CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 20, 2009

ത്ഫൂലോഗം !

ഈ ബൂലോഗം എന്ന് പറയണ ഗൊണാണ്ടറ് എല്ലാങ്കൂട ഒരു ഠ വട്ടത്തിനൊതുക്കാനേ ഒള്ളൂ എന്നാണ് ഇവടെ കാണണത്. എന്നായെന്തര് വേണം. പൊളക്കണ പൊളപ്പ്കള് കണ്ടാ പത്ത് പതിനഞ്ച് ലച്ചം സര്‍ക്കുലേഷനൊള്ള യേതാ ഇന്റര്‍ നാഷണല്‍ ജിഞ്ചിരിയാണെന്ന് തോന്നിപ്പോവും. ആകെ മൊത്തം വെരട്ട്കളാണ് ഇപ്പ. കരിവാരം വേണോ കത്തിവാരം വേണോന്ന് മാത്രേ തീരുമാനിക്കാനൊള്ളു.

ഒരുത്തന്‍ കേസ് കൊടുത്തത് RACIAL ABUSE എന്നുമ്പറഞ്ഞ്. കേസെടുത്തതോ ? നെറ്റു വഴിയുള്ള “ലൈംഗികാശ്ലീലം” നിരോധിക്കുന്ന സെക്ഷന്‍ പ്രകാരവും...! ഇദ്ദാണ് മച്ചാ പേലകളട ബുദ്ദീന്ന് പറയണത് !

ഐ.ടി നിയമം സെക്ഷന്‍ 67 വായിച്ചാ മിറിയം വെബ്സ്റ്റര്‍ മുതല്‍ കേംബ്രിഡ്ജും ഓക്സ്ഫോഡും വരെയുള്ള ഈരേഴ് പതിനാലു ഡിക്ഷ്ണറിയും പരതേണ്ടി വരും, വല്ലോം മനസിലാവണോങ്കീ.

വാദിക്കാന്‍ നരിമാനോ ഷൂരിയോ ഒക്കെയാവും കോര്‍ട്ടില്.... ഹാവൂ, നടക്കാമ്പോണ പുകിലോര്‍ത്തിട്ട് കോള്‍മ... ശോ, ഓര്‍ത്തില്യാ...ലത് സെക്ഷന്‍ 67 പ്രകാരം അശ്ലീലാണ്.
ഹൈ ! പാടില്യ പാടില്യ !

അതിനെടയ്ക്കാണ് ദാണ്ട ഇത് കണ്ടത് :

...നിങ്ങളൊക്കെക്കൂടെയല്ലെ ചിത്രകാരനെക്കൊണ്ട് ഇപ്രാരം പോസ്റ്റുകള്‍ എഴുതിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതില്‍ തെറ്റുണ്ടോ?... കേരളാ ഫാര്‍മര്‍ വക കമന്റിലെ കഷ്ണോണ്.

അപ്പം നമ്മളും തൂങ്ങിയത് തന്ന. ആ ഭാഗത്തെക്കെ പോയി കമന്റുകളിട്ടൊണ്ട്. ഇനീപ്പ മാപ്പ് സാച്ചിയാക്കുവോ അതാ കൂട്ടുപ്രതിയാക്കി തൂക്കിക്കൊല്ലുവോ എന്നറിഞ്ഞാ മതി.

അതക്ക പോട്ട്. ഇനിയിപ്പൊ എന്തരെടുത്തിട്ട് ബ്ലോഗുവോ എന്തരോ ?! അതോര്‍ത്തിട്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യ.

ആലോചിച്ചപ്പം, ബ്ലോഗെഴുതാന്‍ പറ്റിയ നാലഞ്ചു സാദനങ്ങളേ തെവിട്ടി വന്നോളു :

1. പാചകവിധികള് :

(പൂള, മാങ്ങാത്തൊലി, തേങ്ങാക്കൊല തുടങ്ങിയ ഐ.പി.സി 67 പ്രകാരം lascivious-ഓ prurient വികാരങ്ങള്‍ ഉണര്‍ത്തുന്നതോ ആയ വാക്കുകള്‍ ഉപയോഗിക്കാമ്പാടില്ല)

2. പഴുത്തളിഞ്ഞു കഴിഞ്ഞാലും മലയാളി പിന്നേം തോണ്ടി മണപ്പിക്കുന്ന മറ്റേ സാധനം - “നൊസ്റ്റാള്‍ജിയ” :

കുളം, കിണ്ടി, കല്‍പ്പടവ്, കാവ്, അച്ചാച്ചന്റെ ചൂരവടി, ആറാം വയസ്സില്‍ ഊഞ്ഞാലാടിയ മാങ്കൊമ്പ്, അമ്മൂമ്മേട പുളിശ്ശേരി, ഓപ്പോള്‍ടെ ബലാഗുളിച്ചാദി എണ്ണ എന്നിവ ഇഷ്ടം പോലെ ചേര്‍ക്കാം. സ്കൂളിലെയും കോളെജിലെയും കൌമാരകാല “ചാപല്യങ്ങള്‍ ” വിവരിക്കുമ്പോള്‍ # ചിഹ്നമോ * ചിഹ്നമോ മാത്രം ഇടുക. വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളും.

3. പോട്ടം :

ചായ്പ്പില് പട്ടിപെറ്റുകിടക്കുന്നതോ മുറ്റത്തെ ചട്ടിയില്‍ ബഡ് റോസ് വിരിഞ്ഞു നില്‍ക്കണതോ തന്നം തുന്നനെ പോട്ടം പിടിച്ച് ഇടുക. ലൈറ്റിംഗ്, ഷട്ടര്‍ സ്പീഡ്, തുടങ്ങിയവയെ കുറിച്ച് പത്ത് വാചകം കമന്റായി വരുന്നത് കൊണ്ട് തൃപ്തിപ്പെടുക. “ആ കൈപൊക്കി നില്‍ക്കുന്നത് മാഷിന്റെ ഉപ്പുപ്പയാ?” എന്നൊക്കെയുള്ള കന്നന്തരവ് കമന്റ്കളെ അവഗണിക്കാവുന്നതാണ്. രാഷ്ട്രീയം തൊട്ട് തീണ്ടിയേക്കരുത്, അനോണിക്കമന്റ് വീണ് കുലം മുടിഞ്ഞുപോവും.

4. ഗണിതം, വൈദ്യം, ശാസ്ത്രം, സാങ്കേതികം :

പഞ്ചാംഗത്തിന്റെ മാത്തമാറ്റിക്സ്, രാഹുകാലം കാല്‍ക്കുലേറ്റ് ചെയ്യാന്‍ പത്ത് വഴികള്‍, പക്ഷിപ്പനി പടരുന്ന അഞ്ചു വിധം, ഹൈപ്പര്‍ടെന്‍ഷനുള്ള ഗുളികകള്‍, വെള്ളമടിയുടെ ദൂഷ്യവശങ്ങള്‍, ബോസ് ഐന്‍സ്റ്റൈന്‍ കണ്ടെന്‍സേറ്റ്, ബിഗ് ബാംഗ് ന്യൂക്ലിയോ സിന്തെസിസ്, ക്യാന്‍സര്‍ കോശങ്ങള്‍ നുള്ളിയെടുക്കുന്നതിന്റെ ലേറ്റസ്റ്റ് ഗവേഷണ വാര്‍ത്ത, പട്ടമരപ്പ് തടയാനുള്ള ആയിരത്തൊന്നു വഴികള്‍, ജൈവ ഇന്ധനത്തിന്റെ സാങ്കേതിക വശങ്ങള്‍ തുടങ്ങിയ ആരും വായിക്കാത്ത, ഇനിയഥവാ വായിച്ചാലും ഒരു ചുക്കും മനസിലായില്ലെങ്കിലും “ഈ വിവരങ്ങള്‍ക്ക് നന്ദി” എന്നോ “ഇതുപോലുള്ള കൂടുതല്‍ വിവരങ്ങള്‍ പോരട്ടെ” എന്നോ “:-)” എന്നോ ഉള്ള അമൂല്യമൊഴിമുത്തുകളാല്‍ സമ്പുഷ്ടീകരിക്കപ്പെടുന്ന പോസ്റ്റുകള്‍ .

5. കേരളീയവും അല്ലാത്തതുമായ നാട്യരൂപങ്ങള്‍ :

ഗദഗളി, കഥക്, കൂച്ചിപ്പിടി, ഭരതനാട്യം, മോഹിനീട നാട്യം അങ്ങനെയങ്ങനെ. ഹൈപ്പര്‍ സാവര്‍ണ്യമുള്ള സാദനങ്ങളായോണ്ട് സൂച്ചിച്ചേ എയ്താവൂ . കീചകനെ കാണാമ്പോണ പാഞ്ചാലീട കൈയ്യീ ഇരിക്കണ പാത്രം ഒഴിഞ്ഞതാണാ അതാ ഫുള്ളാണാ, കാവുങ്ങലാശാന്‍ കാലകേയന്‍ കളിക്കുമ്പം അലറണത് എത്ര ഡെസിബലിലാണ്, മാളവികാ സരൂകായ് യേക്ച്വലി കഥകളി സങ്കേതവാണാ ഭരതനാട്യത്തിലോട്ട് കേറ്റിയിരിക്കണത് അങ്ങനെയങ്ങനെ; വായിക്കണോന് ഉച്ചയൊറക്കത്തിന്റെടയ്ക്ക് ചൈനയീ ചെന്ന് പെട്ട ഒരു ഫീല് വരണ അതിഗഹനഫിലാസപ്പിക്കല്‍ സംഭവങ്ങള്. കമന്റായി അധികോം ഇംഗ്ലീഷാരിക്കും: wow..really impressive (‘എന്തര് പുല്ലെഡേ ഇത്?’ എന്നതിന്റെ മാന്യമായ ഫ്രേസ്). പിന്നെ കമലദളത്തിന്റെ ഹാംഗോവറില് നന്ദീകേശ്വരന്‍, ഹസ്തലക്ഷണ ദീപിക, അഭിനയദര്‍പ്പണം എന്നെക്ക ചെലര് വന്നിരുന്ന് മോഹന്‍ ലാലു കളിക്കും. പോസ്റ്റെഴുതിയത് മല്ലികാ സാരാഭായിയായാലും പദ്മാ സുബ്രമണ്യോയാലും അതു സഹിച്ചോണം

6. പൈതൃകം, പഴംപുരാണം :

ഭഗവദ് ഗീത, ഖുര്‍ ആന്‍, ബൈബിള്‍, സെന്‍ഡ് അവെസ്ത, തോറ, ഗുരുഗ്രന്ഥ് സാഹിബ് തുടങ്ങിയ self-help ഗ്രന്ഥങ്ങളുടെ ദാര്‍ശനിക ഡൈമന്‍ഷനുകളെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ച. ഒട്ടുമിക്കവാറും അണ്ണന്മാര്‍ക്കും അക്ഷരശ്ലോകപാരമ്പര്യമുള്ള സ്ഥിതിക്ക് സംസ്കിറിതത്തിനു കമന്റില്‍ യാതൊരു പഞ്ഞവും കാണൂല്ല. ജര്‍മ്മന്‍ ഭാഷയില്‍ സ്പാം മെയിലു കിട്ടിയവനെ പോലെ ബാക്കിയൊള്ളവമ്മാരു വായുമ്പോളിച്ചിരുന്നോളും. ഖുര്‍ ആന്‍ ആണെങ്കീ ചെല അണ്ണമ്മാര് കേറി സയന്റിഫിക് ആയിക്കളയും എന്നതാണ് ആകെയൊള്ള കൊഴപ്പം. അതു സാരമില്ല, ഇപ്പറത്ത് ബാലന്‍സ് ചെയ്യാന്‍ ശങ്കരാചാര്യരുടെ അറ്റോമിക്-അദ്വൈത സിദ്ധാന്തത്തെ തന്നെ നമ്മക്ക് പൊക്കിക്കൊണ്ടുവരാവുന്നതേ ഒള്ളു.


ഇനി ഇതൊന്നും പോരാഞ്ഞ് ദൈവനിഷേധം, ജാതി ചരിത്രം, മതവിരോധം, സംവരണ രാഷ്ട്രീയം, ആക്ഷേപ ഹാസ്യം എന്നിങ്ങനെയുള്ള എരിവ് വിഷയങ്ങളില്‍ത്തന്നെ എന്തേലും മിണ്ടിയാലേ ഉറക്കം വരൂ എന്നുള്ളവര്‍ അത് അത്യന്താധുനിക കവിതയായി സ്ഖലിപ്പിക്കുക. അതാവുമ്പോള്‍ തലച്ചോറിന് മിനിമം പണിയേ വേണ്ടൂ , ഒറ്റയൊരുത്തനും മനസിലാവുകേമില്ല, റെഫറന്‍സും മണ്ണാങ്കട്ടേം ചോയിക്കുമില്ല. സ്മൈലി, “ഹ ഹ ഹ”, “വാഹ് വാഹ്” എന്നിങ്ങനെയുള്ള ആബ്സ്ട്രാക്റ്റ് കമന്റുകള്‍ വച്ചിട്ട് എല്ലാവനും പാട്ടിന് പൊയ്ക്കോളേം ചെയും.

-ശുഭം-

ഓഫ്: ഇത് ഒരു പ്രതിഷേധ കുറിപ്പല്ല, ആണെന്ന് ആരേലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം മണ്ടത്തരം.

31 comments:

 1. ട്രാക്കിങ്ങ് .............

  (ഞാന്‍ ഓടി)

  ReplyDelete
 2. :)

  ബൂലോകം ബഹുരസം .. :)

  ReplyDelete
 3. വികാരം വൃണപ്പെടുത്തരുത് പ്ലീസ്.

  അനോണിക്കമന്റ് വീണ് കുലം മുടിഞ്ഞുപോവും.:-)

  ReplyDelete
 4. ഹഹഹ... കലക്കി സൂരജേ, കലക്കി!

  ആ നാലാം നമ്പ്ര എന്നെപ്പറ്റിയാണു്, എന്നെപ്പറ്റി മാത്രമാണു്, ഞാനിതെങ്ങനെ സഹിക്കും? ഞാനിനി വല്ല പാചകപോസ്റ്റും എഴുതാൻ പോകുകയാണു്!

  ReplyDelete
 5. പഴുത്തളിഞ്ഞു കഴിഞ്ഞാലും മലയാളി പിന്നേം തോണ്ടി മണപ്പിക്കുന്ന മറ്റേ സാധനം - “നൊസ്റ്റാള്‍ജിയ” : കുളം, കിണ്ടി, കല്‍പ്പടവ്, കാവ്, അച്ചാച്ചന്റെ ചൂരവടി, ആറാം വയസ്സില്‍ ഊഞ്ഞാലാടിയ മാങ്കൊമ്പ്, അമ്മൂമ്മേട പുളിശ്ശേരി, ഓപ്പോള്‍ടെ ബലാഗുളിച്ചാദി എണ്ണ എന്നിവ ഇഷ്ടം പോലെ ചേര്‍ക്കാം.

  നൊസ്റ്റാള്‍ജിയയുടെ ലിസ്റ്റില്‍ അപ്പൂപ്പന്റേം അമ്മൂമ്മേടേം കോളാമ്പികള്‍ ചേര്‍ക്കാത്തതില്‍ അതിഭയങ്കരശക്തമായി പ്രതിഷേധിക്കുന്നു. നാക്കില്ലാത്ത ഉച്ചഭാഷിണി സ്വര്‍ഗ്ഗത്തിലേക്കു് വാതുറന്നു് പ്രാര്‍ത്ഥിക്കുന്നതോ എന്നു് തോന്നിക്കുന്ന രൂപത്തിലുള്ള അപ്പൂപ്പന്റെ കോളാമ്പിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടല്ലാതെ ഞാനെന്റെ ദിവസം ആരംഭിക്കാറില്ല. അതുപോലെതന്നെ അരമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളതും ചോറു് മാന്തിക്കളഞ്ഞ അര്‍ദ്ധമത്തങ്ങയോ എന്ന ഉല്പ്രേക്ഷ ആരിലും ജനിപ്പിക്കുന്നതുമായ അമ്മൂമ്മയുടെ ഓമനത്തിങ്കള്‍ക്കിടാവായ ഓട്ടുകോളാമ്പിയാണെന്റെ സന്ധ്യാവന്ദനജ്ഞാനസ്വരൂപിണി. “മൂന്നു്” എന്ന കോളാമ്പിയുടെ സാമാന്യലക്ഷ്യത്തില്‍നിന്നും വ്യതിചലിച്ചു് ഉത്പതിഷ്ണുവായിരുന്ന അമ്മൂമ്മ ഒന്നും രണ്ടും അതില്‍ത്തന്നെയായിരുന്നു സാധിച്ചിരുന്നതു് എന്നതു് അമ്മൂമ്മയും കോളാമ്പിയും തമ്മിലുള്ള അഭേദ്യമായിരുന്ന ആത്മബന്ധം നിഷ്ഠ്യൂതമാത്രമല്ലായിരുന്നു എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവായി ഞാന്‍ ഇവിടെ ഹാജരാക്കുന്നു. മലയാളിത്തറവാടുകളുടെ ചരിത്രം കോളാമ്പികളുടെ ചരിത്രമാണു്. അതു് മലയായ്മയുടെ സഹനശേഷിയുടെ കരളലിയിപ്പിക്കുന്ന കദനകാവ്യമാണു്. ആ നീറുന്ന ഓര്‍മ്മകളെ മലയാളികളുടെ മനസ്സില്‍ നിന്നും തേയ്ച്ചുമാച്ചു് കളയുന്നതിനുള്ള ഏതു് ശ്രമവും ചോരയും നീരും തുപ്പലും കൊടുത്തു് നേരിടും. “കോളാമ്പികളെ തൊട്ടുകളിച്ചാല്‍ കേറ്റും കേറ്റും കോടതി കേറ്റും!” “ദൂച്ചിച്ചോ ദൂച്ചിച്ചോ മൂരാച്ചികളേ ദൂച്ചിച്ചോ!”

  That is all Your Honour! ക്ഷീണിച്ചു.

  ReplyDelete
 6. ഞാനൊരു കമന്റിട്ടിട്ട് ഓടി... എന്തൊരൊക്കെയാണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയുവാനൊരു ആകാംക്ഷ... ;)

  ReplyDelete
 7. When the first women's magazine in Malayalam, Kerala Sugunanabodhini, came out in 1886 it began with an editorial that ran like this: " Nothing related to political matters is included here. Philosophy, physical science, humourous stories that entertain, moral essays that enlighten, stories, women's duty,
  culinary science, music, histories of exemplary women, history of places, book reviews, essays on other educational subjects: this book will contain these mostly in prose and sometimes in verse. We shall not include reductive religious debates here."
  http://osdir.com/ml/culture.india.sarai.reader/2005-01/msg00156.html

  ഇതും സു‌രജിന്‍റെ പോസ്റ്റുമായി നല്ല സാമ്യം ഉണ്ടല്ലോ. ഇനി തോന്നുന്നതായിരിക്കും.

  ReplyDelete
 8. എന്നെക്കൊണ്ട് ബ്ലോഗ് പൂട്ടിക്കും :)

  ReplyDelete
 9. "തുടങ്ങിയ ആരും വായിക്കാത്ത, ഇനിയഥവാ വായിച്ചാലും ഒരു ചുക്കും മനസിലായില്ലെങ്കിലും “ഈ വിവരങ്ങള്‍ക്ക് നന്ദി” എന്നോ “ഇതുപോലുള്ള കൂടുതല്‍ വിവരങ്ങള്‍ പോരട്ടെ” എന്നോ “:-)” എന്നോ ഉള്ള അമൂല്യമൊഴിമുത്തുകളാല്‍ സമ്പുഷ്ടീകരിക്കപ്പെടുന്ന പോസ്റ്റുകള്‍ " അതുതന്നെ നല്ലത്
  അയ്യോ അപ്പോള്‍ അനാലിസിസ് ഓഫ് ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സും പാടില്ലെ? തെറ്റുപറ്റിയാല്‍ മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി നേരിട്ട് ഇടപെട്ടുകൊള്ളും അല്ലെ?

  ReplyDelete
 10. പഴുത്തളിഞ്ഞു കഴിഞ്ഞാലും മലയാളി പിന്നേം തോണ്ടി മണപ്പിക്കുന്ന മറ്റേ സാധനം - “നൊസ്റ്റാള്‍ജിയ” :D

  athinu oru valiya Kayyadi... ;)

  ReplyDelete
 11. സത്യത്തിൽ ഈ ബ്ലോഗുകൊണ്ടു ഞാൻ കാണുന്ന ഏക ഗുണം എങ്ങനെ റബ്ബർ കൃഷി ചെയ്യം എന്നതാണെന്നു്. നാട്ടിലുള്ള രബ്ബർ കർഷകർ എത്രപേരാണു് ബ്ലോഗ് വായിക്കാൻ Asianetന്റെ Internet കണക്ഷനു വേണ്ടി ക്യൂ നില്കുന്നതു് എന്നറിയാമോ?

  ദുഫൈയിലോ, ഷാർജ്ജയിലോ ഒരു നാലു സെന്റ് സ്ഥലം കിട്ടിയിരുന്നെങ്കിൽ ഒരു റബ്ബർ തോട്ടം തുടങ്ങാമായിരുന്നു എന്നു വരെ ഞാൻ ചിന്തിച്ചിട്ടുണ്ടു.

  പിന്നെ കവികളേ കളിയാക്കിയതിൽ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ ഒരു മഹാ കവിയും മലയാള ഭാഷ പന്റിതനും ആനെന്നുല്ല കാര്യം അരിയാമല്ലോ. ബ്ലോഗിലുള്ള ബാഷ സ്നേഹികളെ ആനു് നിങ്ങൾ അപമാനിച്ചിരിക്കുന്നതു്. അല്ല വൃണപ്പെടുത്തിയിരിക്കുന്നതു്. പ്രത്യേകിച്ചും എന്നേപോലുള്ള കവികളെ. സൂരജ് എത്രയും പെട്ടന്നു് ഈ ബ്ലോഗ് അടച്ചുപ്പുട്ടണം എന്നാണു് ആവശ്യപ്പെടുന്നതു്. പൂട്ടിയില്ലെങ്കിൽ രണ്ടു കുപ്പിയും കൈമടക്കായി കൊടുക്കാനുള്ള രണ്ടായിരം രൂപയും ബ്ലോഗഴ്സിൽ നിന്നും പിരിച്ച് അടുത്ത പോലിസ് സ്റ്റേഷനിൽ കൊണ്ടുപോയി കേസ് റജിസ്റ്റർ ചെയ്യുന്നതായിരിക്കും.

  ReplyDelete
 12. എന്റമ്മേ, ഇത്രയും തലയറഞ്ഞ് ഞാ‍ന്‍ ഇതിനു മുന്‍പ് ചിരിച്ചിട്ടില്ലേ..വാഹ് ഹുസൂര്‍ വാഹ്!!

  ReplyDelete
 13. ശരിക്കും ചിരിച്ചു... ഇടയ്ക്ക് എന്തൊക്കെയോ ചിന്തിച്ചു പോയി... അതെങ്ങാന്‍ പറഞ്ഞാല്‍ കേസായാലോ! അതോണ്ട് മിണ്ടൂല്ല! :-D
  --

  ReplyDelete
 14. നെടുന്തൂറ്റം പിടിച്ചവന്‍ ഓടി നടന്ന് തൂറുമ്പൊ സ്ഥല സന്ദര്‍ഭങ്ങള് നോക്കണ്ടേടെയ്?? ഇവിടെയിപ്പ
  കാരന്‍ ഓടി നടന്ന് തൂറുന്നത് മുഴുവന്‍ കോരാന്‍ ആളെക്കിട്ടാതെ കെടന്ന് നാറുമ്പൊഴാണ്
  ചെല പൊളപ്പ് ജമ്മങ്ങള്‍ക്ക് ക്യാസു കൊടുക്കാനും മറ്റും ത്വാന്നിയേക്കണത്,അത് ലവന്റെ പ്വാഴത്തരം.ഇമ്മാതിരി നാലഞ്ചെണ്ണത്തിന് വയറെളക്കം ത്വടങ്ങിയാല് പിന്നെ യെന്തരു ക്യാസുകള് ക്വാടതികള്??? മൂക്കും പ്വത്തിപ്പിടിച്ചോണ്ട് ത്ഫൂലൊകം, കൃമിലോകം, കീടലോകം എന്നൊക്കെ പിറുപിറുത്തു കഴിയേണ്ടി വരുമെടേയ് യെന്തരു ചെയ്യാനക്കൊണ്ട്!.

  ഒന്നെങ്കില്‍ ലവന്റെ വയറെളക്കം നിക്കണം.
  ഹഹഹ..... യെവടെ നിക്കാന്‍ ഈ ജന്മം മുഴ്വന്‍ തൂറിയാലും തീരാത്തത്രേം ക്യട്ടിക്കെടക്കയാണല്ല്! കടലു പ്വാലെ,ക്യായലു പോലെ,കൊച്ചിപട്ടണത്തിലെ ഓടകള് പോലെ!

  അല്ലെങ്കില് ലതു ടേസ്റ്റാന്‍ പോയിട്ട് "ശ്ചേ!!! മോശം മഹാ മോശം ന്വമ്മുടേതൊക്കെ കസ്തൂരികളാണല്ല് ഇത് യെന്തര് നാറ്റം ഫഗവാനേ.... ക്യാസുകള് കൊടുത്ത് ലിവന്റെ പ്രോഡക്ഷനാപ്പീസുകള് പൂട്ടിയിട്ട് തന്നെകാര്യം"
  എന്നു ചിന്തിക്കുന്ന പയലുകള് ലവിടപ്പോയി അതിനു മുതിരാതിരിക്കണം. അതുവരെ സാദാ ബൂലോകവാസികള്‍ മൂക്കുംവായും പൊത്തിപ്പിടിച്ച് അവനവന്റെ വഴിക്ക് ചലോ ചല്‍. മുന്തിയ ഇമ്മിണി ബല്യ ടീമുകള് "ഛായ് ഇതെന്തരു ബൂലോകം?. ത്ഫൂലോകം പു,...പൂ..പൂലോകം" യെന്നരൊക്കെ പ്വലമ്പിക്കൊണ്ട് ഒഴിഞ്ഞു നടക്കണം.

  ReplyDelete
 15. എന്റെ ബ്ലോഗ് അവർണ്ണദൈവങ്ങളേ,കരിങ്കുട്ടീ,തീക്കുട്ടീ-എനിക്കു വയ്യ.
  സൂരജേ,എയ്തിവന്നപ്പോ ഒരു അപകടമില്ലാത്ത ബിസയം മറന്നു.ഞാനും ഹരീം,മണീം,നിഷ്കളങ്കനും,കതിരവനുമൊക്കെ എടക്കെടക്ക് ചെയ്യണ പരിപാടി,ഗദഗളി.ആരും കേസൊന്നും കൊടുക്കില്ലെന്നു തോന്നുന്നു.
  എനിയൊന്നും പറയാനില്ല,എനിക്ക് കുട്ടിക്കാലം മുതലേ കാക്കി കണ്ടാലേ പേടിയാ.

  ReplyDelete
 16. തള്ളേ!
  എത്തിക്കല്‍ ബ്ലോഗിങ്ങ് എന്തരാന്ന് ഇപ്പ തന്നെ മനസ്സിലായത്. അപ്പ എത്തിക്കല്‍ (എങ്ങനെയെങ്കിലും ഒരെണ്ണം ഇന്റര്‍നെറ്റില്‍ എത്തിക്കണത് തന്നല്ല് ഈ എത്തിക്കല്‍ പരുവാടികള്‍) കമന്റിങ്ങ് ഈ ഓരോ ക്യാറ്റഗറിയിലും എങ്ങനെ വേണം?

  കൊറച്ച് ഉന്നത നിലവാരമൊള്ള കമന്റുകള്‍- ഒരു റ്റെക്സ്റ്റ് ഫയല്‍ ആക്കി സേവ് ചെയ്ത് വെച്ചാ ടൈപ്പ് ചെയ്യുന്ന സമയം ലാഫിക്കാം. ചുമ്മാ ക്വാപ്പികളും പ്യാസ്റ്റുകളും ചെയ്താ പോരീ.

  ഒന്നാമതായി പോസ്റ്റു വായിച്ച് സമയം പാഴാക്കല്ലും. വായിക്കണ സമയം കൊണ്ട് നാലു കമന്റ് തോനെ അടിക്കാം. ചുമ്മാ ആ പോസ്റ്റ് തൊറക്കുക, തലക്കെട്ട് നോക്കുക

  പാചകം.
  അസ്സലായി, ഉപകാരപ്രസം, ഇതെനിക്കു വലിയ ഇഷ്ടമാ, ഇന്നു തന്നെ ഉണ്ടാക്കും. ഇനിയും പോസ്റ്റണേ, മത്തങ്ങാക്കുരുവും കുമ്പളങ്ങായും കൂടിയുള്ള ഓലന്റെ റെസിപ്പിയും ഇടണേ

  നൊസ്റ്റാള്‍ജിയം
  ഓ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, നല്ല ഒഴുക്കുള്ള എഴുത്ത്, മനോഹരം, എന്റെ കുട്ടിക്കാലം ഓര്‍മ്മവന്നു, ഞാനും ഇങ്ങനെ തന്നെ ആയിരുന്നു, അസൂയ, കുശുമ്പ്, കുന്നാമ്പിരി ഒക്കെ തോന്നുന്നു.
  ചിരിച്ച് തള്ളിപ്പോയി ചെല്ലാ, ഇനിയും പോസ്റ്റണേ, മുന്നത്തെപ്പോലെ തന്നെ ഇതും, രാവിലേ ചിരിച്ച് മണ്ണുകപ്പി, ഹെന്റമ്മോ കലക്കന്‍, എന്തൊരെഴുത്താ.

  ഫോട്ടം
  മനോഹരം, ഗംഭീരം, ഏതാ ക്യാമറ, എങ്ങനെ ഇതൊക്കെ എടുക്കുന്നു, കളര്‍ ക്വാംബിനേഷം ഫയങ്കരം, എന്തരു ക്ലാരിറ്റി, ഇതിന്റെ ഹൈ റെസൊല്യൂഷന്‍ ഫയല്‍ അയച്ചു തരുമോ അമ്മായിയമ്മക്ക് പിറന്നാള്‍ സമ്മാനം ആയിട്ട് ഫ്രെയിം ചെയ്ത് കൊടുക്കാനാ.

  വൈദ്യം (വ്യാജന്‍ അടക്കം) , ശാസ്ത്രം (ഗൗളിശാസ്ത്രം, കൈരേഖാദി ശാസ്ത്രം അടക്കം, ഗണിതം, അവഗണിതം
  (ധൈര്യമായി പുല്ലിംഗം അടിച്ചോ, ഇതു പുരുഷന്മാര്‍ക്കു വരുന്ന രോഗമാ) . മാഷിന്റെ ഞ്ജാനം അപാരം, എവിടെന്നു കിട്ടി ഇത്രയും വിവരം, വായിച്ച് ഒരു വഴിക്കായി, ഇത്രയും കാലം ഞാനിത് മനസ്സിലാവാതെ ജീവിതം കോഞ്ഞാട്ടയായി നടപ്പായിരുന്നു, വിക്കിയില്‍ ഇട്ടൂടേ (വെറുതേ മനുഷ്യന്റെ സമയം പാഴാക്കാതെ) . എത്ര വിജ്ഞാനദായകം, അങ്ങയെപ്പോലെയുള്ളവരാണീ ബൂലോഗത്തിന്റെ നാരായവേര്‌.

  പൈതൃകം പഴമ്പുരാണം
  ബ്ലോഗ് ടൈറ്റില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഗൂഗിളിനു കൊടുക്കുക, എന്താ കിട്ടുന്നതെന്ന് വച്ചാല്‍ കോപ്പി പേസ്റ്റ് ചെയ്ത് വിട്ടേക്കുക. ഇതാണ്‌ ബ്ലാക്ക് ബോക്സ് അപ്പ്രോച്ച്.

  ഇനി പുണ്യഗ്രന്ഥങ്ങളെക്കുറിച്ചാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ ശ്ലോകമോ വ്യാഖ്യാനമോ കിട്ടും .

  വജ്രായുധം
  ചെലവന്മാര്‌ എഴുതുന്ന പോസ്റ്റ് വായിച്ചാ ഇത് പാചകമാന്നോ ഫോട്ടമാന്നോ നൊസ്റ്റാള്‍ജിയ ആന്നോ ശാസ്ത്രമാന്നോ അതോ പൈതൃകമാന്നോ എന്നു പോലും നമ്മക്ക് മനസ്സിലാവൂല്ല. ഇനി അങ്ങനെ പറ്റിപ്പോയാല്‍ ലവന്‍ എഴുതിയ ഒരു വരി അങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്യുക എന്നിട്ട് ഒരു ആശ്ചര്യ ചിഹ്നവും ഇട്ട് കമന്റ് അങ്ങ് അടിച്ചോ. പോസ്റ്റ് എഴുതിയവനും പിടി കിട്ടൂല്ലാ നമ്മള്‍ യോജിച്ചതാണോ വിയോജിച്ചതാണോ പ്രതിഷേധിച്ചതഅണോ ആസ്വദിച്ചതാണോ എന്തുദ്ദേശിച്ചാണെന്ന്. ഇങ്ങോട്ട് പോക്രിത്തരം കാണിച്ചാ അങ്ങോട്ടും അങ്ങനെ തന്നെ.

  എപ്പോഴും ശ്രദ്ധിക്കണ്ടുന്ന കാര്യങ്ങള്‍:
  സാമൂഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ഇടപെടരുത്. അധവാ ഇടപെടണമെന്നുണ്ടെങ്കില്‍ അത് കള്ളപ്പേരില്‍ വേണം. ഇനി തെറി പറയണമെങ്കില്‍ ഒരു തെറിതെറിപ്പിക്കല്‍ ഐഡിയും ഒരു തേനൊലിപ്പിക്കല്‍ ഐഡിയും ഉണ്ടാക്കുക, എന്നിട്ട് പഞ്ചാരക്കമന്റുകള്‍ മാത്രമിടുന്ന ഐഡിയില്‍ ഫോട്ടോയും ഊരും പേരും വയ്ക്കുക. വല്യ ആഢ്യ്ത്വത്തിന്റെയും പഠിപ്പിന്റെയും ലക്ഷണം പട്ടിണി, പരിവട്ടം, മന്ത്രിസഭ, കോടതി, വഴിയില്‍ തല്ല്, സര്‍ക്കാര്‍ പള്ളിക്കൂടം, തൊഴിലില്ലായ്മ തുടങ്ങിയവയില്‍ അവജ്ഞയാണ്‌. അറിയാതെ പോലും ഇവയിലൊന്നും ചെന്ന് കമന്റിടരുത്. ഇട്ടാല്‍ തന്നെ എനിക്കീക്കാര്യങ്ങള്‍ പരമപുച്ഛമാണ്‌ എന്ന ധ്വനിയോടെ വേണം.

  ReplyDelete
 17. അപ്പോള്‍ ഇതാണല്ലേ ആ പോസ്റ്റ്...!!!

  ദേവേട്ടന്റെ കമന്റും രസകരം

  ReplyDelete
 18. പാപി ചെല്ലുന്നിടം പാതാളം എന്നു പറേണ പോലായല്ലൊ പണ്ടാറടങ്ങാനായിട്ട്.. രഷ്ട്രീയോം പള്ളീയേം പട്ടക്കാരനേം എന്തിന്, കോടതിയെവരെ ബ്ലോഗണ്ണമ്മാരു ചുമ്മാ ചീളു ചീളായിട്ട് എടുത്തിട്ടലക്കണതുകണ്ട ആവേശത്തിലാണ് ഒരു ബ്ലോഗ് തൊടങ്ങാനുള്ള പുത്തിമോശം തോന്നിയത്. എവടേലും ചൊറിഞ്ഞോണ്ടിരിക്കണത് സൊഖമൊള്ള കാര്യമാണല്ലൊ. തല്ലു കൊള്ളുവോന്നുള്ള പേടീം വേണ്ടാരുന്നു.
  ഇനീപ്പൊ എന്നാ ചെയ്യും. അല്ല, ഇനീപ്പൊ എങ്ങനേങ്കിലും പാചകോം ഗണിതോമൊക്കെ പടിക്കാന്നുവെച്ചാലും അതിനുവല്ലൊം മറ്റേപ്പരിപാടീടെ സുഖം കിട്ടുവോ? ഞാനിനി നാളെയെങ്ങനെയൊരു പോസ്റ്റിടും കര്‍ത്താവേ. ഇനീപ്പൊ വല്ല സുവിശേഷപ്പരിപാടീം നോക്കിയാലോ.
  ഛെ.. എന്നാലും ഇതൊരുമാതിരി കോപ്പിലെ ഏര്‍പ്പാടായിപ്പോയി.

  ReplyDelete
 19. അതെയതെ. എതിരഭിപ്രായം പറയുന്നവന്റെ കുലം മുടിപ്പിക്കാനല്ലേല്‍ പിന്നെ ഇവിടെന്തിനാ നിയമവും കോടതിയും!

  കരുതിയിരുന്നോ. മനുഷ്യന്മാരെ ചിരിപ്പിച്ച് വയറിളക്കിപ്പിക്കാന്‍ നോക്കിയതിന് സൂരജിനും വക്കീല്‍ നോട്ടീസ് അയച്ചാലോന്നാലോചിക്കുന്നു.

  ReplyDelete
 20. വികടന്‍ ജീ ഓര്‍മ്മിപ്പിച്ചപ്പഴാണ് ഗദഗളി മിസ്സ് ചെയ്തത് കണ്ടത്... കേറ്റീറ്റൊണ്ട്.

  ReplyDelete
 21. ആ മഹാന്‍ ശിരസു പിളര്‍ന്ന് അന്തരിയ്ക്കണേ എന്നു ജഗതി മിഥുനത്തില്‍

  ReplyDelete
 22. ഗൊള്ളാം കലിപ്പുകള്‍.. :)


  OT
  ലിങ്കുകളില്‍ ക്ലിക്‌ ചെയ്യുമ്പോള്‍ പോസ്റ്റില്‍ നിന്നും ഡൈവര്‍ട്ട്‌ ചെയ്യാതെ തന്നെ ലിങ്കന്‍ പോസ്റ്റ്‌ തുറക്കുന്ന വിധത്തില്‍ ലിങ്ക്‌ കൊടുക്കുന്നതല്ലേ നല്ലത്‌..

  ReplyDelete
 23. മറ്റൊരു സേഫ് ബെറ്റു കൂടി ഉണ്ട് സൂരജെ. സിനിമ, അതും ഫോറിൻ സിനിമ.
  കേസു പോയിട്ട് ഒരു അനോണികമന്റു പോലും വരില്ല...:)

  ReplyDelete
 24. ചുരുക്കം പറഞ്ഞാല്‍ മേല്‍ പറഞ്ഞ സംഭവങ്ങളൊന്നും പിടിയില്ലാത്തവന്‍ ബ്ലോഗ് പൂട്ടി താക്കോല്‍ കടലില്‍ കളയണമെന്ന് അര്‍ത്ഥം...

  ദേ പോവുകയായി...

  ReplyDelete
 25. ഞാന്‍ ഏതായാലും സൂരജ് പറഞ്ഞത്ത് പരശ്ശതം അങ്ങട് ഉപേക്ഷിച്ചില്ല... താഴെ ലിങ്ക്സ് റ്റു ദി പോസ്റ്റില്‍ കാണുന്നില്ലേ ഒരെണ്ണം? ക്ലിക്കി നോക്കൂ :)

  ReplyDelete
 26. ആറാമത്തെ എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്.
  ഞാൻ ഒറ്റയ്ക്ക് കോറസ്സു പാടി മനുഷ്യ ചങ്ങല തീർത്ത് നിങ്ങളെയൊക്കെ അതിൽ പൂട്ടിയിടും.
  ങും, മുഖ്യമന്ത്രിയോടാ കളി.

  ReplyDelete
 27. ചിത്രകാരനെ മൂക്കില്‍വലിച്ചുകേറ്റാന്‍ സമയം കത്തിരിക്കുന്ന ഫാര്‍മറാതികര്‍ക്ക്, സൂരജിന്റെ കമന്റിനോട് എന്താപറയാനുള്ളതെന്ന് കാത്തിരിക്കുന്നു.

  ReplyDelete
 28. ചിത്രകാരനെ മൂക്കില്‍വലിച്ചുകേറ്റാന്‍ സമയം കത്തിരിക്കുന്ന ഫാര്‍മറാതികര്‍ക്ക്, സൂരജിന്റെ കമന്റിനോട് എന്താപറയാനുള്ളതെന്ന് കാത്തിരിക്കുന്നു.

  ReplyDelete
 29. ഹാ ഹാ

  ഇത് വായിച്ചേ പിന്നെ, എഴുതാനേ തോന്നുന്നില്ലല്ലോ..!

  ഇതൊരു രോഗമാണോ? (ഡോക്ടര്‍?)‌‌

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)