The contents of this blog and the language used herein are "mature" and suited only for "grown-ups".

Sep 20, 2010

കുട്ടിസ്രാങ്ക് : കലയും കലാപവും“പ്രപഞ്ചത്തിന്റെ സൃഷ്ടി-സംരക്ഷണങ്ങൾക്ക് ഒരു ദേവതയുടെ ആവശ്യമില്ല എന്നിടത്തോളം ബുദ്ധിസം ഒരു നിരീശ്വരവാദാശയമാണ്; പ്രാകൃതികമായ ഒരു ഉദ്ഭവവും നാശവും അതു പ്രപഞ്ചത്തിനു കല്പിക്കുന്നു. ആനന്ദത്തിന്റെ ഇടമായി ആരംഭിച്ച ലോകം ആഗ്രഹങ്ങൾക്കടിപ്പെട്ട മനുഷ്യന്റെ പ്രവർത്തികൾ മൂലം ദുരിതമയമാക്കപ്പെട്ടതെങ്ങനെ എന്നതിനെപ്പറ്റിയാണ് ബുദ്ധൻ സംസാരിച്ചത്. ആരാധ്യ മൂർത്തിയുമായി ബന്ധപ്പെട്ട വൈദിക ബ്രാഹ്മണപാഠങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടു. മൃഗങ്ങളെ കുരുതികൊടുക്കുന്ന ആചാരങ്ങളെ ബുദ്ധൻ എതിർത്തു. അധികാരകേന്ദ്രങ്ങളുടെയും രാഷ്ട്രത്തിന്റെയും ഉദ്ഭവം ആരാധനാമൂർത്തികളിൽ നിന്നാണെന്ന വൈദിക സങ്കല്പത്തിൽ നിന്നുള്ള കുതറിമാറലായിരുന്നു ബുദ്ധിസം ഒരർത്ഥത്തിൽ. കുടുംബത്തിന്റെ സ്ഥാപനം, കാർഷികഭൂമിയുടെ മേലുള്ള ഉടമസ്ഥത എന്നിവ പൌരസമൂഹത്തിൽ കലഹങ്ങളുണ്ടാക്കുന്നു; കലഹങ്ങൾ നിയന്ത്രിക്കാനും സംരക്ഷണത്തിനും ഭരണകർത്താക്കളെയും നിയമങ്ങളെയും ആവശ്യമായി വരുന്നു. നിയമവ്യവസ്ഥയിലേക്കുള്ള സമൂഹത്തിന്റെ ക്രമമായ പരിണാമത്തെ യുക്തിയോടെ ബുദ്ധൻ വിശദീകരിക്കുന്നതിങ്ങനെയാണ്. ഭരണസംവിധാനമെന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയും ജനങ്ങളും തമ്മിലെ കരാർ മാത്രമാണ്. ചക്രവർത്തി എപ്പോഴും നിയമചക്രത്തോടൊപ്പമാണു കാണപ്പെടുന്നത്. അള്ളിപ്പിടിച്ചു കയറിപ്പറ്റാനുതകുന്ന വിപുലമായ വംശാവലികളൊന്നും അതിലുണ്ടായിരുന്നില്ല.പടയോട്ടങ്ങൾക്ക് പ്രചോദനമാകുന്ന മാതൃകകളിൽ നിന്ന് അവ വ്യതസ്തമായിരുന്നു. ആത്മാവിന്റെ അസ്തിത്വത്തെ നിഷേധിച്ച ബുദ്ധ സങ്കല്പം സംസാരത്തിന്റെയും കർമ്മത്തിന്റെയും ബ്രാഹ്മിണിക്കൽ അർത്ഥങ്ങളെ പുനർനിരവചിക്കുകയാണു ചെയ്തത്. കർമ്മത്തെ അതിന്റെ വർണാശ്രമച്ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് ബുദ്ധൻ അതിനെ പ്രവർത്തിയുടെ ശുദ്ധിയുമായി ചേർത്ത് വിളക്കി. ബുദ്ധന്റെ ഉപദേശങ്ങൾക്ക് ഒരു തോണിയുമായി താരതമ്യമുണ്ട്. അതിലേറി ജീവിതനദി കടക്കാം; പക്ഷേ തോണിയെ കരയിൽ ഉപേക്ഷിക്കണം, അതിൽ കയറി മറ്റൊരു വ്യക്തിക്ക് ഇക്കരെയെത്താനുള്ളതാണല്ലോ. ”
- റോമിള ഥാപ്പർ [1]വാനപ്രസ്ഥത്തിന്റെ ഒരു ദശകത്തിനിപ്പുറമാണു ഷാജി.എൻ.കരുൺ കുട്ടിസ്രാങ്കുമായി വന്നത്. ബോക്സോഫീസിലും കലാമുല്യം റാത്തൽ കണക്കിൽ തൂക്കിനോക്കി അംഗീകാരം പതിച്ചുകൊടുക്കുന്ന പ്രാദേശിക ജൂറികളുടെ മുന്നിലും ചിത്രം പരാജയപ്പെട്ടുവെന്നു തന്നെ പറയാം. കാലികമായതൊന്നുമില്ല എന്ന ന്യായം പറഞ്ഞാണു നമ്മുടെ അവാഡ് കമ്മറ്റിക്കാർ കുട്ടിസ്രാങ്കിനെ തള്ളിയതെന്നാണു കേട്ടത്. കാലികമായതെന്തെങ്കിലും കണ്ടിട്ടാണോ അതോ ക്യാമറാവർക്കിന്റെയും സാങ്കേതികജോലികളുടെയും മേന്മ മൂലമാണോ മോണ്ട്രിയൽ ഫിലിം ഫെസ്റ്റിവലടക്കമുള്ള വിദേശസിനിമാഘോഷങ്ങളിൽ സ്രാങ്ക് ശ്രദ്ധിക്കപ്പെട്ടത് എന്ന് വ്യക്തവുമല്ല. ഒന്നുമാത്രം പറയാം – കലാകാരനുദ്ദേശിച്ചത് ആസ്വാദകനിലേക്കെത്തുമ്പോൾ സൃഷ്ടി കലയാകുന്നു. അതിനുമപ്പുറം ചിലതുകൂടി ആസ്വാദകനിലെത്തുമ്പോൾ ആ കല കലാപമാകുകയും ചെയ്യാം. സ്രാങ്കിൽ അങ്ങനെയൊരു കലാപസാധ്യതയുണ്ട്.

കലാമുല്യമുള്ള ലോകസിനിമകളും സാഹിത്യവും ഒരു ശീലമായ മലയാളിക്ക് സ്ഥല-കാലങ്ങളുടെ അതിർത്തിലംഘിക്കുന്ന സങ്കേതങ്ങൾ അപരിചിതമല്ല. ഫാന്റസിയെയും യാഥാർത്ഥ്യത്തെയും ഇഴചേർക്കുന്ന മാജിക്കൽ റിയലിസങ്ങളും നമുക്ക് പുതിയതല്ല. പക്ഷേ ഇത്ര ബൃഹത്തായ ഒരു പശ്ചാത്തലത്തിൽ ഈ സങ്കേതങ്ങളെയെല്ലാം ചേർക്കുകയും ചരിത്രത്തെ പല അടരുകളിലായി ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന ഒരു ചലച്ചിത്രം ഇതാദ്യ അനുഭവമായിരിക്കണം.

സ്രാങ്കിന്റെ കഥ അതിന്റെ ഉപരിപ്ലവതയിൽ മാത്രം നോക്കിയാൽ ലളിതമാണ്. ചവിട്ടു നാടകത്തിന്റെ വേഷഭൂഷാദികളോടെ കുട്ടിസ്രാങ്കിന്റെ (മമ്മൂട്ടി) ജഡം കടൽക്കരയിലടിയുന്നു. പൊലീസ് (ശ്രീകുമാറും സഹനടന്മാരും) ഒരു താൽകാലിക കെട്ടിടത്തിൽ ജഡം സൂക്ഷിച്ച് ഇൻ‌ക്വസ്റ്റു തയാറാക്കുന്നു. അവിടെ സ്രാങ്കിനെ പരിചയമുള്ള മൂന്ന് സ്ത്രീകൾ വന്ന് അവരവർക്ക് സ്രാങ്കിനെപ്പറ്റിയുള്ള ചിത്രം നൽകുന്നു. സ്ഥലകാലപ്പൊരുത്തമോ സ്ഥിരതയോ ഇല്ലാത്ത മൂന്ന് ചരിതങ്ങൾ.

ഡോക്ടറും ബുദ്ധഭിക്ഷുവുമായ രേവമ്മ (പദ്മപ്രിയ) പറയുന്നതനുസരിച്ച് ഉത്തര മലബാറിലെ ഒരു കരയിൽ കുട്ടിസ്രാങ്ക് തുറയരയരുടെ മൂപ്പന്റെ കങ്കാണിയാണ്. നാടുവാഴിയായ മൂപ്പന്റെ അളവില്ലാത്ത ക്രൂരതകൾക്ക് അരുനിൽക്കുന്നവൻ അച്ഛന്റെ കൈയ്യാലുള്ള അമ്മയുടെ മരണവും അയാളുടെ ചോരക്കളികളും ഉണ്ടാക്കിയ മാനസികാഘാതങ്ങളുമായി ജീവിക്കുന്ന, ശ്രീലങ്കയിൽ വൈദ്യം പഠിക്കാൻ പോയ മൂപ്പന്റെ മകൾ രേവമ്മ. ബുദ്ധസന്യാസം സ്വീകരിച്ച പ്രസന്ന എന്ന സഹപാഠിയുമായി അവൾ പ്രണയത്തിലാണ്. അയാളോടൊത്ത് സന്യാസം സ്വീകരിക്കാൻ ഗയയിലേക്ക് പോകാനാണവളാഗ്രഹിക്കുന്നത്. എന്നാൽ വിവാഹവും കഴിച്ച് തന്റെ സ്വത്തുക്കൾക്ക് അനന്തരാവകാശികളെ സൃഷ്ടിച്ച് മകൾ കഴിഞ്ഞുകൂടണമെന്നാണ് മൂപ്പൻ ആഗ്രഹിക്കുന്നത്. രേവമ്മയോട് അനുകമ്പയുള്ള അവളുടെ ചെറിയച്ഛനും ചെറിയമ്മയും ചേർന്ന് പ്രസന്നയെ മൂപ്പനിൽ നിന്ന് ഒളിച്ചുതാമസിപ്പിക്കുന്നുവെങ്കിലും കുട്ടിസ്രാങ്ക് പ്രസന്നയെ കണ്ടെത്തി മർദ്ദിച്ചവശനാക്കുന്നു. പിന്നീട് രേവമ്മയുടെ സങ്കടക്കഥകളിൽ അലിവാർന്നും ബുദ്ധഭിക്ഷുവിന്റെ അപാരമായ ഭൂതദയയിൽ ആകൃഷ്ടനായും സ്രാങ്ക് അവരുടെ സംരക്ഷണമേൽക്കുന്നു. എന്നാൽ ഇതു കണ്ടെത്തുന്ന മൂപ്പൻ കിങ്കരന്മാരെ വിട്ട് പ്രസന്നയെ പിടിക്കുന്നു. തന്നോടു കാണിച്ച വിശ്വാസവഞ്ചനയ്ക്ക് സ്രാങ്കിനെ ശിക്ഷിക്കുന്നത് അറവ് മാടുകളുടെ അവശിഷ്ടം കടലിൽ കൊണ്ടുതള്ളാൻ സ്രാങ്കിനെ ഏൽ‌പ്പിക്കുന്ന കൂട്ടത്തിൽ ഒരു ചാക്കിൽ പാതി ജീവനായിക്കിടക്കുന്ന പ്രസന്നയുടെ ശരീരവും ഏല്പിച്ചുകൊണ്ടാണ്. പാപബോധത്താൽ വേട്ടയാടപ്പെട്ട് രേവമ്മയുമായി സ്രാങ്ക് ഒരു ദ്വീപിലേക്ക് ഒളിച്ചോടുന്നു, അവിടെ അവളെ ഒരു മുതിർന്ന സ്ത്രീയോടൊപ്പം സുരക്ഷിതമാക്കുന്നു.

സ്റ്റേഷനിലേക്ക് കടന്ന് വരുന്ന പെമ്മേണ (കമാലിനി മുഖർജി) പറയുന്ന കഥയനുസരിച്ച് സ്രാങ്ക് എറണാകുളത്തെ ഒരു തീരദേശഗ്രാമത്തിൽ “ജാതിയോ മതമോ ദൈവമോ ഇല്ലാതെ” കഴിഞ്ഞ ഒരു ബോട്ടോട്ടിപ്പുകാരനാണ്. തന്റെ ചേട്ടനും തുറയിലെ ചവിട്ടുനാടകസംഘത്തിന്റെ ആശാനുമായ ലോനിയുടെ (സുരേഷ്കൃഷ്ണ) പ്രിയ ശിഷ്യനും കലാകാരനും. പെമ്മേണയുടെ ആരാധനാ മൂർത്തി. കാറൽമാൻ ചരിതം ചവിട്ടു നാടകത്തിൽ ഏറ്റവും പ്രധാനപ്പെട്ട റോൾദാന്റെ വേഷം കെട്ടാൻ സ്രാങ്കിനു നിയോഗമെത്തുമ്പോൾ ആ വേഷത്തിൽ മുൻപേ കണ്ണുവച്ച ജ്വോപ്പൻ (ഇയാൾ ഇതേ നാടകത്തിൽ സ്ത്രീവേഷം കെട്ടിയിരുന്നയാളാണ്) ലോനിയാശാനുമായി പിണങ്ങുന്നു. ദൈവമോ മതമോ ഇല്ലാതെ നടക്കുന്ന സ്രാങ്കിനെ പണ്ടേ കണ്ണിൽ‌പ്പിടിക്കാത്ത പള്ളിവികാരി യോനൂസച്ചനുമായി (സിദ്ദിഖ്) ചേർന്ന് നാടകത്തിൽ നിന്ന് സ്രാങ്കിനെ പുറത്താക്കാനും പെമ്മേണയെ സ്വന്തമാക്കാനും ജ്വോപ്പൻ വലനെയ്യുന്നു. പകയുടെ പാരമ്യത്തിൽ നാടകത്തിനിടയിലെ ഒരു കുരിശുയുദ്ധ രംഗത്തുവച്ചു ജ്വോപ്പന്റെ കൂട്ടാളി സ്രാങ്കിനെ കുത്താൻ ശ്രമിക്കുന്നു. ലോനിയാശാൻ മദ്യത്തിനൊപ്പം വിഷം ഉള്ളിൽചെന്ന് മരിക്കുകയും ചെയ്യുന്നു. പകരം വീട്ടാൻ ജ്വോപ്പനെ സ്രാങ്ക് തേടുന്നുവെങ്കിലും ജ്വോപ്പനും വിഷം തീണ്ടി മരിച്ച വാർത്ത പരന്നതോടെ സ്രാങ്ക് ആ കര വിടുന്നു.

ബധിരയും മൂകയുമായ കാളിയാണു (മീനാ കുമാരി) പിന്നീട് സ്രാങ്കിന്റെ കഥ പറയാൻ ‘സ്റ്റേഷ’നിലെത്തുന്നത്. അവളെ സ്രാങ്ക് സംരക്ഷിച്ചിരുന്നെന്നും സ്രാങ്കിന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും സഹായിത്തള്ളയിൽ നിന്ന് എല്ലാരുമറിയുന്നു. ഉണ്ണിത്താനെന്ന (സായികുമാർ) തകർന്നുകൊണ്ടിരിക്കുന്ന ഭൂപ്രഭുവിന്റെ നാട്ടിലെ വിഷവൈദ്യന്റെ മകളും നാട്ടുകാരുടെയും ഉണ്ണിത്താന്റെയും കണ്ണിൽ ദുശ്ശകുനവുമായ കാളിയുടെ കഥ വികസിക്കുന്നത് ഉണ്ണിത്താന്റെ കുടിയനായ മകന്റെ ഭാര്യ നളിനി (വാഹിദ) എഴുതുന്ന നോവലിലൂടെയാണ്. സ്രാങ്ക് ഉണ്ണിത്താന്റെ പഴയകാല പരിചയക്കാരനും ശിങ്കിടിയുമാണ്. യാദൃച്ഛികമായി ഒരു ഉത്സവത്തിനെഴുന്നള്ളിക്കാനുള്ള “കെട്ടുകുതിര”കളിലൊന്ന് ചങ്ങാടം മറിഞ്ഞ് വെള്ളത്തിൽത്താഴുമ്പോൾ ഉണ്ണിത്താനെ രക്ഷിക്കാനുള്ള നിയോഗം സ്രാങ്കിനാണ്. ഉണ്ണിത്താന്റെ വിശ്വസ്തനായി വീണ്ടും കൂടുന്ന സ്രാങ്ക് അയാളുടെ അന്ധവിശ്വാസങ്ങളിലെ ഭീതിസ്വപ്നമായ കാളിയെ വകവരുത്തുമെന്ന് മദ്യലഹരിയിൽ പ്രഖ്യാപിക്കുന്നു.എന്നാൽ കഥകളിലെ ദുർദ്ദേവതയായ കാളിയെപ്പറ്റിയുള്ള സ്രാങ്കിന്റെ സങ്കല്പം തകരുന്നതോടെ അയാൾ അവളെ വെറുതേ വിടുന്നു. പാമ്പുകടിയേറ്റ സ്രാങ്കിനെ കാളി ചികിത്സിക്കുന്നു. അവളുടെയും സംരക്ഷകനാകുന്ന സ്രാങ്ക് അവളെ വേൾക്കാനുമാഗ്രഹിക്കുന്നു. തന്റെ കുടുംബത്തിന് വന്നുചേരുന്ന ദുരവസ്ഥകൾക്കെല്ലാം കാരണം കാളിയാണെന്ന് വിശ്വസിക്കുന്ന ഉണ്ണിത്താനും മകനും കാളിയെ ആൾക്കുരുതിയായി നൽകിയാൽ അതു മാറുമെന്നും കരുതുന്നുണ്ട്. അങ്ങനെയൊരു ശ്രമം നടക്കുന്നതിനു തൊട്ടുമുൻപ് സ്രാങ്കിനെയും കാളിയെയും സ്ഥലംവിട്ടോളാൻ മുന്നറിയിപ്പ് നൽകിയിട്ട് ഉണ്ണിത്താന്റെ മരുമകൾ നളിനി ആൾക്കുരുതിക്ക് തന്റെ ശരീരമാകട്ടെയെന്ന് എഴുതിവച്ചിട്ട് ആത്മഹത്യചെയ്യുന്നു.

മൂന്നു സ്ത്രീകൾ ഒത്തുചേരുന്ന ‘പൊലീസ് സ്റ്റേഷ’നിൽ സ്രാങ്കിന്റെ മൂന്ന് വ്യക്തിക്ത്വങ്ങൾ ചേർച്ചയില്ലാതെ വികസിക്കുന്നു. ജ്വോപ്പനെ വിഷം കൊടുത്തു കൊന്നത് താനാണെന്ന് പെമ്മേണ കുറ്റമേൽക്കുന്നു, സ്രാങ്കിനെ മരണാനന്തരം കുറ്റവിമുക്തനാക്കുന്നു. കാളിയെ തന്റെയൊപ്പം കൊണ്ടുപോകുന്ന രേവമ്മ അവളുടെ വയറ്റിലെ സ്രാങ്കിന്റെ കുട്ടിയുടെ ഹൃദയമിടിപ്പിലേക്ക് കാതു ചേർക്കുന്നു.


കാലദേശങ്ങളുടെ മതിൽഭേദനം
മൂന്നു കാലത്തിലായാണ് കഥാഖണ്ഡങ്ങൾ സംഭവിക്കുന്നത്, ഒരുപക്ഷേ ഏതാനും ദശകങ്ങളുടെ അകലമുള്ളതാണ് ഇതിലെ ഭാഗങ്ങൾ നടക്കുന്ന ഓരോ കാലഘട്ടവും. കഥാഖണ്ഡങ്ങളുടെ കാലഘട്ടം (period) പ്രസക്തമാണ് പക്ഷേ കാലം (time) പ്രസക്തമല്ല. ഈ വൈരുദ്ധ്യം സൂക്ഷ്മമായി വിളക്കിച്ചേർത്തിരിക്കുന്നു. കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ വന്നുപോകുന്നു, സമൃദ്ധമായി - പായ്ക്കപ്പൽ മുതൽ ആകാശവാണിയുടെ മലയാളവാർത്താപ്രക്ഷേപണം വരെ, തുഴവള്ളം മുതൽ ആധുനിക കടത്തു ബോട്ടുകളും ടാറിട്ട റോഡുകളും വരെ. എന്നാൽ കഥാരൂപത്തിൽ കാലത്തെ/സമയത്തെ വ്യക്തമാക്കുന്ന ഒന്നും അവശേഷിപ്പിക്കുന്നില്ല – ഒരു കലണ്ടറോ നാഴികമണിയോ പോലും. അവ്യക്തമായ പരാമർശങ്ങളുള്ള ഋതുക്കൾ മാത്രമാണ് ആകെ കാലത്തെ സൂചിപ്പിക്കുന്നത്.

മൂന്നു സ്ഥലത്തായാണു കഥയുടെ മൂന്നു ഭാഗങ്ങൾ നടക്കുന്നത്. ആദ്യത്തേത് കാസർഗോഡിനടുത്ത ഒരു തീരദേശത്ത്, രണ്ടാമത്തേത് എറണാകുളം ജില്ലയിലെ തീരദേശക്രൈസ്തവരുടെ ഒരു സമൂഹത്തിൽ, മൂന്നാമത്തേത് കുട്ടനാട് ഭാഗത്തെ ഒരു കായൽത്തീരത്ത്. സ്ഥലത്തെ അപ്രധാനമാക്കുന്ന മൂന്ന് കാര്യങ്ങളുണ്ട് : സമൃദ്ധമായ, കാലാതിവർത്തിയായ, കടലോ കായലോ എന്ന് വേർതിരിയാത്ത ജലത്തിന്റെ സാന്നിധ്യമാണ് അതിലൊന്ന്. കഥത്തുടർച്ചയുടെ മുഖ്യകണ്ണിയായിട്ടും സ്ഥലത്തിനനുസരിച്ച് ഒരു തട്ടുതടയലുമില്ലാതെ മാറുന്ന കുട്ടിസ്രാങ്കിന്റെ സംസാരംഭാഷയാണ് രണ്ടാമത്തേത് – ഉത്തരമലബാറിൽ കന്നടയുടെ സാന്നിധ്യം കിനിയുന്ന മലയാളവും എറണാകുളത്ത് ലത്തീൻ കത്തോലിക്കരുടെ അരയഭാഷയും, കുട്ടനാട്ടിൽ മധ്യ തിരുവിതാങ്കൂർ ചുവയുള്ള പേച്ചും. മൂന്നാമത്തേത് മൂന്ന് തീരങ്ങളിലെയും സ്രാങ്കിന്റെ കൂട്ടുകാരികൾ എവിടെനിന്നെന്നില്ലാതെ വന്നണയുന്ന, കുട്ടിസ്രാങ്കിന്റെ മരണാനന്തര വിചാരണകൾക്ക് വേദിയാവുന്ന പൊലീസിന്റെ മഹസറെഴുത്ത് രംഗവും ആ താൽക്കാലിക സ്റ്റേഷനും.


കഥാപാത്രങ്ങൾ

സ്രാങ്ക് ഒരു പ്രതീകമായിട്ടാണ് മൂന്നുസ്ഥലങ്ങളിലും മൂന്ന് കാലങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്. എന്തിന്റെ പ്രതീകം എന്നത് കാഴ്ചക്കാരനു വിട്ടുകൊടുത്തുകൊണ്ടുള്ള അസ്പഷ്ടതയുടെ ഒരു കളി ചലച്ചിത്രകാരൻ നടത്തുന്നുണ്ട്. സ്രാങ്ക് ഒരു മതവിശ്വാസത്തെയും പിൻപറ്റുന്നവനല്ല. ഒരു ദേവതയെയും ആരാധിക്കുന്നില്ല. ‘ആകാശമിഠായി’യെന്ന പോലൊരു പേരിൽ അയാൾ ഒരു പൈതൃകവും ഒളിപ്പിച്ചുവയ്ക്കുന്നുമില്ല

ബുദ്ധസന്യാസിയെ അയാൾ അടിച്ചവശനാക്കുന്നുണ്ട്. പിന്നീട് പശ്ചാത്തപിക്കുമ്പോഴും സന്യാസിയുടെ സ്നേഹമേ അയാളെ ആകർഷിക്കുന്നുള്ളൂ, മത ദർശനമല്ല. കപ്പേളയ്ക്കുമേൽ കൂറ്റൻ കുരിശു നിർമ്മിക്കുമ്പോൾ അത് വലിച്ചുകയറ്റാൻ നാട്ടുകാരോടൊപ്പം അയാളും പരിശ്രമിക്കുന്നുണ്ട്, അതിന്റെ ആവേശത്തിൽ പങ്കുചേരാതെ തന്നെ. അതേ സ്രാങ്ക് പള്ളിവികാരിയോട് “താൻ പുളുത്തും” എന്ന് കൈമുട്ടു മടക്കി ആംഗ്യം കാണിച്ച് വിരട്ടുന്നു. ഉണ്ണിത്താന് നല്ലതുവരാൻ ആൾക്കുരുതിക്ക് കാളിയെ മതിയെങ്കിൽ അത് താൻ ചെയ്യുമെന്ന് സ്രാങ്ക് പ്രഖ്യാപിക്കുന്നുണ്ട്, കാളിയെ സ്നേഹിക്കുമ്പോൾ അവൾക്കായി സർപ്പക്കാവിൽ മഞ്ഞൾ കൊണ്ട് എറിയുന്നതും സ്രാങ്കാണ്. പക്ഷേ രണ്ടും അയാളെക്കൊണ്ട് ചെയ്യിക്കുന്നത് സഹജവികാരമായ ‘വിശ്വസ്തത’യാണ്.

മൂർത്തികളിലധിഷ്ഠിതമായ ഒരു അധികാരകേന്ദ്രത്തെ നിലനിർത്താനും ശക്തിപ്പെടുത്താനുമാണു സ്രാങ്കിന്റെ ചുറ്റുമുള്ള സമൂഹം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പിടി അയയുമ്പോഴെല്ലാം അത് ‘ധർമ്മ സംസ്ഥാപനാർത്ഥം’ ഇടപെടുന്നു, എല്ലാ ഉപാധികളുമുപയോഗിച്ച് അധികാരം അതിന്റെ പിടി മുറുക്കുന്നു. അത് മൂപ്പന്റെ ഗുണ്ടകളിലൂടെയാകാം, വികാരിയച്ചന്റെ നരകശിക്ഷാ മുന്നറിയിപ്പിലൂടെയാകാം, അന്ധവിശ്വാസിയായ ഫ്യൂഡൽ പ്രഭുവിന്റെ മന്ത്രവാദങ്ങളിലൂടെയാകാം.

രേവമ്മയെ “തട്ടിക്കൊണ്ടുപോയ” സ്രാങ്കിനെത്തേടി കാസറഗോഡൻ മൂപ്പന്റെ കിങ്കരന്മാർ മൂന്ന് കഥാഭാഗത്തും വരുന്നുണ്ട്. രാജാവിന്റെ, അധികാരത്തിന്റെ വാൾത്തലപ്പ് മൂന്നുകാലങ്ങളിലേയ്ക്കും, മൂന്ന് സ്ഥലങ്ങളിലേക്കും, മൂന്ന് സംസ്കൃതികളിലേയ്ക്കും നീളുകയാണ്. മൂന്ന് കാലങ്ങളിലും, മൂന്ന് ഇടങ്ങളിലും പിണിയാളായും ഇരയായും സാക്ഷിയായും കുട്ടിസ്രാങ്ക് ഒരു പ്രത്യക്ഷസാന്നിദ്ധ്യമാണെങ്കിൽ മൂപ്പൻ ഒരു അദൃശ്യ സാന്നിധ്യമാണ്.

കല്ലിനെപ്പിളർക്കുന്ന കല്പനകളുടെ ഏതോ ഭൂതകാലത്തു നിന്നാണ് അയാൾ ഭരിക്കുന്നത്. വെണ്ണക്കൽ തൂണുകളുടെ കൊട്ടാരവും അന്യനാട്ടുകാരടങ്ങുന്ന വിശിഷ്ടാതിഥികളുടെ തീന്മേശ സദസ്സും, കേൾവിയും കേൾപ്പോരുമില്ലാതെ തീരുന്ന അരുംകൊലകളും. കാലഘട്ടത്തെ സൂചിപ്പിക്കാവുന്നതൊന്നും ഈ ഖണ്ഡത്തിൽ നിന്ന് കണ്ടെടുക്കുക സാധ്യമല്ലാത്തതും യാദൃച്ഛികമല്ല. എല്ലാ ഏകഛത്രപതികൾക്കും വന്നുപെടുന്ന അപാരമായ ഒറ്റപ്പെടലിലാണു മൂപ്പനെന്ന അധികാരകേന്ദ്രവും. തന്റെ കിങ്കരന്മാരിൽ‌പ്പോലും കുട്ടിസ്രാങ്കിനെയൊഴിച്ച് ആരെയും അയാൾക്ക് വിശ്വാസമില്ല. തനിക്കെതിരേയുള്ള പട നടക്കുന്നത് പാളയത്തിൽ തന്നെയാണെന്ന് നന്നായി ബോധ്യമുള്ളവൻ. തന്റെ സ്വത്തിനും രാജ്യത്തിനും അവകാശിയായ മകൾ അതിനൊന്നും പുല്ലുവില കല്പിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും അയാൾ തരിമ്പും മാറാത്തത് അധികാരമാണ് അയാൾക്ക് വലുത് എന്നതുകൊണ്ടാവാനേ തരമുള്ളൂ. രക്ഷിക്കാനും ശിക്ഷിക്കാനും തനിക്കുചുറ്റുമുള്ള ഏത് ജീവന്റെയും വിധി നിർണയിക്കാനും ശേഷിതരുന്ന അധികാരത്തെ മാത്രമാണയാൾ സ്നേഹിക്കുന്നത്, അത് കൊണ്ടുവരുന്ന പണത്തെയോ സമൃദ്ധിയേയോ ആകർഷിക്കുന്ന ബന്ധു-സുഹൃദ് വലയത്തെയോ അല്ല. മകളുടെ തീരുമാനം ഒരുതരത്തിലും മാറ്റാനാവില്ലെന്നറിഞ്ഞിട്ടും അയാൾ സ്രാങ്കിന്റെ മേലും തന്റെ ന്യായം നടപ്പിൽ വരുത്തുന്നത് അതുകൊണ്ടാണ്.

വാക്കുകൾക്കതീതമായ ഹിംസയിലൂടെയാണു മൂപ്പന്റെ സാമ്രാജ്യം വലുതാകുന്നതെന്ന സൂചന ആദ്യഖണ്ഡത്തിൽ മാത്രമല്ല ഉള്ളത്. ജ്വോപ്പനെക്കൊണ്ട് ലോനിയാശാനെക്കൊല്ലിക്കുന്നതും ഉണ്ണിത്താന്റെ അന്ധവിശ്വാസങ്ങളിൽ കാളിയെ നിറയ്ക്കുന്നതും മൂപ്പനെന്ന അദൃശ്യമായ അധികാ‍രത്തിന്റെ സാന്നിധ്യമാണ്. തടിയറുക്കുന്ന ഈർച്ചവാളിലേക്ക് ഒരു മനുഷ്യനെ പച്ചജീവനോടെ തള്ളിക്കയറ്റുന്നുണ്ട് മൂപ്പന്റെ കിങ്കരന്മാർ. അങ്ങനെ നരബലികളും, പ്രതികാരകൊലകളും കൊണ്ട് വെട്ടിപ്പിടിച്ച കലിംഗങ്ങൾ പിൻ‌തലമുറ കൈയ്യൊഴിയുകയാണു രേവമ്മയിലൂടെ. ബുദ്ധൻ ഏറ്റവുമധികം എതിർത്ത വൈദികഹിന്ദുമതത്തിലെ മൃഗബലിയുടെ സൂചകമായി സ്രാങ്ക് വാരുന്ന മാട്ടിൻ തലകളെ കാണാം.ഹിംസാത്മകമായ അധികാരത്തിന്റെ മതത്തെ നിഷേധിച്ചുകൊണ്ട് ഉയരുന്ന ബുദ്ധമതത്തിന്റെ ശാന്തിമന്ത്രം കൂടിയാണു രേവമ്മ. മതമോ മൂർത്തിയോ ഇല്ലാത്തവനായിട്ടും അധികാരത്തിന്റെ പിണിയാളായി കുട്ടിസ്രാങ്ക് പ്രസന്നയെ പീഡിപ്പിക്കുന്നു. ഇന്ത്യയിലെ ബൌദ്ധ കുരുതിക്ക് സമാനമായ ഒരു സീനിൽ പാതിജീവനോടെ പ്രസന്നയെ കടലിൽ എറിയുന്നു.

മതനിരാസത്തിന്റെ അതിരുകളിൽ കഴിയുന്ന ലോനിയാശാനെയും ‘ചൊല്ലുവിളി’യില്ലാതെ കഴിയുന്ന ‘വരത്തൻ’ സ്രാങ്കിനെയും വികാരി യോനൂസച്ചന് പിടിക്കാത്തത് അവരുടെ പ്രവർത്തികൾ പള്ളിയുടെ വലക്കണ്ണികൾ പൊട്ടുന്നതിന്റെ സൂചകങ്ങളായി അച്ചൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാരൂപീകരണത്തിന്റെ സാമൂഹ്യപശ്ചാത്തലവും അതിലേക്കുനയിച്ച രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങളുടെ ഉച്ചമർദ്ദവും ആ ക്രൈസ്തവ സമൂഹത്തിന്റെ ചുറ്റും വേലിയേറ്റത്തിരകൾ തീർക്കുന്നത് വികാരിയച്ചൻ തൊട്ടറിയുന്നുണ്ട്. മേടമേൽ ഏറ്റേണ്ട ഭീമൻകുരിശും കുമ്പസാരക്കൂടുളവാക്കുന്ന കടുത്ത പാപബോധവുമൊക്കെ മതചിഹ്നങ്ങളല്ല, മറിച്ച് അധികാരം കൈയ്യാളുന്നവൻ അതിനെ ഊട്ടിയുറപ്പിക്കാനുപയോഗിക്കുന്ന ഉപബോധസന്ദേശങ്ങളാണ്. ലോനിയുടെ കാറൽമാൻ ചരിതം [2] ചവിട്ടുനാടകത്തിലെ റോളുകളെ പങ്കിട്ടെടുക്കുന്നതിലും അതേ അധികാരത്തിന്റെ ഇടപെടൽ നടത്താൻ അച്ചൻ ശ്രമിക്കുന്നുണ്ട്. ലോനിയാശാനെന്ന കലാകാരന്റെ അരാജകത്വത്തെ വികാരി പുച്ഛിക്കുന്നതും ഇതുപോലൊരു സന്ദേശം വിക്ഷേപിച്ചുകൊണ്ടാണ് : “വികാരിയച്ചനെക്കാൾ വലിയ കലാകാരനുണ്ടോടാ ?!” എന്ന്.

ഉണ്ണിത്താനെന്ന നശിച്ചുകൊണ്ടിരിക്കുന്ന ഭുപ്രഭുവാ‍കട്ടെ അധികാരം അതിന്റെ പൂർണ തകർച്ചയിൽ ഏതുവഴിയൊക്കെ സഞ്ചരിക്കുമെന്നുകൂടിയാണു കാട്ടിത്തരുന്നത്. സ്വതവേ ശുദ്ധനും തനിക്കും നാടിനും വന്നുപെടുന്ന ദുരവസ്ഥകൾക്ക് അന്ധവിശ്വാസങ്ങളിൽ സമാധാനം കാണുന്നവനുമാണയാൾ. എന്നാൽ “എന്തുചെയ്താലും ആരും ചോദിക്കില്ല” എന്ന് ധൈര്യപ്പെടുത്താൻ അയാൾക്ക് പൊലീസുകാരുടെയും പ്രാദേശിക ബ്യൂറോക്രാറ്റുകളുടെയും ഒരു സുഹൃദ് സംഘമുണ്ട്. ആ ധൈര്യത്തിലാണയാൾ തന്റെ മകനു കോണ്ട്രാക്റ്റായി കിട്ടേണ്ട പാലം പണിയുടെ തടസ്സങ്ങൾ നീക്കാൻ ആ‍ൾക്കുരുതിവരെ ആകാമെന്ന് ചിന്തിക്കുന്നത്. അതിനായാൾ കാളിയെ തെരഞ്ഞെടുക്കുന്നതാണോ അതോ തന്റെ പ്രശ്നങ്ങളെ നാടിന്റെ പ്രശ്നങ്ങളാക്കി കാളിയിലാരോപിച്ച് ഒരു അധികാരകേന്ദ്രത്തെ പുനഃസൃഷ്ടിക്കുകയാണോ എന്ന് വേർതിരിച്ചു പറയുക വയ്യ. ആഭ്യന്തര കലഹങ്ങളെ നേരിടാനുള്ള ഒരു മാക്കിയവെല്ലിയൻ തന്ത്രംകൂടിയാണല്ലോ ബാഹ്യമായ ഒരു മിഥ്യാഭീഷണിയെ ഉയർത്തിക്കാട്ടി വിരട്ടുകയെന്നത്. നടപ്പുകാലത്ത് അതിന് അകത്തുതന്നെയുള്ള പാർശ്വവൽകൃത സമൂഹങ്ങളെത്തന്നെ കുരുതികൊടുത്തും ആകാം.


അടരുകളിലൊളിപ്പിച്ച സൂചകങ്ങൾ


ചരിത്രകാരന്റെ പ്രതിനിധിയാണ് പൊലീസ്. എല്ലാവരുടെയും വീക്ഷണങ്ങൾ ജീവിതപശ്ചാത്തലത്തിൽ നിന്നടർത്തിയെടുത്ത് മഹസ്സർ കടലാസിലാക്കുമ്പോൾ ഉരുവപ്പെടുന്ന സ്രാങ്കിന്റെ വ്യതിത്വം ആദിമധ്യാന്തപ്പൊരുത്തമില്ലാത്തതാണെന്ന കാര്യം വിസ്മരിക്കുന്ന ചരിത്രകാരൻ എളുപ്പത്തിൽ പഴിക്കാവുന്നവരെ പഴിച്ചും ഒതുക്കാവുന്നവരെ ഒതുക്കിയും കഥയിൽ യുക്തികണ്ടെത്താൻ വൃഥാ ശ്രമിക്കുന്നുണ്ട്. പെമ്മേണ ചെയ്ത കൊലപാതകത്തെ ചത്ത കുട്ടിസ്രാങ്കിന്റെ തലയിൽ വച്ച് ഒഴിവാക്കിക്കൂടേയെന്ന് ഉപദേശിക്കുന്ന ചരിത്രകാരനിലെ അപ്പോളജറ്റിക്കിനെ പെമ്മേണ ഖണ്ഡിക്കുന്നു – സ്രാങ്ക് ചെയ്യാത്ത കുറ്റം സ്രാങ്കിന്റെ തലയിൽ വയ്ക്കാൻ താനൊരുക്കമല്ല എന്ന പ്രഖ്യാപനത്തോടെ.

എന്തുകൊണ്ട് എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിനു “അതാണെനിക്കിഷ്ടം” എന്നാണു പെമ്മേണയുടെ മറുപടി. സ്രാങ്കിനെയാണെനിക്കിഷ്ടം എന്നും അതല്ല സ്രാങ്ക് കുറ്റാരോപിതനാവാതിരിക്കുന്നതാണെനിക്കിഷ്ടം എന്നും അതുമല്ല, കുറ്റം ഏറ്റെടുക്കുന്നതാണെനിക്കിഷ്ടം എന്നും ഇനി അതുമല്ല, ജോപ്പനെ കൊന്നതിന്റെ ക്രെഡിറ്റ് തനിക്ക് കിട്ടുന്നതാണിഷ്ടം എന്നും പലതരത്തിൽ വ്യാഖ്യാനിക്കാൻ ഇടയിട്ടുകൊണ്ടാണ് പെമ്മേണ തന്റെ പ്രഖ്യാപനം നടത്തുന്നത്.

ബുദ്ധസന്യാസിയെ അല്പപ്രാണനാക്കി കടലിൽ കെട്ടിത്താഴ്ത്തുന്നതും കപ്പേളയ്ക്കു മേലേ സ്ഥാപിക്കാൻ വലിച്ചുകയറ്റുന്ന കുരിശു ആളെക്കൊല്ലിയാകുന്നതും, ഉത്സവത്തിലേക്ക് കൊണ്ടുപോകാൻ ചങ്ങാടത്തിലേറ്റുന്ന ‘എടുപ്പുകുതിര’ തകരുന്നതും കുമ്പസാരക്കൂട്ടിലെ മതനിന്ദയുമൊക്കെ പ്രത്യക്ഷമായ സൂചകങ്ങളാണെങ്കിൽ കാറൽ‌സ്മാൻ ചരിതം ചവിട്ടുനാടകം പരോക്ഷസൂചനയാണ്. ക്രൈസ്തവ-മുസ്ലിം യുദ്ധങ്ങളെ ചരിത്രത്തിൽ നിന്നടർത്തിമാറ്റി പിൻതലമുറകൾ ആഘോഷമാക്കുന്നതിന്റെ അശ്ലീലത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. ക്രൈസ്തവപശ്ചാത്തലത്തിലെ രണ്ടാം ഖണ്ഡത്തിനകത്ത് ചലച്ചിത്രകാരൻ ഒളിപ്പിച്ചുവയ്ക്കുന്ന മതലഹളയുടെ രണ്ടരഖണ്ഡം! അതേ സംഗതിയെ ഒരു പ്രണയത്തിന്റെ പരിസരമൊരുക്കുന്നതിനും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.

പ്രണയം ലൈംഗികതയിൽ കാല്പനികത തേടുമ്പോഴേക്കും കഥയുടെ ആഖ്യാനം സിനിമയ്ക്കുള്ളിലെ ഒരു കഥാകാരി ഏറ്റെടുക്കുകയാണ്.നാട്ടുകാരുടെ ഭീതികളിൽ ഒരു യക്ഷിയെപ്പോലെ ജീവിക്കുന്ന കാളിയുടെ സംരക്ഷകനും ലൈംഗികപങ്കാളിയുമാകുന്ന സ്രാങ്കിന്റെ ജീവിതം വർണിക്കുന്നത് കാളിക്കൊപ്പം വരുന്ന കൂട്ടിരുപ്പുകാരിത്തള്ളയല്ല, ആ ജീവിതങ്ങളെ തന്റെ പേനയാൽ ഭാവനയിൽ ചാലിച്ചു കോറിയിട്ട ഒരു നോവലിസ്റ്റാണ് . സർപ്പദംശനമേറ്റ സ്രാങ്കിനെ വിവസ്ത്രനാക്കി “വിഷമിറക്കുന്ന” കാളി ഒരു രതിസ്വപ്നത്തിന്റെ ഫ്രോയ്ഡിയൻ ഭാഷയിലാണു നമ്മോടു സംവദിക്കുന്നത്. കഥ കറങ്ങിത്തിരിഞ്ഞ് മൃഗബലിയിൽ നിന്ന് ആൾക്കുരുതിയിലേക്ക് നീളുമ്പോൾ മതാധികാരത്തിനു മുന്നിലേക്ക് കാളിക്കു പകരം സ്വയം ബലിമൃഗമായി പോകുന്ന കഥാകാരിയും സ്വയം ഒരു അടയാളമായാണ് ഒടുങ്ങുന്നത്.

ഹിംസയെ എതിർത്തുകൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ലോകം മുഴുവൻ വ്യാപിച്ച ബുദ്ധമതത്തിനു പക്ഷേ കേരളത്തിൽ ഹിംസാത്മകമായ ഒരു അന്ത്യമാണു ചരിത്രം കാത്തുവച്ചിരുന്നത്. ബുദ്ധമത ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും ഹൈന്ദവക്ഷേത്രങ്ങളായി പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. വൈശേഷികത്തിലും സാംഖ്യത്തിലും ഊന്നി ബൌദ്ധർ വികസിപ്പിച്ച ദർശനങ്ങൾ പലതും ശങ്കരാചാര്യരാൽ ഹിന്ദുമതത്തിലേക്ക് കുടിയേറ്റപ്പെട്ടു. മഹായാന ബുദ്ധിസത്തിന്റെ ബോധിസത്വങ്ങളായി വികസിച്ച ദേവീസങ്കല്പങ്ങൾ കാളിയുടെയും ശക്തിയുടെയും വകഭേദങ്ങളായി മാറി. ബുദ്ധരഥോത്സവങ്ങളടക്കം പല ബൌദ്ധ ആചാരങ്ങളും എടുപ്പുകുതിരയും മറ്റുമായി ഹൈന്ദവക്ഷേത്രാരാധനാരീതികളിൽ ബാക്കിയിരുപ്പുണ്ടെന്ന് ചരിത്രം പറയുന്നു [3].

സിനിമയിൽ ഉണ്ണിത്താന്റെ ഊരിൽ കെട്ടുകുതിര കായലിലേക്ക് മറിയുന്നത് ആകസ്മികമായ ഒരു ദൃശ്യമല്ല എന്ന് ഈ പിന്നാമ്പുറചരിത്രം ഓർമ്മിക്കുന്നവർക്ക് തിരിച്ചറിയാനെളുപ്പമാണ്. ദൈവദത്തമായതെന്ന അവകാശവാദത്തിൽ ആരംഭിക്കുന്ന അധികാരപ്രയോഗം ദൈവത്തിനു ചുറ്റും കെട്ടിപ്പൊക്കിയ മതമെന്ന സ്ഥാപനത്തിലൂടെ വളർന്ന്, അതിന്റെ പിടി അയയുമ്പോ‍ൾ അന്ധവിശ്വാസങ്ങളുടെ പൊടിയുയർത്തി അതിന്റെ മറയിൽ സ്വയം സംസ്ഥാപനം ചെയ്യുന്ന ചാക്രിക ചരിത്രമാണു കുട്ടിസ്രാങ്കിന്റെ ഏറ്റവും അടിയിലെ അടരിൽ. ആ ചാക്രികമായ മാറ്റത്തിന്റെ ഭാഗമാകുകയാണു ചീഞ്ഞ് കൂണുകൾ വളരുന്ന സ്രാങ്കിന്റെ ശവശരീരവും, അയാളുടെ തന്നെ ശാഖയായി കാളിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ മിടിപ്പുമെല്ലാം.


സാങ്കേതികോപാധികൾ


പിറവി, സ്വം എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമെങ്കിലും വാനപ്രസ്ഥത്തിൽ നിന്ന് ഏറെ മുന്നിലല്ല കുട്ടിസ്രാങ്കിലെ സാങ്കേതികോപാധികൾ. എന്നാൽ എടുത്ത് പറയേണ്ട ചിലതുണ്ടുതാനും. അഞ്ജലി ശുക്ലയുടെ ഛായാഗ്രഹണം വാനപ്രസ്ഥത്തിലെ സന്തോഷ്ശിവൻ-റെനെറ്റോ ബർട്ടോ നിലവാരം ആവർത്തിക്കുന്നു. എന്നാൽ വിശാലമായ ചക്രവാളങ്ങളിലൂടെയും ജലപ്പരപ്പുകളിലൂടെയും സ്ഥലത്തിന്റെ അതിരുകളെ ഭേദിക്കുന്ന അബോധസൂചനകളെ സന്നിവേശിപ്പിക്കുന്നതിൽ ഛായാഗ്രഹണം തീർച്ചയായും വിജയിച്ചിട്ടുണ്ട്. സ്പെഷ്യൽ ഇഫക്റ്റ് വിഭാഗവും നന്നായി പണിയെടുത്തിരിക്കുന്നു. പായ്കപ്പലും ഭൂമിയിൽ വീഴുന്ന ഇടിത്തീകളുമൊക്കെ പരിസരസൃഷ്ടിക്കു ചേർന്നതായി, ചിലതൊക്കെ വാനപ്രസ്ഥത്തിലേതിന്റെ ആവർത്തനമായെങ്കിലും.

കാലഘട്ടത്തിന്റെ സൂചനകളെ ആവാഹിക്കുന്നതിനോടൊപ്പം സമയത്തെ പറ്റി സൂചനകൾ അവശേഷിപ്പിക്കാതിരിക്കാൻ ശ്രദ്ധ പതിപ്പിക്കുനയും ചെയ്തുകൊണ്ടാണ് ചിത്രത്തിലെ ചമയവും കലാസംവിധാനവും നമ്മുടെ അഭിനന്ദനം പിടിച്ചുപറ്റുന്നത്. സ്രാങ്കിന്റെ മൃതദേഹത്തിൽ വരുന്ന മാറ്റങ്ങൾ, ചവിട്ടുനാടകരംഗങ്ങൾ, രണ്ടാം ഖണ്ഡത്തിലെ കാലഘട്ട പുനരാവിഷ്കാരം, സഹനടീനടന്മാരുടെ ചമയം എന്നിവ എടുത്തുപറയണം. കുട്ടിസ്രാങ്ക് മനഃപൂർവ്വമായിത്തന്നെ മാറ്റങ്ങളില്ലാത്തവനായി തുടരുന്നത് മേക്കപ്പിന്റെ കുറവായി കണക്കാക്കപ്പെടാമെങ്കിലും ചലച്ചിത്രത്തിലെ സ്രാങ്കിന്റെ റോളിന്റെ ആഴം ആ ‘മാറ്റമില്ലായ്മ’ ആവശ്യപ്പെടുന്നുണ്ടെന്നത് മനസ്സിലാക്കാൻ ഒരല്പം ചിന്തിച്ചാൽ മതിയാകും.

ഐസക്ക് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതവും കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും സിനിമയിലെ സാധ്യതകളെ മുഴുവനും ഉപയോഗിച്ചിരിക്കുന്നു. ഡി.റ്റി.എസ് ശബ്ദമൊക്കെ ഒരു ആർട്ട് പടത്തിനാവശ്യമുണ്ടോ എന്നു ചിന്തിക്കുന്ന പാരമ്പര്യവാദികൾക്ക് ഒരു മറുപടികൂടിയാണ് ഇതിലെ ശബ്ദമിശ്രണം. ആദ്യഖണ്ഡത്തിലെ അരയന്നത്തിന്റെ വിളി, രണ്ടാം ഖണ്ഡത്തിൽ ആവർത്തിച്ചുവരുന്ന ചവിട്ടുനാടക ശീലുകൾ ഒക്കെ മികച്ച പ്ലാനിംഗോടെ ചെയ്തിരിക്കുന്നു. ഏറ്റവും ഞെട്ടിപ്പിച്ച പശ്ചാത്തല ശബ്ദം ചിത്രത്തിന്റെ അവസാനം കാളിയുടെ വയറ്റിലേക്ക് കാതു ചേർത്തുവയ്ക്കുന്ന രേവമ്മ കേൾക്കുന്ന കുഞ്ഞിന്റെ മിടിപ്പാണ് (fetal heart sounds). ക്രമത്തിൽ അതൊരു സംഗീതത്തിന്റെ താളമായി വികസിക്കുന്നുണ്ട്. ഒരു മരണത്തിന്റെ മഹസ്സറെഴുത്തിന് ശേഷം വരുന്ന സീനിലാണിത്. മരണത്തിന്റെയും ജീവന്റെയും നൈരന്തര്യത്തിനെ സൂചിപ്പിക്കുന്ന ഒന്ന്. അതിനുപുറമേ കഥാപാത്രമായ രേവമ്മ ഒരു ഡോക്ടർ കൂടിയാണെന്നത് ഈ ശബ്ദ തെരഞ്ഞെടുപ്പിനെ കലാവിരുതിന്റെ പരകോടിയേറ്റുന്നു.


കുറിപ്പുകൾ

 1. Thapar R. Early India: From the Origins to AD 1300. 2004. University of California Press.
 2. ഏ.ഡി 800കളുടെ ആദ്യം പശ്ചിമജർമ്മനിയുൾപ്പെടുന്ന യൂറോപ്പിന്റെ ഭാഗം ഭരിച്ചിരുന്ന ഷാർലിമെയ്ൻ ചക്രവർത്തി. കാറൽ ദെർ ഗ്രോസ (Karl der Grosse) എന്ന് ജർമ്മനിൽ. ഇദ്ദേഹത്തിന്റെ പന്ത്രണ്ടു പാരികളിൽ (Peers) ഒരാളായ റോളാൻഡിനെ (നാടകത്തിൽ റോൾദാൻ) ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണു കാറൽമാൻ ചരിതം ചവിട്ടുനാടകത്തിലേത്. റോളാൻഡിന്റെ ഗാനം (La Chanson de Roland) എന്നറിയപ്പെടുന്ന 12-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കഥയിൽ റോളാൻഡ് മുസൽമാന്മാരാൽ കൊല്ലപ്പെടുകയും ആ മരണത്തിനു ഷാർലിമെയ്ൻ ചക്രവർത്തി നേരിട്ടെത്തി പകരം ചോദിക്കുകയും സരഗോസ നഗരം നശിപ്പിച്ച് മുസ്ലീമുകളെയും ജൂതന്മാരെയും ക്രൈസ്തവരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. കാറൽമാന്റെ കാലത്തിനും വളരെ പിന്നീടു നടന്ന കുരിശുയുദ്ധങ്ങളുമായി അദ്ദേഹത്തിനു ചരിത്രപരമായി ബന്ധമില്ലെങ്കിലും കുരിശുയുദ്ധകാലത്ത് റോളാൻഡിന്റെ ഗാനം ഒരു ക്രൈസ്തവ ഉത്തേജകം എന്ന രീതിയിൽ പ്രശസ്തിയാർജ്ജിച്ചു. ഇസ്ലാം-കത്തോലിക്ക വിശ്വാസസംഘർഷവും യുദ്ധവുമാണ് കെട്ടുകഥയെ ഉപജീവിക്കുന്ന കാറൽമാൻ ചരിതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം.
 3. കൃഷ്ണവാര്യർ എൻ.വി (Gen.Ed); ശരത്‌ചന്ദ്രൻ കെ.പി, ഭാസ്കരപ്പണിക്കർ പി.ടി (Ed.).ബുദ്ധമതം: ദർശനവും ചരിത്രവും.1973. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.


- സൂരജ് രാജൻഇത് ശ്രീ. മോഹൻ കാക്കനാടന്റെ എഡിറ്റർഷിപ്പിൽ മുംബൈയിൽ നിന്ന് ഇറങ്ങുന്ന മുംബൈ കാക്കത്രൈമാസികയുടെ (Oct-Dec,2010 vol1,No:1) ആദ്യലക്കത്തിലെ പ്രസിദ്ധീകരിച്ച ലേഖനമാണ്. മാസികയുടെ വിലാസം: mumbaikaakka@gmail.com

Poster credit: all posters are from screen shots of Kutty Srank: Reliance Big Pictures, DVD edition
എഡിറ്റ് (5 നവം 2010) : ഈ പോസ്റ്റിനുശേഷം ശ്രദ്ധയിൽ‌പ്പെട്ടതും, ബ്ലോഗ്, ബസ്സ് എന്നിവയിൽ നടന്നതുമായ ചില ചർച്ചകളും “സ്രാങ്ക്-കാഴ്ച”കളും കൂടി ചേർക്കുന്നു ഇവിടെ (ചിലത് ഇവിടെ കമന്റുകളിൽ ഷെയർ ചെയ്യപ്പെട്ടതാണ്). അവയും കൂടി വായിക്കൂ :

1. കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍: വി . മോഹനകൃഷ്ണൻ
2. കുട്ടിസ്രാങ്ക്-വരവും പോക്കും: എതിരൻ കതിരവൻ
3.സ്രാങ്ക് എന്ന പെണ്‍കാഴ്ച്ച: ശ്രീപ്രിയാ വാര്യർ
4. കുട്ടിസ്രാങ്ക് - പോകാത്ത ചോരമണത്തിന്റെ യാത്രകള്‍: ഷാജി കരുണുമായി ശ്രീചിത്രന്റെ അഭിമുഖം
5. ശ്രീപ്രിയയുടെ ഈ ബസ്സിൽ ചില കമന്റുകളും ചർച്ചയും കൂടി കാണുക
26 comments:

 1. • സ്രാങ്ക് തിരുവിതാം‍കൂറില്‍ നിന്നും കൊച്ചി വഴി മലബാറിലെത്തി. പിന്നീട്, രേവമ്മയുമായി തിരികെ കൊച്ചിയിലെത്തുന്നു (ദ്വീപിലേക്കല്ല ആ ഒളിച്ചോട്ടം). കൊച്ചിയില്‍ കുരിശ് വീഴുമ്പോള്‍, ആ സമയം മൂപ്പന്റെ ആളുകള്‍ സ്രാങ്കിനെ തേടി അതുവഴി കടന്നുപോവുന്നു. അതോടെ അയാള്‍ അവിടെ നിന്നും പാലായനം ചെയ്ത് തിരികെ തിരുവിതാം‍കൂറിലെത്തുന്നു. പിന്നീട് അവിടെ നിന്നും നാടകത്തിന്റെ പേരും പറഞ്ഞ് (ഉത്സവത്തിനിടെ മൂപ്പന്റെ ആളുകളെ കണ്ടതിനാലാണ്‌ ശരിക്കും പാലായനം) തിരികെ കൊച്ചിയിലേക്ക്. ഇങ്ങിനെയൊരു യാത്രയാണ്‌ സ്രാങ്കിന്റേത്. ഇതു മുന്നും ബന്ധപ്പെട്ടു തന്നെ നില്‍ക്കുന്നു. വേറിട്ട കഥാഖണ്ഡങ്ങളായി കാണുവാന്‍ എനിക്കാവുന്നില്ല. ദശകങ്ങളുടെ ആകല്‍ചയും ആരോപിക്കുവാന്‍ പ്രയാസം.

  • സ്രാങ്കിന്‌ പെമ്മേണയോട് ശരിക്കും ഇഷ്ടമുണ്ടായിരുന്നോ? തിരിച്ചു വരവില്‍ കാളിയൊരു കാരണമായി സ്രാങ്കിന്‌ പറയുവാനുണ്ട്. എന്നാല്‍ ആദ്യം മുതല്‍ക്കു തന്നെ ഇഷ്ടമില്ലായ്മ കാണിച്ചതെന്തിന്‌? കാളി ഇടയില്‍ വന്നില്ലായിരുന്നെങ്കില്‍ പെമ്മേണയെ സ്വീകരിക്കുമായിരുന്നോ? ആദ്യ ഭാഗങ്ങളില്‍ സ്രാങ്ക് കാണിക്കുന്ന അകല്‍ച ന്യായീകരിക്കപ്പെടുന്നില്ല. സ്രാങ്കിന്‌ പെമ്മേണയോട് ഇഷ്ടം തോന്നാതിയിരിക്കാം, അതില്‍ കുഴപ്പമില്ല. പക്ഷെ, കാളിയെ പങ്കാളിയാക്കിയതിനു ശേഷം കാണിക്കുന്ന അകല്‍ചയും അതിനു മുന്‍പുള്ള അകല്‍ചയും ഒരേ പടി തന്നെ.

  • സ്രാങ്കിന്റെ മേക്കപ്പില്‍ മാറ്റങ്ങളില്ലെന്നോ! മൂപ്പനോട് പൂര്‍ണമായും വിശ്വസ്യത പുലര്‍ത്തി എന്തും ചെയ്യുന്ന സ്രാങ്കാണോ തിരുവിതാംകൂറിലെത്തുമ്പോള്‍ തെറ്റിന്റെയും ശരിയുടേയും ഇടയില്‍ പരിക്ഷീണനാവുന്ന സ്രാങ്ക്? തിരുവിതാംകൂറില്‍ പരിക്ഷീണനാവുന്ന സ്രാങ്ക് തിരികെ കൊച്ചിയിലെത്തുമ്പോള്‍ വീണ്ടും സുന്ദരകളേബരനാവുന്നു! മേക്കപ്പില്‍ മാറ്റമുണ്ട്, എന്നാല്‍ ആ മാറ്റങ്ങള്‍ക്ക് സ്ഥിരതയില്ല എന്നാണ്‌ തോന്നിയത്.

  • മൂന്നാമത്തേത് കുട്ടനാടിനുമപ്പുറം കൊച്ചി-തിരുവിതാം‍കൂര്‍ ഭാഗങ്ങളിലെവിടെയെങ്കിലുമാവാനാണ്‌ സാധ്യത.
  --

  ReplyDelete
 2. സൂരജ് വളരെ വിശദമായ പോസ്റ്റിന് നന്ദി. ഇതിൽ കൂടുതലൊന്നും ഷാജി എൻ കരുൺ മനസ്സിൽ കണ്ടിട്ടുണ്ടാവില്ല. സംവിധാകന്റെ സംവിധാനത്തെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നു താങ്കളുടെ ഈ ലേഖനം. “അതാണെനിക്കിഷ്ടം” ത്തിൽ പോലും ഇത്രയധികം ആഴത്തിലുള്ള അർഥതൽങ്ങളിലേക്ക് ഇറങ്ങിചെല്ലാൽ താങ്കൾക്ക് കഴിയുന്നുണ്ടെങ്കിൽ താങ്കളിലെ ചരിത്രകാരനെ, സംവിധായകനെ, എഴുത്തുകാരനെ, തിരക്കഥാകൃത്തിനെ വരും തലമുറക്കായി ഉപയോഗപ്പെടുത്താൻ കഴിയില്ലേ എന്ന് മാത്രമാണ് വിനയ്യ പുരസ്സരം ചോദിക്കാനുള്ളത്.

  ReplyDelete
 3. വസ്തുനിഷ്ഠമായും, സൌന്ദര്യാത്മകമായും സിനിമയെ പ്രതിപാദിക്കുന്ന ഈ കാഴ്ചാവിശകലനം വായിച്ചപ്പോള്‍ ഇതുവരെ സിനിമ കാണാനൊത്തില്ലല്ലോ എന്ന് നിരാശ തോന്നുന്നു സൂരജേ...

  ReplyDelete
 4. "എന്തുകൊണ്ട് എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിനു “അതാണെനിക്കിഷ്ടം” എന്നാണു പെമ്മേണയുടെ മറുപടി. സ്രാങ്കിനെയാണെനിക്കിഷ്ടം എന്നും അതല്ല സ്രാങ്ക് കുറ്റാരോപിതനാവാതിരിക്കുന്നതാണെനിക്കിഷ്ടം എന്നും അതുമല്ല, കുറ്റം ഏറ്റെടുക്കുന്നതാണെനിക്കിഷ്ടം എന്നും ഇനി അതുമല്ല, ജോപ്പനെ കൊന്നതിന്റെ ക്രെഡിറ്റ് തനിക്ക് കിട്ടുന്നതാണിഷ്ടം എന്നും പലതരത്തിൽ വ്യാഖ്യാനിക്കാൻ ഇടയിട്ടുകൊണ്ടാണ് പെമ്മേണ തന്റെ പ്രഖ്യാപനം നടത്തുന്നത്."

  ഇതാണെനിക്കിഷ്ടം :)

  ReplyDelete
 5. നല്ല വിശകലനം സൂരജ്:)

  ReplyDelete
 6. @ ഹരീഷ് ജി,

  ചിത്രം ഓരോരുത്തർക്കും നൽകുന്ന ഭാവികത്വാനുഭവം ഒരുപോലെയിരുന്നാലേ ശരിയാവൂ എന്നൊരു വാശിപ്പുറത്തു നിന്നാണ് ഫോർമുലകൾക്കൊപ്പിച്ച ബോക്സോഫിസ് ഹിറ്റുകൾ ജനിക്കുന്നത്. പക്ഷേ അതിനു വെളിയിൽ “വേണോങ്കീ മനസ്സിലാക്കിയാ മതി” എന്ന ധാർഷ്ട്യത്തോടെ ചില പടങ്ങൾ/ആഖ്യായികകൾ വരും... അപ്പോഴാണു നാം കടപുഴക്കിയെറിയപ്പെടുന്നത്. കുട്ടിസ്രാങ്ക് ‘എനിക്ക്’ അങ്ങനെയൊരനുഭവമായിരുന്നു.

  ഇതു മുന്നും ബന്ധപ്പെട്ടു തന്നെ നില്‍ക്കുന്നു. വേറിട്ട കഥാഖണ്ഡങ്ങളായി കാണുവാന്‍ എനിക്കാവുന്നില്ല. ദശകങ്ങളുടെ അകൽച്ചയും ആരോപിക്കുവാന്‍ പ്രയാസം

  മൂന്നു ഖണ്ഡങ്ങളും ചേർത്ത് ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയുണ്ടാക്കാൻ പ്രേക്ഷകരെപ്പോലെ ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളും ശ്രമിക്കുന്നുണ്ട് (“ചരിത്രകാരന്മാരുടെ പ്രതിനിധികളെപ്പോലെ” എന്ന് ലേഖനത്തിൽ). കഥയിൽ ഒരു internal consistency ഉണ്ടെന്ന് തോന്നിപ്പിക്കുകയും അങ്ങനെയൊന്നില്ലാതിരിക്കുകയും ചെയ്യുന്നതിലാണ് കുട്ടിസ്രാങ്കിന്റെ സ്ക്രീൻപ്ലേയുടെ മാസ്റ്റർ സ്ട്രോക്ക്. ഉണ്ണിത്താനെന്ന കഥാപാത്രത്തെ മൂന്നാംഖണ്ഡത്തിൽ കാണുന്ന മാത്രയിൽ കുട്ടിസ്രാങ്കിനു മുൻപരിചയമുണ്ട് അയാളെ എന്ന് നാം മനസ്സിലാക്കുന്നു. അവിടുന്ന് കുട്ടിസ്രാങ്കിന്റെ ചരിത്രം തിരുവിതാങ്കൂറുവഴി പിന്നോട്ട് കണക്റ്റ് ചെയ്ത് നാം കാസർഗോഡ് പോകുന്നു. അത് സംവിധായകന്റെ ഒരു ട്രിക്കാണ്.

  ഒരുഖണ്ഡത്തിനും വർഷമോ തീയതിയോ ഇല്ലാത്തതു മനഃപൂർവ്വമാണ്. ആദ്യഖണ്ഡം ഏതോ ഒരു അതീതകാലത്തു നടക്കുന്നതാണെന്നതിന് ധാരാളം സൂചനകൾ ചിത്രത്തിലുണ്ട്. പായ്ക്കപ്പലും മൂപ്പന്റെ കൊട്ടാരവും, മൂപ്പന്റെയും ബന്ധുക്കളുടെയും (വിരുന്നിലെ കുട്ടിസ്രാങ്കിന്റെയും തന്നെ) വേഷഭൂഷകൾ, ബുദ്ധമതത്തിന്റെ പ്രത്യക്ഷ സാന്നിധ്യവും ഒക്കെ ഇതിന്റെ സൂചനകളായിരുന്നു.

  എന്നാൽ ഒരു പൂർവ്വാപരവൈരുധ്യം പ്രത്യക്ഷത്തിൽ കല്ലുകടിയാവാതെ നോക്കാനാണ് മൂപ്പന്റെ സാമ്രാജ്യത്തിനു വെളിയിൽ രേവമ്മയും സ്രാങ്കും പിന്നിങ്ങോട്ട് അവരുമായി ഇടപെടുന്ന ക്യാരക്റ്ററുകളും ഒക്കെ താരതമ്യേന മോഡേൺ ആയി ചിത്രീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകത്തിന്റെ വേഷഭൂഷകളിൽത്തന്നെ സ്രാങ്ക് രേവമ്മയെ കാണാൻ ചെല്ലുന്ന ഭാഗവും ഇതുതന്നെ ഉദ്ദേശിച്ച് എടുത്തിരിക്കുന്നതാണ്. രണ്ടാം ഖണ്ഡം വ്യക്തമായും കാലഘട്ടത്തിന്റെ - ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വരവും വിമോചനസമരവും അടങ്ങുന്ന ദശകത്തിന്റെ - സൂചനകൾ വഹിക്കുന്നുണ്ട്. ഒരിടത്തു പോലും ഒരു പാർട്ടിക്കോടിയോ പശ്ചാത്തലത്തിലൊരു വഴിയോരപ്രസംഗമോ കാണിക്കാതെയാണ് സിദ്ദിഖിന്റെ അച്ചൻ കഥാപാത്രത്തെ മാത്രം വച്ച് ഈ അന്തരീക്ഷസൃഷ്ടി സാധിച്ചിരിക്കുന്നത് ! ഉണ്ണിത്താന്റെ മകൻ കാത്തിരിക്കുന്ന പാലം പണി കോണ്ട്രാക്റ്റിന്റെ വിഷയം വച്ചുകൊണ്ടുതന്നെ മൂന്നാം ഖണ്ഡത്തിന്റെ ആധുനികത എത്രത്തോളമാണെന്ന് ഊഹിക്കാം.


  സ്രാങ്കിന്‌ പെമ്മേണയോട് ശരിക്കും ഇഷ്ടമുണ്ടായിരുന്നോ? തിരിച്ചു വരവില്‍ കാളിയൊരു കാരണമായി സ്രാങ്കിന്‌ പറയുവാനുണ്ട്....മേക്കപ്പില്‍ മാറ്റമുണ്ട്, എന്നാല്‍ ആ മാറ്റങ്ങള്‍ക്ക് സ്ഥിരതയില്ല എന്നാണ്‌ തോന്നിയത്.

  ഇവിടെ സുപ്രധാനമായ ഒരു പോയിന്റ് ഹരീഷ് ജി മിസ് ചെയ്തില്ലേന്നൊരു സംശയം. എന്തെന്നാൽ, കുട്ടിസ്രാങ്ക് എന്ന അമൂർത്ത ബിംബവും ആ അമൂർത്തതയുടെ മൂർത്തമാണെന്ന് തോന്നിക്കുന്ന മൂന്നു കാഴ്ചകളുമാണ് മൂന്നു നായികമാരിലൂടെ വികസിക്കുന്നത്. സ്ത്രീകൾ കണ്ട സ്രാങ്കിനെയേ നമ്മളും കാണുന്നുള്ളൂ. സ്രാങ്ക് ക്ഷീണിതനാകുന്നതും സുന്ദരനാകുന്നതുമൊക്കെ സ്ത്രീഭാവനയിലാണ്. മൂന്നാം ഖണ്ഡം ഇതിന്റെ സ്പാറുന്ന ഉദാഹരണമാണ്. കാളിയുടെ ഭർത്താവായി സ്രാങ്ക് വരുന്നത് ഉണ്ണിത്താന്റെ മരുമകളായ നോവലിസ്റ്റിന്റെ ആഖ്യാനത്തിലാണ്. ഒരാളുടെ മൂന്നു ചരിത്രങ്ങളിൽ രണ്ടെണ്ണം നേരിട്ടുകണ്ടവരുടെ വിവരണവും മൂന്നാമത്തേത് ഒരു കഥാകാരിയുടെ ഭാവനയും - എന്താ, ഇങ്ങനെ ചില ചരിത്രങ്ങൾ നമുക്കില്ലേ real life-ൽ ? ആ സാധ്യതയെ പിൻപറ്റിയാണു ഇവിടെ ക്രാഫ്റ്റിലെ കളികൾ !

  മറ്റുള്ളവർക്ക് “കൂതറ”യായ സ്രാങ്ക് നോവലിസ്റ്റിന്റെ ഭാവനയിൽ കേരളീയ വേഷ്ടിയും മുണ്ടും ധരിച്ച് കാളിയുമൊത്ത് സല്ലപിക്കുന്നു, അവളെ പൂചൂടിക്കുന്നു, അവളുമായി രതിയിലേർപ്പെടുന്നു. പെമ്മേണ കാണുന്ന സ്രാങ്ക് പ്രണയത്തെ തിരസ്കരിച്ച, മുരടനെങ്കിലും ഹൃദയമുള്ള സ്രാങ്കിനെയാണ്. പെമ്മേണയ്ക്ക് വികാരിയച്ചനോടുള്ള കലിയാണു സത്യത്തിൽ “താൻ പുളുത്തും” എന്ന് സ്രാങ്കിനെക്കൊണ്ട് കൈമുട്ട് ചുരുട്ടി ആംഗ്യം കാണിപ്പിക്കുന്നത് എന്ന് ഒരർത്ഥത്തിൽ പറയാം ;)

  കഥാഖണ്ഡങ്ങൾ പല കാലത്തിലേതായിട്ടും സ്രാങ്കിനു പ്രായമാകാതെ നിൽക്കുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന് ഈ “പെൺകാഴ്ച”യാണ് (മറ്റേ കാരണം, ലേഖനത്തില്പറഞ്ഞപോലെ സ്രാങ്ക് ഒരു പ്രതീകമാണു എന്നതുതന്നെ). ഈ ഒളിമറകളെക്കുറിച്ച് ബോധ്യമായില്ലെങ്കിൽ തലയും വാലും കൂട്ടിപ്പിരിക്കാൻ ശ്രമിക്കുന്ന ആ പൊലീസുകാരന്റെ അവസ്ഥയിലാകും പ്രേക്ഷകനും. അവിടെയാണു സ്രാങ്ക് ചലഞ്ചിംഗ് ആകുന്നതും ഒരു മാസ്റ്റർപീസ് ആകുന്നതും.

  ReplyDelete
 7. @Haree I don't think I can be any more eloquent than what Suraj and Akilesh already wrote about the non-linear usage of time in this movie. However, I am just giving you some pointers/links to the general style of "magic realism" which is adopted in the movie. Specifically, Causality is only weakly (or rather subjectively) implied in such genre.

  Further, if I recollect correctly, only Srank notices the henchmen of Moopan (during the course of narration of second and third stories). My interpretation of this is as of "ghosts (or images of ghosts) from his past [can be even of future] haunting him". Also, recollect in-spite the henchman appearing in a fancy boat (which I believe was not common to any time era of Kerala) others in the crowd hardly notice them, indicating towards fanatical and personal elements.
  --

  I do recommend you check out the wikipedia page about Magical Realism.

  ReplyDelete
 8. @suraj Kiddu Analysis!

  ReplyDelete
 9. ഇതിനെയൊന്നും വിലയിരുത്താന്‍ ആയിട്ടില്ല അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. :-)

  എങ്ങനെ സാധിക്കുന്നു ഇങ്ങനെ ആഴത്തില്‍ ഒരു ആസ്വാദനം. സംവിധായകന്‍ ഇത്രയൊക്കെ ഉദ്ദേശിച്ചിട്ടുണ്ടാവുമോ!!!

  ReplyDelete
 10. "മൂന്നു ഖണ്ഡങ്ങളും ചേർത്ത് ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയുണ്ടാക്കാൻ" - അങ്ങിനെ ഒരു പൊരുത്തമോ ഒരു നീണ്ട കഥയോ അല്ല ഉദ്ദേശിച്ചത്, ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്, അത് പോലീസുകാരിലൂടെയല്ല... മറിച്ച് സ്രാങ്കിനുള്ളിലെ വിശ്വസ്തന്‌ മൂപ്പനോടുള്ള ഭയത്തിലൂടെയാണ്‌. (പരസ്പരബന്ധമേയില്ലാത്ത മൂന്നു കഥകളാണ്‌ എന്നെഴുതിയതിനാല്‍, അങ്ങിനെയല്ല ഈയൊരു തരത്തില്‍ ബന്ധിപ്പിക്കാം എന്നേ ഉദ്ദേശിക്കുന്നുള്ളൂ.) അപ്പോള്‍ വരുന്ന മറ്റൊന്ന്, എന്തിനാണ്‌ സ്രാങ്ക് ഉണ്ണിത്താന്റെയിടത്തു നിന്നും പാലായനം ചെയ്തത്? തിരിച്ചു വരുമ്പോള്‍ ഉണ്ണിത്താന്‍ സ്രാങ്കിനെ സൌഹൃദഭാവത്തില്‍ തന്നെയായിരുന്നു സ്വീകരിച്ചത്. മലബാര്‍ - കൊച്ചി - തിരുവിതാം‍കൂര്‍ - കൊച്ചി പാലായനത്തിന്‌ ഭയം പ്രേരകമെങ്കില്‍; അതിനു മുന്‍പ് എന്തായിരുന്നു പ്രേരകം?

  "സ്രാങ്ക് ക്ഷീണിതനാകുന്നതും സുന്ദരനാകുന്നതുമൊക്കെ സ്ത്രീഭാവനയിലാണ്. " - ശരി തന്നെ. ഇവിടെ തന്നെ പെമ്മേണ കാണുന്ന സ്രാങ്കില്‍ മാറ്റമുണ്ടാവുന്നില്ല, അതിനിടയില്‍ തന്നെ രേവമ്മ കാണുന്ന സ്രാങ്ക് പെമ്മേണയുടെ ചവിട്ടു നാടകക്കാരനാവുന്നു. അപ്പോള്‍ രേവമ്മയുടെ സ്രാങ്കിലേക്ക് മാറുന്നില്ല. അതെന്തേ? കഥാകാരിയുടെ ഭാവന നമ്മോടു പങ്കുവെയ്ക്കുന്നതാരാണ്‌?

  ദശകങ്ങളുടെ മാറ്റമുണ്ട് ഓരോ ഖണ്ഡവും തമ്മില്‍ എന്നു വിചാരിച്ചാല്‍; സ്രാങ്ക് ഒരു പ്രതീകമാണ്‌, അതിനാല്‍ മാറ്റം വേണ്ട എന്നാണെങ്കില്‍; സ്രാങ്ക് മാത്രമല്ല മാറ്റമില്ലാതെ തുടരുന്നത് എന്നുമുണ്ട്. (രേവമ്മ, പെമ്മേണ, മൂപ്പന്‍ എന്നിവര്‍ക്ക് മാറ്റമില്ല; അതേ സമയം തന്നെ ഉണ്ണിത്താന്‍, ചെറിയ സമയത്തില്‍ തന്നെ വല്ലാതെ മാറുകയും ചെയ്യുന്നു!)

  നോണ്‍-ലീനിയര്‍ ആയി കഥ പറഞ്ഞതിലല്ല എനിക്ക് ചിത്രത്തോട് വിരക്തി എന്നു കൂടി പറഞ്ഞോട്ടെ... :) അതത്ര മികച്ച ആഖ്യാനമായെന്നോ, അതു നന്നായി തിരശീലയിലേക്ക് പകര്‍ത്തപ്പെട്ടുവെന്നോ തോന്നലില്ലാത്തതിനാലാണ്‌. (മറ്റ് ചിലര്‍ക്ക് നന്നായി എന്നു തോന്നിയതുകൊണ്ട് എന്റെ തോന്നല്‍ മാറില്ലല്ലോ. അതുപോലെ തിരിച്ചും മാറില്ലെന്ന് നല്ല ബോധ്യമുണ്ട് താനും.)
  (രണ്ടാമത്തെ ഖണ്ഡം പാലായില്‍ നടന്നതാണ്‌, ചിത്രത്തില്‍ പാലയെന്ന് സൂചന നല്‍കുന്ന പ്രത്യക്ഷമായ ലാന്‍ഡ്മാര്‍ക്കുകള്‍ കണ്ടിരുന്നു എന്ന അഭിപ്രായം മാറി എന്നു കരുതട്ടെ...)

  മൂപ്പന്റെ ആള്‍ക്കാര്‍ റിയലാണോ/വെര്‍ച്വലാണോ എന്നതല്ല പ്രശ്നം. സ്രാങ്കിന്റെ പാലായനത്തിന്‌ ഹേതുവാകുന്നത് ആ ഭയമാണ്‌, അത് എങ്ങിനെയായാലും പ്രശ്നമില്ല.

  ഓഫ്: കൊച്ചിയില്‍ സ്രാങ്ക് ഓടിക്കുന്നത് യാത്രക്കാര്‍ക്കായുള്ള ഗവണ്മന്റ് ബോട്ടല്ലേ? തിരിച്ചുവരുമ്പോളുടനെ സ്രാങ്കിനെ പിടിച്ച് ഓടിക്കാനിരുത്തുമോ?

  മാജിക് റിയലിസത്തെക്കുറിച്ചുള്ള വിക്കി ലിങ്കില്‍ കണ്ടത്: "what happens when a highly detailed, realistic setting is invaded by something 'too strange to believe'" - ഇങ്ങിനെയല്ലാത്ത ഒരു മലയാളം സിനിമ ഏതുണ്ട്! ;-) :-D ഏതു സൂപ്പര്‍സ്റ്റാര്‍ പടവും ഈ തരം തന്നെയല്ലേ? :-P
  --

  ReplyDelete
 11. കൊച്ചിയില്‍ സ്രാങ്ക് ഓടിക്കുന്നത് യാത്രക്കാര്‍ക്കായുള്ള ഗവണ്മന്റ് ബോട്ടല്ലേ? തിരിച്ചുവരുമ്പോളുടനെ സ്രാങ്കിനെ പിടിച്ച് ഓടിക്കാനിരുത്തുമോ?

  ഹ ഹ ഹ ! ഇതിലുണ്ട് ഹരീഷ് ജീ, ആ പൊലീസുകാരന്റെ സന്ദിഗ്ധാവസ്ഥ മുഴുവനും. അത് അബദ്ധത്തിൽ ചലച്ചിത്രകാരനു പറ്റിയതല്ല എന്നറിയാൻ ഷാജി.എൻ കരുൺ തന്നെ ഇനി ഇവിടെ വന്ന് പറയേണ്ടി വരും.

  ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്ന “മുംബൈ കാക്ക” ത്രൈമാസികയിൽ ഷാജിയോട് അജയകുമാർ ഒരു ഹ്രസ്വ ഇന്റർവ്യൂവിൽ മൂന്ന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് (ആ ഇന്റർവ്യൂ നടത്താൻ ആദ്യം നിയോഗിക്കപ്പെട്ടത് ഈയുള്ളവനാണ്, തിരക്ക് മൂലം സാധിച്ചില്ല, ഇനിയെന്നെങ്കിലും സാധിച്ചാൽ വിപുലീകരിക്കാം).

  ചോദ്യങ്ങളിൽ വളരെ വ്യക്തമായി ഷാജി പറയുന്നു : “അവിടെ കഥയെഴുത്ത് നോൺ-ലിനീയർ ആയ വിവിധസംഭവങ്ങളുടെ ചേരുവകളാണ്... യുക്തിപരതയ്ക്ക് അവിടെ വലിയ സ്ഥാനമില്ല”

  മറ്റൊരു ചോദ്യത്തിന്റെ ഉത്തരത്തിലൊരു ഭാഗം: “പ്രത്യേകിച്ച് വലിയ തെളിവുകളില്ലാതെ കേരളത്തിൽ നിന്ന് അപ്രത്യക്ഷമായ ബുദ്ധമതത്തിന്റെ ചില സ്പർശനങ്ങൾ അത്രയ്ക്ക് വ്യക്തമായ ചരിത്രസൂചകങ്ങളോ സംഭവങ്ങളോ സൂചിപ്പിക്കാതെ ഭാവനയിലൂടെ നിർമ്മിക്കുന്നതായിരുന്നു ആദ്യത്തെ ആഖ്യായിക ”

  പി.എസ് : ഈ ഇന്റർവ്യൂ എന്റെ ലേഖനം എഴുതിക്കൊടുത്ത ശേഷം നടത്തിയിരിക്കുന്നതാണ് എന്നാണു ശ്രീ മോഹൻ കാക്കനാടൻ (എഡിറ്റർ) എന്നോട് പറഞ്ഞത്. ലേഖനം ഷാജി.എൻ.കരുണിനെ കാണിച്ചിരുന്നില്ല എന്നും.

  ReplyDelete
 12. യുക്തിപരതയ്ക്ക് സ്ഥാനമില്ല എന്ന് സംവിധായകന്‌ വാദിക്കാം. അതെനിക്ക് വിഷയമല്ല. (അല്ല; യുക്തിക്ക് സ്ഥാനമില്ല എന്ന് കൊമേഴ്സ്യല്‍ ചിത്രങ്ങളെ ചൂണ്ടി പറയുമ്പോള്‍ അവയുടെ സംവിധായകര്‍ക്കും അങ്ങിനെ എന്തെങ്കിലും പറയാം.)
  എവിടെ യുക്തി നോക്കണം, അല്ലെങ്കില്‍ നോക്കരുത് എന്ന് നിര്‍ണയിക്കുവാനുള്ള അവകാശം ഓരോ പ്രേക്ഷകനുമുണ്ട് എന്നാണ്‌ എന്റെ വിശ്വാസം. അതേത് ചിത്രത്തിനും ബാധകമാണ്‌. അതിനനുസരിച്ച് പ്രേക്ഷകന്റെ ചിത്രത്തോടുള്ള സമീപനവും വിശകലനവും മാറിയെന്നിരിക്കും. ചലച്ചിത്രകാരന്‍ അവിടെ പരാതിപറഞ്ഞിട്ടും കാര്യമില്ല. (സംസ്ഥാന അവാര്‍ഡ് കമ്മറ്റി തന്നോടുള്ള വിരോധം തീര്‍ത്തു എന്നു പരാതിപ്പെടുമ്പോള്‍, ദേശീയ കമ്മറ്റി തന്നോടുള്ള ഇഷ്ടം കാട്ടിയതാണോ എന്നൊരു ചോദ്യത്തിനും സ്കോപ്പുണ്ട്... അത്രേയുള്ളൂ ഇവിടെയും. വലിയ സ്ഥാനമില്ല എന്നു പറയുമ്പോള്‍, അല്‍പമൊക്കെ വേണം എന്നില്ലേ?)
  :-)
  --

  ReplyDelete
 13. യുക്തിയെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി തൊട്ടുതീണ്ടാത്തതും, ഒരു ദർശനത്തെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പൊക്കുന്ന കഥയിൽ യുക്തി മനഃപൂർവ്വം ലംഘിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
  ഇത് സിനിമയുടെ വായനകളുടെ പ്രശ്നമാണു ഹരീഷ് ജീ. അതുമ്മേ നമ്മൾ തർക്കിച്ചിട്ട് ഒരു കാര്യവുമില്ല ;)

  ReplyDelete
 14. @Haree I would again like to refrain from making specific comments about the movie, and would like to restrict my comment to the style adopted. As a case, I would like to point out to the story "The Handsomest Drowned Man in the World" by Gabriel Garcia Marquez.

  A pdf of the full story is available here

  At the heart of story, it is a rather strong critique against excess celebrity admiration and our obsession with physical beauty (or glamour) which is very much routed in real life (similar to KS which touches on various social ills prevalent in Kerala). But to tell that story, it is not necessary to base it on real life (say tell the story of Bradd Pitt and Agelina Jolie), instead a new fantastical world was created, where some of the perceived common rules of our world are bended and twisted, and magic is created by exaggeration.

  Or take the quote from the movie "The Matrix"

  "MORPHEUS: This is a sparring program, similar to the programmed reality of the Matrix. It has the same basic rules. Rules like gravity. What you must learn is that these rules are no different than the rules of a computer system. Some of them can be bent. Others can be broken. Understand?"

  A fictional world is virtual, very much like a computer system. Its creator do have luxury and freedom to form and break the rules in his/her space and express freely there, and he/she is only limited by their imagination.

  ഏതു സൂപ്പര്‍സ്റ്റാര്‍ പടവും ഈ തരം തന്നെയല്ലേ? :-P

  You are right here :-p. But the problem of the super-star films are really not with the genre in which it is placed, but with the utter lack of innovation and drought of imagination exhibited by the makers who package old and vinegar-fied wine in new bottle. A film like "Devasarum" taken alone had definite merit, but by the time it got repackaged into "Thandavum" it stank to high heavens!


  @Suraj Just re-read the section titled "അടരുകളിലൊളിപ്പിച്ച സൂചകങ്ങൾ". Thanks a lot for the many novel perspective that you had elucidated, rather beautifully. Personally, I found the movie akin to a mystery/maze. Peripherally, there are only a few instances (or interfaces) when there is a conflict with our conventional notions with what is presented in the screen (for example, Kali denying it is the body of Srank, Srank's bodily appearance etc. ). A challenge is put forward, to use these leads and work backwards to unlock the underlying story within the movie, and thereby making the process of movie watching highly interactive and rewarding! Personally, one of the most impressive detailing I found in this movie is the stark simplicity ( or minimalism ) employed. It is amazingly balanced in the sense that nothing is insufficiently or overtly explained (almost as if the maker had kept in his mind Occam's razor as his reference point when refining the plot). Though the conflict points are parsimonious, they serve as sufficient and necessary portal into the deeper aspects of the movie (and maybe this parsimony of conflicts is the reason that many people did find the movie enjoyable despite focusing themselves within the conventional narrative mode).

  ps: The handsomest drowned man in the world was also quoted in context of Kutty Srank by a blog by V.Mohanakrishnan titled കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍, which is another excellent analysis about the movie.

  ReplyDelete
 15. മുകളിലെ ബ്ലോഗർക്ക് ഒരു നൂറുനന്ദി, കാകദൃഷ്ടിയിലെ സ്രാങ്ക് ലേഖനം കാണിച്ചുതന്നതിനു.

  ഞാനീ ലേഖനം എഴുതിത്തീർത്തത് ഓഗസ്റ്റ് 17നു രാത്രിയാണ്. ഓഗസ്റ്റ് 18നാണ് ഹരിയേട്ടനു (ബ്ലോഗർ പരാജിതനു) മെയിൽ ചെയ്തത്. പുള്ളിവഴിയാണു ശ്രീ കാക്കനാടൻ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. പ്രിന്റ് ലേഖനമായി വന്നിട്ട് ബ്ലോഗിലിടാമെന്ന് കരുതിയാണു കാത്തത്. കാകദൃഷ്ടിയിലെ പോസ്റ്റ് ഡേറ്റ് ഇപ്പോൾ ചെന്ന് നോക്കിയപ്പോൾ ഓഗസ്റ്റ് 19 ! അനല്പമായ സന്തോഷമായിരുന്നു ആ കാഴ്ച - ഞാൻ കണ്ടതൊന്നും എന്റെ ഭ്രാന്തല്ല, മറ്റൊരാളും കൂടി പങ്കുവയ്ക്കുന്നുണ്ട് ആ കാഴ്ചകൾ എന്നതിന്റെയും ലേഖനങ്ങളുടെ പിറവിദിനങ്ങളിലെ സമാനതയുടെയും ത്രില്ല് പറഞ്ഞറിയിക്കാവതല്ല. വിശേഷിച്ച് സ്രാങ്ക് പോലെ ഒരു സൂക്ഷ്മതല അവലോകനം വേണ്ടുന്ന സിനിമയുടെ കാഴ്ചയിൽ !

  പിന്നെയുമുണ്ട് രസം :
  ഈ ലേഖനം അയച്ചുകൊടുത്ത അന്ന് തന്നെ ഹരിയേട്ടൻ എന്നോട് Handsomest drowned manനുമായുള്ള സാമ്യത്തെപ്പറ്റി ചോദിച്ചിരുന്നു (ഹരിയേട്ടൻ പടം കണ്ടിട്ടില്ല). ഞാനത് ലേഖനത്തിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും ആ കഥയിൽ പായലും ചെളിയും മാറ്റുന്ന രംഗത്തിനു സമാനമായി സ്രാങ്കിന്റെ ശരീരത്തിൽ നിന്ന് പെമ്മേണ കൂണുകൾ നുള്ളുന്ന ഒരു സീനുണ്ടെന്ന് ഞാൻ ഹരിയേട്ടനു മറുപടിയിട്ടു.
  എന്റെ അവലോകനത്തിൽ ചരിത്രം മാത്രമേ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് തീരുമാനിച്ചതുകൊണ്ടാണ് മാർക്കേസ് കഥയും മറ്റു സിനിമകളുമായുള്ള താരതമ്യങ്ങളും ഒഴിവാക്കിയതുതന്നെ ;)

  ReplyDelete
 16. വൈകിയാണു വായിച്ചത്. ഭംഗിയായി എഴുതിയിരിക്കുന്നു. ഉള്ക്കനമുള്ള നിരൂപണം. സിനിമ ഇനിയും കാണാനൊത്തിട്ടില്ല. കാണണം.

  ReplyDelete
 17. ശോ...ഒത്തിരി വൈകി പോയി...ഇവിടെ എത്താന്‍...
  തിയറ്ററില്‍ വന്ന ആദ്യ ദിവസം തന്നെ പോയി സ്രാങ്കിനെ കണ്ടവനാണ് ഞാന്‍...
  ചിത്രത്തിന്‍റെ ആഖ്യാനത്തില്‍ റാഷോമോണ്‍ എന്നാ കുറസോവ ചിത്രത്തോട് വല്ലാത്ത ഒരു സാമ്യം തോന്നി..

  ഇതിലെ ചമയവും തീരെ നീതി പുലര്‍ത്തിയോ എന്ന് സംശയം...curl ചെയ്ത മുടിയുമായി നില്‍ക്കുന്ന കുട്ടനാട്ടുകാരി കമാലിനിയെ കണ്ടപ്പോള്‍ വല്ലാത്ത ഒരു അസഹനീയത..
  അവസാന ഭാഗത്ത് ബിംബങ്ങളെ മനസ്സിലാക്കിത്തരാന്‍ ഒരു കവയത്രി കഥാപാത്രത്തെ ഉപയോഗിച്ചത് സത്യത്തില്‍ സംവിധായകന്റെ പരാജയം അല്ലെ??
  ചലച്ചിത്രം പാടേണ്ട കവിത കഥാപാത്രം പാടുന്നത് ശരിയാണോ?

  സ്രാങ്കിനെ വിവരിക്കുന്ന മൂന്നു പെണ്ണുങ്ങള്‍ക്ക് പുറമേ ക്യാമറാകണ്ണും സ്ത്രീയുടെതാക്കി മാറ്റിയത് മനപൂര്‍വം ചെയ്ത ഒരു തമാശയാണോ??

  ReplyDelete
 18. ഒരേ ചരിത്രത്തിന്റെ മൂന്ന് ആഖ്യായികകളിൽ ഒരെണ്ണം ഒരു സാഹിത്യകാരിയുടേതാവുന്നു എന്ന പ്രത്യേകതയാണ് മൂന്നാം ഖണ്ഡത്തിലെ നോവലെഴുത്തുകാരിയിലൂടെ കാട്ടിത്തരുന്നത് ഷാരോൺ (അങ്ങനെയാണ് എന്റെ ആസ്വാദനം). വാമൊഴി ചരിത്രത്തോടൊപ്പം ഒരു സാഹിതീരൂപവും ചരിത്രമായി വരുന്നു -- അങ്ങനെ ചിലത് നമ്മുടെ ലോകത്തുമില്ലേ ? അതുതന്നെയാണ് സ്രാങ്കിൽ പരീക്ഷിക്കപ്പെടുന്നത്.

  ReplyDelete
 19. ഇന്നലെ പടം കണ്ടു. ഇഷ്ടമായി. പക്ഷെ ഇത്രയൊന്നും മനസ്സിലായില്ല. വളരെ നല്ല അപഗ്രഥനം.

  ReplyDelete
 20. വളരെ ഇഷ്ടപ്പെട്ടു ഈ അവലോകനം. മോഹനകൃഷ്ണന്റെ ആസ്വാദന കുറിപ്പും ഏറെ മികച്ചതാണ് . പരാമര്‍ശിക്കാതെ പോയ ഒരു പ്രണയ കഥ കൂടിയുണ്ട് -ഒരു സീനില്‍ എത്ര ഭംഗിയായി ഷാജി അത് പറഞ്ഞു എന്നത് മറക്കാന്‍ പറ്റുന്നില്ല. സ്രാങ്ക്‌ 'മാഗ ചന്ദിര' ഹൃദയ ഹാരിയായി മൂളിക്കൊണ്ട് ഓടിക്കുന്ന ബോട്ടില്‍ കമഴ്ന്നു കിടന്നു ആശാന്‍ അത് ഏറ്റു പാടുന്നു -അയാള്‍ക്ക് മുമ്പില്‍ മുഖം തിരിച്ചു നില്‍പ്പാണ് അയാളുടെ പഴയ കാമുകി - ഇപ്പോള്‍ വിശുദ്ധ വസ്ത്രത്തില്‍ കന്യാസ്ത്രീ - ആ പാട്ടിന്റെ ഈണം അത് പാടുന്ന ആശാന്റെ സാന്നിധ്യം അവരെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കഴുത്തില്‍ കിടക്കുന്ന കുരിശു രൂപം ചുംബിച്ചു എന്തോ ഒരു പ്രാര്‍ത്ഥന അവരുടെ ചുണ്ടില്‍. ആ ഒരു സീനില്‍ അവരും ആശാനും തമ്മിലുള്ള ബന്ധം കാണികള്‍ക്ക് അറിയില്ല. എങ്കിലും അവരുടെ ആശയടക്കുന്ന മുഖം ആശാന്റെ ജ്വലിക്കുന്ന കണ്ണുകള്‍ - മൂന്ന് മണിക്കൂര്‍ ആടിയും പാടിയും പറഞ്ഞിട്ടും ഫലിക്കാതെ വരുന്ന സാദാ പ്രണയ സിനിമ സംവിധായകരെ ആ സീന്‍ നൂറു പ്രാവശ്യം കാണാന്‍ പിഴയടിക്കണം!!
  മുന്നോട്ടു പോകുമ്പോള്‍ അവരുടെ ജനാലക്കു വെളിയില്‍ കള്ള് ലഹരിയില്‍ ചവിട്ടു നാടകം കളിക്കുന്ന സ്രാങ്കിനെയും ആശാനേം കാണാം. ആ സീനില്‍ സ്രാങ്കും ആശാനും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴവും അറിയാം. ഇത് പോലെ ഒരു പാട് മനസ്സില്‍ തറച്ചു നില്‍ക്കുന്ന ചില നിമിഷങ്ങളുടെ (images അല്ല moments) ഒരു അപൂര്‍വ സൌന്ദര്യമുള്ള കൊളാഷ് ആണ് ഈ സിനിമ. കാലത്തിന്റെ കഥയുടെ സാംഗത്യത്തിലും വളരെ ഉയരത്തിലാണ് ഈ സൃഷ്ടി എന്ന് ഒരു സാധാരണ പ്രേക്ഷകന് മനസ്സിലായിട്ടും അവാര്‍ഡ്‌ കമ്മിറ്റിക്ക് കണ്ണില്‍ പെട്ടില്ല എന്നത് തമാശയായി തോന്നും. കാലം ഏതെന്നു കൃത്യമായി മുറിക്കാന്‍ നാം പണിപ്പെടുംപോഴും മൂപ്പന്റെയും പള്ളീലച്ചന്റെയും ഉണ്ണിത്താന്റെയും കാലങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ നമ്മുടെ ജനാലക്കു വെളിയില്‍ ഇപ്പോഴും കോലം തുള്ളുകയാണ് എന്നത് വേറൊരു തമാശയല്ലേ! അപ്പോള്‍ കുട്ടിസ്രാങ്ക് കാണാന്‍ നമ്മള്‍ ചിലപ്പോള്‍ അറുപതു വര്‍ഷം പുറകോട്ടല്ല അറുപതു വര്‍ഷം മുന്നോട്ടാണ് പോവേണ്ടത് ! അധികാരത്തിന്റെ ചട്ടക്കൂടിന്റെ സമൂഹത്തിന്റെ വരിഞ്ഞു കെട്ടലുകള്‍ക്കെതിരെ മനസ്സും കൊണ്ടും ശരീരം കൊണ്ടും ഇത്ര ശക്തം പ്രതികരിക്കുന്ന പെണ്‍ജന്മങ്ങളെ അങ്ങനെ മുന്നിലേക്ക്‌ പോയാലും മലയാള സിനിമയില്‍ കാണാന്‍ കിട്ടുമോ എന്ന് സംശയം ബാക്കി!

  ReplyDelete
 21. ഇവിടുത്തെ ചവിട്ടുനാടകം നിർത്തിപ്പോവാത്തവർക്കായി:
  കുട്ടിസ്രാങ്ക്- പോകാത്ത ചോരമണത്തിന്റെ യാത്രകൾ

  ReplyDelete
 22. അതിനിടക്ക്, കാളി പോലീസിനോടു (കൂടെ വന്ന പ്രായമായ സ്ത്രീ തർജമ ചെയ്തു) കുട്ടിസ്രാങ്ക് മരിച്ചിട്ടില്ല എന്ന് പറയുന്നുണ്ടല്ലോ? അതു കാളിയുടെ വയറ്റിൽ വളരുന്ന കുട്ടിസ്രാങ്കിന്റെ കൂട്ടിയേ ഉദ്ദേശിച്ചാണോ?(സ്രാങ്കിന്റെ പുനർജന്മം?, സിനിമയുടെ അവസാനം രേവമ്മ കാളിയുടെ വയറ്റിൽ ചെവി ചേർത്ത് വക്കുമ്പോ, രേവമ്മ തന്നേ സ്രാങ്കിനോടു, അപേക്ഷിക്കുന്ന തരത്തിൽ പറഞ്ഞ കാര്യം, ഗർഭസ്ഥ ശിശു രേവമ്മയൊടു പറയുന്നുണ്ട്).

  ReplyDelete
 23. സുരാജ് താങ്ങളുടെ പോസ്റ്റുകള്‍ വായിക്കാറുള്ള ഒരാളാണ് ഞാന്‍.സമ കാലീന വിഷയങ്ങള്‍ പ്രതിപാദിക്കുന്ന രീതിക്കും , അതിന്റെ ആധികാരികതക്കും ഉള്ളം നിറഞ്ഞ അഭിവാദ്യങ്ങള്‍..... ഇപ്പോള്‍ ടി വി ചാനലുകളില്‍ നടന്നു വരുന്ന സീരിയല്‍ ആഭാസങ്ങല്കെതിരെ എഴുതിയ ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു .ഇത് post ചെയ്യാന്‍ ഉള്ള സ്ഥലം ഇതല്ല എന്ന് അറിയാം...ഞാന്‍ ബ്ലോഗില്‍ പുതുതായി എഴുതിത്തുടങ്ങിയ ആളാണ്‌ .. ഈ വിഷയത്തിനു സാമൂഹിക പ്രസക്തി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു... എനിക്കിതു വേണ്ട വിധം publicity കൊടുക്കാനും ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താനും പഠിച്ചു വരുന്നതെ ഉള്ളു . താങ്കള്‍ ഇത് വേണുന്ന ഗൌരവത്തോടെ കാണും എന്നും പ്രതീക്ഷിക്കുന്നു.ഇതൊരു കമെന്റ് അല്ല ,മറിച്ച് താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ഒരു ശ്രമം ആണ് ..http://durgunan.blogspot.com/2011/10/blog-post.html..അഭിവാദ്യങ്ങളോടെ ഇന്ദ്രജിത്ത് രാജേന്ദ്രന്‍

  ReplyDelete
 24. മൂന്നാം കഥ നടക്കുന്നത് കൊല്ലം ഭാഗത്താണ്, കുട്ടനാട്ടില്‍ അല്ല. അവിടെയാണ് ഉത്സവത്തിന്‌ ചില കരക്കാര്‍ വള്ളത്തില്‍ 'കുതിരയെ' കൊണ്ട് പോകാറുള്ളത്

  ReplyDelete
  Replies
  1. ആരായിരുന്നു കുട്ടിസ്രാങ്ക്?
   മകൻ? ഭർത്താവ്? കാമുകൻ?
   ആദ്യ ഭാഗത്ത് സ്രാങ്ക് പറയുന്ന സംഭാഷണം ശ്രദ്ധിച്ചോ?രേവമ്മേനക്കാണുമ്പ
   എനക്കെൻറ അമ്മേന ഓർമ്മ വരും
   രണ്ടാം ഭാഗത്ത് പ്രണയത്തിൻറെ തീവ്രത
   മൂന്നാം ഭാഗത്ത് ഭാര്യ
   അമ്മ, കാമുകി, ഭാര്യ ഈ മൂന്നു കഥാപാത്രങ്ങൾ
   സിനിമയിലുണ്ട്.സ്രാങ്കിൽ മകനും ഭർത്താവും കാമുകനുമുണ്ട്.
   കണ്ണൂർ തലശ്ശേരി പ്രദേശമാണ് ആദ്യഖണ്ഡത്തിൽ
   മൂന്നാം ഖണ്ഡം കൊല്ലം പ്രദേശമാകണം
   ഹിജഡകളുടെ ആരാധന അവിടെയൊരു ക്ഷേത്രത്തിലുണ്ട്.

   Delete
 25. നന്നായി എന്നൊന്നും പറഞ്ഞല്‍ പോര! സൂരജിന്റെ എഴുത്ത് വളരെ ഇഷ്ടമാണ്... ഒന്നും വിടാതെ വായിക്കാറുമുണ്ട് :) ആശംസകള്‍

  ReplyDelete

Comments to posts older than 30 days will be moderated for spam.