CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 30, 2008

മനുഷ്യന്‍ ഒന്നാണെന്ന ശാസ്ത്രസത്യം...!

റോബി ജീയുടെ ഐറിസ് എന്ന ബ്ലോഗില്‍ ലേഖനം : "ആദവും ഹവ്വയും: ചില ശാസ്ത്രചിന്തകള്‍"

ബൈബിളില്‍ പറയുന്ന ആദത്തിന്റെയും ഹവ്വയുടെയും കഥ ഏറെപേര്‍ക്കും അറിയാമെന്നു തോന്നുന്നു. അടുത്തിടെ ഉണ്ടായ ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇന്നുള്ള എല്ലാമനുഷ്യരുടെയും പൊതുവായ പൂര്‍വികരെക്കുറിച്ച്‌ ചില പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്‌.....DNA replication പഠിക്കുമ്പോളറിയാം, കോശവിഭജനത്തില്‍ നമ്മുടെ DNA യിലെ ഓരോ strand-കളും രണ്ടായി പിരിയുന്നു. അമ്മകോശത്തിലെ ഓരോ സ്ട്രാന്‍ഡുകളും കേടുപാടുകലില്ലാതെ പുതിയ കോശങ്ങളില്‍ നിലനില്‍ക്കുന്നു. അതായത്‌ നിങ്ങളിലിന്നുള്ള DNAയിലെ ചില സ്ട്രാന്‍ഡുകള്‍ ആയിരക്കണക്കിനു വര്‍ഷം മുന്‍പ്‌ രൂപം കൊണ്ടതാകാം. അന്ന് അതിന്റെ കൂടെയുണ്ടായിരുന്നു complimentary strand ഇന്ന് ആഫ്രിക്കയിലോ അമേരിക്കയിലോ ജപ്പാനിലോ ഉള്ള ഏതെങ്കിലും വ്യക്തിയിലാകാം....ജീനുകള്‍ തരുന്ന സന്ദേശം വ്യക്തമാണ്‌.നമ്മളെല്ലാം സഹോദരീസഹോദരന്മാരാണ്‌, കുറഞ്ഞപക്ഷം കസിന്‍സെങ്കിലുമാണ്‌....

പോസ്റ്റിനുള്ള പ്രതികരണം :

പ്രിയ റോബി ജീ,

പോസ്റ്റ് വളരെ മികച്ച ഒരു ഉദ്യമമായി.

മനുഷ്യ ജാതി എന്നത് മതം/നിറം/ഭാഷ/തൊഴില്‍/പ്രത്യയശാസ്ത്രം എന്നിങ്ങനെയുള്ള സ്റ്റുപ്പിഡ് വേര്‍തിരിവുകള്‍ക്കപ്പുറം, ഒരു വിശാല സാഹോദര്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മറ്റാരേക്കാളും ഉച്ചത്തില്‍ വിളിച്ചു പറയേണ്ടത് ശാസ്ത്രകാരന്മാരാണ്. അതിലേക്കുള്ള പടികളില്‍ ഒന്നാവട്ടെ ഈ പോസ്റ്റിലെ വിഷയം.

ചില വസ്തുതാപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ :

1. Bryan Sykes mtDNA-യെ ഒരു മോളിക്യുലാര്‍ ഘടികാരമായി ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് വളരെ നല്ല വിശകലനങ്ങളും പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും "മൈറ്റോക്കോണ്ട്രിയല്‍ ഹവ്വ" എന്ന സങ്കല്‍പ്പം ആദ്യമായി ഗവേഷിച്ചതും 1980കളില്‍ പേപ്പറുകള്‍ പ്രസിദ്ധീകരിച്ച് അതിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നതും ബെര്‍ക്ലിയിലെ ഡോ. അലന്‍ വിത്സണും എമറി യൂണിവേഴ്സിറ്റി (അറ്റ്ലാന്റ)യിലെ ഡോ. ഡഗ്ലസ് വാലസുമാണ്. ഈ വിഷയം പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് 1986, മാര്‍ച്ച് 24-ലെ സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിളിലെ The mother of us all - A Scientist's Theory എന്ന ലേഖനത്തിനു ശേഷമാണ് എന്ന് ചരിത്രം.

1987-ലാണ് ഡോ. വിത്സണും സംഘവും പൂര്‍ണ്ണ റിപ്പോര്‍ട്ട് - നരവംശ ശാസ്ത്രജ്ഞരുടെ പിന്തുണ കുറിപ്പുകളോടെ - അവതരിപ്പിച്ചത്. ഈ ഗവേഷണത്തിനു ശേഷവും ഡോ. അലന്‍ വിത്സണ്‍ മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍ ഏ ഉപയോഗിച്ചുള്ള വിശകലനങ്ങള്‍ നടത്തുകയും ചിമ്പാന്‍സിയും മനുഷ്യനും ആള്‍ക്കുരങ്ങു വര്‍ഗ്ഗവും തമ്മിലുള്ള ബന്ധമടക്കം ആന്ത്രപ്പോളജിയിലെ ഒട്ടുവളരെ വിഷയങ്ങളില്‍ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

'ഹവ്വ' തിയറിയുടെ പിതാവ് എന്ന ഖ്യാതി തീര്‍ച്ചയായും അലന്‍ വിത്സണും ഡഗ്ലസ് വാലസിനും അര്‍ഹതപ്പെട്ടതാണ്.

2. 'മൈറ്റോകോണ്ട്രിയല്‍ ഹവ്വ' എന്ന ഈ സിദ്ധാന്തം പൂര്‍ണമായും ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ടെന്നു പറയാനാവില്ല. ഈ സിദ്ധാന്തത്തിലെ ചില പ്രശ്നങ്ങള്‍ (സ്റ്റീഫന്‍ ഓ ബ്രയനും മില്ഫോഡ് വൂള്‍പോഫും ചൂണ്ടിക്കാട്ടിയവ) ഇവയാണ് :

a) നമ്മുടെ പൂര്‍വികരുടേതെന്നു ഈ തിയറിയില്‍ അവകാശപ്പെടുന്ന പ്രാചീനമായ
മൈറ്റോകോണ്ട്രിയല്‍ ജനിതകവ്സ്തു കാലത്തിന്റെ പാരിണാമിക കുത്തൊഴുക്കില്‍
നഷ്ടപ്പെട്ടിട്ടുണ്ടാകാം- വിശേഷിച്ച് മനുഷ്യസമൂഹങ്ങളുടെ ജനസംഖ്യ തീരെച്ചെറുതാകുന്ന
മഹാമാരി/പ്രകൃതിക്ഷോഭം തുടങ്ങിയ അവസരങ്ങളില്‍.

b) പ്രകൃതി നിര്‍ധാരണം വഴി ഭാഗ്യവശാല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും mt-DNA
യാകാം ആഫ്രിക്കന്‍ വേരുകളുള്ള അലന്‍ വിത്സന്റെ 'മൈറ്റോകോണ്ട്രിയല്‍ ഹവ്വ'.
യഥാര്‍ത്ഥ Most recent mitochondrial ancestor ഇതാകണമെന്നില്ല എന്നര്‍ത്ഥം.

3. എന്നാല്‍ ഈ സിദ്ധാന്തം Noah's Ark തിയറി, Candelabra തിയറി എന്നീ രണ്ടു വിരുദ്ധ സിദ്ധാന്തങ്ങളുടെ യുദ്ധത്തിന്റെ ഉപോല്‍പ്പന്നമാണ് എന്ന രസകരമായ ഒരു സംഗതികൂടിയുണ്ട്.

ഇന്നു കാണുന്ന മനുഷ്യസമുദായങ്ങളെ പരിണാമത്തിന്റെ ഏറ്റവും ആദ്യപടിയില്‍ തന്നെ നിര്‍ത്താനും ഓരോ സമുദായത്തിനും സ്വന്തമായ ഒരു ഹോമോ സാപ്പിയന്‍ (ആധുനിക മനുഷ്യന്‍) പൂര്‍വികനായി ഉണ്ടായിരുന്നു എന്നു സമര്‍ത്ഥിക്കാനും മുന്നോട്ടു വയ്ക്കപ്പെട്ട -രാഷ്ട്രീയ/സാംസ്കാരിക പ്രേരിതം എന്നുതന്നെ പറയാവുന്ന - സിദ്ധാന്തമാണ് Candelabra തിയറി. ഇതനുസരിച്ച് യൂറൊപ്പിലും ആ‍ഫ്രിക്കയിലും ഏഷ്യയിലും ഓരോ ആദിപൂര്‍വിക മനുഷ്യവര്‍ഗ്ഗം സ്വതന്ത്രമായി പരിണമിക്കുകയും അവ സ്വതന്ത്രമായി തന്നെ ആധുനിക മനുഷ്യന്മാരായി ഉരുത്തിരിയുകയും ചെയ്തുവത്രെ.

ഈ തിയറിയുടെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ വ്യക്തമാണ് - മനുഷ്യസമുദായങ്ങള്‍ സമാനരല്ല, അവര്‍ വ്യത്യസ്ഥ വര്‍ഗ്ഗങ്ങളായി തന്നെ ആദിപൂര്‍വികരില്‍ നിന്നും ഉരുത്തിരിഞ്ഞവരാണ്, ബൌദ്ധികവും സാംകാരികവുമായ മേഖലകളിലും ഇതേ ഈഷദ് വ്യത്യാസങ്ങളുണ്ട്. സ്വാഭാവികമായും Candelabra തിയറി സാമുദായിക ഉച്ചനീചത്വങ്ങള്‍ പ്രകൃത്യാതന്നെ നിലനില്‍ക്കുന്നതും ന്യായീകരിക്കപ്പെടേണ്ടതുമാണ് എന്ന വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകാരുടെ കണ്ണിലുണ്ണിയാണ് - എന്നും. (ഈ Candelabra സിദ്ധാന്തത്തെ വലിച്ചു നീട്ടിയാല്‍ കറുത്തവര്‍ഗ്ഗക്കാര്‍ ബുദ്ധികുറഞ്ഞവരാണ്, അടിമകളാകാനാണ് ആദിവാസികള്‍ക്ക് യോഗ്യത എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുതല്‍ പരിണാമസിദ്ധാന്തത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും എതിരായതുകൊണ്ട് അവശവിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത് പ്രകൃതിവിരുദ്ധമാണ് എന്നുവരെയുള്ള ആശയങ്ങള്‍ കിട്ടും)

എന്നാല്‍ ഫോസില്‍ ഖനനങ്ങളും genetic drift പോലുള്ള ആധുനിക ജനിതകവിശകലനങ്ങളും Candelabra തിയറിയെ പിന്തുണയ്ക്കുന്നില്ല. ഇവിടെയാണ് Noah's Ark സിദ്ധാന്തമെന്നും Garden of Eden സിദ്ധാന്തമെന്നും ഒടുവില്‍ Eve സിദ്ധാന്തമെന്നും നരവംശ ശാസ്ത്ര വൃത്തങ്ങളില്‍ പ്രസിദ്ധമായ ആധുനിക കാഴ്ചപ്പാടിന്റെ പ്രസക്തി.

Noah's Ark സിദ്ധാന്തമനുസരിച്ച് ആഫ്രിക്കയില്‍ തന്നെയാണ് ഹോമോ ഇറക്ടസ് എന്ന ആദിപൂര്‍വികന്റെ ഉല്പത്തി. ഈ വര്‍ഗ്ഗം ഏതാണ്ട് 5 ലക്ഷം വര്‍ഷങ്ങളുടെ പരിണാമത്തിനു വിധേയമായി പ്രാകൃത സാപ്പിയന്‍സ് വര്‍ഗ്ഗത്തിനു വഴിവച്ചു. ഈ ആര്‍കെയിക് സാപ്പിയന്‍ പിന്നീട് ആധുനിക മനുഷ്യനായ ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സിനും വഴിനല്‍കി. ആധുനിക മനുഷ്യന്‍ ആഫ്രിക്കയിലെ ഉല്പത്തി പ്രദേശങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ് സഞ്ചരിച്ച് യൂറോപ്പിലേയ്ക്കും മധ്യപൂര്‍വ്വേഷ്യ വഴി ഏഷ്യയിലേക്കും കുടിയേറി. ഈ കുടിയേറ്റത്തിനിടെ അവര്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ നിയാണ്ടര്‍ത്താല്‍ മനുഷ്യനടക്കമുള്ള പ്രാചീന മനുഷ്യ രൂപമുള്ള ആദിമ വര്‍ഗ്ഗങ്ങളെ ബന്ധുത്വം വഴി സ്വാംശീകരിക്കുകയോ ആക്രമണങ്ങള്‍ വഴി ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നും അനുമാനിക്കപ്പെടുന്നു.

(നിയാണ്ടര്‍താല്‍ മനുഷ്യന്‍, ആറാ‍ഗോ മനുഷ്യന്‍, പെട്രലോണ മനുഷ്യന്‍, സ്റ്റെയിഹെയിം മനുഷ്യന്‍ എന്നിങ്ങനെയുള്ള Homo erectus ഗണത്തില്‍പ്പെടാത്ത പ്രാചീന മനുഷ്യവര്‍ഗ്ഗങ്ങളെ പരിണാമത്തിന്റെ കുത്തൊഴുക്കില്‍ ഹോമോ സാപ്പിയനുകള്‍ വിഴുങ്ങുകയാണുണ്ടായത് എന്ന് ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ടെങ്കിലും ഇത് ഗോത്രയുദ്ധങ്ങളിലൂടെയുള്ള ഉന്മൂലനമായിരുന്നോ അതോ വൈവാഹിക ബന്ധവും മറ്റും വഴി ക്രമേണയുള്ള ലയനമായിരുന്നോ എന്നകാര്യങ്ങള്‍ ഇന്നും വിവാദമുക്തമല്ല.)ഇത്തരമൊരു മഹാ കുടിയേറ്റത്തിന്റെ തെളിവുകള്‍ മധ്യപൂര്‍വേഷ്യയില്‍ പലയിടത്തായി ഖനനം ചെയ്തു കിട്ടിയിട്ടുണ്ട്. ഇസ്രയേലിലെ നസ്രേത്തിനടുത്തിലെ ജബല്‍ ഖാഫ്സേ ഖനന സ്ഥലം ഒരുദാഹരണം.

Noah's Ark സിദ്ധാന്തത്തിനു ശാസ്ത്രീയമായ പിന്തുണ മാത്രമല്ല രാഷ്ട്രീയ പിന്തുണയും ലഭിച്ചു. സ്റ്റീഫന്‍ ജേയ് ഗൂള്‍ഡിനെപ്പോലെ പ്രത്യക്ഷമായിത്തന്നെ left liberal ആഭിമുഖ്യം പ്രകടിപ്പിച്ച പരിണാമ ശാസ്ത്രജ്ഞര്‍ ഈ സിദ്ധാന്തത്തെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഏകത്വത്തിനുള്ള തെളിവായിട്ടാണ് ഉയര്‍ത്തിക്കാട്ടിയത്. ഇന്ന് മൈറ്റോകോണ്ട്രിയന്‍ ഹവ്വ എന്ന സൈദ്ധാന്തിക മാതാവിലൂടെ ലക്ഷക്കണക്കിനു മൈലുകള്‍ക്കപ്പുറം കിടക്കുന്ന സംസ്കാരങ്ങള്‍ ഒന്നിക്കുമ്പോഴും അതുതന്നെയാണ് നമുക്കോര്‍ക്കാനുള്ളത് - " We are one species, we are one people " (Origins by Richard Leakey)

March 30, 2008 5:28 AM

ഈ കുറിപ്പിലെ എന്റെ മൂന്നാമത്തെ കമന്റ് (ഡാലിച്ചേച്ചിയുടെയും മറ്റും സംശയങ്ങള്‍ക്ക്):

രാഷ്ട്രീയത്തിലേക്കുള്ള ഏറ്റവും നല്ല പാത ശാസ്ത്രമാണ് എന്നാണ് എന്റെ തോന്നല്‍. കാരണം അതു വിശ്വാസത്തിന്റെ പുറത്ത് ചാഞ്ചാടുന്നില്ല, Objectivity-യിലാണ് ഉറച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെയത്രയും convincing ആയ politics മറ്റൊന്നിനില്ല.

ഇവിടെ കമന്റുകളില്‍ ചര്‍ച്ചയ്ക്കു വന്ന ചില വിഷയങ്ങളിലെ അഭിപ്രായം :

1. മൈറ്റോകോണ്ട്രിയല്‍ പൂര്‍വികയെക്കുറിച്ചു ചിലത് :

മൈറ്റോകോണ്ട്രിയല്‍ ഹവ്വ (ഈവി എന്ന് സായിപ്പ്) എന്നത് ഒരു സൌകര്യാര്‍ത്ഥമുള്ള പേരു മാത്രമാണ്. ഇന്ത്യാക്കാരന്‍ ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവായിരുന്നതെങ്കില്‍ ആദിമാതാവ് എന്നോ ആദത്തിനു പകരം ദക്ഷപ്രജാപതിയെന്നൊ പേരിടും. അത്രേയുള്ളൂ ഈ ‘ഹവ്വ’ എന്ന വിളിപ്പേരിന്റെ സാംഗത്യം.

മൈറ്റോക്കോണ്ട്രിയല്‍ “ഹവ്വാദേവി” എന്നത് നമ്മുടെ ഏറ്റവും അടുത്ത രൂപപരമായ (anatomical) പൂര്‍വിക അല്ല. ജനിതകമായി ബന്ധമുള്ള ഏറ്റവുമടുത്ത പൂര്‍വികയുമല്ല! അവള്‍ മാതൃകമായി കിട്ടുന്ന ജനിതകവസ്തു പേറുന്ന ആദ്യ പൂര്‍വിക മാത്രമാണ് - അതായത്, പൈതൃകമായി (പിതാവില്‍ നിന്നും) കിട്ടുന്ന ജനിതകവസ്തുവച്ചു നോക്കിയാലോ, ശാരീരികമായ ഘടകങ്ങള്‍ വച്ചു നോക്കിയാലോ വേറെ പൂര്‍വികതന്തമാരും തള്ളമാരും ലക്ഷക്കണക്കിനു കാണും എന്ന് !

മൈറ്റോക്കോണ്ട്രിയല്‍ ഹവ്വാമ്മച്ചി സാങ്കല്പികമായ ഒരു പൂര്‍വികയുടെ ഏകദേശ ബിംബമാണ്. അങ്ങനെയൊരു ഒറ്റപ്പെട്ട വ്യക്തി ജീവിച്ചിരുന്നുവെന്നതിനു ഫോസില്‍ തെളിവുകള്‍ ഇതുവരെ ഇല്ല. അത്തരമൊരു പൂര്‍വ്വിക സ്ത്രീയിലേക്ക് നമ്മുടെയൊക്കെ മൈറ്റോക്കോണ്ട്രിയയിലെ ജനിതകവസ്തുവിനെ പിന്നോട്ട് track ചെയ്യാം എന്നുമാത്രമേ ഈ ആശയത്തിനു അര്‍ത്ഥം കല്പിക്കേണ്ടൂ.

ആന്ത്രപ്പോളജിക്കാരും ആര്‍ക്കിയോളജിസ്റ്റ് അണ്ണന്മാരും അണ്ണികളും ആഫ്രിക്കയിലെ മൂന്നു സ്ഥലങ്ങളെയാണ് ഇത്തരത്തിലുള്ള ഒരു പൂ‍ര്‍വിക വല്യമ്മൂമ്മ ഗോത്രം ഉരുത്തിരിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതായി mark out ചെയ്തിരിക്കുന്നത്.

ഈ വല്യമ്മൂമ്മയുടെ മൈറ്റോക്കോണ്ട്രിയല്‍ ജനിതകവസ്തു ഇന്നും ഏതാണ്ടെല്ലാ ആധുനിക മനുഷ്യരിലും കാണാം എന്ന് ആത്യന്തികമായി പറയാം. മോളീക്യുലാര്‍ ക്ലോക്ക് സാങ്കേതികവിദ്യയിലൂടെ ഇങ്ങനെ “പിന്നോട്ടു തപ്പല്‍” നടത്തുന്നതുകൊണ്ടാണ് ആദം അപ്പൂപ്പന്‍ ഹവ്വ അമ്മൂമ്മയേക്കാള്‍ late ആയി സീനില്‍ വരുന്നത് എന്ന് നമുക്ക് കാണാനാവുന്നത്. സത്യത്തില്‍ ഇപ്പോഴുള്ള മനുഷ്യരിലെ Y-ക്രോമസൊമിന്റെ ജനിതകഘടകങ്ങള്‍ തപ്പിനോക്കി പിന്നോട്ടുപിന്നോട്ടു പോയാല്‍ അതില്‍ ഒരു പൂര്‍വികന്‍ തന്തപ്പടിയുടെ പൊട്ടും പൊടിയും കാണാം എന്നതുമാത്രമാണ് അത്തരമൊരു ആദം/ദക്ഷപ്രജാപതി പൂര്‍വികനെ സങ്കല്‍പ്പിക്കാനുള്ള കാരണം.

ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു backward mathematical extrapolation-ന്റെ സൃഷ്ടിയാണ്. അല്ലാതെ ആദ്യമാതാവെന്നോ ആദ്യ പിതാവെന്നോ ഉള്ള ഒരു മിഥോളജിക്കല്‍ സങ്കല്പത്തിന്റെയും സ്ഥിരീകരണമല്ല. ആദം എന്നും ഹവ്വ എന്നുമുള്ള പേരുകളെ നീലാണ്ടനെന്നും പങ്കജാക്ഷിയെന്നും മാറ്റി വിളിച്ചാലും വസ്തുതാപരമായി യ്ത്രൌ വ്യത്യാസവുമുണ്ടാവാനും പോകുന്നില്ല :)

മൈറ്റോക്കോണ്ട്രിയല്‍ ഹവ്വാമ്മൂമ്മയുടെ കൂടെ ആ ഗോത്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ മൈറ്റോക്കോണ്ട്രിയയിലെ ജനിതകവസ്തുവിന്റെ പൊട്ടും പൊടിയും ഇന്നു ജീവിച്ചിരിക്കുന്ന (ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ്) മനുഷ്യരില്‍ കാണുന്നില്ല എന്ന കാരണത്താല്‍ , ഹവ്വാമ്മൂമ്മയ്ക്കു മാത്രമേ കൊച്ചുങ്ങളുണ്ടായുള്ളൂ എന്നും ബാക്കിയുള്ളോരുടെ പിള്ളാരൊന്നും പിഴച്ചില്ല എന്നും interpret ചെയ്യാനാവില്ല. ഹവ്വാമ്മൂമ്മയുടെ കൂടെയുള്ള സ്ത്രീകളും പലരീതിയില്‍ പില്‍ക്കാലതലമുറകളിലേക്ക് തങ്ങളുടെ ജനിതകവസ്തു നല്‍കിയിരിക്കാം - അവ കാലക്രമേണ (2 ലക്ഷം വര്‍ഷങ്ങള്‍) പലവഴിക്കും പിരിഞ്ഞു പോയിട്ടുണ്ടാകാം, ചിലപ്പോള്‍ വംശങ്ങള്‍ തന്നെ കുറ്റിയറ്റുപോകാം - നമ്മുടെ പല ആദിവാസി ഗോത്രങ്ങളും ഉദാഹരങ്ങങ്ങളാണല്ലോ.

കൂട്ടത്തില്‍ ഇത്രയും കൂടി :- നമുക്ക് ഹവ്വാമ്മൂമ്മയും ആദം അപ്പൂപ്പനും ഉള്ളതുപോലെ പല ജന്തുജാതികള്‍ക്കും ഇതുപോലുള്ള ജനിതകപൂര്‍വ്വികരും ശരീരഘടനാ പൂര്‍വ്വികരും ഉണ്ട്. അക്കാന്തോസ്റ്റേഗ എന്ന നാല്‍ക്കാലി മത്സ്യം ഇന്നു കരയില്‍ ജീവിക്കുന്ന നാല്‍ക്കാലി/ഇരുകാലി ജന്തുക്കളുടെയോക്കെ അനാട്ടമിക്കല്‍ പൂര്‍വികന്‍ ആണെന്നു പാലിയന്റോളജിസ്റ്റുകള്‍ ഏതാണ്ട് തീര്‍ച്ചയാക്കിയിട്ടുണ്ട്.

2. പ്രകൃതി നിര്‍ദ്ധാരണം, സര്‍വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ് എന്നിവയെക്കുറിച്ച് ഒരല്‍പ്പം :

പരിണാമത്തെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കാണുന്ന വാക്യമാണ് ശക്തന്റെ വിജയം, അല്ലെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (SURVIVAL OF THE FITTEST) എന്നത്. ഇവിടെ ശക്തന്റെ വിജയമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിജീവനസാധ്യതയെയാണ്.

ശക്തി എന്നത് ശാരീരികശക്തിയായി തെറ്റിദ്ധരിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ശക്തിയെന്നതുകൊണ്ടുദ്ദേശിക്കുന്നത് പരിതഃസ്ഥിതിയോടിണങ്ങാനുള്ള കഴിവിനെയാണ്. അന്ധരുടെ ലോകത്ത് കാഴ്ചയാണ് ശക്തി; മരച്ചില്ലകളില്‍ വസിക്കുന്ന ജീവികളുടെ ലോകത്ത് ഭാരക്കുറവാണു (light weight) ശക്തി; രോഗസാധ്യത കൂടുതലുള്ളവരുടെ ലോകത്ത് പ്രതിരോധശേഷിയാണ് (immunity) ശക്തി !

ശാരീരിക ശക്തിയും ഒരു അനുകൂലഗുണമായി വരുന്ന ഘട്ടങ്ങളുണ്ട്. ഉദാഹരണത്തിന് സിംഹങ്ങളുടെയോ കടുവകളുടെയോ ഒരു സമൂഹത്തില്‍ ശക്തനായ വ്യക്തി മികച്ച ജീനുകളുടെ ഒരു കൂട്ടത്തെ- പ്രകൃതിയാല്‍ തെരഞ്ഞെടുക്കപ്പെട്ട ജീനുകളുടെ ഒരു സംഘാതത്തെ- പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ പെണ്‍സിംഹങ്ങളും പെണ്‍കടുവകളും വംശം നിലനിര്‍ത്താന്‍ അത്തരം ആണുങ്ങളെ തെരഞ്ഞെടുക്കുന്നു.വലിയ പീലിക്കണ്ണും, അതു നിവര്‍ത്തി നിര്‍ത്തുമ്പോഴുള്ള വലിപ്പവുമാണ് ആണ്‍മയിലിനെ ആകര്‍ഷണീയനാക്കുന്നത്. വലിപ്പവും നിറവും കൂടുതലുള്ള പീലികള്‍ ആരോഗ്യത്തെയും, രോഗാണുക്കളുടെ അഭാവത്തെയും പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ടാണിത്. വലിയകൊമ്പുകളാണ് കലമാനിന്റെയും റെയ്ന്‍ഡിയറുകളുടെയും മറ്റും ആകര്‍ഷണീയത. എന്തിനധികം പറയുന്നു. ചിലയിനം പെണ്‍ എലികള്‍ക്ക് ആണ്‍ എലികളില്‍ ജനിതക വൈകല്യങ്ങളുണ്ടോയെന്നു വരെ തിരിച്ചറിയാനാവുമെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട് !

ശക്തി അഥവാ ആകര്‍ഷണീയത എന്നത് ആണിനെ തെരഞ്ഞെടുക്കാനുള്ള പെണ്ണിന്റെ അളവുകോല്‍ മാത്രമാണെന്നു മേല്‍പ്പറഞ്ഞതില്‍ നിന്നും ധരിക്കരുത്. പൂന്തേനും പൂമ്പൊടിയും തേടി വരുന്ന വണ്ടുകളെയും തേനീച്ചകളെയും ആകര്‍ഷിക്കുന്ന പൂവുകളുടെ നിറവും മണവുമൊക്കെ ഇത്തരത്തിലുള്ള ശക്തികളാണ്. തേനീച്ചകള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ കാണാനാകും. അതുകൊണ്ടുതന്നെ നമമള്‍ മനുഷ്യര്‍ക്ക് മഞ്ഞയായിത്തോന്നാവുന്ന പൂവിതളുകള്‍ യഥാര്‍ത്ഥത്തില്‍ ഇളം നീല നിറത്തിലുള്ളവയായിട്ടാണ് തേനീച്ചകള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പരാഗണം നടക്കുന്ന ചെടികളുടെ പൂക്കളധികവും മഞ്ഞയാണ്.

3.സ്ത്രീകളും പുരുഷന്മാരും പരിണാമത്തില്‍ :(ഡാലിച്ചേച്ചിയുടെ സംശയം)

സുകുമാര്‍ അഴീക്കോടിന്റെ ആ ലേഖനഭാഗം സ്കൂളില്‍ (ഒമ്പതാം ക്ലാസ്) വായിച്ചതായി ഓര്‍ക്കുന്നു. അതില്‍ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നത് എന്നത് മൃഗങ്ങളെസംബന്ധിച്ചിടത്തോളം ശരിയാണ് എങ്കിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റാണ്. സിംഹങ്ങളെപ്പോലുള്ള പല സാമൂഹിക ഹിംസ്രജീവികളിലും പെണ്ണുങ്ങള്‍ വേട്ടയാടി ആണുങ്ങള്‍ക്കുകൂടി തിന്നാന്‍ കൊടുക്കേണ്ടിവരാറുണ്ട്. മറിച്ച് ആണുങ്ങള്‍ ആ സമുദായത്തെ പുറമേനിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുകയും, ഒപ്പം വംശവൃദ്ധിക്കുള്ള ജീനുകള്‍ സംഭാവനചെയ്യുകയും ചെയ്യുന്നു.

മനുഷ്യനില്‍ ആണുങ്ങള്‍ തന്നെയാണ് വേട്ടയാടിയിരുന്നതും വംശത്തെ രക്ഷിച്ചിരുന്നതും. സ്ത്രീകള്‍ കുഞ്ഞുങ്ങളെ പരിപാലിക്കലും ഗൃഹനിര്‍മ്മാണം, അലങ്കാരം ബന്ധുമിത്രാദികളെ പ്രീണിപ്പിച്ച് നിര്‍ത്തല്‍ തുടങ്ങീയ softskills ആണ് വികസിപ്പിച്ചത്. വാചകമടിയില്‍ സ്ത്രീകളുടെ മസ്തിഷകം മുന്നില്‍ നില്ക്കുന്നതും മറ്റൊന്നുകൊണ്ടല്ല.

(ഇന്ന് ഷോപ്പിംഗില്‍ നാം കാണുന്ന ആണ്‍ പെണ്‍ വ്യത്യാസം ഇതിന്റെ പ്രതിഫലനമാണ്- ആണുങ്ങള്‍ സാധനങ്ങളുടെ ക്വാളിറ്റി,നിറം,മണം ഗുണം എന്നിവയില്‍ അത്രകണ്ട് ശ്രദ്ധാലുക്കളല്ല. അവര്‍ ഷോപ്പിംഗിനു പൊതുവേ അധികം സമയമെടുക്കാറുമില്ല. ഇത് പ്രാചീനമായ ആ killer/hunter instinct ആണ്.കാര്യം നേടുക, വേഗം സ്ഥലം വിടുക എന്ന വാഞ്ഛ. അതേസമയം സ്ത്രീകളുടെ വിശദമായ ഷോപ്പിംഗ് രീതികള്‍ പ്രാചീനമായ gatherer/collector instinct ആണ് വെളിവാക്കുന്നത്.)

പരിണാമപരമായി നോക്കിയാല്‍ സ്ത്രീ കൂടുതല്‍ അഡ്വാന്‍സ്ഡ് ആണ് പല കാ‍ര്യത്തിലും. അസുഖങ്ങളില്‍ നിന്നും - അതു ജനിതക രോഗങ്ങളായാലും ഇന്‍ഫക്ഷന്‍ പോലുള്ള ആര്‍ജ്ജിത രോഗങ്ങളായാലും - സ്ത്രീകള്‍ കൂടുതല്‍ മുക്തരാണ്. ബന്ധുമിത്രാദികളുടെ മരണം, നഷ്ടങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവയെ അതിജീവിക്കാനുള്ള മാനസിക ഉന്നതി സ്ത്രീക്കാണ് കൂടുതല്‍. സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവും കൂടുതലാണ്. ശരീരത്തില്‍ കൊഴുപ്പിന്റെ വിസ്ഥാപനം വച്ചുനോക്കുമ്പോള്‍ പട്ടിണിയെ കൂടുതല്‍ നേരിടാന്‍ സ്ത്രീശരീരത്തിനു കഴിവുണ്ട് (മസിലു പെരുപ്പിച്ചിട്ടു കാര്യമില്ല മച്ചാന്മാരേ..എന്ന്!).

ഗര്‍ഭസ്ഥശിശുക്കളില്‍ നോക്കിയാല്‍ പെണ്ണുങ്ങള്‍ കൂടുതല്‍ നന്നായി വിപരീതസാഹചര്യങ്ങളെ നേരിടുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും (എന്നിട്ടും ചില ചെറ്റകള്‍ സ്കാന്‍ ചെയ്ത് കണ്ടുപിടിച്ച് പെണ്ണാണെന്നുകാണുമ്പോള്‍ ഗര്‍ഭം കലക്കും!). ശാരീരിക രോമം കുറയുന്നത് മനുഷ്യന്റെ പരിണാമത്തെ സംബന്ധിച്ചിടത്തോളം ഒരു “പുരോഗമന” മാറ്റമാണ്. ആ ഒരു കോണിലൂടെ നോക്കിയാ‍ല്‍ സ്ത്രീ വീണ്ടും അഡ്വാന്‍സ്ഡ് ആണ്. സര്‍വ്വോപരി, മനുഷ്യന്റെ ലോലമായ വികാരങ്ങളുടെയും അതുമായി ബന്ധപ്പെട്ട ബൌദ്ധികതയുടെയും emotional intelligence quotient അഥവാ EQ വിന്റെ അടിസ്ഥാനത്തില്‍ ആധുനിക മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ - അതും സാംസ്കാരികമായ പരിണാമത്തെ - നോക്കിയാല്‍ സ്ത്രീ വര്‍ഗ്ഗം പുരുഷവര്‍ഗ്ഗത്തേക്കാള്‍ മുന്നിലാണെന്നുകാണാം. (ഒരുപക്ഷേ നഗര സംസ്കാരത്തില്‍ പുരുഷന്മാരില്‍പ്പോലും macho പൌരുഷത്തെക്കാള്‍ സ്ത്രീത്വത്തിനു പ്രാധാന്യം കൂടുന്നത് ഇതിന്റെ ഒരു ലക്ഷണമാവാം.)
April 2, 2008 1:35 PM

3 comments:

 1. വിശുദ്ധ ഖുര്‍ ആനിനിലെ നാല്‍പത്തൊമ്പാതാം അധ്യായത്തിലെ ( സൂറത്ത്‌ അല്‍-ഹുജറാത്ത്‌ ) പതിമ്മൂന്നാം വാക്യത്തിന്റെ തുടക്കത്തില്‍ പറയുന്നു.

  "'ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സ്ര്യഷ്ടിച്ചിരിക്കുന്നു. '


  1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈ സത്യം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു..

  ചിന്തിക്കുന്നവര്‍ക്ക്‌ ദ്ര്യഷ്ടാന്തങ്ങളുണ്ട്‌ എന്ന ഖുര്‍ ആന്‍ വചനം മനുഷ്യനെ ചിന്തിപ്പിക്കട്ടെ.. അതിലൂടെ കൂടുതല്‍ സത്യങ്ങള്‍ അനാവരണം ചെയ്യപ്പെടട്ടെ..

  ReplyDelete
 2. ഹെന്‍റമ്മച്ചീ.. സൂരജ്‌ജീ.. ലതു പോയ പോക്കു കണ്ടോ?

  ReplyDelete
 3. പാമരാ..
  മനസ്സിലായി..
  പക്ഷെ താങ്കള്‍ക്ക്‌ മനസ്സിലാവാത്ത ഒന്നുണ്ട്‌.. അതിനെ പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കുക..

  കമന്റുകളില്‍ അഭിപ്രായവിത്യാസമുണ്ടായിരിക്കാം .അത്‌ സ്വാഭാവികം.. പക്ഷെ മുന്‍ വിധിയോടെ പരിഹാസം പതിവാക്കിയാല്‍ പാമരനായി തന്നെ ജീവിതം കഴിഞ്ഞുപോകും..


  ഓ.ടോ
  സൂരജ്‌,

  ഇവിടെ പല വിഷയങ്ങളിലും പ്രതികരിക്കുന്നവര്‍.. മുന്‍ വിധിയോടെ , പ്രതികാര ബുദ്ധിയോടെ യാണു പ്രത്യകിച്ചും ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടേയും കാര്യത്തില്‍ പ്രതികരിച്ചു കാണുന്നത്‌.. ദേശാഭിമാനികളായും ,സാസ്കാരിക നായകരായും, എന്തിനധികം നിരീശ്വര, നിര്‍മ്മത, യുക്തിവാദത്തിന്റെ വക്താക്കള്‍ അടക്കം ഒരേ രീതി തന്നെ .. ജബ്ബാര്‍ എന്ന യ്ക്തിവാദി തന്നെ ഒരു ഉദാഹരണം.

  അതില്‍ നിന്നു വിത്യസ്തമായി കാര്യങ്ങള്‍ കാരണ സഹിതം (പലതിലും താങ്കളോട്‌ വിയോജിപ്പുണ്ടെങ്കിലും ) പഠിക്കാന്‍ ശ്രമിക്കുകയും വിവേചനമില്ലാതെ അഭിപ്രായം പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നു താങ്കള്‍..

  ക്രിയാതമകമായി മുന്‍ വിധിയില്ലാതെ വിഷയങ്ങളുള്ള സമീപനം അഭിനന്ദനമര്‍ ഹിക്കുന്നു..

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)