ഇപ്പോള്‍ കമ്മ്യൂണിസ്റ്റാശയം പ്രചരിപ്പിക്കുന്നു എന്ന് വിവാദമായ 7-ആം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തെക്കുറിച്ച് റഫീക് കീഴാറ്റൂരിന്റെ പോസ്റ്റ്: മതമില്ലാത്ത ജീവന്‍
പ്രസ്തുത പോസ്റ്റില്‍ ഇട്ട കമന്റ്:
പ്രിയ റഫീക്, മെയിലിനു നന്ദി.
ഈ പാഠഭാഗം ഒരു നിരീശ്വരനായ എന്നെ തുള്ളിച്ചാടിച്ചു എന്ന് സസന്തോഷം പറയട്ടെ.യുക്തിവാദാശയങ്ങളോട് ചായ്‌വുണ്ടായിരുന്ന സ്കൂള്‍കാലത്ത് അതുമൂലം ഒരുപാട് തിക്താനുഭവങ്ങളും ബന്ധുക്കള്‍/അധ്യാപകരില്‍ നിന്നുള്ള ചൊറികളും കിട്ടിയിട്ടുളതിനാല്‍ ഈ പാഠഭാഗത്തെ ഞാന്‍ കാലത്തിന്റെ കാവ്യനീതിയായി കാണുന്നു.
എന്നിരിക്കിലും, എനിക്കു ചില എതിരഭിപ്രായങ്ങളുണ്ട്. അതീ ആശയത്തോടല്ല, മറിച്ച് അതിനെ മുന്നോട്ടുവയ്ക്കുന്ന അപക്വമായ രീതിയോടാണ്.
എന്റെ ഒന്നാമത്തെ എതിര്‍പ്പ് ഈ ഗഹനാശയം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വാംശീകരിക്കാന്‍ എഴാം ക്ലാസ്കാരനായ 12 വയസ്സ് കുട്ടിക്ക് പറ്റുമോ എന്നതിലാണ്. ജാതിയെ ഒരു സ്വത്വപ്രശ്നമായും ഇന്ത്യയിലെ economic class division-മായുമൊക്കെ ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോഴേ ജാതിവിവേചനത്തെയും ജാതിരഹിത സമൂഹമെന്ന വിശാലകാഴ്ചപ്പാടിനേയുമൊക്കെ ഒരുവനു മനസിലാക്കാനാവൂ എന്നാണ് എനിക്കു തോന്നുന്നത്. ഇത് എഴാം തരത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്നതില്‍ സംശയമുണ്ട്.
മാനവികാശയങ്ങള്‍ പകരുക എന്ന പാഠത്തിന്റെ സദുദ്ദേശ്യത്തെ ഒരു രീതിയിലും സംശയിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ പാഠഭാഗത്തു നിന്നും അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അവയ്ക്ക് ശരിയായ ഉത്തരങ്ങള്‍ കൂടി ഉണ്ടാവണം, അല്ലെങ്കില്‍ അത്തരം ന്യൂട്രല്‍ ഉത്തരങ്ങള്‍ നല്‍കാന്‍ അധ്യാപകര്‍ക്കാകണം. എന്നുമാത്രമല്ല, ആ ഉത്തരം അതിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളോടും കൂടി സ്വാംശീകരിക്കാന്‍ വിദ്യാര്‍ത്ഥി കെല്‍പ്പുള്ളവനുമാകണം. ഈ പകര്‍ന്നുകൊടുക്കല്‍ പ്രക്രിയയില്‍ ഏതെങ്കിലും ഘടകത്തിനു പ്രശ്നമുണ്ടാകാമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാതെ ഭാവിയിലേക്കായി മാറ്റിവയ്ക്കണമെന്നാണ് എന്റെ നിലപാട്.
സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇതല്ലേ നാം ചെയ്യാറ് ? റേ ഒപ്റ്റിക്സിലെ ലെന്‍സുകളെയും കണ്ണാടികളെയും പറ്റി പഠിപ്പിക്കുന്ന ചെറിയ ക്ലാസുകളില്‍ നാം പ്രകാശത്തെ നേര്‍ രേഖകളായിട്ടാണല്ലോ വിഭാവനം ചെയ്യാന്‍ പറയുക. ഉയര്‍ന്നക്ലാസിലെത്തുമ്പോള്‍ തരംഗ സ്വഭാവവും കോര്‍പ്പസ്കുലാര്‍ സ്വഭാവവുമൊക്കെ ചര്‍ച്ച ചെയ്യും. ഭാവന ചെയ്യാന്‍ വിഷമമുള്ള/ കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഐന്‍സ്റ്റൈനിയന്‍ കണ്‍സെപ്റ്റുകളെയൊക്കെ ഡിഗ്രി ക്ലാസുകളിലേക്കായി മാറ്റുന്നു. ഈയൊരു സമീപനം തന്നെയാണ് ചെറിയ ക്ലാസുകളില്‍ മതേതരത്വത്തെയും ജാതിവിവേചനത്തിന്റെ രൂക്ഷതയെയുമൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ സ്വീകരിക്കേണ്ടത്.
മതേതരത്വം എന്നത് മതങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ടല്ല തുടങ്ങേണ്ടത്, മറിച്ച് മതങ്ങളെയും, അവയുടെ ആചാര/വിചാരധാരകളെയും സംബന്ധിച്ച കൃത്യമായ ധാരണകള്‍ ഉണ്ടായതിനൊക്കെ ശേഷം സ്വാഭാവികമായി ഒരുവനില്‍ ഉണ്ടാവേണ്ട ഒന്നാണ് എന്നു ഞാന്‍ കരുതുന്നു. (അങ്ങനെയല്ലാത്തതുകൊണ്ടാവാം പല തീവ്രയുക്തിവാദികളും ചില്ലറ ജീവിതപ്രശ്നങ്ങള്‍ വന്നുകഴിയുമ്പോഴേയ്ക്ക് ദൈവമാര്‍ഗ്ഗിയും സായി ശിഷ്യനുമൊക്കെയാകുന്നത് :)
മതം എന്ന കണ്‍സെപ്റ്റ് പോലും എഴാം ക്ലാസില്‍ ദഹിക്കുന്നതാണോ എന്ന് എനിക്ക് സംശയമുണ്ട്. മതങ്ങളുടെ ഉദ്ഭവം, ചരിത്രം, പരിണാമം, സൈദ്ധാന്തികാടിത്തറ, ആചാരങ്ങള്‍, സാംസ്കാരിക സംഭാവനകള്‍, ദൈവത്തെപ്പറ്റിയുള്ള സങ്കല്പത്തിലെ വ്യത്യാസങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയൊന്നും പരിചയിക്കാതെ നേരെ മതേതരത്വത്തിലെക്ക് ജമ്പ് കട്ട് നടത്തുന്നത് ന്യൂട്ടന്റെ മെക്കാനിക്സ് പഠിക്കാതെ ആപേക്ഷികസിദ്ധാന്തത്തിലേക്ക് പോകുമ്പോലെയാണ്. വിവാദ പാഠഭാഗത്തിലാകട്ടെ ഏതാനും മതഗ്രന്ഥങ്ങളില്‍ നിന്നും കുറച്ച് ഉദ്ധരണികള്‍ മാത്രം കൊടുത്ത് കാര്യം കഴിക്കുന്നു.
(പുതിയ പാഠ്യപദ്ധതിയനുസരിച്ച് ചെറിയ ക്ലാസുകളില്‍ മേല്‍പ്പറഞ്ഞ മതങ്ങളുടെ ചരിത്രം വിഷയമാണോ ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയൂ. ഞാന്‍ പഠിച്ചകാലത്ത് ഇത് 9-ആം ക്ലാസിലാണ് പഠിപ്പിച്ചിരുന്നത്.)
അതുകൊണ്ട്, മതം എന്താണെന്നും ജാതി എന്ന വ്യവസ്ഥ എന്താണെന്നും ആദ്യ പടിയായി കുട്ടികള്‍ പഠിക്കട്ടെ. മതേതരത്വം, നിരീശ്വരത്വം എന്നിവ അടുത്ത പടിയായി പരിചയപ്പെടുത്തുക.
ഇതിനൊരു പ്രാക്ടിക്കല്‍ സൌകര്യം കൂടിയുണ്ട്. മതേതരത്വത്തെക്കുറിച്ചൊക്കെ അധ്യാപകര്‍ക്കുള്ള വികല കാഴ്ചപ്പാടുകള്‍ ചെറിയ ക്ലാസില്‍ അടിച്ചെല്‍പ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കാം; മുതിര്‍ന്ന, അല്പം കൂടി സ്വതന്ത്ര ചിന്തയുള്ള വിദ്യാര്‍ത്ഥി അധ്യാപകന്റെ ലെക്ചറിംഗിനു പുറത്ത് ചിന്തിക്കാന്‍ കെല്‍പ്പുള്ളവനാകും.
മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ ...
Subscribe to:
Post Comments (Atom)
14 മറ്റ് അഭിപ്രായങ്ങള്‍:
പ്രിയ സൂരജ് ജി,
പ്രതികരണങ്ങള്‍ക്ക് നന്ദി.
താങ്ങള്‍ സൂചിപ്പിച്ച രീതിയിലുള്ള വിമര്‍ശനങ്ങളും, സംവാദങ്ങളുമൊന്നുമല്ലല്ലൊ ഇപ്പോള്‍
നടക്കുന്നത്.അങ്ങിനെയാണെങ്കില്‍ എത്രനന്നായിരുന്നു. ഒരു വിഭാഗം പുസ്തകം പിന്‍വലിക്കണമെന്നും,മറുവിഭാഗം പിന്‍വലിക്കില്ലെന്നും.മിക്കവാറും റ്റി.വി.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതോ കക്ഷിരാഷ്ടീയ, മത പ്രതിനിധികളും.
ഓരോരുത്തര്‍ക്ക് ഓരോരോ ആവശ്യങ്ങളും.
ഒരു ഉദാഹരണമായി ഈ പത്രവാര്‍ത്ത നോക്കൂ.
************പാഠപുസ്‌തകങ്ങളിലെ മതവിരുദ്ധഭാഗങ്ങള്‍ നീക്കം ചെയ്യണം-കാന്തപുരം
ഒറ്റപ്പാലം: പാഠപുസ്‌തകങ്ങളിലെ മതവിരുദ്ധഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ഏത് മതവും സ്വീകരിക്കാമെന്ന ജനാധിപത്യപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് പാഠപുസ്‌തകങ്ങളില്‍ഇത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്ന നടപടി.
കേരളത്തില്‍ ഇന്നുകാണുന്ന മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും വിഭിന്നചിന്തകള്‍ക്കും കാരണമായ പുത്തന്‍ പ്രസ്ഥാനക്കാരെയും വക്കംമൗലവിയെയും പ്രശംസിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കണം. പാഠപുസ്‌തകങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ച് അവരുടെ അംഗീകാരത്തിനുശേഷം മാത്രമേ പുസ്‌തകം പുറത്തിറക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കാന്തപുരം.*************************
ഇവിടെത്തെ പ്രശ്നം നോക്കൂ സ്വന്തം മതത്തിലായാലും പോരാ..സ്വന്തം വിഭാഗത്തിലുമായിരിക്കുന്ന ആളുകളേ പരാമര്‍ശിക്കാന്‍ പാടുള്ളൂ എന്നല്ലെ?
*താങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവുള്ളവര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷക്കട്ടെ.
മതമില്ലായ്മയും ഒരു മതം തന്നെ അല്ലെ? അപ്പോള്‍ മത വിരുദ്ധത പഠിപ്പിക്കുക എന്ന് പറയുന്നതു ശരിയല്ല :-) ആ പാഠഭാഗങ്ങള്‍ വായിച്ചപ്പോള്‍, ആകെ കൂടി തോന്നിയ ഒരു സംശയം, ഈ മാതിരി കാര്യങ്ങള്‍ 7-ആം ക്ലാസ്സുകാരന് മനസ്സിലാകുമോ എന്ന് മാത്രം ആയിരുന്നു.
സൂരജ്..
താങ്കളുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇവിടെ പറഞ്ഞ ചില കാര്യങ്ങളോടു യോജിക്കുന്നു...
ഒരു നിരീശ്വരവാദിയുടെ സ്റ്റാന്‍ഡില്‍ നിന്നാണെങ്കിലും മതം എന്നത് ഇന്ന് അടിച്ചെല്‍പ്പിക്കപ്പേടുകയാണ്‍!
അതു പൊലെ തന്നെയാണ് മതേതരഥ്വമെന്ന പേരില്‍ ചിലര്‍ അടിച്ചെല്‍പ്പിക്കുന്ന വികലമായ ആശയങ്ങളും...മതേതരമെന്ന പേരില്‍ ഇവരും രാഷ്ട്രീയ-വോട്ട്ബാങ്ക് വര്‍ഗീയത തന്നെയാണുപയോഗിക്കുന്നത്!!!
സാമൂഹ്യശാസ്ത്രത്തില്‍ പഠിപ്പിക്കേണ്ട വിഷ്ഹയങ്ങള്‍ വേറേയുണ്ടെന്നാണ്‍ എനിക്കു തോന്നുന്നത്...മതം എന്തിന്‍ എന്നു ചോദിക്കുന്നതിലുപരി, മതത്തെ ഒരുവന്റെ മനസില്‍നുള്ളില്‍ സൂക്ഷിക്കുകയും മറ്റെല്ലാവരേയൂം ഒരുപോലെ കാണുകയും ചെയ്യുന്ന ഒരുപാട്കാര്യങ്ങള്‍ ( നാരായണഗുരു,ബുദ്ധന്‍,ഗാന്ധി അങ്ങനെ) പഠിപ്പിക്കന്‍ കഴിയും...അവിടെ മതമെന്തിനു എന്ന ചോദ്യം വരുമ്പോള്‍ മതമെന്തെന്നറിയാത്ത കുഞ്ഞ്ഞുങ്ഗ്ങള്‍ സ്വാഭാവികമായും താങ്കള്‍ പറഞ്ഞതു പോലെ അധ്യാപകന്റെ ഭാവനയില്‍ നിന്നും വരുന്ന് വികലമaഅയ കണ്‍സപ്റ്റുകളാകും മനസ്സിലുറപ്പിക്കുക...
മതം ഓരോരുത്തരുടേയും മാന്‍സിക വ്യാപാരമാണ്.അത് ഓരോരുത്തരുടേയും വ്യക്തിiപരമായ ചിഹ്ന്തകളാണ്.അതിനെ സാമൂഹ്യവത്കരിക്കുന്നതില്‍ സൂക്ഷിച്ചു വേണം...ഇല്ലെങ്കില്‍ പ്രശ്നങ്ങാളുണ്ടാകം.
മതത്തെ കുഞ്ഞുങ്ങള്‍ സ്വയം മനസ്സിലാക്കട്ടെ...എന്നിട്ടവര്‍ തീരുമാനിക്കട്ടെ...
ഈ പാഠപുസ്തകം രചിക്കാന്‍ നേതൃത്വം നല്‍കിയവരില്‍ എത്ര പേര്‍ തങ്ങളുടെ കുട്ട്tഇകളെ ജാതി കാണിക്കാതെ സ്കൂളില്‍ ചേര്‍ത്തു???എത്ര പേര്‍ സംവരണം ( ജാതി അടിസ്താനമാക്കി) വേണ്ടേന്നു വച്ചു???
അപ്പോ ജാതിയൂടെ സഹായം സ്വീകരിച്ചു ജാതിഹ് വേണ്ടെന്നു പറയുന്നതിലെന്താത്മാര്‍ത്ഥത???
അപ്പോള്‍ കുഞ്ഞുങ്ങളെ സ്കൂളുകളില്‍ ശാസ്ത്രാധിഷ്ടിതമായി പഠിപ്പിക്കുക...മതം അവര്‍ പിന്നീട് സ്വയം ആര്‍ജ്ജിക്കേണ്ട കാര്യമാണ്...നമ്മുടെ മതത്തെ/ഇല്ലായ്മയെ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതു ദോഷമേ ചെയ്യൂ...കവലപ്രസംഗമോ ബ്ലോഗോ പോലെയല്ല, കുഞ്ഞുമനസ്സുകളില്‍ വീഴുന്ന,അതും സ്കൂളില്‍നിന്ന് , കാര്യങ്ങള്‍...അതു ദീര്‍ഘകാലം നില്‍ക്കും....അതിനാല്‍ മതത്തെ സ്കൂളിനു പുറത്തു നിര്‍ത്തുക...അവര്‍ അത് സ്വയം പഠിക്കട്ടെ...
സൂരജിന്റെ അഭിപ്രായങ്ങളാണു ചര്‍ച്ചാവിഷയമാവേണ്ടത് ..
സൂരജ് ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ റഫീഖിനു കഴിഞ്ഞില്ല എന്ന് മാത്രമല്ല.. വിഷയം കാന്തപുരവും കൂട്ടരും ഉണ്ടാക്കുന്നതാണെന്ന ഒരു വഴിത്തിരിവിട്ട് ചര്‍ച്ച വഴിമാറ്റാന്‍ ഒരു ശ്രമവും നടത്തിയിരിക്കുന്നു.
മതവിശ്വാസവും മത നിരാസവും യുക്തിവാദവും എല്ലാം ആരും ആരിലും അടിച്ചേല്‍പ്പിച്ചല്ല പഠിപ്പിക്കേണ്ടതും പഠിക്കേണ്ടതും
ഈ പാഠഭാഗം ഒരു നിരീശ്വരനായ എന്നെ തുള്ളിച്ചാടിച്ചു എന്ന് സസന്തോഷം പറയട്ടെ.
ഈ കമന്റ് ധാരാളം.. എന്താണീ കോലാഹലങ്ങള്‍ക്കൊക്കെ കാരണമെന്ന്. അറിയാന്‍
സുഹൃത്തെ..ബഷീര്‍,
സൂരജ് ഉന്നയിച്ച പ്രശ്ന്ങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞില്ലെന്നത് ശരിതന്നെ,അക്കാര്യത്തില്‍ എനിക്ക് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
ബഹു:കാന്താപുരത്തിന്റെ പ്രസ്താവനയെ കൂറിച്ച് പറഞ്ഞത് ചര്‍ച്ചവഴി തിരിച്ചു വിടാനല്ല.വിമര്‍ശകരുടെ ആവശ്യങ്ങള്‍ പലവിതമാണെന്ന് സൂചിപ്പിക്കാനായിരുന്നു.
ചര്‍ച്ച പാഠഭാഗത്തെ കുറിച്ച് തന്നെയാവണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം.
പ്രിയ സൂരജ് ജി,
ഈ പാഠ ഭാഗം പഠിപ്പിച്ച ഒരു വൈദികനായ അധ്യാപകന്‍ ഇന്നലത്തെ ഏഷ്യനെറ്റ് ന്യൂസവറില്‍ അദ്ദേഹത്തിന്‍റെ അനുഭവം പങ്കുവെക്കുകയുണ്ടായി.
കുട്ടികള്‍ വളരെ ജനാധിപത്യപരമായാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇതുമായി ബദ്ധപെട്ട ഒരുപത്രവാര്‍ത്ത താഴെ,
വൈദികന്‍ പഠിപ്പിച്ചു; പാഠം നന്നെന്ന് കുട്ടികള്‍
വി എം പ്രദീപ്
പാമ്പാടി: പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ ഏഴാംക്ളാസില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. തിരുവഞ്ചൂര്‍ പേട്രിയാക് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ ഫാ. അലക്സ് തോമസാണ് ചൊവ്വാഴ്ച കുട്ടികളെ 'മതമില്ലാത്ത ജീവന്‍' പഠിപ്പിച്ചത്. സ്കൂളിലെ നെല്ലിമരച്ചുവട്ടില്‍ ഒരുമണിക്കൂര്‍ നീണ്ട ക്ളാസില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഒന്നാംക്ളാസില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന്‍ എന്തൊക്കെ ചോദിച്ചുവെന്ന് പുരോഹിതന്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. പേരും മതവും ചോദിച്ച കാര്യം കുട്ടികള്‍ അറിയിച്ചപ്പോള്‍, മതമില്ലാത്ത ജീവന്റെ പാഠം അധ്യാപകന്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചു. മതമേതെന്ന് നോക്കിയല്ല കൂട്ടുകൂടുന്നതെന്ന് കുട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. മതത്തിന്റെ പേരില്‍ നടന്ന ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ അധ്യാപകന്‍ വിശദീകരിച്ചു. മതത്തില്‍ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഇഷ്ടമാണെന്ന് കുട്ടികള്‍ അധ്യാപകനോട് പറഞ്ഞു. നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലേലകളില്‍ വിതറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് പാഠപുസ്തകത്തിലെ നെഹ്റുവിനെക്കുറിച്ചുള്ള ഭാഗം വിശദീകരിച്ച് അധ്യാപകന്‍ പറഞ്ഞു. നെഹ്റു മതങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും മതാചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഒരു മതത്തിന്റെയും ഭാഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതേസമയം, ഗാന്ധിജി മതവിശ്വാസിയായിരുന്ന കാര്യവും അധ്യാപകന്‍ ഓര്‍മപ്പെടുത്തി. സമരകോലാഹലങ്ങള്‍ നടത്തുന്നവര്‍ പാഠത്തെക്കുറിച്ച് വിദ്യാര്‍ഥികളോടെങ്കിലും അഭിപ്രായം ആരായണമെന്ന സൂചനയാണ് ക്ളാസ്മുറികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് മതാതീതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി വേണമെന്നും പാഠത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ഫാ. അലക്സ് തോമസ് 'ദേശാഭിമാനി'യോട് പറഞ്ഞു. എ കെ ജിയെക്കുറിച്ച് വളരെ മുമ്പുതന്നെ പഠിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനന്മയെന്തെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറോ സായിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനം കൊള്ളുകയും എ കെ ജിയെ പുച്ഛിക്കുകയും ചെയ്യുന്നത് വിലകുറഞ്ഞ സമീപനമാണെന്ന് പാമ്പാടി സിംഹാസനപ്പള്ളി വികാരികൂടിയായ അദ്ദേഹം പറഞ്ഞു.
സൂരജേ,
ഇപ്പറയുന്ന ‘ജീവന്‍’ ഒരു മുന്നോക്ക ജാതിക്കാരനായതുകൊണ്ടല്ലേ, ജാതിയില്ലാ എന്നു അവനെകൊണ്ട് പറയിപ്പിച്ചത്. അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല. റിസര്‍വേഷന്റെ ആനുകൂല്യം പറ്റുന്ന കുട്ടികള്‍ക്ക് അങ്ങനെയുള്ള ചിന്തകള്‍ വന്നു തുടങ്ങിയാല്‍, കോടിക്കണക്കിനു തുക പിന്നോക്ക ജാതികള്‍ക്ക് മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ എന്തു ചെയ്യും. ജാന്തിയില്ലെന്നു പറഞ്ഞാല്‍ ആനുകൂല്യങ്ങളെന്തെങ്കിലും കൊടുക്കാന്‍ മേലധികാരികള്‍ തയ്യാറാകുമോ.
ജീവന്റെ കാഴ്ചപ്പാടിനോട് എനിക്ക് പൂര്‍ണ്ണ യോജിപ്പാണ്. പക്ഷേ, ഒരു വഴിക്ക് ജാതി ചോദിച്ച് മാത്രം ആനുകൂല്യങ്ങള്‍ കൊടുക്കുകയും, മറുവശത്തുകൂടി ജാതി വേണ്ടെന്നു പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് കാപഠ്യമല്ലേ.
അതോ, ഭാവിയില്‍ റിസര്‍വേഷന്‍ എന്ന പ്രതിഭാസത്തെ ഇല്ലാതാക്കാനായി ഇപ്പോഴേ തുടങ്ങുന്ന തയ്യാറെടുപ്പാണോ?
ഒരു വഗ്വാദത്തിനല്ല, എന്നാലും വൈരുധ്യമില്ലേ എന്നൊരു ശങ്ക.
അഭിപ്രായം പങ്കു വച്ച എല്ലാവര്‍ക്കും നന്ദി.
പ്രിയ റഫീക് ഭായ്,
ഈ പാഠഭാഗത്തിന്റെ ആശയ/ഉദ്ദേശ്യ ശുദ്ധിക്കു നൂറില്‍ നൂറ്റമ്പത് മാര്‍ക്കിടും ഞാന്‍.
ഇതു പഠിക്കാനായി മാത്രം ഒന്നൂടെ എഴാം തരത്തില്‍ പോകാമെന്നു പറഞ്ഞവരാണ് എല്ലാ സുഹൃത്തുക്കളും.
ഇന്നിപ്പോള്‍ സകലവിധ ജാതി വര്‍ഗ്ഗീയ കോമരങ്ങളെയും കൂട്ടിനിറക്കി ഇതിനെതിരെ ശീതങ്കന്‍ തുള്ളുന്ന യൂഡി എഫിന്റെ അജണ്ട വേറെന്തൊക്കെയോ ആണ്. ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്ന് സമരത്തിനെതിരായുള്ള/ പാഠപുസ്തകത്തിനനുകൂലമായും വരുന്ന ജനവികാരത്തില്‍ വ്യക്തമായ സൂചനയുണ്ട്. അത് അനല്‍പ്പമായ ആഹ്ലാദം തരുന്നു.
എന്നിരിക്കിലും മതങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് പുറത്തെ ലോകത്തില്‍ മതേതരത്വവും മതനിരാസവും നിര്രിശ്വരത്വവും പോലുള്ള ആശയങ്ങള്‍ പിന്തുടരുന്നവരും ഉണ്ട് എന്നൊരു ചര്‍ച്ച കുട്ടികള്‍ക്കിടയില്‍ ഉയര്‍ത്താന്‍ ഈ പാഠഭാഗം പ്രാപ്തമാകണം എന്നാണ് വ്യക്തിപരമായ ആഗ്രഹം. ആ ആശയങ്ങളെ ഗൌരവപൂര്‍ണ്ണമായി സമീപിക്കാന്‍ ഈ അമിതലളിതവല്‍ക്കരിക്കപ്പെട്ട പാഠഭാഗത്തിന് ആയിട്ടുണ്ടോ എന്നും, ഈ പാഠത്തിന്റെ ഗഹനാശയം ഈ പ്രായത്തില്‍ (12-13 വയസ്സില്‍) അവതരിപ്പിച്ചാല്‍ അതു കുഞ്ഞുങ്ങള്‍ സരിയായി മനസിലാക്കുമോ, അല്ലെങ്കില്‍ അധ്യാപനരീതി മൂലം ആ ലക്ഷ്യം ചോരുമോ എന്നൊക്കെയുള്ള ആശങ്കകളാണ് എന്റേത്.
ഒരിക്കലും ഞാന്‍ കൂടി വ്യക്തിപരമായി പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു ആസയം സ്കൂളില്‍ പഠിപ്പിക്കുന്നതിനെതിരല്ല എന്ന് വീണ്ടും പറയട്ടെ..
ദേശാഭിമാനി വാര്‍ത്ത പോസ്റ്റു റ്ചെയ്തതിനു നന്ദി.
ആ പുരോഹിതന് എന്റെ വണക്കം. ആ പക്വത എല്ലാവരും കാട്ടിയിരുന്നെങ്കില്‍.?
അഹങ്കാരീ,
വീണ്ടും കാണുന്നതില്‍ സന്തോഷം.
മതേതരത്വത്തിന്റെ ആശയങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കുന്നതിനെതിരേ തിരിയുന്നവര്‍ നാളെ പരിണാമസിദ്ധാന്തത്തിനെതിരേയും ബിഗ് ബാംഗ് തിയറിക്കെതിരേയുമൊക്കെ തിരിയുമെന്ന് ഞാന്‍ ഭയക്കുന്നു. (ഇപ്പോള്‍ റോഡില്‍ ഇട്ട് അക്ഷരത്തെ കത്തിക്കുന്ന കിഴങ്ങന്മാര്‍ക്ക് ഏതായാലും സയന്‍സ് വായിച്ച് പ്രതിലോമകരമായ അത്തരം കണ്‍ക്ലൂഷനില്‍ എത്താനുള്ള വിവരമില്ലാത്തത് നന്നായി. പക്ഷേ നാളെ അതു നടന്നുകൂടാ എന്നില്ല.)
ബഷീര്‍ ഭായ്,
കാന്തപുരത്തിന്റേതുമാത്രമല്ല ഈ പാഠഭാഗങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്ന എല്ലാ മത വൈതാളികരുടെയും വാദങ്ങള്‍ ജനമറിയണം എന്നാണഭിപ്രായം.
മതമില്ലാതെ വളരുന്ന കുട്ടി കമ്യൂണിസ്റ്റാകുമെന്ന് നിയമസഭയില്‍ പറഞ്ഞ കേ.എം മാണിയും, മതനിരാസം പഠിപ്പിക്കാന്‍ ഞങ്ങളനുവദിക്കില്ലെന്ന് അസഹിഷ്ണുവാകുന്ന ഇ.ടി.മുഹമ്മദ് ബഷീറും ഒക്കെ ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടട്ടെ. അവരും പാഠപുസ്തകത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചല്ല മറിച്ച് പ്രതിപാദ്യവിഷയങ്ങളുടെ പേരിലാണ് വാളെടുക്കുന്നത്.
പ്രിയ അങ്കിള്‍,
ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. ലക്ഷ്മീദേവിക്കും അന്‍വര്‍ റഷീദിനുമുണ്ടായ കുട്ടിക്ക് മുസ്ലിം റിസര്‍വേഷന്‍ കിട്ടാന്‍ സധ്യത്യുണ്ട്. (ക്രീമീ ലെയറിനു താഴെയാണെങ്കില്‍) അത് ആദര്‍ശത്തിന്റെ പേരില്‍ വേണെന്നുവയ്ക്കുന്ന മാതാപിതാക്കളെക്കൂടിയാണ് ആത്യന്തികമായി പാഠപുസ്തകം വിദ്യാര്‍ത്ഥിക്കു മുന്നില്‍ വയ്ക്കുന്നത്.
ഒരുപക്ഷേ ഏഴാം തരത്തിലെ കുട്ടി അത്രകടന്ന് ചിന്തിക്കില്ല എന്നൊരു സമീപനമാവാം പാഠപ്പുസ്തകസമിതി അക്കാര്യം ശ്രദ്ധിക്കതെ പോയത്.
പത്താം ക്ലാസില്‍ വച്ച് ജാതിയെഴുതി റെജിസ്റ്റര്‍ ചെയ്താല്‍ ആനുകൂല്യങ്ങള്‍ കിട്ടും. പക്ഷേ അങ്ങനെ ചെയ്യുന്നവര്‍ പാഠഭാഗം മുന്നോട്ടുവയ്ക്കുന്ന ആദര്‍ശത്തെ കാറ്റില്‍പ്പറത്തുകയാണ് എന്നു സാരം.
പിന്നെ, വേണമെങ്കില്‍ ഇങ്ങനെയും ഒരു വിഭാഗം ആളുകള്‍ ഉണ്ട്ണ് എന്ന് വെറുതേ ഒന്നു പരിചയപ്പെടുത്തുക എന്ന നിര്‍ദ്ദോഷമായ ഉദ്ദേശ്യമാണ് കരിക്കുലം കമ്മിറ്റിയുടേതെന്ന് സമാധാനിക്കാം :)
പ്രിയ സുഹൃത്തുക്കളേ,
ഇതാ ഇവിടെ ഒരു ചര്‍ച്ച ആമുഖമായി തുടങ്ങിവച്ചിട്ടുണ്ട്. ഈ പാഠപുസ്തകത്തിലെ വിവാദ വിഷയങ്ങള്‍ മുഴുവനും സ്കാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയ പുസ്തകത്താളുകളടക്കം പോസ്റ്റുകളായി ചേര്‍ത്തിട്ടുണ്ട്.
ഈ വിഷയത്തില്‍ ഇതുവരെ ബൂലോകത്തില്‍ വന്ന പോസ്റ്റുകളെയും ലിസ്റ്റാക്കിയിട്ടുണ്ട്.
ലോകത്ത് മതവിശ്വാസമുള്ളവരും അഥവാ ഈശ്വര വിശ്വാസമുള്ളവരും , നിരീശ്വരത്വം വാദിക്കുന്നവരും തമ്മിലുള്ള അനുപാതം എത്രയാണെന്ന് പറയാമോ
കവിയില്ലാതെ കവിത ജനിക്കുമെന്നും ആശാരിയില്ലാതെ കട്ടിലുണ്ടാവുമെന്നും വിഡ്ഡിത്തം വിളമ്പുന്ന വിവരക്കേട് പുതു തലമുറയില്‍ അടിച്ചേല്‍പ്പികാനുള്ള ആസൂത്രിതമായ നീീക്കം തോത്പിക്കണം
പുസ്തകം കത്തിക്കല്‍ ഒരു പരിഹാരമല്ല..
ഭൂരിപക്ഷത്തിന്റെ അഭിപ്രായം മറികടന്ന് കേവലം ചില യുക്തിവാദികളുടെ യുക്തിയില്ലായ്മ ജയിക്കുകയില്ല..
ആ വാദഗതി അനുസരിച്ച് ലോകത്തില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മയും കുത്തിത്തിരുപ്പുകളും നടത്തുന്നതും കൂടി വിശ്വാസികള്‍ ആയിരിക്കണമല്ലോ. എന്തായാലും അതവര്‍ സമ്മതിക്കാന്‍ തയ്യാറാവില്ല. :)
കവിയില്ലാതെ കവിതയുണ്ടാവുമെന്നും, ആശാരിയില്ലാതെ കട്ടിലുണ്ടാവുമെന്നും പഠിപ്പിക്കുന്നുണ്ടോ? ഏത് ആശാരിയെ വേണമെങ്കിലും വിളിക്കാനും ഏത് കവിയുടെ കവിതകേള്‍ക്കാനും, അതിന്റെ കൂടെ ആശാരിയേ വേണ്ട എന്നു കരുതാനും കവിത കേള്‍ക്കുകയേ വേണ്ട എന്നു പറയാനും അധികാരമുണ്ട് എന്നല്ലേ സൂചന?
ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !
Post a Comment
Comments to posts older than 30 days will be moderated for spam.