ഉത്തരാധുനിക ടെലി ഇവാഞ്ചലിസ്റ്റ് സാക്ഷാല്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍ !

ആശാന്റെ ഉഡായിപ്പുകള്‍ ഇപ്പോള്‍ പീസ് പീസായി യൂട്യൂബില്‍ വരുന്നുണ്ട്- ആശാന്റെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് (IISH) എന്ന സ്ഥാപനം അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളായി.

എഷ്യാനെറ്റ് കേബിള്‍ വിഷന്‍, അമൃതാടീവി ചാനലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന "ഡോക്ടര്‍"ഗോപാലകൃഷ്ണന്റെ ഹൈന്ദവ ഇവാഞ്ചലിസം ഇനി ഭൗതികതയിലും ലൗകികതയിലും പെട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന വിദേശമലയാളിക്കുഞ്ഞുങ്ങള്‍ക്കും അവരുടെ "ഭാഗവതം" വായിക്കാന്‍ സമയം കിട്ടാതെ "life" ആകെ "empty" ആയിപ്പോയ തന്ത-തള്ളാര്‍ക്കും, കേട്ട് കുളിരാം. "തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയാഘാതം വരും", "പൗഡറിട്ടാല്‍ ക്യാന്‍സര്‍ വരും", "കെടാക്കപ്പായേന്ന് എണീറ്റുടനെ രണ്ട് ഗ്ലാസുവെള്ളം കുടിച്ചാല്‍ സ്ട്രോക്കും അറ്റാക്കും വരാതെ നോക്കാം" എന്ന് തുടങ്ങുന്ന മഹത്തായ സചിത്ര e-mail-കള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് പോലും നോക്കാതെ ഫോര്‍വേഡ് ചെയ്ത് ലോകത്തിന്റെ ആരോഗ്യവിജ്ഞാനത്തെ അനുനിമിഷം സമ്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ബംഗളൂരൂ-ഹൈദ്രാബാദി-മൈസൂറിയന്‍ പ്രൊഫഷനലുകള്‍ക്കും, "ജപ്പാനിലെ ഏതോ മൈക്രോചിപ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ സ്ത്രീകള്‍ ആര്‍ത്തവമുള്ളപ്പോള്‍ കൈകാര്യം ചെയ്ത ചിപ്പ് മുഴുവന്‍ അടിച്ചു പോയി" എന്ന് ഉളുപ്പില്ലാതെ ഒരു ടോക് ഷോയില്‍ അടിച്ചുവിടാനും മാത്രം ഔദ്ധത്യമുള്ള ന്യൂറോസര്‍ജ്ജന്മാര്‍ക്കും ഇനി അഭിമാനത്തിന്റെ നാളുകളായിരിക്കും ! പ്രാചീന ഇന്ത്യയിലെ സംസ്കൃതചിത്തങ്ങളില്‍ നിന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ഡാര്വീനിയന്‍ പരിണാമസിദ്ധാന്തവുമൊക്കെ നുള്ളിപ്പെറുക്കിക്കൊടുക്കാന്‍ നമുക്കും ഉണ്ടായിരിക്കുന്നു ഒരു "ശാസ്ത്ര-ജ്ഞന്‍".... അതും “അനേകം” പി.എഛ്.ഡിയും എണ്ണമില്ലാത്തത്ര പേറ്റന്റുകളും ഉള്ള ഒരു ബയോക്കെമിസ്ട്രി വിദഗ്ധന്‍ ! ആനന്ദ ലബ്ധിക്കിനി എന്തര് വ്യേണം ?

ആശാന്റെ ഒരു ഉഡായിപ്പ് പ്രസംഗം ഈയിടെ ഒരു സുഹൃത്ത് അയച്ചുതന്ന് കേള്‍ക്കാനിടയായി. പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ എത്രയോ വികസിതമായിരുന്നു എന്ന്‍ സ്ഥാപിക്കലാണ് വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷന്‍ പോലും ഇവിടെയെങ്ങാണ്ട് ഉണ്ടായിരുന്നില്ലേ എന്ന് കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയില്‍ തോന്നും... അമ്മാതിരി കീച്ചാണ്..... സംസ്കൃതം കൊണ്ട് വയറിളക്കം... ഇംഗ്ല്ലീഷു കൊണ്ട് ഹാലിളക്കം... സയന്‍സ് കൊണ്ട് പടയിളക്കം.... ആകെ മൊത്തം ജഗപൊഗ....

ഒരുപാടൊന്നും വാരിവലിച്ച് എഴുതുന്നില്ല...അണ്ണന്റെ ഈ കൊടുത്ത വിഡിയോ പീസില്‍ നിന്ന് രണ്ടേ രണ്ട് ശ്ലോകങ്ങളും വ്യാഖ്യാനവും മാത്രം പറയാം, സംഭവം എന്തരാണെന്ന് വായനക്കാര്‍ക്ക് പിടികിട്ടും. ഒന്നാമത് അണ്ണന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പതഞ്ജലിയുടെ യോഗശാസ്ത്രം ശാസ്ത്രം എന്ന് പറയുന്നത് ശരിക്കും യോഗ സൂത്രങ്ങള്‍ എന്ന സംഹിതയെയാണ് (collected work). ഗണപതിക്ക് വച്ചതേ കാക്ക കൊണ്ടുപോയി ! അത് പോട്ടെ, ബാക്കി നോക്കാം.

ആദ്യം പരിണാമസിദ്ധാന്തം പതഞ്ജലീ "യോഗശാസ്ത്ര"ത്തില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ ഗോപാലകൃഷ്ണന്‍ സാറ് കീച്ചുന്ന വരി നോക്കാം:

"ജാത്യന്തര പരിണാമ പ്രകൃത്യപൂരാത് " എന്ന് ഡോ: ഗോപാലകൃഷ്ണന്‍ വെടിപ്പൊട്ടിക്കുന്നത് കേട്ട് കോള്‍മയിരുകൊള്ളണം. ആശാന്‍ പറയുന്നതനുസരിച്ച് ഇത് പതഞ്ജലീ "യോഗശാസ്ത്ര"ത്തിലെ അധ്യായം- 3, വാക്യം 11 ആണ്.... ആഹാ ആഹഹാ... ഠോ !

എന്നാല്‍ ശരിക്കും ഇത് പതഞ്ജലീ യോഗസൂത്രത്തിലെ 'കൈവല്യ പാദം' എന്ന അധ്യായം 4ലെ 2-ആം വാക്യമാണ്. ഗോപാലകൃഷ്ണന്‍ വ്യാഖ്യാനിച്ച് മറിക്കുന്ന വാചകം ഇങ്ങനെ ഒറ്റയ്ക്കെടുത്ത് കടുകുവറുക്കാതെ അതിനു മുന്നിലും പിന്നിലുമായി ഉള്ളതും കൂടി നോക്കിയാലേ വരികളില്‍ കര്‍ത്താവുദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാവൂ .

ഏതാണ്ട് ക്രി.മു 100 നും 500നും ഇടയ്ക്ക് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ ഒരു സംഹിതയാണ് പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍. ബുദ്ധമതത്തിന്റെ സാംഖ്യപാരമ്പര്യവുമായി സാമ്യം സുവ്യക്തം. കൈവല്യപാദമെന്ന അധ്യായം വിവരിക്കുന്നത് യോഗസാധനയിലൂടെ 'മുക്തി' അഥവാ പരമമായ അറിവിന്റെ / ആനന്ദത്തിന്റെ അവസ്ഥ കൈവരിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റിയാണ്. ഈ അധ്യായം പ്രധാനമായും മനസ്സും യോഗിയുടെ ഉച്ചാവസ്ഥയിലെ ബോധവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഫിലോസഫികള്‍ ചര്‍ച്ചചെയ്യുന്നു. ആത്മജ്ഞാനം നേടുന്ന മനുഷ്യന്‍ മനുഷ്യപ്രകൃതിയുടെ പൂര്‍ത്തീകരണമാണ് നേടുന്നത് എന്ന കഠോപനിഷത്തിന്റെയും ഭഗവദ് ഗീതയുടെയും ശ്വേതാശ്വതരോപനിഷത്തിന്റെയുമൊക്കെ ആശയങ്ങളിലാണ് പ്രസ്തുത അധ്യായം ഊന്നുന്നത്. അദ്വൈത സിദ്ധാന്തത്തിന്റെ പൂര്‍വരൂപങ്ങളാണ് ഇവയെന്നും തത്വത്തില്‍ പറയാം.

പ്രസക്ത വരികള്‍ ഇങ്ങനെ :

*1. ജന്മൗഷധിമന്ത്രതപഃ സമാധിജാഃ സിദ്ധായഃ.2. ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാത്. 3.നിമിത്തമപ്രയോജകം പ്രകൃതീനാം വരണഭേദസ്തു തതഃ ക്ഷേത്രികവത്. 4.നിര്‍മ്മാണചിത്താന്യസ്മിതാമാത്രാത്. 5.പ്രവൃത്തിഭേദേ പ്രയോജകം. ചിത്തമേകമനേകേഷാം 6. തത്ര ധ്യാനജമനാശയം. 7.കര്‍മ്മ അശുക്ലാകൃഷ്ണം യോഗിനഃ ത്രിവിധമിതരേഷാം. 8.തതസ്തദ്വിപാകാനുഗുണാനാമേവാഭി വ്യക്തിര്‍വാസനാനാം [...] (അധ്യായം 4 : 1 - 8, പാതഞ്ജലയോഗസൂത്രങ്ങള്‍ വ്യാസഭാഷ്യം)

ഭാവാ‍ര്‍ത്ഥം : 1.ജന്മം കൊണ്ടോ, ഔഷധപ്രയോഗം കൊണ്ടോ, മന്ത്രം കൊണ്ടോ, തപസ്സു കൊണ്ടോ സമാധിയിലൂടെയോ ഒക്കെ സിദ്ധികള്‍ നേടാം. 2.(ആന്തരിക) പ്രകൃതിയെ പൂര്‍ത്തീകരിക്കുകവഴി മറ്റൊരു ജന്മരൂപത്തിലേയ്ക്ക് (ജാതി=ജനിച്ച) മാറുന്നു. പല ജന്മങ്ങളെടുത്ത് കര്‍മ്മങ്ങളിലൂടെ പ്രകൃതിയുടെ നിയമങ്ങളെ പൂര്‍ത്തീകരിച്ച് പടിപടിയായി പരമപദത്തിലേയ്ക്ക് ഉയരുന്നതിനെപ്പറ്റിയാണ് ഇതെന്ന് യോഗസൂത്രവുമായി ദാര്‍ശനികമായ സാമ്യമുള്ള ഭഗവദ് ഗീതയും കഠോപനിഷത്തും പോലുള്ള ഗ്രന്ഥങ്ങളിലെ ആശയങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കാണാം‍. യോഗസൂത്രത്തിലെ മുന്നധ്യായങ്ങളും ഇതുതന്നെയാണ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് 3. (ആന്തരിക പ്രകൃതിയുടെ ഈ പൂര്‍ത്തീകരണം) യാദൃച്ഛികമായല്ല സംഭവിക്കുക. അതിനു കര്‍ഷകന്‍ ചിറപൊളിച്ച് വെള്ളം തുറന്നുവിടുമ്പോലെ തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. 4. ചിന്തകളുടെ ‘മനസ്സ്’ ഉണ്ടാകുന്നത് ‘ഞാന്‍’ എന്ന ബോധത്തില്‍ നിന്നാണ്. 5. (ചിന്തകള്‍ നിറഞ്ഞ) മനസ്സിന്റെ പ്രവര്‍ത്തികള്‍ പലതാണെങ്കിലും അവയുടെ നിയന്ത്രണം ഒരേ ബോധത്തിനു തന്നെയാണ്. 6. ഇങ്ങനെയുള്ള (അനേകപ്രവര്‍ത്തികള്‍ ചെയ്യുന്ന, അനേക ചിന്തകള്‍ നിറഞ്ഞ) മനസ്സുകളില്‍ ധ്യാനത്തില്‍ നിന്ന് ഉരുവാകുന്ന മനസ്സ് ‘ശൂന്യ’മാകുന്നു (കര്‍മ്മവാസനകള്‍ ഇല്ലാത്ത എന്ന് വ്യംഗ്യം). 7. യോഗിയുടെ കര്‍മ്മങ്ങള്‍ കറുത്തതോ വെളുത്തതോ അല്ല. എന്നാല്‍ മറ്റുള്ളവരുടേത് മൂന്ന് വിധത്തിലായിരിക്കും (ശുക്ലം,കൃഷ്ണം, ശുക്ലകൃഷ്ണം എന്നിങ്ങനെ മൂന്ന് വിധമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യാഖ്യാനിക്കാം). 8. (ത്രിവിധങ്ങളായ) ആ കര്‍മ്മങ്ങളനുസരിച്ച് അതാതു വാസനകള്‍ പാകപ്പെട്ട് തെളിഞ്ഞുവരുന്നു. [...]
*ചുവപ്പില്‍ അടയാളപ്പെടുത്തിയതാണ് ഗോപാലകൃഷ്ണന്‍ മുറിച്ച് വച്ച് ഉദ്ധരിക്കുന്ന വാചകം.

ഇതില്‍ പരിണാമസിദ്ധാന്തവുമില്ല, ഡാര്‍വിനിസവുമില്ല... ആകെ കാണുന്നത് ഇന്ത്യന്‍ ആധ്യാത്മിക തത്വചിന്തകളുടെ സ്ഥിരം വിഷയമായ പ്രകൃതി-പുരുഷന്‍-ചിത്തം-ചിത്തവൃത്തിനിരോധം-ആത്മജ്ഞാനം എന്നിവയെപ്പറ്റിയുള്ള രസകരമായ ചര്‍ച്ച മാത്രമാണ്. ഇതില്‍ നിന്ന് തനിക്ക് വേണ്ടുന്ന ഒരു കഷ്ണം മാത്രം ചുരണ്ടിയെടുത്താണ് അതിനെ ഗോപാലകൃഷ്ണന്‍ ഡാര്‍‌വീനിയന്‍ പരിണാമമെന്നൊക്കെ വ്യാഖ്യാനിക്കുന്നത് !

അടുത്തത് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം (Heisenberg's Uncertainty Principle). ശരിക്കും ഈ സിദ്ധാന്തത്തെ ഒറ്റവരിയാക്കിയാല്‍ ഇങ്ങനെയിരിക്കും : ഒരു വസ്തുവിന്റെ സ്ഥാനവും മൊമെന്റവും ഒരേ സമയം അളക്കുമ്പോള്‍ അവയുടെ കൃത്യത എന്നത് പരിമിതമായിരിക്കും. മറ്റൊരുരൂപത്തില്‍ പറഞ്ഞാല്‍ പരിധിയില്ലാത്തത്ര കൃത്യതയോടെ ഇവയെ ഒരേ സമയം അളക്കുക എന്നത് പ്രകൃത്യാ അനുവദനീയമല്ല; ഒന്നിന്റെ അളക്കലില്‍ കൃത്യത വര്‍ദ്ധിക്കുന്നതനുസരിച്ച് മറ്റേതിന്റെ കൃത്യത കുറയും. ഇതിന്റെ ദാര്‍ശനികാര്‍ത്ഥങ്ങളെപ്പറ്റിയൊക്കെ കൂടുതല്‍ വിശദമായി ദാ ഇവിടെ സി.കെ ബാബുമാഷ് എഴുതിയത് വായിക്കാം.

ഗോപാലകൃഷ്ണന്റെ അഭിപ്രായത്തില്‍ ഹൈസന്‍ ബര്‍ഗ് അനിശ്ചിതത്വ സിദ്ധാന്തം പതഞ്ജലീ യോഗ“ശാസ്ത്ര”ത്തിലെ 6-ആം അധ്യായത്തിലുണ്ടത്രെ. അത് ഈ വാക്യത്തിലാണ് മൂപ്പര്‍ കാണുന്നത് : “ഏക സമയേ ച ഉഭയാന്‍ അനവധാരണം”.

ഈ വാചകം 6-ആം അധ്യായത്തിലല്ല. പതഞ്ജലിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന യോഗസൂത്രങ്ങളില്‍ ആകെ 4 അധ്യായങ്ങളേ ഉള്ളൂ -സമാധി, സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ 4 പാദങ്ങള്‍. ഗോപാലകൃഷ്ണന് പി.എഛ്.ഡികള്‍ സെക്കന്റ് വച്ച് കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ട് ആറോ എട്ടോ അധ്യായമൊക്കെ ആക്കാമാരിക്കും !

ഡോ: ഗോ.കൃ ഉദ്ധരിച്ച് പിടിച്ച വാക്യം ഏതായാലും 4-ആം അധ്യായത്തിലെ 20-ആമതായി വരുന്ന ഐറ്റമാണ്. മുകളില്‍ “പരിണാമസിദ്ധാന്തം” കണ്ടുപിടിച്ച അതേ നമ്പരിലൂടെത്തന്നെയാണ് സാറ് ഇതും തപ്പിയിരിക്കുന്നത്. അതുകൊണ്ട് നമുക്ക് ഈ പറയുന്ന വരിയുടെ മുകളിലും താഴെയുമായി പതഞ്ജലി എന്തരക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. അപ്പഴേ സംഗതീട കെടപ്പ് പിടികിട്ടൂ.

15.വസ്തുസാമ്യേ ചിത്തഭേദാത് തയോര്‍‌വിഭക്തഃ പന്ഥാഃ. 16.ന ചൈകചിത്തതന്ത്രം വസ്തു തദപ്രമാണകം തദാ കിം സ്യാത്. 17.തദുപരാഗാപേക്ഷിത്വാച്ചിത്തസ്യ വസ്തു ജ്ഞാതാജ്ഞാതം. 18.സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത് പ്രഭോ. പുരുഷസ്യാപരിണാമിത്വാത്. 19.ന തത് സ്വാഭാസം ദൃശ്യത്വാത്. 20.ഏക സമയേ ച ഉഭയേ അനവധാരണം. 21. ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതിപ്രസംഗഃ സ്മൃതിസങ്കരശ്ച. 22.ചിതേരപ്രതിസംക്രമായാഃ തദാകാരാപത്തൗ സ്വബുദ്ധി സം‌വേദനം.23.ദ്രഷ്ടൃ ദൃശ്യോപരക്തം ചിത്തം സര്‍‌വാര്‍ത്ഥം.  24.തദസംഖ്യേയവാസനഅഭിശ്ചിത്രമപി പരാര്‍ത്ഥം സംഹത്യകാരിത്വാത്. 25.വിശേഷദര്‍ശിന ആത്മഭാവഭാവനാനിവൃത്തിഃ [....] (അധ്യായം 4: 15 - 25, പാതഞ്ജലയോഗസൂത്രങ്ങള്‍ വ്യാസഭാഷ്യം)

ഭാവാര്‍ത്ഥം :15. ഓരോ മനസിനും (ചിത്തം) വ്യത്യസ്തമായ കാഴ്ചാരീതിയായതിനാല്‍ ഒരേ വസ്തുവിനെ വ്യത്യസ്ത മനസ്സുകള്‍ വേറേയായി കാണുന്നു. 16. എന്നാല്‍ വസ്തു അതിനെ കാണുന്ന മനസിനെ ആശ്രയിച്ചല്ല നില്‍ക്കുന്നത്, അല്ലായിരുന്നെങ്കില്‍ മനസ്സ് കാണാത്ത വസ്തുക്കള്‍ക്ക് നിലനില്‍പ്പില്ലെന്ന് വരില്ലേ? 17.വസ്തുക്കള്‍ മനസിനു നല്‍കുന്ന പ്രതിബിംബമനുസരിച്ച് (നിറമനുസരിച്ച് എന്നും വ്യാഖ്യാനമുണ്ട്) അവ ജ്ഞാതമോ അജ്ഞാതമോ ആകാം (വസ്തുവിന്റെ പ്രോപ്പര്‍ട്ടിയനുസരിച്ച് മനസ് അതിനെ തിരിച്ചറിയുന്നു എന്ന് വ്യംഗ്യം). 18.മനസിന്റെ,ചിത്തത്തിന്റെ അധിപനും(പ്രഭു) മാറ്റമില്ലാത്തവനുമായ ആത്മാബോധം (പുരുഷന്‍) എല്ലായ്പ്പോഴും മനസിന്റെ പ്രവര്‍ത്തികളെക്കുറിച്ച് അറിവുള്ളവനാണ്. 19. മനസ് ബോധത്തിനു ദൃശ്യമാണ്, അത് സ്വയം പ്രകാശിക്കുന്നില്ല (ആത്മബോധം/പുരുഷന്‍ മാത്രമാണ് സ്വയം പ്രകാശിക്കുന്നത് എന്ന് വ്യംഗ്യം). 20.മനസിന് ഒരേ സമയം രണ്ടും ഗ്രഹിക്കാനുള്ള കഴിവില്ല. അതായത്, ബോധത്തെപ്പോലെ മനസിന് ഒരേസമയം സ്വയം തിരിച്ചറിയാനും മറ്റ് വിഷയങ്ങളെ ഗ്രഹിക്കാനും പറ്റില്ല എന്ന്. 21. ഒരു മനസ്സിനെ നോക്കിക്കാണാന്‍ മറ്റൊരു മനസ്സിനെ ഏല്‍പ്പിക്കുക എന്നാല്‍ ബുദ്ധിയെ അപഗ്രഥിക്കാന്‍ വേറൊരു ബുദ്ധി എന്ന മട്ടില്‍ ബുദ്ധികളുടെ ഒരു നീണ്ട നിര (infinite regression) ഉണ്ടാകും. ഇത് സ്മൃതികളുടെ കൂട്ടിക്കുഴച്ചിലിനിടയാക്കും. (ഒരു വ്യക്തിയിലെ മനസ് ഏകവും അവിഭക്തവുമാണ്, ഒരു മനസിനെ നിയന്ത്രിക്കാന്‍ മറ്റൊരു മനസ് എന്നൊന്നില്ല എന്ന് വ്യംഗ്യം). 22. മനസ്സ് എപ്പഴാണോ മാറ്റമില്ലാത്ത ആത്മബോധത്തിന്റെ പദത്തിലേയ്ക്ക് ഉയരുന്നത് അപ്പോള്‍ സ്വന്തം ബുദ്ധിയെക്കൂടി 'അനുഭവി'ക്കാന്‍ തുടങ്ങും (ആത്മജ്ഞാനാവസ്ഥയില്‍ സ്വന്തം ചിത്തവൃത്തികളെയും ബുദ്ധിയെയും ശരീരത്തില്‍ നിന്ന് വേറിട്ട ഒരു അവസ്ഥയിലിരുന്ന് നോക്കികാണാനും അപഗ്രഥിക്കാനുമാവും എന്ന് വ്യംഗ്യം). 23. അങ്ങനെ (ഉള്ളിലെ) ആത്മബോധത്തിന്റെയും, (ബാഹ്യലോകത്തെ) നോക്കുന്ന വസ്തുവിന്റെയും നിറം കലരുന്ന മനസിന് അതു നോക്കിക്കാണുന്ന സര്‍‌വതിലും അര്‍ത്ഥം കണ്ടെത്താനുള്ള കഴിവ് ലഭിക്കുന്നു. 24. അസംഖ്യം വാസനകള്‍ മൂലം വിചിത്രമായതാണ്, നാനാരൂപത്തോടുകൂടിയതാണ്, ആ മനസ്സ് എങ്കിലും ഇവയെല്ലാമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ അത് ആത്മബോധത്തിന് വേണ്ടിയാണ് ജോലിചെയ്യുന്നത് എന്ന് പറയാം.25. ഇവയുടെ - മനസ്സും ആത്മബോധവും തമ്മിലുള്ള - വ്യത്യാസത്തെ വേര്‍തിരിച്ച് കാണാന്‍ കഴിയുന്നവര്‍ക്ക് 'ഞാന്‍' എന്ന ഭാവവും ചിന്തയും ഇല്ലാതാകുന്നു [...]

*ചുവപ്പില്‍ അടയാളപ്പെടുത്തിയതാണ് ഗോപാലകൃഷ്ണന്‍ മുറിച്ച് വച്ച് ഉദ്ധരിക്കുന്ന വാചകം.

കാന്‍സ് ഫെസ്റ്റിവലില്‍ അവാര്‍ഡുകിട്ടിയ സം‌വിധായകന്‍ കമ്പിപ്പടം പിടിക്കാന്‍ പോകുന്നതിനേക്കാള്‍ കഷ്ടമാണ് ഈ പി.എഛ്.ഡികളൊക്കെ കിട്ടിയ ഗോപാലകൃഷ്ണന്‍ ഈ സ്കൂള്‍ നിലവാരത്തിലുള്ള ശാസ്ത്ര തത്വത്തെ ഇങ്ങനെ വ്യഭിചരിക്കുന്നത് (ഇദ്ദേഹത്തിനു ഈ ഡിഗ്രികള്‍ കൊടുത്ത യൂണിവേഴ്സിറ്റികള്‍ക്ക് ഈ വിഡിയോ താല്പര്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കാവുന്നതാണ്).
പാ‍ഠസന്ദര്‍ഭത്തില്‍ നിന്ന് പരിപൂര്‍ണമായും അടര്‍ത്തിമാറ്റിയുള്ള ടിയാന്റെ ഈ വ്യാഖ്യാന കസര്‍ത്ത് ഏതാണ്ട് എല്ലായിടത്തും കേള്‍ക്കാം.ടിയാന്‍ എഴുതിയ പുസ്തകങ്ങളിലും ഈ വക ഉഡായിപ്പുകള്‍ ധാരാളം ഉണ്ട്. കേട്ടിരിക്കുന്നവനു മാത്രമല്ല, പറയുന്ന ഇങ്ങേര്‍ക്കും സംസ്കൃതം അറിയില്ല. സംസ്കൃതം മാത്രമല്ല, താന്‍ ഉദ്ധരിക്കുന്ന പുസ്തകത്തിലെ ആ പ്രത്യേക വരിയൊഴിച്ച് വേറൊരു വസ്തുവും അതില്‍ നിന്ന് വായിച്ചിട്ടുമില്ല, ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് എന്ത് മാങ്ങാണ്ടിയെപ്പറ്റിയാണെന്ന്‍ പോലും വിവരവുമില്ല എന്നാണ് നോക്കിയേടത്തോളം ഈയുള്ളവനു മനസ്സിലായത്. അഞ്ജനം, മഞ്ഞള്, വെളുപ്പ്......

പിന്‍വിളി : ഗോപാലകൃഷ്ണന്‍ സാറിന്റെ അക്രമവ്യാഖ്യാനത്തെ പരിഹസിക്കുമ്പോഴും പതഞ്ജലി എന്ന ‘ദാര്‍ശനിക’നോട് തെല്ലും നീരസം വേണ്ട. ഇന്നത്തെ ശാസ്ത്ര കാഴ്ചപ്പാടില്‍ അസംബന്ധമെങ്കിലും മോഡേണിസ്റ്റ് സാഹിത്യവിമര്‍ശ തിയറികളോടൊക്കെ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കാവുന്ന ഗഹനമായ ഈ ചിന്തകള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ രൂപം നല്‍കിയ ആ അണ്ണന് ഒരു കൈകൂപ്പി സലാം !

Photo credit : http://www.flickr.com/photos/jrd2998/

Suggested Reading :

  • പാതഞ്ജലയോഗസൂത്രഭാഷ്യം - ശങ്കരാചാര്യര്‍ (എഴുതിയതെന്ന് കരുതപ്പെടുന്നത്)
  • രാജയോഗം (പാതഞ്ജലയോഗസൂത്രസഹിതം)- വിവേകാനന്ദന്‍
  • Philosophical Problems of Quantum Physics - Werner Heisenberg
  • Evolution - Mark Ridley

സമാന വിഷയങ്ങളിലുള്ള മറ്റ് പോസ്റ്റുകള്‍