CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 5, 2013

ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ

കൊച്ചി-മുസിരിസ് ബിനാലെക്ക് * ഒരു ടിപ്പണി : ഭാഗം 1


I

*ബിയന്നാലെ - ഇറ്റാലിയൻ; ബിനാലെ - മലയാളം

സാംസ്കാരിക കണ്ടുപിടിത്തങ്ങളിൽ പൂ‍ജയും പൂജ്യവും പൂജ്യങ്ങളുടെ പൂജയും മാത്രം നീക്കിയിരുന്ന് കിട്ടിയ ഒരു ജനത കൂത്തമ്പലങ്ങൾക്കു വെളിയിൽ ദൂരെ നിന്നു കഥകളെയും സംഗീതത്തെയും ആസ്വദിച്ചേടത്ത് നിന്നാണ് കൊച്ചിയിലെ ബിനാലെയിലേക്കുള്ള വഴിക്കല്ലുകളെ എണ്ണിത്തുടങ്ങേണ്ടത്. മാറിനിന്ന് ഭയഭക്തിയോടെ കാണേണ്ടുന്നതും കണ്ട്, “എന്തൊരു റിയലിസ്റ്റിക്” എന്ന് അത്ഭുതം കൂറേണ്ടുന്നതുമായ കലാസാമാനങ്ങൾ എല്ലാം മണ്ണിനടിയിലോ മ്യൂസിയങ്ങളിലോ ഒതുങ്ങിയ ദേശങ്ങളിൽ നിന്നാണ് ‘സമകാലീനകല’യെന്ന സങ്കല്പം ജലവും വായുവും കടന്ന് കൊച്ചിത്തുറമുഖത്തിറങ്ങിയത്; അതാകട്ടെ നമ്മോടാവശ്യപ്പെടുന്നത് “തീണ്ടാതെ മാറിനിൽക്ക്” എന്നല്ല, വരൂ, ഇതിലൊന്ന് തൊട്ടുനോക്കൂ എന്നാണ്. കാഴ്ച എന്ന ഒറ്റ സം‌വേദോപാധിയുടെ ഫാഷിസത്തിൽ നിന്ന് അഞ്ച് ഇന്ദ്രിയങ്ങളുമുപയോഗിച്ചു കലാസൃഷ്ടിയെ രുചിച്ചുനോക്കുന്നതിന്റെ ജനാധിപത്യത്തിലേക്കാണ് സമകാലീനകല (contemporary art) അനുവാചകയെ ഉയർത്തുന്നത്.  ഗ്രാമ്പൂവും പെരുഞ്ചീരകവും മഞ്ഞളും ഏലവും ധൂളിയായി മൂക്കിനെയും സ്പർശമായി വിരലുകളെയും ഒളിപ്പിച്ചുവച്ച പീസോ‌ഇലക്ട്രിക പിക്ക് അപ്പുകളിലൂടെ കടന്ന് ശബ്ദമായി കാതുകളെയും സ്പീക്കറുകൾക്കു മുകളിലെ വിറയലായി കണ്ണുകളെയും വിറച്ച് വായുവിൽ അലിയുന്ന വ്യഞ്ജനരുചിയായി നാക്കിനെയും അത് നിങ്ങളെ തൊടുന്നു... രണ്ടായിരം വർഷങ്ങളിലായി മുച്ചിറിയിൽ വന്നടിഞ്ഞ സംസ്കാരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്.

I I

ബിബിസിയിലെ ആർട്ട്സ് എഡിറ്റർ ആയ വില്യം ഗോമ്പേട്സ് തന്റെ 'What are you looking at?' എന്ന പുസ്തകത്തിൽ പറയുന്നത് പോലെ നവീനകലാസൃഷ്ടികളെ ആസ്വദിക്കുക എന്നത് ഒരു നിഗൂഡമായ പദപ്രശ്നം പൂരിപ്പിക്കുമ്പോലെയാണ്. കലാകാരി/രൻ നുള്ളിപ്പെറുക്കി എടുത്തു തുന്നിച്ചേർത്തവയെ എല്ലാം അഴിച്ച് പരിശോധിക്കുകയും, ഓരോന്നും എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് ചികഞ്ഞ് നോക്കുകയും ചരിത്രപരമായ ബന്ധങ്ങളെ മനസിലാക്കുകയും ചെയ്യുന്ന ഒരു അധ്വാനമുള്ള പ്രക്രിയ നവീനകലകളുടെ ആസ്വാദനത്തിനു പിന്നിൽ ആവശ്യമായി വരും. ഈ മെനക്കേടിനു മുതിരുന്നവർക്ക് ഈ കലാസൃഷ്ടികളുടെ അപനിർമ്മാണത്തിലൂടെ ലഭിക്കുന്ന ആനന്ദമാണ് ആത്യന്തികമായി ഇതിന്റെ പാരിതോഷികവും.

സമകാലീനകലകൾക്ക്  ക്ലാസിക്കൽ കലകളെ അപേക്ഷിച്ചുള്ള മുഖ്യവ്യത്യാസമെന്ന് പറയാവുന്നത്, കലാവിരുത് അഥവാ ആർട്ടിസ്റ്റിക് സ്കിൽ എന്നതിനു  സമകാലീനകലയിൽ രണ്ടാമതോ മൂന്നാമതോ ആണു സ്ഥാനമെന്നതാണ്. ശില്പത്തിന്റെ കൊത്തുപണിയിലോ ചിത്രത്തിന്റെ മിഴിവിലോ അല്ല, അതിലുൾച്ചേരുന്ന ആശയത്തിന്റെ (concept) സാക്ഷാത്കാരത്തിലും ഫലപ്രദമായ സം‌വേദനത്തിലുമാണ് കലാത്മകത കുടികൊള്ളുന്നതെന്ന നിലപാടുതറയിലാണ് സമകാലിക കലകൾ നിൽക്കുന്നത്. ഇതുതന്നെയാണ് ഈ സം‌വർഗത്തിൽ‌പ്പെട്ട കലാസൃഷ്ടികൾ ദുരൂഹമാണെന്ന ആരോപണം ഉണ്ടാകുന്നത്.  ഒരു വർക്കിനു പിന്നിൽ കലാകാരിക്ക്/രനു പ്രേരണയായിത്തീർന്നതെന്തും ആ വർക്കിന്റെ ആശയമായി വരാം; ആ പ്രേരണയുടെ തീപ്പൊരിയെ ആസ്വാദകയെ/കനെ കൊണ്ട് അനുഭവിപ്പിക്കലാണ് സൃഷ്ടിക്കുപയോഗിക്കുന്ന മാധ്യമത്തിന്റെ (medium) ധർമ്മം. ബഹുസ്വരത ഉത്സവമായ ഈ കാലത്ത് ഒന്നിലധികം മാധ്യമങ്ങളെക്കൊണ്ടാണ് ഈ അനുഭവവേദ്യത സാധ്യമാക്കുന്നത്. ഇങ്ങനെയാണ് ചിത്രമെന്നോ ശില്പമെന്നോ ഉള്ള പരമ്പരാഗത കള്ളികളിലൊന്നും ഒതുങ്ങാത്ത ഇൻസ്റ്റലേഷൻ (പ്രതിഷ്ഠാപന) കലാസൃഷ്ടികളുണ്ടാവുന്നതും പ്രചരിക്കുന്നതും. അനവധി മാധ്യമങ്ങളുടെ സമ്മേളിതരൂപമെന്ന നിലയ്ക്കുമാത്രമല്ല, കാഴ്ചക്കാരിയെ/രനെക്കൂടി സൃഷ്ടിയിൽ ഭാഗഭാക്കാക്കുന്ന വിദ്യയും നവകലാപരീക്ഷണങ്ങളിൽ പെടുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങളിൽ പങ്കാളിയാകാൻ മാനസികമായി തയ്യാറെടുത്തുകൊണ്ടുകൂടിവേണം നിങ്ങൾ കൊച്ചിമുസിരിസ് ബിനാലെയ്ക്ക് ചെല്ലാൻ.

ബിനാലെയിൽ കണ്ടേടത്തോളമുള്ളവയെപ്പറ്റി, കൃത്യമായി പറഞ്ഞാൽ, ഞെട്ടിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്ത വർക്കുകളെപ്പറ്റി,  സ്വല്പം ഔദ്ധത്യം ചേർത്താൽ,  “ആസ്വാദന സഹായി” എന്നോ മറ്റോ വിളിക്കാവുന്ന നിലയ്ക്കുള്ള [:)] ചെറുകുറിപ്പുകളാണ് ഇവിടെ എഴുതാനുദ്ദേശിക്കുന്നത്. പതിനാലു സ്ഥലങ്ങളിലായി നൂറോളം കലാകാരി/രന്മാരുടെ വർക്കുകളുണ്ട് കൊച്ചി-മുസിരിസ് ബിനാലെയിൽ. അതിൽ നിന്ന് പ്രാതിനിധ്യം പരിഗണിച്ചുകൊണ്ട് തെരഞ്ഞെടുത്ത ചിലതിനെപ്പറ്റിയാണ് ഈ കുറിപ്പുകൾ. സമഗ്രവിവരണമല്ല ഇതിന്റെ ഉദ്ദേശ്യം എന്ന ജാമ്യം ആദ്യമേ എടുക്കുന്നു.

Done and Dusted: പൊടി(യടി)ഞ്ഞ് തീർന്നത്

Two channel video installation; variable dimensions. 5.11 minutes
ജസ്റ്റിൻ പൊന്മണി

കേരളത്തിൽ ജനിച്ച് മുംബൈക്കാരനായി ജീവിക്കുന്ന 39കാരൻ ജസ്റ്റിൻ പൊന്മണിയുടെ സൃഷ്ടി മുസിരിസ് ഉദ്‌ഖനന പദ്ധതിയുടെ ദാർശനിക ആഴങ്ങളിലേക്കുള്ള എത്തിനോട്ടമാണ് എന്ന് പുറത്ത് പതിപ്പിച്ചിരിക്കുന്ന വിശദീകരണ ഫലകം നമ്മോട് പറയുന്നു. അത്രയ്ക്ക് ഏളുപ്പത്തിലല്ല കാര്യങ്ങളെന്ന് അകമേ ചെന്ന് സൃഷ്ടിയെ ഉള്ളിലേക്ക് എടുക്കുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.Done and dusted : Justin Ponmani, 2012. Kochi-Muziris Biennale 2013

ആസ്പിൻ വാൾ വളപ്പിലെ, കുമ്മായപ്പണി അടർന്നുതുടങ്ങുന്ന തൂണുകളും ചുമരുകളുമുള്ള ഒരു മുറിയാകെ പരന്ന് കിടക്കുന്നതാണീ ഇൻസ്റ്റലേഷൻ. മച്ചിൽ നിന്ന് ഞാത്തിയിട്ടിരിക്കുന്ന രണ്ട് വളഞ്ഞുപുളഞ്ഞ  വീപ്പവലുപ്പമുള്ള കറുത്ത കുഴലുകൾ. രണ്ട് കഷണമായി അവയെ മുറിച്ച പടുതിയിലാണ് അവയുടെ അകലം. ഇരു കഷണങ്ങളിലുമായി വിഡിയോ പ്രൊജക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതിൽ ഒരു വൃദ്ധമുഖം കാണാം. അയാൾ ആഞ്ഞാഞ്ഞ് തുമ്മി തളരുന്നതാണ് വിഡിയോയിൽ. മച്ചിൽ നിന്ന് തൂക്കിയിട്ട കുഴലുകൾക്ക് നടുവിലായി താഴെ നിന്നാൽ ഇടയ്ക്കിടെ തുമ്മലിന്റെ ഒച്ച വലിയ സ്പീക്കറുകളിലൂടെ സ്റ്റീരിയോഫോണിക് ഇഫക്റ്റിൽ നമ്മുടെ കാതിൽ പതിക്കും. നിലത്ത് നീളൻ മേശമേൽ പൊടിയടിച്ച വലിയ ഒരു കണക്കപ്പിള്ളപ്പുസ്തകം, കല്ലുകൾ, ഒരു ഗ്ലാസ് വെള്ളം, പിന്നെ റാന്തലിനു സമാനമായ ഒരു വലിയ ഫ്ലാഷ് ലൈറ്റും ഉണ്ട്. ഇത്രയും ചേർന്നതാണ് ഇൻസ്റ്റലേഷൻ.

നമ്മളാരാണ് എന്ന ചോദ്യമാണു ഖനനങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും, എന്നാൽ ആ ചോദ്യത്തിന്റെ ഉത്തരം നമ്മെ പലപ്പോഴും അസ്വസ്ഥമാക്കുമെന്നും ആണ് ഈ ഇൻസ്റ്റലേഷന്റെ  നേരിട്ടുള്ള അർത്ഥമായി പറയാവുന്നത്. എന്നാൽ ഇതെങ്ങനെയാണു  കലാകാരൻ സം‌വദിക്കുന്നതെന്ന് നോക്കാം. മച്ചിൽ നിന്ന് ഞാത്തിയിട്ട കറുത്ത കുഴലുകൾ “ഇടനാഴികൾ” ആവാം. മറ്റൊരു തലത്തിൽ നോക്കിയാൽ അവ താക്കോൽ ദ്വാരങ്ങൾ കൂടിയാണ്. താക്കോൽ ദ്വാരത്തിലൂടെയാണ് വയസൻ നമ്മെ നോക്കുന്നത്. അഥവാ, അയാൾ ഒരു പഴമ്പണ്ടങ്ങൾ കൂട്ടിയിട്ട പൊടിപിടിച്ച ഒരു മുറിയുടെ താക്കോൽ‌പ്പഴുതിലൂടെയോ വാതിൽത്തുളയിലൂടെയോ ആണു നിങ്ങളെ നോക്കുന്നത്. പൊടിപിടിച്ച മുറി അയാളെ സംബന്ധിച്ചേടത്തോളം അയാളുടെ പൂർ‌വ്വകാലമാണ് -- പൂർ‌വികചരിത്രത്തിന്റെ ഖനന വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന ആർക്കിയോളജിക്കൽ ഭൂമികയും. എന്നാൽ നിങ്ങൾ  ആസ്വാദകയെ/നെ സംബന്ധിച്ചേടത്തോളം അത് വർത്തമാനവും. വേറൊരു കാലത്തിൽ നിന്ന് തുളയിലൂടെ ഒളിഞ്ഞ് നോക്കി പൊടിവലിച്ചുകേറ്റി നിർത്താതെ തുമ്മുന്ന അയാൾ നിങ്ങളെയും, നിങ്ങൾ നിൽക്കുന്ന പൊടിമൂടിയ മുറി അയാളെയും ഒരേസമയം അലോസരപ്പെടുത്തുന്നു. കാലമെന്ന അളവിനെ ബ്രെക്ക് ചെയ്യുന്നത് രണ്ട് തുമ്മലുകൾക്കിടയിലെ നിശ്ശബ്ദതയിൽ നിങ്ങൾ അയാളുടെ ഞെട്ടിത്തെറിപ്പിക്കുന്ന ഒച്ചയ്ക്കായി കാത്തിരിക്കുന്ന ഇടവേളയാണ്. അലർജി രോഗമുള്ളവരിൽ കാണുന്ന, മൂക്കിനും കണ്ണിനും ചുറ്റുമുള്ള കറുത്തപാടുകളുള്ള ( ഡാർക് സർക്കിൾസ് ) ഒരു അഭിനേതാവുതന്നെയാണ് വിഡിയോയിലെ വൃദ്ധൻ എന്നത് കലാകാരന്റെ ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പിനുദാഹരണമാണ്.

എന്തുകൊണ്ടും അന്താരാഷ്ട്ര സമകാലീന കലാ ഗ്യാലറികളിൽ അവതരിപ്പിക്കപ്പെടാനുള്ള നിലവാരം ഈ സൃഷ്ടിക്കുണ്ട്. ചുമ്മാതല്ല ടേയ്റ്റ് മോഡേൺ ഗ്യാലറി ഡയറക്റ്ററായ സാക്ഷാൽ ക്രിസ്റ്റഫർ ഡെർകൺ തന്റെ “തെക്കേയിന്ത്യൻ കണ്ടെത്തലുകളി”ൽ ജസ്റ്റിൻ പൊന്മണിയെ ഉൾപ്പെടുത്തിയത്.

തുടരും...

Jan 13, 2013

സമകാലീനകലയെ കണ്ടം‌-പറി ആക്കുന്ന വിധം
കൊച്ചിബിയന്നാലെക്ക് ബദൽ എന്നോ മിനിബിനാലെ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെട്ട "Grand Kerala Contemporary Art Fair"  എന്നൊരു സംഭവം തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്നുണ്ട് എന്നറിഞ്ഞ് ചില സുഹൃത്തുക്കളുമൊത്ത് ഇന്നവിടെ പോയിരുന്നു. സംഗതി സാക്ഷാൽ കാനായി കുഞ്ഞിരാമൻ തന്നെ നേതൃത്വം വഹിക്കുന്നൊരു സമിതി 3000 പെയിന്റിംഗുകളെ പത്രദ്വാരാ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുത്ത ഒരു കൂട്ടം വർക്കുകളെ കോണ്ട്രാക്റ്റ് പണിക്കാർ അയയിൽ ജട്ടി അലക്കി വിരിച്ചിരിക്കുന്ന പോലെ കൊട്ടാരത്തിണ്ണ മുതൽ നീളുന്ന ഒരു സെറ്റ് പ്രദർശന പലകളിൽ ക്ലിപ്പിട്ട് ഞാത്തിയിരിക്കുന്നതാണ്. ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ് എന്നിവയും കൌമുദി ഗ്രൂപ്പും സംയുക്തമായാണു ഗ്രാന്റ് കണ്ടമ്പററി ആർടിനെ ജനകീയമാക്കാൻ ഇറങ്ങീരിക്കുന്നത് എന്നാണു അവിടെ വച്ചിരിക്കുന്ന ഫ്ലക്സ് ബോഡിന്റെ മൂട്ടിൽ ഇരുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനീലെ പയ്യൻ പറഞ്ഞത്.

കലാപ്രദർശനം സൌജന്യമാണ്, പൊതുജനത്തിനു തുറന്നിട്ടിരിക്കുന്നു എന്നത് നല്ല കാര്യം. കുറേയേറേ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും - ചിലരുടെ എങ്കിലും വർക്കുകൾ വിറ്റ് പോകാനും - ഒരു വേദി ഒരുക്കിയിരിക്കുന്നു എന്നത് മറ്റൊരു പ്രധാന സദ്‌പ്രവർത്തി. എന്നാൽ ഈ രണ്ട് പോസിറ്റിവ്സ് അല്ലാതെ ബാക്കിയൊക്കെ പരമദയനീയമെന്നേ പറയാനുള്ളൂ. കൊച്ചി ബിയന്നാലെയുടെ സംഘാടകർക്കെതിരേ ചാനലുകളിൽ ഇരുന്ന് മത്സരിച്ച് വളിവിട്ട തമ്പ്രാന്മാർ പറഞ്ഞത് അതൊന്നും കലാകാരന്മാർ ചെയ്യേണ്ട കാര്യമല്ല എന്നൊക്കെയാണ്. ഏതായാലും തമ്പ്രാന്മാരൊക്കെ അവരുടെ നിലവാരം കാണിച്ചു എന്നതാണു സത്യം. ഇതാണു 2013ലും കേരളജനത അർഹിക്കുന്ന ക്യുറേറ്റിംഗ് നിലവാരമെങ്കിൽ... അണ്ണാ നമിച്ച് !

കനകക്കുന്ന് കൊട്ടാരം ആർട്ട് ഗ്യാലറിയായി ഉപയോഗിക്കാൻ തൂടങ്ങിയിട്ട് ഇരുപത് വർഷമെങ്കിലുമായിക്കാണണം. അതിനു ഒരു പെയിന്റിംഗ് പ്രദർശനത്തിനുള്ള കാൽക്കാശിന്റെ  സൌകര്യം ഇപ്പോഴും ഇല്ല (5 കോടി “തുലച്ച്” ബിയന്നാലെക്ക് ദർബാർ ഹാൾ നവീകരിച്ചു എന്ന കൊച്ചിബിയന്നാലെക്കെതിരേ ഉയർത്തിയ ആരോപണം സ്മരണീയം:)). പിൻ അപ്പ് ബോഡുകളിൽ ക്ലിപ്പടിച്ച് അതുമ്മേ ഞാത്തിയിട്ടിരിക്കുകയാണു പെയിന്റിംഗുകൾ. ലൈറ്റിംഗ് എന്ന് പറയുന്ന സാധനം ഇല്ല. കറുത്തപിന്നണി ഉള്ള ചില പെയിന്റിംഗുകൾ -- അവയിലെ സബ്ജക്റ്റ് മാറ്റർ കൊണ്ടുതന്നെ ഊഹിക്കാം -- ചെറിയ വ്യാസമുള്ള സ്പോട്ട് ലൈറ്റ് പോലുള്ളവ ഉപയോഗിച്ച് വളരെ നിയന്ത്രിതമായ ലൈറ്റിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന്. അങ്ങനുള്ളവയൊക്കെ നേരേ വെയിലടിക്കുന്ന ജനാലയ്ക്ക് എതിരേ കൊണ്ട് തൂക്കിയിട്ടിട്ടുണ്ട്. ഫലത്തിൽ എണ്ണച്ചായത്തിലും വാർണിഷിലും തട്ടി പ്രതിഫലിക്കുന്ന പ്രകാശം പെയിന്റിംഗിനെ നാശമാക്കുകയാണ് (അത് വരച്ചവൾ/വൻ  തൂങ്ങിച്ചാവാതിരുന്നാൽ ഭാഗ്യം).

ഒരേ ചിത്രകാരിയുടെ/രന്റെ ഒറ്റസീരീസിൽ വരുന്ന  മൂന്നോ നാലോ ചിത്രങ്ങൾ ഉണ്ട്. സമാനാശയവും ശൈലിയും എക്സിക്യൂഷൻ രീതിയും കൊണ്ട് തന്നെ ഏത് മരപ്പൊട്ടനും മനസിലാകും, ഒരുമിച്ച് ഒരു സീരീസിൽ വേണം അവ പ്രദർശിപ്പിക്കാൻ എന്ന്. ഗ്രാന്റ് കേരള കണ്ടം‌പറിയിൽ ഒരേ സീരീസിലെ നാലുപടമുണ്ടേൽ നാലു മൂലയ്ക്കാണ്. അതിനൊരു പാറ്റേൺ ഉണ്ടായിരുന്നെങ്കിലും വേണ്ടുകേലാരുന്നു, ഇതതുമില്ല. ഏറ്റവും വലിയ മഹാപാതകം എന്ന് പറയുന്നത് സ്കൂൾ യുവജനോത്സവം നിലവാരത്തിൽ “കടൽത്തീരം“, ലാന്റ്സ്കേപ്പ്, എന്നൊക്കെയുള്ള വിഷയം വച്ച് തിരിച്ചാണ് വർക്കുകൾ തൂക്കിയിരിക്കുന്നതെന്നതാണ് (ഉദ്ധൃതലിംഗമൊക്കെയുള്ള ചില വർക്കുകളുണ്ട്, അതിനും കൂടി വല്ല കമ്പി തീമും കാനായി സാറു ഇവന്റുമാനേജ്മെന്റ് അലക്ക് കമ്പനിക്ക് എഴുതി കൊടുത്തിരുന്നോ ആവോ) ! മംഗളം പത്രത്തിൽ ആട്ടുകല്ല് കണ്ട് രവിവർമ്മയെ ധ്യാനിച്ച മന്തലേഖകൻ ജിനേഷ് പൂനത്ത് സാറ് എന്ത് വന്നാലും ഈ പ്രദർശനം കാണണം കേട്ടാ, സാറിന്റെ നെലവാരത്തിനൊക്കും ഇത്.

ആബ്സ്ട്രാക്റ്റ് ആർട്ടുകൾക്ക് ചുമ്മാ ടൈറ്റിലും സ്രഷ്ടാവിന്റെ പേരും മാത്രമായി ഡിറ്റിപിയിൽ അടിച്ച് സൈഡിൽ സെല്ലോടേപ്പിട്ട് ഒട്ടിച്ച് വയ്ക്കുന്ന നിലവാരത്തിൽ നിന്ന് ഈ 2013ലും പ്രദർശനം ഉയർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വർക്കിനെ പറ്റി ഒരു വരിയെങ്ങാൻ ലതിന്റപ്രത്ത് എഴുതി വച്ചത് വായിച്ച് ജനമെങ്ങാൻ മഹാസൃഷ്ടിയുടെ രഹസ്യം പഠിച്ച് പോയാലോ എന്നാവണം ഇത് ക്യുറേറ്റി മലമറിച്ചവൻ വിചാരിച്ച് വച്ചിരിക്കുന്നത്. എക്സിബിഷന്റെയും വർക്കുകളുടെയും തീമുകളെ സംബന്ധിച്ചും മറ്റും  ശിവകാശിപ്രസുകളിൽ പ്രിന്റ് ചെയ്ത ഒരു  കീറ്റക്കടലാസെങ്കിലും ഒരു ഫ്ലയർ അടിച്ച് വിതരണം ചെയ്യാൻ ഇത് സ്പോൺസർ ചെയ്യുന്ന ടൂറിസം വഹുപ്പിനോ കൌമുദി ഗ്രൂപ്പിനോ എന്തിനു ക്യുറേറ്റിയ മന്തനോ തോന്നിയില്ല എന്നത് ജന്മനാട്ടിലൊരു അയൽ‌പക്ക പ്രദർശനം ആസ്വദിക്കാൻ ഓടിച്ചെന്ന ഈതെഴുതുന്നവനെപ്പോലുള്ളവരുടെയും ആ പ്രദർശനത്തിനു മെനക്കെട്ട് സൃഷ്ടികളയച്ച് കൊടുത്തവരുടെയും മോന്തയ്ക്ക് അപ്പി വാരി എറിയുമ്പോലാണ് എന്ന് പറയാതെ വയ്യ. ഇത്രോം വർക്കുകൾക്ക് ഫ്ലയറുണ്ടാക്കുന്നതെങ്ങനെ എന്നാണ് ഇവന്റ് മാനേജ്മെന്റ് പയ്യൻ ചോദിച്ചത് ! പുള്ളി പറഞ്ഞതനുസരിച്ചാണെങ്കിൽ വർക്കിനു കൊടുത്തിരിക്കുന്ന കോഡ് നമ്പർ നോട്ട് ചെയ്തിട്ട് (ചെവിത്തോണ്ടീടെ വില എഴുതി ഒട്ടിച്ചത് മാതിരി ഒരു സ്റ്റിക്കറിൽ നമ്പരൊണ്ട്)  ഫ്രണ്ടാപ്പീസീ ഇരിക്കണവനോട് ചോയിച്ചാ അവരു കോഡ് നമ്പര് വച്ച് വർക്കിന്റെ ഡീറ്റെയിത്സ് തപ്പി അയച്ച് തരും. അള്ളാ, പടച്ചോനേ... യെവനോട് എന്തരു പറയാൻ. 

ആദ്യരണ്ട് മൂന്ന് നിരകൾ കഴിഞ്ഞാൽ അകത്തെ മുറിയിൽ ചാളയും അയലയും അടുക്കിയിരിക്കുന്ന പോലെ ഹൈസ്കൂൾ നിലവാരത്തിലെ കുറേ ജലച്ചായ ചിത്രങ്ങൾ നിരത്തിയിട്ടിട്ടുണ്ട്, തറയിലും ചുവരിലും ടേബിളിലുമൊക്കെയായി. ആ ഭാഗത്തോട്ട് പോകാതിരിക്കുന്നതാണു നല്ലത് - സസ്യശ്യാമള കോമളം കണ്ട് കണ്ണീന്ന് രക്തം വരും.

ഇതിനെയൊക്കെ  contemporary art എന്ന് വിളിക്കുന്ന തലകൾ അരനിമിഷം പോലും വെയിലോ കാറ്റോ കൊള്ളിക്കാതെ ശ്രദ്ധാപൂർ‌വം ഉപ്പിലിട്ട് മ്യൂസിയത്തിൽ വയ്ക്കേണ്ടതാകുന്നു. ഒള്ളത് പറയാമല്ലോ, ഗ്രാന്റ് കേരള കണ്ടമ്പറീടെ രണ്ട് വലിയ ഫ്ലക്സ് പോസ്റ്റർ ഹോർഡിംഗുകൾ കനകക്കുന്ന് പരിസരത്ത് ഉണ്ട്. അതിൽ ടീസർ ആയി ഉൾപ്പെടുത്തിയിരിക്കുന്ന തമ്പ്‌നെയിൽ ചിത്രങ്ങളുടെ സെലക്ഷൻ കണ്ടാലറിയാം, ഒറിജിനൽ എക്സിബിഷൻ ക്യുറേറ്റ് ചെയ്തവനേക്കാൾ വിവരവും കലാബോധവും ഏതോ റിപ്രോഗ്രാഫിക് സെന്ററിൽ ഇരുന്ന് ല്ല പോസ്റ്റർ ഡിസൈൻ ചെയ്ത മനുഷ്യനുണ്ടെന്ന് .

കൂതറപ്രദർശനരീതിയെയും പരിസരങ്ങളെയും അതിജീവിച്ച് കൊണ്ട് നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്ന ചില വർക്കുകളും ചിത്രകാരൻ/രിമാരും കൂട്ടത്തിലുണ്ടെന്നത് മറക്കുന്നില്ല. പക്ഷെ വിരലിലെണ്ണാവുന്നവയേ ഉള്ളൂ അതിൽ “സമകാലിക” ദൃശ്യകല എന്ന നിർ‌വചനത്തിൽ പോലും പെടുത്താവുന്നവ എന്നതാണു ദുഃഖസത്യം. ബുദ്ധനെ പ്രതിനിധീകരിക്കുന്ന ആലിലയും  കെട്ടിപ്പിടിത്ത/ചുംബന രംഗങ്ങളുടെ ആബ്സ്ട്രാക്റ്റ് കലപിലകളും സാൽ‌വദോർ ദാലിയുടെ വിഭ്രമിപ്പിക്കുന്ന മൈന്റ്‌സ്കേപ്പ് ശൈലിയും ഒക്കെ തന്നെയാണു ഏറിയകൂറും ആവർത്തിച്ച് വരുന്നത്. ആധുനിക/ഉത്തരാധുനിക/ഉത്തരോത്തരാധുനിക ചിത്രകലാ വർക്കുകളെയോ പുതിയ സങ്കേതകങ്ങളോ, എന്തിനു്, മാറുന്ന സാമൂഹികതയയെയോ പോലും ഈ കലാകാരൻ/രിമാർ ശ്രദ്ധിക്കുകയോ പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യുന്നില്ല എന്ന് ഈ രംഗം നിരീക്ഷിക്കുന്ന ഒരു സാധാരണ ആസ്വാദകനു പോലും പറയാൻ പറ്റുന്നത്ര ദരിദ്രമാണ് വർക്കുകൾ.

നല്ലതെന്നും, ഇനിയും ഇവരെ ശ്രദ്ധിക്കണം എന്നും തോന്നിയ വർക്കുകൾ * :

1. Rivers of Memory series : (I don't remember the artist's name)  (ഒരേ സീരീസിൽ വരുന്ന ചിത്രങ്ങൾ പല മൂലയ്ക്ക് കൊണ്ട് തൂക്കിയിട്ടിട്ടുണ്ട്; ക്രമീകൃത വെളിച്ചത്തിൽ പ്രദർശിപ്പിക്കേണ്ടതിനെ എടുത്ത് വരാന്തയിൽ വെയിലത്ത് തൂക്കിയിട്ടിരിക്കുന്നു.)
2. Portrait of a poet, Portrait of a Butterfly : Francis Antony  (മിക്സഡ് മീഡിയം വർക്ക്, ഗംഭീരം)
3. 2 untitled works by Bimi Roy (ടിപ്പിക്കൽ  മോഡേൺ ആർട്ട് ശൈലി)
4. Guru : Chandranandan (ഉള്ളടക്കം കൊണ്ട് ഞെട്ടിക്കും)
5. He, She (series) : Krishna J  (ഈ സീരീസില ചിത്രങ്ങൾ പ്രദർശനത്തിൽ തോന്നിയപാട് തൂക്കിയിട്ടിരിക്കുകയാണ്)
6. Exquisite, Harmony (series) : Sibi Martin (ടിപ്പിക്കൽ  മോഡേൺ ആർട്ട് ശൈലി; ഉള്ളടക്കം ആവശ്യപ്പെടുന്ന വലുപ്പത്തിലല്ല വർക്ക് എന്ന് തോന്നി )


*ഫൊട്ടോഗ്രഫി നിരോധിച്ചിരുന്നത്  കൊണ്ട് ചിത്രങ്ങൾ പോസ്റ്റിനൊപ്പം ചേർക്കുന്നില്ല.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)