CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Dec 31, 2008

അബ്രഹാമിന്റെ സന്തതികള്‍

ഇസ്രയേല്‍ - ഫലസ്തീന്‍ വൈരങ്ങളുടെ കനല്‍ വീണ്ടും ജ്വലിക്കുന്നു. സമാനതകളില്ലാത്ത ആക്രമണങ്ങള്‍ വഴി ഒടുങ്ങുന്നത് നിരപരാധികളായ മനുഷ്യരും. രണ്ടുരാജ്യങ്ങളുടെ,1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ ചരിത്രം ചികഞ്ഞ് ഒരു സ്കൂള്‍ കുട്ടിയായി...വെറുതേ...

1517 മുതലുള്ള നാലു നൂറ്റാണ്ടുകള്‍ : പലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ അറബ് സാമ്രാജ്യത്തിന്റെ ഭാഗം.

1831-40 : ഒട്ടോമാന്‍ സുല്‍ത്താന്റെ ജെനറലായിരുന്ന് പിന്നീട് ഈജിപ്തിന്റെ ഭരണം കൈയ്യേറ്റ മുഹമ്മദ് അലിയുടെ ഭരണകാലത്താണ് ഫലസ്തീനിന്റെ ആധുനികീകരണം ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ . അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം പാഷയാണ് ആധുനികചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃതനികുതിനയവും ഭരണസൗകര്യത്തിനായി ജൂത,ക്രൈസ്തവരടക്കമുള്ള തദ്ദേശീയജനപ്രമുഖരെ ഉള്‍പ്പെടുത്തി ഭരണനിര്‍വഹണ സമിതികള്‍ ഉണ്ടാക്കിയത്.

1840കള്‍ : ഇബ്രാഹിം പാഷയുടെ പതനത്തെത്തുടര്‍ന്ന് ഫലസ്തീനില്‍ ഒട്ടോമാന്‍ ഭരണവും പിന്നീട് യൂറോപ്യന്‍ കോളനിവല്‍ക്കരണവും. "താന്‍സിമത്"എന്ന് വിളിക്കപ്പെട്ട ആധുനികീകരണ ശ്രമങ്ങള്‍ തുടരുന്നു.അതോടൊപ്പം ഭരണകേന്ദ്രീകരണവും സാമ്രാജ്യത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമവും.

1853-56 : ക്രിമിയന്‍ യുദ്ധമാരംഭിക്കുന്ന അവസരത്തില്‍ ഏതാണ്ട് അഞ്ചുലക്ഷമായിരുന്നു പലസ്തീന്‍ ജനസംഖ്യ എന്ന് മക് കാര്‍ത്തി. ഭൂരിപക്ഷവും അറബിസംസാരിക്കുന്നവര്‍ . ഏറിയപങ്കും മുസ്ലീമുകളും.പല സെക്റ്റുകളില്‍ പെട്ട ക്രൈസ്തവര്‍ അറുപതിനായിരത്തോളവും ജൂതവിഭാഗക്കാര്‍ ഏതാണ്ട് ഇരുപതിനായിരത്തോളവും ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇവരെക്കൂടാതെ അന്‍പതിനായിരം ഒട്ടോമാന്‍ പടയാളികളും പതിനായിരത്തിനടുത്ത് യൂറോപ്യന്മാരും.

1878 : ഇന്നത്തെ ടെല്‍ അവീവിന്റെ ചുറ്റുവട്ടത്തായി ആദ്യ സയണിസ്റ്റ് കാര്‍ഷികകോളനി ഉയരുന്നു.

1882 : കിഴക്കന്‍ യൂറോപ്പില്‍ നിന്നും പതിനായിരക്കണക്കിനു ജൂതക്കുടിയേറ്റക്കാര്‍ ഫലസ്തീനിലേയ്ക്ക്.

1891 : ജൂതക്കുടിയേറ്റക്കാരുടെ സഹായത്തിനായി ആദ്യ സംഘടന - Jewish Colonization Association (JCA)- ജര്‍മ്മന്‍ ജൂതനായ മൊറീസ് ഡി ഹെര്‍ഷിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

1896 : ജൂതര്‍ക്കായി ഒരു എക്സ്ക്ലൂസീവ് രാഷ്ട്രം ഉണ്ടാവേണ്ടതുണ്ടെന്ന ദീര്‍ഘകാലമായി നില്‍ക്കുന്ന ആശയം തിയോഡര്‍ ഹെര്‍സലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിലൂടെ രാഷ്ട്രീയ ആഹ്വാനമാകുന്നു.

1897-1904 : മേല്പ്പറഞ്ഞ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ജെ.സി.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. സ്വിറ്റ്സര്‍ലന്റില്‍ സ്ഥാപിതമായ ലോകസയണിസ്റ്റ് സംഘടന ഫലസ്തീനി ഒരു ജൂതരാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കുന്നു. Jewish National Fund എന്ന പേരില്‍ ഫലസ്തീനില്‍ ആവശ്യമെങ്കില്‍ ജൂതര്‍ക്കായി ഭൂമി വാങ്ങാനും നീക്കമാരംഭിക്കുന്നു.

1904-1911 : കൂടുതല്‍ ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറുന്നു.ഫലസ്തീനി അറാബ് കര്‍ഷകരുമായി പലയിടങ്ങളിലും സംഘരഷമാരംഭിക്കുന്നു. ജൂതര്‍ ജനസംഖ്യയുടെ 6% ആയി ഉയരുന്നു.
ജൂതകോളനികളെ, വിശേഷിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാരെ ഫലസ്തീനില്‍ വ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ക്രൈസ്തവ ചായ് വുള്ള യൂറോപ്യന്‍ നേതൃത്വങ്ങള്‍ക്ക് ചില സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒന്നാമത്, വിശുദ്ധഭൂമിയായ യെറുശലേമിനു വേണ്ടി മുസ്ലീങ്ങളുമായി നടന്ന പോരാട്ടങ്ങളുടെ ബാക്കിയായ വംശദ്വേഷം. രണ്ടാമത്, 'ഇസ്രായീല്യ'രാല്‍ വിശുദ്ധദേശം നിറയുന്ന ബിബ്ലിക്കല്‍ പ്രവചനത്തിന്റെ (പ്രതീകാത്മക) സാക്ഷാത്കാരം. മൂന്നാമത്, തദ്ദേശീയമായ ഒരുതരം ഉദ്ഗ്രഥനത്തിനും തയ്യാറാവാതെ നൂറ്റാണ്ടുകളായി വേറിട്ടു നില്‍ക്കുന്ന ജൂതരോടുള്ള വ്യംഗ്യമായ വെറുപ്പ്.
1914 : ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.

1917: ബ്രിട്ടന്റെ സെക്രട്ടറി ഒഫ് സ്റ്റേയ്റ്റ് , ബാല്ഫോര്‍ പ്രഭു ഫലസ്തീനില്‍ ഒരു 'സമ്പൂര്‍ണ്ണ ജൂതരാഷ്ട്ര'മുണ്ടാക്കുമെന്ന് സയണിസ്റ്റ് സംഘടനകള്‍ക്ക് ബാല്ഫോര്‍ ഡിക്ലറേയ്ഷനിലൂടെ വാക്ക് നല്‍കുന്നു.

1918 : ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമാന്‍ തുര്‍ക്കിയും വീണു. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം സൈക്സ്-പികോട്ട് ധാരണപ്രകാരം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി .അന്ന് ബ്രിട്ടനു വീതിച്ചുകിട്ടിയ ഫലസ്തീന്‍ രാജ്യം യോര്‍ദാനും വെസ്റ്റ് ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോനും സിറിയയും ഫ്രാന്‍സിനു പോയി.

1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി. ജൂതക്കുടിയേറ്റത്തെ സഹായിക്കാനായി തദ്ദേശവാസികളെ ഫലസ്തീനില്‍ നിന്ന് കുടിയിറക്കിക്കൊടുക്കാമെന്നത് ഇംഗ്ലണ്ടിന്റെ വാഗ്ദാനങ്ങളില്‍ പെടും എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും എഴുതുകയുണ്ടായി.
ഫലസ്തീനി നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനം യെറുശലേമില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും ഈ വര്‍ഷമാണ്. ബാല്ഫോര്‍ പ്രഭുവിന്റെ പ്രഖ്യാപനം സമ്മേളനം തള്ളുകയും ചെയ്തു.
മുസ്ലീമുകളും ജൂതരും തമ്മിലുള്ള മതപരമായ പൗരാണിക വൈരങ്ങള്‍ കാരണമാണ് മിഡിലീസ്റ്റ് പ്രശ്നം ഇങ്ങനെ കാലാകാലം പുകഞ്ഞുകൊണ്ടേയിരിക്കുന്നത് എന്ന സാമാന്യവല്‍ക്കരണം നിലനില്‍ക്കുമ്പോള്‍ തന്നെ നാം കേള്‍ക്കാറുള്ള മറ്റൊരു വാദമാണ് അറബികളുടെ 'പ്രാകൃതമായ അസഹിഷ്ണുത'യെക്കുറിച്ചുള്ളത്. ഈ വാദത്തെ ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള പാന്‍ ഇസ്ലാമിസ്റ്റ് ടെററിസത്തെക്കുറിച്ചുള്ള ഭീതികളുമായി ചേര്‍ത്തുകെട്ടുവാനും എളുപ്പം. എന്നാല്‍ സയണിസത്തിന്റെ ചരിത്രം ചികഞ്ഞുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമായിവരും: താരതമ്യങ്ങളുടെ ഒരു സ്കെയിലില്‍ ഇസ്ലാമിക മൗലികവാദത്തോടൊപ്പമോ, ഒരുപക്ഷേ അതിലുമധികമോ തീക്ഷ്ണമാണ് ജൂത മൗലികവാദമെന്ന് ! ആദ്യം മുതല്‍ക്കു തന്നെ ഫലസ്തീനെ മിശ്രവംശങ്ങളുടെ ഒരു സെക്യുലര്‍ ദേശമായല്ല, മറിച്ച് ഒരു ജൂതരാഷ്ട്രമായിത്തന്നെയാണ് യൂറോപ്പ് കേന്ദ്രീകരിച്ചുയര്‍ന്നുവന്ന സയണിസ്റ്റ് മൂവ്മെന്റ് വിഭാവനം ചെയ്തിരുന്നത് എന്നത് ഇന്ന് സമരസപ്പെടലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ഫലസ്തീനിലെ നിലവിലുള്ള അറബികളെ നിഷ്കാസിതരാക്കാത്തിടത്തോളം അവിടെയൊരു രാഷ്ട്രസ്ഥാപനം സാധ്യമാകില്ലെന്ന് സയണിസ്റ്റ് മൂവ്മെന്റിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തെ ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടന്‍ തത്വത്തില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നതായി ഒന്നാം ലോകയുദ്ധകാലത്തെ പ്രധാനമന്ത്രി ലോയിഡ് ജോര്‍ജു മുതല്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ബാല്ഫോറും എന്തിനു, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെയുള്ളവരുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1923 : ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനെ ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം രണ്ടായി പകുത്തു. യോര്‍ദാന്‍ നദിക്കു കിഴക്കുള്ള ഭാഗത്തെ അറബ് ഫലസ്തീനികള്‍ക്കും ("ട്രാന്‍സ് ജോര്‍ദാന്‍" എന്നുപേര്) എന്നും പടിഞ്ഞാറുള്ള കഷ്ണം ജൂതര്‍ക്കും എന്ന് നിശ്ചയിക്കപ്പെട്ടു.

1920-28 : പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം തുടരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരിപ്രകാരം ജനസംഖ്യയുടെ 11% ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16% ആയുയര്‍ന്നു. മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4% അവരുടേതായിക്കഴിഞ്ഞിരുന്നു.

1920 : ജാഫയിലും മറ്റുമായി പൊട്ടിപ്പുറപ്പെട്ട അറബ് കലാപങ്ങളെ നേരിടാനായി ഹാഹഗന (Haganah) എന്ന സയണിസ്റ്റ് സായുധ സംഘം രൂപീകൃതമാകുന്നു. ജൂതകുടിയേറ്റഭൂമികളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.

1928 : യെരുശലേമിലെ 'വിലാപത്തിന്റെ മതിലി'നടുത്ത് വിശുദ്ധദിനമായ യോം കിപ്പൂറിന്റെ ദിവസം പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ജൂതര്‍ ആണ്‍ ‍-പെണ്‍ വേര്‍തിരിവിനായി കെട്ടിയുയര്‍ത്തിയ മറ നിയമമനുസരിച്ച് അവിടെ പാടില്ല എന്നാരോപണമുയര്‍ന്നു. സ്ഥലം സന്ദര്‍ശിക്കുകയായിരുന്ന യെരുശലേമിലെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ എഡ്വേഡ് റോഷിനു മുന്നില്‍ തര്‍ക്കമെത്തി.
ബ്രിട്ടീഷ് അധികാരികള്‍ ആ മറ മാറ്റാനാവശ്യപ്പെട്ടെങ്കിലും പിന്നെ നടന്ന ലഹളയിലാണ് അതു നശിപ്പിക്കപ്പെട്ടത്. ഒരു വശത്ത് അല്‍-അഖ്സ പള്ളി ജൂതര്‍ കൈയ്യടക്കുമെന്ന് അറബികള്‍ക്കിടയില്‍ പ്രചരണം നടന്നപ്പോള്‍ മറുവശത്ത് വിലാപത്തിന്റെ മതില്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് സയണിസ്റ്റുകളും മുന്നോട്ടു വന്നു. ചെറു പ്രശ്നങ്ങള്‍ വലിയ ലഹളയായി വളര്‍ന്നപ്പോള്‍ ഇരുവശത്തും കനത്ത നഷ്ടങ്ങളുണ്ടായി.
ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അതിലുമിരട്ടിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റവാളികളെ തടവിനും തൂക്കു ശിക്ഷയ്ക്കും വിധേയരാക്കുകയും നഷ്ടപരിഹാരങ്ങള്‍ പിഴയായി ചുമത്തി ഈടാക്കി നല്‍കുകയുമുണ്ടായി എങ്കിലും ഇരുവശത്തും അക്രമങ്ങള്‍ക്കുള്ള കോപ്പുകൂട്ടലിന് ഇതൊരു തുടക്കമായി.

1932 : ആദ്യ ഫലസ്തീനി രാഷ്ട്രീയസംഘടന, ഹിസ്ബല്‍ ഇസ്തിക്ലാല്‍ (സ്വാതന്ത്ര്യ) പാര്‍ട്ടി, നിലവില്‍ വന്നു. അക്കാലത്ത് ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തില്‍ മുന്നിട്ടു നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകരിക്കാനും, ബഹിഷ്കരണതന്ത്രങ്ങള്‍ വഴി ബ്രിട്ടനെ പുറത്താക്കാനും ശ്രമിക്കുക ഇതിന്റെ ആദ്യകാല നയങ്ങളിലൊന്നായിരുന്നു.

1933- 1939 : തീക്ഷ്ണമായ തെരുവു കലാപങ്ങളുടെ കാലം. 1936 മെയ് മാസം അറബ് ഉന്നത രാഷ്ട്രീയ സമിതി ഫലസ്തീനില്‍ പൊതുപണിമുടക്കുപ്രഖ്യാപിക്കുന്നു. തുടര്‍ന്നു നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കു നേരെ ചിലയിടത്ത് ബ്രിട്ടീഷ് വെടിവയ്പ്പ്. ജൂതക്കുടിയേറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നികുതിയടവ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഒപ്പം പലഭാഗങ്ങളിലും ട്രെയിനുകള്‍ക്കുനേരെയും സൗദിമുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും ഫലസ്തീനി സംഘങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി.
കല്ലുകളേയും ഗ്രനേഡുകളെയും തടയാന്‍ ജൂതര്‍ സഞ്ചരിച്ചിരുന്ന ബസുകളില്‍ ഇരുമ്പഴികള്‍ പോലും വച്ചുപിടിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി ഫലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടപ്പോള്‍ പരസ്യമായി. ഇര്‍ഗുന്‍ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടക്കുന്നതും ഇക്കാലത്താണ്. ഇരുപക്ഷവും സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഭീകര/അധോലോക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതും ഇക്കാലത്തു തന്നെ.

1937 : പീല്‍ കമ്മീഷന്‍ ഫലസ്തീനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. 33% ജൂത രാഷ്ട്രത്തിനായി നീക്കിവയ്ക്കാനും അവിടെനിന്നും ഫലസ്തീനികളെ ഭാഗികമായി ഒഴിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ വച്ചു.
കലാപങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ ഫലസ്തീനി നേതാക്കളില്‍ പലരേയും നാടുകടത്തുകയും സംഘടനകളെ പിരിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഫലസ്തീനികളുടെ സായുധസംഘടനകളെയും ആയുധ സ്രോതസ്സുകളെയും ഇല്ലാതാക്കുക വഴി ബ്രിട്ടീഷധികൃതര്‍ പില്‍ക്കാലത്തെ ഇസ്രയേലി യുദ്ധവിജയങ്ങള്‍ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയാം.
പീല്‍ കമ്മീഷന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ സയണിസ്റ്റുകള്‍ തന്ത്രപരമായി അംഗീകരിച്ചു. അങ്ങനെ തങ്ങള്‍ 'പ്രശ്നകാരികളല്ല' എന്ന ഒരു ഇമേജുണ്ടാക്കിയെടുക്കുക എന്നതും അവരുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. 1942 ആയപ്പോഴെയ്ക്കും ഈ മൃദുസമീപനത്തിന്റെ മൂടിയഴിച്ച് മുഴുവന്‍ ഫലസ്തീനും തങ്ങള്‍ക്കു വേണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ ഒരു യുദ്ധത്തയ്യാറെടുപ്പിനായുള്ള സമയം വാങ്ങുന്നതിനായിരുന്നു.

1933- 37 : ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശാക്തിക ചേരികളുടെ ലോകക്രമത്തില്‍ മാറ്റങ്ങള്‍ . നാറ്റ്സികളുടെ ജൂതവേട്ടയും തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സ്, ബ്രിട്ടന്‍,പോളണ്ട്,ബെല്‍ജിയം,സ്വിറ്റ്സര്‍ലന്റ്,റഷ എന്നിവിടങ്ങളിലേയ്ക്ക് ജൂതരുടെ പലായനവും.

പോളണ്ടിനെ ജര്‍മ്മനി ആക്രമിച്ചതിനെ തുടര്‍ന്ന് 1939 സെപ്തംബര്‍ മാസത്തോടെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.
ഇവിടെയും കൗതുകകരമായ ചില ചരിത്രവായനകള്‍ നമുക്ക് കാണാം. ജര്‍മ്മനിയിലെയും പോളണ്ടിലെയും ഓസ്ട്രിയയിലെയും ജൂതരെ ഹിറ്റ്ലര്‍ വേട്ടയാടുന്ന അതേ അവസരത്തില്‍ ഫലസ്തീനില്‍ ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അറബികള്‍ക്കു മേല്‍ ജൂതര്‍ അക്രമമഴിച്ചുവിടുന്നുണ്ടായിരുന്നു. ഒരേ സമയം അക്രമികളാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ! യൂറോപ്പുതന്നെയും സുരക്ഷിതമല്ലാതായപ്പോള്‍ ഫലസ്തീനിലേയ്ക്ക് കുടിയേറിയ ജൂതരുടെ എണ്ണവും വലുതാണ്. എല്ലാവരാലും തിരസ്കരിക്കപ്പെട്ട ജനത എന്ന വിശേഷണം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കത്തോടെ ജൂതര്‍ക്ക് ലഭിക്കുകയുണ്ടായി. ഒരുപക്ഷേ ലോകരാഷ്ട്രങ്ങളുടെ സഹതാപം ഫലസ്തീനിലെ കുടിയേറ്റക്കാര്‍ക്ക് നേടാനായതും അതിനാലാവാം.
1938 : ജൂതസായുധ സേനയായ ഹാഹഗാനയ്ക്ക് ബ്രിട്ടീഷ് അധികൃതരില്‍ നിന്നും കാര്യമായ പിന്തുണ ഈ സമയത്ത് ലഭിച്ചിരുന്നു. (ഇന്ത്യയില്‍ ജനിച്ചു വളരുകയും സുഡാനിലും മറ്റും ട്രെയിനിംഗ് നേടുകയും ചെയ്ത ബ്രിട്ടീഷ് ഓഫീസര്‍ ചാള്‍സ് വിന്‍ഗേയ്റ്റ് ആയിരുന്നു ഇത്തരമൊരു സായുധ സംഘത്തെ പോഷിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പില്‍ക്കാലത്ത് സയണിസ്റ്റ് നേതാക്കളെ ബോധ്യപ്പെടുത്തിയവരില്‍ പ്രമുഖന്‍.) ഒരു ഹാഹഗാന യൂണിറ്റും ഒരു കമ്പനി ബ്രിട്ടീഷ് പട്ടാളവും ചേര്‍ന്ന് ഫലസ്തീനിയന്‍ അതിര്‍ത്തിഗ്രാമം ആക്രമിച്ചത് ഈ കാലത്താണ്. ഇതേ സമയം തന്നെ യുദ്ധാവശ്യം മുന്‍കൂട്ടിക്കണ്ടുകൊണ്ട് അറബ് ഗ്രാമങ്ങളുടെ ഭൂപടം തയ്യാറാക്കുന്ന ഒരു വിഭാഗവും ഹാഹഗാനയില്‍ സജീവമായിരുന്നുവെന്ന് പില്‍ക്കാല രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യകാലത്തെ പ്രധാന ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധങ്ങളിലെ വിജയം സയണിസ്റ്റുകള്‍ക്കായതിന്റെ മുഖ്യ കാരണവും ഈ വിശാലമായ പ്ലാനിങ് തന്നെ.

1939 : പത്തുവര്‍ഷത്തിനു ശേഷം ഉപാധികളോടെ ഫലസ്തീനു സ്വാതന്ത്ര്യമനുവദിക്കാമെന്ന് ബ്രിട്ടീഷ് പൊതുസഭ ധവളപത്രമിറക്കുന്നു. പ്രതിവര്‍ഷം 15,000 ജൂതരെന്ന കണക്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കുടിയേറ്റമനുവദിക്കണമെന്നും പത്രത്തില്‍ പറയുന്നു.

1943 : ബ്രിട്ടന്‍ 1939-ലെ ധവളപത്രത്തിലൂടെ ജൂതക്കുടിയേറ്റത്തിനായി അനുവദിച്ച അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടുന്നു. ഫലസ്തീനികളെ ആശ്വസിപ്പിക്കുന്നതിനായി ജൂതര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നത് ഈ സമയത്താണ്.

1945 : രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
പ്രമുഖ സയണിസ്റ്റ് നേതാക്കള്‍ ബ്രിട്ടനെ ഫലസ്തീനില്‍ നിന്ന് പുറത്തുചാടിക്കാനുള്ള തയ്യാറെടുപ്പും സമാന്തരമായി നടത്തിയിരുന്നു. എന്നാല്‍ അറബികള്‍ ദേശംവിട്ടു പോകണമെന്ന വാദം പരസ്യമായി ഉന്നയിക്കുന്നതില്‍ നിന്നും അവര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുനിന്നു. 1900കളുടെ തുടക്കത്തില്‍ ഫലസ്തീനിലെത്തുകയും സയണിസ്റ്റ് സംഘാടകനായി ഉയരുകയും ചെയ്ത ഡേവിഡ് ബെന്‍ ഗൂറിയൊണിനെ പോലുള്ള പ്രമുഖര്‍ ഇക്കാലത്ത് എഴുതിയ കത്തുകള്‍ ഈ ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നവയത്രെ.

1947 : ലോകരാജ്യങ്ങളുടെ പുതിയ അന്താരാഷ്ട്ര സമിതിയായ ഐക്യരാഷ്ട്രസഭയോട് ഫലസ്തീന്‍ പ്രശ്നത്തിലിടപെടാന്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിക്കുന്നു. യു.എന്നിന്റെ ഫലസ്തീന്‍ കമ്മിറ്റിയായ യുനെസ്കോപ് (UNSCOP) നിലവില്‍ വരുന്നു. 29 നവംബറോടു കൂടി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാന(Resolution 181)മാകുന്നു.
ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10% പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56% ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം യെറുശലേമിനെ അന്താരാഷ്ട്രതീര്‍ത്ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി.
യുദ്ധശേഷം അനാവൃതമായ ഹോളോകോസ്റ്റിന്റെ ഭീകരമായ കാഴ്ചകള്‍ യഹൂദരുടെ പീഡിത ജനതയെന്ന ചിത്രത്തിനു മിഴിവേറ്റി. ഹോളൊകോസ്റ്റിനു മുന്‍പ് (നല്ലൊരളവു വരെ അതിനു ശേഷവും) ജൂതരെ വെറുത്ത ബ്രിട്ടന്‍-ഫ്രാന്‍സ്-റഷന്‍-അമേരിക്കന്‍ അച്ചുതണ്ടിന്റെ "സഹതാപം" യഹൂദരെ പുനരധിവസിപ്പിക്കുക എന്ന ബൃഹത് പദ്ധതിയിലേക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയെത്തിരിച്ചതും ഫലസ്തീനിലെ യിസ്രയേല്യര്‍ക്ക് അനുകൂലഘടകമായി എന്നതാണ് വാസ്തവം. പൊതുദേശീയതയും ഇഴുകിച്ചേരാതെ വേറിട്ടുനില്‍ക്കുന്ന സ്വഭാവം യഹൂദര്‍ക്കുള്ളതിനാലാവാം, യൂറോപ്പില്‍ നിന്ന് അവരെ ഒഴിവാക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ ഉദ്ദേശ്യം. അതിനവര്‍ കണ്ട സ്ഥലം ഫലസ്തീനും. 1947 നവംബറിലെ വിഭജനതീരുമാനം ബഹിഷ്കരിക്കാനാണ് അറബ് ലീഗും ഫലസ്തീനി രാഷ്ട്രീയ സംഘടനകളും തീരുമാനിച്ചത്. ഇതൊരളവു വരെ അവര്‍ക്കുതന്നെ തിരിച്ചടിയായി എന്നു വേണം കരുതാന്‍ : ഒഴിഞ്ഞ രാഷ്ട്രീയ കളിക്കളത്തില്‍ സയണിസ്റ്റുകള്‍ മാത്രം കളിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്.
1948 : അറബ് ലഹളയെ തുടര്‍ന്ന് നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീനി നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി പത്തുവര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ പോരാട്ടത്തിന്റെ നേതൃത്വമേല്‍ക്കുന്നു. ഭൂവിഭാഗങ്ങളെ അതാത് സ്ഥലത്തെ പ്രബലവിഭാഗങ്ങള്‍ക്കായി ഏല്പ്പിച്ചിട്ട് സ്ഥലം വിടാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതോടെ ഭീകരമായ കലാപങ്ങള്‍ തുടങ്ങുന്നു.
യഹൂദ സായുധസംഘം (ഹാഹ്ഗാന) യുദ്ധത്തിനായി ആഹ്വാനം നല്‍കി റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഇതിനോടകം എറെറ്റ്സ് യിസ്രായേല്‍ എന്ന സ്വയം പ്രഖ്യാപിത ഇസ്രയേല്‍ 'ദലേത് പദ്ധതി'യെന്ന കുപ്രസിദ്ധമായ ഫലസ്തീന്‍ വംശീയോന്മൂലനം ആരംഭിക്കുന്നു. 1948 മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിക്കുന്നു. വിഭജനത്തേക്കാള്‍ നല്ലത് വിവിധപ്രദേശങ്ങളില്‍ സ്വയംഭരണമേര്‍പ്പെടുത്തുന്നതാണെന്ന ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശം അറബ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും സയണിസസ്റ്റുകള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല.
അബ്ദല്‍ ഖാദിര്‍ ഹുസൈനി ഈജിപ്തില്‍ നിന്നും പോരാളികളുമായി വന്നാണ് ഒന്നാം അറബ്-ഇസ്രയേലി യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തില്‍ പങ്കുകൊണ്ടത്. യുദ്ധത്തിന്റെ തുടക്കം അറബുകള്‍ക്ക് വിജയം നല്‍കിയെങ്കിലും തന്ത്രപരമായ മേല്‍ക്കോയ്മയും ആയുധസന്നാഹങ്ങളും ഇസ്രയേലിനെ അന്തിമവിജയിയാക്കുകയായിരുന്നു. അല്‍ ഹുസൈനി കൊല്ലപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മേയ് 15 വരെ നീണ്ട ഭീകരമായ അക്രമങ്ങളുടെ അവസാനം രണ്ടരലക്ഷത്തോളം ഫലസ്തീനികള്‍ നിഷ്കാസിതരായി. ജൂതരുടെ ഹോളോകോസ്റ്റിനു തുല്യമെന്ന് ഫലസ്തീനികള്‍ വിളിക്കുന്ന 'നഖ്ബ'(ദുരന്തത്തിന്റെ ദിവസം).
ഏപ്രില്‍ മെയ് മാസങ്ങളില്‍ ചെക്കോസ്ലോവാക്ക്യയില്‍ നിന്നെത്തിയ ആധുനികായുധങ്ങള്‍ യഹൂദരുടെ വിജയത്തിനു കാര്യമായി സഹായിച്ചു. മെയ് 14നു (ബ്രിട്ടീഷ് ഭരണകാലാവധി തീരവെ) ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനായിരുന്നുവെന്നത് യാദൃച്ഛികമല്ല.

1948-49 : സ്വാതന്ത്ര്യപ്രഖ്യാപനശേഷവും ഫലസ്തീനി അറബുകളെ കുടിയിറക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി എന്ന് ചില കണക്കുകള്. പലവട്ടം സമാധാനക്കരാറുകള്‍ ഉണ്ടായി. അതിനേക്കാള്‍ കരാര്‍ ലംഘനങ്ങളും.
ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ അറബ് ഭൂവിഭാഗത്തില്‍ സിറിയ, ലെബനോന്‍, ഇറാഖ്, യോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സേന ഇറങ്ങി. ഡിസംബര്‍ മാസമായപ്പോഴേക്കും ഈ അറബ് സൈനികരുടെ എണ്ണം അന്‍പതിനായിരത്തോളമായെങ്കിലും മറുവശത്ത് വിപുലമായ നിര്‍ബന്ധിത റിക്രൂട്ടിംഗ് വഴി ഇസ്രയേല്‍ സൈനിക ബലം ഒരുലക്ഷത്തിനു മേല്‍ എത്തിച്ചു. 1949 മധ്യത്തോടെ അയല്‍ സേനകളെയും തുരത്തി ഇസ്രയേല്‍ വിജയിയായി. ഈജിപ്ത്, സിറിയ, യോര്‍ദാന്‍, ലെബനോന്‍ എന്നിവരുമായി ഇസ്രയേല്‍ തന്ത്രപരമായ സമാധാന കരാറുകളും ഉറപ്പിച്ചു

1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.
ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം.
1964 : മെയ് മാസം യെറുശലേമില്‍ കൂടിയ നാനൂറോളം ഫലസ്തീനി നേതാക്കള്‍ ചേര്‍ന്ന് "മുനതമ്മത് അല്‍ താഹ്രിര്‍ അല്‍ ഫലസ്തിനീയ്യ" എന്ന ഫലസ്തീനിയന്‍ ലിബറേയ്ഷന്‍ ഓര്‍ഗനൈസേഷനു (PLO) രൂപം നല്‍കുന്നു. സായുധ പോരാട്ടമാണ് ഫലസ്തീനെ വീണ്ടെടുക്കാനുള്ള ഏകവഴിയെന്ന് പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ അവകാശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമെന്നതിലുപരി തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള ജൂതരുടെ ശാരീരിക ഉന്മൂലനവും ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കപ്പെട്ടു. ജൂതര്‍ ഒരു ജനതയല്ലെന്നും അവര്‍ താന്താങ്ങളുടെ ദേശീയതയെ അംഗീകരിക്കേണ്ടുന്ന പൗരന്മാരാണെന്നു വാദിക്കുമ്പോള്‍ തന്നെ പി.എല്‍ .ഓ നേതാക്കള്‍ പാന്‍ ഇസ്ലാമിസം എന്ന മതാധിഷ്ഠിത സാഹോദര്യവും പോറ്റിവളര്‍ത്തി എന്നത് ചരിത്രത്തിന്റെ ഒരിരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ.

ഇവിടുന്നങ്ങോട്ടു നമുക്ക് പരിചിതമായ ചരിത്രം തീവ്രവാദത്തിന്റെയും മതവൈരത്തിന്റെയും കൂടിയാണ്. ഇരുവശത്തും അത് ആളിക്കത്തിക്കാന്‍ എണ്ണയൊഴിച്ചുകൊടുക്കുന്നതില്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഉള്ള പങ്കു ചെറുതല്ല.എങ്കിലും ഫലസ്തീനികളെ "ടെററിസ്റ്റുകള്‍" എന്ന് സാമാന്യവല്‍ക്കരിക്കും മുന്‍പ് അവര്‍ അങ്ങനെയായിത്തീര്‍ന്നതിന്റെ ഈ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ് - ചുരുങ്ങിയ പക്ഷം ഒരു ബാലന്‍സിനെങ്കിലും.
പിന്‍വിളി :
ക്രിസ്തുവിനും 720 വര്‍ഷത്തോളം മുന്‍പ് അസിറിയക്കാരാല്‍ കീഴടക്കപ്പെടുന്നതോടെയത്രെ ഒരു വംശമെന്ന് നിലയ്ക്ക് അഭ്യാര്‍ത്ഥികളാവേണ്ടി വന്ന ജൂതരുടെ കഥയാരംഭിക്കുന്നത്. പിന്നെ പേര്‍ഷ്യന്മാരാല്‍ ബാബിലോണ്‍ വീഴ്ത്തപ്പെട്ടപ്പോള്‍ , റോമാസാമ്രാജ്യത്തിലെ അടിമകളായി, മുഹമ്മദ് നബിയാല്‍ അമര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ , യൂറോപ്യന്‍ ക്രൈസ്തവ രാജാക്കന്മാരാല്‍ സ്പെയിനില്‍ , ഫ്രാന്‍സില്‍ , റഷയില്‍ , ബ്രിട്ടനില്‍ .... അങ്ങനെയങ്ങനെ ജൂതരില്‍ നിന്ന് ഉയിര്‍കൊണ്ട സെമൈറ്റിക് മതങ്ങള്‍ തന്നെ പില്‍ക്കാലത്ത് അവരെ വേട്ടയാടിയിരുന്നതായി നാം കാണുന്നു. ലിഖിതചരിത്രത്തിനും മുന്‍പേ ഇങ്ങനെ അഭയാര്‍ത്ഥികളാവേണ്ടിവരുന്നവരുടെ സൈക്കി എന്തായിരിക്കുമെന്നൂഹിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ദൈവത്താല്‍ വാഗ്ദത്തമായ ഒരു ദേശമെന്നത് മതത്തിന്റെ റൊമാന്റിസിസത്തിനുമപ്പുറത്ത് ഒരു ഭൗതികാവശ്യവും നൊസ്റ്റാള്‍ജിയയുമായാല്‍ കുറ്റം പറയുന്നതെങ്ങനെ ? പക്ഷേ അതിന്റെ സാക്ഷാത്കാരം മറ്റൊരു ജനതയെ അഭയാര്‍ത്ഥികളാക്കിക്കൊണ്ടാവരുത് എന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ ?


_____________________________________________________________

ചിത്രങ്ങള്‍ :
1. ചുരുങ്ങുന്ന ഫലസ്തീനും വളരുന്ന ഇസ്രയേലും: ഒരു ഭൂപട താരതമ്യം.
2. ഐക്യരാഷ്ട്രസഭയുടെ 1947ലെ ഒത്തുതീര്‍പ്പുകരാര്‍ പ്രകാരമുള്ള ഭൂവിഭജനം.

അധികവായനയ്ക്കും 'അതിവായന'യ്ക്കും :
* Middle East Illusions - Noam Chomsky
* A History of Modern Palestine - Ian Pappe
* The Case for Israel - Alan Dershowitz
* A History of Israel:from the rise of zionism to our times - Howard M. Sachar
* പലസ്തീന്‍ പ്രശ്നം: ഒരു ചരിത്രാന്വേഷണം - വേണു അമ്പലപ്പടി
_______________________________________________
ചില അനുബന്ധ ബ്ലോഗ് പോസ്റ്റുകള്‍ :
1. ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക് (ഡാലി ഡേവിസ്)
2 ഫലസ്തീന്‍, നിനക്കില്ല ഒരു 9/11 (ജസ്റ്റിന്‍ പോദൂറിന്റെ കുറിപ്പ്, Workers' Forum)
3.ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രം (തുഷാരത്തില്‍ നദീറിന്റെ കുറിപ്പ്)
4.ഒരിറ്റു സങ്കടം (ഭൂതകാലക്കുളിര്‍ ഫോട്ടോ പോസ്റ്റ്)
5.ദാവീദിന്റെ നക്ഷത്രം (റെമി കനാസിയുടെ കവിത, Workers' Forum)

35 comments:

  1. നന്നായി ഇങ്ങനെ ഒരു ചികഞ്ഞു നോട്ടം.

    ReplyDelete
  2. സൂരജ് ... നന്ദി... കൃത്യമായ വിവരണത്തിന്. 1517 മുതല്‍ തുടങ്ങിയാല്‍ മതിയോ മോസസിന്റെ കാലം മുതല്‍ക്ക് തുടങ്ങേണ്ടേ എന്ന് ചോദിക്കാന്‍ വരുമ്പോഴാണ് പിന്‍‌വിളി കണ്ടത്. :)
    ജൂതന്‍‌മാരുടേയും മിഡില്‍ ഈസ്റ്റിന്റേയും ചരിത്രം ചികയാന്‍ തുടങ്ങുമ്പോഴെല്ലാം എന്നെ കണ്‍‌ഫ്യൂസ് ചെയ്യിച്ചിട്ടുള്ള ഒരു കാര്യം - ഒരേ സമയം വേട്ടക്കാരനും ഇരയും ആയിത്തീരുക - അത് ഒരു പക്ഷേ ജൂതചരിത്രത്തിന്റെ മാത്രം പ്രത്യേകത ആയിരിക്കേണം അല്ലേ?
    രണ്ടാം ലോകമഹായുദ്ധകാലത്തെ കോണ്‍സണ്‍‌ട്രേഷന്‍ ക്യാമ്പുകളേക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ഗാസയിലെ മനുഷ്യക്കുരുതി കൂടെ ചേര്‍‌ത്തു വെച്ചു വായിക്കാന്‍ പ്രയാസം.

    എന്തായാലും ഇന്ന് ഇസ്രായേലിന്റെ റോള്‍ വേട്ടക്കാരന്റേത് തന്നെ.

    താഴെ പറയുന്ന ചില സംശയങ്ങളെക്കുറിച്ച് സൂരജിന് വല്ല പിടിപാടും ഉണ്ടോ?

    ൧) മിഡില്‍ ഈസ്റ്റിന്റേയും ഇന്‍‌ഡ്യയുടേയും ചരിത്രത്തില്‍ അസീറിയക്കാരുടെ പങ്ക് എന്താണ്? മുന്‍‌പൊരിക്കല്‍ എവിടെയോ വായിച്ച ഒരു കാര്യം ഇവിടെ കുറിക്കട്ടേ - ആര്യന്മാരുടെ ബദ്ധശത്രുക്കള്‍ ആയിരുന്നു അസീറിയക്കാര്‍ എന്നും അസുരര്‍ എന്ന് ആര്യപുരാണങ്ങളില്‍ ഉടനീളം പ്രതിപാദിക്കപ്പെടുന്നത് അസീറിയക്കാരാണെന്നും മറ്റും മറ്റും. അന്ന് മുതല്‍ തുടങ്ങിയ ഒരു ക്യൂര്യോസിറ്റി. അവരുടെ ചരിത്രം അറിയാന്‍.

    ൨) ജറൂസലേം ഒരേ സമയം ജൂത, ക്രിസ്തു , മുസ്ലീം മതവിഭാഗങ്ങളുടെ പുണ്യകേന്ദ്രമായതെങ്ങനെ? അത്ര പ്രാധാന്യം എന്തുകൊണ്ട് ആ ചെറുനഗരത്തിന് ചരിത്രത്തില്‍ ലഭിച്ചു? ( പറഞ്ഞുവന്നാല്‍ ചിലപ്പോള്‍ ഇനി അത് ഹിന്ദുമതത്തിനും പ്രധാനമാണെന്ന് വരെ കേള്‍ക്കാം. ചിലപോ വല്ല വിഗ്രഹവും അവിടെ ഉണ്ടായത് കൊണ്ടാവും എല്ലാവര്‍ക്കും പ്രധാനം എന്ന് കണ്ടേത്താന്‍ വലിയ ടൈം വേണ്ടി വരില്ല :) )


    ഏതായാലും ഈ ബ്ലോഗ് കൊള്ളാം. ബൂലോഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന മിക്ക സം‌വാദങ്ങളിലേക്കുമുള്ള ഒരു നല്ല റഫറന്‍സാണിത്. മിസ്സായ പലതും കണ്ടെത്താന്‍ പറ്റി. മിക്ക കാര്യങ്ങളിലും സൂരജിന്റെ അഭിപ്രായങ്ങളേയും അറിവിനേയും പ്രശംസിക്കാതെ വയ്യ.

    ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇനിയും ഇട്ടാല്‍ വായനക്കാരനായി ഞാന്‍ റെഡി... :)

    ReplyDelete
    Replies
    1. But one doubt ...what about the history of Al aqksa mosque which was built on the ruins of Jewish temple...

      Delete
  3. ടെമ്പ്ളേറ്റ് ലഘുവാക്കിക്കുടേ? ഇപ്പോഴുള്ളതില്‍ indented ശരിക്കു റെന്‍ഡറാവുന്നില്ല, ദാ, സ്ക്രീന്‍ ഷോട്ട്

    ReplyDelete
  4. ഇസ്രയേലിന്റെ ചരിത്രത്തോടൊപ്പം ജോര്‍ഡാന്റെ ചരിത്രം കൂടി വേണ്ടേ സൂരജ്? അതില്ലെങ്കില്‍ ഗാസയും വെസ്റ്റ് ബാങ്കും അടക്കം മാപ്പിലെ സ്ഥലങ്ങളില്‍ ഏറിയപങ്കും ഫലസ്തീനികള്‍ക്ക് എങ്ങനെ പോയിക്കിട്ടി എന്ന് ഒരു ആശയക്കുഴപ്പം ഉണ്ടാകില്ലേ? അതുപോലെ പലസ്തീനിന്റെ എത്ര ഭാഗം ഇന്ന് ഇസ്രയേലിന്റേതാണ്‌, എത്ര ഈജിപ്റ്റിന്റേതാണ്‌, എന്നും.

    അതുപോലെ ഇസ്രയേല്‍ എന്ന ഇന്നത്തെ കൊലയാളി രാഷ്ട്രമുണ്ടായതില്‍ അറബ് രാജ്യങ്ങള്‍ (പ്രധാനമായും അള്‍ജീരിയന്‍ അനിസ്ലാമിക കുടിയൊഴിപ്പിക്കല്‍, ഈജിഷ്യന്‍ കുടിയിറക്ക്, ഇറാക്കി കുടിയൊഴിപ്പിക്കല്‍, ലെബനോണിലെ ഹിബ്സുള്ള കലാപം, ലിബ്യന്‍ കുടിയിറക്ക് (ഇസ്രയേലിലല്ല, ലിബിയയില്‍ ആയിരുന്നു ജൂതരുടെ തുടക്കവും ഏറ്റവും വലിയ ജനസംഖ്യയും) സിറിയയുടെ രണ്ടാം തരന്‍ പൗരന്‍ നിയമം, യെമനി കലാപം മൊറോക്കന്‍ കലാപം എന്നിവയില്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ എന്ന കൃത്രിമ രാജ്യം ഒരുപക്ഷേ ഉണ്ടാകുകയില്ലായിരുന്നു. ജൂത-അറബ് മതവിദ്വേഷത്തിന്റെ സന്തതിയാണ്‌ ഇസ്രയേല്‍ എന്ന തെമ്മാടിരാഷ്ട്രം എന്നത് വിശദീകരിക്കുമ്പോഴെല്ലാം കുടിയിറക്കുകള്‍ കൂടെ വേണം എന്നാണ്‌ എന്റെ തോന്നല്‍.

    (ഞാന്‍ ജൂതനല്ല, അറബിയുമല്ല. അറബി പുതുവര്‍ഷ ദിവസം നോക്കി ഇസ്രയേല്‍ എയര്‍ റെയിഡ് ചെയ്ത് കൊന്ന ഫലസ്തീനികളെ പത്രത്തില്‍ കണ്ട് തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നിട്ട് രണ്ടു ദിവസം കഴിയുന്നതേയുള്ളു. പക്ഷേ ചരിത്രം- അത് നിസ്സംഗമായി മാത്രമേ വായിക്കാവൂ എന്നല്ലേ)

    ReplyDelete
  5. ശ്രീഹരിയുടെ രണ്ടാം ചോദ്യത്തിനോടുള്ള പ്രതികരണമാണിതു്. യെരൂശലേം ദേവാലയം യഹൂദജനതയുടെ സൈക്കിയുടെ ഭാഗമാണു്. 'വിശ്വാസികളുടെ പിതാവായ' അബ്രാഹാമിന്റെ കാലം മുതലുള്ള മഹാപരിശുദ്ധ സ്ഥലമായാണു് അതു് കണക്കാക്കപ്പെടുന്നതു്. എന്നാല്‍ സൈനികാക്രമങ്ങള്‍ക്കു് പലപ്പോഴും വിധേയമാവുകുയും തകര്‍ക്കപ്പെടുകയും പിന്നീടു് ശലോമോന്‍ രാജാവിന്റെ കാലത്തു് പണിതുയര്‍ത്തപ്പെടുകയും ചെയ്ത ദേവാലയം കൂടിയാണിതു്. അസീറിയക്കാരും ഫെസിസ്ത്യരും (ഫലസ്തീനികള്‍) അടക്കമുള്ള ജനതയാണു് ബൈബിളിലെ പഴയനിയമപ്രകാരം - യഹൂദ മതഗ്രന്ഥമായ തോറ പ്രകാരം - പലപ്പോഴും യെരൂശലേം നഗരത്തേയും ദേവാലയത്തേയും ആക്രമിച്ചിട്ടുള്ളതു്. ചതിവില്‍ മുടി മുറിക്കപ്പെട്ട ശിംശോന്റെ കഥ, ദാവീദ് - ഗോല്യാത്ത് പോരാട്ടത്തിന്റെ കഥ, തുടങ്ങിയവയൊക്കെ യഹൂദരും ഫെലിസ്ത്യരും തമ്മിലുള്ള വൈരത്തിനു് സാക്ഷ്യം നില്‍ക്കുന്നു. ദാവീദിന്റെ മകനായ ശലോമോന്‍ രാജാവിന്റെ കാലത്തു് യെരൂശലേം ദേവാലയം പുതുക്കിപ്പണിയാനായി നാനാദിക്കുകളില്‍ നിന്നും പത്തേമാരികളിലും മറ്റുമായി ദ്രവ്യങ്ങളും മറ്റും എത്തിച്ചതായി പറയുന്നു. അക്കൂട്ടത്തില്‍ (പ്രാചീന ഭാരതത്തില്‍ നിന്നും?) ദേവദാരുക്കളെക്കുറിച്ചും പരാമര്‍ശമുണ്ടു്. ശലോമോന്‍ പുതുക്കിപ്പണിത യെരൂശലേം ദേവാലയം തകര്‍ക്കപ്പെട്ടശേഷം അതിന്റെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തിയിരിക്കുന്ന ഭാഗമാണു് വിലാപത്തിന്റെ മതില്‍. യെരൂശലേം ദേവാലയം മാത്രമാണു് യഹൂദരെ സംബന്ധിച്ചു് ദേവാലയം എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണു്. മറ്റുള്ളവയെല്ലാം സിനഗോഗുകളെന്ന താത്ക്കാലിക പ്രാര്‍ത്ഥനാലയങ്ങളാണു്. അവ മതപഠനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു. യഹൂദരെ സംബന്ധിച്ചു് പ്രാര്‍ത്ഥനയ്ക്കു് സിനഗോഗുകള്‍ നിര്‍ബന്ധമല്ല. പത്തുപേര്‍ കൂടുന്നിടത്തു് ഒരുമിച്ചിരുന്നു് ദൈവത്തെ മഹത്വപ്പെടുത്തുന്നതു് അംഗീകൃതമായ യഹൂദപാരമ്പര്യമാണു്. യഹോവയാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നാണു് അവര്‍ സ്വയം കരുതുന്നതു്.

    യഹൂദരുടെ മതനിയമങ്ങള്‍ മോശയുടെ കാലത്തേതാണു്. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തില്‍ നിന്നും യഹൂദജനതയെ മോചിപ്പിച്ച് കൊണ്ടുവരുമ്പോള്‍ സീനായ് മലയില്‍ വച്ച് യഹോവ മോശയ്ക്ക് കൊടുത്ത പത്തുകല്‍പ്പനകളാണു് അവരുടെ പ്രമാണം.

    ക്രിസ്തുമതസ്ഥാപകന്‍ സെയ്‌ന്റ് പോളാണെങ്കിലും സഭയുടെ ആധാരശില ക്രിസ്തുവാണല്ലോ. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്കാലത്തെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചതു് ഇതേ ഭൂമികയാണു്. ഹന്നയുടെ മകളായ മറിയം ബാല്യം കഴിച്ചുകൂട്ടിയതു് യെരൂശലേം ദേവാലയത്തിലായിരുന്നു. അവിടെ വച്ച് സാമ്പ്രദായിക മതവിദ്യാഭ്യാസത്തിനു് വിധേയമായാണു് അവള്‍ വളര്‍ന്നതു്. ഋതുമതിയായതോടെ അവളെ വിവാഹം ചെയ്തയ്ക്കാന്‍ അവളുടെ രക്ഷാകര്‍ത്താക്കള്‍ തീരുമാനിച്ചപ്രകാരം തച്ചനായ യൌസേപ്പ് പിതാവുമായി വിവാഹനിശ്ചയം നടന്നു. വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം ഇരുവരും ഒരു വര്‍ഷക്കാലം നോമ്പിലും ജാഗരണത്തിലും കഴിച്ചുകൂട്ടണമെന്നു് യഹൂദമതം നിഷ്കര്‍ഷിക്കുന്നു. ഈ കാലയളവിലാണു് കന്യക പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുമെന്ന യെശയ്യാ പ്രവചനം നിവൃത്തിയാകേണ്ടതിനു് അങ്ങനെ സംഭവിച്ചുവെന്നു് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു്. യെരൂശലേം ദേവാലയത്തില്‍ ക്രിസ്തു പരീശന്മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും മറ്റും പുതിയ നിയമത്തിലുണ്ടു്.യഹൂദ മതത്തിനുള്ളിലെ നവീകരണശ്രമമായാണു് വാസ്തവത്തില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതു്. മോശയുടെ പഴയനിയമത്തിന്‍മേല്‍ സ്നേഹത്തിന്റെ പുതിയ നിയമം കൊണ്ടു് ക്രിസ്തു തന്റെ അടയാളം സ്ഥാപിച്ചു. തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍, ഒരുവന്‍ തന്നോടു് എങ്ങനെ പെരുമാണമെന്നു് തങ്ങളാഗ്രഹിക്കുന്നുവോ, അതേ പോലെ അപരനോടു് പെരുമാറാന്‍ ക്രിസ്തു യഹൂദരെ പഠിപ്പിച്ചു. അവിടെ നിന്നു് പുറംജാതികളിലേക്കു് ക്രിസ്തുവിന്റെ വചനങ്ങള്‍ വ്യാപിക്കുന്നതു് അപ്പോസ്തോലപ്രവര്‍ത്തികളാലാണു്.

    ഈശാ നബിയെ അംഗീകരിക്കുന്ന ഇസ്ലാമും ഇതേ സെമറ്റിക് പാരമ്പര്യത്തില്‍ നിന്നാണു് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നതു്. അബ്രാഹാം കടിഞ്ഞൂല്‍ പുത്രനായ ഇസഹാക്കിനെ ബലികൊടുക്കാന്‍ പോകുന്ന പഴയനിയമ കഥയില്‍ ഇസ്ലാമിന്റേതായ വകഭേദമുണ്ടു്. അതില്‍ അബ്രാഹാമിനു് ദാസിയില്‍ ജനിച്ച പുത്രനേയാണു് ബലികൊടുക്കാന്‍ കൊണ്ടുപോകുന്നതു്. ആ ദാസിയുടെ മകന്റെ സന്തതിപരമ്പരകളാണു് തങ്ങളെന്നു് അവര്‍ വിശ്വസിക്കുന്നതായി കേട്ടിരിക്കുന്നു. ഇസ്ലാം പാരമ്പര്യത്തെക്കുറിച്ചു് വലുതായൊന്നും അറിയില്ലാത്തതുകൊണ്ടു് ഇതു് ശരിയാണെന്ന ഉറപ്പിലല്ല എഴുതുന്നതു് എന്നു് എടുത്തു പറയട്ടെ.

    ക്രിസ്തുവിന്റെ ക്രൂശുമരണത്തിനും നൂറ്റാണ്ടുകള്‍ക്കു് ശേഷമാണു് അന്ത്യപ്രവാചകനായി എത്തുന്ന മുഹമ്മദ് നബി ഇസ്ലാം വ്യവസ്ഥ സ്ഥാപിക്കുന്നതു്. അക്സാ മോസ്ക് ഒഴിച്ചാല്‍ യെരൂശലേമിനു് ഇസ്ലാം മതവൃത്തങ്ങളില്‍ വലിയ പ്രാധാന്യമുണ്ടോ എന്നു് നിശ്ചയമില്ല.

    ReplyDelete
  6. സൂരജ്

    ചരിത്രം ഓര്‍മ്മപ്പെടുത്താനുള്ള ഈ എളിയ ശ്രമത്തിനു നന്ദി.

    ReplyDelete
  7. ശ്രീ വേണു അമ്പലപ്പടി രചിച്ച ‘പലസ്തീന്‍ പ്രശ്നം ഒരു ചരിത്രാന്വേഷണം’ എന്ന പുസ്തകത്തിലെ പതിനഞ്ചാം അദ്ധ്യായം ഇവിടെ

    ReplyDelete
  8. ശെരിക്കുമൊരു വിശദമായ പഠനം തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.

    ReplyDelete
  9. സെബിന്‍,
    കൂടുതല്‍ വിവരങ്ങള്‍ നല്‍‌കിയതിന് നന്ദി.
    ജ്യൂത മതത്തിന്റേയും ക്രിസ്തുമതത്തിന്റെയും വിശ്വാസങ്ങളെക്കുറിച്ച് പറഞ്ഞത് ഏറെക്കുറെ മനസിലായി. പഴയ നിയമവും ബൈബിളും ചേര്‍‌ത്തു വായിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.
    ജൂതമത പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ യേശുവിന്റെ പ്രവ‌ര്‍‌ത്തനങ്ങളെ എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ.

    ഇസ്ലാം മതരൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രം അറിയാവുന്നവര്‍ ആരെങ്കിലും വ്യക്തമാക്കിത്തന്നാല്‍ ഉപകാരമായേനെ.

    ReplyDelete
  10. സൂക്ഷ്മമായി ചരിത്രവായന നടത്തിയിരിക്കുന്നു.നന്ദി.

    ReplyDelete
  11. നന്ദി സുഹൃത്തേ ഈ അറിവുകള്‍ക്ക് ... പുതുവത്സരാശംസകള്‍..

    ReplyDelete
  12. സൂരജ് വളരെ നന്നായിട്ടുണ്ട്. പലരുടേയും ചിന്ത ഈ സാഹചരത്തില്‍ അന്വേഷിക്കുന്ന ഒന്നാണ്‍് ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ ചരിത്ര പശ്ചാത്തലം.

    യഹൂദ മതത്തിന്റെ ചരിത്രം മനസിലാക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. കൂടെയുള്ള ചരിത്ര അദ്ധ്യാപകനോടെ അന്വേഷിച്ചിട്ടുണ്ട് എങ്കിലും അദേഹം ബൈബിളിന്റെ പശ്ചാത്തലത്തിലാണ്‍് ഒക്കെ പറഞ്ഞിട്ടുള്ളത്.

    ഇവിടെ സെബിന്‍ പറഞ്ഞതുപോലെ. പക്ഷെ സെബിന്‍ കുറച്ചുകൂടി നന്നായി പറഞ്ഞിട്ടുണ്ട്. പക്ഷെ ബബിളിനെ ഒരു ചരിത്രമാക്കി എടുക്കാന്‍ സാധിക്കുമോ?

    എന്തായാലും സെബിന്റെ കമന്റില്‍‍ ‘അസീറിയക്കാരും ഫെസിസ്ത്യരും (ഫലസ്തീനികള്‍) അടക്കമുള്ള ജനതയാണു് ബൈബിളിലെ പഴയനിയമപ്രകാരം - യഹൂദ മതഗ്രന്ഥമായ തോറ പ്രകാരം - പലപ്പോഴും യെരൂശലേം നഗരത്തേയും ദേവാലയത്തേയും ആക്രമിച്ചിട്ടുള്ളതു്.‘. അപ്പോള്‍ ആ കാലഘട്ടത്തില്‍ ഇസ്ലാം ഇല്ലായിരുന്നല്ലോ. എങ്കില്‍ അന്നു പാലസ്തീന്‍ ജനത ഏതു വര്‍ഗക്കാരായിരുന്നു.

    സെബിനേ എന്റെ ചോദ്യത്തില്‍ എന്തനിലും സെന്‍സു ഉണ്ടോ? ഉണ്ടെങ്കില്‍ മറുപടി എഴുതുമല്ലോ?

    ReplyDelete
  13. അഭിനന്ദനം അര്‍ഹിക്കുന്നു സൂരജേട്ടന്റെ പോസ്റ്റ്.
    അഭിപ്രായ വ്യത്യാസം ചില സ്ഥലങ്ങളില്‍ ഉണ്ടെങ്കിലും സൂരജേട്ടന്റെ ഉദ്ധേശ ശുദ്ധിയില്‍ സംശയം ഇല്ലാത്തതിനാല്‍ ഒരു വിവാദത്തിനു മുതിരുന്നില്ല്.

    "1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി."

    "ആദ്യം മുതല്‍ക്കു തന്നെ ഫലസ്തീനെ മിശ്രവംശങ്ങളുടെ ഒരു സെക്യുലര്‍ ദേശമായല്ല, മറിച്ച് ഒരു ജൂതരാഷ്ട്രമായിത്തന്നെയാണ് യൂറോപ്പ് കേന്ദ്രീകരിച്ചുയര്‍ന്നുവന്ന സയണിസ്റ്റ് മൂവ്മെന്റ് വിഭാവനം ചെയ്തിരുന്നത് എന്നത് ഇന്ന് സമരസപ്പെടലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്."

    ഫലസ്തീന്‍ പ്രശ്നം അപരിഹാര്യമായി തുടരുന്നതിന്റെ പിന്നിലുള്ള യാധാര്‍ഥ്യം സൂരജേട്ടന്‍ പറഞ്ഞു വച്ച ഈ ഒരു സംഗതി തന്നെയാണു.
    മുഴുവന്‍ ഫലസ്തീകളും തുടച്ചു മാറ്റപ്പെടും വരെ ഇസ്രായേല്‍ അധിനിവേശം തുടരുക തന്നെ ചെയ്യും.
    ഓസ്ലോ കരാറില്‍ നിന്നും അറബികള്‍ ഒന്നും പഠിച്ചില്ല.
    ഇസ്രായേലിന്റെ സമാധാന കരാര്‍ നാടകങ്ങളുടെ പിന്നാലെ പായുന്നവര്‍ക്ക് ഇങ്ങു മാമലനാട്ടിലെ സൂരജേട്ടന്റെ വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ആശിച്ചു പോവുന്നു.

    ReplyDelete
  14. ചരിത്രം ഓര്‍മ്മപ്പെടുത്താനുള്ള ഈ എളിയ ശ്രമത്തിനു നന്ദി

    ReplyDelete
  15. ചരിത്രം ഇത്രയും കൃത്യമായി പറഞ്ഞുതന്നതിനു നന്ദി സൂരജ്. ഇതിലേക്കൊരു ലിങ്ക് ഞാന്‍ എന്റെ പോസ്റ്റിലെ ഗാസയിലെ കുഞ്ഞൂങ്ങള്‍ക്കായി എന്ന പോസ്റ്റില്‍ ചേര്‍ക്കുന്നു. നന്ദി.

    ReplyDelete
  16. EXCELLENT !

    ഞാന്‍ അല്പ ദിവസം മുന്‍പ് ഈ ഡിറ്റെയ്ല്സാരെങ്കിലും ബ്ലോഗുമോ എന്നു ജി-ടോക്ക് സ്റ്റാറ്റസ് ഇട്ടതായിരുന്നു ;)

    താങ്ക്സ്

    ReplyDelete
  17. വാനയനപൂർണ്ണമായില്ലെങ്കിലും വസ്ഥുതതകൾ നിരത്തിയ രീതിയെ അഭിനന്ദിക്കുന്നു...

    ReplyDelete
  18. excellent!
    thank you.........

    ReplyDelete
  19. എപ്പോഴത്തേയും പോലെ നല്ലൊരു സമഗ്ര പഠനം.
    അഭിനന്ദനങ്ങള്‍ !!!!!!!!!!!!
    ഈ സാമൂഹ്യസേവനത്തിന് വ്യക്തിപരമായ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  20. സൂരജ്‌, എല്ലാം കൂടി in a nutshell തന്നതിന്‌ നന്ദി! ഈ വിഷയത്തെക്കുറിച്ച്‌ എന്റെ അറിവിൽ ഉണ്ടായിരുന്ന കുറെ gaps അടക്കാനും സാധിച്ചു.

    മാവേലികേരളം,
    അതെ, പലസ്തീനികൾ അപ്പോൾ മുസ്ലിങ്ങളായിരുന്നില്ല, തങ്ങളുടേതായ ചില ആചാരങ്ങളും വിശ്വാസങ്ങളും ദൈവങ്ങളുമായി കഴിഞ്ഞിരുന്ന അനേകം ഗോത്രങ്ങളിൽ ഒന്നുമാത്രമായിരുന്നു എന്നാണ്‌ പഴയനിയമത്തിൽനിന്ന്‌ എനിക്ക്‌ തോന്നിയത്‌.

    ശ്രീഹരി,
    ജൂതന്മാരുടെ മുൻഗാമിയായ ഇബ്രാഹീം(അബ്രഹാം) മുഹമ്മദിന്റെ ദൃഷ്ടിയിൽ ഒരു മഹാപുരുഷനായിരുന്നു. മുഹമ്മദ്‌ ശരിക്കും അദ്ദേഹത്തിന്റെ ഒരു ഫാനായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. അതുകൊണ്ടാവണം മുസ്ലിങ്ങൾക്ക്‌ ആകെയുള്ള രണ്ട്‌ ആഘോഷങ്ങളിൽ ഒന്ന്‌ (ബക്രീദ്‌) ഇബ്രഹീമിന്റെ സ്മരണയ്‌ക്കുവേണ്ടി മാറ്റിവെച്ചതു). പഴയനിയമത്തിലും പുതിയനിയമത്തിലും കൂടിയുള്ള ആദം മുതൽ യേശു വരെയുള്ളവരെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിച്ചതു അന്ന്‌ അറേബിയയിൽ തന്റെ ചുറ്റുമുണ്ടായിരുന്ന ജൂതന്മാരിൽനിന്നും ക്രിസ്‌ത്യാനികളിൽനിന്നുമാണ്‌. പിന്നെ കച്ചവടത്തിനായി സിറിയയിലേക്കും മറ്റും യാത്രകൾ നടത്തിയിരുന്നു. മക്കയിലായിരുന്ന അദ്ദേഹത്തിന്റെ ശ്രദ്ധ മേൽപറഞ്ഞ 'പ്രവാചകന്മാരു'ടെ കഥകൾ അരങ്ങേറിയ പലസ്തീൻ പ്രദേശത്തേക്ക്‌ നീണ്ടു. ആദ്യകാലങ്ങളിൽ മുസ്ലിങ്ങളുടെ നമസ്കാരത്തിനുള്ള 'ഖിബ്‌ല'(നമസ്കാരത്തിനായി തിരിഞ്ഞുനിൽക്കുന്ന ദിശ) പോലും ജെറുസലേമായി നിജപ്പെടുത്തി. പക്ഷേ മക്കയിലെ 13 വർഷത്തെ മതപ്രചരണത്തിനുശേഷം മദീനയിലേക്ക്‌ പലായനം ചെയ്തതിനുശേഷം ഒരു 'ദിവ്യവെളിപാടി'ന്റെ ഫലമായി മക്കയെ ഖിബ്‌ലയാക്കി മാറ്റി. മക്കയിലേയും മദീനയിലേയും പള്ളികളോടൊപ്പം ജെറുസലേമിലുള്ള അൽ അൿസ പള്ളിയെയും പുണ്യാരാധനാലയമായി മുസ്ലിങ്ങൾ കാണുന്നു.

    അബ്രഹാം ഹാജറയെയും കുഞ്ഞിനെയും കൊണ്ടുവന്ന് ഉപേക്ഷിച്ചതു മക്കയിലെ ആരാധനാലയമായ കഅബയുടെ പരിസരത്താണെന്ന്‌ മുഹമ്മദിന്റെ(ഇസ്ലാമിന്റെ) വിശ്വാസം. ഉപേക്ഷിക്കപ്പെട്ട കുട്ടി ദാഹിച്ച്‌ കൈകാലുകളിട്ടടിച്ചപ്പോൾ വരണ്ട ഭൂമിയിൽനിന്ന്‌ പൊങ്ങിവന്ന ഉറവയാണ്‌ 'സംസം' എന്ന ഇന്നത്തെ കിണർ എന്നും വിശ്വസിക്കുന്നു. ഈ കുഞ്ഞിന്റെ പിൻഗാമികളാണ്‌ മക്കയിലെ ജനതയെന്നും വിശ്വസിക്കുന്നു.

    ഇത്രയും പറഞ്ഞത്‌ എന്റെ വീക്ഷണത്തിൽ എന്റെ പരിമിതമായ അറിവിൽ മാനുഷികയുക്തിയുടെ അടിസ്ഥനത്തിൽ :) ഇനി കൂടുതൽ വിവരമുള്ളവർ പറയുക.

    ReplyDelete
  21. ഇപ്പോഴാണ് കണ്ടത്. ഗംഭീരം എന്ന് തന്നെ പറയണം കുട്ടാ ഈ എഫര്‍ട്ട്

    ReplyDelete
  22. ഈയുള്ളവന്റെ പോസ്റ്റ്‌ വായിക്കാൻ ക്ഷണിക്കുന്നു.

    www.thiruvallabhan.blogspot.com

    ReplyDelete
  23. 1947നു മുമ്പുള്ള പലസ്തീൻ/ഇസ്രായേൽ ചരിത്രം ഇവിടെ മിണ്ടിപ്പോകരുത്‌. കൂടുതൽ അറിയാൻ ഇവിടെ.http://www.thusharam.com/article.asp?artId=325

    ReplyDelete
  24. ഈയടുത്ത് ശ്രദ്ധിക്കാനിടയായ ഒരു ഫോട്ടോ കളക്ഷന് ‍.
    ഈ ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ച് എനിക്കറിയില്ല. കണ്ടപ്പോള്‍ ഇവിടെ പങ്കുവയ്ക്കണമെന്ന് തോന്നിയതുകൊണ്ട് ലിങ്കിടുന്നു.

    ReplyDelete
  25. 1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.

    ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം. >>>>

    ഭീകരപ്രവര്‍ത്തനം എന്ന് പറയാന്‍ കാരണം??

    ReplyDelete
  26. The whole article is biased towards muslims

    ReplyDelete
  27. ഉപകാരപ്രദമായി ... ഈ ലിങ്ക് കൂടെ ഒന്ന് നോക്കി നോക്കൂ ....
    നെറ്റിൽ സർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് .. ചരിത്രം നന്നായി വിവരിച്ചിട്ടുണ്ട് ...

    https://www.facebook.com/notes/10201660261062907/

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)