CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Aug 11, 2012

ആത്മീയ അമേധ്യ വ്യാപാരം IIT-യില്‍

ഐ ഐ റ്റി കാണ്‍പൂറന്മാരെ ഡബിള്‍ശ്രീ രവിശങ്കരന്‍ സുന്ദരമായി വടിയാക്കുന്നു. നമ്പരില്‍ വീണ മണ്ടന്മാര്‍ നാണമില്ലാതെ ലവന്റെ കാലേല്‍ വീണ് തൊഴുന്നു. കൈയ്യില്‍ നാലു തുള്ളിയൊഴിച്ചാല്‍ മസില്‍ പവറ് കൂടും എന്ന് കരുതിവച്ചിരിക്കുന്ന ഈ കെഴങ്ങുകളെയൊക്കെയാണല്ലോ പ്രിയ നാടേ, നീ സിലിക്കണ്‍ വാലിയിലോട്ടും നാസയിലോട്ടുമൊക്കെ കേറ്റിയയക്കുന്നത് !!! 

ഫ്രാഡ് നമ്പര്‍ കാണാന്‍ ഈ യൂട്യൂബ് വിഡിയോയില്‍ പ്ലേബാര്‍ 42:23യില്‍ ശ്രദ്ധിക്കുക. കൈനീസിയോളജി എന്ന് കുപ്രസിദ്ധമായ ഒരു കപടശാസ്ത്രക്കച്ചവടത്തിന്റെ നമ്പരുകളാണ് ഡബിള്‍ശ്രീ ഐ‌ഐ‌റ്റിയിലെ പുലിപ്പിള്ളാരെ ഊളന്മാരാക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ വിശദാംശങ്ങള്‍ Nirmukta വെബ്സൈറ്റില്‍ വിശദമാക്കിയിട്ടുള്ളത് കൊണ്ട് ഇവിടെ കൂടുതല്‍ എഴുതുന്നില്ല. മലയാളത്തില്‍ ലളിതമായ വിശദീകരണം വേണമെന്നുള്ളവര്‍ക്ക് വേണ്ടി ഇത്രമാത്രം പറയാം: "സജഷന്‍ ടെക്നീക്കും", പേശികളുടെ ഫിസിയോളജിയും ചേര്‍ന്നുണ്ടാക്കുന്ന ഒരു കണ്‍‌കെട്ട് വിദ്യയാണ് ഇത്. തയ്യാറെടുപ്പുകളില്ലാതെ നില്‍ക്കുന്ന ഒരാളോട് ഞാന്‍ കൈ നീട്ടിപ്പിടിച്ചിട്ട് ഇതേ പൊക്കലും താഴ്ത്തലും നടത്തിയാല്‍ ആദ്യം അയാളുടെ കൈയ്യുടെ പേശീ പ്രതിരോധത്തെ കീഴ്പെടുത്താനെളുപ്പമാണ്. ഒന്നുരണ്ടാവര്‍ത്തി ഈ പണി കഴിയുമ്പോള്‍ പേശികളിലെ stretch reflex എന്ന മെക്കാനിസം ഉണരും; ഈ warm upനു ശേഷം മസിലുകള്‍ കൂടുതല്‍ ശക്തിയോടെ പ്രതിരോധം തീര്‍ക്കും. ഈ വാമിംഗ് അപ് ഇഫക്റ്റിനു ശേഷമുള്ള "ബലം കൂടല്‍" ആണ് തുള്ളിമരുന്നിട്ട് തിരുമ്മുന്ന വിദ്യ കൊണ്ട് സംഭവിക്കുന്നു എന്ന് രവിശങ്കരന്‍ പിള്ളരെ വിശ്വസിപ്പിക്കുന്നത് ! ഇത് രവിശങ്കരനു മാത്രമല്ല, ആര്‍ക്കും ചെയ്യാം. വാമിംഗ് അപ്പ് കഴിഞ്ഞ് സ്വല്പം സമയം മസിലിനു റിലാക്സ് ചെയ്യാന്‍ കൊടുക്കണം (അതാണ് മരുന്ന് ഒഴിക്കലും തിരുമ്മലും ശ്വാസം നീട്ടിയെടുക്കലും വഴി ഒപ്പിക്കുന്നത്). ജിമ്മില്‍ കായികാഭ്യാസത്തിനു പോയിട്ടുള്ളവരോ മറ്റ് സ്പോട്ട്സ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കോ ഈ warming up-ഉം അതേത്തുടര്‍ന്ന് പേശികള്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമാകുന്നതും സുപരിചിതമായിരിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മക്കളുടെയോ ഒക്കെ അടുത്ത് പരീക്ഷിച്ച് സ്വയം ബോധ്യപ്പെടുകയുമാവാം.

ഈ "അത്ഭുതമരുന്നി"നു രവിശങ്കരന്‍ വേദിയില്‍ മിഴുങ്ങസ്യ നില്‍ക്കുന്ന പിള്ളേര്‍ക്ക് കൊടുക്കുന്ന വിശദീകരണം സ്കൂള്‍ ലെവലില്‍ ബയോളജിയും കെമിസ്ട്രിയും പഠിച്ചിട്ടുള്ളവരുടെ വിവരത്തെപ്പോലും പരിഹസിക്കും വിധമുള്ളതാണ്. ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുന്നു (Immunity builder) എന്ന അവകാശവാദത്തോടെ രവിശങ്കരന്റെ ആര്‍ട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷനടിച്ചിറക്കുന്ന "ശക്തിഡ്രോപ്സ് " എന്ന സാധനമാണിതെന്നാണ് മനസിലാക്കുന്നത്. ഇമ്യൂണിറ്റി എന്നാല്‍ പേശിയുടെ പവറാണെന്നും അത് രണ്ട് തുള്ളി തൊലിപ്പുറത്ത് ഒഴിക്കുന്നതോടെ കായബലം സെക്കന്റുകള്‍ക്കുള്ളില്‍ അങ്ങ് കേറി മൂക്കും എന്നും കരുതുന്നവരെ ഐഐറ്റിയിലും എയിംസിലുമൊക്കെ കിട്ടുമെന്ന അറിവുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല.

രണ്ട് തുള്ളി "പാമ്പെണ്ണ" തൊലിപ്പുറത്തിട്ട് (അതും കൈത്തണ്ടയ്ക്ക് മേലെ മാത്രം‌) തിരുമ്മിയാല്‍, കൈയ്യുടെ മസിലുകള്‍ക്ക് ഇന്‍സ്റ്റന്റായി ശക്തികൂടുമെന്നു സ്പോട്ടില്‍ വിശ്വസിക്കുകയും, ഉദ്ധാരണത്തിനു ബെസ്റ്റാണെന്ന് പറഞ്ഞ് റോഡില്‍ മയിലെണ്ണയോ കുരങ്ങ് രസായനമോ വില്‍ക്കുന്നവനെക്കാള്‍ അല്പം പോലും മെച്ചമല്ലാത്ത ഒരുത്തന്റെ കാലില്‍ വീഴുകയും ചെയ്യുന്ന ഒരു തിരുമണ്ടന്‍, ശാസ്ത്രത്തിന്റെ ബലത്തിലെ കണക്കുകൂട്ടലും കിഴിക്കലിലുമൊക്കെ നടത്തുന്ന ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ വിശ്വസിച്ച് പ്രോജക്റ്റുകള്‍ക്ക് ഫണ്ട് നീക്കിവയ്ക്കുന്ന രാജ്യവും ആ ഫണ്ട് സ്വരൂപിക്കാന്‍ ടാക്സ് ഒടുക്കുന്ന പൗരനും ആ ഹിപ്പോക്രിസിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത്രയ്ക്കും യുക്തിബോധമേ ഒരുത്തനുള്ളൂ എങ്കില്‍, അവന്‍ തൊഴിലില്‍ എന്ത് മാത്രം യുക്തിബോധം ഉപയോഗിക്കും ?

ഇങ്ങനൊന്ന് കണ്‍‌മുന്നില്‍ നടക്കുമ്പോള്‍ കോളെജ് ലെവലിനപ്പുറം ശാസ്ത്രട്രെയിനിംഗ് കിട്ടിയിട്ടുള്ളവര്‍ ഉടനേ ചിന്തിക്കുക ഇത് സ്പോട്ടില്‍ ഒരു controlled പരീക്ഷണമായി നടത്താന്‍ പറ്റുമോ എന്നായിരിക്കും. തുള്ളിമരുന്നില്ലാതെ തന്നെ ഈ പ്രതിഭാസം വര്‍ക്ക് ചെയ്യുമോ എന്ന് സ്പോട്ടില്‍ കാണിച്ച് കൊടുക്കേണ്ട കാര്യമേയുള്ളൂ ഇത് അവിടെയിട്ട് പൊളിച്ച് അവന്റെ തൊള്ളയില്‍ കൊടുക്കാന്‍. അതിനെയാണ് ശാസ്ത്രബോധം, scientific temperament എന്നൊക്കെ വിളിക്കുന്നതും. അങ്ങനൊരു ചിന്ത വളര്‍ത്തുന്നതില്‍ നമ്മുടെ കാണാപ്പാഠം സിസ്റ്റം മുച്ചൂടും പരാജയപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകൂടിയാണ് ഈ വിഡിയോ.

വല്ലവനും ഗുണിച്ചും ഹരിച്ചും കണക്കുകൂട്ടിയും ഉണ്ടാക്കി വച്ച ബ്ലൂപ്രിന്റ് കണ്ണടച്ച് ഫോളോ ചെയ്താല്‍ ഏതവന്‍ ഉണ്ടാക്കുന്ന വാണവും പൊങ്ങും, സോഫ്റ്റ്‌വെയറും ഓടും, മരുന്നും പ്രവര്‍ത്തിക്കും, സര്‍ജ്ജറിയും  ശുഭപര്യവസായിയാകും. ആ സൈസ് കൊട്ടുവടിപ്പണിയല്ലല്ലോ പക്ഷേ ശാസ്ത്രം എന്നത്.

നിര്‍മുക്തയിലേത് പോലുള്ള ആര്‍ട്ടിക്കിളുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പേരെടുത്ത് വിളിച്ച് ചുണ്ണാമ്പ് തേച്ച് മാറ്റി നിര്‍ത്തി ഉരിച്ച് കാട്ടിത്തുടങ്ങുന്നേടത്തേ മാറ്റം ആരംഭിക്കൂ.
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)