CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Oct 20, 2012

സ്ഥലമെഴുത്ത് Writing Britainസ്ഥലത്തെപ്രതിയുള്ള ബുദ്ധിയുടെയും ഹൃദയത്തിന്റെയും ആശങ്കകളെയും ആനന്ദങ്ങളെയും പങ്കുവയ്ക്കാന്‍ ഒരു എഴുത്തുപ്രദര്‍ശനം നടത്തിയാല്‍ എങ്ങനെയിരിക്കും ? ബ്രിട്ടിഷ് ലൈബ്രറിയില്‍ Writing Britain: Wastelands to Wonderlands എന്ന പേരില്‍ രണ്ടുമൂന്നാഴ്ചകള്‍ക്ക് മുന്‍പ് സമാപിച്ച പ്രദര്‍ശനം അതായിരുന്നു. ഒരു ഭൂവിഭാഗത്തിലെ ജനം സ്വപ്നം കണ്ട ഇടങ്ങളെയും കുട്ടികള്‍ക്ക് ഉറക്കുകഥയായി ചൊല്ലിക്കൊടുത്ത സ്വര്‍ഗങ്ങളെയും കൃഷിയും യന്ത്രസാമഗ്രികളും കൊണ്ടുവന്ന സമ്പദ്ഘടനയെയും ദുരിതത്തെയും ഉയര്‍ച്ചതാഴ്ചകളെയും ഒക്കെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ഷേക്സ്പിയറും എമീലിയ ലാന്യെറും മുതല്‍ ഹെസ്ലോപ്പും ലോറന്‍സും വരെ; ലൂയി കാരളും കോള്‍‌റിജും മുതല്‍ ജെകെ റൗളിംഗും ഗൗതം മല്‍കാനിയും വരെ;  ആയിരം വര്‍ഷങ്ങള്‍ കൊണ്ട് വരയ്ക്കപ്പെട്ട നിലങ്ങളും ആ സ്ഥലജലരാശികള്‍ ചേര്‍ന്നുണ്ടാക്കുന്ന സാഹിത്യഭൂമികകളും.

യൂണിവേഴ്സിറ്റിയുടെ ഒരു തെരുവപ്പുറമാണ് ലൈബ്രറിയെങ്കിലും പോവാന്‍ നേരം കിട്ടിയത് അവസാന ദിവസത്തെ അവസാന മണിക്കൂറുകളിലാണ്. എന്നിട്ടും ആള്‍ത്തിരക്കിനൊരു കുറവുമില്ല. പ്രദര്‍ശനരേഖകളില്‍ നിര്‍ന്നിമേഷരായി നിന്ന് നോട്ടുപുസ്തകങ്ങളില്‍ കുനുകുനെ കുറിച്ചെടുക്കുന്ന അമ്മൂമ്മമാരെയും  അപ്പൂപ്പന്മാരെയും സ്കൂള്‍ കുട്ടികളെയും കോളെജ് പിള്ളരെയും കൊണ്ട് വരിയും നിരയും നിറഞ്ഞ് നില്‍ക്കുന്നത് കാണേണ്ട കാഴ്ചതന്നെയായിരുന്നു.  'കൂട്ടധ്യാനം' എന്ന വാക്ക് - മതാത്മക പരിപ്രേക്ഷ്യങ്ങളില്‍ ഉപയോഗിച്ച് തേഞ്ഞുപോയതെങ്കിലും -  അതിനേക്കാള്‍ നല്ല പദം ഇവിടെ യോജിക്ക്കുമെന്ന് തോന്നുന്നില്ല.

ഗ്രാമ്യസ്വപ്നങ്ങള്‍ (Rural Dreams), വ്യവസായ നഗരസ്ഥലികള്‍ (Industrial & Cityscapes), വന്യഭൂമികള്‍ (Wild Places), ലണ്ടന്‍ (London), അരികുകള്‍ (Edges), ജലരാശികള്‍ (Waterlands) എന്നിങ്ങനെ 6 മുഖ്യവിഭാഗങ്ങളിലും അവയിലെ അവാന്തരവിഭാഗങ്ങളിലുമായി വിന്യസിച്ചിരുന്ന ഗംഭീരന്‍ പ്രദര്‍ശനത്തിന്റെ ഊടും പാവും ബ്രിട്ടന്‍, സ്കോട്ട്ലന്റ്, വെയില്‍‌സ് എന്നിവ ചേരുന്ന ഇന്നത്തെ യുണൈറ്റഡ് കിംഗ്‌ഡം എന്ന രാഷ്ട്രീയബ്രിട്ടന്റെ സാങ്കല്പികവും യഥാര്‍ത്ഥവുമായ ഭൂമികകളെ അടയാളപ്പെടുത്തിയ കൃതികളും എഴുത്തുകാരുമാണ്.


എഡ്വാഡോ പാ‌ഒലോറ്റ്സിയുടെ "ഐസക് ന്യൂട്ടന്‍" എന്ന സൃഷ്ടി. ബ്രിട്ടിഷ് ലൈബ്രറിയുടെ മുറ്റത്തുനിന്ന്.
വന്യഭൂമികകള്‍


കാന്റര്‍ബറി കഥകളുടെ ആദ്യ എഴുത്തുപ്രതി മുതല്‍ ജെകെ റൗളിംഗ് വെട്ടും തിരുത്തുമായി കുറിച്ചിട്ട ഹാരിപോട്ടറിലെ ഒരു കൈയ്യെഴുത്തു കടലാസും ഹനീഫ് ഖുറേയ്ഷിയുടെ Buddha of Suburbia യുടെ ഒരു ആദ്യ ഡ്രാഫ്റ്റും ജോണ്‍ ലെനന്റെ  (ബീറ്റില്‍‌സ്) കൈപ്പടയിലുള്ള 'In my Life' എന്ന ഗാനത്തിന്റെ കവിതയും ഒക്കെ നിങ്ങളോട് പലതരം ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. ഗ്രാമ്യ സ്വപ്നങ്ങളെന്ന ആദ്യ ഭാഗത്ത് അലക്സാന്റര്‍ ബാര്‍ക്ലേയും കാഥറീന്‍ ഫിലിപ്സും ഓസ്കാര്‍ വൈല്‍ഡും തോമസ് ഗ്രേയും ഹൗസ്മാനുമൊക്കെ കുറിച്ചിട്ട സുന്ദരവും ഗൃഹാതുരവുമായ ഗ്രാമ സ്മരണകളാണ്. അല്പം മുന്നോട്ട് നടന്നാല്‍ നിങ്ങള്‍ക്ക് കൃഷി നാട്ടിന്‍പുറത്തെയും എഴുത്തിനെത്തന്നെയും സ്വാധീനിച്ചതെങ്ങനെയെന്ന് കാണാം. സര്‍ക്കാസം ("sarcasmus") എന്ന വാക്ക് ഇംഗ്ലിഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് കരുതുന്ന എഡ്മന്‍ഡ് സ്പെന്‍സറുടെ കവിതയായ 'ഇടയപഞ്ചാംഗം' (Shepherd's Calender,1579) അവിടെയുണ്ട്. അതിനുമപ്പുറം, "പരിസ്ഥിതിയെഴുത്ത്" എന്ന ഭാഗമാണ്. ഒളിവര്‍ ഗോള്‍ഡ്സ്മിത്തും ജോണ്‍ ക്ലെയറും ജെ‌ആര്‍‌ആര്‍ ടോള്‍ക്കിനും നഷ്ടമാകുന്ന ഗ്രാമഭൂമിയെയും ഊഷരമാകുന്ന പ്രകൃതിയെയും പറ്റിനമ്മോട് സംസാരിക്കും. ടോള്‍ക്കിന്റെ 'ദ് ഹോബിറ്റ്' (The Hobbit) എന്ന കൃതിക്കായി വരച്ച ആദ്യ ചിത്രങ്ങളുണ്ട് അവിടെ.

വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്‌ഷെയര്‍ മൂറുകളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട എമിലി ബ്രോന്റേയുടെ പ്രശസ്ത ഗോഥിക് നോവലായ Wuthering heights-ഉം അതേപേരില്‍ അതേ പശ്ചാത്തലത്തെ സംബന്ധിക്കുന്ന സില്‍‌വിയാ പ്ലാത്തിന്റെ കവിതയും വന്യഭൂമികകള്‍ സൈക്കഡലിക് തീമുകള്‍ക്ക് പിന്നണിയാകുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നു. സ്റ്റീവന്‍സണിന്റെ Kidnapped-ഉം കോനന്‍ ഡൊയലിന്റെ Hound of the Baskervilles-ഉം ഇവിടെയിരുന്ന് 'സ്ഥലമെഴുത്തി'ന്റെ ഇരുള്‍മേഖലകളിലേക്ക് ടോര്‍ച്ചടിക്കുന്നു. 'ഐവന്‍‌ഹോ'യും, 'റോബ് റോയും', വേവര്‍‌ലീയും, ലേഡി ഒഫ് ദ് ലേക്കുമൊക്കെയായി ലോകപ്രശസ്തിയാര്‍ജിച്ച സ്കോട്ടിഷ് ചരിത്ര നോവലിസ്റ്റ് സര്‍ വാള്‍‌ടര്‍ സ്കോട്ടാണ് 'തീര്‍ത്ഥാടകഭൂമിക' (Pilgrimage and the sacred wild) എന്ന പ്രദര്‍ശന ഉപവിഭാഗത്തിന്റെ തമ്പുരാന്‍.

നഗരം : ഭയങ്ങളും ഗൃഹാതുരതകളും

വ്യവസായവിപ്ലവം ഇംഗ്ലിഷ് സാഹിത്യത്തില്‍ കൊണ്ടുവന്ന നവലോകപ്രതീക്ഷകളെയും ആകുലതകളെയും, അതിന്റെ കുഴമറിച്ചിലുകളെയെല്ലാം പ്രതിഫലിപ്പിക്കുന്ന സുക്ഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.ആവിയന്ത്രങ്ങളും എണ്ണയന്ത്രങ്ങളുമൊക്കെ പുതിയ തരം ഗതാഗതം മാത്രമല്ല പുതിയതരം ചൂഷണങ്ങളെയും പുതിയതരം എതിര്‍പ്പുകളെയും സര്‍‌വോപരി പുതിയതരം സംസ്കാരങ്ങളെയുമാണ് ബ്രിട്ടനില്‍ പ്രസവിച്ചത്. ലങ്കാസ്റ്റര്‍ മുതല്‍ വിന്‍ഡമീയര്‍ വരെ നീളുന്ന ഒരു റെയില്‍ പാത (Kendall and Windermere Railway) കടന്ന് പോകുന്നത് ലേക് ഡിസ്ട്രിക്റ്റ് (Lake District) എന്ന ബ്രിട്ടന്റെ അതിസുന്ദരമായ ഒരു കായല്‍ സമുച്ചയത്തിലൂടെയാണ്. ഇതിന്റെ പ്രകൃതിഭംഗിയിലേക്കുള്ള കൈയ്യേറ്റമാണു ഈ നിര്‍ദ്ദിഷ്ട റെയില്പ്പാത എന്ന് 1844ല്‍ വിലപിച്ച വേഡ്സ്‌വര്‍ത്തിന്റെ സ്വന്തം കൈപ്പടയിലെ കവിത സ്ഥലകാലാതീതമായ ഒരു രാഷ്ട്രീയം ചര്‍ച്ചയ്ക്ക് വയ്ക്കുന്നു. 

1840കളില്‍ ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തെയും അടിച്ചമര്‍ത്തലുകളെയും എതിര്‍ത്തുകൊണ്ട് രക്തരൂഷിതമായൊരു വിപ്ലവം പ്രവചിക്കുകയും അതിനായി പ്രസംഗിക്കുകയും ചെയ്ത് ജയിലിലായ ഏണസ്റ്റ് ജോണ്‍സിന്റെ The Factory Town ആവശ്യപ്പെടുന്നത് തൊഴിലാളിവിപ്ലവത്തില്‍ കുറഞ്ഞതൊന്നുമല്ല. നവലോകപ്രതീക്ഷയുടെ പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തികമാന്ദ്യവും ലോകയുദ്ധങ്ങളും നഗരവത്കരണവും ഒക്കെക്കൂടി വ്യക്തിജീവിതത്തിലുണ്ടാക്കിയ അന്യവത്കരണത്തെയാണ് ആര്‍ണോള്‍ഡ് ബെന്നറ്റ് (The card) മുതല്‍ ബോഡെനും (A Derbyshire tragedy) ഹെസ്ലോപ്പും (The earth beneath) വരെയുള്ളവര്‍ കുറിച്ചിടുന്നത്. 
Original lyrics for 'In my life'; John Lennon,1964


റൊമാന്റിസിസ്റ്റ് കവികളുടെ ഗ്രാമഭംഗിയുടെ നഷ്ടങ്ങളെയോര്‍ത്തുള്ള ദുഃഖങ്ങളില്‍ നിന്ന് ജോണ്‍ ലെനനില്‍ (ബീറ്റില്‍സ്) എത്തുമ്പോള്‍ നഗരജീവിതത്തിന്റെ 'ഇന്നലെ'കളും നൊസ്റ്റാള്‍ജിയക്ക് വിധേയമാകുന്നതിന്റെ രസമൊന്ന് വേറെയാണ്. 1965ല്‍ Rubber Soul എന്ന ബീറ്റില്‍സ് ആല്‍ബത്തില്‍ ലെനന്റെ ഒരു പാട്ടുണ്ട്. ലെനന്റെ കൈപ്പടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള There are places I'll remember എന്നുതുടങ്ങുന്ന ('In my Life') കവിതയില്‍ കാലാന്തരേ നഷ്ടമായ ട്രാം ട്രെയിനുകളെയും ട്രെയിന്‍ സര്‍‌വീസുകളെയും പറ്റി ഗൃഹാതുരതകള്‍ പ്രകടമാണ്. ലിവര്‍പൂള്‍ ഡോക്‌‌ലന്റ് റെയില്‍ എന്ന് അറിയപ്പെട്ടിരുന്ന, 1956ല്‍ നിറുത്തിവച്ച തീവണ്ടിസര്‍‌വീസിനെപ്പറ്റി ലെനന്‍ സ്മരിക്കുന്നു പാട്ടില്‍ (Docker's umbrella എന്ന സൂചന). ലെനനെയും കടന്ന് ജോണ്‍ ബെറ്റ്ഷമനിലെത്തുമ്പോള്‍ കെട്ടിടങ്ങളുടെയും തീവണ്ടികളുടെയുമൊക്കെ ആരാധകനായ കവിയെയാണ് നാം കാണുന്നത്. ഒരുകാലത്ത് കരിയും പുകയും തുപ്പുന്ന ഭീകരജീവികളായി ഇകഴ്ത്തപ്പെട്ട ഭൂഗര്‍ഭത്തീവണ്ടിയാത്രകള്‍ ബെറ്റ്ഷമന് (Metro-Land,1973) പ്രചോദനമാകുന്നു.

ജലസ്‌മൃതികള്‍

Alice's Adventures in Wonderland, manuscript, 1862
ജലരാശികള്‍ എന്ന വിഭാഗത്തിനു കീഴിലെ 'കടല്‍ക്കരയ്ക്കു പുറമേ' (Beside the seaside) എന്ന ഉപവിഭാഗത്തിലെ ചിലത് ലോകപ്രസിദ്ധമാണ്‌. ബ്രിട്ടന്റെ, വിശേഷിച്ച് ലണ്ടന്റെ, ഞരമ്പെന്ന് പറയാവുന്ന തെംസ് നദിയുടെ ഒരു ഭാഗമാണ് ഐസിസ്. ഓക്സ്ഫഡ് നഗരത്തിലൂടെയാണ് ഐസിസ് ഒഴുകുന്നത്. ഐസിസിലൂടെ 1862ല്‍ ഓക്സ്ഫഡ് യുണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ റെവ. ലിഡിലിന്റെ മൂന്നു പെണ്മക്കളുമൊത്ത് വള്ളത്തില്‍ യാത്ര ചെയ്യവെയാണ് ചാള്‍സ് ഡോജ്സണ്‍ എന്ന മനുഷ്യന്‍ ആ കുട്ടികള്‍ക്ക് ആലിസ് എന്ന പെണ്‍കുട്ടിയുടെ അത്ഭുതലോക കഥ പറഞ്ഞുകൊടുക്കുന്നത്. പെണ്‍‌കുട്ടികളില്‍ ഇളയവളായ ആലിസിന്റെ ആഗ്രഹപ്രകാരം ചാള്‍സ് ഡോജ്സണ്‍ ഈ കഥ പിന്നീട് ചിത്രങ്ങള്‍ സഹിതം ഒരു പുസ്തകത്തില്‍ എഴുതി സമ്മാനിച്ചു. ചാള്‍സ് ഡോജ്സണ്‍ ആണ് ലൂയി കാരള്‍ എന്ന അപരനാമത്തില്‍ ആലിസിന്റെ അത്ഭുതലോക സാഹസങ്ങള്‍ ('Alice in Wonderland' for short) ആയി അത് പ്രസിദ്ധീകരിച്ചത് 1865ല്‍. 
സുഹൃത്തിന്റെ മകള്‍ക്ക് സമ്മാനിച്ചതില്‍ നിന്നുള്ള ഒരു കൈയ്യെഴുത്തു കടലാസ് (ചീട്ട് രാജ്ഞിയുടെ ചിത്രം സഹിതം) പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഒരു നദീയാത്ര ഒരു പുസ്തകമായതിന്റെ, തലമുറകളുടെ ഭാവനയെ മഥിച്ചതിന്റെ കഥ. ജലസ്മൃതി എന്ന വിഭാഗത്തില്‍ ആംഗ്ലോസാക്സണ്‍ കവിതകളുടെ പത്താം നൂറ്റാണ്ടിലെ  അമൂല്യസമാഹാരമായ എക്സീറ്റര്‍ ഗ്രന്ഥത്തില്‍ (Exeter book)നിന്നുള്ള പ്രശസ്ത കവിതയായ "നാവികന്‍" (The Seafarer) ഉള്‍പ്പെടുത്തിയിരിക്കുന്നു. ജലത്താല്‍ ഒറ്റപ്പെടുമെന്നറിഞ്ഞുകൊണ്ട് സമുദ്രത്തിന്റെ വിളികേട്ട് പുറപ്പെടുന്ന സഞ്ചാരിയുടെ ആകാംക്ഷകളും പ്രാര്‍ത്ഥനയുമാണ് 'നാവികന്‍'.


മെട്രോ


ഇംഗ്ലണ്ടിന്റെ ആത്മാവായ ലണ്ടനില്ലാതെ സ്ഥലമെഴുത്തെങ്ങനെ പൂര്‍ണമാവും ? പതിനാലാം നൂറ്റാണ്ടില്‍ നിന്ന് വില്യം ഡന്‍‌ബാറിന്റെ To the city of London-ഉം പതിനഞ്ചാം നൂറ്റാണ്ടിലെ ചോസറും പ്ലൗമാനും ഒക്കെ വരച്ചിട്ട ലണ്ടനില്‍ നിന്ന് ജെകെ റൗളിംഗിന്റെ ഹാരി പോട്ടറിലെത്തുമ്പോള്‍ സമാന്തര കാലചരിത്രങ്ങളെ ഒരു ജാലവിദ്യയാലെന്ന പോലെ ഉള്ളിലൊളിപ്പിച്ച് നില്‍ക്കുന്ന ഒരു കോസ്മോപൊളിസിനെ കാണാം. എന്നാല്‍ വിസ്മയങ്ങള്‍ക്കൊപ്പം സ്റ്റീവന്‍സണും (Dr Jekyll) ഗെയ്മാനും (Sweeney Todd) കോണ്‍‌റാഡും (The secret agent) വില്യം ബ്ലേക്കും (London), ഹാരോള്‍ഡ് പിന്ററും (The disappeared) തരുന്ന ചിത്രം നഗരഭയങ്ങളുടേത് കൂടിയാണ്. തെരുവുമൂലകളിലെ സീരിയല്‍ കൊലയാളികള്‍ മുതല്‍ നഗരജീവിതം ഏല്പ്പിക്കുന്ന അപരവല്‍ക്കരണത്തിന്റെ ആഘാതങ്ങള്‍ വരെ ഇവയിലുണ്ട്.
Harry Porter and the Philosopher's Stone: the King's Cross Station scene handwritten draft by JK Rowling
പല സംസ്കൃതികളുടെയും തിളചട്ടിയാണ് (melting pot) ഇന്നത്തെ ലണ്ടന്‍. ജമൈക്കന്‍ റസ്തഫാറിയനും ബംഗ്ലാദേശിമുസ്ലീമും മുതല്‍ മുംബൈക്കാരി പാഴ്സിയും പഞ്ചാബി ശിഖനും വരെയുള്ളവര്‍ കിടന്നുവിരകുന്ന ഹാക്കനിയും സസെക്സും എഡ്ജ്‌വെയര്‍ റോഡും ഈസ്റ്റ്‌ഹാമും സ്ട്രാറ്റ്ഫോഡും വെംബ്ലിയും വാറ്റ്ഫോഡും അടങ്ങുന്ന ലണ്ടനില്‍ ചുരുങ്ങിയത് ഒരായിരം ഇംഗ്ലിഷ് ഭാഷകള്‍ വന്ന് നിറയുന്നു, പെറ്റ് പെരുകുന്നു. ഓരോ സംസ്കാരവും പുതിയ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സമൃദ്ധമാക്കുന്ന ലണ്ടന്റെ ഇംഗ്ലിഷിനെ അടയാളപ്പെടുത്തുന്നുവെന്ന നിലയ്ക്കാണ് ഈ പ്രദര്‍ശനത്തില്‍ ബ്രിട്ടിഷിന്ത്യനായ ഗൗതം മല്‍കാനിയുടെ ലണ്ടന്‍സ്താനി (Londonstani, 2006) എന്ന കൃതിയുടെ പ്രസക്തി. വഴിയരികിലോ പബ്ബുകളുടെ മൂലകളിലോ കൂട്ടം കൂടിനിന്ന് വര്‍ത്തമാനം പറയുന്ന 'പയലു'കളുടെ (lads) "യോ"പ്പേച്ചുകളെ ("txt spk") യൂറോ- അമേരിക്കന്‍-ഇതര ഭൂവിഭാഗങ്ങളില്‍ നിന്നുള്ള ജനതകള്‍ കൊണ്ട് വന്നു ചേര്‍ത്ത "നവബ്രിട്ടഷിസ"ങ്ങളും ഇംഗ്ലിഷ് ഭാഷയെ അവിയലാക്കുന്നതെങ്ങനെ എന്ന് കൂടി കാട്ടിത്തരുന്നുണ്ട് പ്രദര്‍ശനത്തിലെ ചില പഴയതും പുതിയതുമായ കൃതികള്‍.


ഗുരുദക്ഷിണ

ആ വൈകുന്നേരം 300ല്‍ ചില്വാനം പ്രദര്‍ശനവസ്തുക്കള്‍ കലപിലകൂട്ടുന്ന ആയിരം വര്‍ഷങ്ങളുടെ എഴുത്തിടങ്ങളിലൂടെ ഇങ്ങനെ കയറിയിറങ്ങി പോകുമ്പോള്‍ അവിടെ കണ്ട ഒരു സംഘം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ നയിച്ചുകൊണ്ട് വിശദീകരണങ്ങളുമായി നടന്ന ഒരു അധ്യാപകനെ മറക്കാനാവില്ല. Ye എന്ന മധ്യകാല ഇംഗ്ലിഷ് പ്രയോഗം അവിടെ വച്ചിരുന്ന ഒരു പുസ്തകത്തിലുണ്ടായിരുന്നത് ചൂണ്ടിക്കാട്ടി ആ അധ്യാപകന്‍ കുട്ടികളോട് ചോദിച്ചു : "ആര്‍ക്കെങ്കിലും 'pwned' എന്ന ഇന്റര്‍നെറ്റ് വാക്കിന്റെ ഉദ്ഭവം അറിയാമോ ?"  തുടര്‍ന്ന് പുള്ളി ഇങ്ങനെ വിവരിച്ചു:  "Pwned എന്ന വാക്ക് owned എന്നതിന്റെ ഒരു തെറ്റിപ്രയോഗം ആണ്. കീബോഡില്‍ Oയുടെ തൊട്ടടുത്ത് കിടക്കുന്ന p മാറി വന്നതാണ് pwned എന്നായത്. ഇന്നത്  owned എന്നതിന്റെ corrupted form ആയല്ല, അംഗീകൃത രൂപമായി തന്നെ urban dictionary കളില്‍ കയറിക്കൂടിയിട്ടുണ്ട്." (owned, pwned എന്നിവയ്ക്ക് പയലുകളുടെ ഭാഷയില്‍ 'പൊട്ടിച്ച് കൈയ്യീത്തന്നു' എന്നാണര്‍ത്ഥം എന്നോര്‍ക്കുക). പ്രാചീന ഇംഗ്ലിഷില്‍ "the" എന്നതിനുപയോഗിച്ചിരുന്നത്  ge (ജ്‌, je) എന്നാണ് "ge" എന്ന വാക്കിനു ഉപയോഗിച്ചിരുന്ന അക്ഷരം (þ എന്ന അക്ഷരം) y-ഉമായി സാമ്യമുള്ളതായിരുന്നു. þ എന്ന അക്ഷരം അച്ചടിക്കാന്‍ പറ്റാത്ത പ്രസാധകര്‍ തല്‍സ്ഥാനത്ത് y ഉപയോഗിച്ചു. അങ്ങനെ ge എന്ന ശബ്ദം ye (യീ) എന്ന ശബ്ദമായി. അങ്ങനാണ് ye പ്രയോഗത്തില്‍ വന്നതത്രെ.

മനസുകൊണ്ട് ഒരു തള്ളവിരല്‍ ആ അധ്യാപകനു മുറിച്ചിട്ടുകൊടുത്തിട്ട് ഞാന്‍ ലൈബ്രറിപ്പടിയിറങ്ങി


No comments:

Post a Comment

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)