CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Feb 21, 2016

ഇടത് ഇന്‍ഡിക്കേറ്ററിട്ട് വലത്തോട്ട് തിരിയുന്ന വണ്ടി

http://www.newsweek.com/
അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്റെ ആദ്യപടിയായ പ്രാഥമിക തെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇപ്പോള്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നമുക്കു പരിചയമുള്ള ബ്രിട്ടിഷ് ശൈലിയിലെ പാര്‍ലമെന്ററി സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായി, പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വരണമെങ്കില്‍ ഇവിടെ പാര്‍ട്ടിമെമ്പര്‍മാര്‍ക്കിടയിലെ ആഭ്യന്തര തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. ഇതാകട്ടെ ഒരു തരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പൊതുതെരഞ്ഞെടുപ്പില്‍ എങ്ങനെ പെര്‍‌ഫോം ചെയ്യും എന്നതിന്റെ ഒരു സൂചകമാണ്‍. അതുകൊണ്ടുതന്നെ, പൊതുതെരഞ്ഞെടുപ്പിന്റെ ഒരു മുന്നോടിയോ ടെസ്റ്റ് ഡോസോ ആയി ഇതിനെ കാണാം. എന്നാല്‍ മറ്റൊരു നിലയില്‍ നോക്കിയാല്‍, ഭൂരിപക്ഷ അമേരിക്കയുടെയല്ല, മറിച്ച് കടുത്ത (പലപ്പോഴും തീവ്ര നിലപാടുകളുള്ള) പാര്‍ട്ടി അനുയായികളുടെ ഇച്ഛയെ ആണു വെളിവാക്കുന്നതെന്ന്‌ കാണാം. പ്രൈമറികളിലെ ആദ്യഘട്ടങ്ങളില്‍ - വിശേഷിച്ച് ഈ തീവ്രനിലപാടുകളുള്ളവരുടെ ഭൂരിപക്ഷം ഉള്ള സംസ്ഥാനങ്ങളില്‍ - മുന്നേറുന്ന പല സ്ഥാനാര്‍ത്ഥികളും പിന്നീട് കൊഴിയുകയും താരതമ്യേന മൃദുനിലപാടുകളുള്ള സര്‍‌വസമ്മതര്‍ ഉയര്‍ന്നുവരികയും ചെയ്യും എന്നതാണ്‌ ഇതുവരെയുള്ള ചരിത്രം. അതുകൊണ്ടുതന്നെ നിലവിലെ ഫലങ്ങള്‍ വച്ച് ഈ വര്‍ഷം അവസാനം ആരെയൊക്കെയാണ് ഇരുപാര്‍‌ട്ടികളും പിന്തുണയ്ക്കുക എന്ന് പറയാന്‍ ഇപ്പോളാവില്ല. എങ്കിലും ചില വിശാലസൂചകങ്ങളെ മുന്‍‌നിര്‍ത്തിയുള്ള ഒരു ഉറക്കെച്ചിന്തയാണീ കുറിപ്പ്. 

ഇന്ത്യ, ബ്രിട്ടന്, ഇപ്പോള്‍ (ഇനിയങ്ങോട്ടും) അമേരിക്ക എന്നീരാജ്യങ്ങളില്‍ വൈദ്യനെന്ന നിലയ്ക്കുണ്ടായിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുക എന്നയുദ്ദേശ്യം കൂടിയുണ്ട് ഈ ഉപന്യാസത്തിനു്‌. അതിനാല്‍‌ത്തന്നെ  സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കെത്തുമ്പോള്‍ ആരോഗ്യമേഖലയെയാണ്‌ ഉദാഹരിച്ചിട്ടുള്ളതും ചുവടെ.

തീവ്രവാദങ്ങളുടെ മുന്നേറ്റം

 ഇരുപക്ഷത്തും "എക്സ്ട്രീമിസ്റ്റുകള്‍" എന്ന് വിളിക്കാവുന്ന സ്ഥാനാര്‍ത്ഥികള്‍ വളരെ മുന്നേറി എന്നതാണ് ഇതുവരെയുള്ള ഫലത്തിന്റെ സൂചന. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളിലെ എക്സ്ട്രീമിസ്റ്റുകളെപ്പോലാണോ വലതുപക്ഷത്തെ "എക്സ്ട്രീമിസം" എന്ന ചോദ്യം സ്വാഭാവികമാണ്. ബേര്‍ണീ സാന്‍ഡേഴ്സ് എന്ന സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റ്, താനൊരു സോഷ്യലിസ്റ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും, 2008ല്‍ ഒബാമ യുവജനങ്ങളിലൂടെ നേടിയ മുന്നേറ്റത്തെ ഓര്‍മ്മിപ്പിക്കുന്ന തെരഞ്ഞെടുപ്പു ഉപായങ്ങള്‍ കൊണ്ടും, കോര്‍പറേറ്റ് ഡൊണേഷനുകളെ ഒഴിവാക്കി ഏതാണ്ട് പൂര്‍ണമായും ജനകീയം എന്ന് വിളിക്കാവുന്ന ധനസമാഹരണത്തിലൂടെയും ആണ് ഈ അട്ടിമറിനടത്തിയത് എന്നത് ചെറിയ കാര്യമല്ല. എതിരെ മത്സരിക്കുന്നത് ദേശീയ/വിദേശീയ രംഗത്ത് ധാരാളം പ്രവര്‍ത്തി പരിചയമുള്ള, രാഷ്ട്രീയത്തിലും ബിസിനസിലും ഒക്കെ കുടുംബപരമായി തന്നെ ബന്ധങ്ങളുള്ള, റൂസ്‌വെല്‍റ്റും കെന്നഡിയും കഴിഞ്ഞാല്‍ ഏറ്റവും സമാരാധ്യനായ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റായ ബില്‍ക്ലിന്റണ്‍റ്റെ ഭാര്യയെന്ന പ്രശസ്തിയും ഉള്ള ഹിലരി ക്ലിന്റണാണ്‍. മില്യണ്‍ കണക്കിന് ഡോളര്‍ ചെലവുള്ള തെരഞ്ഞെടുപ്പുപ്രചാരണ യുദ്ധത്തില്‍ ഒരു വ്യക്തിക്ക് പ്രസിഡന്‍‌ഷ്യല്‍ ക്യാമ്പെയിനു നലകാവുന്ന പരമാവധി തുക $2,700 ആണ് എന്നിരിക്കെ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍ കോര്‍പ്പറേറ്റുകളോ സമ്പന്ന വ്യക്തികളോ സൂപ്പര്‍ പാക്കുകള്‍ (super PACs, political action committeesപോലുള്ള പാരലല്‍ പ്രചരണ സംഘങ്ങള്‍ വഴിയാണ്‌ ധനസഹായമെത്തിക്കുന്നത്. ഈ വകുപ്പിലൊക്കെ ബേര്‍ണി അസാധ്യമെന്ന് കരുതിയിരുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ഇതുവരെ. 

ബ്ലൂക്കോളറും വൈറ്റ് കോളറും

കോര്‍പ്പറേറ്റുകളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന "പാവ" സ്ഥാനാര്‍ത്ഥികളാണു കഴിഞ്ഞ ഇരുപതുമുപ്പതുകൊല്ലം കൊണ്ട് മധ്യവര്‍ഗ്ഗത്തിന്റെ അന്ത്യത്തിനു വഴിവച്ചതെന്നും, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുമ്പോള്‍ തന്നെ മധ്യവര്‍ഗത്തിനോ തൊഴിലാളി വര്‍ഗത്തിനോ അങ്ങനെ ഉല്പാദിപ്പിക്കപ്പെട്ട സമ്പദ് വ്യവസ്ഥയില്‍ നിന്ന് കാര്യമായി വരുമാനമോ ഉപകാരമോ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമുള്ള ധാരണ ശക്തമാണ്. വരുമാനത്തിന്റെ അസന്തുലിതാവസ്ഥ (income inequality) എന്നതാണല്ലോ ഇത്തവണത്തെ buzz word. 
http://www.new-corner.com
 ഭരണത്തിലിരിക്കുന്നവരോട് പൊതുവേ ഉണ്ടാകുന്ന വികാരത്തിനേക്കാള്‍ കൂടുതലാണ്‍ ഇത്തവണ ഭരണവര്‍ഗ്ഗത്തോടു തന്നെയുള്ള വിരോധം. രസകരമായ സംഗതി, ഈ കോപം രണ്ട് കൂട്ടരിലാണു പ്രധാനമായും പ്രതിഫലിക്കുന്നത്: മധ്യവയസ്കരോ അതിലും മുതിര്‍ന്നവരോ ആയ ബ്ലൂക്കോളര്‍ തൊഴിലാളി വര്‍ഗ്ഗത്തിലും, പിന്നെ മില്ലനിയലുകള്‍ (മുപ്പത്തഞ്ച് വയസില്‍ താഴെ) മുഖ്യഘടകമായ യുവജനങ്ങളിലും. ബ്ലൂക്കോളര്‍ തൊഴിലാളികളെ ബാധിക്കുന്ന പലതരം പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പില് ഉയരുന്നുണ്ട്. വിദേശത്തുനിന്നും തൊഴിലുതേടി വരുന്നവരോ, കോര്‍പ്പറേറ്റ് കമ്പനികള്‍ ചീപ്പ് ലേബര്‍ എന്ന നിലയ്ക്ക് തദ്ദേശീയരെ തഴഞ്ഞിട്ട്‌ കൊണ്ടുവരുന്ന വിദേശ തൊഴിലാളികളോ തദ്ദേശീയരുടെ തൊഴില്‍ സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന മുറവിളിയാണ് ഒന്ന്. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാപിറ്റലിസം ഒടുവില്‍ തിരിഞ്ഞ് പൃഷ്ഠത്തില്‍ തന്നെ കടിക്കും എന്നതിന്റെ ഉദാഹരണമാണു വന്‍‌കിട കോര്‍പ്പറേറ്റുകള്‍ ചെലവുകുറഞ്ഞ തൊഴിലിടങ്ങള്‍ തേടി ചൈനയിലേക്കും മറ്റും മാനുഫാക്ചറിംഗ് പ്ലാന്റുകള്‍ മാറ്റി സ്ഥാപിക്കുന്നത്. ഇതിന്റെ മറുവശത്ത്  ടെക്നോളജി വിപ്ലവവും ബാങ്കിംഗ്/ഹെഡ്ജ്ഫണ്ട് (വാള്‍സ്ട്രീറ്റെന്ന് വായിക്കുക), സര്‍‌വീസ് സെക്റ്ററുകള്‍ നിര്‍മ്മിക്കുന്ന അതിദ്രുത സമ്പത്ത് കുമിഞ്ഞു കൂടുന്നതാണ്‌. ഹൈ സ്കില്‍ഡ് തൊഴിലാളികള്‍ക്ക് മാത്രം പ്രാപ്യമായ ഈ സമ്പത്തില്‍ നിന്ന്‌ ബ്ലൂകോളര്‍ തൊഴിലാളി വര്‍ഗ്ഗത്തിനു ഒന്നും കിട്ടുന്നില്ലെന്ന് മാത്രമല്ല, ഒരു ദശാബ്ദത്തോളമായി വേതനങ്ങളിലും കാര്യമായ വര്‍ദ്ധനവു വന്നിട്ടില്ല എന്നതുകൊണ്ട് മധ്യവര്‍ഗത്തിന്റെ അവസ്ഥയില്‍ ഉയര്‍ച്ചയില്ലാതെ തുടരുന്നു എന്നതിലെ അസം‌തൃപ്തി കാര്യമായിട്ടുണ്ട്.  ഫ്രഞ്ച്‌ സാമ്പത്തിക വിദഗ്ധന്‍  തോമസ് പിക്കറ്റിയുടെ "സാമ്പത്തിക അസന്തുലിതാവസ്ഥ"കളെ സംബന്ധിച്ച ഇക്കണോമിക്സ് പുസ്തകത്തിന്റെ തര്‍ജമയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെലറുകളിലൊന്ന് എന്നത് ഈ വിഷയത്തിന്റെ പ്രചാരത്തെ സൂചിപ്പിക്കുന്നു. 

യുവജനങ്ങളുടെ തലമുറയായ മില്ലനിയലുകളെ ബാധിക്കുന്നതും ഈ പറഞ്ഞ പ്രശ്നങ്ങളുടെ ഫലമായുണ്ടായിട്ടുള്ള സംഗതികളാണ്. അമേരിക്കയിലെ കോളെജ് വിദ്യാഭ്യാസത്തിന്റെ ചെലവ് വര്‍ദ്ധിക്കുകയും വരുമാനം മുകളിലേക്കുപോകാതിരിക്കുകയും ചെയ്യുന്നതാണ്‌ അതിലൊന്ന്. നാലുവര്‍ഷത്തെ കോളെജ് വിദ്യാഭ്യാസം $35,000ത്തിനടുത്തൊരു തുക കുട്ടികള്‍ക്കുമേല്‍ ഒരു ആജീവനാന്തക്കടമായി  വിദ്യാഭ്യാസലോണുകളായും മറ്റുവഴിക്കായുമൊക്കെ കെട്ടിയേല്പ്പിക്കുന്നുണ്ട്. ഒട്ടേറെപ്പേര്‍ പഠനകാലത്ത് തന്നെ ചെറിയ ജോലികളും (വെക്കേഷനോ സ്ഥിരമായോ) ചെയ്യുന്നവരാണ്‌, അപ്പോള്‍ തൊഴില്‍‌മേഖലയില്‍ അവരും മുതിര്‍ന്നവരോടൊപ്പം മത്സരിക്കുകയും വേണം. കഴിഞ്ഞ എട്ടൊന്‍പതുവര്‍ഷം കൊണ്ട് മാന്ദ്യത്തില്‍ നിന്ന് അമേരിക്ക ഏതാണ്ട് നല്ലൊരുശതമാനവും കരകേറിയെങ്കിലും മാന്ദ്യത്തിന്റെ ഉച്ചയില്‍ നഷ്ടപ്പെട്ട ജോലികള്‍ പലതും പുതിയ സാങ്കേതിക മേഖലകളിലായിട്ടാണു തിരികെവന്നത്. ആ ജോലികള്‍ക്ക് വേണ്ട സാങ്കേതികവൈദഗ്ധ്യവും  ഉയര്‍ന്ന വിദ്യാഭ്യാസവും നേടുക എന്നത് പിന്നെയും ഒരു ബാലികേറാമലയായിത്തീരുന്നു എന്നതാണ്‌.
 
സോഷ്യലിസം എന്ന അശ്ലീലവാക്ക്

ഈ രാജ്യം ജനിച്ചതും ആദ്യ നൂറ്റാണ്ടുകളില്‍ മുറുകെപ്പിടിച്ച തത്വശാസ്ത്രവും "ബ്രിട്ടിഷ്  രാജാധിപത്യത്തിനെതിരേ ഒരു റിപ്പബ്ലിക്ക്" എന്നതാണ്‌. "സര്‍ക്കാരിന്റെ നിയന്ത്രണം" ഇല്ലാതെ പുതിയ ഭൂമിയില്‍ വന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതില്‍ നിന്നാണു അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങളെല്ലാം സംഭവിച്ചത്, ഏറെക്കുറേ. സര്‍ക്കാര്‍ എന്നത് തന്നെ ഒരു അശ്ലീലവാക്കായതിന്റെ കാരണവും അവിടെത്തുടങ്ങുന്നു. അങ്ങനുള്ള അമേരിക്കയില്‍ സ്വയം സോഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കുന്നതും, സര്‍ക്കാരിന്റെ reach കൂട്ടണമെന്നും വാദിക്കുന്നത് ഒരു ധീരകൃത്യമായി തോന്നുന്നതിന്റെ കാരണങ്ങള്‍ ഈ ചരിത്രത്തിലാണു ചികയേണ്ടത്. ശരാശരി അമേരിക്കക്കാരിയെ സംബന്ധിച്ചിടത്തോളം സോഷ്യലിസം എന്നാല്‍ സര്‍ക്കാരിന്റെ ചവിട്ടടിക്ക് കീഴില്‍ ജനം തൊഴില്‍ ക്യാമ്പുകളില്‍ നരകിച്ച് പണിയെടുത്ത് പൊതുഖജാനയിലേക്ക് മുതല്‍ക്കൂട്ടുക എന്നതാണ്‍. വിപ്ലവാനന്തര റഷയുടെയും സ്റ്റാലിന്റെ കീഴിലെ കമ്മ്യൂണിസ്റ്റ് വാഴ്ചയുടെയും കഥകള്‍ മാത്രമല്ല, ഹിറ്റ്ലര്‍ പോലും സ്വന്തം പാര്‍ട്ടിയെ സോഷ്യലിസ്റ്റ് സങ്കല്പത്തിലാണു വളര്‍ത്തിയതും പോഷിപ്പിച്ചതും എന്നതടക്കമുള്ള ഇതര ലോകത്തിന്റെ കഥകളും അതിന്റെ തിക്താനുഭവങ്ങളും ഉള്ള ജനതയാണു അമേരിക്ക. കമ്മ്യൂണിസമോ പൊളിറ്റിക്കല്‍ സോഷ്യലിസമോ അവയുടെ കോമ്പിനേഷനുകളോ ഉള്ള സ്ഥലങ്ങളില്‍ നിന്ന് (ഉദാ: ക്യൂബ, വിയറ്റ്‌നാം, കൊറിയ) ചാടിപ്പോന്ന ജനവിഭാഗങ്ങളും കൂടി അലിഞ്ഞ് ചേര്‍ന്നതാണു ഇന്നു കാണുന്ന അമേരിക്ക. നിയന്ത്രണങ്ങളില്ലാത്ത മാര്‍ക്കറ്റിന്റെ  ക്യാപിറ്റലിസം എന്നതൊരു സാമ്പത്തിക തത്വശാസ്ത്രം മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ പര്യായമെന്നു കൂടിയാണ് അമേരിക്കയില്‍. 

അങ്ങനൊക്കെയാണെങ്കിലും സെണ്ട്രല്‍ ബാങ്ക് എന്ന തത്വം, നോട്ട് അച്ചടിക്കാന്‍ ഒരു മെക്കാനിസം, സര്‍ക്കാരിന്റെ ബോണ്ടുകള്‍, സര്‍ക്കാരിന്റെ പൈസ കൊണ്ട് തകരുന്ന ബിസിനസുകളെ രക്ഷിച്ചെടുക്കല്‍ (ബെയില്‍ ഔട്ട്) എന്നിങ്ങനെയുള്ള സംഗതികള്‍ വഴി വിപണിക്കുമേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണങ്ങള്‍ ഊട്ടിയുറപ്പിക്കുച്ചതും ഇതേ അമേരിക്ക തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമുണ്ടായ സാമ്പത്തികമാന്ദ്യത്തിനും തുടര്‍ന്ന് ലോകമഹായുദ്ധത്തിനും ശേഷം രണ്ട് പ്രധാനനീക്കങ്ങളിലൂടെയാണ് അമേരിക്ക ഇന്ന് കാണുന്ന അമേരിക്കയായത്: സര്‍ക്കാര്‍ മുന്നിട്ട് നടത്തിയ വിപുലമായ അടിസ്ഥാനവികസനപരിപാടികള്‍; താഴ്ന്ന വരുമാനക്കാരെയും റിട്ടയര്‍ ചെയ്തവരെയും വൃദ്ധരെയും ആരോഗ്യച്ചെലവുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ആരംഭിച്ച സര്‍ക്കാരിന്റെ സൗജന്യ ഇന്‍ഷുറന്‍സ് പരിപാടിയായ മെഡിക്കെയറും (Medicare), ദാരിദ്ര്യമോ, വൈകല്യമോ, മറ്റ് കാരണങ്ങള്‍ മൂലമോ ആരോഗ്യം സം‌രക്ഷിക്കാന്‍ വയ്യാത്തവര്‍ക്കുള്ള വൈദ്യ/വൈദ്യേതര സഹായങ്ങള്‍ നല്‍കുന്ന മെഡിക്കെയിഡും (Medicaid). ലോകത്തിലെ തന്നെ ഏറ്റവും "സോഷ്യലിസ്റ്റ്" എന്ന് തത്വത്തില്‍ വിളിക്കാവുന്ന പദ്ധതികളാണിവ. വൈപുല്യത്തിനു താരതമ്യം ചെയ്താല്‍, ബ്രിട്ടന്റെ സൗജന്യ മെഡിക്കല്‍ സിസ്റ്റമായ എന്‍‌ എച് എസ് (NHS)  അവരുടെ ജനത്തിനായി വര്‍ഷം ചെലവാക്കുന്നത് $ 170 ബില്യന്‍ ആണെങ്കില്‍ മെഡിക്കെയര്‍ $600 ബില്യനും മെഡിക്കെയിഡ്  $500 ബില്യനുമാണ് ഒരു വര്‍ഷം ചെലവാക്കുന്നത്; യഥാക്രമം, ദേശീയ (Federal) ബജറ്റിന്റെ 14 ശതമാനവും 9 ശതമാനവും. പറഞ്ഞു വന്നത് "സോഷ്യലിസം" എന്നതിനു സര്‍ക്കാര്‍ "ഉള്ളവരില്‍ നിന്ന്/ ടാക്സ് പിരിച്ചതില്‍ നിന്ന്" എടുത്ത് "ഇല്ലാത്തവര്‍ക്കു" കൊടുക്കുന്ന സഹായത്തിനു പറയുന്ന പേരാണെന്ന് കരുതുകയാണെങ്കില്‍ ഇതിനേക്കാള്‍ വലിയ സോഷ്യലിസം വേറെയില്ല. അമേരിക്കന്‍ സാമ്പത്തിക രാഷ്ട്രീയം പ്രയോഗത്തിലേക്ക് വരുമ്പോള്‍  സര്‍‌വ്വതന്ത്രസ്വതന്ത്രമായ വിപണിയും അതിലഴിഞ്ഞാടുന്ന ക്യാപിറ്റലിസവും എന്നതല്ല. റോഡും പാലവും അടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങള്‍ പോലെത്തന്നെ അവശ്യമാണ്‌ സാമ്പത്തിക ഭദ്രതയെന്നതില്‍ നിന്നാണ്‌ മെഡിക്കെയറും മെഡിക്കെയിഡും സ്ഥാപിക്കപ്പെട്ടത്. വിശാലമായ അര്‍ഥത്തില്‍, പടിഞ്ഞാറന്‍ രാജ്യങ്ങളെയാകെ ഭരിക്കുന്ന കെയ്നീഷ്യന്‍ സാമ്പത്തിക തത്വങ്ങള്‍ തന്നെയാണു അമേരിക്കയെയും നയിക്കുന്നതെന്നും പറയാം.

മെഡിക്കെയര്‍/മെഡിക്കെയിഡ് പദ്ധതികളുടെ ധനസ്രോതസ്സ് കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്ന പ്രത്യേക ടാക്സ് ആണ്‌. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ തൊഴില്‍ ചെയ്തു ടാക്സ് അടയ്ക്കാനുള്ളിടത്തോളം ഇങ്ങനൊരു പദ്ധതി നിലനിന്നു പോകുന്നതിനു വിഷമമൊന്നുമില്ല. എന്നാല്‍ ആരോഗ്യമേഖലാ ചെലവുകളും വൈകല്യസഹായങ്ങളും വര്‍ദ്ധിച്ചുവരുന്നത് ഈ ഫണ്ടുകള്‍ക്ക് ഒരു വെല്ലുവിളിയാണ്‌.  ഭാഗികമായി ഇത് ആശുപത്രി-മരുന്നു-ടെസ്റ്റുകളുടെ ഒക്കെ ചാര്‍‌ജ്ജു വര്‍ധനവുമൂലമാണ്‍. സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നതിന്റെയും അതിനൊപ്പം ഉയര്‍ന്ന quality expectations-ന്റെയും സ്വാധീനം ആണ് ചെലവുകളുയരുന്നതിന്റെ മറ്റൊരു കാരണം. ഉദാഹരണത്തിനു മെഡിക്കെയിഡില്‍ നിന്ന് ഒരു വികലാംഗനോ ഹൃദ്രോഗം മൂലം സഞ്ചാരം പരിമിതപ്പെട്ട ഒരു രോഗിക്കോ ഒരു ബാറ്ററിയില്‍ ഓടുന്ന വീല്‍‌ചെയര്‍ വരെ ലഭിക്കും. ഹൃദയമോ കരളോ വൃക്കയോ ഒക്കെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും പെയ്സ് മേക്കര്‍ ശസ്ത്രക്രിയയും ബൈപ്പാസ് സര്‍ജ്ജറിയും ഡയാലിസിസും ചെലവേറിയ കാന്‍സര്‍ ചികിത്സകളുമടക്കം, പ്രത്യേകിച്ച് പ്രായമോ മുന്‍‌ ആരോഗ്യനിലയോ സമൂഹത്തിലേക്ക് ടി രോഗി നല്‍കിയ സംഭാവനയെന്തെന്നോ ഉള്ള ഭേദപരിഗണനകളൊന്നുമില്ലാതെ ഈ സര്‍‌ക്കാര്‍ പദ്ധതികളിലൂടെ ഫണ്ട് ചെയ്യപ്പെടുന്നു. ഹൃദയ ബൈപ്പാസ് സര്‍ജ്ജറിക്ക് ശരാശരി 100,000 ഡോളര്‍ ചെലവ് വരുമെന്നോര്‍ക്കണം, അമേരിക്കയില്‍. നമ്മുടെ നാട്ടില്‍ 70 വയസുകഴിഞ്ഞ അമ്മൂമ്മയ്ക്കോ അപ്പൂപ്പനോ ആഞ്ചിയോ പ്ലാസ്റ്റി ചെയ്യുന്നതു പോലും ഭൂരിപക്ഷത്തിനും കുടുംബത്തെ സാമ്പത്തികമായി "തകര്‍ക്കുന്ന" തീരുമാനമായി തോന്നിയേക്കാവുന്ന അവസ്ഥയുണ്ടെന്നത് മറക്കരുത്. വെന്റിലേറ്ററില്‍ ആവുമെന്ന അവസ്ഥ വന്നാല്‍ 65-70 വയസുള്ളവരുടെ കേസില്‍ പോലും, "വേണ്ട ഡോക്ടറേ, കൊച്ചുമക്കളെ ഒക്കെ കണ്ട് ജീവിച്ചില്ലേ, ഇനി നിര്‍ത്താം ചികിത്സ" എന്ന് പറയുന്ന അനുഭവം ഇന്ത്യയില്‍ വൈദ്യ സമൂഹത്തിനു സുപരിചിതമാണ്‌. ഇവിടെ 80+ പ്രായമുള്ളവരില്‍ സ്ട്രോക്കിനും ഹൃദ്രോഗത്തിനുമൊക്കെ രക്തക്കുഴലില്‍ നിന്ന് രക്തക്കട്ട വലിച്ചെടുത്ത് രോഗം ഭേദപ്പെടുത്തുന്ന ത്രോം‌ബെക്റ്റമി  ചികിത്സയും മസ്തിഷ്ക ധമനികളിലെ കൊളസ്ട്രോള്‍ കട്ട ചുരണ്ടിക്കളയുന്ന ചികിത്സയുമൊക്കെ സര്‍‌വ്വസാധാരണമാണ്‌. ഒരേ രോഗിയില്‍ തന്നെ പലപ്രായത്തില്‍ ഈ ചികിത്സകള്‍ ആവര്‍ത്തിച്ചു നല്‍കുന്നതും അപൂ‌ര്‍‌വ്വമല്ല. പല ചികിത്സകളുടെയും അടിയന്തര ഘട്ടം കഴിഞ്ഞാല്‍ ശക്തിക്ഷയം മാറാനും നിത്യജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള  ഉന്മേഷം വീണ്ടെടുക്കുന്നതിനും ഒക്കെ ആശുപത്രികളില്‍ തന്നെ സ്ഥാപിക്കപ്പെട്ട റീഹാബിലിറ്റേഷന്‍ വാര്‍ഡുകളിലേക്കോ നേഴ്സിംഗ് ഹോമുകളിലേക്കോ ഇനി അതല്ല വീട്ടില്‍ വന്ന് ഫിസിയോതെറാപ്പി ചെയ്യുന്നതിനാണെങ്കില്‍ അതിനോ മാറ്റുന്നു മിക്ക രോഗികളെയും. മെഡിക്കെയര്‍-മെഡിക്കെയിഡ് സ്കീമുകളില്‍ ഉള്ളവരുടെ കേസില്‍ ഇതിന്റെ ചെലവുകളും വഹിക്കുന്നത് സമൂഹമാണ്‌.
ഈ പദ്ധതികളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയണമെന്നൊക്കെ (മുഖ്യമായും വലതുപക്ഷത്തു നിന്ന്) ഏറെക്കാലമായി വാദങ്ങളുണ്ടെങ്കിലും ടി പദ്ധതികളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന/അനുഭവിച്ചിട്ടുള്ളവരൊക്കെയും ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ ഈ പദ്ധതികളുടെ ഫണ്ടിംഗിനെതിരേ വരുന്ന എന്ത് സര്‍ക്കാര്‍ നീക്കത്തെയും എതിര്‍ക്കുന്നു എന്നത് ഒരു വൈരുദ്ധ്യമാണ്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വരേണ്യ വര്‍ഗ്ഗവും സാമ്പത്തികമായി പിന്നാക്കം നില്‍‌ക്കുന്നവരും തമ്മിലെ പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്ന് ഇതാണ്‌ എന്നത് ഒരു കൗതുകവും,  ഇലക്ഷന്‍ സ്ട്രാറ്റജികള്‍ക്ക് സുപ്രധാനവുമാണ്‌. 

ആരോഗ്യമേഖലയെന്ന ഭീകരജീവി

തൊഴിലാളികളെ വയ്ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് തൊഴിലിന്റെ ഭാഗമായി നല്‍കേണ്ടതുണ്ട് എന്നത് അമേരിക്കയില്‍ ഏറിയും കുറഞ്ഞും എല്ലായിടത്തും പിന്തുടരുന്ന ഒന്നാണ്‌. തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കവറേജില്ലാതെയാകുകയും അത് ആരോഗ്യച്ചെലവ് പോക്കറ്റില്‍ നിന്ന് പൈസയായി പോകുകയും ചെയ്യുന്നു. കഴിഞ്ഞ നൂറുവര്‍ഷം കൊണ്ട്, നാമിന്നറിയുന്ന അമേരിക്കയായി അമേരിക്ക മാറുന്ന കൂട്ടത്തില്‍ തഴച്ചു വളരുകയും സിസ്റ്റത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാകുകയും ചെയ്ത ഒന്നാണ് ഇന്‍ഷുറന്‍സ് നിയന്ത്രിത  ആരോഗ്യമേഖല. ആരോഗ്യമായിരിക്കുന്ന യുവജനം ജീവിതത്തിന്റെ നല്ലൊരു കാലം അടയ്ക്കുന്ന ചെറുപ്രീമിയം എന്നത് വാര്‍ധക്യകാലത്ത് അവര്‍ക്ക് തന്നെയോ, അല്ലെങ്കില്‍ നിലവില്‍ വൃദ്ധരായ രോഗികള്‍ക്കോ ചെലവായി പോകുന്നു എന്ന തത്വത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായി ആശുപത്രികള്‍ പണമീടാക്കുന്നത് തടയാന്‍ വളരെക്കാലം കൊണ്ട് ഇന്‍ഷുറന്‍സ് മേഖല വളര്‍ത്തിയെടുത്ത നിയന്ത്രണങ്ങള്‍ മുറുകി മുറുകി ഇപ്പോള്‍  ഇന്‍ഷുറന്‍സ് കമ്പനിവഴിയല്ലാതെ സ്വന്തം കാശില്‍ നിന്ന് ടെസ്റ്റോ മരുന്നിന്റെ ചെലവോ വഹിക്കാമെന്ന് വച്ചാല്‍ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമെന്ന അവസ്ഥയായിട്ടുണ്ട്. കാരണം ആരോഗ്യരംഗത്തെ ചെലവുകളില്‍ (ടെസ്റ്റ്, മരുന്ന്, കന്‍സല്‍റ്റേഷന്‍ ഫീസ്, ഓപ്പറേഷന്‍ ഫീസ് തുടങ്ങിയവ) ഇന്‍ഷുറന്‍സുകാര്‍ reimburse ചെയ്യുന്നത് ആശുപത്രിയോ ക്ലിനിക്കോ ചാര്‍ജ്ജുചെയ്യുന്നതിന്റെ 47-60% ആണ്‍. അപ്പോള്‍ അതിനനനുസരിച്ച് ചാര്‍ജ്ജ്  കൂട്ടിക്കൂട്ടിയിട്ടാണു ആരോഗ്യബിസിനസില്‍ ലാഭമുണ്ടാക്കുന്നതും. സര്‍ക്കാരാശുപത്രികളുടെ നെറ്റ്‌വര്‍ക്കുകളുള്ള രാജ്യങ്ങളില്‍ (ബ്രിട്ടന്റെയും മറ്റും എന്‍.എച്.എസ് സിസ്റ്റം) ഈ ചെലവിനെ വിപണിക്കു വിട്ടുകൊടുക്കാതെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവും -- ക്വട്ടേഷന്‍ വ്യവസ്ഥയിലേറ്റവും കുറഞ്ഞ തുകയ്ക്ക് മരുന്നു സപ്ലൈ ചെയ്യാനോ, സാധനം സപ്ലൈ ചെയ്യാനോ,കെട്ടിടം പണിയാനോ ഒക്കെയുള്ള കോണ്ട്രാക്റ്റുകള്‍ കൊടുക്കുന്നതിലൂടെ സര്‍ക്കാരാശുപത്രികള്‍ ലോകമെമ്പാടും നടത്തുന്ന മുഖ്യ സേവനവും, ആകെത്തുകയില്‍ ആരോഗ്യച്ചെലവിനെ പിടിച്ചു നിര്‍ത്തുക എന്നതിലാണ്. ഈ രംഗത്ത് അമേരിക്കയിലേത് പോലുള്ള ഒരു സിസ്റ്റം നേരിടുന്ന സന്ദിഗ്ധാവസ്ഥയുണ്ട്: ആരോഗ്യരംഗത്തെ ഭീമമായ ചെലവ് മൂലം ലോകത്തെ തതത്തുല്യ വ്യവസ്ഥിതികളില്‍ താരതമ്യേന ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ആണ്‌ ഇവിടെയുള്ളത്. ടെക്നോളജിയുടെ ആറാട്ടില്‍ മുങ്ങിയമര്‍ന്നു കിടക്കുന്ന സിസ്റ്റത്തില്‍ ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ തൊഴിലുകളും, പുതിയ സങ്കേതങ്ങളും, മരുന്നുകളും കണ്‍ടുപിടിത്തങ്ങളും ദിനേനയെന്നോണം ആണുണ്ടാവുന്നത്. വിപണിയുടെ "തോന്ന്യാസ"ത്തിനു വിട്ടുകൊടുത്തതു കൊണ്ടാണ്‌ മെഡിക്കല്‍  സാങ്കേതിക വിദ്യയുടെയും കണ്‍ടുപിടിത്തങ്ങളുടെയും ഈറ്റില്ലമായി അമേരിക്ക മാറിയതും എന്നത് ഒരു വസ്തുതയാണ്‍. അങ്ങനൊരു വ്യവസ്ഥയുടെ ശീലങ്ങളെ മാറ്റാന്‍ കുറച്ചുകാലമൊന്നും പോര. ഒബാമ കെയര്‍ എന്ന അഫോഡബിള്‍ കെയര്‍ നിയമം കൊണ്ടുവന്നതിലൂടെ നിലവിലെ ഒബാമ സര്‍ക്കാര്‍ ചെയ്തത് ഇന്‍ഷുറന്‍സില്ലാത്ത 32 മില്യനോളം വരുന്ന ആളുകളെ ഇന്‍ഷുറന്‍സ് വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌. തൊഴിലുടമകള്‍ വഴി ഇത് നടന്നില്ലെങ്കില്‍ (ഉദാ: പാര്‍ട്ട് ടൈം തൊഴിലാളികള്‍) സര്‍ക്കാര്‍ തന്നെ അവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുക എന്നതായിരുന്നു ഒബാമയുടെ നയം. ചുരുക്കത്തിലത് ആരോഗ്യമേഖലയില്‍ സര്‍ക്കാരിന്റെ റീച്ച് കൂട്ടുകയോ ചെലവുകളെ കാര്യമായി നിയന്ത്രിക്കുകയോ അല്ല, മറിച്ച് ഇന്‍ഷുറന്‍സ് സിസ്റ്റത്തെ തന്നെ ശാക്തീകരിക്കാനുന്നം വച്ചതായിരുന്നു. ഇതിന്റെ വിദൂരഫലമായും നിയമത്തിന്റെ മറ്റ് ചില വകുപ്പുകളിലൂടെയും ഒക്കെ കുറേ ചെലവുനിയന്ത്രണം സാധ്യമാകുമെന്ന് കരുതപ്പെടുന്നുണ്ട്. പൂര്‍ണ ചിത്രം വെളിവാകാന്‍ ഒരഞ്ചു വര്‍ഷത്തെ കണക്കുകളെങ്കിലും വേണ്ടിവരും. 

മെഡിക്കെയര്‍/മെഡിക്കെയിഡ് പദ്ധതികളെ ഒന്നുകൂടിന്‍ വ്യാപിപ്പിച്ച്, നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്തവരും ദാരിദ്ര്യരേഖയ്ക്കു കീഴെക്കിടക്കുന്നവരുമായ ജനങ്ങളെ അതിനു കീഴില്‍ കൊണ്ടുവരാന്‍ ഒബാമയുടെ അഫോഡബിള്‍ കെയര്‍ നിയമത്തിനു (ഒബാമാകെയര്‍) കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികളെത്തന്നെ പടിപടിയായി വ്യാപിപ്പിച്ച് എല്ലാ അമേരിക്കക്കാര്‍ക്കും പ്രായ/ആരോഗ്യ ഭേദമെന്യേ പരിരക്ഷ ഉറപ്പാക്കാം എന്നതാണ് ഇടതുപക്ഷത്തിന്റെ ഒരു വാദം. ബേര്‍‌ണീ സാന്‍ഡേഴ്സിന്റെ പ്രഖ്യാപനങ്ങളില്‍ സുപ്രധാനമാണ്‌ ഇത്. യൂണിവേഴ്സല്‍ ഹെല്‍ത് കെയര്‍, അഥവാ ഒറ്റ സര്‍‌വീസിലൂടെ എല്ലാ ആരോഗ്യസംബന്ധ ചെലവുകളെയും കവര്‍ ചെയ്യുക എന്നതാണ്‌ ഉദ്ദേശ്യം. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും മറ്റും പലറേറ്റുകള്‍ ഈടാക്കുന്ന പരിപാടി ഒഴിവാക്കുക, ദേശീയതലത്തില്‍ തന്നെ സപ്ലൈയര്‍മാരുമായി വിലപേശല്‍ നടത്തുക വഴി മരുന്ന്‍-വൈദ്യോപകരണ നിര്‍മ്മാണ ഇന്‍ഡസ്ട്രിയെ വരുതിക്കു കൊണ്ടുവരുക എന്നിവയാണു ഏകീകൃത ആരോഗ്യപദ്ധതി വഴി സാധിക്കാവുന്ന പ്രധാന സംഗതികള്‍. മറ്റൊന്ന് അനാവശ്യടെസ്റ്റുകളും അധിക ടെസ്റ്റുകളും നടത്തുന്ന ഡോക്ടര്‍മാരെയും ആശുപത്രികളെയും നിയന്ത്രിക്കുന്നതാണ്‌. തൊഴില്‍‌ദാതാവു വഴി ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ഇടപാട് ഒഴിവാക്കി സര്‍‌ക്കാര്‍ തന്നെ തത്വത്തിലത് ഏറ്റെടുക്കുമ്പോള്‍ തൊഴില്‍ രംഗം ഒന്നുകൂടി സ്വതന്ത്രമാകുമെന്ന  വാദവുമുണ്ട്. പലതലത്തിലും പേപ്പര്‍ വര്‍ക്കും അനാവശ്യ ആവര്‍ത്തനങ്ങളും ഒഴിവാക്കുക വഴി ഓപ്പറേറ്റിംഗ് ചെലവുകള്‍ ഗണ്യമായി കുറയ്ക്കാമെന്നതും ഏകീകൃത ആരോഗ്യപദ്ധതിയുടെ മെച്ചമാണ്‌. 

യൂറോപ്യന്‍/കനേഡിയന്‍ അര്‍ദ്ധ-സോഷ്യലിസ്റ്റ് ശൈലിയില്‍ ഒരു ഏകീകൃത ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് സുന്ദരമായ ഒരു സങ്കല്പമാണെങ്കിലും നൂറു കൊല്ലം കൊണ്ട് പടര്‍ന്ന് പന്തലിച്ച നിലവിലെ അമേരിക്കന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയെ അപ്പോള്‍ എന്തു ചെയ്യും ? ഈ സിസ്റ്റത്തില്‍ ജനിച്ചുവളര്‍ന്ന വൈദ്യരംഗത്തിനു ഇങ്ങനൊരു മാറ്റം ചെറിയ ചങ്കിടിപ്പൊന്നുമല്ല സമ്മാനിച്ചിട്ടുള്ളത്. വൈദ്യരംഗത്തെ ചെലവുകളില്‍ നല്ലൊരു ശതമാനം പോകുന്നത് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാഫിന്റെ ശമ്പളത്തിനും മറ്റുമാണ്‌. അതാകട്ടെ (ഈ ലേഖകന്റെ പരിചയത്തില്‍ വച്ച്) വളരെ ഉയര്‍ന്ന ക്വാളിറ്റിയുള്ളതുമാണ്‌.  പ്രധാന ഇന്‍ഡസ്ട്രികളെ മാത്രമെടുത്താല്‍, ഏതാണ്ട് 12% ആണ്‌ ആരോഗ്യമേഖലയിലെ തൊഴിലുകള്‍. ഇത്രയും വലിയ തൊഴില്‍‌ദാതാവ് പിന്നെയുള്ളത് സര്‍‌ക്കാരാണ്‌. പ്രതിവര്‍ഷം 1.2 ട്രില്യന്‍ ഡോളര്‍ ചെലവാക്കുന്ന അമേരിക്കയുടെ ആരോഗ്യ രംഗത്തെ മൊത്തമായി സര്‍‌ക്കാര്‍ ഏറ്റെടുക്കുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സങ്കല്പിച്ചാല്‍ അതിന്റെ ചെലവ് എങ്ങനെ വഹിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉണ്ട്. പുതിയ നികുതികള്‍ കണ്ടെത്തിയാല്‍ തന്നെയും അറുനൂറ് ബില്യണ്‍ ഡോളര്‍ വര്‍ഷം പിന്നെയും കണ്ടെത്തണമെന്നും, എത്രയൊക്കെ ചെലവു കുറയ്ക്കല്‍ ആരോഗ്യസം‌വിധാനങ്ങളുടെ ഏകീകരണം വഴി കൊണ്ടുവരാന്‍ കഴിഞ്ഞാലും, പിന്നെയും നല്ലൊരു തുക വരുമാനമായി കണ്ടെത്താതെ ബെര്‍ണിയുടേതുപോലൊരു പ്രപ്പോസല്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്ന വിമര്‍ശനമുണ്ട്

ഡോണള്‍ഡ് ട്രമ്പും റിയാലിറ്റി ഷോ രാഷ്ട്രീയവും

വൈരുദ്ധ്യങ്ങളുടെ കൂത്തരങ്ങാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു വേദി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷനും വേണ്ടി പടയ്ക്കിറങ്ങിയ ബിസിനസുകാരനായ ഡോണള്‍ഡ് ട്രമ്പ് ഒരുവശത്ത് ബെര്‍ണി സാന്‍ഡേഴ്സിന്റെ "സോഷ്യലിസ്റ്റ്" വയോധികന്റെ മറുവശമാണ്‌. നേരത്തേ സുചിപ്പിച്ച ബ്ലൂ കോളര്‍ തൊഴിലാളിവര്‍ഗത്തിന്റെ - അതിലെ തന്നെ വെളുത്ത അമേരിക്കക്കാരന്റെ - ആധികള്‍ക്ക് തീയും ഇന്ധനവുമേകിക്കൊണ്ടാണ് ട്രമ്പിന്റെ പടപ്പുറപ്പാട്. സാമ്പത്തികമാന്ദ്യത്തിലൂടെയോ ആന്തരിക കാലുഷ്യങ്ങളിലൂടെയോ കടന്നുപോകുന്ന രാജ്യങ്ങളൊക്കെ തങ്ങളുടെ ഗതികേടിന്റെ ഉത്തരവാദിത്തം കൊണ്ടുചാരാന്‍ പറ്റിയ അപരജീവികളെ തേടുന്നത് എല്ലാക്കാലത്തെപ്പോലെ ഇത്തവണയും സംഭവിച്ചു. തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കുന്ന "വിദേശികള്‍ക്കെതിരേ" രോഷം തിരിച്ചുവിടുക എന്ന തന്ത്രത്തിനു ഇരയായത് യുഎസിന്റെ തെക്കനതിര്‍ത്തിക് കടന്ന് വന്ന് ഇവിടെ രേഖകളില്ലാതെ പണിയെടുക്കുന്ന (മഹാഭൂരിപക്ഷവും ദിവസക്കൂലിപ്പണി) മെക്സിക്കോക്കാരനും, തങ്ങളുടെ ഫാക്റ്ററി ജോലികള്‍ "തട്ടിയെടുത്ത", ലോകസാമ്പത്തികശക്തിയാകാന്‍ കുതിക്കുന്ന ചൈനയും ആയിരുന്നു. മാറുന്ന തൊഴില്‍ മേഖലയില്‍ നിന്ന് സാങ്കേതികവിദ്യാഭ്യാസമില്ലാത്ത കാരണത്താല്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന അവിദഗ്ധ തൊഴിലാളികളുടെ കൂട്ടമാണ് ഇതിലേറ്റവും അതൃപ്തിയും അസഹിഷ്ണുതയുമുള്ളവര്‍. അവരെ സംബന്ധിച്ചിടത്തോളം, അമേരിക്കന്‍ ഗ്രാമീണ സംസ്കാരത്തിന്റെ അന്ത്യകാലമാണിത്, അന്തിക്രിസ്തു ഒബാമയും. കല്‍ക്കരിമേഖല ഇതിനൊരുദാഹരണമാണ്‌.  ഒബാമസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടന്ന വിപ്ലവങ്ങളിലൊന്നായിരുന്നു സോളാര്‍ അടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കാനും ശേഖരിച്ചു വയ്ക്കാനുമൊക്കെയുള്ള പദ്ധതികളുടെ വ്യാപനവും ഈ രംഗത്തേക്ക് കൂടുതല്‍ ഗവേഷണത്തിനുള്ള തുക വകയിരുത്തലുമൊക്കെ. എട്ടുവര്‍ഷം കൊണ്ട് വന്‍ പുരോഗതിയാണീരംഗത്തു കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം ആഗോളതാപനത്തെപ്രതിയുള്ള കരുതലും എതിര്‍പ്പുകളും കൂടിയായപ്പോള്‍ കല്‍ക്കരി പോലുള്ള പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകളുടെ ഡിമാന്റ് നന്നേകുറഞ്ഞു; പല കമ്പനികളും പാപ്പരായി, ഈ മേഖലയിലെ തൊഴിലുകള്‍ ഇടിഞ്ഞത് ഗ്രാമീണ മേഖലയിലാണേറ്റവും ബാധിച്ചതും. 

വിദേശികള്‍ തട്ടിയെടുക്കുന്ന ജോലി കഴിഞ്ഞാല്‍ സമകാലീനഭയങ്ങളിലേറ്റവും മുഖ്യമായ ഇസ്ലാമിക ഭീകരതയെ ട്രമ്പടക്കം എല്ലാ രാഷ്ട്രീയക്കാരും ഉപയോഗിച്ചു. സെപ്തംബര്‍ പതിനൊന്നിന്റെ ഭീതി ഇനിയും മാഞ്ഞിട്ടില്ലാത്ത അമേരിക്കയെ പടയില്‍ നയിക്കാന്‍ ഒബാമ അശക്തനാണെന്നും തങ്ങളാണതിനു യോഗ്യരെന്നും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളോരോരുത്തരും സ്ഥിരം പറയുന്നകാര്യമാണ്‌. ഒരു റിയാലിറ്റിഷോ താരം കൂടിയായ ട്രമ്പിനു മുസ്ലീങ്ങളെ അപ്പാടെ അമേരിക്കയില്‍ വരുന്നതില്‍ നിന്ന് നിരോധിക്കണമെന്നൊക്കെ തട്ടിവിട്ട് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സമയം വേണ്ടിവന്നില്ല. ഇറാക്കിലും സിറിയയിലും കാര്‍പ്പറ്റ് ബോംബിംഗ് നടത്തി ഇസ്ലാമികഭീകരരെ തുടച്ചു നീക്കണമെന്ന് പറഞ്ഞ് പോളുകളില്‍ പിന്നിലായിരുന്ന ടെഡ് ക്രൂസും നയം പ്രഖ്യാപിച്ചു. യൂറോപ്പില്‍ നിന്ന് വിരുദ്ധമായി, അമേരിക്കയില്‍ വിദേശികളോടുള്ള വിരോധവും വംശീയവിവേചനവും നന്നേ കുറവാണ്‌ എന്നതാണ്‌ ഇത്തരം പ്രഖ്യാപനങ്ങളെ സ്തോഭജനകമാക്കുന്നത്. ഇവിടെ വരുന്ന ക്രൈസ്തവേതര വിദേശ സംസ്കാരങ്ങളില്‍ നിന്നുള്ളവരില്‍ മഹാഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസവുമായി ജോലിക്കു വരുകയും ഇവിടെത്തന്നെ സമൂഹത്തിലങ്ങ് ലയിക്കുകയും ചെയ്യുന്നതാണ്‌ രീതി. മതപീഢനത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരുടെ പിന്തലമുറകളാല്‍ സൃഷ്ടിക്കപ്പെട്ട ഈ രാജ്യം വിശ്വാസ/ആരാധനാ സ്വാതന്ത്ര്യം പരമപ്രധാനമായി കാണുന്നു.  സാമൂഹികോദ്ഗ്രഥനത്തിനു പ്രശ്നമില്ലാത്ത ഒരു വിഭാഗത്തിനെ മതത്തിന്റെ പേരില്‍ പുറത്തുനിര്‍ത്തണമെന്ന പ്രസ്താവന ഭൂകമ്പമുണ്ടാക്കിയത് അങ്ങനെയാണ്. ട്രമ്പിന്റെ പ്രസിദ്ധിക്ക് മറ്റൊരു പ്രധാന കാരണം പരസ്യമായി വംശീയതയെയോ വിവേചനപരമായ സംഗതികളെപ്പറ്റിയോ വിളിച്ചുകൂവാനയാള്‍ക്ക് മടിയില്ലായിരുന്നു എന്നതാണ്‌. സ്ത്രീകളെ വിരൂപകളെന്നും ബുദ്ധിയില്ലാത്തവരെന്നും വിളിച്ച് അവഹേളിക്കുന്നതിനോ വികലാംഗരായ റിപ്പോര്‍ട്ടമാരെ കളിയാക്കുന്നതിനോ അയാള്‍ കാണിച്ച അറപ്പില്ലായ്മയില്‍ അയാളുടെ അണികളില്‍ ചിലരെങ്കിലും കണ്ടത് തങ്ങള്‍ക്കു ചുറ്റും വര്‍ദ്ധിച്ചുവരുന്ന പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെതിരേയുള്ള കുതറലായിട്ടാണ്‌. രാഷ്ട്രീയത്തെ ഒരു 24മണിക്കൂര്‍ തുടരന്‍ ന്യൂസ്  റിയാലിറ്റി ഷോ ആയി മാറ്റിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്ക് വേണ്ടതൊക്കെ തീറ്റയായി എറിഞ്ഞു കൊടുത്ത് "അഞ്ച് കാശിന്റെ" ചെലവില്ലാതെ ട്രമ്പിന്റെ തെരഞ്ഞെടുപ്പു പ്രചാരണം പൊടിപൊടിച്ചതും ഒരു ബിസിനസ് തന്ത്രമായിരുന്നെന്ന് കരുതണം.

മാറുന്ന അമേരിക്ക

അപ്പോള്‍ അമേരിക്ക ഇടത്തോട്ട് മാറി സഞ്ചരിക്കുകയാണോ ? സോഷ്യലിസ്റ്റ് അട്ടിമറിക്ക് അമേരിക്ക തയ്യാറായോ ?  മറ്റ് മിക്ക വികസിത  രാജ്യങ്ങളെയും പോലെ 2015-ഓടെ അമേരിക്കയുടെ ജനസംഖ്യയിലെ ഏറ്റവും വലിയ ഗ്രൂപ്പായി മില്ലനിയല്‍ തലമുറ (1980/90കളില്‍ ജനിച്ച, 2000ത്തിന്റെ ചുറ്റുവട്ടങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍) മാറി. ഇന്ന് സമ്പദ്ഘടനയെ മുന്നോട്ട് തള്ളാനും മാത്രം ക്രയവിക്രയ ശേഷിയുള്ള, കരമടയ്ക്കുന്ന ജോലികളിലുള്ള നല്ലൊരുശതമാനം ആണ്‍ ഈ സം‌വര്‍ഗം. ഇവര്‍ വളര്‍ന്നതാകട്ടെ താരതമ്യേന ലിബറല്‍ ആയ സാമൂഹ്യ സാഹചര്യങ്ങളിലാണ്‌. ഇവരില്‍ നല്ലൊരു ശതമാനവും സ്കൂള്‍/കോളെജ് കാലത്തേ അന്യരാജ്യങ്ങളില്‍ നിന്നും കുടിയേറിയവരുടെ കുട്ടികളുമായി ഇടകലര്‍ന്ന് വളര്‍ന്നവരാണ്‌; ഈ തലമുറയിലെ 10ല്‍ നാലുപേരെങ്കിലും വെളുത്തവംശേതര ജനതയില്‍ നിന്ന് (കുടിയേറ്റമോ അല്ലാത്തതോ) ഉണ്ടായവരാണ്. ആഗോളവല്‍കരണത്തിന്റെ ഫലമായുണ്ടായ സംസ്കാരങ്ങളുടെ വ്യാപനം നല്ലവണ്ണം സ്വാധീനിച്ച കൂട്ടരാണിവര്‍. ഇവരെടുക്കുന്ന തൊഴിലുകളാകട്ടെ അന്താരാഷ്ട്ര കോര്‍പ്പറേഷനുകളുമായി ബന്ധപ്പെട്ടതോ മറ്റ് രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഒക്കെ ബന്ധിപ്പിക്കുന്ന തരം മീഡിയങ്ങളെ ഉപയോഗിക്കുന്നതോ ആണ്‌. മുന്‍ തലമുറകളേക്കാള്‍ അന്യനാട്ടുകാരുമായും വെള്ളക്കാരല്ലാത്തതോ അമേരിക്കനല്ലാത്തതോ ആയ സമൂഹങ്ങളോട് തുറന്ന സമീപനമുള്ളവരാണിവര്‍. ഗേ, ട്രാന്‍സ് ജെന്‍ഡര്‍, ലെസ്ബിയന്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത ലൈംഗിക സ്വത്വങ്ങളെയും അവരുടെ അവകാശങ്ങളെയും സ്വാഭാവികമായി കാണുന്ന, ലാറ്റിനമേരിക്കന്‍ സംഗീതവും, ഇന്ത്യന്‍ കറിക്കൂട്ടുകളും, ജാപ്പനീസ് ടെക്നോളജിയും ഒക്കെ ഒരുപോലെ ഇണക്കുന്ന ഈ തലമുറയുടെ ഉപഭോഗശീലങ്ങളെയാണു വിപണി ഇപ്പോള്‍ പ്രീതിപ്പെടുത്താന്‍ ബദ്ധപ്പെടുന്നത്. 
http://www.pewresearch.org/


മില്ലനിയല്‍ തലമുറയില്‍ നടന്ന അഭിപ്രായ സര്‍‌വേകളിലെല്ലാം ചില പൊതുസ്വഭാവങ്ങള്‍ വെളിവായിട്ടുണ്ട്.  എല്ലാതലമുറകളെയും അപേക്ഷിച്ച് "മതം" ഒരു സാംസ്കാരിക സംഗതി മാത്രമായി കാണുന്ന ജനറേഷനാണു മില്ലനിയല്‍സ്. മതനിരപേക്ഷതയുടെയും എത്തീയിസത്തിന്റെയും പുഷ്കലകാലമാണെന്ന് കരുതിയിരുന്ന അറുപതുകളുടെ ഉല്പന്നമായ തലമുറയില്‍ പോലും 11-17% പേരേ "മതമില്ലാത്തവര്‍" എന്ന് സ്വയം ലേബലടിക്കാറുള്ളൂ, പക്ഷേ മില്ലനിയലുകളില്‍ അത് 35% ആണ്‌. ഈ ലിബറല്‍ ചായ്‌വ് കഞ്ചാവ് പോലുള്ള ലഹരികളുടെ കാര്യത്തിലും വ്യക്തമാണ്‌. 

സാമ്പത്തിക മാന്ദ്യത്തിന്റെ ഉച്ചസ്ഥായിയിലാണ്‌ മില്ലനിയല്‍ തലമുറ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് ജോലിയന്വേഷിക്കാനാരംഭിച്ചത്. ഇത് അവരെ ഏറ്റവും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഗ്രൂപ്പാക്കി മാറ്റി. ഇതിന്റെ ഒരു പ്രതിഫലനമാണു നടാടെ പ്രചരിച്ച് ജനപ്രീതിയാര്‍ജ്ജിച്ച "ഷെയറിംഗ് ഇക്കോണമി". ഊബര്‍, എയര്‍ ബി-എന്‍-ബി എന്നിങ്ങനെ കാറിലെ സഞ്ചാരവും വീട്ടിലെ ഒരു മുറി ഹോസ്റ്റല്‍ പോലെ (വാടകയ്ക്ക്) ഷെയര്‍ ചെയ്യുന്നതും മറ്റും മില്ലനിയല്‍ തലമുറയുടെ സാംസ്കാരിക സംഭാവനകളാണ്‌. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം വളരെ പരിമിതമായ അമേരിക്കയില്‍ ഇത് ഒരു സംസ്കാരത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവുമാണ്‌. പതിനഞ്ചോ പതിനാറോ വയസില്‍ ഡ്രൈവിംഗ് ആരംഭിക്കുന്ന അമേരിക്കക്കാര്‍ക്ക് സ്വന്തം കാര്‍ എന്നത് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്‌. രണ്ടിലധികം മുതിര്‍‌ന്ന അംഗങ്ങളുള്ള ഒരു വീട്ടില്‍ രണ്ട് മുതല്‍ മൂന്ന് കാറുകള്‍ വരെയുണ്ടാകുക സ്വാഭാവികം. പെട്രോളിന്റെ വില നിയന്ത്രിച്ച് നിര്‍ത്തുകവഴി അമേരിക്ക എന്ന മഹാ എഞ്ചിന്റെ ഓട്ടത്തിനു ഊര്‍ജ്ജം പകരുക എന്നതാണ് ഏത് സര്‍ക്കാരിന്റെയും ഒന്നാമത്തെ ഉദ്ദേശ്യം. ഈ ഊര്ജോപഭോഗ സംസ്കാരത്തിന്റെ ഒരു പാര്‍ശ്വഫലമാണ്‌ ആഗോള താപനം. മില്ലനിയലുകള്‍ക്കിടയില്‍ ആഗോളതാപനത്തെപ്രതി ഉള്ള ആകുലതകള്‍ ഏതാണ്ടെല്ലാ സര്‍‌വേകളും വ്യക്തമാക്കിയിട്ടുണ്ട്. റീസൈക്ലിംഗ് വഴിയും, കൂടുതല്‍ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കുക വഴിയും, ഡ്രൈവിംഗ് ഒഴിവാക്കി സൈക്കിളോ മറ്റോ ആക്കുക വഴിയും, പറ്റിയാല്‍ ഷെയര്‍ ചെയ്ത് കാര്‍ ഓടിക്കുക വഴിയും ഒക്കെ അവര്‍ ഒരു പുതുസംസ്കാരം തന്നെ പടുത്തുയര്‍ത്തിയിട്ടുണ്ട്. മില്ലനിയലുകള്‍ക്കിടയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന്റെ പ്രായം വര്‍ദ്ധിച്ചിട്ടുണ്ട്, അവര്‍ കാറുകള്‍ വാങ്ങുന്നതിലും കാര്യമായ താമസം വന്നിട്ടുണ്ട്, അതിലുപരി കൂടുതല്‍ എഫീഷ്യന്റായ കാറുകള്‍ വാങ്ങാന്‍ താല്പര്യം കാണിക്കുന്നു എന്നതും മാര്‍ക്കറ്റിന്റെ സ്വഭാവത്തെയും കമ്പനികള്‍ ഊര്‍ജ്ജ എഫീഷ്യന്‍സിയില്‍ നടത്തുന്ന നിക്ഷേപങ്ങളെയും, എന്തിനു, സര്‍ക്കാരിന്റെ പദ്ധതികളിലെ ഊന്നലുകളെ തന്നെയും ബാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇതേ മില്ലനിയലുകള്‍ തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ വിരുദ്ധനിലപാടുകളെടുത്തിട്ടുള്ളതും അനലിസ്റ്റുകളെ കുഴക്കുന്നുണ്ട്. ഏകീകൃത ആരോഗ്യപദ്ധതിയെന്ന ആശയത്തെ മഹാഭൂരിപക്ഷവും പിന്താങ്ങുമ്പോള്‍ തന്നെ, ഇതേ എകീകൃത ആരോഗ്യപദ്ധതിയിലേക്കുള്ള ഒരു ചെറുചുവടുവയ്പ്പായിരുന്നു എന്ന് പറയാവുന്ന ഒബാമയുടെ അഫോഡബിള്‍ കെയര്‍ ആക്റ്റിനെ അവരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മില്ലനിയലുകള് "വരുമാന അസന്തുലിതാവസ്ഥ" സര്‍ക്കാരിടപെട്ട് കുറയ്ക്കേണ്ട സംഗതിയാണെന്ന് പറയുമ്പോള്‍ വാര്‍ഷിക വരുമാനം കൂടിയ മില്ലനിയലുകള്‍ സര്‍ക്കാരിന്റെ ഇടപെടലിനെ, മറ്റ് കണ്‍സര്‍‌വേറ്റിവുകളെപ്പോലെത്തന്നെ എതിര്‍ക്കുന്നു. അത്തരം ഇടപെടലുകള്‍ ആത്യന്തികമായി തങ്ങളുടെ "ഉയര്‍ന്ന വരുമാന"ത്തിന്മേലുള്ള ടാക്സ് ആയി തീരും എന്ന ഭയം തന്നെയാണ്‍ സാമ്പത്തിക മുന്നോക്കക്കാരായ മില്ലനിയലുകള്‍ക്കുമുള്ളത്. കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ആളുകള്‍ തന്നെ ജനത്തിന്റെ സാമ്പത്തിക ഭദ്രതയുറപ്പാക്കാന്‍ സര്‍‌വീസുകള്‍ കൂടുതല്‍ വിശാലമാക്കണമെന്ന് സമ്മതിക്കുന്നു. 

സോഷ്യല്‍ ലിബറലിസം ലോകത്തിന്റെ പലഭാഗത്ത് പലതായിട്ടാണു വായിക്കപ്പെടുക എന്നത് പ്രധാനമാണ്‌. മതമൗലികവാദവും ഫ്യൂഡലിസവും കൊടികുത്തിവാഴുന്ന ഒരിടത്ത് നടക്കുന്ന ചുംബനസമരത്തിനുള്ള "സോഷ്യല് ലിബറലിസ" വ്യഗ്രതയ്ക്ക് ഒരു പാശ്ചാത്യ സമുഹത്തില്‍ പ്രസക്തിയില്ല. പെണ്ണുങ്ങള്‍ സ്കൂളിലേ പോകരുതെന്ന് ഫത്വ പുറപ്പെടുവിക്കുന്ന കുഗ്രാമത്തിലെ പെണ്‍കുട്ടി സ്കൂളില്‍ പോണമെന്ന് പ്രസംഗിക്കുമ്പോഴത്തെ "വിപ്ലവ"ത്തിന്റെ കാര്യവും അതുപോലെത്തന്നെ. 'സാമൂഹ്യമായി' ലിബറല്‍ ആയവരുടെ 'സാമ്പത്തിക' നയം അതേ പാതയിലായിരുക്കുമെന്ന് കരുതുക വയ്യ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ക്രൈസ്തവ ഇവാഞ്ജലിസത്തിന്റെ അസ്കിത കുറഞ്ഞ ഗണ്യമായൊരു വിഭാഗം സാമൂഹ്യമായി ലിബറല്‍ അല്ലെങ്കില്‍ കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ലിബര്‍ട്ടേറിയന്‍ ആണ്‌. പൗരന്റെ വ്യക്തിജീവിതത്തില്‍ സര്‍ക്കാരിനോ സമൂഹത്തിനോ അധീശത്വം പാടില്ലെന്ന വാദമാണവര്‍ക്ക്. അതുകൊണ്ടുതന്നെ ഗേ/ലെസ്ബിയന്‍/ട്രാന്‍സ് വിഭാഗക്കാര്‍ക്കു കല്യാണം കഴിക്കണമെങ്കില്‍ അതില്‍ മറ്റാരും കൈകടത്തേണ്ട കാര്യമില്ലെന്നും അവര്‍ പറയും. ബിസിനസുകള്‍ തളരുകയും തകരുകയും വളരുകയും ഒക്കെ ചെയ്യുന്നത് വിപണിയുടെ അദൃശ്യ ശക്തികളാലാണെന്നും അതിനെ അതിന്റെ പാട്ടിനു വിടാതെ സര്‍ക്കാരിടപെട്ട് തകരുന്ന ബിസിനസുകളെ രക്ഷിക്കാന്‍ നോക്കരുതെന്നും വാദിക്കുന്ന ലിബര്‍ട്ടേറിയന്‍ ചിന്തക്കാരുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ റോണ്‍ പോളും മകന്‍ റാന്റ് പോളും ആണീ സം‌വര്‍ഗ്ഗത്തിന്റെ മികച്ചയുദാഹരണം (ഇദ്ദേഹം ഈ ഇലക്ഷന്‍ സൈക്കിളില്‍ അധികം പിന്തുണയില്ലാതെ പിന്‍‌വാങ്ങി).

ഇടത് ഇന്‍ഡിക്കേറ്ററിട്ട് വലത്തോട്ട് തിരിയുന്ന വണ്ടി

2012ലെപ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി ആഫ്രിക്കനമേരിക്കന്‍ വംശജര്‍ (66%) വെളുത്ത അമേരിക്കക്കാരെക്കാള്‍ (64%) കൂടുതലായി വോട്ടുചെയ്തു. അതേസമയം ഈ രണ്ടുവംശജര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വോറ്റിംഗ് ബ്ലോക്കായ ഹിസ്പാനിക്/ലത്തീനോ വംശജരില്‍ 48% മാത്രമാണു വോട്ടുചെയ്തത്. വെളുത്തവംശജരുടെ ജനസംഖ്യാനുപാതം പ്രതിവര്‍ഷം കുറയുകയാണ്‌ എന്നത് പ്രധാനമാണ്‌ ഇലക്ഷന്‍ കാലത്ത്. ഹിസ്പാനിക്/ലത്തീനോ വംശജരാണു ഏറ്റവും വേഗത്തില്‍ വളരുന്ന ബ്ലോക്ക് എന്നത് ശ്രദ്ധേയമാണ്‌. വോട്ടിംഗ് ബ്ലോക്കുകളിലെ പ്രായക്കണക്കും സിഫോളജിസ്റ്റുകള്‍ക്കും തന്ത്രരൂപീകരണ ഗ്രൂപ്പുകള്‍ക്കും പ്രധാനമാണ്‌. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ 70% പേര്‍ വോട്ടുചെയ്യാന്‍ എത്തുമ്പോള്‍  18-24 വയസ്സുള്ള, മേല്‍പ്പറഞ്ഞ സോഷ്യല്‍ മീഡിയാ സോഷ്യലിസ്റ്റ്/പുരോഗമനവാദി ബ്ലോക്ക് കഷ്ടിപിഷ്ടി 48% ആണു വോട്ടുചെയ്യാന്‍ ഇറങ്ങിയത്. ഇത് ഒബാമ ആദ്യമായി ജയിച്ച, ഒബാമാ തരംഗവും യുദ്ധവിരുദ്ധവാദവും വാള്‍‌സ്ട്രീറ്റ്-കോര്‍പ്പറേറ്റ് വിരുദ്ധതയും കത്തി നിന്ന 2008ലെ കണക്കാണ്‌. 

കഴിഞ്ഞ നൂറുവര്‍ഷത്തെ ലഭ്യമായ കണക്കുകളെല്ലാം സൂചിപ്പിക്കുന്ന ട്രെന്‍ഡനുസരിച്ച്, ഇളമക്കാരേക്കാള്‍ വളരെയധികം കൂടുതലായിരിക്കും പ്രായമായവരുടെ വോട്ടിംഗ് അനുപാതം. പുതുതലമുറയെ വോട്ടിംഗിനു നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ പലയിടത്തും പരിഗണനയിലുണ്ട്. നവസങ്കേതങ്ങളുപയോഗിച്ച് വീട്ടിലോ ഓഫിസിലോ ഇരുന്നു തന്നെ വോട്ടുചെയ്യാന്‍ ഉള്ള സൗകര്യമുണ്ടാക്കണമെന്ന ആവശ്യവും പരിഗണനയിലാണ്‌. ജനസംഖ്യാ"ന്യൂനപക്ഷ"ങ്ങളെ കൂടുതലായി വോട്ടിംഗിനു ഇറക്കുന്നതിലൂടെയാണു്‌ അവര്‍ക്കിടയില്‍ സ്വാധീനം കൂടുതലായ ഡെമോക്രാറ്റിക് പാര്‍ട്ടി ഇലക്ഷന്‍ പിടിക്കാറ്‌. ഹിസ്പാനിക് ജനതയെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയമാണ് കുടിയേറ്റമെന്നത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കൂലിപ്പണിക്കാരുടെ അനധികൃത കുടിയേറ്റം ഡോണള്‍ഡ് ട്രമ്പിന്റെ വിഷം ചീറ്റലിനൊക്കെ മുന്‍പേ തന്നെ ഒബാമ വിഷയമാക്കിയിരുന്നു, 2008ലും 2012ലും.
http://www.pewresearch.org/next-america/
അനധികൃതമായി പണ്ട് കുടിയേറിയ കുടുംബങ്ങളില്‍ ജനിച്ച് സാങ്കേതികമായി പറഞ്ഞാല്‍ അമേരിക്കന്‍ പൗരന്മാര്‍ തന്നെയായി വളര്‍ന്ന വലിയൊരു തലമുറ അമേരിക്കയില്‍ നിയമസാധുതയുള്ള പൗരന്മാരായി മാറാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന അവസ്ഥയുണ്ട്. ഈ കുട്ടികളെയും കുടുംബങ്ങളെയും സം‌രക്ഷിക്കുക എന്നതിന്റെ ഭാഗമായി ഇവരെ സ്വരാജ്യങ്ങളിലേക്ക് മടക്കിയയക്കുന്ന പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ഡ്രീമേഴ്സ് (അമേരിക്കന്‍ ഭാവി സ്വപ്നം കാണുന്നവരെന്ന്) എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഈ ബ്ലോക്കിനെ ഹിലരി ക്ലിന്റന്‍ ആണു നിലവില്‍ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതും അടുക്കിപ്പിടിക്കുന്നതും.

പ്രായമേറുന്നതിനനുസരിച്ച് ആളുകള്‍ കൂടുതല്‍ സാംസ്കാരികവും സാമ്പത്തികവുമായി യാഥാസ്ഥിതികനിലപാടുകാരാവും എന്ന സാമൂഹിക സൈക്കോളജി സര്‍‌വ്വേകളിലൊക്കെ വ്യക്തമാണ്‌. കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്നവര്‍, സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള ബ്ലോക്കുകളും കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകളോട് ചായുന്നത് സ്വാഭാവികമാണ്‌; വിശേഷിച്ച് സാമ്പത്തിക കാര്യങ്ങള്‍ വരുമ്പോള്‍. മില്ലനിയലുകളെയും സാമൂഹിക പിന്നാക്കാക്കാരെയുമൊക്കെ ഒരു ബ്ലോക്കായി ഇലക്ഷനു ഇറക്കാമെങ്കില്‍ ബേര്‍ണി സാന്‍ഡേഴ്സിനെപ്പോലൊരു സ്ഥാനാര്‍ത്ഥിക്ക് സോഷ്യലിസമെന്ന "എടുക്കാച്ചരക്ക്" അമേരിക്കയില്‍ വില്‍ക്കാന്‍ സാധിക്കുമെന്നതില്‍ സംശയം വേണ്ട. എന്നാല്‍ തലമൂത്ത ബേബീ ബൂമര്‍ (1946-1964 കാലത്തു ജനിച്ച്, ഇന്ന് 70നു താഴെ പ്രായമുള്ള) തലമുറയും പിന്നെ സൈലന്റ് ജനറേഷനും (1925-1945നിടയ്ക്ക് ജനിച്ചവര്‍, 70നുമേല്‍ പ്രായമുള്ളവര്‍) ആണ്‌ വോട്ടിംഗ് ശതമാനത്തില്‍ മഹാഭൂരിപക്ഷം.
http://www.pewresearch.org/next-america/
അറുപതുകളിലും എഴുപതുകളിലും ചെറുപ്പമായിരുന്ന ബേബീ ബൂമര്‍ തലമുറ അക്കാലത്തെ ലോകം മാറ്റിമറിക്കുന്ന വിപ്ലവങ്ങളിലെ ഭാഗമായിരുന്നു. ഇന്ന് അവരുടെ സാമൂഹ്യ കാഴ്ചപ്പാടുകള്‍ കുറച്ചെങ്കിലും മധ്യനിലയിലോ (centrist) ഇടത്തോട്ടോ ചാഞ്ഞിരിക്കുന്നതാണ്‌. സൈലന്റ് ജനറേഷനാകട്ടെ പല സര്‍‌വേകളിലും മുന്‍ ഇലക്ഷനുകളിലും വളരെ യാഥാസ്ഥിതികമായ നിലപാടുകളുള്ളവരാണു്‌ എന്ന് കാണുന്നു. ഇത് കൗതുകമുള്ളൊരു ശക്തിപരീക്ഷണമായിരിക്കും. സീനിയര്‍ സിറ്റിസണ്‍സ് പൊതുവേ മെഡിക്കെയര്‍ മെഡിക്കെയിഡ് പദ്ധതികളുടെയും സാമൂഹ്യക്ഷേമ പദ്ധതികളുടെയും  വ്യാപക ഉപഭോക്താക്കളായതുകൊണ്ട് അത്തരം സര്‍ക്കാര്‍-വക സോഷ്യലിസ്റ്റ് പദ്ധതികളെ ചുരുക്കുന്ന കാര്യം സ്ഥാനാര്‍ത്ഥികള്‍ എടുത്തിടാറില്ല ഈ ഇലക്ഷനുകളില്‍. എന്നാല്‍ വിശാലമായ ചെലവുചുരുക്കല്‍/സര്‍ക്കാരിനെ കടിഞ്ഞാണിട്ട് നിര്‍ത്തല്‍ എന്നൊക്കെ പറയുമ്പോള്‍ വ്യംഗ്യമായി ഈ പദ്ധതികളെക്കൂടി ഉദ്ദേശിക്കുന്നുണ്ട് എന്നത് അത്ര വ്യക്തവുമാക്കാറില്ല.

മൊബൈല്‍ സാങ്കേതിക വിദ്യകളില്‍ പ്രവീണരായ ഒരു തലമുറയുടെ സ്വാധീനമാണു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും അവയെ ഉപജീവിക്കാതെ തരമില്ലെന്ന നിലയിലെത്തിയ പത്രമാധ്യമങ്ങളുടെയും നയങ്ങളെയും വാര്‍ത്താ കവറേജിനെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്നവര്‍ക്കു ഈ ഇലക്ഷനിലെ ജയം "ഉറപ്പാണ്‌" എന്ന തോന്നലുണ്ടാക്കാന്‍ എളുപ്പമാണ്‌. ബേര്‍ണീ സാന്‍ഡേഴ്സിന്റെ മുന്നേറ്റം ഇതിന്റെ ഒരു അടയാളമാണ്‌. സോഷ്യല്‍ മീഡിയയിലെ ഫാഷനബിള്‍ ആയ "ലിബറലിസ്റ്റ്" ആശയങ്ങള്‍ വച്ച്  വോട്ടിംഗ് പാറ്റേണ്‍ അളക്കുന്നത് അമ്പേ അബദ്ധമായിരിക്കും. 

യഥാര്‍ത്ഥ അമേരിക്ക ബ്ലൂക്കോളറും വൈറ്റ് കോളറും എലീറ്റിസ്റ്റുകളും കണ്‍‌സര്‍‌വേറ്റിവ് ഗ്രാമീണരും ഒക്കെ സമ്മിശ്രമായിക്കിടക്കുന്ന ജനതയുടെ ഇച്ഛകളിലാണ്‌ ജീവിക്കുന്നത്. ജോര്‍‌ജ് ബുഷിനെപ്പോലൊരു പ്രസിഡന്റിനു ശേഷം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു കാലത്തും എഴുന്നേറ്റ് നില്‍ക്കാന്‍ ആവില്ലെന്ന് ലോകം മുഴുവന്‍ കരുതിയിട്ടും ഒബാമയ്ക്ക് ലഭിച്ചത് റിപ്പബ്ലിക്കന്‍ എതിര്‍‌ സ്ഥാനാര്‍ത്ഥിയെക്കാള്‍ 7%ത്തോളം അധികവോട്ടുമാത്രമാണ്‌ എന്നോര്‍ക്കുക. ആവശ്യപ്പെട്ടാലുമില്ലെങ്കിലും "ലോക പൊലീസിന്റെ" റോളെടുക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര പോളിസികള്‍ക്കു വലിയ സ്വാധീനമുണ്ടെന്ന് തോന്നാമെങ്കിലും ആഭ്യന്തര വിഷയങ്ങള്‍ തന്നെയാണ്‌ മിക്ക തവണത്തെയും പോലെ ഇക്കുറിയും ഇലക്ഷന്റെ ഗതി നിശ്ചയിക്കുക. മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ ഓരോ തലമുറയും, ഓരോ വോട്ടിംഗ് ബ്ലോക്കും എടുക്കുന്ന തീരുമാനങ്ങള്‍ ഇതില്‍ പ്രധാനമാണ്‌. മൃദു നിലപാടുകളേക്കാള്‍ തീവ്രനിലപാടുകള്‍ എടുക്കുക വഴി ഓരോ വോട്ടിംഗ് ബ്ലോക്കിനെയും മറ്റൊന്നിനെതിരേ തിരിയാനും വിവേകത്തിനേക്കാള്‍ വികാരത്തിന്റെ പുറത്ത് വോട്ടുചെയ്യുന്നതിനു പ്രേരിപ്പിക്കാനും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും സമ്മിശ്രവും എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്നതുമായ ഒരു അവിയലാണ്‌ ഇത്തവണത്തെ ഇലക്റ്ററേറ്റ് എന്നതു കൊണ്ടാവാം.

4 comments:

 1. അമേരിക്കൻ പൊളിറ്റിക്സിനെക്കുറിച്ചുള്ള സൂരജിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. ഇതേ വിഷയത്തിൽ കുറെ കാലം മുൻപ് എഴുതിയ ഒരു കമന്റ് അല്പം വിപുലീകരിച്ച് ഇവിടെ കൂട്ടി ചേർക്കുന്നു.

  സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയങ്ങളെ അങ്ങേയറ്റം അറപ്പോടും വെറുപ്പോടും കാണുവാൻ പാകപ്പെടുത്തിയെടുത്ത ഒരു സമൂഹമാണു അമേരിക്കയിൽ ഉള്ളത്. ഈ പാകപ്പെടുത്തൽ നടത്തിയത് കാൽക്കുലേറ്റഡ് മീഡിയ പ്രൊപ്പഗാൻഡകൾ വഴിയാണു താനും. സിനിമയടക്കം സകല മാധ്യമങ്ങൾക്കും ഈ പ്രചാരണങ്ങളിൽ പങ്കുണ്ട്.

  ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ അഭയം തേടിയവരുടെ പിൻതലമുറയിൽ നിന്നും ഉയർന്ന് വന്ന രണ്ട് വ്യക്തികൾ ഇന്ന് തീവ്ര വലതു പക്ഷമായ റിപ്പബ്ലിക്കൻസിന്റെ പ്രെസിഡൻഷ്യൽ സ്ഥാനാർത്ഥികളാണ്. മാർക്കോ റൂബിയോയും, ടെഡ് ക്രൂസും. ഇമിഗ്രന്റ് പശ്ചാത്തലമുള്ള ഇവർ ഇമിഗ്രന്റ് കുട്ടികളെ സഹായിക്കുന്ന ഒബാമയുടെ ഡ്രീം ആക്റ്റ് എന്ന പദ്ധതിയെ ശക്തമായി എതിർക്കുന്നവരുമാണ്. മാത്രമല്ല ഈ രണ്ട് പേരും ക്യൂബയുമായി അമേരിക്കൻ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തിയ ഒബാമയുടെ നടപടികളെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ വരുന്ന മാർച്ചിൽ ക്യൂബ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമയുടെ നടപടിയെ റൂബിയോയും ക്രൂസും ശക്തമായി അപലപിക്കുകയും ചെയ്തു. ഇതിന്റെ എല്ലാം പിന്നിലുള്ള ലക്ഷ്യം തീവ്ര വലതു പക്ഷത്തിന്റെ വോട്ട് പിടിക്കുക എന്നതാണ്.

  ഓരോ കാലത്തും അമേരിക്കൻ ജനതയുടെ മുന്നിലേക്ക് ഒരു സാങ്കല്പിക ശത്രുവിനെ എറിഞ്ഞു കൊടുത്ത് അവരിൽ ഭീതിയും വെറുപ്പും ഉണ്ടാക്കുക എന്ന തന്ത്രം മുതലാളിത്ത മാധ്യമകോക്കസ് വളരെ ഭംഗിയായി ചെയ്തുവരുന്നുണ്ട്.
  പുതിയ കാലത്തിന്റെ ശത്രു മുസ്ലിങ്ങളും, ഇസ്ലാമും ആണെന്നത് നമുക്കറിയാം.

  ഇതിന്റെ എല്ലാം പുറമെ, "ദി അമേരിക്കൻ ഡ്രീം" എന്ന മോഹനസങ്കല്പത്തിന്മേലാണു അമേരിക്കയിലെ സാധാരണ ജനതയുടെ ജീവിതം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. എത്ര പാമരനായാലും ഒരു ദിവസം "വിൽ മേക്ക് ഇറ്റ് ബിഗ്" എന്ന പ്രതീക്ഷയിലാണു ജനം മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ നിലനിർത്താൻ വേണ്ടി ഇടയ്ക്കിടെ "മേഡ് ഇറ്റ് ബിഗ്" കാറ്റഗറിയിൽപ്പെട്ട ചിലരുടെ നിറം പിടിപ്പിച്ച കഥകളും, സിനിമയും, സീരിയലും ഒക്കെ വന്നുകൊണ്ടിരിക്കും.

  "മേക്ക് ഇറ്റ് ബിഗ്" എന്ന സ്വത്ത് സമ്പാദന ഫിലോസഫിയുടെ ഭാഗമായ ചൂഷണം തട്ടിപ്പ്, അഴിമതി ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് സ്മൂത്ത് സെയിലിങ്ങ് സാധ്യമാക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രമായിരിക്കണം സർക്കാരിന്റേത് എന്നതാണു പൊതുവെ ആറ്റിറ്റ്യൂഡ്.

  മൊത്തത്തിൽ ബേണി സാന്റേഴ്സിന്റെ സോഷ്യലിസ്റ്റ് സന്ദേശം അമേരിക്കയാകെ പടർന്ന് നിർണായകമായ ഒരു വോട്ടിങ്ങ് പോപ്പുലേഷനെ സൃഷ്ടിക്കാൻ കാലം ഇനിയും ഏറെ പോകേണ്ടിയിരിക്കുന്നു.

  ReplyDelete
 2. ബോണി സാൻഡേഴ്സൻ മാറി തീവ്രവാദിയായ ട്രംപ്‌ വന്നതെങ്ങനെയെന്ന വിശദീകരണമാകാം ഇനി.

  ReplyDelete
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)