CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 11, 2012

Life of Pi : പോസ്റ്റ് മോഡേണിസത്തിനെ കൊല്ലുന്നത്

പട്ടേലും പാര്‍ക്കറും ഏറ്റുമുട്ടുമ്പോള്‍, അറ്റ്ലാന്റിക്കും സിന്ധുസമുദ്രവും കണ്ട് മുട്ടുമ്പോള്‍ ശരീരമെത്രമാത്രം പരീക്ഷിക്കപ്പെടാം ? പുതിയ കാഴ്ച മെരുങ്ങാത്തവരുടെ വേവലാതികള്‍ എങ്ങനെയൊക്കെയാണ് വലിച്ച് പുറത്തിടപ്പെടുന്നത് ? ഇത് ദൈവങ്ങളുടെയും മനുഷ്യന്റെയും കഥയാണെന്ന് നിങ്ങളു വിചാരിച്ചെങ്കില്‍ നിങ്ങള്‍ സിനിമ കണ്ട് തീര്‍ന്നിട്ടില്ല :)


പുതിയ സാങ്കേതിക വിദ്യ, പുതിയ പ്രശ്നങ്ങളെയും കൊണ്ടുവരും എന്നത് സ്ഥിരം ചൊല്ലാണ്, എന്നാല്‍ പഴയപ്രശ്നങ്ങളെ, മുന്‍പില്ലായിരുന്നു എന്ന് നിങ്ങള്‍ കരുതിയിരുന്ന പ്രശ്നങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന് കാണിച്ച് തരാനും കൂടി പുതിയ സാങ്കേതിക വിദ്യക്ക് കഴിയും എന്നതിന്റെ ഉദാഹരണമാണ് ത്രീഡി പടങ്ങളിറങ്ങിയപ്പോള്‍ പലര്‍ക്കും അത് ആസ്വദിക്കുന്നതില്‍ പ്രശ്നമുണ്ടെന്ന പരാതികള്‍ കാണിക്കുന്നത്.

ഇരുകണ്ണുകളും ഒരു വസ്തുവിലേക്ക് ഫോക്കസ് ചെയ്യുന്നതില്‍ സംഭവിക്കുന്ന പിഴവുകള്‍ ത്രീഡി സിനിമകള്‍ കാണുന്നതിനു പല തടസ്സങ്ങളുമുണ്ടാക്കുന്നുണ്ട്. ത്രീഡിപ്പടങ്ങളിലെ വസ്തുക്കള്‍ക്ക് ചുറ്റും വരകള്‍, സാമ്പ്രദായിക ത്രീഡി പ്രൊജക്ഷനില്‍ കണ്ണട മാറ്റിയാല്‍ കാണുന്ന പല നിറത്തിലെ ഇമേജുകള്‍ കണ്ണട വച്ചാലും ശരിക്ക് അങ്ങോട്ട് overlap ചെയ്യാതിരിക്കുക, ഫോക്കസിലുള്ള ദൃശ്യവസ്തു മാത്രം ത്രീഡിയായും ചുറ്റുപാടുകള്‍ മങ്ങിയും (ഉദാ: വശങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍) കാണുക എന്നതൊക്കെ ഈ പ്രശ്നങ്ങളില്‍ പെടും. കണ്ണുകളിലെ ഫോക്കസിംഗ് മെക്കാനിസം ശരിക്ക് പ്രവര്‍ത്തിക്കാത്തതോ, രണ്ട് കണ്ണുകളും തമ്മിലുള്ള കോ-ഓഡിനേഷന്‍ പ്രശ്നമോ ഒക്കെ മൂലം ത്രീഡിപ്പടം ആസ്വദിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാവാം. ഈ പ്രശ്നങ്ങളെയൊക്കെ തലച്ചോറ് വിദഗ്ധമായി മറികടക്കുകയും നിത്യജീവിതത്തിലെ കാഴ്ചകളെ മെനക്കേടില്ലാതെ ഒപ്പിച്ചുകൊണ്ട് പോകാന്‍ അതിനു സാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മിക്കപ്പോഴും നിങ്ങള്‍ക്കീ പ്രശ്നങ്ങളൊന്നും ഇതുവരെ തൊല്ലയായി തോന്നാത്തത്.

*

ത്രിമാനക്കാഴ്ച എന്നല്ല "ദ്വിനേത്ര സ്റ്റീരിയോസ്കോപ്പിക് വിഷന്‍" (binocular stereoscopic) എന്നാണ്‌ ഇവിടുത്തെ ശരിയായ പ്രയോഗം (സ്റ്റീരിയോസ്കോപ്പിക്കിനു മലയാളമെന്തരാണോ !). മനുഷ്യന്റെ ഓരോ കണ്ണും വെവ്വേറെ തന്നെ ആഴം (depth) തിരിച്ചറിയാന്‍ പറ്റുന്ന "ത്രീഡിക്കാഴ്ചയ്ക്ക്" കെല്പുള്ളതാണ്‌. ആഴം (depth) അറിയുന്നതിനു ഓരോകണ്ണും പല മെക്കാനിസങ്ങളുപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിനു, ദൃശ്യവസ്തുവിന്റെ ആപേക്ഷിക വലുപ്പം, മോഷന്‍ പാരലാക്സ്, ടെക്സ്ചര്‍ ഗ്രേഡ്, പേഴ്സ്പെക്റ്റിവ് (ഏയ്രിയലും കര്‍‌വീലീനിയറും), അക്കോമഡേഷന്‍ ഒഫ് വിഷന്‍ എന്നിങ്ങനെയുള്ള കാഴ്ചയുടെ മെക്കാനിസങ്ങളൊക്കെ ഒറ്റക്കണ്ണു കൊണ്ട്‌ തന്നെ വസ്തുവഹകളുടെ ത്രിമാനരൂപം മനസിലാക്കാന്‍ മനുഷ്യനേത്രം പ്രയോജനപ്പെടുത്തുന്നവയാണ്‌. ഒരു കണ്ണ് കൊണ്ട് ആഴമളക്കാന്‍ സഹായിക്കുന്ന മെക്കാനിസങ്ങളെ എല്ലാം കൂടി  'ഏകനേത്ര (മോണോക്കുലാര്‍) സൂചകങ്ങള്‍' എന്നാണ്‌ പറയുക. മറ്റേത് ദ്വിനേത്ര (ബൈനോക്കുലാര്‍) സൂചകങ്ങള്‍ എന്നും.

രണ്ട് കണ്ണുകള്‍ കൊണ്ടുള്ള ആഴമളക്കലില്‍ ഏറ്റവും പ്രധാനം triangulation-ഉം convergence-ഉം ആണ്‌. കണ്ണുകള്‍ രണ്ടും അല്പം വ്യത്യസ്തമായ ആംഗിളുകളില്‍ ഇരിക്കുന്നതുകൊണ്ട് ഒരു വസ്തുവില്‍ നിന്ന് കണ്ണുകളിലേക്കുള്ള ദൂരം അളക്കാന്‍ ഈ ആംഗുലാര്‍ വ്യതിയാനം കൊണ്ട് സാധിക്കും. അല്പം വ്യത്യസ്തമായ രണ്ട് ആംഗിളിലെ ചിത്രങ്ങളാണ്‌ ഇരുകണ്ണുകളും കൂടി തലച്ചോറിലേക്ക് വിടുന്നത്. Convergence (കേന്ദ്രണം ?) എന്ന പ്രക്രിയയിലൂടെ ഒരേ വസ്തുവിലേക്ക് രണ്ട് കണ്ണും ഫോക്കസ് ചെയ്യിക്കാനാവുന്നു. 10മീറ്ററില്‍ താഴെ അകലത്തിലുള്ള വസ്തുക്കളുടെ കാര്യത്തിലാണ്‌ കണ്‍‌വേര്‍ജന്‍സിനെ പ്രയോജനപ്പെടുത്തി ആഴവും ആംഗുലാരിറ്റിയും ഏറ്റവും കൃത്യമായി പുനര്‍നിര്‍‌മിക്കാനാവുക. ഇങ്ങനെ ഉണ്ടാവുന്ന ചിത്രങ്ങളെ തലച്ചോറ് മുകളില്‍ സൂചിപ്പിച്ച ഏകനേത്ര സൂചകങ്ങളും കൂടി "ചേര്‍ത്ത് വായിക്കുന്ന" വ്യാഖ്യാനപ്രക്രിയയിലാണ്‌ ഒരു വസ്തു ഇത്ര അടി ദൂരത്തില്‍ നമ്മുടെ മുന്നിലോ വശത്തോ ഉണ്ട് എന്ന "കാഴ്ച" നമുക്ക് കിട്ടുന്നത്.

ത്രീഡി ചിത്രങ്ങളും സിനിമകളും ഈ ട്രായാംഗുലേഷനെ ആണ്‌ ചൂഷണം ചെയ്യുന്നത്. ഒരേ സീനിന്റെ ചെറിയേ വ്യത്യാസങ്ങളുള്ള രണ്ട് ദ്വിമാന (2D) ചിത്രങ്ങള്‍ നമ്മുടെ മുന്നില്‍ പ്രൊജക്റ്റ് ചെയ്തിട്ട് നമ്മുടെ തലച്ചോറിനെക്കൊണ്ട് ആ ചിത്രങ്ങളെ "ലയിപ്പിച്ച്" നിങ്ങള്‍ കാണുന്നത് ത്രിമാനമായിട്ടാണ് എന്ന പ്രതീതി ഉണ്ടാക്കി പറ്റിക്കുകയാണ് സത്യത്തില്‍ ത്രീഡിപ്പടങ്ങള്‍ ചെയ്യുന്നത്. സത്യത്തില്‍ നിങ്ങളവിടെ വസ്തുവിന്റെ "ആഴം" (depth) കാണുന്നേയില്ല. ഓര്‍ക്കുക, ആഴം കാണാന്‍ രണ്ട് കണ്ണുകളുടെ ആവശ്യമില്ല, ഒറ്റക്കണ്ണിനും ആ കഴിവുണ്ട്. പക്ഷേ ത്രിമാനസിനിമയിലെ ത്രീഡി ദൃശ്യങ്ങളും ദൈനം‌ദിന ജീവിതത്തിലെ മനുഷ്യന്റെ ദ്വിനേത്ര സ്റ്റീരിയോസ്കോപിക് കാഴ്ചയും ഒരുപോലല്ല. ഇതുകൊണ്ടുകൂടിയാണ് ഒറ്റക്കണ്ണിന്റെ കാഴ്ചയുള്ളവര്‍ക്ക് ത്രീഡിസിനിമ ഉദ്ദേശിച്ചപോലെ ആസ്വദിക്കാനാവാത്തത്.
*

കടുവകള്‍ പൂച്ചക്കുടുംബത്തില്പ്പെട്ടവയാണ്. മനുഷ്യര്‍ക്ക് ഇരുട്ടെന്ന് തോന്നുന്നേടത്തും പൂച്ചയ്ക്ക് കാഴ്ച സാധ്യമാക്കുന്നത് അതിന്റെ കണ്ണിലെ റ്റപീറ്റം ലൂസിഡം എന്ന് പേരുള്ള ഒരു പാളിയാണ്. ഇത് ഏറ്റവും മങ്ങിയ പ്രകാശത്തെപ്പോലും കണ്ണിനുള്ളിലെ കാഴ്ചസം‌വേദനം നടത്തുന്ന നാഡികളെ ഉത്തേജിപ്പിക്കാന്‍ തക്ക പരുവത്തില്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. മനുഷ്യനു കാണാവുന്നയത്ര നിറങ്ങള്‍ അതേ മിഴിവോടെ കടുവയ്ക്ക് കാണാനാവില്ലെന്നാണു സൂചന. എന്നാല്‍ മനുഷ്യനു വേണ്ടുന്ന പ്രകാശത്തിന്റെ ആറിലൊന്ന് മതി അവയ്ക്ക്; മനുഷ്യനു കാണാവുന്ന ഷെയ്‌ഡുകളുടെ ഇരട്ടിയിലധികം വേര്‍തിരിക്കാനും കടുവയ്ക്ക് സാധിക്കും.
കടുവകള്‍ക്ക് മനുഷ്യനേക്കാള്‍ വിശാലമായ ചുറ്റുവട്ടക്കാഴ്ചാശേഷിയുണ്ടെങ്കിലും കാണുന്നത് നീലാകാശവും മലനിരകളും ഒക്കെയുള്ള ഒരു വിശാലമായ പശ്ചാത്തലത്തെയല്ല, മറിച്ച് ഏതാനും അടി അപ്പുറം നില്‍ക്കുന്ന വസ്തുക്കളെ - മിക്കപ്പോഴും അതിന്റെ ഇണയെയോ ഇരയേയോ - ആണ്. ചലനം തിരിച്ചറിയാന്‍ സാധിക്കുന്ന റോഡ് കോശങ്ങളാല്‍ സമൃദ്ധമാണ് പൂച്ചക്കണ്ണുകള്‍. അതിനുതക്ക മസ്തിഷ്കകേന്ദ്രങ്ങളും അവയ്ക്കുണ്ട്. നിശ്ചലവസ്തുക്കളെക്കാള്‍ ചലിക്കുന്ന വസ്തുക്കള്‍ അതിനു സദാ കൗതുകമാകുന്നതും, വെറിപിടിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

പൈ എന്നത് ഒരു വട്ടത്തിന്റെ, ചക്രത്തിന്റെ, വൃത്തപരിധിയും കുറുവട്ടവും തമ്മിലെ അംശബന്ധമാണ്.

Nov 28, 2012

വായില്ലാക്കുന്നിലെ കലാരാമന്മാര്‍

"താങ്കള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി എനിക്കൊരു ചിത്രം ചെയ്ത് തരുമോ" എന്ന ചോദ്യത്തിനു പ്രസിദ്ധ ഗ്രഫീടികലാകാരന്‍ ബാങ്ക്സിയുടെ ഒരു മറുപടിയുണ്ട് :
What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market“.
കലയും സമൂഹവും തമ്മിലെ രസകരമായ വ്യവഹാരത്തിന്റെ ആണിയാണീ വാചകം.

കുറച്ചുനാളായി ഉയര്‍ന്നു കേള്‍ക്കുന്ന ബിയന്നാലെ വിവാദം കൗതുകമായി തോന്നുന്നതും ഈ പരിപ്രേക്ഷ്യത്തില്‍ തന്നെ. മുന്‍പ് കല വിശദീകരിക്കേണ്ടതാണോ എന്ന വിഷയത്തില്‍ ഗൂഗിള്‍ ബസ്സില്‍ നടന്നൊരു ചര്‍ച്ചയുടെ ഭാഗമായി ഇട്ട പോസ്റ്റിന് ഇപ്പഴും സാംഗത്യമുണ്ടെന്ന് തോന്നുന്നു.

സമൂഹത്തില്‍ നിന്നുണ്ടാകുന്ന കല സമൂഹവുമായി സംസാരിക്കാനാണുദ്യമിക്കുന്നത്. അപ്പോള്‍ സമൂഹത്തില്‍ നിന്ന് അതിനോട് തിരിച്ചു സംസാരിക്കാനാളില്ലാതെ വന്നാല്‍ കലയ്ക്കെന്ത് നിലനില്പാണുള്ളത് ? സംസ്കൃതത്തില്‍ ജ്യോതിശാസ്ത്രവും ഗണിതവും കാവ്യവും എഴുതിയിട്ട് ഭൂരിപക്ഷജനം സംസ്കൃതം പഠിക്കുകയേ പാടില്ലെന്ന് നിശ്ചയിക്കുകയും ചെയ്ത പൂര്‍‌വ്വസൂരിമൈരുകള്‍ ഇരിക്കുന്ന കൊമ്പിനെ ഉഞ്ഞാലാടിക്കൊണ്ട് അറക്കുകയായിരുന്നല്ലോ.

ബാബിലിനും ഗ്രീസിനും ഇന്ത്യക്കും ശേഷം കലകളുടെ കേന്ദ്രമായി വളര്‍ന്ന യൂറോപ്പ് ഇന്നും ആ രംഗത്തെ ആധിപത്യം തുടരുന്നത് കലകളുടെ ജനകീയവല്‍ക്കരണത്തിലൂടെയാണ് എന്ന അടിസ്ഥാന മാര്‍ക്കറ്റിംഗ് തത്വം നമ്മള്‍ മറന്നു.
Fish by Constantin Brancusi (Romania), 1926.
Photo taken at the Tate Modern, London.
ഇവിടെ ഏത് ചെറിയ ഗ്യാലറിയില്‍ ചെന്നാലും കലാകാരി/രനെ പരിചയപ്പെടുത്തുന്ന ഒരു നിരൂപണക്കുറിപ്പ് കിട്ടും - ലഘുലേഖയായോ കാര്‍ഡായോ ഒക്കെ. എന്തിന്, വലിയ ചന്തകളില്‍ ടീഷര്‍ട്ടോ ഗ്രീറ്റിംഗ് കാര്‍ഡോ നെക്ക് ടൈയോ കപ്പുംസോസറുമോ ഒക്കെ കരകൗശലപ്രിന്റിംഗ് ചെയ്ത് വച്ചിരിക്കുന്നേടത്ത് പോലും കലാകാരന്മാരുടെ ലഘുലേഖയോ കോളിംഗ് കാര്‍ഡോ ഒക്കെ കാണും. പല കലാകാരന്മാരും പ്രദര്‍ശന സ്ഥലത്തു ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളുമായി ഉണ്ടാകും. തങ്ങളുടെ കല എന്താണെന്ന് സം‌വദിക്കാനുള്ള വെമ്പല്‍, അവരുദ്ദേശിച്ചത് നമ്മള്‍ മനസിലാക്കുകയോ, അവരുദ്ദേശിക്കാത്തോരു വ്യാഖ്യാനം കൂടി നമ്മള്‍ കൊടുക്കുകയോ ചെയ്താല്‍ അതിന്റെ ആനന്ദം -- ഒക്കെ മറയില്ലാതെ പ്രകടിപ്പിക്കും.

ഏത് ഗ്യാലറിയില്‍ പോയാലും കാണാം ഒരു സംഘം കുട്ടികളെയും കൊണ്ട് കല വിശദീകരിച്ചോണ്ട് നടക്കുന്ന ഒരു ക്യുറേറ്ററെ, അല്ലെങ്കില്‍ കലാധ്യാപികയെ. അമ്മാതിരിയൊരു പോഷകാന്തരീക്ഷം സ്കൂള് മുതല്‍ക്കേ ഉള്ളത് കൊണ്ടാവാം, ഒരു പഴയ കെട്ടിടം കണ്ടാല്‍ അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് സ്വാധീനമോ, എഡ്വേഡിയനോ, വിക്റ്റോറിയനോ എന്നൊക്കെ പറയാന്‍ പറ്റുന്ന പിള്ളേരു പോലുമുണ്ടാവുന്നു.

വലിയ ഗ്യാലറികളിലെല്ലാം ഇന്ന കലാകാരി/രന്റെ സ്വാധീനം ഏതൊക്കെ പൂര്‍‌വ്വകലാകാരന്മാരാണ്, മറ്റെവിടെയൊക്കെ ഈ കലാകാരന്റെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇതേ ശൈലിയിലെ മറ്റ് സൃഷ്ടികള്‍ എവിടെ കാണാം എന്നൊക്കെ ഒരു നൂറ് വിവരം കൊണ്ട് നമ്മെ ബോംബിടും. സാധനം തലയ്ക്ക് പിടിച്ചവര്‍ വീട്ടില്‍ പോയി നെറ്റില്‍ തപ്പും, പാരിസിലോ ലോസ് ആഞ്ജലസിലോ ടി സൃഷ്ടാവു ചെയ്ത വര്‍ക്കുകളുടെ പോട്ടം കാണും, ആസ്വദിക്കും.

കേരളത്തില്‍ ഒറ്റ ആര്‍ട്ട് ഗ്യാലറിയില്‍ പോലും കലയെയോ കലാകാരി/രനെയോ പരിചയപ്പെടുത്തുന്ന വിശദീകരണക്കുറിപ്പ് കണ്ടിട്ടില്ല. Contemporary artന്റെ ആസ്വാദനത്തിലെ ഒരു മുഖ്യ ഘട്ടം തന്നെ കലാകാരനെ സൃഷ്ടിയുടെ ആശയം വന്നു തൊട്ട നിമിഷത്തെ അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കലാണ്. ഇന്‍സ്റ്റലേഷനോ പെയിന്റിംഗോ വയ്ക്കുന്നേടത്ത് സാധനത്തിന്റെ പേരെന്ത് എന്നുപോലും സൂചിപ്പിക്കുന്ന ഒരു വരി മിക്ക മൈരുകളും വയ്ക്കുകയില്ല. താന്‍ പ്രയോഗിക്കുന്ന കലയെ മുന്‍‌പരിചയമില്ലാത്ത ജനത്തിനു സാധാരണ ഭാഷയില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു പുസ്തകം പോലും ഒരുത്തനും എഴുതില്ല. കലയുടെ വികാസവും ചരിത്രവും, അതിന്റെ രാഷ്ട്രീയം എങ്ങനെയൊക്കെ നിത്യജീവിതത്തില്‍ ദര്‍ശിക്കാം, മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് കല മാറുന്നതെങ്ങനെ, മോഡേണിസവും പോസ്റ്റ് മോഡണിസവും ആന്റി-ആര്‍ട്ടും ആന്റി-ആന്റി-ആര്‍ട്ടും ഒക്കെ എന്ത് തേങ്ങയാണ് എന്നൊക്കെ ഒരായിരം കാര്യങ്ങളുണ്ട് -- ഒന്നും ഒരുത്തനും ജനവുമായി സം‌വദിക്കില്ല.

ചുരുക്കത്തില്‍  മുകേഷ് സിനിമയില്‍ കാണിക്കുമ്പോലെ പെയിന്റ് കൈമുക്കി തുടച്ച ക്യാന്‍‌വാസാണ് ജനം മോഡേണ്‍ ആര്‍ട്ടെന്ന് ധരിച്ച് വയ്ക്കുന്നതില്‍ മുഖ്യ റോള്‍ കലാകാരന്മാര്‍ക്കുതന്നെയാണ്. ഇതിന്റെ പാര ആത്യന്തികമായി അവനവനു തന്നെയാണ്. കലാമൂല്യം മനസിലാക്കാത്ത സമൂഹത്തില്‍ വര്‍ക്ക് എങ്ങനെ വിറ്റ് പോകും ? പെയിന്റ് കുടിച്ചിട്ട് ജീവിക്കാന്‍ പറ്റുമോ ? കച്ചവടമില്ലാത്ത ശുദ്ധകല വടക്കന്‍ കാറ്റത്ത് വരുന്നതും നോക്കി നിന്നാല്‍ മുസിരിസ് കടലെടുത്തപോലെ കാലമങ്ങ് പോവും കേരളമേ.

ഫിലിം ഫെസ്റ്റിവല്‍ മോഡലില്‍ ലളിതകലകളിലും ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളുമൊക്കെ നേരിട്ട് അതിന്റെ ഗാംഭീര്യത്തോടെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സഹായിക്കുന്നൊരു മേളയായി ബിയന്നാലെ വളരുമെന്ന് ആഗ്രഹിക്കുന്നു. ഇത്തവണ അവര്‍ പരിചയപ്പെടുത്തുന്ന കലാകാരന്മാരുടെ പട്ടിക അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷാല്‍ ഐയ് വീവി പോലുമെത്തുന്നു ! 

ബുജിഫെസ്റ്റ് എന്ന് തൊണ്ണൂറുകളില്‍ പുച്ഛിക്കപ്പെട്ട IFFKയ്ക്ക് ഇന്ന് പാസുവാങ്ങാന്‍ ജനം ഇടിയും തൊഴിയുമാണ്. രണ്ട് കൊല്ലം കൂടുമ്പോള്‍ ഡിസംബര്‍ മാസം കൊച്ചിയിലെ കലാമാമാങ്കത്തിനു ട്രെയിന്‍ കേറാന്‍ ജനം ഇടികൂടുന്ന അവസ്ഥയുണ്ടാവട്ടെ. ഏറ്റവും പ്രധാനമായി, പഴയ തലമുറയിലെ മന്തന്മാരല്ല, വിശാലമായ കലാലോകത്തെ പരീക്ഷണങ്ങളെ മുന്‍‌വിധികളില്ലാതെ സ്വീകരിക്കുന്ന പുതിയ തലമുറയിലെ, ഡിജിറ്റല്‍ ക്യാമറയും മൊബൈല്‍ ഫോണും കൊണ്ട് പുതിയ ചിത്രങ്ങളെഴുതുന്ന, പുതിയ കണ്ണുകള്‍ കൊണ്ട് കാഴ്ചകള്‍ കാണുന്ന പിള്ളേര്‍ക്ക് ആകണം ഇതൊരു ഉത്സവം.

സാന്ദര്‍ഭികമായി:

1. നാഷനല്‍ ഗ്യാലറിയില്‍ നിന്ന് കഴിഞ്ഞാഴ്ച വാങ്ങിയ പുസ്തകം : 10,000 Years of Art (Phaidon press). 8000ബിസി മുതല്‍  1995 വരെയുള്ള കാലത്തെ ലോകം മുഴുവനുമുള്ള തെരഞ്ഞെടുത്ത 500 വര്‍ക്കുകളും അവയുടെ ആസ്വാദനസഹായകമായ കുറിപ്പും ചേര്‍ന്ന ഒരു കുട്ടി കൈപ്പുസ്തകം. ഈജിപ്തും ഇറാക്കും ഇന്ത്യയും മുതല്‍ ജപ്പാനും നൈജീരിയയും ബ്രസീലും വരെയൊരു കലാതീര്‍ത്ഥാടനം.

2. ടെയ്റ്റ് മോഡേ ഗ്യാലറിയില്‍ ഈയടുത്ത് പോയപ്പോള്‍ കണ്ട പുസ്തകം :  What is Contemporary Art?: A Children's Guide by Jacky Klein & Suzy Klein. ഇത് ബിബിസി റേഡിയോയില്‍ ഒരു പ്രത്യേക പ്രോഗ്രാമില്‍  പരിചയപ്പെടുത്തുകയും ചെയ്തു. പിള്ളേരുള്ള തള്ളതന്താര്‍ക്ക് റെക്കമന്റ് ചെയ്യുന്നു.

Nov 23, 2012

ഫ്രോഗ് : പരിണാമത്തിലെ ഇടനിലങ്ങള്‍


ഒരു സ്വകാര്യവട്ടത്തിനുള്ളിലെ സംഭാഷണത്തിനിടയ്ക്ക് റോബി ഫ്രോഗ് എന്ന സനല്‍ ശശിധരന്റെ പുതിയ ഹ്രസ്വചിത്രത്തെപ്പറ്റി പറഞ്ഞപ്പോഴാണ് പുള്ളിയില്‍ നിന്ന് വാങ്ങിയ ഡിജിറ്റല്‍ പ്രിവ്യൂകോപ്പി കണ്ടത്. സനലിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു മുന്‍‌വിധിയോ പ്രതീക്ഷയോ ഇല്ലായിരുന്നു. അമെച്ച്വര്‍ ചലച്ചിത്രങ്ങളുടെ കള്ളിയില്‍ ഒതുക്കിക്കളയാവുന്ന ഒരു പരീക്ഷണമല്ല ഇത് എന്ന് തീര്‍ച്ച. ഇതുപോലുള്ള മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന സാങ്കേതികത്തികവും ബൗദ്ധികവ്യായാമങ്ങളില്‍ വ്യാപരിക്കാനുള്ള വര്‍ദ്ധിച്ച താല്പര്യവും ചേര്‍ന്ന ഒരന്തരീക്ഷം മലയാളിക്കുചുറ്റും ഉരുവപ്പെടുന്നുണ്ടുതാനും. ആ നിലയ്ക്ക് ഫ്രോഗ് എന്ന സം‌രംഭം നില്‍ക്കുന്നയിടം അടയാളപ്പെടുത്തി വയ്ക്കേണ്ട ഒന്നാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.

മൃഗമെന്ന മനുഷ്യന്റെ അവസ്ഥയെയും മൃഗവാസനയ്ക്കും (instincts) മനുഷ്യവാസനയ്ക്കും ഇടയിലെ പരിണാമകണ്ണികളെ അതിന്റെ വച്ചുകെട്ടുകളെയെല്ലാം അഴിച്ച് കളഞ്ഞ് കാണിച്ചുതരുന്നുണ്ട് ഫ്രോഗ്. ഓ.ഹെന്‍‌റി-മോപ്പസാങ് ശൈലിയിലെ (ഹ്രസ്വചിത്രങ്ങളില്‍ ചിരപരിചിതമായ) പരിണാമഗുപ്തിയുള്ള ഒരു പ്ലോട്ടിന്റെ തിരഞ്ഞെടുപ്പിലല്ല,  ദൃശ്യാവിഷ്കാരവും ശബ്ദസന്നിവേശവുമെല്ലാം അത്തരമൊരു ധ്യാനം സാധ്യമാക്കുന്നേടത്തേക്ക് എത്തിച്ചു എന്നതിലാണ് സനല്‍ ശശിധരനും സംഘവും അഭിനനന്ദനമര്‍ഹിക്കുന്നത്.

അറുക്കാനെടുക്കുന്ന മൃഗം, അറുക്കാന്‍ കൊടുക്കുന്ന മൃഗം, ലൈംഗികമൃഗം, നിസ്സഹായ മൃഗം, പ്രതികാരവാഞ്ഛയില്‍ അക്രമകാരിയാകുന്ന മൃഗം എന്നിങ്ങനെ പല അവസ്ഥകളിലും വാസനകളുടെ പരിണാമഘട്ടങ്ങള്‍ വച്ച് കളിക്കുന്നുണ്ട് പടം. കുരങ്ങ് വര്‍ഗത്തിലെ പല ജന്തുസമൂഹങ്ങളിലെയും സ്ഥിരം കാഴ്ചകളിലൊന്നാണ് പ്രായത്തില്‍ താഴെയുള്ള ആണ്‍‌കുരങ്ങുകളെ മറ്റ് മുതിര്‍ന്ന ആണുങ്ങള്‍ ലൈംഗികാധിപത്യം സ്ഥാപിക്കാനായി ഗുദഭോഗത്തിനിരയാക്കുന്നത്. ഒരു ചെയ്ഞ്ചിന് ഇതില്‍ പെണ്ണിനെയല്ല ആണിനെ ബലാല്‍‌സംഗം ചെയ്യട്ടെ എന്നു ചുമ്മാ അങ്ങ് തീരുമാനിച്ചിട്ടല്ല ഇതിലേക്ക് സം‌വിധായകനെത്തിച്ചേര്‍ന്നതെന്ന് വ്യക്തം. ഗ്രാന്റ് തിയറി ദാര്‍ശനിക ഫ്രെയിം‌വര്‍ക്കിന്റെ മനഃശാസ്ത്ര അനാലജി ഇവിടെ കടമെടുത്താല്‍ പ്രതിനായകന്‍ തന്റെ വാചകങ്ങളിലൂടെയും  ("എനിക്കാണങ്കില്‍ ഒന്നിനേം പേടിയില്ല") ഭൂവിഭാഗത്തിനെപ്പറ്റിയുള്ള അറിവിലൂടെയും (knowledge of the territory) ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്  തന്റെ നേതൃത്വപരമായ ആണ്‍‌കോയ്മയില്‍ (alpha male) നിന്നുണ്ടാകുന്ന ലൈംഗികാധിപത്യത്തിനുള്ള അവകാശമാണ്. അതാകട്ടെ പിന്നിലിരിക്കുന്ന നായകനേക്കാള്‍ ശാരീരികശേഷി കുറഞ്ഞയാളാണു താനെന്ന ബോധ്യത്തിലും, അതിന്റെ ഗൂഡമായ ഭയത്തിലും കൂടിയാണ്. ഇതയാളുടെ മൂത്രമൊഴിപ്പുസീനിലും മോട്ടര്‍സൈക്കിളിലെ കോഴിച്ചോരയിലും ഒരു fetish play കൊണ്ട് അടിവരയിടുന്നുണ്ട്.  അയാളുടെ ദാര്‍ശനികതകലര്‍ന്നതെന്ന് തോന്നിപ്പിക്കുന്ന ചിരിയും ഒരു തരം fear induced humour എന്ന ഫ്രോയ്ഡിയന്‍ ലൈനിലാണ് എന്ന് വായിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ലൈംഗികമായി അതിക്രമിക്കപ്പെട്ടുകഴിഞ്ഞ ആണ് ചെയ്യുന്നതും അതേ അവസ്ഥയിലെ പെണ്ണ് ചെയ്യുന്നതും തമ്മിലെ സിനിമാറ്റിക് കോണ്ട്രാസ്റ്റിനു പറ്റിയൊരു ഷോട്ടാണ് ഒരു കഥാപാത്രം തിരിഞ്ഞുനിന്ന് ശുക്ലബാക്കി കുടഞ്ഞു കളയുന്നത് ബലാല്‍സംഗം ചെയ്യപ്പെട്ടവന്റെ ജീന്‍സിട്ട കാലുകൊണ്ട് ഫ്രെയിം ചെയ്യപ്പെട്ട ദൃശ്യം. BDSM ഫെറ്റിഷുകളുടെ ഉറഞ്ഞുകൂടല്‍...

റാഡ്‌ക്ലിഫ്-ബ്രോന്റെ-ലൂയിസ് ത്രയത്തിന്റെ ഗോഥിക് കഥകളുടെ ആണ്‍‌കാഴ്ച ഫ്രോഗിനുണ്ടെന്ന് ആദ്യ മിനിറ്റുകളില്‍ തന്നെ വ്യക്തമാണ്. കല്ലില്‍ കൊത്തിയ ചുമടുതാങ്ങിയില്‍ നിന്ന് ആരംഭിക്കുന്ന ഷോട്ടിന്റെ സൂചനതന്നെ പരിണാമത്തിന്റെ സാംസ്കാരികചരിത്രത്തിലേക്കും അതിന്റെ പരിണാമവഴികളിലേക്കുമാണ്. കേരളത്തിലെ മലയോര ലൊക്കേഷനുകളിലേക്ക്  gothic visuals ഗംഭീരമായി ആവാഹിച്ചിരിക്കുന്നു. ചാകാന്‍ പോകുന്ന ആത്മഹത്യാകൊക്കയെ ഒരിക്കല്‍ പോലും കാണിക്കാതെ തന്നെ അതിന്റെ ആഴവും ഭീതിയും അനുഭവിപ്പിക്കുന്ന വളവുതിരിവുകളും കുന്നിന്‍‌മുകളിലേക്കുള്ള യാത്രയും പ്രത്യേകശ്രദ്ധയര്‍‌ഹിക്കുന്നു. ഇവിടെയൊരു വിമര്‍ശനമുള്ളത്, ദൃശ്യത്തിലൂടെത്തന്നെ അതു നന്നായി സം‌വദിക്കുമ്പോള്‍ ഭയം ധ്വനിപ്പിക്കുന്ന പശ്ചാത്തലസംഗീതം ആവശ്യമുണ്ടായിരുന്നില്ല; മ്യൂട്ട് ചെയ്തിട്ട് ആ ഭാഗങ്ങള്‍ കണ്ടാലും പ്രാകൃതമായൊരു ഭീതി ജനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പര്യാപ്തമാണ്.

ശവം വലിച്ചെറിഞ്ഞിട്ട് നായകന്‍ ഓടുന്ന സീന്‍ -- അതിലൊരു സുന്ദരന്‍ സംഗതിയുണ്ട്. ഒരു പ്രതികാരം കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ പ്രതികാരം നടന്നയിടത്തേക്ക് നോക്കിക്കൊണ്ട് നായകന്‍ പിന്നാക്കം  നടക്കുന്നതും, അതില്‍ നിന്ന് പുറന്തിരിഞ്ഞ് ഓടിപ്പോകുന്നതും സം‌വദിക്കുന്ന സിനിമാറ്റിക് അര്‍ത്ഥങ്ങള്‍ വ്യത്യസ്തമാണ്. ഫ്രോഗിലെ നായകന്‍ വില്ലനെ എറിഞ്ഞേടം നോക്കിക്കൊണ്ട് പിന്നാക്കം നടക്കുകയല്ല, കൊലചെയ്യപ്പെട്ടവനില്‍ നിന്ന് പിന്തിരിഞ്ഞ് (മുന്നോട്ട്) ഓടുകയാണ്. ഭീരുത്വത്തിന്റെ  രസം ആ ബോഡി ലാംഗ്വേജ് കണ്‍‌വേ ചെയ്യുന്നുണ്ട്. ആ പയ്യനും അഭിനന്ദനം.

ശബ്ദസങ്കലനമാണ് എടുത്തുപറയത്തക്കതായ ഒരു പ്രശ്നം. പശ്ചാത്തലസംഗീതം ആവശ്യമില്ലാത്ത കുറേയിടങ്ങളില്‍ വന്ന് കലമ്പലുണ്ടാക്കുന്നുണ്ട്. കാണാത്തതിലും കേള്‍ക്കാത്തതിലുമാണ് ഭീതി എന്ന എലമെന്റ് കുടികൊള്ളുന്നത്, അത് സൃഷ്ടിക്കാന്‍ സംഗീതത്തിന്റെ ആവശ്യം തന്നെ ഇവിടെയില്ല. പ്രാകൃതവാഞ്ഛകളുടെ മലയിറങ്ങിയാല്‍ പിന്നൊരു സംസ്കാരവും ചൊല്ലുവിളികളും നിയമവുമൊക്കെയുള്ള സമൂഹവും അവിടെയുണ്ടെന്ന് ഇടയ്ക്കിടെ - പലപ്പോഴും അലോസരപ്പെടുത്തിക്കൊണ്ട് - ഓര്‍മ്മിപ്പിക്കുന്ന ശബ്ദമാണ് ഇതില്‍ റേഡിയോ ഗാനങ്ങള്‍. അതിനെയും മുക്കിക്കളയുന്നു പലയിടത്തും പശ്ചാത്തലസംഗീതക്കഷണങ്ങള്‍.

നിഷാദ് കൈപ്പള്ളിയുടെ സബ്‌ടൈറ്റിലിംഗ് വളരെ നന്നായിട്ടുണ്ട്. സംഭാഷണത്തെ നിര്‍‌വികാരമായി പദാനുപദ തര്‍ജുമ ചെയ്യുന്ന സ്ഥിരം രീതിയില്‍ നിന്ന് അര്‍ത്ഥദ്യോതകമായി മാറുന്ന രീതിയിലേക്ക് സംഭാഷണത്തെ മൊഴിമാറ്റാന്‍ സ‌ബ്ടൈറ്റിലിംഗില്‍ ശ്രമിച്ചിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്. അതില്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു ഭാഗം, ബലാല്‍‌സംഗം കഴിഞ്ഞ് അതിനെ നിസാരമാക്കിക്കൊണ്ട് വാടാ എന്ന് വില്ലന്‍ പറയുന്നേടത്ത് bitch എന്ന്‌ സബ്‌ടൈറ്റിലില്‍ ചേര്‍ത്തതാണ്. വിദേശത്ത് ഈ സിനിമകാണുന്ന ഒരാള്‍ക്ക് you are my bitch എന്ന പ്രയോഗത്തിലൂടെ കിട്ടുന്ന ധ്വന്യാര്‍ത്ഥം വളരെ വലുതാണ്, സാംസ്കാരികമായി പരിചയമുള്ളതും.

ഓരോ സീനുമെടുത്ത് അപഗ്രഥിക്കാനുള്ളൊരു കുറിപ്പല്ല ഇത്. മലയാളത്തില്‍ ഇങ്ങനെയൊക്കെ ചിന്തയ്ക്ക് മരുന്നു നല്‍കുന്ന സാധനങ്ങളുണ്ടാകുന്നത്  ചെറിയ സന്തോഷമല്ല ഉണ്ടാക്കുന്നത് എന്ന് പറയാന്‍ മാത്രമാണീ കുറിപ്പ്.

Oct 20, 2012

സ്ഥലമെഴുത്ത് Writing Britainസ്ഥലത്തെപ്രതിയുള്ള ബുദ്ധിയുടെയും ഹൃദയത്തിന്റെയും ആശങ്കകളെയും ആനന്ദങ്ങളെയും പങ്കുവയ്ക്കാന്‍ ഒരു എഴുത്തുപ്രദര്‍ശനം നടത്തിയാല്‍ എങ്ങനെയിരിക്കും ? ബ്രിട്ടിഷ് ലൈബ്രറിയില്‍ Writing Britain: Wastelands to Wonderlands എന്ന പേരില്‍ രണ്ടുമൂന്നാഴ്ചകള്‍ക്ക് മുന്‍പ് സമാപിച്ച പ്രദര്‍ശനം അതായിരുന്നു. ഒരു ഭൂവിഭാഗത്തിലെ ജനം സ്വപ്നം കണ്ട ഇടങ്ങളെയും കുട്ടികള്‍ക്ക് ഉറക്കുകഥയായി ചൊല്ലിക്കൊടുത്ത സ്വര്‍ഗങ്ങളെയും കൃഷിയും യന്ത്രസാമഗ്രികളും കൊണ്ടുവന്ന സമ്പദ്ഘടനയെയും ദുരിതത്തെയും ഉയര്‍ച്ചതാഴ്ചകളെയും ഒക്കെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ഷേക്സ്പിയറും എമീലിയ ലാന്യെറും മുതല്‍ ഹെസ്ലോപ്പും ലോറന്‍സും വരെ; ലൂയി കാരളും കോള്‍‌റിജും മുതല്‍ ജെകെ റൗളിംഗും ഗൗതം മല്‍കാനിയും വരെ;  ആയിരം വര്‍ഷങ്ങള്‍ കൊണ്ട് വരയ്ക്കപ്പെട്ട നിലങ്ങളും ആ സ്ഥലജലരാശികള്‍ ചേര്‍ന്നുണ്ടാക്കുന്ന സാഹിത്യഭൂമികകളും.

യൂണിവേഴ്സിറ്റിയുടെ ഒരു തെരുവപ്പുറമാണ് ലൈബ്രറിയെങ്കിലും പോവാന്‍ നേരം കിട്ടിയത് അവസാന ദിവസത്തെ അവസാന മണിക്കൂറുകളിലാണ്. എന്നിട്ടും ആള്‍ത്തിരക്കിനൊരു കുറവുമില്ല. പ്രദര്‍ശനരേഖകളില്‍ നിര്‍ന്നിമേഷരായി നിന്ന് നോട്ടുപുസ്തകങ്ങളില്‍ കുനുകുനെ കുറിച്ചെടുക്കുന്ന അമ്മൂമ്മമാരെയും  അപ്പൂപ്പന്മാരെയും സ്കൂള്‍ കുട്ടികളെയും കോളെജ് പിള്ളരെയും കൊണ്ട് വരിയും നിരയും നിറഞ്ഞ് നില്‍ക്കുന്നത് കാണേണ്ട കാഴ്ചതന്നെയായിരുന്നു.  'കൂട്ടധ്യാനം' എന്ന വാക്ക് - മതാത്മക പരിപ്രേക്ഷ്യങ്ങളില്‍ ഉപയോഗിച്ച് തേഞ്ഞുപോയതെങ്കിലും -  അതിനേക്കാള്‍ നല്ല പദം ഇവിടെ യോജിക്ക്കുമെന്ന് തോന്നുന്നില്ല.

ഗ്രാമ്യസ്വപ്നങ്ങള്‍ (Rural Dreams), വ്യവസായ നഗരസ്ഥലികള്‍ (Industrial & Cityscapes), വന്യഭൂമികള്‍ (Wild Places), ലണ്ടന്‍ (London), അരികുകള്‍ (Edges), ജലരാശികള്‍ (Waterlands) എന്നിങ്ങനെ 6 മുഖ്യവിഭാഗങ്ങളിലും അവയിലെ അവാന്തരവിഭാഗങ്ങളിലുമായി വിന്യസിച്ചിരുന്ന ഗംഭീരന്‍ പ്രദര്‍ശനത്തിന്റെ ഊടും പാവും ബ്രിട്ടന്‍, സ്കോട്ട്ലന്റ്, വെയില്‍‌സ് എന്നിവ ചേരുന്ന ഇന്നത്തെ യുണൈറ്റഡ് കിംഗ്‌ഡം എന്ന രാഷ്ട്രീയബ്രിട്ടന്റെ സാങ്കല്പികവും യഥാര്‍ത്ഥവുമായ ഭൂമികകളെ അടയാളപ്പെടുത്തിയ കൃതികളും എഴുത്തുകാരുമാണ്.


എഡ്വാഡോ പാ‌ഒലോറ്റ്സിയുടെ "ഐസക് ന്യൂട്ടന്‍" എന്ന സൃഷ്ടി. ബ്രിട്ടിഷ് ലൈബ്രറിയുടെ മുറ്റത്തുനിന്ന്.
വന്യഭൂമികകള്‍


കാന്റര്‍ബറി കഥകളുടെ ആദ്യ എഴുത്തുപ്രതി മുതല്‍ ജെകെ റൗളിംഗ് വെട്ടും തിരുത്തുമായി കുറിച്ചിട്ട ഹാരിപോട്ടറിലെ ഒരു കൈയ്യെഴുത്തു കടലാസും ഹനീഫ് ഖുറേയ്ഷിയുടെ Buddha of Suburbia യുടെ ഒരു ആദ്യ ഡ്രാഫ്റ്റും ജോണ്‍ ലെനന്റെ  (ബീറ്റില്‍‌സ്) കൈപ്പടയിലുള്ള 'In my Life' എന്ന ഗാനത്തിന്റെ കവിതയും ഒക്കെ നിങ്ങളോട് പലതരം ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. ഗ്രാമ്യ സ്വപ്നങ്ങളെന്ന ആദ്യ ഭാഗത്ത് അലക്സാന്റര്‍ ബാര്‍ക്ലേയും കാഥറീന്‍ ഫിലിപ്സും ഓസ്കാര്‍ വൈല്‍ഡും തോമസ് ഗ്രേയും ഹൗസ്മാനുമൊക്കെ കുറിച്ചിട്ട സുന്ദരവും ഗൃഹാതുരവുമായ ഗ്രാമ സ്മരണകളാണ്. അല്പം മുന്നോട്ട് നടന്നാല്‍ നിങ്ങള്‍ക്ക് കൃഷി നാട്ടിന്‍പുറത്തെയും എഴുത്തിനെത്തന്നെയും സ്വാധീനിച്ചതെങ്ങനെയെന്ന് കാണാം. സര്‍ക്കാസം ("sarcasmus") എന്ന വാക്ക് ഇംഗ്ലിഷില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് കരുതുന്ന എഡ്മന്‍ഡ് സ്പെന്‍സറുടെ കവിതയായ 'ഇടയപഞ്ചാംഗം' (Shepherd's Calender,1579) അവിടെയുണ്ട്. അതിനുമപ്പുറം, "പരിസ്ഥിതിയെഴുത്ത്" എന്ന ഭാഗമാണ്. ഒളിവര്‍ ഗോള്‍ഡ്സ്മിത്തും ജോണ്‍ ക്ലെയറും ജെ‌ആര്‍‌ആര്‍ ടോള്‍ക്കിനും നഷ്ടമാകുന്ന ഗ്രാമഭൂമിയെയും ഊഷരമാകുന്ന പ്രകൃതിയെയും പറ്റിനമ്മോട് സംസാരിക്കും. ടോള്‍ക്കിന്റെ 'ദ് ഹോബിറ്റ്' (The Hobbit) എന്ന കൃതിക്കായി വരച്ച ആദ്യ ചിത്രങ്ങളുണ്ട് അവിടെ.

വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്‌ഷെയര്‍ മൂറുകളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട എമിലി ബ്രോന്റേയുടെ പ്രശസ്ത ഗോഥിക് നോവലായ Wuthering heights-ഉം അതേപേരില്‍ അതേ പശ്ചാത്തലത്തെ സംബന്ധിക്കുന്ന സില്‍‌വിയാ പ്ലാത്തിന്റെ കവിതയും വന്യഭൂമികകള്‍ സൈക്കഡലിക് തീമുകള്‍ക്ക് പിന്നണിയാകുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നു. സ്റ്റീവന്‍സണിന്റെ Kidnapped-ഉം കോനന്‍ ഡൊയലിന്റെ Hound of the Baskervilles-ഉം ഇവിടെയിരുന്ന് 'സ്ഥലമെഴുത്തി'ന്റെ ഇരുള്‍മേഖലകളിലേക്ക് ടോര്‍ച്ചടിക്കുന്നു. 'ഐവന്‍‌ഹോ'യും, 'റോബ് റോയും', വേവര്‍‌ലീയും, ലേഡി ഒഫ് ദ് ലേക്കുമൊക്കെയായി ലോകപ്രശസ്തിയാര്‍ജിച്ച സ്കോട്ടിഷ് ചരിത്ര നോവലിസ്റ്റ് സര്‍ വാള്‍‌ടര്‍ സ്കോട്ടാണ് 'തീര്‍ത്ഥാടകഭൂമിക' (Pilgrimage and the sacred wild) എന്ന പ്രദര്‍ശന ഉപവിഭാഗത്തിന്റെ തമ്പുരാന്‍.

നഗരം : ഭയങ്ങളും ഗൃഹാതുരതകളും

വ്യവസായവിപ്ലവം ഇംഗ്ലിഷ് സാഹിത്യത്തില്‍ കൊണ്ടുവന്ന നവലോകപ്രതീക്ഷകളെയും ആകുലതകളെയും, അതിന്റെ കുഴമറിച്ചിലുകളെയെല്ലാം പ്രതിഫലിപ്പിക്കുന്ന സുക്ഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.ആവിയന്ത്രങ്ങളും എണ്ണയന്ത്രങ്ങളുമൊക്കെ പുതിയ തരം ഗതാഗതം മാത്രമല്ല പുതിയതരം ചൂഷണങ്ങളെയും പുതിയതരം എതിര്‍പ്പുകളെയും സര്‍‌വോപരി പുതിയതരം സംസ്കാരങ്ങളെയുമാണ് ബ്രിട്ടനില്‍ പ്രസവിച്ചത്. ലങ്കാസ്റ്റര്‍ മുതല്‍ വിന്‍ഡമീയര്‍ വരെ നീളുന്ന ഒരു റെയില്‍ പാത (Kendall and Windermere Railway) കടന്ന് പോകുന്നത് ലേക് ഡിസ്ട്രിക്റ്റ് (Lake District) എന്ന ബ്രിട്ടന്റെ അതിസുന്ദരമായ ഒരു കായല്‍ സമുച്ചയത്തിലൂടെയാണ്. ഇതിന്റെ പ്രകൃതിഭംഗിയിലേക്കുള്ള കൈയ്യേറ്റമാണു ഈ നിര്‍ദ്ദിഷ്ട റെയില്പ്പാത എന്ന് 1844ല്‍ വിലപിച്ച വേഡ്സ്‌വര്‍ത്തിന്റെ സ്വന്തം കൈപ്പടയിലെ കവിത സ്ഥലകാലാതീതമായ ഒരു രാഷ്ട്രീയം ചര്‍ച്ചയ്ക്ക് വയ്ക്കുന്നു. 

1840കളില്‍ ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തെയും അടിച്ചമര്‍ത്തലുകളെയും എതിര്‍ത്തുകൊണ്ട് രക്തരൂഷിതമായൊരു വിപ്ലവം പ്രവചിക്കുകയും അതിനായി പ്രസംഗിക്കുകയും ചെയ്ത് ജയിലിലായ ഏണസ്റ്റ് ജോണ്‍സിന്റെ The Factory Town ആവശ്യപ്പെടുന്നത് തൊഴിലാളിവിപ്ലവത്തില്‍ കുറഞ്ഞതൊന്നുമല്ല. നവലോകപ്രതീക്ഷയുടെ പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തികമാന്ദ്യവും ലോകയുദ്ധങ്ങളും നഗരവത്കരണവും ഒക്കെക്കൂടി വ്യക്തിജീവിതത്തിലുണ്ടാക്കിയ അന്യവത്കരണത്തെയാണ് ആര്‍ണോള്‍ഡ് ബെന്നറ്റ് (The card) മുതല്‍ ബോഡെനും (A Derbyshire tragedy) ഹെസ്ലോപ്പും (The earth beneath) വരെയുള്ളവര്‍ കുറിച്ചിടുന്നത്. 
Original lyrics for 'In my life'; John Lennon,1964


റൊമാന്റിസിസ്റ്റ് കവികളുടെ ഗ്രാമഭംഗിയുടെ നഷ്ടങ്ങളെയോര്‍ത്തുള്ള ദുഃഖങ്ങളില്‍ നിന്ന് ജോണ്‍ ലെനനില്‍ (ബീറ്റില്‍സ്) എത്തുമ്പോള്‍ നഗരജീവിതത്തിന്റെ 'ഇന്നലെ'കളും നൊസ്റ്റാള്‍ജിയക്ക് വിധേയമാകുന്നതിന്റെ രസമൊന്ന് വേറെയാണ്. 1965ല്‍ Rubber Soul എന്ന ബീറ്റില്‍സ് ആല്‍ബത്തില്‍ ലെനന്റെ ഒരു പാട്ടുണ്ട്. ലെനന്റെ കൈപ്പടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള There are places I'll remember എന്നുതുടങ്ങുന്ന ('In my Life') കവിതയില്‍ കാലാന്തരേ നഷ്ടമായ ട്രാം ട്രെയിനുകളെയും ട്രെയിന്‍ സര്‍‌വീസുകളെയും പറ്റി ഗൃഹാതുരതകള്‍ പ്രകടമാണ്. ലിവര്‍പൂള്‍ ഡോക്‌‌ലന്റ് റെയില്‍ എന്ന് അറിയപ്പെട്ടിരുന്ന, 1956ല്‍ നിറുത്തിവച്ച തീവണ്ടിസര്‍‌വീസിനെപ്പറ്റി ലെനന്‍ സ്മരിക്കുന്നു പാട്ടില്‍ (Docker's umbrella എന്ന സൂചന). ലെനനെയും കടന്ന് ജോണ്‍ ബെറ്റ്ഷമനിലെത്തുമ്പോള്‍ കെട്ടിടങ്ങളുടെയും തീവണ്ടികളുടെയുമൊക്കെ ആരാധകനായ കവിയെയാണ് നാം കാണുന്നത്. ഒരുകാലത്ത് കരിയും പുകയും തുപ്പുന്ന ഭീകരജീവികളായി ഇകഴ്ത്തപ്പെട്ട ഭൂഗര്‍ഭത്തീവണ്ടിയാത്രകള്‍ ബെറ്റ്ഷമന് (Metro-Land,1973) പ്രചോദനമാകുന്നു.

ജലസ്‌മൃതികള്‍

Alice's Adventures in Wonderland, manuscript, 1862
ജലരാശികള്‍ എന്ന വിഭാഗത്തിനു കീഴിലെ 'കടല്‍ക്കരയ്ക്കു പുറമേ' (Beside the seaside) എന്ന ഉപവിഭാഗത്തിലെ ചിലത് ലോകപ്രസിദ്ധമാണ്‌. ബ്രിട്ടന്റെ, വിശേഷിച്ച് ലണ്ടന്റെ, ഞരമ്പെന്ന് പറയാവുന്ന തെംസ് നദിയുടെ ഒരു ഭാഗമാണ് ഐസിസ്. ഓക്സ്ഫഡ് നഗരത്തിലൂടെയാണ് ഐസിസ് ഒഴുകുന്നത്. ഐസിസിലൂടെ 1862ല്‍ ഓക്സ്ഫഡ് യുണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ റെവ. ലിഡിലിന്റെ മൂന്നു പെണ്മക്കളുമൊത്ത് വള്ളത്തില്‍ യാത്ര ചെയ്യവെയാണ് ചാള്‍സ് ഡോജ്സണ്‍ എന്ന മനുഷ്യന്‍ ആ കുട്ടികള്‍ക്ക് ആലിസ് എന്ന പെണ്‍കുട്ടിയുടെ അത്ഭുതലോക കഥ പറഞ്ഞുകൊടുക്കുന്നത്. പെണ്‍‌കുട്ടികളില്‍ ഇളയവളായ ആലിസിന്റെ ആഗ്രഹപ്രകാരം ചാള്‍സ് ഡോജ്സണ്‍ ഈ കഥ പിന്നീട് ചിത്രങ്ങള്‍ സഹിതം ഒരു പുസ്തകത്തില്‍ എഴുതി സമ്മാനിച്ചു. ചാള്‍സ് ഡോജ്സണ്‍ ആണ് ലൂയി കാരള്‍ എന്ന അപരനാമത്തില്‍ ആലിസിന്റെ അത്ഭുതലോക സാഹസങ്ങള്‍ ('Alice in Wonderland' for short) ആയി അത് പ്രസിദ്ധീകരിച്ചത് 1865ല്‍. 
സുഹൃത്തിന്റെ മകള്‍ക്ക് സമ്മാനിച്ചതില്‍ നിന്നുള്ള ഒരു കൈയ്യെഴുത്തു കടലാസ് (ചീട്ട് രാജ്ഞിയുടെ ചിത്രം സഹിതം) പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഒരു നദീയാത്ര ഒരു പുസ്തകമായതിന്റെ, തലമുറകളുടെ ഭാവനയെ മഥിച്ചതിന്റെ കഥ. ജലസ്മൃതി എന്ന വിഭാഗത്തില്‍ ആംഗ്ലോസാക്സണ്‍ കവിതകളുടെ പത്താം നൂറ്റാണ്ടിലെ  അമൂല്യസമാഹാരമായ എക്സീറ്റര്‍ ഗ്രന്ഥത്തില്‍ (Exeter book)നിന്നുള്ള പ്രശസ്ത കവിതയായ "നാവികന്‍" (The Seafarer) ഉള്‍പ്പെടുത്തിയിരിക്കുന്നു. ജലത്താല്‍ ഒറ്റപ്പെടുമെന്നറിഞ്ഞുകൊണ്ട് സമുദ്രത്തിന്റെ വിളികേട്ട് പുറപ്പെടുന്ന സഞ്ചാരിയുടെ ആകാംക്ഷകളും പ്രാര്‍ത്ഥനയുമാണ് 'നാവികന്‍'.


മെട്രോ


ഇംഗ്ലണ്ടിന്റെ ആത്മാവായ ലണ്ടനില്ലാതെ സ്ഥലമെഴുത്തെങ്ങനെ പൂര്‍ണമാവും ? പതിനാലാം നൂറ്റാണ്ടില്‍ നിന്ന് വില്യം ഡന്‍‌ബാറിന്റെ To the city of London-ഉം പതിനഞ്ചാം നൂറ്റാണ്ടിലെ ചോസറും പ്ലൗമാനും ഒക്കെ വരച്ചിട്ട ലണ്ടനില്‍ നിന്ന് ജെകെ റൗളിംഗിന്റെ ഹാരി പോട്ടറിലെത്തുമ്പോള്‍ സമാന്തര കാലചരിത്രങ്ങളെ ഒരു ജാലവിദ്യയാലെന്ന പോലെ ഉള്ളിലൊളിപ്പിച്ച് നില്‍ക്കുന്ന ഒരു കോസ്മോപൊളിസിനെ കാണാം. എന്നാല്‍ വിസ്മയങ്ങള്‍ക്കൊപ്പം സ്റ്റീവന്‍സണും (Dr Jekyll) ഗെയ്മാനും (Sweeney Todd) കോണ്‍‌റാഡും (The secret agent) വില്യം ബ്ലേക്കും (London), ഹാരോള്‍ഡ് പിന്ററും (The disappeared) തരുന്ന ചിത്രം നഗരഭയങ്ങളുടേത് കൂടിയാണ്. തെരുവുമൂലകളിലെ സീരിയല്‍ കൊലയാളികള്‍ മുതല്‍ നഗരജീവിതം ഏല്പ്പിക്കുന്ന അപരവല്‍ക്കരണത്തിന്റെ ആഘാതങ്ങള്‍ വരെ ഇവയിലുണ്ട്.
Harry Porter and the Philosopher's Stone: the King's Cross Station scene handwritten draft by JK Rowling
പല സംസ്കൃതികളുടെയും തിളചട്ടിയാണ് (melting pot) ഇന്നത്തെ ലണ്ടന്‍. ജമൈക്കന്‍ റസ്തഫാറിയനും ബംഗ്ലാദേശിമുസ്ലീമും മുതല്‍ മുംബൈക്കാരി പാഴ്സിയും പഞ്ചാബി ശിഖനും വരെയുള്ളവര്‍ കിടന്നുവിരകുന്ന ഹാക്കനിയും സസെക്സും എഡ്ജ്‌വെയര്‍ റോഡും ഈസ്റ്റ്‌ഹാമും സ്ട്രാറ്റ്ഫോഡും വെംബ്ലിയും വാറ്റ്ഫോഡും അടങ്ങുന്ന ലണ്ടനില്‍ ചുരുങ്ങിയത് ഒരായിരം ഇംഗ്ലിഷ് ഭാഷകള്‍ വന്ന് നിറയുന്നു, പെറ്റ് പെരുകുന്നു. ഓരോ സംസ്കാരവും പുതിയ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സമൃദ്ധമാക്കുന്ന ലണ്ടന്റെ ഇംഗ്ലിഷിനെ അടയാളപ്പെടുത്തുന്നുവെന്ന നിലയ്ക്കാണ് ഈ പ്രദര്‍ശനത്തില്‍ ബ്രിട്ടിഷിന്ത്യനായ ഗൗതം മല്‍കാനിയുടെ ലണ്ടന്‍സ്താനി (Londonstani, 2006) എന്ന കൃതിയുടെ പ്രസക്തി. വഴിയരികിലോ പബ്ബുകളുടെ മൂലകളിലോ കൂട്ടം കൂടിനിന്ന് വര്‍ത്തമാനം പറയുന്ന 'പയലു'കളുടെ (lads) "യോ"പ്പേച്ചുകളെ ("txt spk") യൂറോ- അമേരിക്കന്‍-ഇതര ഭൂവിഭാഗങ്ങളില്‍ നിന്നുള്ള ജനതകള്‍ കൊണ്ട് വന്നു ചേര്‍ത്ത "നവബ്രിട്ടഷിസ"ങ്ങളും ഇംഗ്ലിഷ് ഭാഷയെ അവിയലാക്കുന്നതെങ്ങനെ എന്ന് കൂടി കാട്ടിത്തരുന്നുണ്ട് പ്രദര്‍ശനത്തിലെ ചില പഴയതും പുതിയതുമായ കൃതികള്‍.


ഗുരുദക്ഷിണ

ആ വൈകുന്നേരം 300ല്‍ ചില്വാനം പ്രദര്‍ശനവസ്തുക്കള്‍ കലപിലകൂട്ടുന്ന ആയിരം വര്‍ഷങ്ങളുടെ എഴുത്തിടങ്ങളിലൂടെ ഇങ്ങനെ കയറിയിറങ്ങി പോകുമ്പോള്‍ അവിടെ കണ്ട ഒരു സംഘം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ നയിച്ചുകൊണ്ട് വിശദീകരണങ്ങളുമായി നടന്ന ഒരു അധ്യാപകനെ മറക്കാനാവില്ല. Ye എന്ന മധ്യകാല ഇംഗ്ലിഷ് പ്രയോഗം അവിടെ വച്ചിരുന്ന ഒരു പുസ്തകത്തിലുണ്ടായിരുന്നത് ചൂണ്ടിക്കാട്ടി ആ അധ്യാപകന്‍ കുട്ടികളോട് ചോദിച്ചു : "ആര്‍ക്കെങ്കിലും 'pwned' എന്ന ഇന്റര്‍നെറ്റ് വാക്കിന്റെ ഉദ്ഭവം അറിയാമോ ?"  തുടര്‍ന്ന് പുള്ളി ഇങ്ങനെ വിവരിച്ചു:  "Pwned എന്ന വാക്ക് owned എന്നതിന്റെ ഒരു തെറ്റിപ്രയോഗം ആണ്. കീബോഡില്‍ Oയുടെ തൊട്ടടുത്ത് കിടക്കുന്ന p മാറി വന്നതാണ് pwned എന്നായത്. ഇന്നത്  owned എന്നതിന്റെ corrupted form ആയല്ല, അംഗീകൃത രൂപമായി തന്നെ urban dictionary കളില്‍ കയറിക്കൂടിയിട്ടുണ്ട്." (owned, pwned എന്നിവയ്ക്ക് പയലുകളുടെ ഭാഷയില്‍ 'പൊട്ടിച്ച് കൈയ്യീത്തന്നു' എന്നാണര്‍ത്ഥം എന്നോര്‍ക്കുക). പ്രാചീന ഇംഗ്ലിഷില്‍ "the" എന്നതിനുപയോഗിച്ചിരുന്നത്  ge (ജ്‌, je) എന്നാണ് "ge" എന്ന വാക്കിനു ഉപയോഗിച്ചിരുന്ന അക്ഷരം (þ എന്ന അക്ഷരം) y-ഉമായി സാമ്യമുള്ളതായിരുന്നു. þ എന്ന അക്ഷരം അച്ചടിക്കാന്‍ പറ്റാത്ത പ്രസാധകര്‍ തല്‍സ്ഥാനത്ത് y ഉപയോഗിച്ചു. അങ്ങനെ ge എന്ന ശബ്ദം ye (യീ) എന്ന ശബ്ദമായി. അങ്ങനാണ് ye പ്രയോഗത്തില്‍ വന്നതത്രെ.

മനസുകൊണ്ട് ഒരു തള്ളവിരല്‍ ആ അധ്യാപകനു മുറിച്ചിട്ടുകൊടുത്തിട്ട് ഞാന്‍ ലൈബ്രറിപ്പടിയിറങ്ങി


Aug 11, 2012

ആത്മീയ അമേധ്യ വ്യാപാരം IIT-യില്‍

ഐ ഐ റ്റി കാണ്‍പൂറന്മാരെ ഡബിള്‍ശ്രീ രവിശങ്കരന്‍ സുന്ദരമായി വടിയാക്കുന്നു. നമ്പരില്‍ വീണ മണ്ടന്മാര്‍ നാണമില്ലാതെ ലവന്റെ കാലേല്‍ വീണ് തൊഴുന്നു. കൈയ്യില്‍ നാലു തുള്ളിയൊഴിച്ചാല്‍ മസില്‍ പവറ് കൂടും എന്ന് കരുതിവച്ചിരിക്കുന്ന ഈ കെഴങ്ങുകളെയൊക്കെയാണല്ലോ പ്രിയ നാടേ, നീ സിലിക്കണ്‍ വാലിയിലോട്ടും നാസയിലോട്ടുമൊക്കെ കേറ്റിയയക്കുന്നത് !!! 

ഫ്രാഡ് നമ്പര്‍ കാണാന്‍ ഈ യൂട്യൂബ് വിഡിയോയില്‍ പ്ലേബാര്‍ 42:23യില്‍ ശ്രദ്ധിക്കുക. കൈനീസിയോളജി എന്ന് കുപ്രസിദ്ധമായ ഒരു കപടശാസ്ത്രക്കച്ചവടത്തിന്റെ നമ്പരുകളാണ് ഡബിള്‍ശ്രീ ഐ‌ഐ‌റ്റിയിലെ പുലിപ്പിള്ളാരെ ഊളന്മാരാക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ വിശദാംശങ്ങള്‍ Nirmukta വെബ്സൈറ്റില്‍ വിശദമാക്കിയിട്ടുള്ളത് കൊണ്ട് ഇവിടെ കൂടുതല്‍ എഴുതുന്നില്ല. മലയാളത്തില്‍ ലളിതമായ വിശദീകരണം വേണമെന്നുള്ളവര്‍ക്ക് വേണ്ടി ഇത്രമാത്രം പറയാം: "സജഷന്‍ ടെക്നീക്കും", പേശികളുടെ ഫിസിയോളജിയും ചേര്‍ന്നുണ്ടാക്കുന്ന ഒരു കണ്‍‌കെട്ട് വിദ്യയാണ് ഇത്. തയ്യാറെടുപ്പുകളില്ലാതെ നില്‍ക്കുന്ന ഒരാളോട് ഞാന്‍ കൈ നീട്ടിപ്പിടിച്ചിട്ട് ഇതേ പൊക്കലും താഴ്ത്തലും നടത്തിയാല്‍ ആദ്യം അയാളുടെ കൈയ്യുടെ പേശീ പ്രതിരോധത്തെ കീഴ്പെടുത്താനെളുപ്പമാണ്. ഒന്നുരണ്ടാവര്‍ത്തി ഈ പണി കഴിയുമ്പോള്‍ പേശികളിലെ stretch reflex എന്ന മെക്കാനിസം ഉണരും; ഈ warm upനു ശേഷം മസിലുകള്‍ കൂടുതല്‍ ശക്തിയോടെ പ്രതിരോധം തീര്‍ക്കും. ഈ വാമിംഗ് അപ് ഇഫക്റ്റിനു ശേഷമുള്ള "ബലം കൂടല്‍" ആണ് തുള്ളിമരുന്നിട്ട് തിരുമ്മുന്ന വിദ്യ കൊണ്ട് സംഭവിക്കുന്നു എന്ന് രവിശങ്കരന്‍ പിള്ളരെ വിശ്വസിപ്പിക്കുന്നത് ! ഇത് രവിശങ്കരനു മാത്രമല്ല, ആര്‍ക്കും ചെയ്യാം. വാമിംഗ് അപ്പ് കഴിഞ്ഞ് സ്വല്പം സമയം മസിലിനു റിലാക്സ് ചെയ്യാന്‍ കൊടുക്കണം (അതാണ് മരുന്ന് ഒഴിക്കലും തിരുമ്മലും ശ്വാസം നീട്ടിയെടുക്കലും വഴി ഒപ്പിക്കുന്നത്). ജിമ്മില്‍ കായികാഭ്യാസത്തിനു പോയിട്ടുള്ളവരോ മറ്റ് സ്പോട്ട്സ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കോ ഈ warming up-ഉം അതേത്തുടര്‍ന്ന് പേശികള്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമാകുന്നതും സുപരിചിതമായിരിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മക്കളുടെയോ ഒക്കെ അടുത്ത് പരീക്ഷിച്ച് സ്വയം ബോധ്യപ്പെടുകയുമാവാം.

ഈ "അത്ഭുതമരുന്നി"നു രവിശങ്കരന്‍ വേദിയില്‍ മിഴുങ്ങസ്യ നില്‍ക്കുന്ന പിള്ളേര്‍ക്ക് കൊടുക്കുന്ന വിശദീകരണം സ്കൂള്‍ ലെവലില്‍ ബയോളജിയും കെമിസ്ട്രിയും പഠിച്ചിട്ടുള്ളവരുടെ വിവരത്തെപ്പോലും പരിഹസിക്കും വിധമുള്ളതാണ്. ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുന്നു (Immunity builder) എന്ന അവകാശവാദത്തോടെ രവിശങ്കരന്റെ ആര്‍ട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷനടിച്ചിറക്കുന്ന "ശക്തിഡ്രോപ്സ് " എന്ന സാധനമാണിതെന്നാണ് മനസിലാക്കുന്നത്. ഇമ്യൂണിറ്റി എന്നാല്‍ പേശിയുടെ പവറാണെന്നും അത് രണ്ട് തുള്ളി തൊലിപ്പുറത്ത് ഒഴിക്കുന്നതോടെ കായബലം സെക്കന്റുകള്‍ക്കുള്ളില്‍ അങ്ങ് കേറി മൂക്കും എന്നും കരുതുന്നവരെ ഐഐറ്റിയിലും എയിംസിലുമൊക്കെ കിട്ടുമെന്ന അറിവുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല.

രണ്ട് തുള്ളി "പാമ്പെണ്ണ" തൊലിപ്പുറത്തിട്ട് (അതും കൈത്തണ്ടയ്ക്ക് മേലെ മാത്രം‌) തിരുമ്മിയാല്‍, കൈയ്യുടെ മസിലുകള്‍ക്ക് ഇന്‍സ്റ്റന്റായി ശക്തികൂടുമെന്നു സ്പോട്ടില്‍ വിശ്വസിക്കുകയും, ഉദ്ധാരണത്തിനു ബെസ്റ്റാണെന്ന് പറഞ്ഞ് റോഡില്‍ മയിലെണ്ണയോ കുരങ്ങ് രസായനമോ വില്‍ക്കുന്നവനെക്കാള്‍ അല്പം പോലും മെച്ചമല്ലാത്ത ഒരുത്തന്റെ കാലില്‍ വീഴുകയും ചെയ്യുന്ന ഒരു തിരുമണ്ടന്‍, ശാസ്ത്രത്തിന്റെ ബലത്തിലെ കണക്കുകൂട്ടലും കിഴിക്കലിലുമൊക്കെ നടത്തുന്ന ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ വിശ്വസിച്ച് പ്രോജക്റ്റുകള്‍ക്ക് ഫണ്ട് നീക്കിവയ്ക്കുന്ന രാജ്യവും ആ ഫണ്ട് സ്വരൂപിക്കാന്‍ ടാക്സ് ഒടുക്കുന്ന പൗരനും ആ ഹിപ്പോക്രിസിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇത്രയ്ക്കും യുക്തിബോധമേ ഒരുത്തനുള്ളൂ എങ്കില്‍, അവന്‍ തൊഴിലില്‍ എന്ത് മാത്രം യുക്തിബോധം ഉപയോഗിക്കും ?

ഇങ്ങനൊന്ന് കണ്‍‌മുന്നില്‍ നടക്കുമ്പോള്‍ കോളെജ് ലെവലിനപ്പുറം ശാസ്ത്രട്രെയിനിംഗ് കിട്ടിയിട്ടുള്ളവര്‍ ഉടനേ ചിന്തിക്കുക ഇത് സ്പോട്ടില്‍ ഒരു controlled പരീക്ഷണമായി നടത്താന്‍ പറ്റുമോ എന്നായിരിക്കും. തുള്ളിമരുന്നില്ലാതെ തന്നെ ഈ പ്രതിഭാസം വര്‍ക്ക് ചെയ്യുമോ എന്ന് സ്പോട്ടില്‍ കാണിച്ച് കൊടുക്കേണ്ട കാര്യമേയുള്ളൂ ഇത് അവിടെയിട്ട് പൊളിച്ച് അവന്റെ തൊള്ളയില്‍ കൊടുക്കാന്‍. അതിനെയാണ് ശാസ്ത്രബോധം, scientific temperament എന്നൊക്കെ വിളിക്കുന്നതും. അങ്ങനൊരു ചിന്ത വളര്‍ത്തുന്നതില്‍ നമ്മുടെ കാണാപ്പാഠം സിസ്റ്റം മുച്ചൂടും പരാജയപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകൂടിയാണ് ഈ വിഡിയോ.

വല്ലവനും ഗുണിച്ചും ഹരിച്ചും കണക്കുകൂട്ടിയും ഉണ്ടാക്കി വച്ച ബ്ലൂപ്രിന്റ് കണ്ണടച്ച് ഫോളോ ചെയ്താല്‍ ഏതവന്‍ ഉണ്ടാക്കുന്ന വാണവും പൊങ്ങും, സോഫ്റ്റ്‌വെയറും ഓടും, മരുന്നും പ്രവര്‍ത്തിക്കും, സര്‍ജ്ജറിയും  ശുഭപര്യവസായിയാകും. ആ സൈസ് കൊട്ടുവടിപ്പണിയല്ലല്ലോ പക്ഷേ ശാസ്ത്രം എന്നത്.

നിര്‍മുക്തയിലേത് പോലുള്ള ആര്‍ട്ടിക്കിളുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പേരെടുത്ത് വിളിച്ച് ചുണ്ണാമ്പ് തേച്ച് മാറ്റി നിര്‍ത്തി ഉരിച്ച് കാട്ടിത്തുടങ്ങുന്നേടത്തേ മാറ്റം ആരംഭിക്കൂ.
There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)