CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 31, 2008

അബ്രഹാമിന്റെ സന്തതികള്‍

ഇസ്രയേല്‍ - ഫലസ്തീന്‍ വൈരങ്ങളുടെ കനല്‍ വീണ്ടും ജ്വലിക്കുന്നു. സമാനതകളില്ലാത്ത ആക്രമണങ്ങള്‍ വഴി ഒടുങ്ങുന്നത് നിരപരാധികളായ മനുഷ്യരും. രണ്ടുരാജ്യങ്ങളുടെ,1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ ചരിത്രം ചികഞ്ഞ് ഒരു സ്കൂള്‍ കുട്ടിയായി...വെറുതേ...

1517 മുതലുള്ള നാലു നൂറ്റാണ്ടുകള്‍ : പലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ അറബ് സാമ്രാജ്യത്തിന്റെ ഭാഗം.

1831-40 : ഒട്ടോമാന്‍ സുല്‍ത്താന്റെ ജെനറലായിരുന്ന് പിന്നീട് ഈജിപ്തിന്റെ ഭരണം കൈയ്യേറ്റ മുഹമ്മദ് അലിയുടെ ഭരണകാലത്താണ് ഫലസ്തീനിന്റെ ആധുനികീകരണം ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ . അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം പാഷയാണ് ആധുനികചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃതനികുതിനയവും ഭരണസൗകര്യത്തിനായി ജൂത,ക്രൈസ്തവരടക്കമുള്ള തദ്ദേശീയജനപ്രമുഖരെ ഉള്‍പ്പെടുത്തി ഭരണനിര്‍വഹണ സമിതികള്‍ ഉണ്ടാക്കിയത്.

1840കള്‍ : ഇബ്രാഹിം പാഷയുടെ പതനത്തെത്തുടര്‍ന്ന് ഫലസ്തീനില്‍ ഒട്ടോമാന്‍ ഭരണവും പിന്നീട് യൂറോപ്യന്‍ കോളനിവല്‍ക്കരണവും. "താന്‍സിമത്"എന്ന് വിളിക്കപ്പെട്ട ആധുനികീകരണ ശ്രമങ്ങള്‍ തുടരുന്നു.അതോടൊപ്പം ഭരണകേന്ദ്രീകരണവും സാമ്രാജ്യത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമവും.

1853-56 : ക്രിമിയന്‍ യുദ്ധമാരംഭിക്കുന്ന അവസരത്തില്‍ ഏതാണ്ട് അഞ്ചുലക്ഷമായിരുന്നു പലസ്തീന്‍ ജനസംഖ്യ എന്ന് മക് കാര്‍ത്തി. ഭൂരിപക്ഷവും അറബിസംസാരിക്കുന്നവര്‍ . ഏറിയപങ്കും മുസ്ലീമുകളും.പല സെക്റ്റുകളില്‍ പെട്ട ക്രൈസ്തവര്‍ അറുപതിനായിരത്തോളവും ജൂതവിഭാഗക്കാര്‍ ഏതാണ്ട് ഇരുപതിനായിരത്തോളവും ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇവരെക്കൂടാതെ അന്‍പതിനായിരം ഒട്ടോമാന്‍ പടയാളികളും പതിനായിരത്തിനടുത്ത് യൂറോപ്യന്മാരും.

1878 : ഇന്നത്തെ ടെല്‍ അവീവിന്റെ ചുറ്റുവട്ടത്തായി ആദ്യ സയണിസ്റ്റ് കാര്‍ഷികകോളനി ഉയരുന്നു.

1882 : കിഴക്കന്‍ യൂറോപ്പില്‍ നിന്നും പതിനായിരക്കണക്കിനു ജൂതക്കുടിയേറ്റക്കാര്‍ ഫലസ്തീനിലേയ്ക്ക്.

1891 : ജൂതക്കുടിയേറ്റക്കാരുടെ സഹായത്തിനായി ആദ്യ സംഘടന - Jewish Colonization Association (JCA)- ജര്‍മ്മന്‍ ജൂതനായ മൊറീസ് ഡി ഹെര്‍ഷിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

1896 : ജൂതര്‍ക്കായി ഒരു എക്സ്ക്ലൂസീവ് രാഷ്ട്രം ഉണ്ടാവേണ്ടതുണ്ടെന്ന ദീര്‍ഘകാലമായി നില്‍ക്കുന്ന ആശയം തിയോഡര്‍ ഹെര്‍സലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിലൂടെ രാഷ്ട്രീയ ആഹ്വാനമാകുന്നു.

1897-1904 : മേല്പ്പറഞ്ഞ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ജെ.സി.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. സ്വിറ്റ്സര്‍ലന്റില്‍ സ്ഥാപിതമായ ലോകസയണിസ്റ്റ് സംഘടന ഫലസ്തീനി ഒരു ജൂതരാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കുന്നു. Jewish National Fund എന്ന പേരില്‍ ഫലസ്തീനില്‍ ആവശ്യമെങ്കില്‍ ജൂതര്‍ക്കായി ഭൂമി വാങ്ങാനും നീക്കമാരംഭിക്കുന്നു.

1904-1911 : കൂടുതല്‍ ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറുന്നു.ഫലസ്തീനി അറാബ് കര്‍ഷകരുമായി പലയിടങ്ങളിലും സംഘരഷമാരംഭിക്കുന്നു. ജൂതര്‍ ജനസംഖ്യയുടെ 6% ആയി ഉയരുന്നു.
ജൂതകോളനികളെ, വിശേഷിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാരെ ഫലസ്തീനില്‍ വ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ക്രൈസ്തവ ചായ് വുള്ള യൂറോപ്യന്‍ നേതൃത്വങ്ങള്‍ക്ക് ചില സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒന്നാമത്, വിശുദ്ധഭൂമിയായ യെറുശലേമിനു വേണ്ടി മുസ്ലീങ്ങളുമായി നടന്ന പോരാട്ടങ്ങളുടെ ബാക്കിയായ വംശദ്വേഷം. രണ്ടാമത്, 'ഇസ്രായീല്യ'രാല്‍ വിശുദ്ധദേശം നിറയുന്ന ബിബ്ലിക്കല്‍ പ്രവചനത്തിന്റെ (പ്രതീകാത്മക) സാക്ഷാത്കാരം. മൂന്നാമത്, തദ്ദേശീയമായ ഒരുതരം ഉദ്ഗ്രഥനത്തിനും തയ്യാറാവാതെ നൂറ്റാണ്ടുകളായി വേറിട്ടു നില്‍ക്കുന്ന ജൂതരോടുള്ള വ്യംഗ്യമായ വെറുപ്പ്.
1914 : ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.

1917: ബ്രിട്ടന്റെ സെക്രട്ടറി ഒഫ് സ്റ്റേയ്റ്റ് , ബാല്ഫോര്‍ പ്രഭു ഫലസ്തീനില്‍ ഒരു 'സമ്പൂര്‍ണ്ണ ജൂതരാഷ്ട്ര'മുണ്ടാക്കുമെന്ന് സയണിസ്റ്റ് സംഘടനകള്‍ക്ക് ബാല്ഫോര്‍ ഡിക്ലറേയ്ഷനിലൂടെ വാക്ക് നല്‍കുന്നു.

1918 : ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമാന്‍ തുര്‍ക്കിയും വീണു. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം സൈക്സ്-പികോട്ട് ധാരണപ്രകാരം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി .അന്ന് ബ്രിട്ടനു വീതിച്ചുകിട്ടിയ ഫലസ്തീന്‍ രാജ്യം യോര്‍ദാനും വെസ്റ്റ് ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോനും സിറിയയും ഫ്രാന്‍സിനു പോയി.

1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി. ജൂതക്കുടിയേറ്റത്തെ സഹായിക്കാനായി തദ്ദേശവാസികളെ ഫലസ്തീനില്‍ നിന്ന് കുടിയിറക്കിക്കൊടുക്കാമെന്നത് ഇംഗ്ലണ്ടിന്റെ വാഗ്ദാനങ്ങളില്‍ പെടും എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും എഴുതുകയുണ്ടായി.
ഫലസ്തീനി നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനം യെറുശലേമില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും ഈ വര്‍ഷമാണ്. ബാല്ഫോര്‍ പ്രഭുവിന്റെ പ്രഖ്യാപനം സമ്മേളനം തള്ളുകയും ചെയ്തു.
മുസ്ലീമുകളും ജൂതരും തമ്മിലുള്ള മതപരമായ പൗരാണിക വൈരങ്ങള്‍ കാരണമാണ് മിഡിലീസ്റ്റ് പ്രശ്നം ഇങ്ങനെ കാലാകാലം പുകഞ്ഞുകൊണ്ടേയിരിക്കുന്നത് എന്ന സാമാന്യവല്‍ക്കരണം നിലനില്‍ക്കുമ്പോള്‍ തന്നെ നാം കേള്‍ക്കാറുള്ള മറ്റൊരു വാദമാണ് അറബികളുടെ 'പ്രാകൃതമായ അസഹിഷ്ണുത'യെക്കുറിച്ചുള്ളത്. ഈ വാദത്തെ ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള പാന്‍ ഇസ്ലാമിസ്റ്റ് ടെററിസത്തെക്കുറിച്ചുള്ള ഭീതികളുമായി ചേര്‍ത്തുകെട്ടുവാനും എളുപ്പം. എന്നാല്‍ സയണിസത്തിന്റെ ചരിത്രം ചികഞ്ഞുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമായിവരും: താരതമ്യങ്ങളുടെ ഒരു സ്കെയിലില്‍ ഇസ്ലാമിക മൗലികവാദത്തോടൊപ്പമോ, ഒരുപക്ഷേ അതിലുമധികമോ തീക്ഷ്ണമാണ് ജൂത മൗലികവാദമെന്ന് ! ആദ്യം മുതല്‍ക്കു തന്നെ ഫലസ്തീനെ മിശ്രവംശങ്ങളുടെ ഒരു സെക്യുലര്‍ ദേശമായല്ല, മറിച്ച് ഒരു ജൂതരാഷ്ട്രമായിത്തന്നെയാണ് യൂറോപ്പ് കേന്ദ്രീകരിച്ചുയര്‍ന്നുവന്ന സയണിസ്റ്റ് മൂവ്മെന്റ് വിഭാവനം ചെയ്തിരുന്നത് എന്നത് ഇന്ന് സമരസപ്പെടലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ഫലസ്തീനിലെ നിലവിലുള്ള അറബികളെ നിഷ്കാസിതരാക്കാത്തിടത്തോളം അവിടെയൊരു രാഷ്ട്രസ്ഥാപനം സാധ്യമാകില്ലെന്ന് സയണിസ്റ്റ് മൂവ്മെന്റിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തെ ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടന്‍ തത്വത്തില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നതായി ഒന്നാം ലോകയുദ്ധകാലത്തെ പ്രധാനമന്ത്രി ലോയിഡ് ജോര്‍ജു മുതല്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ബാല്ഫോറും എന്തിനു, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെയുള്ളവരുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1923 : ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനെ ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം രണ്ടായി പകുത്തു. യോര്‍ദാന്‍ നദിക്കു കിഴക്കുള്ള ഭാഗത്തെ അറബ് ഫലസ്തീനികള്‍ക്കും ("ട്രാന്‍സ് ജോര്‍ദാന്‍" എന്നുപേര്) എന്നും പടിഞ്ഞാറുള്ള കഷ്ണം ജൂതര്‍ക്കും എന്ന് നിശ്ചയിക്കപ്പെട്ടു.

1920-28 : പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം തുടരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരിപ്രകാരം ജനസംഖ്യയുടെ 11% ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16% ആയുയര്‍ന്നു. മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4% അവരുടേതായിക്കഴിഞ്ഞിരുന്നു.

1920 : ജാഫയിലും മറ്റുമായി പൊട്ടിപ്പുറപ്പെട്ട അറബ് കലാപങ്ങളെ നേരിടാനായി ഹാഹഗന (Haganah) എന്ന സയണിസ്റ്റ് സായുധ സംഘം രൂപീകൃതമാകുന്നു. ജൂതകുടിയേറ്റഭൂമികളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

1928 : യെരുശലേമിലെ 'വിലാപത്തിന്റെ മതിലി'നടുത്ത് വിശുദ്ധദിനമായ യോം കിപ്പൂറിന്റെ ദിവസം പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ജൂതര്‍ ആണ്‍ ‍-പെണ്‍ വേര്‍തിരിവിനായി കെട്ടിയുയര്‍ത്തിയ മറ നിയമമനുസരിച്ച് അവിടെ പാടില്ല എന്നാരോപണമുയര്‍ന്നു. സ്ഥലം സന്ദര്‍ശിക്കുകയായിരുന്ന യെരുശലേമിലെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ എഡ്വേഡ് റോഷിനു മുന്നില്‍ തര്‍ക്കമെത്തി.
ബ്രിട്ടീഷ് അധികാരികള്‍ ആ മറ മാറ്റാനാവശ്യപ്പെട്ടെങ്കിലും പിന്നെ നടന്ന ലഹളയിലാണ് അതു നശിപ്പിക്കപ്പെട്ടത്. ഒരു വശത്ത് അല്‍-അഖ്സ പള്ളി ജൂതര്‍ കൈയ്യടക്കുമെന്ന് അറബികള്‍ക്കിടയില്‍ പ്രചരണം നടന്നപ്പോള്‍ മറുവശത്ത് വിലാപത്തിന്റെ മതില്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് സയണിസ്റ്റുകളും മുന്നോട്ടു വന്നു. ചെറു പ്രശ്നങ്ങള്‍ വലിയ ലഹളയായി വളര്‍ന്നപ്പോള്‍ ഇരുവശത്തും കനത്ത നഷ്ടങ്ങളുണ്ടായി.
ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അതിലുമിരട്ടിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റവാളികളെ തടവിനും തൂക്കു ശിക്ഷയ്ക്കും വിധേയരാക്കുകയും നഷ്ടപരിഹാരങ്ങള്‍ പിഴയായി ചുമത്തി ഈടാക്കി നല്‍കുകയുമുണ്ടായി എങ്കിലും ഇരുവശത്തും അക്രമങ്ങള്‍ക്കുള്ള കോപ്പുകൂട്ടലിന് ഇതൊരു തുടക്കമായി.

1932 : ആദ്യ ഫലസ്തീനി രാഷ്ട്രീയസംഘടന, ഹിസ്ബല്‍ ഇസ്തിക്ലാല്‍ (സ്വാതന്ത്ര്യ) പാര്‍ട്ടി, നിലവില്‍ വന്നു. അക്കാലത്ത് ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തില്‍ മുന്നിട്ടു നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകരിക്കാനും, ബഹിഷ്കരണതന്ത്രങ്ങള്‍ വഴി ബ്രിട്ടനെ പുറത്താക്കാനും ശ്രമിക്കുക ഇതിന്റെ ആദ്യകാല നയങ്ങളിലൊന്നായിരുന്നു.

1933- 1939 : തീക്ഷ്ണമായ തെരുവു കലാപങ്ങളുടെ കാലം. 1936 മെയ് മാസം അറബ് ഉന്നത രാഷ്ട്രീയ സമിതി ഫലസ്തീനില്‍ പൊതുപണിമുടക്കുപ്രഖ്യാപിക്കുന്നു. തുടര്‍ന്നു നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കു നേരെ ചിലയിടത്ത് ബ്രിട്ടീഷ് വെടിവയ്പ്പ്. ജൂതക്കുടിയേറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നികുതിയടവ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഒപ്പം പലഭാഗങ്ങളിലും ട്രെയിനുകള്‍ക്കുനേരെയും സൗദിമുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും ഫലസ്തീനി സംഘങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി.
കല്ലുകളേയും ഗ്രനേഡുകളെയും തടയാന്‍ ജൂതര്‍ സഞ്ചരിച്ചിരുന്ന ബസുകളില്‍ ഇരുമ്പഴികള്‍ പോലും വച്ചുപിടിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി ഫലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടപ്പോള്‍ പരസ്യമായി. ഇര്‍ഗുന്‍ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടക്കുന്നതും ഇക്കാലത്താണ്. ഇരുപക്ഷവും സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഭീകര/അധോലോക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതും ഇക്കാലത്തു തന്നെ.

1937 : പീല്‍ കമ്മീഷന്‍ ഫലസ്തീനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. 33% ജൂത രാഷ്ട്രത്തിനായി നീക്കിവയ്ക്കാനും അവിടെനിന്നും ഫലസ്തീനികളെ ഭാഗികമായി ഒഴിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ വച്ചു.
കലാപങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ ഫലസ്തീനി നേതാക്കളില്‍ പലരേയും നാടുകടത്തുകയും സംഘടനകളെ പിരിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഫലസ്തീനികളുടെ സായുധസംഘടനകളെയും ആയുധ സ്രോതസ്സുകളെയും ഇല്ലാതാക്കുക വഴി ബ്രിട്ടീഷധികൃതര്‍ പില്‍ക്കാലത്തെ ഇസ്രയേലി യുദ്ധവിജയങ്ങള്‍ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയാം.
പീല്‍ കമ്മീഷന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ സയണിസ്റ്റുകള്‍ തന്ത്രപരമായി അംഗീകരിച്ചു. അങ്ങനെ തങ്ങള്‍ 'പ്രശ്നകാരികളല്ല' എന്ന ഒരു ഇമേജുണ്ടാക്കിയെടുക്കുക എന്നതും അവരുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. 1942 ആയപ്പോഴെയ്ക്കും ഈ മൃദുസമീപനത്തിന്റെ മൂടിയഴിച്ച് മുഴുവന്‍ ഫലസ്തീനും തങ്ങള്‍ക്കു വേണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ ഒരു യുദ്ധത്തയ്യാറെടുപ്പിനായുള്ള സമയം വാങ്ങുന്നതിനായിരുന്നു.

1933- 37 : ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശാക്തിക ചേരികളുടെ ലോകക്രമത്തില്‍ മാറ്റങ്ങള്‍ . നാറ്റ്സികളുടെ ജൂതവേട്ടയും തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സ്, ബ്രിട്ടന്‍,പോളണ്ട്,ബെല്‍ജിയം,സ്വിറ്റ്സര്‍ലന്റ്,റഷ എന്നിവിടങ്ങളിലേയ്ക്ക് ജൂതരുടെ പലായനവും.

പോളണ്ടിനെ ജര്‍മ്മനി ആക്രമിച്ചതിനെ തുടര്‍ന്ന് 1939 സെപ്തംബര്‍ മാസത്തോടെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.
ഇവിടെയും കൗതുകകരമായ ചില ചരിത്രവായനകള്‍ നമുക്ക് കാണാം. ജര്‍മ്മനിയിലെയും പോളണ്ടിലെയും ഓസ്ട്രിയയിലെയും ജൂതരെ ഹിറ്റ്ലര്‍ വേട്ടയാടുന്ന അതേ അവസരത്തില്‍ ഫലസ്തീനില്‍ ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അറബികള്‍ക്കു മേല്‍ ജൂതര്‍ അക്രമമഴിച്ചുവിടുന്നുണ്ടായിരുന്നു. ഒരേ സമയം അക്രമികളാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ! യൂറോപ്പുതന്നെയും സുരക്ഷിതമല്ലാതായപ്പോള്‍ ഫലസ്തീനിലേയ്ക്ക് കുടിയേറിയ ജൂതരുടെ എണ്ണവും വലുതാണ്. എല്ലാവരാലും തിരസ്കരിക്കപ്പെട്ട ജനത എന്ന വിശേഷണം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കത്തോടെ ജൂതര്‍ക്ക് ലഭിക്കുകയുണ്ടായി. ഒരുപക്ഷേ ലോകരാഷ്ട്രങ്ങളുടെ സഹതാപം ഫലസ്തീനിലെ കുടിയേറ്റക്കാര്‍ക്ക് നേടാനായതും അതിനാലാവാം.
1938 : ജൂതസായുധ സേനയായ ഹാഹഗാനയ്ക്ക് ബ്രിട്ടീഷ് അധികൃതരില്‍ നിന്നും കാര്യമായ പിന്തുണ ഈ സമയത്ത് ലഭിച്ചിരുന്നു. (ഇന്ത്യയില്‍ ജനിച്ചു വളരുകയും സുഡാനിലും മറ്റും ട്രെയിനിംഗ് നേടുകയും ചെയ്ത ബ്രിട്ടീഷ് ഓഫീസര്‍ ചാള്‍സ് വിന്‍ഗേയ്റ്റ് ആയിരുന്നു ഇത്തരമൊരു സായുധ സംഘത്തെ പോഷിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പില്‍ക്കാലത്ത് സയണിസ്റ്റ് നേതാക്കളെ ബോധ്യപ്പെടുത്തിയവരില്‍ പ്രമുഖന്‍.) ഒരു ഹാഹഗാന യൂണിറ്റും ഒരു കമ്പനി ബ്രിട്ടീഷ് പട്ടാളവും ചേര്‍ന്ന് ഫലസ്തീനിയന്‍ അതിര്‍ത്തിഗ്രാമം ആക്രമിച്ചത് ഈ കാലത്താണ്. ഇതേ സമയം തന്നെ യുദ്ധാവശ്യം മുന്‍കൂട്ടിക്കണ്ടുകൊണ്ട് അറബ് ഗ്രാമങ്ങളുടെ ഭൂപടം തയ്യാറാക്കുന്ന ഒരു വിഭാഗവും ഹാഹഗാനയില്‍ സജീവമായിരുന്നുവെന്ന് പില്‍ക്കാല രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യകാലത്തെ പ്രധാന ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധങ്ങളിലെ വിജയം സയണിസ്റ്റുകള്‍ക്കായതിന്റെ മുഖ്യ കാരണവും ഈ വിശാലമായ പ്ലാനിങ് തന്നെ.

1939 : പത്തുവര്‍ഷത്തിനു ശേഷം ഉപാധികളോടെ ഫലസ്തീനു സ്വാതന്ത്ര്യമനുവദിക്കാമെന്ന് ബ്രിട്ടീഷ് പൊതുസഭ ധവളപത്രമിറക്കുന്നു. പ്രതിവര്‍ഷം 15,000 ജൂതരെന്ന കണക്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കുടിയേറ്റമനുവദിക്കണമെന്നും പത്രത്തില്‍ പറയുന്നു.

1943 : ബ്രിട്ടന്‍ 1939-ലെ ധവളപത്രത്തിലൂടെ ജൂതക്കുടിയേറ്റത്തിനായി അനുവദിച്ച അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടുന്നു. ഫലസ്തീനികളെ ആശ്വസിപ്പിക്കുന്നതിനായി ജൂതര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നത് ഈ സമയത്താണ്.

1945 : രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
പ്രമുഖ സയണിസ്റ്റ് നേതാക്കള്‍ ബ്രിട്ടനെ ഫലസ്തീനില്‍ നിന്ന് പുറത്തുചാടിക്കാനുള്ള തയ്യാറെടുപ്പും സമാന്തരമായി നടത്തിയിരുന്നു. എന്നാല്‍ അറബികള്‍ ദേശംവിട്ടു പോകണമെന്ന വാദം പരസ്യമായി ഉന്നയിക്കുന്നതില്‍ നിന്നും അവര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുനിന്നു. 1900കളുടെ തുടക്കത്തില്‍ ഫലസ്തീനിലെത്തുകയും സയണിസ്റ്റ് സംഘാടകനായി ഉയരുകയും ചെയ്ത ഡേവിഡ് ബെന്‍ ഗൂറിയൊണിനെ പോലുള്ള പ്രമുഖര്‍ ഇക്കാലത്ത് എഴുതിയ കത്തുകള്‍ ഈ ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നവയത്രെ.

1947 : ലോകരാജ്യങ്ങളുടെ പുതിയ അന്താരാഷ്ട്ര സമിതിയായ ഐക്യരാഷ്ട്രസഭയോട് ഫലസ്തീന്‍ പ്രശ്നത്തിലിടപെടാന്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിക്കുന്നു. യു.എന്നിന്റെ ഫലസ്തീന്‍ കമ്മിറ്റിയായ യുനെസ്കോപ് (UNSCOP) നിലവില്‍ വരുന്നു. 29 നവംബറോടു കൂടി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാന(Resolution 181)മാകുന്നു.
ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10% പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56% ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം യെറുശലേമിനെ അന്താരാഷ്ട്രതീര്‍ത്ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി.
യുദ്ധശേഷം അനാവൃതമായ ഹോളോകോസ്റ്റിന്റെ ഭീകരമായ കാഴ്ചകള്‍ യഹൂദരുടെ പീഡിത ജനതയെന്ന ചിത്രത്തിനു മിഴിവേറ്റി. ഹോളൊകോസ്റ്റിനു മുന്‍പ് (നല്ലൊരളവു വരെ അതിനു ശേഷവും) ജൂതരെ വെറുത്ത ബ്രിട്ടന്‍-ഫ്രാന്‍സ്-റഷന്‍-അമേരിക്കന്‍ അച്ചുതണ്ടിന്റെ "സഹതാപം" യഹൂദരെ പുനരധിവസിപ്പിക്കുക എന്ന ബൃഹത് പദ്ധതിയിലേക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയെത്തിരിച്ചതും ഫലസ്തീനിലെ യിസ്രയേല്യര്‍ക്ക് അനുകൂലഘടകമായി എന്നതാണ് വാസ്തവം. പൊതുദേശീയതയും ഇഴുകിച്ചേരാതെ വേറിട്ടുനില്‍ക്കുന്ന സ്വഭാവം യഹൂദര്‍ക്കുള്ളതിനാലാവാം, യൂറോപ്പില്‍ നിന്ന് അവരെ ഒഴിവാക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ ഉദ്ദേശ്യം. അതിനവര്‍ കണ്ട സ്ഥലം ഫലസ്തീനും. 1947 നവംബറിലെ വിഭജനതീരുമാനം ബഹിഷ്കരിക്കാനാണ് അറബ് ലീഗും ഫലസ്തീനി രാഷ്ട്രീയ സംഘടനകളും തീരുമാനിച്ചത്. ഇതൊരളവു വരെ അവര്‍ക്കുതന്നെ തിരിച്ചടിയായി എന്നു വേണം കരുതാന്‍ : ഒഴിഞ്ഞ രാഷ്ട്രീയ കളിക്കളത്തില്‍ സയണിസ്റ്റുകള്‍ മാത്രം കളിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്.
1948 : അറബ് ലഹളയെ തുടര്‍ന്ന് നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീനി നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി പത്തുവര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ പോരാട്ടത്തിന്റെ നേതൃത്വമേല്‍ക്കുന്നു. ഭൂവിഭാഗങ്ങളെ അതാത് സ്ഥലത്തെ പ്രബലവിഭാഗങ്ങള്‍ക്കായി ഏല്പ്പിച്ചിട്ട് സ്ഥലം വിടാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതോടെ ഭീകരമായ കലാപങ്ങള്‍ തുടങ്ങുന്നു.
യഹൂദ സായുധസംഘം (ഹാഹ്ഗാന) യുദ്ധത്തിനായി ആഹ്വാനം നല്‍കി റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഇതിനോടകം എറെറ്റ്സ് യിസ്രായേല്‍ എന്ന സ്വയം പ്രഖ്യാപിത ഇസ്രയേല്‍ 'ദലേത് പദ്ധതി'യെന്ന കുപ്രസിദ്ധമായ ഫലസ്തീന്‍ വംശീയോന്മൂലനം ആരംഭിക്കുന്നു. 1948 മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിക്കുന്നു. വിഭജനത്തേക്കാള്‍ നല്ലത് വിവിധപ്രദേശങ്ങളില്‍ സ്വയംഭരണമേര്‍പ്പെടുത്തുന്നതാണെന്ന ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശം അറബ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും സയണിസസ്റ്റുകള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല.
അബ്ദല്‍ ഖാദിര്‍ ഹുസൈനി ഈജിപ്തില്‍ നിന്നും പോരാളികളുമായി വന്നാണ് ഒന്നാം അറബ്-ഇസ്രയേലി യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തില്‍ പങ്കുകൊണ്ടത്. യുദ്ധത്തിന്റെ തുടക്കം അറബുകള്‍ക്ക് വിജയം നല്‍കിയെങ്കിലും തന്ത്രപരമായ മേല്‍ക്കോയ്മയും ആയുധസന്നാഹങ്ങളും ഇസ്രയേലിനെ അന്തിമവിജയിയാക്കുകയായിരുന്നു. അല്‍ ഹുസൈനി കൊല്ലപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മേയ് 15 വരെ നീണ്ട ഭീകരമായ അക്രമങ്ങളുടെ അവസാനം രണ്ടരലക്ഷത്തോളം ഫലസ്തീനികള്‍ നിഷ്കാസിതരായി. ജൂതരുടെ ഹോളോകോസ്റ്റിനു തുല്യമെന്ന് ഫലസ്തീനികള്‍ വിളിക്കുന്ന 'നഖ്ബ'(ദുരന്തത്തിന്റെ ദിവസം).
ഏപ്രില്‍ മെയ് മാസങ്ങളില്‍ ചെക്കോസ്ലോവാക്ക്യയില്‍ നിന്നെത്തിയ ആധുനികായുധങ്ങള്‍ യഹൂദരുടെ വിജയത്തിനു കാര്യമായി സഹായിച്ചു. മെയ് 14നു (ബ്രിട്ടീഷ് ഭരണകാലാവധി തീരവെ) ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനായിരുന്നുവെന്നത് യാദൃച്ഛികമല്ല.

1948-49 : സ്വാതന്ത്ര്യപ്രഖ്യാപനശേഷവും ഫലസ്തീനി അറബുകളെ കുടിയിറക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി എന്ന് ചില കണക്കുകള്. പലവട്ടം സമാധാനക്കരാറുകള്‍ ഉണ്ടായി. അതിനേക്കാള്‍ കരാര്‍ ലംഘനങ്ങളും.
ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ അറബ് ഭൂവിഭാഗത്തില്‍ സിറിയ, ലെബനോന്‍, ഇറാഖ്, യോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സേന ഇറങ്ങി. ഡിസംബര്‍ മാസമായപ്പോഴേക്കും ഈ അറബ് സൈനികരുടെ എണ്ണം അന്‍പതിനായിരത്തോളമായെങ്കിലും മറുവശത്ത് വിപുലമായ നിര്‍ബന്ധിത റിക്രൂട്ടിംഗ് വഴി ഇസ്രയേല്‍ സൈനിക ബലം ഒരുലക്ഷത്തിനു മേല്‍ എത്തിച്ചു. 1949 മധ്യത്തോടെ അയല്‍ സേനകളെയും തുരത്തി ഇസ്രയേല്‍ വിജയിയായി. ഈജിപ്ത്, സിറിയ, യോര്‍ദാന്‍, ലെബനോന്‍ എന്നിവരുമായി ഇസ്രയേല്‍ തന്ത്രപരമായ സമാധാന കരാറുകളും ഉറപ്പിച്ചു

1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.
ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം.
1964 : മെയ് മാസം യെറുശലേമില്‍ കൂടിയ നാനൂറോളം ഫലസ്തീനി നേതാക്കള്‍ ചേര്‍ന്ന് "മുനതമ്മത് അല്‍ താഹ്രിര്‍ അല്‍ ഫലസ്തിനീയ്യ" എന്ന ഫലസ്തീനിയന്‍ ലിബറേയ്ഷന്‍ ഓര്‍ഗനൈസേഷനു (PLO) രൂപം നല്‍കുന്നു. സായുധ പോരാട്ടമാണ് ഫലസ്തീനെ വീണ്ടെടുക്കാനുള്ള ഏകവഴിയെന്ന് പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ അവകാശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമെന്നതിലുപരി തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള ജൂതരുടെ ശാരീരിക ഉന്മൂലനവും ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കപ്പെട്ടു. ജൂതര്‍ ഒരു ജനതയല്ലെന്നും അവര്‍ താന്താങ്ങളുടെ ദേശീയതയെ അംഗീകരിക്കേണ്ടുന്ന പൗരന്മാരാണെന്നു വാദിക്കുമ്പോള്‍ തന്നെ പി.എല്‍ .ഓ നേതാക്കള്‍ പാന്‍ ഇസ്ലാമിസം എന്ന മതാധിഷ്ഠിത സാഹോദര്യവും പോറ്റിവളര്‍ത്തി എന്നത് ചരിത്രത്തിന്റെ ഒരിരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ.

ഇവിടുന്നങ്ങോട്ടു നമുക്ക് പരിചിതമായ ചരിത്രം തീവ്രവാദത്തിന്റെയും മതവൈരത്തിന്റെയും കൂടിയാണ്. ഇരുവശത്തും അത് ആളിക്കത്തിക്കാന്‍ എണ്ണയൊഴിച്ചുകൊടുക്കുന്നതില്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഉള്ള പങ്കു ചെറുതല്ല.എങ്കിലും ഫലസ്തീനികളെ "ടെററിസ്റ്റുകള്‍" എന്ന് സാമാന്യവല്‍ക്കരിക്കും മുന്‍പ് അവര്‍ അങ്ങനെയായിത്തീര്‍ന്നതിന്റെ ഈ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ് - ചുരുങ്ങിയ പക്ഷം ഒരു ബാലന്‍സിനെങ്കിലും.
പിന്‍വിളി :
ക്രിസ്തുവിനും 720 വര്‍ഷത്തോളം മുന്‍പ് അസിറിയക്കാരാല്‍ കീഴടക്കപ്പെടുന്നതോടെയത്രെ ഒരു വംശമെന്ന് നിലയ്ക്ക് അഭ്യാര്‍ത്ഥികളാവേണ്ടി വന്ന ജൂതരുടെ കഥയാരംഭിക്കുന്നത്. പിന്നെ പേര്‍ഷ്യന്മാരാല്‍ ബാബിലോണ്‍ വീഴ്ത്തപ്പെട്ടപ്പോള്‍ , റോമാസാമ്രാജ്യത്തിലെ അടിമകളായി, മുഹമ്മദ് നബിയാല്‍ അമര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ , യൂറോപ്യന്‍ ക്രൈസ്തവ രാജാക്കന്മാരാല്‍ സ്പെയിനില്‍ , ഫ്രാന്‍സില്‍ , റഷയില്‍ , ബ്രിട്ടനില്‍ .... അങ്ങനെയങ്ങനെ ജൂതരില്‍ നിന്ന് ഉയിര്‍കൊണ്ട സെമൈറ്റിക് മതങ്ങള്‍ തന്നെ പില്‍ക്കാലത്ത് അവരെ വേട്ടയാടിയിരുന്നതായി നാം കാണുന്നു. ലിഖിതചരിത്രത്തിനും മുന്‍പേ ഇങ്ങനെ അഭയാര്‍ത്ഥികളാവേണ്ടിവരുന്നവരുടെ സൈക്കി എന്തായിരിക്കുമെന്നൂഹിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ദൈവത്താല്‍ വാഗ്ദത്തമായ ഒരു ദേശമെന്നത് മതത്തിന്റെ റൊമാന്റിസിസത്തിനുമപ്പുറത്ത് ഒരു ഭൗതികാവശ്യവും നൊസ്റ്റാള്‍ജിയയുമായാല്‍ കുറ്റം പറയുന്നതെങ്ങനെ ? പക്ഷേ അതിന്റെ സാക്ഷാത്കാരം മറ്റൊരു ജനതയെ അഭയാര്‍ത്ഥികളാക്കിക്കൊണ്ടാവരുത് എന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ ?


_____________________________________________________________

ചിത്രങ്ങള്‍ :
1. ചുരുങ്ങുന്ന ഫലസ്തീനും വളരുന്ന ഇസ്രയേലും: ഒരു ഭൂപട താരതമ്യം.
2. ഐക്യരാഷ്ട്രസഭയുടെ 1947ലെ ഒത്തുതീര്‍പ്പുകരാര്‍ പ്രകാരമുള്ള ഭൂവിഭജനം.

അധികവായനയ്ക്കും 'അതിവായന'യ്ക്കും :
* Middle East Illusions - Noam Chomsky
* A History of Modern Palestine - Ian Pappe
* The Case for Israel - Alan Dershowitz
* A History of Israel:from the rise of zionism to our times - Howard M. Sachar
* പലസ്തീന്‍ പ്രശ്നം: ഒരു ചരിത്രാന്വേഷണം - വേണു അമ്പലപ്പടി
_______________________________________________
ചില അനുബന്ധ ബ്ലോഗ് പോസ്റ്റുകള്‍ :
1. ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക് (ഡാലി ഡേവിസ്)
2 ഫലസ്തീന്‍, നിനക്കില്ല ഒരു 9/11 (ജസ്റ്റിന്‍ പോദൂറിന്റെ കുറിപ്പ്, Workers' Forum)
3.ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രം (തുഷാരത്തില്‍ നദീറിന്റെ കുറിപ്പ്)
4.ഒരിറ്റു സങ്കടം (ഭൂതകാലക്കുളിര്‍ ഫോട്ടോ പോസ്റ്റ്)
5.ദാവീദിന്റെ നക്ഷത്രം (റെമി കനാസിയുടെ കവിത, Workers' Forum)

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)