
"ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം"
-സ്വാമി വിവേകാനന്ദന്
ഹൈസന്‍ബെര്‍ഗിന്റെ അണ്‍സേട്ടനിറ്റി പ്രിന്‍സിപ്പിളും ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും പതഞ്ജലി മഹര്‍ഷിയെക്കൊണ്ട് പറയിപ്പിച്ചുകളഞ്ഞ “ഡോ” ഗോപാലകൃഷ്ണനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നല്ല്ലോ. ടിയാന്റെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ആ പ്രസംഗം ഡിലീറ്റ് ചെയ്തുകളഞ്ഞെങ്കിലും മറ്റു ചില വിഡിയോകള്‍ അവിടെത്തന്നെയുണ്ട്. അതില്‍ ഈയുള്ളവന്റെ ശ്രദ്ധയാകര്‍ഷിച്ചത് ജ്യോതിഷം എന്ന സമ്പ്രദായത്തിനെ ജ്യോതിശ്ശാസ്ത്രം എന്ന സയന്‍സിന്റെ ചെലവില്‍ വെള്ളപൂശിയെടുക്കുക എന്ന ശ്രീമാന്‍ എന്‍. ഗോപാലകൃഷ്ണന്റെ ദൌത്യമാണ്. 13 ഭാഗങ്ങളുള്ള ഒരു ലെക്ചറിന്റെ സീരീസാണ് ഇത്. അതാണ് ഈ പോസ്റ്റിന്റെ വിഷയവും. (വിഡിയോകള്‍ പറ്റുന്നതു പോലെ വേഗം കണ്ടുതീര്‍ത്തേക്കുക, നാളെ സാധനം അവിടെ ഉണ്ടായില്ലെന്ന് വരും. അമ്പ് വരുമ്പോള്‍ മുണ്ടും വാരിപ്പിടിച്ച് ഓടുന്നതും ആര്‍ഷഭാരത സംസ്കാരത്തില്‍ പെടുമല്ലോ!)
ഡോ: ഗോപാലകൃഷ്ണന് ജ്യോതിഷത്തെ സയന്‍സുമായി കൂട്ടിക്കെട്ടാനായി പിന്തുടരുന്ന യുക്തികളിലെ മണ്ടത്തരങ്ങളെ എടുത്തു കാട്ടാനാണ് പ്രധാനമായും ഇവിടെ ശ്രമിക്കുന്നത്. ഡോ:ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലെ വസ്തുതാപരമായ തെറ്റുകളെയും ഗ്രഹനിലാഫലങ്ങളെപ്പറ്റി അടിച്ചുവിടുന്ന പുളുവിനെയും പറ്റി വിശദമായ ഒരു പോസ്റ്റ് ശ്രീ ഉമേഷ് തന്റെ ഗുരുകുലം ബ്ലോഗില്‍ എഴുതിയിട്ടുള്ളതിനോട് ചേര്‍ത്തു വേണം ഈ പോസ്റ്റ് വായിക്കാന്‍ എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഗോപാലകൃഷ്ണന്റെ ലെക്ചറിലെ വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ ഇങ്ങനെ വരും :
ജ്യോത്സ്യത്തിലെ കാല്‍ക്കുലേഷനുകള്‍ പ്യുവര്‍ സയന്‍സാണ്...ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ക്ക് ശാസ്ത്രത്തിലെ കാലാവസ്ഥാപ്രവചനത്തിലുള്ളതു പോലെയുള്ള കൃത്യതക്കുറവുകളെയുള്ളൂ.....ജ്യോതിഷപ്രവചനങ്ങള്‍ സയന്‍സനുസരിച്ച് വിശദീകരിക്കാനാവില്ല; ഗ്രഹനിലകളുടെ ഫലങ്ങളെ പൂര്‍വികര്‍ എങ്ങനെ കണ്ടെത്തി എന്നതിനു വിശദീകരണമില്ല........ശാസ്ത്രമനുസരിച്ച് വിശദീകരിക്കാനാവാത്ത പലതുമുണ്ട്........ഇന്ത്യന്‍ പൈതൃകത്തിലെ പല സംഗതികള്‍ക്കും വിശദീകരണം നല്കാന് ആധുനികശാസ്ത്രം ഇനിയും കൊല്ലങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു.......ജ്യോതിഷപ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്നതിനേക്കാള്‍ അവകൊണ്ട് പ്രയോജനമുണ്ടോ എന്ന് അന്വേഷിച്ചാല്‍ മതി......ജ്യോതിഷഫലപ്രവചനങ്ങളുടെ ശാസ്ത്രീയത പരീക്ഷിച്ചറിയാനുള്ള യുക്തിവാദികളുടെ ശ്രമങ്ങളില്‍ കാര്യമില്ല, അതുകൊണ്ടാര്‍ക്കും ഒരു നേട്ടവുമില്ല......ജ്യോതിഷപ്രവചനങ്ങള്‍ കൊണ്ട് പ്രയോജനങ്ങളുണ്ട്.........ജീവിതപ്രശ്നങ്ങള്‍ മുന്കൂട്ടിക്കാണാനും ഭാവിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കാനും ജ്യോതിഷം സഹായിക്കും.......ജ്യോതിഷം ആരുടെയും മേല്‍ അടിച്ചേല്പ്പിക്കപ്പെടേണ്ടതല്ല, വേണമെങ്കില്‍ സ്വീകരിക്കുക, വേണ്ടെങ്കില്‍ കളയുക......കൃത്യമായ ജ്യോതിഷപ്രവചനം നടത്താന്‍തക്കവണ്ണം “സാധന”യും പരിചയവും ഉള്ള ആളുകള്‍ ഉണ്ട്.
മെസൊപ്പൊട്ടേമിയ, ഭാരതം, ഗ്രീസ് തുടങ്ങിയ ഭൂവിഭാഗങ്ങളിലെ പ്രാചീന സംസ്കാരങ്ങളില്‍ ആകാശനക്ഷത്രങ്ങളും രാശികളും മനുഷ്യ ജീവിതത്തെ സ്വാധീനിക്കും എന്ന വിശ്വാസം രൂഢമൂലമായിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ കാര്യമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിരുന്ന പ്രാചീന വിദഗ്ധന്മാര് അതേസമയം തന്നെ ഈ ആകാശദൃശ്യങ്ങള്‍ മനുഷ്യവിധിയില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയുള്ള സങ്കല്പങ്ങളെയും കൊണ്ടുനടന്നിരുന്നതായി നമുക്ക് കാണാം.ആ കാലഘട്ടത്തെ കണക്കിലെടുത്താല്‍ ഇതില്‍ അത്ഭുതമൊന്നുമില്ല. മന്ത്രവാദവും ക്ഷുദ്രക്രിയകളുമൊക്കെ പരിശീലിച്ചിരുന്നവരായിരുന്നു ആദ്യകാലത്തെ ചികിത്സകര്‍ . യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അപ്പോത്തിക്കരികളെന്നറിയപ്പെട്ടിരുന്ന ഡോക്ടര്‍മാര്‍ ക്ഷുരകന്മാരായിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യക്ക് പലവിധത്തില്‍ മുതല്ക്കൂട്ടായിട്ടുള്ള യന്ത്രങ്ങളും സിദ്ധാന്തങ്ങളും ഡിസൈന്‍ ചെയ്തു നല്കിയ പല പ്രശസ്ത ശാസ്ത്രകാരന്മാരും സാമൂഹികവും മതപരവുമായ അന്ധവിശ്വാസങ്ങളെ കൊണ്ടുനടന്നിരുന്നവരും അതിലും സംഭാവന നല്‍കിയിരുന്നവരും ആണ്. ഉദാഹരണത്തിന് ആധുനിക ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും വലിയപ്രതിഭയായ ഐസക് ന്യൂട്ടന് സാധാരണ ലോഹങ്ങളെ സ്വര്‍ണവും വെള്ളിയും പോലുള്ള അമൂല്യലോഹങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഗൂഢസിദ്ധിയിലൂടെ സാധിക്കും എന്ന് അവകാശപ്പെട്ടിരുന്ന ഒരു കപടശാസ്ത്രമായ ആല്‍ക്കെമിയില്‍ (alchemy) താല്പര്യമുണ്ടായിരുന്നു. താല്പര്യം മാത്രമല്ല, ഈ മേഖലയുടെ ‘സിദ്ധികളെ’ സംബന്ധിച്ച് പല പരീക്ഷണങ്ങളും അദ്ദേഹം നടത്തുകയും ചെയ്തിരുന്നു! ഗലെലേയോയുടെയും ന്യൂട്ടന്റെയും ശ്രേണിയില്‍ ശാസ്ത്രലോകം ഇന്ന് സ്ഥാനം നല്കുന്ന ജ്യോതിശ്ശാസ്ത്രകാരനായ യോഹാന്‍ കെപ്ലര്‍ കൊട്ടാരം ജ്യോത്സ്യനായും ജോലിചെയ്തിരുന്നു. “ജ്യോതിശ്ശാസ്ത്രം എന്ന ബുദ്ധിമതിയായ അമ്മയുടെ പൊട്ടിയായ മകളാണ് ജ്യോത്സ്യം” എന്ന് വരെ ജോത്സ്യത്തെ പരിഹസിച്ചിട്ടുള്ള കെപ്ലര്‍ വയറ്റുപ്പിഴപ്പിനു വേണ്ടിയാണ് താന്‍ കൊട്ടാരം ജ്യോതിഷിപ്പണി ചെയ്യുന്നതെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടുമുണ്ട് ! ആധുനിക മെഡിക്കല്‍ ശാസ്ത്രത്തില്‍ ഹിപ്പോക്രാറ്റീസിനോളം തന്നെ പദവി നല്‍കിയിട്ടുള്ള രണ്ടാം നൂറ്റാണ്ടിലെ റോമന്‍ വൈദ്യനും ശസ്ത്രക്രിയാവിദഗ്ധനുമായ ഗാലന് മറ്റൊരുദാഹരണമാണ്. ചന്ദ്രന് വലിപ്പം കുറഞ്ഞിരിക്കുമ്പോള്‍ ജനിക്കുന്ന കുട്ടി അനോരോഗ്യവാനായിരിക്കുമെന്നൊക്കെ അദ്ദേഹവും വിശ്വസിച്ചിരുന്നതായി എഴുത്തുകളില്‍ കാണാം. നമ്മുടെ സുശ്രുത-കാശ്യപ-ചരകാദി ആചാര്യന്മാരും ഇതുപോലെ ഒരുവശത്ത് ശാസ്ത്രാന്വേഷണങ്ങളില്‍ മുന്തിയ സംഭാവനകള്‍ നല്‍കുകയും മറുവശത്ത് അന്ധവിശ്വാസങ്ങളെ പുണരുകയും ചെയ്തിട്ടുള്ളവരാണ്. ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്ര വിദഗ്ധരും ഗണിതജ്ഞരുമായ ആര്യഭടന്‍, ഭാസ്കരാചാര്യന് തുടങ്ങിയവരും ജ്യോത്സ്യത്തെ ഒരു സൈഡ് ബിസിനസ് ആയി കൊണ്ടുനടന്നിരുന്നു. വരാഹനെയും ബ്രഹ്മഗുപ്തനെയും പോലുള്ളവരാകട്ടെ ജ്യോതിശ്ശാസ്ത്ര പ്രതിഭാസങ്ങളില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ജ്യോതിഷവും പ്രവചനവും മറ്റുമാണ് മുഖ്യ പ്രവര്‍ത്തനമേഖലയായി സ്വീകരിച്ചിരുന്നത്.
പറഞ്ഞുവന്നത്, ജ്യോതിശ്ശാസ്ത്രവിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രാചീന ഗ്രന്ഥങ്ങളില്‍ തന്നെ പലപ്പോഴും വിധിവിശ്വാസത്തിലും സങ്കല്പങ്ങളിലും മാത്രം അടിസ്ഥാനമുള്ള ജ്യോതിഷ കാര്യങ്ങളും കാണുന്നതിന്റെ പൊരുളിനെ കുറിച്ചാണ്. ഇത് പ്രാചീനഭാരതസംസ്കാരത്തിന്റെ മാത്രം പ്രത്യേകതയല്ല, നമ്മുടേതിലും പുരാതനമായ സുമേറിയന്‍/മെസൊപ്പൊട്ടേമിയന്‍, ഈജിപ്ഷ്യന്‍ സംസ്കാരങ്ങളിലും, നമ്മുടേതിനു സമകാലീനമായ ഗ്രീക്ക്, ചൈനീസ് പ്രാചീന സംസ്കാരങ്ങളിലുമൊക്കെ ഇതായിരുന്നു സ്ഥിതി. സമൂഹത്തിന്റെയും അതിനെ സ്വാധീനിക്കുന്ന പ്രധാനമതങ്ങളുടെയും അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല, അന്നത്തെ കാലത്ത് സയന്‍സ് പോലും.
ശ്രീ. ഗോപാലകൃഷ്ണനെപ്പോലുള്ള ജ്യോതിഷാനുകൂലികള്‍ ഉപയോഗിക്കുന്ന സ്ഥിരം തന്ത്രമുണ്ട് : പ്രാചീനകാലത്തുതന്നെ താരതമ്യേന നന്നായി വികസിച്ച ഒരു ശാസ്ത്രശാഖയായ ആസ്ട്രോണമിയെയും അതിന്റെ പ്രമാണഗ്രന്ഥങ്ങളിലെ കണക്കുകളെയും ചൂണ്ടിക്കാട്ടിയിട്ട് അത് ജ്യോതിഷത്തിന്റെ കൂടി ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കല്‍. എന്താണിതിലെ വാസ്തവം ? ജ്യോതിഷത്തില്‍ ഉപയോഗിക്കുന്നു എന്ന് ഡോ: ഗോപാലകൃഷ്ണന് പറയുന്ന "scientific astronomical calculations" ശരിക്കും ജ്യോതിശ്ശാസ്ത്രത്തില്‍ അങ്ങനെതന്നെയാണോ ? ജ്യോതിശ്ശാസ്ത്രത്തിന്റെ ശാസ്ത്രീയതയും മെച്ചങ്ങളും ജ്യോതിഷത്തിനും അവകാശപ്പെടാമോ ? നമുക്കു നോക്കാം :
ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ചു ലഭ്യമായ ഏറ്റവും പഴയ രേഖകള്‍ മെസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റേതാണ്. ബാബിലോണിനും ചുറ്റുമായി വളര്‍ന്ന ഒരു കാലഗണനാ സമ്പ്രദായം എന്ന നിലയ്ക്കാണ് പ്രാചീനകാലത്ത് ജ്യോതിശ്ശാസ്ത്രം ഉയര്‍ന്ന് വന്നത്. ഇന്നത്തെ ആസ്ട്രോണമിയുമായി നാമമാത്രമായ ബന്ധങ്ങളേ ഈ പ്രാചീന ജ്യോതിശ്ശാസ്ത്രത്തിലുണ്ടായിരുന്നുള്ളൂ എന്നത് ഒന്നാമത്തെ സത്യം. ആ ജ്യോതിശ്ശാസ്ത്രം തന്നെ "മനുഷ്യന്റെ ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ സ്വാധീനിക്കുന്ന" ഗ്രഹങ്ങളുടെയും അഭൗമശക്തികളുടെയും ശാസ്ത്രമായിരുന്നില്ല എന്നത് രണ്ടാമത്തെ സത്യം. ഇന്ന് ഭാരതീയ പൈതൃകമായി വികസിച്ചതെന്ന് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പല ജ്യോതിഷ/ജ്യോതിശ്ശാസ്ത്ര വിശ്വാസങ്ങളും ബാബിലോണിലെയും ഗ്രീസിലെയും സാംസ്കാരിക സ്വാധീനങ്ങളിലൂടെ ഇന്ത്യയില്‍ എത്തിയതാണ് എന്നത് മൂന്നാമത്തെ സത്യം. ലോകത്തിലാകെത്തന്നെ ഓരോ പ്രദേശത്തെയും കൃഷി, കൊയ്ത്ത്, ആഘോഷങ്ങള്‍, മഴ, പട്ടിണി എന്നിവ മാറുന്നതനുസരിച്ച് ജ്യോതിശ്ശാസ്ത്രത്തില്‍ ഗണിക്കപ്പെടുന്ന കാലങ്ങള്‍ക്ക് "നന്മ"യും "തിന്മ"യും ഒക്കെ ആരോപിക്കപ്പെടുന്നതും വ്യത്യാസപ്പെടുന്നു എന്നത് നാലാമത്തെ സത്യം.
ജ്യോതിശ്ശാസ്ത്രത്തിലെ "കാല്‍ക്കുലേഷനുകള്‍" ആണ് ജ്യോതിഷത്തില്‍ ഉപയോഗിക്കുന്നത് എന്ന് ഗോപാലകൃഷ്ണന് പറയുന്നത് മുഴുവനും തെറ്റല്ല. പക്ഷേ അത് ആധുനിക ആസ്ട്രോണമിയോട് കിടപിടിക്കുന്ന ശാസ്ത്രശാഖയാണെന്ന് പറയുന്നത് പുളുവാണ്. സൂര്യനെ ഗ്രഹങ്ങളാണ് ചുറ്റുന്നത് എന്നും, നക്ഷത്രങ്ങള്‍ ഗ്രഹങ്ങളേക്കാളൊക്കെ വളരെയധിക ദൂരത്താണ് സ്ഥിതിചെയ്യുന്നതെന്നും, വേട്ടക്കാരനെന്നും സിംഹമെന്നും ഭരണിയെന്നുമൊക്കെയുള്ള രൂപങ്ങള്‍ കൊടുത്ത് പ്രാചീനര്‍ നിര്‍മ്മിച്ച രാശികളെല്ലാം പലയിടത്തായി യാതൊരു ബന്ധമോ സ്വാധീനമോ ഇല്ലാതെ കിടക്കുന്ന നക്ഷത്രങ്ങളെ ആകാശത്ത് ഭാവനയില്‍ കുത്തുകള്‍ കൂട്ടിയോജിപ്പിക്കുമ്പോലെ ചേര്‍ത്തുവച്ച് ദിവ്യത്വമാരോപിച്ചതാണെന്നും തിരിച്ചറിഞ്ഞ് വികസിച്ച ശാഖയാണ് ആധുനിക ആസ്ട്രോണമി. പ്രാചീന ജ്യോതിശ്ശാസ്ത്രത്തിലെ "ശാസ്ത്രീയ"മെന്ന് വിചാരിച്ചിരുന്ന പലതിനെയും അബദ്ധങ്ങളായി തള്ളിക്കളഞ്ഞിട്ടുണ്ട് പുത്തന്‍ സാങ്കേതിക വിദ്യകള്‍ . ശരിക്കും ജ്യോത്സ്യത്തില്‍ ഉപയോഗിക്കുന്നു എന്ന് പറയുന്ന പ്രാചീന ജ്യോതിശ്ശാസ്ത്ര ആശയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമ്പോള്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന് അടിച്ചുവിട്ടതു മുക്കാലും പുളുവാണെന്ന് മനസ്സിലാവും. എല്ലാമൊന്നും സ്ഥലപരിമിതിമൂലം ഇവിടെ പറയാനാവില്ലെങ്കിലും ചില അടിസ്ഥാന കാര്യങ്ങള്‍ അടുത്ത അഞ്ച് ഉപശീര്‍ഷകങ്ങളിലായി വിശദീകരിക്കാം...
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനുമടക്കം എല്ലാ ആകാശവസ്തുക്കളും നമുക്ക് ചുറ്റിനുമായി പ്രദക്ഷിണം വയ്ക്കുന്നു എന്ന് തോന്നും. ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് തിരിയുന്നതാണെന്നുള്ള ബോധമോ, ഭൂമി ഒരു ഗോളമാണെന്ന ധാരണയോ ഇല്ലാതിരുന്ന പ്രാചീന നിരീക്ഷകര്‍ക്ക് അങ്ങനെ തോന്നിയിരിക്കാനേ ഇടയുള്ളൂ. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പെട്ടെന്ന് ദൃശ്യമാവും - സൂര്യനും ചന്ദ്രനും അതിവേഗം "ഭൂമിയെ വലം വയ്ക്കുകയാണെ"ന്നും പശ്ചാത്തലത്തിലെ നക്ഷത്രങ്ങള്‍ ഒരു സ്ക്രീനില്‍ പതിപ്പിച്ച തിളക്കമാര്‍ന്ന പൊട്ടുകള്‍ പോലെ "ഭൂമിക്ക് ചുറ്റും തിരിയുക"യാണെന്നും. സൂര്യന് ഭൂമിക്ക് ചുറ്റും കറങ്ങുന്നു എന്ന സങ്കല്പത്തില് സുര്യന്റെ പരിക്രമണപഥത്തെ (orbit) ഒരു വൃത്തമായി കണ്ടാല്‍ ആ വൃത്തം പോകുന്ന വഴിയിലെ നക്ഷത്രക്കൂട്ടങ്ങളെ ചേര്‍ത്ത് വിളിക്കുന്ന പേരാണ് രാശിചക്രം എന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് ഒരു വലിയ സ്ക്രീന്‍ ഭൂമിക്ക് ചുറ്റും വലയം ചെയ്ത് കെട്ടിയിരിക്കുമ്പോലെ സങ്കല്പിച്ചിരിക്കുന്നതാണ് രാശിചക്രം. ഇതിനെ സൂര്യന്റെ സഞ്ചാരമനുസരിച്ച് 12 തുല്യ ഭാഗമാക്കിയാല്‍ ഓരോ ഭാഗത്തെയും ഓരോ രാശി എന്ന് വിളിക്കാം. ഒരു രാശിയില്‍ കാണുന്ന നക്ഷത്രങ്ങളില്‍ അടുത്തടുത്തു കിടക്കുന്ന "പൊട്ടുകളെ" കുത്തുകള്‍ പോലെ യോജിപ്പിച്ച് ഭാവനാത്മകമായ രൂപങ്ങള്‍ ആരോപിക്കുന്നതില്‍ പ്രാചീനര്‍ കാണിച്ച മിടുക്ക് കാരണം നമുക്ക് കാളയും ഞണ്ടും തേളും കരടിയും സിംഹവും ഒക്കെ കിട്ടി ! രാശിചക്രത്തിലെ ഒരു “കഷ്ണ”ത്തില്‍ ചില "കുത്തുകള്‍" യോജിപ്പിച്ചാല്‍ സിംഹത്തെപ്പോലെ ഒരു ചിത്രം കിട്ടുമെന്ന് ഭാവനയില്‍ കണ്ട് അതിനു "ചിങ്ങം" രാശി (ഗ്രീക്കില്‍ ലെയോണ്‍ , പാശ്ചാത്യരുടെ Leo) എന്നു പേരിട്ടു. മറ്റൊരു രാശിയിലെ ചില കുത്തുകള്‍ ചേര്‍ത്താല്‍ ആടു കിട്ടും - മേഷം രാശി, അഥവാ മേടം (ഗ്രീക്കുകാര്‍ക്ക് ക്രിയോസ്, ഇംഗ്ലിഷില്‍ Aries). ബി.സി 1800-നോളം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഫലകങ്ങളിലൂടെയാണ് പൂര്‍വികര്‍ ഈ വിധം നക്ഷത്രക്കൂട്ടങ്ങളെ രൂപങ്ങളായി സങ്കല്പിച്ച് രാശികളെ നിര്‍മ്മിച്ചതിന്റെ ആദ്യ തെളിവുകള്‍ നമുക്ക് കിട്ടുന്നത്.
ബാബിലോണ്‍, ഈജിപ്ത്, ഗ്രീസ്, ഇന്ത്യ, ചൈന മുതലായ പല സംസ്കാരങ്ങളിലൂടെയും ഈ സങ്കല്പങ്ങള് കയറിയിറങ്ങിയാണ് നാം ഇന്ന് കാണുന്ന ഭാരതീയജ്യോതിഷത്തില്‍ ഇവ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഓരോ രാജ്യത്തും രാശികള്‍ക്ക് സങ്കല്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് അമ്പെയ്യാന്‍ കുലച്ച ഒരു "വില്ല് " മാത്രം കണ്ട് നാമതിനെ ധനുസ്സ് അഥവാ ധനു എന്ന് വിളിക്കുന്നു (ഗ്രീക്കില്‍ ടോക്സോസിസ്). എന്നാല്‍ പാശ്ചാത്യ രീതിയില്‍ വില്ലിനു ഒരു വില്ലാളിയെക്കൂടി നല്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കത് തൊട്ടപ്പുറത്തെ തേളിനെ(വൃശ്ചികം) അമ്പെയ്യുന്ന വില്ലാളിയാണ് (Sagittarius). മിഥുനം(Gemini) രാശിയാകട്ടെ ആദിമ ഭാരതീയ സങ്കല്പത്തില് രണ്ട് പുരുഷന്മാരാണ് - അശ്വിനീ ദേവകള്‍. ഗ്രീക്കുകാര്‍ക്കും രണ്ട് ദേവന്മാര് തന്നെ (കാസ്റ്ററും പോളക്സും). പില്ക്കാലത്തെ ഹോരശാസ്ത്രമനുസരിച്ച് ഇത് ഒരു ആണും ഒരു പെണ്ണുമായിരിക്കുന്നു. രാശികള്‍ക്ക് പേരുകൊടുത്തതിലെ ഭാവനാവിലാസം അതാത് സംസ്കാരത്തില്‍ ഒതുങ്ങുന്നില്ല, അന്യ സംസ്കാരങ്ങളിലെ ശേഷിപ്പും അവയിലുണ്ട്. ഉദാഹരണത്തിന് കുംഭം രാശിയെന്നത് കുടം വഹിക്കുന്ന ഒരാളാണെന്ന സങ്കല്പം ബാബിലോണിയന്‍ സംസ്കാരത്തിന്റെ ശേഷിപ്പാണ്. കുംഭം രാശിയിലൂടെ സൂര്യന് സഞ്ചരിക്കുന്ന കാലത്ത് (എന്നുവച്ചാല്‍ ആകാശ സ്ക്രീനില്‍ ആ ഭാഗത്ത് സൂര്യന് എത്തുന്നകാലത്ത്) ബാബിലോണില്‍ മഴയാണ്. ഈ സങ്കല്പം ഗ്രീക്ക്-റോമന്‍ സംസ്കാരത്തിലെത്തിയപ്പോള്‍ അവര്‍ക്ക് ആ കുടമേന്തിയ മനുഷ്യന് ദൈവങ്ങള്‍ക്ക് ജലം നല്കുന്ന ഗാനിമിഡ് എന്ന പുരാണ കഥാപാത്രമായി. അതുപോലെ കന്നി രാശി നെല്ക്കതിര് പിടിച്ച കന്യകയായത് സൂര്യന് ആ രാശിയിലൂടെ പോകുന്നത് കൃഷിക്കാലത്തായതുകൊണ്ടാണ്. നക്ഷത്രക്കൂട്ടങ്ങളെ "കുത്തുകളായി യോജിപ്പിച്ച്" 80ല്‍പ്പരം ചിത്രങ്ങള്‍ സങ്കല്പിച്ചുണ്ടാക്കിയതില്‍ 12 എണ്ണമാണ് രാശികളായി പില്ക്കാലത്ത് ഉറച്ചത്. രാശികളായി കൂട്ടാത്ത നക്ഷത്രക്കൂട്ടങ്ങളില്‍ രണ്ടുദാഹരണം പറയാം : കുതിരത്തലപോലെ ഇരിക്കുന്ന മൂന്ന് നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് അശ്വിനി (അശ്വതി), Orion എന്ന വേട്ടക്കാരന് ഭാരതത്തില്‍ വെവ്വേറെ നക്ഷത്രക്കൂട്ടങ്ങളാണ് (മകീര്യം,തിരുവാതിര എന്നിങ്ങനെ).

രാശിചക്രം എന്ന "ആകാശസ്ക്രീനി"ലൂടെ സൂര്യനും ചന്ദ്രനും മാത്രമാണ് സഞ്ചരിക്കുന്നത് എന്ന ആദ്യകാല സങ്കല്പം കൃഷിയാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മുഖ്യമായും സൂര്യനെ ആശ്രയിച്ചാണല്ലോ കൃഷി.സൂര്യന് കിഴക്ക് ഉദിച്ച് പടിഞ്ഞാറ് താഴുന്നതുവരെയുള്ള സമയം 'ദിവസ'വും, സൂര്യന് ഓരോ രാശികളില് പ്രവേശിക്കുന്നത് 'മാസ'വും ആയി. എന്നാല്‍ നക്ഷത്ര രാശികളെ ചേര്‍ത്തുകൂട്ടി രാശിചക്രം എന്ന സങ്കല്പവും അതുവച്ചുള്ള മാസഗണനയുമൊക്കെ ഉണ്ടാക്കുന്നതിനും മുന്‍പ് ആളുകള്‍ ചന്ദ്രനെയാണ് മാസം കണക്കാക്കാന്‍ ഉപയോഗിച്ചിരുന്നത്. ആവര്‍ത്തിച്ചു വരുന്ന ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ വച്ചാണ് ഒരു മാസം കണക്കാക്കിയിരുന്നത്. ചന്ദ്രമാസം വച്ച് വര്‍ഷം കണക്കാക്കുമ്പോള്‍ ഋതുക്കള്‍ (seasons) മാറിവരുന്നതിനു കൃത്യമായ കണക്ക് കിട്ടുമായിരുന്നില്ല. തുടര്‍ന്നാണ് രാശിചക്രവും സൂര്യനെ വച്ചുള്ള മാസം/വര്‍ഷം കണക്കാക്കലും വന്നത്. കൃത്യത ഏറിയതോടെ ഈ കണക്കുകൂട്ടലുകള്‍ കൃഷിയെ സഹായിച്ചു എന്നതാവാം ലോകത്തിലെ സമാന്തരമായി വികസിച്ച പല സംസ്കാരങ്ങളും സ്വന്തമായിത്തന്നെ രാശിചക്രം വച്ചുള്ള കാലഗണനയിലേക്ക് മാറിയത്.
സൂര്യനെപ്പോലെത്തന്നെ ഭൂമിക്ക് ചുറ്റും കറങ്ങുന്നു എന്ന് പ്രാചീനര്‍ ധരിച്ചിരുന്ന വസ്തുവാണ് ചന്ദ്രനും. ചന്ദ്രന് ആകാശത്തിലെ ഒരു പോയിന്റില്‍ നിന്ന് ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി അതേ പോയിന്റില്‍ എത്താനുള്ള സമയം ഏതാണ്ട് 27 ദിവസമാണെന്ന് പ്രാചീന ഭാരതീയര്‍ നക്ഷത്രങ്ങളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി നിരീക്ഷിച്ചിരിക്കണം. ഈ സഞ്ചാര സമയത്തെ 27 ആയി വിഭജിച്ചാണ് ഓരോ ഭാഗത്തിനും ചാന്ദ്ര സൗധം (ചന്ദ്രന്റെ വീട്) എന്ന് പേരിട്ടത്. ചന്ദ്രന് ഇങ്ങനെ സഞ്ചരിക്കുന്ന സമയത്ത് ആകാശത്തിലെ സ്ക്രീനില്‍ (രാശിചക്രം) ഓരോ നക്ഷത്രത്തിനും നക്ഷത്രക്കൂട്ടത്തിനും അരികിലായി വരാം. ചന്ദ്ര ദേവന് താരകങ്ങളാകുന്ന പത്നിമാരെ മാറി മാറി പ്രാപിക്കാന്‍ ചെല്ലുന്നു എന്ന പുരാണ സങ്കല്പം പിന്നീട് ഇതിനു മേല്‍ ആരോപിക്കപ്പെട്ടതുമാകാം. ഏതായാലും ചന്ദ്രന്റെ രാശിചക്രത്തിലെ 27ല്‍ ഒരു ഭാഗമായ ഓരോ ചാന്ദ്ര സൗധത്തിലും ചന്ദ്രന് ഏത് നക്ഷത്രത്തിന്റെ അടുത്തായാണോ കാണപ്പെടുന്നത് ആകാശത്തിന്റെ ആ ഭാഗത്തെ ആ നക്ഷത്രത്തിന്റെ പേരിട്ട് വിളിച്ചു. ചന്ദ്രന് ആ ഭാഗത്ത് നില്ക്കുന്ന സമയമത്രയും ആണ് ഒരു "നാള് " എന്ന് പറയുന്നത്. ഉദാഹരണത്തിന് മീന്‍ പിടിക്കാനുപയോഗിക്കുന്ന ഒറ്റാലിന്റെ രൂപമുണ്ടെന്ന് സങ്കല്പിച്ച് പേരിട്ട "രോഹിണി" നക്ഷത്രക്കൂട്ടത്തിനരികില്‍ ചന്ദ്രന് നില്ക്കുന്ന സമയമത്രയും "രോഹിണി നാള്" ആണ്. ആ സമയത്ത് ജനിക്കുന്നവരുടെ നാള്/ജന്മ നക്ഷത്രം രോഹിണിയും. ഇംഗ്ലിഷില്‍ ഓറയോണ്‍ (Orion) എന്നറിയപ്പെടുന്ന വേട്ടക്കാരന്റെ "തോള്‍ഭാഗത്ത്" വരുന്ന ഒരു നക്ഷത്രമാണ് ആതിര. അതിനടുത്ത് ചന്ദ്രന് വരുന്ന നാള് ആണ് തിരുവാതിര. ഇങ്ങനെയാണ് നമുക്ക് 27 നക്ഷത്രങ്ങള്‍ വരുന്നത്.
ചാന്ദ്രസൗധം എന്ന കണക്കുകൂട്ടല്‍ ഭാരതത്തിന്റെ സ്വന്തമാണ്. കാരണം നമുക്ക് പ്രാചീനകാലത്ത് ആഴ്ചക്കണക്ക് ഉണ്ടായിരുന്നില്ല. ഏഴു ദിവസം ചേര്‍ന്ന ഒരാഴ്ച (വാരം) എന്ന കണക്കുകൂട്ടല്‍ രീതി ബാബിലോണിയക്കാരുടേതാണ്. അതു നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നത് സൂര്യസിദ്ധാന്തത്തിന്റെയും ( ബി.സി 3-ആം നൂറ്റാണ്ട്) മറ്റും കാലത്തിനും ഏറെ ശേഷമാണ്. നമുക്ക് ഒരു വര്‍ഷത്തെ വിഭജിക്കാന്‍ ചന്ദ്രന്റെ സഞ്ചാരകാലമായ മാസവും, ആ സഞ്ചാരത്തെ പിന്നെയും വിഭജിക്കാന്‍ നാളും ആണ് ഉണ്ടായിരുന്നത്. ഒരു നാള് എന്നത് ഏറെക്കുറേ 24 മണിക്കൂര്‍ നേരം തന്നെ വരും എന്നതിനാല്‍ നാളും ദിവസവും ഏതാണ്ട് ഒത്തുപോകുകയും ചെയ്തിരുന്നു.
നക്ഷത്രങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലൂടെ ചന്ദ്രന് ചരിക്കുന്ന പാതയെ ഇരുപത്തേഴാക്കി ചാന്ദ്രസൗധങ്ങളും (നാള്) ഇതേ പശ്ചാത്തലത്തിലൂടെ സൂര്യന് ചരിക്കുന്ന പാതയെ പന്ത്രണ്ടാക്കി സൂര്യരാശികളും ഉണ്ടാക്കിയതിലൂടെ ദിവസവും മാസവും വര്‍ഷവും കാലാവസ്ഥാമാറ്റങ്ങളും ഋതുക്കളും ആവര്‍ത്തിക്കുന്നത് കൂടുതല്‍ കൃത്യതയോടെ പ്രാചീന സമൂഹങ്ങള്‍ക്ക് കണക്കുകൂട്ടാന്‍ പറ്റുമെന്നായി. എന്നാല്‍ വര്‍ഷത്തിലേറെ ദൈര്‍ഘ്യം വരുന്ന സമയങ്ങളെ രേഖപ്പെടുത്തിവയ്ക്കാന്‍ ചാന്ദ്രസൗധങ്ങളോ സൂര്യരാശികളോ അത്രയ്ക്കൊന്നും പ്രയോജനപ്പെടുമായിരുന്നില്ല. പിന്നീട് ചന്ദ്രനും സൂര്യനും മാത്രമല്ല മറ്റു ചില വസ്തുക്കളും ആകാശത്ത് ക്രമമായ ഒരു ആവര്‍ത്തനത്തോടെ സഞ്ചരിക്കുന്നത് പൂര്‍വികര്‍ തിരിച്ചറിഞ്ഞു. 'അലഞ്ഞുനടക്കുന്ന' എന്ന അര്‍ത്ഥത്തില്‍ പ്ലാനെറ്റേ എന്ന് വിളിക്കപ്പെട്ട ഇവയാണ് ഗ്രഹങ്ങള്‍. ഗ്രഹങ്ങള്‍ ഭൂമിയോടൊപ്പം സൂര്യനെയാണ് ചുറ്റുന്നതെന്ന സത്യം അറിയാത്ത പൂര്‍വികര്‍ അവയ്ക്കും ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് ഓരോ സാങ്കല്പിക ഭ്രമണപഥങ്ങള്‍ കൊടുത്തു. ഗ്രഹങ്ങളില്‍ ചിലത് വര്‍ഷങ്ങളെടുത്താണ് ഒരു സ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നത് എന്ന നിരീക്ഷണമായിരുന്നു അവയെ കാലഗണനാ സിസ്റ്റത്തിലേക്ക് സ്വീകരിക്കാന്‍ പൂര്‍വികരെ പ്രേരിപ്പിച്ചത്. ഈ ഭ്രമണപഥത്തിലൂടെ അവ ചരിക്കുമ്പോള്‍ ഏതേത് രാശികളില് വരുന്നോ അത് കുറിച്ചിട്ടാല്‍ ഒരു പ്രത്യേക കാലത്തെ അത് കുറിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഇന്ന് നമുക്ക് ഓരോ വര്‍ഷത്തിനെയും കുറിക്കാനായി നമ്പരുകള്‍ ഉണ്ട് - 1957, 2010 എന്നൊക്കെ. അതില്ലാതിരുന്ന ഒരു കാലത്ത് വര്‍ഷത്തെ കുറിക്കാന്‍ ആകെയുണ്ടായിരുന്ന സൂചകങ്ങള്‍ എന്നത് "ശുക്ര ഗ്രഹം ഇന്ന രാശിയില്‍ നിന്നപ്പോള്‍ ", "സൂര്യന് ഇന്ന രാശിയില്‍ വന്ന വേളയില്‍ ", "ശനി ഇന്ന രാശിയില്‍ വന്ന സമയത്ത്" എന്നൊക്കെയുള്ള കാര്യങ്ങളുടെ ചുരുക്കത്തിലുള്ള കുറിപ്പുകളാണ്. ഇതാണ് ഗ്രഹനില എന്നത്.
പന്ത്രണ്ട് മാസങ്ങളായ രാശികളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് കളങ്ങളുള്ള ഒരു ചതുരം(ചിലയിടങ്ങളില്‍ വൃത്തത്തിലും) - ഇതാണ് ഗ്രഹനിലയുടെ പ്രതീകരൂപം. ഒരു രാശി ഉദിക്കാനെടുക്കുന്ന സമയം 5 നാഴിക (2മണിക്കൂര്‍). മൊത്തം പന്ത്രണ്ട് രാശികള്‍ക്കും കൂടി 60 നാഴിക അല്ലെങ്കില്‍ 24 മണിക്കൂര്‍. ഇങ്ങനെ വരയ്ക്കുന്ന ഗ്രഹനിലയില്‍ ഒരാള്‍ ജനിക്കുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചു വരുന്നതായി കാണപ്പെടുന്ന നക്ഷത്ര രാശിയാണ് അയാളുടെ ലഗ്നരാശിയായി കണക്കാക്കുക. ഇതുതന്നെയാണ് ഒന്നാം ഭാവവും. രണ്ടാം ഭാവമെന്നത് ഒന്നാം ഭാവത്തിലെ രാശിക്ക് പുറകേ ഉദിച്ചു വരുന്നതായി കാണുന്ന തൊട്ടടുത്ത രാശിയാകും.
ഇത് ആകാശത്തില്‍ ഒരു ക്ലോക്കിലെ ഡയല് പോലെ രേഖപ്പെടുത്തി സങ്കല്പ്പിച്ചാല് anti-clockwise ആയി (ഗ്രഹനിലയില്‍ ആണെങ്കില്‍ clockwise ആയും) വായിച്ചു പോകാം. ജനനസമയത്ത് ഉദിച്ചുകൊണ്ടിരിക്കുന്ന രാശിയില്‍ത്തുടങ്ങി ആകാശമണ്ഡലത്തിലൂടെ അസ്തമയത്തിലേക്കടുക്കുന്ന രാശികളെ anti-clockwise ആയി ക്രമത്തില്‍ നോക്കിയാല്‍ കിട്ടുന്ന 6 എണ്ണത്തെ ‘ദൃശ്യ’രാശികള്‍ എന്ന് വിളിക്കുന്നു. ജാതകകാരന് ജനിച്ച സമയത്തു അവ ആകാശത്ത് കാണപ്പെടുന്ന രാശികളാണല്ലോ. അസ്തമിച്ചതോ അസ്തമിച്ചുകൊണ്ടിരിക്കുന്നതോ ആയ രാശി മുതല്‍ പിന്നെയും anti-clockwise ആയി ഉദയരാശിവരെ എണ്ണിയാല്‍ കിട്ടുന്ന 6 രാശികളെ ഭൂമിക്ക് മേലുള്ള ആകാശത്ത് ആ സമയം 'ദൃശ്യ'മാവാത്ത (അദൃശ്യ) രാശികള്‍ എന്നും പറയാം. അവ ഇനിയും ഉദിച്ചിട്ടില്ലാത്ത, ഉടനേ ഉദിക്കേണ്ട രാശികളാണ് (ഭൂമി ഒരു ഗോളമാണെന്ന ധാരണ പരക്കെ അംഗീകരിച്ചിട്ടില്ലാതിരുന്ന കാലത്ത്, അദൃശ്യരാശികള്‍ ഭൂമിയുടെ മറുപകുതിക്ക് മേലുള്ള ആകാശത്താണ് ഉള്ളത് എന്ന് അറിവുണ്ടായിരുന്നില്ല). സൂര്യന് ആകാശത്തുള്ളപ്പോള്‍ നക്ഷത്രരാശികള്‍ വെളിച്ചത്തില്‍ മുങ്ങിപ്പോയാലും സാരമില്ല, നേരത്തേ രാശിസഞ്ചാരങ്ങള്‍ നോക്കി ഒരോന്നും ഇന്നിന്ന സ്ഥാനങ്ങളില്‍ വരുമെന്ന് ഗണിച്ചുവച്ചിരിക്കുന്നതു വച്ച് ഇത് എളുപ്പം പറയാവുന്നതേയുള്ളൂ. അതിനാണ് പഞ്ചാംഗം പ്രഥമമായും എഴുതിവയ്ക്കുന്നതും.
ഗ്രഹനില ചതുരത്തിലെഴുതിയാലും വൃത്തത്തിലെഴുതിയാലും ലഗ്നരാശിയില്‍ നിന്ന് നേരെ എതിരേ (ഡയഗണല്‍ ആയി) ഉള്ള രാശിയാവും ഇങ്ങനെ എഴുതുമ്പോള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന (അസ്തമയ) രാശി. ഇതോടൊപ്പം സാന്ദര്‍ഭികമായി ആകാശത്ത് അതാത് രാശികളില് നില്ക്കുന്ന മട്ടില്‍ കാണപ്പെടുന്ന ഒന്‍പതു ഗ്രഹങ്ങളെയും ആ കള്ളികളില്‍ രേഖപ്പെടുത്തുന്നു. സൂര്യന് നില്ക്കുന്ന രാശിയാണ് ആ ജാതകകാരന്റെ ജന്മ മാസം. ഗ്രഹനിലയില്‍ മീനത്തില്‍ സൂര്യന് നിന്നാല്‍ മീനമാസത്തിലാണ് ജനനം എന്നര്‍ത്ഥം. ലഗ്നരാശി (ഉദയരാശി) ഏതാണെന്നറിയാന്‍ ആ കള്ളിയില്‍ ‘ല’ എന്ന് (ഇംഗ്ലിഷില്‍ Ascending, Rising എന്നോ എഴുതാറുണ്ട്) സൂചിപ്പിച്ചിട്ടുണ്ടാകും. ഇതിനു കാലഗണനയില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ അപഹാരവും മറ്റും സംബന്ധിച്ച വിശ്വാസങ്ങള്‍ക്ക് സ്വാധീനമില്ലാതിരുന്ന പ്രാക്തനകാലത്ത് കൃത്യമായി കാലം/സമയം അറിയുക എന്നതായിരുന്നു ഗ്രഹനിലയുടെ ഉദ്ദേശ്യം. സൂര്യന് നില്ക്കുന്ന രാശിയും ലഗ്നരാശിയും ഏതൊക്കെയെന്നറിഞ്ഞാല്‍ ഒരു ദിവസത്തിന്റെ ഏത് ഭാഗത്താണ് കുട്ടി ജനിച്ചതെന്ന് മനസ്സിലാക്കാം. ഇത് നോക്കാന്‍ ഒരു കാര്യം മനസ്സില്‍ വയ്ക്കുക : നക്ഷത്ര രാശികള്‍ ഉദയത്തില്‍ നിന്ന് അസ്തമയത്തിലേക്ക് ക്രമത്തില്‍ പോകുന്നതിന്റെ വിപരീത ദിശയിലാവും സൂര്യന് ആകാശമണ്ഡലത്തില്‍ ചരിക്കുന്നതായി കാണുക. ഉദാഹരണത്തിന് ഉദിച്ചുയരുന്ന നക്ഷത്ര രാശിയോടൊപ്പമാണ് സൂര്യനും ജനനസമയത്ത് കാണുന്നതെങ്കില്‍ കുട്ടിജനിച്ചത് സൂര്യനുദിക്കുന്ന സമയത്തായിരിക്കണം. സൂര്യന്റെ സ്ഥാനം ലഗ്നരാശിയില്‍ നിന്ന് നേരെ എതിരേ (ഡയഗണല്‍ ആയി) ഉള്ള രാശിയില്‍ (ഏഴാം ഭാവം അഥവാ അസ്തമന രാശി) ആണെങ്കില്‍ ജനനം സൂര്യാസ്തമന സമയത്ത്. ഒന്‍പത്, എട്ട് ഭാവങ്ങളിലാണെങ്കില്‍ ഉച്ചയോ ഉച്ചകഴിഞ്ഞോ. നാലാം ഭാവത്തില്‍ സൂര്യനെന്നാല്‍ ജനനം ഏതാണ്ട് അര്‍ദ്ധരാത്രി. ഉദയം കഴിഞ്ഞ് എത്രാമത്തെ മണിക്കൂറില്‍ (പഴയകണക്കില്‍ നാഴിക/വിനാഴിക) ജനനം എന്നറിയാനും സൂര്യന്റെ പൊസിഷന്‍ നോക്കിയാല്‍ പറ്റും. ഒരു രാശി 2 മണിക്കൂര്‍ എന്നെടുത്താല്‍ മതി. അപ്പോള്‍ ഏഴാം ഭാവത്തില്‍ സൂര്യന് എന്നാല്‍ ഉദയരാശിയില്‍ നിന്ന് ആറ് രാശികള്‍ മുന്നോട്ട് ഏതാണ്ട് 12 മണിക്കൂര്‍ മാറിയിട്ട് എന്നര്‍ത്ഥം, അതായത് ഏതാണ്ട് സന്ധ്യക്ക്. നാലാം ഭാവത്തില്‍ സൂര്യന് എന്നാല്‍ ഉദയരാശിയില്‍ നിന്ന് 3 രാശികള്‍ പുറകിലോട്ട്. ഇത് ഏതാണ്ട് ഉദയത്തിനും 6 മണിക്കൂര്‍ മുന്‍പേ എന്ന് വരും. അതായത് ഏകദേശം പാതിരാവില്‍.
മാസവും ദിവസക്കണക്കും നാഴിക വിനാഴികക്കണക്കും വച്ച് കൃത്യമായി ഒരു തീയതിയും സമയവും ഉറപ്പിക്കാനാണ് ഗ്രഹനില സഹായിച്ചിരുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ. ഇനി വര്‍ഷങ്ങളുടെ കണക്കെടുക്കാനാണ് ഗ്രഹങ്ങളുടെ സ്ഥാനം കൂടി ഇതിലെവിടെയൊക്കെ വരും എന്ന് നോക്കേണ്ടത്.ഭൂമി സൂര്യനു ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ 1 വര്‍ഷമല്ലേ എടുക്കുന്നത് ? അതുപോലെ തിരിച്ച് ഭൂമിയെ പ്രപഞ്ചകേന്ദ്രമാക്കി നോക്കുമ്പോള്‍ സൂര്യന് ഒരുവര്‍ഷം കൊണ്ട് രാശിചക്രം മൊത്തം കറങ്ങി വരുന്നു എന്ന് വരും. ഭൂമിയേക്കാള്‍ മന്ദമായാണ് ചില ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നത്. ഈ കാഴ്ച ഭൂമിയെ കേന്ദ്രമാക്കി നോക്കുമ്പോള്‍ ഗ്രഹങ്ങളില്‍ ചിലത് പന്ത്രണ്ടും ഇരുപതും കൊല്ലങ്ങള്‍ക്കു മേല്‍ സമയമെടുത്ത് “ഭൂമിയെ” ഒരാവര്‍ത്തി ചുറ്റുന്നു എന്ന് തോന്നിക്കുന്നു (ഈ ചുറ്റലുകളൊക്കെ “നിശ്ചല”മായി നില്ക്കുന്ന നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗണിക്കുന്നതെന്ന് മറക്കരുത്).
അപ്പോള്‍ സൂര്യന്റെ മാത്രമല്ല, ഗ്രഹങ്ങളുടെ സ്ഥാനം കൂടി ഗ്രഹനിലയില്‍ കയറ്റിയാല്‍ പല വര്‍ഷങ്ങള്‍ കഴിയുമ്പോഴുള്ള തീയതികള്‍ കണക്കുകൂട്ടിയെടുക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരാള്‍ രാജാവായി അധികാരമേറ്റ നാളത്തെ ഗ്രഹനിലയെടുക്കുകയാണെന്ന് കരുതുക. അയാളുടെ ജന്മ ഗ്രഹനിലയനുസരിച്ച് ശനി ഗ്രഹം മൂന്നാം ഭാവത്തില്‍ (ലഗ്ന രാശിമുതല്‍ clockwise ആയി എണ്ണുമ്പോള്‍ മൂന്നാമത്തെ കള്ളിയില്‍) ആണു നിന്നിരുന്നത് എന്ന് കരുതുക. അതായത് ആകാശത്ത് കന്നി നക്ഷത്ര രാശിയുടെ ഭാഗത്ത് ശനി ഗ്രഹം കാണപ്പെട്ടിരുന്നു എന്ന്. അയാള്‍ രാജാവായി സ്ഥാനമേല്‍ക്കുമ്പോഴുള്ള ആകാശ ഗ്രഹനിലയില്‍ ശനി നില്‍ക്കുന്നത് ചിങ്ങത്തില് ആണെന്ന് വയ്ക്കുക (ഗ്രഹനിലയില്‍ രാശികള്‍ എഴുതുന്നത് എങ്ങനെയെന്നതിനു ചിത്രം കാണുക). അപ്പോള്‍ ശനി കന്നിയില്‍ തുടങ്ങി ചിങ്ങം വരെ clock-wise ആയി ഒരു പ്രദക്ഷിണം ഗ്രഹനിലയിലൂടെ നടത്തി എന്ന് മനസ്സിലാക്കാം. അതായത് ശനി ഗ്രഹനിലയില്‍ 11 രാശികള്‍ പിന്നിട്ടു. ശനിക്ക് ഒരു രാശി കടക്കാനുള്ള സമയം 2.5 കൊല്ലമാണെന്ന് പൂര്‍വികര്‍ നിരീക്ഷിച്ചിട്ടുള്ളതുവച്ച് കണക്കാക്കിയാല്‍ 11 X 2.5 = 27.5. അതായത് രാജാവായി സ്ഥാനമേല്ക്കുമ്പോള് ആ ജാതകകാരന്റെ പ്രായം ഏതാണ്ട് 27 വയസ്സ് എന്ന് കണക്കാക്കാം. ഇങ്ങനെ പ്രായം മാത്രമല്ല, യുദ്ധം നടത്തുന്നതിന്, കൊട്ടാരം പണിയുന്നതിന്, വിവാഹത്തിന് ഒക്കെ തീയതി കുറിക്കാന്‍ ഗ്രഹനില ഉപയോഗിക്കാം. കാലാവസ്ഥ മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ , സൂര്യ/ചന്ദ്ര ഗ്രഹണം, ധൂമകേതു-വാല്‍നക്ഷത്രം ആദികളുടെ ആകാശദൃശ്യങ്ങള്‍ , വരള്‍ച്ച തുടങ്ങി പലതും പ്രവചിക്കാന്‍ കാലഗണനാസമ്പ്രദായം സഹായിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പ്രാചീന കച്ചവടക്കാരും കര്‍ഷകരും ഭരണതന്ത്രജ്ഞരുമൊക്കെ കൃഷിയിറക്കാനും വിളവെടുക്കാനും കപ്പല്‍ യാത്ര നിശ്ചയിക്കാനും രാഷ്ട്രീയസാമ്പത്തിക തീരുമാനങ്ങളെടുക്കാനുമൊക്കെ ഗ്രഹങ്ങളുടെ രാശിസ്ഥാനം ഉപയോഗപ്പെടുത്താനാരംഭിച്ചു.
ഇന്നത്തെ ജ്യോത്സ്യന്മാര് ഉപയോഗിക്കുന്ന രാശികളും ഗ്രഹങ്ങളും അവയുടെ “സഞ്ചാര”ങ്ങളും പ്രാചീന സംസ്കാരങ്ങളിലെ സമൂഹങ്ങള്‍ വളരെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഒരു സുന്ദരന്‍ ഉദാഹരണമാണ് നമ്മുടെ ഋഗ്വേദം. ആദിമ ഋഗ്വേദജനത കന്നുകാലികളെ മേയ്ക്കുന്ന സ്ഥിരമായ ഒരു ഗ്രാമ/പട്ടണ ആവാസവ്യവസ്ഥ ഇല്ലാത്ത ഒരു pastoral സമൂഹമായിരുന്നുവെന്ന് വൈദിക ഗ്രന്ഥങ്ങളിലെ സൂചനകളും ആര്‍ക്കിയോളജി ഖനനങ്ങളും സ്പഷ്ടമാക്കിയിട്ടുണ്ട്. ഋഗ്വേദത്തിലും ഇത് കാണാം. അവര്‍ ആകാശമണ്ഡലത്തിലെ രാശികളെ ഉപയോഗിച്ചത് യാഗാദി അനുഷ്ഠാനങ്ങള്‍ക്ക് മുഹൂര്‍ത്തം നിശ്ചയിക്കാനും ദിക്കറിയാനുമൊക്കെയാണ്. സൂര്യസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള ദിന-വര്‍ഷ കാലഗണനാരീതികളുടെ ആദ്യ രൂപങ്ങളും ഋഗ്വേദത്തില്‍ കാണാം. പില്ക്കാലത്ത് ബാബിലോണില്‍ നിന്ന് ഗ്രീസ് വഴി വന്ന് ഇന്ത്യയില്‍ വേരോടിയ കാല്‍ദിയന്‍ ജ്യോത്സ്യത്തിലെ പല രാശികളും ഋഗ്വേദത്തിലില്ല. രാശികളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ നോക്കിയാലും ഋഗ്വേദത്തിലേതും ഇന്ന് പ്രാബല്യത്തിലുള്ളവയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സൂര്യനും ചന്ദ്രനുമല്ലാതെ മറ്റ് ഗ്രഹങ്ങളെ പറ്റി ഋഗ്വേദം പാടുന്നില്ല. അവയ്ക്ക് മനുഷ്യജീവിതങ്ങളെ സ്വാധീനിക്കാമെന്നുള്ള സൂചന പോലുമില്ല. ഗംഗാസമതലത്തില്‍ വ്യാപിച്ച ഋഗ്വേദ ജനത കന്നുകാലി മേയ്ക്കല്‍ സമൂഹമെന്നതില്‍ നിന്ന് കാര്‍ഷിക സമൂഹമായി മാറിയതോടെയാണ് നഗരവല്‍ക്കരണവും വിഭവസംഭരണവും കേന്ദ്രീകൃത ഭരണവ്യവസ്ഥയുമൊക്കെ വന്നത്. ഈ മാറ്റം ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രയോഗത്തിലും പ്രതിഫലിക്കുന്നു. അത് പില്ക്കാലത്ത് വന്ന യജുര്‍വേദം, സാമം, അഥര്‍വ്വം എന്നിവകളില്‍ വളരെ വ്യക്തമായി കാണാം. ലഗധന്റെ വേദാംഗജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് റോളില്ല. ക്രിസ്തുവിനു മുന്‍പുള്ള ഒന്നാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ട ടെക്സ്റ്റുകളിലാണ് ഭാരതത്തില്‍ ഗ്രഹങ്ങള്‍ ദേവഭാവങ്ങളോടെ വന്നുതുടങ്ങുന്നത്. ഇന്ത്യന്‍ പുരാണ കഥകളിലെ പ്രധാനകഥാപാത്രങ്ങളാരും തന്നെ വിവാഹം കഴിക്കുന്നത് ഗ്രഹനിലകള്‍ വച്ചു ജാതകപ്പൊരുത്തം നോക്കിയിട്ടല്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ശന്തനുവോ ദുഷ്യന്തനോ കുരുപാണ്ഡവന്മാരോ കൃഷ്ണനോ ശ്രീരാമനോ മറ്റ് ഭാഗവത/ഭാരത/രാമായണ കഥാപാത്രങ്ങളോ ഒന്നും ഇതിനൊരപവാദമല്ല (ചൊവ്വാദോഷം പോലെയുള്ള വിഡ്ഢി കാരണങ്ങള്‍ കാരണം “ഇരുന്നു പോയ” പെണ്ണും ചെറുക്കനും പുരാണങ്ങളില്‍ മഷിയിട്ടാല്‍ കാണില്ല !).
ഗ്രഹങ്ങള്‍ ആകാശത്ത് ഭൂമിയെ ചുറ്റുന്നു എന്ന സങ്കല്പം ബാബിലോണ്‍, ഗ്രീസ്, ഈജിപ്ത്, ഭാരതം എന്നിങ്ങനെയുള്ളിടങ്ങളിലെ പ്രാചീന നിരീക്ഷകര്‍ അന്നത്തെ കാലത്തെ പരിമിതമായ സംവിധാനങ്ങളുപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഗ്രഹങ്ങള്‍ക്ക് അവയുടെ എന്തെങ്കിലും പ്രത്യേകതകള്‍ കണ്ടിട്ട് കൊടുത്ത ഗുണവിശേഷങ്ങളാണ് പില്ക്കാലത്ത് അവയെ ദേവന്മാരും ദേവികളും ആക്കിയതും ഒടുവില്‍ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പ്രവചിക്കാന്‍ അതിലൂടെ പറ്റുമെന്ന സങ്കല്പത്തിന് അടിത്തറയിട്ടതും (അല്ലാതെ ഗോപാലകൃഷ്ണനെപ്പോലുള്ള ന്യൂ ഏജ് വ്യാഖ്യാതാക്കള്‍ പറയുമ്പോലെ അവ ആകാശത്തെ പോയിന്റുകള്‍ ഒന്നും അല്ല). ഉദാഹരണത്തിന് നമ്മള് പ്രശ്നകാരികള്‍ എന്നു പറയുന്ന ചൊവ്വ, ശനി തുടങ്ങിയ പല ഗ്രഹങ്ങള്‍ക്കും തത്തുല്യമായ ഇന്ത്യന്‍ സങ്കല്പങ്ങളുണ്ടായിരുന്നില്ല വേദകാലത്തെ പുരാണങ്ങളിലൊന്നും. ഇന്ന് ഇന്ത്യയില്‍ കാണുന്ന കുജനും (ചൊവ്വ) ശനീശ്വര സങ്കല്പവും മെസൊപ്പൊട്ടേമിയന്‍ സങ്കല്പത്തില് നിന്ന് ഗ്രീക്കുകാര്‍ വഴി കിട്ടിയ അറിവുകളിലൂടെ വളര്‍ന്നതാണ്. ചൊവ്വാ ഗ്രഹം ചുവന്നിരിക്കുന്നതു കൊണ്ട് ബാബിലോണിയക്കാര്‍ അതിനെ യുദ്ധദേവനാക്കി, പരാക്രമിയാക്കി, അതുതന്നെ ഗ്രീക്കുകാരും പിന്തുടര്ന്നു. അതേ വിശ്വാസത്തിന്റെ ഒരു വകഭേദമാണ് നമ്മളും പിന്തുടരുന്നത്. ശനി മന്ദന്‍ ആണെന്ന സങ്കല്പം വന്നത് ശനിയാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതിന് ഏറ്റവും സമയമെടുക്കുന്നത് (29.5 വര്‍ഷം) എന്നതു കൊണ്ടാണ്. വ്യാഴന് എന്നത് ബാബിലോണിയന്‍ പുരാണങ്ങളനുസരിച്ച് പ്രപഞ്ചസൃഷ്ടാവും പില്ക്കാലത്ത് നഗരപാലകനുമായി ആരാധിക്കപ്പെട്ട മര്‍ദൂക് എന്ന ദൈവമാണ്. ഈ വ്യാഴന് അതിന്റെ വലുപ്പം മൂലം ഗ്രഹങ്ങളുടെ ഗണനായകനായ ബൃഹസ്പതിയായി നമുക്ക്. ദേവഗുരുവും കൂടിയായ ബൃഹസ്പതിയായതു കൊണ്ടാണ് വ്യാഴത്തിന് നമ്മള് വിദ്യാകാരകത്വം കൊടുത്തതും. ചൈനീസ് ജ്യോതിഷത്തില്‍ നമ്മുടെ നക്ഷത്രരാശികളല്ല ഉപയോഗിക്കുന്നത്. അവര്‍ക്ക് വര്‍ഷങ്ങളെയാകെ ചാക്രിക ആവര്‍ത്തനങ്ങളായി കാണുന്ന പാമ്പിന്റെ വര്‍ഷം, പന്നിയുടെ വര്‍ഷം, എലിയുടെ വര്‍ഷം, കുതിരയുടെ വര്‍ഷം എന്നൊക്കെയുള്ള രാശി സങ്കല്പങ്ങളാണ്. ഇതിനൊപ്പം പഞ്ചഭൂത സിദ്ധാന്തം, യിന്-യാങ് സങ്കല്പം ഒക്കെ അവര്‍ ചേര്‍ക്കുന്നു.
സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രക്കൂട്ടങ്ങളടക്കം എല്ലാം ഭൂമിക്ക് ചുറ്റും തിരിയുകയാണ് എന്ന പൊട്ടത്തെറ്റായ അടിസ്ഥാന ആശയത്തിലാണ് സകലമാന ജ്യോതിഷ ഗണിതത്തിന്റെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ആണിക്കല്ലിരിക്കുന്നത് എന്ന് നാം കണ്ടു. താരഗ്രഹങ്ങളെയോ സൂര്യ ചന്ദ്രന്മാരെയോ നക്ഷത്രങ്ങളെയോ ഗോളങ്ങളായി പരിഗണിക്കാതിരുന്നതിലൂടെ പ്രാചീന വാനനിരീക്ഷണത്തിലെ ഒത്തിരി അബദ്ധധാരണകള്‍ ജ്യോതിഷത്തില്‍ കയറിക്കൂടിയിട്ടുണ്ട്. രാശികളായി വര്‍ഗ്ഗീകരിച്ചുവച്ചിരിക്കുന്ന നക്ഷത്ര സമൂഹങ്ങളിലെ (constellations) നക്ഷത്രങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കിലോമീറ്ററുകള്‍ അകലമുണ്ട് എന്ന വിവരവും, സൂര്യ ചന്ദ്രന്മാരും താരഗ്രഹങ്ങളും ഈ നക്ഷത്ര രാശികളുടെ ഒരു നക്ഷത്രത്തിന്റെ പോലും ഏഴയലത്തുകൂടെ പോകുന്നതല്ല എന്നും പൂര്‍വികര്‍ക്ക് അറിയുമായിരുന്നില്ല; ഇതുമൂലമുള്ള അബദ്ധങ്ങളും ധാരാളം. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന് സൂര്യനെ താല്‍ക്കാലികമായി മറയ്ക്കുന്നതാണെന്ന അറിവില്ലാതിരുന്ന കാലത്ത് വികസിച്ചുവന്ന സങ്കല്പമാണ് രാഹു-കേതു ഗ്രഹങ്ങളുടേത്. ഗ്രഹണസമയത്തല്ലാതെ ഇവയെ കാണാനാവില്ല എന്ന് ധരിച്ച് “തമോഗ്രഹങ്ങള്‍” എന്നും പ്രാചീന ജ്യോതിശ്ശാസ്ത്രകാരന്മാര്‍ ഇവയെ വിളിച്ചു. അമൃതു വിഴുങ്ങിയ അസുരന്റെ വേര്‍പെട്ട ഉടല് സര്‍പ്പരൂപം പൂണ്ട് സൂര്യനെ വിഴുങ്ങുന്നതാണെന്ന ധാരണയില്‍ നിന്നാണ് ആകാശത്തിലെ “സര്‍പ്പ വിഷം” ഭൂമിയിലെ ഭക്ഷണത്തിലും ജലസ്രോതസ്സുകളിലും വീഴുമെന്നുള്ള ഭയങ്ങള്‍ ഉയിര്‍ക്കൊണ്ടത്. ഈ ധാരണ ഇന്ത്യയില്‍ മാത്രമല്ല, പ്രാചീനലോകത്താകമാനം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നിലനിന്നിരുന്നു എന്ന് മറ്റ് സംസ്കാരങ്ങളിലെ സമാനമായ കഥകള്‍ (ഉദാ: ചൈനക്കാരുടെ വ്യാളീസങ്കല്പം) സൂചിപ്പിക്കുന്നു. ചാന്ദ്രപ്രകാശമെന്നത് സൂര്യന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്നതിലൂടെയുണ്ടാവുന്നതാണെന്നും ഇതോടൊപ്പം ചന്ദ്രന്റെ ഗോളാകൃതിയും, സഞ്ചാരവും ചേര്‍ന്നാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകുന്നതെന്നും പുരാതനസമൂഹങ്ങള്‍ക്കറിവില്ലായിരുന്നു. ചന്ദ്രപഥത്തെ അടിസ്ഥാനമാക്കി ചാന്ദ്രമാസങ്ങളും ഞാറ്റുവേലയും നിര്‍മ്മിച്ച് ദിവസങ്ങളെ ഗണിച്ചവര് തന്നെ ഈ അറിവില്ലായ്മ മൂലം ചന്ദ്രനില്‍ പില്ക്കാലത്ത് ദേവത്വവും അനുബന്ധ കഥകളുമാരോപിച്ച് “ബലവര്‍ധനവും ബലക്ഷയവും” ഒക്കെ ഉണ്ടാക്കിയെടുത്തു.
ഭൂമിയെച്ചുറ്റിയാണ് ഗ്രഹങ്ങളും സൂര്യനുമെല്ലാം കറങ്ങുന്നത് എന്ന ആശയം വഴിവയ്ക്കുന്ന അനുബന്ധ വിഡ്ഢിത്തങ്ങള്‍ അനവധിയാണ്. ഗ്രഹങ്ങളുടെ പിന്നാക്കനടത്തം/വക്രഗതി (Retrograde motion) എന്ന ‘പ്രതിഭാസം’ ഇതിലൊന്നാണ്. ഭൂമിയുടെ വേഗത്തിനോടടുത്ത്, എന്നാല്‍ ഭൂമിയേക്കാള്‍ അല്പം പതുക്കെ സുര്യനെ ചുറ്റുന്നവയാണ് ചില ഗ്രഹങ്ങള്‍ (ഉദാ: ചൊവ്വ).

അതുകൊണ്ടുതന്നെ ഭൂമിയെ വലം വച്ചാണ് ഇവയെല്ലാം ചുറ്റുന്നത് എന്ന ധാരണയില്‍ നോക്കുമ്പോള്‍ വര്‍ഷത്തില്‍ കുറേ നാള് ഇത്തരം ഗ്രഹങ്ങള്‍ (ഭൂമിയുടെ ഒപ്പമോ മുന്പിലോ ആകുന്ന സമയത്ത്) “രാശി”കളിലെ സ്വസ്ഥാനത്തിലൂടെ മുന്നോട്ടും പിന്നീട് കുറേനാള്‍ (ഭൂമിക്ക് പിന്നിലാകുന്ന സമയത്ത്) രാശികളിലൂടെ പിന്നോട്ടും ‘നടക്കുന്ന’തായി കാണാം. സൂര്യനെ കേന്ദ്രമാക്കിയുള്ള സൌരയൂഥവീക്ഷണം ഇല്ലാതിരുന്ന കാലത്ത് ഇത് ഗ്രഹങ്ങള്‍ ‘സ്വേച്ഛപ്രകാരം’ ചെയ്യുന്നതാണ് എന്നാണ് ധരിച്ചിരുന്നത്. സ്വാഭാവികമായും അതിനെചുറ്റിപ്പറ്റിയും വിഡ്ഢിവിശ്വാസങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്.
താരഗ്രഹങ്ങള്‍ ഒരേ സ്ഥലത്തു രണ്ട് സമയങ്ങളില്‍ വരുമ്പോഴുള്ള ബല-ബലക്ഷയങ്ങള്‍, ഗ്രഹ മൌഢ്യം എന്ന കണ്‍സെപ്റ്റ്, ഗ്രഹങ്ങളുടെ “ദോലന” ചലനം എന്ന കണ്‍സെപ്റ്റ് എന്നിങ്ങനെ ഇന്നത്തെ ആസ്ട്രോണമിക്കല്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ തെറ്റെന്ന് കണ്ടെത്തിയ നൂറുകണക്കിന് ആശയങ്ങളെ അങ്ങനേ തന്നെ ചുമന്ന് നടക്കുകയാണ് ഇന്നും ജ്യോതിഷം. ഏറ്റവും വലിയ തമാശയെന്തെന്നാല്‍, ജ്യോതിശ്ശാസ്ത്രത്തിന്റെ മുക്കും മൂലയും സ്വീകരിച്ച് ഫലപ്രവചനവും നിമിത്തം നോക്കലുമൊക്കെയായി അന്ധകാരത്തിന്റെ പടുകുഴിയില്‍ ജ്യോതിഷമെന്ന ശാഖ വീണപ്പോഴും ജ്യോതിശ്ശാസ്ത്രം മറുവശത്ത് കൂടുതല്‍ കൃത്യതയുള്ള നിരീക്ഷണോപാധികളെയും യന്ത്രങ്ങളെയും സ്വീകരിച്ച് വികസിക്കുകയായിരുന്നു എന്നതാണ്.
ഉദാഹരണത്തിനു ഭൂമിക്കു ചുറ്റുമാണ് ഗ്രഹങ്ങളും സൂര്യനുമൊക്കെ സഞ്ചരിക്കുന്നത് എന്ന സങ്കല്പത്തില് ചെറിയൊരു മാറ്റം - അതായത് ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനൊപ്പം ഗ്രഹങ്ങള്‍ ആ ഭ്രമണപഥത്തില്‍ തന്നെ മറ്റൊരു ഒരു ചെറിയ വൃത്തത്തില്‍ (epicycles) കറങ്ങുന്നുവെന്ന് സങ്കല്പിച്ചാല് - ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion) എന്ന കുഴയ്ക്കുന്ന പ്രതിഭാസത്തിനു അല്പം കൂടി യുക്തിയുള്ള ഒരു വിശദീകരണം കിട്ടും എന്ന് മനസ്സിലാക്കി ഗ്രീസിലെ ടോളമിയും (ഏ.ഡി 90-168) പില്ക്കാല ജ്യോതിശ്ശാസ്ത്രജ്ഞരുമൊക്കെ അതനുസരിച്ചുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി.

ഈ സിദ്ധാന്തമൊക്കെ മാറി, ഭൂമിയല്ല സൂര്യനാണ് ഗ്രഹപരിക്രമണങ്ങളുടെ കേന്ദ്രം എന്നു കണ്ടത്തിയപ്പോഴാണ് വക്രഗതി പ്രതിഭാസത്തിന് ഒരു കൃത്യമായ വിശദീകരണം കിട്ടിയത്. മറ്റൊരുദാഹരണമാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കണ്ട രീതി. ജ്യോത്സ്യം കറുത്തപക്ഷ ചന്ദ്രനെ ദുര്‍ബലനും “പാപി”യുമായൊക്കെ കണ്ട് പുരാണ കഥകളില്‍ നിന്ന് അന്ധവിശ്വാസങ്ങളെ മെനഞ്ഞപ്പോള്‍ ഏ.ഡി അഞ്ചാം നൂറ്റാണ്ടിലെ ആര്യഭടനെപ്പോലുള്ളവര്‍ ജ്യോതിശ്ശാസ്ത്രത്തില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ശരിയായകാരണം അത് ഭൂമിയുടെ നിഴലിലാവുന്നതാണ് എന്നൊക്കെ കണ്ടെത്തി മുന്നേറുകയായിരുന്നു.
ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കണം : ഭാരതീയ ജ്യോതിഷ സങ്കല്പങ്ങളെ പലതിനെയും ഇടിച്ചു നിരത്തിയ ആര്യഭടന്‍ (ഏ.ഡി 5-ആം നൂറ്റാണ്ട്) ചില്ലറ എതിര്‍പ്പുകളല്ല നേരിടേണ്ടി വന്നത്. ഗ്രഹങ്ങളുടേത് സ്വന്തമായ പ്രകാശമല്ല, അത് സൂര്യവെളിച്ചത്തിന്റെ പ്രതിഫലനം ആണ് എന്ന ആശയം മുന്നോട്ടു വച്ച ആര്യഭടന്‍ ഗ്രഹങ്ങളുടെ ദൈവീകതയെയാണ് ഒരര്‍ത്ഥത്തില്‍ ചോദ്യം ചെയ്തത്. ഭൂമിയുടെ സ്വയംഭ്രമണം കൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ആകാശത്തിന്റെ ഒരു കോണിലുദിച്ച് മറുകോണില്‍ അസ്തമിക്കുന്നതായി കാണപ്പെടുന്നത് എന്ന് പറഞ്ഞ ആര്യഭടനെ പിന്നീട് വന്ന, ഭാരതം കണ്ട ഏറ്റവും വലിയ ഗണിതജ്ഞനെന്ന് പുകഴ്പെറ്റ, ബ്രഹ്മഗുപ്തന്‍ (ഏ.ഡി 6-ആം നൂറ്റാണ്ട്) നിശിതമായി ആക്രമിക്കുന്നുണ്ട്. ഭൂമി ഭ്രമണം ചെയ്യുകയാണെങ്കില്‍ വീടുകളും ആളുകളും തലകീഴായി മറിഞ്ഞ് പോകില്ലേ എന്നൊക്കെയാണ് “ബ്രഹ്മസ്ഫുട സിദ്ധാന്ത”ത്തില്‍ ബ്രഹ്മഗുപ്തന്റെ ചോദ്യം ! ഇതേ ബ്രഹ്മഗുപ്തന്‍ തന്നെ രാഹു-കേതുക്കളാണ് ഗ്രഹണമുണ്ടാക്കുന്നത്, അല്ലാതെ ആര്യഭടനും മറ്റും പറയുമ്പോലെ അത് ‘നിഴലുകളുടെ കളി’ അല്ല എന്ന് ഉറപ്പിക്കുന്നുണ്ട്. ഇതിനു ബ്രഹ്മഗുപ്തന്‍ റെഫറന്‍സായി പറയുന്നത് വേദങ്ങളെയും സ്മൃതികളേയും ഗാര്‍ഗ്ഗ സംഹിതയേയുമൊക്കെയാണ്.
ഇങ്ങനെയൊക്കെയായിട്ടും ആര്യഭടന്റെ ആശയങ്ങള്‍ക്ക് പരിപൂര്‍ണ തമസ്കരണം സംഭവിക്കാതിരുന്നത് ഭാസ്കരന് ഒന്നാമന്, മാധവന്, നീലകണ്ഠസോമയാജി തുടങ്ങിയവരെപ്പോലുള്ള അനുവാചകര്‍ ആര്യഭട സിദ്ധാന്തങ്ങള്‍ക്കുണ്ടായി എന്നതുകൊണ്ടാവാം എന്ന് ചരിത്രകാരന്മാര് പറയുന്നു. ആര്യഭടന്‍ തള്ളിപ്പറഞ്ഞ ഒരു ചീഞ്ഞ സമ്പ്രദായത്തെയാണ് ഡോ: ഗോപാലകൃഷ്ണന് അതേ ആര്യഭടന്റെ തന്നെ ശാസ്ത്രീയബുദ്ധിയുടെ ചെലവില്‍ നമ്മുടെ തൊണ്ടയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നത് എന്നത് വല്ലാത്തൊരു വൈപരീത്യം തന്നെ !!
ജ്യോതിഷവും(astrology), ജ്യോതിശ്ശാസ്ത്രവും(astronomy) തമ്മില്‍ ചില കണക്കുകൂട്ടലുകള്‍ പൊതുവായി ഉണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവും ഇല്ല എന്ന് നാം മുകളില്‍ കണ്ടു. എന്നാല്‍ ഇവതമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു സ്ഥാപിച്ചെടുക്കുക വഴി ജ്യോതിശ്ശാസ്ത്രത്തിനുള്ള ശാസ്ത്രീയതയും കൃത്യതയും ജോതിഷത്തിനുണ്ട് എന്ന് വാദിക്കുന്നത് ജ്യോത്സ്യത്തെ ന്യായീകരിക്കുന്നവരുടെ സ്ഥിരം താര്‍ക്കിക തന്ത്രമാണ്. സ്വയം ഒരു ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെടുന്ന ശ്രീമാന്‍ ഗോപാലകൃഷ്ണന് പക്ഷേ ഈ തന്ത്രം എളുപ്പം പൊളിയുന്നതാണെന്ന് അറിയാം. കാരണം താരാഗ്രഹങ്ങളായി (പ്ലാനെറ്റുകള്‍) ആധുനിക ശാസ്ത്രം കണക്കാക്കുന്ന പലതിനെപ്പറ്റിയുമുള്ള അസംബന്ധപൂര്‍ണമായ വിശ്വാസങ്ങളുടെ പുറത്താണ് ജ്യോത്സ്യം വികസിച്ചത്. അതുകൊണ്ടുതന്നെ ജ്യോതിശ്ശാസ്ത്രത്തിലെ നക്ഷത്രങ്ങളെയോ ഗ്രഹങ്ങളെയോ ഒന്നുമല്ല ജ്യോത്സ്യത്തിലെ "ഗ്രഹ"ങ്ങളും "ഗ്രഹനില"കളും അര്‍ത്ഥമാക്കുന്നത് എന്ന് ഉറപ്പിച്ച് പറയുക വഴി താരാഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പറ്റിയുള്ള പ്രാചീനമായ അന്ധവിശ്വാസങ്ങളുടെ ഉല്പന്നമാണ് ജ്യോത്സ്യം എന്ന ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്ന വിദ്യയാണ് ഗോപാലകൃഷ്ണന് കാണിക്കുന്നത്.
ഇവിടെ ശ്രീമാന്‍ ഗോപാലകൃഷ്ണന് പ്രസംഗമധ്യേ പറയുന്ന ഒരു വാചകം ശ്രദ്ധിക്കണം : "ഗ്രഹമെന്ന വാക്കു കൊടുക്കുകയും ചെയ്തു, പ്ലാനെറ്റ് എന്ന് ട്രാന്‍സലേറ്റ് ചെയ്യുകയും ചെയ്തുവെങ്കില്‍ അവിടെ ബ്ലോക്ക് ആയി, ജ്യോതിഷത്തിന്റെ എല്ലാ എക്സ്പ്ലനേഷനുകളും." രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ ചൊവ്വ ഉണ്ട് എന്ന് ജ്യോതിഷം പറയുമ്പോള്‍ അത് ചൊവ്വ എന്ന പ്ലാനെറ്റിന്റെ സ്വാധീനം (influence എന്ന് ഗോപാലകൃഷ്ണന്) ആ ജാതകകാരനില്‍ ഉണ്ട് എന്നല്ല അര്‍ത്ഥം, മറിച്ച് ജ്യോതിഷത്തിലെ ഗ്രഹമെന്നാല്‍ "what is influencing you, what is holding you, that which has a bearing upon your day to day life" എന്നാണ് അര്‍ത്ഥമാക്കുന്നതത്രെ. ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആകാശത്തിലെ പ്ലാനെറ്റുകളെയോ നക്ഷത്രങ്ങളെയോ ഒക്കെയാണ് എന്ന് സമ്മതിച്ചാല്‍ മൂന്ന് സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും:
1.സൂര്യനെയും ചന്ദ്രനെയുമൊക്കെ ഗ്രഹങ്ങളായിക്കാണുകയും രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ഉണ്ടെന്നുപറയുകയും ചെയ്യുന്ന ജ്യോതിഷ സമ്പ്രദായം തെറ്റല്ലേ ?
2.എന്തുതരം സ്വാധീനം ആണ് ആ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മനുഷ്യന്റെയും ജന്തുക്കളുടെയും ജീവിതത്തിലും ചെലുത്താനാവുക ?
3.ജീവിതത്തില്‍ ഗ്രഹങ്ങള്‍ ചെലുത്തുന്നു എന്ന് പറയുന്ന ആ "സ്വാധീനങ്ങളെ" ഭൗതികമായി അളന്ന് രേഖപ്പെടുത്താനാവുമോ ?
ഇത്തരം ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടും എന്നറിയാവുന്നതുകൊണ്ടാവാം, സാങ്കേതികമായെങ്കിലും ശാസ്ത്രജ്ഞന് എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെപ്പോലൊരാള്‍ ജ്യോത്സ്യത്തില്‍ പറയുന്ന ഗ്രഹവും താരാഗ്രഹവും(planets) ഒന്നല്ല എന്ന് അടിച്ചുവിടുന്നത്.
ഡോ: ഗോപാലകൃഷ്ണന് PhD, D.Lit ഇവിടെ നേരിടുന്ന സന്ദിഗ്ധത ചെറുതല്ല. ഒരു വശത്ത് പ്ലാനെറ്റുകളല്ല ജ്യോത്സ്യത്തിലെ ഗ്രഹങ്ങള്‍ എന്ന് വാദിച്ചു നിര്‍ത്തണം. മറുവശത്ത് ഭൂമിയെ ആധാരമാക്കിയുള്ള പ്ലാനെറ്റുകളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനനിര്‍ണയവും മറ്റും നടത്തുന്ന ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി കൂട്ടിക്കെട്ടുകയും വേണം. വാചകങ്ങള്‍ കൊണ്ടുള്ള ഈ ട്രപ്പീസുകളി പൊളിയുന്നത് അവിടെയാണ്. ജ്യോതിഷത്തിലെ ഗ്രഹമെന്നാല്‍ പ്ലാനെറ്റല്ല എന്നും "that which has a bearing upon you" ആണെന്നും പറയുന്ന ഗോപാലകൃഷ്ണന് ആ "that" എന്താണെന്ന് നിര്‍വചിക്കുന്നേയില്ല !
അടുത്ത ഗുസ്തി രാഹു/കേതു ദ്വയത്തെ വച്ചുകൊണ്ടാണ്. ഭൂമിക്കു ചുറ്റും സൂര്യചന്ദ്രന്മാര് പരിക്രമണം (revolve) ചെയ്യുകയാണെന്ന സങ്കല്പത്തില് നിന്നാണ് ഈ നോഡുകള്‍ (lunar nodes) ഉണ്ടാകുന്നത്. അതില്‍ സൂര്യന്റെ സാങ്കല്പിക "പരിക്രമണപഥ"ത്തെ ചാന്ദ്രപഥം മുറിച്ചുകടക്കുന്ന ഉത്തരവും ദക്ഷിണവുമായ പോയിന്റുകള്‍ക്കാണ് രാഹുവെന്നും കേതുവെന്നും യഥാക്രമം പേര്. അതായത് തികച്ചും സാങ്കല്പികമായ രണ്ട് ദീര്‍ഘവൃത്ത രേഖകള്‍ തങ്ങളില്‍ കുറുകേ കടക്കുന്ന ബിന്ദുക്കള്‍ .

ചന്ദ്രന് ആ പോയിന്റുകളില്‍ വരുമ്പോഴാണ് ഗ്രഹണം നടക്കുന്നത് എന്ന കാരണം കൊണ്ട് അവയെ രണ്ട് 'പ്ലാനെറ്റുകളാ'യി കാണുകയും അതിന്മേല് പുരാണകഥകളുടെയും വിശ്വാസങ്ങളുടെയും കടുംനിറങ്ങള്‍ തേച്ച് ദിവ്യത്വം നല്കി പര്‍വതീകരിക്കുകയും ചെയ്ത ജ്യോതിഷത്തിന്റെ തരികിട ഇടപാട് ഇവിടെ ഗോപാലകൃഷ്ണന് മറച്ചുപിടിക്കുന്നു. പകരം രണ്ട് plane-ലുള്ള സൂര്യന്റെ പരിക്രമണപഥവും ചാന്ദ്രപഥവും തമ്മിലുള്ള intersectionനെപ്പറ്റിയും അവയ്ക്കിടയിലെ ആംഗിളിനെപ്പറ്റിയും ആ പോയിന്റിന്റെ കൃത്യമായ കാല്‍ക്കുലേഷനെപ്പറ്റിയുമൊക്കെ വാചാലനാവുന്നു, ഇതൊക്കെ പണ്ടേ ആളുകള്‍ക്കറിയാമായിരുന്നുവെന്ന മട്ടില്‍. ഈ ആംഗിളും നോഡുകളുടെ സ്ഥാനങ്ങളുമൊക്കെ സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട ജ്യോതിഷ അന്ധവിശ്വാസങ്ങള്‍ ഉറച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്ന കണക്കുകൂട്ടലുകളാണ് എന്ന ചരിത്രവസ്തുത സൌകര്യപൂര്‍വ്വം ഡോ. ഗോപാലകൃഷ്ണന് വിഴുങ്ങുന്നു. അല്ലെങ്കിലും ചരിത്രത്തെ വളച്ചൊടിച്ച്, ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടില്‍ പറഞ്ഞവയെ എടുത്ത് 2500 കൊല്ലം പുറകോട്ട് നീക്കിവച്ച് തഴമ്പ് തടവലാണല്ലോ ആര്‍ഷഭാരതസംസ്കാര പ്രചാരകന്മാരുടെ പുത്തന്‍ യുദ്ധമുറ !!
ജ്യോത്സ്യത്തിലെ ഗ്രഹങ്ങള്‍ എന്നാല്‍ പ്ലാനെറ്റുകള്‍ അല്ലെന്നുള്ള ഗോപാലകൃഷ്ണന്റെ ഈ താര്‍ക്കിക യുക്തിവച്ചാണെങ്കില്‍ അങ്ങ് ആകാശത്തും ശൂന്യാകാശത്തുമൊന്നും പോകണ്ട, നമുക്കു ചുറ്റിനുമുള്ള ഏത് സാങ്കല്പിക ബിന്ദു എടുത്താലും, മേശയും കസേരയും ടീവിയും അലമാരയും അടക്കം ഏത് വസ്തുവെടുത്താലും വേണമെങ്കില്‍ അതിനൊക്കെ എന്തെങ്കിലും അതിഭൗതികത്വവും ദിവ്യത്വവും ആരോപിക്കാം, എന്നിട്ട് ആ പോയിന്റുകളെയോ വസ്തുക്കളെയോ ഗോപാലകൃഷ്ണന് വാദിച്ചെടുക്കുമ്പോലെ "that which influences you" എന്ന് പറയാം. ചുരുങ്ങിയ പക്ഷം നമ്മുടെ മുറിയിലിരിക്കുന്ന ഘനവസ്തുക്കള്‍ക്ക് നമ്മുടെ മേല്‍ ഗുരുത്വാകര്‍ഷണത്തിന്റെ “സ്വാധീന”മെങ്കിലും ഉണ്ടെന്ന് സമാധാനിക്കാമല്ലോ!
ആകാശത്തിലുണ്ടെന്ന് സങ്കല്പിച്ചിരിക്കുന്ന രണ്ട് ബിന്ദുക്കളെവരെ "ഗ്രഹ"മായി സ്വീകരിച്ച, ചന്ദ്രനും സൂര്യനുമൊക്കെ "that which influences you" ആയിരിക്കുന്ന, ഗോപാലകൃഷ്ണന് സാറിന്റെ ജ്യോതിഷത്തില്‍ പിന്നെന്തുകൊണ്ട് യുറേനസ്സും നെപ്റ്റ്യൂണും അനേകമനേകം ഉപഗ്രഹങ്ങളും ഇല്ലാതെ പോയി എന്ന ചോദ്യമുണ്ട് (ജ്യോതിശ്ശാസ്ത്രത്തിന്റെ വികാസചരിത്രമറിയാവുന്ന ഒരാള്‍ക്ക് എളുപ്പം ഇതിനുത്തരം കിട്ടും). എന്തു മാനദണ്ഡത്തിലാണ് ഇന്നത് “ഗ്രഹ”മാണെന്നും ഇന്നത് “ഗ്രഹ”മല്ലെന്നും ജ്യോത്സ്യത്തില്‍ എടുത്തിരിക്കുന്നത് എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്നം. ഭൂമിയില്‍ നിന്നുള്ള ഖഗോളങ്ങളുടെ സ്ഥാനനിര്ണയത്തില് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതക്രിയകള്‍ അത്യധികം "ആക്കുറേറ്റ്" ആണെന്നും "സയന്റിഫിക്" ആണെന്നുമൊക്കെ ആവര്‍ത്തിച്ചുകൊണ്ട് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിതകൃത്യതയെ ജ്യോത്സ്യത്തിലേക്ക് ചേര്‍ത്തുകെട്ടുമ്പോഴും ഗോപാലകൃഷ്ണന് ജ്യോത്സ്യത്തെ സംബന്ധിച്ച ഏറ്റവും കാതലായ ഈ വിഷയം സ്പര്‍ശിക്കുന്നില്ല.
ഗോപാലകൃഷ്ണന് ജ്യോതിഷത്തിന്റെ പ്രവചനങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുന്ന (യൂട്യൂബ് ക്ലിപ്-4, 02:00) ഭാഗത്ത് ജ്യോതിഷാനുകൂലികള്‍ സ്ഥിരം എടുക്കുന്ന ഡിഫന്‍സുകളെല്ലാം കേട്ടുതുടങ്ങുന്നു. ആദ്യം പറയുന്നു, ലോകത്ത് 100% ശരിയായിട്ടുള്ളതായി ഒന്നുമില്ല എന്ന്. അതിനുദാഹരണമായി തട്ടിവിടുന്നതും പറഞ്ഞുപറഞ്ഞ് വക്കു തേഞ്ഞ സംഗതിയാണ് - കാലാവസ്ഥാപ്രവചനത്തിന്റെ കൃത്യതയില്ലായ്മ. ജ്യോതിഷത്തിന്റെ കൃത്യത എത്രശതമാനമാണ് എന്നത് പറയാന്‍ ഗോപാലകൃഷ്ണന് ഇവിടെ തയ്യാറാവുന്നില്ല, പകരം 'ലോകത്ത് നൂറുശതമാനം കൃത്യതയുള്ള ഒന്നുമില്ല, അതുകൊണ്ട് ജ്യോതിഷപ്രവചനവും 100% കൃത്യമല്ല' എന്നതാണ് ഗോപാലകൃഷ്ണന് എടുക്കുന്ന താര്‍ക്കിക യുക്തി. ഒരു സയന്റിസ്റ്റാണെന്ന് പറയുന്ന, ജേണല്‍ പബ്ലിക്കേഷനുകള്‍ ഒക്കെയുള്ള ഗോപാലകൃഷ്ണന് predictive valueകളെപ്പറ്റിയും സാങ്കേതികോപാധികളുടെ കൃത്യതയെപ്പറ്റിയുമൊക്കെ അറിവുണ്ടാകേണ്ടതാണ്. എന്നിട്ടാണ് ഈ കുയുക്തി വച്ച് ആളെ വടിയാക്കുന്നത്.
ഇവിടെയും ഒരു താര്‍ക്കിക തന്ത്രം ഒളിഞ്ഞിരുപ്പുണ്ട്. താന്‍ ശരിയെന്നോ ശാസ്ത്രീയമെന്നോ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ശാഖയുടെ മേന്മയെ അല്ല മറിച്ച് അതു സ്ഥാപിച്ചെടുക്കാന്‍ സമാനമായ ഒരു സങ്കേതമെന്ന് താന്‍ കരുതുന്ന മറ്റൊരു ശാഖയുടെ കുറ്റത്തെ ആണ് ഗോപാലകൃഷ്ണന് കൂട്ടുപിടിക്കുന്നത്. ജ്യോത്സ്യത്തിന്റെ പ്രവചനക്ഷമതയെപ്പറ്റിയോ ഫലങ്ങളുടെ കൃത്യതയെ പറ്റിയോ അല്ല, ഏതാണ്ട് അതുപോലൊക്കെയാണ് എന്ന് ഗോപാലകൃഷ്ണന് ധരിച്ചുവച്ചിരിക്കുന്ന കാലാവസ്ഥാപ്രവചനരീതിയുടെ (meteorology) കുറ്റവും കുറവുകളുമാണ് തന്റെ ഭാഗം ന്യായീകരിക്കാന്‍ അദ്ദേഹം എടുക്കുന്നത്.
ശാസ്ത്രത്തില്‍ ഒരു തിയറി ശരിയോ തെറ്റോ എന്നറിയുന്നതിനുള്ള സര്‍വ്വസാധാരണയായ മാര്‍ഗം ആ തിയറിയില്‍ നിന്ന് പ്രവചനങ്ങള്‍ ഉണ്ടാക്കുകയും അത് യഥാര്‍ത്ഥ ലോകത്ത് സംഭവിക്കുന്നതെങ്ങനെയാണ് എന്ന് നിരീക്ഷിക്കുകയും ആണ്. ഐന്‍സ്റ്റൈന്റെ E=mc2 ആയാലും ന്യൂട്ടന്റെ GMm/r2 ആയാലും ഇതുതന്നെയാണ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം (മെഥഡോളജി). ഒരു 'പ്രവചന'ത്തിന് എത്രത്തോളം കൂടുതല്‍ parameter-കളെയും initial condition -കളെയും ആശ്രയിക്കേണ്ടിവരുന്നോ ആ പ്രവചനത്തിന്റെ കൃത്യത അത്ര കണ്ട് കുറയാന്‍ സാധ്യതയുണ്ട്. ഇതിന്റെ മികച്ച ഉദാഹരണമാണ് കാലാവസ്ഥാപ്രവചനം. അന്തരീക്ഷത്തിലെ ഊഷ്മാവ്, ബാഷ്പ അളവ്, കാറ്റിന്റെ ഗതിവേഗം, അനുനിമിഷം വ്യതിയാനപ്പെടുന്ന മര്‍ദ്ദം, താപം എന്നിങ്ങനെ ആയിരക്കണക്കിനു parameter-കള്‍ പ്രവചനത്തെ സ്വാധീനിക്കുമ്പോള്‍ കാലാവസ്ഥാ പ്രവചനമെന്നത് ദുഷ്കരവും കൃത്യതകുറഞ്ഞതുമായി മാറുന്നു. പക്ഷേ ഇവിടെ വേറൊരു കാര്യം ശ്രദ്ധിക്കണം. കാലാവസ്ഥയുടെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവചനങ്ങളാണ് കൃത്യത കുറഞ്ഞത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളവ - ഉദാഹരണത്തിന് ഒരു മാസത്തെയോ ഒരാഴ്ചത്തെയോ ഒരു ദിവസത്തെയോ ഒക്കെ പ്രവചനങ്ങള്‍ 6 മാസത്തെയോ ഒരു വര്‍ഷത്തെയോ പ്രവചനങ്ങളേക്കാളൊക്കെ - വളരെ കൃത്യതയാര്‍ന്നതാണ്.

എന്നുമാത്രമല്ല, ഓരോ രാജ്യത്തെയും കാലാവസ്ഥാനിരീക്ഷണ സാങ്കേതികതയുടെ മേന്മയനുസരിച്ച് പ്രവചനങ്ങളുടെ കൃത്യത വ്യത്യാസപ്പെടുന്നുണ്ട്; ഉദാഹരണത്തിന് ഇന്ത്യയിലേതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ് പാശ്ചാത്യരാജ്യങ്ങളിലെ കാലാവസ്ഥാപ്രവചനങ്ങള്‍ . ആധുനിക മീറ്റിയറോളജി കൂടുതല്‍ കൃത്യമായ ഉപകരണങ്ങളും ഗണിതവും ഭൗമാന്തരീക്ഷത്തിന്റെ ചെറുവ്യതിയാനങ്ങളെപ്പോലും സിമുലേറ്റ് ചെയ്യുന്ന കയോസ് സങ്കേതങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍ നിന്നുമാണ് ഈ കൃത്യതയുണ്ടാവുന്നത്. ഗോപാലകൃഷ്ണന് തന്റെ പ്രസംഗമധ്യേ പരിഹസിക്കുന്ന തരത്തിലുള്ള "കറക്കിക്കുത്ത്" കാലാവസ്ഥാപ്രവചനമെന്നത് കാര്‍ട്ടൂണുകളിലോ ടെലി സ്കിറ്റുകളിലോ മാത്രം കാണുന്ന ഒന്നായിട്ട് കാലം കുറേയായി. ഗോപാലകൃഷ്ണനു നേരം വെളുത്തിട്ടില്ലെന്ന് വച്ച് ബാക്കിയുള്ളവര്‍ക്ക് നേരം വെളുത്തിട്ടില്ല എന്നര്‍ത്ഥമില്ലല്ലോ.
കാലാവസ്ഥാപ്രവചനവും ജ്യോതിഷപ്രവചനവും തമ്മിലുള്ള ഈ താരതമ്യത്തിന്റെ വിഡ്ഢിത്തവും പൊള്ളത്തരവും അറിഞ്ഞുകൊണ്ടാവണം, ഇതോടൊപ്പം ഒരുകാര്യം കൂടി - നൂറു ശതമാനം കൃത്യത എന്നത് ഒന്നിനുമില്ല എന്ന സാമാന്യവല്ക്കരണം കൂടി - ഗോപാലകൃഷ്ണന് കേള്‍വിക്കാരിലേക്ക് അടിച്ചുകയറ്റാന്‍ ശ്രമിക്കുന്നത്. അതിലൂടെ രണ്ട് കാര്യങ്ങള്‍ സാധിക്കാം - കാലാവസ്ഥാപ്രവചനം പോലെത്തന്നെ "ശാസ്ത്രീയ"മാണ് ജ്യോതിഷപ്രവചനവും എന്ന് കേള്‍വിക്കാരില്‍ ധാരണയുണ്ടാക്കാം, ഒപ്പം കാലാവസ്ഥാപ്രവചനത്തിനു വരുന്ന തെറ്റുകളൊക്കെയേ ജ്യോതിഷത്തിനും വരാറുള്ളൂ എന്നും അവരെ വിശ്വസിപ്പിക്കാം. Aയ്ക്ക് 100% കൃത്യതയില്ല, Bയ്ക്കും 100% കൃത്യത പറയാനാവില്ല, അതുകൊണ്ട് A-യും B-യും കൃത്യതയുടെ കാര്യത്തില്‍ ഒരുപോലെയാണ് എന്ന് പറയുന്ന യുക്തിയിലെ വിഡ്ഢിത്തം കേള്‍വിക്കാര്‍ക്ക് ഒറ്റയടിക്ക് മനസിലാവില്ലല്ലോ. അവിടെ എത്രശതമാനം കൃത്യത "ഇല്ല" എന്നതു തമ്മിലല്ല താരതമ്യം വേണ്ടത്, മറിച്ച് എത്രശതമാനം കൃത്യത "ഉണ്ട്" എന്നതു തമ്മിലാണ് താരതമ്യം വേണ്ടത് എന്ന കാര്യം കേള്‍വിക്കാരില്‍ നിന്ന് സമര്‍ത്ഥമായി മറയ്ക്കുന്നു !
കാലാവസ്ഥാപ്രവചനത്തിന് സ്വീകരിക്കുന്ന parameter-കള്‍ ഊഷ്മാവും ബാഷ്പ അളവും അന്തരീക്ഷമര്‍ദ്ദവും പോലുള്ള, ശാസ്ത്രീയമായി യന്ത്രങ്ങളുപയോഗിച്ച് അളന്നെടുക്കാവുന്ന അന്തരീക്ഷത്തിലെ ഭൌതിക പ്രൊപ്പര്‍ട്ടികളാണ്.

ഇതിലെ "Prediction" എന്നുപറയുന്നത് ഭൌതികമായി അളക്കാവുന്ന ഈ input-കളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അതേസമയം ജ്യോതിഷത്തിലെ പ്രവചനം എന്നത് ശാസ്ത്രാര്‍ത്ഥത്തിലെ ഒരു "Prediction"-നേ അല്ല. സാങ്കല്പികമായ നക്ഷത്രസ്ഥാനങ്ങളല്ലാതെ അളന്നെടുക്കാവുന്നതായ (measurable) ഒരു ഭൌതികഘടകത്തെയും അവിടെ പരിഗണിക്കുന്നില്ല. രണ്ടാം ഭാവത്തില്‍ ചൊവ്വ വന്നാല്‍ ഒരുസ്ത്രീ സംസാരിക്കുന്നതെല്ലാം കൊള്ളിവച്ചായിരിക്കും എന്നും എട്ടാം ഭാവത്തില്‍ ചൊവ്വ വന്നാല്‍ ആക്സിഡന്റിലാണ് മരണം എന്നുമൊക്കെ തട്ടിമൂളിക്കുന്ന ഗോപാലകൃഷ്ണന് ജ്യോതിഷത്തിലെ ഇമ്മാതിരി "പ്രവചനങ്ങള്‍" എന്തു അളവുകോലുകള്‍ വച്ചുകൊണ്ടാണ് എന്ന് പറയുന്നേയില്ലല്ലോ. ഇങ്ങനെയൊരു “പ്രവചന” സമ്പ്രദായത്തെ ഒരു സയന്റിഫിക് പ്രവചനത്തിന്റെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുന്നത് നാഴികയ്ക്ക് നാലുവട്ടം ശാസ്ത്രജ്ഞന് എന്നവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.
ഇനി, കൃത്യതയില്ലായ്മകളെയല്ല, കൃത്യതകളെ തമ്മില്‍ തന്നെയാണ് താരതമ്യപ്പെടുത്തേണ്ടത് എന്ന് ഗോപാലകൃഷ്ണനു ബോധ്യമാവാഞ്ഞിട്ടാണോ ഈ തരികിട യുക്തി പ്രയോഗിക്കുന്നത് എന്ന് ഒരാള്‍ക്ക് തോന്നാം. അവിടെയാണ് ഭാരതപൈതൃകക്കാരന്റെ മറ്റൊരു കള്ളത്തരം വെളിവാകുന്നത് : ജ്യോതിഷപ്രവചനങ്ങള്‍ യാദൃച്ഛികമായി (random chance) ഫലിക്കുക എന്നല്ലാതെ ഒരു ശാസ്ത്രീയ പ്രവചനത്തിനവകാശപ്പെടാവുന്ന കൃത്യതയോ സ്ഥിരതയോ ആവര്‍ത്തനക്ഷമതയോ അവയ്ക്കില്ല എന്ന് കാണിക്കാനായിട്ടാണ് പലപ്പോഴും യുക്തിവാദികള്‍ ജാതകം വച്ചുകൊണ്ട് ജാതകാരന്റെ ലിംഗ നിര്‍ണയം നടത്തുക, മരിച്ചോ ജിവിച്ചോ എന്ന് പറയുക തുടങ്ങിയ blindfolded പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത് ശാസ്ത്രത്തിന്റെ മെഥഡോളജി വച്ച് നോക്കിയാല്‍ ന്യായീകരിക്കാവുന്ന ഒരു രീതിയുമാണ്. ജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍ എത്രത്തോളം കൃത്യതയുള്ളതാണെന്ന് കാണിക്കാനും, അത് 50%ത്തിനപ്പുറമെത്തുന്നില്ലെങ്കില്‍ വെറും റാന്‍ഡം ചാന്‍സ് ആണ് എന്ന് തള്ളാനുമുള്ള ലളിതമായ ഒരു പരീക്ഷണം. അതിനെ എടുത്തുപറഞ്ഞ് തന്റെ വിഡ്ഢിയുക്തിയുപയോഗിച്ച് പരിഹസിക്കുകയാണ് ഗോപാലകൃഷ്ണന് ഉടന്‍ ചെയ്യുന്നത്. പരിഹസിക്കുന്നത് ആ പരീക്ഷണത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെയാണ്, അല്ലാതെ അതിലെ ശാസ്ത്രീയതയിലെയോ രീതിശാസ്ത്രത്തിലെയോ തെറ്റുകളെയല്ല. "എന്തിനാ അങ്ങനെ പരീക്ഷിക്കാന്‍ പോകുന്നത്, ജ്യോതിഷം തെറ്റാണെന്നോ ശരിയാണെന്നോ തെളിയിച്ചിട്ട് എന്ത് നേട്ടം, ഇത് useful ആണൊ അല്ലയോ എന്ന് നോക്കിയാല്പോരേ " എന്നൊക്കെയാണ് സയന്റിസ്റ്റ് എന്ന് പറഞ്ഞുനടക്കുന്ന, ആ ലേബലില്‍ സ്വന്തം വ്യാഖ്യാനങ്ങളുടെ ആധികാരികത അരക്കിട്ടുറപ്പിക്കാന്‍ വെമ്പുന്ന ഒരാള്‍ ഉളുപ്പില്ലാതെ ചോദിക്കുന്നത് !
എന്നുവച്ചാല്‍ , ആധുനികശാസ്ത്രസങ്കേതങ്ങളുപയോഗിച്ചു നടത്തുന്ന കാലാവസ്ഥാപ്രവചനം പോലെ "ശാസ്ത്രീയവും" അതിന്റെയത്രതന്നെ "കൃത്യതയില്ലായ്മ"യും ഉള്ളതാണ് ജ്യോതിഷം എന്ന് സൂചിപ്പിച്ച് വയ്ക്കുകയും, എന്നാല്‍ ജ്യോതിഷത്തിന്റെ പ്രവചനങ്ങളുടെ കൃത്യത എത്രയുണ്ട് എന്ന് നോക്കുന്ന പരീക്ഷണശ്രമങ്ങളെ തള്ളുകയുമാണ് ഈ മാന്യദേഹം. പിന്നെ എന്ത് പരീക്ഷണത്തിന്റെ, എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിഷത്തിന്റെ പ്രവചന കൃത്യതയില്‍ ആളുകള്‍ വിശ്വസിക്കേണ്ടത് എന്നതാണ് മില്യന്‍ ഡോളര്‍ ചോദ്യം ! “1820 വരെ AD, BC എന്നിവ ആരും ഉപയോഗിച്ചിരുന്നില്ല, പകരം KE (കലി ഇറ) ആണു് സ്പെയിൻ, ജെർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്” എന്നൊക്കെ ഒരു പൊതുപ്രസംഗത്തില്‍ തട്ടിമൂളിക്കുന്ന ഒരാളെ ചോദ്യം ചെയ്യാതെ കേട്ടിരിക്കുന്ന ഒരു കഴുതക്കൂട്ടത്തില്‍ നിന്ന് ഈ ചോദ്യം വരില്ലല്ലോ.
എല്ലാ കപടശാസ്ത്രവ്യാപാരിക്കും കൊട്ടാനുള്ള വഴിച്ചെണ്ടയാണല്ലോ നാട്ടിലെ യുക്തിവാദികളെന്ന് പറയുന്ന കൂട്ടര്. "യുക്തികൊണ്ട് ഇതൊന്നും മനസ്സിലാക്കാനാവില്ല മക്കളേ" എന്ന പഴയ ജ്യോത്സ്യന്റെയും കള്ള സ്വാമിമാരുടെയും നമ്പരൊക്കെ പഴകിപ്പോയി. ഗോപാലകൃഷ്ണനെയും എസ്.രാധാകൃഷ്ണനെയും പോലുള്ള സയന്റിസ്റ്റ് കപടശാസ്ത്രവില്പനക്കാരുടെ പുതിയ കാലത്തെ പേച്ച് വേറെയാണ്. അതിന്റെയൊരു ഏകദേശ രൂപം ഗോപാലകൃഷ്ണന്റെ പ്രസംഗത്തില്‍ തന്നെയുള്ളത് കേള്‍ക്കുക:
"കൈരളീ ടീവിയില്‍ എന്റെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. എന്റെ ഇപ്പുറത്ത് കമലാനാഥനെന്ന് പറയുന്ന യുക്തിവാദി, ഇപ്പുറത്ത് മിശ്രവിവാഹ സംഘത്തിന്റെ സെക്രട്ടറി - അതും യുക്തിവാദിയാ - ഞാന്‍ നടുക്ക്.... സയന്‍സുപയോഗിച്ചിട്ട് ഈശ്വരനെന്താണെന്ന് പറഞ്ഞാല്‍ അത് ഇവര്‍ക്ക് മനസ്സിലാവില്യ - അതു പറഞ്ഞ് തീരുന്നതിനു മുന്‍പ് പറയുന്നു : ഇയാള്‍ സയന്‍സെന്ന് പറഞ്ഞ് പറയുന്നതൊന്നും സയന്സല്ല. അപ്പോ ഞാന്‍ പറഞ്ഞു :സയന്‍സെന്ന് പറയുന്നത് സയന്‍സല്ലെന്ന് പറയല്ലേ, നിങ്ങള്‍ക്ക് മനസ്സിലാവിണില്യാന്ന് പറ ! "
2006 ഓഗസ്റ്റില്‍ സായിബാബയുടെ ആശ്രമത്തിന്റെ ആശീര്‍വാദത്തോടെ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ "connect" ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് പ്രസംഗിച്ചയാളാണ് ഈ ഗോപാലകൃഷ്ണന്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് സംഘടിപ്പിച്ച “ശാസ്ത്ര” കോണ്‍ഫറന്‍സില്‍ വച്ച് “ഗര്‍ഭസ്ഥശിശുവിന്റെ ആതമാവ് രണ്ടാം മാസത്തില്‍ അതിന്റെ അമ്മയെയും ശരീരത്തെയും തനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അബോര്ഷന് സംഭവിക്കുന്നത്” എന്ന അറുവങ്കത്തരം നാണം ലവലേശമില്ലാതെ വിളിച്ചു കൂവിയ ഈ മഹാശയന് പതഞ്ജലീ യോഗസൂത്രത്തില്‍ ഡാര്വീനിയന് പരിണാമസിദ്ധാന്തവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമുണ്ടെന്ന് പറഞ്ഞത് എന്താണെന്ന് ഇവിടെ നാം കണ്ടു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന ഭാരതീയ അന്ധവിശ്വാസത്തിന്റെ “സയന്‍സ്” നാളെയൊരുപക്ഷേ ശാസ്ത്രം കണ്ടെത്തും എന്നൊക്കെ ടീവിയിലൂടെ അടിച്ചു വിട്ടതും ഇദ്ദേഹം തന്നെയാണ്. ഇതാണ് സാറ് പറയുന്ന സയന്‍സെങ്കില്‍ അത് സാറിന് ഈ കണ്ട ഡീലിറ്റും പി.എച്.ഡികളും പേറ്റന്റുമൊക്കെ തന്ന യൂണിവേഴ്സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോലും അറിയില്ല സാറേ ! അത് യുക്തിവാദികളുടെയോ മിശ്രവിവാഹസംഘം നേതാക്കളുടെയോ ഒന്നും കുറ്റമല്ല.
ഈ വക അജ്ഞാനം വിളമ്പല്‍ കേള്‍ക്കുമ്പോള്‍ ഡോ: ഗോപാലകൃഷ്ണനു കിട്ടിയെന്ന് അവകാശപ്പെടുന്ന "6 പേന്റന്റിനും 56 അന്താരാഷ്ട്ര ഗവേഷണ പേപ്പറിനും" വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണത്തെപ്പറ്റി ഗൗരവകരമായ സംശയങ്ങള്‍ ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും തോന്നും. ബയോക്കെമിസ്ട്രി രംഗത്താണ് ഇദ്ദേഹത്തിന്റെ ഏതാനും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ "വെല്ലുവിളി", "നിഷേധം" തുടങ്ങിയവയിലൂടെയാണ് ഗോപാലകൃഷ്ണനു പേറ്റന്റും പി.എച്.ഡിയുമൊക്കെ നേടിത്തന്ന ശാസ്ത്ര ശാഖകളിലെ ഗവേഷണം വളര്‍ന്നത് എന്ന് 56 പേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടും അദ്ദേഹത്തിനു മനസ്സിലായില്ലെങ്കില്‍ പഠനം പാഴായെന്നേ പറയേണ്ടൂ !
"നിങ്ങള്‍ യുക്തിവാദിയാണെങ്കിലും ശരി .... നിങ്ങളുടെ കുട്ടിയുടെ ജനനസമയം വച്ച് രാശിചക്രം വരച്ചു സൂക്ഷിക്കുക.അതൊരു പക്ഷേ ആ കുട്ടിക്ക് പ്രയോജനപ്പെട്ടേക്കാം..." - ഗോപാലകൃഷ്ണന് ജ്യോതിഷത്തിന്റെ പ്രയോജനങ്ങളെപ്പറ്റി വാചാലനാകുന്നതിന് ആമുഖമായി തട്ടിവിടുന്നതാണിത് (യൂട്യൂബ് ക്ലിപ്പ്-4, 10.00). അതായത്, 'ഞാനിത് സയന്റിഫിക്കാണെന്ന് വാദിക്കുന്നില്ല, പക്ഷേ ഇതുകൊണ്ട് പ്രയോജനപ്പെടാം' എന്ന ലൈന്‍. എന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നു : "ആ രാശിചക്രം നോക്കിയാല്‍ അറിയാം കുട്ടിയുടെ ഭാവി എങ്ങനെയിരിക്കും എന്ന് " !
നമുക്കു ചുറ്റിനുമുള്ള സംഗതികളെ തള്ളേണ്ടതെങ്ങനെ, കൊള്ളേണ്ടതെങ്ങനെ എന്നതിന് ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റേതായ ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. അതും പ്രസംഗത്തില്‍ കേള്‍ക്കാം. ഒരു കാര്യത്തിനെ പറ്റി നമുക്ക് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം എന്നാണ് ഗോപാലകൃഷ്ണന്റെ ഫിലോസഫി. ആ കാര്യം സയന്റിഫിക് ആണോ അല്ലയോ എന്നത് ഒന്നാമത്തെ ചോദ്യം, useful ആണോ useless ആണോ എന്നത് രണ്ടാമത്തെ ചോദ്യം. ഒരു കാര്യം സയന്റിഫിക് അല്ലെങ്കിലും സാരമില്ല ഉപയോഗമുള്ളതാണെങ്കില്‍ (useful) സ്വീകരിക്കാം എന്നാണ് ഗോപാലകൃഷ്ണന്റെ അനുബന്ധ അഭിപ്രായം. ആദ്യ നോട്ടത്തില്‍ എത്ര ലളിതവും സത്യവുമായ വാചകം എന്ന് തോന്നാം. ഇതിന്റെ ഉള്ളുകള്ളി പുറകേ വരുന്നുണ്ട്. അതായത് ജ്യോതിഷത്തിന്റെ "കാല്ക്കുലേഷന്" ഭാഗം "സയന്റിഫിക്" ആണെങ്കിലും പ്രവചനഭാഗം (prediction part) എന്നത് സയന്‍സുകൊണ്ട് വിശദീകരിക്കാനാവില്ല എന്നാണ് ഗോപാലകൃഷ്ണന്റെ വാദം. അപ്പോള്‍ മുകളില്‍പ്പറഞ്ഞ "ഗോപാലകൃഷ്ണന്‍സ് ഫിലോസഫി" അനുസരിച്ച് ജോത്സ്യം സയന്റിഫിക് അല്ലെങ്കില്‍ പിന്നെ യൂസ്ഫുള്‍ ആണോ യൂസ്ലെസ് ആണോ എന്നാണ് നോക്കേണ്ടതത്രെ. അതുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ അഭിപ്രായത്തില്‍ ജ്യോതിഷം "സ്വീകാര്യ"മാവുന്നത് പോലും.
ജ്യോതിഷത്തിന്റെ മനുഷ്യ ജിവിതത്തില്‍ "യൂസ്ഫുള്‍" ആണെന്ന് വാദിക്കുന്നിടത്ത് ഗോപാലകൃഷ്ണന്റെ ന്യായങ്ങള്‍ തന്നെ തിരിഞ്ഞ് കുത്തുന്നതും കാണാം. പ്രസംഗത്തിന്റെ ആദ്യഭാഗത്തൊരിടത്ത് എല്ലാവരും മക്കള്‍ക്ക് ഗ്രഹനിലയെഴുതിവയ്ക്കണമെന്നും അത് പിന്നീട് പ്രയോജനപ്പെട്ടേക്കാം എന്നും പറയുന്നു ഗോപാലകൃഷ്ണന്. “ഗട്ടറുള്ള റോഡാണെന്ന് അറിഞ്ഞുകൊണ്ട് വണ്ടിയോടിച്ചാല്‍ ഒരാള്‍ ശ്രദ്ധിച്ച് കുഴികളില്‍ വീഴാതെ ഓടിക്കുന്നതെങ്ങനെയോ” അതു പോലെയാണ് ജാതകത്തിലെ/ഗ്രഹനിലയിലെ ദോഷങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനം എന്ന് ഉദാഹരിക്കുന്ന ഗോപാലകൃഷ്ണന് തന്നെ അല്പം കഴിഞ്ഞ് പറയുന്ന വേറൊരുദാഹരണത്തില്‍ വാഹനാപകടമുണ്ടാവും എന്ന ജ്യോത്സ്യന്റെ ഉപദേശം കേട്ട് വണ്ടിയോടിപ്പ് നിര്‍ത്തിയ ഒരാളെ റോഡിലൂടെ നടക്കുമ്പോള്‍ വണ്ടിയിടിച്ച് കൊന്ന കഥ പറയുന്നുണ്ട്. ജ്യോതിഷപ്രവചനങ്ങള്‍ കൃത്യമാണെങ്കില്‍ അങ്ങനെ സംഭവിക്കുന്നതില്‍ നിന്ന് ഒന്നിനും തടയാനാവില്ല എന്ന് ഒന്നുരണ്ടിടത്ത് ഗോപാലകൃഷ്ണന് സൂചിപ്പിക്കുന്നുമുണ്ട്. പിന്നെ “ഗട്ടറുണ്ട് എന്നറിഞ്ഞു കൊണ്ട് വണ്ടിയോടിക്കുമ്പോള്‍” ശ്രദ്ധവച്ചിട്ട് എന്തുകാര്യം ? ഇവിടെ ഭാരതീയ വിധി-കര്‍മ്മഫല വിശ്വാസവും ജ്യോതിഷവും തമ്മിലുള്ള ദാര്‍ശനികമായ പൊരുത്തക്കേടുകളാണ് വെളിവാകുന്നത്. വിധി/കര്‍മ്മഫല വിശ്വാസങ്ങളനുസരിച്ച് ലളിതമായി പറഞ്ഞാല്‍ “വരാനുള്ളത് വഴിയില്‍ തങ്ങില്ല” എന്നാണ്. എന്നാല്‍ ജ്യോതിഷം ആ “വരാനുള്ള”തിനെ പ്രവചിക്കാമെന്ന് അവകാശപ്പെടുന്നു. മുന്‍കരുതലുകളും പരിഹാരകര്‍മ്മങ്ങളും നിര്‍ദ്ദേശിക്കുന്നു. എന്തുചെയ്താലും “വിധി”യെ തടുക്കാന്‍ ആവില്ലെന്ന വിശ്വാസത്തിന് വിരുദ്ധമാണിത്. എന്നാല്‍ ഗോപാലകൃഷ്ണന് ഈ “പ്രശ്നമേഖലയെ” സമര്‍ത്ഥമായി ഒഴിവാക്കിയിട്ടുണ്ട് തന്റെ ജ്യോതിഷപ്രസംഗത്തില്‍.
ജ്യോതിഷത്തിന്റെ ഗ്രഹനിലയുടെ ഫലങ്ങളെപ്പറ്റി പിന്നീട് കുറേ കാടുകയറുന്നുണ്ടെങ്കിലും അവയൊക്കെ എങ്ങനെയാണ് മനുഷ്യന് "യൂസ്ഫുള്‍" ആകുന്നതെന്ന് അദ്ദേഹത്തിന് വ്യക്തതയില്ല എന്നതിന് ധാരാളം സൂചനകള്‍ കാണാം: ഒന്നാമത്, ജ്യോതിഷമനുസരിച്ചുള്ള ഗ്രഹനിലകള്‍ക്ക് ഫലങ്ങള്‍ കൊടുത്തിരിക്കുന്നതിന്റെ കാരണം,യുക്തി,നിരീക്ഷണം എന്നിവകളെ പറ്റി ആര്‍ക്കുമറിയില്ലെന്ന് ഗോപാലകൃഷ്ണന് തന്നെ വാദിക്കുന്നുണ്ട്. രണ്ടാമത്, ഗ്രഹനിലകളില്‍ ആരോപിച്ചിരിക്കുന്ന കാരകത്വവും ഫലങ്ങളും (influence) ജ്യോതിഷികള്‍ എങ്ങനെ നിശ്ചയിച്ചതാണെന്നുള്ളതിനെപ്പറ്റിയും നാം അജ്ഞരാണെന്ന് അദ്ദേഹം വാദിക്കുന്നു. ആറാം ഭാവത്തില്‍ ചൊവ്വ വരുന്ന ഗ്രഹനിലയുള്ള ഒരാള്‍ കള്ളത്തരം ധാരാളം കാണിക്കുമെന്നത് ഒരു ആരോപണം (attribution) ആണ്. അതെങ്ങനെ ആ കണ്ടെത്തലിലേക്കെത്തി എന്ന് ചോദിച്ചാല്‍ ഗോപാലകൃഷ്ണന് പറയുന്നത് "ആര്‍ക്കും അറിയില്ല (ആ !) " എന്നാണ്. ജ്യോത്സ്യത്തിന്റെ പ്രവചനഭാഗം "സയന്റിഫിക്കേ അല്ല" എന്ന മുന്‍കൂര്‍ജാമ്യത്തോടെയാണ് ഗോപാലകൃഷ്ണന് തന്റെ വാദം ആരംഭിക്കുന്നത്. പ്രവചനഭാഗം സയന്റിഫിക്കുമല്ല, ഗ്രഹനിലകളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഫലങ്ങളും "കാരകത്വ"വും എങ്ങനെ കണ്ടെത്തിയതാണെന്ന് അറിവുമില്ലാത്ത ഒരു സങ്കേതം പക്ഷേ മനുഷ്യ ജീവിതത്തില്‍ യൂസ്ഫുള്‍ ആണ് എന്ന് അവകാശപ്പെടണമെങ്കില്‍ കുറച്ചൊന്നും പോരാ വിവരദോഷം. അതും ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ക്ക് ! പച്ച മലയാളത്തില്‍ പറഞ്ഞാല്‍, എങ്ങോ കിടക്കുന്ന കുറേ നക്ഷത്രക്കുത്തുകള്‍ യോജിപ്പിച്ച് കുറേ രൂപങ്ങളും നല്കി രാശിചക്രമെന്ന് പേരുമിട്ട് ദിവ്യത്വമാരോപിച്ച് ഉണ്ടാക്കുന്ന ഒരു "ഗ്രഹനില" നമ്മുടെ ഭൂത-ഭാവി-വര്‍ത്തമാന ജീവിതത്തെ സ്വാധീനിക്കുമെന്നും അങ്ങനെ എഴുതുന്ന ജാതകം "useful" ആണെന്നും നമ്മളങ്ങ് വിശ്വസിച്ച് തലയിലേറ്റിക്കൊള്ളണം എന്നാണ് ഗോപാലകൃഷ്ണന് ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുന്നത് !
ഇതിനെയല്ലേ സാര്‍ "അന്ധവിശ്വാസം" എന്ന് സാമാന്യബുദ്ധിയുള്ളവന് വിളിക്കുന്നത് ? (ഗോപാലകൃഷ്ണന് ഗ്രഹനിലയുടെ ഫലങ്ങളെന്നുപറഞ്ഞ് അടിച്ചുവിടുന്നതു കോതപ്പാട്ടാണ്. അവയെപ്പറ്റി വിശദമായി ഗുരുകുലം ബ്ലോഗില്‍ ശ്രീ.ഉമേഷ് പറയുന്നത് വായിക്കുക)
പൈതൃകമായ അറിവുകള്‍ എന്ന ലേബലില്‍ പ്രാചീന ആചാരങ്ങളെ ശാസ്ത്രത്തിന്റെ ഉടുപ്പിടുവിച്ച് വിളമ്പുന്ന പുത്തന്‍ ദാര്‍ശനികവ്യാപാരികള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം താനൊരു “പഴഞ്ചനും അന്ധവിശ്വാസിയും” ആണ് എന്ന സംശയം താരതമ്യേന യുവാക്കള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സിന് ഉണ്ടാകാതെ ശ്രദ്ധിക്കലാണ്. ഏതെങ്കിലും അസുരനോ സര്‍പ്പമോ ഒക്കെ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് ഒരു സദസ്സിനെ നോക്കി പറഞ്ഞാല്‍ “ഇവനേത് കോത്താഴത്തൂന്നു വരുന്നെടാ?” എന്ന് തിരിച്ചുചോദിക്കാനുള്ള മിനിമം ശാസ്ത്രവിജ്ഞാനം ജനസാമാന്യത്തിന് ഇന്നുണ്ട്, കുറഞ്ഞത് ഗോപാലകൃഷ്ണനെപ്പോലുള്ളവരുടെ കേള്‍വിക്കാരായി ഇരിക്കുന്ന കേരളത്തിലെ മധ്യവര്‍ഗ്ഗത്തിലെങ്കിലും. അപ്പോള്‍ അന്ധമായ ആചാരങ്ങളെ, അവ അന്ധവിശ്വാസമാണെന്ന് യുക്തിക്ക് പെട്ടെന്ന് പിടികിട്ടാത്തവിധം പരമാവധി ജാര്‍ഗണില്‍ പൊതിഞ്ഞ് അവതരിപ്പിക്കുക എന്നതാണ് സ്വന്തം വിശ്വാസ്യതക്ക് കോട്ടം തട്ടാതിരിക്കാനുള്ള എളുപ്പവഴി. അതോടൊപ്പം പരമമായി ശ്രദ്ധിക്കേണ്ട കാര്യം, താനൊരു ലിബറല്‍ ചിന്തകനാണ് എന്ന് സദസ്സിനെ നിരന്തരം വാചകമടികളിലൂടെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്.
എല്ലാ അര്‍ത്ഥത്തിലും ഒരു അന്ധവിശ്വാസമായ ജ്യോതിഷത്തെ ന്യായീകരിച്ചും ശാസ്ത്രമാക്കി അവതരിപ്പിച്ചും ആനപ്പുറത്തു കയറ്റി വച്ചുകഴിഞ്ഞാല്‍ പിന്നെ, “നിങ്ങളിതൊന്നും വിശ്വസിക്കണമെന്ന് ഞാന്‍ പറയില്ല, വേണമെന്നുള്ളവന് കൊള്ളുക, അല്ലാത്തവര്‍ തള്ളിക്കളയുക” എന്ന ലിബറലിസ്റ്റ് നയം അങ്ങ് പ്രഖ്യാപിക്കലാണ് മുഖ്യ തന്ത്രം. ഈ തന്ത്രം തന്നെയാണ് ഗോപാലകൃഷ്ണനും പയറ്റുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ : "...ഇതൊന്നും ഭയപ്പെട്ടെടുക്കേണ്ടതല്ല, ഇതെല്ലാം സംഭവിക്കുമെന്ന് വിചാരിച്ചെടുക്കേണ്ടതല്ല....മറ്റൊരുവനെ ബോധിപ്പിക്കാനല്ലാതെ, നമുക്ക് വേണമെന്ന് തോന്നുകയാണെങ്കില്‍, നമുക്ക് അതിലൊരു പ്രയോജനമുണ്ടെന്ന് തോന്നുകയാണെങ്കില്‍, അതിന്റെ ചിലതെല്ലാം ഉപയോഗിക്കാമെന്ന് തോന്നുകയാണെങ്കില്‍, അന്ധമായിട്ട് വിശ്വസിക്കാതെ, ഈ പത്രമാധ്യമങ്ങളില്‍ വരുന്നത് ഒഴിവാക്കി...(എടുക്കാം)". എന്നാല്‍ “വേണമെന്നുള്ളവര്‍ക്ക് നന്മകളെ എടുക്കാവുന്ന” ഒരു നിര്‍ദ്ദോഷമായ ലിബറല്‍ ഫിലോസഫിയായി ജ്യോതിഷത്തെ അവതരിപ്പിച്ച് തൊട്ടുപിന്നാലെ ഗോപാലകൃഷ്ണന് അടുത്ത നമ്പരിടുന്നത് കാണുക : "...ചില precautions എടുക്കാന്‍, ചില നന്മകളെടുക്കാന്‍, ചില പ്രയോഗങ്ങളെടുക്കാന്‍ ഒരുപക്ഷേ നമുക്കിതെല്ലാം ഉപയോഗിക്കാം.... അവനവന് ഇന്നിന്ന പ്രോബ്ലംസ് ഉണ്ടെന്ന് ചെറിയൊരു indication ഉണ്ടെങ്കില്‍ ആ പ്രോബ്ലംസില്‍ നിന്ന് നമുക്ക് കുറച്ച് കരകേറാന്‍ സാധിക്കും...". ജ്യോതിഷ ഗ്രഹനിലകള്‍ തന്റെ ഭാവിയെ കാണിക്കുന്നവയാണെന്നു വിശ്വസിക്കേണ്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് തരിമ്പും വിശദീകരിക്കാതെ, “അതൊക്കെ പ്രാചീന ഋഷിവര്യന്മാര് എഴുതിവച്ചതാണെന്ന് ഒഴുക്കനെ പറഞ്ഞു പോകുന്ന ഗോപാലകൃഷ്ണന് തന്റെ ലിബറല്‍ മുഖം മൂടി പൊളിച്ചുകാട്ടുന്ന വാചകം ഇങ്ങനെ : “...സാധനയുള്ള ചില ജ്യോതിഷികള്‍ നെഞ്ചത്ത് കൈവച്ചിട്ട് (ഫലം) പറയുമ്പോള്‍ ആദ്യമാദ്യം അവര്‍ പറയുന്നത് എല്ലാം ശരിയാവും. പിന്നെപ്പിന്നെ അവര്‍ പറയുന്നതേ ശരിയാവൂ.... ആ ലെവലില്‍ എത്തിയ ചില ജ്യോതിഷികള്‍ ഇന്നുമുണ്ട് ” . (യൂട്യൂബ് ക്ലിപ്പ്-9, 09:00)
അടല്‍ ബിഹാരി വാജ്പേയി മുതല്‍ ജഗതിശ്രീകുമാറിന്റെവരെ ഗ്രഹനിലകളില്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ആലേഖനം ചെയ്തിട്ടുണ്ട് എന്ന് ഇതേ ക്ലാസിന്റെ ആദ്യഭാഗങ്ങളില്‍ വാദിച്ചയാളാണ് ഗോപാലകൃഷ്ണന് എന്നോര്‍ക്കണം. താന്‍ ചില ജാതകങ്ങള്‍ നോക്കി നടത്തിയ പ്രവചനങ്ങളില്‍ ചിലത് അച്ചട്ടായതിനെപ്പറ്റി ഗോപാലകൃഷ്ണന് അവകാശവാദം നടത്തിയതും ഇതേ പ്രസംഗത്തില്‍ തന്നെയാണ് എന്നും ഓര്‍ക്കുക. ഇത് കേള്‍വിക്കാരനെ എങ്ങനെയൊക്കെ ആശയക്കുഴപ്പത്തിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. “വേണമെങ്കില്‍ എടുത്താല്‍ മതി” എന്ന് പറയുന്ന അതേ ശ്വാസത്തില്‍ “ഇത് സ്വീകരിച്ചാല്‍ പ്രശ്നങ്ങളില്‍ നിന്ന് കരകേറാനാവും” എന്നും “ഇത് സത്യവും സയന്റിഫിക്കുമാണ്” എന്നും “ഇത് കൃത്യമായി പ്രവചിക്കുന്ന സിദ്ധന്മാര് ഇന്നുമുണ്ട്” എന്നുമൊക്കെ അനുബന്ധങ്ങളായി ചേര്‍ക്കുമ്പോള്‍ “ഇത് സ്വീകരിക്കുന്നതാണ് കേള്‍വിക്കാരാ നിനക്കു നല്ലത്” എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് വായിച്ചെടുക്കാന്‍ പി.എച്.ഡി കിട്ടിയ ബുദ്ധിയൊന്നുമാവശ്യമില്ല !!
ധനാകര്ഷണ ഭൈരവ യന്ത്രം എന്നപേരില്‍ വരുന്ന ഏലസ്സിന്റെ പരസ്യങ്ങളെയും തൃശ്ശൂര്‍ ഭാഗത്തെ വിഷ്ണുമായ കുട്ടിച്ചാത്തന് ബിസിനസ്സിനെയുമൊക്കെ ഗോപാലകൃഷ്ണന് പരിഹസിക്കുമ്പോള്‍ കേട്ടിരിക്കുന്നവന് തോന്നുക, "ആഹാ എത്ര പുരോഗമനാത്മകമായ ചിന്ത, അന്ധവിശ്വാസങ്ങള്ക്കെതിരേ ആഞ്ഞടിക്കുന്നത് നോക്കൂ" എന്നാവാം.ശത്രുസംഹാര മൃത്യുഞ്ജയ ഹോമം പോലുള്ള "നെഗറ്റീവ്" കര്‍മ്മങ്ങള്‍ക്ക് ഫലമില്ല എന്നൊക്കെ അദ്ദേഹം വലിയ ആധികാരികതയോടെ തട്ടിവിടുന്നുണ്ട്. ന്യൂ ഏജ് ദാര്‍ശനികവ്യാപാരികളുടെ ഒന്നാന്തരം നമ്പരാണ് ഇത്.
ഒരു ശാസ്ത്രാടിസ്ഥാനവുമില്ലാത്ത ഒരു ഭാവിപ്രവചനപ്രസ്ഥാനത്തിന്റെ ശാസ്ത്രീയതയെ "ഊട്ടിയുറപ്പിച്ചും" അതു യൂസ്ഫുള്‍ ആണെന്നുവാദിച്ചും ഏകദേശം അരമുക്കാല്‍ മണിക്കൂറായി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ആളാണ്, ഇരുകാല് മന്തന് ഒരുകാല് മന്തനെയെന്ന പോലെ ധനാകര്‍ഷകഭൈരവ യന്ത്രത്തെയും വിഷ്ണുമായ കുട്ടിച്ചാത്തനെയും കളിയാക്കുന്നത് എന്നോര്‍ക്കണം. ജ്യോതിഷത്തിന്റെ ഫലപ്രവചന ഭാഗത്തിന് ശാസ്ത്രീയ വിശദീകരണമില്ല, പക്ഷേ യൂസ്ഫുള്‍ ആണ് എന്ന ഗോപാലകൃഷ്ണന്റെ ന്യായം വിഷ്ണുമായ കുട്ടിച്ചാത്തന്‍കാരും ധനാകര്ഷണ ഭൈരവ യന്ത്രക്കാരും ഏറ്റുപറഞ്ഞാല്‍ ? ഇതേ യുക്തി തന്നെ നാളെ പാപപരിഹാര കര്‍മ്മങ്ങള്‍ ഇന്‍സ്റ്റന്റ് ആയി ഉപദേശിച്ചുകൊടുക്കുന്ന കൂടോത്രക്കാര്‍ക്കും പറയാമല്ലോ. കുറച്ചുകൂടി നീട്ടി ചിന്തിച്ചാല്‍ പ്രാചീനകാല ആചാരങ്ങളായ മൃഗബലി, നരബലി, യോനീപൂജ അടക്കമുള്ള തന്ത്രമന്ത്ര ഉഡായിപ്പുകള്‍ക്കെല്ലാം ഇതുപോലെ "യൂസ്ഫുള്‍നെസ്സ്" ഉണ്ട് അതുകൊണ്ട് ശാസ്ത്രീയ വിശദീകരണമൊന്നും നോക്കണ്ട, വേണമെന്നുള്ളവര്‍ക്ക് അവ പ്രയോഗിക്കുകയോ ശീലിക്കുകയോ ആവാം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ ?
പ്രാചീന ആചാരങ്ങളെയും തത്വചിന്തകളേയും ജ്യോതിഷം, വാസ്തു പോലുള്ളവയേയും ആധുനികശാസ്ത്രവുമായി ചേര്‍ത്തുകെട്ടാന്‍ ഫിജോഫ് കാപ്രയും ദീപക് ചോപ്രയും മുതല്‍ ഗോപാലകൃഷ്ണന് വരെ ഉപയോഗിക്കുന്ന തന്ത്രമാണ് ശാസ്ത്രപദങ്ങളെയും ഗണിതപ്രയോഗങ്ങളെയും അസ്ഥാനത്ത് എടുത്തിട്ട് വായനക്കാരെ/കേള്‍വിക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്നത്. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലുടനീളം ഇതിന്റെ നിദര്‍ശങ്ങള്‍ കാണാം. "Scientific", "Calculation", "Mathematics", "Node", "Calculable", "Accurate", "Scientific Explanation" "നൂറു ശതമാനം കൃത്യത", "Prediction", "Probability" എന്നിങ്ങനെ എന്തൊക്കെയോ വലിയ ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്ന് കേള്‍വിക്കാരില്‍ അബോധമായ ഒരു പ്രതീതി ഉളവാക്കുന്ന വാക്കുകള്‍ വാരിവിതറിയാണ് പ്രസംഗം മുന്നേറുന്നത്. തമാശയെന്തെന്നാല്‍ , ബിരുദബിരുദാനന്തര തലങ്ങളില്‍ ശാസ്ത്രപരിശീലനം ലഭിച്ചയാളാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഗോപാലകൃഷ്ണന് ഈ ജാര്‍ഗണ്‍ പ്രയോഗിക്കലില്‍ വളരെ വൈദഗ്ധ്യം ഉണ്ടാവേണ്ടതാണ്. എന്നിട്ടും സ്കൂള്‍തല ശാസ്ത്രജ്ഞാനം പോലുമില്ലാത്തവരേക്കാള്‍ കഷ്ടമാണ് ഗോപാലകൃഷ്ണന്റെ പ്രയോഗങ്ങള്‍.
ചില ഉദാഹരണങ്ങളെടുക്കാം:
പ്രാചീന വാനനിരീക്ഷകര്‍ ഭൂമിയെ ഒരു സ്ഥിരബിന്ദുവായി നിര്‍ത്തിക്കൊണ്ട് നക്ഷത്രങ്ങളുടെയും, ഭൂമിയിലെ തന്നെ മറ്റ് പോയിന്റുകളുടെയും സ്ഥാനങ്ങള്‍ ഏറെക്കുറേ കൃത്യതയോടെ ഗണിച്ചിരുന്നു. ഇത് ജ്യോതിശ്ശാസ്ത്രമാണ് (astronomy) . ട്രിഗണോമെട്രി പോലുള്ള ഗണിത സങ്കേതങ്ങളെ ആസ്പദമാക്കിയുള്ള ഈ കണക്കുകൂട്ടലുകളില്‍ ആകാശതാരകങ്ങളോ താരഗ്രഹങ്ങളോ തന്നെ വേണമെന്നില്ല, ഏത് സാങ്കല്പിക ബിന്ദുവിന്റെയും ഭ്രമണ പഥത്തിന്റെയും രേഖാചിത്രം ഉണ്ടാക്കാം. ജ്യോതിശ്ശാസ്ത്രത്തിന്റെ ഈ “കണക്കു കൂട്ടല്‍” രീതികളെ എടുത്ത് ജ്യോതിഷത്തിന്റെ (astrology) മേന്മയായി ആരോപിക്കുന്നിടത്താണ് ഗോപാലകൃഷ്ണന്റെ ആദ്യ നമ്പര്‍ തുടങ്ങുന്നത് :
ജ്യോതിഷം എന്നത് ജ്യോതിശ്ശാസ്ത്ര ഭാഗം (Astronomy part), കണക്കുകൂട്ടല്‍ ഭാഗം (calculation part) പ്രവചന ഭാഗം (prediction part) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടെന്ന് ആദ്യമേ സ്ഥാപിക്കുന്നു. മൂന്നുഭാഗമുണ്ടെന്നുമാത്രമല്ല, മൂന്ന് ഭാഗവും ‘തുല്യപ്രാധാന്യ’മുള്ളതാണെന്ന ധ്വനിയും കേള്‍വിക്കാര്‍ക്ക് നല്കുന്നു. എന്നിട്ട് അതിലെ ആദ്യ ഭാഗമായ calculation part ശുദ്ധമായ മാത്തമാറ്റിക്സ് ആണെന്നും അത് സയന്‍സാണെന്നും പറയുന്നു. തുടര്‍ന്ന് രണ്ടാം ഭാഗം ആസ്ട്രോണമിയിലേതാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ് ജ്യോത്സ്യം എന്ന് കേള്‍ക്കുന്നവനില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ഉദ്ദേശ്യം. “കടലിലെ വെള്ളവും ചിരട്ടയിലെ വെള്ളവും വെള്ളം തന്നെയാണ്, അതുകൊണ്ട് ചിരട്ടയിലുള്ളത് കടലാണ്” എന്ന് പറയുന്ന ഒരു താര്‍ക്കിക കുതന്ത്രം (ജ്യോതിഷത്തിലെ “ജ്യോതിശ്ശാസ്ത്രം” എന്ന ഉപശീര്‍ഷകത്തില്‍ പറഞ്ഞിട്ടുള്ളത് നോക്കുക). രണ്ടാമത്തെ കള്ളത്തരം ജ്യോതിഷത്തിലെ prediction part (പ്രവചനഭാഗം) എന്ന ഒരു ഭാഗത്തിനു “മാത്രമാണ്” ശാസ്ത്രീയ വിശദീകരണം ഇല്ലാത്തത്, ബാക്കിമുഴുവനും ശാസ്ത്രീയത നിറഞ്ഞുതുളുമ്പുന്നതാണ് എന്ന് കേള്‍വിക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. ഈ ഉദ്ദേശ്യത്തോടെയാണ് “Mathematical application of a spherical body is 100% in alignment with ultramodern mathematics and geometry ! ” എന്നൊക്കെ ഗോപാലകൃഷ്ണന് ആവര്‍ത്തിച്ച് തട്ടിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോത്സ്യത്തിന്റെ മൂലക്കല്ലു തന്നെ അതിന്റെ പ്രവചനങ്ങളാണ്, അവയുടെ ഫലങ്ങള്‍ ജീവിതങ്ങളെ എങ്ങനെ ബാധിക്കാമെന്നതാണ്. അവയ്ക്ക് ശാസ്ത്രാടിസ്ഥാനമില്ലെന്നു വച്ചാല്‍ ജ്യോതിഷത്തിന്റെ മൂലക്കല്ലിനുതന്നെ ശാസ്ത്രാടിസ്ഥാനമില്ല എന്നാണര്‍ത്ഥം. അല്ലാതെ ഗോപാലകൃഷ്ണന് പറഞ്ഞുവയ്ക്കുമ്പോലെ “മറ്റെല്ലാ അര്‍ത്ഥത്തിലും സയന്റിഫിക് ആയ” ജ്യോതിഷത്തിന്റെ ഒരു വിഭാഗത്തിനും മാത്രമല്ല ശാസ്ത്രീയാടിത്തറയില്‍ വിശദീകരണമില്ലാത്തത്.
ജ്യോതിഷമെന്ന അന്ധവിശ്വാസത്തെ ഗണിതഭാഗമെന്നും പ്രവചനഭാഗമെന്നുമൊക്കെയുള്ള ജാര്‍ഗണുകളിലൂടെ ‘പ്രശ്നവല്‍ക്കരിക്കു’കയും അതിലൊന്നിന് സയന്റിഫിക് വിശദീകരണമേ ഇല്ല “ബാക്കിയെല്ലാം പ്യുവര്‍ മാത്തമാറ്റിക്സാണ് ... മാത്തമാറ്റിക്സ് പ്യുവര്‍ സയന്‍സാണ്” എന്ന് വാദിക്കുകയും ചെയ്യുക വഴി മൂന്നാമതൊരു കള്ളത്തരവും ഗോപാലകൃഷ്ണന് ഒപ്പിക്കുന്നു - മാത്തമാറ്റിക്സ് (ഗണിതം) എന്നത് സയന്‍സ് അല്ല, മറിച്ച് സയന്‍സിന്റെ ഭാഷ മാത്രമാണ് എന്ന വസ്തുതയെ തലകീഴായി നിര്‍ത്തുന്നു. ഗണിതത്തില്‍ 2+2 = 4 എന്ന് പറയുന്നതിന് ശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. സയന്‍സില്‍ അതിനെന്തെങ്കിലും അര്‍ത്ഥമുണ്ടാവണമെങ്കില്‍ അതിനൊരു യൂണിറ്റുണ്ടാകണം, ആ സംഖ്യകള്‍ “ബലം”, “ഗുരുത്വാകര്‍ഷണം”, “ഊര്‍ജ്ജം”, “പ്രവേഗം”, “തരംഗദൈര്‍ഘ്യം” തുടങ്ങിയ അസംഖ്യം ഭൌതിക parameter-കളില്‍ എന്തിനെയെങ്കിലും പ്രതിനിധീകരിക്കണം. അല്ലാത്തിടത്തോളം അവ ഏതാനും അക്കങ്ങള്‍ മാത്രമായി നില്ക്കുകയേയുള്ളൂ. ആ കണക്കു കൊണ്ട് ശാസ്ത്രത്തിലെ അളവുകളും അങ്കങ്ങളും മാത്രമല്ല അരി,പച്ചക്കറിയാദി സാധനങ്ങളുടെ വിലയും ഒക്കെ എഴുതാം. എന്നുവച്ച് അതൊന്നും “സയന്‍സ്” ആവില്ല. നമുക്കു ചുറ്റുമുള്ള ലോകത്തെ - അത് താരാഗ്രഹങ്ങളുടെ ചുറ്റളവുകളും സ്ഥാനങ്ങളും ആയാലും ശരി, പ്രകാശകിരണങ്ങളുടെ ആവൃത്തിയായാലും ശരി, തുലാസില്‍ തൂക്കുന്നതിന്റെ അളവുകളായാലും ശരി - സംഖ്യകളായി അവതരിപ്പിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അതിനു ശാസ്ത്രം ഉപയോഗിക്കുന്ന ഭാഷമാത്രമാണ് കണക്ക് അഥവാ മാത്തമാറ്റിക്സ്. ഒരു ലളിത ഉദാഹരണം പറഞ്ഞാല്‍ Chess കളിയില്‍ കരുക്കളുടെ പൊസിഷന്‍ എങ്ങനെ വരുമെന്ന സാധ്യതകള്‍ വച്ച് ധാരാളം കണക്കുകള്‍ ചെയ്യാം. ഗണിതം ഉണ്ട് എന്നുവച്ച് ചെസ്സ് ബോഡും ചെസ്സുകളിയും ശാസ്ത്രമാണെന്ന് പറയാന്‍ തുടങ്ങിയാല്‍ ? ചുരുക്കത്തില്‍ “മാത്തമാറ്റിക്സ് പ്യുവര്‍ സയന്‍സാണ്” എന്ന് ഗോപാലകൃഷ്ണന് പറയുമ്പോള്‍ അത് ജ്യോത്സ്യത്തിലെ ഗണിതം ശുദ്ധശാസ്ത്രമാണ് എന്ന് തോന്നിപ്പിക്കാനുള്ള വാചകക്കസര്‍ത്തെന്നതില്‍ കവിഞ്ഞൊന്നുമല്ല.
ലഗ്നത്തിലെ ചൊവ്വയുള്ള ഭാര്യാഭര്ത്താക്കന്മാരുടെ "തുള്ള"ലിനെപ്പറ്റി പറയുന്നിടത്ത് ഈ തരത്തിലുള്ള “ശാസ്ത്രവല്‍ക്കരിക്കല്‍” ഒന്നുകൂടെ വ്യക്തമാണ്. ഭാര്യയുടെ തുള്ളല്‍ ഭര്‍ത്താവിന്റെ തുള്ളലും തമ്മില്‍ “പ്രതിപ്രവര്‍ത്തിച്ച്” ഒന്നു മറ്റൊന്നിനെ അടക്കിക്കോളും എന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് നോക്കുക: " നെഗറ്റീവ് X നെഗറ്റീവ് ഈസ് ഈക്വല്‍ റ്റു പോസിറ്റീവ്. അവിടെ പ്ലസ് അല്ല വരുക, ഇന്റു ആണ്. ആ മൈനസ് ഇന്റു ഈ മൈനസ്: രണ്ടും കൂടിയായാല്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരിക്കും" (?!) ഇവിടുത്തെ കള്ളക്കളി വാക്കുകളുടെ പ്രതിനിധീകരണത്തിലാണ്. കണക്കില്‍ ഒരു സംഖ്യ നെഗറ്റീവ് (ഋണം) ആണ് എന്ന് പറയുന്നതും ഭാഷയില്‍ "ചീത്ത" എന്ന അര്‍ത്ഥത്തില്‍ ഒരു സംഗതിയെ നെഗറ്റീവ് എന്ന് പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. മാത്രമല്ല, ഗുണനവും ഹരണവുമൊക്കെ കണക്കിലാണ്. ഭാഷയിലെ "ചീത്ത" എന്നര്‍ത്ഥമുള്ള രണ്ട് നെഗറ്റീവ് എടുത്ത് ഗുണിക്കുക(multiply) ചെയ്യുക എന്നത് സാധ്യമായ കാര്യമേ അല്ല. പരമമണ്ടത്തരം മാത്രമല്ല, കുരുട്ടുവിദ്യ കൂടിയാണിത് - താന്‍ സംസാരിക്കുന്നത് മാത്തമാറ്റിക്സ് പോലെ കൃത്യവും തീര്‍ച്ചമൂര്‍ച്ചയുള്ളതുമായ സയന്റിഫിക് കാര്യമാണ് എന്ന ധ്വനി ഉണ്ടാക്കുക.
അല്പം കൂടി ചെല്ലുമ്പോള്‍ എല്ലാ കപടശാസ്ത്രവാദികളും ഗതികെടുമ്പോള്‍ എടുത്തിടുന്ന മറ്റൊരു ഡിഫന്‍സും കേള്‍ക്കാം : അപ്പോളോ ആശുപത്രിയിലെ ഏതോ ഒരു ന്യൂറോസര്‍ജ്ജന്‍ ഇന്‍ഡ്യന്‍ സ്പിരിച്വാലിറ്റിയുടെ ശാസ്ത്രീയതയെപ്പറ്റി ദ ഹിന്ദു പത്രത്തില്‍ ഒരു ചോദ്യത്തിനുത്തരമായി എഴുതിയത്രെ, ഇതൊക്കെ സയന്‍സുകൊണ്ട് വിശദീകരിക്കണമെങ്കില്‍ ഇനി ഒരു 25വര്‍ഷം കൂടി സയന്‍സ് വളരേണ്ടിയിരിക്കുന്നു എന്ന്. നിങ്ങള്‍ ഒരു ആള് ദൈവാനുയായിയെ വിമര്‍ശിച്ചു നോക്കൂ, ഉടന്‍ കേള്‍ക്കാം ഈ ലൈനിലെ വാദം : "എത്രയോ വലിയ വലിയ ആളുകള്‍ അവിടെ പോകുന്നു. ഡോക്ടര്‍മാര്‍ കളക്റ്റര്‍മാര്‍ ഒക്കെ. അപ്പോള്‍ അതിലെന്തെങ്കിലും സത്യമില്ലാതിരിക്കില്ലല്ലോ" എന്ന്."വലിയ വലിയ ആളുക"ളുടെ വക്കാലത്തെടുക്കല്‍ (Fallacy of Argument from Authority) എന്ന അന്ധവിശ്വാസപ്രചാരകരുടെ സ്ഥിരം നമ്പരാണ് ഇവിടെ ഗോപാലകൃഷ്ണനും പ്രയോഗിക്കുന്നത്. ആരാണീ രാമമൂര്‍ത്തി ? തമിഴ്നാട്ടിലെ ഒരു ന്യൂറോസര്‍ജ്ജന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും മറ്റും തലപ്പത്തിരുന്നിട്ടുള്ള ആള്. ഒരു വൈദ്യനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യമോ പ്രശസ്തിയോ ഒന്നും മറ്റൊരു വിഷയത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആധികാരികമാക്കുന്നില്ല.
നാട്ടിലെ കാക്കാലന്മാരെയും കൈനോട്ട, മഷിനോട്ട ഉഡായിപ്പുകാരെയും വിശ്വസിക്കരുത്, മറിച്ച് സയന്റിഫിക് ജൗതിഷികളെ വിശ്വസിക്കൂ എന്ന് പറയാതെ പറയുന്നതാണ് മറ്റൊരു കള്ളത്തരം. നാരായണപിള്ള, നമ്പീശന്, ഗിരി, ധര്‍മ്മരാജയ്യര്‍ തുടങ്ങിയ അടുത്തൂണ്‍പറ്റിയ കുറേ ഡോക്ടറേറ്റുകാരെയും പി.എച്.ഡികാരെയുമൊക്കെ "ആധികാരിക ജ്യോത്സ്യ"ന്മാരായി കേള്‍വിക്കാര്‍ക്ക് ഗോപാലകൃഷ്ണന് പരിചയപ്പെടുത്തുന്നത് പരിഹാസ്യമായ ഈ ആധികാരികതാ നാട്യത്തിന്റെ ഭാഗമാണ്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നല്കുന്ന M.A (Master of Arts) ബിരുദത്തെ "മാസ്റ്റര്‍ ഒഫ് അജ്ഞാനം" ആണെന്ന വിലകുറഞ്ഞ തമാശ വഴി ഡോ: ഗോപാലകൃഷ്ണന് ശ്രമിക്കുന്നതും മറ്റൊന്നിനുമല്ല. ഗവണ്മെന്റ് ഒഫ് ഇന്ത്യ ഒരു സയന്റിസ്റ്റിനേ 1947ന് ശേഷം ഡീലിറ്റ് കൊടുത്തോളൂ, അത് തനിക്കാണ് എന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്നതും ഇതേ ഗോപാലകൃഷ്ണന് തന്നെയാണ് എന്നോര്‍ക്കണം. അപ്പോള്‍ എല്ലാ M.A-യും മാസ്റ്റര്‍ ഒഫ് അജ്ഞാനമല്ല അല്ലേ ?!
ഇതേ “ആധികാരികതാ നാട്യം” ഗോപാലകൃഷ്ണന് പ്രസംഗത്തിന്റെ അവസാനഭാഗത്തും (യൂട്യൂബ് ക്ലിപ്പ്-11,03:00) ഒരു ചോദ്യത്തിന്റെയുത്തരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത ജാതകങ്ങളിലായി പല ഗ്രഹനിലകളുള്ളവര്‍ ഒരു ക്ലാസില്‍ ഒരേ കോഴ്സിനു പഠിക്കുന്നതും ഒരേ വിധിയിലൂടെ/ഫലത്തിലൂടെ പോകുന്നതും എങ്ങനെയാണെന്ന ഒരു ചോദ്യത്തിന് ഉത്തരം നല്കാന് ഗോപാലകൃഷ്ണന് കൂട്ടുപിടിക്കുന്നത് ഒരു ഐ.ഏ.എസ് ഓഫീസറെയാണ് (തിരുവനന്തപുരം കളക്ടറായിരുന്ന നന്ദകുമാര്‍ ). ഐ.ഏ എസ് ഓഫീസറുടെ അഭിപ്രായത്തിനു “സയന്റിഫിക്” ആധികാരികത ധ്വനിപ്പിക്കാനാവണം, ടി.വ്യക്തിക്ക് ഡോക്ടറേറ്റുണ്ടെന്നും കൂട്ടിച്ചേര്‍ത്തിട്ടാണ് ഗോപാലകൃഷ്ണന് ആ ചോദ്യത്തിനുത്തരം കൊടുക്കുന്നത്. “ഗ്രൂപ്പ് ആസ്ട്രോളജിയുടെ” പ്രവചനം പൂര്‍ത്തിയാക്കാനെന്നവണ്ണം പല സ്ഥലത്തുള്ളവര്‍ ഒന്നിച്ച് ഒരിടത്ത് വരുന്നതിലൂടെയാണ് വാഹനാപകടങ്ങളിലെ കൂട്ടമരണം പോലുള്ള ഈ “ഗ്രൂപ്പ്” സംഭവങ്ങളില്‍ ഫലങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് നന്ദകുമാര്‍ ഐ.ഏ.എസ്സിന് ഈ കാര്യത്തിലുള്ള അഭിപ്രായമെന്ന് ഗോപാലകൃഷ്ണന് പറയുന്നു. ഐ.ഏ.എസ് എന്ന പദവിയോ ഡോക്ടറേറ്റോ ഉള്ളയാളാണ് പറയുന്നത് വച്ച് ഇതുപോലുള്ള ശുദ്ധാസംബന്ധത്തിന് ആധികാരികതയുണ്ടാവില്ല. ഈ സാമാന്യനിയമം ബയോക്കെമിസ്ട്രിയിലെ ട്രെയിനിങ്ങിന്റെയും പേറ്റന്റുകളുടെയുമൊക്കെ ശാസ്ത്ര പശ്ചാത്തലം വച്ചുകൊണ്ട് ഈവക അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയതയുണ്ടെന്ന് വാദിച്ചുറപ്പിക്കാന് ഇറങ്ങുന്ന ഗോപാലകൃഷ്ണനു തന്നെയും ബാധകമാണ്.
* * *
ജ്യോതിഷം മാത്രമല്ല, നാളെയിനി കോടാങ്കി ശാസ്ത്രം,കാകശാസ്ത്രം കാക്കാലന്റെ കൈനോട്ടം, പക്ഷിശാസ്ത്രം, ഗൌളിശാസ്ത്രം, താംബൂലപ്രശ്നം, ദൂതലക്ഷണം എന്നിങ്ങനെയുള്ള സകല ഫലപ്രവചനരീതികള്‍ക്കും സയന്റിഫിക് വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ഡോക്ടറേറ്റുകളും പേറ്റന്റുകളുമുള്ള പുതിയ ഗോപാലകൃഷ്ണന്മാര് മുന്നോട്ടു വന്നേയ്ക്കാം. പക്ഷി സയന്റിഫിക്കല്ലേ ? ഗൌളിയും ഗൌളിയുടെ ചിലയ്ക്കലും സയന്റിഫിക്കല്ലേ ? പിന്നെ അതിന്റെ ഫലഭാഗം - അത് സയന്റിഫിക്കല്ലെങ്കിലും യൂസ്ഫുള്‍ ആണോ അല്ലയോ എന്ന് നോക്കി നമുക്ക് സ്വീകരിക്കാവുന്നതാണ് എന്നാരെങ്കിലും പറഞ്ഞാല്‍ “നിന്റെ അമ്മായിയമ്മേടെ അടിയന്തരത്തിന് പായസം വിളമ്പാന്‍” എന്ന ഒരു സിനിമാ തെറി പിരിച്ച് വ്യാഖ്യാനിക്കുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ ഓര്‍മ്മവരുന്നത് ഒരു കുറ്റമല്ല !
കൂടുതല്‍ വായനയ്ക്ക് :
1.The Exact Sciences in Antiquity (Published lectures) : Otto Neugebauer;1957
2.Babylonian Planetary Omens : Erica Reiner, David E. Pingree ; 1975
3.ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും : പ്രഫസര്‍ കെ.പാപ്പൂട്ടി (പരിഷത്ത് പ്രസാധനം); 2002
4.Indo Aryan Deities and Worship as Contained in the Rigveda : Albert Pike 1872
5.The Aryabhatiya of Aryabhata : Walter E. Clark (University of Chicago, IL); 1930 (includes critical notes by Brahmagupta et al)