The contents of this blog and the language used herein are "mature" and suited only for "grown-ups".

Jun 9, 2011

ഹുസൈന്‍, നിങ്ങളെ ഞങ്ങള്‍ അര്‍‌ഹിച്ചിരുന്നോ?

താഴെ പ്രസിദ്ധീകരിക്കുന്നത് സുഹൃത്തുക്കളുടെ ഒരു ഇമെയില്‍ ഗ്രൂപ്പില്‍ വന്ന എം.എഫ് ഹുസൈന്‍ വിവാദത്തിലേക്ക് ഞാനിട്ട പത്തുപൈസകളാണ്‌. 
ഇതിനു മുന്‍പും ശേഷവും വന്ന മറുപടിമെയിലുകള്‍ കൂടി ചേര്‍ത്താലേ സത്യത്തിലിതു പൂര്‍ണമാകൂ. അന്ന് ഇത് ഒരു പൂര്‍ണ പോസ്റ്റാക്കി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ അതിനുള്ള ക്ഷമയും സമയവും ഉണ്ടായില്ല. ഇവിടെ  ഇപ്പോള്‍ ഈമെയിലുകള്‍ അതേപടി പ്രസിദ്ധീകരിക്കുകയാണ്‌ ആ വലിയ കലാകാരനോടുള്ള ആദരസൂചകമായി. 
* മെയിലയച്ച മറ്റുള്ളവരുടെ ഐഡന്റിറ്റി സം‌രക്ഷിക്കാനായി അവരുടെ പേരുകള്‍ക്ക് പകരം XYZ, PQR തുടങ്ങിയ ആംഗല അക്ഷരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പോസ്റ്റിലെ കമന്റുകള്‍ അടയ്ക്കുകയില്ല, പക്ഷേ ചര്‍ച്ചയ്ക്കുള്ള മൂഡ്, സമയം എന്നിവ തല്‍ക്കാലം ഇല്ല.



വിവാദമായ സരസ്വതീ ചിത്രം


1.  [...] എം.എഫ് ഹുസൈന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരച്ച, അതും ചില്ലറ കണ്‍സെപ്റ്റിലൊന്നുമല്ല, (അതു ആര്‍ക്കും വരയ്ക്കാമെന്നൊക്കെ പറയുന്നത് കലയുടെ കണ്‍സെപ്ച്വലൈസേഷനെപ്പറ്റിയുള്ള പരിപൂര്‍ണ അജ്ഞതകൊണ്ടാണ്, അല്ലെങ്കില്‍ മന:പൂര്‍വ്വം നിസ്സാരവല്‍ക്കരിക്കാന്‍) മികച്ച സൃഷ്ടികളുടെമേല്‍ “മതം വ്രണപ്പെടുത്തല്‍” തൊണ്ണൂറുകളില്‍ ആരോപിക്കുന്നതും അതിന്റെ പേരില്‍ അദ്ദേഹത്തെ “വേട്ടയാടുന്ന” ഒരു സിറ്റ്വേഷന്‍ ഉണ്ടാക്കിയതും കലാകാരന്റെ സ്വാതന്ത്ര്യത്തിനു മേല്‍ മാത്രമല്ല, ഒരു മനുഷ്യന്റെ തന്നെ - അയാള്‍ അന്യമതസ്ഥനായതുകൊണ്ടൂ മാത്രം - സ്വാതന്ത്ര്യത്തിനു മേലുള്ള കുതിരകയറ്റമായിരുന്നു.  ഗതികെട്ടാവണം ഖത്തറില്‍ എനിക്ക് പരമസ്വാതന്ത്ര്യമാണെന്ന് പുള്ളി പറയാനിടയായത് എന്നാണെനിക്ക് തോന്നിയത്, കടുത്ത ഫ്രസ്ട്രേയ്ഷനില്‍ ആര്‍ക്കും തോന്നുന്ന അക്കരപ്പച്ചവികാരം.

"വസ്ത്രമില്ലാതിരിക്കുക = ലൈംഗീകച്ചുവ" എന്ന് ധരിച്ചു വശായ വിഡ്ഢികളാണ് ഇതില്‍ “അശ്ലീല”മാരോപിക്കുന്നത്. ശിവനും പാര്‍വതീം വിവിധ പോസുകളില്‍ സുരതം ചെയ്യുന്ന മോഡലിലൊക്കെ ആരാധനാസ്ഥലങ്ങളില്‍പ്പോലും വിഗ്രഹം കൊത്തിവച്ചിട്ടുള്ള, ലൈംഗിക അണ്ടര്‍ റ്റോണുകളുള്ള ഉത്സവങ്ങള്‍ പോലും പ്രാചീനകാലം മുതല്‍ക്കുള്ള ഒരു രാജ്യത്ത് വസ്ത്രമില്ലാത്ത ഒരു സ്ത്രീരൂപം ദുര്‍ഗ്ഗയോ സരസ്വതിയോ ആയാല്‍ (ഈയടുത്തും കണ്ടു യോനിയും കാണിച്ച് കാലും മേല്‍പ്പോട്ട് പൊക്കി സുരതം കാംക്ഷിച്ചിരിക്കുന്ന 'വടയക്ഷി'യെ കൊത്തിവച്ചിരിക്കുന്ന കണ്ടു, അതും കേരളത്തിലെ പ്രശസ്തമായ ഒരു സോ-കോള്‍ഡ് വിഷ്ണുക്ഷേത്രത്തില്‍ !) ആകാശമിടിഞ്ഞുവീഴുമെന്ന മട്ടില്‍ പ്രതികരിക്കുന്നത് ഹിപ്പോക്രിസിയെന്നല്ല വേറെന്തോ അസുഖമെന്നേ പറയേണ്ടൂ.

സരസ്വതി, ദുര്‍ഗ്ഗ ചിത്രങ്ങളില്‍ പുള്ളി ആകെചെയ്തത് രവിവര്‍മ്മയെപ്പോലുള്ളവര്‍ മറാത്താ വേഷം കെട്ടിച്ചിരുത്തും മുന്പുള്ള കാലത്തെ  പരമ്പരാഗതമായ ശില്പകലാ രൂപത്തില്‍ സ്ത്രീശരീരം വരച്ചു എന്നതുമാത്രമാണ്. സ്ത്രീദേവതകള്‍ക്ക് അങ്ങ് ഹാരപ്പന്‍ കാലം മുതല്‍ ഇന്ത്യാഭൂഖണ്ഡം ആട്രിബ്യൂട്ട് ചെയ്യുന്ന സിംബലുകള്‍ ഒരു കലാസൃഷ്ടിയില്‍ മോഡേണ്‍ രൂപത്തില്‍ ഉപയോഗിച്ചതാണ് ഹുസൈന്‍ ചെയ്ത “തെറ്റ്” !

ഒരു പ്രാക്റ്റീസിംഗ് മുസ്ലിം പോലുമല്ലാത്ത, ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഒരു പാട്ടില്‍ ചേര്‍ത്തതിന് സ്വന്തം സിനിമ പെട്ടിയിലാക്കേണ്ടിവന്ന  അയ്യാളെന്താ നബിയെ അങ്ങനെ വരയ്ക്കാത്തത്, നബീന്റെ പെണ്ണുമ്പിള്ളയെ അങ്ങനെ വരയ്ക്കാത്തത് എന്നതൊക്കെ ചോദിക്കാന്‍ പോലും കൊള്ളാത്ത അജ്ഞത നിറഞ്ഞ കൌണ്ടര്‍ ആര്‍ഗ്യൂമെന്റുകളാണ്. എല്ലാ സ്ത്രീശരീരവും അങ്ങനെ നഗ്നമായി വരയ്ക്കണം എന്ന നിയമമൊന്നും അയാള്‍ ഫോളോചെയ്യുന്നതല്ല, ഭാരതീയ ദേവീദേവന്മാര്‍ക്ക് പ്രാചീനമായ ഒരു സിംബളിക് രീതി പിന്തുടര്‍ന്നു, മദര്‍ തെരേസയെ വരച്ചപ്പോള്‍ പുള്ളി ചെയ്തത്  മദറിന്റെ മുഖമില്ലാതെ ആ തലയിലെക്ക് വലിച്ചിടുന്ന സാരിത്തലപ്പ് (സിസ്റ്റേഴ്സ് ഒഫ് ചാരിറ്റിക്കാരുടെ ട്രേഡ് മാര്‍ക്ക് നീലക്കരയുള്ള സാരി) മാത്രമാണ് വരച്ചത്. അതാണ് ആര്‍ട്ട്... നബിയെ വരയ്ക്കാന്‍ തോന്നുമ്പോള്‍ അങ്ങ്ങ്ങെര്‍ ചിലപ്പോള്‍ ഒരു അറേബ്യന്‍ തലപ്പാവും ഒരു ഖഡ്ഗവും മാത്രം വരച്ച് സിമ്പളൈസ് ചെയ്തെന്നിരിക്കും, ആയിഷയെയോ ഫാത്തിമയേയോ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ ഒരു പര്‍ദ്ദ മാത്രവും... അതാണ് കല...അതാണ് കലയുടെ കണ്‍സെപ്ചലൈസേഷന്‍... അതിനാണ് വിലയും... അല്ലാതെ നാലാംക്ലാസുകാരന്റേത് എന്ന് പറയുന്ന മൂന്നും നാലും വരകളല്ല...... അതുപോലെ സൂപ്പറായ കണ്‍സെപ്റ്റുകള്‍ ആവിഷ്കരിക്കുന്ന ഒരു തലയെ ആണ് നഷ്ടപ്പെട്ടതും...

2.   [...]  70കളില്‍ വരച്ച് ഒരു പുക്കാറുമുണ്ടാകാതെ വിറ്റുപോയതും ആര്‍ട്ട് സര്‍ക്കിളുകളിലും പ്രദര്‍ശനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായതുമായ ഹുസൈന്റെ ചിത്രങ്ങളില്‍  ആവിഷ്കാര സ്വാതന്ത്ര്യ ഇഷ്യുവൊക്കെ വന്നത് ഈയടുത്ത കാലത്തുമാത്രമാണെന്ന് വീണ്ടും ഓര്‍ക്കുക. ആവിഷ്കാരത്തിന്റെ  സ്വാതന്ത്ര്യപ്രഖ്യാപനമോ റെബല്യനോ ആയി ഉദ്ദേശിച്ചാണ് ആ ചിത്രങ്ങള്‍ ഹുസൈന്‍ വരച്ചതെന്ന് ആ സീരീസിലെ പെയിന്റിംഗുകള്‍ പിന്തുടരുന്ന ആരും വാദിക്കുമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് സരസ്വതി സീരീസ് :  കൃഷ്ണ ഫോക് ലോറിലെ ‘മീരാബായിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ രണ്ട് ഡോലക്കിന്റെയും തബലയുടെയും അടുത്ത് തമ്പുരു മീട്ടിയിരിക്കുന്ന രാജസ്ഥാനി വേഷമിട്ട സ്ത്രീരൂപം മുതല്‍ ഒട്ടേറെ സരസ്വതിമാരെ പലതരത്തില്‍ - അതും മുക്കാലേ മുണ്ടാണി കേസിലും തുണിയുടുത്തു തന്നെയാണ് - ഹുസൈന്‍ വരച്ചിട്ടുള്ളത്. 
സരസ്വതി : മറ്റൊരു ഹുസൈന്‍ വര
കലയുടെ ദേവത എന്ന രീതിയിലെ യൂണിഡൈമെന്‍ഷനലായ ഒരു വ്യാഖ്യാനം മാത്രം നല്‍കാവുന്ന തരം ബ്ലാന്‍ഡ് ആയ ഒട്ടേറെ പടങ്ങള്‍ - അതിനിടയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കൂടുതല്‍ ആഴത്തില്‍ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്നതരത്തില്‍ വന്നിട്ടുള്ളത്. അവ പോലും അതിലെ നഗ്നതയുടെ പേരിലല്ല ഹിന്ദുദൈവങ്ങളുടെ നഗ്നത ഒരു വിഷയമേ അല്ലാത്ത ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളുകളില്‍ ശ്രദ്ധിക്കപ്പെട്ടത്, അതിലെ ആവിഷ്കരണ രീതിയിലെ പുതുമ കൊണ്ടാണ്. ഉദാഹരണത്തിന് ഇവിടെ XYZ ഷെയര്‍ ചെയ്ത പടം - സരസ്വതി നഗ്നയാണെന്നതിലുപരി, വെള്ളത്തിനടിയിലാണ്, രവിവര്‍മ്മയുടെ മയിലും കൂട്ടിനുണ്ട്, മയിലും വെള്ളത്തിനടിയിലാണ്. വെള്ളമാണ് എന്ന് ഒന്നുകൂടി ഊന്നിപ്പറയുന്നതിനാണ് ഒരു മീനും, അതിന്റെ വായില്‍ നിന്ന് വരുന്ന രീതിയില്‍ ഒരു വെള്ളക്കുമിളയും ചേര്‍ത്തിരിക്കുന്നത്. “രവിവര്‍മ്മയുടെ സരസ്വതീ സങ്കല്പം” ആണ് വെള്ളത്തില്‍ എന്ന് വേണമെങ്കില്‍ വാദിക്കാം - ആ മയിലിനെ കൂടി വെള്ളത്തിനടിയിലാക്കിയതില്‍ നിന്ന്. വേറൊരു റിവ്യൂവില്‍ ഫോക്കസ് ചെയ്തിരിക്കുന്നത് ആ സ്ഥാനം തെറ്റി വെള്ളത്തിനു മുകളില്‍ കാണുന്ന കരതലമാണ് - റിഫ്രാക്ഷനെ സൂചിപ്പിക്കുന്ന ഒന്നാണെന്ന് പറയാം, അതല്ല അതിലെ താമരയാണ് കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നത് - അതിലൊരു രാഷ്ട്രീയം ഒളിപ്പിച്ചിരിക്കുന്നു എന്നും പറയാം. അതല്ല ഇവിടെ PQR (തമാശയ്ക്കെങ്കിലും) സൂചിപ്പിച്ചപോലെ താമരപിടിച്ച കൈ വെട്ടി മാറിയിരിക്കുന്നതാണ് എന്നും പറയാം - എത്രയെത്ര വ്യാഖ്യാനങ്ങള്‍, എത്ര സാധ്യതകള്‍ - മിനിറ്റ് വച്ച് വന്ന് നിറയുന്ന ഈ സാധ്യതകളാണ് ഒരു വര്‍ക്ക് ഒഫ് ആര്‍ട്ട് ഒരു മാസ്റ്റര്‍ പീസാക്കുന്നത്.. ആ വ്യാഖ്യാനങ്ങളില്‍, നഗ്നതയെ എന്നും ആഘോഷമാക്കിയിട്ടുള്ള, പെയിന്റിംഗ്/ഡ്രോയിംഗ് രംഗത്ത്, ആ പടത്തിലെ തുണിയില്ലായ്മയ്ക്ക് അവസാന സ്ഥാനമേ ഉള്ളൂ. ഏറ്റവും ഇന്‍സിഗ്നിഫിക്കന്റായതിനെ ഒരു കലാപസാധ്യത മുന്‍‌നിര്‍ത്തി ഏറ്റവും സിഗ്നിഫിക്കന്റും, അതിലുപരി ഹീനമായ ഒരു കുറ്റകൃത്യം ചെയ്തേ എന്ന നിലവിളിയും ചേര്‍ത്ത് വിളമ്പുന്നവരുടെ ദുഷ്ടലാക്കാണ് തിരിച്ചറിയപ്പെടേണ്ടത്. അല്ലാതെ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ സപ്പോട്ട് ചെയ്തുകൊണ്ട് ഹുസൈന്‍ പൊതുപ്രകടനം നടത്തിയോ, ഇന്റര്‍‌വ്യു കൊടുത്തോ, പ്രസ്താവനയില്‍ ഒപ്പിട്ടോ എന്നൊക്കെയുള്ളത് ഇങ്ങ് മൂട്ടില്‍ കിടക്കുന്ന ഒരു തൊടുന്യായം മാത്രമായേ എനിക്ക് തോന്നുന്നുള്ളൂ.... എന്നാല്‍ അതാണ് ആദ്യം തീരുമാനമാക്കേണ്ട ന്യായം എന്ന് തോന്നുന്നുവെങ്കില്‍ അത് പ്രചണ്ഡമായ സംഘപരിവാരപ്രചാരണങ്ങള്‍ക്ക് വിജയം കാണാനായി എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ...

[...] സ്റ്റീവന്‍ ദേവസ്സി അഷ്ടോത്തരിക്ക് റാപ്/പങ്ക്  വേര്‍ഷന്‍ ഉണ്ടാക്കുന്നതും റഹ്മാന്‍ വന്ദേമാതരത്തിന് പോപ് വേര്‍ഷന് കൊടുക്കുന്നതും ജാവേദ് അഖ്തര്‍ ഭജന്‍ കവിതയെഴുതുന്നതും യൂസഫലിക്കേച്ചേരി സംസ്കൃത പണ്ഡിതനാകുന്നതും അബ്ദുള്‍ കലാം തിരുക്കുറലിന്റെ അഡ്വക്കേറ്റാവുന്നതും മുകളില്പറഞ്ഞ മതവൈരത്തില്‍ നിന്ന് സങ്കര സംസ്കാരത്തിലേക്കുള്ള നടന്നുപോക്കാണെങ്കില്‍ ഹുസൈന്റെ  ഹിന്ദു ദേവീ ദേവന്മാരും അതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങള്‍ തന്നെയാണ്. വരകളില്‍ നിന്ന് കൃത്യമായി നാലോ അഞ്ചോ എണ്ണം മാത്രം തപ്പിയെടുത്ത് അതിലെ വ്യാഖ്യാനസാധ്യതകളെ മുഴുവന്‍ തമസ്കരിച്ചുകൊണ്ട്, കലയുടെ രീതിശാസ്ത്രത്തില്‍ അവസാനത്തെ പടവുകളില്‍ മാത്രം സ്ഥാനമുള്ള “ശരീരങ്ങളുടെ നഗ്നത”യ്ക്ക് പ്രഥമ പരിഗണനയും അതിന്മേല്‍ ദുഷ്ടലാക്കും ആരോപിക്കുന്നതിന് നാമെന്തിന് ന്യായം ചമയ്ക്കണം ? 

[...] ഹുസൈന്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ദൈവങ്ങളെ ഇപ്പോഴും “തുണിയില്ലാതെ” ചിത്രീകരിക്കുന്നത് എന്നാണെങ്കില്‍ ഈ ന്യായത്തിലെന്തെങ്കിലും കഴമ്പുണ്ടായേനെ. ദൈവങ്ങള്‍ തുണിയില്ലാത്തവരാകണം എന്നതോ ഇന്നിന്ന പോസുകളില്‍ നില്‍ക്കണം എന്നതോ അല്ല ഹൈന്ദവ ദൈവ ചിത്രങ്ങളും വിഗ്രഹങ്ങളും ക്ഷേത്രശില്പകലയും - അത് ആരു വരയ്ക്കുമ്പോഴും പ്രതിഫലിക്കുന്നത്. സ്ത്രീ ശരീരത്തെ/പുരുഷ ശരീരത്തെ സംബന്ധിച്ച സൌന്ദര്യത്തിന്റെ ചില അളവുകോലുകള്‍ പ്രാചീന കാലം മുതല്‍ക്ക് ഭാരതീയമായ ചിത്രകലാരീതി - തുണിയിലെ പെയിന്റിംഗ് മാത്രമല്ല, മ്യൂറലുകള്‍ മുതല്‍ ക്ഷേത്രങ്ങളിലെ ദ്വാരപാലക വിഗ്രഹങ്ങള്‍ വരെ ഇതില്‍പ്പെടും - സ്വാംശീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ സിംബളിസത്തിന്റെ ഭാഗമായാണ് നൂല്‍ കടക്കാന്‍ മാത്രം പാകത്തില്‍ അടുത്തടുത്തായി ഞെരുങ്ങിയിരിക്കുന്ന സ്തനങ്ങളും കുപ്പിക്കഴുത്തുപോലെ ഇരിക്കുന്ന അരക്കെട്ടുകളും, മനുഷ്യന്റെ മര്യാദയ്ക്കുള്ള അനാട്ടമിക്ക് ഒരിക്കലും പ്രാപ്യമാവാത്ത രീതിയിലെ സൈഡ് വളഞ്ഞ് ഒടിഞ്ഞുള്ള നില്പുമൊക്കെ സൂചിപ്പിക്കുന്നത്.  
വിദ്യയുടെ അധിദേവത എന്ന ചിത്രം; വര :രുദ്രകുമാര്‍ ഝാ, 1996
മനുഷ്യന്റെ ശരീരം എങ്ങനെയാണെന്നോ മാറിമാറിവരുന്ന കാലത്തെ മനുഷ്യന്മാര്‍ തുണി കൂടുതലായി ഉപയോഗിച്ചിരുന്നു എന്നോ അറിയാന്‍ വയ്യാത്ത കണ്ണുപൊട്ടന്മാരൊന്നുമായിരുന്നില്ല 4000 ബിസിയിലെ ഹാരപ്പന്മാര്‍ മുതല്‍ ഇങ്ങ ചോളപാണ്ഡ്യ കാലത്തെ ഇന്ത്യന്‍ ശില്പകലാകാരന്മാര്. എന്നിട്ടും അവര്‍ അത്തരമൊരു രീതിശാസ്ത്രം ഉപയോഗിച്ച് ചിത്രങ്ങളും കൊത്തുപണികളും ചെയ്യുമ്പോള്‍ അതില്‍ ആരോപിക്കുന്നതും സൂക്ഷ്മമായി ഉള്‍ച്ചേര്‍ക്കുന്നതും ചില കോഡുകളും കണക്കുകളും മനുഷ്യാതീതം എന്ന് തോന്നിപ്പിക്കേണ്ടുന്ന രൂപഭാവങ്ങളുമാണ് - അത് തികച്ചും ഭാരതീയമായ ഒരുതരം സര്‍ റിയലിസമാണ്.  നര്‍ത്തകിയുടെ രൂപത്തില്‍ ദ്വാരപാലികമാരെയും ലക്ഷ്മീ പാര്‍വ്വതിമാരെയുമൊക്കെ കിട്ടുന്നത് അങ്ങനെയാണ്. അല്ലാതെ ഗുഹാക്ഷേത്രങ്ങളില്‍ കൊത്തിവച്ച സെക്സ് പൊസിഷനുകളൊക്കെ സമൂഹത്തില്‍ നിലനിന്ന സെക്സ് പൊസിഷനുകളാണെന്നോ ആചാരങ്ങളുടെ പ്രതിഫലനമാണെന്നോ ഒന്നും പറയാനാവില്ല, അതിനൊന്നും ചരിത്രപരമായ തെളിവു പോലുമില്ല. 
കലാകാരന്മാര്‍ കല്പിച്ച് കൊടുത്തിട്ടുള്ളതും നൂറ്റാണ്ടുകളിലൂടെ പെര്‍ഫക്ഷനിലേക്കെത്തിയതുമായ ഈ വരക്കണക്കുകള്‍ സാഹിത്യ /മീമാംസാദി ദര്‍ശനങ്ങളെപ്പോലും സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ സൂപ്പര്‍ ഉദാഹരണങ്ങളാണ് ഭക്തിയില്‍ അംസാന്തം മുങ്ങിയെഴുതിയ ദേവീസ്തുതികളില്‍ പോലും വന്ന് ചേരുന്ന ശരീരവര്‍ണനകള്‍ - ശങ്കരന്റെ സൌന്ദര്യ ലഹരിയില്‍ ദേവിയുടെ അരക്കെട്ടും സ്തനങ്ങളുമൊക്കെ വര്‍ണിച്ചിരിക്കുന്നതില്‍ ശില്പകലാസ്വാധീനം വളരെ വ്യക്തവുമാണ്.


മഹാഭാരതം : ഹുസൈന്‍



ചിത്രങ്ങള്‍ക്ക് കടപ്പാട് : www.sodastudio.co.kr , www.pem.org എന്നീ സൈറ്റുകള്‍.

3 comments:

  1. ആവിഷ്ക്കാരസ്വാതന്ത്യത്തെ അംഗീകരിക്കുംബോൾ തന്നെ അദ്ദേഹത്തിന്റെ ഇംഗിതം കൂടി നോക്കേണ്ടതുണ്ട്... നഗ്നമായി വരക്കുന്നത് തെറ്റല്ല... പക്ഷെ അദ്ദേഹം പറഞ്ഞ വാക്കുകൾ അങ്ങേക്ക് അറിവുണ്ടോ എന്ന് അറിയില്ല... He said that he draws anyone naked in order to embarass him/her. He drew hitler naked, and said that he wanted to embarass hitler. In a picture, he drew a brahmin naked, and in the same picture he drew a Mughal ruler with full dress, and he said he potrayed naked pictures in order to embarass. He drew saraswati naked, it is ok to potray saraswati naked, many places it can be seen, but the intention with which he drew is not right. I will give an example now. Suppose one guy, who openly says that he draws nudity to embarass, draws a picture of your mother, father and your sister naked and published in an art show and explicitly states that he potrays nudity to insult, would you be able to accept it whole heartedly...? If you are able to enjoy a coffee and a nice meal with him without any hard feelings just after the exhibition, then i agree your views... otherwise i dont find any point in supporting it....

    ReplyDelete
  2. avanavade ammaye varachalum ivanonnum prashnamilla.. veetilullavare kootti koduthum ashaya swathandram avan prasangikkum...

    ReplyDelete

Comments to posts older than 30 days will be moderated for spam.