CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 28, 2012

വായില്ലാക്കുന്നിലെ കലാരാമന്മാര്‍

"താങ്കള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി എനിക്കൊരു ചിത്രം ചെയ്ത് തരുമോ" എന്ന ചോദ്യത്തിനു പ്രസിദ്ധ ഗ്രഫീടികലാകാരന്‍ ബാങ്ക്സിയുടെ ഒരു മറുപടിയുണ്ട് :
What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market“.
കലയും സമൂഹവും തമ്മിലെ രസകരമായ വ്യവഹാരത്തിന്റെ ആണിയാണീ വാചകം.

കുറച്ചുനാളായി ഉയര്‍ന്നു കേള്‍ക്കുന്ന ബിയന്നാലെ വിവാദം കൗതുകമായി തോന്നുന്നതും ഈ പരിപ്രേക്ഷ്യത്തില്‍ തന്നെ. മുന്‍പ് കല വിശദീകരിക്കേണ്ടതാണോ എന്ന വിഷയത്തില്‍ ഗൂഗിള്‍ ബസ്സില്‍ നടന്നൊരു ചര്‍ച്ചയുടെ ഭാഗമായി ഇട്ട പോസ്റ്റിന് ഇപ്പഴും സാംഗത്യമുണ്ടെന്ന് തോന്നുന്നു.

സമൂഹത്തില്‍ നിന്നുണ്ടാകുന്ന കല സമൂഹവുമായി സംസാരിക്കാനാണുദ്യമിക്കുന്നത്. അപ്പോള്‍ സമൂഹത്തില്‍ നിന്ന് അതിനോട് തിരിച്ചു സംസാരിക്കാനാളില്ലാതെ വന്നാല്‍ കലയ്ക്കെന്ത് നിലനില്പാണുള്ളത് ? സംസ്കൃതത്തില്‍ ജ്യോതിശാസ്ത്രവും ഗണിതവും കാവ്യവും എഴുതിയിട്ട് ഭൂരിപക്ഷജനം സംസ്കൃതം പഠിക്കുകയേ പാടില്ലെന്ന് നിശ്ചയിക്കുകയും ചെയ്ത പൂര്‍‌വ്വസൂരിമൈരുകള്‍ ഇരിക്കുന്ന കൊമ്പിനെ ഉഞ്ഞാലാടിക്കൊണ്ട് അറക്കുകയായിരുന്നല്ലോ.

ബാബിലിനും ഗ്രീസിനും ഇന്ത്യക്കും ശേഷം കലകളുടെ കേന്ദ്രമായി വളര്‍ന്ന യൂറോപ്പ് ഇന്നും ആ രംഗത്തെ ആധിപത്യം തുടരുന്നത് കലകളുടെ ജനകീയവല്‍ക്കരണത്തിലൂടെയാണ് എന്ന അടിസ്ഥാന മാര്‍ക്കറ്റിംഗ് തത്വം നമ്മള്‍ മറന്നു.
Fish by Constantin Brancusi (Romania), 1926.
Photo taken at the Tate Modern, London.
ഇവിടെ ഏത് ചെറിയ ഗ്യാലറിയില്‍ ചെന്നാലും കലാകാരി/രനെ പരിചയപ്പെടുത്തുന്ന ഒരു നിരൂപണക്കുറിപ്പ് കിട്ടും - ലഘുലേഖയായോ കാര്‍ഡായോ ഒക്കെ. എന്തിന്, വലിയ ചന്തകളില്‍ ടീഷര്‍ട്ടോ ഗ്രീറ്റിംഗ് കാര്‍ഡോ നെക്ക് ടൈയോ കപ്പുംസോസറുമോ ഒക്കെ കരകൗശലപ്രിന്റിംഗ് ചെയ്ത് വച്ചിരിക്കുന്നേടത്ത് പോലും കലാകാരന്മാരുടെ ലഘുലേഖയോ കോളിംഗ് കാര്‍ഡോ ഒക്കെ കാണും. പല കലാകാരന്മാരും പ്രദര്‍ശന സ്ഥലത്തു ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളുമായി ഉണ്ടാകും. തങ്ങളുടെ കല എന്താണെന്ന് സം‌വദിക്കാനുള്ള വെമ്പല്‍, അവരുദ്ദേശിച്ചത് നമ്മള്‍ മനസിലാക്കുകയോ, അവരുദ്ദേശിക്കാത്തോരു വ്യാഖ്യാനം കൂടി നമ്മള്‍ കൊടുക്കുകയോ ചെയ്താല്‍ അതിന്റെ ആനന്ദം -- ഒക്കെ മറയില്ലാതെ പ്രകടിപ്പിക്കും.

ഏത് ഗ്യാലറിയില്‍ പോയാലും കാണാം ഒരു സംഘം കുട്ടികളെയും കൊണ്ട് കല വിശദീകരിച്ചോണ്ട് നടക്കുന്ന ഒരു ക്യുറേറ്ററെ, അല്ലെങ്കില്‍ കലാധ്യാപികയെ. അമ്മാതിരിയൊരു പോഷകാന്തരീക്ഷം സ്കൂള് മുതല്‍ക്കേ ഉള്ളത് കൊണ്ടാവാം, ഒരു പഴയ കെട്ടിടം കണ്ടാല്‍ അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് സ്വാധീനമോ, എഡ്വേഡിയനോ, വിക്റ്റോറിയനോ എന്നൊക്കെ പറയാന്‍ പറ്റുന്ന പിള്ളേരു പോലുമുണ്ടാവുന്നു.

വലിയ ഗ്യാലറികളിലെല്ലാം ഇന്ന കലാകാരി/രന്റെ സ്വാധീനം ഏതൊക്കെ പൂര്‍‌വ്വകലാകാരന്മാരാണ്, മറ്റെവിടെയൊക്കെ ഈ കലാകാരന്റെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇതേ ശൈലിയിലെ മറ്റ് സൃഷ്ടികള്‍ എവിടെ കാണാം എന്നൊക്കെ ഒരു നൂറ് വിവരം കൊണ്ട് നമ്മെ ബോംബിടും. സാധനം തലയ്ക്ക് പിടിച്ചവര്‍ വീട്ടില്‍ പോയി നെറ്റില്‍ തപ്പും, പാരിസിലോ ലോസ് ആഞ്ജലസിലോ ടി സൃഷ്ടാവു ചെയ്ത വര്‍ക്കുകളുടെ പോട്ടം കാണും, ആസ്വദിക്കും.

കേരളത്തില്‍ ഒറ്റ ആര്‍ട്ട് ഗ്യാലറിയില്‍ പോലും കലയെയോ കലാകാരി/രനെയോ പരിചയപ്പെടുത്തുന്ന വിശദീകരണക്കുറിപ്പ് കണ്ടിട്ടില്ല. Contemporary artന്റെ ആസ്വാദനത്തിലെ ഒരു മുഖ്യ ഘട്ടം തന്നെ കലാകാരനെ സൃഷ്ടിയുടെ ആശയം വന്നു തൊട്ട നിമിഷത്തെ അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കലാണ്. ഇന്‍സ്റ്റലേഷനോ പെയിന്റിംഗോ വയ്ക്കുന്നേടത്ത് സാധനത്തിന്റെ പേരെന്ത് എന്നുപോലും സൂചിപ്പിക്കുന്ന ഒരു വരി മിക്ക മൈരുകളും വയ്ക്കുകയില്ല. താന്‍ പ്രയോഗിക്കുന്ന കലയെ മുന്‍‌പരിചയമില്ലാത്ത ജനത്തിനു സാധാരണ ഭാഷയില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു പുസ്തകം പോലും ഒരുത്തനും എഴുതില്ല. കലയുടെ വികാസവും ചരിത്രവും, അതിന്റെ രാഷ്ട്രീയം എങ്ങനെയൊക്കെ നിത്യജീവിതത്തില്‍ ദര്‍ശിക്കാം, മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് കല മാറുന്നതെങ്ങനെ, മോഡേണിസവും പോസ്റ്റ് മോഡണിസവും ആന്റി-ആര്‍ട്ടും ആന്റി-ആന്റി-ആര്‍ട്ടും ഒക്കെ എന്ത് തേങ്ങയാണ് എന്നൊക്കെ ഒരായിരം കാര്യങ്ങളുണ്ട് -- ഒന്നും ഒരുത്തനും ജനവുമായി സം‌വദിക്കില്ല.

ചുരുക്കത്തില്‍  മുകേഷ് സിനിമയില്‍ കാണിക്കുമ്പോലെ പെയിന്റ് കൈമുക്കി തുടച്ച ക്യാന്‍‌വാസാണ് ജനം മോഡേണ്‍ ആര്‍ട്ടെന്ന് ധരിച്ച് വയ്ക്കുന്നതില്‍ മുഖ്യ റോള്‍ കലാകാരന്മാര്‍ക്കുതന്നെയാണ്. ഇതിന്റെ പാര ആത്യന്തികമായി അവനവനു തന്നെയാണ്. കലാമൂല്യം മനസിലാക്കാത്ത സമൂഹത്തില്‍ വര്‍ക്ക് എങ്ങനെ വിറ്റ് പോകും ? പെയിന്റ് കുടിച്ചിട്ട് ജീവിക്കാന്‍ പറ്റുമോ ? കച്ചവടമില്ലാത്ത ശുദ്ധകല വടക്കന്‍ കാറ്റത്ത് വരുന്നതും നോക്കി നിന്നാല്‍ മുസിരിസ് കടലെടുത്തപോലെ കാലമങ്ങ് പോവും കേരളമേ.

ഫിലിം ഫെസ്റ്റിവല്‍ മോഡലില്‍ ലളിതകലകളിലും ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളുമൊക്കെ നേരിട്ട് അതിന്റെ ഗാംഭീര്യത്തോടെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സഹായിക്കുന്നൊരു മേളയായി ബിയന്നാലെ വളരുമെന്ന് ആഗ്രഹിക്കുന്നു. ഇത്തവണ അവര്‍ പരിചയപ്പെടുത്തുന്ന കലാകാരന്മാരുടെ പട്ടിക അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷാല്‍ ഐയ് വീവി പോലുമെത്തുന്നു ! 

ബുജിഫെസ്റ്റ് എന്ന് തൊണ്ണൂറുകളില്‍ പുച്ഛിക്കപ്പെട്ട IFFKയ്ക്ക് ഇന്ന് പാസുവാങ്ങാന്‍ ജനം ഇടിയും തൊഴിയുമാണ്. രണ്ട് കൊല്ലം കൂടുമ്പോള്‍ ഡിസംബര്‍ മാസം കൊച്ചിയിലെ കലാമാമാങ്കത്തിനു ട്രെയിന്‍ കേറാന്‍ ജനം ഇടികൂടുന്ന അവസ്ഥയുണ്ടാവട്ടെ. ഏറ്റവും പ്രധാനമായി, പഴയ തലമുറയിലെ മന്തന്മാരല്ല, വിശാലമായ കലാലോകത്തെ പരീക്ഷണങ്ങളെ മുന്‍‌വിധികളില്ലാതെ സ്വീകരിക്കുന്ന പുതിയ തലമുറയിലെ, ഡിജിറ്റല്‍ ക്യാമറയും മൊബൈല്‍ ഫോണും കൊണ്ട് പുതിയ ചിത്രങ്ങളെഴുതുന്ന, പുതിയ കണ്ണുകള്‍ കൊണ്ട് കാഴ്ചകള്‍ കാണുന്ന പിള്ളേര്‍ക്ക് ആകണം ഇതൊരു ഉത്സവം.

സാന്ദര്‍ഭികമായി:

1. നാഷനല്‍ ഗ്യാലറിയില്‍ നിന്ന് കഴിഞ്ഞാഴ്ച വാങ്ങിയ പുസ്തകം : 10,000 Years of Art (Phaidon press). 8000ബിസി മുതല്‍  1995 വരെയുള്ള കാലത്തെ ലോകം മുഴുവനുമുള്ള തെരഞ്ഞെടുത്ത 500 വര്‍ക്കുകളും അവയുടെ ആസ്വാദനസഹായകമായ കുറിപ്പും ചേര്‍ന്ന ഒരു കുട്ടി കൈപ്പുസ്തകം. ഈജിപ്തും ഇറാക്കും ഇന്ത്യയും മുതല്‍ ജപ്പാനും നൈജീരിയയും ബ്രസീലും വരെയൊരു കലാതീര്‍ത്ഥാടനം.

2. ടെയ്റ്റ് മോഡേ ഗ്യാലറിയില്‍ ഈയടുത്ത് പോയപ്പോള്‍ കണ്ട പുസ്തകം :  What is Contemporary Art?: A Children's Guide by Jacky Klein & Suzy Klein. ഇത് ബിബിസി റേഡിയോയില്‍ ഒരു പ്രത്യേക പ്രോഗ്രാമില്‍  പരിചയപ്പെടുത്തുകയും ചെയ്തു. പിള്ളേരുള്ള തള്ളതന്താര്‍ക്ക് റെക്കമന്റ് ചെയ്യുന്നു.

Nov 23, 2012

ഫ്രോഗ് : പരിണാമത്തിലെ ഇടനിലങ്ങള്‍


ഒരു സ്വകാര്യവട്ടത്തിനുള്ളിലെ സംഭാഷണത്തിനിടയ്ക്ക് റോബി ഫ്രോഗ് എന്ന സനല്‍ ശശിധരന്റെ പുതിയ ഹ്രസ്വചിത്രത്തെപ്പറ്റി പറഞ്ഞപ്പോഴാണ് പുള്ളിയില്‍ നിന്ന് വാങ്ങിയ ഡിജിറ്റല്‍ പ്രിവ്യൂകോപ്പി കണ്ടത്. സനലിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു മുന്‍‌വിധിയോ പ്രതീക്ഷയോ ഇല്ലായിരുന്നു. അമെച്ച്വര്‍ ചലച്ചിത്രങ്ങളുടെ കള്ളിയില്‍ ഒതുക്കിക്കളയാവുന്ന ഒരു പരീക്ഷണമല്ല ഇത് എന്ന് തീര്‍ച്ച. ഇതുപോലുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന സാങ്കേതികത്തികവും ബൗദ്ധികവ്യായാമങ്ങളില്‍ വ്യാപരിക്കാനുള്ള വര്‍ദ്ധിച്ച താല്പര്യവും ചേര്‍ന്ന ഒരന്തരീക്ഷം മലയാളിക്കുചുറ്റും ഉരുവപ്പെടുന്നുണ്ടുതാനും. ആ നിലയ്ക്ക് ഫ്രോഗ് എന്ന സം‌രംഭം നില്‍ക്കുന്നയിടം അടയാളപ്പെടുത്തി വയ്ക്കേണ്ട ഒന്നാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.

മൃഗമെന്ന മനുഷ്യന്റെ അവസ്ഥയെയും മൃഗവാസനയ്ക്കും (instincts) മനുഷ്യവാസനയ്ക്കും ഇടയിലെ പരിണാമകണ്ണികളെ അതിന്റെ വച്ചുകെട്ടുകളെയെല്ലാം അഴിച്ച് കളഞ്ഞ് കാണിച്ചുതരുന്നുണ്ട് ഫ്രോഗ്. ഓ.ഹെന്‍‌റി-മോപ്പസാങ് ശൈലിയിലെ (ഹ്രസ്വചിത്രങ്ങളില്‍ ചിരപരിചിതമായ) പരിണാമഗുപ്തിയുള്ള ഒരു പ്ലോട്ടിന്റെ തിരഞ്ഞെടുപ്പിലല്ല,  ദൃശ്യാവിഷ്കാരവും ശബ്ദസന്നിവേശവുമെല്ലാം അത്തരമൊരു ധ്യാനം സാധ്യമാക്കുന്നേടത്തേക്ക് എത്തിച്ചു എന്നതിലാണ് സനല്‍ ശശിധരനും സംഘവും അഭിനനന്ദനമര്‍ഹിക്കുന്നത്.

അറുക്കാനെടുക്കുന്ന മൃഗം, അറുക്കാന്‍ കൊടുക്കുന്ന മൃഗം, ലൈംഗികമൃഗം, നിസ്സഹായ മൃഗം, പ്രതികാരവാഞ്ഛയില്‍ അക്രമകാരിയാകുന്ന മൃഗം എന്നിങ്ങനെ പല അവസ്ഥകളിലും വാസനകളുടെ പരിണാമഘട്ടങ്ങള്‍ വച്ച് കളിക്കുന്നുണ്ട് പടം. കുരങ്ങ് വര്‍ഗത്തിലെ പല ജന്തുസമൂഹങ്ങളിലെയും സ്ഥിരം കാഴ്ചകളിലൊന്നാണ് പ്രായത്തില്‍ താഴെയുള്ള ആണ്‍‌കുരങ്ങുകളെ മറ്റ് മുതിര്‍ന്ന ആണുങ്ങള്‍ ലൈംഗികാധിപത്യം സ്ഥാപിക്കാനായി ഗുദഭോഗത്തിനിരയാക്കുന്നത്. ഒരു ചെയ്ഞ്ചിന് ഇതില്‍ പെണ്ണിനെയല്ല ആണിനെ ബലാല്‍‌സംഗം ചെയ്യട്ടെ എന്നു ചുമ്മാ അങ്ങ് തീരുമാനിച്ചിട്ടല്ല ഇതിലേക്ക് സം‌വിധായകനെത്തിച്ചേര്‍ന്നതെന്ന് വ്യക്തം. ഗ്രാന്റ് തിയറി ദാര്‍ശനിക ഫ്രെയിം‌വര്‍ക്കിന്റെ മനഃശാസ്ത്ര അനാലജി ഇവിടെ കടമെടുത്താല്‍ പ്രതിനായകന്‍ തന്റെ വാചകങ്ങളിലൂടെയും  ("എനിക്കാണങ്കില്‍ ഒന്നിനേം പേടിയില്ല") ഭൂവിഭാഗത്തിനെപ്പറ്റിയുള്ള അറിവിലൂടെയും (knowledge of the territory) ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്  തന്റെ നേതൃത്വപരമായ ആണ്‍‌കോയ്മയില്‍ (alpha male) നിന്നുണ്ടാകുന്ന ലൈംഗികാധിപത്യത്തിനുള്ള അവകാശമാണ്. അതാകട്ടെ പിന്നിലിരിക്കുന്ന നായകനേക്കാള്‍ ശാരീരികശേഷി കുറഞ്ഞയാളാണു താനെന്ന ബോധ്യത്തിലും, അതിന്റെ ഗൂഡമായ ഭയത്തിലും കൂടിയാണ്. ഇതയാളുടെ മൂത്രമൊഴിപ്പുസീനിലും മോട്ടര്‍സൈക്കിളിലെ കോഴിച്ചോരയിലും ഒരു fetish play കൊണ്ട് അടിവരയിടുന്നുണ്ട്.  അയാളുടെ ദാര്‍ശനികതകലര്‍ന്നതെന്ന് തോന്നിപ്പിക്കുന്ന ചിരിയും ഒരു തരം fear induced humour എന്ന ഫ്രോയ്ഡിയന്‍ ലൈനിലാണ് എന്ന് വായിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ലൈംഗികമായി അതിക്രമിക്കപ്പെട്ടുകഴിഞ്ഞ ആണ് ചെയ്യുന്നതും അതേ അവസ്ഥയിലെ പെണ്ണ് ചെയ്യുന്നതും തമ്മിലെ സിനിമാറ്റിക് കോണ്ട്രാസ്റ്റിനു പറ്റിയൊരു ഷോട്ടാണ് ഒരു കഥാപാത്രം തിരിഞ്ഞുനിന്ന് ശുക്ലബാക്കി കുടഞ്ഞു കളയുന്നത് ബലാല്‍സംഗം ചെയ്യപ്പെട്ടവന്റെ ജീന്‍സിട്ട കാലുകൊണ്ട് ഫ്രെയിം ചെയ്യപ്പെട്ട ദൃശ്യം. BDSM ഫെറ്റിഷുകളുടെ ഉറഞ്ഞുകൂടല്‍...

റാഡ്‌ക്ലിഫ്-ബ്രോന്റെ-ലൂയിസ് ത്രയത്തിന്റെ ഗോഥിക് കഥകളുടെ ആണ്‍‌കാഴ്ച ഫ്രോഗിനുണ്ടെന്ന് ആദ്യ മിനിറ്റുകളില്‍ തന്നെ വ്യക്തമാണ്. കല്ലില്‍ കൊത്തിയ ചുമടുതാങ്ങിയില്‍ നിന്ന് ആരംഭിക്കുന്ന ഷോട്ടിന്റെ സൂചനതന്നെ പരിണാമത്തിന്റെ സാംസ്കാരികചരിത്രത്തിലേക്കും അതിന്റെ പരിണാമവഴികളിലേക്കുമാണ്. കേരളത്തിലെ മലയോര ലൊക്കേഷനുകളിലേക്ക്  gothic visuals ഗംഭീരമായി ആവാഹിച്ചിരിക്കുന്നു. ചാകാന്‍ പോകുന്ന ആത്മഹത്യാകൊക്കയെ ഒരിക്കല്‍ പോലും കാണിക്കാതെ തന്നെ അതിന്റെ ആഴവും ഭീതിയും അനുഭവിപ്പിക്കുന്ന വളവുതിരിവുകളും കുന്നിന്‍‌മുകളിലേക്കുള്ള യാത്രയും പ്രത്യേകശ്രദ്ധയര്‍‌ഹിക്കുന്നു. ഇവിടെയൊരു വിമര്‍ശനമുള്ളത്, ദൃശ്യത്തിലൂടെത്തന്നെ അതു നന്നായി സം‌വദിക്കുമ്പോള്‍ ഭയം ധ്വനിപ്പിക്കുന്ന പശ്ചാത്തലസംഗീതം ആവശ്യമുണ്ടായിരുന്നില്ല; മ്യൂട്ട് ചെയ്തിട്ട് ആ ഭാഗങ്ങള്‍ കണ്ടാലും പ്രാകൃതമായൊരു ഭീതി ജനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പര്യാപ്തമാണ്.

ശവം വലിച്ചെറിഞ്ഞിട്ട് നായകന്‍ ഓടുന്ന സീന്‍ -- അതിലൊരു സുന്ദരന്‍ സംഗതിയുണ്ട്. ഒരു പ്രതികാരം കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ പ്രതികാരം നടന്നയിടത്തേക്ക് നോക്കിക്കൊണ്ട് നായകന്‍ പിന്നാക്കം  നടക്കുന്നതും, അതില്‍ നിന്ന് പുറന്തിരിഞ്ഞ് ഓടിപ്പോകുന്നതും സം‌വദിക്കുന്ന സിനിമാറ്റിക് അര്‍ത്ഥങ്ങള്‍ വ്യത്യസ്തമാണ്. ഫ്രോഗിലെ നായകന്‍ വില്ലനെ എറിഞ്ഞേടം നോക്കിക്കൊണ്ട് പിന്നാക്കം നടക്കുകയല്ല, കൊലചെയ്യപ്പെട്ടവനില്‍ നിന്ന് പിന്തിരിഞ്ഞ് (മുന്നോട്ട്) ഓടുകയാണ്. ഭീരുത്വത്തിന്റെ  രസം ആ ബോഡി ലാംഗ്വേജ് കണ്‍‌വേ ചെയ്യുന്നുണ്ട്. ആ പയ്യനും അഭിനന്ദനം.

ശബ്ദസങ്കലനമാണ് എടുത്തുപറയത്തക്കതായ ഒരു പ്രശ്നം. പശ്ചാത്തലസംഗീതം ആവശ്യമില്ലാത്ത കുറേയിടങ്ങളില്‍ വന്ന് കലമ്പലുണ്ടാക്കുന്നുണ്ട്. കാണാത്തതിലും കേള്‍ക്കാത്തതിലുമാണ് ഭീതി എന്ന എലമെന്റ് കുടികൊള്ളുന്നത്, അത് സൃഷ്ടിക്കാന്‍ സംഗീതത്തിന്റെ ആവശ്യം തന്നെ ഇവിടെയില്ല. പ്രാകൃതവാഞ്ഛകളുടെ മലയിറങ്ങിയാല്‍ പിന്നൊരു സംസ്കാരവും ചൊല്ലുവിളികളും നിയമവുമൊക്കെയുള്ള സമൂഹവും അവിടെയുണ്ടെന്ന് ഇടയ്ക്കിടെ - പലപ്പോഴും അലോസരപ്പെടുത്തിക്കൊണ്ട് - ഓര്‍മ്മിപ്പിക്കുന്ന ശബ്ദമാണ് ഇതില്‍ റേഡിയോ ഗാനങ്ങള്‍. അതിനെയും മുക്കിക്കളയുന്നു പലയിടത്തും പശ്ചാത്തലസംഗീതക്കഷണങ്ങള്‍.

നിഷാദ് കൈപ്പള്ളിയുടെ സബ്‌ടൈറ്റിലിംഗ് വളരെ നന്നായിട്ടുണ്ട്. സംഭാഷണത്തെ നിര്‍‌വികാരമായി പദാനുപദ തര്‍ജുമ ചെയ്യുന്ന സ്ഥിരം രീതിയില്‍ നിന്ന് അര്‍ത്ഥദ്യോതകമായി മാറുന്ന രീതിയിലേക്ക് സംഭാഷണത്തെ മൊഴിമാറ്റാന്‍ സ‌ബ്ടൈറ്റിലിംഗില്‍ ശ്രമിച്ചിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്. അതില്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു ഭാഗം, ബലാല്‍‌സംഗം കഴിഞ്ഞ് അതിനെ നിസാരമാക്കിക്കൊണ്ട് വാടാ എന്ന് വില്ലന്‍ പറയുന്നേടത്ത് bitch എന്ന്‌ സബ്‌ടൈറ്റിലില്‍ ചേര്‍ത്തതാണ്. വിദേശത്ത് ഈ സിനിമകാണുന്ന ഒരാള്‍ക്ക് you are my bitch എന്ന പ്രയോഗത്തിലൂടെ കിട്ടുന്ന ധ്വന്യാര്‍ത്ഥം വളരെ വലുതാണ്, സാംസ്കാരികമായി പരിചയമുള്ളതും.

ഓരോ സീനുമെടുത്ത് അപഗ്രഥിക്കാനുള്ളൊരു കുറിപ്പല്ല ഇത്. മലയാളത്തില്‍ ഇങ്ങനെയൊക്കെ ചിന്തയ്ക്ക് മരുന്നു നല്‍കുന്ന സാധനങ്ങളുണ്ടാകുന്നത്  ചെറിയ സന്തോഷമല്ല ഉണ്ടാക്കുന്നത് എന്ന് പറയാന്‍ മാത്രമാണീ കുറിപ്പ്.
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)