The contents of this blog and the language used herein are "mature" and suited only for "grown-ups".

Mar 10, 2009

കൃഷ്ണ സങ്കല്പത്തിന്റെ ഉത്ഭവം : കമന്റ്

പാര്‍ത്ഥന്‍ ജീയുടെ ഈ പോസ്റ്റില്‍ ഇട്ട കമന്റ് .


പാര്‍ത്ഥന്‍ ജീ,

"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."


ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം താങ്കള്‍ക്കിപ്പോള്‍ പറയാം. എന്നാല്‍ ഈ മൂന്നു വാക്യങ്ങളില്‍ കൃഷ്ണമതം എന്ന മതത്തിന്റെ ആവിര്‍ഭാവവും ഭാഗവതപ്രസ്ഥാനത്തിന്റെ ചരിത്രവും മുഴുവന്‍ ഉറങ്ങുന്നു. അത് തിരിച്ചറിയാനാണ് മുന്‍പ് ഇവിടെത്തന്നെയുള്ള ഏതോ ഒരു പോസ്റ്റില്‍ ഈയുള്ളവന്‍ പറഞ്ഞത്, ചരിത്രപശ്ചാത്തലത്തില്‍ വേണം ഇതൊക്കെ നോക്കിക്കാണാനെന്ന്.

ഇന്ന് ലഭ്യമായ ചരിത്രരേഖകളില്‍ കൃഷ്ണന്‍ എന്ന പേര് ആദ്യം ഉപയോഗിക്കുന്ന ഗ്രന്ഥം ഋഗ്വേദമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിവുള്ള, മായാവിയും സുന്ദരഗാത്രനുമായ കൃഷ്ണന്‍ എന്ന ദസ്യുവിനെ അയാളുടെ പതിനായിരം കൂട്ടാളികളോടൊപ്പം അംശുമതീ തീരത്ത് വച്ച് ഇന്ദ്രന്‍ വധിച്ചെന്നാണ് ഋഗ്വേദ കഥ. രാജസ്ഥാന്‍ ഭാഗത്തെ ദ്രാവിഡവര്‍ഗ്ഗമായ ആഭീരന്മാര്‍ എന്നറിയപ്പെടുന്ന ഇടയഗോത്രങ്ങളുടെ പുരാണകഥാപാത്രമായി ഉയര്‍ന്നു വന്ന ഇടയദൈവ സങ്കല്പമാണ് ഗോപാലകനായ കൃഷ്ണന്‍. ഈ ഗോപാല കൃഷ്ണന്‍ ഇന്ദ്രന്റെ അഹങ്കാരമടക്കുന്ന ഗോവര്‍ദ്ധനപര്‍വ്വത കഥ ഇന്ദ്രാരാധകരായ ആര്യ ഗോത്രങ്ങളുമായി ഈ ഇടയ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. (ഋഗ്വേദത്തിലെ അസുരനായ കൃഷ്ണനും ആഭീരന്മാരുടെ ദേവതയായ കൃഷ്ണനും ഒന്നാണെന്ന് ചില പണ്ഡിതര്‍ ) ഗോവര്‍ധന ധാരിയായ കൃഷ്ണനാണ് ആ ദൈവത്തിന്റേതായി ഇന്ന് ലഭ്യമായിട്ടുള്ള ആദ്യ ബിംബങ്ങളിലൊന്ന്. ആഭീരന്മാര്‍ക്കിടയിലുണ്ടായ കഥയാണ് നന്ദപുത്രനായ, രാധാകാമുകനായ യാദവ കൃഷ്ണന്‍. ആഭീരനായ രാജാവ് മധുവിന്റെ മകള്‍ മധുമതിയുടെ പുത്രനാണ് യദു. യാദവ കുലവും അന്ധകന്മാരും വൃഷ്ണികളും ഒക്കെ ആഭീരന്മാരില്‍ നിന്ന് വികസിച്ചതാണെന്ന് ഹരിവംശത്തില്‍ നിന്നും സൂചനയുണ്ട്. ഇന്ദ്രന്‍, ബ്രഹ്മന്‍ തുടങ്ങിയ ആര്യദേവതകളുമായി കൃഷ്ണന്‍ സംഘര്‍ഷത്തിലാവുന്ന പുരാണകഥകള്‍ രണ്ട് ഗോത്രങ്ങളുടെ വൈരത്തിന്റെ കഥയും കൂടിയാണ്.

സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്‍. ഈ ‘ദേവകീപുത്രകൃഷ്ണ’നെപ്പറ്റി ഛാന്ദോഗ്യത്തില്‍ (BC 800) തന്നെയാണ് ചരിത്രത്തിലെ ആദ്യപരാമര്‍ശമുള്ളത്. വാസുദേവന്‍ എന്നൊരാള്‍ മുഖ്യ ആചാര്യനായി വളര്‍ന്ന ഈ മത സെക്റ്റിന്റെ ഫിലോസഫികളാണ് കഠോപനിഷത്തിന്റെ ജനനമരണ-കര്‍മ്മ സിദ്ധാന്തങ്ങളില്‍ കാണുന്നത്. കഠോപനിഷത്തുമായി ഭഗവദ് ഗീതയ്ക്കുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വാസുദേവന്‍ എന്ന ദേവതാ സങ്കല്പം ‘വാസുദേവന്‍ & സംഘര്‍ഷണന്‍’ / നാരായണന്‍ & നരന്‍ എന്ന ഒരു ദേവതാദ്വയത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസുദേവനും കൂട്ടാളിയായ സംഘര്‍ഷണനും നടത്തുന്ന വീരകൃത്യങ്ങള്‍ കാലക്രമേണ അര്‍ജ്ജുനന്റെയും കൃഷ്ണന്റെയും അക്കൌണ്ടിലായി. നരനാരായണന്മാര്‍ എന്നതിനും വന്നു വേറെ കുറേ വ്യാഖ്യാനങ്ങള്‍. മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. ഹംബാബയെ വധിക്കാന്‍ പോകുന്ന ഗില്‍ഗമേഷിന്റെ സന്ദേഹങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്ത് എന്‍കിടു കുറെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു ഗീതോപദേശസന്ദര്‍ഭവുമായുള്ള സാമ്യവും ശ്രദ്ധേയം. വാസുദേവന്റെ കൂട്ടാളിയായ സംഘര്‍ഷണന്‍ പില്‍ക്കാലത്ത് കൃഷ്ണന്റെ ചേട്ടനായ ബലഭദ്രനായി പരിണമിച്ചു. (ജൈനമതത്തില്‍ ഇത് തീര്‍ത്ഥങ്കരന്മാരിലൊരാളായ ബലദേവനായി മാറുകയും ചെയ്തു)

ഗോവര്‍ദ്ധനധാരിയും ഇന്ദ്രദര്‍പ്പമടക്കിയവനുമായ ഗോകുലകൃഷ്ണന്‍, വാസുദേവന്‍ എന്ന സൈദ്ധാന്തികന്‍, മൂന്നോ നാലോ ദേവതാ സങ്കല്‍പങ്ങളില്‍ നിന്നും ഉറഞ്ഞുകൂടിയ ഒരു മൂന്നാം ദേവതയാണ് ഇന്ന് നാം അറിയുന്ന ദേവകീപുത്രനും, നന്ദഗോപരുടെ വളര്‍ത്തുമകനും കാളിയമര്‍ദ്ദകനും, ടീനേജ് തുടങ്ങും മുന്‍പ് ഗോപികളെ പ്രണയവിവശനാക്കിയവനും, കംസവധം നടത്തിയവനും പില്‍ക്കാലത്ത് അര്‍ജ്ജുനന്റെ സഖാവായതും, ഇന്ദ്രനോടേറ്റ് വിജയിച്ചവനും ജരാസന്ധനെ പിളര്‍ത്തിയവനുമായ ശ്രീകൃഷ്ണന്‍.

ഈ ഹീറോയിക് കഥാപാത്രവുമായി വാസുദേവന്റെ ഫിലോസഫിയും വിഷ്ണു എന്ന ആര്യ ദേവതയുടെ സങ്കല്‍പ്പവും പ്രജാപതിയുടെ അവതാര കഥകളും കൂടിച്ചേരുമ്പോഴാണ് ഭാഗവതമതത്തിന്റെ ബീജരൂപമാകുക. ഇതിന്റെ വികസിത രൂപമാണ് ഇന്നത്തെ നിയോബ്രാഹ്മണിക് മതങ്ങളില്‍ ഒന്നായ വൈഷ്ണവിസം.

ഭഗവദ് ഗീതയില്‍ അപൂര്‍വ്വം ചിലയിടത്തുമാത്രമേ വിഷ്ണു എന്ന സൂപ്പര്‍ ദൈവത്തിന്റെ അംശമാണ് കൃഷ്ണന്‍ എന്ന് സൂചനയുള്ളൂ. മഹാഭാരതത്തിലേയ്ക്ക് ഗീതയെ ചേര്‍ത്തതിനോടൊപ്പമാവണം ഈ വിഷ്ണു സങ്കല്‍പ്പവും കൂടി വിളക്കിയത് എന്ന്‍ ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ഗീത കൃഷ്ണമതം എന്ന ഏകദൈവതാധിഷ്ഠിതമായ ഒരു വേറിട്ട മതത്തിന്റെ ഫിലോസഫിക്കല്‍ വിശകലനമാണ്.ആര്യന്മാരുടെ യജ്ഞാധിഷ്ഠിതമായ വൈദിക ഫിലോസഫിയില്‍ നിന്നുമുള്ള ഒരു കുതറിമാറല്‍ കൂടിയാണ് ഭഗവദ് ഗീത. യോഗത്തെയും തപസ്സിനെയും യജ്ഞത്തെയും ഒക്കെ പരാമര്‍ശിച്ചുപോകുന്നുണ്ടെങ്കിലും യോഗയോ യജ്ഞമോ ഒന്നുമില്ലാതെ “കര്‍മ്മ”ത്തിലൂടെ തന്നെ ആരാധിക്കാനും പ്രാപിക്കാനും കഴിയും എന്നാണ് കൃഷ്ണമതത്തിന്റെ ദേവതയുടെ മുഖ്യ ആഹ്വാനം തന്നെ. ഇത് മൌര്യ/ഗുപ്ത കാലഘട്ടത്തിലുയര്‍ച്ച പ്രാപിച്ച നാസ്തിക മത സെക്റ്റുകളെ ഭക്തിയിലേക്ക് തിരികെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. അന്യദേവതകളെ ആരാധിക്കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്യന്തികമായി ഞാന്‍ തന്നെ എന്ന് കൃഷ്ണന്‍ സ്വയം പ്രഖ്യാപിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

ഈ വിഷയം ഒത്തിരി കൂടുതല്‍ എഴുതാനുണ്ട്. വിസ്താരഭയത്താല്‍ ഇത്രയും തല്‍ക്കാലം.