CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jul 27, 2008

ആത്മാവ് , ‘ഞാന്‍’ , സ്വത്വബോധം : ഒരു കമന്റ്

ണിക്കര്‍ മാഷിന്റെ അക്ഷരശാസ്ത്രം ബ്ലോഗിലെ ഈ പോസ്റ്റ് ആണ് വേദി. കമന്റ് മൂത്തു മൂത്ത് കേറിയപ്പോള്‍ വിഷയം ഇത്തിരി മാറി. മറ്റൊരിടത്ത് ഇടേണ്ടിയിരുന്ന കമന്റ് ആണ് താഴെ കൊടുക്കുന്നത്. സന്ദര്‍ഭവശാല്‍ ഈ വിഷയം പൊങ്ങിവന്നത് കൊണ്ട് മാത്രം അവിടെ എഴുതി . ഇതേ സംബന്ധിച്ച പണിക്കര്‍ സാറിന്റെ ഒറിജിനല്‍ പോസ്റ്റ് ഇതാണ്.


കമന്റ് ഇവിടെ. പിന്നീടെപ്പോഴെങ്കിലും ഒരു പോസ്റ്റായി വികസിപ്പിക്കാമെന്നു കരുതുന്നു.

[...] ശാസ്ത്രവസ്തുതകളെ മരണാനന്തര ജീവിതവുമായി ഇഴചേര്‍ക്കാനുള്ള ഒരു ശ്രമം അങ്ങയുടെ വാക്കുകളില്‍ കണ്ടതുകൊണ്ട് അതേപ്പറ്റി ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി (ഇത് അതാത് പോസ്റ്റുകളില്‍ എഴുതേണ്ടിയിരുന്ന കമന്റാണ്, ഞാന്‍ ബ്ലോഗിലേക്ക് വരുമ്പോഴേക്കും അവിടങ്ങളില്‍ ചര്‍ച്ച തീര്‍ന്നിരുന്നു - അതിനാല്‍ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു) :


1. “...[ഭൗതികവാദികള്‍ക്ക്] ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക്‌ എതിരാണ്‌ ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല- matter cannot be created nor destroyed അത്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റുവാനേ കഴിയുകയുള്ളു : അവര്‍ പറയുന്നു ...“

പദാര്‍ത്ഥത്തിന്റെയോ ഊര്‍ജ്ജത്തിന്റെ ഏതെങ്കിലും ഒരു രൂപമാണ് ആത്മാവ് എന്ന് വസ്തുനിഷ്ഠമായ തെളിവുകളില്ല. ലോകത്തെ വിവിധ മത/ആത്മീയ സംസ്കാരങ്ങളുടെ തത്വങ്ങളില്‍ റെഫറന്‍സുണ്ടായാല്‍ മാത്രം പോരല്ലോ ഏതെങ്കിലും അവകാശവാദം വസ്തുനിഷ്ഠമാകാന്‍.

ഊര്‍ജ്ജപദാര്‍ത്ഥങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ആത്മാവെങ്കില്‍ അത് ശരീരം നശിച്ചാലും തുടര്‍ന്നേക്കാം എന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പക്ഷേ അപ്പോഴും ആദ്യ രൂപത്തില്‍ത്തന്നെ അത് നിലനില്‍ക്കും എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. പദാര്‍ത്ഥത്തെ ഊര്‍ജ്ജമാക്കി കഴിഞ്ഞാല്‍ പിന്നെ അതു പദാര്‍ത്ഥമല്ല ഊര്‍ജ്ജം മാത്രമാണ്. പദാര്‍ത്ഥത്തിന്റെ ഒരു ഗുണവും ആ ഊര്‍ജ്ജരൂപം വഹിക്കുന്നില്ല. ഹോമകുണ്ഡത്തിലെ അഗ്നി അതിലൊഴിക്കുന്ന നെയ്യിന്റെ ഒരു സ്വഭാവവും പേറാത്തതു പോലെ തന്നെ.

ഊര്‍ജ്ജക്വാണ്ടകളുടെ തരംഗപ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ അവയെ ഉത്സര്‍ജ്ജിച്ച പദാര്‍ത്ഥത്തില്‍ ഉള്ളടങ്ങിയ പരമാണുക്കളെയും മറ്റും കണ്ടെത്താനാവുമെങ്കിലും അതുപയോഗിച്ച് പദാര്‍ത്ഥത്തിന്റെ ഭൌതിക പ്രത്യേകതകള്‍ പുനര്‍ രൂപകല്പന ചെയ്യുന്നത് അത്യന്തം പരിമിതമായേ സാധിക്കൂ. പ്രത്യക്ഷഭൌതിക പ്രത്യേകതകളുടെ കാര്യത്തില്‍പ്പോലും ഇതാണ് അവസ്ഥയെങ്കില്‍ പിന്നെ അമൂര്‍ത്ത കല്പനകളായ കര്‍മ്മഫലം, പാപപുണ്യങ്ങള്‍ എന്നിവയുടെയൊക്കെ കാര്യം പറയുക വേണ്ടല്ലൊ. അപ്പോള്‍ ഏതു രൂപത്തിലാണ് ആത്മാവ് മുന്‍ ജന്മത്തിലെ ‘കര്‍മ്മഫല’ങ്ങളെ അടുത്ത ജന്മത്തിലേക്ക് സന്നിവേശിപ്പിക്കുക എന്ന ചോദ്യം വസ്തുനിഷ്ഠമായ ഉത്തരമില്ലാത്തതാകുന്നു. അതിനുത്തരം തേടും മുന്‍പ് രണ്ടാമതൊരു ജന്‍മം ഉണ്ടാവാമോ എന്ന് അറിയണം. ആ അടിസ്ഥാന ചോദ്യത്തിനു പോലും വസ്തുനിഷ്ഠമായ തെളിവിന്റെ അഭാവത്തില്‍ സാംഗത്യം നഷ്ടപ്പെടുന്നുണ്ട്.

2. “നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത്‌ ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ്‌ എന്ന്‌ - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ്‌ ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല...
calcium ത്തിന്‌ വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക്‌ ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്‌...


രാസപദാര്‍ത്ഥങ്ങളുടെ ഒരു വെറും സംഘാതമാണ് ജന്തുകോശം അല്ലെങ്കില്‍ ജന്തുശരീരം എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നത് സത്യം. എന്നാല്‍ ഇഴകീറാവുന്നതിന്റെ പരമാവധിയെത്തിയിട്ടും രാസസംയുക്തങ്ങളല്ലാതെ കോശത്തില്‍/ശരീരത്തില്‍ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതു തുറിച്ചുനോക്കുന്ന മറ്റൊരു മഹാ സത്യം. (ഉദാ: വേദന എന്നത് പൊട്ടാഷ്യം അയോണുകളുടെ സിഗ്നല്‍ മസ്തിഷ്കത്തിലുളവാകുന്ന ഒരു പരിപൂര്‍ണ്ണ ഭൌതിക പ്രതിഭാസമാണെന്ന് തെളിയിച്ചിട്ട് വര്‍ഷം 20 ആയിട്ടുണ്ടാകും. അതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വേദനസംഹാരികളും നമുക്കുണ്ടായിരുന്നു - അവയും ശരീരത്തിലെ കണികാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാസ വസ്തുക്കള്‍ തന്നെ)

അപ്പോള്‍ എന്താണ് ജീവന്റെ അടിസ്ഥാനം ? കാര്‍ബണിക കണികകളുടെ പ്രത്യേക തരം ബന്ധനത്തിന്റെ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസം ആണ് അതെന്ന് മാത്രമേ ഇതുവരെയുള്ള വിശകലനങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ പറയാനാവൂ. അതിനപ്പുറമുള്ള കല്പനകളെല്ലാം മറിച്ചുള്ള വസ്തുനിഷ്ഠ തെളിവുകള്‍ കിട്ടുന്ന കാലത്തോളം വ്യക്തിനിഷ്ഠമോ ഭാവനയോ മാത്രമായി നില്‍ക്കും. അതില്‍ പരിതപിക്കാനോ ലജ്ജിക്കാനോ ഒന്നുമില്ല. ശാസ്ത്രത്തിന്റെ രീതി അതാണ്.

പിന്നെ, മറ്റൊരു വഴി ഉണ്ട് - ഒരു ഓള്‍ട്ടര്‍നേറ്റിവ് തിയറി ഉണ്ടാക്കിയിട്ട് അതു ടെസ്റ്റ് ചെയ്യുക : എന്താണ് ആത്മാവിന്റെ പിന്‍ബലത്തിലുള്ള ആ ഓള്‍ട്ടര്‍നേറ്റിവ് തിയറി ? ജന്തുകോശം ആത്യന്തികമായി ചൈതന്യവത്താകുന്നത് അതില്‍ ആത്മാവ് എന്ന സംഗതി ഉള്‍ച്ചേരുമ്പോഴാണ് എന്നതാണോ ആ തിയറി ? എങ്കില്‍ അതിനുള്ള വസ്തുനിഷ്ഠമായ തെളിവു വേണം:
... ആത്മാവിന്റെ പ്രോപ്പര്‍ട്ടികളെന്ത് ?
അത് ഒരു ഊര്‍ജ്ജരൂപമാണോ ?
അതിനെ അളക്കാനാവുമോ ?
ഭൌതിക ബലങ്ങളുമായി അത് എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിക്കുന്നു ?
അനസ്തേഷ്യ കൊടുക്കുമ്പോള്‍ ആത്മാവിനു വല്ലതും സംഭവിക്കുമോ?
സ്വഭാവത്തെ മാറ്റിമറിക്കുന്ന മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആത്മാവും മാറുമോ?
തലച്ചോറിനു/ശരീരഭാഗത്തിനു ക്ഷതം സംഭവിക്കുമ്പോള്‍ ആത്മാവ് മുറിപ്പെടുമോ ? മുറിപ്പെടില്ലെങ്കില്‍ എന്തുകൊണ്ട് ?(ഭഗവദ് ഗീതയില്‍ പറഞ്ഞതുകൊണ്ട് മാത്രം ആത്മാവിനെ മുറിപ്പെടുത്താനോ അഗ്നിക്കിരയാക്കാനോ ജലത്താല്‍ നനയ്ക്കാനോ പറ്റില്ല എന്നങ്ങ് ഉറപ്പിക്കാനാവില്ലല്ലൊ)

... ഇങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കാന്‍ ചോദ്യങ്ങളൊത്തിരി കിടക്കുന്നു.

ഇനി ഇതൊന്നും എമ്പിരിക്കലായി പരീക്ഷിക്കാനോ സ്ഥിരീകരിക്കാനോ പറ്റില്ല എങ്കില്‍ പിന്നെ ആദ്യത്തെ തിയറിയാകും ഭേദം - ഒന്നുമില്ലെങ്കിലും testable ആയ പ്രവചനങ്ങള്‍ അതില്‍ നിന്നുരുത്തിരിച്ചെടുക്കാമല്ലൊ. കുറഞ്ഞത് മനുഷ്യനു പ്രയോജനപ്പെടുന്ന മരുന്നുകളെങ്കിലും. :)

3. “എന്റെ ശരീരം ആദ്യം ഉടലെടുത്തത്‌ അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്‌. അത്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത്‌ ഉണ്ടാകുകയും പഴയത്‌ പഴയത്‌ നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട്‌ കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?


“ഞാന്‍” മാത്രം അങ്ങനെ മാറാതെ നില്‍ക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാനാവും മാഷേ ?

ഗര്‍ഭപാത്രത്തിലെ എതെങ്കിലും സംഭവം നാം ഓര്‍മ്മിക്കുന്നുണ്ടോ ? പ്രസവസമയത്തെ ? ഒന്നാം മാസത്തിലെ ? ആദ്യത്തെ മുലകുടി ? ആദ്യത്തെ കട്ടിയാഹാരം ? നൂലുകെട്ട് ? സ്വന്തമായി മൂത്രമൊഴിക്കാന്‍ ശീലിച്ചത്? സ്വയം വസ്ത്രം ധരിക്കാന്‍ പഠിച്ചത് ? നഗ്നതയെ ഓര്‍ത്ത് നാണം വന്നത് ? ശരി പോകട്ടെ, ആണാണെന്നും പെണ്ണാണെന്നും ഉള്ള ബോധ്യം എപ്പോള്‍ മുതല്‍ വന്നു?

കുട്ടി വളര്‍ന്ന് ഏതാണ്ട് ഒന്നര-രണ്ട് വര്‍ഷമാകുമ്പോള്‍ മുതല്‍ക്കാണ് ഈ “ഞാന്‍” എന്ന ബോധം ഉണ്ടാകുന്നത്. മൂന്ന് വയസ്സില്‍ മസ്തിഷ്കത്തോടൊപ്പം അതു വികസിച്ച് ഏതാണ്ട് പൂര്‍ണമാകും. പിന്നെ ഓരോ പ്രായമനുസരിച്ച് അതു മാറിക്കൊണ്ടേയിരിക്കുന്നു. ഏഴാം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം വയസ്സിലെ ‘ഞാന്‍’. പത്താം വയസ്സിലെ ‘ഞാന്‍’ അല്ല പത്താം ക്ലാസില്‍ എത്തുന്ന ‘ഞാന്‍’. ഇരുപത്തഞ്ചാം വയസ്സിലെ ‘ഞാന്‍’ ആവുകയില്ല അന്‍പത്തിമൂന്നാം വയസിലെ ‘ഞാന്‍’. എന്നുവച്ചാല്‍ ശരീരം പരിസരവുമായി ഇടപെടുമ്പോള്‍ നിരന്തരപ്രതിപ്രവര്‍ത്തനത്തിലൂടെ ഉളവാകുന്ന ഒരു സെല്ഫ് ഇമേജ് (ആത്മബോധം) ഉണ്ട്. അതാണ് ഈ ‘ഞാന്‍’ എന്ന ഭാവവും ബോധ്യവുമൊക്കെ. അതിനു ശരീരവുമായും പരിസരവുമായും വേര്‍പെട്ടുള്ള നിലനില്‍പ്പോ വികാസമോ ഇല്ല. ഈ ‘ഞാന്‍’ ജനിക്കും മുന്പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണ് അല്ലെങ്കില്‍ വന്നു പിറന്നതാണ് എന്ന സങ്കല്പ്പത്തിന്റെ ശാസ്ത്രസാധുത ഏതായാലും മുകളില്‍ പറഞ്ഞ പോലെയാണ് - തെളിവുണ്ടെങ്കില്‍ സ്വീകാര്യം; അത്രതന്നെ.

ഡൌണ്‍സ് സിന്‍ഡ്രോം അടക്കമുള്ള വിവിധതരം ബുദ്ധിമാന്ദ്യങ്ങള്‍, വികാരരാഹിത്യത്തിന്റെ വ്യാധിരൂപമായ ഓട്ടിസം, വ്യക്തിത്വരോഗങ്ങളായി പരിണമിക്കുന്ന മസ്തിഷ്ക ക്ഷതങ്ങള്‍, സ്കീറ്റ്സോഫ്രീനിയ പോലുള്ള മാനസികവ്യാധികള്‍ എന്നിങ്ങനെ ഇതു പരീക്ഷിക്കാനും നിരീക്ഷിക്കാനും ഒട്ടനവധി സ്ഥലങ്ങളുണ്ട് നമുക്ക്. അവിടങ്ങളില്‍ ‘ഞാന്‍’ എന്ന ബോധത്തെയും ഭാവത്തെയും തത്വജ്ഞാനത്തിന്റെ ആടയാഭരണങ്ങളും നാട്യങ്ങളുമഴിച്ചുവച്ച് ശാസ്ത്രം ക്ഷമയോടെ ഇഴപിരിക്കുന്നു...

ഡിസ്കൈമള്‍ :
ഈ പറഞ്ഞതൊക്കെ ഒരു വിമത ചിന്ത എന്ന നിലയ്ക്കുള്ള എന്റെ അഭിപ്രായങ്ങളാണ്. ഇതിനര്‍ത്ഥം മറ്റു ചിന്താസരണികളെല്ലാം തെറ്റ് എന്നല്ല. ശാസ്ത്രത്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് തന്നെ ഇതേപ്പറ്റിയൊക്കെ വളരെ വിശദമായ അന്വേഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം കുറിച്ചിടുന്നത്.

10:21 AM

21 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഞാൻ എന്ന ബോധം ജനിച്ച സമയത്തു ഇല്ലയിരുന്നു എന്നു പറയുന്നതു ആ സമയത്തെ കാര്യങ്ങൾ ഒന്നും ഒർമയ്യിൽ ഇല്ലാതതു കൊണ്ട് മാത്രം ആണൊ?. മനുഷ്യ ശരീരത്തിൽ ശേഖരിചിട്ടുള്ള ഓർമയും ആത്മബൊധവും ആയി ബന്ധം ഇല്ല എന്നൊരു concept കൂടി ഉണ്ടു എന്ന് ഞാൻ കേട്ടിട്ടുണ്ട്.

  ReplyDelete
 3. പ്രിയ Abey,

  മനസ് എന്നത് മസ്തിഷ്കം ഇന്ദ്രിയങ്ങളിലൂടെ പരിസരവുമായി ഇടപെടുമ്പോള്‍ ഉണ്ടായിവരുന്ന ഒരു തികച്ചും ഭൌതികമായ പ്രതിഭാസമാണ്. അതേ മനസിന്റെ അനേകം ഉല്‍പ്പന്നങ്ങളില്‍ ഒന്നുമാത്രമാണ് സ്വത്വബോധം. അതാകട്ടെ ബോഡി ഇമേജിന്റെ (സ്വശരീരത്തിന്റെ ആന്തരിക ചിത്രം) അടിസ്ഥാനത്തിലാണ് ഉണ്ടായിത്തീരുന്നതും.

  മസ്തിഷ്കത്തിന്റെ കാലാകാലങ്ങളിലെ വികാസപരിണാമമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. 70 വയസ്സുള്ള ഒരു മനുഷ്യന് തന്റെ സ്വത്വം 7 വയസ്സുള്ള ഒരു ശരീരത്തില്‍ ഇരുന്നാല്‍ എങ്ങനെയുണ്ടാകും എന്ന് പൂര്‍ണമായി ഗ്രഹിക്കാനാവാത്തതും സ്ത്രീക്ക് പുരുഷശരീരത്തിലോ പുരുഷനു സ്ത്രീശരീരത്തിലോ ഈ സ്വത്വസങ്കല്പം പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കാനാവാത്തതും ആ ബോഡി ഇമേജിന്റെ പരിമിതികള്‍ കൊണ്ടാണ് - ആ പരിമിതികള്‍ മനുഷ്യ മസ്തിഷ്കത്തിന്റെ ലിമിറ്റ് കൂടിയാണ് എന്നോര്‍ക്കണം.


  ശാസ്ത്രക്കാഴ്ചയില്‍ ഇതാണ് ആത്മബോധം, അഥവാ ഇതാണ് ഒബ്ജക്റ്റീവ് ആയി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാവുന്ന ആത്മബോധം. അതാണ് ഞാന്‍ പോയിന്റ് 3-ല്‍ പറഞ്ഞ രോഗാവസ്ഥകളുടെ പ്രാധാന്യവും.

  ഇതിനുവെളിയില്‍ മസ്തിഷ്കത്തിനും പുറത്ത് (ഗീതയിലും ബൃഹദാരണ്യകത്തിലുമൊക്കെ പറയുമ്പോലുള്ള)ഒരു ഡിസ്കണക്റ്റഡ് ആയ, അതേസമയം എല്ലാറ്റിനോടും ബന്ധമുള്ള ആത്മബോധം ഉണ്ട് എങ്കില്‍ അത് 19-ആം നൂറ്റാണ്ടിലെ ഫിസിക്സില്‍ മുന്നോട്ട് വയ്ക്കപ്പെട്ട ലൂമിനിഫെറസ് ഏയ്ഥര്‍ (luminiferous aether) പോലെ ആയിപ്പോകും. അത്തരമൊരു അതിഭൌതിക വസ്തു ഭൌതിക വസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കുന്നതെങ്കിലും നിരീക്ഷണവിധേയമാകണമല്ലൊ. എറ്റവും കുറഞ്ഞത്,ആ വസ്തുവിന്റെ ഭൌതികവിശേഷങ്ങളെങ്കിലും അപഗ്രഥനവിധേയമാകണം (ഞാന്‍ പോയിന്റ് 2-ല്‍ പറഞ്ഞ ഓള്‍ട്ടര്‍നേറ്റിവ് തിയറി).

  എന്നാല്‍ അത്തരമൊരു ശാസ്ത്രീയാപഗ്രഥനത്തിനു വിധേയമാകാത്തിടത്തോളം വസ്തുനിഷ്ഠമെന്ന് വിളിക്കാനാവില്ല - വ്യക്തിനിഷ്ഠമെന്നോ ഭാവന എന്നോ വിളിക്കാം.

  ആത്മാവിനെ കണ്ടെത്താനുള്ള പഠനങ്ങള്‍ മിക്കതും അവസാനിക്കുന്നത് കിര്‍ളിയന്‍ ഫൊട്ടോഗ്രാഫിയിലും ഓറ പോലുള്ള സംഗതികളിലും പിന്നെ മരണാസന്നരായ മനുഷ്യരുടെ മന:ശാസ്ത്രവിശകലനത്തിലുമൊക്കെയാണ്‍. എന്നാല്‍ ഇതൊന്നും അതിഭൌതിക സംഗതികളല്ലെന്നും തികച്ചും ഫിസിക്കല്‍ ആയ - കൊറോണാ ഡിസ്ചാര്‍ജ് പോലുള്ള - പ്രതിഭാസങ്ങള്‍ മാത്രമാണെന്നും ഈ അവകാശപ്പെടുന്നപോലുള്ള ഒരു ഡിസ്കണക്റ്റഡ്നെസ്സും ഇതിനില്ല എന്നും വീണ്ടും വീണ്ടും തെളിയിക്കപ്പെടുമ്പോഴാണ് ഈ അവകാശവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നത് എത്രകണ്ട് പ്രായോഗികമാണെന്ന് നാം ഞെട്ടുന്നത്. തത്വചിന്തയില്‍ ഉരുത്തിരിച്ചെടുക്കാവുന്ന ആശയങ്ങള്‍ക്ക് കണക്കില്ല, എന്നുവച്ച് അതെല്ലാം യഥാര്‍ത്ഥലോകവുമായി ബന്ധമുള്ളതാവണമെന്നില്ലല്ലൊ. സയന്‍സിന്റെ ചരിത്രത്തില്‍ തന്നെ അതിന് വേണ്ടതില്‍ കൂടുതല്‍ ഉദാഹരണങ്ങളുണ്ട് :)

  ReplyDelete
 4. പുറമെ നിന്നു ഒരു മനുഷ്യനെ നിരീക്ഷണ വിധേയമാക്കിയാൽ കിട്ടുന്ന ഫലങ്ങളിൽ നിന്നുള്ള അറിവിന്റെ അടിഥാനത്തിൽ താങ്കൾ പറഞത് യുക്തിക്കു നിരക്കുന്നതാണ്. പക്ഷെ, സ്വയം (first person perspective) ചിന്തിച്ചു നോക്കിയാൽ കിട്ടുന്ന അറിവുകൾ വ്യത്യസ്തമല്ലേ?.. ഉദ്ദാഹരണത്തിന്, സ്വപ്നം കാണുന്നതു കണ്ണിൽ കൂടി ആണൊ? സ്വപ്നത്തെ നിർവചിക്കാൻ ഫ്യ്സിക്സിനു സധിക്കുമൊ? സ്വപ്നം കാണുംബോൾ മസ്തിശ്കത്തിൽ ഉണ്ടാകുന്ന രാസ/വൈദ്യുത് പ്രക്രിയകൾ നിരീക്ഷിക്കാമെങ്കിലും അതു സ്വപ്നം കാണുന്നതിനു പൂർണമായ ഒരു തെളിവായി എടുക്കാൻ സാധിക്കുമൊ? സ്വപ്നം എന്നുള്ളതു ഒരു സ്വയം അനുഭവം അല്ലെ? അതിനെ രണ്ടാമതൊരാൾക്കു എങ്ങനെ വിഷദീകരിക്കാൻ സാധിക്കും?.

  ReplyDelete
 5. പ്രിയ എബീ,

  ഒരു സ്വപ്നത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥമെന്നത് അതു കാണുന്നയാളുടെ മനസിലാണ് ഉരുത്തിരിയുക എന്നതു സത്യം. അതിന്റെ പരിപൂര്‍ണ്ണമായ വ്യാഖ്യാനം ആ ആള്‍ക്ക് മാത്രം ബാധകമായതും.
  എന്നാല്‍ ആ അര്‍ത്ഥത്തിനുമപ്പുറമുള്ള സംഗതികള്‍ വരെ ആ സ്വപ്നം കാണല്‍ പ്രക്രിയയില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ അപഗ്രഥിച്ച് നമുക്ക് ഒബ്ജക്ടീവ് ആയി അറിയാന്‍ സാധിക്കും.

  ഉദാഹരണത്തിന് ഫ്രോയിഡിയന്‍ തത്വമനുസരിച്ച് ഒരു സ്ത്രീ പാമ്പിനെ സ്വപ്നം കാണുന്നത് രതിയുടെ (മൂര്‍ത്തമായി പറഞ്ഞാല്‍ പുരുഷ ലിംഗത്തിന്റെ) പ്രതിനിധിയായിട്ടാവാം.(ഒരു ഹൈപ്പോതിസീസ്) എന്നാല്‍ സ്വപ്നം കാണുന്ന ആള്‍ക്ക് പാമ്പിനെ അതിന്റെ എല്ലാ ജൈവികതയോടെയും (സീല്‍ക്കാരത്തോടും മിനുസമുള്ള ചര്‍മ്മത്തോടും വഴുവഴുപ്പോടും ഒക്കെ) കണ്ടതു മാത്രമേ ഓര്‍ക്കാനോ വര്‍ണ്ണിക്കാനോ സാധിച്ചേക്കൂ. അതേസമയം തലച്ചോറിന്റെ ഏതേത് ഭാഗങ്ങളാണ് സ്വപ്നത്തിനിടയ്ക്ക് ഉത്തേജിതമാകുന്നത് എന്ന നോക്കി സ്വപ്നത്തിനു പിന്നിലെ രതിച്ചുവ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പക്ഷേ ഫങ്ഷനല്‍ എം ആര്‍ ഐ സ്കാനിങ് പോലുള്ള സാങ്കേതികത കൊണ്ട് സാധിക്കും. അതായത് ശാസ്ത്രം കൊണ്ട് വ്യക്തിനിഷ്ഠമായ ഒരു സംഗതിയുടെ വസ്തുനിഷ്ഠമായ വശങ്ങള്‍ പലതും അനാവരണം ചെയ്യാനാവുമെന്നു മനസിലാക്കാം.

  ഈ പറഞ്ഞതു കൊണ്ട് സ്വപ്നം എന്ന വ്യക്തിനിഷ്ഠമായ അനുഭവത്തെ മുഴുവനും പിടിച്ച് വസ്തുനിഷ്ഠമാക്കി കളയാം എന്നല്ല അര്‍ത്ഥം. സ്വപ്നത്തിന്റെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ പറ്റാവുന്ന ഭാഗങ്ങളെ പറ്റാവുന്നത്ര കൃത്യതയോടെ വിശകലനം ചെയ്യാം എന്നേ ഉള്ളൂ. അതാണല്ലോ ശാസ്ത്രത്തിന്റെ രീതിയും.

  ആത്മാവ് എന്ന സംഗതിക്ക് ഇതുപോലെ അപഗ്രഥനവിധേയമാക്കാവുന്ന എന്തെങ്കിലും പ്രോപ്പര്‍ട്ടി ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ വിശകലനം ചെയ്യുന്നതിനു വിഷമമില്ലല്ലോ.

  ReplyDelete
 6. ആ‍ത്മാവും, മനസും ഒക്കെ സുക്ഷ്മം ആണു എന്നാണു ഞാൻ പുസ്തങ്ങളിൽ വായിച്ചിട്ടുള്ളതു. സുക്ഷ്മം എന്നതു കൊണ്ടു ഏറ്റവും ചെറിയ (detectable) പദാർതത്തിനെക്കാളും ചെറുതു എന്നാണൊ അതൊ, ത്രിമാനത്തിനും അപ്പുറത്തുള്ള ഏതെങ്കിലും മാനത്തിൽ ഉള്ളതാണൊ എന്നു എനിക്കു ഒറപ്പില്ല (black hole, wormhole, chakras in our body, etc..). സ്ഥൂലവും സൂക്ഷ്മവും തമ്മിൽ ഉള്ള വ്യത്യാസം dimensional difference ആയിരിക്കാം എന്നു ഞാ‍ൻ വായിചിട്ടുണ്ടു. ഇ ഇടെ ഞാൻ ഒരു വെബ്സൈറ്റിൽ (http://zapatopi.net/blog/?post=200604284330.st_clair_hyperinventor )അതും ആയി ബന്ധപെട്ട ചില കണ്ടുപിടുത്തങ്ങളെക്കുറിച്ചു വായിച്ചിരുന്നു.അതിനെ കുറിച്ചുള്ള തങ്കളുടെ അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു. മനുഷ്യ ശരീരത്തിൽ പ്രത്യക്ഷമായി കാണപ്പെടുന്ന ഇന്ദ്രിയങ്ങളിൽ, ഏറ്റ്വും ആവ്രിത്തി കൂടുതൽ ഉള്ള കംബനങ്ങളെ പിടിച്ചെടുക്കാൻ ഉള്ള കഴിവു കണ്ണിനാണല്ലൊ അല്ലെ, എന്നാൽ അതിലും സൂക്ഷ്മം, ചെറുതു ആയ (finer wavelength ie high frequency) കംബനങ്ങളെ sense ചെയ്യാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടെന്നും അത് കുറെ തലമുറകളായി ഉപയോഗിക്കാത്തതിന്റെയും ഫലം ആയി അതു inactive ആണു എന്നും വായിച്ചിട്ടുണ്ടു. റ്റെലിപ്പതി അതിനു ഒരു ഉദാഹരണം ആയിരിക്കാം. High Frequency ആയ്തിനാൽ അതിൽ അടങ്ങിയിട്ടുള്ള information ന്റെ അളവു വലരെ കൂടുതൽ ആയിരിക്കുമല്ലൊ (High Bandwidth) (a picture (light) is equalent to 1000 words (sound)). Near Death Experience ഉണ്ടാകുന്ന സമയത്തുള്ള ആശയവിനിമയം അത്തരത്തിൽ ഒരു High Bandwidth Communication ആണെന്നു ഞാ‍ൻ കേട്ടിട്ടുണ്ടു. അതു കൊണ്ടണത്രെ ഉണർന്നതിനു ശേഷം അതു ശബ്ദത്തിലൂടെയും ചിത്രത്തിലൂടെയും അവർക്കു ആശയവിനിമയം നടത്താൻ പറ്റാത്തതു.

  ReplyDelete
 7. താങ്കളുടെ വിശദീകരണങ്ങള്‍‌ക്ക് നന്ദി.

  ReplyDelete
 8. പ്രിയ എബീ,

  1) ആ‍ത്മാവും, മനസും ഒക്കെ സുക്ഷ്മം ആണു എന്നാണു ഞാൻ പുസ്തങ്ങളിൽ വായിച്ചിട്ടുള്ളതു. സുക്ഷ്മം എന്നതു കൊണ്ടു ഏറ്റവും ചെറിയ (detectable) പദാർതത്തിനെക്കാളും ചെറുതു എന്നാണൊ അതൊ, ത്രിമാനത്തിനും അപ്പുറത്തുള്ള ഏതെങ്കിലും മാനത്തിൽ ഉള്ളതാണൊ എന്നു എനിക്കു ഒറപ്പില്ല (black hole, wormhole, chakras in our body, etc..). സ്ഥൂലവും സൂക്ഷ്മവും തമ്മിൽ ഉള്ള വ്യത്യാസം dimensional difference ആയിരിക്കാം എന്നു ഞാ‍ൻ വായിചിട്ടുണ്ടു.

  മനുഷ്യന് ഇന്ദ്രിയാനുഭവവേദ്യമായ നാലു ഡൈമെന്‍ഷനുകള്‍ (3 സ്പേസും 1 ടൈമും) കൂടാതെ വേറെയും ഡൈമെന്‍ഷനുകള്‍ ഉണ്ടെന്ന് ആധുനിക ഫിസിക്സിന്റെ പല ശാഖകളിലെയും മാത്തമാറ്റിക്കല്‍ അപഗ്രഥനങ്ങള്‍ നമ്മോട് പറയുന്നു എന്നതു നേര്. സ്ട്രിംഗ് തിയറിയുടെ ചില രൂപങ്ങള്‍ക്ക് 11 മുതല്‍ 21 ഡൈമെന്‍ഷനുകളെ വരെ ആവശ്യമായി വരുന്നുണ്ട് പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍. എന്നു വച്ച് ആ സൂക്ഷ്മ/സ്ഥൂല ഡൈമെന്‍ഷനുകളെ അടിസ്ഥാനപ്പെടുത്തി പറയുന്ന എല്ലാ സംഗതിയും യഥാര്‍ത്ഥമാണെന്ന് ധരിക്കരുത്. ക്വാണ്ടം ലോകം പോലെ അതിസൂക്ഷ്മ കണങ്ങളുടെ ഒരു ലോകത്ത് ഈ ഇന്ദ്രിയാതീത ഡൈമെന്‍ഷനുകള്‍ക്ക് സാധുതയുണ്ടാകാം - വിശേഷിച്ച് അവയുടെ ചില പ്രൊപ്പര്‍ട്ടികളെ മാത്തമാറ്റിക്കല്‍ ആയി വിശദീകരിക്കേണ്ടിവരുമ്പോള്‍ ആ ‘അധിക’ ഡൈമെന്‍ഷനുകള്‍ വേണ്ടിവരാറുണ്ട്. ചിലതരം ഫീല്‍ഡുകള്‍ പദാര്‍ത്ഥവുമായി പ്രതിപ്രവര്‍ത്തിക്കുന്നതും ഇത്തരം എക്സ്ട്രാ ഡൈമെന്‍ഷനുകളിലൂടെയാണ് എന്നും ഫിസിക്സില്‍ ഊഹിക്കുന്നുണ്ട് (ഉറപ്പിച്ച് തെളിയിച്ചിട്ടില്ല;ശ്രമങ്ങള്‍ തുടരുന്നു). എന്നാല്‍ ക്വാണ്ടം ലോകത്തിനപ്പുറം നാമുള്‍പ്പെടുന്ന മാക്രോസ്കോപ്പിക് ലോകത്ത് ഈ ഡൈമെന്‍ഷനുകള്‍ക്ക് നേരിട്ട് പ്രസക്തിയൊന്നുമില്ലതാനും.

  സൂക്ഷ്മമെന്ന് നാം അനുമാനിക്കുന്ന ഈ ഡൈമെന്‍ഷനുള്‍ക്ക് ക്ലാസിക്കല്‍ വസ്തുക്കളുടെ (നാമുള്‍പ്പെടുന്ന) ലോകത്ത് ഫിസിക്കല്‍ പ്രസക്തിയുണ്ടെന്നിരിക്കട്ടെ, എങ്കില്‍ നമ്മുടെ ലോകം ഒരു നോണ്‍ സെന്‍സ് ആയി മാറാന്‍ സെക്കന്റുകള്‍ മതി. ക്ലോക്ക് സൂചി പിന്നോട്ടോടുന്നതും ശൂന്യതയില്‍ നിന്ന് വസ്തുക്കള്‍ ഉണ്ടാകുന്നതും നശിച്ച് അപ്രത്യക്ഷമാകുന്നതും, കാര്യവും കാരണവും തമ്മിലുള്ള ബന്ധം നഷ്ടമാകുന്നതും ഒക്കെ കാണേണ്ടിവന്നേനെ. അങ്ങനുള്ള ക്വാണ്ടം weirdness നമ്മുടെ സാമാന്യലോകത്ത് കാണാത്തിടത്തോളം ഒരു അനുമാനത്തിനേ സാധുതയുള്ളൂ - ഈ അതീത ഡൈമെന്‍ഷനുകള്‍ നമ്മുടെ മാക്രോസ്കോപ്പിക് ലെവലില്‍ അപ്രസക്തമാണ് എന്ന്.

  ആത്മാവും താങ്കള്‍ പറയുന്ന ‘ചക്ര’ങ്ങളുമൊക്കെ (ബ്ലാക്ക് ഹോളിനെ വിട്;അത് അങ്ങനൊന്നുമല്ല കേട്ടോ) ഇങ്ങനെ അതീത ഡൈമെന്‍ഷനുകളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അവ നമ്മുടെ ശരീരവുമായോ മനസിന്റെ കെമിക്കല്‍ ഇരിപ്പിടമായ മസ്തിഷ്കവുമായോ അവ പ്രതിപ്രവര്‍ത്തിക്കുന്നില്ല എന്നു പറയേണ്ടിവരും. പിന്നെ അതേക്കുറിച്ച് വേവലാതിയും വേണ്ടല്ലോ.  2) ടെലിപ്പതിയ്ക്കു ‘ക്വാണ്ടം ഫിസിക്സില്‍’ സാധുതയുണ്ട് എന്ന മട്ടില്‍ അവകാശവാദങ്ങള്‍ ഏറെകാലമായി കാണുന്നതാണ് - വിശേഷിച്ച് ക്വാണ്ടം എന്റാംഗിള്‍മെന്റുമായി ബന്ധപ്പെട്ട ഇ.പി.ആര്‍ പ്രതിഭാസം ടെലിപ്പതിക്ക് ന്യായീകരണമായി വളരെ പറഞ്ഞു കേള്‍ക്കുന്നു. ഇത് ക്വാണ്ടം ഫിസിക്സിലെ നോണ്‍-ലോക്കാലിറ്റിയെ കുറിച്ച് കാര്യമായ തെറ്റിദ്ധാരണയോ വിവരമില്ലായ്മയോ മൂലം പറയുന്നതാണ്. ഇന്‍സ്റ്റന്റേനിയസ് ആയുള്ള ഒരു വിധ സന്ദേശം കൈമാറലും വിശേഷ ആപേക്ഷികതാ സിദ്ധാന്തം അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ നോണ്‍ലോക്കാലിറ്റിയെ ടെലിപ്പതിക്കായി ഉപയോഗിക്കാനുമാവില്ല.

  ക്വാണ്ടം എന്റാംഗിള്‍ഡ് അവസ്ഥകള്‍ തലച്ചോറിലെ ചിലഭാഗങ്ങളിലെങ്കിലും വളരെ ചെറിയ നേരത്തേയ്ക്ക് നിലനില്‍ക്കുമെന്ന് സ്റ്റുവര്‍ട്ട് ഹാമറോഫിന്റെ ചില നിരീക്ഷണങ്ങളെ ആസ്പദമാക്കി റോജര്‍ പെന്‍-റോസിനെ പോലുള്ള ചിലര്‍ ഉപപത്തി മുന്നോറട്ടുവച്ചിട്ടുണ്ടെന്നത് നേര്. എന്നാല്‍ എന്റാംഗിള്‍ സ്റ്റേറ്റുകള്‍ രണ്ട് തലച്ചോറുകള്‍ തമ്മില്‍ സംവദിക്കുന്നതിനായി ഉപയോഗിക്കാം എന്നു വാദിക്കുന്ന ഇതു പോലുള്ള ക്വാണ്ടം ഭൌതികമെന്താണെന്ന് പോലും അറിയാത്ത ആനവിഡ്ഢിപ്പേപ്പറുകള്‍ പാരാസൈക്കോളജി എന്ന സ്റ്റുപ്പിഡിറ്റിയുടെ പേരില്‍ മാത്രമേ വിറ്റു പോകൂ.

  താങ്കള്‍ ചൂണ്ടിക്കാട്ടിയ വെബ് പേജിലെ ജോണ്‍ സെന്റ് ക്ലെയറിന്റെ ഒരു പേറ്റന്റ് അപേക്ഷ നോക്കൂ. ടെലിപ്പോര്‍ട്ടേഷന്‍ (കൂടുവിട്ട് കൂടുമാറ്റം) യാഥര്‍ത്ഥ്യമാക്കാനുള്ള ഒരു യന്ത്രമാണ് അദ്ദേഹം നിര്‍മ്മിക്കാനും പേറ്റന്റ് എടുക്കാനും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് !!

  സ്പിരിച്വല്‍ ഐ (ആത്മീയനേത്രം) എന്ന് നാഴികയ്ക്ക് നൂറുവട്ടം പുലമ്പുന്നതല്ലാതെ മി.ജോണ്‍ സെന്റ് ക്ലെയര്‍ അതെന്താണെന്നോ, അതിന്റെ ഭൌതിക പ്രൊപ്പര്‍ട്ടികള്‍ എന്താണെന്നോ അതു താനുണ്ടാക്കാന്‍ പോകുന്ന യന്ത്രത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നോ വസ്തുനിഷ്ഠമായ യാതൊരു വിവരവും മൂപ്പര്‍ കൊടുക്കുന്നില്ല. ഒന്നരയടി നീളവും കാലിഞ്ച് കട്ടിയുമുള്ള ഒരു പ്ലെക്സിഗ്ലാസ് ഉപയോഗിച്ച് തന്റെ ‘ആത്മിയനേത്ര’ത്തെ ഡിഫ്രാക്റ്റ് ചെയ്യിക്കും എന്നൊക്കെയാണ് അണ്ണന്റെ വാദഗതികള്‍.

  ഇന്റര്‍ നെറ്റില്‍ തപ്പിയാല്‍ ഇതും ഇതിനപ്പുറവുമുള്ള സ്റ്റുപ്പിഡിറ്റികള്‍ കിട്ടും. ശാസ്ത്രത്തിന്റെ വാക്കുകളും ശൈലിയും ഉപയോഗിച്ചാല്‍ മാത്രം ശാസ്ത്രമാകില്ല. ഇതുപോലുള്ള തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കൂടുതല്‍ ആഴത്തില്‍ ശാസ്ത്രവസ്തുതകള്‍ മനസിലാക്കിയിരിക്കണം - പ്രത്യേകിച്ച് ആത്മീയതയുടെ പേരിലാണ് ഈ തട്ടിപ്പുകള്‍ ഏറെയും എന്നുള്ളപ്പോള്‍.

  3) "...എന്നാൽ അതിലും സൂക്ഷ്മം, ചെറുതു ആയ (finer wavelength ie high frequency) കംബനങ്ങളെ sense ചെയ്യാൻ കഴിവുള്ള ഇന്ദ്രിയങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടെന്നും അത് കുറെ തലമുറകളായി ഉപയോഗിക്കാത്തതിന്റെയും ഫലം ആയി അതു inactive ആണു എന്നും വായിച്ചിട്ടുണ്ടു. റ്റെലിപ്പതി അതിനു ഒരു ഉദാഹരണം ആയിരിക്കാം.. "

  ഇത് എവിടെയാണ് വായിച്ചത് ? പുസ്തകത്തിന്റെ പേരോ ലിങ്കുകളോ മറ്റോ തരാമോ, സാധുത എത്രത്തോളമുണ്ട് എന്ന് തപ്പിനോക്കാനാണ്. കമ്പനങ്ങള്‍ എന്നൊക്കെയുള്ള വാക്കുകള്‍ ശ്രദ്ധിച്ച് വേണം ശാസ്ത്രത്തില്‍ ഉപയോഗിക്കാന്‍ - എന്തു തരംഗത്തിന്റേതാണ് - ഇലക്ട്രോമാഗ്നെറ്റിക് വേവ് ആണൊ ശബ്ദതരംഗമാണോ - ഈ കമ്പനങ്ങള്‍ എന്നുദ്ദേശിക്കുന്നത് എന്നൊക്കെ വിശദമാക്കേണ്ടതുണ്ട്.

  ശാസ്ത്രീയമായി Detect ചെയ്യാന്‍ കഴിയാത്തത്ര ഉയര്‍ന്ന ഫ്രീക്വന്‍സി എന്നൊക്കെപ്പറയുമ്പോള്‍ എക്സ് റേ കിരണങ്ങള്‍ക്കും ഗാമാ കിരണങ്ങള്‍ക്കുമൊക്കെ അപ്പുറമുള്ള ഫ്രീക്വന്‍സിയാണോ ? ശരീരം അതു പുറപ്പെടുവിക്കണമെങ്കില്‍ എത്ര താപനിലയിലേക്ക് ഉയരണമെന്നൊക്കെ ഓര്‍ക്കുന്നത് നന്ന്.


  പിന്നെ, ബാന്‍ഡ് വിഡ്ത് എന്നുപറയുമ്പോള്‍ അത് വിവിധ ഫ്രീക്വന്‍സികള്‍ ഉള്ള തരംഗങ്ങളുടെ ഒരു റേയിഞ്ചാണ് സൂചിപ്പിക്കുന്നത്. ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ ഫ്രിക്വന്‍സികളുടെ വ്യത്യാസമാണ് ബാന്‍ഡ് വിഡ്ത് എന്ന് അറിയാമെന്ന് കരുതുന്നു. ഒരു സിഗ്നലിന്റെ ആമ്പ്ലിറ്റ്യൂഡും ഫേയ്സും വ്യതിയാനപ്പെടുന്നതിന്റെ തോതാണ് അത്. ബാന്‍ഡ് വിഡ്ത് കൂടുക എന്നാല്‍ ഈ വ്യതിയാനത്തിന്റെ തോത് വര്‍ദ്ധിക്കുക എന്നാണര്‍ത്ഥം. (അല്ലാതെ വെറുതേ അതിലെ തരംഗങ്ങളുടെ ഫ്രീക്വന്‍സി കൂട്ടിയാല്‍ മാത്രം കാര്യമില്ല എന്നര്‍ത്ഥം)

  മുന്‍പ് ഒരു ബ്ലോഗര്‍ അമ്പലങ്ങളിലെ പ്രതിഷ്ഠാവിഗ്രഹത്തിന്റെ നട്ടെല്ലില്‍ ഒരു ലോഹകമ്പി വയ്ക്കുമെന്നും മന്ത്രം ചൊല്ലലിന്റെ ഫലമായി അതു വൈബ്രേറ്റ് ചെയ്യുമെന്നും അതില്‍ നിന്ന് ഇലക്ട്രോമാഗ്നെറ്റിക് കിരണങ്ങള്‍ ഉത്സര്‍ജ്ജിക്കുമെന്നുമൊക്കെ അറുവിഡ്ഢിത്തം എഴുതി വിട്ടിരുന്നു. അദ്ദേഹത്തിനു പറ്റിയ പ്രശ്നവും ഏതാണീ തരംഗം എന്താണീ ഫ്രീക്വന്‍സി എന്നൊന്നും ആലോചിക്കാതെ കേട്ടപാടേ എടുത്ത് കണ്‍ക്ലൂഷനിലേക്ക് ചാടി എന്നതാണ് . എബി ഏതായാലും അത്തരമൊരു ധാരണ വച്ചുപുലര്‍ത്തുന്നില്ല എന്ന് വിശ്വസിക്കട്ടെ. ഇനിയഥവാ അങ്ങനെയൊക്കെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനെയൊന്നും സയന്‍സുമായി ചേര്‍ത്ത് കെട്ടാതിരിക്കുക. അതൊന്നും സയന്‍സ് അല്ല, സയന്‍സുമായി പുലബന്ധം പോലുമില്ല. :)

  ReplyDelete
 9. “ശാസ്ത്രത്തിന്റെ വാക്കുകളും ശൈലിയും ഉപയോഗിച്ചാല്‍ മാത്രം ശാസ്ത്രമാകില്ല. ഇതുപോലുള്ള തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കൂടുതല്‍ ആഴത്തില്‍ ശാസ്ത്രവസ്തുതകള്‍ മനസിലാക്കിയിരിക്കണം - പ്രത്യേകിച്ച് ആത്മീയതയുടെ പേരിലാണ് ഈ തട്ടിപ്പുകള്‍ ഏറെയും എന്നുള്ളപ്പോള്‍.”

  ഇതിനൊരു അടിയൊപ്പു്.

  ഉദാഹരണത്തിനു്, Paradox of Einstein, Podolsky, and Rosen (EPR Paradox) എന്തെന്നു് മനസ്സിലാക്കാന്‍ ക്വാണ്ടം ഫിസിക്സില്‍ അസാമാന്യമായ അറിവുണ്ടാവണം. ശാസ്ത്രം തന്നെ ബഹുമുഖവും അതിസങ്കീര്‍ണ്ണവുമായതിനാല്‍, ഈ വിഷയവുമായി ബന്ധപ്പെടുന്ന ശാസ്ത്രജ്ഞര്‍ക്കു് മാത്രമേ അതില്‍ പാണ്ഡിത്യമുണ്ടാവുകയുള്ളു. ഇത്തരം കാര്യങ്ങള്‍ തെറ്റായി interpret ചെയ്തു് ജനങ്ങളെ കബളിപ്പിക്കുന്ന “ലാടഗുരുക്കള്‍‍” അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവരെയല്ല സമീപിക്കുന്നതുതാനും. രോഗം മൂലമോ മറ്റോ ഗത്യന്തരമില്ലാതെ സഹായം തേടുന്ന പാവങ്ങളാണു് ഇവരുടെ ഇരകള്‍. അവരെ അതു് പറഞ്ഞു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വാഭാവികമായും ശത്രുക്കള്‍ എന്നപോലെ വീക്ഷിക്കപ്പെടുന്നു. അത്യാഹിതസമയത്തു് മനുഷ്യര്‍ തേടുന്നതു് ശാസ്ത്രജ്ഞാനം ശരിയോ തെറ്റോ എന്ന അപഗ്രഥനമാവില്ലല്ലോ. “മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്‍ മുള്ളിലും കയറിപ്പിടിക്കുമെങ്കില്‍” ശാസ്ത്രീയമായ അടിത്തറ അവകാശപ്പെടുന്ന രക്ഷാമാര്‍ഗ്ഗങ്ങളില്‍ മനുഷ്യന്‍ കൂടുതല്‍ ആശ്രയിക്കുന്നതില്‍ എന്തത്ഭുതം?

  വിവിധ ഫാക്കള്‍ട്ടികളില്‍ പാണ്ഡിത്യം ഇല്ലെങ്കിലും ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടാവേണ്ടതു് ഫലപ്രദമായ ചര്‍ച്ചകള്‍ക്കു് ആവശ്യമാണു്. പല ശാസ്ത്ര-ആത്മീയചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിക്കുന്നതു് ഇതിനോടകം പലവട്ടം നമുക്കു് കാണേണ്ടിവന്നതും മറ്റൊന്നുകൊണ്ടുമല്ല.

  മനുഷ്യരുടെ അജ്ഞത മുതലെടുത്തു് ജീവിക്കുന്നവര്‍ മാത്രമല്ല, കബളിപ്പിക്കല്‍ ഒരു കഴിവായി കാണുന്നവരും‍ ധാരാളമുണ്ടു്. വിഡ്ഢിത്തത്തെ ശിക്ഷിക്കുന്ന നിയമങ്ങള്‍ പോലുമുണ്ടു് ലോകത്തില്‍. മരിച്ചുപോയ ഭര്‍ത്താവുമായി സംസാരിക്കാന്‍ കഴിയും എന്ന വാഗ്ദാനനത്തില്‍ മയങ്ങി ഒരു നല്ല തുക കൊടുത്ത ഒരു സ്ത്രീ അവസാനം കളിപ്പിക്കല്‍ തിരിച്ചറിഞ്ഞു് കേസു് കൊടുത്തപ്പോള്‍ കോടതി അവരുടെ കേസ് തള്ളുകയായിരുന്നു. ഇക്കാലത്തും ഇത്തരം കഥകള്‍ വിശ്വസിക്കുന്നവര്‍ അതിന്റെ ഫലവും താങ്ങണം എന്ന രീതിയിലായിരുന്നു വിധി. (സംഭവം നടന്നതു് ജര്‍മ്മനിയില്‍)

  ഒരു പാഠപ്പുസ്തകത്തിലെ ഏതോ വാക്കുകളിലെ “നിരീശ്വരവാദത്തിന്റെ” പേരില്‍ പുസ്തകങ്ങള്‍ കത്തിക്കുന്ന ഒരു നാട്ടില്‍ വളരെയേറെ മനുഷ്യര്‍ ഇനിയും അതിലേറെ വര്‍ഷങ്ങള്‍ ആത്മീയലാടഗുരുക്കളെ തേടിക്കൊണ്ടിരിക്കും, സംശയമൊന്നുമില്ല.

  ReplyDelete
 10. “കമ്പനങ്ങള് എന്നൊക്കെയുള്ള വാക്കുകള് ശ്രദ്ധിച്ച് വേണം ശാസ്ത്രത്തില് ഉപയോഗിക്കാന് - എന്തു തരംഗത്തിന്റേതാണ് - ഇലക്ട്രോമാഗ്നെറ്റിക് വേവ് ആണൊ ശബ്ദതരംഗമാണോ - ഈ കമ്പനങ്ങള് എന്നുദ്ദേശിക്കുന്നത് എന്നൊക്കെ വിശദമാക്കേണ്ടതുണ്ട്.“

  ക്ഷമിക്കെണം, ബ്ലൊഗിങ്ങിൽ തുടക്കക്കാരൻ ആയതുക്കൊണ്ടു മനസ്സിൽ ഉദ്ദേശ്ശിക്കുന്നതു വാക്കുകളിൽ വരുന്നുണ്ടൊ എന്നു ശ്രദ്ധിക്കാൻ മറന്നു പൊയി. ‘ബാൻഡ് വിഡ്ത്‘ കൊണ്ട് ഞാൻ ഉദ്ധേശിച്ചത് സിഗ്നലിന്റെ കാര്യ സംഭരണ ശേഷിയെ 'Information Carrying/Encoding Capacity' ആണ്. അതിനുദ്ദാഹരണം ആയിട്ടാണ് “a picture (light) is equalent to 1000 words (sound)“ എന്നു പറഞതു. ഇലെക്റ്റ്റോമാഗ്നെറ്റിക് വേവ്സും ശബ്ദ തരംഗങ്ങളും തമ്മിലുള്ള കംബന (Vibration) രീതിയിലെ വ്യത്യാസങ്ങൾ (Transverse, Longitudinal Waves, Sound Requires Medium, etc..) അല്ല ഞാൻ കണക്കിലെടുത്തതു, മറിച്ചു അതിലെ 'Information Carrying/Encoding Capacity' മൊടുലേഷൻ തിയറി, Information Theory പ്രകാരം (AM, FM, VHF, UHF, etc..) മനസിൽ കണ്ടുക്കൊണ്ടായിരുന്നു. കുറച്ചും കൂടി സാധാരണമായി പറഞാൽ ഏതൊരു സിഗ്നലും അതിൽ അടങ്ങിയിട്ടുള്ള് വേർതിരിച്ചെടുക്കത്തക്കതായ ഫ്രീക്ക്വെസികളുള്ള (Amplitude/Phase change)സിഗ്നലുകളുടെ എണ്ണം അനുസരിച്ചു അതു എത്രതൊളം Information ഉൾക്കൊള്ളത്തക്കതാണെന്നു മനസ്സിലാക്കാം (Based on Information Theory, Modulation Technics, Fourier Spectrum, Frequency Domain Analysis, etc). അപ്പൊ സിഗ്നലിന്റെ വ്യതിയാനത്തിന്റെ തോതാണ് കാര്യ സംഭരണ ശേഷിക്ക് ആധാരം എന്നു കംമ്മ്യൂണിക്കേഷൻ തിയറി പ്രകാരം മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം: കണ്ണു കാണാത്ത് ഒരാൾക്കു നമ്മൾ ശബ്ദത്തിലൂടെ കാഴ്ച്ചയുടെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാ‍ൻ ശ്രമിക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി?.. അതു പ്രയോഗികമല്ല. അതിനു കാരണം ശബ്ദത്തിൽ ഉൾക്കൊള്ളിക്കാവുന്ന ആശയങ്ങളുടെ അളവു ചെറുതാണു എന്നതു തന്നെ.

  “ശാസ്ത്രീയമായി Detect ചെയ്യാന്‍ കഴിയാത്തത്ര ഉയര്‍ന്ന ഫ്രീക്വന്‍സി എന്നൊക്കെപ്പറയുമ്പോള്‍ എക്സ് റേ കിരണങ്ങള്‍ക്കും ഗാമാ കിരണങ്ങള്‍ക്കുമൊക്കെ അപ്പുറമുള്ള ഫ്രീക്വന്‍സിയാണോ ? ശരീരം അതു പുറപ്പെടുവിക്കണമെങ്കില്‍ എത്ര താപനിലയിലേക്ക് ഉയരണമെന്നൊക്കെ ഓര്‍ക്കുന്നത് നന്ന്.“

  “ശസ്ത്രീയമായി Detect ചെയ്യാന്‍ കഴിയാത്തത്ര ഉയര്‍ന്ന ഫ്രീക്വന്‍സി“ എന്നു ഞാ‍ൻ പറഞതിൽ മാപ്പു. പ്രകാശത്തിനും അപ്പുറ്ത്തുള്ള ഫ്രീക്വന്‍സി, ദ്രിശ്ടിഗോചരമല്ലത്ത, എന്നു അതു തിരുത്തി വായിക്കെണം എന്നു അപെക്ഷ.

  മനസ്സിൽ തൊന്നുന്ന, ഒന്നൊ രണ്ടോ നിമിഷത്തെ ചിന്തയുടെ ഫലമായ, ഒരു ആശയത്തെ ശബ്ദത്തിലൂടെയും ചിത്രങ്ങളിലൂടെയും വിനിമയം ചെയ്യാൻ ഒന്നൊ രണ്ടൊ നിമിഷം പോരല്ലൊ. അതുകൊണ്ടാണ് Instantaneous Communication എന്ന, (പുരാണ കാലഘട്ടത്തിൽ നിലനിന്നിരുന്നോ എന്നു സംശയം!), റ്റെലിപ്പ്തിയോടു താരതമ്മ്യം ചെയ്യത്തക്ക, ഒരു ആശയ വിനിമയ രീതിയെക്കുറിച്ചു ചിന്തിക്കാൻ കാരണം. മനസ്സു ഒരു സൂക്ഷ്മേന്ദ്രിയം ആയിട്ടാണ് ഭ്ഗവദ്ഗീതയിലും മറ്റും വായിച്ചിട്ടുള്ളതു. മനസ് പ്രവർത്തിക്കുന്നതു വലരെ വേഗത്തിൽ, മറ്റൊരർത്തതിൽ ഹൈ ഫ്രീക്ക്വെൻസിയിൽ (rate of change) (മൈക്രൊപ്രൊസസ്സറിലെ ക്ലൊക് ഫ്രീക്ക്വൻസി പോലെ), ആണല്ലൊ. ഇതും, നേരത്തെ പറഞ്ഞ(Information/Communication Theory)തും ആയി തട്ടിച്ചു ചിന്തിക്കുംബോൾ, മനസ്സിനകത്തുള്ള ആശയങ്ങളുടെ ബാൻഡ് വിഡ്ത് (Information Content) വളരെ വലുതല്ലെ എന്നു തൊന്നുന്നു, സൂക്ശ്മേന്ദ്രിയം (ദ്രഷ്ടിഗോചരമല്ലാത്തതു) എന്ന ആശയത്തോടു സാ‍മ്യം ഇല്ലെ എന്നും ഒരു തോന്നൽ.

  ReplyDelete
 11. ‘സൂക്ഷ്മ ഇന്ദ്രിയത്തിന്റെ അഗോചര സംവേദനം’ എന്ന താങ്കളുടെ വാദത്തിലെ അശാസ്ത്രീയത ഞാന്‍ ചൂണ്ടിക്കാണിച്ചത് താങ്കള്‍ക്ക് ബോധ്യമായില്ല എന്നു തോന്നുന്നു. അല്പം കൂടി വിശദമാക്കാം:

  “...ശസ്ത്രീയമായി Detect ചെയ്യാന്‍ കഴിയാത്തത്ര ഉയര്‍ന്ന ഫ്രീക്വന്‍സി“ എന്നു ഞാ‍ൻ പറഞതിൽ മാപ്പു. പ്രകാശത്തിനും അപ്പുറ്ത്തുള്ള ഫ്രീക്വന്‍സി, ദ്രിശ്ടിഗോചരമല്ലത്ത, എന്നു അതു തിരുത്തി വായിക്കെണം എന്നു അപെക്ഷ.


  "..മനസ് പ്രവർത്തിക്കുന്നതു വലരെ വേഗത്തിൽ, മറ്റൊരർത്തതിൽ ഹൈ ഫ്രീക്ക്വെൻസിയിൽ (rate of change) (മൈക്രൊപ്രൊസസ്സറിലെ ക്ലൊക് ഫ്രീക്ക്വൻസി പോലെ), ആണല്ലൊ. ഇതും, നേരത്തെ പറഞ്ഞ(Information/Communication Theory)തും ആയി തട്ടിച്ചു ചിന്തിക്കുംബോൾ, മനസ്സിനകത്തുള്ള ആശയങ്ങളുടെ ബാൻഡ് വിഡ്ത് (Information Content) വളരെ വലുതല്ലെ എന്നു തൊന്നുന്നു..


  ദൃഷ്ടിക്ക് ഗോചരമായ പ്രകാശം എന്നു പറഞ്ഞാല്‍ ഏതാണ്ട് 380നാനോമീറ്റര്‍ മുതല്‍ 740 നാനോ മീറ്റര്‍ വരെയുള്ള തരംഗദൈര്‍ഘ്യം കാണിക്കുന്ന വിദ്യുത്കാന്തികതരംഗം. എന്നുവച്ചാല്‍ അവയുടെ ഫ്രീക്വന്‍സി ഏതാ‍ണ്ട് 1000,000,000,000,000 ഹേട്സ്. ഒരു വസ്തുവില്‍ നിന്ന് ഈ ഫ്രീക്വന്‍സിയിലെ തരംഗങ്ങള്‍ ഉത്സര്‍ജ്ജിക്കണമെങ്കില്‍ ആ വസ്തു ഏതാണ്ട് 9000 ഡിഗ്രി സെത്സ്യസോളം ചൂടാവണം ! ദൃഷ്ടിഗോചരമായ പ്രകാശത്തിന്റെ കാര്യമിതാണെങ്കില്‍ ആ ഫ്രീക്വന്‍സിക്കുമപ്പുറത്തുള്ള ഒരു തരംഗം ഉത്സര്‍ജ്ജിക്കാന്‍ ആ വസ്തു എന്തുമാത്രം ചൂടാവണം എന്നോര്‍ത്തുനോക്കൂ.

  മനുഷ്യശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തില്‍ ഇതു സാധിക്കുമോ ?

  വെറുതേ സാമാന്യ ലോജിക്ക് വച്ചു ചിന്തിച്ചാല്‍ മതി - ഇന്‍ഫര്‍മേഷന്‍ തിയറിയും വേണ്ടാ ഫൂറിയര്‍ ട്രാന്‍സ്ഫോമും വേണ്ടാ.

  ആ ഒരു സിമ്പിള്‍ ലോജിക്കില്‍ തട്ടി തന്നെ ഈ വാദം പൊളിയുന്നില്ലേ ?

  പിന്നെ,
  മനസ് വളരെ ‘വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു’ എന്നു പറയുന്നതും ‘മനസിന്റെ ഫ്രീക്വന്‍സി വളരെ ഉയര്‍ന്നതാണ്’ എന്നു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. രണ്ടും ആനയും ആടും പോലെ വ്യത്യസ്ഥമായ കാര്യങ്ങള്‍ .

  ഡിറാക്കിന്റെ ഹോള്‍ തിയറിയില്‍ പരാമര്‍ശിക്കപ്പെടുന്ന 'പോസിറ്റീവ് എനര്‍ജി' എന്നാല്‍ എനര്‍ജിയുടെ 'മാത്തമാറ്റിക്കല്‍ പോസിറ്റീവ്' സ്റ്റേറ്റാണ് എന്നു മനസിലാക്കാതെ ചില ആത്മീയ ഗുരുക്കന്മാര് അതിനെ positive state of mood, positive state of human mind/spirit, എന്നൊക്കെ ഏച്ചു കെട്ടുമ്പോലെത്തന്നെ അസംബന്ധമാണ് മനസിന്റെ ‘ഫ്രീക്വന്‍സി’ എന്നൊക്കെ പറയുന്നതും.

  മനസിലെ ഇന്‍ഫമേഷന്‍ കണ്ടന്റ് കൂടുതലാണ് എന്നു പറഞ്ഞാല്‍ മനസിന്റെ ‘ബാന്‍ഡ് വിഡ്ത്’ കൂടുതലാണ് എന്ന് പറയുന്നത് ഇല്ലാത്ത ബന്ധങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കലാണ്. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ 32 വാല്യങ്ങള്‍ അടുക്കിവച്ചിട്ടുള്ള ഒരു ഷെല്ഫ് കണ്ടാല്‍, “ഹൊ എന്തൊരു ബാന്‍ഡ് വിഡ്ത് ഉള്ള ഷെല്ഫ് “ എന്ന് ആരെങ്കിലും പറയുമോ ?

  ബാന്‍ഡ് വിഡ്ത് , നാരോ ബാന്‍ഡ്, ബ്രോഡ് ബാന്‍ഡ് എന്നൊക്കെ പറയുന്നത് കിറുകൃത്യമായ നിര്‍വചനങ്ങളുള്ള ശാസ്ത്ര സംജ്ഞകളാണ്. അതിനെയെടുത്ത് ചുമ്മാ അതുമിതുമായി കൂട്ടിക്കെട്ടാന്‍ പറ്റില്ല :))


  മറ്റൊന്ന്,

  പുരാണകഥകളില്‍ ആളുകള്‍ പറക്കുന്നു എന്നതിനാല്‍ ഇവിടെ ഏയര്‍ക്രാഫ്റ്റുകള്‍ ഉണ്ടായിരുന്നു എന്നോ മാംസപിണ്ഡത്തെ മുറിച്ച് കുട്ടികളെ സൃഷ്ടിച്ചു എന്നു കണ്ടാല്‍ ഇവിടെ ക്ലോണിംഗ് ഉണ്ടായിരുന്നു എന്നോ പാശുപതാസ്ത്രം എന്നത് അറ്റോമിക് ബോംബ് ആയിരുന്നു എന്നോ ഒക്കെ വാദിക്കാന്‍ എളുപ്പമാണ് എബീ, എവിടെ തെളിവ് ?

  ഇത്രയും അഡ്വാന്‍സ്ഡ് ആയ ഒരു ജനതയാണ് ഇവിടെ ജീവിച്ചിരുന്നതെങ്കില്‍ അതിന്റെ ഒരു പൂടപോലും കാണാത്തതെന്തേ ? ഇത്രയും ലക്ഷക്കണക്കിനു ശ്ലോകങ്ങള്‍ ഛന്ദസും ശ്രുതിയുമിട്ട് പിന്‍ തലമുറയെ പഠിപ്പിച്ചിട്ടും അതിലൊരു വരിയില്‍ എന്തേ ഈ ടെക്നോളജി ഉണ്ടാക്കുന്നതിനെക്കുറിച്ച് അവര്‍ എഴുതിയില്ല?

  പുരാതന ജ്യോതിശാസ്ത്രം, കാലഗണനാ രീതികള്‍, ഗണിത പദ്ധതികള്‍, നഗര നിര്‍മ്മാണം, രോഗചികിത്സ (എന്തിന്, ഭരദ്വാജന്റെ മെര്‍ക്കുറി വിമാനം വരെ) എന്നിങ്ങനെ ലഭ്യമായ പ്രാചീന ഭാരതീയ ശാസ്ത്രരീതികളില്‍ തന്നെ നമുക്ക് അഭിമാനിക്കാന്‍ പോന്ന ഒരുപാട് സംഗതികള്‍ ഉണ്ട്. ഇല്ലാത്ത സംഗതികളെ പറ്റി വീമ്പുപറയുന്നതിനേക്കാള്‍ നല്ലത് ഉള്ള സംഗതികള്‍ - അവയുടെ പരിമിതികളില്‍ തന്നെ - appreciate ചെയ്യുന്നതല്ലേ നല്ലത് ?

  ReplyDelete
 12. Dr.Sooraj

  Seems you have flown in at last. Welcome to the United States. Please check out the email i've sent you.

  Take care.
  Jyothy.

  Mr. Abey,

  Pardon me if I am rude, but your arguments are too childish and absurd. You need to learn much much more about the theories and concepts you keep talking about. Then you will know to distinguish science and pseudo science. Are these your own ideas or did you get them from some where else ? Please do give links to peer reviewed articles that can substantiate your ideas.

  ReplyDelete
 13. “ദൃഷ്ടിക്ക് ഗോചരമായ പ്രകാശം എന്നു പറഞ്ഞാല്‍ ഏതാണ്ട് 380നാനോമീറ്റര്‍ മുതല്‍ 740 നാനോ മീറ്റര്‍ വരെയുള്ള തരംഗദൈര്‍ഘ്യം കാണിക്കുന്ന വിദ്യുത്കാന്തികതരംഗം. എന്നുവച്ചാല്‍ അവയുടെ ഫ്രീക്വന്‍സി ഏതാ‍ണ്ട് 1000,000,000,000,000 ഹേട്സ്. ഒരു വസ്തുവില്‍ നിന്ന് ഈ ഫ്രീക്വന്‍സിയിലെ തരംഗങ്ങള്‍ ഉത്സര്‍ജ്ജിക്കണമെങ്കില്‍ ആ വസ്തു ഏതാണ്ട് 9000 ഡിഗ്രി സെത്സ്യസോളം ചൂടാവണം ! ദൃഷ്ടിഗോചരമായ പ്രകാശത്തിന്റെ കാര്യമിതാണെങ്കില്‍ ആ ഫ്രീക്വന്‍സിക്കുമപ്പുറത്തുള്ള ഒരു തരംഗം ഉത്സര്‍ജ്ജിക്കാന്‍ ആ വസ്തു എന്തുമാത്രം ചൂടാവണം എന്നോര്‍ത്തുനോക്കൂ.“

  പ്രകാശം ഉത്സര്‍ജ്ജിക്കണമെങ്കില്‍ ഒരു വസ്തു 9000 ഡിഗ്രി സെത്സ്യസോളം ചൂടാവണോ? സെമികണ്ടെക്ടർ സങ്കേതിക വിദ്യ ഉപയോഗിചു നിർമിക്കുന്ന എൽ.ഇ.ഡി ബൾബുകൾ 9000 ഡിഗ്രി സെത്സ്യസോളം ചൂടാവുന്നുണ്ടൊ? മിന്നമിനുങ്ങുകളുടെ ശരീരത്തിൽ നിന്നും ഉത്സര്‍ജ്ജിക്കുന്ന ഊർജവും പ്രകാശമല്ല്ല്ലെ? ചില കടൽ ജീവികളിലും ആ പ്രതിഭാസം ഇല്ലെ?

  ഞാ‍ൻ ഒന്നും വാദിക്കുന്നില്ല, അങ്ങനെ ഉദ്ധേശിക്കുന്നില്ല, ക്ഷമ ചോദിക്കുന്നു, ഒരു വാദം ആയി അതിനെ കാണരുതു എന്നു അപേക്ഷിക്കുന്നു. എന്റെ അന്വേഷണത്തിനിടക്കു ഉണ്ടാകുന്ന ചിന്തകൾ ബ്ലൊഗിൽ സ്വതന്ത്രമായി അവതരിപ്പിച്ചു എന്നെ ഉള്ളു.

  സൈക്ലിക്, ആവ്രിതി/ഫ്രീക്ക്വൻസി എന്ന ഒരു പ്രൊപ്പർട്ടി, അല്ലെങ്കിൽ ഒരു സ്വഭാവം, അതു ചെറുതായിക്കൊട്ടെ വലുതായിക്കൊട്ടെ, പ്രപഞത്തിൽ ഉള്ള എല്ലാത്തിലും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടല്ലൊ അല്ലെ? അതിനെ വേവ് നേചർ എന്നു പറയാമൊ എന്നു എനിക്കറിയില്ല.

  ഞാ‍ൻ അന്വേഷണത്തിന്റെ ആദ്യ പടിയിൽ ഉള്ള ഒരുവൻ മാത്രമാണ്.

  ഫ്രീക്ക്വെൻസി എന്നതു ഇലക്ട്രൊമാഗ്നെറ്റിക്ക് റേഡിയേഷൻ ആയി മാത്രം ബന്ധ്പെട്ട ഒരു കാര്യം അല്ലല്ലൊ. ഊർജത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ പെടുന്നതല്ലെ?. വസ്തുവും/പദാർഥവും ഊർജവും രണ്ടല്ലല്ലൊ.

  അപ്പൊ മനസ്സ് എന്നതിനെ - “മനസ് എന്നത് മസ്തിഷ്കം ഇന്ദ്രിയങ്ങളിലൂടെ പരിസരവുമായി ഇടപെടുമ്പോള്‍ ഉണ്ടായിവരുന്ന ഒരു തികച്ചും ഭൌതികമായ പ്രതിഭാസമാണ്“ - വ്യാഖ്യാനിച്ചതു ശാസ്ത്രീയമായിട്ടാണൊ?.. അതു ഒരു വസ്തു അല്ല എന്ന് തെളിയിച്ചിറ്റുണ്ടല്ലൊ അല്ലെ?.. പിന്നെ അതിനെ “ഉണ്ടായിവരുന്ന ഒരു തികച്ചും ഭൌതികമായ പ്രതിഭാസമാണ്“ എന്നു പറയാൻ കാരണം?.

  ReplyDelete
 14. @ ജ്യോതിര്ഗമയ:

  ഞാ‍ൻ എഴുതിയതു, വായിച്ചും, കണ്ടും, കേട്ടും ഉള്ള അറിവിൽ നിന്നു ഉദിച്ച, ചിന്തകൾ മാത്രം ആ‍ണ്. അത് പൂർണമായും യുക്തിയെ മാത്രം അടിഥാനപെടുത്തി അല്ല, ഭൂരിഭാഗവും ചില മതപരമായ, സമൂഹത്തിൽ വളർന്നതിന്റെ ഫലമായി ഉണ്ടായ വിശ്വാസങ്ങളുടെയും അടിസ്ഥനത്തിൽ ആണ്. അങ്ങനെ ഉണ്ടായ വിശ്വസങ്ങളുടെ യുക്തിപരമായ അടിത്തറയാണ് ഞാൻ അന്വേഷിക്കുന്നതു.

  ReplyDelete
 15. പ്രിയ എബീ,

  "പ്രകാശം ഉത്സര്‍ജ്ജിക്കണമെങ്കില്‍ ഒരു വസ്തു 9000 ഡിഗ്രി സെത്സ്യസോളം ചൂടാവണോ? സെമികണ്ടെക്ടർ സങ്കേതിക വിദ്യ ഉപയോഗിചു നിർമിക്കുന്ന എൽ.ഇ.ഡി ബൾബുകൾ 9000 ഡിഗ്രി സെത്സ്യസോളം ചൂടാവുന്നുണ്ടൊ? മിന്നമിനുങ്ങുകളുടെ ശരീരത്തിൽ നിന്നും ഉത്സര്‍ജ്ജിക്കുന്ന ഊർജവും പ്രകാശമല്ല്ല്ലെ? ചില കടൽ ജീവികളിലും ആ പ്രതിഭാസം ഇല്ലെ?"

  പ്രകാശോത്സര്‍ജ്ജനത്തിന്റെ അതിസാധാരണമായ - താപോര്‍ജ്ജം ഉപയോഗിച്ചുള്ള - ഒരു ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടിയെന്നേ ഉള്ളൂ.

  ശരി,
  മിന്നാമിന്നിയിലേയും ചില ബാക്ടീരിയകളിലേയുമൊക്കെ Bioluminescence-ഉം, അയിരുകളിലെയും മറ്റും Fluorescence-ഉം, അര്‍ദ്ധചാലകങ്ങളാല്‍ ഉണ്ടാക്കാവുന്ന Electroluminescence-ഉം പോലുള്ള താപേതര രീതികളെയും താങ്കളുടെ വാദപ്രകാരം ഇന്ദ്രിയാതീത സംവേദന മാര്‍ഗങ്ങളായി വെറുതേ ഒന്നു സങ്കല്‍പ്പിച്ചു നോക്കാം:

  ബയോലൂമിനസന്‍സിന്റെ അടിസ്ഥാനം അതിവിപുലമായ ഒരു കെമിക്കല്‍ (ലൂസിഫെറേസ് പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ) പ്രതിപ്രവര്‍ത്തനമാണ്. താങ്കള്‍ പറയുമ്പോലെ അതീന്ദ്രീയ സംവേദനത്തിനു സഹായിക്കാന്‍ അതിനു സമാനമായതോ വിസിബിള്‍ സ്പെക്ട്രത്തിലും ഉയര്‍ന്ന ആവൃത്തിയുള്ള റേഡിയേഷനുകള്‍ ഉണ്ടാക്കാനോ കെല്‍പ്പുള്ള എന്തെങ്കിലും മനുഷ്യമസ്തിഷ്കത്തില്‍ ഉണ്ടോ ?

  ഡയോഡുകളുപയോഗിച്ചുള്ള എല്‍.ഇ.ഡി കളില്‍ എന്താണ് സംഭവിക്കുന്നത് ? ഡോപ്പ് ചെയ്യപ്പെട്ട മൂലകങ്ങള്‍ കൊണ്ട് കൃത്രിമമായി ആദ്യം അര്‍ദ്ധചാലകം നിര്‍മ്മിക്കണം. അവയില്‍ ഇലക്ട്രോണുകള്‍ എന്‍-പി മതില്‍ കടക്കും വിധം സെറ്റപ്പുണ്ടാക്കണം. ആ എനര്‍ജി സ്റ്റേറ്റ് വ്യതിയാനത്തിന്റെ ബാക്കി പത്രമാണ് ഉത്സര്‍ജ്ജിക്കപ്പെടുന്ന ഊര്‍ജ്ജം - അഥവാ ഫോട്ടോണ്‍ . ഈ സെറ്റപ്പോ അതിനു സമാനമായ ഒരു പ്രകൃതി പ്രതിഭാസമോ മനുഷ്യശരീരത്തില്‍ ഉണ്ടോ ? ഉണ്ടാകാനുള്ള സാധ്യതയെങ്കിലുമുണ്ടോ ?


  ഇനി ഒരു വാദത്തിനുവേണ്ടി മെല്‍പ്പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും "cold light emission" അപ്പാരറ്റസുകളേതെങ്കിലും മനുഷ്യശരീരത്തില്‍ ഉണ്ടെന്നുതന്നെയിരിക്കട്ടെ, അങ്ങനെ ഉത്സര്‍ജ്ജിക്കപ്പെടുന്ന ഊര്‍ജ്ജം താങ്കള്‍ പറയുമ്പോലെ ദൃഷ്ടിഗോചരമല്ലാത്തതാണെന്നും കരുതുക, എങ്കില്‍ അവ റിസീവ് ചെയ്യാനുള്ള റിസെപ്റ്ററുകള്‍ എവിടേ ?

  വിസിബിള്‍ സ്പെക്ട്രത്തിലെ ഫോട്ടോണുകളെ തിരിച്ചറിയാന്‍ തന്നെ നമുക്ക് റെറ്റിന പോലെ വിപുലമായ ഒരു നാഡീവ്യൂഹമുണ്ട്. അതിനു തലച്ചോറില്‍ നീക്കിവച്ചിരിക്കുന്ന സ്ഥലമാകട്ടെ വളരെ വലുതും. താങ്കള്‍ പറയുമ്പോലുള്ള ഒരു അതീന്ദ്രിയ സംവേദനം വിസിബിള്‍ തരംഗങ്ങളുടെ ഫ്രീക്വന്‍സിക്കുമപ്പുറമുള്ള തരംഗങ്ങള്‍ വഴിയായി നടക്കുന്നുണ്ടെങ്കില്‍ അത് പരിണാമവഴിയില്‍ തീര്‍ച്ചയായും നഷ്ടപ്പെടുകയല്ല, പരിപോഷിതമാകുകയേ ഉള്ളൂ. എന്നിട്ട് അങ്ങനൊരു റിസീവര്‍ മനുഷ്യശരീരത്തില്‍ എവിടെ ? ചുരുങ്ങിയത് ഈ പ്രക്രിയയ്ക്കായി നീക്കിവയ്ക്കപ്പെട്ട നാഡീവ്യൂഹമെങ്കിലും കാണേണ്ടതല്ലേ മസ്തിഷ്കത്തിലോ അനുബന്ധ അവയവങ്ങളിലോ ?

  ചുരുക്കത്തില്‍:

  ക്ലെയര്‍വോയന്‍സും ടെലിപ്പതിയും ഇതുവരെയുള്ള ശാസ്ത്ര പരീക്ഷണങ്ങളിലെല്ലാം തട്ടിപ്പാണെന്നേ കണ്ടിട്ടുള്ളൂ. ഏറ്റവും ചുരുങ്ങിയത് യുക്തിസഹമായ സാധ്യതകളുടെ ഒരു തിയറി പോലുമില്ല അത്തരം പ്രതിഭാസങ്ങള്‍ക്ക്. എന്നിട്ടും നമ്മള്‍ ഡോ:സെന്റ്ക്ലെയറിനേപ്പോലുള്ള തട്ടിപ്പ് ശാസ്ത്രജ്ഞന്മാരുടെ ‘സ്പിരിച്വല്‍ നേത്ര’ങ്ങളില്‍ ചെന്ന് ഈയാമ്പാറ്റകളെപ്പോലെ വീഴുന്നു !

  പിന്നെ,
  മസ്തിഷ്കരാസപ്രക്രിയകള്‍ മാത്രമല്ല സൈക്ലിക്കലായ വേറെയും ഒരുപാട് പ്രാകൃതിക പ്രതിഭാസങ്ങളുണ്ട്. അവയ്ക്കും ഫ്രീക്വന്‍സിയും ഫേസും ഒക്കെ കല്പിച്ചുനല്‍കാം തെറ്റില്ല, എന്നാല്‍ ആ ഫ്രീക്വന്‍സിയും ഇന്‍ഫര്‍മേഷന്‍ സംവേദനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് തരംഗ(ഇതു തന്നെ ഊര്‍ജ്ജവും)ങ്ങളുടെ ഫ്രീക്വന്‍സിയും ഒരുപോലെയാണെന്ന് ചേര്‍ത്തുകെട്ടരുത്.

  കാരണം നമ്മള്‍ സംസാരിക്കുന്നത് ‘അതീന്ദ്രിയ സംവേദനത്തിനു’ സഹായിക്കുന്ന/സാധ്യതയുള്ള ഊര്‍ജ്ജത്തെക്കുറിച്ചാണ് എന്നു മറക്കരുതേ. ആ ഫ്രീക്വന്‍സി വേറെ ഈ ഫ്രീക്വന്‍സി വേറെ. അതേ ഞാന്‍ പറഞ്ഞുള്ളൂ. :)

  പി.എസ്:

  നമ്മള്‍ രണ്ടുപേരും അറിയാവുന്ന കാര്യങ്ങള്‍ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു. അതില്‍ മുഷിച്ചില്‍ തോന്നേണ്ട കാര്യമില്ലല്ലൊ. അതുകൊണ്ട് വാദിക്കുന്നതില്‍ ഒരു പരിഭവവുമില്ല കേട്ടോ. ഡോണ്ട് വെറി. :)

  ReplyDelete
 16. “……എന്നിട്ടും നമ്മള് ഡോ:സെന്റ്ക്ലെയറിനേപ്പോലുള്ള തട്ടിപ്പ് ശാസ്ത്രജ്ഞന്മാരുടെ ‘സ്പിരിച്വല് നേത്ര’ങ്ങളില് ചെന്ന് ഈയാമ്പാറ്റകളെപ്പോലെ വീഴുന്നു !“

  ഡോ:സെന്റ്ക്ലെയറി ന്റെ കണ്ടു പിടുത്തങ്ങളിൽ യാഥാർത്ത്യം എത്രത്തോളം ഉണ്ടെന്നു എനിക്കറിയില്ല. പക്ഷെ അതിലെ ചില ആശയങ്ങൾക്കു ഇൻഡ്യൻ ചിന്തകളുമായി സാമ്യം ഉള്ളതുകൊണ്ടും അതിൽ പറഞ്ഞ കാര്യങ്ങളോടു കൌതുകം തൊന്നിയതു കൊണ്ടും ആണു അതു എന്നെ ആകർഷിച്ചതു (ഈയാമ്പാറ്റകളെപ്പോലെ തന്നെ! :) പക്ഷെ വീണിട്ടില്ല!!). അദ്ദേഹത്തിന്റെ വേറേയും കണ്ടുപിടിത്തങ്ങൾ ഈ ലിങ്കിൽ (http://www.rexresearch.com/stclair/stclair.htm) ഉണ്ടു, അതിലെ Full Body Teleportation System (http://www.rexresearch.com/stclair/060071.htm) ഉം Walking Through Walls Training System (http://www.rexresearch.com/stclair/060014.htm) ഉം, ഇൻഡ്യൻ ചിന്തകൾ (യോഗയിലെ ചക്രങ്ങൾ, പ്രാണായാമം, എന്നിവ..) അടങ്ങിയിട്ടുള്ളതും വളരെ കൌതുകം ഉണർത്തുന്നതും ആയി എനിക്കു തൊന്നി. അതിലെ (Full Body Teleportation System) ചിലതു ഞാൻ ഇവിടെ ചേർക്കുന്നു –

  1. The explanation involves knowledge of a wide range of subjects such as gravitation physics, hyperspace physics, wormhole electromagnetic theory and experimentation, quantum physics, and the nature of the human energy field

  മറ്റൊരിടത്തു ഇങ്ങനെ,

  2. “The answer comes from experiments done using the ancient Chinese form of breathing known as Chi Kung. Using this breathing technique, we have been able to levitate the human body over six feet in the air. The internal temperature of the stomach is around 200 degrees Fahrenheit. By simultaneously squeezing the diaphragm to bring hot air up through the lungs, and breathing through the nose to bring cold air down, rotating vortices are generated in the lung passages when these two air masses meet and twist around each other as depicted in the famous Yin-Yang diagram. Because the lung has variable diameter passages from the large diameter at the throat to the final small air sacs, there is a spectrum of rotating frequencies.“

  ഇതിൽ പൊയിന്റ് ഒന്നിൽ പറഞ്ഞ “wide range of subjects such as gravitation physics, hyperspace physics, wormhole electromagnetic theory and experimentation, quantum physics“ കാര്യങ്ങളെ കുറിചു ഒരു ശാസ്ത്രഞ്ജന്റെ അത്രക്കു അറിവു ഇല്ലാത്തതു കൊണ്ടു മൂപ്പരു പറഞ്ഞതു വായിച്ചു രസിച്ചു എന്നല്ലാതെ “Analysis” നടത്താൻ എനിക്ക് സാധിക്കില്ല.
  “…..എന്നിട്ട് അങ്ങനൊരു റിസീവര് മനുഷ്യശരീരത്തില് എവിടെ ? ചുരുങ്ങിയത് ഈ പ്രക്രിയയ്ക്കായി നീക്കിവയ്ക്കപ്പെട്ട നാഡീവ്യൂഹമെങ്കിലും കാണേണ്ടതല്ലേ മസ്തിഷ്കത്തിലോ അനുബന്ധ അവയവങ്ങളിലോ ?“

  ശരീരത്തിലെ മുഴുവൻ പ്രതിഭാസങ്ങളെയും നിരീക്ഷണ വിധേയമക്കാനും, വിശദ്ദീകരണം നൽകാനും വെണ്ടി ഇനിയും കുറേ കണ്ടുപിടുത്തങ്ങൾ വേണ്ടിവരുമല്ലോ അല്ലെ?..

  മനസ്സു എന്ന താങ്കൾ മുൻപു സൂചിപ്പിച്ച “..മസ്തിഷ്കം ഇന്ദ്രിയങ്ങളിലൂടെ പരിസരവുമായി ഇടപെടുമ്പോള് ഉണ്ടായിവരുന്ന ഒരു തികച്ചും ഭൌതികമായ പ്രതിഭാസ..“ തിനെകുറിച്ചു ഒന്നു വിശദ്ദീകരിക്കാമൊ?

  കമ്പ്യൂട്ടർ സൊഫ്റ്റവേർ പോലത്തെ എന്തെങ്കിലും ആയി “മനസ്സി“ നെ താരതമ്മ്യം ചെയ്യാൻ സാധിക്കുമൊ?

  ReplyDelete
 17. 1. “The explanation involves knowledge of a wide range of subjects such as gravitation physics, hyperspace physics, wormhole electromagnetic theory and experimentation, quantum physics, and the nature of the human energy field“

  ഈ വകയായ ജാര്‍ഗണുകള്‍ ലാവിഷായി നിരത്തുന്നത് ഇമ്മാതിരി ‘പന്നിമലര്‍ത്ത്’ തിയറികളുടെ സ്ഥിരം പരിപാടിയാണ്. അതു മനസിലാവാന്‍ കുറേ സ്യൂഡോ സയന്‍സ് തിയറികള്‍ കണ്ടു കണ്ടു ശീലമാവേണ്ടതുണ്ട്. പിന്നെ തരികിട റിസേര്‍ച്ച് പേപ്പറുകളും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റണം. മുകളില്‍ ഒരു കമന്റില്‍ ബാബു മാഷ് പറഞ്ഞപോലെ അതിന് സാമാന്യം ആഴത്തില്‍ ടെക്നിക്കല്‍ ആയുള്ള ശാസ്ത്ര ട്രെയിനിംഗ് ആവശ്യമാണ്.

  ഞാന്‍ മുകളില്‍ നല്‍കിയ ഒരു ലിങ്കിലെ A PRIMARY QUANTUM MODEL OF TELEPATHY
  എന്ന പേപ്പര്‍ ഈ തരികിടയ്ക്ക് ഉത്തമോദാഹരണമാണ്.അതിലെ ഗണിതവും വെടിക്കെട്ടുമൊക്കെ കണ്ടാല്‍ അതെന്തോ വലിയ സാധുതയുള്ള തിയറിയാണെന്ന് പോപ്പുലര്‍ സയന്‍സ് ധാരണകള്‍ മാത്രമുള്ള ഒരാള്‍ക്ക് തോന്നാം. എന്നാല്‍ അതു തട്ടിപ്പുതിയറിയാണെന്ന് അറിയാന്‍ കുറച്ചു മെനക്കെടണം :)

  സെന്റ് ക്ലെയര്‍ സമര്‍പ്പിച്ച പേറ്റന്റ് അപേക്ഷയും താങ്കള്‍ തന്ന പുതിയ ലിങ്കുകളിലെ വിവരങ്ങളുമൊക്കെ അതുപോലെതന്നെ.

  (ചുമ്മാതാണോ ഇമ്മാതിരിയുള്ള തരികിടകള്‍ നേയ്ചര്‍ പോലെ ശക്തമായ ഫില്‍റ്ററിംഗ് സംവിധാനമുള്ള ശാസ്ത്രജേണലുകളില്‍ അടുപ്പിക്കാത്തത് ! )

  2. “The answer comes from experiments done using the ancient Chinese form of breathing known as Chi Kung...
  Using this breathing technique, we have been able to levitate the human body over six feet in the air.

  ഇത് കുറച്ച് കടന്നു പോയി. ആറടി പൊയിട്ട് അരയിഞ്ച് ആരെങ്കിലും അങ്ങനെ ‘ലെവിറ്റേറ്റ്’ ചെയ്യാമായിരുന്നെങ്കില്‍ ? ഹൊ!


  The internal temperature of the stomach is around 200 degrees Fahrenheit.

  93.33 ഡിഗ്രി സെത്സ്യസ് ചൂടാണ് ഈ പറയുന്ന 200 ഡിഗ്രി ഫാ. !!

  മനുഷ്യന്റെ വയറ്റില്‍ 93ഡിഗ്രി സെത്ഷ്യസ് ചൂടോ ???

  അവിഞ്ഞ് വെന്ത് പോകുമല്ലോ മാഷേ ?!!

  By simultaneously squeezing the diaphragm to bring hot air up through the lungs, and breathing through the nose to bring cold air down, rotating vortices are generated in the lung passages when these two air masses meet and twist around each other as depicted in the famous Yin-Yang diagram. Because the lung has variable diameter passages from the large diameter at the throat to the final small air sacs, there is a spectrum of rotating frequencies.“

  ഇതാണ് ഞാന്‍ പറഞ്ഞ ‘പന്നിമലര്‍ത്ത്’theoryയുടെ ഒന്നാം ക്ലാസ് ലക്ഷണം. എന്തെങ്കിലും മനസിലായോ ?
  മനസിലാവരുത് എന്നു കരുതിത്തന്നെ എഴുതിയതാണ്. കാരണം ഈ പറയുന്ന മാതിരി വായുവിനെ ഇട്ട് വട്ടം ചുഴറ്റലൊന്നും നമ്മുടെ ശ്വാസകോശത്തില്‍ നടപ്പുള്ള കാര്യമല്ല.

  എഴുതിവച്ചിരിക്കുന്നത് കണ്ടാല്‍ തോന്നും വയറ്റിനുള്ളില്‍ അങ്ങേര്‍ ഉണ്ടെന്നു പറയുന്ന 200 ഡിഗ്രി ഫാരെന്‍ ഹീറ്റ് ചൂട് ഡയഫ്രം കൊണ്ട് ഉയര്‍ത്തി ശ്വാസകോശത്തില്‍ കൊണ്ടുവരാമെന്ന്.. എവിടുന്നു കിട്ടിയതാണോ എന്തോ ഈ അനാട്ടമിയും ഫിസിയോളജിയും.. (ഇനിയും ഒരു 5 കൊല്ല്ലം മെഡിക്കല്‍ കോളെജില്‍ പോയിരിക്കേണ്ടിവരുമോ നമ്മക്ക് ? തള്ളേ..!!)

  ഇത് വെറും ഫ്രോഡല്ല, ഗജഫ്രാഡാണ് എബീ.
  ഭാരതീയ പൈതൃക ഭാവനകളായ മൂലാധാരവും ഇഡയും പിംഗലയും മണിപൂരകവുമൊക്കെ എന്താണെന്നോ ശരീരത്തില്‍ അവ എവിടെയാണെന്നോ ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞിട്ട് വേണമല്ലോ അതുകളുടെ പ്രവര്‍ത്തനത്തെ പറ്റി ഒരു തിയറിയുണ്ടാക്കാന്‍ :))

  (എന്നുവച്ച് അതിലൊന്നും വിശ്വസിക്കരുത് എന്ന് ഞാന്‍ പറയില്ല. പക്ഷേ ശാസ്ത്രവുമായി അതിനെ കൂട്ടിക്കെട്ടി ഇല്ലാവ്യാഖ്യാനങ്ങള്‍ ഉണ്ടാക്കരുത്. ഉണ്ടാക്കുകയാണെങ്കില്‍ അത് വസ്തുതാപരമായെങ്കിലും കൃത്യമാവണം. സെന്റ് ക്ലെയര്‍ പറയുമ്പോലെ വയറ്റില്‍ ‘93 ഡിഗ്രി ചൂട് ഉണ്ട് എന്നൊന്നുമാവരുത് :)


  “…..ശരീരത്തിലെ മുഴുവൻ പ്രതിഭാസങ്ങളെയും നിരീക്ഷണ വിധേയമക്കാനും, വിശദ്ദീകരണം നൽകാനും വെണ്ടി ഇനിയും കുറേ കണ്ടുപിടുത്തങ്ങൾ വേണ്ടിവരുമല്ലോ അല്ലെ?...”

  തീര്‍ച്ചയായും. എന്നുവച്ച് ജന്തുശരീരത്തിന്റെ അനാട്ടമിയുടെയും രസക്കൂട്ടിന്റെയും പരിമിതികള്‍ക്കുള്ളിലുള്ള അവയവങ്ങളും കോശ/കലകളുമേ നാം കണ്ടെത്താന്‍ പ്രതീക്ഷിക്കുന്നുമുള്ളൂ. എന്നുവച്ചാല്‍ സുപ്രാലൂമിനല്‍ ഫ്രീക്വന്‍സിയിലുള്ള വിദ്യുത് കാന്തിക തരംഗപ്രസരണവും സ്വീകരണവും നടത്തുന്ന ഒരു അവയവം ഒരു സുപ്രഭാതത്തില്‍ കണ്ടെത്തുമെന്നതിന് സാധ്യത ഏതാണ്ട് പൂജ്യത്തോടടുത്ത് ആണ് എന്നര്‍ത്ഥം. മ്യൂട്ടേഷന്‍ വന്ന് ആന പറന്നു തുടങ്ങുമെന്ന് പറയുമ്പോലെ തന്നെ അതിന്റെ സംഭാവ്യതയും:)


  മനസ്സു എന്ന താങ്കൾ മുൻപു സൂചിപ്പിച്ച “..മസ്തിഷ്കം ഇന്ദ്രിയങ്ങളിലൂടെ പരിസരവുമായി ഇടപെടുമ്പോള് ഉണ്ടായിവരുന്ന ഒരു തികച്ചും ഭൌതികമായ പ്രതിഭാസ..“ തിനെകുറിച്ചു ഒന്നു വിശദ്ദീകരിക്കാമൊ?

  എന്നുവച്ചാല്‍ ആറാം ക്ലാസ് മുതല്‍ പഠിച്ചും വായിച്ചും അറിഞ്ഞ ന്യൂറോളജി മുഴുവന്‍ പറഞ്ഞുതരണമെന്നാണോ ???

  മാഷേ... പ്ലീസ്... ;))

  അതു സ്വയം നടത്തേണ്ട ഒരന്വേഷണമാണ്.കാരണം ആ വീക്ഷണം ഒരു എമര്‍ജന്റ് വീക്ഷണമാണ്. ഏതെങ്കിലും ഒരു പ്രതിഭാസം മാത്രമായെടുത്ത് നോക്കുമ്പോ കിട്ടുന്ന ഒന്നല്ല, മസ്തിഷ്കത്തെയും സൈക്കോഫാര്‍മക്കോളജിയിലെ തത്വങ്ങളും മോളിക്യുലാര്‍ നിലവാരത്തിലെ അറിവുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വീക്ഷണമാണ് അത്.

  സൌകര്യം കിട്ടുമ്പോള്‍ അതിനെ കുറിച്ച് ‘മെഡിസിന്‍ @ ബൂലോക’ത്തില്‍ പോസ്റ്റുകളിടാം എന്നുമാത്രമേ പറയാനാവൂ.
  അന്വേഷണത്തിന് എബി സന്നദ്ധനും തല്‍പ്പരനുമാണെന്നതിനാല്‍ സഹായിക്കാനാവുമെന്ന് ഞാന്‍ കരുതുന്ന മൂന്നു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാം:

  1. Brainscapes ഉം Modular Brain ഉം . Richard Restak-ന്റെ രണ്ട് പുസ്തകങ്ങള്‍. Modular Brain ഒരു പുതിയ മസ്തിഷ്കശാസ്ത്ര വീക്ഷണമാണ് മൂപ്പര്‍ പരിചയപ്പെടുത്തുന്നത്. ഇന്ന് ഏതാണ്ട് ഉറച്ച ഒരു വീക്ഷണം.

  2. The Astonishing Hypothesis by Francis Crick (സ്കൂ‍ള്‍ കാ‍ലം മുതല്‍ ത്രില്ലടിപ്പിക്കുന്ന ഇന്നും അല്‍ഭുതപ്പെടുത്തുന്ന പുസ്തകം)

  3. How thw Mind Works. ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ Steven Pinker-ഉടെ കിടിലം വര്‍ക്ക്. അവസാനം വായിക്കുന്നതാണ് തുടക്കക്കാര്‍ക്ക് നല്ലത് എന്നെനിക്ക് തോന്നുന്നു.

  “..കമ്പ്യൂട്ടർ സൊഫ്റ്റവേർ പോലത്തെ എന്തെങ്കിലും ആയി “മനസ്സി“ നെ താരതമ്മ്യം ചെയ്യാൻ സാധിക്കുമൊ?“

  ഒറ്റവാക്കില്‍ ഒരുത്തരം പറയാനാവില്ല. ഉണ്ട് എന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ തോന്നും. എന്നാല്‍ പറ്റില്ല എന്ന് പെന്‍ റോസിനെപ്പോലുള്ളവരുടെ വര്‍ക്കുകള്‍ കാണുമ്പോള്‍ തോന്നും - വിശേഷിച്ച് ഗോദലിന്റെ തിയറമൊക്കെ ഉപയോഗിച്ച് മൂപ്പര്‍ തന്റെ വാദം ന്യായീകരിക്കുമ്പോള്‍ .

  ഈ വിഷയം പറയാനാണെങ്കില്‍ ഒത്തിരി വിശദീകരിക്കാനുണ്ട്. സൌകര്യം പോലെ പോസ്റ്റിടാം. തല്‍ക്കാലം വായിക്കാന്‍ ഞാന്‍ എന്റെ ആംഗലേയ ബ്ലോഗിലിട്ട ഒരു ആര്‍ട്ടിക്കിള്‍ ഇതാ. വ്യാഖ്യാനിച്ചപ്പോള്‍ വന്ന തെറ്റുകള്‍ കാണാം, എങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്ന് തോന്നുന്നു :)

  ReplyDelete
 18. വളരെ നന്ദി ഡോ. സൂരജ്.

  ഇതു പോലെ, ആത്മാവിനെ കുറിചും പുരാണങ്ങളിൽ/ഉപനിഷത്തുകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പറയാമൊ?

  ReplyDelete
 19. Dr. Sooraj, and Abey... thanks for your inputs here. Very interesting to read.

  Vanakkam to both of you!!

  ReplyDelete
 20. പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ// ഒന്നിലധികം അസ്തിത്വങ്ങൾ ഉണ്ടാകുമ്പോൾ ആണല്ലോ വൈവിധ്യം ഉണ്ടാകുന്നത്. അപ്പോൾ തീർച്ചയായും ഇവയെ വേർതിരിക്കുന്ന ഭൗതികമായ അതിർവരമ്പുകൾ വേണം. അപ്പോൾ എല്ലാം ബ്രഹ്മം എന്ന അവസ്ഥ അംഗീകരിച്ചാലും(ഇല്ലെങ്കിലും) മറ്റു വൈവിധ്യങ്ങളെ വിശദീകരിക്കാൻ നമുക്ക് വ്യത്യസ്ത അവസ്ഥകളെയോ തലങ്ങളെയോ സ്വീകരിച്ചേ മതിയാകൂ. അല്ലെങ്കിൽ ആത്മാവ് ശരീരം എന്നൊന്നും നമുക്കെ വെവ്വേറെ സൂചിപ്പിക്കാൻ സാധിക്കില്ല. എല്ലാം ഒന്നായിപ്പോകും

  ReplyDelete
 21. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)