CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Aug 30, 2008

ജേണൽ പഠനങ്ങളിലെ അവകാശവാദങ്ങൾ

ജോസഫ് ആന്റണി മാഷിന്റെ “ആമവാതം ചെറുക്കാൻ സാധ്യത” എന്ന പുതിയ പോസ്റ്റിനെഴുതിയ അഭിപ്രായം :

.... സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ്‌ ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്നാണ്‌ അറിയപ്പെടുന്നത്‌. രോഗകാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. [...] ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ്‌ ഉണര്‍ത്തിയിരിക്കുന്നത്‌. ശരീരപ്രതിരോധ സംവിധാനത്തെ രോഗത്തിന്‌ മുമ്പുള്ള അവസ്ഥയിലേക്ക്‌ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ്‌ പ്രൊഫ. ജോണ്‍ ഐസക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. [....]പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം, എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകര്‍. (ലിങ്കിൽ പോസ്റ്റ് മുഴുവനായി വായിക്കുക)

അഭിപ്രായം:

പോസ്റ്റിനു നന്ദി മാഷേ.
മിക്ക പഠനങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങളാണ് അമിതാവകാശവാദങ്ങളും, മുൻപുള്ള/സമാന്തര റിസേർച്ചിനെ നിസാരവൽക്കരിക്കലും.
ന്യൂകാസിൽ പത്രക്കുറിക്കുറിപ്പിലും അതുതന്നെ കാണുന്നു. ഒരു പക്ഷേ തങ്ങളുടെ ഫണ്ട് ദാതാക്കളെ പ്രീതിപ്പെടുത്താനാവാമിത്.

എന്തായാലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ കാരണം ഇന്നും അജ്ഞാതമാണെന്നും ചികിത്സ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുമുള്ള ലൈനിൽ വാർത്ത നിറം പിടിപ്പിച്ചതായത് നിർഭാഗ്യകരം.(മാഷ് എഴുതിയതിന്റെ കുഴപ്പമല്ല, മിക്ക വെബ്സൈറ്റിലും അങ്ങനെയായിരുന്നു വാർത്ത)
ഒന്നാമത് ക്യാൻസറുകളേയും ഹൃദ്രോഗത്തേയുമൊക്കെ പോലെ റൂമറ്റോയ്ഡ് ആർത്രൈറ്റിസും ‘ഒറ്റ കാരണം’ കൊണ്ടുണ്ടാകുന്ന രോഗമല്ല - അതുകൊണ്ട് ‘കാരണം’ അജ്ഞാതമെന്ന് പറയുന്നത് തെറ്റാണ്. ഇതിന്റെ പിന്നിലെ നിരവധി മെക്കാനിസങ്ങൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ അടിസ്ഥാനപ്പെടുത്തി ചികിത്സാരീതികൾ വിപുലമാക്കുകയും ഫലം കിട്ടുകയും ചെയ്തിട്ടുണ്ട്. അനവധി കാരണങ്ങളുടെ ആകെത്തുകയായി പറഞ്ഞാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന്റെതന്നെ ചില ഭാഗങ്ങൾക്കെതിരേ തിരിയുന്ന അവസ്ഥയാണിത് എന്നു പറയാം. പ്രതിരോധവ്യവസ്ഥയുടെ അമിതാവേശത്തെ അമർച്ചചെയ്യാൻ കെല്പുള്ള സ്റ്റീറോയ്ഡുകളും മെത്ഥോ ട്രക്സേയ്റ്റ് പോലുള്ള മരുന്നുകൾ ഏറെ കാലമായി ഉപയോഗത്തിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനകത്ത് വലിയ റിസേർച്ചിന്റെ ഫലമായി വന്ന മരുന്നുകളാണു എറ്റാനെർസെപ്റ്റ്, അടാലിമുമാബ്, ഇൻഫ്ലിക്സിമാബ് എന്നിവ. വെളുത്ത രക്താണുക്കൾ വിസർജ്ജിക്കുന്ന ട്യൂമർ നെക്രോസിസ് ഫാക്റ്റർ ആല്ഫ (TNF-a) എന്ന (വിനാശകാരിയായ)രാസപദാർത്ഥത്തെ അടക്കി നിർത്തുകയെന്നതാണു മേൽ‌പ്പറഞ്ഞ മരുന്നുകളുടെ ധർമ്മം. ആമവാതത്തെ മുൻപൊരിക്കലുമില്ലാത്തവിധത്തിൽ നിയന്ത്രിക്കാൻ ഈ മരുന്നുകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ പ്രാഥമിക ഗവേഷണങ്ങൾ കഴിഞ്ഞ് വന്നിട്ടുള്ള ഐസക്സിന്റെ ഈ പഠനം യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുകുമെന്നതിനേക്കാൾ ഓരോ രോഗിക്കും പ്രത്യേകം പ്രത്യേകം ഇതിനു വാക്സീൻ (മരുന്ന് കുത്തിവയ്പ്പ്) ഉണ്ടാക്കണം എന്ന വലിയ ഒരു കടമ്പയുമുണ്ട്. ഇതിന്റെ അടിസ്ഥാനമായ ജൈവരസതന്ത്രം വച്ച് നോക്കുമ്പോൾ അവയവം മാറ്റിവയ്ക്കലിലും മറ്റുമാണ് ഈ സാങ്കേതിക വിദ്യയുടെ കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാവാൻ പോകുന്നത്.

ഇത്തരം രോഗങ്ങളിൽ രോഗപ്രതിരോധ സിസ്റ്റത്തിന്റെ അമിതാവേശത്തിനു പ്രധാനകാരണം തൈമോസൈറ്റുകൾ (ടി-കോശങ്ങൾ)അമിതമായി പ്രവർത്തിക്കുന്നതത്രെ. ആ തൈമോസൈറ്റുകളെ (കൃത്യമായി പറഞ്ഞാൽ മെമ്മറി ടി-കോശങ്ങളെയും നൈവ് ടി-കോശങ്ങളെയും) നിയന്ത്രിക്കാൻ പറ്റുന്ന ചില രാസപദാർത്ഥങ്ങൾ ഡെന്റ്രിറ്റിക് കോശങ്ങൾ എന്നു പറയുന്ന തരം ശ്വേത രക്താണുക്കളിൽ നിന്നും പുറപ്പെടുവിക്കാൻ പറ്റും. അതിനു രോഗിയിൽ നിന്നും ശേഖരിക്കുന്ന ഡെണ്ട്രിറ്റിക് കോശങ്ങളെ വൈറ്റമിൻ ഡി-3യും ഡെക്സോണ എന്ന സ്റ്റീറോയ്ഡും ഒടുവിൽ ലൈപോ പോളീസാക്കറൈഡും കൊണ്ട് ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ രൂപമാറ്റം സംഭവിച്ച ഡെണ്ട്രിറ്റിക് കോശത്തെ ടോൾ-ഡെണ്ട്രിറ്റിക് കോശമെന്ന് വിളിക്കാം. (ടോൾ = ടോളറന്റ് = സഹിഷ്ണുതയുള്ള). ഈ സഹിഷ്ണുക്കളായ ഡെണ്ട്രിറ്റിക് കോശമത്രെ രോഗിയിലേക്ക് തിരികെ കുത്തിവയ്ക്കുക. രോഗിയുടെ ശരീരത്തിൽ ‘ഉറഞ്ഞുതുള്ളുന്ന’ തൈമോസൈറ്റ് കോശങ്ങളെ ഇവ ചെന്ന് ശാന്തരാക്കുന്നു. അതോടെ നീർക്കെട്ടും സന്ധികളിലെ തരുണാസ്ഥി നശിക്കുന്നതുമൊക്കെ തടയപ്പെടും. എന്നാൽ രോഗമില്ലാത്ത പഴയ അവസ്ഥയിലേക്ക് രോഗിയെത്തുമെന്നത് ഒരു അതിരുകടന്ന അവകാശവാദമാണ്.

(റൂമറ്റോളജി ഇഷ്ടവിഷയമായത് കൊണ്ട് ഇത്രയും എഴുതിയെന്നേയുള്ളൂ. നീണ്ടകമന്റിനു മാഷ് ക്ഷമിക്കുമല്ലോ:)

പോപ്പുലർ സയൻസ് ജേണലിസത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് പണ്ടെഴുതിയത് ഇവിടെ.

3 comments:

 1. കുറിഞ്ഞി ബ്ലോഗിലിട്ട കമന്റാണ്..ഇവിടെയും കൂടി താങ്ങുന്നു...:)

  Rheumatoid arthritis-നു മരുന്നായി സ്വർണ്ണം അടങ്ങുന്ന Auranofin എന്ന മരുന്ന് വർഷങ്ങളായി ഉപയോഗത്തിലുണ്ട്. പക്ഷെ Auranofin എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് കൃത്യമായി അറിയില്ല.

  Rheumatoid arthritis-ന്റെ പല കാരണങ്ങളിലൊന്ന് oxidative stress ആണ്. Oxidative stress ഉള്ള അവസ്ഥയിൽ കോശങ്ങളിലുണ്ടാവുന്ന Thiol-Disulfide exchange ബ്ലോക്ക് ചെയ്യാൻ Gold-നു കഴിയും. ഈ പ്രത്യേകതയിലൂന്നിയാണ് ഈ മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് കരുതുന്നു.

  ReplyDelete
 2. പരീക്ഷണങ്ങള്‍ നടക്കട്ടെ. നല്ല ഒരു റിസള്‍ട്ടിനുവേണ്ടി കാത്തിരിക്കാം.
  ഒരു കാര്യം സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ എഴുതുന്നത്‌. ആമവാതത്തിന്‌ ആയുര്‍വ്വേദ ചികിത്സകൊണ്ട്‌ പലര്‍ക്കും സുഖമായിട്ടുണ്ട്‌. എന്റെ ഒരു സുഹൃത്ത്‌ എല്ലാ ആധുനിക ടെസ്റ്റുകളും മരുന്നുകളും കഴിച്ചിട്ടും ഒരു ഫലവും കാണാതെ ആയുര്‍വ്വേദ ചികിത്സ തേടി. പക്ഷെ ഒരു നിര്‍ബ്ബന്ധം ഉള്ളത്‌ പൂര്‍ണ്ണമായും സസ്യഭുക്ക്‌ ആവണം. ഇത്‌ ആധുനിക ശാസ്ത്രവീക്ഷണത്തില്‍ നോക്കിയാല്‍ ഒരു തെളിവും ഇല്ല. എങ്കിലും ഈ ചികിത്സകൊണ്ട്‌ ആളുകള്‍ക്ക്‌ എഴുന്നേറ്റു നടക്കാന്‍ കഴിയുന്നുണ്ട്‌.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)