CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Nov 23, 2012

ഫ്രോഗ് : പരിണാമത്തിലെ ഇടനിലങ്ങള്‍


ഒരു സ്വകാര്യവട്ടത്തിനുള്ളിലെ സംഭാഷണത്തിനിടയ്ക്ക് റോബി ഫ്രോഗ് എന്ന സനല്‍ ശശിധരന്റെ പുതിയ ഹ്രസ്വചിത്രത്തെപ്പറ്റി പറഞ്ഞപ്പോഴാണ് പുള്ളിയില്‍ നിന്ന് വാങ്ങിയ ഡിജിറ്റല്‍ പ്രിവ്യൂകോപ്പി കണ്ടത്. സനലിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു മുന്‍‌വിധിയോ പ്രതീക്ഷയോ ഇല്ലായിരുന്നു. അമെച്ച്വര്‍ ചലച്ചിത്രങ്ങളുടെ കള്ളിയില്‍ ഒതുക്കിക്കളയാവുന്ന ഒരു പരീക്ഷണമല്ല ഇത് എന്ന് തീര്‍ച്ച. ഇതുപോലുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന സാങ്കേതികത്തികവും ബൗദ്ധികവ്യായാമങ്ങളില്‍ വ്യാപരിക്കാനുള്ള വര്‍ദ്ധിച്ച താല്പര്യവും ചേര്‍ന്ന ഒരന്തരീക്ഷം മലയാളിക്കുചുറ്റും ഉരുവപ്പെടുന്നുണ്ടുതാനും. ആ നിലയ്ക്ക് ഫ്രോഗ് എന്ന സം‌രംഭം നില്‍ക്കുന്നയിടം അടയാളപ്പെടുത്തി വയ്ക്കേണ്ട ഒന്നാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.

മൃഗമെന്ന മനുഷ്യന്റെ അവസ്ഥയെയും മൃഗവാസനയ്ക്കും (instincts) മനുഷ്യവാസനയ്ക്കും ഇടയിലെ പരിണാമകണ്ണികളെ അതിന്റെ വച്ചുകെട്ടുകളെയെല്ലാം അഴിച്ച് കളഞ്ഞ് കാണിച്ചുതരുന്നുണ്ട് ഫ്രോഗ്. ഓ.ഹെന്‍‌റി-മോപ്പസാങ് ശൈലിയിലെ (ഹ്രസ്വചിത്രങ്ങളില്‍ ചിരപരിചിതമായ) പരിണാമഗുപ്തിയുള്ള ഒരു പ്ലോട്ടിന്റെ തിരഞ്ഞെടുപ്പിലല്ല,  ദൃശ്യാവിഷ്കാരവും ശബ്ദസന്നിവേശവുമെല്ലാം അത്തരമൊരു ധ്യാനം സാധ്യമാക്കുന്നേടത്തേക്ക് എത്തിച്ചു എന്നതിലാണ് സനല്‍ ശശിധരനും സംഘവും അഭിനനന്ദനമര്‍ഹിക്കുന്നത്.

അറുക്കാനെടുക്കുന്ന മൃഗം, അറുക്കാന്‍ കൊടുക്കുന്ന മൃഗം, ലൈംഗികമൃഗം, നിസ്സഹായ മൃഗം, പ്രതികാരവാഞ്ഛയില്‍ അക്രമകാരിയാകുന്ന മൃഗം എന്നിങ്ങനെ പല അവസ്ഥകളിലും വാസനകളുടെ പരിണാമഘട്ടങ്ങള്‍ വച്ച് കളിക്കുന്നുണ്ട് പടം. കുരങ്ങ് വര്‍ഗത്തിലെ പല ജന്തുസമൂഹങ്ങളിലെയും സ്ഥിരം കാഴ്ചകളിലൊന്നാണ് പ്രായത്തില്‍ താഴെയുള്ള ആണ്‍‌കുരങ്ങുകളെ മറ്റ് മുതിര്‍ന്ന ആണുങ്ങള്‍ ലൈംഗികാധിപത്യം സ്ഥാപിക്കാനായി ഗുദഭോഗത്തിനിരയാക്കുന്നത്. ഒരു ചെയ്ഞ്ചിന് ഇതില്‍ പെണ്ണിനെയല്ല ആണിനെ ബലാല്‍‌സംഗം ചെയ്യട്ടെ എന്നു ചുമ്മാ അങ്ങ് തീരുമാനിച്ചിട്ടല്ല ഇതിലേക്ക് സം‌വിധായകനെത്തിച്ചേര്‍ന്നതെന്ന് വ്യക്തം. ഗ്രാന്റ് തിയറി ദാര്‍ശനിക ഫ്രെയിം‌വര്‍ക്കിന്റെ മനഃശാസ്ത്ര അനാലജി ഇവിടെ കടമെടുത്താല്‍ പ്രതിനായകന്‍ തന്റെ വാചകങ്ങളിലൂടെയും  ("എനിക്കാണങ്കില്‍ ഒന്നിനേം പേടിയില്ല") ഭൂവിഭാഗത്തിനെപ്പറ്റിയുള്ള അറിവിലൂടെയും (knowledge of the territory) ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്  തന്റെ നേതൃത്വപരമായ ആണ്‍‌കോയ്മയില്‍ (alpha male) നിന്നുണ്ടാകുന്ന ലൈംഗികാധിപത്യത്തിനുള്ള അവകാശമാണ്. അതാകട്ടെ പിന്നിലിരിക്കുന്ന നായകനേക്കാള്‍ ശാരീരികശേഷി കുറഞ്ഞയാളാണു താനെന്ന ബോധ്യത്തിലും, അതിന്റെ ഗൂഡമായ ഭയത്തിലും കൂടിയാണ്. ഇതയാളുടെ മൂത്രമൊഴിപ്പുസീനിലും മോട്ടര്‍സൈക്കിളിലെ കോഴിച്ചോരയിലും ഒരു fetish play കൊണ്ട് അടിവരയിടുന്നുണ്ട്.  അയാളുടെ ദാര്‍ശനികതകലര്‍ന്നതെന്ന് തോന്നിപ്പിക്കുന്ന ചിരിയും ഒരു തരം fear induced humour എന്ന ഫ്രോയ്ഡിയന്‍ ലൈനിലാണ് എന്ന് വായിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ലൈംഗികമായി അതിക്രമിക്കപ്പെട്ടുകഴിഞ്ഞ ആണ് ചെയ്യുന്നതും അതേ അവസ്ഥയിലെ പെണ്ണ് ചെയ്യുന്നതും തമ്മിലെ സിനിമാറ്റിക് കോണ്ട്രാസ്റ്റിനു പറ്റിയൊരു ഷോട്ടാണ് ഒരു കഥാപാത്രം തിരിഞ്ഞുനിന്ന് ശുക്ലബാക്കി കുടഞ്ഞു കളയുന്നത് ബലാല്‍സംഗം ചെയ്യപ്പെട്ടവന്റെ ജീന്‍സിട്ട കാലുകൊണ്ട് ഫ്രെയിം ചെയ്യപ്പെട്ട ദൃശ്യം. BDSM ഫെറ്റിഷുകളുടെ ഉറഞ്ഞുകൂടല്‍...

റാഡ്‌ക്ലിഫ്-ബ്രോന്റെ-ലൂയിസ് ത്രയത്തിന്റെ ഗോഥിക് കഥകളുടെ ആണ്‍‌കാഴ്ച ഫ്രോഗിനുണ്ടെന്ന് ആദ്യ മിനിറ്റുകളില്‍ തന്നെ വ്യക്തമാണ്. കല്ലില്‍ കൊത്തിയ ചുമടുതാങ്ങിയില്‍ നിന്ന് ആരംഭിക്കുന്ന ഷോട്ടിന്റെ സൂചനതന്നെ പരിണാമത്തിന്റെ സാംസ്കാരികചരിത്രത്തിലേക്കും അതിന്റെ പരിണാമവഴികളിലേക്കുമാണ്. കേരളത്തിലെ മലയോര ലൊക്കേഷനുകളിലേക്ക്  gothic visuals ഗംഭീരമായി ആവാഹിച്ചിരിക്കുന്നു. ചാകാന്‍ പോകുന്ന ആത്മഹത്യാകൊക്കയെ ഒരിക്കല്‍ പോലും കാണിക്കാതെ തന്നെ അതിന്റെ ആഴവും ഭീതിയും അനുഭവിപ്പിക്കുന്ന വളവുതിരിവുകളും കുന്നിന്‍‌മുകളിലേക്കുള്ള യാത്രയും പ്രത്യേകശ്രദ്ധയര്‍‌ഹിക്കുന്നു. ഇവിടെയൊരു വിമര്‍ശനമുള്ളത്, ദൃശ്യത്തിലൂടെത്തന്നെ അതു നന്നായി സം‌വദിക്കുമ്പോള്‍ ഭയം ധ്വനിപ്പിക്കുന്ന പശ്ചാത്തലസംഗീതം ആവശ്യമുണ്ടായിരുന്നില്ല; മ്യൂട്ട് ചെയ്തിട്ട് ആ ഭാഗങ്ങള്‍ കണ്ടാലും പ്രാകൃതമായൊരു ഭീതി ജനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പര്യാപ്തമാണ്.

ശവം വലിച്ചെറിഞ്ഞിട്ട് നായകന്‍ ഓടുന്ന സീന്‍ -- അതിലൊരു സുന്ദരന്‍ സംഗതിയുണ്ട്. ഒരു പ്രതികാരം കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ പ്രതികാരം നടന്നയിടത്തേക്ക് നോക്കിക്കൊണ്ട് നായകന്‍ പിന്നാക്കം  നടക്കുന്നതും, അതില്‍ നിന്ന് പുറന്തിരിഞ്ഞ് ഓടിപ്പോകുന്നതും സം‌വദിക്കുന്ന സിനിമാറ്റിക് അര്‍ത്ഥങ്ങള്‍ വ്യത്യസ്തമാണ്. ഫ്രോഗിലെ നായകന്‍ വില്ലനെ എറിഞ്ഞേടം നോക്കിക്കൊണ്ട് പിന്നാക്കം നടക്കുകയല്ല, കൊലചെയ്യപ്പെട്ടവനില്‍ നിന്ന് പിന്തിരിഞ്ഞ് (മുന്നോട്ട്) ഓടുകയാണ്. ഭീരുത്വത്തിന്റെ  രസം ആ ബോഡി ലാംഗ്വേജ് കണ്‍‌വേ ചെയ്യുന്നുണ്ട്. ആ പയ്യനും അഭിനന്ദനം.

ശബ്ദസങ്കലനമാണ് എടുത്തുപറയത്തക്കതായ ഒരു പ്രശ്നം. പശ്ചാത്തലസംഗീതം ആവശ്യമില്ലാത്ത കുറേയിടങ്ങളില്‍ വന്ന് കലമ്പലുണ്ടാക്കുന്നുണ്ട്. കാണാത്തതിലും കേള്‍ക്കാത്തതിലുമാണ് ഭീതി എന്ന എലമെന്റ് കുടികൊള്ളുന്നത്, അത് സൃഷ്ടിക്കാന്‍ സംഗീതത്തിന്റെ ആവശ്യം തന്നെ ഇവിടെയില്ല. പ്രാകൃതവാഞ്ഛകളുടെ മലയിറങ്ങിയാല്‍ പിന്നൊരു സംസ്കാരവും ചൊല്ലുവിളികളും നിയമവുമൊക്കെയുള്ള സമൂഹവും അവിടെയുണ്ടെന്ന് ഇടയ്ക്കിടെ - പലപ്പോഴും അലോസരപ്പെടുത്തിക്കൊണ്ട് - ഓര്‍മ്മിപ്പിക്കുന്ന ശബ്ദമാണ് ഇതില്‍ റേഡിയോ ഗാനങ്ങള്‍. അതിനെയും മുക്കിക്കളയുന്നു പലയിടത്തും പശ്ചാത്തലസംഗീതക്കഷണങ്ങള്‍.

നിഷാദ് കൈപ്പള്ളിയുടെ സബ്‌ടൈറ്റിലിംഗ് വളരെ നന്നായിട്ടുണ്ട്. സംഭാഷണത്തെ നിര്‍‌വികാരമായി പദാനുപദ തര്‍ജുമ ചെയ്യുന്ന സ്ഥിരം രീതിയില്‍ നിന്ന് അര്‍ത്ഥദ്യോതകമായി മാറുന്ന രീതിയിലേക്ക് സംഭാഷണത്തെ മൊഴിമാറ്റാന്‍ സ‌ബ്ടൈറ്റിലിംഗില്‍ ശ്രമിച്ചിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്. അതില്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു ഭാഗം, ബലാല്‍‌സംഗം കഴിഞ്ഞ് അതിനെ നിസാരമാക്കിക്കൊണ്ട് വാടാ എന്ന് വില്ലന്‍ പറയുന്നേടത്ത് bitch എന്ന്‌ സബ്‌ടൈറ്റിലില്‍ ചേര്‍ത്തതാണ്. വിദേശത്ത് ഈ സിനിമകാണുന്ന ഒരാള്‍ക്ക് you are my bitch എന്ന പ്രയോഗത്തിലൂടെ കിട്ടുന്ന ധ്വന്യാര്‍ത്ഥം വളരെ വലുതാണ്, സാംസ്കാരികമായി പരിചയമുള്ളതും.

ഓരോ സീനുമെടുത്ത് അപഗ്രഥിക്കാനുള്ളൊരു കുറിപ്പല്ല ഇത്. മലയാളത്തില്‍ ഇങ്ങനെയൊക്കെ ചിന്തയ്ക്ക് മരുന്നു നല്‍കുന്ന സാധനങ്ങളുണ്ടാകുന്നത്  ചെറിയ സന്തോഷമല്ല ഉണ്ടാക്കുന്നത് എന്ന് പറയാന്‍ മാത്രമാണീ കുറിപ്പ്.

7 comments:

 1. തീർച്ചയായും കാണണം

  ReplyDelete
 2. "മനഃശാസ്ത്ര അനാലജി ഇവിടെ കടമെടുത്താല്‍ പ്രതിനായകന്‍ തന്റെ വാചകങ്ങളിലൂടെയും ("എനിക്കാണങ്കില്‍ ഒന്നിനേം പേടിയില്ല") ഭൂവിഭാഗത്തിനെപ്പറ്റിയുള്ള അറിവിലൂടെയും (knowledge of the territory) ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് തന്റെ നേതൃത്വപരമായ ആണ്‍‌കോയ്മയില്‍ (alpha male) നിന്നുണ്ടാകുന്ന ലൈംഗികാധിപത്യത്തിനുള്ള അവകാശമാണ്. അതാകട്ടെ പിന്നിലിരിക്കുന്ന നായകനേക്കാള്‍ ശാരീരികശേഷി കുറഞ്ഞയാളാണു താനെന്ന ബോധ്യത്തിലും, അതിന്റെ ഗൂഡമായ ഭയത്തിലും കൂടിയാണ്"

  നന്ദി സൂരജേ..

  ReplyDelete
 3. നല്ല റിവ്യൂ, കാണാൻ ആഗ്രഹം തോന്നുന്നു

  ReplyDelete
 4. i have seen.............great work,must see.........

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)