The contents of this blog and the language used herein are "mature" and suited only for "grown-ups".

Sep 20, 2010

കുട്ടിസ്രാങ്ക് : കലയും കലാപവും“പ്രപഞ്ചത്തിന്റെ സൃഷ്ടി-സംരക്ഷണങ്ങൾക്ക് ഒരു ദേവതയുടെ ആവശ്യമില്ല എന്നിടത്തോളം ബുദ്ധിസം ഒരു നിരീശ്വരവാദാശയമാണ്; പ്രാകൃതികമായ ഒരു ഉദ്ഭവവും നാശവും അതു പ്രപഞ്ചത്തിനു കല്പിക്കുന്നു. ആനന്ദത്തിന്റെ ഇടമായി ആരംഭിച്ച ലോകം ആഗ്രഹങ്ങൾക്കടിപ്പെട്ട മനുഷ്യന്റെ പ്രവർത്തികൾ മൂലം ദുരിതമയമാക്കപ്പെട്ടതെങ്ങനെ എന്നതിനെപ്പറ്റിയാണ് ബുദ്ധൻ സംസാരിച്ചത്. ആരാധ്യ മൂർത്തിയുമായി ബന്ധപ്പെട്ട വൈദിക ബ്രാഹ്മണപാഠങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടു. മൃഗങ്ങളെ കുരുതികൊടുക്കുന്ന ആചാരങ്ങളെ ബുദ്ധൻ എതിർത്തു. അധികാരകേന്ദ്രങ്ങളുടെയും രാഷ്ട്രത്തിന്റെയും ഉദ്ഭവം ആരാധനാമൂർത്തികളിൽ നിന്നാണെന്ന വൈദിക സങ്കല്പത്തിൽ നിന്നുള്ള കുതറിമാറലായിരുന്നു ബുദ്ധിസം ഒരർത്ഥത്തിൽ. കുടുംബത്തിന്റെ സ്ഥാപനം, കാർഷികഭൂമിയുടെ മേലുള്ള ഉടമസ്ഥത എന്നിവ പൌരസമൂഹത്തിൽ കലഹങ്ങളുണ്ടാക്കുന്നു; കലഹങ്ങൾ നിയന്ത്രിക്കാനും സംരക്ഷണത്തിനും ഭരണകർത്താക്കളെയും നിയമങ്ങളെയും ആവശ്യമായി വരുന്നു. നിയമവ്യവസ്ഥയിലേക്കുള്ള സമൂഹത്തിന്റെ ക്രമമായ പരിണാമത്തെ യുക്തിയോടെ ബുദ്ധൻ വിശദീകരിക്കുന്നതിങ്ങനെയാണ്. ഭരണസംവിധാനമെന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയും ജനങ്ങളും തമ്മിലെ കരാർ മാത്രമാണ്. ചക്രവർത്തി എപ്പോഴും നിയമചക്രത്തോടൊപ്പമാണു കാണപ്പെടുന്നത്. അള്ളിപ്പിടിച്ചു കയറിപ്പറ്റാനുതകുന്ന വിപുലമായ വംശാവലികളൊന്നും അതിലുണ്ടായിരുന്നില്ല.പടയോട്ടങ്ങൾക്ക് പ്രചോദനമാകുന്ന മാതൃകകളിൽ നിന്ന് അവ വ്യതസ്തമായിരുന്നു. ആത്മാവിന്റെ അസ്തിത്വത്തെ നിഷേധിച്ച ബുദ്ധ സങ്കല്പം സംസാരത്തിന്റെയും കർമ്മത്തിന്റെയും ബ്രാഹ്മിണിക്കൽ അർത്ഥങ്ങളെ പുനർനിരവചിക്കുകയാണു ചെയ്തത്. കർമ്മത്തെ അതിന്റെ വർണാശ്രമച്ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് ബുദ്ധൻ അതിനെ പ്രവർത്തിയുടെ ശുദ്ധിയുമായി ചേർത്ത് വിളക്കി. ബുദ്ധന്റെ ഉപദേശങ്ങൾക്ക് ഒരു തോണിയുമായി താരതമ്യമുണ്ട്. അതിലേറി ജീവിതനദി കടക്കാം; പക്ഷേ തോണിയെ കരയിൽ ഉപേക്ഷിക്കണം, അതിൽ കയറി മറ്റൊരു വ്യക്തിക്ക് ഇക്കരെയെത്താനുള്ളതാണല്ലോ. ”
- റോമിള ഥാപ്പർ [1]വാനപ്രസ്ഥത്തിന്റെ ഒരു ദശകത്തിനിപ്പുറമാണു ഷാജി.എൻ.കരുൺ കുട്ടിസ്രാങ്കുമായി വന്നത്. ബോക്സോഫീസിലും കലാമുല്യം റാത്തൽ കണക്കിൽ തൂക്കിനോക്കി അംഗീകാരം പതിച്ചുകൊടുക്കുന്ന പ്രാദേശിക ജൂറികളുടെ മുന്നിലും ചിത്രം പരാജയപ്പെട്ടുവെന്നു തന്നെ പറയാം. കാലികമായതൊന്നുമില്ല എന്ന ന്യായം പറഞ്ഞാണു നമ്മുടെ അവാഡ് കമ്മറ്റിക്കാർ കുട്ടിസ്രാങ്കിനെ തള്ളിയതെന്നാണു കേട്ടത്. കാലികമായതെന്തെങ്കിലും കണ്ടിട്ടാണോ അതോ ക്യാമറാവർക്കിന്റെയും സാങ്കേതികജോലികളുടെയും മേന്മ മൂലമാണോ മോണ്ട്രിയൽ ഫിലിം ഫെസ്റ്റിവലടക്കമുള്ള വിദേശസിനിമാഘോഷങ്ങളിൽ സ്രാങ്ക് ശ്രദ്ധിക്കപ്പെട്ടത് എന്ന് വ്യക്തവുമല്ല. ഒന്നുമാത്രം പറയാം – കലാകാരനുദ്ദേശിച്ചത് ആസ്വാദകനിലേക്കെത്തുമ്പോൾ സൃഷ്ടി കലയാകുന്നു. അതിനുമപ്പുറം ചിലതുകൂടി ആസ്വാദകനിലെത്തുമ്പോൾ ആ കല കലാപമാകുകയും ചെയ്യാം. സ്രാങ്കിൽ അങ്ങനെയൊരു കലാപസാധ്യതയുണ്ട്.

കലാമുല്യമുള്ള ലോകസിനിമകളും സാഹിത്യവും ഒരു ശീലമായ മലയാളിക്ക് സ്ഥല-കാലങ്ങളുടെ അതിർത്തിലംഘിക്കുന്ന സങ്കേതങ്ങൾ അപരിചിതമല്ല. ഫാന്റസിയെയും യാഥാർത്ഥ്യത്തെയും ഇഴചേർക്കുന്ന മാജിക്കൽ റിയലിസങ്ങളും നമുക്ക് പുതിയതല്ല. പക്ഷേ ഇത്ര ബൃഹത്തായ ഒരു പശ്ചാത്തലത്തിൽ ഈ സങ്കേതങ്ങളെയെല്ലാം ചേർക്കുകയും ചരിത്രത്തെ പല അടരുകളിലായി ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന ഒരു ചലച്ചിത്രം ഇതാദ്യ അനുഭവമായിരിക്കണം.

സ്രാങ്കിന്റെ കഥ അതിന്റെ ഉപരിപ്ലവതയിൽ മാത്രം നോക്കിയാൽ ലളിതമാണ്. ചവിട്ടു നാടകത്തിന്റെ വേഷഭൂഷാദികളോടെ കുട്ടിസ്രാങ്കിന്റെ (മമ്മൂട്ടി) ജഡം കടൽക്കരയിലടിയുന്നു. പൊലീസ് (ശ്രീകുമാറും സഹനടന്മാരും) ഒരു താൽകാലിക കെട്ടിടത്തിൽ ജഡം സൂക്ഷിച്ച് ഇൻ‌ക്വസ്റ്റു തയാറാക്കുന്നു. അവിടെ സ്രാങ്കിനെ പരിചയമുള്ള മൂന്ന് സ്ത്രീകൾ വന്ന് അവരവർക്ക് സ്രാങ്കിനെപ്പറ്റിയുള്ള ചിത്രം നൽകുന്നു. സ്ഥലകാലപ്പൊരുത്തമോ സ്ഥിരതയോ ഇല്ലാത്ത മൂന്ന് ചരിതങ്ങൾ.

ഡോക്ടറും ബുദ്ധഭിക്ഷുവുമായ രേവമ്മ (പദ്മപ്രിയ) പറയുന്നതനുസരിച്ച് ഉത്തര മലബാറിലെ ഒരു കരയിൽ കുട്ടിസ്രാങ്ക് തുറയരയരുടെ മൂപ്പന്റെ കങ്കാണിയാണ്. നാടുവാഴിയായ മൂപ്പന്റെ അളവില്ലാത്ത ക്രൂരതകൾക്ക് അരുനിൽക്കുന്നവൻ അച്ഛന്റെ കൈയ്യാലുള്ള അമ്മയുടെ മരണവും അയാളുടെ ചോരക്കളികളും ഉണ്ടാക്കിയ മാനസികാഘാതങ്ങളുമായി ജീവിക്കുന്ന, ശ്രീലങ്കയിൽ വൈദ്യം പഠിക്കാൻ പോയ മൂപ്പന്റെ മകൾ രേവമ്മ. ബുദ്ധസന്യാസം സ്വീകരിച്ച പ്രസന്ന എന്ന സഹപാഠിയുമായി അവൾ പ്രണയത്തിലാണ്. അയാളോടൊത്ത് സന്യാസം സ്വീകരിക്കാൻ ഗയയിലേക്ക് പോകാനാണവളാഗ്രഹിക്കുന്നത്. എന്നാൽ വിവാഹവും കഴിച്ച് തന്റെ സ്വത്തുക്കൾക്ക് അനന്തരാവകാശികളെ സൃഷ്ടിച്ച് മകൾ കഴിഞ്ഞുകൂടണമെന്നാണ് മൂപ്പൻ ആഗ്രഹിക്കുന്നത്. രേവമ്മയോട് അനുകമ്പയുള്ള അവളുടെ ചെറിയച്ഛനും ചെറിയമ്മയും ചേർന്ന് പ്രസന്നയെ മൂപ്പനിൽ നിന്ന് ഒളിച്ചുതാമസിപ്പിക്കുന്നുവെങ്കിലും കുട്ടിസ്രാങ്ക് പ്രസന്നയെ കണ്ടെത്തി മർദ്ദിച്ചവശനാക്കുന്നു. പിന്നീട് രേവമ്മയുടെ സങ്കടക്കഥകളിൽ അലിവാർന്നും ബുദ്ധഭിക്ഷുവിന്റെ അപാരമായ ഭൂതദയയിൽ ആകൃഷ്ടനായും സ്രാങ്ക് അവരുടെ സംരക്ഷണമേൽക്കുന്നു. എന്നാൽ ഇതു കണ്ടെത്തുന്ന മൂപ്പൻ കിങ്കരന്മാരെ വിട്ട് പ്രസന്നയെ പിടിക്കുന്നു. തന്നോടു കാണിച്ച വിശ്വാസവഞ്ചനയ്ക്ക് സ്രാങ്കിനെ ശിക്ഷിക്കുന്നത് അറവ് മാടുകളുടെ അവശിഷ്ടം കടലിൽ കൊണ്ടുതള്ളാൻ സ്രാങ്കിനെ ഏൽ‌പ്പിക്കുന്ന കൂട്ടത്തിൽ ഒരു ചാക്കിൽ പാതി ജീവനായിക്കിടക്കുന്ന പ്രസന്നയുടെ ശരീരവും ഏല്പിച്ചുകൊണ്ടാണ്. പാപബോധത്താൽ വേട്ടയാടപ്പെട്ട് രേവമ്മയുമായി സ്രാങ്ക് ഒരു ദ്വീപിലേക്ക് ഒളിച്ചോടുന്നു, അവിടെ അവളെ ഒരു മുതിർന്ന സ്ത്രീയോടൊപ്പം സുരക്ഷിതമാക്കുന്നു.

സ്റ്റേഷനിലേക്ക് കടന്ന് വരുന്ന പെമ്മേണ (കമാലിനി മുഖർജി) പറയുന്ന കഥയനുസരിച്ച് സ്രാങ്ക് എറണാകുളത്തെ ഒരു തീരദേശഗ്രാമത്തിൽ “ജാതിയോ മതമോ ദൈവമോ ഇല്ലാതെ” കഴിഞ്ഞ ഒരു ബോട്ടോട്ടിപ്പുകാരനാണ്. തന്റെ ചേട്ടനും തുറയിലെ ചവിട്ടുനാടകസംഘത്തിന്റെ ആശാനുമായ ലോനിയുടെ (സുരേഷ്കൃഷ്ണ) പ്രിയ ശിഷ്യനും കലാകാരനും. പെമ്മേണയുടെ ആരാധനാ മൂർത്തി. കാറൽമാൻ ചരിതം ചവിട്ടു നാടകത്തിൽ ഏറ്റവും പ്രധാനപ്പെട്ട റോൾദാന്റെ വേഷം കെട്ടാൻ സ്രാങ്കിനു നിയോഗമെത്തുമ്പോൾ ആ വേഷത്തിൽ മുൻപേ കണ്ണുവച്ച ജ്വോപ്പൻ (ഇയാൾ ഇതേ നാടകത്തിൽ സ്ത്രീവേഷം കെട്ടിയിരുന്നയാളാണ്) ലോനിയാശാനുമായി പിണങ്ങുന്നു. ദൈവമോ മതമോ ഇല്ലാതെ നടക്കുന്ന സ്രാങ്കിനെ പണ്ടേ കണ്ണിൽ‌പ്പിടിക്കാത്ത പള്ളിവികാരി യോനൂസച്ചനുമായി (സിദ്ദിഖ്) ചേർന്ന് നാടകത്തിൽ നിന്ന് സ്രാങ്കിനെ പുറത്താക്കാനും പെമ്മേണയെ സ്വന്തമാക്കാനും ജ്വോപ്പൻ വലനെയ്യുന്നു. പകയുടെ പാരമ്യത്തിൽ നാടകത്തിനിടയിലെ ഒരു കുരിശുയുദ്ധ രംഗത്തുവച്ചു ജ്വോപ്പന്റെ കൂട്ടാളി സ്രാങ്കിനെ കുത്താൻ ശ്രമിക്കുന്നു. ലോനിയാശാൻ മദ്യത്തിനൊപ്പം വിഷം ഉള്ളിൽചെന്ന് മരിക്കുകയും ചെയ്യുന്നു. പകരം വീട്ടാൻ ജ്വോപ്പനെ സ്രാങ്ക് തേടുന്നുവെങ്കിലും ജ്വോപ്പനും വിഷം തീണ്ടി മരിച്ച വാർത്ത പരന്നതോടെ സ്രാങ്ക് ആ കര വിടുന്നു.

ബധിരയും മൂകയുമായ കാളിയാണു (മീനാ കുമാരി) പിന്നീട് സ്രാങ്കിന്റെ കഥ പറയാൻ ‘സ്റ്റേഷ’നിലെത്തുന്നത്. അവളെ സ്രാങ്ക് സംരക്ഷിച്ചിരുന്നെന്നും സ്രാങ്കിന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും സഹായിത്തള്ളയിൽ നിന്ന് എല്ലാരുമറിയുന്നു. ഉണ്ണിത്താനെന്ന (സായികുമാർ) തകർന്നുകൊണ്ടിരിക്കുന്ന ഭൂപ്രഭുവിന്റെ നാട്ടിലെ വിഷവൈദ്യന്റെ മകളും നാട്ടുകാരുടെയും ഉണ്ണിത്താന്റെയും കണ്ണിൽ ദുശ്ശകുനവുമായ കാളിയുടെ കഥ വികസിക്കുന്നത് ഉണ്ണിത്താന്റെ കുടിയനായ മകന്റെ ഭാര്യ നളിനി (വാഹിദ) എഴുതുന്ന നോവലിലൂടെയാണ്. സ്രാങ്ക് ഉണ്ണിത്താന്റെ പഴയകാല പരിചയക്കാരനും ശിങ്കിടിയുമാണ്. യാദൃച്ഛികമായി ഒരു ഉത്സവത്തിനെഴുന്നള്ളിക്കാനുള്ള “കെട്ടുകുതിര”കളിലൊന്ന് ചങ്ങാടം മറിഞ്ഞ് വെള്ളത്തിൽത്താഴുമ്പോൾ ഉണ്ണിത്താനെ രക്ഷിക്കാനുള്ള നിയോഗം സ്രാങ്കിനാണ്. ഉണ്ണിത്താന്റെ വിശ്വസ്തനായി വീണ്ടും കൂടുന്ന സ്രാങ്ക് അയാളുടെ അന്ധവിശ്വാസങ്ങളിലെ ഭീതിസ്വപ്നമായ കാളിയെ വകവരുത്തുമെന്ന് മദ്യലഹരിയിൽ പ്രഖ്യാപിക്കുന്നു.എന്നാൽ കഥകളിലെ ദുർദ്ദേവതയായ കാളിയെപ്പറ്റിയുള്ള സ്രാങ്കിന്റെ സങ്കല്പം തകരുന്നതോടെ അയാൾ അവളെ വെറുതേ വിടുന്നു. പാമ്പുകടിയേറ്റ സ്രാങ്കിനെ കാളി ചികിത്സിക്കുന്നു. അവളുടെയും സംരക്ഷകനാകുന്ന സ്രാങ്ക് അവളെ വേൾക്കാനുമാഗ്രഹിക്കുന്നു. തന്റെ കുടുംബത്തിന് വന്നുചേരുന്ന ദുരവസ്ഥകൾക്കെല്ലാം കാരണം കാളിയാണെന്ന് വിശ്വസിക്കുന്ന ഉണ്ണിത്താനും മകനും കാളിയെ ആൾക്കുരുതിയായി നൽകിയാൽ അതു മാറുമെന്നും കരുതുന്നുണ്ട്. അങ്ങനെയൊരു ശ്രമം നടക്കുന്നതിനു തൊട്ടുമുൻപ് സ്രാങ്കിനെയും കാളിയെയും സ്ഥലംവിട്ടോളാൻ മുന്നറിയിപ്പ് നൽകിയിട്ട് ഉണ്ണിത്താന്റെ മരുമകൾ നളിനി ആൾക്കുരുതിക്ക് തന്റെ ശരീരമാകട്ടെയെന്ന് എഴുതിവച്ചിട്ട് ആത്മഹത്യചെയ്യുന്നു.

മൂന്നു സ്ത്രീകൾ ഒത്തുചേരുന്ന ‘പൊലീസ് സ്റ്റേഷ’നിൽ സ്രാങ്കിന്റെ മൂന്ന് വ്യക്തിക്ത്വങ്ങൾ ചേർച്ചയില്ലാതെ വികസിക്കുന്നു. ജ്വോപ്പനെ വിഷം കൊടുത്തു കൊന്നത് താനാണെന്ന് പെമ്മേണ കുറ്റമേൽക്കുന്നു, സ്രാങ്കിനെ മരണാനന്തരം കുറ്റവിമുക്തനാക്കുന്നു. കാളിയെ തന്റെയൊപ്പം കൊണ്ടുപോകുന്ന രേവമ്മ അവളുടെ വയറ്റിലെ സ്രാങ്കിന്റെ കുട്ടിയുടെ ഹൃദയമിടിപ്പിലേക്ക് കാതു ചേർക്കുന്നു.


കാലദേശങ്ങളുടെ മതിൽഭേദനം
മൂന്നു കാലത്തിലായാണ് കഥാഖണ്ഡങ്ങൾ സംഭവിക്കുന്നത്, ഒരുപക്ഷേ ഏതാനും ദശകങ്ങളുടെ അകലമുള്ളതാണ് ഇതിലെ ഭാഗങ്ങൾ നടക്കുന്ന ഓരോ കാലഘട്ടവും. കഥാഖണ്ഡങ്ങളുടെ കാലഘട്ടം (period) പ്രസക്തമാണ് പക്ഷേ കാലം (time) പ്രസക്തമല്ല. ഈ വൈരുദ്ധ്യം സൂക്ഷ്മമായി വിളക്കിച്ചേർത്തിരിക്കുന്നു. കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ വന്നുപോകുന്നു, സമൃദ്ധമായി - പായ്ക്കപ്പൽ മുതൽ ആകാശവാണിയുടെ മലയാളവാർത്താപ്രക്ഷേപണം വരെ, തുഴവള്ളം മുതൽ ആധുനിക കടത്തു ബോട്ടുകളും ടാറിട്ട റോഡുകളും വരെ. എന്നാൽ കഥാരൂപത്തിൽ കാലത്തെ/സമയത്തെ വ്യക്തമാക്കുന്ന ഒന്നും അവശേഷിപ്പിക്കുന്നില്ല – ഒരു കലണ്ടറോ നാഴികമണിയോ പോലും. അവ്യക്തമായ പരാമർശങ്ങളുള്ള ഋതുക്കൾ മാത്രമാണ് ആകെ കാലത്തെ സൂചിപ്പിക്കുന്നത്.

മൂന്നു സ്ഥലത്തായാണു കഥയുടെ മൂന്നു ഭാഗങ്ങൾ നടക്കുന്നത്. ആദ്യത്തേത് കാസർഗോഡിനടുത്ത ഒരു തീരദേശത്ത്, രണ്ടാമത്തേത് എറണാകുളം ജില്ലയിലെ തീരദേശക്രൈസ്തവരുടെ ഒരു സമൂഹത്തിൽ, മൂന്നാമത്തേത് കുട്ടനാട് ഭാഗത്തെ ഒരു കായൽത്തീരത്ത്. സ്ഥലത്തെ അപ്രധാനമാക്കുന്ന മൂന്ന് കാര്യങ്ങളുണ്ട് : സമൃദ്ധമായ, കാലാതിവർത്തിയായ, കടലോ കായലോ എന്ന് വേർതിരിയാത്ത ജലത്തിന്റെ സാന്നിധ്യമാണ് അതിലൊന്ന്. കഥത്തുടർച്ചയുടെ മുഖ്യകണ്ണിയായിട്ടും സ്ഥലത്തിനനുസരിച്ച് ഒരു തട്ടുതടയലുമില്ലാതെ മാറുന്ന കുട്ടിസ്രാങ്കിന്റെ സംസാരംഭാഷയാണ് രണ്ടാമത്തേത് – ഉത്തരമലബാറിൽ കന്നടയുടെ സാന്നിധ്യം കിനിയുന്ന മലയാളവും എറണാകുളത്ത് ലത്തീൻ കത്തോലിക്കരുടെ അരയഭാഷയും, കുട്ടനാട്ടിൽ മധ്യ തിരുവിതാങ്കൂർ ചുവയുള്ള പേച്ചും. മൂന്നാമത്തേത് മൂന്ന് തീരങ്ങളിലെയും സ്രാങ്കിന്റെ കൂട്ടുകാരികൾ എവിടെനിന്നെന്നില്ലാതെ വന്നണയുന്ന, കുട്ടിസ്രാങ്കിന്റെ മരണാനന്തര വിചാരണകൾക്ക് വേദിയാവുന്ന പൊലീസിന്റെ മഹസറെഴുത്ത് രംഗവും ആ താൽക്കാലിക സ്റ്റേഷനും.


കഥാപാത്രങ്ങൾ

സ്രാങ്ക് ഒരു പ്രതീകമായിട്ടാണ് മൂന്നുസ്ഥലങ്ങളിലും മൂന്ന് കാലങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്. എന്തിന്റെ പ്രതീകം എന്നത് കാഴ്ചക്കാരനു വിട്ടുകൊടുത്തുകൊണ്ടുള്ള അസ്പഷ്ടതയുടെ ഒരു കളി ചലച്ചിത്രകാരൻ നടത്തുന്നുണ്ട്. സ്രാങ്ക് ഒരു മതവിശ്വാസത്തെയും പിൻപറ്റുന്നവനല്ല. ഒരു ദേവതയെയും ആരാധിക്കുന്നില്ല. ‘ആകാശമിഠായി’യെന്ന പോലൊരു പേരിൽ അയാൾ ഒരു പൈതൃകവും ഒളിപ്പിച്ചുവയ്ക്കുന്നുമില്ല

ബുദ്ധസന്യാസിയെ അയാൾ അടിച്ചവശനാക്കുന്നുണ്ട്. പിന്നീട് പശ്ചാത്തപിക്കുമ്പോഴും സന്യാസിയുടെ സ്നേഹമേ അയാളെ ആകർഷിക്കുന്നുള്ളൂ, മത ദർശനമല്ല. കപ്പേളയ്ക്കുമേൽ കൂറ്റൻ കുരിശു നിർമ്മിക്കുമ്പോൾ അത് വലിച്ചുകയറ്റാൻ നാട്ടുകാരോടൊപ്പം അയാളും പരിശ്രമിക്കുന്നുണ്ട്, അതിന്റെ ആവേശത്തിൽ പങ്കുചേരാതെ തന്നെ. അതേ സ്രാങ്ക് പള്ളിവികാരിയോട് “താൻ പുളുത്തും” എന്ന് കൈമുട്ടു മടക്കി ആംഗ്യം കാണിച്ച് വിരട്ടുന്നു. ഉണ്ണിത്താന് നല്ലതുവരാൻ ആൾക്കുരുതിക്ക് കാളിയെ മതിയെങ്കിൽ അത് താൻ ചെയ്യുമെന്ന് സ്രാങ്ക് പ്രഖ്യാപിക്കുന്നുണ്ട്, കാളിയെ സ്നേഹിക്കുമ്പോൾ അവൾക്കായി സർപ്പക്കാവിൽ മഞ്ഞൾ കൊണ്ട് എറിയുന്നതും സ്രാങ്കാണ്. പക്ഷേ രണ്ടും അയാളെക്കൊണ്ട് ചെയ്യിക്കുന്നത് സഹജവികാരമായ ‘വിശ്വസ്തത’യാണ്.

മൂർത്തികളിലധിഷ്ഠിതമായ ഒരു അധികാരകേന്ദ്രത്തെ നിലനിർത്താനും ശക്തിപ്പെടുത്താനുമാണു സ്രാങ്കിന്റെ ചുറ്റുമുള്ള സമൂഹം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പിടി അയയുമ്പോഴെല്ലാം അത് ‘ധർമ്മ സംസ്ഥാപനാർത്ഥം’ ഇടപെടുന്നു, എല്ലാ ഉപാധികളുമുപയോഗിച്ച് അധികാരം അതിന്റെ പിടി മുറുക്കുന്നു. അത് മൂപ്പന്റെ ഗുണ്ടകളിലൂടെയാകാം, വികാരിയച്ചന്റെ നരകശിക്ഷാ മുന്നറിയിപ്പിലൂടെയാകാം, അന്ധവിശ്വാസിയായ ഫ്യൂഡൽ പ്രഭുവിന്റെ മന്ത്രവാദങ്ങളിലൂടെയാകാം.

രേവമ്മയെ “തട്ടിക്കൊണ്ടുപോയ” സ്രാങ്കിനെത്തേടി കാസറഗോഡൻ മൂപ്പന്റെ കിങ്കരന്മാർ മൂന്ന് കഥാഭാഗത്തും വരുന്നുണ്ട്. രാജാവിന്റെ, അധികാരത്തിന്റെ വാൾത്തലപ്പ് മൂന്നുകാലങ്ങളിലേയ്ക്കും, മൂന്ന് സ്ഥലങ്ങളിലേക്കും, മൂന്ന് സംസ്കൃതികളിലേയ്ക്കും നീളുകയാണ്. മൂന്ന് കാലങ്ങളിലും, മൂന്ന് ഇടങ്ങളിലും പിണിയാളായും ഇരയായും സാക്ഷിയായും കുട്ടിസ്രാങ്ക് ഒരു പ്രത്യക്ഷസാന്നിദ്ധ്യമാണെങ്കിൽ മൂപ്പൻ ഒരു അദൃശ്യ സാന്നിധ്യമാണ്.

കല്ലിനെപ്പിളർക്കുന്ന കല്പനകളുടെ ഏതോ ഭൂതകാലത്തു നിന്നാണ് അയാൾ ഭരിക്കുന്നത്. വെണ്ണക്കൽ തൂണുകളുടെ കൊട്ടാരവും അന്യനാട്ടുകാരടങ്ങുന്ന വിശിഷ്ടാതിഥികളുടെ തീന്മേശ സദസ്സും, കേൾവിയും കേൾപ്പോരുമില്ലാതെ തീരുന്ന അരുംകൊലകളും. കാലഘട്ടത്തെ സൂചിപ്പിക്കാവുന്നതൊന്നും ഈ ഖണ്ഡത്തിൽ നിന്ന് കണ്ടെടുക്കുക സാധ്യമല്ലാത്തതും യാദൃച്ഛികമല്ല. എല്ലാ ഏകഛത്രപതികൾക്കും വന്നുപെടുന്ന അപാരമായ ഒറ്റപ്പെടലിലാണു മൂപ്പനെന്ന അധികാരകേന്ദ്രവും. തന്റെ കിങ്കരന്മാരിൽ‌പ്പോലും കുട്ടിസ്രാങ്കിനെയൊഴിച്ച് ആരെയും അയാൾക്ക് വിശ്വാസമില്ല. തനിക്കെതിരേയുള്ള പട നടക്കുന്നത് പാളയത്തിൽ തന്നെയാണെന്ന് നന്നായി ബോധ്യമുള്ളവൻ. തന്റെ സ്വത്തിനും രാജ്യത്തിനും അവകാശിയായ മകൾ അതിനൊന്നും പുല്ലുവില കല്പിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും അയാൾ തരിമ്പും മാറാത്തത് അധികാരമാണ് അയാൾക്ക് വലുത് എന്നതുകൊണ്ടാവാനേ തരമുള്ളൂ. രക്ഷിക്കാനും ശിക്ഷിക്കാനും തനിക്കുചുറ്റുമുള്ള ഏത് ജീവന്റെയും വിധി നിർണയിക്കാനും ശേഷിതരുന്ന അധികാരത്തെ മാത്രമാണയാൾ സ്നേഹിക്കുന്നത്, അത് കൊണ്ടുവരുന്ന പണത്തെയോ സമൃദ്ധിയേയോ ആകർഷിക്കുന്ന ബന്ധു-സുഹൃദ് വലയത്തെയോ അല്ല. മകളുടെ തീരുമാനം ഒരുതരത്തിലും മാറ്റാനാവില്ലെന്നറിഞ്ഞിട്ടും അയാൾ സ്രാങ്കിന്റെ മേലും തന്റെ ന്യായം നടപ്പിൽ വരുത്തുന്നത് അതുകൊണ്ടാണ്.

വാക്കുകൾക്കതീതമായ ഹിംസയിലൂടെയാണു മൂപ്പന്റെ സാമ്രാജ്യം വലുതാകുന്നതെന്ന സൂചന ആദ്യഖണ്ഡത്തിൽ മാത്രമല്ല ഉള്ളത്. ജ്വോപ്പനെക്കൊണ്ട് ലോനിയാശാനെക്കൊല്ലിക്കുന്നതും ഉണ്ണിത്താന്റെ അന്ധവിശ്വാസങ്ങളിൽ കാളിയെ നിറയ്ക്കുന്നതും മൂപ്പനെന്ന അദൃശ്യമായ അധികാ‍രത്തിന്റെ സാന്നിധ്യമാണ്. തടിയറുക്കുന്ന ഈർച്ചവാളിലേക്ക് ഒരു മനുഷ്യനെ പച്ചജീവനോടെ തള്ളിക്കയറ്റുന്നുണ്ട് മൂപ്പന്റെ കിങ്കരന്മാർ. അങ്ങനെ നരബലികളും, പ്രതികാരകൊലകളും കൊണ്ട് വെട്ടിപ്പിടിച്ച കലിംഗങ്ങൾ പിൻ‌തലമുറ കൈയ്യൊഴിയുകയാണു രേവമ്മയിലൂടെ. ബുദ്ധൻ ഏറ്റവുമധികം എതിർത്ത വൈദികഹിന്ദുമതത്തിലെ മൃഗബലിയുടെ സൂചകമായി സ്രാങ്ക് വാരുന്ന മാട്ടിൻ തലകളെ കാണാം.ഹിംസാത്മകമായ അധികാരത്തിന്റെ മതത്തെ നിഷേധിച്ചുകൊണ്ട് ഉയരുന്ന ബുദ്ധമതത്തിന്റെ ശാന്തിമന്ത്രം കൂടിയാണു രേവമ്മ. മതമോ മൂർത്തിയോ ഇല്ലാത്തവനായിട്ടും അധികാരത്തിന്റെ പിണിയാളായി കുട്ടിസ്രാങ്ക് പ്രസന്നയെ പീഡിപ്പിക്കുന്നു. ഇന്ത്യയിലെ ബൌദ്ധ കുരുതിക്ക് സമാനമായ ഒരു സീനിൽ പാതിജീവനോടെ പ്രസന്നയെ കടലിൽ എറിയുന്നു.

മതനിരാസത്തിന്റെ അതിരുകളിൽ കഴിയുന്ന ലോനിയാശാനെയും ‘ചൊല്ലുവിളി’യില്ലാതെ കഴിയുന്ന ‘വരത്തൻ’ സ്രാങ്കിനെയും വികാരി യോനൂസച്ചന് പിടിക്കാത്തത് അവരുടെ പ്രവർത്തികൾ പള്ളിയുടെ വലക്കണ്ണികൾ പൊട്ടുന്നതിന്റെ സൂചകങ്ങളായി അച്ചൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാരൂപീകരണത്തിന്റെ സാമൂഹ്യപശ്ചാത്തലവും അതിലേക്കുനയിച്ച രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങളുടെ ഉച്ചമർദ്ദവും ആ ക്രൈസ്തവ സമൂഹത്തിന്റെ ചുറ്റും വേലിയേറ്റത്തിരകൾ തീർക്കുന്നത് വികാരിയച്ചൻ തൊട്ടറിയുന്നുണ്ട്. മേടമേൽ ഏറ്റേണ്ട ഭീമൻകുരിശും കുമ്പസാരക്കൂടുളവാക്കുന്ന കടുത്ത പാപബോധവുമൊക്കെ മതചിഹ്നങ്ങളല്ല, മറിച്ച് അധികാരം കൈയ്യാളുന്നവൻ അതിനെ ഊട്ടിയുറപ്പിക്കാനുപയോഗിക്കുന്ന ഉപബോധസന്ദേശങ്ങളാണ്. ലോനിയുടെ കാറൽമാൻ ചരിതം [2] ചവിട്ടുനാടകത്തിലെ റോളുകളെ പങ്കിട്ടെടുക്കുന്നതിലും അതേ അധികാരത്തിന്റെ ഇടപെടൽ നടത്താൻ അച്ചൻ ശ്രമിക്കുന്നുണ്ട്. ലോനിയാശാനെന്ന കലാകാരന്റെ അരാജകത്വത്തെ വികാരി പുച്ഛിക്കുന്നതും ഇതുപോലൊരു സന്ദേശം വിക്ഷേപിച്ചുകൊണ്ടാണ് : “വികാരിയച്ചനെക്കാൾ വലിയ കലാകാരനുണ്ടോടാ ?!” എന്ന്.

ഉണ്ണിത്താനെന്ന നശിച്ചുകൊണ്ടിരിക്കുന്ന ഭുപ്രഭുവാ‍കട്ടെ അധികാരം അതിന്റെ പൂർണ തകർച്ചയിൽ ഏതുവഴിയൊക്കെ സഞ്ചരിക്കുമെന്നുകൂടിയാണു കാട്ടിത്തരുന്നത്. സ്വതവേ ശുദ്ധനും തനിക്കും നാടിനും വന്നുപെടുന്ന ദുരവസ്ഥകൾക്ക് അന്ധവിശ്വാസങ്ങളിൽ സമാധാനം കാണുന്നവനുമാണയാൾ. എന്നാൽ “എന്തുചെയ്താലും ആരും ചോദിക്കില്ല” എന്ന് ധൈര്യപ്പെടുത്താൻ അയാൾക്ക് പൊലീസുകാരുടെയും പ്രാദേശിക ബ്യൂറോക്രാറ്റുകളുടെയും ഒരു സുഹൃദ് സംഘമുണ്ട്. ആ ധൈര്യത്തിലാണയാൾ തന്റെ മകനു കോണ്ട്രാക്റ്റായി കിട്ടേണ്ട പാലം പണിയുടെ തടസ്സങ്ങൾ നീക്കാൻ ആ‍ൾക്കുരുതിവരെ ആകാമെന്ന് ചിന്തിക്കുന്നത്. അതിനായാൾ കാളിയെ തെരഞ്ഞെടുക്കുന്നതാണോ അതോ തന്റെ പ്രശ്നങ്ങളെ നാടിന്റെ പ്രശ്നങ്ങളാക്കി കാളിയിലാരോപിച്ച് ഒരു അധികാരകേന്ദ്രത്തെ പുനഃസൃഷ്ടിക്കുകയാണോ എന്ന് വേർതിരിച്ചു പറയുക വയ്യ. ആഭ്യന്തര കലഹങ്ങളെ നേരിടാനുള്ള ഒരു മാക്കിയവെല്ലിയൻ തന്ത്രംകൂടിയാണല്ലോ ബാഹ്യമായ ഒരു മിഥ്യാഭീഷണിയെ ഉയർത്തിക്കാട്ടി വിരട്ടുകയെന്നത്. നടപ്പുകാലത്ത് അതിന് അകത്തുതന്നെയുള്ള പാർശ്വവൽകൃത സമൂഹങ്ങളെത്തന്നെ കുരുതികൊടുത്തും ആകാം.


അടരുകളിലൊളിപ്പിച്ച സൂചകങ്ങൾ


ചരിത്രകാരന്റെ പ്രതിനിധിയാണ് പൊലീസ്. എല്ലാവരുടെയും വീക്ഷണങ്ങൾ ജീവിതപശ്ചാത്തലത്തിൽ നിന്നടർത്തിയെടുത്ത് മഹസ്സർ കടലാസിലാക്കുമ്പോൾ ഉരുവപ്പെടുന്ന സ്രാങ്കിന്റെ വ്യതിത്വം ആദിമധ്യാന്തപ്പൊരുത്തമില്ലാത്തതാണെന്ന കാര്യം വിസ്മരിക്കുന്ന ചരിത്രകാരൻ എളുപ്പത്തിൽ പഴിക്കാവുന്നവരെ പഴിച്ചും ഒതുക്കാവുന്നവരെ ഒതുക്കിയും കഥയിൽ യുക്തികണ്ടെത്താൻ വൃഥാ ശ്രമിക്കുന്നുണ്ട്. പെമ്മേണ ചെയ്ത കൊലപാതകത്തെ ചത്ത കുട്ടിസ്രാങ്കിന്റെ തലയിൽ വച്ച് ഒഴിവാക്കിക്കൂടേയെന്ന് ഉപദേശിക്കുന്ന ചരിത്രകാരനിലെ അപ്പോളജറ്റിക്കിനെ പെമ്മേണ ഖണ്ഡിക്കുന്നു – സ്രാങ്ക് ചെയ്യാത്ത കുറ്റം സ്രാങ്കിന്റെ തലയിൽ വയ്ക്കാൻ താനൊരുക്കമല്ല എന്ന പ്രഖ്യാപനത്തോടെ.

എന്തുകൊണ്ട് എന്ന ഇൻസ്പെക്ടറുടെ ചോദ്യത്തിനു “അതാണെനിക്കിഷ്ടം” എന്നാണു പെമ്മേണയുടെ മറുപടി. സ്രാങ്കിനെയാണെനിക്കിഷ്ടം എന്നും അതല്ല സ്രാങ്ക് കുറ്റാരോപിതനാവാതിരിക്കുന്നതാണെനിക്കിഷ്ടം എന്നും അതുമല്ല, കുറ്റം ഏറ്റെടുക്കുന്നതാണെനിക്കിഷ്ടം എന്നും ഇനി അതുമല്ല, ജോപ്പനെ കൊന്നതിന്റെ ക്രെഡിറ്റ് തനിക്ക് കിട്ടുന്നതാണിഷ്ടം എന്നും പലതരത്തിൽ വ്യാഖ്യാനിക്കാൻ ഇടയിട്ടുകൊണ്ടാണ് പെമ്മേണ തന്റെ പ്രഖ്യാപനം നടത്തുന്നത്.

ബുദ്ധസന്യാസിയെ അല്പപ്രാണനാക്കി കടലിൽ കെട്ടിത്താഴ്ത്തുന്നതും കപ്പേളയ്ക്കു മേലേ സ്ഥാപിക്കാൻ വലിച്ചുകയറ്റുന്ന കുരിശു ആളെക്കൊല്ലിയാകുന്നതും, ഉത്സവത്തിലേക്ക് കൊണ്ടുപോകാൻ ചങ്ങാടത്തിലേറ്റുന്ന ‘എടുപ്പുകുതിര’ തകരുന്നതും കുമ്പസാരക്കൂട്ടിലെ മതനിന്ദയുമൊക്കെ പ്രത്യക്ഷമായ സൂചകങ്ങളാണെങ്കിൽ കാറൽ‌സ്മാൻ ചരിതം ചവിട്ടുനാടകം പരോക്ഷസൂചനയാണ്. ക്രൈസ്തവ-മുസ്ലിം യുദ്ധങ്ങളെ ചരിത്രത്തിൽ നിന്നടർത്തിമാറ്റി പിൻതലമുറകൾ ആഘോഷമാക്കുന്നതിന്റെ അശ്ലീലത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. ക്രൈസ്തവപശ്ചാത്തലത്തിലെ രണ്ടാം ഖണ്ഡത്തിനകത്ത് ചലച്ചിത്രകാരൻ ഒളിപ്പിച്ചുവയ്ക്കുന്ന മതലഹളയുടെ രണ്ടരഖണ്ഡം! അതേ സംഗതിയെ ഒരു പ്രണയത്തിന്റെ പരിസരമൊരുക്കുന്നതിനും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.

പ്രണയം ലൈംഗികതയിൽ കാല്പനികത തേടുമ്പോഴേക്കും കഥയുടെ ആഖ്യാനം സിനിമയ്ക്കുള്ളിലെ ഒരു കഥാകാരി ഏറ്റെടുക്കുകയാണ്.നാട്ടുകാരുടെ ഭീതികളിൽ ഒരു യക്ഷിയെപ്പോലെ ജീവിക്കുന്ന കാളിയുടെ സംരക്ഷകനും ലൈംഗികപങ്കാളിയുമാകുന്ന സ്രാങ്കിന്റെ ജീവിതം വർണിക്കുന്നത് കാളിക്കൊപ്പം വരുന്ന കൂട്ടിരുപ്പുകാരിത്തള്ളയല്ല, ആ ജീവിതങ്ങളെ തന്റെ പേനയാൽ ഭാവനയിൽ ചാലിച്ചു കോറിയിട്ട ഒരു നോവലിസ്റ്റാണ് . സർപ്പദംശനമേറ്റ സ്രാങ്കിനെ വിവസ്ത്രനാക്കി “വിഷമിറക്കുന്ന” കാളി ഒരു രതിസ്വപ്നത്തിന്റെ ഫ്രോയ്ഡിയൻ ഭാഷയിലാണു നമ്മോടു സംവദിക്കുന്നത്. കഥ കറങ്ങിത്തിരിഞ്ഞ് മൃഗബലിയിൽ നിന്ന് ആൾക്കുരുതിയിലേക്ക് നീളുമ്പോൾ മതാധികാരത്തിനു മുന്നിലേക്ക് കാളിക്കു പകരം സ്വയം ബലിമൃഗമായി പോകുന്ന കഥാകാരിയും സ്വയം ഒരു അടയാളമായാണ് ഒടുങ്ങുന്നത്.

ഹിംസയെ എതിർത്തുകൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ലോകം മുഴുവൻ വ്യാപിച്ച ബുദ്ധമതത്തിനു പക്ഷേ കേരളത്തിൽ ഹിംസാത്മകമായ ഒരു അന്ത്യമാണു ചരിത്രം കാത്തുവച്ചിരുന്നത്. ബുദ്ധമത ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും ഹൈന്ദവക്ഷേത്രങ്ങളായി പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. വൈശേഷികത്തിലും സാംഖ്യത്തിലും ഊന്നി ബൌദ്ധർ വികസിപ്പിച്ച ദർശനങ്ങൾ പലതും ശങ്കരാചാര്യരാൽ ഹിന്ദുമതത്തിലേക്ക് കുടിയേറ്റപ്പെട്ടു. മഹായാന ബുദ്ധിസത്തിന്റെ ബോധിസത്വങ്ങളായി വികസിച്ച ദേവീസങ്കല്പങ്ങൾ കാളിയുടെയും ശക്തിയുടെയും വകഭേദങ്ങളായി മാറി. ബുദ്ധരഥോത്സവങ്ങളടക്കം പല ബൌദ്ധ ആചാരങ്ങളും എടുപ്പുകുതിരയും മറ്റുമായി ഹൈന്ദവക്ഷേത്രാരാധനാരീതികളിൽ ബാക്കിയിരുപ്പുണ്ടെന്ന് ചരിത്രം പറയുന്നു [3].

സിനിമയിൽ ഉണ്ണിത്താന്റെ ഊരിൽ കെട്ടുകുതിര കായലിലേക്ക് മറിയുന്നത് ആകസ്മികമായ ഒരു ദൃശ്യമല്ല എന്ന് ഈ പിന്നാമ്പുറചരിത്രം ഓർമ്മിക്കുന്നവർക്ക് തിരിച്ചറിയാനെളുപ്പമാണ്. ദൈവദത്തമായതെന്ന അവകാശവാദത്തിൽ ആരംഭിക്കുന്ന അധികാരപ്രയോഗം ദൈവത്തിനു ചുറ്റും കെട്ടിപ്പൊക്കിയ മതമെന്ന സ്ഥാപനത്തിലൂടെ വളർന്ന്, അതിന്റെ പിടി അയയുമ്പോ‍ൾ അന്ധവിശ്വാസങ്ങളുടെ പൊടിയുയർത്തി അതിന്റെ മറയിൽ സ്വയം സംസ്ഥാപനം ചെയ്യുന്ന ചാക്രിക ചരിത്രമാണു കുട്ടിസ്രാങ്കിന്റെ ഏറ്റവും അടിയിലെ അടരിൽ. ആ ചാക്രികമായ മാറ്റത്തിന്റെ ഭാഗമാകുകയാണു ചീഞ്ഞ് കൂണുകൾ വളരുന്ന സ്രാങ്കിന്റെ ശവശരീരവും, അയാളുടെ തന്നെ ശാഖയായി കാളിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ മിടിപ്പുമെല്ലാം.


സാങ്കേതികോപാധികൾ


പിറവി, സ്വം എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമെങ്കിലും വാനപ്രസ്ഥത്തിൽ നിന്ന് ഏറെ മുന്നിലല്ല കുട്ടിസ്രാങ്കിലെ സാങ്കേതികോപാധികൾ. എന്നാൽ എടുത്ത് പറയേണ്ട ചിലതുണ്ടുതാനും. അഞ്ജലി ശുക്ലയുടെ ഛായാഗ്രഹണം വാനപ്രസ്ഥത്തിലെ സന്തോഷ്ശിവൻ-റെനെറ്റോ ബർട്ടോ നിലവാരം ആവർത്തിക്കുന്നു. എന്നാൽ വിശാലമായ ചക്രവാളങ്ങളിലൂടെയും ജലപ്പരപ്പുകളിലൂടെയും സ്ഥലത്തിന്റെ അതിരുകളെ ഭേദിക്കുന്ന അബോധസൂചനകളെ സന്നിവേശിപ്പിക്കുന്നതിൽ ഛായാഗ്രഹണം തീർച്ചയായും വിജയിച്ചിട്ടുണ്ട്. സ്പെഷ്യൽ ഇഫക്റ്റ് വിഭാഗവും നന്നായി പണിയെടുത്തിരിക്കുന്നു. പായ്കപ്പലും ഭൂമിയിൽ വീഴുന്ന ഇടിത്തീകളുമൊക്കെ പരിസരസൃഷ്ടിക്കു ചേർന്നതായി, ചിലതൊക്കെ വാനപ്രസ്ഥത്തിലേതിന്റെ ആവർത്തനമായെങ്കിലും.

കാലഘട്ടത്തിന്റെ സൂചനകളെ ആവാഹിക്കുന്നതിനോടൊപ്പം സമയത്തെ പറ്റി സൂചനകൾ അവശേഷിപ്പിക്കാതിരിക്കാൻ ശ്രദ്ധ പതിപ്പിക്കുനയും ചെയ്തുകൊണ്ടാണ് ചിത്രത്തിലെ ചമയവും കലാസംവിധാനവും നമ്മുടെ അഭിനന്ദനം പിടിച്ചുപറ്റുന്നത്. സ്രാങ്കിന്റെ മൃതദേഹത്തിൽ വരുന്ന മാറ്റങ്ങൾ, ചവിട്ടുനാടകരംഗങ്ങൾ, രണ്ടാം ഖണ്ഡത്തിലെ കാലഘട്ട പുനരാവിഷ്കാരം, സഹനടീനടന്മാരുടെ ചമയം എന്നിവ എടുത്തുപറയണം. കുട്ടിസ്രാങ്ക് മനഃപൂർവ്വമായിത്തന്നെ മാറ്റങ്ങളില്ലാത്തവനായി തുടരുന്നത് മേക്കപ്പിന്റെ കുറവായി കണക്കാക്കപ്പെടാമെങ്കിലും ചലച്ചിത്രത്തിലെ സ്രാങ്കിന്റെ റോളിന്റെ ആഴം ആ ‘മാറ്റമില്ലായ്മ’ ആവശ്യപ്പെടുന്നുണ്ടെന്നത് മനസ്സിലാക്കാൻ ഒരല്പം ചിന്തിച്ചാൽ മതിയാകും.

ഐസക്ക് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതവും കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും സിനിമയിലെ സാധ്യതകളെ മുഴുവനും ഉപയോഗിച്ചിരിക്കുന്നു. ഡി.റ്റി.എസ് ശബ്ദമൊക്കെ ഒരു ആർട്ട് പടത്തിനാവശ്യമുണ്ടോ എന്നു ചിന്തിക്കുന്ന പാരമ്പര്യവാദികൾക്ക് ഒരു മറുപടികൂടിയാണ് ഇതിലെ ശബ്ദമിശ്രണം. ആദ്യഖണ്ഡത്തിലെ അരയന്നത്തിന്റെ വിളി, രണ്ടാം ഖണ്ഡത്തിൽ ആവർത്തിച്ചുവരുന്ന ചവിട്ടുനാടക ശീലുകൾ ഒക്കെ മികച്ച പ്ലാനിംഗോടെ ചെയ്തിരിക്കുന്നു. ഏറ്റവും ഞെട്ടിപ്പിച്ച പശ്ചാത്തല ശബ്ദം ചിത്രത്തിന്റെ അവസാനം കാളിയുടെ വയറ്റിലേക്ക് കാതു ചേർത്തുവയ്ക്കുന്ന രേവമ്മ കേൾക്കുന്ന കുഞ്ഞിന്റെ മിടിപ്പാണ് (fetal heart sounds). ക്രമത്തിൽ അതൊരു സംഗീതത്തിന്റെ താളമായി വികസിക്കുന്നുണ്ട്. ഒരു മരണത്തിന്റെ മഹസ്സറെഴുത്തിന് ശേഷം വരുന്ന സീനിലാണിത്. മരണത്തിന്റെയും ജീവന്റെയും നൈരന്തര്യത്തിനെ സൂചിപ്പിക്കുന്ന ഒന്ന്. അതിനുപുറമേ കഥാപാത്രമായ രേവമ്മ ഒരു ഡോക്ടർ കൂടിയാണെന്നത് ഈ ശബ്ദ തെരഞ്ഞെടുപ്പിനെ കലാവിരുതിന്റെ പരകോടിയേറ്റുന്നു.


കുറിപ്പുകൾ

  1. Thapar R. Early India: From the Origins to AD 1300. 2004. University of California Press.
  2. ഏ.ഡി 800കളുടെ ആദ്യം പശ്ചിമജർമ്മനിയുൾപ്പെടുന്ന യൂറോപ്പിന്റെ ഭാഗം ഭരിച്ചിരുന്ന ഷാർലിമെയ്ൻ ചക്രവർത്തി. കാറൽ ദെർ ഗ്രോസ (Karl der Grosse) എന്ന് ജർമ്മനിൽ. ഇദ്ദേഹത്തിന്റെ പന്ത്രണ്ടു പാരികളിൽ (Peers) ഒരാളായ റോളാൻഡിനെ (നാടകത്തിൽ റോൾദാൻ) ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണു കാറൽമാൻ ചരിതം ചവിട്ടുനാടകത്തിലേത്. റോളാൻഡിന്റെ ഗാനം (La Chanson de Roland) എന്നറിയപ്പെടുന്ന 12-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കഥയിൽ റോളാൻഡ് മുസൽമാന്മാരാൽ കൊല്ലപ്പെടുകയും ആ മരണത്തിനു ഷാർലിമെയ്ൻ ചക്രവർത്തി നേരിട്ടെത്തി പകരം ചോദിക്കുകയും സരഗോസ നഗരം നശിപ്പിച്ച് മുസ്ലീമുകളെയും ജൂതന്മാരെയും ക്രൈസ്തവരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. കാറൽമാന്റെ കാലത്തിനും വളരെ പിന്നീടു നടന്ന കുരിശുയുദ്ധങ്ങളുമായി അദ്ദേഹത്തിനു ചരിത്രപരമായി ബന്ധമില്ലെങ്കിലും കുരിശുയുദ്ധകാലത്ത് റോളാൻഡിന്റെ ഗാനം ഒരു ക്രൈസ്തവ ഉത്തേജകം എന്ന രീതിയിൽ പ്രശസ്തിയാർജ്ജിച്ചു. ഇസ്ലാം-കത്തോലിക്ക വിശ്വാസസംഘർഷവും യുദ്ധവുമാണ് കെട്ടുകഥയെ ഉപജീവിക്കുന്ന കാറൽമാൻ ചരിതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം.
  3. കൃഷ്ണവാര്യർ എൻ.വി (Gen.Ed); ശരത്‌ചന്ദ്രൻ കെ.പി, ഭാസ്കരപ്പണിക്കർ പി.ടി (Ed.).ബുദ്ധമതം: ദർശനവും ചരിത്രവും.1973. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.


- സൂരജ് രാജൻഇത് ശ്രീ. മോഹൻ കാക്കനാടന്റെ എഡിറ്റർഷിപ്പിൽ മുംബൈയിൽ നിന്ന് ഇറങ്ങുന്ന മുംബൈ കാക്കത്രൈമാസികയുടെ (Oct-Dec,2010 vol1,No:1) ആദ്യലക്കത്തിലെ പ്രസിദ്ധീകരിച്ച ലേഖനമാണ്. മാസികയുടെ വിലാസം: mumbaikaakka@gmail.com

Poster credit: all posters are from screen shots of Kutty Srank: Reliance Big Pictures, DVD edition
എഡിറ്റ് (5 നവം 2010) : ഈ പോസ്റ്റിനുശേഷം ശ്രദ്ധയിൽ‌പ്പെട്ടതും, ബ്ലോഗ്, ബസ്സ് എന്നിവയിൽ നടന്നതുമായ ചില ചർച്ചകളും “സ്രാങ്ക്-കാഴ്ച”കളും കൂടി ചേർക്കുന്നു ഇവിടെ (ചിലത് ഇവിടെ കമന്റുകളിൽ ഷെയർ ചെയ്യപ്പെട്ടതാണ്). അവയും കൂടി വായിക്കൂ :

1. കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍: വി . മോഹനകൃഷ്ണൻ
2. കുട്ടിസ്രാങ്ക്-വരവും പോക്കും: എതിരൻ കതിരവൻ
3.സ്രാങ്ക് എന്ന പെണ്‍കാഴ്ച്ച: ശ്രീപ്രിയാ വാര്യർ
4. കുട്ടിസ്രാങ്ക് - പോകാത്ത ചോരമണത്തിന്റെ യാത്രകള്‍: ഷാജി കരുണുമായി ശ്രീചിത്രന്റെ അഭിമുഖം
5. ശ്രീപ്രിയയുടെ ഈ ബസ്സിൽ ചില കമന്റുകളും ചർച്ചയും കൂടി കാണുക
Sep 16, 2010

ഹോക്കിംഗും ദൈവവും പ്രപഞ്ചസൃഷ്ടിയും
*image: courtesy of wikimedia

Hawking says God did not create the Universe എന്ന അലറുന്ന തലക്കെട്ടും കൊണ്ട് കുറേ വാർത്തകൾ ഇറങ്ങി. നാട്ടിലെ യുക്തി“വാദി”കളും നിരീശ്വര“വാദി”കളുമൊക്കെ കുറേ ആഘോഷിച്ചു. കുറെ മത“വാദി”കൾ ഇപ്രത്തും തുള്ളി... എന്തരോ എന്തരോ !

ഈ വിഷയത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കുമ്പോൾ, ഹോക്കിംഗ് ഈ “വിവാദം” ഇളക്കിവിട്ടത് അദ്ദേഹത്തിന്റെ പ്രസാധകരുടെ ഉപദേശം വച്ചുകൊണ്ടാവണം എന്നാണെനിക്ക് തോന്നുന്നത്. പോപ്പുലർ ശാസ്ത്രപുസ്തകങ്ങൾ വിറ്റു പോകാൻ ഇപ്പോഴുള്ള രണ്ട് കുറുക്കുവഴികളിലൊന്നാണു ഹോക്കിംഗ് പ്രയോഗിച്ചത് - നിങ്ങളെഴുതുന്നത് ബയോളജിയെ സംബന്ധിച്ചാണെങ്കിൽ അതിൽ പരിണാമം + ദൈവം + മനുഷ്യസ്വഭാവം + വാസന + ജനിതകം + മനുഷ്യനു സെക്സ് എന്തുകൊണ്ട് ആസ്വാദ്യമാകുന്നു എന്നിങ്ങനെയുള്ള സംഗതികളുടെ കോമ്പിനേഷൻ മാറ്റിയും മറിച്ചും ചേർക്കുക. നിങ്ങളെഴുതുന്നത് ഫിസിക്സ് ആണെങ്കിൽ അതിൽ ദൈവം + പ്രപഞ്ചോത്ഭവം + സമയത്തിന്റെ ആരംഭം + ഉപാണുകണങ്ങൾ + ഐസ്റ്റൈനു തെറ്റി എന്നിങ്ങനെ കോമ്പിനേഷൻ ഉപയോഗിക്കാം.

രണ്ടായാലും നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശുദ്ധശാസ്ത്രമല്ല, ശാസ്ത്രാഭാസവും തിയറികളുടെ (വിഡ്ഡിത്തപൂർണമായ വ്യാഖ്യാനങ്ങൾക്ക് ഇടയിടുന്ന) പോപ്പുലർ വേർഷനും മാത്രമായിരിക്കും.

ഗ്രാവിറ്റിയെ വച്ചുകൊണ്ട് പ്രപഞ്ചം സ്വയംഭൂ ആകാം എന്ന വിശദീകരണം 1970കളിലേ ഉള്ളതാണ്. അത് വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തമോ ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകളോ മതി, സ്ട്രിംഗ് തിയറി വരെയൊന്നും പോകേണ്ട കാര്യം തന്നെ ഇല്ല.

ഇതെഴുതുന്നയാൾ ഒരു കോസ്മോളജി/ഫിസിക്സ് വിദഗ്ധനല്ല എന്ന ജാമ്യത്തോടെ ഒരു അതിലളിതവത്കൃത വിശദീകരണം താഴെ കൊടുക്കുന്നു:

പ്രപഞ്ചത്തിലെ ഊർജ്ജത്തിനു രൂപമാറ്റം സംഭവിപ്പിക്കാമെന്നല്ലാതെ പുതുതായി ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന ഊർജ്ജസംരക്ഷണ (Energy conservation) നിയമത്തെ പ്രപഞ്ചോത്ഭവത്തിനെ സംബന്ധിച്ച നിലവിലെ സ്റ്റാൻഡേഡ് മോഡലിൽ (അഥവാ ബിഗ് ബാംഗ് മോഡലിൽ) അപ്ലൈ ചെയ്താൽ പ്രപഞ്ചത്തിന്റെ ആകെമൊത്തം (net) ഊർജ്ജം പൂജ്യം (0) ആണ് എന്ന് കാണിക്കാൻ സാധിക്കും. അതായത് നമ്മുടെ പ്രപഞ്ചത്തെ ഒരു അടഞ്ഞ വ്യൂഹമായി (closed system) സങ്കല്പിച്ചാൽ അതിലെ ദ്രവ്യവും പ്രതിദ്രവ്യവും വിദ്യുത്കാന്തിക വികിരണങ്ങളുമടക്കമുള്ള പദാർത്ഥങ്ങളെല്ലാം കൂടി വഹിക്കുന്ന പിണ്ഡോർജ്ജം (ഐൻസ്റ്റൈന്റെ mass-energy അഥവാ mc^2) എന്ന സംഗതിയെ പോസിറ്റിവ് (+ve,ധന) ആയി എടുക്കുക. ഈ “പോസിറ്റീവ്” ആയ പിണ്ഡോർജ്ജത്തിനു കൃത്യം തുല്യവും നേർവിപരീതമായ ഒരു ഊർജ്ജമാണ് എല്ലാ ദ്രവ്യവസ്തുക്കളുടെയും പരസ്പര ഗുരുത്വാകർഷണത്തിൽ ഉള്ളടങ്ങിയ നെഗറ്റിവ് (-ve, ഋണ) ഊർജ്ജം. ഒരു സമീകരണത്തിൽ ഈ പോസിറ്റിവ് പിണ്ഡോർജ്ജവും നെഗറ്റിവ് ഗുരുത്വാകർഷാണോർജ്ജവും തമ്മിൽ cancel ചെയ്ത് പോകുന്നു, അങ്ങനെ മൊത്തം ഊർജ്ജം 0 ആയി നിൽക്കുന്നു.

ഇത്തരത്തിൽ പോസിറ്റിവ്, നെഗറ്റിവ് ക്യാൻസലേഷനുകൾ ഫിസിക്സിൽ സർവ്വസാധാരണമായ ചില പ്രതിഭാസങ്ങളിലും കാണുന്നതാണ്. ഉദാഹരണത്തിനു ക്വാണ്ടം ഫിസിക്സിലെ ഗണിതക്രിയകളിൽ സ്ഥിരം ഉയർന്നുവരുന്ന വേർച്വൽ കണങ്ങൾ (virtual particles) ഇങ്ങനെ സമീകരിക്കപ്പെടുമ്പോൾ പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നവയാണ്. കണവും പ്രതികണവും (particle and antiparticle) തമ്മിൽ ബന്ധപ്പെടുമ്പോൾ അവ നശിപ്പിക്കപ്പെടുകയും അവയിലടങ്ങിയ പിണ്ഡോർജ്ജം പ്രകാശത്തിന്റെ ഊർജ്ജമായി മാറുകയും ചെയ്യുന്ന annihilation പ്രക്രിയ സുപരിചിതാമാണല്ലോ (ഉദാഹരണത്തിനു പോസിട്രോണും ഇലക്ട്രോണും). ക്യാൻസൽ ചെയ്തുപോകുന്നവയാണെന്ന് കരുതി ഇവയെ പരിഗണിക്കാതിരിക്കാനുമാവില്ല, കാരണം അറ്റോമിക ഊർജ്ജവുമായി ബന്ധപ്പെട്ട കണക്കുകളിൽ ഇവയില്ലാതെ ഗണിതക്രിയകൾ തെറ്റും.

ഈ കണ-പ്രതികണ നശീകരണപ്രതിഭാസത്തെ പ്രപഞ്ചോത്ഭവവുമായി ബന്ധപ്പെടുത്തി 1970കൾ മുതൽ സിദ്ധാന്തിക്കപ്പെടുന്ന ചില ആശയങ്ങളുണ്ട്. അതിൽ മുഖ്യമായത് വികാസോന്മുഖപ്രപഞ്ച (inflationary universe) ഉപപത്തിയാണ്. ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ കണ-പ്രതികണ നശീകരണങ്ങൾ തുടർച്ചയായി നടന്നിരിക്കാം. കണവും പ്രതികണവും തുല്യ എണ്ണങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ അവ പരസ്പരം നിർവീര്യമാക്കിക്കൊണ്ടേയിരിക്കും, net effect ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ അതിൽ ചിലതിലെങ്കിലും ഒരു സന്തുലനമില്ലായ്മ - വളരെ ചെറിയൊരു സമയ്ത്തേക്കുണ്ടാവുന്ന ഒരു imbalance - ഉണ്ടായിരിക്കാം. ആ അസന്തുലിതാവസ്ഥ ഒരു അതിദ്രുതവികാസം സംഭവിക്കുന്നത് വരെ നീണ്ടു എങ്കിൽ സ്വാഭാവികമായും antiparticle-നേക്കാൾ കൂടുതലായി particles സൃഷ്ടിക്കപ്പെടുകയും ‘പ്രതിദ്രവ്യ’ത്തിനു annihilate ചെയ്യാവുന്നതിലുമധികം ‘ദ്രവ്യം’ ഉണ്ടാകുകയും ചെയ്യാം. അന്നു ഒരു imbalanceന്റെ പുറത്ത് അധികമായി സൃഷ്ടിക്കപ്പെട്ടതോ ഈ ദ്രവ്യത്തിന്റെ സന്തതികളാണ് നമ്മളെല്ലാം എന്ന് സാരം.

ഹോക്കിംഗ് പക്ഷേ അല്പം വ്യത്യസ്തമായ മറ്റൊരു സിദ്ധാന്തം വച്ചാണു ഈ ആദിമസൃഷ്ടി ബിന്ദുവിനെ വിശദീകരിക്കുന്നത്. ഹൊക്കിംഗിനെ സംബന്ധിച്ചിടത്തോളം ഒരു ഫിസിക്സ് പരികല്പന സാമാന്യബോധത്തിനു നിരക്കുന്നതാവണമെന്നോ പരമ്പരാഗത യുക്തികളുപയോഗിച്ചു മനസ്സിലാക്കിക്കാൻ പറ്റുന്നതാവണമെന്നോ ഒന്നുമില്ല. ഒരു തിയറി പ്രെഡിക്റ്റബിൾ റിസൽറ്റുകൾ തരുന്നോ ഇല്ലയോ എന്നുമാത്രമേ ആ തിയറിയുടെ “ശക്തി” തെളിയിക്കാൻ ഉള്ള “ശേഷീപരീക്ഷ”യായി അദ്ദേഹം കാണുന്നുള്ളൂ. അതിൻപകാരം ഹോക്കിംഗ് നൽകുന്ന വിശദീകരണം ഇങ്ങനെ : റിലേറ്റിവിറ്റിയുടെ കണ്ണിലൂടെ നോക്കുമ്പോൾ സ്ഥലകാലങ്ങളുടെ ആരംഭം പ്രപഞ്ചോൽഭവത്തിന്റെ ഒരു ബിന്ദുവിലേക്ക് back track ചെയ്യാം. ആ ബിന്ദുവിനെ singularity (വിചിത്രത) എന്ന് വിളിക്കുന്നു. അത്തരം സിംഗുലാരിറ്റികൾ പ്രപഞ്ചത്തിന്റെ ഘടനയെ ആപേക്ഷികതാസിദ്ധാന്തം വച്ച് വിവരിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതാണ്. എന്നാൽ ക്വാണ്ടം ഫിസിക്സിലെ അടിസ്ഥാനനിയമമായ uncertainty (അനിശ്ചിതത്വം) ഇവിടെ അപ്ലൈ ചെയ്താൽ മൂർത്തമായ ഒരു സൂക്ഷ്മബിന്ദുവിനു ഭൌതികമായി അസ്തിത്വം ഉണ്ടാവാൻ പാടില്ല. ആ ഒരു മൂർത്ത പോയിന്റിലേക്ക് പ്രപഞ്ചത്തിന്റെ സൃഷ്ടിയെ പിന്നോട്ട് റീവൈൻഡ് ചെയ്യാനാവില്ല. അത്തരമൊരു പോയിന്റിന്റെ അതിസൂക്ഷ്മതകളിലേക്ക് നാമെത്തും തോറും അനിശ്ചിതത്വം കൂടുതലായിക്കൊണ്ടിരിക്കും. വർദ്ധിച്ചുവരുന്ന uncertainty മൂലം ഈ ആദിമബിന്ദു ഒരു പ്രത്യേക കേന്ദ്രത്തിലല്ല, മറിച്ച് സംഭാവ്യതാനിയമങ്ങളാൽ നിർണയിക്കപ്പെട്ട ഒരു smeared out cloud-ൽ എവിടെയോ ആണ് എന്ന് വരും. അങ്ങനെ സാങ്കേതികമായി പ്രപഞ്ചത്തിനു ഒരു തുടക്കം ഇല്ല എന്ന് പറയേണ്ടിവരും - ഇതാണ് Universe in a Nutshell വരെയുള്ള പുസ്തകങ്ങളിൽ ഹോക്കിംഗ് മുന്നോട്ടുവയ്ക്കുന്ന ന്യായം.

സിംഗുലാരിറ്റികളെ സാങ്കേതികമായി മാത്രമേ ഹോക്കിംഗ് ഇവിടെ ഒഴിവാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇത് കണക്കു കൊണ്ടുള്ള ഒരു ട്രപ്പീസുകളിയിൽക്കവിഞ്ഞ എന്തെങ്കിലുമാണെന്ന് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല. ഗ്രാവിറ്റിയെ സംബന്ധിച്ച ആപേക്ഷികതാ പരികല്പനകൾ ക്വാണ്ടം സിദ്ധാന്തത്തിന്റെ പരികല്പനകളുമായി ചിലയിടങ്ങളിലെങ്കിലും ഒത്തുചേർന്ന് പോകുന്നില്ല എന്നതാണ് ഇത്തരം “തക്കിടതരികിട” തിയറികൾക്ക് വഴിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സ്ട്രിംഗ് തിയറിയുടെ വകഭേദങ്ങളോ, അവയുടെ “എതിരാളികളായ” ക്വാണ്ടം ലൂപ് ഗ്രാവിറ്റിയോ തന്നെ ഗുരുത്വാകർഷണബലത്തെ റിലേറ്റിവിറ്റിക്കും ക്വാണ്ടം ഭൌതികത്തിനും തൃപ്തികരമായ രീതിയിൽ ഇണക്കിമെരുക്കേണ്ടതുണ്ട്, ഒരു അവസാന ഉത്തരം കിട്ടാൻ....