The contents of this blog and the language used herein are "mature" and suited only for "grown-ups".
Showing posts with label പാരമ്പര്യ വാദം. Show all posts
Showing posts with label പാരമ്പര്യ വാദം. Show all posts

Feb 3, 2009

പന്നിയെ വെറുക്കാനുള്ള ഞായങ്ങള്‍

 
 
മനുഷ്യവിദൂഷകന്‍ എന്ന ബ്ലോഗില്‍ കണ്ട ലേഖനം : ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.
എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?

.... ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.... (ശേഷം ഇവിടെ വായിക്കുക)

അവിടെ ഇട്ട കമന്റ് :
suraj::സൂരജ് said...
മനുഷ്യ വിദൂഷകാ,

ഖുര്‍ ആനോ ഗീതയോ എടുത്ത് അതിലെ പ്രസ്താവങ്ങളുടെ ശാസ്ത്രീയത ചികയുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഇതുപോലുള്ള ഉഡായിപ്പ് വെബ്സൈറ്റുകളില്‍ കിടക്കുന്നതൊക്കെ എടുക്കുമ്പോള്‍ ഈ പറയുന്നതിലൊക്കെ എന്തെങ്കിലും സയന്‍സ് ഉണ്ടെങ്കില്‍ അതിന് ചുമ്മാ കറക്കിക്കുത്തിയുള്ള വാചകങ്ങളല്ല, മറിച്ച് വ്യക്തമായ, തെളിയിക്കപ്പെട്ട റീസേര്‍ച്ച് റെഫറന്‍സുകളോ പേപ്പറുകളോ ആണ് നല്‍കേണ്ടത്. അപ്പോഴേ അത് ശാസ്ത്രീയമായി ആധികാരികമാവൂ, അല്ലാത്തിടത്തോളം ചുമ്മാ “അഭിപ്രായം” മാത്രമേ ആവൂ.

>>മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.

മാംസാഹാരം ക്രൂരതയ്ക്കും ദേഷ്യത്തിനും കാരണമാകുന്നതിന്റെ ബയോക്കെമിസ്ട്രി ഒന്ന് വിശദീകരിക്കാമോ ? ഏതെങ്കിലും ആധികാരിക റീസേര്‍ച്ച് ജേണലില്‍ പിയര്‍ റിവ്യൂ കഴിഞ്ഞ് വന്നിട്ടുണ്ടോ ഇങ്ങനൊരു റീസേര്‍ച് ?
(ഖുര്‍ ആന്‍ പന്നിമാംസം പോലെ ചിലതെ ഹറാമാക്കീട്ടുള്ളൂ. ആട്, കോഴി താറാവ് മാട് എന്നിങ്ങനെ വേറെ പലതും കിടക്കുന്നു.അതെന്തര് അത് വിട്ട് കളഞ്ഞത്?)

>> സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി.

ഇതിനും വേണം റെഫറന്‍സ്. പന്നിക്ക് മാത്രമായുള്ള ഒരു ക്യാരക്റ്റര്‍ എന്നൊക്കെ അടിച്ചു വിടുന്നത് ഇതുവല്ലതും വെരിഫൈ ചെയ്തിട്ടാണോ ?
സ്വന്തം ഇണയെ അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന” എന്നൊക്കെ പന്നിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ പന്നി ഇണചേരുന്നത് താലികെട്ടും റെജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് ഹണിമൂണീനു ഹോട്ടലില്‍ റൂമെടുത്തിട്ടാണെന്ന് തോന്നും :)) ജൈവ ലോകത്തെ എത്രയോ ജീവികള്‍ ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും ഉള്ളവരാണ്. പല ജന്തുക്കളും ഇണചേര്‍ന്ന്‍ സ്ഖലനമോ രതിമൂര്‍ച്ഛയോ കഴിഞ്ഞാല്‍ പിന്നെ ഇണയെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്.അവര്‍ വേറെ ഏത് സഹജീവിയുടെ കൂടെ പോയാലും അവറ്റയ്ക്ക് ഒരു ചുക്കുമില്ല. നിഷിദ്ധമല്ലാത്ത മാംസാഹാരമായ കാളയും പോത്തും ഒക്കെ ഇങ്ങനെ തന്നെ. അവയ്ക്ക് ഏകപത്നീവ്രതമോ ഏക ഭര്‍തൃവ്രതമോ ഒന്നുമില്ല.

>>ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം.

പന്നി അമേദ്യം തിന്നുന്നത് കൊണ്ട് മാത്രം വൃത്തികെട്ടതാണെന്ന് പൊതുവേ പറയപ്പെടുന്നത് പൂര്‍ണ്ണമായും ശരിയല്ല. (കോപ്രോഫാജി എന്ന അതേ സ്വഭാവം കാണിക്കുന്ന ജീവിയാണ് മുയലും.) പന്നിക്ക് മാത്രമായി അസാധാരണമാം വിധം പരാന്നജീവി/കൃമി ആക്രമണമൊന്നുമില്ല. നല്ല രീതിക്ക് ഇവയെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ഈപ്പറയുന്ന കുഴപ്പമൊന്നുമില്ലാത്ത പന്നിയിറച്ചി കിട്ടുകയും ചെയ്യും.
പിന്നെ, ശരീരത്തിലെ കൃമികീടങ്ങളെ വച്ചാണ് പന്നിയെ കുറ്റം പറയുന്നതെങ്കില്‍ കോഴിക്കും ആടുമാടുകള്‍ക്കുമൊക്കെ ഇതു ബാധകമാണ്. നാടവിര മാട്ടിറച്ചി വഴിയും മനുഷ്യനെ ബാധിക്കാറുണ്ട്. ആടിന്റെ പാല്‍ ധാരാളമായി ഉപയോഗിക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയല്‍ അണുബാധ കൂടുതലാണ്... വൃത്തിക്ക് പാചകം ചെയ്യാമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അല്ലാതെ അതിന് മൃഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഒട്ടകത്തിന്റെ മൂത്രം മരുന്നായി കുടിക്കാന്‍ ഉപദേശിച്ചിട്ടുണ്ട് പ്രവാചകന്‍ (സഹീഹുല്‍ ബുഖാരി). ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണെന്നും, അതിനാല്‍ പാനീയത്തില്‍ ഈച്ചവീണാല്‍ അതിനെ മുഴുവനായി അതില്‍ മുക്കിക്കോണം എന്ന് തട്ടിവിട്ടതും ഇതേ ആള് തന്നെ. പന്നിയുടെ വൃത്തിയെ കുറിച്ച് സങ്കടപ്പെടാന്‍ പറ്റിയ ആള്‍ !

>>ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ.

ആങ്ഹാ ! ഇതുകൊള്ളാമല്ലോ. ഒരു റെഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഇങ്ങനൊക്കെ അടിച്ചുവീടും മുന്‍പ് മനുഷ്യ വിദൂഷകന്‍ ഇച്ചിരെ Basic anatomy വായിച്ചാല്‍ കൊള്ളാം.

>>സാത്വിക ഭക്ഷണം വിഭീഷണനെയും രാജസ്വ ഭക്ഷണം രാവണനെയും അങ്ങനെ സ്വഭാവത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടാക്കി എന്ന് രണ്ടുപേരെയും പറ്റി പ്രതിപാദിക്കുന്നയിടത്തു രാമായണത്തില്‍ പറയുന്നുണ്ട്.

രാമായണത്തിലോ മഹാഭാരതത്തിലോ പറയുന്നതാണോ താങ്കളുടെ റെഫറന്‍സ് ?!
ഭാരതീയ മതങ്ങളില്‍ ഈ രാജസം താമസം സാത്വികം എന്നൊക്കെ ആഹാരത്തെ ഭഗവദ് ഗീതയുടെ ലൈനില്‍ വര്‍ഗ്ഗീകരിക്കാന്‍ തുടങ്ങിയത് വളരെയടുത്താണ്. ഒരുപക്ഷേ ബുദ്ധമതസ്വാധീനവും അതിനു കാരണമാവാം. വേദങ്ങളിലൊക്കെ മാംസം മുനിമാരുടെ പോലും ആഹാരമാണ്. അവിടെ ആരും അതിനെപ്പിടിച്ച് “താമസം” ഒന്നുമാക്കി ബ്രാന്റടിച്ച് നിഷിദ്ധമാക്കീട്ടില്ല. രാമായണത്തില്‍ പലയിടത്തും രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായി പറയുന്നുണ്ട്. താങ്കള്‍ വായിച്ചിട്ടുണ്ടോ ആവോ ! അന്നത്തെ ക്ഷത്രിയകുലജാതര്‍ മാംസവും മദ്യവുമൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നവരുമാണ്. കൊട്ടാരത്തില്‍ കിട്ടുന്ന രുചിയുള്ള മൃഗ മാംസത്തിനു പകരം ഇനി എനിക്ക് കാട്ടുകിഴങ്ങും പഴങ്ങളും കഴിക്കേണ്ടിവരുമെന്ന് വനവാസത്തിനു പുറപ്പെടുന്ന രാമന്‍ കൌസല്യയോട് സങ്കടം പറയുന്നത് രാമായണത്തില്‍ തന്നെയാണ് മാഷേ. വനത്തില്‍ ഏതെല്ലാം മാംസം കിട്ടുമെന്നതിനെ കുറിച്ച് രാമനും ലക്ഷ്മണനും ഉപദേശം കിട്ടുന്ന ഭാഗം വരെ രാമായണത്തില്‍ കാണാം. ആയുര്‍വേദത്തിലാകട്ടെ സുശ്രുതന്‍ ഏതാണ്ട് 64 തരം മാംസങ്ങളെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഓരോന്നും കഴിക്കേണ്ട കാലവും സമയവുമടക്കം. അതോണ്ട് മാഷ് രാജസ-സാത്വികത്തീന്നൊക്കെ വിട്ട് പിടി.

അനുബന്ധം:

കോഴികൂവിയാല്‍ അത് മലക്കിനെ കണ്ടിട്ടാണെന്നും കഴുത കരഞ്ഞാല്‍ അത് സാത്താനെ കണ്ടിട്ടാണെന്നുമൊക്കെ പ്രവാചകന്‍ തട്ടിമൂളിച്ചിട്ടുള്ളതായി മതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇനി അതിനോരോന്നിനും ഇതുപോലെ “സയന്റിഫിക്” തെളിവും കൊണ്ട് വരാവുന്നതാണ്.

Mar 15, 2008

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

വിജയകൃഷ്ണന്റെ ലോകം എന്ന ബ്ലോഗില്‍ കണ്ട "എടത്തൂടെ എഴുന്നേറ്റാല്‍" എന്ന കുറിപ്പാണ് ഈ കമന്റിനാധാരം.

ദിവസത്തിന്റെ തുടക്കത്തില്‍ അസ്വസ്ഥരായി കാണുന്നവരോട്‌ നീയിന്നെന്താ എടത്തൂടാണോ എഴുന്നേറ്റത്‌ എന്നു ചോദിച്ചു കേട്ടിട്ടില്ലേ? അതിനെക്കുറിച്ചു മുത്തശ്ശി പറഞ്ഞതിങ്ങനെയാണ്‌. ..നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തികവലയങ്ങളുണ്ട്‌. ഒന്നു കാലില്‍ നിന്നു ശിരസ്സു വരേയും ശിരസ്സില്‍ നിന്ന്‌ കാലു വരേയും പ്രദക്ഷിണമായി പോകുന്നത്‌. രണ്ടാമത്തേത്‌ ശരീരത്തിന്റെ ഇടതുവശത്തുനിന്ന്‌ മുന്‍ഭാഗത്തു കൂടി വലത്തോട്ടും വലതു വശത്തുനിന്ന്‌ പിറകില്‍ക്കൂടി ഇടതുവശത്തേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ശരീരമാകുന്ന യന്ത്ര സജ്ജീകരണത്തിന്റെ നിലനില്‍പ്പ്‌ ആദ്യത്തെ വലയത്തെയും പ്രവര്‍ത്തനക്ഷമതയും ബലവും രണ്ടാമത്തെ വലയത്തേയും ആശ്രയിച്ചിരിക്കുന്നു.ഈ കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം കാന്തികവലയത്തിന്റെ winding ദൃഢപ്പെടുത്തും. മറിച്ചായാല്‍ ഈ വൈന്‍ഡിംഗ്‌ അഴിഞ്ഞ്‌ യന്ത്രസംവിധാനത്തിനു തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത്‌ ഈ വൈന്‍ഡിംഗ്‌ കൂടുതല്‍ ദൃഢമാക്കുകയും ആയതിനാല്‍ ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇടതുവശം തിരിഞ്ഞെണീറ്റാല്‍ ശരീരത്തിന്റെ കാന്തികവലയത്തിലെ ബലക്കുറവിനാല്‍ ശരീരത്തില്‍ താത്‌കാലികമായ അസ്വസ്ഥകള്‍ ഉണ്ടാകുന്നു. ഇതു മുത്തശ്ശിയുടെ ന്യായം...


വിജയകൃഷ്ണന്‍ ജീ എഴുതിയ അശാസ്ത്രീയ കുറിപ്പ് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അഭിപ്രായമാണ് എന്നൊരു ജാമ്യമെങ്കിലും ഉണ്ട്. എന്നാല്‍ ആ കുറിപ്പിനു വന്ന പിന്മൊഴികളില്‍ ആ വിഡ്ഢിത്തത്തെ ശാസ്ത്ര സത്യമായി ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കണ്ട് ഇട്ട കമന്റാണ് ഇത് :

സൂരജ് :: suraj said...
തുറന്നു പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുതേ...
ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളം ബ്ലോഗെഴുത്തുകാരെങ്കിലും കൂട്ടുനില്‍ക്കരുത് .

കാന്തികവലയം, പോസിറ്റീവ് എനര്‍ജിയുടെ ആവരണം, ഓറ എന്നിങ്ങനെയുള്ള വിഡ്ഢിത്തങ്ങളും അശാസ്ത്രീയ കല്പനകളും കൊണ്ട് സ്വന്തം ശരീരത്തെയും പ്രകൃതിയേയും രോഗത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ ഭയമുണ്ടാക്കാം എന്നല്ലാതെ ഒരു വിശേഷവുമില്ല.

ഇടതുവശം തിരിഞ്ഞെഴുനേറ്റാല്‍ അറ്റാക്കു വരാന്‍ സാധ്യത കൂടുതലുണ്ട് എന്ന് പറയുന്ന സഞ്ജുവിന് ആ വിവരം എവിടുന്നു കിട്ടിയെന്നു പറയാമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന ഏതെങ്കിലും പ്രൈമറി സ്കൂള്‍ പുസ്തകമെങ്കിലുംവായിച്ചാല്‍ തീരാവുന്ന ഒരു തെറ്റിദ്ധാരണയെ ഇങ്ങനെ ശാസ്ത്രമെന്നമട്ടില്‍ ഇവിടെ പ്രസ്താവിക്കുമ്പോള്‍ അത്രയും ഉത്തരവാദിത്വമെങ്കിലും ആവാം!

പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുന്ന ശാസ്ത്രീയ-ആചാരങ്ങള്‍ക്കൊക്കെ എന്ത് ശാസ്ത്ര പിന്തുണയാണാവോ ഉള്ളത് ?
മതപരമായ ആചാരങ്ങള്‍ക്കും പഴകിപ്പുളിച്ച പേക്കൂത്തുകള്‍ക്കുമൊക്കെ ശാസ്ത്രാടിസ്ഥാനമുണ്ടെന്ന മട്ടില്‍ ഏറെക്കാലമായി പ്രചാരണം നടക്കുന്നുണ്ട് നാട്ടില്‍. ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നു വാദിക്കുന്നവര്‍ ദയവ് ചെയ്ത് അത്തരം തെളിവുകള്‍ വിശദീകരിക്കുന്ന റെഫറന്‍സുകളോ ഗവേഷണ പേപ്പറുകളൊ ക്വോട്ട് ചെയ്യുക. ഒരുപാട് അന്ധകാരത്തില്‍ നിന്നു അറിവിന്റെ ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരു ജനതയാണ് നാം. വീണ്ടും ആ അന്ധകാരത്തിലേക്ക് തിരികെ കൊണ്ടുപോകരുതേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ‍.

പ്രിയാ ഉണ്ണികൃഷ്ണന്‍ എന്ന ബ്ലോഗര്‍ ഇതിന് ഇങ്ങനെ മറുപടി പറയുന്നു :

ഉത്തരം ലളിതം: എന്തുകൊണ്ട് ഇന്നത്തെ ജനത യോഗയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്നു എന്നു ചിന്തിക്കുക

ഇതിനു മറുപടിയായിട്ടാണ് ഈ കമന്റ് :


സൂരജ് :: suraj said...

പ്രിയാ ഉണ്ണികൃഷ്ണന്‍ ആദ്യ കമന്റില്‍ പറഞ്ഞത് ഇങ്ങനെയല്ലേ :
"..രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഭൂമിയില്‍ തൊട്ട് തൊഴണം, സ്ത്രീകള്‍ നിവര്‍ന്ന് കിടന്നു നമസ്കരിക്കരുത്, സന്ധ്യയ്ക്ക് ആഹാരം കഴിക്കരുത്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്... അതിലെല്ലാം തന്നെ സത്യങ്ങളും.."

ഇതിലെവിടെയാണ് ശാസ്ത്ര സത്യം എന്നു പറയുമോ? എന്നിട്ട് പോരെ യോഗയിലേക്ക് ആളുകള്‍ കൂടുതല്‍ വരുന്നതിന്റെ കാരണം തിരയുന്നത് ?

പിന്നെ, ഒരു പ്രത്യേക ജീവിത രീതിയോ ആചാരമോ ഇന്ന് ആളുകള്‍ കൂടുതലായി അനുധാവനം ചെയ്യുന്നു എന്നതൊന്നുമല്ല കേട്ടോ ഒരു സംഗതിയുടെ ശാസ്ത്രീയ വശമോ, ക്വാളിറ്റിയോ നിശ്ചയിക്കാനുള്ള അളവു കോല്‍. അങ്ങനെയാണെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ പണ്ടുള്ളതിന്റെ എത്രയോ ഇരട്ടിയായിട്ടുണ്ട് ഇന്ന്, എന്നു വച്ച് വേശ്യാവൃത്തി എന്നത് എന്തോ കിടിലന്‍ സംഭവമാണെന്ന് പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുമോ?

മനുഷ്യശരീരത്തിലെ ജലതന്മാത്രകളും, ഒരു പാട് ion-കളും diamagnetic ആണ് എന്നത് ഒരു ശാസ്ത്ര സത്യം. എന്നുവച്ച് മനുഷ്യശരീരത്തിലൂടെ നാം സാധാരണ കാണുന്ന കാന്തങ്ങളിലേതു പോലുള്ള ഒരു കാന്തിക വലയം കടന്നു പോകുന്നുവെന്നൊക്കെ പറഞ്ഞാല്‍ അത് വിവരക്കേടാണ്.

ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് ‘വടക്കോട്ട് തലവച്ചു കിടക്കരുത്’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നുമൊക്കെയുള്ള സ്റ്റുപ്പിഡ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ശാസ്ത്രീയം എന്ന പേരില്‍!
ഇതിന്റെ അടിസ്ഥാനത്തില്‍ മാഗ്നെറ്റോ തെറാപ്പി എന്നൊരു ചികിത്സാരീതി പോലുമുണ്ട്! ഇടയ്ക്കിടെ ടെലി ബ്രാന്റ് ഷോയിലും മറ്റും ഇതുപോലുള്ള കാന്ത-മാല, കാന്ത-ബെല്‍റ്റ് തുടങ്ങിയ ആനവിഡ്ഢിത്തങ്ങളും കാണാം.(സായിപ്പും അന്ധവിശ്വാസത്തില്‍ ഒട്ടും മോശമല്ലല്ലോ!!)

മാഗ്നെറ്റിസം എന്താണ് എന്നു പോലും ഒന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്യാതെ ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ 100% സാക്ഷരതയുണ്ടെന്നഭിമാനിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ എന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു!
ചുമ്മാതല്ല ഈ നാട്ടില്‍ പത്തിരുന്നൂറ് കൊല്ലം വിദേശികള്‍ കയറി നിരങ്ങി ഭരിച്ചത്!

അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷേ അറിവ് നേടാനുള്ള ഉപാധികള്‍ ഇങ്ങനെ വിരല്‍ തുമ്പില്‍ പരന്നു കിടക്കുമ്പോള്‍ അതിനു നേരെ കണ്ണടച്ചിട്ട് വിശ്വാസങ്ങളെ അന്ധമായി പിന്താങ്ങുന്നത് തെറ്റാണെന്നു മാത്രമല്ല പൂര്‍വികരോടും പില്‍ക്കാല തലമുറകളോടും വരെ ചെയ്യുന്ന മഹാപാതകം കൂടിയാണ്.
March 15, 2008 8:12 AM

ജിഹേഷ് ജി യുടെ ഈ കമന്റിനിട്ട മറുപടിയാണ് താഴെ :


പ്രിയ ജിഹേഷ് ജീ,

"...പക്ഷേ വടക്കോട്ട് തലവെയ്ക്കരുത് എന്നതില് എന്തെങ്കിലും ശാസ്ത്രം ഉണ്ടാകും എന്നു വിശ്വസിക്കാനാണു എനിക്കു താല്പര്യം.. ഒരു പക്ഷേ ഭൂമിയുടെ കാന്തിക മണ്ഡലം രക്തത്തിലെ അയേണിനെ സ്വാധീനിക്കുകയും തന്മൂലം രക്തപ്രവാഹത്തില് കൂടുതല് ഫ്രിക്ഷ്ന് ഉണ്ടാകുകയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമായിരിക്കും..."

താങ്കളുടെ പ്രൊഫൈലില്‍ കാണുന്നത് താങ്കള്‍ എഞ്ചിനിയറിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഒരാളാണെന്നാണ്. എന്നിട്ട് ഇത്ര ഉത്തരവാദിത്വമില്ലാതെ എങ്ങനെ ഈ ശാസ്ത്രാബദ്ധം ഇങ്ങനെ പറയാന്‍ കഴിയുന്നു ?! ഇന്റര്‍നെറ്റില്‍ എത്രയോ ശാസ്ത്ര വെബ്സൈറ്റുകളുണ്ടായിരുന്നു ഇതൊക്കെ വെരിഫൈ ചെയ്യാന്‍ ! ഒന്നും കണ്ടില്ലേ ?

മാഗ്നെറ്റിസത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ താങ്കള്‍ പത്താം ക്ലാസില്‍ പഠിച്ചിട്ടില്ലേ ? പ്ലസ് വണ്ണിലും ടൂവിലും മാഗ്നെറ്റിക് ഫില്‍ഡ് വച്ചുള്ള ഒരു പരീക്ഷണം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുവേണ്ടിയെങ്കിലും പഠിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു :))

(ഇത് എഞ്ചിനിയറിംഗും മെഡിസിനുമൊക്കെ പഠിച്ച് ഉന്നതബിരുദമെടുത്തിട്ടും ഫൂഷ്വേയും ജ്യോത്സ്യവും കാന്തചികിത്സയേയും പോലുള്ള എന്തിനേയും അന്ധമായി വിശ്വസിക്കുന്ന എല്ലാവരോടും ചോദിക്കേണ്ട ചോദ്യമാണ്)

മാഗ്നെറ്റിക് ആയ ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ closed ആയ current loop-കള്‍ ഉണ്ട്. ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളില്‍ ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരൊ കറണ്ട് ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) ഉണ്ട്.

ഒരു സ്ഥായിയായ magnetic dipole moment ഉള്ള വസ്തുവിലാണ് ഫെറോമാഗ്നെറ്റിസം കാണുന്നത്.ഫെറോമാഗ്നെറ്റ് എന്നാല്‍ സ്വയമേവ കാന്തമാകാന്‍ കഴിവുള്ള വസ്തുക്കള്‍. ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാല്‍ ഉണ്ടാക്കുന്ന ഫെറോമാഗ്നെറ്റുകളിലെ ion-കള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവയ്ക്ക് Pauli-യുടെ exclusion principle വച്ചു നോക്കുമ്പോള്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ (unpaired electrons) ഉണ്ണ്ടെന്നു കാണാം. ഉദാഹരണത്തിന് കാന്തിക ഇരുമ്പിന്റെ രണ്ട് 'ഒറ്റയാന്‍' ഇലക്ട്രോണുകളെ ഓര്‍ക്കുക. ഇരുമ്പിന്റ്റെയും അതുപോലുള്ള ഫെറോമാഗ്നെറ്റിക് (സ്വയമേവ കാന്തമായ) വസ്തുക്കളുടെയും സകല മാഗ്നെറ്റിക് കളികളും ഈ ഒറ്റയാന്‍ ഇലക്ട്രോണുകളുടെ magnetic dipole moment-നെ ആശ്രയിച്ചാണിരിക്കുന്നത്. കാന്തമായ ഒരു കഷ്ണം ഇരുമ്പിലെ ശതകോടിക്കണക്കിനു ആറ്റങ്ങളിലെ ജോഡിയില്ലാ-ഇലക്ട്രോണുകള്‍ തങ്ങളില്‍ ഉള്ള ഒരു self-aligning പാരസ്പര്യമാണ് കാന്തത്തെ കാന്തമാകുന്നത്. ഇത്തരത്തില്‍ സ്വയമേവ align ചെയ്ത് magnetic domain-കള്‍ ഉണ്ടാകാനൊന്നുമുള്ള കപ്പാസിറ്റി ശരീരത്തില്‍ ചിതറിക്കിടന്ന് ഒഴുകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരു ion-നുമില്ല !

ഒന്നാമത് , ശരീരത്തിലെ ഇരുമ്പ് ഫെറോമാഗ്നെറ്റിക് അല്ല ...! ശരാശരി മനുഷ്യശരീരത്തില്‍ ആകപ്പടെ ഉള്ളത് 4 ഗ്രാം ഇരുമ്പാണ് ! ഹ ഹ ഹ!

ഹീമോഗ്ലോബിനും ഹീമോസിഡറിനും ഫെറിറ്റിനുമൊക്കെയായി ശരീരത്തില്‍ കാണുന്ന ഈ ഇരുമ്പ് ഏറിയ കൂറും പാരാമാഗ്നെറ്റിക് ആണ്. ഒരുകഷ്ണം ഇരുമ്പ് മാഗ്നെറ്റ് ആകുമ്പോള്‍ അതിലെ മുഴുവന്‍ ജോഡിയില്ലാ-ഇലക്ട്രോണുകളുടെയും axis-കള്‍ പുറമേ നിന്നും കൊടുക്കുന്ന ഫീല്‍ഡിന്റെ അതേ ദിശയിലാകുന്നു. ഇതിനെ മാഗ്നെറ്റിക് സാച്ചുറേഷന്‍ എന്നു ലളിതമായി പറയാം. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ മാഗ്നെറ്റിക് സാച്ചുറേഷനിലെത്തുമ്പോഴേ ഫെറോമാഗ്നെറ്റുകളെപ്പോലെ സ്വയം കാന്തിക ശേഷിയുള്ളതായി മാറൂ.. ശരീരത്തിലെ ഇരുമ്പോ മറ്റു ലോഹങ്ങളുടെയോ തന്മാത്രകളോ ചാര്‍ജ്ജുള്ള അയോണുകളോ ഒന്നും ദുര്‍ബലമായ ഒരു കാന്തിക ഫീല്‍ഡ് ഉളവാക്കാന്‍ പോലുമുള്ള alignment ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

കാരണം :

1) ശരീരത്തിലെ അയോണുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഏറിയപങ്കും സഞ്ചരിക്കുന്നത്.

2) ഇവയെ കൃത്യമായ ഒരു ദിശയിലേക്ക് കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകാനോ ഒരു ഫീല്‍ഡ് സൃഷ്ടിക്കാനോ ഒന്നും നമ്മുടെ രക്തത്തിനോ മറ്റു സ്രവങള്‍ക്കോ കഴിവില്ല.

3) ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, തെര്‍മല്‍ ചലനം (thermal motion) കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ തെര്‍മല്‍ ചലനത്തെ ആദ്യം അടക്കിയാല്‍ മാത്രമേ തന്മാത്രകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ ഒന്ന് align ചെയ്ത് മാഗ്നെറ്റിക് ഡൊമെയിനുകള്‍ സൃഷ്ടിക്കാനും മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കാനും കഴിയൂ. നമ്മുടെ തെര്‍മല്‍ ചലനത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ മനുഷ്യശരീരത്തെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ലബോറട്ടറി കണ്ടീഷനുകളില്‍ പോലും വളരെ ശ്രമകരമാണ് ഇതെന്നിരിക്കെ ജീവനോടെയുള്ള ഒരു ശരീരത്തില്‍ ഇങ്ങനെ ഡൊമെയിനുകളെ ഉണ്ടാക്കുന്നതെങ്ങനെ ?

ആറ്റങ്ങളുടെ മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റിന്റെ ആയിരക്കണക്കിനിരട്ടി ദുര്‍ബലമായ മറ്റൊരു magnetic moment കാണിക്കുന്നുണ്ട് അവയുടെ ന്യൂക്ലിയസുകള്‍. ഇത് പ്രോട്ടോണുകളാല്‍ ഉളവാകുന്നതാണ്. ശരീരത്തിലെ ജലതന്മാത്രകളിലെ ഈ പ്രോട്ടോണുകള്‍ക്ക് അതിശക്തമായ ( പലപ്പൊഴും 1.5 Tesla-ക്കു മേല്‍ വരുമേ ഇത് ) മാഗ്നെറ്റിക് ഫീല്‍ഡിനുള്ളില്‍ ഉണ്ടാകുന്ന alignment വ്യതിയാനവും ഫീല്‍ഡ് മാ‍റുമ്പോഴുള്ള ഉര്‍ജ്ജ വ്യതിയാനവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ടാണ് നമ്മുടെ MRI scan യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ചുവന്ന കോശങ്ങളിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ നിരോക്സീകരിക്കപ്പെട്ട അവസ്ഥയില്‍ പാരാമാഗ്നെറ്റിക്കും, ഓക്സിജനെ വഹിക്കുമ്പോള്‍ ഡയാമാഗ്നെറ്റിക്കുമാണ്. ഈ തത്വമുപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മള്‍ എം.ആര്‍.ഐ. സ്കാനുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിന്റെ ചിത്രമെടുക്കുന്നത്. ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് ഏതാണ്ട് 0.00006 Tesla ആണെങ്കില്‍ ഒരു എം.അര്‍.ഐ സ്കാന്‍ ഉളവാകുന്നത് ഇതിന്റെ പതിനായിരം മടങ്ങിലേറെ വരും. ഇ പോസ്റ്റിലും പല കമന്റുകളിലും പറയും പോലെ മനുഷ്യശരീരത്തിന് സ്വന്തമായി ഒരു കാന്തിക ഫീല്‍ഡ് ഉണ്ടെങ്കില്‍ ഒരു എം.ആര്‍.ഐ സ്കാനെടുക്കൊമ്പോഴേക്ക് രോഗി പൊട്ടിത്തെറിച്ചു കഷ്ണം കഷ്ണമാകണമല്ലോ !!

കണക്കും ഫിസിക്സും കണ്ടു കണ്ണുതള്ളി ബയോളജിയെടുത്ത് പഞ്ചായത്തുവിട്ട ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒരു എഞ്ചിനിയറെ ഇതൊക്കെ പഠിപ്പിച്ചു കളയാമെന്നു കരുതി പറഞ്ഞതല്ല. പക്ഷേ സ്കൂള്‍ കാലത്തെ അറിവുകള്‍ പോലും നിത്യ ജീവിതത്തിലുപയോഗിക്കാതെ 'അതു വിശ്വസിക്കാനാണിഷ്ടം, ഇതുവിശ്വസിക്കാനാണിഷ്ടം' എന്നു പുലമ്പുന്ന മനുഷ്യരാണ് ഇന്ത്യ എന്ന അപാരമായ പൊട്ടന്‍ഷ്യലുകളുള്ള ഒരു രാജ്യത്തിന്റെ ശാപം എന്നു മനസിലാക്കുന്നതുകൊണ്ട് പറഞ്ഞു പോയി എന്നുമാത്രം. ക്ഷമിക്കുക!
March 16, 2008 2:46 PM