The contents of this blog and the language used herein are "mature" and suited only for "grown-ups".

Aug 20, 2008

“ശാസ്ത്രീയ” ഉഡായിപ്പുകൾ !!

അനിൽ @ ബ്ലോഗ് എന്ന ബ്ലോഗറുടെ പോസ്റ്റ് : "മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം" എന്ന പോസ്റ്റാണ് ഈ കമന്റുകൾക്കാധാരം:

“ ...ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു. കുറിപ്പ് ഇങ്ങനെയായിരുന്നു , കൈവിരലില്‍ ഒരു ലോഹമാല തൂക്കിയിട്ടു ഒരാള്‍ ഭൂമിയിലൂടെ നടക്കുന്നു. ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ.എന്നിലെ ശാസ്ത്രജ്ഞനുണര്‍ന്നു, നോക്കണമല്ലൊ !മാലയും വിരലില്‍ തൂക്കി പറമ്പിലാകെ നടന്നു, ഒരു രക്ഷയുമില്ല, കറക്കം പോയിട്ടു ഒരനക്കം പോലുമില്ല. അവസാനം കിണറിനടുത്തെത്തി.ഞെട്ടിപ്പോയി , അതാ മാല കറങ്ങാന്‍ തുടങ്ങുന്നു.മോളോടിവന്നു, അവളുടെ കയ്യിലും തൂക്കീ മാല, അപ്പോഴും കറങ്ങുന്നു.ഭാര്യ വിടുമൊ? അവളും തൂക്കി, ഹാ കഷ്ടം.വെള്ളവുമായി അലര്‍ജിയായതിനാലാവും മാല കറങ്ങിയില്ല....“

ഈ പോസ്റ്റിൽ വായാടി മലയാളി എന്ന ബ്ലോഗർ എഴുതിയ കമന്റും ചിന്തോദ്ദീപകം:)


വായാടി മലയാളി said...
ഇതു പോലെ ഒരു മാല കറക്കത്തെക്കുറിച്ച്
പറയാം. ഈ കറക്കം ഉപയോഗപ്പെടുന്നത് ഗര്ഭത്തിലുള്ള ശിശുവിന്റെ ശിശുവിന്റെ ലിംഗം അറിയാനാണ്. (ഗര്ഭസ്ഥ ശിശുവിന്റെ ലിംഗം നിര്ണയിക്കുന്നത് ശിക്ഷാര്ഹമായതു കൊണ്ട് പരീക്ഷണം പരീക്ഷണം സ്വന്തം ഉത്തരവാദിത്വത്തില് നടത്തേണ്ടതാണ്)ഗര്ഭിണിയായ സ്ത്രീയുടെ വയറിനുമുകളിലായി ഒരു സ്വര്ണ്ണമാല , ശരീരത്തില് സ്പര്ശിക്കാത്തവണ്ണം പിടിക്കുക(കിടക്കുന്ന അവസ്ഥയില്). എതാനും നിമിഷത്തിനകം മാല ചലനം ആരംഭിക്കും.
മാലക്ക് രണ്ടു തരത്തിലുള്ള ചലനമാണ് ഉണ്ടാകാന് സാധ്യത. ഒന്ന് വയറിന് തിരശ്ചീനമായ ക്ളോക്കിന്റെ പെന്ഡുലം പോലെയുള്ള ചലനം. രണ്ട് ആന്റിക്ലോക്ക് വൈസായോ, ക്ലാക്ക് വൈസായോ ഉള്ള ദീര്ഘ വൃത്താകൃതിയിലുള്ള ചലനം. ആദ്യത്തെ ചലനമാണെങ്കില് കുട്ടി ആണാകാം. രണ്ടാമത്തേതാണെങ്കില് കുട്ടി പെണ്ണാകാം.
August 18, 2008 11:27 PM


എന്തായാലും നമ്മുടെ നാടിന്റെ അപാരമായ ശാസ്ത്ര പുരോഗതി കണ്ട് കോൾ മയിരു കൊള്ളുകയല്ലാതെ വയ്യ !

കമന്റ് 1:
പ്രിയ അനിൽ ജീ,പ്ലീസ്..കാന്തികത/മാഗ്നെറ്റിസം എന്നാൽ എന്താണെന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ. എന്നിട്ട് ഇത്തരം കപടശാസ്ത്ര വാദങ്ങൾ മുന്നോട്ടു വയ്ക്കൂ. ഇതുപോലൊരു വാദം മുൻ വന്നപ്പോൾ എഴുതിയ കമന്റുകൾ എല്ലാം കുടി ഇവിടെ ഒരു പോസ്റ്റായി ശേഖരിച്ച് വച്ചിട്ടുണ്ട്. മാഗ്നെറ്റിസത്തെക്കുറിച്ച് സ്പെസിഫിക് ആയി ദാ ഈ കമന്റിൽ വിശദമാക്കിയിട്ടുമുണ്ട്. സ്വർണ്ണമാല വച്ച് ഗർഭസ്ഥ ശിശുവിനെകണ്ടെത്തുന്ന വായാടി മലയാളിയുടെ വിദ്യ അടിപൊളി. ഇനി ഗർഭ്സഥ ശിശുവിന്റെ ജനിതകവൈകല്യങ്ങൾ കണ്ടുപിടിക്കാനും ഇത് പോലുള്ള വേറെന്തെങ്കിലും തരികിട ഉപയോഗിക്കാമെന്ന് പറഞ്ഞ് ആളുകൾ വരും..! സ്കാനിംഗ് സെന്ററുകൾ പൂട്ടിപ്പോകുമല്ലൊ സന്തോഷം...! വന്ദേ മാതരം !!
August 19, 2008 8:26 PM

കമന്റ് 2 :
"ഭൂഗര്‍ഭത്തില്‍ വെള്ളമുള്ള സ്ഥലത്തിനുമുകളിലെത്തിയാല്‍ കയ്യിലുള്ള മാല കറങ്ങാന്‍ തുടങ്ങും. ചില ശരീര പ്രകൃതിക്കാര്‍ക്കു മാത്രമെ ഇതു സദ്ധ്യമാകയുള്ളൂ."
ശരി,
അതു വായിച്ച് താങ്കളിലെ ശാസ്ത്രജ്ഞനുണർന്നു എന്നാണല്ലൊ അവകാശം.ചില സംശയങ്ങൾ:
1. ഏതു ലോഹത്തിലുള്ള മാലയാണു വേണ്ടത് ?
2. അതിനെത്ര ഗ്രാം തൂക്കം വേണ്ടി വരും ?
3. ചില പ്രത്യേക ശരീരപ്രകൃതിക്കാർക്ക് മാത്രമേ പറ്റൂ എന്നു പറയുന്നു. എന്ത് പ്രത്യേക ശരീരപ്രകൃതി ?4. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് മുൻ കരുതൽ എടുത്തു ?
5. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ മാല കറങ്ങുന്നില്ല എന്നു പറഞ്ഞു. പിന്നെ കിണറ്റിനു മുകളിൽ മാല കറങ്ങിയത് ??
6. മറ്റൊരാൾ ശരീരത്തിൽ സ്പർശിച്ചാൽ മാല കറക്കം നിർത്തുമെന്ന് പറഞ്ഞു. സ്വയം പിടിച്ചാൽ മാല കറങ്ങുന്ന ഒരാളാണ് തൊടുന്നതെങ്കിലും (ഉദാ താങ്കളുടെ മകൾ) കറക്കം നിൽക്കുമോ ?
7. വെള്ളത്തിനു മാത്രമെ ഇതു സംഭവിക്കുകയുള്ളോ അതോ ദ്രവരൂപത്തിലുള്ള, വെള്ളം ചേർന്ന എല്ലാത്തിനും ഇതു സംഭവിക്കുമോ ? (ഉദാഹരണത്തിനു എന്തെങ്കിലും കലക്കിയ വെള്ളം)അല്ലെങ്കിൽ ധമനികളിൽ ഒഴുകുന്ന രക്തം, മൂത്രനാളിയിലുടെ ഒഴുകുന്ന മൂത്രം...
8. ഹോസിലുടെ വെള്ളം ഒഴുകുമ്പോൾ മാല കറങ്ങുന്നെന്നു പറഞ്ഞു. താങ്കളുടെ വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ. അപ്പോൾ അവിടൊക്കെ മാല കറങ്ങാറുള്ളതായി ശ്രദ്ധിച്ചിട്ടുണ്ടോ ?
9. ഇതു ? മാഗ്നെറ്റിസമാണ് എന്നാണല്ലൊ സംശയം. ഒരു മാഗ്നെറ്റ് കൈയ്യിൽ പിടിച്ചു കൊണ്ട്/ മാലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട്/ മാലയോട് ചേർത്തുവച്ച് ഈ പരീക്ഷണം ആവർത്തിച്ചു നോക്കിയിരുന്നോ ?

ഇതിന്റെ മറുപടി അനിൽ ജീ തന്നത് ഇവിടെ

കമന്റ് 3

സൂരജ് :: suraj said...

അനിൽ ജീ,

A . താങ്കൾ ഇവിടെ നടത്തി എന്നു പറയപ്പെടുന്ന പരീക്ഷണത്തിൽ പ്രശ്നങ്ങളുണ്ട് :

1. ഹോസിലൂടെ വെള്ളമൊഴുകുന്നത് അതിലെ നേർത്ത സീൽകാരം വഴി തന്നെ പരീക്ഷകനു അറിയാൻ സാധിക്കും. അതു പരീക്ഷണ റിസൾട്ടിനെ ബയസ്ഡ് ആക്കുകയും ചെയ്യും.

2. പൈപ്പ് തുറക്കുമ്പോൾ ഒരു വാൽവ് തുറക്കുന്നു എന്നേയുള്ളൂ, പൈപ്പ് അടച്ചിരിക്കുമ്പോഴും അതിന്റെ കുഴലിനുള്ളിലൂടെ വെള്ളം ഒരു നിശ്സിത പ്രഷറിൽ ഒഴുകുക തന്നെയാണ്. അപ്പോൾ ഹോസിനു മുകളിൽ മാത്രമല്ല, താങ്കളുടെ വീട്ടിലെ എല്ലാ പൈപ്പുകൾക്കു മുകളിലും മാല/മോതിരം കറങ്ങേണ്ടതാണ്. ഇതു വച്ച് തപ്പിയാൽ താങ്കളുടെ വീടിനടിയിലും മതിലുകളിലുമായി സഞ്ചരിക്കുന്ന പൈപ്പ്/ഡ്രെയിനേജ് സിസ്റ്റം മുഴുവനും map ചെയ്യാനും സാധിക്കണം.

3. കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം. അതിനു മുൻ കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല എന്നു താങ്കൾ പറയുന്നു. Ideomotor ഇഫക്റ്റാണ് ഡൌസർമാർ ഡൌസിംഗ് ചെയ്യുമ്പോൾ കാണാറ്. അത് ഡൌസിംഗ് ഉപകരണം ഉപയോഗിക്കുന്ന ആളുടെ സൈക്കിയുടെ പ്രശ്നമാണ്. "വെള്ളത്തിന്റെ ഒഴുക്കു" തന്നെയാണു മാലയുടെ കറക്കത്തിനു കാരണം എന്ന് ഉറപ്പിക്കണമെങ്കിൽ അത്തരം മുൻ കരുതലുകൾ എടുത്തെ മതിയാവൂ അനിൽ ജീ.

4. നിഷ്പക്ഷമായ ഒരു അവലോകനമാണുദ്ദേശ്യമെങ്കിൽ ഡബിൾ ബ്ലൈൻഡ് ചെയ്ത് വേണം പരീക്ഷണം നടത്താൻ. ഒന്നൊ രണ്ടോ റിസൾട്ട് പോസിറ്റീവ് ആയതുകൊണ്ട് റാൻഡം ചാൻസേ ആവുന്നുള്ളൂ. അതിനു സ്റ്റാറ്റിസ്റ്റിക്കൽ വ്യക്തത വരണമെങ്കിൽ ഒരുപാട് പ്രാവശ്യം ആവർത്തിക്കണം. (താഴെ നോക്കുക)

5. ഇതിനേ പിടിച്ച് മനുഷ്യ ശരീര കാന്തികതയൊന്നും ആക്കിക്കളയരുത് : പോസ്റ്റിന്റെ തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ്. ‘?’ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യുമില്ല. ഇൻഡ്യാ ഹെറിറ്റേജ് മാഷും വന്ന് കാന്തികതയെപ്പറ്റി (..അപ്പോള്‍ താങ്കളുടെശരീരവുമായി അതിന്‌ നൂല്‍ വഴിയുള്ള ബന്ധം കാന്തികമായി സഹായിക്കുന്നുണ്ടാകുമോ..)പരാമർശിക്കുകയും ചെയ്തു.

മനുഷ്യശരീരത്തിന്റെ കാന്തിക ആവരണമെന്നൊക്കെ ആത്മീയക്കാർ ഗീർവാണം അടിക്കാൻ തുടങ്ങിയിട്ട് കാലമൊത്തിരിയായി. മാഗ്നെറ്റിസം എന്താണെന്നോ ശരീരത്തിനു അങ്ങനൊരു ആവരണം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നൊനും അറിയാതെ ചുമ്മാ ഓറ കാന്തികത എന്നൊക്കെ തട്ടി വിടുന്നു അത്രതന്നെ.

B. ഡൌസിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്യൂഡോ സയൻസ്റ്റിഫിക് അവകാശവാദമാണ് ഇവിടെ പോസ്റ്റായി ഇട്ടിരിക്കുന്നത്.
പെൻഡുലം, Y ആകൃതിയിലുള്ള ലോഹകമ്പിദ്വയം, മാല, മോതിരം എന്നിങ്ങനെ പല സാധനങ്ങളും ഈ പരിപാടിക്ക് ഉപയോഗിച്ചു വരുന്നു.വെള്ളത്തിന്റെ ഒഴുക്ക് അറിയാൻ എന്ന അവകാശവാദവുമായി മുൻ കാലങ്ങളിൽ നടത്തിയിരുന്ന ഈ പരിപാടി പിന്നീട് സ്വർണ്ണ ഖനിയുടെ സ്ഥാനമറിയാനും മനുഷ്യശരീരത്തിന്റെ ഉർജ്ജ/കാന്തിക ആവരണം എന്ന് അവകാശപ്പെടുന്ന "ഓറ"യെ കണ്ടെത്താനുമൊക്കെ ഉപയോഗിക്കാൻ തുടങ്ങി.

ഏതാനും വർഷങ്ങൾ മുൻപ് കേരളത്തിൽ ഈ പരിപാടി സയന്റിസ്റ്റ് എന്നവകാശപ്പെടുന്ന ഒരാൾ തന്നെ നടത്തി ഏഷ്യാനെറ്റിലും മറ്റും കാണിക്കുകയുണ്ടായി. അതിനെ അധികരിച്ച് കെ.പി.സി അനുജൻ ഭട്ടതിരിപ്പാട് എന്നോ മറ്റോ പേരുള്ള ഒരാൾ രണ്ട് നെടുങ്കൻ ലേഖനങ്ങൾ സമകാലിക മലയാളം വാരികയിൽ വച്ചു കാച്ചുകയും ചെയ്തു. ഈ "സയന്റിസ്റ്റിന്റെ" പരീക്ഷണപ്രകാരം, പുജാ വിഗ്രഹങ്ങൾ, പൂജാ പുഷ്പങ്ങൾ, എന്തിനു ബ്രാഹ്മണനെ കഴുകിയ വെള്ളം പോലും "പോസിറ്റീവ്" ഊർജ്ജം കാണിക്കുന്നുവത്രെ. അതു ഡൌസിംഗ് കമ്പിയുടെ ചലനം വഴി അറിയാനാവുമെന്നാണ് അവകാശവാദം. ശാസ്ത്ര സാഹിത്യ പരിഷത്ത് വക്താവായ ആർ വി ജി മേനോൻ സർ ഇതിനെതിരെ മറു ലേഖനങ്ങളും എഴുതിയിരുന്നു.

ഈ തട്ടിപ്പ് ജ്യോതിഷം പോലെ തന്നെ ലോകമെമ്പാടും നടന്നു വരുന്ന ഒന്നാണ്. അമേരിക്കയിൽ ഡൌസിംഗ് സൊസൈറ്റി വരെ രൂപീകരിച്ചാണ് ഇവരുടെ പ്രവർത്തനം. (മന്ത്രവാദികളുടെ സംഘടന നമുക്കും വേണ്ടേ ?)ഒഴുകുന്ന വെള്ളം മാത്രമല്ല, നിശ്ചലമായ വെള്ളവും ഡൌസിംഗ് വഴി കണ്ടെത്താമെന്നാണ് “പരിചയസമ്പന്നരായ” ഡൌസർമാർ അവകാശപ്പെടുന്നത്.
അനിൽ ജീ കുറേനാൾ പരീക്ഷണം തുടർന്നാൽ ആ കഴിവും ലഭിച്ചേക്കാൻ സാധ്യതയുണ്ട്.

ജെയിംസ് റാൻഡി എന്നൊരു മജിഷ്യൻ ഇമ്മാതിരി തരികിടകൾ വഴി വസ്തുക്കളുടെ സ്ഥാനം കൃത്യമായി പ്രവചിക്കാമെന്ന് അവകാശപ്പെടുന്നവർക്ക് 1 മില്യൻ ഡോളർ ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവർ നടത്തുന്ന 2 ഡബിൾ ബ്ലൈണ്ടഡ് പരീക്ഷണത്തിൽ ഇതു വിജയകരമായി തെളിയിച്ചാൽ 1മില്യൻ ഡോളറ് കിട്ടും. അതിന്റെ അപേക്ഷാ ഫോം ഇവിടെ ഉണ്ട്: (പിഡി എഫ് ഫയൽ ലിങ്ക് ക്ലിക്കുക)

ഈ അവകാശവാദവുമായി വരുന്നവർക്ക് സ്കെപ്റ്റിക് സൊസൈറ്റികൾ ഡിസൈൻ ചെയ്ത പരീക്ഷകളുടെ ഏകദേശരൂപം ഇതാണ്:

പരീക്ഷണ സെറ്റപ്പ് : ഡൌസർ കണ്ടെത്തും എന്നു അവകാശപ്പെടുന്ന വസ്തു 20 സ്ഥാനങ്ങളിലായി മറച്ചു വയ്ക്കുക. ഓരോ സ്ഥാനത്തിനും (സ്റ്റേയ്ഷൻ) നമ്പർ ഇടുക. ഉദാഹരണത്തിനു സ്വർണ്ണം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ സ്വർണ്ണപ്പണ്ടം ഒരു പേപ്പർ ബാഗിലാക്കി ഒരു കാഡ്ബോഡ് പെട്ടി കമഴ്ത്തി മറച്ചു വയ്ക്കുക. ഇങ്ങനെ 20 സ്റ്റേയ്ഷനുകൾ ഉണ്ടാക്കുക. വെള്ളം കണ്ടെത്തുമെന്നാണു അവകാശവാദമെങ്കിൽ കലത്തിലോ വാട്ടർ ബോട്ടിലിലോ വെള്ളം നിറച്ച് കാഡ് ബോഡ് പെട്ടി കൊണ്ട് മറച്ച് വയ്ക്കുക. വസ്തു ഉണ്ട്, അല്ലെങ്കിൽ വസ്തു ഇല്ല എന്ന രണ്ട് ചോയിസാണ് ഡൌസർ നൽകേണ്ട ഉത്തരം.

ഒന്നാം ഘട്ടം :ഓപ്പൺ സിരീസ് പരീക്ഷണം -
ഡൌസർ (ഡൌസിംഗ് ചെയ്യാമെന്ന് അവകാശപ്പെടുന്ന ആൾ) പരീക്ഷണത്തിന്റെ സെറ്റപ്പ് അറിഞ്ഞു കൊണ്ട് പരീക്ഷണം നടത്തുന്ന ഘട്ടമാണിത്. ഡൌസർ 1 മുതൽ 20 നമ്പരുകളിൽ ഒന്ന് സ്വയം തെരഞ്ഞെടുക്കുന്നു (ഇത് നറുക്കെടുപ്പ് രീതിയിൽ തുണ്ട് എടുത്ത് നിശ്ചയിക്കാം). ആ നമ്പർ ഉള്ള പരീക്ഷണ സ്റ്റേഷനിൽ ആണ് കണ്ടെത്തേണ്ട വസ്തു വയ്ക്കുക. ബാക്കിയുള്ളവ ഒഴിച്ചിടുക. ഏതു സ്റ്റേയ്ഷനിലാണു വസ്തു വയ്ക്കുന്നത് എന്ന് ഡൌസർ അറിഞ്ഞിരിക്കണം. അതിനു മുകളിൽ നിന്ന് ഡൌസിംഗ് കമ്പിയോ മോതിരമോ മാലയോ ഒക്കെ തൂക്കിയിട്ട് ഡൌസർക്ക് തന്റെ 'കഴിവ്' പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാം. വസ്തു ഇല്ലാത്തതെന്ന് അറിയാവുന്ന പെട്ടികൾക്ക് മുകളിലും ഡൌസിംഗ് യന്ത്രമോ മാലയോ ഒക്കെ വച്ച് ഇവ അനങ്ങുകയോ ആടുകയോ ഒക്കെ ചെയ്യുന്നുണ്ടോ എന്നും നോക്കാം. ഇത് 20 തവണ ആവർത്തിക്കാം. എത്ര സ്റ്റേയ്ഷനിൽ പ്രവചനം ശരിയാകുന്നു എന്ന് ഒരു കടലാസിൽ റിസൾട്ട് എഴുതി പട്ടികയാക്കി കണക്കുകൂട്ടി വയ്ക്കുക. ഈ ഘട്ടത്തിൽ താൻ തെരഞ്ഞെടുക്കുന്ന നമ്പറ് ഉള്ള സ്റ്റേയ്ഷനുകളിലാണു പരീക്ഷകൻ പരീക്ഷണ വസ്തു വയ്ക്കുക എന്ന് ഡൌസർക്ക് അറിയാവുന്നതു കൊണ്ട് എതാണ്ട് 100% കൃത്യതയോടെ തന്നെ 'പ്രവചനങ്ങൾ' ഉണ്ടാവുക സ്വാഭാവികം.

രണ്ടാം ഘട്ടം:ബ്ലൈൻഡഡ് പരീക്ഷണം -
പരീക്ഷകനും ഡൌസറും മുറിക്ക് പുറത്തിറങ്ങുന്നു. പരീക്ഷകന്റെ രണ്ട് സഹായികൾ മുറിയിൽ കയറി നറുക്കിട്ട് കിട്ടുന്ന 5 സ്റ്റേയ്ഷനുകളിൽ കണ്ടെത്തേണ്ട വസ്തു വയ്ക്കുന്നു. മറ്റ് 5 സ്റ്റേയ്ഷനിൽ മണൽ നിറച്ച ബോട്ടിലോ കലമോ വയ്ക്കാം. ബാക്കിയുള്ള 10 സ്റ്റേയ്ഷനുകൾ ഒഴിച്ചിട്ടിട്ട് വെറും പെട്ടി കൊണ്ട് മറച്ചു വയ്ക്കുക മാത്രം ചെയ്യുക. ഏതൊക്കെ സ്റ്റേയ്ഷനിൽ കണ്ടെത്തേണ്ട വസ്തുവുണ്ട്, ഏതൊക്കെ മണ്ണുണ്ട്, ഏതൊക്കെ ഒഴിഞ്ഞു കിടക്കുന്നു എന്നത് ഒരു കടലാസിൽ പട്ടികയാക്കി നിഷ്പക്ഷനായ മൂന്നാമതൊരാളെ എൽ‌പ്പിക്കുക.ഈ മൂന്നാമൻ പരീക്ഷണത്തിനൊടുവിൽ മാത്രമേ രംഗത്തു വരൂ. ഇത്രയും ചെയ്തുകഴിഞ്ഞാൽ ഡൌസറും നിരീക്ഷകർക്കും മുറിക്കുള്ളിൽ വരാം. 20 സ്റ്റേയ്ഷനിൽ ഏതിലൊക്കെ 'കണ്ടെത്തുമെന്ന് അവകാശപ്പെടുന്ന വസ്തു' ഉണ്ട്, ഏതിലൊക്കെ അതില്ല എന്ന് ഡൌസിംഗ് വഴി കണ്ടെത്തി ഒരു കടലാസിൽ പട്ടിക പൂരിപിച്ച് ഡൌസർ പരീക്ഷകനെ ഏൽ‌പ്പിക്കണം. ഡൌസർ മറ്റെന്തെങ്കിലും സൂചനകൾ ഉപയോഗിച്ചോ, പെട്ടി പൊക്കി നോക്കിയോ മറ്റോ കള്ളത്തരം കാണിക്കുന്നില്ല എന്നുറപ്പിക്കാനാണ് പരീക്ഷകനെ കൂടി മുറിയിൽ അനുവദിക്കുന്നത്. ഒടുവിൽ 20 സ്റ്റേയ്ഷനും കഴിഞ്ഞാൽ ഉത്തര പട്ടിക മുന്നാമത്തെ റഫറിക്ക് കൊടുക്കാം. സഹായികൾ നൽകിയ യഥാർത്ഥ പട്ടികയും ഡൌസറുടെ ആദ്യ ഘട്ടത്തിലെ(ഓപ്പൺ സീരീസ്) പ്രവചന പട്ടികയും, രണ്ടാം ഘട്ടത്തിലെ (ഡബിൾ ബ്ലൈൻഡഡ്)പട്ടികയും തമ്മിൽ ഇനി ഒത്തു നോക്കാം. ഡബിൾ ബ്ലൈൻഡഡ് സീരീസിൽ 50%-ത്തിൽ കൂടുതൽ പ്രാവശ്യം പ്രവചനം കൃത്യമാകുകയാണെങ്കിൽ (അതായത് 20 സ്റ്റേയ്ഷനിൽ 10 പ്രവചനം ശരിയാകുക)ഡൌസർ അവകാശപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ട് എന്നു സമ്മതിക്കാം. അങ്ങനെ വന്നാൽ ഇതേ ടെസ്റ്റ് അഞ്ചോ ആറോ സെറ്റ് ആയി വീണ്ടും നടത്തി റിസൾറ്റുകളുടെ ശരാശരി പരിശോധിക്കാവുന്നതാണ്. സെറ്റുകളുടെ എണ്ണത്തിനനുസരിച്ച് റിസൾട്ടിന്റെ വിശ്വസനീയതയും കൂടുന്നു. ഡൌസർമാർ സാധാരണ അവകാശപെടുന്നത് 100% കൃത്യതയാണെന്നിരിക്കെ (ഇവിടെ അനിൽ ജീയും അതു തന്നെ അവകാശപ്പെടുന്നുണ്ടല്ലോ) 75% കൃത്യതയോടെയെങ്കിലും പ്രവചനങ്ങൾ നടത്താനായാൽ ഇത് സത്യമായ ഒരു സംഗതിതന്നെ എന്നും അതിൽ കൂടുതൽ പഠനങ്ങൾ വേണ്ടതു തന്നെ എന്നും പറയാം.

Off Topic: പണിക്കർ മാഷേ,
ഗണപതി മാത്രമല്ല, എന്റെ വീട്ടിലെ ദിനോസർ പ്രതിമ മുതൽ കളിമണ്ണിലും കല്ലിലും തീർത്ത കൃഷ്ണനും , കന്യാമറിയവും, കഥകളി മുഖവും, ചൈനീസ് ബുദ്ധനുമൊക്കെ പാലു കുടിച്ചു.കളിമണ്ണാണേൽ ഒന്നു കുടി ആവേശത്തിൽ കുടിക്കും. പാലുമാത്രമല്ല വെള്ളമായി കൊടുത്ത മിക്ക സാധനവും കുടിച്ചു. ആ ഒരു ദിവസമല്ല പല ദിവസം. ഇതു വായിച്ചിട്ട് നാട്ടിലുള്ള അനിയനോട് ഇത്തിരി പാലു കൊടുത്തുനോക്കാൻ പറഞ്ഞു: ദേ ഇന്നും കുടിച്ചു... അതു വെറും ക്യാപ്പിലറി ആക്ഷനാ മാഷേ.Mass hysteria കാരണം ഒരാഴ്ച പത്രങ്ങളിൽ നിറഞ്ഞു. അല്ലാതെ പ്രതിമകൾ കുടി നിർത്തീട്ടൊന്നുമില്ല. വെറുതേ ഇല്ലാത്ത പരിവേഷമൊന്നും കൊടുക്കണ്ട !!
August 20, 2008 10:45 PM

കമന്റ് 4:

ഇത് ഭൂമിപുത്രി, പാർത്ഥൻ ജീ എന്നിവരുടെ കമന്റുകൾക്കിട്ട മറുപടി കൂടി ഉൾപ്പെടുന്നതാണു.
ഭൂമിപുത്രിയുടെ കമന്റ് ഇവിടെ.

പ്രിയ ഭൂമിപുത്രീ,

തീവ്രവാദഛായ തോന്നുന്നുണ്ടോ ? ഗുഡ് ! കാരണം തീവ്രവാദം ഇതുപോലുള്ള സ്യൂഡോ സയൻസിനോടാകുമ്പോൾ യാതൊരു പശ്ചാത്താപവും ഇല്ല.

ഞാനെഴുതിയ കമന്റുകൾ അനിൽ എന്ന വ്യക്തിക്കെതിരെ എഴുതിയതായൊന്നും എടുക്കേണ്ടതില്ല. സയൻസ് ആണ് എന്ന പേരിൽ ഒരുപാട് അവകാശവാദങ്ങൾ ദിവസവും കണ്ടു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ. പ്രത്യേകിച്ചും ഈ പോസ്റ്റ് കണ്ട് വണങ്ങി മുകളിൽ രണ്ട് സപ്പോട്ടിംഗ് കമന്റ് കണ്ടാൽ ( മനുഷ്യ ശരീർത്തിന്റെ ഓറ..., ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം ...!!)

ഡൌസിംഗ് എന്നു വിളിക്കപ്പെടുന്ന ഈ പരിപാടി നൂറ്റാണ്ടുകളായി ലോകത്ത് പലയിടത്തും ഉണ്ട്.

ഈ ടെക്നിക്ക് ഉപയോഗിച്ച് അനിൽ ജീ പറയുമ്പോലെ രക്തയോട്ടവും, ഭുഗർഭ ജല വിതരണവും, വാട്ടർ സപ്ലയിലെ ചോർച്ചയും ഒക്കെ കണ്ടെത്താനാവുമെങ്കിൽ എന്താ ഇത്ര നൂറ്റാണ്ടുകൾ ആയിട്ടും എന്താ ശാസ്ത്രത്തിന് ഇതു പ്രയോഗത്തിൽ കൊണ്ടുവന്നുകൂടായിരുന്നോ ?

എന്തിനാണു പിന്നെ ജീഗർ കൌണ്ടറും ഡ്യൂപ്ലക്സ് സ്കാനും പോയിചെല്ലി ഫോർമുലയും ഡോപ്ലർ ഇക്വേഷനുമൊക്കെ വച്ച് ശാസ്ത്രം ഇത്ര കഷ്ടപ്പെടുന്നത് ?
ഇന്ന് ഇതൊകെ കൃത്യമായി അറിയാൻ ഇക്കണ്ട ചെലവേറിയ മെഥേഡുകൾ ഡിസൈൻ കെയ്യേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ?

ലോകമെമ്പാടും ,വർഷങ്ങളായി നടന്ന എത്രയോ സിസ്റ്റമാറ്റിക് പരീക്ഷണങ്ങളിൽ പൊളിഞ്ഞു പോയതാണു അനിൽ ജീ പറയുന്ന ഈ ഡൌസിംഗ് പരീക്ഷണങ്ങൾ. എന്നിട്ടും അതു തന്നെ വാദിക്കാൻ വരുമ്പോൾ എന്തു ചെയ്യണം ?

അതുകൊണ്ടു തന്നെയാണ് ഈ കാര്യം തെളിയിക്കാമെങ്കിൽ 1 മില്യൺ ഡോളർ തരും എന്നു വെല്ലുവിളിച്ചിട്ടുള്ള ജെയിംസ് റാൻഡി ഫൌണ്ടേഷന്റെ ലിങ്ക് അദ്ദേഹത്തിനു ഞാൻ നൽകിയതും. ഇപ്പോൾ റഫീക് ജീ നാട്ടിൽ തന്നെ ഒരു സെറ്റപ്പ് ഇതിനായി ഉണ്ടാക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കുന്നു. നല്ലത്.

ചുമ്മാ വൈബ്രേഷൻ, കാന്തികത എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല, യുക്തിപൂർവ്വമായ ഒരു വിശദീകരണം ഉണ്ടാക്കാനാവുന്നില്ലെങ്കിൽ തലയിൽ തോന്നിയ വിശദീകരണമല്ല ഒരു ശാസ്ത്രജ്ഞൻ വിളിച്ചു പറയുക .

For example: ശരീരത്തിന്റെ പലഭാഗത്തായി പടർന്ന ഒരു ക്യാൻസറിന്റെ കേസ് ഡോക്ടർക്ക് മുന്നിൽ വരുന്നു. അതിന്റെ പ്രൈമറി ലീഷൻ (ക്യാൻസറിന്റെ ഉത്ഭവം) കുറേ ടെസ്റ്റുകൾക്ക് ശേഷവും കണ്ടെത്താനാകുന്നില്ല. എന്നുവച്ച് അദൃശ്യമായ ഏതോ ശക്തിയിലൂടെ പ്രൈമറി ലീഷൻ വന്നു കേറി എന്ന് ഡോക്ടർ തിയറി ഉണ്ടാക്കിയാൽ അയാളുടെ ഡിഗ്രി വാങ്ങി കത്തിച്ചേച്ച് വീട്ടിൽ പറഞ്ഞു വിടുകയേ നിവൃത്തിയുള്ളൂ !

‘ഞാൻ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നുമില്ല’ എന്ന്തോന്നിയ്ക്കുന്ന തരത്തിൽ ...ചിലപ്പോഴെങ്കിലും സൂരജും കൂട്ടരും എഴുതുന്നത്...

എന്റെ ബ്ലോഗ് അനുഭവത്തിൽ അത്തരം എഴുത്ത് നടത്തുന്നത് അധികവും ആത്മീയ വാദികളാണ്.എല്ലാം എന്റെ കിത്താബിലുണ്ട് എന്ന് പറഞ്ഞ് നടക്കുന്നതാരാണെന്ന് ഒന്ന് ഓർത്തു നോക്കുക. അതേക്കുറിച്ച് വല്ല എതിരഭിപ്രായവും പറഞ്ഞാൽ ശീതങ്കൻ തുള്ളൽ നടത്തുന്നതും ചിലപ്പോഴൊക്കെ തെറിവിളിക്കുന്നതും ഇനി ലിങ്കിട്ട് ഞാൻ ഉദാഹരിക്കണോ ? ഇതേ ആരോപണം തിരിച്ചും വയ്ക്കാം അപ്പോൾ !

പിന്നെ,
“ഞാൻ മനസ്സിലാക്കിയത് ” എന്നതല്ല ശാസ്ത്രത്തിന്റെ മാനദണ്ഡം. ഇനിയും ക്ലാസിക്കൽ അർത്ഥത്തിൽ പൂർണ്ണമായി വിശകലിക്കാത്ത എത്രയോ ഗണിത സമീകരണങ്ങൾ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. (ബാബു മാഷിന്റെ ബ്ലോഗിലെ ക്വാണ്ടം ചർച്ച മറന്നില്ലല്ലൊ). ഇതിൽ , ഞാൻ മനസ്സിലാക്കുന്നത്, അവൻ മനസ്സിലാക്കുന്നത്, നീ മനസ്സിലാക്കുന്നത് എന്നൊന്നും ഇല്ല. മനുഷ്യ യുക്തി ശാസ്ത്രത്തിലേക്ക് ഉയരുകയാണു വേണ്ടത്, അല്ലാതെ ശാസ്ത്രം മനുഷ്യയുക്തിയുടെ നിലവാരത്തിലേക്ക് ഇറങ്ങി വരുകയല്ല
................

ഇനി, ഇവിടെ ഈ ചർച്ചാകോലാഹലങ്ങളിൽ അനിൽ ജീ ഇട്ടു വന്ന കമന്റുകളിൽ കണ്ട വൈരുധ്യങ്ങളും അശാസ്ത്ര കല്പനകളും കാണുക:

1. പോസ്റ്റിന്റെ പേര് : മനുഷ്യശരീരത്തിന്റെ കാന്തിക(?)പ്രഭാവം
ചോദ്യം വന്നപ്പോൾ :--

അനിൽ: ഇത് മാഗ്നെറ്റിസമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.(?)ഇട്ടിട്ടുണ്ടു. എന്താണെന്നറിയാനായി കഴിഞ്ഞ 3 വര്‍ഷമായി ശ്രമിക്കുന്നു. അനിൽ : മാഗ്നെറ്റിസമാണൊ എന്നെനിക്കറിയില്ല, അതിനാല്‍ മാഗ്നറ്റ് പിടിച്ചു പരീക്ഷണം നടത്തിയിട്ടില്ല...

2.. അനിൽ (from the post): ..തലകറക്കം, ചുറ്റുപാടുമുള്ളതൊക്കെ വട്ടംചുറ്റിക്കറങ്ങുന്നു.കഴിഞ്ഞാ‍യാഴ്ചയായിരുന്നു തുടക്കം. ഭൂമിയിലെ നീരുറവ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കുറിപ്പു വായിച്ച അന്ന് പിടിപെട്ടതാണിതു...

അനിൽ (a later comment) : ... കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എന്റെ സുഹൃത്തുക്കളായുള്ള ഡോക്ടര്‍മ്മാര്‍,ഇറിഗേഷനിലെ എഞ്ചിനീര്‍മാര്‍,പാലക്കാട് എഞ്ചിനീയറിങ് കോളേജിലെ എന്റെ സുഹൃത്തുക്കളായ ലെക്ചറന്മാര്‍ ഇവരുമായി ഈ കാര്യം ചര്‍ച്ചചെയ്തു വരികയാണു. അതില്‍ പാലക്കാടുള്ള ലെക്ചറര്‍ (മെക്ക് ആണു)ഇതേ കഴിവുള്ള ആളാണു...

മൂന്നു വർഷം ഇതിങ്ങനെ വിങ്ങലായി കൊണ്ടു നടന്നിട്ട് , ചർച്ചകൾ ചെയ്ത് മനം കുഴച്ചിട്ട്, കഴിഞ്ഞാഴ്ച മാത്രമേ ഒന്നു പരീക്ഷിച്ചു നോക്കാൻ തോന്നിയുള്ളൂ ? ഇദ്ദാണ് ശാസ്ത്രീയ ആപ്റ്റിറ്റ്യൂഡ് !!

3 . അനിൽ: [..കൈയ്യിൽ പിടിക്കുന്ന മാല പിടിക്കുന്ന രീതികൊണ്ട് തന്നെ കറങ്ങുകയോ ആടുകയോ ഒക്കെ ചെയ്യാം...എന്ത് മുൻ കരുതൽ എടുത്തു? ] അങ്ങനെ സംഭവിക്കാതിരിക്കാൻ മുങ്കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല...

ഇതാണ് സയന്റിഫിക് അന്വെഷണം !!

ഇത് അജ്ഞത കൊണ്ടാണെന്ന് ആണു വാദിക്കാൻ പോകുന്നതെങ്കിൽ ലോകപ്രശസ്തമായ മ്യൂണിച്ച് ട്രയലിന്റെ (ഡൌസിംഗിനെ ന്യായീകരിച്ചു വന്ന ഏറ്റവും വലിയ പഠനം) അബദ്ധങ്ങളും റിസൾട്ട് അനാലിസിസിലെ മണ്ടത്തരങ്ങളും ചൂണ്ടിക്ക്‍ാട്ടി സ്ക്രിപ്പ്സ് ഒഷനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ജിം എൻ റൈറ്റ് എഴുതിയ സ്കെപ്റ്റിക്കൽ എന്ക്വയററിലെ ലേഖനം അനിൽ ജീ തന്നെ ഇവിടെ 18-ആമത്തെ കമന്റിൽ ലിങ്കായി കൊടുത്തിട്ടുണ്ട്. (ദാ കിടക്കുന്നു)

ആ ലേഖനം സ്വയം ഒന്നും മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ ഈ “ശാസ്ത്രീയ” രീതി വച്ച് ഇമ്മാതിരി (വൈബ്രേഷൻ നൂലിലൂടെ പോകുന്ന..) അനുമാനങ്ങളിൽ അദ്ദേഹം എത്തുമായിരുന്നില്ല !

4 . അനിൽ: [..കിണറിനു മുകളിലല്ല, സമീപമാണു മാല കറങ്ങിയത്..] അതു ഉറവയായിരിക്കും എന്നു അനുമാനിക്കുന്നു...

Water Table, Ground water, കിണറിന്റെ ഉറവ എന്നിവയെക്കുറിച്ചുള്ള അനിൽ ജീയുടെ ധാരണ കൊള്ളാം !! (കരിപ്പാറ സുനിൽ മാഷിന്റെ കമന്റ് കൂടി നോക്കുക)

5. അനിൽ : [വെള്ളത്തിൽ നിന്ന് എത്ര അകലത്തിൽ പിടിക്കണം ?..] അകലം ഒരു വലിയ ഫാക്റ്ററല്ലെന്നാണു എന്റെ നിഗമനം.... റോഡിലുള്ള വാട്ടര്‍ അഥോരിറ്റി പൈപ്പില് വെള്ളം ഒഴുകുന്നുണ്ടോ എന്നും പറയാന്‍ പറ്റാറുണ്ട്...
അനിൽ: [..വീടിന്റെ പല ഭാഗത്തും ഭൂമിക്കടിയിലൂടെയോ മതിലിനുള്ളിലോ പൈപ്പുകളും ഓവുചാലുകളും ഉണ്ടാകുമല്ലൊ...] ഏവിടെയണെങ്കിലും പറയാന്‍ സാധിക്കും.അനിൽ : ഏകദേശം 4 മീറ്ററ് ഉയരത്തിലുള്ള ടെറസ്സില്‍ നിന്നും താഴെമുറ്റത്തു കിടക്കുന്ന ഹോസിലൊഴുകുന്ന പ്രവാഹം കണ്ടെത്തന്‍ പറ്റി...

അങ്ങനെയാണെങ്കിൽ അനിൽ ജീ മാല വെറുതേ കൈയ്യിൽ അങ്ങു തൂക്കിയിട്ട് വീടിനകത്തോ പരിസരത്തോ റോഡിലോ നിന്നാൽ മതി, മാല ചുമ്മാ full time കറങ്ങിക്കോളും. കാരണം അടിയിലും ഭിത്തിയിലും മുഴുവൻ പൈപ്പോ ഗ്രൌണ്ട് വാട്ടറോ അല്ലേ ?

6. അനിൽ: .ഒരു മോതിരം നൂലില്‍ കെട്ടിത്തൂക്കിനൊക്കിയപ്പോഴും ഫലം കണ്ടു...അനിൽ : ..വൈദ്യുതി പ്രവാഹമുള്ള ചാലകങ്ങല്‍ക്കു (ക്ലോസ്ഡ് സര്‍ക്ക്യൂട്ടുകള്‍)സമീപവും ഇപ്രകാരം മാല കറങ്ങുന്നതായിട്ടാണു ഇന്നു നിരീകഹിച്ചത്.

-നൂലിൽ കൂടി “വൈബ്രേഷൻ” മോതിരത്തിലെത്തി അതിനെ ക്ലോക്ക് വൈസ് ആയോ ആന്റീക്ലോക്ക് വൈസ് ആയോ തിരിക്കും !!
-മനുഷ്യശരീർത്തിന്റെ ഈ അദൃശ്യ വൈബ്രേഷൻ ഇലക്ട്രിക്കൽ സർകിറ്റുകളെ പോലും സ്വാധീനിക്കുന്നു...!!

ഇത് ഉടനെ നേയ്ച്ചർ ഫിസിക്സിൽ അയച്ചു കൊടുക്കേണ്ട റിസൾട്ട് ആണ്.

7. അനിൽ : എന്റെ വലത്തെ കയ്യാണു മാല പിടിക്കാന്‍ ഉപയോഗിക്കുന്നതു. ഇടത്തെ കയ്യില്‍ ഒരു ചെമ്പു വളയം ഘടിപ്പിച്ച ശേഷം അതില്‍ നിന്നും 4 മീറ്റര്‍ നീളത്തില്‍ (അത്രയും നീളത്തിലുള്ള വയര്‍ മാത്രമെ കയ്യിലുണ്ടായിരുന്നുള്ളൂ)ചെമ്പു വളയത്തില്‍ ഘടിപ്പിച്ചു. മാല കറങ്ങാന്‍ തുടങ്ങിയശേഷം ഈ വയറിന്റെ അറ്റം എര്‍ത്ത് ചെയ്തപ്പോള്‍ മാലയുടെ കറക്കം നിലച്ചു ........
......എന്റെ ശരീരത്തില്‍ ഒരാള്‍ തൊട്ടാല്‍ മാല കറക്കം നില്‍ക്കും എന്നു പറഞ്ഞതു കണ്ടിരിക്കുമല്ലോ.ഇതിനു ഒരു മോഡിഫികേഷന്‍ എന്ന നിലയില്‍ എന്റെ കയ്യില്‍ നിന്നും ഒരു വയര്‍ കണക്റ്റ് ചെയ്തു. മറ്റേ അറ്റം ഞാന്‍ കാണാത്ത ദൂരത്തില്‍ എര്‍ത്തു ചെയ്തപ്പോള്‍ കറക്കം നിലക്കുകയും ചെയ്തു....

ഇതിനെന്തിനാ മാഷേ വയർ ഒക്കെ വച്ചു കെട്ടി എർത്ത് ചെയ്യുന്നേ ? ചെരുപ്പഴിച്ചിട്ട് വെറും നിലത്ത് നിന്നാ പോരേ ? എർത്തിംഗിനു അതു മതിയല്ലൊ.

8. ഇൻഡ്യാ ഹെറിറ്റേജ് നിർദ്ദേശിച്ചത്: ...ഈ മോതിരം ഒരു fixed slanting pole ല്‍ കെട്ടിയിട്ടിട്ട്‌ ആ നൂലിന്റെ രണ്ടാമത്തെ അറ്റം താങ്കള്‍ പിടിച്ചുകൊണ്ട്‌ ഒന്നു പരീക്ഷിക്കുമോ?അതായത്‌ നൂലിന്റെ ഒരറ്റത്ത്‌ മോതിരം, രണ്ടാമത്തെ അറ്റം താങ്കളുടെ കയ്യില്‍, നടുഭാഗം കമ്പില്‍ കെട്ടിയിട്ടിരിക്കുന്നു-ചുരുക്കത്തില്‍ താങ്കള്‍ കറക്കാന്‍ ശ്രമിച്ചാലും മോതിരത്തിന്‌ കറങ്ങുവാന്‍ സാധിക്കാത്ത വിധം .
അനിൽ:..ഇന്ത്യാഹെറിറ്റേജ് , താങ്കളുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷണം ചെയ്തു ,റിസള്‍ട്ടു അനുകൂലം. നിര്‍ദ്ദേശത്തിനു നന്ദി...
അനിൽ: ....ഒരു പി.വി.സി. റോഡിന്റെ അറ്റത്ത് ഒരടി നീളമുള്ള ഒരു ഇരുമ്പു കമ്പി തുളച്ചു കയറ്റി.പിവിസി പൈപ്പു മുറ്റത്തു നാട്ടി ഉറപ്പിച്ചു നിറുത്തി.ഭൂമിക്കു പാരല്ലല്‍ ആയി നില്‍ക്കുന്ന ഇരിമ്പു കമ്പിക്കു ഒരറ്റം ഒരു മാല തൂക്കിയിട്ടു,താഴെയിട്ടിരിക്കുന്ന പൈപ്പിലൂടെ വെള്ളം കടത്തിവിട്ടശേഷം ഇരുമ്പു കമ്പിക്കു മറ്റേ അറ്റം പിടിച്ചപ്പോള്‍ മാല കറങ്ങാന്‍ തുടങ്ങി. പക്ഷെ ഇതു എന്റെ കയ്യിലെ “വൈബ്രേഷന്‍” ഇരുമ്പു കമ്പിയിലൂടെ മാലയിലെത്തിയതാണെന്നു തീരുമാനിക്കേണ്ടുന്ന രീതിയില്‍ എത്തി, തുടര്‍ന്നു നടന്ന പരീക്ഷണങ്ങളില്‍...

ചില പ്രത്യേക ശരീരപ്രകൃതിക്കാർക്കേ ഇതൊക്കെ പറ്റൂ എന്ന് ആദ്യമേ ജാമ്യമെടുത്തത് നന്നായി :)))
അതാണല്ലൊ എല്ലാ “പാരാനോർമൽ” അവകാശവാദങ്ങളുടെയും തുറുപ്പ് ഗുലാൻ !!

@ പാർത്ഥൻ ജീ,

പണിക്കർ മാഷിനുള്ള ഉത്തരം കൊടുത്തിട്ടുണ്ട്. അദ്ദേഹമുദ്ദേശിച്ചതെന്തെന്ന് എനിക്കും ഞാനുദ്ദേശിച്ചതെന്തെന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുമുണ്ട്. ഇനി ഇടയിൽ കേറി വേറെ വിശകലനം വേണോ ? :))

പിന്നെ, “ബോർ വെൽ അടിക്കാൻ വന്ന ശാസ്ത്രജ്ഞർക്ക് “ കാശുകൊടുത്ത് പറ്റിപ്പോയവരെപ്പറ്റി പറഞ്ഞു,

ബോർ വെൽ “അടിക്കുന്നത്” എന്ത് ശാസ്ത്രരീതി വച്ചാണെന്ന് അന്വേഷിച്ചിട്ടുണ്ടോ ?
അവർ ഉപയോഗിച്ചുവെന്നു പറയുന്ന രീതി എന്താണെന്നെങ്കിലും അറിയാമോ ?
അതിന്റെ സെൻസിറ്റിവിറ്റി എന്താണെന്ന് അന്വേഷിച്ചോ ?
അതിന്റെ എറർ ഒഫ് മെഷമെന്റ് എത്രാണെന്ന് ചോദിച്ചിട്ടുണ്ടോ ?

പോട്ടെ, സ്വന്തം പിതാവ് ഇത് ചെയ്യുന്നതെങ്ങനെ എന്ന് അന്വേഷിച്ചു എന്തു നിഗമനത്തിലെത്തി ? എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം,
അതോ മറ്റൊരു സായിബാബകളി ആണോ ?

കിണർ കുഴിക്കാൻ പൂജ നടത്തുന്ന ആശാന്മാരെക്കുറിച്ച് തിരിച്ചും വിടാം ഈ റോക്കറ്റ് :) അവർക്കാകുമ്പോ എറർ ഒഫ് മെഷർമെന്റ്റുമില്ല സെൻസിറ്റിവിറ്റിയുമില്ല... ശംഭോ മഹാദേവ !







Jul 6, 2008

ശാസ്ത്രവും മതവും : വാദപ്രതിവാദങ്ങള്‍

അജ്ഞാതന്‍ എന്ന ബ്ലോഗ്ഗറുടെ കള്ളപ്പൂച്ച എന്ന ബ്ലോഗിലെ പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി? എന്ന പോസ്റ്റ്ഇനിട്ട മറുപടിയാണ് ഇവിടെ.

"ഹാവിസ്ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു....
... ഒരു "പ്രത്യേക" സാഹചര്യത്തില്‍ പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും ചെയ്തു. അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി.പിന്നെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ഏകകോശജീവികള്‍ ഉണ്ടായി. അവയില്‍ നിന്നും മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായി.അവിടെ നിന്ന് ഉരഗങ്ങളും കുരങ്ങനും മറ്റു ജീവ ജാലങ്ങളും ഉണ്ടായി.അങ്ങനെ ഉണ്ടായ കുരങ്ങുകളില്‍ ഒന്നിന്റെ വാല്‍ നഷ്ടപെട്ടു. പിനീട് കുറെ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായ "പ്രത്യേക" സാഹചര്യത്തില്‍ വാല് മുറിഞ്ഞു പോയ കുരങ്ങന്‍ മനുഷനായി മാറി (ബാക്കി കുരങ്ങന്മാര്‍ ഒക്കെ ഇപോഴും പഴയ രൂപത്തില്‍ തന്നെ ഉണ്ട് )... മുഴുവനായി വായിക്കാന്‍ ലിങ്ക് നോക്കുക.

പോസ്റ്റിനിട്ട ആദ്യത്തെ കമന്റ് :

പ്രിയ അജ്ഞാതന്‍,

"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" എന്ന ചോദ്യത്തിനു താങ്കള്ക്കുള്ള മറുപടി എന്തായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. അതു കേട്ടിട്ട് മറുപടി പറയാം എന്നു വിചാരിക്കുന്നു.

പിന്നെ,
ഈ പോസ്റ്റില്‍ ശാസ്ത്രമാണെന്ന് എഴുതിവച്ചതൊന്നും ശാസ്ത്രമല്ല, ശാസ്ത്രവുമായി പുലബന്ധം പോലുമില്ല. വിക്കി പീഡിയ വായിച്ചിട്ട് ശാസ്ത്രവസ്തുതകള്‍ ഇങ്ങനെയാണു താങ്കള്‍ മനസിലാക്കിയത് എങ്കില്‍ ഉടന്‍ താങ്കള്‍ ശരിക്കുള്ള സയന്സ് പഠിച്ചു തുടങ്ങണം .


പ്രിയ സലാഹുദ്ദീന്‍ ഭായ്,

റഫീക്ക് കീഴാറ്റൂരിന്റെ ബ്ലോഗില്‍ വഴിപിരിഞ്ഞ ചര്ച്ച നമുക്ക് ഇവിടെ തുടരാവുന്നതാണ്.
താങ്കളുടെ ഈ 'യുക്തി' ചോദ്യങ്ങള്ക്ക് താങ്കള്ക്ക് തന്നെ ഉള്ള മറുപടികള്‍ എന്തൊക്കെയാണു ?

>>മനുഷ്യ ജന്മത്തിന്റെ നിയോഗം എന്താണ്?

മനുഷ്യ ജന്മത്തിനു ഒരു നിയോഗം വേണോ ?

>> സ്വയം രൂ‍പപ്പെട്ടു എന്ന് നിങ്ങള്‍ വാദിക്കുന്നു എന്നാല്‍ അതിന്റെ ആ രൂപപ്പെടുന്ന സംവിധാനം ആ‍രാണ് നിശ്ചയിച്ചത്?

സ്വയം രൂപപെടും എന്നാല്‍ സ്വയം രൂപപ്പെടും എന്നു തന്നെയാണര്ത്ഥം . അതിനെ വേറേ ആരെങ്കിലും രൂപപ്പെടുത്തുന്നു എങ്കില്‍ പിന്നെ 'സ്വയം രൂപപ്പെട്ടു' എന്ന്നൊരു വാക്യത്തിനു തന്നെ പ്രസക്തിയില്ലല്ലോ.

>> ആദി എന്താണ്? അവസാനമുണ്ടോ?

എന്തിന്റെ ആദി ആണു താങ്കള്‍ ഉദ്ദേശിക്കുന്നത് ?
സമയം എന്നത് സ്പേസ് ടൈം മേയ്ട്രിക്സിന്റെ ഭാഗമാണു. പ്രപന്ചോല്ഭവം എന്നു പറയുന്നത് നമുക്കു അളക്കാവുന്ന സമയത്തിന്റെ ആരംഭം കുറിക്കുന്ന പോയിന്റ് കുടിയാണു. നമ്മെ സമ്ബന്ധിച്ചിടത്തോളം നാമറിയുന്ന രീതിയിലുള്ള ഭൌതിഅ നിയമങ്ങള്‍ ആ പോയിന്റിനപ്പുറമുള്ളതിനെ 'അളക്കാന്' സഹായിക്കില്ല. മാത്രവുമല്ല സമയത്തിന്റെ തുടക്കം അതാണെങ്കില്‍ അതിനും മുന്പത്തെ ഒരു സമയത്തെ കുറിച്ച് ചോദിക്കുന്നതു ലോജിക്കല്‍ അല്ലല്ലൊ.


>>ഞാന്‍ എന്തിന് മറ്റുള്ളവരെ സഹായിക്കണം?

സഹായിക്കണമെന്ന് നിയമമുണ്ടോ ?

>> ഈ ലോക നീതി എന്തേ ഇങ്ങനെയായത്?

എങ്ങനെ ആയത് എന്നാണു ചോദ്യം ?


>> യഥാര്‍ത്തത്തില്‍ എല്ലാവരും ഒരേ പോലെയാവേണ്ടതല്ലേ? ഇവര്‍ക്കൊക്കെ നീതി ആരു നല്‍കും?

അതെന്തു ലോജിക്ക് ? എങ്ങനെയാണു എല്ലാവരും ഒരുപോലെയാവുന്നത് ?
ലോകത്ത്നു നീതി വേണമെന്ന് നിര്ബന്ധമുണ്ടോ ?


>> മരണത്തിന് നിങ്ങള്‍ നല്‍കുന്ന നിര്‍വ്വചനം എന്ത്? മരണം ശേഷം എന്ത്??

എല്ലാ ചയാപചയ പ്രക്രിയകളും അവസാനിക്കുന്ന പോയിന്റ് - മോളിക്യുലാര്‍ ഡെത്ത് എന്നു പറയുo . ഒരു ജീവി - ആനയായാലും സലാഹുദ്ദീനായാലും ആല്മരമായാലും സൂരജായാലും - മരിച്ചു എന്നു നാം വിളിക്കുന്ന പോയിന്റില്‍ തലചോറും ഹാര്ട്ടും മാത്രമാണു യത്ഥാര്ത്ഥത്തില്‍ പ്രവര്ത്തനം നില്കുന്നത്. മട്ടവയവങ്ങളും കോശങ്ങളും ബയോ മോളിക്യൂളുകളും മര്ക്കാന്‍ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ എടുക്കും



>>മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??

ആത്മാവുണ്ടോ ?

>>മരണാന്തരം ഒരു ജീവിതമില്ലെന്ന് നിങ്ങള്‍ക്കെന്താ ഉറപ്പ്? രക്ഷാ ശിഷകളുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കെന്നെ രക്ഷിക്കാനാവും??

മരണാനന്തരം ജീവിതമുണ്ടെന്ന് ഉറപ്പുണ്ടോ ?


>> നിങ്ങള്‍ ആഗ്രഹിച്ചിട്ടാണോ നിങ്ങളെല്ലാം ഇങ്ങോട്ട് വന്നത്?

കുട്ടി വളന്നു വലുതാവുന്ന പ്രക്രിയയ്ക്കിടയില്‍ എപോഴോ ആണു ഈ "ഞാന്","ഞങ്ങള്", "അവര്", "നിങ്ങള്" എന്നൊക്കെയുള്ള ഭാവം ഉണ്ടായി വരുന്നത്. അതു തലക്ചോറും പരിസരവും തമ്മിലുള്ള ഇടപെടലിനെ ആശ്രയിച്ചു വളരുന്ന ഒരു ആന്തരിക ചിത്രം മാത്രമാണ്. അല്ലാതെ ഈ "ഞാന്" ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണു അല്ലെങ്കില്‍ വന്നു പിറന്നതാണു എന്ന സങ്കല്പ്പത്തിനു സാധുതയില്ല.


>> ആത്മാവുണ്ടോ? എവിടുന്നാണ് അതിന്റെ ഉല്‍ഭവം?

അങ്ങനെയൊന്നുണ്ടെന്ന് എന്തു തെളിവ് ?


>> ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്? എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?


പിന്നെന്താ, തീര്ച്ചയായും ഒരുവനു അവനിഷ്ടമുള്ള രീതിയില്‍ ജീവിക്കാമല്ലൊ.

ആ ജീവിത രീതി കൊണ്ട് മറ്റൊരുവനു ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ അവന്‍ വന്ന് അടിച്ചു പല്ലു കൊഴിക്കും . അല്ലെങ്കില്‍ കൊന്നു തള്ളും .
അങ്ങനെ തോന്നിയപാടായാല്‍ സ്വാഭാവികമായും വംശം വേഗം കുറ്റിയറ്റു പോകും . അതു തടയണമെന്ന് പ്രാക്തന സമൂഹങ്ങള്ക്ക്ക് തോന്നിയതിനാല്‍ ഒതു സമൂഹത്തിനു നിയമങ്ങള്‍ നിര്മ്മിക്കപ്പെട്ടു. ഇന്നു ആ നിയമങ്ങള്‍ അനുസരിക്കാതെ തോന്നിയപാട് ജീവിക്കുന്നവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്ത്താനാണു ജയിലുകള്. അത്രതന്നെ.

ഒരു കാര്യം കൂടി.

നിങ്ങള്‍ രണ്ടു പേരും ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഒരു എളുപ്പ ഉത്തരമുണ്ട്. "എല്ലാം ദൈവത്തിന്റെ നിശ്ചയം". ആ ഉത്തരമാണ് യുക്തിസഹം എന്നു തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും അതു സ്വീകരിക്കാം കേട്ടോ.

ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രം മനുഷ്യ യുക്തിയെ ആണു അടിസ്ഥാനപ്പെടുത്തുന്നത്. ആ ശാസ്ത്ര യുക്തിക്കുള്ളില്‍ പ്രപഞ്ചത്തിനു പുറത്തോ നമുക്കറിവുള്ള ഫിസിക്കല്‍ നിയമങ്ങള്‍ക്കു പുറത്തോ ഉള്ള ഒരു ദൈവീക ശക്തിയെ ഒതുക്കാനാവില്ലല്ലോ.

ശാസ്ത്രത്തിന്റെ ലിമിറ്റേഷന്‍സ് മുഴവനും അതില്‍ തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്. ഒരു പരീക്ഷണം ചെയ്യുമ്പോള്‍ ആദ്യമേ അതിന്റെ ഫ്രെയിം നിര്‍വചിക്കപ്പെടുന്നതു തന്നെ ഈ ലിമിറ്റേഷന്‍സ് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.

മറ്റൊന്നു കൂടി : ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാനാണ് മേല്പ്പറഞ്ഞ യുക്തി ചോദ്യങ്ങള്‍ നിങ്ങള്‍ രണ്ടാളും ചോദിച്ചതെങ്കില്‍ ആ ദൈവീക ശക്തിയുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായി ആ ചോദ്യങ്ങള്‍ക്കുത്തരം പറയാനുള്ള ബാധ്യത താങ്കള്‍ക്കുമുണ്ടെന്നു സവിനയം ഓര്‍മ്മപ്പെടുത്തട്ടെ.

പി.എസ് : സോഫ്റ്റ്വേറിനു ചില്ലറ പ്രശങ്ങളുണ്ട്. അക്ഷരത്തെറ്റുകള്‍ പൊറുക്കുക.


രണ്ടാമത്തെ കമന്റ് ഈ കമന്റുകള്‍ക്ക് മറുപടിയായി ഇട്ടത് :

പ്രിയ അജ്ഞാതന്‍,

>>മഹാവിസ്ഫോടന സിദ്ധാന്തം ഞാന്‍ എന്റെ സ്വന്തം വാക്യത്തില്‍ എഴുതിയതല്ല .വികി പീഡിയയില്‍ നിന്നും എടുത്തതാണ് .ഇപ്പോള്‍ താങ്കള്‍ പറയുന്നു അതിന് ശാസ്ത്രവുമായി പുലബന്ധം പോലുമില്ല എന്ന് . ശരി സമധിക്കുന്നു...

Sorry, കളിയാക്കാനായി പറഞ്ഞതല്ല ഞാനത്.

പ്രപഞ്ചോത്ഭവ സിദ്ധാന്തത്തെയും പരിണാമസിദ്ധാന്തത്തെയും കുറിച്ച് പൊതുജനത്തിനുള്ള ഒരു പോപ്പുലര്‍ സയന്‍സ് കാഴ്ചപ്പാട് ആണ് താങ്കള്‍ ഇ പോസ്റ്റില്‍ എഴുതിയത്. അമിതലളിതവല്‍ക്കരണത്താല്‍ തേഞ്ഞ് തേഞ്ഞ് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാതായ ഒരു വേര്‍ഷന്‍.

ഖുര്‍ ആന്‍ വായിക്കാതെ ഇടമറുകിന്റെ പുസ്തകം വായിച്ചിട്ട് ഖുര്‍ ആനെ ഞാന്‍ വിമര്‍ശിക്കാന്‍ വന്നാല്‍ ? അതു പോലെയാണ് സയന്‍സിനെ വിമര്‍ശിക്കാനായി അതിന്റെ തെറ്റായ വെര്‍ഷനുകളെ ഉപയോഗിക്കുന്നതും അതിനെ വളച്ചൊടിക്കുന്നതും.

ഒരുപാട് സങ്കീര്‍ണ്ണമായ ഗണിത രീതികള്‍ പഠിക്കണം പ്രപഞ്ചശാസ്ത്രത്തിന്റെ ഫിസിക്സ് ശരിയായി മനസിലാക്കാന്‍. പോപ്പുലര്‍ സയന്‍സ് വേര്‍ഷനുകളല്ല അതിനാസ്പദമാക്കേണ്ടത്. ഈ തെറ്റിദ്ധാരണ മുഴുവന്‍ മാറ്റി എല്ലാവരെയും ശാസ്ത്രം ശാത്രീയമായി പഠിപ്പിക്കാം എന്നൊരു മൂഢവിശ്വാസമൊന്നുമെനിക്കില്ല കേട്ടോ :) അതിനുള്ള പ്രാപ്തിയില്ലെന്നു മാത്രമല്ല അതു സ്റ്റാന്ഡേഡ് ടെക്സ്റ്റ് ബുക്കുകള്‍ുപയോഗിച്ചും പറ്റാവുന്ന പരീക്ഷണനിരീക്ഷണ ഗവേങ്ങള്‍ ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതിയില്‍ തന്നെ പഠിക്കേണ്ടതാണ്.

നമ്മള്‍ മാഗ്നെറ്റിസത്തെക്കുറിച്ച് പ്രീഡിഗ്രിയിലൊക്കെ പഠിക്കുന്നില്ലേ ?എന്തെല്ലാം ഇക്വേഷനുകള്‍ പ്രയോഗിച്ച് നാം കാന്തിക ബലവും മറ്റും കണ്ടെത്തുന്നു - അതുപോലെയൊക്കെത്തന്നെയാണ് ഈ സിദ്ധാന്തങ്ങളും പഠിക്കേണ്ടത്.

അത്യാവശ്യം തുടക്കക്കാരനു വായിക്കാന്‍ ചില പുസ്തകങ്ങള്‍ :

കോസ്മോളജി:

-ഫസ്റ്റ് ത്രീ മിനിറ്റ്സ്,
-റിങ്കിള്‍സ് ഇന്‍ ടൈം,
-മിസ്കണ്‍സെപ്ഷന്‍സ് എബോട്ട് ദ ബിഗ് ബാംഗ് (ഇത് പുസ്തകമല്ല, ലേഖനമാണ്- നെറ്റില്‍ കിട്ടുമോയെന്ന് നോക്കട്ടെ, കിട്ടിയാല്‍ ലിങ്ക് തരാം)

ഇവല്യൂഷന്‍:

-ഓറിജിന്‍ ഒഫ് സ്പീസീസ്,
-ദ ബ്ലൈന്റ് വാച് മേക്കര്‍,
-ക്രൂസിബിള്‍ ഒഫ് ക്രിയേഷന്‍.

താങ്കളുടെ പോസ്റ്റിലെ ചില വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം:

എ) പ്രപഞ്ചോത്ഭവം ഒരു സ്ഫോടനത്തോടെയാണ് തുടങ്ങിയത് എന്ന് എഴുതിയതു തെറ്റാണ്. ബിഗ് ബാംഗ് = മഹാസ്ഫോടനം എന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും അതു നാം സാധാഅണ മനസിലാകുമ്പോലെ ഒരു അമിട്ട് പൊട്ടല്‍ രീതിയിലുള്ള 'പൊട്ടിത്തെറി'യേ അല്ല. (വിക്കിപ്പീഡിയ ശാസ്ത്ര വെബ്സൈറ്റല്ല, അതിലിതുപോലെ ഒരുപാട് തെറ്റുകളുണ്ട്.)

ബി) കുരങ്ങന്റെ വാലുമുറിഞ്ഞ് മനുഷനുണ്ടായി എന്ന് പരിണാമസിദ്ധാന്തത്തിലെവിടെയും പറയാറില്ല. "ബാക്കി കുരങ്ങന്മാരൊക്കെ അതേപടി ഉണ്ട് " എന്ന പരിഹാസം വളരെ പ്രസിദ്ധമായ ഒരു വിഢിത്തമാണ് - പരിണാമസിദ്ധാന്തം ഒരു ചുക്കും അറിയാത്തവര്‍ അതിനെ എതിര്‍ക്കാന്‍ പണ്ടുമുതല്‍ക്കേ പ്രചരിപ്പിക്കുന്ന തമാശ. മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസിക രോഗമുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതും അതിനാല്‍ ഖുറാന്‍ മുഴുവന്‍ അത്തരം ജല്പ്പനങ്ങളാണെന്ന് പറയുന്നവരും തേ ക്യാറ്റഗറിയിലാണെന്നേ ഞാന്‍ പറയൂ :)

സി)"പ്രത്യേക" സാഹചര്യത്തില്‍ എന്ന് കുറേ പ്രാവശ്യം ലേഖനത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതും ബോള്‍ഡ് ഫോണ്ടില്‍. ഈ കണ്ടെത്തലുകളും സിദ്ധാന്തവുമൊക്കെ ഊഹം മാത്രമാണെന്നാണോ അങ്ങനെ കൊടുത്തതുകൊണ്ട് ഉദ്ദേശിക്കുന്നത് ? അതോ അഡ്ജസ്റ്റ്മെന്റുകളീലൂടെയാണ് ഈ സിദ്ധാന്തങ്ങള്‍ വിപുലീകരിക്കപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ചിട്ടോ ?
എന്തായാലും ശരി പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം സ്പെഷ്യല്‍ തന്നെയാണ്. സ്പെഷ്യല്‍ ആയ സംഭവങ്ങള്‍ക്ക് പ്രകൃതിയില്‍ പ്രത്യേക സാഹചര്യങ്ങളും വേണം. അതുകൊണ്ട് ഉത്ഭവങ്ങല് ഏതു "പ്രത്യേക സാഹചര്യത്തില്‍" ഉണ്ടായതാണെന്നാണ് സിദ്ധാന്തം പറയുന്നത് എന്നല്ല നോക്കേണ്ടത്; സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന പ്രഡിക്ഷന്‍സും തെളിവുകളും ശരിയാണോ എന്നാണ്. നിലവില്‍ കണ്ടെത്തപ്പെടുന്ന വസ്തുതകളെ ഏറ്റവും കൃത്യമായി വിവരികുകയും ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുള്ള അനുബന്ധ വസ്തുതകളെ അവ മുന്‍ കൂറായി പ്രവചിക്കുനുണ്ടോ, അല്ലെങ്കില്‍ ആ പ്രവചനങ്ങള്‍ എത്രകണ്ട് ശരിയാണ് എന്നൊക്കെയാണ് ഒരു സിദ്ധാന്തത്തിന്റെ വാലിഡിറ്റി അറിയാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍. (അതുകൊണ്ടാണ്, 'പ്രത്യേകസാഹചര്യങ്ങള്‍' ഒട്ടനവധി വേണ്ടിവരുന്നതായിട്ടും ക്വാണ്ടം മെക്കാനിക്സിനെയും സ്ട്രിംഗ് സിദ്ധാന്തത്തെയുമൊക്കെ ശാസ്ത്രസമൂഹം പ്രതീക്ഷയോടെ നോക്കുന്നത്. )

ഡി)>> "...ആ പൊട്ടിത്തെറിക്ക്‌ കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.."

പൊട്ടിത്തെറി എന്ന വിവക്ഷ ബിഗ് ബാംഗിനെക്കുറിച്ചാണെങ്കില്‍ അതു തെറ്റാണെന്നു ഞാന്‍ മുകളില്‍ സൂചിപ്പിച്ചല്ലൊ. പിന്നെ പ്രപഞ്ചം ഉത്ഭവികുന്നത് തന്നെ സമയത്തെയും സ്ഥലത്തെയും കൊണ്ടാണ് (സ്പേസ് ആന്റ് ടൈം). - ഇതു പൂര്‍ണ്ണമായും സങ്കല്പിച്ചെടുക്കാന്‍ പൊതു ആപേക്ഷിക സിദ്ധാന്ത അറിയണം. റേയ്മാനിയന്‍ ജ്യാമിതിയും മറ്റും അറിയണം.

സ്ഥലകാലങ്ങളെക്കൊണ്ട് ആരംഭിക്കുകയും വികസികുകയും ചെയ്യുന്ന ഒരു പ്രപഞ്ചത്തിനു തുടക്കത്തിനും മുന്‍പ് എന്ത് എന്ന് ചോദിക്കുന്നത് സാധാരണ അര്‍ത്ഥത്തില്‍ യുക്തിരഹിതമാണ്. എന്നാല്‍ ഫിസിക്സ് ശാസ്ത്രജ്ഞന്‍ ഈ ചോദ്യം സ്വയം ചോദിക്കുന്നത് മറ്റു ചില ആവശ്യങ്ങള്‍ക്കാണ് - നാം ഇന്നറിയുന്ന രീതിയിലുള്ള പ്രകൃതി നിയമങ്ങള്‍ ആ ഒരു പോയിന്റില്‍ അസാധുവാകുമോ; അഥവാ ആകുമെങ്കില്‍ ആ പോയിന്റിനപ്പുറമുള്ള എന്തെങ്കിലും സംഭവങ്ങള്‍ എങ്ങെനെയറിയാം; പ്രപഞ്ചത്തിന്റെ പിന്നീടുള്ള ദ്രുത വികാസത്തിനോ അതിലെ ഡാര്‍ക് മാറ്റര്‍ പോലുള്ള സംഗതികളെക്കുറിച്ചൊക്കെ എന്തെങ്കിലും സൂചന അതു തരുമോ; മറ്റു പ്രപഞ്ചങ്ങള്‍ ഉണ്ടോ എന്നൊക്കെയാണ് അവരുടെ അന്വേഷണം.

ആപേക്ഷിക സിദ്ധാന്തമനുസരിച്ച് യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ പ്രപഞ്ചം സ്വയംഭൂവാകുകയും സ്ഥലകാലങ്ങളോടൊത്തു വികസിക്കുകയും, അതിലെ ഉര്‍ജ്ജം 'ഉറഞ്ഞുകൂടി' ദ്രവ്യമാകുകയും വീണ്ടും ഊര്‍ജ്ജമാകുകയുമൊക്കെ ചെയ്യുന്നതിനു യാതൊരു പ്രശ്നവുമില്ല. ഇതൊന്നും സിദ്ധാന്തം ചുമ്മാ അടിച്ചുവിടുന്നതല്ല - കൃത്യമായ ഗണിതസമീകരണങ്ങളോടെയാണ്. ബിഗ് ബാംഗ് സംഭവിച്ചതിനു ശാസ്ത്രീയ തെളിവുകളും (കോബ് സാറ്റലൈറ്റ് പഠനമുള്‍പ്പടെ) ധാരാളമാണ്. (ഇനി അതൊക്കെ ഉഹാപോഹമാണെന്ന് പറഞ്ഞാല്‍ എനിക്കു അതിനുള്ള മറുപടിയില്ല. നല്ല നമസ്കാരം പറഞ്ഞു പിരിയാം:)


ഇ) >>" ..ശാസ്ത്രത്തിന്റെ കാര്യമല്ലേ കാത്തിരുന്നു കാണാം .... ഇന്നലത്തെ സത്യം ഇന്നു നുണ.ഇന്നത്തെ സത്യം നാളത്തെ ....... ഞാനൊന്നും പറയുന്നില്ലേ"

ശാസ്ത്രത്തില്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതുസരിച്ച് സിദ്ധാന്തങ്ങളും അനുമാനങ്ങളും മാറ്റേണ്ടി വരും. അതൊരു പോരായ്മയായി കാണുന്നത് സയന്‍സ് അറിയാത്തതുകൊണ്ടാണ്.

ദൂരദര്‍ശിനികളില്ലാതിരുന്ന കാലത്ത് നക്ഷത്രങ്ങള്‍ വെറും പ്രകാശപ്പൊട്ടുകളാണെന്നും അവയെ ആകാശത്ത് ഒട്ടിച്ചു വച്ചിരിക്കയാണെന്നുമൊക്കെ ആളുകള്‍ കരുതി - അന്നത്തെ അറിവിന്റെ പരമാവധി അഥവാ ശാസ്ത്രം അതായിരുന്നു. ദൂരദര്‍ശിനികള്‍ വനപ്പോള്‍ തെറ്റുകള്‍ ബോധ്യമായി. കൃത്രിമോപഗ്രഹങ്ങളുടെ ഇക്കാലത്ത് ആ പറഞ്ഞതിലും പിഴവുകളുണ്ടെന്നു ബോധ്യമാകുന്നു. എന്നുവച്ച് നക്ഷത്രങ്ങളും മാറിയിട്ടില്ല അവയുടെ പ്രകാശത്തിനോ ആകാശസഞ്ചാരത്തിനോ വ്യത്യാസവും വന്നിട്ടില്ല - മാറിയത് നമുക്ക് അവയെ കുറിച്ചുള്ള കാഴ്ചപ്പാടു മാത്രമാണ്.

സ്വയം തിരുത്തി പുതിയ കണ്ടെത്തലുകളെ ഉള്‍ക്കൊള്ളിച്ച് മുന്നേറാനുള്ള ശാസ്ത്രത്തിന്റെ അതിജീവന കഴിവിനെയാണ് അതു കാണിക്കുന്നത്. ഓരോ പ്രതിഭാസത്തിനും നല്‍കുന്ന വിശദീകരണങ്ങള്‍ ആ പ്രതിഭാസത്തിന്റെ അടുത്ത സ്റ്റേജിനെ വിവരിക്കാന്‍ പര്യാപ്തമാകാതെ വരുമ്പോള്‍ വിശദീകരിക്കുന്ന സിദ്ധാന്തത്തെ വിപുലീകരിക്കുന്നു - അല്ലെങ്കില്‍ വിശാലമായ പുതിയൊന്നിനെ അവിടെ വയ്ക്കുന്നു.അത്രതന്നെ. അല്ലാതെ ഇനലെ പറഞ്ഞതെല്ലാം നുണ എന്നൊന്നുമല്ല അതിനര്‍ത്ഥം.


>>>>"ശാസ്ത്രം മാത്രം ശരി മതം മുഴുവന്‍ തെറ്റ് എന്ന ആശയത്തോട് യോജിക്കുന്നില്ല .അത് പോലെ തന്നെ ശാസ്ത്രം വച്ചു ഖുര്‍ ആന്‍ തെറ്റാണെന്ന് പറയുന്നതിനോടും .."

ഈ പോസ്റ്റെഴുതാന്‍ താങ്കള്‍ക്ക് പ്രചോദനമുണ്ടായത് ശാസ്ത്രം വച്ച് ആരെങ്കിലും ഖുര്‍ ആനെ എതിര്‍ക്കുന്നതു കണ്ടിട്ടാണോ ?

മതത്തെ വിശദീകരിക്കാന്‍ ശാസ്ത്രം ഉപയോഗികുന്നതിലേ എനിക്കു വ്യക്തിപരമായി എതിര്‍പ്പുള്ളൂ. മതം മുഴുവന്‍ തെറ്റാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ലേ :)
നരവംശശാസ്ത്രപരമായി മതങ്ങള്‍ക്കും മനുഷ്യ വികാസത്തില്‍ പങ്കുണ്ട് എന്നാണ് എന്റെ അറിവ്.

എന്നുവച്ച് മതം പറയുന്നതെല്ലാം വസ്തുതാപരമണെന്ന് എനിക്കഭിപ്രായമില്ല. അവ വസ്തുതാപരവും ശാസ്ത്രീയവുമാണെങ്കില്‍ അതു മതവിശ്വാസികള്‍ അവരുടെ കഴിവിനനുസരിച്ച് തുറന്നുകാട്ടട്ടെ. അപ്പോള്‍ അതേക്കുറിച്ചു ചര്‍ച്ചയാവാം.

>>"സലാഹുദ്ദീന്‍ മറുപടി പറഞ്ഞാല്‍ അത് മതം അടിഷ്ടാനമാക്കി ആയിരിക്കും അത് താങ്കളുടെ യുക്തിബോധം സമാധിച്ചു തരികയും ഇല്ല."

'യുക്തി' എന്നതിനു മതം ശാസ്ത്രം എന്നിങ്ങനെ പല പല വേര്‍ഷനുകളൊന്നുമില്ല. യുക്തി ഒന്നേയുള്ളൂ.

താങ്കളുടെ കൈയ്യിലെ ടോര്‍ച്ച് ലൈറ്റ് പെട്ടെന്ന് കെട്ടു പോയാല്‍ യുക്തി കൊണ്ട് ചിന്തിക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് ? സ്വിച്ച് ഓഫായതാകാം, ബാറ്ററി കേടായതാകാം, ബള്‍ബ് ഫ്യൂസായതാകാം, ഇവയൊക്കെതമ്മിലുള്ള കണക്ഷന്‍ എവിടെയോ പോയതുമാകാം. അല്ലേ ? അതാണ് യുക്തി. ഏതോ അദൃശ്യ ശക്തി വന്ന് എന്റെ ടോര്‍ച്ച് കേടാക്കി എന്നല്ലല്ലോ നമ്മളാരും ആ നേരം ചിന്തിക്കുക ? ആ യുക്തിയേ എല്ലാ വാദമുഖത്തും ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. വാദിക്കുന്നവരുടെ വിശ്വാസമല്ല, ലോജിക്ക് ആണ് മുഖ്യം എന്നു ചുരുക്കം.

>>"മരണത്തിനു താങ്കള്‍ നല്കിയ നിര്‍വ്വചനം ഒരു ശാസ്ത്ര വിദ്ധ്യാര്‍ത്തി എന്ന നിലയില്‍ അല്ലെ ...ശാസ്ത്രം അറിയാത്ത ഒരു യുക്തിവാദി മരണത്തെ എങ്ങനെയാവും നിര്‍വ്വചിക്കുക എന്നറിയാന്‍ താത്പര്യം ഉണ്ട് .."

ഇതൊരു കൊനഷ്ടായല്ലോ അജ്ഞാതന്‍ മാഷേ,
എനിക്ക് നീന്തലറിയാം. എന്നെ പിടിച്ചു കയത്തിലിട്ടാല്‍ ഞാന്‍ നീന്തിക്കയറുകയല്ലേ ഉള്ളൂ ? അല്ലാതെ 'നീന്തലറിയാത്തവന്‍ എങ്ങനെയാണ് നീന്തുക' എന്ന് ഡെമോണ്‍സ്ട്റേറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ??

എന്നെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ ശാസ്ത്രീയ വേര്‍ഷന്‍ ആണു ശരി. മരണവുമായി ബന്ധപെട്ട് നടത്തുന്ന/നടത്തിയ നിരീക്ഷണ ഗവേഷണങ്ങളത്രയും പറയുന്നത് ഇതു തന്നെ. ഇനി അതല്ല ശരി, വേറെന്തോ ആണ് എന്ന് പറഞ്ഞുതരാന്‍ ആരും തിരികെ ജീവനോടെ വന്നിട്ടില്ലല്ലോ. അങ്ങനെയുണ്ടായാല്‍ ഇ തിയറി ശാസ്ത്രം മാറ്റുകയോ വിപുലീകരിക്കുകയോ ചെയ്യും. (ആദ്യകാലത്തൊക്കെ ഹൃദയം നിന്നാല്‍ മരണം ആണ് എന്ന് ശാസ്ത്രം അനുമാനിച്ചിരുന്നു. ശക്തമായ കൂടുതല്‍ ഉപകരണങ്ങളുമായി പഠനങ്ങള്‍ നടന്നപ്പോള്‍ മനസിലായി മസ്തിഷ്ക മരണമാണ് ശരിക്കുള്ള മരണമെന്ന്. എന്നാല്‍ കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ കോശമരണമാണ് യഥാര്‍ത്ഥ മരണമെന്ന് പിന്നീട് കണ്ടെത്തി. നാളെ വേറെ പ്രതിഭാസങ്ങള്‍ കണ്ടെത്തിയാല്‍ അതും ഈ വിശദീകരണത്തില്‍ ചേര്‍ത്ത് വിപുലീകരിക്കും. അത്രതന്നെ.)




പ്രിയ സലാഹുദ്ദീന്‍ ഭായ്,

>>"താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഒരു ലക്ഷ്യവുമില്ലാതെയാണോ താങ്കള്‍ പഠിക്കുന്നത്?അങ്ങിനെയെങ്കില്‍ താങ്കള്‍ എന്തിന് പഠിക്കണം?
താങ്കളുടെ ജീവിതത്തിലേക്ക് ഏത് നിസ്സാര സംഗതികളായാലും അതിനൊരു ലക്ഷ്യമുണ്ട്. അതല്ലെ ആ പ്രവര്‍ത്തിയുടെ യുക്തി.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ?"



നിയോഗ?വും ലക്ഷ്യവും ഒരേ അര്‍ത്ഥത്തിലാണോ താങ്കള്‍ പ്രയോഗിച്ചത് ?
രണ്ടും രണ്ടാണ് എന്നാണ് എനിക്കറിയാവുന്നത്. ആ വ്യത്യാസം തന്നെയാണ് താങ്കളുടെ ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരവും.

ഞാന്‍ ഒരു ലക്ഷ്യത്തോടെ ഒരുകാര്യം ചെയ്ത് ആ കാര്യം നേടിയാല്‍ ഒരു മതവിശ്വാസി പറയും അതു നിയോഗമാണെന്ന്. ഞാന്‍ അതിനെ അങ്ങനെ കാണുന്നില്ല. അത്ര തന്നെ. അതു വെറും ചോയിസിന്റെ പ്രശ്നമാണ്. യാദൃശ്ചികമായ ഒരു സംഭവം നടന്നാല്‍ ചിലര്‍ അതിനെ 'വിധി' എന്നു പറയുന്നതു പോലെതന്നെ.


മൂന്നാമത്തെ കമന്റ് ഈ ചര്‍ച്ച ഇവിടെ തുടര്‍ന്നപ്പോള്‍ ഇട്ടത് .


പ്രിയ അജ്ഞാതന്‍ ഭായ്,


ചില ക്ലാരിഫിക്കേഷന്‍സ്:

1. "ശാസ്ത്രം ഉപയോഗിച്ചു മതത്തെ എതിര്‍കുന്നതില്‍ താങ്കള്‍ക്കും എതിര്പുണ്ടന്നരിഞ്ഞതില്‍ സന്തോഷം ..."

മതം എന്നത് വിശ്വാസസംഹിതകളുടെ ഒരു ക്രോഡീകൃത രൂപമാണെന്നേ എനിക്കഭിപ്രായമുള്ളൂ കേട്ടോ. തീര്‍ച്ചയായും ലോജിക്കിന്റെ തലത്തില്‍ അതു ശാസ്ത്രത്തിന്റെ വാലില്‍ക്കെട്ടാന്‍ പോലും യോഗ്യതയില്ലാത്ത ചരക്കാണ്. കാരണം വെറുതേ അങ്ങു 'വിശ്വസിക്കാന്‍' പത്തു പൈസയുടെ ഗവേഷണമോ നിരീക്ഷണ പാടവമോ ആവശ്യമില്ല. എല്ലാം ദിവ്യസൃഷ്ടി എന്നോ ദൈവീകനിയോഗമെന്നോ പറഞ്ഞാല്‍ മതത്തിന്റെ അന്വേഷണം കഴിഞ്ഞു. ശാസ്ത്രം അങ്ങനെയല്ല. അതിനു അതിന്റെ സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വസ്തുതാപരമായി തെളിയിക്കേണ്ടതുണ്ട്. മതത്തിനോ 'വിശ്വാസ'ത്തിനോ ആ ബാധ്യതയില്ലല്ലോ.

ഞാന്‍ മതത്തെ വെറുതേ വിടുക എന്ന് പറയുന്നത് അതിനു സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്നു കരുതുന്നതുകൊണ്ടാണ്.മതം ആക്രമിക്കപ്പെടുമ്പോള്‍ അതു പ്രതിനിധാനം ചെയ്യുന്ന സംസ്കാരം കൂടിയാണ് ആക്രമിക്കപ്പെടുന്നത്. അതിലൊരു ജനാധിപത്യവിരുദ്ധതയുണ്ടല്ലോ. അതിന്റെ വിശദീകരണം മുന്‍പെപ്പോഴോ കമന്റായി ഇട്ടത് ഇവിടെയുണ്ട്. അതേപ്പറ്റിയല്ല ഇവിടുത്തെ ചര്‍ച്ച എന്നതിനാല്‍ അതിനി സ്പര്‍ശിക്കുന്നില്ല.

2. "പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള big bang theory വെറും അനുമാനം ആണെന്ന് പറഞ്ഞാലും അതില്‍ വിശ്വസിക്കുന്നു[കാരണം പറഞ്ഞു തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല ]"

ഇഷ്ടമില്ലാതെയാണെങ്കിലും താങ്കള്‍ ബിഗ് ബാംഗ് തിയറിയില്‍ വിശ്വസിക്കുന്നു എന്ന തോന്നലാണ് ഈ വാക്കുകള്‍ ഉണ്ടാക്കിയത്. സത്യമാണോ ?
അതോ തര്‍ക്കിക്കാനിഷ്ടമില്ലാത്തതുകൊണ്ട് വിശ്വസിക്കുന്നു എന്നു സമ്മതിക്കുന്നതോ ? ;)

ബിഗ് ബാംഗ് എന്ന തെറ്റിദ്ധാരണാജനകമായ ആ പേര് മാറ്റിയിട്ട് കുറച്ചുകൂടി കൃത്യമായ "സ്റ്റാന്‍ഡേഡ് കോസ്മോളജിക്കല്‍ മോഡല്‍" എന്ന് ഉപയോഗിക്കണം.

മറ്റൊന്ന്,
പ്രപഞ്ചോത്ഭവസിദ്ധാന്തം ചുമ്മാ അനുമാനമൊന്നുമല്ല. അതിനു കൃത്യമായ കണക്കുകളും ഇക്വേഷനുകളുമൊക്കെയുണ്ട്. ചിന്തിച്ചുണ്ടാക്കിയിട്ട് പിന്നെ സൌകര്യം പോലെ തെളിവുകൊണ്ട് ഓട്ടയടച്ച സിദ്ധാന്തവുമല്ല അത്. കോസ്മിക് മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രപഞ്ചത്തിന്റെ ആദിമാവസ്ഥയിലെ അതിദ്രുതവികാസത്തെ സാധൂകരിക്കുന്ന ശക്തമായ പഠനമാണ്. (ജോര്‍ജ് സ്മൂട്ടിന്റെ റിങ്കിള്‍സ് ഇന്‍ ടൈം - കാലത്തിലെ ചുളിവുകള് ‍- വായിക്കാന്‍ പറഞ്ഞത് അതു വ്യക്തമാകുമെന്ന് കരുതിയാണ്)

3. "..ഡാര്‍വിന്‍ സിദ്ധാന്തം ശരിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്ന്ടോ ?അതിനെ പറ്റി ഒന്നു വിശദീകരിക്കുമോ [ബുദ്ധിമുട്ടാവില്ലെന്നു കരുതുന്നു ].ആദ്യ ജീവന്‍ ഉണ്ടായത് ജലത്തില്‍ ആണോ അതോ കരയില്‍ ആണോ ?.."

ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് - താങ്കള്‍ ഡാര്‍വീനിയന്‍ സിദ്ധാന്തത്തെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നാത്.
ജീവന്റെ ഉത്ഭവത്തെക്കുറിച്ചൊന്നും ഡാര്‍വീനിയന്‍ സിദ്ധാന്തത്തില്‍ പരാമര്‍ശങ്ങളില്ല. പ്രകൃതിയുടെ തെരഞ്ഞെടുപ്പിലൂടെ ജന്തു ജാതികളുടെ പരിണാമത്തെയും പുതിയ ജാതികളും വര്‍ഗ്ഗങ്ങളും ഉണ്ടാകുന്നതിനെയുമാണ് ഡാര്‍വിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.
അദ്ദേഹത്തിന്റെ ആദ്യതിയറിയുടെ കാതലായ അംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ ആധുനിക ജനിതകശാസ്ത്രവുമായി ചേര്‍ത്ത് അടിമുടി പരിഷ്കരിച്ചതാണ് നിയോ ഡാര്‍വിനിസം എന്നു വിളിക്കുന്ന പരിണാമ നിയമ സംഹിത.

(സ്കൂള്‍തലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ നീണ്ടു കിടക്കുന്ന ഈ മഹാസിദ്ധാന്തത്തെ വിവരിക്കാനൊന്നും പറയല്ലേ. അതിനുള്ള പാങ്ങൊന്നും എനിക്കില്ല;)

ആദ്യ ജീവന്‍ എന്നതു കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ? 'ജീവന്‍' എന്നതിനു പല തലങ്ങളുണ്ട് - സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ഒരു പ്രോട്ടീന്‍ തന്മാത്രയെ സാങ്കേതികാര്‍ത്ഥത്തില്‍ വേണമെങ്കില്‍ ജീവനുള്ളത് എന്നു വിളിക്കാം. സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ക്രിസ്റ്റല്‍ കണികകളെ വരെ വേണേല്‍ 'ജീവനുള്ളത്' എന്നു വിളിക്കാം. അവിടെ നിന്നും മുകളിലേക്ക് ന്യൂക്ലിയോടൈഡുകള്‍ മുതല്‍ ജനിതക വസ്തുവരെയും ലൈപ്പോപ്രോട്ടീന്‍ കണിക മുതല്‍ കോസര്‍വേറ്റുകളും ലളിത കോശങ്ങളും വരെ പലതലങ്ങളില്‍ ജീവന്‍ എന്ന പ്രതിഭാസം കാണാറുണ്ട്. പിന്നെ സങ്കീര്‍ണകോശങ്ങളിലും ബഹുകോശ ജീവികളിലും അവിടുന്നു മേലോട്ടും. ഇവയിലെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജീവന്‍ എന്ന പ്രതിഭാസം കാണപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇവയെല്ലാം ജീവന്റെ പല ഗുണങ്ങളും ഏറിയും കുറഞ്ഞും പ്രകടിപ്പിക്കുന്നവയാണ്.


4. "മതത്തിലെ വിശ്വാസങ്ങള്‍ /അനുഷ്ട്ടനങ്ങള്‍ യുക്തിക്കു നിലക്കുനതല്ല എന്ന് പറഞ്ഞല്ലേ യുക്തി വാദികള്‍ മതത്തെ എതിര്‍ക്കുന്നത് ..അപ്പോള്‍ യുക്തി ഒന്നാണെന്ന് പറയാന്‍ പറ്റുമോ ?"

മതത്തിലെ ഏതെങ്കിലും അനുഷ്ഠാനത്തിനു പ്രാചീനമോ ആധുനികമോ ആയ എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അതു ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അതല്ലാത്തിടത്തോളം അതു തിരസ്കരിക്കപ്പെടും. അതു യുക്തിവാദികള്‍ മാത്രമല്ല ശാസ്ത്രാഭ്യാസമുള്ള ആരും ചെയ്യുന്നതാണ്.

ഉദാ: ലിംഗാഗ്രചര്‍മ്മം മുറിച്ചുകളയുന്നാതിനു മതങ്ങളില്‍ ഒരു കാരണമുണ്ടായേക്കാം. എന്നാല്‍ ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന്‍ ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം.
എന്നുവച്ച് ഭാവിയിലെപ്പോഴോ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒരു മഹാമാരിയില്‍ നിന്നും രക്ഷനേടാന്‍ ആണ് പ്രാചീനകാലത്ത് മതത്തില്‍ 'സര്‍ക്കംസിഷന്‍' എന്ന ഈ ആചാരമുണ്ടായത് എന്നാരെങ്കിലും പറഞ്ഞാല്‍ അതു ശാസ്ത്രീയമായി തെളിവോടെ വേണം പറയാന്‍. അവിടെയാണ് മതവിശ്വാസവും ശാസ്ത്രവും വഴിപിരിയുക. മതത്തിനു 'വിശ്വസിക്കുക' എന്ന സമര്‍പ്പണം മാത്രമേ വേണ്ടൂ. വിമര്‍ശനപരമായി സമീപിക്കലാണ് ശാസ്ത്രം.


5. "താങ്കളുടെ ലോജിക് വച്ച് "കറന്റ് " എന്താണെന്ന് ഒന്നു വിശദീകരിക്കാമോ ?[ഫിസിക്സിലെ വിശദീകരണം അല്ല..താങ്കളുടെ ലോജിക് വച്ചുള്ള വിശദീകരണം ആണ് ചോദിച്ചത്]"

ഇതു പഴയ 'നീന്തല്‍' സംഗതിയിലേക്ക് തന്നെ കറങ്ങിത്തിരിഞ്ഞ് എത്തിയല്ലോ.

ഫിസിക്സ് പഠിക്കാത്ത ഒരാള്‍ക്ക് കറന്റ് എന്നാല്‍ എന്തെന്ന് എങ്ങനെ മനസിലാവും ?
മനുഷ്യലോജിക്കിന്റെ പരമമായ അവസ്ഥയിലാണ് ശാസ്ത്രം. കറന്റിനു ശാസ്ത്രത്തിലുള്ള ഡെഫിനിഷന്‍ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പഴയ ധാരണകള്‍ക്ക് പ്രസക്തിയില്ലല്ലോ.

6. "ഇങ്ങനെ ഒരിക്കല്‍ ശാസ്ത്രം ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകളുമായി യോജിക്കും എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് നിഷേടിക്കുമോ?"

ഏതു മതഗ്രന്ഥത്തിലെയും പ്രാചീന ഭാഷയിലെ വാക്യങ്ങളെ അങ്ങനെ വ്യാഖ്യാനിക്കാവുന്നതാണ് എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിനു ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ. അതേക്കുറിച്ച് ഞാനൊരു കമന്റ് ശരീഖ് വെള്ളറക്കാടിന്റെ ഒരു പോസ്റ്റിലിട്ടിരുന്നത് ഇവിടെയുണ്ട്.

താങ്കള്‍ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, മറ്റു ചിലര്‍ ഉപനിഷത്തും വേദങ്ങളും ഉയര്‍ത്തും പിന്നെ ബൈബിള്‍ സെന്‍ഡ് അവെസ്റ്റ അങ്ങനെയങ്ങനെ....
മതഗ്രന്ഥം ശാസ്ത്ര പുസ്തകമല്ല എന്ന് താങ്കള്‍ ഈ ചര്‍ച്ച തുടങ്ങിയൊരിടത്ത് തന്നെ പറഞ്ഞു. പിന്നെ അതില്‍ ശാസ്ത്രമുണ്ട് അതുണ്ട് ഇതുണ്ട് എന്ന് അവകാശപ്പെട്ട് വന്നാല്‍ അതിനു കൃത്യമായും വസ്തുനിഷ്ഠമായും ന്യായങ്ങള്‍ നിരത്തേണ്ടി വരും. അതിനു കഴിയാതാകുമ്പോള്‍ അപഹാസ്യമാകുന്നത് ആ അവകാശമുന്നയിച്ച് വന്നവരല്ല മറിച്ച് ആ ഗ്രന്ഥവും അതു പ്രതിനിധാനം ചെയ്യുന്ന മതവും അതിന്റെ സംസ്കാരവും തന്നെയാവും എന്നോര്‍ക്കുക. അത്തരം ഒരു ചെളിവാരിയെറിയല്‍ ഒരു മതവും ആഗ്രഹിക്കില്ല, അതു ഒരു സംസ്കാരത്തെ തന്നെ അപഹസിക്കലാണ്. അതുകൊണ്ടാണ് ഞാന്‍ ‘മതത്തെ വെറുതേ വിടുക’ എന്ന് ആദ്യമേ പറഞ്ഞത്. ആ അപേക്ഷ യുക്തിവാദികളോട് മാത്രമല്ല മത വിശ്വാസികളോടും കൂടിയാണ്. നിങ്ങളുടെ ദൈവത്തിന് - അങ്ങനെയൊരു ശക്തിയുണ്ടെങ്കില് - നിങ്ങളുടെ സപ്പോര്‍ട്ടും കൂറുപ്രഖ്യാപിക്കലും ഗ്രന്ഥ വ്യാഖ്യാനവുമൊന്നും വേണ്ടല്ലോ. ആ ശക്തി വിചാരിച്ചാല്‍ നിമിഷാര്‍ധം കൊണ്ട് അവിശ്വാസിയെ വിശ്വാസിയും തിരിച്ചും ആക്കാമല്ലൊ. പിന്നെ എന്തിനീ വ്യാഖ്യാനങ്ങള്‍.? ദൈവത്തെ വെറുതേ വിടുക.

7. “ഒരു കുഞ്ഞു ചോക്ക് കഷ്ണം പോലും സ്വയം ഉണ്ടായി അല്ലെങ്ങില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?ഇതിനൊക്കെ ഒരു സൃഷ്ട്ടാവ് [ദൈവം ]ഇല്ലെന്നു താങ്കള്‍ വിശ്വസിക്കുനുവോ ?ദൈവത്തെ പറ്റി താങ്കളുടെ കാഴ്ച്ചപ്പാട് ഒന്നു വ്യക്തമാക്കാമോ ?“

സാധാരണ ദൈവവിശ്വാസികളുടെ ഏറ്റവും വലിയ കുഴപ്പമെന്താണെന്നോ; അവര്‍ അവരുടെ പൊട്ട ബുദ്ധിയുപയോഗിച്ച് ദൈവം എന്ന സങ്കല്‍പ്പത്തെ കേറിയങ്ങ് നിര്‍വചിക്കും ചെയ്യും. മിക്ക മതങ്ങളും ആ സങ്കല്പത്തിലാണ് ദൈവത്തെ ഉണ്ടാക്കി വച്ചിട്ടുള്ളത്. ദൈവം കോപിക്കും, ദൈവം സ്നേഹിക്കും ദൈവം ചിരിക്കും ദൈവം ശപിക്കും എന്നിങ്ങനെ മനുഷ്യന്റെ എല്ലാ വികാരങ്ങളെയും മതങ്ങള്‍ അവരുടെ ലോജിക്കനുസരിച്ച് ദൈവത്തിലാരോപിക്കും.

പ്രപഞ്ചം സ്വയംഭൂ ആണ്, അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം സ്വയം ഭൂവായി വന്നതാണ് എന്നു പറയാന്‍ ശാസ്ത്രത്തിനു ഒരു മോഡലുണ്ട്. ആ മോഡലില്‍ നിര്‍ധാരണം ചെയ്യപ്പെടുന്ന ഗണിത സമീകരണങ്ങള്‍ പ്രകൃതിയില്‍ ഇന്നയിന്ന പ്രതിഭാസങ്ങള്‍ ഉണ്ട്/ഉണ്ടാകാം എന്നൊക്കെ പ്രവചിക്കുന്നു. അതു കണ്ടെത്തുന്നതോടെ ആ മോഡലിനു സാധൂകരണമാകുന്നു. അതോടൊപ്പം നിലവില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള സംഗതികളെ ഇന്നയിന്ന കാരണങ്ങള്‍ കാണിച്ചു വിശദീകരിക്കാനും ആ മോഡലിനു കഴിയും. ഉദാഹരണത്തിനു ബിഗ്ബാംഗ് ന്യൂക്ലിയോസിന്തെസിസും കോസ്മിക് മൈക്രോവേവ് ബാക് ഗ്രൌണ്ട് റേഡിയേഷനും സ്ഥലത്തിന്റെ വികാസവും, ഗ്യാലക്സികള്‍ അകന്നകന്ന് പോകുന്നതും സ്പേസ് ടൈമിന്റെ ജ്യാമിതീയ രൂപവും ഒക്കെ ഇത്തരത്തില്‍ വിശദീകരണങ്ങളുള്ളവയാണ്.

പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേഡ് മോഡലിനു പകരം അവിടെ ദൈവത്തെ ഒരു സൃഷ്ടാവായി വയ്ക്കുന്നു എന്നിരിക്കട്ടെ, പ്രശ്നങ്ങളുണ്ട്:

-- ഈ സൃഷ്ടാവിന്റെ ഉത്ഭവം എവിടെ നിന്ന് ?
-- ഈ സൃഷ്ടാവു പ്രപഞ്ചത്തിനകത്തോ പുറത്തോ ?
-- ഈ സൃഷ്ടാവ് പ്രപഞ്ചത്തിനകത്താണെങ്കില്‍ അദ്ദേഹവും ഫിസിക്സിലെ നിയമങ്ങള്‍ക്കു വിധേയനാണെന്ന് വരും. അപ്പോള്‍ ആ നിയമങ്ങളുടെ പരിമിതികള്‍ അദ്ദേഹത്തിനും ഉണ്ടാകും എന്നു സമ്മതിക്കേണ്ടിവരും.
-- ഈ സൃഷ്ടാവ് പ്രപഞ്ചബാഹ്യമാണെങ്കില്‍ പ്രപഞ്ചത്തിലെ ഒന്നിനെയും അതിനു സ്വാധീനിക്കാനാവില്ല. പിന്നെ അങ്ങനൊരു സൃഷ്ടാവിനെപറ്റി ആ‍ശങ്കയും വേണ്ടല്ലോ.
-- പ്രപഞ്ചത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും സ്റ്റാന്‍ഡേഡ് മോഡല്‍ വിശദീകരിക്കുന്നതുമായ എല്ലാ പ്രതിഭാസങ്ങള്‍ക്കും ഈ സൃഷ്ടാവിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കേണ്ടിവരും.
-- മതങ്ങള്‍ പറയുമ്പോലെ/ മതഗ്രന്ഥങ്ങള്‍ പറയുമ്പോലെ ഒരു സൃഷ്ടാവും മാലാഖമാരും സ്വര്‍ഗ്ഗവും നരകവുമൊക്കെ ഉണ്ടെങ്കില്‍ അത് പ്രപഞ്ചത്തില്‍ എവിടെയാണ്? മരണശേഷം അവിടെ എങ്ങനെ എത്തും ? ആത്മാവുണ്ടോ ? ആത്മാവ് എങ്ങനെയിരിക്കും ? എനര്‍ജിയാണോ അത് ?
-- ഗ്യാലക്സികള്‍ എന്തേ അകന്നു പോകുന്നു - അഥവാ അവയ്ക്കിടയിലെ സ്പെയിസ് എന്തേ വികസിക്കുന്നു ?
-- മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷന്‍ എവിടെനിന്നു വരുന്നു ?
-- ന്യൂക്ലിയോ സിന്തസിസില്‍ എന്തുകൊണ്ട് പദാര്‍ത്ഥത്തിന് ഇന്നു കാണുന്ന രീതിയിലുള്ള ആനുപാതിക അളവും നിലവാരവുമുണ്ടായി ?
-- മനുഷ്യനെയും ചരാചരങ്ങളെയും ഒരുമിച്ചാണോ സൃഷ്ടിച്ചത് ?
ഒരുമിച്ചാണെങ്കില്‍ ഡൈനസോറുകളുടെ കാലത്ത് എന്തേ മനുഷ്യനില്ലാതെ പോയത്
-- എന്തേ ജീവി വര്‍ഗ്ഗങ്ങള്‍ ക്രമമായി മാത്രം ഭൂമിയില്‍ ആവിര്‍ഭവിച്ചത് ?
-- എന്തുകൊണ്ട് ആദ്യ ജീവികള്‍ ലളിത കോശജീവികളും പില്‍കാല ജീവികള്‍ സങ്കീര്‍ണ്ണ കോശജീവികളും ആയത് ?

ചോദ്യങ്ങള്‍ ഇങ്ങനെ മലവെള്ളം പോലെ ഒഴുകിവരും.

പരിണാമസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന പരിണാമ നിയമങ്ങളോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിന്‍ബലമോ ഇല്ലാതെ സൃഷ്ടാവിനെ മാത്രം വച്ച് ഇതൊക്കെ ന്യായീകരിക്കാന്‍ പോയാല്‍ കുഴയും. സൃഷ്ടാവ് എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിനു ശാസ്ത്രീയ തെളിവ് പോട്ടെ, ഗണിത പിന്‍ബലമുള്ള ഒരു തിയറട്ടിക്കല്‍ അടിസ്ഥാനമെങ്കിലും ഉണ്ടോ എന്ന ചോദ്യം വരും.

ഏറ്റവും പ്രധാനമായ് ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളില്‍ ദൈവം എന്ന സര്‍വ്വശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്.

ഒരു സിമ്പിള്‍ ചോദ്യത്തിലൂടെ അതു ഉദാഹരിക്കാം:

ദൈവത്തേക്കാള്‍ ശക്തിയുള്ള ഒരു ദൈവത്തെ ദൈവത്തിനു സൃഷ്ടിക്കാനാകുമോ?


-അതേ എന്നാണുത്തരമെങ്കില്‍, ദൈവം സര്‍വ്വശക്തനല്ല, അതിനേക്കാള്‍ പവര്‍ പുതിയ ദൈവത്തിനാണ്.

-പറ്റില്ല എന്നാണുത്തരം,എങ്കിലോ, അപ്പോഴും ദൈവം സര്‍വ്വശക്തനല്ല എന്നു വരും- ദൈവത്തിനു ചെയ്യാന്‍ പറ്റാത്തതായി ഒരു കാര്യമുണ്ടല്ലോ.

ഈ പ്രശ്നം മറിച്ചും തിരിച്ചും ചിന്തിച്ചു നോക്കുക. അവിടെ മനുഷ്യന്റെ യുക്തി എന്നത് മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ലിമിറ്റേഷനാണെന്നും അവന്റെ ഭാവന ഭാഷയാല്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കാം.
ആ ‘പൊട്ട’ ബുദ്ധി കൊണ്ട് ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് ദൈവം അതു തരും ഇതു തരും സ്വര്‍ഗ്ഗത്തില്‍ പാലും പഴവുമുണ്ട് പെണ്ണും പിടക്കോഴിയുമുണ്ട് എന്നൊക്കെവാദിക്കാന്‍ പോകുന്നത് പരിഹാസ്യമായിരിക്കും - യുക്തിവാദിയായാലും വിശ്വാസിയായാലും.

ശാസ്ത്രം ഉപയോഗിച്ച് ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല. ദൈവമുണ്ടെന്നോ മതഗ്രന്ഥത്തില്‍ ശാസ്ത്രീയ വസ്തുതകള്‍ നിരത്തിയിരിക്കുന്നെന്നോ വാദിക്കുന്നെങ്കില്‍ ആദ്യം വസ്തുനിഷ്ടമായി തെളിയിക്കണം. വ്യാഖ്യാന സര്‍ക്കസ് കൊണ്ട് ഈ പരിപാടി പലയിടത്തും കാണുന്നതുകൊണ്ട് പറയുന്നതാണിത്.

നിലവില്‍ മതങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു ദൈവസങ്കല്പവും ശാസ്ത്രവുമായി ഒത്തു പോകുന്നില്ല. ശാസ്ത്രത്തെയും ദൈവസങ്കല്പത്തെയും വിളക്കി ചേര്‍ക്കണമെങ്കില്‍ (ഈ കമന്റില്‍ ) മുകളില്‍ പോയിന്റ് 7-ലായി കൊടുത്തിട്ടുള്ളതടക്കം ഒട്ടേറെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി ഉത്തരം കൊടുക്കേണ്ടതുണ്ട്.

ഈ വിഷയത്തില്‍ കൂടുതല്‍ കമന്റെഴുതിയും ചര്‍ച്ച ചെയ്തും സമയം കളയണോ ? വ്യക്തിപരമായ തിരക്കുകളുണ്ട്. വീണ്ടും ബൂലോഗ വഴിയില്‍ കാണാം.
ആശംസകള് ‍!
July 06, 2008

Mar 18, 2008

The Evolution of Eyes: കണ്ണിന്റെ പരിണാമം - ചില ശാസ്ത്രവിശകലനങ്ങള്‍.

ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.



ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം ! പന്തുകൊണ്ടുണ്ടാക്കിയ സാങ്കല്‍പിക കണ്ണില്‍ നിന്നും ഒരു വ്യത്യാസം യഥാര്‍ത്ഥകണ്ണിനുണ്ട്. ലെന്‍സ് ആണ് അത്. ഒരു ക്യാമറയുടെ ലെന്‍സ് പോലെ വസ്തുക്കളുടെ പ്രതിരൂപം റെറ്റിനയിലേക്കു ഫോക്കസ് ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഒരു പ്ളാസ്റിക് കവറില്‍ തെളിഞ്ഞവെള്ളം നിറച്ച് ഉണ്ടാക്കുന്ന ഒരു ബാഗ് പോലെയാണ് നമ്മുടെ കണ്ണിലെ ലെന്‍സ്. അതു കൃഷ്ണമണിയുടെ തൊട്ടുപിറകിലായി ചുറ്റിനും പേശികളുടെ നാരുകളാല്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ പേശികളുടെ മുറുകലും അയഞ്ഞുപോകലും ആണ് ലെന്‍സിന്റെ വലിപ്പ വ്യത്യാസങ്ങള്‍ക്കു കാരണം. ചുറ്റിനും നിന്ന് ഈ പേശികള്‍ വലിക്കുമ്പോള്‍ ലെന്‍സ് എന്ന ബാഗ് വലിഞ്ഞ്, കൂടുതല്‍ പരന്നതാകുന്നു. ഈ പേശികള്‍ അയഞ്ഞാല്‍ ലെന്‍സ് വീര്‍ത്തു വരുന്നു. ഈ വീര്‍ക്കലും പരന്നുപോകലും അനുസരിച്ച് ലെന്‍സ് ഫോക്കസ് ചെയ്യുന്ന രൂപങ്ങള്‍ക്ക് വ്യതിയാനമുണ്ടാകും. ദൂരെയുള്ള വസ്തുക്കളെ കൃത്യമായി റെറ്റിനയില്‍ ഫോക്കസ് ചെയ്യാന്‍ ലെന്‍സ് പരന്നതാകണം. അടുത്തുള്ള വസ്തുക്കള്‍ക്കു മറിച്ചും(ഇതുവായിക്കുവാനും നിങ്ങളുടെ ലെന്‍സ് വീര്‍ത്തു നില്‍ക്കണം). ഇതിലേതെങ്കിലുമൊന്നിനു കഴിയാതെ വരുമ്പോഴാണ് നിങ്ങള്‍ക്ക് കണ്ണടകള്‍ ആവശ്യമായി വരുന്നത്.

റെറ്റിനയിലാണ് നാം ആദ്യം പറഞ്ഞ കോണ്‍കോശങ്ങളുള്ളത്. പ്രകാശത്തെയും നിറങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്നവയാണിവ. മറ്റൊരു കൂട്ടം കോശങ്ങളായ റോഡ് കോശങ്ങള്‍ ഇരുട്ടിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. (പ്രകാശത്തിന്റെ അഭാവമല്ല യഥാര്‍ത്ഥത്തില്‍ അന്ധതയെന്ന നാം മസ്സിലാക്കണം. ഇരുട്ടിലും നിങ്ങളുടെ റോഡ്കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.) കോണ്‍ കോശങ്ങള്‍ പേരുപോലെ കോണ്‍ ആകൃതിയിലാണിരിക്കുന്നത്. ഈ നീളന്‍ കോശങ്ങളുടെ ഒരറ്റത്ത് കാഴ്ചയെ സഹായിക്കുന്ന രാസവസ്തുക്കളുണ്ട് - വിഷ്വല്‍ പിഗ്മന്റുകള്‍. ജീവകം-എ(വിറ്റാമിന്‍ എ)യും ഓപ്സിന്‍ എന്ന പ്രോട്ടീനും ചേര്‍ന്ന സംയുക്തമാണ് വിഷ്വല്‍ പിഗ്മെന്റ്. പ്രകാശത്തിലെ ഫോട്ടോണ്‍ കണികകള്‍ ഈ പിഗ്മെന്റില്‍ തട്ടുമ്പോള്‍ അതിലെ ഊര്‍ജ്ജകൈമാറ്റ രാസപ്രവര്‍ത്തനങ്ങള്‍ കോശത്തെ ഉത്തേജിതമാക്കുന്നു. പ്രകാശത്തിന്റെ തോതിനനുസരിച്ച് ഉത്തേജനവും വ്യത്യാസപ്പെടും. ഇതനുസരിച്ച് മസ്തിഷ്കത്തിലേക്ക് ഈ കോശങ്ങളയക്കുന്ന സിഗ്നലുകളും വ്യത്യാസപ്പെടുന്നു. അതനുസരിച്ച് നമ്മുടെ ദൃശ്യത്തെ മസ്തിഷ്കം വ്യാഖ്യാനിക്കുന്നു.

മ്യൂട്ടേഷനുകളിലൂടെ സ്വാംശീകരിക്കപ്പെടുന്ന ക്രമാനുഗതമായ മാറ്റങ്ങളിലൂടെയാണ് പരിണാമം സംഭവിക്കുന്നതെന്നു നാം പറഞ്ഞല്ലോ. ഭ്രൂണാവസ്ഥയിലോ അതിനു മുന്‍പോ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് ഒരു ജന്തുവിന്റെ ഘടനയിലോ ശാരീരികപ്രവര്‍ത്തന ക്ഷമതയിലോ ഒക്കെയുള്ള മാറ്റങ്ങളായി പിന്നീട് കാണപ്പെടുന്നത്. പ്രജനനശേഷിയുളള കോശങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മ്യൂട്ടേഷനുകള്‍ പിന്നീട് സന്തതി പരമ്പരകളിലേയ്ക്കും പകരുന്നു. ഇത്തരമൊരു പരിണാമ-മാതൃകയെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ പുനരാവിഷ്കരിക്കുന്നതിനുള്ള പ്രശസ്ത ശാസ്ത്രകാരനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ശ്രമങ്ങളാണ് ബയോമോര്‍ഫ് പ്രോഗ്രാമിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. ബോയോമോര്‍ഫ് എന്നാല്‍ ജൈവരൂപം എന്ന് വാച്യാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇവ ജൈവരൂപങ്ങളല്ല ലളിതമായ ജൈവരൂപങ്ങളുടെ (ഉദാഹരണത്തിന് ഒരു ഷഡ്പദത്തിന്റെ)അയഥാര്‍ത്ഥമായ കംപ്യൂട്ടര്‍ പുനര്‍സൃഷ്ടിയാണ്. ആദ്യമായി ഒരു പൂര്‍വ്വികനെ സൃഷ്ടിക്കുന്നു. ഏറ്റവും ആവശ്യമായ അവയവങ്ങളോ ജൈവപ്രവര്‍ത്തനങ്ങളോ മാത്രമുള്ള ഒരു അടിസ്ഥാന ജീവിയാണ് ഈ പൂര്‍വ്വകന്‍ 2. കണ്ണിനെ സംബന്ധിച്ചാണെങ്കില്‍, പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങളുടെ ഒരു മെത്ത, പ്രകാശത്തെ ഒരു ദിശയിലൂടെ മാത്രം ഈ കോശങ്ങളിലേക്കു കടത്തിവിടാന്‍ സഹായിക്കുന്ന ഒരു സ്ക്രീന്‍ (സ്ക്ളീറ), പ്രകാശ കോശങ്ങളെ പുറംലോകവുമായി നേരിട്ട് സംവദിക്കാന്‍ അനുവദിക്കാതെ അവയ്ക്കുമേല്‍ പരന്നു നില്‍ക്കുന്ന വിട്രിയസ ്മാസ് എന്നു വിളിക്കാവുന്ന (കഞ്ഞിപ്പശപോലുള്ള) പാട, എന്നീ അടിസ്ഥാന ഘടകങ്ങള്‍ ഉള്ള ഒരു പരന്ന തകിടാണ് ഈ പൂര്‍വ്വികന്‍. കണ്ണിന്റെ ഈ പൂര്‍വ്വികന്‍പോലും അല്പം സങ്കീര്‍ണ്ണമാണ്; എന്നാല്‍ നിങ്ങള്‍ക്ക് ഒരു വൃക്ഷശിഖരത്തിന്റെ ശാഖകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണു ബയോമോര്‍ഫ് പ്രോഗ്രാമുപയോഗിച്ചു പഠിക്കേണ്ടതെന്നിരിക്കട്ടെ. ഒരു നേര്‍ത്ത വരമാത്രമാണ് ആദിപൂര്‍വ്വികന്‍ !

ആദിപൂര്‍വ്വിക ജീവിയെ നാം തെരെഞ്ഞെടുത്തുകഴിഞ്ഞു. ഇനി, കമ്പ്യൂട്ടറിന്റെ പരിണാമഭൂമികയില്‍ ഈ പൂര്‍വ്വികന്‍ മാറ്റങ്ങള്‍ക്കു സംഭവിച്ച് പല തലമുറകളിലൂടെ കടന്ന് ഒടുവില്‍ എന്തായിത്തീരുന്നുവെന്നും അറിയണ്ടേ? പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ ഇവിടെയും മ്യൂട്ടേഷനുകള്‍ വേണം. ഒരു ശിഖരത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണെങ്കില്‍ അതില്‍ എത്ര ഉപശാഖകള്‍ ഉണ്ടാകുന്നു, എവിടെയാണുണ്ടാകുന്നത്, എത്രതവണ ആ ഉപശാഖകള്‍ കുറേക്കൂടി ചെറിയ ഉപശാഖകളായി പിരിയുന്നു, കാതല്‍ തടിയും ശാഖയും തമ്മില്‍ ഉണ്ടാക്കുന്ന ആംഗിള്‍ (കോണ്) എത്രയാണ് തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനമായി വേണ്ടത്. ഈ വിവരങ്ങള്‍ അടങ്ങുന്ന കോഡാണ് ജനിതകവസ്തു അഥവാ ഡി.എന്‍.എ. ഈ അടിസ്ഥാന കാര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകള്‍. ഈ മ്യൂട്ടേഷനുകള്‍ക്ക് ആദിപൂര്‍വ്വികന്റെ ഘടനയില്‍ വരുത്താവുന്ന മാറ്റങ്ങളുടെ പരിധികള്‍ മുന്‍കൂര്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കുന്നു. പല തലമുറകളിലൂടെ ഈ പൂര്‍വ്വിക ജീവി കടന്നുപോകുന്നു. മ്യൂട്ടേഷനുകള്‍ അഥവാ, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യഥാര്‍ത്ഥലോകത്തില്‍ ഓരോ തലമുറയിലെ സന്തതികളെയും പ്രകൃതിയുടെ തിരഞ്ഞെടുപ്പിനു വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ജന്തു. അല്ലെങ്കില്‍ കൂടുതല്‍ ശക്തനായ ജന്തു. അതല്ലെങ്കില്‍ കൂടുതല്‍ കാഴ്ചശക്തിയുള്ള ജന്തു, എന്നിങ്ങനെ ഓരോ രംഗത്തെയും, ഓരോ പരിതസ്ഥിതിയിലെയും മികച്ചതിനെ മാത്രം തെരെഞ്ഞെടുക്കുന്ന പ്രകൃതിയ്ക്ക് തുല്യമായ ഒരു ശക്തി നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനും വേണം. ചില സന്ദര്‍ഭങ്ങളില്‍ അത് പ്രോഗ്രാമറുടെ അഭിരുചിയാകാം. മറ്റുചല സന്ദര്‍ഭങ്ങളില്‍ പ്രോഗ്രാമില്‍ത്തന്നെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.

ഇപ്രകാരം ഒരു അജൈവ, അയഥാര്‍ത്ഥ ലോകത്തില്‍ ജൈവലോകത്തിലെ പരിണാമത്തെ -കണ്ണിന്റെപരിണാമചരിത്രത്തെ- പുനര്‍സൃഷ്ടിക്കുക എന്ന വിദ്യയാണ് നില്‍സണും പെല്‍ജറും സാധിച്ചെടുത്തത്. നമ്മള്‍ ആദ്യം പറഞ്ഞ അടിസ്ഥാന ഘടകങ്ങള്‍ മാത്രമുള്ള ഒരു പൂര്‍വ്വിക നേത്രത്തില്‍ നിന്നും ഒരു മത്സ്യത്തിന്റേതിനു സമാനമായ ഒരു കണ്ണിലേക്കുള്ള പരിണാമത്തിന് 1,829 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഓരോ ഘട്ടത്തിലും (ഓരോതലമുറയിലെന്നും പറയാം) ഒരു ശതമാനം വീതം മ്യൂട്ടേഷന്‍ അഥവാ മാറ്റമാണ് നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഒരു ശതമാനം മാറ്റമെന്നത് അടിസ്ഥാനഘടനയിലെ ഏതു ഘടകത്തിനും സംഭവിക്കാം. അത് പ്രകാശ-കോശങ്ങളുടെ "മെത്ത"യുടെ കട്ടികൂട്ടുന്നതാകാം, അല്ലെങ്കില്‍ വിട്രിയസ്മാസ് എന്ന പാടയുടെ കട്ടികൂടുന്നതാകാം അല്ലെങ്കില്‍ സ്ക്ളീറ എന്ന സ്ക്രീനിന്റെ (തകിടിന്റെ) കുഴിവ് വര്‍ദ്ധിക്കുന്നതാകാം. എതു ദിശയിലേക്കും പോകാനുള്ള പരിണാമ സ്വാതന്ത്യ്രം ഈ പ്രോഗ്രാമിനുണ്ട്. പരിണാമപരമായി പുരോഗമിക്കാനും പിന്നോക്കം പോകാനുമുള്ള സ്വാതന്ത്യ്രം നമ്മുടെ കണ്ണുകളുടെ ഓരോ തലമുറയ്ക്കും നല്‍കിയിരുന്നു എന്നര്‍ത്ഥം. 1,829 ഘട്ടങ്ങളിലൂടെ കടന്ന് ഒടുവില്‍ നമ്മുടെ പൂര്‍വ്വികനേത്രം എന്തായി എന്നറിയണ്ടേ? തകിട് കുഴിഞ്ഞ്, ഒടുവില്‍ നാം ആദ്യം കണ്ട പന്തിന്റെ രൂപത്തിലായി. പന്തിന്റെ ഉള്‍ഭാഗത്ത് പ്രകാശകോശങ്ങള്‍ (കോണ്‍, റോഡ് കോശങ്ങള്‍ക്കു തുല്യമായവ) ഒരു മെത്തയായി നിരന്നു. സ്ക്ളീറ എന്ന പുറം തകിടിന് ഒരു സുപ്രധാന മാറ്റം സംഭവിച്ചു. അത് ഉരുണ്ട് പന്ത്പോലെ ആയതൊടൊപ്പം ഒരു വശത്തുമാത്രം ഒരു വിടവ്-പ്രകാശം കടത്തിവിടാനുള്ള ഒരു കുഞ്ഞുതുള- ഉണ്ടായി. അത്യത്ഭുതകരമായ ഒരു കാര്യം കൂടിയുണ്ട്. പ്രകാശകോശങ്ങള്‍ക്കു മേല്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞ വിട്രിയസ്മാസ് എന്ന പാട ഈ പന്തിനകം മുഴുവന്‍ നിറഞ്ഞു. മാത്രമോ പ്രകാശം കത്തിവിടുന്ന സുഷിരത്തിനു തൊട്ടുപിന്നിലായി ഈ വിസ്ട്രിയസ്മാസിന്റെ ഒരു ഭാഗം സാന്ദ്രയാര്‍ന്ന്, ഒരു ലെന്‍സ് ആയി രൂപാന്തരപ്പെട്ടു!

അതേ! പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങള്‍ക്ക് കണ്ണായി രൂപം പ്രാപിക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന ഡാര്‍വീനിയന്‍ പരിണാമ സിദ്ധാന്തത്തിന് അടിവരയിടുകയായിരുന്നു ഈ ബയോമോര്‍ഫ് പ്രോഗ്രാമുകള്‍ 4. യഥാര്‍ത്ഥ ജൈവലോകവുമായി ഈ പരിണാമ മാതൃകയ്ക്കുള്ള സാമ്യം വര്‍ദ്ധിപ്പിക്കാന്‍ ചില സങ്കല്‍പ്പങ്ങള്‍കൂടി പെല്‍ജര്‍,നില്‍സണ്‍ എന്നിവര്‍ ചെയ്തിരുന്നു. ഒരു മ്യൂട്ടേഷന്‍ ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് പോകാനുള്ള സാധ്യത യഥാര്‍ത്ഥലോകത്ത് അമ്പതുശതമാനത്തോളമാണ്. കുറഞ്ഞ ഈ നിരക്കിലുള്ള സാധ്യതയെ അങ്ങനെതന്നെ ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. മാത്രമല്ല പ്രകൃതിനിര്‍ധാരണമാനദണ്ഡങ്ങളനുസരിച്ച്, ഓരോ തലമുറയിലെയും മികച്ച 101 കണ്ണുകളോടൊപ്പം അത്രതന്നെ മികച്ചതല്ലാത്ത 100 കണ്ണുകളും തെരെഞ്ഞെടുക്കപ്പെടുന്നതായി നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ സങ്കല്‍പ്പിച്ചിരുന്നു. ഇതിന് കാരണമുണ്ട്. തങ്ങളുടെ പരിത:സ്ഥിതിയുമായി ഇണങ്ങിയാണ് ഓരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ടു തന്നെ പരിതസ്ഥിതിയില്‍ മാറ്റമില്ലാത്തിടത്തോളം ജീവികളും മാറ്റമില്ലാതെ (പര്യാപ്തരായി) തുടരുന്നു. അത്തരമൊരു അവസ്ഥയില്‍ ഒരു മ്യൂട്ടേഷനെ, അഥവാ ജനിതകവൈജാത്യത്തെ, പ്രകൃതി നിര്‍ധാരണത്തിനു വിധേയമായി തെരെഞ്ഞെടുക്കുക എന്ന പ്രക്രിയ അതീവ സാവധാനത്തിലുള്ളതും സംഭാവ്യത കുറഞ്ഞതുമാണ.് കണ്ണിന്റെ കാര്യത്തിലാണെങ്കില്‍ മികച്ചകാഴ്ച നല്‍കുന്ന കണ്ണുകള്‍ മാത്രമേ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ എങ്കില്‍ ഇന്ന് വിരകളിലും, ഷഢ്പദങ്ങളിലും കാണുന്ന പ്രാകൃത കണ്ണുകളെങ്ങനെ നിലനില്‍ക്കുന്നുവെന്ന ചോദ്യമുണ്ട്. ഈ സാധ്യതയെക്കൂടി കണ്ടുകൊണ്ടാണ് 101 ന് 100 എന്ന അനുപാതത്തില്‍ , മികച്ചതും അല്ലാത്തതുമായ കണ്ണിന്റെ ജൈവരൂപങ്ങളെ (ബയോമോര്‍ഫുകളെ) ഓരോ തലമുറയില്‍ നിന്നും തെരെഞ്ഞെടുപ്പിനു വിധേയമാക്കുവാന്‍ പെല്‍ജറും നില്‍സണും തീരുമാനിച്ചത്.
മ്യൂട്ടേഷന്റെ സാധ്യതയെത്തന്നെ തീരെച്ചുരുക്കുക എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഓരോ തലമുറയിലും ഏതെങ്കിലുമൊക്കെ ഘടകങ്ങളില്‍ ഒരു ശതമാനം വീതം മാറ്റം സംഭവിക്കുന്നുവെന്ന് മാനദണ്ഡം വച്ചപ്പോള്‍ 1,829 ഘട്ടങ്ങള്‍/തലമുറകള്‍ വേണ്ടിവന്നു. ആധുനിക കണ്ണിന്റെ ആവിര്‍ഭാവത്തിന്. ഈ സാധ്യത 0.005% ആക്കുമ്പോള്‍ തലമുറകളുടെ എണ്ണം 3,64,000 ആയി വര്‍ദ്ധിക്കും. 0.005% എന്ന മ്യൂട്ടേഷന്‍ സാധ്യതയെക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥലോകത്തിലെ മ്യൂട്ടേഷന്‍ സാധ്യതയെന്നോര്‍ക്കണം. എന്നിരുന്നിട്ടും ഇത്രയും കുറഞ്ഞൊരു നിരക്ക് വയ്ക്കാന്‍ കാരണമുണ്ട്. കണ്ണ് പോലെ അതിസങ്കീര്‍ണ്ണമായ ഒരു അവയവം ഡാര്‍വീനിയന്‍ തത്വമനുസരിച്ച് പരിണമിച്ച് ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടുന്ന സമയമൊന്നും ജീവികളുടെ ഭൂമിയിലെ ചരിത്രത്തിലില്ല എന്ന ആരോപണം പരിണാമവിരോധികളുടെ ശക്തമായ ഒരായുധമാണ്. ഈ ഒരു ആരോപണം നിലനില്‍ക്കെ വികാസം പ്രാപിച്ച ഒരു ആധുനിക നേത്രം ബയോമോര്‍ഫ് പ്രോഗ്രാമിലൂടെ ഉരുത്തിരിയാനുള്ള സാധ്യതകളെ പരമാവധി കുറയ്ക്കുകയും അതിനു വേണ്ടുന്ന സമയത്തെ പരമാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. എന്നിട്ടും 3,64,000 തലമുറളെ വേണ്ടിവന്നുള്ളൂ, ഇത്തരമൊരു കണ്ണ് പരിണമിച്ചുണ്ടാകാന്‍. നമമുടെ ആദിപൂര്‍വ്വിക നേത്രത്തിനു സമാനമായ കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ മിക്കയിനം വിരകള്‍ക്കും, ചില പ്രാചീന ഷഡ്പദങ്ങള്‍ക്കും ഉണ്ട്. ഇവയുടെ പ്രജനനകാലയളവ് നോക്കിയാല്‍ ഒരു തലമുറയില്‍ നിന്നും മറ്റൊന്നുണ്ടാവാനുള്ള സമയം ഒരു വര്‍ഷത്തിലും താഴെയാണ്. ഒരു വര്‍ഷം എന്ന് കണക്കിയാല്‍പോലും അഞ്ചുലക്ഷത്തില്‍ത്താഴെ മാത്രമേ വരൂ, ഈ സമയം! ഓരോ തലമുറയിലും വരുന്ന പ്രജനന ശേഷിയുടെ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടാണിത്. ഒരു നാടവിര 34,000 മുതല്‍ 40,000 വരെ മുട്ടകള്‍ ഒറ്റയിരിപ്പിനിടും. ഈ വ്യത്യാസങ്ങളൊക്കെ കണക്കിലെടുത്താല്‍ അഞ്ചുലക്ഷം എന്നത് വീണ്ടും കുറയാനാണു സാദ്ധ്യത. പക്ഷേ മ്യൂട്ടേഷന്റെ നിരക്കും അത് തലമുറകളിലൂടെ കൈമാറുന്നതിനുള്ള സാധ്യതയും വളരെ കുറഞ്ഞതാണ്. യഥാര്‍ത്ഥ ലോകത്തിലെ ഈ സാധ്യതകളെക്കൂടി കണക്കിലെടുത്താല്‍ പോലും ഒരു ആധുനിക നേത്രം ഉരുത്തിരിഞ്ഞുവരാന്‍ പത്തുലക്ഷം വര്‍ഷത്തില്‍ത്താഴെ മാത്രം സമയം മതി എന്നു കാണാം. ഭൂമിയിലെ ജീവന്റെ ചരിത്രത്തിന് 400 കോടിയ്ക്കടുത്ത് വര്‍ഷങ്ങള്‍ പഴക്കമുണ്ട്; ആവശ്യമായതിന്റെ നാലായിരം ഇരട്ടി വര്‍ഷങ്ങള്‍ !!

Mar 15, 2008

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

വിജയകൃഷ്ണന്റെ ലോകം എന്ന ബ്ലോഗില്‍ കണ്ട "എടത്തൂടെ എഴുന്നേറ്റാല്‍" എന്ന കുറിപ്പാണ് ഈ കമന്റിനാധാരം.

ദിവസത്തിന്റെ തുടക്കത്തില്‍ അസ്വസ്ഥരായി കാണുന്നവരോട്‌ നീയിന്നെന്താ എടത്തൂടാണോ എഴുന്നേറ്റത്‌ എന്നു ചോദിച്ചു കേട്ടിട്ടില്ലേ? അതിനെക്കുറിച്ചു മുത്തശ്ശി പറഞ്ഞതിങ്ങനെയാണ്‌. ..നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തികവലയങ്ങളുണ്ട്‌. ഒന്നു കാലില്‍ നിന്നു ശിരസ്സു വരേയും ശിരസ്സില്‍ നിന്ന്‌ കാലു വരേയും പ്രദക്ഷിണമായി പോകുന്നത്‌. രണ്ടാമത്തേത്‌ ശരീരത്തിന്റെ ഇടതുവശത്തുനിന്ന്‌ മുന്‍ഭാഗത്തു കൂടി വലത്തോട്ടും വലതു വശത്തുനിന്ന്‌ പിറകില്‍ക്കൂടി ഇടതുവശത്തേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ശരീരമാകുന്ന യന്ത്ര സജ്ജീകരണത്തിന്റെ നിലനില്‍പ്പ്‌ ആദ്യത്തെ വലയത്തെയും പ്രവര്‍ത്തനക്ഷമതയും ബലവും രണ്ടാമത്തെ വലയത്തേയും ആശ്രയിച്ചിരിക്കുന്നു.ഈ കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം കാന്തികവലയത്തിന്റെ winding ദൃഢപ്പെടുത്തും. മറിച്ചായാല്‍ ഈ വൈന്‍ഡിംഗ്‌ അഴിഞ്ഞ്‌ യന്ത്രസംവിധാനത്തിനു തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത്‌ ഈ വൈന്‍ഡിംഗ്‌ കൂടുതല്‍ ദൃഢമാക്കുകയും ആയതിനാല്‍ ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇടതുവശം തിരിഞ്ഞെണീറ്റാല്‍ ശരീരത്തിന്റെ കാന്തികവലയത്തിലെ ബലക്കുറവിനാല്‍ ശരീരത്തില്‍ താത്‌കാലികമായ അസ്വസ്ഥകള്‍ ഉണ്ടാകുന്നു. ഇതു മുത്തശ്ശിയുടെ ന്യായം...


വിജയകൃഷ്ണന്‍ ജീ എഴുതിയ അശാസ്ത്രീയ കുറിപ്പ് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അഭിപ്രായമാണ് എന്നൊരു ജാമ്യമെങ്കിലും ഉണ്ട്. എന്നാല്‍ ആ കുറിപ്പിനു വന്ന പിന്മൊഴികളില്‍ ആ വിഡ്ഢിത്തത്തെ ശാസ്ത്ര സത്യമായി ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കണ്ട് ഇട്ട കമന്റാണ് ഇത് :

സൂരജ് :: suraj said...
തുറന്നു പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുതേ...
ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളം ബ്ലോഗെഴുത്തുകാരെങ്കിലും കൂട്ടുനില്‍ക്കരുത് .

കാന്തികവലയം, പോസിറ്റീവ് എനര്‍ജിയുടെ ആവരണം, ഓറ എന്നിങ്ങനെയുള്ള വിഡ്ഢിത്തങ്ങളും അശാസ്ത്രീയ കല്പനകളും കൊണ്ട് സ്വന്തം ശരീരത്തെയും പ്രകൃതിയേയും രോഗത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ ഭയമുണ്ടാക്കാം എന്നല്ലാതെ ഒരു വിശേഷവുമില്ല.

ഇടതുവശം തിരിഞ്ഞെഴുനേറ്റാല്‍ അറ്റാക്കു വരാന്‍ സാധ്യത കൂടുതലുണ്ട് എന്ന് പറയുന്ന സഞ്ജുവിന് ആ വിവരം എവിടുന്നു കിട്ടിയെന്നു പറയാമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന ഏതെങ്കിലും പ്രൈമറി സ്കൂള്‍ പുസ്തകമെങ്കിലുംവായിച്ചാല്‍ തീരാവുന്ന ഒരു തെറ്റിദ്ധാരണയെ ഇങ്ങനെ ശാസ്ത്രമെന്നമട്ടില്‍ ഇവിടെ പ്രസ്താവിക്കുമ്പോള്‍ അത്രയും ഉത്തരവാദിത്വമെങ്കിലും ആവാം!

പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുന്ന ശാസ്ത്രീയ-ആചാരങ്ങള്‍ക്കൊക്കെ എന്ത് ശാസ്ത്ര പിന്തുണയാണാവോ ഉള്ളത് ?
മതപരമായ ആചാരങ്ങള്‍ക്കും പഴകിപ്പുളിച്ച പേക്കൂത്തുകള്‍ക്കുമൊക്കെ ശാസ്ത്രാടിസ്ഥാനമുണ്ടെന്ന മട്ടില്‍ ഏറെക്കാലമായി പ്രചാരണം നടക്കുന്നുണ്ട് നാട്ടില്‍. ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നു വാദിക്കുന്നവര്‍ ദയവ് ചെയ്ത് അത്തരം തെളിവുകള്‍ വിശദീകരിക്കുന്ന റെഫറന്‍സുകളോ ഗവേഷണ പേപ്പറുകളൊ ക്വോട്ട് ചെയ്യുക. ഒരുപാട് അന്ധകാരത്തില്‍ നിന്നു അറിവിന്റെ ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരു ജനതയാണ് നാം. വീണ്ടും ആ അന്ധകാരത്തിലേക്ക് തിരികെ കൊണ്ടുപോകരുതേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ‍.

പ്രിയാ ഉണ്ണികൃഷ്ണന്‍ എന്ന ബ്ലോഗര്‍ ഇതിന് ഇങ്ങനെ മറുപടി പറയുന്നു :

ഉത്തരം ലളിതം: എന്തുകൊണ്ട് ഇന്നത്തെ ജനത യോഗയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്നു എന്നു ചിന്തിക്കുക

ഇതിനു മറുപടിയായിട്ടാണ് ഈ കമന്റ് :


സൂരജ് :: suraj said...

പ്രിയാ ഉണ്ണികൃഷ്ണന്‍ ആദ്യ കമന്റില്‍ പറഞ്ഞത് ഇങ്ങനെയല്ലേ :
"..രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഭൂമിയില്‍ തൊട്ട് തൊഴണം, സ്ത്രീകള്‍ നിവര്‍ന്ന് കിടന്നു നമസ്കരിക്കരുത്, സന്ധ്യയ്ക്ക് ആഹാരം കഴിക്കരുത്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്... അതിലെല്ലാം തന്നെ സത്യങ്ങളും.."

ഇതിലെവിടെയാണ് ശാസ്ത്ര സത്യം എന്നു പറയുമോ? എന്നിട്ട് പോരെ യോഗയിലേക്ക് ആളുകള്‍ കൂടുതല്‍ വരുന്നതിന്റെ കാരണം തിരയുന്നത് ?

പിന്നെ, ഒരു പ്രത്യേക ജീവിത രീതിയോ ആചാരമോ ഇന്ന് ആളുകള്‍ കൂടുതലായി അനുധാവനം ചെയ്യുന്നു എന്നതൊന്നുമല്ല കേട്ടോ ഒരു സംഗതിയുടെ ശാസ്ത്രീയ വശമോ, ക്വാളിറ്റിയോ നിശ്ചയിക്കാനുള്ള അളവു കോല്‍. അങ്ങനെയാണെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ പണ്ടുള്ളതിന്റെ എത്രയോ ഇരട്ടിയായിട്ടുണ്ട് ഇന്ന്, എന്നു വച്ച് വേശ്യാവൃത്തി എന്നത് എന്തോ കിടിലന്‍ സംഭവമാണെന്ന് പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുമോ?

മനുഷ്യശരീരത്തിലെ ജലതന്മാത്രകളും, ഒരു പാട് ion-കളും diamagnetic ആണ് എന്നത് ഒരു ശാസ്ത്ര സത്യം. എന്നുവച്ച് മനുഷ്യശരീരത്തിലൂടെ നാം സാധാരണ കാണുന്ന കാന്തങ്ങളിലേതു പോലുള്ള ഒരു കാന്തിക വലയം കടന്നു പോകുന്നുവെന്നൊക്കെ പറഞ്ഞാല്‍ അത് വിവരക്കേടാണ്.

ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് ‘വടക്കോട്ട് തലവച്ചു കിടക്കരുത്’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നുമൊക്കെയുള്ള സ്റ്റുപ്പിഡ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ശാസ്ത്രീയം എന്ന പേരില്‍!
ഇതിന്റെ അടിസ്ഥാനത്തില്‍ മാഗ്നെറ്റോ തെറാപ്പി എന്നൊരു ചികിത്സാരീതി പോലുമുണ്ട്! ഇടയ്ക്കിടെ ടെലി ബ്രാന്റ് ഷോയിലും മറ്റും ഇതുപോലുള്ള കാന്ത-മാല, കാന്ത-ബെല്‍റ്റ് തുടങ്ങിയ ആനവിഡ്ഢിത്തങ്ങളും കാണാം.(സായിപ്പും അന്ധവിശ്വാസത്തില്‍ ഒട്ടും മോശമല്ലല്ലോ!!)

മാഗ്നെറ്റിസം എന്താണ് എന്നു പോലും ഒന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്യാതെ ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ 100% സാക്ഷരതയുണ്ടെന്നഭിമാനിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ എന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു!
ചുമ്മാതല്ല ഈ നാട്ടില്‍ പത്തിരുന്നൂറ് കൊല്ലം വിദേശികള്‍ കയറി നിരങ്ങി ഭരിച്ചത്!

അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷേ അറിവ് നേടാനുള്ള ഉപാധികള്‍ ഇങ്ങനെ വിരല്‍ തുമ്പില്‍ പരന്നു കിടക്കുമ്പോള്‍ അതിനു നേരെ കണ്ണടച്ചിട്ട് വിശ്വാസങ്ങളെ അന്ധമായി പിന്താങ്ങുന്നത് തെറ്റാണെന്നു മാത്രമല്ല പൂര്‍വികരോടും പില്‍ക്കാല തലമുറകളോടും വരെ ചെയ്യുന്ന മഹാപാതകം കൂടിയാണ്.
March 15, 2008 8:12 AM

ജിഹേഷ് ജി യുടെ ഈ കമന്റിനിട്ട മറുപടിയാണ് താഴെ :


പ്രിയ ജിഹേഷ് ജീ,

"...പക്ഷേ വടക്കോട്ട് തലവെയ്ക്കരുത് എന്നതില് എന്തെങ്കിലും ശാസ്ത്രം ഉണ്ടാകും എന്നു വിശ്വസിക്കാനാണു എനിക്കു താല്പര്യം.. ഒരു പക്ഷേ ഭൂമിയുടെ കാന്തിക മണ്ഡലം രക്തത്തിലെ അയേണിനെ സ്വാധീനിക്കുകയും തന്മൂലം രക്തപ്രവാഹത്തില് കൂടുതല് ഫ്രിക്ഷ്ന് ഉണ്ടാകുകയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമായിരിക്കും..."

താങ്കളുടെ പ്രൊഫൈലില്‍ കാണുന്നത് താങ്കള്‍ എഞ്ചിനിയറിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഒരാളാണെന്നാണ്. എന്നിട്ട് ഇത്ര ഉത്തരവാദിത്വമില്ലാതെ എങ്ങനെ ഈ ശാസ്ത്രാബദ്ധം ഇങ്ങനെ പറയാന്‍ കഴിയുന്നു ?! ഇന്റര്‍നെറ്റില്‍ എത്രയോ ശാസ്ത്ര വെബ്സൈറ്റുകളുണ്ടായിരുന്നു ഇതൊക്കെ വെരിഫൈ ചെയ്യാന്‍ ! ഒന്നും കണ്ടില്ലേ ?

മാഗ്നെറ്റിസത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ താങ്കള്‍ പത്താം ക്ലാസില്‍ പഠിച്ചിട്ടില്ലേ ? പ്ലസ് വണ്ണിലും ടൂവിലും മാഗ്നെറ്റിക് ഫില്‍ഡ് വച്ചുള്ള ഒരു പരീക്ഷണം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുവേണ്ടിയെങ്കിലും പഠിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു :))

(ഇത് എഞ്ചിനിയറിംഗും മെഡിസിനുമൊക്കെ പഠിച്ച് ഉന്നതബിരുദമെടുത്തിട്ടും ഫൂഷ്വേയും ജ്യോത്സ്യവും കാന്തചികിത്സയേയും പോലുള്ള എന്തിനേയും അന്ധമായി വിശ്വസിക്കുന്ന എല്ലാവരോടും ചോദിക്കേണ്ട ചോദ്യമാണ്)

മാഗ്നെറ്റിക് ആയ ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ closed ആയ current loop-കള്‍ ഉണ്ട്. ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളില്‍ ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരൊ കറണ്ട് ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) ഉണ്ട്.

ഒരു സ്ഥായിയായ magnetic dipole moment ഉള്ള വസ്തുവിലാണ് ഫെറോമാഗ്നെറ്റിസം കാണുന്നത്.ഫെറോമാഗ്നെറ്റ് എന്നാല്‍ സ്വയമേവ കാന്തമാകാന്‍ കഴിവുള്ള വസ്തുക്കള്‍. ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാല്‍ ഉണ്ടാക്കുന്ന ഫെറോമാഗ്നെറ്റുകളിലെ ion-കള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവയ്ക്ക് Pauli-യുടെ exclusion principle വച്ചു നോക്കുമ്പോള്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ (unpaired electrons) ഉണ്ണ്ടെന്നു കാണാം. ഉദാഹരണത്തിന് കാന്തിക ഇരുമ്പിന്റെ രണ്ട് 'ഒറ്റയാന്‍' ഇലക്ട്രോണുകളെ ഓര്‍ക്കുക. ഇരുമ്പിന്റ്റെയും അതുപോലുള്ള ഫെറോമാഗ്നെറ്റിക് (സ്വയമേവ കാന്തമായ) വസ്തുക്കളുടെയും സകല മാഗ്നെറ്റിക് കളികളും ഈ ഒറ്റയാന്‍ ഇലക്ട്രോണുകളുടെ magnetic dipole moment-നെ ആശ്രയിച്ചാണിരിക്കുന്നത്. കാന്തമായ ഒരു കഷ്ണം ഇരുമ്പിലെ ശതകോടിക്കണക്കിനു ആറ്റങ്ങളിലെ ജോഡിയില്ലാ-ഇലക്ട്രോണുകള്‍ തങ്ങളില്‍ ഉള്ള ഒരു self-aligning പാരസ്പര്യമാണ് കാന്തത്തെ കാന്തമാകുന്നത്. ഇത്തരത്തില്‍ സ്വയമേവ align ചെയ്ത് magnetic domain-കള്‍ ഉണ്ടാകാനൊന്നുമുള്ള കപ്പാസിറ്റി ശരീരത്തില്‍ ചിതറിക്കിടന്ന് ഒഴുകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരു ion-നുമില്ല !

ഒന്നാമത് , ശരീരത്തിലെ ഇരുമ്പ് ഫെറോമാഗ്നെറ്റിക് അല്ല ...! ശരാശരി മനുഷ്യശരീരത്തില്‍ ആകപ്പടെ ഉള്ളത് 4 ഗ്രാം ഇരുമ്പാണ് ! ഹ ഹ ഹ!

ഹീമോഗ്ലോബിനും ഹീമോസിഡറിനും ഫെറിറ്റിനുമൊക്കെയായി ശരീരത്തില്‍ കാണുന്ന ഈ ഇരുമ്പ് ഏറിയ കൂറും പാരാമാഗ്നെറ്റിക് ആണ്. ഒരുകഷ്ണം ഇരുമ്പ് മാഗ്നെറ്റ് ആകുമ്പോള്‍ അതിലെ മുഴുവന്‍ ജോഡിയില്ലാ-ഇലക്ട്രോണുകളുടെയും axis-കള്‍ പുറമേ നിന്നും കൊടുക്കുന്ന ഫീല്‍ഡിന്റെ അതേ ദിശയിലാകുന്നു. ഇതിനെ മാഗ്നെറ്റിക് സാച്ചുറേഷന്‍ എന്നു ലളിതമായി പറയാം. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ മാഗ്നെറ്റിക് സാച്ചുറേഷനിലെത്തുമ്പോഴേ ഫെറോമാഗ്നെറ്റുകളെപ്പോലെ സ്വയം കാന്തിക ശേഷിയുള്ളതായി മാറൂ.. ശരീരത്തിലെ ഇരുമ്പോ മറ്റു ലോഹങ്ങളുടെയോ തന്മാത്രകളോ ചാര്‍ജ്ജുള്ള അയോണുകളോ ഒന്നും ദുര്‍ബലമായ ഒരു കാന്തിക ഫീല്‍ഡ് ഉളവാക്കാന്‍ പോലുമുള്ള alignment ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

കാരണം :

1) ശരീരത്തിലെ അയോണുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഏറിയപങ്കും സഞ്ചരിക്കുന്നത്.

2) ഇവയെ കൃത്യമായ ഒരു ദിശയിലേക്ക് കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകാനോ ഒരു ഫീല്‍ഡ് സൃഷ്ടിക്കാനോ ഒന്നും നമ്മുടെ രക്തത്തിനോ മറ്റു സ്രവങള്‍ക്കോ കഴിവില്ല.

3) ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, തെര്‍മല്‍ ചലനം (thermal motion) കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ തെര്‍മല്‍ ചലനത്തെ ആദ്യം അടക്കിയാല്‍ മാത്രമേ തന്മാത്രകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ ഒന്ന് align ചെയ്ത് മാഗ്നെറ്റിക് ഡൊമെയിനുകള്‍ സൃഷ്ടിക്കാനും മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കാനും കഴിയൂ. നമ്മുടെ തെര്‍മല്‍ ചലനത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ മനുഷ്യശരീരത്തെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ലബോറട്ടറി കണ്ടീഷനുകളില്‍ പോലും വളരെ ശ്രമകരമാണ് ഇതെന്നിരിക്കെ ജീവനോടെയുള്ള ഒരു ശരീരത്തില്‍ ഇങ്ങനെ ഡൊമെയിനുകളെ ഉണ്ടാക്കുന്നതെങ്ങനെ ?

ആറ്റങ്ങളുടെ മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റിന്റെ ആയിരക്കണക്കിനിരട്ടി ദുര്‍ബലമായ മറ്റൊരു magnetic moment കാണിക്കുന്നുണ്ട് അവയുടെ ന്യൂക്ലിയസുകള്‍. ഇത് പ്രോട്ടോണുകളാല്‍ ഉളവാകുന്നതാണ്. ശരീരത്തിലെ ജലതന്മാത്രകളിലെ ഈ പ്രോട്ടോണുകള്‍ക്ക് അതിശക്തമായ ( പലപ്പൊഴും 1.5 Tesla-ക്കു മേല്‍ വരുമേ ഇത് ) മാഗ്നെറ്റിക് ഫീല്‍ഡിനുള്ളില്‍ ഉണ്ടാകുന്ന alignment വ്യതിയാനവും ഫീല്‍ഡ് മാ‍റുമ്പോഴുള്ള ഉര്‍ജ്ജ വ്യതിയാനവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ടാണ് നമ്മുടെ MRI scan യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ചുവന്ന കോശങ്ങളിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ നിരോക്സീകരിക്കപ്പെട്ട അവസ്ഥയില്‍ പാരാമാഗ്നെറ്റിക്കും, ഓക്സിജനെ വഹിക്കുമ്പോള്‍ ഡയാമാഗ്നെറ്റിക്കുമാണ്. ഈ തത്വമുപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മള്‍ എം.ആര്‍.ഐ. സ്കാനുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിന്റെ ചിത്രമെടുക്കുന്നത്. ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് ഏതാണ്ട് 0.00006 Tesla ആണെങ്കില്‍ ഒരു എം.അര്‍.ഐ സ്കാന്‍ ഉളവാകുന്നത് ഇതിന്റെ പതിനായിരം മടങ്ങിലേറെ വരും. ഇ പോസ്റ്റിലും പല കമന്റുകളിലും പറയും പോലെ മനുഷ്യശരീരത്തിന് സ്വന്തമായി ഒരു കാന്തിക ഫീല്‍ഡ് ഉണ്ടെങ്കില്‍ ഒരു എം.ആര്‍.ഐ സ്കാനെടുക്കൊമ്പോഴേക്ക് രോഗി പൊട്ടിത്തെറിച്ചു കഷ്ണം കഷ്ണമാകണമല്ലോ !!

കണക്കും ഫിസിക്സും കണ്ടു കണ്ണുതള്ളി ബയോളജിയെടുത്ത് പഞ്ചായത്തുവിട്ട ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒരു എഞ്ചിനിയറെ ഇതൊക്കെ പഠിപ്പിച്ചു കളയാമെന്നു കരുതി പറഞ്ഞതല്ല. പക്ഷേ സ്കൂള്‍ കാലത്തെ അറിവുകള്‍ പോലും നിത്യ ജീവിതത്തിലുപയോഗിക്കാതെ 'അതു വിശ്വസിക്കാനാണിഷ്ടം, ഇതുവിശ്വസിക്കാനാണിഷ്ടം' എന്നു പുലമ്പുന്ന മനുഷ്യരാണ് ഇന്ത്യ എന്ന അപാരമായ പൊട്ടന്‍ഷ്യലുകളുള്ള ഒരു രാജ്യത്തിന്റെ ശാപം എന്നു മനസിലാക്കുന്നതുകൊണ്ട് പറഞ്ഞു പോയി എന്നുമാത്രം. ക്ഷമിക്കുക!
March 16, 2008 2:46 PM