The contents of this blog and the language used herein are "mature" and suited only for "grown-ups".

Mar 18, 2008

The Evolution of Eyes: കണ്ണിന്റെ പരിണാമം - ചില ശാസ്ത്രവിശകലനങ്ങള്‍.

ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.



ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം ! പന്തുകൊണ്ടുണ്ടാക്കിയ സാങ്കല്‍പിക കണ്ണില്‍ നിന്നും ഒരു വ്യത്യാസം യഥാര്‍ത്ഥകണ്ണിനുണ്ട്. ലെന്‍സ് ആണ് അത്. ഒരു ക്യാമറയുടെ ലെന്‍സ് പോലെ വസ്തുക്കളുടെ പ്രതിരൂപം റെറ്റിനയിലേക്കു ഫോക്കസ് ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഒരു പ്ളാസ്റിക് കവറില്‍ തെളിഞ്ഞവെള്ളം നിറച്ച് ഉണ്ടാക്കുന്ന ഒരു ബാഗ് പോലെയാണ് നമ്മുടെ കണ്ണിലെ ലെന്‍സ്. അതു കൃഷ്ണമണിയുടെ തൊട്ടുപിറകിലായി ചുറ്റിനും പേശികളുടെ നാരുകളാല്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ പേശികളുടെ മുറുകലും അയഞ്ഞുപോകലും ആണ് ലെന്‍സിന്റെ വലിപ്പ വ്യത്യാസങ്ങള്‍ക്കു കാരണം. ചുറ്റിനും നിന്ന് ഈ പേശികള്‍ വലിക്കുമ്പോള്‍ ലെന്‍സ് എന്ന ബാഗ് വലിഞ്ഞ്, കൂടുതല്‍ പരന്നതാകുന്നു. ഈ പേശികള്‍ അയഞ്ഞാല്‍ ലെന്‍സ് വീര്‍ത്തു വരുന്നു. ഈ വീര്‍ക്കലും പരന്നുപോകലും അനുസരിച്ച് ലെന്‍സ് ഫോക്കസ് ചെയ്യുന്ന രൂപങ്ങള്‍ക്ക് വ്യതിയാനമുണ്ടാകും. ദൂരെയുള്ള വസ്തുക്കളെ കൃത്യമായി റെറ്റിനയില്‍ ഫോക്കസ് ചെയ്യാന്‍ ലെന്‍സ് പരന്നതാകണം. അടുത്തുള്ള വസ്തുക്കള്‍ക്കു മറിച്ചും(ഇതുവായിക്കുവാനും നിങ്ങളുടെ ലെന്‍സ് വീര്‍ത്തു നില്‍ക്കണം). ഇതിലേതെങ്കിലുമൊന്നിനു കഴിയാതെ വരുമ്പോഴാണ് നിങ്ങള്‍ക്ക് കണ്ണടകള്‍ ആവശ്യമായി വരുന്നത്.

റെറ്റിനയിലാണ് നാം ആദ്യം പറഞ്ഞ കോണ്‍കോശങ്ങളുള്ളത്. പ്രകാശത്തെയും നിറങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്നവയാണിവ. മറ്റൊരു കൂട്ടം കോശങ്ങളായ റോഡ് കോശങ്ങള്‍ ഇരുട്ടിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. (പ്രകാശത്തിന്റെ അഭാവമല്ല യഥാര്‍ത്ഥത്തില്‍ അന്ധതയെന്ന നാം മസ്സിലാക്കണം. ഇരുട്ടിലും നിങ്ങളുടെ റോഡ്കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.) കോണ്‍ കോശങ്ങള്‍ പേരുപോലെ കോണ്‍ ആകൃതിയിലാണിരിക്കുന്നത്. ഈ നീളന്‍ കോശങ്ങളുടെ ഒരറ്റത്ത് കാഴ്ചയെ സഹായിക്കുന്ന രാസവസ്തുക്കളുണ്ട് - വിഷ്വല്‍ പിഗ്മന്റുകള്‍. ജീവകം-എ(വിറ്റാമിന്‍ എ)യും ഓപ്സിന്‍ എന്ന പ്രോട്ടീനും ചേര്‍ന്ന സംയുക്തമാണ് വിഷ്വല്‍ പിഗ്മെന്റ്. പ്രകാശത്തിലെ ഫോട്ടോണ്‍ കണികകള്‍ ഈ പിഗ്മെന്റില്‍ തട്ടുമ്പോള്‍ അതിലെ ഊര്‍ജ്ജകൈമാറ്റ രാസപ്രവര്‍ത്തനങ്ങള്‍ കോശത്തെ ഉത്തേജിതമാക്കുന്നു. പ്രകാശത്തിന്റെ തോതിനനുസരിച്ച് ഉത്തേജനവും വ്യത്യാസപ്പെടും. ഇതനുസരിച്ച് മസ്തിഷ്കത്തിലേക്ക് ഈ കോശങ്ങളയക്കുന്ന സിഗ്നലുകളും വ്യത്യാസപ്പെടുന്നു. അതനുസരിച്ച് നമ്മുടെ ദൃശ്യത്തെ മസ്തിഷ്കം വ്യാഖ്യാനിക്കുന്നു.

മ്യൂട്ടേഷനുകളിലൂടെ സ്വാംശീകരിക്കപ്പെടുന്ന ക്രമാനുഗതമായ മാറ്റങ്ങളിലൂടെയാണ് പരിണാമം സംഭവിക്കുന്നതെന്നു നാം പറഞ്ഞല്ലോ. ഭ്രൂണാവസ്ഥയിലോ അതിനു മുന്‍പോ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് ഒരു ജന്തുവിന്റെ ഘടനയിലോ ശാരീരികപ്രവര്‍ത്തന ക്ഷമതയിലോ ഒക്കെയുള്ള മാറ്റങ്ങളായി പിന്നീട് കാണപ്പെടുന്നത്. പ്രജനനശേഷിയുളള കോശങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മ്യൂട്ടേഷനുകള്‍ പിന്നീട് സന്തതി പരമ്പരകളിലേയ്ക്കും പകരുന്നു. ഇത്തരമൊരു പരിണാമ-മാതൃകയെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ പുനരാവിഷ്കരിക്കുന്നതിനുള്ള പ്രശസ്ത ശാസ്ത്രകാരനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ശ്രമങ്ങളാണ് ബയോമോര്‍ഫ് പ്രോഗ്രാമിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. ബോയോമോര്‍ഫ് എന്നാല്‍ ജൈവരൂപം എന്ന് വാച്യാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇവ ജൈവരൂപങ്ങളല്ല ലളിതമായ ജൈവരൂപങ്ങളുടെ (ഉദാഹരണത്തിന് ഒരു ഷഡ്പദത്തിന്റെ)അയഥാര്‍ത്ഥമായ കംപ്യൂട്ടര്‍ പുനര്‍സൃഷ്ടിയാണ്. ആദ്യമായി ഒരു പൂര്‍വ്വികനെ സൃഷ്ടിക്കുന്നു. ഏറ്റവും ആവശ്യമായ അവയവങ്ങളോ ജൈവപ്രവര്‍ത്തനങ്ങളോ മാത്രമുള്ള ഒരു അടിസ്ഥാന ജീവിയാണ് ഈ പൂര്‍വ്വകന്‍ 2. കണ്ണിനെ സംബന്ധിച്ചാണെങ്കില്‍, പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങളുടെ ഒരു മെത്ത, പ്രകാശത്തെ ഒരു ദിശയിലൂടെ മാത്രം ഈ കോശങ്ങളിലേക്കു കടത്തിവിടാന്‍ സഹായിക്കുന്ന ഒരു സ്ക്രീന്‍ (സ്ക്ളീറ), പ്രകാശ കോശങ്ങളെ പുറംലോകവുമായി നേരിട്ട് സംവദിക്കാന്‍ അനുവദിക്കാതെ അവയ്ക്കുമേല്‍ പരന്നു നില്‍ക്കുന്ന വിട്രിയസ ്മാസ് എന്നു വിളിക്കാവുന്ന (കഞ്ഞിപ്പശപോലുള്ള) പാട, എന്നീ അടിസ്ഥാന ഘടകങ്ങള്‍ ഉള്ള ഒരു പരന്ന തകിടാണ് ഈ പൂര്‍വ്വികന്‍. കണ്ണിന്റെ ഈ പൂര്‍വ്വികന്‍പോലും അല്പം സങ്കീര്‍ണ്ണമാണ്; എന്നാല്‍ നിങ്ങള്‍ക്ക് ഒരു വൃക്ഷശിഖരത്തിന്റെ ശാഖകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണു ബയോമോര്‍ഫ് പ്രോഗ്രാമുപയോഗിച്ചു പഠിക്കേണ്ടതെന്നിരിക്കട്ടെ. ഒരു നേര്‍ത്ത വരമാത്രമാണ് ആദിപൂര്‍വ്വികന്‍ !

ആദിപൂര്‍വ്വിക ജീവിയെ നാം തെരെഞ്ഞെടുത്തുകഴിഞ്ഞു. ഇനി, കമ്പ്യൂട്ടറിന്റെ പരിണാമഭൂമികയില്‍ ഈ പൂര്‍വ്വികന്‍ മാറ്റങ്ങള്‍ക്കു സംഭവിച്ച് പല തലമുറകളിലൂടെ കടന്ന് ഒടുവില്‍ എന്തായിത്തീരുന്നുവെന്നും അറിയണ്ടേ? പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ ഇവിടെയും മ്യൂട്ടേഷനുകള്‍ വേണം. ഒരു ശിഖരത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണെങ്കില്‍ അതില്‍ എത്ര ഉപശാഖകള്‍ ഉണ്ടാകുന്നു, എവിടെയാണുണ്ടാകുന്നത്, എത്രതവണ ആ ഉപശാഖകള്‍ കുറേക്കൂടി ചെറിയ ഉപശാഖകളായി പിരിയുന്നു, കാതല്‍ തടിയും ശാഖയും തമ്മില്‍ ഉണ്ടാക്കുന്ന ആംഗിള്‍ (കോണ്) എത്രയാണ് തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനമായി വേണ്ടത്. ഈ വിവരങ്ങള്‍ അടങ്ങുന്ന കോഡാണ് ജനിതകവസ്തു അഥവാ ഡി.എന്‍.എ. ഈ അടിസ്ഥാന കാര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകള്‍. ഈ മ്യൂട്ടേഷനുകള്‍ക്ക് ആദിപൂര്‍വ്വികന്റെ ഘടനയില്‍ വരുത്താവുന്ന മാറ്റങ്ങളുടെ പരിധികള്‍ മുന്‍കൂര്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കുന്നു. പല തലമുറകളിലൂടെ ഈ പൂര്‍വ്വിക ജീവി കടന്നുപോകുന്നു. മ്യൂട്ടേഷനുകള്‍ അഥവാ, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യഥാര്‍ത്ഥലോകത്തില്‍ ഓരോ തലമുറയിലെ സന്തതികളെയും പ്രകൃതിയുടെ തിരഞ്ഞെടുപ്പിനു വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ജന്തു. അല്ലെങ്കില്‍ കൂടുതല്‍ ശക്തനായ ജന്തു. അതല്ലെങ്കില്‍ കൂടുതല്‍ കാഴ്ചശക്തിയുള്ള ജന്തു, എന്നിങ്ങനെ ഓരോ രംഗത്തെയും, ഓരോ പരിതസ്ഥിതിയിലെയും മികച്ചതിനെ മാത്രം തെരെഞ്ഞെടുക്കുന്ന പ്രകൃതിയ്ക്ക് തുല്യമായ ഒരു ശക്തി നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനും വേണം. ചില സന്ദര്‍ഭങ്ങളില്‍ അത് പ്രോഗ്രാമറുടെ അഭിരുചിയാകാം. മറ്റുചല സന്ദര്‍ഭങ്ങളില്‍ പ്രോഗ്രാമില്‍ത്തന്നെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.

ഇപ്രകാരം ഒരു അജൈവ, അയഥാര്‍ത്ഥ ലോകത്തില്‍ ജൈവലോകത്തിലെ പരിണാമത്തെ -കണ്ണിന്റെപരിണാമചരിത്രത്തെ- പുനര്‍സൃഷ്ടിക്കുക എന്ന വിദ്യയാണ് നില്‍സണും പെല്‍ജറും സാധിച്ചെടുത്തത്. നമ്മള്‍ ആദ്യം പറഞ്ഞ അടിസ്ഥാന ഘടകങ്ങള്‍ മാത്രമുള്ള ഒരു പൂര്‍വ്വിക നേത്രത്തില്‍ നിന്നും ഒരു മത്സ്യത്തിന്റേതിനു സമാനമായ ഒരു കണ്ണിലേക്കുള്ള പരിണാമത്തിന് 1,829 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഓരോ ഘട്ടത്തിലും (ഓരോതലമുറയിലെന്നും പറയാം) ഒരു ശതമാനം വീതം മ്യൂട്ടേഷന്‍ അഥവാ മാറ്റമാണ് നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഒരു ശതമാനം മാറ്റമെന്നത് അടിസ്ഥാനഘടനയിലെ ഏതു ഘടകത്തിനും സംഭവിക്കാം. അത് പ്രകാശ-കോശങ്ങളുടെ "മെത്ത"യുടെ കട്ടികൂട്ടുന്നതാകാം, അല്ലെങ്കില്‍ വിട്രിയസ്മാസ് എന്ന പാടയുടെ കട്ടികൂടുന്നതാകാം അല്ലെങ്കില്‍ സ്ക്ളീറ എന്ന സ്ക്രീനിന്റെ (തകിടിന്റെ) കുഴിവ് വര്‍ദ്ധിക്കുന്നതാകാം. എതു ദിശയിലേക്കും പോകാനുള്ള പരിണാമ സ്വാതന്ത്യ്രം ഈ പ്രോഗ്രാമിനുണ്ട്. പരിണാമപരമായി പുരോഗമിക്കാനും പിന്നോക്കം പോകാനുമുള്ള സ്വാതന്ത്യ്രം നമ്മുടെ കണ്ണുകളുടെ ഓരോ തലമുറയ്ക്കും നല്‍കിയിരുന്നു എന്നര്‍ത്ഥം. 1,829 ഘട്ടങ്ങളിലൂടെ കടന്ന് ഒടുവില്‍ നമ്മുടെ പൂര്‍വ്വികനേത്രം എന്തായി എന്നറിയണ്ടേ? തകിട് കുഴിഞ്ഞ്, ഒടുവില്‍ നാം ആദ്യം കണ്ട പന്തിന്റെ രൂപത്തിലായി. പന്തിന്റെ ഉള്‍ഭാഗത്ത് പ്രകാശകോശങ്ങള്‍ (കോണ്‍, റോഡ് കോശങ്ങള്‍ക്കു തുല്യമായവ) ഒരു മെത്തയായി നിരന്നു. സ്ക്ളീറ എന്ന പുറം തകിടിന് ഒരു സുപ്രധാന മാറ്റം സംഭവിച്ചു. അത് ഉരുണ്ട് പന്ത്പോലെ ആയതൊടൊപ്പം ഒരു വശത്തുമാത്രം ഒരു വിടവ്-പ്രകാശം കടത്തിവിടാനുള്ള ഒരു കുഞ്ഞുതുള- ഉണ്ടായി. അത്യത്ഭുതകരമായ ഒരു കാര്യം കൂടിയുണ്ട്. പ്രകാശകോശങ്ങള്‍ക്കു മേല്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞ വിട്രിയസ്മാസ് എന്ന പാട ഈ പന്തിനകം മുഴുവന്‍ നിറഞ്ഞു. മാത്രമോ പ്രകാശം കത്തിവിടുന്ന സുഷിരത്തിനു തൊട്ടുപിന്നിലായി ഈ വിസ്ട്രിയസ്മാസിന്റെ ഒരു ഭാഗം സാന്ദ്രയാര്‍ന്ന്, ഒരു ലെന്‍സ് ആയി രൂപാന്തരപ്പെട്ടു!

അതേ! പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങള്‍ക്ക് കണ്ണായി രൂപം പ്രാപിക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന ഡാര്‍വീനിയന്‍ പരിണാമ സിദ്ധാന്തത്തിന് അടിവരയിടുകയായിരുന്നു ഈ ബയോമോര്‍ഫ് പ്രോഗ്രാമുകള്‍ 4. യഥാര്‍ത്ഥ ജൈവലോകവുമായി ഈ പരിണാമ മാതൃകയ്ക്കുള്ള സാമ്യം വര്‍ദ്ധിപ്പിക്കാന്‍ ചില സങ്കല്‍പ്പങ്ങള്‍കൂടി പെല്‍ജര്‍,നില്‍സണ്‍ എന്നിവര്‍ ചെയ്തിരുന്നു. ഒരു മ്യൂട്ടേഷന്‍ ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് പോകാനുള്ള സാധ്യത യഥാര്‍ത്ഥലോകത്ത് അമ്പതുശതമാനത്തോളമാണ്. കുറഞ്ഞ ഈ നിരക്കിലുള്ള സാധ്യതയെ അങ്ങനെതന്നെ ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. മാത്രമല്ല പ്രകൃതിനിര്‍ധാരണമാനദണ്ഡങ്ങളനുസരിച്ച്, ഓരോ തലമുറയിലെയും മികച്ച 101 കണ്ണുകളോടൊപ്പം അത്രതന്നെ മികച്ചതല്ലാത്ത 100 കണ്ണുകളും തെരെഞ്ഞെടുക്കപ്പെടുന്നതായി നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ സങ്കല്‍പ്പിച്ചിരുന്നു. ഇതിന് കാരണമുണ്ട്. തങ്ങളുടെ പരിത:സ്ഥിതിയുമായി ഇണങ്ങിയാണ് ഓരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ടു തന്നെ പരിതസ്ഥിതിയില്‍ മാറ്റമില്ലാത്തിടത്തോളം ജീവികളും മാറ്റമില്ലാതെ (പര്യാപ്തരായി) തുടരുന്നു. അത്തരമൊരു അവസ്ഥയില്‍ ഒരു മ്യൂട്ടേഷനെ, അഥവാ ജനിതകവൈജാത്യത്തെ, പ്രകൃതി നിര്‍ധാരണത്തിനു വിധേയമായി തെരെഞ്ഞെടുക്കുക എന്ന പ്രക്രിയ അതീവ സാവധാനത്തിലുള്ളതും സംഭാവ്യത കുറഞ്ഞതുമാണ.് കണ്ണിന്റെ കാര്യത്തിലാണെങ്കില്‍ മികച്ചകാഴ്ച നല്‍കുന്ന കണ്ണുകള്‍ മാത്രമേ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ എങ്കില്‍ ഇന്ന് വിരകളിലും, ഷഢ്പദങ്ങളിലും കാണുന്ന പ്രാകൃത കണ്ണുകളെങ്ങനെ നിലനില്‍ക്കുന്നുവെന്ന ചോദ്യമുണ്ട്. ഈ സാധ്യതയെക്കൂടി കണ്ടുകൊണ്ടാണ് 101 ന് 100 എന്ന അനുപാതത്തില്‍ , മികച്ചതും അല്ലാത്തതുമായ കണ്ണിന്റെ ജൈവരൂപങ്ങളെ (ബയോമോര്‍ഫുകളെ) ഓരോ തലമുറയില്‍ നിന്നും തെരെഞ്ഞെടുപ്പിനു വിധേയമാക്കുവാന്‍ പെല്‍ജറും നില്‍സണും തീരുമാനിച്ചത്.
മ്യൂട്ടേഷന്റെ സാധ്യതയെത്തന്നെ തീരെച്ചുരുക്കുക എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഓരോ തലമുറയിലും ഏതെങ്കിലുമൊക്കെ ഘടകങ്ങളില്‍ ഒരു ശതമാനം വീതം മാറ്റം സംഭവിക്കുന്നുവെന്ന് മാനദണ്ഡം വച്ചപ്പോള്‍ 1,829 ഘട്ടങ്ങള്‍/തലമുറകള്‍ വേണ്ടിവന്നു. ആധുനിക കണ്ണിന്റെ ആവിര്‍ഭാവത്തിന്. ഈ സാധ്യത 0.005% ആക്കുമ്പോള്‍ തലമുറകളുടെ എണ്ണം 3,64,000 ആയി വര്‍ദ്ധിക്കും. 0.005% എന്ന മ്യൂട്ടേഷന്‍ സാധ്യതയെക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥലോകത്തിലെ മ്യൂട്ടേഷന്‍ സാധ്യതയെന്നോര്‍ക്കണം. എന്നിരുന്നിട്ടും ഇത്രയും കുറഞ്ഞൊരു നിരക്ക് വയ്ക്കാന്‍ കാരണമുണ്ട്. കണ്ണ് പോലെ അതിസങ്കീര്‍ണ്ണമായ ഒരു അവയവം ഡാര്‍വീനിയന്‍ തത്വമനുസരിച്ച് പരിണമിച്ച് ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടുന്ന സമയമൊന്നും ജീവികളുടെ ഭൂമിയിലെ ചരിത്രത്തിലില്ല എന്ന ആരോപണം പരിണാമവിരോധികളുടെ ശക്തമായ ഒരായുധമാണ്. ഈ ഒരു ആരോപണം നിലനില്‍ക്കെ വികാസം പ്രാപിച്ച ഒരു ആധുനിക നേത്രം ബയോമോര്‍ഫ് പ്രോഗ്രാമിലൂടെ ഉരുത്തിരിയാനുള്ള സാധ്യതകളെ പരമാവധി കുറയ്ക്കുകയും അതിനു വേണ്ടുന്ന സമയത്തെ പരമാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. എന്നിട്ടും 3,64,000 തലമുറളെ വേണ്ടിവന്നുള്ളൂ, ഇത്തരമൊരു കണ്ണ് പരിണമിച്ചുണ്ടാകാന്‍. നമമുടെ ആദിപൂര്‍വ്വിക നേത്രത്തിനു സമാനമായ കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ മിക്കയിനം വിരകള്‍ക്കും, ചില പ്രാചീന ഷഡ്പദങ്ങള്‍ക്കും ഉണ്ട്. ഇവയുടെ പ്രജനനകാലയളവ് നോക്കിയാല്‍ ഒരു തലമുറയില്‍ നിന്നും മറ്റൊന്നുണ്ടാവാനുള്ള സമയം ഒരു വര്‍ഷത്തിലും താഴെയാണ്. ഒരു വര്‍ഷം എന്ന് കണക്കിയാല്‍പോലും അഞ്ചുലക്ഷത്തില്‍ത്താഴെ മാത്രമേ വരൂ, ഈ സമയം! ഓരോ തലമുറയിലും വരുന്ന പ്രജനന ശേഷിയുടെ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടാണിത്. ഒരു നാടവിര 34,000 മുതല്‍ 40,000 വരെ മുട്ടകള്‍ ഒറ്റയിരിപ്പിനിടും. ഈ വ്യത്യാസങ്ങളൊക്കെ കണക്കിലെടുത്താല്‍ അഞ്ചുലക്ഷം എന്നത് വീണ്ടും കുറയാനാണു സാദ്ധ്യത. പക്ഷേ മ്യൂട്ടേഷന്റെ നിരക്കും അത് തലമുറകളിലൂടെ കൈമാറുന്നതിനുള്ള സാധ്യതയും വളരെ കുറഞ്ഞതാണ്. യഥാര്‍ത്ഥ ലോകത്തിലെ ഈ സാധ്യതകളെക്കൂടി കണക്കിലെടുത്താല്‍ പോലും ഒരു ആധുനിക നേത്രം ഉരുത്തിരിഞ്ഞുവരാന്‍ പത്തുലക്ഷം വര്‍ഷത്തില്‍ത്താഴെ മാത്രം സമയം മതി എന്നു കാണാം. ഭൂമിയിലെ ജീവന്റെ ചരിത്രത്തിന് 400 കോടിയ്ക്കടുത്ത് വര്‍ഷങ്ങള്‍ പഴക്കമുണ്ട്; ആവശ്യമായതിന്റെ നാലായിരം ഇരട്ടി വര്‍ഷങ്ങള്‍ !!

10 comments:

  1. കൊള്ളാം സൂരജ്‌ജി. വളരെ നന്ദി. ഈ ബുക്ക്‌ നാട്ടില്‍ പോകുംബോള്‍ ഒന്നു സംഘടിപ്പിക്കുന്നുണ്ട്..

    ReplyDelete
  2. ഞാന്‍ നോക്കിയിരിക്കുവായിരുന്നു ഈ പോസ്റ്റിന്..മാഷെ ഈ പുസ്തകം ഞാന്‍ വാങ്ങിക്കുന്നുണ്ട്.

    നന്ദി

    ReplyDelete
  3. ആരാ പ്രസാധകര്‍..?
    ഡിസിയിലൊക്കെ കിട്ടുമോ

    ഭാര്യ അടുത്ത മാസം വരുന്നുണ്ട്. അപ്പോള്‍ കൊണ്ടുവരാന്‍ പറയാമായിരുന്നു:)

    ReplyDelete
  4. “ഡാര്‍വിന്റെ സൈന്യം“ ഇതു എങ്കയൊ കേള്‍വി പെട്ട മാതിരി.. ഇവിടെയല്ല..:)

    ReplyDelete
  5. റോബി ജീ,

    പുസ്തകം പെന്‍ ബുക്സ് എര്‍ണാകുളം പ്രസിദ്ധീകരിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതാണ്. അവരുടെ ഗിഫ്റ്റ് ഷോപ്പിലും ഷൊ റുമിലും മാത്രമേ കിട്ടൂ എന്നാണെന്റെ അറിവ്. പുറം ചട്ടയുടെ ചിത്രവും ഡീറ്റെയിത്സും ഇവിടെ.

    വഴിപോക്കാ,

    Darwin's Army എന്ന പേരില്‍ 2001 മുതല്‍ എനിക്കൊരു geocities ബ്ലോഗ് പേജുണ്ടായിരുന്നു. അതിന്റെ പേര് തന്നെയാണെന്റെ പുസ്തകത്തിനുമിട്ടത്. ഇതേ പേരില്‍ ഒരു ഗായക സംഘം(ബാന്‍ഡ് ട്രൂപ്പ് ) ഉണ്ടെന്ന് ഗൂഗിള്‍ സെര്‍ച്ച് കൊടുത്തപ്പോള്‍ കിട്ടുന്നു. ഹ ഹ ഹ!

    ഇപ്പോള്‍ Darwin's Army എന്ന പേരില്‍ എനിക്ക് ഒരു ഇംഗ്ലിഷ് വേഡ് പ്രസ് ബ്ലോഗുണ്ട്. അതിന്റെ ലിങ്ക് ഇതാ ഇവിടെ.

    ReplyDelete
  6. അസ്സലെഴുത്താണല്ലോ. ഇതേലൊരു കോപ്പി വാങ്ങിച്ചിട്ടു തന്നെ ബാക്കിക്കാര്യം.

    ReplyDelete
  7. ഞാനതു കണ്ടായിരുന്നു സൂരജ്, എന്തായാലും വളരെ ഇന്‍ഫര്‍മാറ്റീവ് ആണു യുവര്‍ ബ്ലോഗ്സ്. വായിച്ചു മനസ്സിലാകാത്തതൊക്കെ ഗുഗിള്‍ ചെയ്തു നോക്കാം അല്ലെ...:)

    ഓടൊ: ഫ്രീ കണ്‍സള്‍ട്ടന്‍സി വല്ലതുമുമുണ്ടൊ സൂരജെ..ഒരു അഡ്വൈസ് ചോദിക്കാനായിട്ടാ..ഇവിടാകുമ്പോ ധൈര്യമായിട്ടു ചോദിക്കാം..;)

    ReplyDelete
  8. പ്രിയ സൂരജ്,
    താങ്കളുടെ ആത്മാര്‍ത്തതയെ (ദയവായി ആത്മാര്‍ത്തതയെ ശാസ്ത്രീയമായി വിവരിക്കരുത്) വളരെ ബഹുമാനിക്കുന്നു,ബ്ലോഗിനുവേണ്ടി താങ്കളുടെ വിലപ്പെട്ട സമയം വിനിയോഗിക്കുന്നതില്‍ ബൂലോകം തീര്‍ച്ചയായും അഭിമാനിക്കും.

    കണ്ണിനെക്കുറിച്ച് ദേവന്‍ എഴുതിയത് വായിച്ചിരുന്നു.ജീവശാസ്ത്രം പഠിക്കുന്നകുട്ടികള്‍ക്കും അറിവ് അന്വേഷിക്കുന്നവര്‍ക്കും താങ്കളുടെ പുസ്തകം വളരെ ഉപകാരപ്പെടുമെന്നു കരുതുന്നു.

    പിന്നെ ഒരു സംശയം.(ഓഫ്ടോപ്പിക്കാണ് സാവകാശം ബ്ലോഗിലോ,മെയിലിലോ പറഞ്ഞാലും മതി.) കണ്ണിന്റെ പ്യൂപ്പിള്‍ എന്നഭാഗത്തിനു നേരെ മുന്നിലുള്ള പുറമ്പാളിയില്‍ (കണ്ണാടിയില്‍ നോക്കുമ്പോള്‍ കൃഷ്ണമണിയുടെ ഏറ്റവും നടുക്കുള്ള ചെറിയ വൃത്തത്തില്‍)പോറലേറ്റാല്‍ ചികിത്സിച്ച് പൂര്‍ണ്ണമായും പൂര്‍ വ്വസ്ഥിതിയിലാക്കാന്‍ കഴിയുമോ?.ഇല്ലെന്നാണ് എന്റെ ധാരണ.

    ഡോക്ടര്‍മാരെ പേടിയായിത്തുടങ്ങിയിരിക്കുന്നു,ഒരു ചെരിപ്പു കടയിലോ ആഭരണക്കടയിലോ കയറുന്നപോലെയാണ് കണ്‍സള്‍ട്ടിംഗ് റൂമിലേയ്ക്കു കയറുമ്പോള്‍ തോന്നുന്നത്,പറ്റിയ്ക്കപ്പെടാതിരിക്കാന്‍ രോഗി ശ്രദ്ധാലുവായിരിക്കണമെന്ന അവസ്ഥ.പലപ്പോഴും സേവനം എന്നതിലുപരി ഒരു റെപ്പിന്റെ ജോലിയാണ് ചില ഡോക്ടര്‍മാര്‍ ചെയ്യുന്നതായി തോന്നിയിട്ടുള്ളത്.ഏതോ ഒരു ടാര്‍ജറ്റു തികയ്ക്കാനുള്ള ധൃതിയിലാണെല്ലാവരും.ഡോ;സൂരജിനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ സാദാരണക്കാര്‍ സമൂഹത്തില്‍ അത്രയേറെ ആവശ്യപ്പെടുന്നുണ്ട് ഇക്കാലത്ത്.

    ReplyDelete
  9. ദേവേട്ടാ നന്ദി.

    വഴിപോക്കാ, ഇ-മെയില്‍ വഴി ചോദിക്കൂ. Privacy കളയണ്ട :)

    കാവലാന്‍ ജീ,
    താങ്കള്‍ ചോദ്യത്തിലുദ്ദേശിച്ച പുറം പാളി കോര്‍ണിയയോ അതിനു പുറത്തെ നേര്‍ത്ത സ്തരമായ കണ്‍ജങ്റ്റൈവയോ ആണ് എന്നാണ് ഞാന്‍ മനസിലാക്കിയത്. (ഈ പോസ്റ്റിനൊപ്പം കൊടുത്ത ചിത്രത്തില്‍ അതു ലേബല്‍ ചെയ്തിട്ടില്ല, എന്റെ പിഴ)

    കണ്‍ജങ്റ്റൈവയിലെയും കോര്‍ണിയയിലെയും സാധാരണ പോറലുകളൊക്കെ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റും കേട്ടോ. ഇത്തരം പോറലുകളില്‍ ഉണ്ടാകാവുന്ന ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ നമ്മള്‍ ചില ആന്റീബയോട്ടിക് തുള്ളിമരുന്നും നീറ്റലും നീര്‍ക്കെട്ടും ഒഴിവാക്കാന്‍ സ്റ്റിറോയിഡ് തുള്ളിമരുന്നും (ഉദാഹരണത്തിന് സിപ്രോഫ്ലോക്സാസിന്‍ + ഡെക്സാമെത്തസോണ്‍ ) ഒഴിക്കാനായി കൊടുക്കാറുണ്ട്. പിന്നെ കണ്ണ് ശ്രദ്ധയോടെ ഒരു cap വച്ച് ഡ്രെസ് ചെയ്യും - പൊടിയും മാലിന്യങ്ങളും കയറാതെ നോക്കാന്‍. പൂപ്പല്‍ വര്‍ഗ്ഗത്തിലുള്ള ഇന്‍ഫക്ഷനൊക്കെ വന്നാല്‍ - പ്രത്യേകിച്ച് പോറലുണ്ടാക്ക്കിയ വസ്തു മരക്കഷ്ണമോ മറ്റോ ആണെങ്കില്‍ - വലിയ പ്രശ്നമാണ്. ചികിത്സ ദുഷ്കരമാകും. എങ്കിലും കോര്‍ണിയയില്‍ വരുന്ന മുറിവിവുകള്‍ ഒരു പരിധിക്കപ്പുറം വലുതല്ല എങ്കില്‍ചികിത്സിക്കാന്‍ പറ്റും. രക്തയോട്ടം കുറഞ്ഞ ഭാഗമായതു കൊണ്ട് മുറിവ് പൊറുക്കാന്‍ സമയമെടുക്കുമെന്നേയുള്ളൂ.

    എന്നാല്‍ കോര്‍ണിയ മുഴുവനായി തുളച്ച് കയറുന്ന penetrating മുറിവുകള്‍ മരുന്നുമാത്രം കൊണ്ട് ചികിത്സിക്കാന്‍ പറ്റാറില്ല. (ഉദാഹരണത്തിന് കുട്ടികള്‍ അമ്പും വില്ലുമെടുത്ത് അങ്ങൊട്ടുമിങ്ങോട്ടും എയ്യുമ്പോള്‍ പറ്റാവുന്നതുപോലുള്ള മുറിവുകള്‍). രക്തയോട്ടം കുറവായതിനാല്‍ കോര്‍ണിയയിലെ മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കും എന്നതിനാലാണ്. മാത്രമല്ല കോര്‍ണിയയ്ക്കു തൊട്ടു താഴെയുള്ള ഭാ‍ഗം ഒരു ഒഴിഞ്ഞ cavity അല്ല, അതില്‍ തെളിഞ്ഞ വെള്ളം പോലുള്ള അക്വസ് ഹ്യൂമര്‍ എന്ന ഒരു ദ്രാവകം നിറഞ്ഞിരിപ്പുണ്ട്. ഇത് കണ്ണില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും കണ്ണിന്റെ ആന്തരിക മര്‍ദ്ദം (internal pressure) നിലനിര്‍ത്തി കണ്ണിന്റെ ഗോളാകൃതി കാത്തുസൂക്ഷിക്കുന്നതുമായ വസ്തുവാണ്. ഈ ദ്രാവകം അകത്തു നിന്നും പുറത്തേയ്ക്ക് സ്ഥിരമായ ഒരു മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടും കോര്‍ണിയയിലെ മുറിവുകള്‍ പൊറുക്കുന്നത് താമസിക്കാം. നീര്‍ക്കെട്ട് വന്നതോ കടുത്ത ഇന്‍ഫക്ഷന്‍ വന്നതൊ, ജലാംശം നഷ്ടപ്പെട്ട് ഉണങ്ങി വരണ്ടതോ ആയ കോര്‍ണിയ പലപ്പോഴും കാഴ്ച നഷ്ടമാക്കാം. ഇതില്‍ നിര്‍ജ്ജലീകരണം (corneal dryness അഥവാ xerosis) പലപ്പോഴും മുറിവുകളാലല്ല മറിച്ച് വൈറ്റമിന്‍-ഏ യുടെ കുറവുമൂലമാണ് ഉണ്ടാവുക.

    ഇങ്ങനെയുള്ള ഏതെങ്കിലും തരത്തില്‍ മരുന്നുകളാല്‍ ചികിത്സിച്ചു മാറ്റാനാവാത്ത permanent blindness ഉണ്ടായാല്‍ സാധാരണ മരിച്ച ഒരാളുടെ (ദാനം ചെയ്യപ്പെട്ട) കോര്‍ണിയ മുഴുവനായോ ഭാഗമായോ ഇളക്കി അന്ധത വന്ന കോര്‍ണിയയുടെ സ്ഥാനത്ത് മുടിനാരിഴയെക്കാള്‍ വലിപ്പം കുറഞ്ഞ നൂലുകൊണ്ട് സര്‍ജ്ജറി ചെയ്ത് പിടിപ്പിക്കുകയാണ് പതിവ്. ഇതിനേയാണ് കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അല്ലെങ്കില്‍ കോര്‍ണിയല്‍ ഗ്രാഫ്റ്റിംഗ് എന്നു പൊതുവേ പറയുക. നേത്ര ദാനം, കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ എന്നൊക്കെ ഈ പരിപാടിയേയാണ് പറയുന്നത്. ഇതില്‍ യഥാര്‍ത്ഥത്തില്‍ കണ്ണൊന്നും മാറ്റി വയ്ക്കുന്നില്ലെന്നും കണ്ണിലെ ഒരു പാളിയുടെ ചെറിയൊരു കഷ്ണം മാത്രമേ മറ്റൊരാളുടെ കണ്ണിലേക്ക് മാറ്റുന്നുള്ളൂവെന്നും മനസിലായല്ലോ അല്ലേ. ഇതിനെകുറിച്ചു കൂടുതല്‍ മെഡിസിന്‍ @ ബൂലോകത്തില്‍ പിന്നീടെഴുതാം.

    ReplyDelete

Comments to posts older than 30 days will be moderated for spam.