CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 22, 2010

നിഴലുകളില്ലാത്തവന്റെ നിലവിളി

ഞങ്ങളുടെ ക്യാമ്പസ് മാഗസീനായ Portrait-നു വേണ്ടി അയ്യപ്പനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ കുറിപ്പാണ് ഈ സ്കാൻ ചിത്രങ്ങൾ.

ചോദ്യങ്ങൾ പലതും തയാറാക്കിയാണ് കവിയെ സമീപിച്ചതെങ്കിലും എല്ലാ ഇന്റർവ്യൂകളും മൂപ്പർക്ക് ഒരു ‘സദിരി’നുള്ള വകുപ്പാണ് എന്ന് മനസ്സിലാക്കിയതോടെ മദ്യം കുഴച്ച വാക്കുകളിൽ, നിയന്ത്രണങ്ങളില്ലാതെ, ചോദ്യങ്ങളുടെ അതിരുകളില്ലാതെ, അദ്ദേഹത്തെ അലയാൻ വിട്ട് കേട്ടിരിക്കുക എന്നതു മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ.

പലയാവർത്തി പറഞ്ഞ കഥകൾ, ജല്പനത്തോളം -- ചിലപ്പോൾ ബഡായിയോളം -- പോകുന്ന അനുഭവസാക്ഷ്യങ്ങൾ, പരദൂഷണം, വളിപ്പുകൾ ... എന്നിട്ടും ഒന്നും എഡിറ്റ് ചെയ്യാൻ തോന്നിയില്ല ... ഒന്നിലും ഒരു വസ്തുതാപരിശോധനയും ചെയ്യാൻ തോന്നിയില്ല ...  ജീവിതമെന്ന മഹാത്ഭും ഇങ്ങനെ “കൃശഗാത്രനായി പർവ്വതം പോലെ’ നിൽക്കുന്നത് നോക്കി മണിക്കൂറുകളോളം ... പിന്നെ ടൈപ്പാനും ലേഔട്ട് ചെയ്യാനുമിരുന്ന രാത്രികളോളം...
പി.എസ് : എഴുത്തിലെ പൈങ്കിളിത്തം ക്യാമ്പസ് കാലത്തിന്റെ രോഗമായിക്കണ്ട് ക്ഷമിക്കുക. റെക്കോഡ് ചെയ്ത സംഭാഷണം വച്ച് ചോദ്യോത്തരരൂപത്തിൽ ആദ്യം എഡിറ്റൻ അഭിലാഷ് തയ്യാറാക്കിയ സാധനം ഈയുള്ളവനാണ് ഇങ്ങനെ കയറൂരി വിട്ടത്. 7 വർഷത്തിനിപ്പുറം, ഒന്നൂടെ വായിക്കുമ്പം സ്വയം രണ്ട് ചവിട്ടാൻ തോന്നായ്കയില്ല ;)
Credits : മാഗസീൻ എഡിറ്റർ, ഡോ: അഭിലാഷ് കെ.സി; ലേ ഔട്ട്, മധു എം വി, പയ്യന്നൂർ; ചിത്രങ്ങൾ ഡോ: ആശ്ലേഷ് ഓ.പി; മാഗസീൻ : പോർട്രെയ്റ്റ്. പരിയാരം മെഡിക്കൽ കോളെജ് സ്റ്റുഡൻസ് യൂണിയൻ, 2002-03.

Oct 9, 2010

കരിക്കട്ട മുതൽ ഗ്രാഫീൻ വരെ


malayal.am പോർട്ടലിനായി എഴുതിയ ലേഖനത്തിന്റെ പുനഃപ്രകാശം.


ഒരു ചതുരശ്ര മീറ്റർ വരെ പരന്നതും പരിപൂർണമായും സുതാര്യമായതുമായ ഒരു കഷ്ണം തുണി. അതിനു ഭാരം കഷ്ടിച്ച് 1 മില്ലീഗ്രാം ! അതവിടെ ഉണ്ടെന്ന് സൂക്ഷിച്ച് നോക്കിയാൽപ്പോലും നിങ്ങൾക്ക് കാണാനായെന്ന് വരില്ല ! ആ തുണികൊണ്ട് ഒരു ഊഞ്ഞാലുണ്ടാക്കുക, എന്നിട്ടതിൽ 4 കിലോ വരെ ഭാരം തുണി കീറാതെ വയ്ക്കാൻ പറ്റുക... ഒന്നാലോചിച്ചുനോക്കൂ, അത്രയും ബലമുള്ള, സുതാര്യതയും വലിവും ഉള്ള ഒരു തുണിക്കഷ്ണത്തെപ്പറ്റി. അങ്ങനെ ഒരു ഊഞ്ഞാലുണ്ടാക്കാൻ നിങ്ങൾക്ക് പറ്റും - തുണിക്കുപകരം ഒരു ഷീറ്റ് “ഗ്രാഫീൻ ഉപയോഗിച്ചാൽ മതി !

2010ലെ ഭൌതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഈ ഗ്രാഫീനിനെ സംബന്ധിച്ച സുപ്രധാനമായ ചില കണ്ടുപിടുത്തങ്ങൾക്കും ഗവേഷണത്തിനുമാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഒഫ് മാഞ്ചെസ്റ്ററിൽ പ്രഫസർമാരായ ആന്ദ്രെ ഗെയിം (51), കോൺസ്റ്റന്റിൻ നൊവോസലോഫ് (36) എന്നിവർക്കാണ് സമ്മാനം. സമ്മാനത്തുകയായ ഒന്നരദശലക്ഷം ഡോളർ (7.2 കോടി രൂപ) രണ്ടാൾക്കുമായി വീതിച്ചുനൽകും.

എന്നും ശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന കാർബൺ എന്ന ‘മാന്ത്രിക മൂലകവും ഇതോടെ ശ്രദ്ധാകേന്ദ്രമാകുകയാണ്, ഒരിക്കൽക്കൂടി.

കരിക്കട്ട, വജ്രം, നാനോറ്റ്യൂബുകൾ... പിന്നെ ഗ്രാഫീനും

കാർബൺ ആറ്റമുകൾ തമ്മിലുള്ള ബന്ധനത്തിന്റെ സ്ഥായീഭാവവും അങ്ങനെ നിർമ്മിക്കപ്പെടുന്ന ആറ്റമുകളുടെ പാളികൾ തമ്മിലെ ബന്ധനവും ഒക്കെക്കൂടി കാർബണിന് ഒട്ടേറെ അത്ഭുതകരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. പെൻസിലിന്റെ അറ്റത്തെ ഗ്രാഫൈറ്റിന്റെ രൂപത്തിലിരിക്കുമ്പോൾ കാർബണിനു വെറും കരിക്കട്ടയുടെ ബലമേയുള്ളൂ എന്നു നമുക്കറിയാം. എന്നാൽ ഇതേ കാർബൺ ആറ്റങ്ങൾ തന്നെ ഒരു ത്രിമാനഘടനയിൽ നിന്നുകൊണ്ടു ശക്തമായ ബന്ധനങ്ങൾ പ്രകടിപ്പിക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തുക്കളിലൊന്നായ വജ്രമാകുന്നു !
ഇങ്ങനെ ആറ്റമിക ബന്ധനത്തിന്റെ പ്രത്യേകതമൂലം ബലവും കാഠിന്യവും മറ്റ് ഗുണവിശേഷങ്ങളും മാറുന്ന കാർബണിനെ സംബന്ധിച്ച ഏറ്റവും പുതിയ രൂപങ്ങളാണു “ഫുള്ളറീൻ തന്മാത്രയും “കാർബൺ നാനോറ്റ്യൂബുകളും പിന്നെ “ഗ്രാഫീനും.

സാധാരണ പെൻസിലിൽ കാണുന്ന ഗ്രാഫൈറ്റിലെപ്പോലെ ഷഡ്കോണാകൃതിയിലാണ് ഗ്രാഫീനിലെ കാർബൺ ആറ്റമുകൾ തമ്മിൽ ബന്ധനസ്ഥമായിരിക്കുന്നതെങ്കിലും ഈ ‘പുതിയ വസ്തു ഒറ്റ ആറ്റത്തിന്റെ മാത്രം കട്ടിയുള്ള ഒരു ദ്വിമാന ക്രിസ്റ്റലിക ഷീറ്റാണ്. ഇതു സങ്കല്പിക്കാൻ ഏതാണ്ട് കോഴിക്കൂട് കെട്ടാനുപയോഗിക്കുന്ന കട്ടികുറഞ്ഞ കമ്പിവലയെയോ തേനിച്ചക്കൂടിന്റെ ഒരു പാളിയെയോ ഓർത്താൽ മതി.

കുറെയേറെ ഗ്രാഫീൻ ഷീറ്റുകളെ ഒന്നിനുമുകളിലൊന്നായി വളരെ ദുർബലമായ ബന്ധനത്തിൽ അടുക്കിയിരിക്കുന്നതായി സങ്കല്പിച്ചാൽ ഗ്രാഫൈറ്റിന്റെ ഏകദേശരൂപമാകും. ഇതേ ഗ്രാഫീന്റെ ഒരു ഷീറ്റിനെ ഒന്ന് ചുരുട്ടി ഒരു കുഴൽ പോലെയാക്കിയാൽ നിങ്ങൾക്ക് കിട്ടുന്നതാണ് കാർബൺ നാനോറ്റ്യൂബിന്റെ ഏകദേശ രൂപം.“കമ്പിവല-ഘടനയുള്ള ഈ ഷീറ്റിൽ നിന്ന് ഒരു കഷ്ണം മുറിച്ചെടുത്ത് എല്ലാ മൂലകളും വളച്ചുകെട്ടി ഒരു ഫുട്ബോൾ പോലെയാക്കിയാൽ നിങ്ങൾക്ക് “ഫുള്ളറീൻ എന്ന ഭീമതന്മാത്രയും കിട്ടും (ചിത്രം കാണുക).
1940കൾ മുതൽക്കുതന്നെ ഗ്രാഫീനിന്റേതിനു സമാനമായ “ഒറ്റ ആറ്റത്തിന്റെ കട്ടിയുള്ള ക്രിസ്റ്റലിക രൂപഘടന ഭൌതികശാസ്ത്രത്തിൽ പരിചിതമായിരുന്നു. 1960കളിൽ ഇത്തരം ഘടനയുള്ള ചില വസ്തുക്കളെ കണ്ടെത്തുകയും ചെയ്തു. സെല്ലോ ടേപ്പിനു സമാനമായ ഒരു ‘ഒട്ടിപ്പോ ടേപ്പുപയോഗിച്ച് ഗ്രാഫൈറ്റിന്റെ പ്രതലത്തിൽ നിന്ന് ഒറ്റ ആറ്റമിന്റെ കട്ടിയുള്ള പാളിയായി ഇളക്കിയെടുത്താണ് ആന്ദ്രെ ഗെയിമും നൊവോസലോഫും ഗ്രാഫീൻ ഷീറ്റുകൾ 2004ൽ ആദ്യമായി ഉണ്ടാക്കിയത്. ഇത്തരം ആറ്റമികഘടനയുള്ള ഒരു വലിയ ഷീറ്റിനെ വേർപെടുത്തിയെടുത്തതു വഴി ഈ പുതിയ വസ്തുവിന്റെ സവിശേഷതകൾ വിശദമായി പഠിക്കാമെന്നായി. ഒരുപക്ഷേ ഇതുതന്നെയാണ് ഈ വിഷയത്തിൽ ഗെയിം-നൊവോസലോഫ് ടീമിന്റെ ഏറ്റവും വലിയ സംഭാവനയും. ഈ വിദ്യ മുൻപുതന്നെ നിർദ്ദേശിക്കപ്പെട്ടതാണെങ്കിലും വളരെ നേർത്ത ഗ്രാഫൈറ്റ് പാളികളെ സൂക്ഷ്മദർശന സങ്കേതങ്ങളിലൂടെ കണ്ടെത്തി അതിൽ നിന്ന് ഒറ്റപ്പാളിയായി ഗ്രാഫീമിനെ വേർതിരിച്ചെടുക്കുകയായിരുന്നു ഗെയിം-നൊവോസലോഫ് സംഘം. 2005നു ശേഷം ഈ ഗവേഷണവുമായി ബന്ധപ്പെട്ട് ഇറങ്ങിയ 400ൽ‌പ്പരം ഗവേഷണപ്രബന്ധങ്ങൾ ചൂണ്ടുന്നത് ഈ രംഗത്തെ വൻ കുതിച്ചുചാട്ടത്തിലേക്കും ഭാവിസാധ്യതകളിലേക്കുമാണ്.

വരുന്നു, ഗ്രാഫീന്റെ കാലം

ദ്വിമാന ഘടനയിൽ കാർബൺ ആറ്റങ്ങൾ അതിശക്തമായ പരസ്പര ബന്ധനത്തിലാണ് നിൽക്കുന്നത് എന്നത് ഗ്രാഫീനിനെ ലോകത്തിലേക്കും വച്ച് ഏറ്റവും ബലമുള്ള വസ്തുക്കളിലൊന്നാക്കുന്നു, അതേ സമയം തന്നെ ഇത് നന്നായി വലിയുകയും ചെയ്യും. ഒറ്റ കാർബൺ ആറ്റത്തിന്റെ കട്ടി മാത്രമുള്ളതിനാൽ സമ്പൂർണമായും സുതാര്യമാണിത്. അതേസമയം ആറ്റങ്ങൾ ഇടതിങ്ങി ഞെരുങ്ങിയാണ് ബന്ധനത്തിലേർപ്പെട്ട് നിൽക്കുന്നത് എന്നതിനാൽ ഏറ്റവും സൂക്ഷ്മമായ ഹീലിയം വാതകത്തിന്റെ ആറ്റത്തെപ്പോലും ഇത് കടത്തിവിടുകയുമില്ല.
ഗ്രാഫീനെ പ്ലാസ്റ്റിക്കോ ഇപ്പോക്സിയോ പോലുള്ള ഖരങ്ങളുമായി സംയോജിപ്പിച്ചാൽ തീരെ ഭാരമില്ലാത്തതും എന്നാൽ സ്റ്റീലിന്റെ നൂറിരട്ടിയോളം ബലവുമുള്ളതുമായ ഉല്പന്നങ്ങളുണ്ടാക്കാമെന്നത് ഇതിനെ കാറുകൾ, വിമാനങ്ങൾ, റോക്കറ്റ്, സാറ്റലൈറ്റുകൾ തുടങ്ങിയവയിൽ ഉപയോഗയോഗ്യമാക്കുന്നു. ചൂടുതാങ്ങാനുള്ള പ്ലാസ്റ്റിക്കുകളുടെ കഴിവും ഗ്രാഫീൻ സങ്കലനം വഴി വർദ്ധിപ്പിക്കാം. ആറ്റങ്ങളുടെ ഒറ്റപ്പാളി മാത്രമുള്ളതിനാൽ ഗ്രാഫീനു പ്രകാശത്തെ മുഴുവനായും കടത്തിവിടാം. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടച്ച് സ്ക്രീനുകൾ, സോളാർ സെല്ലുകൾ തുടങ്ങിയവയിൽ ഈ ഗുണങ്ങൾ അത്യധികം പ്രയോജനപ്രദമാണ്.

സാധാരണ നിലയിലെ ഗ്രാഫീൻ ഷീറ്റ് വൈദ്യുതി കടത്തിവിടുന്നതിൽ വളരെ പിശുക്കുകാണിക്കുമെങ്കിലും യഥാവിധി ഡോപ്പിംഗ് ചെയ്ത് വൈദ്യുതി കടത്തിവിടാൻ പാകപ്പെടുത്തിയാൽ വളരെ മികച്ച ഊർജ്ജക്ഷമതയുള്ള ഒരു വിദ്യുത്‌ചാലകമാകുമിത്. ഇങ്ങനെ തയ്യാറാക്കപ്പെട്ട ഗ്രാഫീനെ പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ചാൽ ലോഹഭാഗങ്ങളൊന്നുമില്ലാതെ തന്നെ വൈദ്യുതികടത്തിവിടുന്ന വസ്തുക്കളെ ഉണ്ടാക്കാൻ നമുക്കാവും. ഇലക്ട്രോണിക്സ് രംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ഭൂകമ്പം ചില്ലറയല്ലെന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കമ്പ്യൂട്ടറുകളിലും മറ്റുമുപയോഗിക്കുന്ന സിലിക്കോൺ-അധിഷ്ഠിത ട്രാൻസിസ്റ്ററുകളെയും ഗ്രാഫീൻ-അധിഷ്ഠിത ട്രാൻസിസ്റ്ററുകൾ സമീപഭാവിയിൽ തന്നെ പിന്തള്ളും.

അല്പം കളി, ഒത്തിരി കാര്യം

ഗ്രാഫീനു കിട്ടിയ നോബൽ സമ്മാനത്തോടെ ശാസ്ത്രലോകത്ത് തലയെടുപ്പോടെ നിൽക്കുന്ന ആന്ദ്രെ ഗെയിമിനെത്തേടി പത്തു വർഷം മുൻപ് “വിഡ്ഢിപ്പരീക്ഷണങ്ങൾക്ക് നൽകുന്ന ഇഗ്നോബൽ സമ്മാനവും എത്തിയിരുന്നു. നോബൽ സമ്മാനത്തിന്റെ ഒരു ഹാസ്യാനുകരണമെന്നോണം അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ ചില സൊസൈറ്റികൾ ചേർന്നു നൽകുന്നതാണ് ഇഗ്നോബൽ. ശക്തമായ ഒരു കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ഒരു കുഞ്ഞൻ തവളയെ വായുവിൽ ഉയർത്തി നിർത്തി “യോഗാസനം കാണിക്കുന്ന ഒരു പരീക്ഷണപ്രദർശനത്തിനാണ് അന്ന് ഗെയിമിനെ തേടി ഇഗ്നോബൽ എത്തിയത് (ഉദാ: ഈ യൂട്യൂബ് വിഡിയോ കാണാം). തമാശയുളവാക്കുന്ന പരീക്ഷണങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമാണ് ഇഗ്നോബൽ പൊതുവേ നൽകപ്പെടുന്നതെങ്കിലും “ഉഡായിപ്പ് എന്നുവിളിക്കാവുന്ന ചില സിദ്ധാന്തങ്ങൾക്കും ഇഗ്നോബൽ ലഭിക്കാറുണ്ട്.

ഇതേ ശാസ്ത്രജ്ഞർ തന്നെ ഗെക്കോ ടേപ്പ് എന്നു വിളിക്കുന്ന ഒരുതരം സൂപ്പർ സെല്ലോ ടേപ്പും നിർമ്മിച്ച് ഖ്യാതിനേടിയിരുന്നു.പല്ലികൾ (Gecko എന്ന് ആംഗലം) തങ്ങളുടെ കാല്പാദങ്ങൾക്കടിയിലുള്ള സവിശേഷമായ ഒരു “ഒട്ടിപ്പോ സൂത്രം കൊണ്ട് വളരെ മിനുസമേറിയ പ്രതലത്തിലും അള്ളിപ്പിടിച്ചു കയറുന്നതു കണ്ടു പ്രചോദനമുൾക്കൊണ്ടാണ് ഈ കണ്ടുപിടിത്തം ഇവർ നടത്തിയത്. ഒരു ദിശയിൽ അമർത്തിയാൽ ഒട്ടിപ്പോകുകയും, മറുദിശയിൽ വലിച്ചാൽ ഇളകിവരുകയും ചെയ്യുന്ന അതിശക്തമായ ഒട്ടു ശേഷിയുള്ള ടേപ്പുകളാണിവ.

സോവിയറ്റ് റഷയിലെ സോച്ചി നഗരത്തിൽ 1958ൽ ജനിച്ച ആന്ദ്രെ ഗെയിം, റഷൻ ശാസ്ത്ര അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ നിന്നാണ് പി.എച്.ഡി നേടിയത്. റഷയിൽ തന്നെ 1974ൽ ജനിച്ച കോൺസ്റ്റന്റിൻ നൊവോസലോഫ്, 2004ൽ നെതർലന്റ്സിലെ റാഡ്‌ബൌണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ആന്ദ്രെ ഗെയിമിന്റെ കീഴിൽ പി.എച്.ഡി എടുത്തു. ഗെയിം ബ്രിട്ടനിലേക്ക് കുടിയേറിയപ്പോൾ അദ്ദേഹത്തെ പിന്തുടർന്ന് നൊവോസലോഫും അങ്ങോട്ട് പോയി. നിലവിൽ രണ്ടാളും നിലവിൽ യൂണിവേഴ്സിറ്റി ഒഫ് മാഞ്ചെസ്റ്ററിൽ അധ്യാപകരാണ്. ആന്ദ്രെ ഗെയിം മാഞ്ചെസ്റ്ററിന്റെ മീസോ ശാസ്ത്ര-നാനോടെക്നോളജി കേന്ദ്രത്തിന്റെ ഡയറക്റ്റർ കൂടിയാണ്. നോബൽ സമ്മാനം ലഭിച്ച കണ്ടുപിടുത്തത്തിനു പിന്നിൽ റഷയിലെ ചെർണോഗൊലോവ്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോ ഇലക്ട്രോണിക്സിലെ ഗവേഷകർക്കും പങ്കുണ്ടായിരുന്നു.


കൂടുതൽ അറിയാൻ : The Nobel Prize in Physics 2010 - Scientific Background. Nobelprize.org. Last accessed:10 Oct 2010.

.
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)