The contents of this blog and the language used herein are "mature" and suited only for "grown-ups".

May 6, 2011

മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍

മാതൃഭൂമി ഇന്ന് (6 മെയ് 2011) മുതല്‍ എഡിറ്റ് പേജില്‍ ഒരു പരമ്പര ആരംഭിച്ചിട്ടുണ്ട് : "കേരളം കൂടോത്രക്കളത്തിലേക്ക് " എന്നാണു പേര്‌. തയ്യാറാക്കിയത് എം.കെ കൃഷ്ണകുമാര്‍, ദിനകരന്‍ കൊമ്പിലാത്ത്, ജിജോ സിറിയക്, പി.എസ്. ജയന്‍, വിമല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് എന്നാണു ബൈലൈനില്‍. പ്രസ്തുത പരമ്പരയുടെ കാഹളം മുഴക്കുന്ന ഒരു ടീസര്‍ മുന്‍‌പേജില്‍ തന്നെ കൊടുത്തിട്ടുള്ളത് താഴെ:വാചകങ്ങള്‍ കെങ്കേമം :

"...വിദ്യാഭ്യാസ, സാമൂഹിക നിലവാരങ്ങള്‍ വര്‍ധിച്ചെങ്കിലും മലയാളിയുടെ ഭ്രമങ്ങള്‍ അപഥസഞ്ചാരത്തിലാണ്. അതില്‍ ഒടുവിലത്തേതാണ് നേരത്തേ വിവരിച്ച പൂര്‍വജന്മ അപഗ്രഥന ചികിത്സ അഥവാ, 'പാസ്റ്റ്‌ലൈഫ് റിഗ്രഷന്‍ തെറാപ്പി'...യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, അല്പജ്ഞാനം നേടിയ തെറാപ്പിസ്റ്റുകള്‍ പ്രതിദിനം നേടുന്നത് ലക്ഷങ്ങള്‍... ഐ.ടി. മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓണ്‍ലൈന്‍ മന്ത്രവാദം നടത്തുന്നയാള്‍, ആകസ്മികമായി നേടിയ രുദ്രാക്ഷത്തിലൂടെ ദൈവമായി മാറിയ വ്യാജ സിദ്ധന്‍, ചുവരില്‍ മുട്ടയെറിഞ്ഞ് ഭാവി പറയുന്ന മന്ത്രവാദി..... നാടിന്റെ മുക്കിലും മൂലയിലും തഴച്ചുവളരുന്ന ഇത്തരം കൂടോത്രക്കാര്‍ മലയാളിയുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവുമായെത്തുകയാണ്... "

ഈ ഉഡായ്പ്പു പരിപാടികള്‍ വച്ചുനടത്തുന്ന ഒറ്റ ഏജന്‍സിയുടെയും ഒറ്റ "തെറാപ്പിസ്റ്റി"ന്റെയും ഒറ്റ "മന്ത്രവാദി"യുടെയും പേരോ അഡ്രസ്സോ വിശദാംശങ്ങളോ പരമ്പരമഹാമഹം കൊടിയേറുമ്പോഴും ഇല്ല, ഇനിയൊട്ട് വരുമെന്ന് വായനക്കാരെന്ന കഴുതക്കൂട്ടം പ്രതീക്ഷിക്കുകയും വേണ്ട. തിരുവനന്തപുരത്തെ ദമ്പതികള്‍, കൊങ്ങാണ്ടൂരിലെ സിദ്ധന്‍, വേലാണ്ടിമുക്കിലെ അമ്മ, മാള-എറണാകുളം സൈഡിലെ "ക്ഷേത്രങ്ങള്‍" എന്നൊക്കെയേ കാണൂ അഡ്രസ്. തീട്ടത്തില്‍ ഈച്ചപോലെ ഇതിലൊക്കെ ചെന്ന് വീഴുന്ന ആളുകള്‍ക്ക് പറ്റുന്ന രസകരമായ മണ്ടത്തരങ്ങളുടെ വിവരണവും പരമ്പര തീരുമ്പോള്‍ ഇതിലൊന്നും "യാതൊരു നടപടിയും എടുക്കാതെ കൈയ്യും കെട്ടി നോക്കിനില്‍ക്കുന്ന" അധികാരികള്‍ക്കും സര്‍ക്കാരിനും എതിരേ 99 ഡിഗ്രിയില്‍ ചോരതിളപ്പിച്ചുകൊണ്ട് നാലു മുദ്രാവാക്യവും പ്രതീക്ഷിക്കാം.

ഇനി ഇതേ മാതൃഭൂമി പത്രത്തിന്റെ ഏതാനും ആഴ്ചകള്‍ മുന്‍പത്തെ ചില എഡീഷനുകളുടെ സ്ക്രീന്‍ ഷോട്ടുകളാണു ചുവടെ:
 
പാഞ്ഞാള്‍ അതിരാത്രത്തെ പറ്റി  വി.മുരളി എന്നൊരു ലേഖകന്‍ ഒലിപ്പിച്ചോണ്ട് എഴുതി നിറച്ച  സാധനങ്ങളില്‍ നിന്ന് രണ്ട് സാമ്പിള്‍സ് ഇതാ:

 • "...വ്യാഴാഴ്ച പതിനൊന്നാം നാളിലെ ആദ്യ ചടങ്ങ് നാമസ്തുതികളുടെയും ഋഗ്വേദമന്ത്രങ്ങളുടെയും അകമ്പടിയോടെ സോമ പിഴിയലായിരുന്നു... സോമഹോമത്തിനുശേഷം ഹോതന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലി. തുടര്‍ന്നായിരുന്നു യജ്ഞായ യജ്ജീയം സാമസ്തുതി... പിന്നീട് സൗമ്യം എന്ന പേരുള്ള ഹവിസ്സ് ഹോമിച്ച് ഹോമശേഷം നെയ്യൊഴിച്ച് സാമഗായകര്‍ക്ക് കൈമാറി. ഉണങ്ങല്ലരിയാണ് സൗമ്യത്തിന് ഹവിസ്സായി ഉപയോഗിക്കുന്നത്. അതിരാത്രത്തിലെ സൗമ്യം സ്ത്രീകള്‍ സേവിച്ചാല്‍ ആണ്‍കുട്ടിയെ പ്രസവിക്കുമെന്നാണ് വിശ്വാസം. നാനൂറോളം സ്ത്രീകള്‍ വ്രതാനുഷ്ഠാനങ്ങളുമായി സൗമ്യം സേവിക്കുന്നതിന് അതിരാത്രവേദിയിലെത്തി. ഇവര്‍ പിന്നീട് യജ്ഞശാലാ പ്രദക്ഷിണവും നടത്തി യജ്ഞപുരുഷനെയും പാഞ്ഞാളപ്പനെയും വണങ്ങി..."
 • "വേദഭൂമിയായ പാഞ്ഞാളിനെ 12നാള്‍ മന്ത്രമുഖരിതമാക്കിയ അതിരാത്രത്തിന് സമാപ്തി. യജ്ഞം സമാപിക്കവേ പെയ്ത മഴയെ യജ്ഞപ്രസാദമായി സ്വീകരിച്ച് പാഞ്ഞാള്‍ പാടത്ത് പതിനായിരങ്ങള്‍ ആനന്ദനൃത്തം ചവിട്ടി...ജലത്തെ അഗ്‌നിയായി സങ്കല്പിച്ച് യജമാനനും മറ്റുള്ളവരും ആഘോഷത്തോടെ ജലാശയത്തില്‍ ചെന്ന് വരുണന് ഇഷ്ടി നല്‍കി. യജ്ഞശാലയിലെത്തി പിന്നീട് മിത്രവരുണന്മാരെ ദേവതകളാക്കി അരണി കടഞ്ഞ് അഗ്‌നി ജലിപ്പിച്ച് ഹോമം. യജമാനന്‍ ചിത്യാഗ്‌നിക്ക് ചുറ്റും കാട്ടുതീയായി സങ്കല്പിച്ച് സക്തുഹോമത്തിനുശേഷം അധ്വര്യു വിമോക ഹോമത്തില്‍ മന്ത്രങ്ങളോടെ ഒരാഹുതിയിലൂടെ അഗ്‌നിയെ മോചിപ്പിച്ചു. ഈ സമയമാണ് മഴ തുടങ്ങിയത്..."

പാഞ്ഞാള്‍ അതിരാത്രത്തിനു തീയതി നിശ്ചയിച്ചതു മുതല്‍ക്കിങ്ങോട്ട് അത് നടന്ന 12 ദിവസവും മാതൃഭൂമി അതിന്റെ പിന്നാലെ നിരങ്ങി വാര്‍ത്ത കൊടുത്തിട്ടുണ്ട്. അതിന്റെ സൈറ്റ് സെര്‍ച്ച് റിസള്‍ട്ടുകള്‍ ഇവിടെ.
 
ഇനി, ഒരാഴ്ചമുന്‍പ് മരിച്ച മാജിക്കുകാണിച്ച് ഭക്തരെ ഉണ്ടാക്കിയ ആള്‍ദൈവം സായിബാബയെപ്പറ്റി മാതൃഭൂമി ഗദ്ഗദത്തോടെ പടച്ചുവിട്ട ലേഖനങ്ങളുടെ ലിസ്റ്റ് നോക്കാം :

വിശ്വപ്രേമത്തിന്റെ ഈശ്വരസ്പര്‍ശം, സത്യം ശിവം സുന്ദരം, നാല്‍പ്പതിനായിരം കോടിയുടെ സാമ്രാജ്യം ഇനി ആര് ഭരിക്കും, സത്യസായി ബാബ ആശ്രമത്തിലേക്ക് ആരാധകരുടെ പ്രവാഹം, സത്യസായി ബാബ-ദൈവികമായ അത്ഭുതകഥ, ഇനിയുമെന്നെ വഴിനടത്തട്ടെ, ആ ജീവിതം തന്നെ സന്ദേശം -മാതാഅമൃതാനന്ദമയി, കാരുണ്യസ്മൃതിയായി ബാബ, താമരയിലയിലെ ചോറ്‌, സ്‌നേഹം വിരിഞ്ഞ സ്വപ്‌നഭൂമിക, മാനവികതയുടെ സ്വരലയം, സമകാലിക ലോകത്തിന്റെ സൗഭാഗ്യം, പിറന്നാളില്‍ ഭക്ഷണം പോലും കഴിക്കാതെ സച്ചിന്‍, മഹദ്പ്രഭയില്‍ തിളങ്ങുന്ന ഭൂമി, സാര്‍വലൗകിക സന്ദേശം -ശ്രീ ശ്രീ രവിശങ്കര്,  അപാരസ്‌നേഹത്തിന്റെ പ്രകാശപൂര്‍ണിമ, സത്യസായിബാബയുടെ വേര്‍പാടില്‍ തമിഴകം വിതുമ്പുന്നു, ബാബയുടെ ദേഹവിയോഗത്തില്‍ ബോളിവുഡ് തേങ്ങി, കര്‍ണാടകത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം, മനസ്സില്‍ നിറയുന്ന സ്വാമി, മുഴങ്ങുന്ന വാക്കുകള്‍; തിളങ്ങുന്ന ദര്‍ശനം, ഒറ്റ രാപ്പകല്‍... ഞാന്‍ മാറി, മനുഷ്യരിലെ ദൈവം; ദൈവങ്ങളിലെ മനുഷ്യന്‍... (see this link for more)

ദീര്‍ഘകാലം മറവി രോഗവും പാര്‍ക്കിന്‍സണ്‍സും കൊണ്ട് നിശബ്ദനായി, ഒടുവില്‍  ന്യുമോണിയാ ബാധിച്ച് ആന്റിബയോട്ടിക്കുകളുടെ കാരുണ്യത്തിലും കൃത്രിമശ്വാസോച്ഛ്വാസ ഉപകരണങ്ങളുടെ സഹായത്തിലും ആഴ്ചകള്‍ തള്ളിനീക്കി ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ആള്‍ദൈവത്തിനു "മഹാസമാധി" കൊടുക്കാന്‍ കാണിച്ച ഉളുപ്പില്ലായ്മ  അതിനടുത്ത ദിവസങ്ങളില്‍ പിഞ്ഞാണപ്പാത്രത്തില്‍ എല്ലിന്‍ കഷ്ണം വീണു കിട്ടിയ കൊടിച്ചിപ്പട്ടിയേക്കാള്‍ കഷ്ടതരമായ 'ഷോ'കളിലേക്കാണു താഴ്‌ന്നത്.


അതിലൊന്നില്‍ റിട്ട: ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിയ ലേഖനത്തിലെ വാചകങ്ങളാണു ഗംഭീരം :

"....അദ്ദേഹത്തിന് അതീന്ദ്രിയ ശക്തികളുണ്ടായിരുന്നു. സംപ്രീതനാവുന്ന നിമിഷങ്ങളില്‍ കൈയൊന്നു വീശി ഒരു സ്വര്‍ണ മോതിരം അന്തരീക്ഷത്തില്‍നിന്നു സൃഷ്ടിച്ചു നിങ്ങള്‍ക്കു തന്നെന്നിരിക്കും. രത്‌നം പതിച്ച ആ മോതിരം നിങ്ങളുടെ വിരലിന് ഏറ്റവും യോജ്യമായ അളവിലായിരിക്കുകയും ചെയ്യും; ഒരു സ്വര്‍ണപ്പണിക്കാരന്‍ കൃത്യമായി അളവെടുത്തു പണിതപോലെ. ഞാന്‍ അനുഭവസ്ഥനാണ്. മറ്റു ചിലപ്പോള്‍ വിഭൂതിയാവും ഇങ്ങനെ അന്തരീക്ഷത്തില്‍നിന്നെടുത്തുതരുന്നത്. അദ്ദേഹത്തിനു ദൈവികമായ കഴിവുകളുണ്ടായിരുന്നു എന്നു തീര്‍ച്ച. ചിലപ്പോള്‍ അര്‍ബുദം പോലും സുഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചയമായും ഇതൊന്നും ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്നതല്ല....ഭൗതികമായ അളവുകോലുകള്‍ കൊണ്ടു തിട്ടപ്പെടുത്താനാവാത്ത സിദ്ധികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു..."

സത്യത്തില്‍ ഈ ഉഡായ്പ്പ് വിദ്യയായിരുന്നു സായിബാബയുടെ യുണീക് സെല്ലിംഗ് പോയിന്റ്. അത് മാര്‍ക്കറ്റ് ചെയ്താണു 40,000 കോടിയുടേതെന്ന് പറയപ്പെടുന്ന സ്വത്തിന്റെ അവകാശിയായി അയാള്‍ മാറിയത്. വിദ്യാഭ്യാസവും ആതുരസേവനവും ഗ്രാമത്തിനു ജലസേചനപദ്ധതിയും പോലുള്ള സൈഡ് ബിസിനസ്സുകള്‍ ഒക്കെ ഇതിനു ശേഷമുണ്ടായതും ഇതുപോലുള്ള മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും ബുദ്ധിപൂര്‍‌വം നടത്തുന്ന നിക്ഷേപങ്ങളില്‍ പെട്ടതുമാണു. ഇത്തരം "മാനവ"സേവാ നിക്ഷേപങ്ങള്‍ നടത്തി മുടിഞ്ഞ് പോയ ഒരു ഭക്തി/ആത്മീയ പ്രസ്ഥാനവുമില്ല എന്നുമാത്രമല്ല ഇട്ടതിന്റെ പതിന്മടങ്ങായി ധനം വന്ന് കുമിയുന്ന, വാറന്‍ ബഫറ്റിനെപ്പോലും അതിശയിപ്പിക്കാന്‍ പോന്ന ഒരു അന്ധകാര മാര്‍ക്കറ്റാണു ഇവര്‍ വളര്‍ത്തിയെടുത്തതും നിലനിര്‍ത്തിപ്പോരുന്നതും എന്നറിയാത്തതല്ല ആര്‍ക്കും.

60കളില്‍ തുടങ്ങി 70-കളിലൂടെ വളര്‍ന്ന ഒരു ശക്തമായ യുക്തിവാദപ്രസ്ഥാനത്തിന്റെ കൂടി കഥയുണ്ട് നമ്മുടെ സമീപഭൂതകാലത്തില്‍. ആ ചരിത്രമാകട്ടെ അതിരൂക്ഷമായ സായിബാബാ വിമര്‍ശനത്തിലും കൂടിയാണു സ്വയം അടയാളപ്പെടുത്തിയത്. എബ്രഹാം കോവൂരും ഇടമറുകും പവനനും കലാനാഥനും അങ്ങനെ പലരും യുക്തിവാദത്തിന്റെ സുവര്‍ണകാലത്ത് വെല്ലുവിളിച്ചത് സായിബാബയെയും അതുപോലുള്ള ചെപ്പടിവിദ്യാ പ്രസ്ഥാനങ്ങളെയുമാണ്‌. അതിന്റെ ഇരമ്പലും ആരവവും ഇന്നും കോവൂരിന്റെയും മറ്റും കൃതികളില്‍ നമുക്ക് കേള്‍ക്കാം, കാണാം. സായിബാബയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പലതവണ പ്രഫ:എബ്രഹാം കോവൂര്‍ ഭാരതപര്യടനം നടത്തി ദിവ്യാത്ഭുതങ്ങള്‍ക്ക് പിന്നിലെ മാജിക്ക് വേല പൊളിച്ചുകാണിച്ചു.

കേരളത്തിലെ സായിപ്രസ്ഥാനവുമായി ഇടകലര്‍ന്ന് കിടക്കുന്ന ഈ സായിവിമര്‍ശന/യുക്തിവാദ വിപ്ലവത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, പേടിപ്പെടുത്തും വിധം തമസ്കരിച്ചുകൊണ്ടു വാഴ്ത്തുകളും താമ്രപത്രങ്ങളും നിറച്ച സ്പെഷ്യല്‍ പേജുകളുമായി ഒരാഴ്ചയാണ്‌  മാതൃഭൂമിയും മനോരമയും സാംസ്കാരിക കേരളത്തെ കൊഞ്ഞനം കുത്തിയത്.പാഞ്ഞാളും ബാബയും തുള്ളിയുറഞ്ഞ ആഴ്ചകള്‍ നീണ്ട പേക്കൂത്തിനു ശേഷം ഇപ്പോള്‍ മാതൃഭൂമിക്ക് ആദര്‍ശത്തിന്റെയും യുക്തിവാദത്തിന്റെയും ശാസ്ത്രീയതയുടെയും മൂലക്കുരു പൊട്ടി ബ്ലീഡിംഗ് തുടങ്ങിയിട്ടുണ്ടാവണം.... ഒമ്പത് കഴഞ്ഞ് അന്ധവിശ്വാസം അരക്കഴഞ്ഞ് "യുക്തിവാതം" എന്നിങ്ങനെ സമാസമം ചേര്‍ത്തുള്ള പത്രവേലകളിക്ക് ബൈലൈന്‍ കുമാരന്മാരൊക്കെ അണിനിരന്നിട്ടുണ്ട്.

സായിബാബയുടെ വയ്ക്കോല്‍ തുറുവില്‍ ശിവഗംഗയുടെ ലാസ്യനടനം തേടുന്ന പത്രം "ആസാമി"കളുടെ ജഡയെയും ഫാന്‍സിഡ്രസ്സിനെയും പറ്റി  അളന്ന് മുറിച്ച് ബോര്‍ഡറിട്ട ടിന്റഡ് കോളത്തില്‍ വയറിളകുന്നത് കാണുക :കൂട്ടത്തില്‍ കണ്ട വേറൊരു കോമഡി ഇങ്ങനെ :ഈ പരസ്യം കിടക്കുന്നത് മാതൃഭൂമിയുടെ പ്രിന്റ് എഡീഷന്‍ പിഡി‌എഫിലാണു. നമ്മുടെ "കൂടോത്രോച്ചാടന" പരമ്പരമഹാമഹം പ്രോത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന എഡിറ്റ് പേജിന്റെ കൃത്യം ഒരു പേജ് മുകളില്‍..!

*

അപ്പോള്‍ ബൈലൈന്‍ കുമാരന്മാരായ പി.എസ് ജയനും ദിനകരന്‍ കൊമ്പിലാത്തും കൃഷ്ണകുമാറും സംഘവും സ്വല്പം "യുക്തിവാതം" സ്വന്തം പത്രത്തില്‍ നടപ്പിലാക്കാന്‍ പറ്റുമോ എന്ന്  കൂടി നോക്കണേ. കാനാടി കുട്ടിച്ചാത്തനും അക്ഷയകോണക തൃതീയയും ഒക്കെ പരസ്യത്തിനു വേണം, നാട്ടുകാരെ പരിഹസിക്കുകയും വേണം എന്നു വച്ചാല്‍ അത് കോമഡിപോലുമല്ല സര്‍... ശോകത്തിന്റെയും ജുഗുപ്സയുടെയും ഇടയ്ക്കുള്ള എന്തോ ഒരു 'രസ'മായിട്ട് വരും....15 comments:

 1. മാതൃഭൂമിയുടെ ക്ലാസിഫൈഡ് പേജൊന്ന് നോക്കണം മാതൃഭൂമിയുടെ യുക്തിവാദം മനസിലാവണമെൻകിൽ. ഡോക്ടറെ കുറേനാളായി ഇതുവഴിയൊന്നും കാണാറില്ലല്ലോ..

  ReplyDelete
 2. തകര്‍ത്തു സൂരജ് ! കലക്കന്‍ !!

  താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു , ജന്മ ജന്മാത്രങ്ങളായി നില നിന്ന് വരുന്ന സംസ്കാരം നിലനിര്തുന്നവരും , പരമ്പരാഗത പുരാതന വിധികള്‍ നിലനിര്തുന്നവരും പോലെയാണോ ..ഈ ഇന്നലെ വന്ന ലോട്ട് ലൊടുക്കു മന്ത്രവാദികള്‍..!! കഷ്ടം ..! മന്ത്രവാദം പ്രശ്നമല്ല ! ആള്‍ യോഗ്യനും തറവാടിയും ഒക്കെ ആകണമെന്ന് മാത്രം..എങ്കില്‍ ഞങള്‍ അവരെ എഴുതി പുകഴ്ത്തും .. ഞങ്ങളുടെ പ്രശ്നം അര്‍ഹതയുള്ള യഥാര്‍ത്ഥ കൂടോത്രക്കാര്‍ക്ക് കടുത്ത മത്സരം നല്‍കിക്കൊണ്ട് അവരുടെ മേഖലയിലേക്ക് അതിനുള്ള "യോഗ്യത" ഇല്ലാത്ത ചിലര്‍ കയറി വരുന്നു എന്നതാണ്.. യേത്..?

  ReplyDelete
 3. നന്നായിട്ടുണ്ട് തൊലിയുരിക്കല്‍. It is like Pakistan's version of Good terrorists and Bad terrorists. The last screen shot captures it all.

  ReplyDelete
 4. ഇതാ മറ്റൊരു ‘ഓണറബിള്‍ ജസ്റ്റിസ്’ പ്രഫുല്ലചന്ദ്ര് ‘നട്ട്’വര്‍ലാല്‍ ഭഗ്‌വതി - ഇത് മുന്തിയ ഇനമാണ്, ചീഫ് ജസ്റ്റിസ് - പറഞ്ഞത് നോക്കൂ: As a professional, each time I would sit down to write a judgment at 5 'o'clock in the morning, I was only writing what my god dictated. Bhagwan held my hand as I put pen to paper. http://iofsbrotherhood.org/site/forum/messages.php?webtag=WEBTAG&msg=18370.1

  ഇതുപോലെയുള്ള മാന്യ ദേഹങ്ങളൊക്കെയാണല്ലോ ഇവിടെ ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനേയൂം ലജിസ്ലേറ്റീവിനെയും ഫിഫ്ത് എസ്റ്റേറ്റിനേയും ഒക്കെ നയിക്കുന്നത് എന്നോര്‍ത്ത് കോള്‍മയിര്‍ കൊള്ളാതിരിക്കുന്നതെങ്ങനെ?

  ReplyDelete
 5. ബാബയുടെ ഉടായിപ്പ് മാജിക്ക്‌ നാടായ നാട് മുഴോന്‍ പാട്ടായിട്ടും ആ അരവട്ടന്‍ അയ്യരുടെ "ബാബ അത്ഭുദ വീരഗാഥ" യാതൊരു മടിയും കൂടാതെ ഇട്ട ഈ തൊലിയന്‍ പത്രക്കാരുടെ ഉളുപ്പില്ലായ്മ അപാരം തന്നെ.

  ReplyDelete
 6. circulation circulation :)

  ReplyDelete
 7. ഉളുപ്പില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതിന്റെ തണല്‍ സുഖകരമാകുന്ന ചിലരുണ്ട്. രണ്ടും കെട്ട ഈ 'പത്രധര്‍മ്മവും' അതുതന്നെ. 'യുക്തിവാദവും', സായിബാബയും മാതൃഭൂമിക്ക് കച്ചവടം തന്നെ.

  ReplyDelete
 8. ഈ തവണത്തെ അതിരാത്രവാര്‍ത്തയിലും കണ്ടു അതിരാത്രത്തിന്റെ അവസാനം മഴ പെയ്തു എന്നും ഭക്തജനങ്ങള്‍ ആനന്ദനൃത്തം ചവിട്ടി എന്നും. യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിച്ചത് ?അതിന്റെ ശരിയെകുറിച്ച് അറിയണമെന്ന് താല്പര്യപെടുന്നു.

  ReplyDelete
 9. ഈശ്വരന്‍ നല്‍കുന്ന ഐശ്വര്യം നമ്മളായിട്ട് എന്തിനാ കളഞ്ഞു കുളിക്കുന്നത്
  :)

  ReplyDelete
 10. രണ്ടു ചെവിയിലും രണ്ടു കുട്ടിച്ചാത്തന്മാരെയും പേറിക്കൊണ്ടാണു പല ദിവസങ്ങളിലും ഈ പത്രം മലയാളിക്കു കണിയൊരുക്കുന്നത് !
  [ചെവി= ഇയര്‍പാനല്‍ പരസ്യം]

  ReplyDelete
 11. കടുത്ത ജാതീയത!!!. ദളിതരാണ് തട്ടിപ്പുകാര്‍ എന്ന് സ്വയം തീരുമാനിച്ചു

  കുട്ടിച്ചാത്തനും കാളിയും ബ്രാഹ്മണര്‍
  ആരാധിക്കുന്നവര്‍ അല്ല എന്ന് ആരു പറഞ്ഞു? കുട്ടിച്ചാത്തനെ ആരാധിക്കുന്നത് അത്ര കോമണ്‍ അല്ല എന്ന് പറയാം പക്ഷേ കാളിയുടെ കാര്യം അങ്ങനെ അല്ല.

  ReplyDelete
 12. സൂരജ്,
  പാഞ്ഞാൾ എന്റെ നാടായതിനാൽ അതിരാത്രം കാണാൻ ഞാനും പോയിരുന്നു, അവസാനദിവസമല്ല, അതിനു മുൻപുള്ള വാരാന്ത്യത്തിൽ. കാര്യം ബഹുരസമാണ്. സംഭവം നടക്കുന്നിടത്ത് അതിന്റെ വഴിക്ക് കാര്യങ്ങൾ പോകും, കാഴ്ചക്കാരായി വരുന്നവർ ലോകകാര്യങ്ങൾ സംസാരിച്ചിരിക്കും, ഫുഡടിക്കും. ഞാനും മറിച്ചൊന്നും ചെയ്തില്ല, ബന്ധുക്കൾ കുറേപ്പേരെ കാണാനൊത്തതിനാൽ സംസാരിച്ചിരുന്നു, കുറച്ച് ഫോട്ടോ പിടിച്ചു.
  വലിയ സംരംഭം തന്നെ, ഇക്കണ്ട ജനങ്ങൾക്കെല്ലാം ഇരിക്കാൻ സൗകര്യവും ആഹാരവും എല്ലാം ഏർപ്പാടക്കാനും പങ്കെടുത്തവർക്ക് ഫീസ് കൊടുക്കാനുമൊക്കെയായി പണം കുറച്ചൊന്നുമല്ല മുടക്കിയിട്ടുള്ളത്. നമുക്കറിയാത്ത കാര്യങ്ങൾ കുറേ ഈ വേദങ്ങളിലൊക്കെയുണ്ട് എന്ന വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം ഇതിങ്ങിനെ തുടരും.
  ഹോമം നടത്തുന്നതിലൂടെ നിർഗമിക്കുന്ന ഫീനോൾ അന്തരീക്ഷത്തിലെ ദോഷകരമായ മൈക്രോഓർഗാനിസത്തെയെല്ലാം നശിപ്പിക്കുമെന്നും അതുവഴി പ്രകൃതി ശുദ്ധീകരിക്കപ്പെടുമെന്നും ഉള്ള ശാസ്ത്രം വരെ കേട്ടു അവിടെ. (ദോഷകരമായവയെ തെരഞ്ഞുപിടിച്ചു കൊല്ലുന്ന ഒരു സംഭവമേ). ഇത്തരം ഉഡായിപ്പ് ശാസ്ത്രവിശദീകരണത്തിലൂടെ ഇതുപോലൊരുപാട് കാര്യങ്ങൾ യാഗം കൊണ്ട് സാധിക്കും എന്ന് ജനം കരുതുന്നെങ്കിൽ പിന്നെ പണത്തിനാണോ പാട്?

  അതിരാത്രത്തിൽ യാഗശാല കത്തിക്കുന്നതിനു മുൻപ് മഴ പെയ്തു എന്ന് കേട്ടിരുന്നു. ഇന്ദ്രൻ (പുള്ളിയല്ലേ മഴദൈവം എന്നൊരു സംശയം ഇല്ലാതില്ല) ഇത്തിരി നേരത്തെ പ്രസാദിച്ചതായിരിക്കാം. ആനന്ദനൃത്തം എന്നൊക്കെ കേട്ടാൽ ഒരുമാതിരി തട്ടുപൊളിപ്പൻ ഗാനമേളയ്ക്ക് “ഡാഡിമമ്മി വീട്ടിലില്ലൈ” എന്ന പാട്ട് കേൾക്കുംപോൾ നാട്ടാര് ഡാൻസ് കളിക്കുന്ന ഒരു ചിത്രമാണ് കിട്ടുക.

  വിഷയത്തിലേക്ക്.
  പ്രത്യക്ഷത്തിൽ തന്നെ തട്ടിപ്പ് എന്ന് തോന്നുന്ന ചില കാര്യങ്ങൾ ചൂണ്ടിയെടുത്ത് അവതരിപ്പിക്കുക എന്നൊരു ഉദ്ദേശ്യമേ മാതൃഭൂമിക്കുള്ളൂ. അതിനപ്പുറം പറഞ്ഞുവന്നാൽ ഒരുപക്ഷെ പലയിടത്തും കടയിളക്കേണ്ടിവരും. പിന്നെ വികാരം വ്രണപ്പെടുന്ന അവസ്ഥ വരും. ഈ തട്ടിപ്പിലൊക്കെ പെടുന്നവർക്ക് ഒന്നും വ്രണപ്പെടാനില്ലല്ലൊ, അപ്പോൾ എന്തും പറയാം.

  ശൈലി പഴയതുതന്നെ, ചെറിയാൻ നായര് എന്നൊരാൾ ഹംസ പണിക്കര് എന്നൊരാളുടെ വീട്ടിൽ കൂടോത്രം നടത്തിച്ചുകിട്ടാൻ ചെന്നു. യഥാർത്ഥ പേരല്ല എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടാവും, ഇല്ലെങ്കിൽ ആരെങ്കിലും ഈ ഹംസ പണിക്കരെ ചെന്ന് കണ്ടാലോ?

  ReplyDelete

Comments to posts older than 30 days will be moderated for spam.