CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jul 28, 2008

ഭഗവദ് ഗീതയിലെ ദൈവം : ഒരു കമന്റ് !

പാര്‍ത്ഥന്‍ ജീ യുടെ ബ്ലോഗില്‍ ഈ പോസ്റ്റിലെ ആശയത്തിനാണ് ഈ കമന്റ്. പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ക്വോട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റ് മുഴുവന്‍ വായിച്ചാലേ അതിന്റെ പൂര്‍ണ്ണാര്‍ത്ഥം പിടികിട്ടൂ. മറുപടിയുടെ ധ്വനികളും അപ്പോള്‍ വ്യക്തമാകും.


അവിടെ ഇട്ട കമന്റ് ഇതാണ് :


സൂരജ് :: suraj said...

പ്രിയ പാര്‍ത്ഥന് ജീ ,

"..യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന്‌ അസഹിഷ്ണുത (Jealous God‌) ഭൂഷണമായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌.
[...]

...പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക്‌ അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ്‌ ഖുര്‍ആനും ആരംഭിക്കുന്നത്‌. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു...
....
....
യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട്‌ അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്‌ ദൈവനിന്ദയാണ്‌. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ്‌ സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ്‌ പരിഗണിക്കുന്നത്‌....
...
...
എന്നാല്‍, ഭഗവദ്‌ ഗീതയില്‍ പരമാത്മസ്വരൂപത്തിന്‌ നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ്‌ പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന്‌ മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല..."ഒരു ദൈവവിശ്വാസിയും ഒരു നിരീശ്വരനും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ അതിനൊരന്തവും കുന്തവുമുണ്ടാകില്ല എന്ന് അറിയാം. എങ്കിലും താങ്കള്‍ പണിക്കര്‍ സാറിന്റെ പോസ്റ്റില്‍ ഇട്ടകമന്റ് പിടിച്ച് ഇവിടെ വന്നപ്പോള്‍ കണ്ട ഒരു വാദഗതി മുകളില്‍ ക്വോട്ട് ചെയ്ത ഭാഗങ്ങളില്‍ സംഗ്രഹിച്ചു നോക്കിയതാണ്.

ഇതില്‍ ഒരു ചരിത്രവസ്തുത താങ്കള്‍ പാടേ വിസ്മരിച്ചതായി തോന്നി. ഭാരതീയ വേദവേദാന്ത ചിന്തയിലുമുണ്ട് താങ്കള്‍ ഖുര്‍ ആനിലും ബൈബിളിലും യഹൂദനിയമങ്ങളിലും ആരോപിക്കുന്ന ‘ക്രൌര്യം കാട്ടുന്ന’ ദൈവവും ദേവതകളും. ഋഗ് വേദം മുതല്‍ക്ക് ആരംഭിക്കുന്ന ഭാരതീയമെന്ന് വിശേഷിപ്പിക്കാവുന്ന ദേവതാ സങ്കല്‍പ്പങ്ങള്‍ എടുത്തു നോക്കുക : “ശത്രുക്കള്‍ക്ക് നാശം വരട്ടെ” എന്ന ശാപവചനമില്ലാത്ത ഒരു അധ്യായം പോലും ചിലപ്പോള്‍ അവയില്‍ കാണാനാവില്ല. ശത്രുനാശം വരുത്തി ഞങ്ങളുടെ കുലത്തെ കാത്തുരക്ഷിക്കുന്ന ഇന്ദ്രനാണ് പ്രധാന ആരാധനാ മൂര്‍ത്തി തന്നെ. ഉത്തമോദാഹരണം ഋഗ്വേദം തന്നെയാണ് (ഇന്ത്യന്‍ മണ്ണിലെ ആര്യസംസ്കാരത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അവര്‍ പ്രാദേശിക ഗോത്രങ്ങളില്‍ നിന്നു നേരിട്ട എതിര്‍പ്പുകള്‍ ആവാം ഇതില്‍ പ്രതിനിധീകരിക്കുന്നത്)

അഥര്‍വ്വവേദകാലമൊക്കെ എത്തുമ്പോഴേക്ക് മുന്‍ വേദങ്ങളിലെ ദേവതകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി കാണാം. കൂട്ടത്തില്‍ ആഭിചാരമെന്ന് വിവിക്ഷിക്കാവുന്ന തരം ക്രിയകളുടെ വിധികളും വളരെ കൂടുതല്‍ കാണുന്നു.

ഉപനിഷത്തുകളില്‍ ചിലത് പ്രപഞ്ചത്തെയും മനുഷ്യ സ്വത്വത്തെയും കുറിച്ചുള്ള മനോഹരമായ തത്വചിന്ത ഉള്‍ക്കൊള്ളുന്നവയാണെങ്കിലും ലഭ്യമായ ഉപനിഷദ് ടെക്സ്റ്റുകള്‍ ആകെമൊത്തം നോക്കിയാല്‍ മുകളില്‍ പറഞ്ഞ ലൈന്‍ തന്നെ ഉള്ളവയാണ്.

താങ്കള്‍ പറയുമ്പോലെ ക്രൌര്യം കുറഞ്ഞ, ഏറെകുറേ സൌമ്യനായ ഒരു ദേവസങ്കല്പം ഗീതയില്‍ കാണാമെന്നതു നേര്. എന്നാല്‍ അതിലും ‘ദുഷ്ട-നിഗ്രഹം’ നടത്തുന്ന, നിലയില്ലാത്ത ജനനമരണചക്രത്തില്‍ പെടുത്തി സ്വസൃഷ്ടികളെ ‘കഷ്ടപ്പെടുത്തുന്ന’ ദൈവസങ്കല്‍പ്പം വിളമ്പുന്ന ശ്ലോകങ്ങള്‍ ധാരാളം. ഒരുദാഹരണം : “ദുഷ്ടന്‍മാരായ അവരെ വീണ്ടും വീണ്ടും ഞാന്‍ [കൃഷ്ണന്‍] ഹീന യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു...” എന്ന അര്‍ത്ഥം വരുന്ന ശ്ലോകഭാഗം (ഓര്‍മ്മയില്‍ നിന്ന് എഴുതിയത്: ശ്ലോക നമ്പര്‍ റെഫറന്‍സിന് ഗീത കൈയ്യില്‍ ഇപ്പോഴില്ല).

മാത്രമോ, “ എന്നില്‍ ലയിക്കാതെ മറ്റൊരു മോക്ഷം നിനക്കില്ല” എന്ന ലൈനില്‍ ആണ് കൃഷ്ണന്‍ അര്‍ജ്ജുനനെയും ലോകത്തെ തന്നെയും ഗീതയിലുടനീളം ഉപദേശിക്കുന്നത്. “അന്യദേവതകളെ പൂജിക്കുന്നവരും ഫലത്തില്‍ എന്നെത്തന്നെയാണ് ആരാധിക്കുന്നത് എന്നും ആ അനുഗ്രഹങ്ങളും ഞാന്‍ വഴി തന്നെയാണ് വരുന്നത് എന്നും പറയുന്ന അതേ കൃഷ്ണന്‍ ഇതും കൂടി പറയുന്നുണ്ട് : [...മറ്റു]ദേവതകളെ ഉപാസിക്കുന്നവന്‍ ദേവലോകത്ത് എത്തുന്നു. എന്നെ ഉപാസിക്കുന്നവന്‍ എന്നില്‍ ലയിക്കുന്നു [മോക്ഷത്തെ പ്രാപിക്കുന്നു] എന്ന്.

വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാക്കുമ്പോള്‍ എത്രതന്നെ തേനില്‍ പൊതിഞ്ഞാലും ആത്യന്തികമായി ആടയാഭരണങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ എല്ലാം ഒരേ ശൈലി തന്നെ.

ഭഗവദ് ഗീത ഒറ്റ ഗീതയായി ക്രോഡീകരിക്കപ്പെട്ട ഭാരതീയ ചരിത്ര സാഹചര്യത്തില്‍ ന്യായ, സാംഖ്യ, വൈശേഷിക തത്വശാസ്ത്രങ്ങള്‍ക്ക് എന്തുമാത്രം സ്വാധീനം ഉണ്ടായിരുന്നു എന്ന് പഠിക്കുമ്പോഴേ ഗീതയില്‍ അവയുടെ സ്വാധീനം വളരെ കൂടുതലാണെന്ന് മനസിലാക്കാനാകൂ.


ഗീത തരുന്ന ജനനമരണ ചാക്രിക തത്വം അപഗ്രഥിച്ചാല്‍ ഇതു മനസിലാകും. ആ ത്ത്വശാസ്ത്രത്തെ crude ആയി ഇങ്ങനെ ചുരുക്കാം :


പരമാത്മാവില്‍ നിന്നും വേര്‍പെട്ട് വരുന്ന ജീവാത്മാക്കള്‍ - സ്ഫുലിംഗങ്ങള്‍ - ഭഗവാന്റെ മായയുടെ ഉല്‍പ്പന്നമായ ഇഹത്തില്‍ എത്തുന്നു. അവിടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുന്ന അവ അതാതിന്റെ കര്‍മ്മമനുസരിച്ച് പ്രമോഷനോ ഡിമോഷനോ കിട്ടി പല ലോകങ്ങളിലൂടെ സൈക്കിള്‍ ചെയ്യുന്നു. പുണ്യങ്ങളുടെ ഫലമായി ചില അവസരങ്ങളില്‍ ആത്മാക്കള്‍ ദേവലോകം വരെയൊക്കെ പ്രമോട്ട് ചെയ്യപ്പെട്ടാലും ഒടുവില്‍ ആ പുണ്യത്തിന്റെ കാലം തീരുമ്പോള്‍ മഴയിലൂടെ ഭൂമിയില്‍ പതിച്ച് ധാന്യമണിയിലൂടെ ആഹാരമായി മനുഷ്യ/ജന്തു ബീജമാകുന്നു - ജനനമെടുക്കുന്നു. എങ്ങനെയാണ് ഇതില്‍ നിന്നും മുക്തനാകുക ? അതിനു ഗീത പല കാലഘട്ടങ്ങളില്‍ പല വഴികളുണ്ടായിരുന്നതായി പറയുന്നു. കൊടും തപസും യോഗവിദ്യയും മുതല്‍ ധ്യാനം വരെയുള്ള മെത്തേഡുകളുണ്ടെങ്കിലും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വിദ്യയെന്താ? അത് ‘നിഷ്കാമ’കര്‍മ്മമാകുന്നു. അതായത് ചെയ്യുന്ന പ്രവര്‍ത്തി എന്തുതന്നെയായാലും അതിന്റെ ശുദ്ധാശുദ്ധികള്‍ നോക്കാതെ, അതിന്റെ ഫലം അനുഭവിക്കാനുള്ള ഇച്ഛയേ ഇല്ലാതെ അതു ഭഗവാനായി സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അങ്ങനെ നിര്‍മ്മമമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ ആ കര്‍മ്മങ്ങളുടെ ഫലം ബാധിക്കുന്നില്ല, അവന്‍ മോക്ഷത്തിന് - അതായത് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയ്ക്ക് - അര്‍ഹനാകും. അവനു പിന്നെ ജനന മരണ ചക്രത്തില്‍ വരേണ്ടിയും ഇല്ല.


പി.എസ്:
ഈ ബ്ലോഗില്‍ തന്നെ അശോക് കര്‍ത്താ മാഷിന് ഇട്ട ഈ കമന്റും ഇതോട് ചേര്‍ത്ത് വായിക്കാം.

13 comments:

 1. “ദുഷ്ടന്‍മാരായ അവരെ വീണ്ടും വീണ്ടും ഞാന്‍ [കൃഷ്ണന്‍] ഹീന യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു...”


  എനിക്കു തോന്നുന്നു ആ ബ്രാക്കറ്റില്‍ ഇട്ടത് 'ഞാന്‍ [കൃഷ്ണന്‍]" ഒന്നു കൂടി ചിന്തിക്കേണ്ടതുണ്ടെന്ന്.

  അതില്‍ പറയുന്ന 'ഞാന്‍' ആരാണെന്ന് ഗീതയില്‍ പിന്നെയും വിവരിക്കുന്നുണ്ട് അതൊരിക്കലും കൃഷ്ണന്‍
  എന്ന സങ്കല്പ്പത്തിലൊതുങ്ങുന്നില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

  ReplyDelete
 2. ആ ‘ഞാന്‍’ ആരെന്നറിയണമെങ്കില്‍ ഗീത ക്രോഡീകരിക്കപ്പെട്ട ചരിത്രസാഹചര്യവും കൂടി അറിയണം.
  ഒന്നാമത് അത് മഹാഭരതത്തിന്റെയോ അതിന്റെ ആദ്യരൂപമായ ‘ജയ’ എന്ന യുദ്ധകഥയുടേയോ ഭാഗമായിരുന്നില്ല. രണ്ടാമത്, അതൊരു വൈഷ്ണവ കള്‍ട്ടിന്റെ സൃഷ്ടിയാണ്. കൃഷ്ണന്‍ എന്നൊരു ദൈവ സങ്കല്‍പ്പം ഉരുത്തിരിഞ്ഞു ഏതാണ്ട് പൂര്‍ണ്ണരൂപമെത്തിയശേഷമാണ് ഗീത മഹാഭാരതത്തിലേക്ക് ചേര്‍ക്കുന്നത്.

  ചാര്‍വാകന്മാരുടെയും ന്യായ,സാംഖ്യ, വൈശേഷിക തത്വങ്ങളുടേയും നല്ല സ്വാധീനം മിക്ക അധ്യായങ്ങളിലുമുണ്ട്. തികഞ്ഞ ശൈവനായിരുന്ന പതഞ്ജലിയുടെ (ബി.സി 200) യോഗസൂത്രത്തിന്റെ സ്വാധീനം വരെ ഗീതയിലെ ‘യോഗ’ങ്ങളെ സംബന്ധിക്കുന്ന അധ്യായങ്ങളിലുണ്ട്. ഇതിന്റെ കാവ്യശൈലി പോലും ബാക്കി ഭാഗത്തു നിന്നും വ്യത്യസ്ഥമാണ് എന്ന് പണ്ഡിതമതം.

  കൃഷ്ണന്റെ ആദ്യരൂപം എന്നത് വാസുദേവന്‍ എന്നായിരുന്നു. (ഇദ്ദേഹമൊരു ഗോത്ര നേതാവും രാജാവുമായിരുന്നു എന്ന് വിശ്വാസം) വാസുദേവനില്‍ നിന്ന് കൃഷ്ണനിലേക്കും അവിടെ നിന്ന് ബ്രാഹ്മണിക്കല്‍ സങ്കല്‍പ്പങ്ങളിലെ ദേവരക്ഷകനും ആര്യസംരക്ഷകനുമായി ‘ഹൈജാക്ക്’ ചെയ്യപ്പെട്ട ദൈവവുമായി മാറിയപ്പോള്‍ കൃഷ്ണന്‍ വിഷ്ണുവിന്റെ അവതാരമായി.

  കൃഷ്ണന്റെ പര്യായങ്ങളായും വിഷ്ണുവിന്റെ പര്യായങ്ങളായും അറിയുന്ന പേരുകളാണ് അര്‍ജ്ജുനന്‍ ഗീതയില്‍ ഉടനീളം സംബോധനയ്ക്കായി ഉപയോക്കുന്നത്. മഹാഭാരത കഥയിലെ സംഗതികളെ ഒര്‍മ്മപ്പെടുത്തും മട്ടിലുള്ള പേരുകളാണ് തിരിച്ച് അര്‍ജ്ജുനനെ കൃഷ്നനും വിളിക്കുന്നത് (ഹേ കൌന്തേയ, ഹേ ഭാരത...)

  ചരിത്രകാരന്മാര്‍ക്ക് ‘ഞാന്‍’ കൃഷ്ണന്‍ തന്നെയാണ്. അപ്പോള്‍ വ്യാഖ്യാതാക്കള്‍ക്ക് എന്തായിരുന്നാലും നമുക്ക് അതു പ്രശ്നവുമല്ല ;))

  ReplyDelete
 3. പ്രിയ സൂരജ്‌,
  ആദ്യമായി ഒന്നു പറയട്ടെ. താങ്കളെപോലുള്ള ശാസ്ത്രകുതുകികളുടെ വിമര്‍ശനങ്ങളെ ഉദ്ദേശിച്ചല്ല ഈ ബ്ലോഗ്‌ തുടങ്ങിയത്‌. കള്ളസാമിമാരുടെ അറസ്റ്റിനുശേഷം ചില മന്യന്മാരെ പറ്റിച്ചെന്നും അവരുടെ എന്തൊക്കെയോ കുടുങ്ങിപ്പോയെന്നും കേട്ടു. ഈ മാന്യന്മാരെ അനുകരിച്ച്‌ ഈ കപട ആത്മീയതയുടെ പിന്നാലെ പോകുന്ന കുറെ സാധാരണ ജന്മങ്ങള്‍ നാട്ടിലുണ്ട്‌. അവരുടെ അന്ധവിശ്വാസങ്ങള്‍ കുറച്ചെങ്കിലും മാറ്റിയെടുക്കാന്‍ ആത്മീയമാര്‍ഗ്ഗത്തിലൂടെയുള്ള ഒരു പരിവര്‍ത്തനമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌. അല്ലാതെ താങ്കളുടെ രീതിയിലുള്ള ഒരു ശാസ്ത്രീയാന്വേഷണമല്ല. യുക്തിചിന്തയിലൂടെയുള്ള ആത്മീയതയാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നതും, ഇവിടെ എഴുതിവെയ്ക്കുന്നതും. സദാചാരമൂല്യമുള്ള ഏതു പുരോഗമനത്തെയും സ്വീകരിക്കാനും ദുരാചാരങ്ങളെ തള്ളിക്കളയാനും ഉള്ള സ്വാതന്ത്ര്യം ഞാന്‍ വളര്‍ന്ന സമുദായത്തിലും നാട്ടിലും ഉണ്ട്‌. എന്റെ ഈ ശ്രമം അതിനുള്ള ഒരു വഴികാട്ടിയാവണമെന്ന്‌ ആഗ്രഹവുമുണ്ട്‌.

  താങ്കളുടെ വിമര്‍ശനങ്ങള്‍ക്ക്‌ എന്റെ ചെറിയ അറിവിലെ വിശദീകരണങ്ങള്‍ നല്‍കാം, അത്‌ പൂര്‍ണ്ണമായും എന്റെ വിശ്വാസത്തിന്റെ വാക്കുകളായിരിക്കും. അത്‌ താങ്കളെ തൃപ്തനാക്കില്ല എന്നും അറിയാം.

  വേദങ്ങളെ വിഭജിക്കുകയും വ്യാഖ്യാനമെഴുതുകയും ചെയ്ത വ്യാസന്‍ തന്നെയാണ്‌ 'ഭഗവദ്‌ ഗീത' യും എഴുതിയത്‌. ഭ.ഗീ. 2 : 42,43,44 എന്നീ ശ്ലോകങ്ങളില്‍ വേദത്തെ ഉപേക്ഷിക്കുവാന്‍ അസന്ദിഗ്ദമായിത്തന്നെ ആവശ്യപ്പെടുന്നുമുണ്ട്‌. അത്‌ ഇവിടെ ചെറുതായി സൂചിപ്പിച്ചിട്ടും ഉണ്ട്‌. ബ്രാഹ്മണന്‍ യജ്ഞം ചെയ്യുന്നത്‌ സ്വര്‍ഗ്ഗപ്രപ്തിക്കോ അതുപോലുള്ള സുഖഭോഗങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയോ ആണ്‌. അസംഭവ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാം എന്ന കള്ളപ്രചരണവും അതിനുവേണ്ടി എന്തു ഹീനകൃത്യം ചെയ്തും ഈ വേദങ്ങളെ ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. വേദങ്ങളുടെ സഹായമില്ലാതെത്തന്നെ നമ്മളെല്ലാവരും ശാപവാക്കുകള്‍ പറയുകയും എന്ത്‌ ഹീനമാര്‍ഗ്ഗത്തിലൂടെയും പലതും നേടിയെടുക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഗീത, വേദങ്ങളെയും ഉപനിഷത്തുക്കളെയും സാഖ്യത്തെയും യോഗത്തെയും പുനഃപ്രവചനം ചെയ്തിട്ടാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌.
  പ്രാര്‍ത്ഥനയ്ക്കോ മോക്ഷപ്രാപ്തിയ്ക്കോ വേണ്ടി അവിടെ ഒരു നിര്‍ബ്ബന്ധ നിയമങ്ങളും പറയുന്നില്ല എന്നാണ്‌ എനിയ്ക്ക്‌ മനസ്സിലായത്‌. ഇതിലെ ചില പ്രാര്‍ത്ഥനകളെയും പുനര്‍ജ്ജന്മ വിശ്വാസങ്ങളെയും പരിചയപ്പെടുത്തുന്നത്‌ അക്കാലത്തെ സാധാരണക്കാരുടെ മനസ്സിലുള്ള ധാരണകളെ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ്‌. അദ്ധ്യാത്മസ്വഭാവമുള്ള മിക്ക ഗ്രന്ഥങ്ങളും അത്‌ പഠിക്കുന്നവര്‍ക്ക്‌ ധര്‍മ്മവിചാരം ഉണ്ടാകട്ടെ എന്നു കരുതി അധര്‍മ്മങ്ങളുടെ ദോഷം വിവരിച്ചുപറയാറുണ്ട്‌.

  എയിഡ്‌സ്‌ നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി അതെങ്ങനെ ഉണ്ടാകുന്നു എന്നും അവിഹിതമായ ലൈംഗിക ബന്ധങ്ങളിലൂടെ ജീവിക്കുന്നവര്‍ക്ക്‌ എയിഡ്‌സ്‌ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠിപ്പിക്കുമ്പോള്‍ അക്കാര്യങ്ങള്‍ പരിചയപ്പെടുത്താതെ മനസ്സിലവില്ലല്ലോ.
  പിന്നെ മോക്ഷത്തിനാണെങ്കില്‍ പോലും കൃഷ്ണനെന്ന രൂപത്തെ ശരണം പ്രാപിക്കണമെന്ന് ഒരിടത്തും പറയുന്നില്ല. കൃഷ്ണനെ ദൈവമാക്കിയത്‌ പൗരോഹിത്യത്തിന്റെ ചൂഷണത്തിന്റെ ഭാഗം. ജനങ്ങളില്‍ ആ ബോധം ഉണ്ടാക്കുകയാണ്‌ എന്റെ ലക്ഷ്യം. ശാസ്ത്രീയ വിശകലനങ്ങളല്ല. അതിന്‌ താങ്കള്‍ക്കെന്തെല്ലാം ചെയ്യാന്‍ കഴിയും എന്നറിഞ്ഞാന്‍ എനിയ്ക്ക്‌ സ്വീകാര്യമാണ്‌.

  ReplyDelete
 4. വേദങ്ങളെ വിഭജിക്കുകയും വ്യാഖ്യാനമെഴുതുകയും ചെയ്ത വ്യാസന്‍ തന്നെയാണ്‌ 'ഭഗവദ്‌ ഗീത' യും എഴുതിയത്‌. ഭ.ഗീ. 2 : 42,43,44 എന്നീ ശ്ലോകങ്ങളില്‍ വേദത്തെ ഉപേക്ഷിക്കുവാന്‍ അസന്ദിഗ്ദമായിത്തന്നെ ആവശ്യപ്പെടുന്നുമുണ്ട്‌.

  അവിടെയാണ് പ്രശ്നം പ്രിയ പാര്‍ത്ഥന്‍ ജീ,

  ഒന്നാമത്,
  താങ്കള്‍ പറയുന്ന ഈ ‘യുക്തിചിന്ത’യിലൂടെയുള്ള ആത്മീയതയിലും ഒരു അബ്സല്യൂട്ട് പോയിന്‍റ് ഒഫ് റെഫറന്‍സ് വേണം. വ്യാസന്‍ വേദങ്ങളെ ഉപേക്ഷിപ്പാന്‍ പറഞ്ഞാല്‍ ഉപേക്ഷിക്കണം എന്നുറപ്പിക്കുന്നതെങ്ങനെ ? ബൈബിളിലെയും ഖുര്‍ ആനിലെയും ‘സൃഷ്ടാവ്-സൃഷ്ടി’ എന്നതരത്തിലുള്ള ദ്വൈതഭാവമല്ല മനുഷ്യനും ദൈവവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അടിസ്ഥാനം എന്ന് എങ്ങെനെ പറയാനാവും ?

  ചരിത്രവിശകലനത്തിന്റെ കാചത്തിനു കീഴില്‍ ഈ വ്യവസ്ഥാപിത ‘വ്യാസവിരചിത മഹാഭാരത’മെന്ന സങ്കല്‍പ്പം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്‍. വേദങ്ങളെ വിഭജിച്ച(ക്രോഡീകരിച്ച)വന്‍ ആണ് വ്യാസന്‍. ആ വ്യാസനാല്‍ സംസ്കരിക്കപ്പെട്ട ‘ഗീത’യില്‍ എന്തേ വേദങ്ങളെ ഉപേക്ഷിപ്പാന്‍ കല്പന വന്നു ? എന്ന ചോദ്യമുണ്ട്. ചോദിക്കുന്നില്ല, കാരണം വ്യാസന്‍ ആണ് ഇന്നു കാണുന്ന രൂപത്തിലുള്ള മഹാഭാരതമോ ഗീതയോ എഴുതിയത് എന്ന സങ്കല്പം ശരിയല്ല എന്ന് ചരിത്രം പറയുന്നു.

  ഒന്‍പതിനായിരത്തോളം ശ്ലോകങ്ങള്‍ ഉള്ള ജയ എന്നുപേരായ ഒരു യുദ്ധകഥയാണ് വ്യാസന്‍ എഴുതിയതെന്ന് ഭാരതം ആദി പര്‍വ്വം തന്നെ സാക്ഷ്യപ്പെടുത്തുന്നു. (ഏതാണ്ട് 900 ബി.സി.) ജനമേജയന്റെ സര്‍പ്പസത്രത്തിന്റെ സമയത്ത് വൈശമ്പായനന്‍ ഈ കഥ ഉപദേശിക്കുമ്പോള്‍ അതു കാല്‍ ലക്ഷം ശ്ലോകങ്ങളായി. ഉഗ്രശ്രവസ്സിന്റെ മഹാഭാരതത്തിനു ശ്ലോകങ്ങള്‍ 1ലക്ഷത്തിനടുത്ത്.
  പാരസികരെയും ഹൂണന്മാരെയും കുറിച്ചൊക്കെയുള്ള യുദ്ധരംഗത്തെ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ കൃതിയുടെ ‘എഡിറ്റിംഗ്’ ഏ.ഡി 400 വരെയും നടന്നിട്ടുണ്ടാകാം എന്നാണ്.

  ഭഗവദ്ഗീത മഹാഭാരതത്തിന്റെ ആദ്യ രൂപങ്ങളില്‍ ഭാഗമായിരുന്നില്ല. കൃഷ്ണന്‍ എന്ന ദൈവസങ്കല്പം ഉരുത്തിരിഞ്ഞുവന്നതിനും പിന്നീടാണ് മഹാഭാരതത്തിന്റെ ഭാഗമായി ഗീത മാറുന്നത് തന്നെ. ഭീഷ്മപര്‍വ്വത്തിന്റെ ഒരു ഭാഗം മാത്രമാണല്ലൊ ഗീത ഇന്നത്തെ ഭാരതത്തില്‍ .

  ഗീതയില്‍ പറയുന്ന കൃഷ്ണന്‍ സ്വയം ഒരു ദൈവമാണെന്നോ ആ ദൈവത്തെ അഭയം പ്രാപിക്കാതെ മോക്ഷമില്ല എന്നോ എവിടെയും പറയുന്നില്ല എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ കൃഷ്ണന്റേതായി അര്‍ജ്ജുനന്‍ ഉപയോഗിക്കുന്ന പര്യായങ്ങളും സംബോധനകളുമെല്ലാം വാസുദേവകൃഷ്ണന്‍ എന്ന വൈഷ്ണവാംശമുള്ള ഗോത്ര‘ദൈവ‘ത്തിനെ ആണ് സൂചിപ്പിക്കുന്നതെന്ന ഋജുവായ വ്യാഖ്യാനമേ ചരിത്ര/സാംസ്കാരിക പഠനം എനിക്കു തരുന്നുള്ളൂ. (ഞാന്‍ ധരിച്ചിരിക്കുന്ന കണ്ണടയുടെ കുഴപ്പം തന്നെ:)

  ഗീതയുടെ 16-ആം അധ്യായത്തില്‍ (ദേവാസുരഭാവങ്ങള്‍ ) ഈ ദൈവം മറ്റ് ‘ദൈവ’ങ്ങളെപ്പോലെ ‘ശിക്ഷ-രക്ഷ’യിലേര്‍പ്പെടുന്നതു കാണുക:

  “അഹങ്കാരം ബലം കോപം കാമം എന്നിവയാല്‍ മതിമറന്ന ‘അസുരന്‍/അസുരഭാവമുള്ളവന്‍’ അവനിലും മറ്റുള്ളവരിലും അടങ്ങിയിരിക്കുന്ന ദൈവാംശത്തില്‍ അസൂയയുള്ളവനാകുന്നു - അതിനെ തള്ളിപ്പറയുന്നു.

  [അങ്ങനെ] അസൂയാലുവാകുന്ന അവനെ ഞാന്‍ സംസാരസാഗരത്തില്‍ ആഴ്ത്തുന്നു, അധമ യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു. വീണ്ടും വീണ്ടും അത്തരം ജന്മങ്ങളേടുക്കേണ്ടിവരുന്നതിനാല്‍ അവന്‍ ഒരിക്കലും എന്നെ പ്രാപിക്കുന്നില്ല. ക്രമേണ അവന്‍ അധമഗതിയെ പ്രാപിക്കുന്നു...”


  സംസ്കൃതവും അറബിയും അരേമ്യയുമൊക്കെ പലതരത്തിലുള്ള വ്യാഖ്യാനത്തിനു സൌകര്യമുള്ളവയായതുകൊണ്ട് മതഗ്രന്ഥത്തില്‍ ദൈവം ‘ഞാന്‍’ എന്ന് പറയുമ്പോള്‍ അതു ‘നീ’ എന്നും കൂടിയാണെന്നും അദ്വൈതികള്‍ക്ക് പറയാം, തെറ്റില്ല. പക്ഷേ ഗീതയില്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന അദ്വൈതം ബൈബിളിലും ഖുര്‍ ആനിലും ഉള്ള ‘ദ്വൈത’ത്തെ ഖണ്ഡിക്കാന്‍ ഉപയോഗിക്കും മുന്‍പ് ഗീതയുടെ ചരിത്രം കൂടി അറിയണം. അത്രയേ ഞാന്‍ പറയുന്നുള്ളൂ.

  (പാര്‍ത്ഥന്‍ ജീ അങ്ങനൊരു ഖണ്ഡന ശ്രമം നടത്തി എന്നല്ല, അങ്ങനെ എനിക്ക് തോന്നിയതാവാം)

  “പ്രാര്‍ത്ഥനയ്ക്കോ മോക്ഷപ്രാപ്തിയ്ക്കോ വേണ്ടി അവിടെ ഒരു നിര്‍ബ്ബന്ധ നിയമങ്ങളും പറയുന്നില്ല എന്നാണ്‌ എനിയ്ക്ക്‌ മനസ്സിലായത്‌.”


  ശരിയാണ്. ഓരോ യുഗത്തില്‍ , ഓരോ രീതിയിലുള്ള വ്യക്തികള്‍ക്ക് ഓരോ തരത്തിലുള്ള ദൈവമാര്‍ഗ്ഗങ്ങളാണ് ഗീതയില്‍ ആകെമൊത്തം നോക്കിയാല്‍ കാണാന്‍ കഴിയുക.

  കര്‍മ്മഫലേച്ഛയില്ലാതെയുള്ള കര്‍ത്തവ്യനിര്‍വഹണം അതിലൊന്ന് മാത്രം. ഭഗവാനെ മകനായി കണ്ടും കാമുകനായി കണ്ടും സഖാവായി കണ്ടും ബന്ധുവായിക്കണ്ടും രാജാ‍വായിക്കണ്ടും എന്തിന് ശത്രുവായി കണ്ടു പോലും മനസില്‍ കൊണ്ടു നടന്നവര്‍ക്ക് മോക്ഷം ലഭിച്ചതായി ഭാഗവതം പറയുന്നുണ്ട്.

  എന്നാല്‍ ഗീതയില്‍ തന്നെ അവിടവിടെയായി ‘വിധിപ്രകാരമുള്ള’ അല്ലെങ്കില്‍ ‘വേദാനുസാരിയായ’ യജ്ഞം/പ്രാര്‍ത്ഥന എന്നിങ്ങനെയും പറഞ്ഞുകാണുന്നുണ്ട്. അധ്യായം 17-ല്‍ നോക്കുക.

  ശ്ലോ 5,6,11 എന്നിവയില്‍ ഇതിന്റെ പരാമര്‍ശങ്ങള്‍ കാണാം. “ശാസ്ത്രവിധിപ്രകാരമല്ലാത്ത തപസ്സി”നെപ്പറ്റി പറഞ്ഞുതുടങ്ങുന്നു. ശ്ലോ:13-ല്‍ ഗീതയിലെ വൈദിക സ്വാധീനം അതിന്റെ തനിസ്വരൂപത്തില്‍ വരുന്നു : “വിധിപ്രകാരമല്ലാത്തതോ അന്നദാനമില്ലാത്തതോ മന്ത്രമില്ലാത്തതോ ദക്ഷിണകള്‍ നല്‍കപ്പെടാത്തതോ ശ്രദ്ധാഭാവമില്ലാത്തതോ ആയ യജ്ഞങ്ങള്‍ (പ്രാര്‍ത്ഥന?) ‘താമസ’ രൂപത്തിലുള്ളതാണ്‍”


  “...കൃഷ്ണനെ ദൈവമാക്കിയത്‌ പൗരോഹിത്യത്തിന്റെ ചൂഷണത്തിന്റെ ഭാഗം. ജനങ്ങളില്‍ ആ ബോധം ഉണ്ടാക്കുകയാണ്‌ എന്റെ ലക്ഷ്യം. ശാസ്ത്രീയ വിശകലനങ്ങളല്ല. അതിന്‌ താങ്കള്‍ക്കെന്തെല്ലാം ചെയ്യാന്‍ കഴിയും എന്നറിഞ്ഞാന്‍ എനിയ്ക്ക്‌ സ്വീകാര്യമാണ്‌.”


  ഒരു ഭൌതികവാദിയായ ഞാന്‍ 25 വര്‍ഷം കൊണ്ട് ലോകത്തിന്റെ കാക്കത്തൊള്ളായിരത്തിലൊരംശം അറിഞ്ഞിട്ടില്ല. അറിഞ്ഞിടത്തോളം വസ്തുതകളത്രയും - ശാസ്ത്രവും മതസംഹിതകളും ത്ത്വജ്ഞാനവുമടക്കം - മനുഷ്യന്‍ നിര്‍മ്മിച്ചവയാണ്, മനുഷ്യര്‍ക്കു വേണ്ടി. അവയിലാകട്ടെ ലോകത്തിന്റെ ‘മോചന’ത്തിന് എളുപ്പവഴികളൊന്നും കാണുന്നുമില്ല. എന്തു ചെയ്യും... കാത്തിരിക്കതന്നെ. :)

  ReplyDelete
 5. Priya sooraj..parayunnathil vishamam thonnaruthu..Etho blogil paranja pole narakathile palmoil chattiyil kidannu vevaana ninte vidhiyennu thonunnu..enthoke asambandhama thankal parayunnathu...deivamillenno...engane parayan pattunnu thankalkku... pinnentha ee kaanunnathokke thanne potti mulachennano?parayunnathinu orathirokkeyille...
  iniyenkilum thankalkku nalla budhi thonni , ithokke kalanju deivathinte vazhiye nadakkoo...:)

  ReplyDelete
 6. ശന്തനൂ...

  പ്രിയ സഹപാഠീ...ഇവിടെ കാണുമെന്ന് സ്വപ്നേപി നിനൈത്തതില്ലൈ.. ;)

  ReplyDelete
 7. വ്യാസന്‍ വേദങ്ങളെ ഉപേക്ഷിപ്പാന്‍ പറഞ്ഞാല്‍ ഉപേക്ഷിക്കണം എന്നുറപ്പിക്കുന്നതെങ്ങനെ ?

  * എന്താ സൂരജ്‌, ഒന്നുകില്‍ ആശന്റെ നെഞ്ചത്ത്‌, അല്ലെങ്കിലും ആശാന്റെ നെഞ്ചത്ത്‌ എന്ന ശൈലിയില്‍ തന്നെയായല്ലോ.
  (വ്യാസന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ള കാര്യം 2008 ല്‍ ആണ്‌ ഞാന്‍ അറിയുന്നത്‌. 10- ആം വയസ്സില്‍ തന്നെ ഞാന്‍ പ്രാര്‍ത്ഥനയും ഭക്തിപ്രകടനങ്ങളും ഉപേക്ഷിച്ചിരുന്നു.)

  * 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന്‌ മനുസ്മൃതിയില്‍ ഉണ്ട്‌ എന്നു പറഞ്ഞ്‌ ആ കിത്താബ്‌ കത്തിച്ചാലേ നമ്മുടെ നാട്‌ രക്ഷപ്പെടുകയുള്ളൂ എന്നു പറഞ്ഞപോലെ എടുക്കുന്നതുകൊണ്ടാണ്‌ ഇങ്ങിനെ തോന്നുന്നത്‌. വേദോപാസകര്‍ വേദമന്ത്രങ്ങള്‍ ഹിംസാത്മകമായും അവിശുദ്ധ ആചാരങ്ങളായും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, ആ രീതിയിലുള്ള വേദങ്ങളെ നിഷേധിക്കണം എന്നല്ലേ ഉദ്ദേശിച്ചിട്ടുണ്ടാവുക. നമ്മള്‍ അങ്ങിനെ ചിന്തിച്ചാല്‍ പോരെ.
  11-ആം നൂറ്റാണ്ടിലാണ്‌ ഗീത രചിച്ചതെന്നുള്ള വിവരങ്ങള്‍ ഞാനും വായിച്ചിട്ടുണ്ട്‌. പൗരാണികം എന്നു പറയുമ്പോള്‍ അത്‌ ശാസ്ത്രീയമായ ചരിത്രവിശകലനത്തിനും അപ്പുറമല്ലേ. എല്ലാം അഭ്യൂഹനം മാത്രമാണ്‌. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഞാന്‍ കാറല്‍ മാര്‍ക്സിന്റെ വരികള്‍ ഓര്‍മ്മിക്കും. "മനുഷ്യന്‌ ഉപകാരപ്രദമല്ലാത്ത കണ്ടെത്തലുകള്‍കൊണ്ടോ കണ്ടുപിടുത്തങ്ങള്‍കൊണ്ടോ സമയനഷ്ടവും ധനനഷ്ടവും അല്ലാതെ വേറൊന്നും നേടുന്നില്ല." (ശരിയായ വാചകം ഇങ്ങിനെയല്ല).

  പാരസികരെയും ഹൂണന്മാരെയും കുറിച്ചൊക്കെയുള്ള യുദ്ധരംഗത്തെ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ കൃതിയുടെ ‘എഡിറ്റിംഗ്’ ഏ.ഡി 400 വരെയും നടന്നിട്ടുണ്ടാകാം എന്നാണ്.

  * ആര്യന്മാര്‍ വന്നതിനുശേഷമാണ്‌ ഭാരതീയര്‍ക്ക്‌ ബുദ്ധി ഉദിച്ചത്‌ എന്നു പറയുന്ന ചരിത്രകാരന്മാര്‍ തന്നെയാണോ ഇതും പറയുന്നത്‌.

  * ദേവാസുരന്മാരെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്‌. ഞാന്‍ ഇപ്പോള്‍ ഇവിടെ എഴുതിതുടങ്ങിയിട്ടല്ലേ ഉള്ളൂ. എന്തെങ്കിലും പറയാനുള്ള അവസരം തരൂ ആദ്യം.

  വീണ്ടും വീണ്ടും അത്തരം ജന്മങ്ങളേടുക്കേണ്ടിവരുന്നതിനാല്‍ അവന്‍ ഒരിക്കലും എന്നെ പ്രാപിക്കുന്നില്ല. ക്രമേണ അവന്‍ അധമഗതിയെ പ്രാപിക്കുന്നു...”

  * പരമാത്മാവിനെ / ബ്രഹ്മത്തെ പ്രാപിക്കുന്നത്‌ എങ്ങിനെയെല്ലാം എന്ന്‌ ഗീതയില്‍ പല സ്ഥലങ്ങളിലും പറയുന്നുണ്ട്‌. അതൊന്നും കാണുന്നില്ലേ? പ്രാചീന കാലത്തെ എല്ലാതരം വിശ്വാസങ്ങളെയും പരിചയപ്പെടുത്തിയിട്ട്‌ അതില്‍ നമുക്കു വിശ്വാസയോഗ്യമായത്‌ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യവും തരുന്നുണ്ട്‌.

  എന്നാല്‍ ഗീതയില്‍ തന്നെ അവിടവിടെയായി ‘വിധിപ്രകാരമുള്ള’ അല്ലെങ്കില്‍ ‘വേദാനുസാരിയായ’ യജ്ഞം/പ്രാര്‍ത്ഥന എന്നിങ്ങനെയും പറഞ്ഞുകാണുന്നുണ്ട്.

  * 12 തരം യജ്ഞത്തെ ഗീതയില്‍ പരിചയപ്പെടുത്തുന്നുണ്ട്‌. അതില്‍ ദ്രവ്യങ്ങളെക്കൊണ്ടുള്ള യജ്ഞത്തേക്കാള്‍ ശ്രേഷ്ഠമാണ്‌ ബാക്കി എല്ലാ യജ്ഞങ്ങളും എന്ന്‌ പറയുന്നും ഉണ്ട്‌. ഇന്നു കാണുന്ന അഗ്നിഹോത്രം, സോമയാഗം, പുത്രകാമേഷ്ടിയാഗം തുടങ്ങിയവ പുരോഹിതന്മാര്‍ക്ക്‌ അര്‍ത്ഥവും സ്വര്‍ഗ്ഗപ്രാപ്തിയും ലഭിക്കുന്നതിനുവേണ്ടിത്തന്നെയാണ്‌. അത്‌ ഈ പാവം ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. ദാനം കൊടുക്കുമ്പോള്‍ ഉടഞ്ഞ ചട്ടിയും കലവും, ചീഞ്ഞ പഴങ്ങളും, പല്ലു കൊഴിഞ്ഞ പശുവിനെയും കൊടുക്കുന്ന രീതിയിലുള്ള യജ്ഞം ചെയ്യരുത്‌ എന്നാണ്‌ പറയുന്നത്‌.

  * പ്രാര്‍ത്ഥനയുടെ അന്തസത്ത ഇങ്ങിനെയാണ്‌ ഗുരുദേവന്‍ പറയുന്നത്‌;

  മനമലര്‍കൊയ്തു മഹേശപൂജചെയ്യും
  മനുജനു മറ്റൊരുവേല ചെയ്തിടേണ്ട:
  വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
  മനുവുരുവിട്ടുമിരിക്കില്‍ മായ മാറും.


  (മനസാകുന്ന പുഷ്പം അറുത്തെടുത്ത്‌ അര്‍പ്പിച്ച്‌ ഈശ്വരനെ പൂജിക്കുന്ന സത്യാന്വേഷിക്ക്‌ ഈശ്വരപരമായ മറ്റൊരു സാധനയും അനുഷ്ഠിച്ചേ തീരൂ എന്നില്ല. അതിനു കഴിവില്ലെന്നുവന്നാല്‍ കാട്ടുപുക്കള്‍ പറിച്ചര്‍പ്പിച്ചും മായാകാര്യം പിന്തുടരവേതന്നെ നിരന്തരം നാമജപം അഭ്യസിച്ചും കഴിഞ്ഞുകൂടിയാല്‍ കാലാന്തരത്തില്‍ ചിത്തശുദ്ധിവഴി ജ്ഞാനോദയമുണ്ടായി സംസാരദുഃഖം മാറിക്കിട്ടുന്നതാണ്‌.)

  ReplyDelete
 8. പ്രിയ പാർത്ഥൻ ജീ,

  ഈ കമന്റ് ചെയിനിലെ എന്റെ ആദ്യ കമന്റ് - ഈ പോസ്റ്റ് - ഒന്നുകൂടെ നോക്കൂ :

  “ഭാരതീയ വേദവേദാന്ത ചിന്തയിലുമുണ്ട് താങ്കള്‍ ഖുര്‍ ആനിലും ബൈബിളിലും യഹൂദനിയമങ്ങളിലും ആരോപിക്കുന്ന ‘ക്രൌര്യം കാട്ടുന്ന’ ദൈവവും ദേവതകളും... ”

  എന്റെ വാദഗതി തന്നെ ഇതാണു - ഇതു മാത്രം.

  ഗീതയെയും ഉപനിഷത്തുക്കളേയും വേദങ്ങളെയും അദ്വൈതത്തിന്റെ കണ്ണടയിൽ നോക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. അതിനുപുറത്തെ ചരിത്ര സാംസ്കാരിക സാഹചര്യത്തിലും അതിനെ പരിശോധിക്കാം; അങ്ങനെ പരിശോധിക്കുമ്പോൾ ഇസ്ലാമിലും യഹൂദമതത്തിലും ക്രിസ്തുമതത്തിലും കാണുന്ന ‘ദ്വൈത ഭാവം’ അവിടവിടയായി പൊങ്ങിവരുന്നുണ്ട് എന്നും വ്യാഖ്യാനം വഴി ക്രൌര്യമെന്ന് തോന്നുന്ന എന്തിനേയും - ഗരുഡപുരാണത്തിലെ നരകത്തെ അടക്കം - സൌമ്യമാക്കാമെന്നും ആണു ഞാൻ പറഞ്ഞത്. അതു ഖുർ ആനിന്റെ കാര്യത്തിലും ബൈബിളിന്റെ കാര്യത്തിലും ബാധകമാണെന്നോർക്കണം. സ്വസൃഷ്ടികളുടെ പാപം കണ്ട് മനം മടുത്ത് പ്രളയം കൊണ്ട് സർവ്വവും നശിപ്പികുന്ന ദൈവവും, ഇഷ്ടജനങ്ങളുടെ വൈരികൾക്കുമേൽ മഹാമാരി ചൊരിയുന്ന ദൈവവും ഒക്കെ ‘ദുഷ്ടനാശവും ശിഷ്ടരക്ഷയും’ ആണല്ലൊ ചെയ്യുന്നത്.

  "വേദോപാസകര്‍ വേദമന്ത്രങ്ങള്‍ ഹിംസാത്മകമായും അവിശുദ്ധ ആചാരങ്ങളായും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, ആ രീതിയിലുള്ള വേദങ്ങളെ നിഷേധിക്കണം എന്നല്ലേ ഉദ്ദേശിച്ചിട്ടുണ്ടാവുക. "

  അത് വ്യാസൻ മനസിലാക്കി/ അല്ലെങ്കിൽ ഗീതാശ്ലോകം വഴി ‘നിരോധിച്ചു’ എന്ന് അവകാശപ്പെടുന്ന കാലത്തിനും എത്രയോ മുൻപ് തന്നെ അവ ഹിംസാത്മകവും ആഭിചാരങ്ങൾ നിറഞ്ഞതും ആയിരുന്നു എന്നതാണു എന്റെ പോയിന്റ്. അതായത് മറ്റു മതങ്ങളിലെയും പോലെ കാലാന്തരത്തിൽ പോളീഷ് ചെയ്യപ്പെട്ടതാണു ഹൈന്ദവം എന്നു നാം വിവക്ഷിക്കുന്ന തത്വ സംഹിതകളും എന്ന്. ഉപനിഷത്തുക്കളെ - വിശേഷിച്ച് കഠം - അധികരിച്ച് വികസിതമായ ഗീതയും ശങ്കരന്റെ അദ്വൈത ഭാഷ്യവും ആണു ദൈവത്തെക്കുറിച്ചുള്ള ഹൈന്ദവ ഫിലോസൊഫിയുടെ 'the last and the most accurate description' എന്നവകാശപ്പെടുന്നതിൽ ചരിത്രപരമായ പിഴവുണ്ടെന്നും


  “* ആര്യന്മാര്‍ വന്നതിനുശേഷമാണ്‌ ഭാരതീയര്‍ക്ക്‌ ബുദ്ധി ഉദിച്ചത്‌ എന്നു പറയുന്ന ചരിത്രകാരന്മാര്‍ തന്നെയാണോ ഇതും പറയുന്നത്‌.”


  ഇത് എഴുതാപ്പുറം വായനയാണേ.. :)
  ആര്യന്മാരുടെ വരവിനു ശേഷമാണു വേദ സംസ്കാരം (വൈദിക സംസ്കാരമെന്നു പറയുന്നില്ല) ഭാരതം എന്ന് നാം വിളിക്കുന്ന ഭുവിഭാഗത്തിൽ എത്തിയത്. ഉപനിഷത്തുകളും ഭഗവദ് ഗീതയുമെല്ലാം അതേ സംസ്കാരത്തിന്റെ പിൽക്കാല വികസിത രൂപങ്ങൾ: അത്രതന്നെ. എന്നുവച്ച് ആര്യഗോത്രം ഇന്റലിജന്റ്, ദ്രാവിഡ ഗോത്രം സ്റ്റുപ്പിഡ് എന്നൊന്നും അർത്ഥമില്ല. രണ്ടു സംസ്കാരങ്ങളും വേർതിരിയാനാവാത്തവിധം കുഴഞ്ഞതിനുശേഷമാണല്ലോ നാമിപ്പോൾ ചർച്ച ചെയ്യുന്ന ഫിലോസഫി ഉരുത്തിരിഞ്ഞതു തന്നെ (കൃഷ്ണൻ ഒരു ദ്രാവിഡ ദൈവമായിരുന്നു). അതുകൊണ്ട് അതിൽ ആര്യ-ദ്രാവിഡ സംഘർഷത്തിന്റെ ചരിത്രവും വരുന്നില്ല.

  (അസുർ എന്നത് ദ്രാവിഡമല്ലാത്ത വേറൊരു ഗ്രൂപ്പാണു എന്നൊരു സാധ്യതയും കിടക്കുന്നു. അതേ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് വരട്ടെ, എന്നിട്ട് എഴുതാം.)

  പിന്നെ, ഈ ‘വരവ്’ എന്നത് മോശം കാര്യമല്ല - ദ്രാവിഡവർഗ്ഗങ്ങളും ഇവിടെ പൊട്ടിമുളച്ചതൊന്നുമല്ല. ആഫ്രിക്കയിൽ നിന്നും ഇവിടെ കുടിയേറിയവർതന്നെ. അവരിത്തിരി നേരത്തേ വന്നു എന്നേയുള്ളൂ :) അതിൽ ചില ടീമുകൾ അങ്ങ് ഓസ്ട്രേല്യ വരെ പോകുകയും ചെയ്തു ;)


  “പ്രാചീന കാലത്തെ എല്ലാതരം വിശ്വാസങ്ങളെയും പരിചയപ്പെടുത്തിയിട്ട്‌ അതില്‍ നമുക്കു വിശ്വാസയോഗ്യമായത്‌ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യവും തരുന്നുണ്ട്‌.”

  അയഞ്ഞ മതാത്മകത മാത്രം ബാക്കിയായ ഇന്നത്തെ ലിബറൽ ഹൈന്ദവ സമൂഹത്തിലിരുന്നു നോക്കുമ്പോൾ ഈ ‘സ്വാതന്ത്ര്യ’ത്തിനു പല അർത്ഥങ്ങളുമുണ്ടാവുന്നുണ്ട്. ‘യുക്തികൊണ്ട് വിമർശം ചെയ്ത് തിരഞ്ഞെടുക്കൂ’ എന്ന് അർജ്ജുനനെ ഉൽബോധിപ്പിക്കുന്നതിനെ ഒരുതരം ‘യുക്തി’വാദമായും കാണാം. അതൊക്കെ മത/ദൈവ വിശ്വാസി എന്ന നിലയ്ക്ക് അതിനെ നോക്കുമ്പോൾ കാണുന്ന സുന്ദരകാഴ്ച. ചരിത്രസാഹചര്യങ്ങളുടെ വെളിച്ചത്തിൽ കിട്ടുന്ന ചിത്രം ഇത്തിരി വ്യത്യസ്ഥമാകും എന്നേ ഞാൻ പറഞ്ഞുള്ളു.

  “മനസാകുന്ന പുഷ്പം അറുത്തെടുത്ത്‌ അര്‍പ്പിച്ച്‌ ഈശ്വരനെ പൂജിക്കുന്ന സത്യാന്വേഷിക്ക്‌ ഈശ്വരപരമായ മറ്റൊരു സാധനയും അനുഷ്ഠിച്ചേ തീരൂ എന്നില്ല. ”

  ഇത് താങ്കളുടെ വേർഷൻ.

  6 സ്തംഭങ്ങളിലാണു ഇസ്ലാമിക ആത്മീയ ജീവിതം ന്നിൽക്കുന്നത്. അതിൽ അഞ്ചുനേരം പ്രാർത്ഥന, മൂന്നു തരം നൊയമ്പുകൾ , ഹജ്ജ് എന്നിങ്ങനെ മറ്റു മതങ്ങളുടെ കണ്ണിൽ ആചാരബദ്ധമെന്നു തോന്നാവുന്ന പലതും നിഷ്കർഷിച്ചിരിക്കുന്നു. സൃഷ്ടികൾ സൃഷ്ടാവിനോട് ചെയ്യുന്ന പ്രാർത്ഥനയുടെ രീതിയും സമയവുമടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നു. അത് മറ്റൊരു വേർഷൻ. (ഇസ്ലാമിൽ തന്നെ ഇതിനു വിവിധാർത്ഥങ്ങൾ കൽ‌പ്പിക്കുന്ന സെക്ടുകൾ ഉണ്ട്) ഒന്ന് ശരി മറ്റേത് തെറ്റ് എന്നൊന്നും പറയാനാവില്ലല്ലൊ. അതേ ഞാനും സൂചിപ്പിച്ചുള്ളു.

  പിന്നെ താങ്കൾ പറയുമ്പോലെ ഒന്നും അക്ഷരാർത്ഥത്തില് എടുക്കാതിരുന്നാൽ ദൈവവിശ്വാസം പോലും ലോകത്ത് ബാക്കി കാണില്ല. ചില സംഗതികൾ അക്ഷരാർത്ഥത്തിൽ തന്നെ എടുത്ത് ബേയ്സ് ഇട്ടിട്ടാണല്ലോ ഏതു ‘വിശ്വാസ’വും അതിന്റെ സഭപണിയുന്നത് :)

  ReplyDelete
 9. പ്രിയ പാര്‍ത്ഥന്‍,

  “ഈ മാന്യന്മാരെ അനുകരിച്ച്‌ ഈ കപട ആത്മീയതയുടെ പിന്നാലെ പോകുന്ന കുറെ സാധാരണ ജന്മങ്ങള്‍ നാട്ടിലുണ്ട്‌“ ശരിയാണ്‍്.

  യഥാര്‍ഥ ദൈവബോധത്തേയും യഥാര്‍ഥ ആത്മീയതയേയും മന‍സിലാക്കാത്ത അവരുടെ ഈ പോക്ക് അപലപനീയമാ‍ണ്‍്.

  പക്ഷെ ആത്മീയതയിലെ ഈ കാപട്യം ഇന്നോ ഇന്നലെയോ‍ തുടങ്ങിയതാണോ എന്നു ചോദിച്ചാല്‍ അല്ല എന്നുള്ളതാണ്‍് ഉത്തരം. അപ്പോള്‍ അതെന്നു തൊട്ടു തൂടങ്ങി എന്നുള്ളതിനേക്കുറിച്ച് അന്വേഷിക്കേണ്ടീ വരുന്നു. അവിടെയാണ്‍് ചരിത്രത്തിന്റെ റെഫരന്‍സ് ആവശ്യമാകുന്നത്. ‍

  ഭാരതീയ തത്വചിന്തകളേക്കിറിച്ച് ഇന്നു ബ്ലോഗില്‍ കാണുന്ന ചര്‍ച്ചകള്‍ തികച്ചും ആവശ്യമായ ഒന്നാണ്‍്. കാരണം, അവയേക്കുറിച്ച് വിമര്‍ശനാത്മക ബുദ്ധിയോടെ ഉണ്ടായിട്ടുള്ള ഒരു പസിദ്ധീ‍കരണവും ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല എന്നു പറയാന്‍ കഴിയില്ല, പക്ഷെ ഇന്ന് അവശേഷീക്കുന്നില്ല എന്നു പറയാം. അവശേഷിച്ചത് ഒരു ഗീതയോ വേദങ്ങളോ, ഉപനിഷത്തുക്കളോ പുരാണങ്ങളോ,മാത്രം.ഇവയൊന്നും സാധാരണക്കാരനു വായിച്ചു മനസിലാക്കാന്‍ സാധിയ്കയുമില്ലായിരുന്നല്ലോ? ഈ അവസ്ഥക്കു മാറ്റം വന്നത്, കൊളോണിയലിസത്തിന്റെ റൊമാന്റിക്ക് കവികള്‍ക്ക് ഇവകളിലൊക്കെ താല്പര്യം ജനിച്ചതും അവര്‍ അതൊക്കെ ഇംഗ്ലീഷില്‍ ആക്കിയതുമാണ്‍്. പിന്നീടു മലായാള പരിഭാഷകളുമൊക്കെയുണ്ടായി.

  ചുരിക്കിപ്പറഞ്ഞാല്‍, സാധാരണക്കാരന്‍ നമ്മുടെ ‘ആത്മീയത‘യേക്കുറിച്ചൊക്കെ ഒന്നറിഞ്ഞു വരുന്നതേ ഉള്ളു. അപ്പോള്‍ അതിനേക്കുറിച്ചുള്ള വീമര്‍ശനങ്ങള്‍ ധാരാളം ഉണ്ടാകും. ‘അറിവുള്ളവര്‍’ പറഞ്ഞുകൊടുത്തതൊക്കെ വിശ്വസിച്ച ഒരു കാലം നമുക്കു നഷ്ടമാകുകയാണ്‍്. പകരം സ്വയം അറിയാനുള്ള് ത്വരയാണ്‍് അവര്‍ക്കുണ്ടാകേണ്ടത്.

  ഈ ത്വരയെ പ്രോത്സാഹിപിക്കുകയാണ്‍് യഥാര്‍ഥ ആത്മജ്ഞാനികളുടെ ചുമതല. ആ അറിവിനായി അവര്‍ക്ക് ചരിത്ര, സാമൂഹ്യ, സാംസ്കാരിക, ശാസ്ത്രീയ ബോധങ്ങളിലേക്കെല്ലാം ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ഇതിലേതിന്റെ സഹായത്താലാണ്‍് തങ്ങള്‍ക്കു ‘പരിവര്‍ത്തനം‘ തേടേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു വിടുക, അതല്ലേ അതിന്റെ കരണീയമായ മാര്‍ഗം.

  പിന്നെ ഒ. എം.സി നാരായണന്‍ നമ്പൂതിരിപ്പാട് തന്റെ റിഗ്വേദം ഭാഷാഭാഷ്യത്തില്‍ വേദവ്യാസനാണ്‍് വേദത്തെ നാലായി ഭാഗിച്ചത് എന്നുള്ളത് ഒരു കല്‍പ്പിത കഥയാണ്‍് എന്നു അഭിപ്രായപ്പെടുന്നു. കാരണം,(1)’വ്യാസന്റെ പിതാവും, പിതാമഹനും, പ്രപിതാമഹനും- യഥാക്രമം, പരാശരന്‍, ശക്തി, വസിഷ്ഠന്‍- നാലു വേദങ്ങളും പഠിച്ചിരുന്നു എന്ന യുക്തിയൊടെ ദയാനന്ദ സരസ്വതി അതിനെ ഖണ്ഡിക്കുന്നു.(2)വേദത്തില്‍ തന്നെ ചതുര്‍വേദങ്ങളേപ്പടി പറയുന്ന മന്ത്രങ്ങളുണ്ട്.(യജുര്‍വേദം)
  3.വ്യാസകൃതിയായ മഹാഭാരതത്തില്‍ പലയിടത്തും തനിക്കു മുന്‍പേ വേദ ചതുഷ്ടയം ഉണ്ടായിരുന്നതായി വ്യാസന്‍ തന്നെ പ്രസ്താപിച്ചിട്ടിട്ടുണ്ട്.
  ....
  വിസ്താരഭയത്താല്‍ ബാ‍ക്കി എഴുതുന്നില്ല.

  അപ്പോള്‍ എവിടെയോ എന്തോ സംശയങ്ങള്‍ ഉണ്ട്. സംശയങ്ങള്‍ വാരുന്നിടത്തൊക്കെ പുതിയ ചര്‍ച്ചകളും ചിന്തകളും ആവശ്യമാണ്‍്. അത്തരം ചര്‍ച്ചകളീലൂടെയേ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകൂ.

  സൂരജിന്റെ ചിന്തകളും മേല്പറഞ്ഞതുപോലെ പരിവര്‍ത്തനം ആവശ്യമായവര്‍ക്ക് ഒരു നല്ല വഴികാട്ടിയാണ്‍് എന്നു ഞാന്‍ വിശ്വസിക്കുന്നു.

  ReplyDelete
 10. Oru vayanakkarananu.. :-) Commentukal apoorvamanennu maathram

  ReplyDelete
 11. ശന്തനൂ... നീ ഇനിയും വരമൊഴി/കീമാൻ മൊഴി ഡൌൺ ലോഡിയില്ലേ കൂട്ടുകാരാ... ഈ ആംഗലമല്ലു കണ്ടാൽ നമ്മുടെ ഗുരു ചെല്ലമണിസാർ പൊറുക്കുകില്ലാ.. ;)

  ReplyDelete
 12. Company policy downloading anuvadikkunnilla. Avarude system aakumbo avarkkenthum aakamallo :-)
  Orma puthukkan mail ayakkunnathalle nallathu. Chellamony sir padippichathokke oralenkilum orkkunnundallo.

  ReplyDelete
 13. ഓ കെ. നീട്ടിപ്പിടിച്ച ഒരു മെയിൽ ഉടൻ അയയ്ക്കാം.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)