The contents of this blog and the language used herein are "mature" and suited only for "grown-ups".

Mar 15, 2008

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

വിജയകൃഷ്ണന്റെ ലോകം എന്ന ബ്ലോഗില്‍ കണ്ട "എടത്തൂടെ എഴുന്നേറ്റാല്‍" എന്ന കുറിപ്പാണ് ഈ കമന്റിനാധാരം.

ദിവസത്തിന്റെ തുടക്കത്തില്‍ അസ്വസ്ഥരായി കാണുന്നവരോട്‌ നീയിന്നെന്താ എടത്തൂടാണോ എഴുന്നേറ്റത്‌ എന്നു ചോദിച്ചു കേട്ടിട്ടില്ലേ? അതിനെക്കുറിച്ചു മുത്തശ്ശി പറഞ്ഞതിങ്ങനെയാണ്‌. ..നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തികവലയങ്ങളുണ്ട്‌. ഒന്നു കാലില്‍ നിന്നു ശിരസ്സു വരേയും ശിരസ്സില്‍ നിന്ന്‌ കാലു വരേയും പ്രദക്ഷിണമായി പോകുന്നത്‌. രണ്ടാമത്തേത്‌ ശരീരത്തിന്റെ ഇടതുവശത്തുനിന്ന്‌ മുന്‍ഭാഗത്തു കൂടി വലത്തോട്ടും വലതു വശത്തുനിന്ന്‌ പിറകില്‍ക്കൂടി ഇടതുവശത്തേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ശരീരമാകുന്ന യന്ത്ര സജ്ജീകരണത്തിന്റെ നിലനില്‍പ്പ്‌ ആദ്യത്തെ വലയത്തെയും പ്രവര്‍ത്തനക്ഷമതയും ബലവും രണ്ടാമത്തെ വലയത്തേയും ആശ്രയിച്ചിരിക്കുന്നു.ഈ കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം കാന്തികവലയത്തിന്റെ winding ദൃഢപ്പെടുത്തും. മറിച്ചായാല്‍ ഈ വൈന്‍ഡിംഗ്‌ അഴിഞ്ഞ്‌ യന്ത്രസംവിധാനത്തിനു തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത്‌ ഈ വൈന്‍ഡിംഗ്‌ കൂടുതല്‍ ദൃഢമാക്കുകയും ആയതിനാല്‍ ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇടതുവശം തിരിഞ്ഞെണീറ്റാല്‍ ശരീരത്തിന്റെ കാന്തികവലയത്തിലെ ബലക്കുറവിനാല്‍ ശരീരത്തില്‍ താത്‌കാലികമായ അസ്വസ്ഥകള്‍ ഉണ്ടാകുന്നു. ഇതു മുത്തശ്ശിയുടെ ന്യായം...


വിജയകൃഷ്ണന്‍ ജീ എഴുതിയ അശാസ്ത്രീയ കുറിപ്പ് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അഭിപ്രായമാണ് എന്നൊരു ജാമ്യമെങ്കിലും ഉണ്ട്. എന്നാല്‍ ആ കുറിപ്പിനു വന്ന പിന്മൊഴികളില്‍ ആ വിഡ്ഢിത്തത്തെ ശാസ്ത്ര സത്യമായി ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കണ്ട് ഇട്ട കമന്റാണ് ഇത് :

സൂരജ് :: suraj said...
തുറന്നു പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുതേ...
ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളം ബ്ലോഗെഴുത്തുകാരെങ്കിലും കൂട്ടുനില്‍ക്കരുത് .

കാന്തികവലയം, പോസിറ്റീവ് എനര്‍ജിയുടെ ആവരണം, ഓറ എന്നിങ്ങനെയുള്ള വിഡ്ഢിത്തങ്ങളും അശാസ്ത്രീയ കല്പനകളും കൊണ്ട് സ്വന്തം ശരീരത്തെയും പ്രകൃതിയേയും രോഗത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ ഭയമുണ്ടാക്കാം എന്നല്ലാതെ ഒരു വിശേഷവുമില്ല.

ഇടതുവശം തിരിഞ്ഞെഴുനേറ്റാല്‍ അറ്റാക്കു വരാന്‍ സാധ്യത കൂടുതലുണ്ട് എന്ന് പറയുന്ന സഞ്ജുവിന് ആ വിവരം എവിടുന്നു കിട്ടിയെന്നു പറയാമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന ഏതെങ്കിലും പ്രൈമറി സ്കൂള്‍ പുസ്തകമെങ്കിലുംവായിച്ചാല്‍ തീരാവുന്ന ഒരു തെറ്റിദ്ധാരണയെ ഇങ്ങനെ ശാസ്ത്രമെന്നമട്ടില്‍ ഇവിടെ പ്രസ്താവിക്കുമ്പോള്‍ അത്രയും ഉത്തരവാദിത്വമെങ്കിലും ആവാം!

പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുന്ന ശാസ്ത്രീയ-ആചാരങ്ങള്‍ക്കൊക്കെ എന്ത് ശാസ്ത്ര പിന്തുണയാണാവോ ഉള്ളത് ?
മതപരമായ ആചാരങ്ങള്‍ക്കും പഴകിപ്പുളിച്ച പേക്കൂത്തുകള്‍ക്കുമൊക്കെ ശാസ്ത്രാടിസ്ഥാനമുണ്ടെന്ന മട്ടില്‍ ഏറെക്കാലമായി പ്രചാരണം നടക്കുന്നുണ്ട് നാട്ടില്‍. ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നു വാദിക്കുന്നവര്‍ ദയവ് ചെയ്ത് അത്തരം തെളിവുകള്‍ വിശദീകരിക്കുന്ന റെഫറന്‍സുകളോ ഗവേഷണ പേപ്പറുകളൊ ക്വോട്ട് ചെയ്യുക. ഒരുപാട് അന്ധകാരത്തില്‍ നിന്നു അറിവിന്റെ ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരു ജനതയാണ് നാം. വീണ്ടും ആ അന്ധകാരത്തിലേക്ക് തിരികെ കൊണ്ടുപോകരുതേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ‍.

പ്രിയാ ഉണ്ണികൃഷ്ണന്‍ എന്ന ബ്ലോഗര്‍ ഇതിന് ഇങ്ങനെ മറുപടി പറയുന്നു :

ഉത്തരം ലളിതം: എന്തുകൊണ്ട് ഇന്നത്തെ ജനത യോഗയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്നു എന്നു ചിന്തിക്കുക

ഇതിനു മറുപടിയായിട്ടാണ് ഈ കമന്റ് :


സൂരജ് :: suraj said...

പ്രിയാ ഉണ്ണികൃഷ്ണന്‍ ആദ്യ കമന്റില്‍ പറഞ്ഞത് ഇങ്ങനെയല്ലേ :
"..രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഭൂമിയില്‍ തൊട്ട് തൊഴണം, സ്ത്രീകള്‍ നിവര്‍ന്ന് കിടന്നു നമസ്കരിക്കരുത്, സന്ധ്യയ്ക്ക് ആഹാരം കഴിക്കരുത്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്... അതിലെല്ലാം തന്നെ സത്യങ്ങളും.."

ഇതിലെവിടെയാണ് ശാസ്ത്ര സത്യം എന്നു പറയുമോ? എന്നിട്ട് പോരെ യോഗയിലേക്ക് ആളുകള്‍ കൂടുതല്‍ വരുന്നതിന്റെ കാരണം തിരയുന്നത് ?

പിന്നെ, ഒരു പ്രത്യേക ജീവിത രീതിയോ ആചാരമോ ഇന്ന് ആളുകള്‍ കൂടുതലായി അനുധാവനം ചെയ്യുന്നു എന്നതൊന്നുമല്ല കേട്ടോ ഒരു സംഗതിയുടെ ശാസ്ത്രീയ വശമോ, ക്വാളിറ്റിയോ നിശ്ചയിക്കാനുള്ള അളവു കോല്‍. അങ്ങനെയാണെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ പണ്ടുള്ളതിന്റെ എത്രയോ ഇരട്ടിയായിട്ടുണ്ട് ഇന്ന്, എന്നു വച്ച് വേശ്യാവൃത്തി എന്നത് എന്തോ കിടിലന്‍ സംഭവമാണെന്ന് പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുമോ?

മനുഷ്യശരീരത്തിലെ ജലതന്മാത്രകളും, ഒരു പാട് ion-കളും diamagnetic ആണ് എന്നത് ഒരു ശാസ്ത്ര സത്യം. എന്നുവച്ച് മനുഷ്യശരീരത്തിലൂടെ നാം സാധാരണ കാണുന്ന കാന്തങ്ങളിലേതു പോലുള്ള ഒരു കാന്തിക വലയം കടന്നു പോകുന്നുവെന്നൊക്കെ പറഞ്ഞാല്‍ അത് വിവരക്കേടാണ്.

ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് ‘വടക്കോട്ട് തലവച്ചു കിടക്കരുത്’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നുമൊക്കെയുള്ള സ്റ്റുപ്പിഡ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ശാസ്ത്രീയം എന്ന പേരില്‍!
ഇതിന്റെ അടിസ്ഥാനത്തില്‍ മാഗ്നെറ്റോ തെറാപ്പി എന്നൊരു ചികിത്സാരീതി പോലുമുണ്ട്! ഇടയ്ക്കിടെ ടെലി ബ്രാന്റ് ഷോയിലും മറ്റും ഇതുപോലുള്ള കാന്ത-മാല, കാന്ത-ബെല്‍റ്റ് തുടങ്ങിയ ആനവിഡ്ഢിത്തങ്ങളും കാണാം.(സായിപ്പും അന്ധവിശ്വാസത്തില്‍ ഒട്ടും മോശമല്ലല്ലോ!!)

മാഗ്നെറ്റിസം എന്താണ് എന്നു പോലും ഒന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്യാതെ ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ 100% സാക്ഷരതയുണ്ടെന്നഭിമാനിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ എന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു!
ചുമ്മാതല്ല ഈ നാട്ടില്‍ പത്തിരുന്നൂറ് കൊല്ലം വിദേശികള്‍ കയറി നിരങ്ങി ഭരിച്ചത്!

അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷേ അറിവ് നേടാനുള്ള ഉപാധികള്‍ ഇങ്ങനെ വിരല്‍ തുമ്പില്‍ പരന്നു കിടക്കുമ്പോള്‍ അതിനു നേരെ കണ്ണടച്ചിട്ട് വിശ്വാസങ്ങളെ അന്ധമായി പിന്താങ്ങുന്നത് തെറ്റാണെന്നു മാത്രമല്ല പൂര്‍വികരോടും പില്‍ക്കാല തലമുറകളോടും വരെ ചെയ്യുന്ന മഹാപാതകം കൂടിയാണ്.
March 15, 2008 8:12 AM

ജിഹേഷ് ജി യുടെ ഈ കമന്റിനിട്ട മറുപടിയാണ് താഴെ :


പ്രിയ ജിഹേഷ് ജീ,

"...പക്ഷേ വടക്കോട്ട് തലവെയ്ക്കരുത് എന്നതില് എന്തെങ്കിലും ശാസ്ത്രം ഉണ്ടാകും എന്നു വിശ്വസിക്കാനാണു എനിക്കു താല്പര്യം.. ഒരു പക്ഷേ ഭൂമിയുടെ കാന്തിക മണ്ഡലം രക്തത്തിലെ അയേണിനെ സ്വാധീനിക്കുകയും തന്മൂലം രക്തപ്രവാഹത്തില് കൂടുതല് ഫ്രിക്ഷ്ന് ഉണ്ടാകുകയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമായിരിക്കും..."

താങ്കളുടെ പ്രൊഫൈലില്‍ കാണുന്നത് താങ്കള്‍ എഞ്ചിനിയറിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഒരാളാണെന്നാണ്. എന്നിട്ട് ഇത്ര ഉത്തരവാദിത്വമില്ലാതെ എങ്ങനെ ഈ ശാസ്ത്രാബദ്ധം ഇങ്ങനെ പറയാന്‍ കഴിയുന്നു ?! ഇന്റര്‍നെറ്റില്‍ എത്രയോ ശാസ്ത്ര വെബ്സൈറ്റുകളുണ്ടായിരുന്നു ഇതൊക്കെ വെരിഫൈ ചെയ്യാന്‍ ! ഒന്നും കണ്ടില്ലേ ?

മാഗ്നെറ്റിസത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ താങ്കള്‍ പത്താം ക്ലാസില്‍ പഠിച്ചിട്ടില്ലേ ? പ്ലസ് വണ്ണിലും ടൂവിലും മാഗ്നെറ്റിക് ഫില്‍ഡ് വച്ചുള്ള ഒരു പരീക്ഷണം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുവേണ്ടിയെങ്കിലും പഠിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു :))

(ഇത് എഞ്ചിനിയറിംഗും മെഡിസിനുമൊക്കെ പഠിച്ച് ഉന്നതബിരുദമെടുത്തിട്ടും ഫൂഷ്വേയും ജ്യോത്സ്യവും കാന്തചികിത്സയേയും പോലുള്ള എന്തിനേയും അന്ധമായി വിശ്വസിക്കുന്ന എല്ലാവരോടും ചോദിക്കേണ്ട ചോദ്യമാണ്)

മാഗ്നെറ്റിക് ആയ ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ closed ആയ current loop-കള്‍ ഉണ്ട്. ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളില്‍ ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരൊ കറണ്ട് ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) ഉണ്ട്.

ഒരു സ്ഥായിയായ magnetic dipole moment ഉള്ള വസ്തുവിലാണ് ഫെറോമാഗ്നെറ്റിസം കാണുന്നത്.ഫെറോമാഗ്നെറ്റ് എന്നാല്‍ സ്വയമേവ കാന്തമാകാന്‍ കഴിവുള്ള വസ്തുക്കള്‍. ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാല്‍ ഉണ്ടാക്കുന്ന ഫെറോമാഗ്നെറ്റുകളിലെ ion-കള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവയ്ക്ക് Pauli-യുടെ exclusion principle വച്ചു നോക്കുമ്പോള്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ (unpaired electrons) ഉണ്ണ്ടെന്നു കാണാം. ഉദാഹരണത്തിന് കാന്തിക ഇരുമ്പിന്റെ രണ്ട് 'ഒറ്റയാന്‍' ഇലക്ട്രോണുകളെ ഓര്‍ക്കുക. ഇരുമ്പിന്റ്റെയും അതുപോലുള്ള ഫെറോമാഗ്നെറ്റിക് (സ്വയമേവ കാന്തമായ) വസ്തുക്കളുടെയും സകല മാഗ്നെറ്റിക് കളികളും ഈ ഒറ്റയാന്‍ ഇലക്ട്രോണുകളുടെ magnetic dipole moment-നെ ആശ്രയിച്ചാണിരിക്കുന്നത്. കാന്തമായ ഒരു കഷ്ണം ഇരുമ്പിലെ ശതകോടിക്കണക്കിനു ആറ്റങ്ങളിലെ ജോഡിയില്ലാ-ഇലക്ട്രോണുകള്‍ തങ്ങളില്‍ ഉള്ള ഒരു self-aligning പാരസ്പര്യമാണ് കാന്തത്തെ കാന്തമാകുന്നത്. ഇത്തരത്തില്‍ സ്വയമേവ align ചെയ്ത് magnetic domain-കള്‍ ഉണ്ടാകാനൊന്നുമുള്ള കപ്പാസിറ്റി ശരീരത്തില്‍ ചിതറിക്കിടന്ന് ഒഴുകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരു ion-നുമില്ല !

ഒന്നാമത് , ശരീരത്തിലെ ഇരുമ്പ് ഫെറോമാഗ്നെറ്റിക് അല്ല ...! ശരാശരി മനുഷ്യശരീരത്തില്‍ ആകപ്പടെ ഉള്ളത് 4 ഗ്രാം ഇരുമ്പാണ് ! ഹ ഹ ഹ!

ഹീമോഗ്ലോബിനും ഹീമോസിഡറിനും ഫെറിറ്റിനുമൊക്കെയായി ശരീരത്തില്‍ കാണുന്ന ഈ ഇരുമ്പ് ഏറിയ കൂറും പാരാമാഗ്നെറ്റിക് ആണ്. ഒരുകഷ്ണം ഇരുമ്പ് മാഗ്നെറ്റ് ആകുമ്പോള്‍ അതിലെ മുഴുവന്‍ ജോഡിയില്ലാ-ഇലക്ട്രോണുകളുടെയും axis-കള്‍ പുറമേ നിന്നും കൊടുക്കുന്ന ഫീല്‍ഡിന്റെ അതേ ദിശയിലാകുന്നു. ഇതിനെ മാഗ്നെറ്റിക് സാച്ചുറേഷന്‍ എന്നു ലളിതമായി പറയാം. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ മാഗ്നെറ്റിക് സാച്ചുറേഷനിലെത്തുമ്പോഴേ ഫെറോമാഗ്നെറ്റുകളെപ്പോലെ സ്വയം കാന്തിക ശേഷിയുള്ളതായി മാറൂ.. ശരീരത്തിലെ ഇരുമ്പോ മറ്റു ലോഹങ്ങളുടെയോ തന്മാത്രകളോ ചാര്‍ജ്ജുള്ള അയോണുകളോ ഒന്നും ദുര്‍ബലമായ ഒരു കാന്തിക ഫീല്‍ഡ് ഉളവാക്കാന്‍ പോലുമുള്ള alignment ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

കാരണം :

1) ശരീരത്തിലെ അയോണുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഏറിയപങ്കും സഞ്ചരിക്കുന്നത്.

2) ഇവയെ കൃത്യമായ ഒരു ദിശയിലേക്ക് കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകാനോ ഒരു ഫീല്‍ഡ് സൃഷ്ടിക്കാനോ ഒന്നും നമ്മുടെ രക്തത്തിനോ മറ്റു സ്രവങള്‍ക്കോ കഴിവില്ല.

3) ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, തെര്‍മല്‍ ചലനം (thermal motion) കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ തെര്‍മല്‍ ചലനത്തെ ആദ്യം അടക്കിയാല്‍ മാത്രമേ തന്മാത്രകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ ഒന്ന് align ചെയ്ത് മാഗ്നെറ്റിക് ഡൊമെയിനുകള്‍ സൃഷ്ടിക്കാനും മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കാനും കഴിയൂ. നമ്മുടെ തെര്‍മല്‍ ചലനത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ മനുഷ്യശരീരത്തെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ലബോറട്ടറി കണ്ടീഷനുകളില്‍ പോലും വളരെ ശ്രമകരമാണ് ഇതെന്നിരിക്കെ ജീവനോടെയുള്ള ഒരു ശരീരത്തില്‍ ഇങ്ങനെ ഡൊമെയിനുകളെ ഉണ്ടാക്കുന്നതെങ്ങനെ ?

ആറ്റങ്ങളുടെ മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റിന്റെ ആയിരക്കണക്കിനിരട്ടി ദുര്‍ബലമായ മറ്റൊരു magnetic moment കാണിക്കുന്നുണ്ട് അവയുടെ ന്യൂക്ലിയസുകള്‍. ഇത് പ്രോട്ടോണുകളാല്‍ ഉളവാകുന്നതാണ്. ശരീരത്തിലെ ജലതന്മാത്രകളിലെ ഈ പ്രോട്ടോണുകള്‍ക്ക് അതിശക്തമായ ( പലപ്പൊഴും 1.5 Tesla-ക്കു മേല്‍ വരുമേ ഇത് ) മാഗ്നെറ്റിക് ഫീല്‍ഡിനുള്ളില്‍ ഉണ്ടാകുന്ന alignment വ്യതിയാനവും ഫീല്‍ഡ് മാ‍റുമ്പോഴുള്ള ഉര്‍ജ്ജ വ്യതിയാനവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ടാണ് നമ്മുടെ MRI scan യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ചുവന്ന കോശങ്ങളിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ നിരോക്സീകരിക്കപ്പെട്ട അവസ്ഥയില്‍ പാരാമാഗ്നെറ്റിക്കും, ഓക്സിജനെ വഹിക്കുമ്പോള്‍ ഡയാമാഗ്നെറ്റിക്കുമാണ്. ഈ തത്വമുപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മള്‍ എം.ആര്‍.ഐ. സ്കാനുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിന്റെ ചിത്രമെടുക്കുന്നത്. ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് ഏതാണ്ട് 0.00006 Tesla ആണെങ്കില്‍ ഒരു എം.അര്‍.ഐ സ്കാന്‍ ഉളവാകുന്നത് ഇതിന്റെ പതിനായിരം മടങ്ങിലേറെ വരും. ഇ പോസ്റ്റിലും പല കമന്റുകളിലും പറയും പോലെ മനുഷ്യശരീരത്തിന് സ്വന്തമായി ഒരു കാന്തിക ഫീല്‍ഡ് ഉണ്ടെങ്കില്‍ ഒരു എം.ആര്‍.ഐ സ്കാനെടുക്കൊമ്പോഴേക്ക് രോഗി പൊട്ടിത്തെറിച്ചു കഷ്ണം കഷ്ണമാകണമല്ലോ !!

കണക്കും ഫിസിക്സും കണ്ടു കണ്ണുതള്ളി ബയോളജിയെടുത്ത് പഞ്ചായത്തുവിട്ട ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒരു എഞ്ചിനിയറെ ഇതൊക്കെ പഠിപ്പിച്ചു കളയാമെന്നു കരുതി പറഞ്ഞതല്ല. പക്ഷേ സ്കൂള്‍ കാലത്തെ അറിവുകള്‍ പോലും നിത്യ ജീവിതത്തിലുപയോഗിക്കാതെ 'അതു വിശ്വസിക്കാനാണിഷ്ടം, ഇതുവിശ്വസിക്കാനാണിഷ്ടം' എന്നു പുലമ്പുന്ന മനുഷ്യരാണ് ഇന്ത്യ എന്ന അപാരമായ പൊട്ടന്‍ഷ്യലുകളുള്ള ഒരു രാജ്യത്തിന്റെ ശാപം എന്നു മനസിലാക്കുന്നതുകൊണ്ട് പറഞ്ഞു പോയി എന്നുമാത്രം. ക്ഷമിക്കുക!
March 16, 2008 2:46 PM

21 comments:

  1. ആ ബ്ലോഗില്‍ പോയി ഒന്നും എഴുതാനുള്ള സാവകാശമില്ല , രസമുള്ളൊരു ലിങ്ക് ഇവിടിരിക്കട്ടെ

    http://www.sillybeliefs.com/magnets.html#heading-1b

    ReplyDelete
  2. നന്ദി ദേവേട്ടാ :)

    ReplyDelete
  3. ആഹഹ! ആഹഹ!!

    എന്തതിശയമേ കാന്തത്തിന്റെ ശക്തി എത്ര ഭയങ്കരമേ!!

    ഇപ്പൊഴല്ലേ എനിക്കു് സംഗതീടെ ഗുട്ടന്‍സ് പിടി കിട്ട്യേ! എനിക്കീ distribution lines-ന്റെ (high voltage transmission lines-ന്റെ ആണെങ്കി പറയ്‌വേം വേണ്ട!) ചോട്ടീ പോയി നിക്കുമ്പോ എന്തെന്നില്ലാത്ത ഒരുതരം അതും ഇതും! (പറയാന്‍ എനിച്ചു് നാണാവാണ്ട്ട്ടോ!) ചെലപ്പോ ആ കമ്പിയേക്കേറി പിടിക്കണോന്നു് വരെ എനിച്ചു് തോന്നാറൊണ്ടന്നേ! ഈ കമ്പിയേക്കടെ ഇങ്ങനെ കരണ്ടൊഴുകുമ്പൊ അതിനു് ചുറ്റും ഒരു കാന്തികമണ്ഡലം ഒണ്ടാവണതാണു് ഈ കളീടെ രഹസ്യംന്നൊരു ബള്‍ബു് നമ്മടെ തലേലു് തെളിഞ്ഞതു് ഈ 'മീഞ്ചന്തകോന്തകാന്താരികാന്തചികിത്സ'യെപ്പറ്റി കേട്ടപ്പൊഴല്ലേ! മൊയലു് കുരുമോളകീ കേറി ഒളിക്കൂന്നു് ആരറിഞ്ഞു? എന്റെ ഏലക്കാടു് ഭഗവതീ!

    പറയുമ്പോ ക്രൂരമാന്നു് തോന്നും! പക്ഷേങ്കി, ഈ തവളേനേക്കൊണ്ടു് 'ജോര്‍ജ്ജ്' എന്നു് പറയിപ്പിക്കണതു് എങ്ങനെയാന്നറിയുവോ കൂട്ടുകാരെ നിങ്ങള്‍ക്കു്? സ്നേഹപൂറ്വ്വം തവളേടെ ഒടലു് എടത്തെ കയ്യീ പിടിച്ചോണ്ടു് വലത്തേ കൈകൊണ്ടു് തലേപ്പിടിച്ചു് ഒരു തൊണ്ണൂറു് ഡിഗ്രി anti-clockwise direction-ല്‍ ഒറ്റ തിരി തിരിക്കുക! അപ്പൊ തവള പറയും: 'ജോര്‍ജ്ജ്'!!

    (എന്നിട്ടും ചത്തില്ലെങ്കി തവള പറയും: 'എനിച്ചും ചാസ്ത്രം പഠിക്കണം!')

    ReplyDelete
  4. വിളിച്ചു പറയലിന്റെ ഇടപെടല്‍ രാഷ്ട്രീയത്തിന്‌ ആര്‍ജിത അറിവിന്റെ സത്യസന്ധത കൂട്ടാവുന്നു എന്നത്‌ സൂരജിന്റെ കമന്റുകളും പോസ്റ്റുകളും അടിവരയിടുന്നു.... തുടരൂ ഈ ഒറ്റയാള്‍ പോരാട്ടം... ഭാവുകങ്ങള്‍.

    ReplyDelete
  5. സൂരജിനെ പിടിച്ച് എന്റെ നാടായ നെല്ലായി കൊണ്ട് പോവും ഞാന്‍ ഒരു ദിവസം. ഇപ്പോഴ് പോയാലും, നിനക്കും അപ്പൂനുമൊക്കെ കണ്ണ് കിട്ടീയട്ടുണ്ട് ന്ന് പറഞു, തങ്കമാമീനെ വിളിച്ച് ഊതിയിടീക്കും. എന്തോ മന്ത്രമൊക്കെ പറയും. മന്ത്രം പറയുമ്പോഴ് കൊട്ടുവായ് ഇട്ടാല്‍ നമുക്ക് ആരുടെയോ കണ്ണ് കിട്ടീട്ടുണ്ട് ന്ന് അര്‍ഥം. അവര്‍ ഇടതടവില്ലാണ്ടെ കോട്ട് വാ‍യ വിടും. കണ്ണീന്ന് വെള്ളവും വരും അവരുടെ ! അപ്പോ തീര്‍ച്ച കണ്ണ് പറ്റി. വയസ്സായവരല്ലേന്ന് കരുതി ഞാന്‍ മിണ്ടാണ്ടേ കാശു കൊടുത്ത് വിടാറുമുണ്ട്. അവിടെ താമസിച്ചാല്‍, ഇപ്പോഴും പറയും, 8 മണി കഴിഞാ എറയത്തിരിയ്ക്കരുത്, പക്ഷി വരും, കൊതി വരും ന്ന് ഒക്കെ.

    (കുട്ടികള്‍ടെ കാര്യത്തില്‍ എനിക്കും പേടിയാണു സൂരജ്, കുഞു വാവകള്‍ക്ക് കണ്ണ് കിട്ടുമെന്ന് ഞാനിപ്പോഴും വിശ്വസിച്ച് പോകുന്നു)

    ഇത് പോലെ തന്നെയാണു, ഗര്‍ഭം ധരിച്ച് പ്രസവിച്ച് കഴിഞാല്‍, വെള്ളം കുടിക്കക്കരുത്, 28 വരെ എണീറ്റ് നടക്കരതു, കാല്‍ കൂട്ടി കിടക്കണം, അല്ലെങ്കില്‍ യൂട്രസില്‍ ഗുമ്മന്‍ കേറും, കുനിയരുത്, ജോലി ഒന്നും ചെയ്യരുത്, കുഞ് കരഞാ, അമ്മേ വാവ കരയുന്നു, അമ്മേ വാവേനെ കുളിപ്പിയ്ക്ക്, കിട്ടുന്ന സമയം മുഴോനും പാലു കൊടുക്കുക എന്ന ഒരു ജോലി ഒഴിച്ചാല്‍ പിന്നെ ഉറക്കമാണു. എരിവ് കഴിക്കരുത്, കിഴങ്ങ് കഴിക്കരുത്, ചിക്കന്‍ അരുത്, 2 നേരവും എണ്ണ തേച്ച് കുളിക്കണം, 2500ന്റെ ആയൂര്‍വ്വേദ ചൂര്‍ണം മേടിച്ച് കഴിക്കണം. പഴയകാലത്തെ ചിലകാര്യങ്ങളിലൊക്കെ ഞാന്‍ യോജിക്കുമ്പോഴും, സാദാ ഒരു സുഖ പ്രസവം കഴിഞുള്ള, ഈ പ്രസവ പരിരക്ഷയോട് എനിക്ക് എതിര്‍പ്പാണു. മിലിറ്ററി ആസ്പത്രിയില്‍ പ്രസവിച്ച ഞാന്‍ അന്ന് അപ്പോ തന്നെ രണ്ട് മണിക്കൂര്‍ ക്ഴഞ്, നടന്ന് റൂമില്‍ പോവുകയും, ബൈ സ്റ്റാന്‍ഡര്‍ ഇല്ലാതെ തന്നെ എല്ലാ കാര്യവും നോക്കിയത് കൊണ്ട് ഒരു തെളിവായി തന്നെ പറയുന്നു, പ്രസവാ“നന്ദര“ ചികിത്സ വെറും തട്ടിപ്പും സ്ത്രീകളെ പിന്നേം മടിച്ചികളാക്കാനുള്ള പ്രകിയയുമാണു. സൂരജേ ഓഫിനു മാപ്പേ..

    ReplyDelete
  6. ഒരു കാര്യം മറന്ന് ഡോ. സൂരജേ, ഈയ്യിടെ അമൃത റ്റി.വി യില്‍, ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ ന്ന് അറിയുന്നതിനു, പഴമക്കാര്‍ക്കിടിഅയില്‍ നിന്നിരുന്ന ഒരു ആചാരം കാട്ടിയിരുന്നു. 99% പ്രൂഫുള്ളതായിട്ടാണു പറഞത്. തേങയും, സമം വെണ്ണയു, സമം വെളിച്ചണ്ണയും, സമം ശര്‍ക്കരയും ഉരുളിയില്‍ വച്ച്, (നല്ല ബെസ്റ്റ് കൂട്ട്, ദേവന്‍ ഇത് എങ്ങാനും കണ്ടാ, ഈ അറ്റം വന്ന് എന്നെ തല്ലിയേച്ച് പോവും,) പകുതി ചൂടില്‍ നല്ലോണ്ണം ഇളക്കി യോജിപ്പിച്ച് മൂപ്പിച്ച്, കൂട്ടി പൊത്തി വയ്ക്കുക. ഈ ഉരുളിയുടെ മുന്നില്‍, ഗര്‍ഭിണിയെ ഇരുത്തി, അലപം കഴിയുമ്പോ ചിലപ്പോ ഈ പൊത്തി വച്ചിരിയ്ക്കുന്ന തേങ്ങ ശര്‍ക്കര കൂട്ട്, വിണ്ട് കീറും, കീറിയാല്‍ ആണ്‍ കുട്ടീ. ഒരേ കട്ട പോലെ ഇരുന്നാല്‍ പെണ്ണ് കുട്ടീ. (സ്കാനിങ് ആളുകള്‍ടേ കട എപ്പോ പൂട്ടീന്ന് ചോദിച്ചാ പോരെ , നാട്ടീ പോയിട്ട് വേണം, ഈ തേങാ ക്കൂട്ട് പരീക്ഷണം ദക്ഷിണ വച്ച് തുടങ്ങാന്‍ :)

    എന്നാലും ഈ കൂട്ട് സ്വാദ് കൊണ്ട് ഞാനുമുണ്ടാക്കി കഴിച്ചു.തേങയും വെണ്ണയും എണ്ണയുമ്ം ശര്‍ക്കരയും, റ്റേസ്റ്റഡ് ഡിവൈന്‍.

    ReplyDelete
  7. ബാബു മാഷ്,
    തവളയെ ‘ജോര്‍ജ്ജ്’ പറയിപ്പിക്കുന്ന രീതി അശോക് കര്‍ത്താ കേക്കണ്ട! നരാധമനെന്നു വിളിച്ചു കളയും!ഹ ഹ ഹ!
    ആ ‘ഫാരഡെ ഭഗവാനേ’ അടിപൊളി. മൂപ്പരുടെ ഒരു ഫോട്ടോ ഉടന്‍ ഫ്രെയിം ചെയ്യിക്കാന്‍ കൊടുക്കണം. എന്റെ കട്ടില്‍ വലതു വശത്തെ മതിലിനോട് ചേര്‍ന്നാണ് പത്തിരുപതു വര്‍ഷമായി - വെറുതേയല്ല ‘പിരിയിളകി’ കിടക്കുന്നതെന്ന് നാട്ടാര്‍ പറയണത്! Unwind ചെയ്തതൊക്കെ വീണ്ടും മുറുക്കണം. ഫാരഡേ..ഡേ ഡേ..ഡേ..(echo)!!

    ശരീഖ് ജീ,
    സന്ദര്‍ശനത്തിനും ആശംസക്കും നന്ദി.

    അതുല്യാമ്മേ,
    തേങ്ങ..ശര്‍ക്കര...എന്റെ വായില്‍ വെള്ളമൂറി. എന്റെ ഡയറ്റിംഗ് കുളവുമായി...! ഹ ഹ ഹ!

    അമൃതക്കാര്ടെ ആ ചാനലിലെ വിദ്യ തന്നെയാവും കൊച്ചീല് അമൃതാ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് മേടിക്കല്‍ സയന്‍സിലും പഠിപ്പിക്കണത്. നല്ല പരിപാടിയാ. (അംബിച്ചേട്ടനോട് ചോദിച്ചാലറിയാം) പെണ്‍ കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ സ്കാനിംഗില്‍ കൊച്ചിന്റെ ലിംഗം പറയരുതെന്നു നിയമമിറക്കീട്ടുള്ള ഇക്കാലത്ത് ഇതു പോലുള്ള മന്ത്രവാദങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാവും. ഹ ഹ ഹ!

    ReplyDelete
  8. സൂരജ്,
    സമൂഹത്തില് വൈദ്യശാസ്ത്രത്തോട് ബന്ധപ്പെട്ടും, ബന്ധപ്പെടാതെയും നില നില്ക്കുന്ന അന്ധ വിശ്വാസങ്ങള്ക്കെതിരെ താന്കള് കൈക്കൊള്ളുന്ന ഋജുവായ നിലപാട് ശ്ളാഘനീയമാണ്.
    നാട്ടിന് പുറങ്ങളില് ഇപ്പോഴും നില നില്ക്കുന്ന വിശ്വാസമുണ്ട്; ഒരിക്കല് ഞാന് കൊട്ടാരത്തില് ശന്കുണ്ണിയുടെ ഐതിഹ്യമാലയില് ആലത്തൂര് നമ്പിയെക്കുറിച്ചുള്ള കഥയില് വായിച്ചതുമാണ്,
    നമ്പിയെ പരീക്ഷിക്കാനായി അശ്വിനിദേവന്മാര് പക്ഷികളായി വന്ന് എന്നും "കൊരുക്ക് കൊരുക്ക്" എന്ന് ചോദിക്കുമായിരുന്നത്രേ (വെറും കഥയായി എടുത്താല് മതി). കൊരുക്ക് എന്നാല് ക്+അരുക്ക് എന്ന് സംസ്കൃതത്തില്, അര്ഥം രോഗിയാര് എന്ന്. നമ്പി പറഞ്ഞത്രേ; വിശപ്പ് ഉണ്ടാകുമ്പോള് മാത്രം മിതമായി ഭക്ഷണം കഴിക്കുന്നവനും, കഴിച്ച് കഴിഞ്ഞ് ഇടത് വശം ചെരിഞ്ഞ് കിടന്നുറങ്ങുന്നവനും, പ്രേരണയുണ്ടായാല് മലമൂത്രവിസര്ജ്ജനം സമയാസമയത്ത് ചെയ്യുന്നവനും, കായികാധ്വാനം ശരീരത്തിന് വേണ്ടി ചെയ്യുന്നവനും, കാമക്രോധലോഭ വിചാരങ്ങളെ നിയന്ത്രിതമായി കൈകാര്യം ചെയ്യുന്നവനും ആയവന് ആരോ അവന് ആരോഗ്യവാന് എന്ന്.
    ഇതില് ഊണ് കഴിഞ്ഞ് കിടന്നുറങ്ങുന്നുവെന്കില് ഇടത് വശം ചെരിഞ്ഞ് കിടന്നേ ഉറങ്ങാവൂ എന്ന് പറയുന്നതിന്റെ നിജസ്ഥിതി എന്താണ്? എന്തെന്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ? അത് പോലെ ഭക്ഷണം കഴിക്കുന്നതിനിടയില് വെള്ളം കുടിക്കുന്നതാണോ, കഴിച്ചു കഴിഞ്ഞ് കുടിക്കുന്നതാണോ നല്ലത്?
    സൂരജ്, അത് പോലെ നമ്മുടെ നാട്ടില് ഒരു പാട് പേര് ഭക്ഷണസംബന്ധമായും ഉദരസംബന്ധമായും ഉള്ള ഒരു പാട് രോഗങ്ങള് അനുഭവിക്കുന്നവരാണ്. എന്റെ അച്ഛന് തന്നെ ഒരു പാട് നാള് പെപ്റ്റിക്ക് അള്സര് കൊണ്ട് വലഞ്ഞ ആള് ആണ്. ഈ ഗാസ്ട്രോ ഇന്റസ്റ്റൈനല് ആയ രോഗങ്ങളെ കുറിച്ച് ഒരു പോസ്റ്റ് ഇടാന് സാധിക്കുമോ? ഒരു പാട് ആള്ക്കാരുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മാറ്റാന് അതുപകരിക്കും; ഒരു പക്ഷേ എന്റെ തന്നേയും.

    ReplyDelete
  9. "ഭക്ഷണം കഴിക്കുന്നതിനിടയില് വെള്ളം കുടിക്കുന്നതാണോ, കഴിച്ചു കഴിഞ്ഞ് കുടിക്കുന്നതാണോ നല്ലത്?"

    ഇതിനെ കുറിച്ചറിയാന് തല്പര്യമുണ്ട്... മെഡിക്കല് രംഗത്തു പ്രവര്ത്തിക്കുന്ന ആരെങ്കിലും മറുപടി നല്കുമെന്നു പ്രതീക്ഷിക്കുന്നു...

    ReplyDelete
  10. പ്രിയ സുനീഷ് ജീ, നന്ദി.
    "
    വിശപ്പ് ഉണ്ടാകുമ്പോള് മാത്രം മിതമായി ഭക്ഷണം കഴിക്കുന്നവനും, കഴിച്ച് കഴിഞ്ഞ് ഇടത് വശം ചെരിഞ്ഞ് കിടന്നുറങ്ങുന്നവനും, പ്രേരണയുണ്ടായാല് മലമൂത്രവിസര്ജ്ജനം സമയാസമയത്ത് ചെയ്യുന്നവനും, കായികാധ്വാനം ശരീരത്തിന് വേണ്ടി ചെയ്യുന്നവനും, കാമക്രോധലോഭ വിചാരങ്ങളെ നിയന്ത്രിതമായി കൈകാര്യം ചെയ്യുന്നവനും ആയവന് ആരോ അവന് ആരോഗ്യവാന് എന്ന്.."


    ഈ സ്റ്റേറ്റ്മെന്റിലെ ആഹാരം കഴിഞ്ഞ് ഇടതു വശം ചരിഞ്ഞു കിടക്കാന്‍ പറയുന്ന വിധി ഒഴിച്ച് ബാ‍ക്കിയുള്ളതത്രയും സാമാന്യ ഒബ്സര്‍വേഷനാണ് എന്ന് താങ്കള്‍ക്ക് മനസിലായി കാണുമല്ലോ.

    ആഹാരം അന്നനാളത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നാം എങ്ങനെ കിടന്നാലും അതിന്റെ ചലനത്തെയോ ഗതിയേയോ മാറ്റാന്‍ ആവില്ല. കാരണം അന്നനാളം മുതലങ്ങോട്ടുള്ള ആമാശയത്തിന്റെയും കുടലിന്റെയും മുഴുവന്‍ പേശീ വ്യവസ്ഥയും ഓട്ടോണൊമിക് ആണ്. അതായത് നമ്മുടെ ചിന്തകളാല്‍ നിയന്ത്രിക്കാന്‍ പറ്റുന്ന മസിലുകളോ നാഡികളോ അല്ല അവിടങ്ങളില്‍ ഉള്ളതെന്നു സാരം. ഒരു റബ്ബര്‍ ട്യൂബിനുള്ളില്‍ ഒരു ചെറിയ മുത്ത് പെട്ടു പോയാല്‍ നാം അതെങ്ങനെയാണ് പുറത്തെടുക്കുക ? റബ്ബര്‍ ട്യൂബിനെ പിഴിഞ്ഞ് ഉള്ളിലുള്ള മുത്തിനെ മെല്ലെ വായ് വട്ടത്തിലേക്ക് എത്തിച്ചല്ലേ? അതേ ആക്ഷനാണ് ദഹനാവയവങ്ങളായ ആമാശയത്തിനും കുടല്‍മാലയിലും ഉള്ള പേശികള്‍ക്കും ഉള്ളത്. ദഹനാവയവങ്ങളെ ഈ പറഞ്ഞ റബര്‍ ട്യൂബുകളോട് ഉപമിക്കാം. ഭക്ഷണത്തെ അതിനുള്ളിലാകുന്ന മുത്തിനോടും. താഴേക്കല്ലാതെ സാധാരണ ഗതിയില്‍ അന്നനാളം മുതല്‍ക്കുള്ള ദഹനാവയവത്തില്‍ വശങ്ങളിലേക്കോ തിരിച്ചു മുകളിലേക്കോ ഭക്ഷണം പോകാറില്ല. തലകുത്തനെ കിടന്നാല്‍ പോലും ആമാശയത്തിലേക്കിറങ്ങിക്കഴിഞ്ഞ ഭക്ഷണം തിരികേ മേലോട്ട് വരാറില്ല! അപൂര്‍വ്വാവസരങ്ങളില്‍ ആമാശയത്തിന്റെ പേശികള്‍ ഭക്ഷണത്തിനെ തിരിച്ചു തള്ളുമ്പോള്‍ നമുക്കു ഛര്‍ദ്ദി ഉണ്ടാകുന്നു. ചില അള്‍സര്‍ രോഗികളില്‍ അന്നനാളത്തിന്റെ തുടക്കഭാഗത്തിലെ പേശികള്‍ മുറുക്കം കുറഞ്ഞതായാല്‍ ആഹാരം കഴിഞ്ഞ് തലയിണയില്ലാതെയും മറ്റും കിടക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണം മൂലം കുറേശ്ശെയായി മുകളിലേക്ക് അരിച്ചു വരാറുണ്ട്. ഇതു പക്ഷേ ഞാന്‍ മേല്‍ പറഞ്ഞതു പോലെ ചില അപൂര്‍വ്വാവസരങ്ങളില്‍ അന്നനാള പേശികളിലെ മുറുക്കം കുറയുമ്പോള്‍ (ഹയേറ്റസ് ഹെര്‍ണിയ, ഹൈപ്പോ ടോണിക് ലോവര്‍ ഈസോഫാജിയല്‍ സ്ഫിംഗ്ടര്‍) മാത്രമേ കാണൂ എന്നോര്‍ക്കണം.

    ഈ പറഞ്ഞതില്‍ നിന്നും ‘ആഹാരം കഴിഞ്ഞാല്‍ ഇടതു വശം തിരിഞ്ഞു കിടക്കണം’ എന്ന വിധിയില്‍ സാംഗത്യമില്ലെന്ന് മനസിലായിക്കാണുമല്ലോ.
    (ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍ ഇടതു വശം ചരിയുന്നത് നല്ലതാണ്. കാരണം വീര്‍ത്ത ഗര്‍ഭപാത്രം ഇന്‍ഫീരിയര്‍ വീന കാവാ എന്ന പ്രധാന രക്തക്കുഴലിനു മേല്‍ അമര്‍ന്ന് രക്തയോട്ടത്തിന് ചില്ലറ പ്രശ്നങ്ങളുണ്ടാക്കാം.ഇതില്‍ ആഹാരവുമായോ ആചാരങ്ങളുമായോ പുലബന്ധം പോലുമില്ല.)

    അള്‍സര്‍, ഗ്യാസ് ട്രബിള്‍ തുടങ്ങിയവയെ കുറിച്ചുള്ള ഒരു പോസ്റ്റ് ഡ്രാഫ്റ്റാക്കിയിട്ടുണ്ട്.ഫൈനല്‍ എഡിറ്റ് ചെയ്തിട്ടില്ല. അടുത്തുതന്നെ ഇടാം എന്നു വിചാരിക്കുന്നു.

    പ്രിയ ജിഹേഷ് ജീ,

    ഭക്ഷണം കഴിക്കുന്നതിനിടയ്ക്കോ, അതിനു ശേഷമോ വെള്ളം കുടിക്കുന്നതിന് പ്രശ്നമൊന്നുമില്ല. വയറ്റിലെ ദഹന രസത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ അളവ് കൂടുതലായുള്ള രോഗികളിലാണ് അള്‍സറും, ഗ്യാസ് ട്രബിളും കാണുക. ഇക്കൂട്ടരില്‍ വയറ്റിലെ ആസിഡിനെ ഡൈല്യൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ വെറും വയറ്റിലിരിക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പറയാറുണ്ട്. ഇതുവഴി ചിലരിലെങ്കിലും വയറെരിച്ചിലിന് അല്പം ആശ്വാസം കിട്ടാറുമുണ്ട്. ഭക്ഷണത്തിനു മുന്‍പേയോ ഭക്ഷണത്തിനിടയ്ക്കോ വെള്ളം കുടിച്ചാല്‍ വയറു പെട്ടെന്നു നിറയും എന്നതിനാല്‍ ഭക്ഷണം കൊള്ളുന്നതിന്റെ അളവു കുറയ്ക്കാം - ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ല ടെക്നിക്കാണ്.
    നമ്മുടെ ശരീരത്തിലേക്കാവശ്യമായ വെള്ളത്തിന്റെ സിംഹഭാഗവും നാം കഴിക്കുന്ന ആഹാരത്തില്‍ തന്നെ അടങ്ങിയ ജല മോളിക്യൂളുകള്‍ വഴികിട്ടുന്നതാണ്. കുടിക്കുന്ന വെള്ളത്തില്‍ നിന്നും കാര്യമായ സംഭാവന ഇല്ല എന്നര്‍ത്ഥം.

    ഭക്ഷണം തൊണ്ടയില്‍ നിന്നും അന്നനാളത്തില്‍ നിന്നും നന്നായി താഴേക്ക് ഇറങ്ങാന്‍ ഇടയ്ക്കുള്ള വെള്ളം കുടി സഹായിക്കും. എങ്ങനെ വെള്ളം കുടിച്ചാലും ആമാശയം എന്ന അറയില്‍ 3-5 മണിക്കൂര്‍ കിടന്ന് അടിച്ചു കലങ്ങി നല്ല മയം വരുത്തിയിട്ടേ ഏതു ഭക്ഷണത്തെയും ദഹനത്തിന്റെ അടുത്ത ഭാഗത്തിനായി കുടലിലേക്ക് വിടൂ. വെള്ളത്തിന്റെ അംശം കൂടുതലുണ്ടെങ്കില്‍ ഈ ആഹാരം വേഗം ആമാശയത്തില്‍ നിന്നും കുടലിലേക്ക് പോകും. അത്രതന്നെ.
    വെള്ളം എപ്പോള്‍ അകത്തേക്കു ചെല്ലുന്നുവെന്നതല്ല, എത്ര ചെല്ലുന്നു എന്നതാണ് കാര്യം എന്നു സാരം.

    ReplyDelete
    Replies
    1. Dear Suraj ,you please don't think at the level of junior doctor.Read In depth about cardiac physiology and gastric blood supply .Recent studies by well known cardiologist already revealed that in normal persons also lying on the left will increase the venous return to the heart and this I turn will increase the cardiac output.And also it is well known that after a heavy meal there is very rapid increase in cardiac output -with corresponding increase in gastric circulation as well.That is the reason behind saying that you should lie on left side after food and also in Pregnancy.

      Delete
    2. @ പ്രവീണ്‍ 5,

      ജൂനിയര്‍ ഡോക്ടറിന്റെ നിലവാരത്തില്‍ ചിന്തിക്കരുത് എന്ന് പറഞ്ഞാല്‍ മനസിലായില്ല. ജൂനിയര്‍ ഡോക്ടറിന് എന്താ തലച്ചോറില്‍ വല്ല ഭാഗവും ഇനീം വളരാന്‍ ബാക്കിയുണ്ടാവുമോ ?

      1. "Recent studies by well known cardiologist already revealed that in normal persons also lying on the left will increase the venous return to the heart and this I turn will increase the cardiac output." എന്നൊക്കെ പറഞ്ഞത് ശരി, വകവച്ചുതരാം. പക്ഷേ അത് മുകളിലെ കമന്റുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നോ അതിനെതിരാകുന്നതെങ്ങനെ എന്നോ മനസിലായില്ല.

      Cardiac output മാത്രമല്ല sympathetic drive-ഉം filling pressures-ഉം ഒക്കെ കൂടാറുണ്ട് ഇടത് വശം ചരിഞ്ഞ് കിടക്കുന്ന ആളുകളില്‍. കാര്‍ഡിയാക് ഔട്ട്പുട്ട് കൂടുന്നത് എന്തോ നല്ല കാര്യമാണെന്ന മട്ടിലാണ് ഇവിടെ പ്രവീണ്‍ വാദിച്ചെടുക്കുന്നതെന്ന് തോന്നുന്നു. അത് നല്ലതോ ചീത്തയോ എന്നൊക്കെ ആളിന്റെ കണ്ടീഷന്‍പോലെ ഇരിക്കും. ഹൃദ്രോഗിയില്‍ ഇത് പാരയാണ്; congestive failure പോലുള്ള രോഗികളില്‍ പ്രശ്നമുണ്ട് (Leung et al, 2003). പ്രായമുള്ളവരില്‍ വശം തിരിഞ്ഞ് കിടക്കുന്നത് FEV-1ഉം FVCയും കുറക്കാനിടയാക്കുമെന്നും, അതുകൊണ്ട് അത്തരം രോഗികളെ മറിച്ചും തിരിച്ചും കിടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും പഠനമുണ്ട് (Manning et al., 1999). ചുരുക്കി പറഞ്ഞാല്‍ ഒട്ടനവധി കണ്ടീഷനുകള്‍ക്ക് വിധേയമായേ വശം ചരിഞ്ഞ് കിടക്കല്‍ നല്ലതോ ചീത്തയോ എന്നൊക്കെ വൈദ്യശാസ്ത്രം പറയുന്നുള്ളൂ, അല്ലാതെ "That is the reason behind saying that you should lie on left side" കറക്കിയടിക്കാനൊന്നും പറ്റില്ല.

      അതിനെ കറക്കിയെടുത്ത് ഭക്ഷണവുമായിട്ടൊക്കെ കൂട്ടിക്കെട്ടുമ്പോള്‍ ഗര്‍ഭിണിയെ കൂട്ടുപിടിക്കുന്നത് വല്ലാത്ത തരികിട പണിയാണ്. Fairytalesലൊക്കെ എങ്ങനെയെങ്കിലും ശാസ്ത്രീയത കണ്ട് പിടിച്ചേ അടങ്ങൂ എന്നൊര് നിര്‍ബന്ധം അതിലങ്ങനെ ഒളിഞ്ഞും തെളിഞ്ഞും കാണുന്നു, എന്റെ തോന്നലാണോ ആവോ ! :)

      ഗര്‍ഭിണികള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ കുഞ്ഞിനെ വഹിക്കുന്ന ഗര്‍ഭപാത്രം അധോമഹാസിരയില്‍ (inferior vena cava) അമരുന്നത് മൂലമാണ് venous return കുറയുന്നത്. Venous return കുറയുന്നത് മാത്രമല്ല വക്ഷസിരകളില്‍ ഇത് മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. അതും കുഞ്ഞ് പത്തിരുപതാഴ്ചയ്ക്ക് മുകളിലേക്ക് വളര്‍ന്ന് ഗര്‍ഭപാത്രം മഹാസിരയെ ഞെരുക്കാനും മാത്രം വളര്‍ച്ചയെത്തുമ്പോഴേ ഇതൊരു പ്രശ്നമാകുന്നുള്ളൂ. ഇത് മൂന്നാം വര്‍ഷ ഗൈനക്കോളജിക്ക് പഠിപ്പിക്കുന്ന സാദാ മെഡിക്കല്‍ ഫിസിയോളജി വിവരമാണ്. ഇത്‌ പ്രവീണണ്ണന്‍ എനിക്ക് ക്ലാസെടുത്ത് തരേണ്ട് കാര്യമൊന്നുമില്ല. മുകളിലെ കമന്റില്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല 7മാസം കഴിഞ്ഞ ഗര്‍ഭിണി ഇടതു വശം ചരിഞ്ഞ് കിടക്കണമെന്ന ഉപദേശം നാട്ടിലെ ഗൈനക്കോളജിസ്റ്റുകള്‍ നല്‍കാന്‍ തുടങ്ങിയിട്ട് വ്യാപകമായ ആശയമാണ്, അല്ലാതെ "മുത്തശ്ശി പറഞ്ഞി"ട്ടോ വേദത്തിലെഴുതിവച്ചിട്ടോ വേറേ ഏതേലും പാരമ്പര്യ വിശ്വാസത്തിന്റെ ഭാഗമോ ഒന്നുമല്ല. ഇനി ആണെന്നാണ് പ്രവീണ്‍ അണ്ണന്‍ വാദിച്ച് വരുന്നതെങ്കില്‍ അതിന്റെ സോഴ്സ് കൂടി ക്വോട്ട് ചെയ്യണേ - ഏത് ഗ്രന്ഥം/സംഹിത/സൂത്രം എന്നൊക്കെ. ബാക്കി എന്നിട്ട് ചര്‍ച്ചിക്കാം.

      2. "And also it is well known that after a heavy meal there is very rapid increase in cardiac output -with corresponding increase in gastric circulation as well.That is the reason behind saying that you should lie on left side after food "

      ആഹാരം കഴിഞ്ഞിട്ട് ഗ്യാസ്ട്രിക് സര്‍ക്കുലേഷന്‍ കൂടുന്നതും കാര്‍ഡിയാക് ഔട്ട് പുട്ട് കൂടുന്നതുമൊക്കെ ശരി, അതുകൊണ്ട് ഇടത് വശം ചരിഞ്ഞ് കിടക്കണമെന്ന ന്യായം എവിടാണ് സര്‍ പറയുന്നത് ? വയറ് വീര്‍ത്തിട്ട് ഗര്‍ഭപാത്രം ഗര്‍ഭിണിയിലെന്ന പോലെ vena cavaയെ ഞെരുക്കുമോ ? ഏതെങ്കിലും സ്റ്റഡി cite ചെയ്യാനുണ്ടോ ?

      റിഫ്ലക്സ് ഗ്യാസ്ട്രൈറ്റിസ് എന്ന (അസിഡിറ്റി) ഉള്ളവരില്‍ കൂടുതല്‍ ഉയരമുള്ള തലയിണയുപയോഗിച്ചും ഇടതുവശം ചരിഞ്ഞും കിടക്കുമ്പോള്‍ റിഫ്ലക്സ് ലീക്ക് കുറയ്ക്കാം (Katz et al.,1994) എന്നതാണ് ആകെ ഇതുമായി ബന്ധപ്പെടുത്തി പറയാവുന്നത്. അത് മുകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

      Delete
  11. പ്രിയ സൂരജ്, വിശദീകരണത്തിനു വളരെ നന്ദി..

    ഞാന്‍ ചിന്തിക്കുന്നതു പോലെ ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും എന്നതിനാല്‍ എനിക്കും അവര്‍ക്കും വേണ്ടി ഒരു ചോദ്യം :)

    “കുടിക്കുന്ന വെള്ളത്തില്‍ നിന്നും കാര്യമായ സംഭാവന ഇല്ല എന്നര്‍ത്ഥം“.

    തികച്ചും പുതിയ അറിവ്. എനിക്കു വെള്ളം വേണേ..എന്നുള്ള ശരീരത്തിന്റെ നിലവിളിയാണു ദാഹം. വെള്ളം കുടിച്ചാല്‍ ദാഹം ശമിക്കുകയും ചെയ്യും.. അപ്പോള്‍ കുടിക്കുന്ന വെള്ളത്തില്‍ നിന്നും സംഭാവന ഇല്ലാ എന്നു പറഞ്ഞാല്‍?

    ReplyDelete
  12. ആ സ്റ്റേറ്റ്മെന്റിനെ സന്ദര്‍ഭത്തിനു പുറത്തേയ്ക്കെടുക്കല്ലേ ജിഹേഷ് ജീ.

    ശരാ‍ശരി മനുഷ്യന്‍ ആഹാരത്തോടൊപ്പമോ അല്ലാതെയോ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവിനെ വച്ച് നോക്കുമ്പോള്‍ കഴിക്കുന്ന മൊത്തം ആഹാരത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ജലമാണ് അവ്ന്റെ ശരീരത്തില്‍ കൂടുതല്‍ എത്തുന്നത്. അതുകൊണ്ടാ‍ണ് പ്രധാന സംഭാവന ആഹാരത്തിലേതാണ് എന്ന് പറഞ്ഞത്. തെറ്റിദ്ധാരണയുണ്ടാക്കിയതിനു മാപ്പ്.

    ഒരു മനുഷ്യന്‍ ആഹാരത്തെക്ക്കാള്‍ കൂടുതല്‍ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെങ്കില്‍ അതിന് ഈ സാമാന്യ രീതി ബാധകമല്ല. കിട്ടുന്ന ജല മോളിക്യൂളുകളെവിടെനിന്നും വന്നു എന്ന് ശരീരത്തിന് തിരിച്ചറിയാനാവില്ല. അതിനാല്‍ എല്ലാ ജലവും അതിന് ഒരു പോലെ തന്നെ.

    ReplyDelete
  13. മാതൃപോസ്റ്റ് അവിടെയില്ലല്ലോ?
    ലിങ്ക് ശരിയല്ലെ- അതോ ഡിലീറ്റിയതോ

    ReplyDelete
  14. വിജയകൃഷ്ണന്റെ പോസ്റ്റിന്റെ ലിങ്ക് ചെല്ലുന്നത് ഒരു ഗുരുജിയുടെ പോസ്റ്റിലേക്കാണ്.

    ReplyDelete
  15. @ കാട്ടിപ്പരുത്തി, നിസ്സഹായന്‍,

    ഇവിടെ നല്‍കിയിട്ടുള്ള ആ പോസ്റ്റിന്റെ ലിങ്കൊക്കെ കറക്റ്റാണ്. വിജയകൃഷ്ണന്‍ എന്ന ആള്‍ തന്നെയാണ് ഗുരുജി എന്ന ബ്ലോഗ്ഗറും.

    പോസ്റ്റ് (ഈ കമന്റു യുദ്ധത്തെത്തുടര്‍ന്ന്?) അവിടെ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടതോ ഡ്രാഫ്റ്റാക്കിയതോ ആവാം. പോസ്റ്റിലേത് തെറ്റായ വിവരങ്ങളായിരുന്നുവെന്നും ആ പോസ്റ്റ് തന്നെ വേറൊരു ഇ-മെയില്‍ ഫോര്‍വേഡിന്റെ പശ്ചാത്തലത്തില്‍ മുത്തശ്ശിപറഞ്ഞ പൈതൃകശാസ്ത്രം എന്ന ലേബലില്‍ എഴുതിയതാണെന്നും മറ്റും അതേ ബ്ലോഗര്‍ തന്നെ അവിടെ കമന്റുകള്‍ക്കൊടുവില്‍ കുമ്പസരിച്ചിരുന്നു.

    ഒറിജിനല്‍ പോസ്റ്റ് വേണമെങ്കില്‍ ഇനി “ഗുരുജി”യോട് തന്നെ നേരിട്ട് ചോദിക്കണം...

    ഇല്ലെങ്കില്‍ വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എന്നൊരു വിഡ്ഢ്യാന്‍ എഴുതി, അഡോണ്‍ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച “താളിയോല: ഹൈന്ദവ ആചാര-വിശ്വാസ രഹസ്യങ്ങള്‍ ” എന്ന ഒരു പുസ്തകത്തിലെ (രണ്ടാം എഡീഷന്, സെപ്തംബര്‍ 2004‍) പേജ് 23 എടുത്ത് നോക്കിയാലും മതി. അവിടെ കിടപ്പുണ്ട് ഈ വിവരം കെട്ട സാധനം. (ഈ പുസ്തകത്തീന്ന് ചൂണ്ടിയതല്ലേ ഈ കാന്തികവലയ വ്യാഖ്യാനം എന്ന് ചോദിച്ചപ്പോള്‍ പ്രസ്തുത പോസ്റ്റില്‍ ഗുരുജി എന്ന ബ്ലോഗര്‍ പറഞ്ഞത് അദ്ദേഹത്തിന് ഈ സാധനം ഇ-മെയില്‍ ഫോവേഡ് ആയി വന്നതാണെന്നാണ്;)

    നല്ല സയന്റിഫിക് ഉഡായിപ്പുകള്‍ വേറേം കാണാം ഈ ചവറു പുസ്തകത്തില്‍.പുസ്തകം വാങ്ങുകയാണെങ്കില്‍ ഒരു അപേക്ഷ- വായിച്ചിട്ട് വീട്ടിലെങ്ങും വച്ചേക്കരുത്, പെട്രോളൊഴിച്ച് ദഹിപ്പിച്ചേക്കണം.. ഈ വക സാധനങ്ങള്‍ ആയിരം തലമുറകളെ ഇരുട്ടില്‍ പൂട്ടാന്‍ പോന്ന വിഷമുള്ളവയാണ്!

    ReplyDelete
  16. Njan oru budhi jeeviyo sasthanjano alla. oru sadharanakkaran, pakshe bakkiullavar enthanu parayunnathu ennu kelkkukayum athine patti chinthikkukayum cheyyunnavan

    De enikku thonniya randu karyangal parayanam ennu thonni.

    1. Enthukondanu Aharam kazhinjal Idathuvasam kidakkanamennu parayunnathu?
    Njan vayaru nirachu aharam kazhichittu valathu vasavum idathu vasavum kidannu nokkiyittundu. Enikku idathu vasam kidakkananu ishtam, karanam vayaru nirachu aharam kazhichittu idathu vasam kidannal enikku swasam muttathilla, pakshe valathu vasam kidaannal enikku swasam muttum.

    2. Kure nalayi kelkkunnu sastham (science) paranjale ellam okkathulluvennu.

    sasthram ennu paranjalentha? is everything said by science is fixed? innale paranjathine innu thiruthunnathum, innu paranjathine nale thiruthunnathumalle sastram (science)? ningale polulla kure budhijeevikal samarthikkunnu, njagale polulla sadharanakkar athokke viswasikkunnu. athanu njan kanda sastram. Sastram enna peril ithuvare thiruthiyittillatha karyngal, ini thiruthilla ennu vyakhyanikkunnathum sariyalla.

    Ente arivil sasthrathinu Sanskritil nalkiyittulla bhashyam - "Rules in a general sense" ennanu. Enikku samskritham ariyillathathu kondu Innathe sasthranjante bhashayil enikku manasilayathu paranjuvenneyullu. Ennu vachal samanya budhikku vivarikkan pattunnathentho athanu sasthram.

    -Anil
    -I am not against anyone, or I do not support anyone.. I often think...

    ReplyDelete
  17. സൂരജ്, ഇതൊരു ഒറ്റയാൾ പോരാട്ടം അല്ല. സത്യത്തിനു വേണ്ടി ഒറ്റക്കൊറ്റക്ക് നടത്തുന്ന പോരാട്ടങ്ങൾക്ക് അസത്യങ്ങളുടെയും അർദ്ധ സത്യങ്ങളുടെയും ആപേക്ഷിക സത്യങ്ങളുടെയും എതിർ ചേരി എന്ന ഒരു പൊതു ഇടം ഉണ്ട്. അതിൽ ഷിക്കാഗോയിൽ ഇരിക്കുന്ന ഒരു പെന്തകൊസ്തു വിശ്വാസിയായ (പെന്തക്കോസ്‌ പള്ളിയിൽ പോകുന്ന എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ ) ഞാനും, ബഹറിനിൽ ഇരിക്കുന്ന ഹൈന്ദവ നാമധാരിയായ എന്റെ സുഹൃത്തും, ബാംഗ്ലൂരിലെ ഒരു ദീപക്കും (ദീപക് ശങ്കരനാരായണൻ) മറ്റൊരു ശരീഖ് ഹൈദർ വെള്ളറക്കാടും ഒക്കെ ചേരുന്നു...ഭാവുകങ്ങൾ

    ReplyDelete

Comments to posts older than 30 days will be moderated for spam.