CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 18, 2008

പരിണാമ സിദ്ധാന്തത്തെ തലകീഴായി നിര്‍ത്തുമ്പോള്‍ !

ശരീഖ് വെള്ളറക്കാടിന്റെ ശാസ്ത്രം, ദൈവം, ചില കണ്ടെത്തലുകള്‍ എന്ന ലേഖനത്തിലെ ഈ കമന്റാണ് ഈ പ്രതികരണത്തിനാധാരം. ( ആ പോസ്റ്റിന്റെ ശാസ്ത്രീയതയെ കുറിച്ച് പിന്നീടെഴുതാം എന്നു കരുതുന്നു. )


ഇത് അവിടെയിട്ട കമന്റ് :

സൂരജ് :: suraj said...

പ്രിയ ശരീഖ് ജീ,

ദൈവം എന്ന സങ്കല്‍പ്പത്തെയും ദൈവീക സൃഷ്ടികര്‍മ്മം എന്ന സങ്കല്പത്തിനും എതിരാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചിട്ടാണ് അങ്ങു പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നതെന്നാണ് അങ്ങയുടെ പല കമന്റുകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. (ഇനി, അങ്ങനെയല്ലെങ്കില്‍ എന്റെ മനസിലാക്കലിലെ പിഴവാണ് ക്ഷമിക്കുക)
അങ്ങനെയാണെങ്കില്‍ താങ്കള്‍ ഫിസിക്സിന്റെ നെടും തൂണായ ആപേക്ഷികതാ സിദ്ധാന്തം മുതല്‍ക്കാണ് എതിര്‍ത്തു തുടങ്ങേണ്ടത്. കാരണം പരിണാമ സിദ്ധാന്തത്തെക്കാള്‍ ഉച്ചത്തില്‍ ദൈവത്തെ തള്ളിപ്പറയുന്നവയാണ് റിലേറ്റിവിറ്റിയുടെയും മാറ്റര്‍-എനര്‍ജി പാരസ്പര്യത്തിന്റെയും സന്തതിയായി വന്നിട്ടുള്ള സിദ്ധാന്തങ്ങള്‍ എന്ന് അവയെ ആഴത്തില്‍ പഠിക്കുമ്പോള്‍ മനസിലാകും.

ഏതായാലും താങ്കളുടെ ആ വിശ്വാസങ്ങള്‍ എന്തോ ആവട്ടെ, തിരുത്താന്‍ ഞാനാളല്ല. അതില്‍ പരാതികളുമില്ല. വിശ്വാസ സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യം.

പക്ഷേ, താങ്കളുടെ ഈ വാചകം :
“Earnest Haeckel ( 1834-1919)ലിന്റെ "ontogeny recapitulate phylogeny" എന്ന വഞ്ചനപരമായ ചിത്രരചന മാത്രം മതി ഡാര്‍വ്വനിസം എന്ന അശാസ്ത്രീയ സിദ്ധന്തത്തിന്റെ മുഖം മൂടി വലിച്ചു കീറാന്‍..”
ശാസ്ത്രീയമായ ഒരടിസ്ഥാനവുമില്ലാത്തതാണ് എന്ന് ഓര്‍മ്മപ്പെടുത്തുവാ‍ന്‍ ആഗ്രഹിക്കുന്നു.

ചില പ്രാഥമിക സ്കൂള്‍ ടെക്സ്റ്റു ബുക്കുകളില്‍ ഹേയ്ക്കലിന്റെ ontogeny തിയറിയെ പരിണാമ സിദ്ധാന്തത്തിനെ പിന്താങ്ങുന്ന പത്തോ പന്ത്രണ്ടോ ഉദാഹരണങ്ങളിലൊന്നായി അച്ചടിച്ചു വചിട്ടുണ്ട്(ഞാന്‍ SSLCയിരുന്നപ്പോള്‍ പഠിച്ചതിലും).
അതു പൂര്‍ണ്ണമായും ശരിയല്ല.
ഹെയ്ക്കലിന്റെ തിയറിയനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണാവസ്ഥയില്‍ കാണുന്ന രൂപപരമായ പല ഘട്ടങ്ങളും മുന്‍ കാല ജീവികളുടേതിനു സമമാണ്. ഹേയ്ക്കല്‍ ഇതിനെ പരിണാമത്തിന്റെ തെളിവായി കണ്ടു. യഥാര്‍ത്ഥത്തില്‍ ഹോമിയോട്ടിക് ജീനുകള്‍ (Hox genes) എന്ന ജീന്‍ ശൃംഖലയുടെ പല ഘട്ടങ്ങളിലായുള്ള activation ആണ് ഭ്രൂണങ്ങളിലെ ഫൈലോജനിയുടെ ഈ ആവര്‍ത്തനത്തിനു കാരണം.

ഹേയ്ക്കലിന്റെ കാലത്ത് ഹോക്സ് ജീനുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നതിനാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തെറ്റി എന്നേയുള്ളൂ.(അദ്ദേഹത്തിന്റെ നിരീക്ഷണമല്ല വിശദീകരണമാണ് തെറ്റിയത് എന്നോര്‍ക്കുക).

ഹോക്സ് ജീനുകളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പരിണാമസിദ്ധാന്തത്തിലെ ഒട്ടനവധി തെറ്റിദ്ധാരണകള്‍ക്ക് തിരുത്തലായി എന്നുമാത്രമല്ല പല സംശയങ്ങള്‍ക്കും അറുതിവരുത്തുകയും പരിണാമസിദ്ധാന്തത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് പില്‍ക്കാല ചരിത്രം. കേ-റ്റി ബൌണ്ടറി എന്നറിയപ്പെടുന്ന ക്രിറ്റേഷ്യസ്-ടേര്‍ഷ്യറി ബൌണ്ടറി എന്ന പരിണാമ ചരിത്രത്തിലെ അഴിയാക്കുരുക്കിന് വിശദീകരണം കിട്ടിയത് ഹോക്സ് ജീനുകളില്‍ നിന്നാണ് എന്നത് ഒരുദാഹരണം.
വിവിധ ജീവികുലങ്ങളുടെ HOX ജീനുകളെ വച്ച് mapping നടത്തുമ്പോള്‍ ജന്തു പരിണാമത്തിന്റെ കുറെക്കൂടി പൂര്‍ണ്ണമായ ചിത്രം ചുരുള്‍ നിവര്‍ന്നു വരുന്നതും കാണാനാകും.

അതുകൊണ്ട് ഹേയ്ക്കലിനെ വച്ച് പരിണാമത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയക്കാരെ ചുണ്ടിക്കാട്ടി ജനാധിപത്യത്തിന്റെ കുറ്റം പറയുന്നതുപോലെയാണ്.

ശാസ്ത്രത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ശാസ്ത്രീയമായി ആഴത്തില്‍ പഠിച്ചിട്ടു വേണം എന്നൊരു അഭ്യര്‍ത്ഥന കൂടി. (ഹോമിയോട്ടിക് ജീനുകളെക്കുറിച്ചും ഭ്രൂണശാസ്ത്രത്തെ കുറിച്ചും പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ലൂയി വോള്‍പ്പെര്‍ട്ടിന്റെ Principles of development തോംസന്റെ On growth and Form എന്നീ പുസ്തകങ്ങള്‍ വായിക്കുന്നതു നന്നായിരിക്കും. ആദ്യത്തെ ഗ്രന്ഥം യൂണിവേഴ്സിറ്റി തലത്തിലെ ടെക്സ്റ്റാണ്. തുടക്കക്കാര്‍ക്ക് നല്ലത് രണ്ടാമത്തെ പുസ്തകമാണ്.)


ശരീഖ് ജീ യുടെ ഈ കമന്റിനുള്ള പ്രതികരണമാണ് താഴെ :


പ്രിയ ശരീഖ് ജീ,

"...ഞാനിവിടെ പറഞ്ഞകാര്യങ്ങള്‍ എന്റെ ജീവിത കാഴ്ചപാടയി വിലയിരുത്തണമെന്നും.."

ഈ വാചകത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വെള്ളെഴുത്തിന്റെ ബ്ലോഗ് പോസ്റ്റിലെ ചര്‍ച്ചയില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു എന്നതിനാലാണ് താങ്കളുടെ ആത്മീയതെയോ ജീവിത കാഴ്ചപ്പാടിനേയൊ ഞാന്‍ ചോദ്യം ചെയ്യാത്തത്. എന്റെ വാദങ്ങള്‍ ശാസ്ത്രത്തിന്റെ മേഖലയില്‍ മാത്രമാണ്.അതിനുപുറത്തുള്ളത് എന്റെ വിഷയമല്ല.

ശാസ്ത്രത്തിന്റെ മെഖല യുക്തിയുടേത് മാത്രമാണ്. ഈശ്വരനെന്ന സങ്കല്പം യുക്തിക്ക് കീഴൊതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ വിഷയവുമല്ല.ജ്യോതിശാസ്ത്രജ്ഞനായ പിയറി ലാപ്ലാസ് ഖഗോളങ്ങളുടെയും സൌരയൂഥത്തിന്റെയും ഭ്രമണത്തെക്കുറിച്ചു നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോട് വിശദീകരിക്കവെ നെപ്പോളിയന്‍ അദ്ദേഹത്തോടു ചോദിച്ചു : “ഇതിലെവിടെയാണ് ദൈവം വരുന്നത് ?”
ലാപ്ലാസ് ഉടന്‍ മറുപടി കൊടുത്തത് ഇങ്ങനെയാണ്: “എനിക്ക് ഇതുവിശദീകരിക്കാന്‍ ആ തിയറി വേണ്ട !”
ഇതുതന്നെയാണ് പരിണാമസിദ്ധാന്തം മുതല്‍ ആപേക്ഷികതാ സിദ്ധാന്തവും പ്രപഞ്ചത്തിന്റെ ബ്രേന്‍ തിയറിയും വരെയുള്ള ശാസ്ത്രവിശകലനങ്ങളുടെ അടിസ്ഥാന ലക്ഷ്യവും. പ്രകൃതിയെ വിശദീകരിക്കുമ്പോള്‍ അത് അതിഭൌതികമായ ഇടപെടലുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. ആ ഒഴിവാക്കലിന്റെ കാരണം ഏതെങ്കിലും ദൈവസങ്കല്പത്തോടുള്ള വിരോധമല്ല, മറിച്ച് ഒരു സംഗതിയെ വിശദീകരിക്കുമ്പോള്‍ ഏതെങ്കിലും പോയിന്റില്‍ വച്ച് ‘ഇതു ദൈവത്തിന്റെ കളിയാണ്’ എന്നുപറഞ്ഞ് നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ എന്താണ് അന്വേഷിക്കാനുണ്ടാവുക ? പ്രപഞ്ചഗോളങ്ങള്‍ കറങ്ങുന്നത് ദൈവത്തിന്റെ കളിയാണ് എന്നു വിശ്വസിച്ചും അതേക്കുറിച്ചു തിയറികളുണ്ടാക്കിയവരെ ചുട്ടുകൊന്നും പീഡിപ്പിച്ച് നിശബ്ദരാക്കിയും മനുഷ്യ ബുദ്ധിയെ അടക്കിവാണ മതസംഹിതകളെ ധിക്കരിച്ച് ശാസ്ത്രലോകം മുന്നോട്ടു പോയതുകൊണ്ടാണ് ന്യൂട്ടോണിയന്‍ മെക്കാനിക്സും റിലേറ്റിവിറ്റിയും മുതല്‍ സകല ശാസ്ത്രവിശകലനങ്ങളും ഉണ്ടായതെന്നോര്‍ക്കണം.
ആ മഹായാത്രയുടെ ഏതെങ്കിലും പോയിന്റില്‍ വച്ച് മനുഷ്യന്‍ ‘ഇതിനപ്പുറം വിശദീകരിക്കാനാവില്ല, അതു ദൈവത്തിന്റെ കളിയാണ്’ എന്നു സ്വയം സമാധാനിച്ചു പിന്തിരിഞ്ഞു നടന്നിരുന്നെങ്കില്‍ ഇന്നീകാണുന്ന ശാസ്ത്രസൌഭാഗ്യങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

പിന്നെ,
സ്വന്തം ഉപപത്തികള്‍ ന്യായീകരിക്കാന്‍ ഒരുപാടു കുടില ബുദ്ധികള്‍ ശാസ്ത്രത്തെ ദുരുപയോഗം ചെയ്തിട്ടുണ്ട്. മനുഷ്യനെ സെലക്ടീവ് ബ്രീഡിംഗ് നടത്തണമെന്നു വാദിച്ച ഗാലന്‍ മുതല്‍ ആര്യന്‍ വംശത്തിന്റെ ഔന്നത്യം പറഞ്ഞ് തനികൂ കണ്ടുകൂടാത്തവരെയോക്കെ കൊന്നുതള്ളിയ ഹിറ്റലര്‍ വരെ! ആ പാപങ്ങളുടെ പട്ടിക ശാസ്ത്രത്തിനുമേല്‍ കെട്ടിവയ്ക്കുന്നത് മതപുരോഹിതര്‍ നടത്തിയ രതിപീഡകളുടെ പാപം ദൈവത്തിനു മേല്‍ കെട്ടിവയ്ക്കുന്നതിനു തുല്യമാണ് !

ദൈവമെന്ന അതീത ശക്തിയില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഒരുപാടുണ്ട്. അവര്‍ക്കവരുടേതായ ആത്മീയ ന്യായങ്ങളുമുണ്ട്. അവരതിനെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കാറില്ല. പരിണാമ സിദ്ധാന്തത്തെ പ്രചരിപ്പിച്ചതില്‍ ഡാര്‍വിനോളം തന്നെ പങ്കുള്ള ആല്ഫ്രഡ് വാലസ് ഒരു ദൈവവിശ്വാസിയായിരുന്നു. ജീനുകളുടെ ഉല്പരിവര്‍ത്തനമാണ് (mutations) പ്രകൃതിനിര്‍ദ്ധാരണത്തിന്റെ കളിസ്ഥലം എന്ന് അന്നത്തെക്കാലത്ത് അറിയുമായിരുന്നില്ല. ആ പോയിന്റില്‍ സംശയങ്ങളുയര്‍ന്നിരുന്നപ്പോഴൊക്കെ ആല്ഫ്രഡ് വാലസ് ‘അത് ദൈവത്തിന്റെ ഇടപെടലാണ്’ എന്നായിരുന്നു പറഞ്ഞൊഴിഞ്ഞിരുന്നത്. (ഡാര്‍വിന്‍ പക്ഷേ വാലസുമായി ഇക്കാര്യത്തില്‍ വിയോജിച്ചിരുന്നു)

അനുബന്ധം:
പില്‍റ്റ് ഡൌണ്‍ ഫോസില്‍ ക്ഷിപ്ര പ്രശസ്തി ആഗ്രഹിച്ച ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ കൃത്രിമ സൃഷ്ടിയായിരുന്നു. എന്നുകരുതി നിയാന്‍ഡര്‍താല്‍ ഫോസിലുകളെ ആ കൂട്ടത്തില്‍ പെടുത്തി discredit ചെയ്യരുത്. പില്‍റ്റ് ഡൌണ്‍ ഫോസില്‍ കള്ളത്തരമാണെന്ന് ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത് ശാസ്ത്രലോകം തന്നെയാണ്. നിയാന്‍ഡര്‍താല്‍ മനുഷ്യന്‍ അത്തരത്തിലൊരു കൃത്രിമ സൃഷ്ടിയല്ല കേട്ടോ. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ ആദ്യ ഫോസില്‍ 1829-ലാണ് കിട്ടിയത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പുസ്തകമായി പ്രചരിച്ചുതുടങ്ങുന്നത് 1859-ലാണെന്നോര്‍ക്കണം!
അതിന്റെ 400-ഓളം അസ്ഥികള്‍ പലസ്ഥലങ്ങളില്‍ നിന്നായി പിന്നിട് കിട്ടിയിട്ടുണ്ട്.(പില്‍റ്റ് ഡൌണിന്റെ ഒറ്റ ഫോസിലേ ഉള്ളൂ-അതു കുരങ്ങിന്റെയും മനുഷ്യന്റെയും എല്ലുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു സങ്കരസാധനമായിരുന്നു)
March 19, 2008 9:15 PM

10 comments:

 1. സൂരജ്‌ജി,

  താങ്കളേപ്പോലുള്ളൊരാള്‍ ഈ ബൂലോകത്തുള്ളതൊരു അനുഗ്രഹം തന്നെ. ആവശ്യം വരുംബോള്‍ സയന്‍സിനെ എടുത്ത്‌ തങ്ങളുടെ വാദങ്ങളെ സപ്പോര്‍ട്‌ ചെയ്യാന്‍ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. എന്നിരിക്കിലും ഇതു വായിച്ചു തലതിരിഞ്ഞു പോകാന്‍ സാധ്യതയുള്ളവര്‍ക്ക്‌ ഈ മറുപടി ഗുണം ചെയ്യും തീര്‍ച്ച.

  ഒരു ഓ.ടോ. ചോദ്യം. നമ്മുടെ വളരെ കോംപ്ളക്സായ ഒരു ഇന്ദ്രിയമാണല്ലോ കണ്ണ്‌. പരിണാമ പ്രക്രിയയില്‍ കണ്ണെങ്ങനെ ഉരിത്തിരിഞ്ഞു വന്നു എന്നൊന്നു വിശദീ കരിക്കാമോ? ഒരു മാതിരിപ്പെട്ട എല്ലാ ജീവികളിലും കണ്ണുകള്‍ ഉണ്ട്. എത്ര കാലം കൊണ്ടായിരിക്കും ഇതു രൂപപ്പെട്ടത്? ഉരഗങ്ങള്‍ക്ക്‌ ശരീരതാപം കാണാന്‍ കഴിയുന്ന കണ്ണുകളാണുള്ളത്‌. എന്തുകൊണ്ട് 'വിസിബിള്‍ സ്പെക്ട്രം' തന്നെ നമുക്കു വിസിബിള്‍ ആയി? എന്തുകൊണ്ട്‌ ഇന്ഫ്രാ റെഡ്‌ വിസിബിള്‍ ആയില്ല? ഇരുട്ടത്ത് കാണാനുള്ള ശേഷി എന്തുകൊണ്ടു പരിണാമം മൂലം ഉണ്ടായില്ല? അതൊരു നിലനില്‍പിനെ സ്വാധീനിക്കുന്ന ഐറ്റം അല്ലേ?

  ഒരു സുഹൃത്തുമായി പരിണാമത്തെപറ്റി തര്‍ക്കമുണ്ടായപ്പോള്‍ പൊങ്ങി വന്ന ചോദ്യമാണിത്‌.. സഹായിക്കുമോ? നന്ദി..

  ReplyDelete
 2. ഇവല്യൂഷനെ ചോദ്യം ചെയ്യുന്നതിനായി ക്രിയേഷനിസ്റ്റുകള്‍ സാധാരണ ഉന്നയിക്കുന്ന വാദമാണ്‌ ഇന്റലിജന്റ് ഡിസൈന്‍ എന്നത്. മനുഷ്യന്റെ കണ്ണു പോലെ സങ്കീര്‍ണ്ണമായ ഒന്ന് എന്തിനുണ്ടായി, എങ്ങനെ ഉണ്ടായി എന്നതും ഈ-കോളി പോലെ ഒരു സൂക്ഷ്മ ജീവി ഇത്ര പെര്‍ഫക്റ്റ് ആയി എങ്ങനെ ഉരുത്തിരിഞ്ഞു എന്നതും സാധാരണ കേള്‍ക്കുന്ന ഉദാഹരണങ്ങളും. ഇതു രണ്ടിന്റെ കാര്യത്തിലും ശാസ്ത്രലോകത്തിനു ആശയക്കുഴപ്പമൊന്നുമില്ല.

  ഒരു സെറ്റ് തീയറി ഇതാ:
  ആയുധപ്പന്തയം ശരീരത്തിനു പല സവിശേഷതകളും നേടിത്തന്നതിലൊന്നാണ്‌ നയനായുധം. ഭക്ഷണം കണ്ടെത്താന്‍ വെളിച്ചം സഹായിക്കുമെന്നതിനാല്‍ ഏകകോശജീവിതകാലത്തു തന്നെ വെളിച്ചം സെന്‍സ് ചെയ്യുന്ന ഫോട്ടോറിസപ്റ്റര്‍ സെല്ലുകള്‍ (ഐ സ്പോട്ട്) രൂപപ്പെട്ടു. ഇവ കണ്ണിന്റെ ആദ്യമാണ്‌ (ബ്ലൂ ഗ്രീന്‍ ആല്‍ഗേ പോലുള്ള സൂക്ഷ്മജീവജാലങ്ങള്‍ക്ക് ഈ ഐ സ്പോട്ടുകള്‍ ഉണ്ട്) .

  ബഹു കോശ ജീവികള്‍ ആയി പുരോഗമിച്ചപ്പോല്‍ ഐ സ്പോട്ടുകള്‍ പുരോഗമിച്ച് ഐ കപ്പുകള്‍ ആയി പഴയകാല ഒച്ചുകളിലും ഇന്നു ജീവിച്ചിരിക്കുന്ന പല ജല ജന്തുക്കളിലും ഇതു കാണാം. ഇതോടെ ലൈറ്റ് മാത്രമല്ല ഡയറക്ഷനും കിട്ടാന്‍ തുടങ്ങി. ഐ കപ്പുകള്‍ പുരോഗമിച്ചതോടെ ഒരു കുഴിയിലൂടെ വെളിച്ചം കടത്തി ഭിത്തിയില്‍ പതിപ്പിക്കുന്ന പിന്‍ ഹോള്‍ ക്യാമറ കണ്ണുകള്‍ ആയി (ഇന്നത്തെ മൊളസ്കങ്ങള്‍ക്ക് പലതിനും ഈ കണ്ണാണ്‌) അതോടെ ഇരയെ ഫീല്‍ ചെയ്യാന്‍ തെണ്ടിത്തിരിയാതെ സ്പോട്ട് ചെയ്ത് അതിന്നടുത്തേക്കു നീങ്ങാമെന്നായി. മഹായുധമായ കണ്ണ് ഏതാണ്ട് ഫോം ആയി കഴിഞ്ഞു.

  അടുത്ത ലെവലില്‍ കണ്ണിന്റെ കുഴിക്കകത്തേക്ക് അഴുക്കു കയറാതെ മുന്നില്‍ ഒരു സുതാര്യ ചര്‍മ്മ്വും നടുക്ക് ദ്രാവകവുമായി. മുന്നിലെ കണ്ണാടി പരിണാമം കൊണ്ട് ലെന്‍സ് ആയി, ഫോക്കസ്സിങ്ങ് അപേര്‍ച്ചറുമായി.
  http://en.wikipedia.org/wiki/Evolution_of_the_eye ലളിതമായൊരു വിക്കി വിവരണമാണ്‌.

  ഇനി നമ്മുടെ ചോദ്യം: കണ്ണ് വളരെ സങ്കീര്‍ണ്ണവും പെര്ഫക്റ്റുമായ ഒരു ഡിസൈന്‍ അല്ലേ? ഇത് ഉണ്ടാക്കാന്‍ ഒരു ഇന്റലിജന്റ് ഡിസൈനര്‍ വേണ്ടേ?
  ഉത്തരം: കണ്ണ് നിസ്സാരമായ ഒരു തുടക്കത്തില്‍ നിന്നും സാമാന്യം സങ്കീര്‍ണ്ണമായത് എങ്ങനെയെന്ന് മുകളില്‍ കണ്ടു. കണ്ണിന്റെ ഡിസൈന്‍ പെര്‍ഫക്റ്റ് അല്ല. ഉദാഹരണത്തിനു കണ്ണ് ഒരു ബുദ്ധിമാനായ ആര്‍ക്കിട്ടെക്റ്റ് ഉണ്ടാക്കിയതാണെങ്കില്‍ ന്യൂറല്‍ റിസപ്റ്ററുകള്‍ റെറ്റിനയുടെ മുന്നില്‍ ഫിറ്റ് ചെയ്യുമായിരുന്നില്ല, പകരം പിന്നില്‍ വച്ച് സ്ക്രീന്‍ കൂടുതല്‍ മറവില്ലാത്തതഅക്കിയേനെ. അതിലും വലിയ അബദ്ധം ന്യൂറല്‍ വയറിങ്ങ് റെറ്റിനയുടെ ഉള്ളിലൂടെ അകത്തേക്കു പോകുന്നു എന്നതാണ്‌, സിനിമാ തീയറ്റര് നിര്‍മ്മിക്കുന്ന ജോലിക്കാരന്‍ എത്ര മണ്ടനായാലും അവന്‍ സ്ക്രീന്‍ തുരന്ന് അതിലൂടെ പുറത്തു നിന്നും അകത്തേക്ക് ഒരു വയര്‍ വലിക്കില്ല. ഇതുകൊണ്ട് ഒരു മില്ലീമീറ്ററോളം റെറ്റിനയില്‍ ബ്ലൈന്‍ഡ് സ്പോട്ട് വീണു പോയി. വിഢിത്തം പറ്റിയ ഒരു ഡിസൈന്‍ ആണ്‌ കണ്ണ്!

  രണ്ടാമത്തെ ചോദ്യം:
  എന്തുകൊണ്ട് ചില രശ്മികള്‍ കാണാതെ പോകുന്നു?
  കണ്ണുകളുണ്ടായസമയത്ത് ജീവന്‍ ജലത്തിലായിരുന്നു. ജലത്തില്‍ അരിച്ചു പോകാതെ കടക്കുന്ന രശ്മികള്‍ എല്ലാ ജീവികള്‍ക്കും (മനുഷ്യനും) കാണാനായി. എന്നാല്‍ സൂക്ഷ്മമായി ഇര തേടുന്ന, അതും ദൂരെ നിന്നും താഴോട്ടു നോക്കി ചെറു സാധനങ്ങള്‍ കണ്ടുപിടിക്കുന്ന പക്ഷികള്‍ക്കും മറ്റും ഇത് മനുഷ്യനെപ്പോലെ അലഞ്ഞു നടന്ന് ഇര തേടുന്ന ജന്തുക്കളെക്കാള്‍ മെച്ചപ്പെട്ടു. സാധാരണ ലൈറ്റ് കിട്ടാത്ത സമയത്തും ഇടങ്ങളിലും hunt cheyth ജീവിക്കുന്നവയ്ക്ക് റോഡോസ്പിന്‍ പിഗ്മെന്റുകള്‍ നിറം മാറ്റി ഇന്‍ഫ്രാറെഡുകള്‍ കാണാന്‍ പ്രാപ്തമാക്കി. കണ്ണ് ഒന്നായി തുടങ്ങി സാഹചര്യം അനുസരിച്ചു ഡെവലപ്പ് ആയി.

  ReplyDelete
 3. ശ്ശോ...അടങ്ങിയൊതുങ്ങി ഒരു വിശ്വാസിയായി കാലക്ഷേപം ചെയ്തേക്കാമെന്നു വച്ചാല്‍ ഇവമ്മാരു സമ്മതിക്കുകേലല്ലോ.പ്രിയ സുഹൃത്തുക്കളേ വിശ്വാസിക്ക് ശാസ്ത്ര വാദിയേക്കാള്‍ അല്പം സമാധാനമുണ്ടെന്നു തോന്നുന്നു.കുറേ കാര്യങ്ങള്‍ക്കു നേരെ ദൈവഹിതമെന്നു പറഞ്ഞു കണ്ണടയ്ക്കാം.ദൈവം കണ്ണുണ്ടാക്കി എന്നു പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീലില്ല.നിങ്ങള്‍ കണ്ണുതുരന്ന് അതിന്റെ വയറിങ്ങും,പ്ലമ്പിഗും വരെ വലിച്ചു പുറത്തിടുന്നു,പോരാതെ വയറിംഗു ശരിയല്ല തുടങ്ങിയ അഭിപ്രായങ്ങളും, എനിക്കിതു സഹിക്കാന്‍ വയ്യേ.പാവം ദൈവന്‍ യെന്തരെല്ലാം കേക്കണവോ യെന്തോ!.‍

  ReplyDelete
 4. പ്രിയ സൂരജ്
  ഇത്തരം പോസ്റ്റുകളില്‍ നിങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി.

  ദേവേട്ടാ..
  കണ്ണിന്‍റെ വയറിംങ്ങ് കലക്കി.

  ReplyDelete
 5. It is a common practice among the creationists to criticizes evolution theory on the ground that the so called “Social Darwinism” being used or interpreted as being used in some mischiefs in the past. These groups either fails to differentiate the philosophical point of “Social Darwinism’ with biologically inclined natural selection process explained in the evolution theory or just ignore it.

  While the creationists do all this noise they miss one simple thing by which they can beat Darwin’s theory once and for all. They just need to bring a human fossil which can be positively carbon dated to suggest a time before or during the dinosaur period. With that and that alone we can bury Darwin for ever. How simple!

  ReplyDelete
 6. ഗ്രെയ്റ്റ്, ദേവേട്ടാ.. കലക്കന്‍ മറുപടി..! നന്ദി.. എല്ലാമൊന്നു വിശദമായി പഠിക്കട്ടെ.

  ReplyDelete
 7. കാവലാനേ.. ഈ എസ്കെയ്പിസം ആണ്‌ ദൈവവിശ്വാസത്തിന്‍റെ കാതല്‍..

  ReplyDelete
 8. പ്രതികരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി.

  പാമരന്‍ ജിയുടെ സംശയത്തിനുള്ള മറുപടി ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്. ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്.
  പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.

  കോപ്പീ റൈറ്റ് പ്രശ്നമുള്ളതിനാല്‍ അധ്യായം മുഴുവനും പ്രസിദ്ധീകരിക്കാന്‍ എനിക്ക് പ്രസാധകരായ പെന്‍ ബുക്സിന്റെ അനുവാദം കൂടി വേണം.

  ReplyDelete
 9. Suraj,
  In my humble opinion, a better understanding of evolution is more caustic to theistic belief than relativity or quantum mechanics. That is the reason why intelligent design community want revision of only biology textbooks.

  Although Devettan has described it well, here is one recent popular article on this issue. Ian Musgrave has posted an excellent article on why human eyes are inferior to that of squid and octopus.

  ReplyDelete
 10. Dear Jack Rabbit,

  Sorry for the late reply.

  Well, i acknowledge the fact that the idea of Biological Evolution is more caustic to theism than other revelations of Science. But that's just because of the theists' superfluous view of science.
  The theists always attack popular science versions be it the Principles of Evolution or the Brane Theory.
  They think that Darwinian Principles are much more easier to thwart because Darwinism has always been propagated around in oversimplified, pop-sci terms, like for example silly photographs of man evolving form Chimpanzee and so forth. Actually the theists do not recognize the real complexities of Evolutionary principles, nor do they care to learn its intricate details (for example the subtleties of genetics or the Hardy Weinberg Eqlbm or Cladistics or the mechanisms of speciation). They simply attack a 'straw man' created out of their misunderstood popular science version of Evolution.

  Then why do they spare Relativistic Models of the Universe then ? Is not the relativistic model of the world much louder and mathematically sharper in denouncing the existence of a Divine Creator ?
  It's simply because they find them harder to comprehend even in its most simplified popular science version.! (i'm not oblivious of certain anti-relativity movements, of course)
  It's difficult to imagine a universe popping out of nothingness even for a cosmologist, let alone a Pastor. It's difficult to imagine the expansion of space in a universe whose 'boundaries' cannot be visualised in any conventional classical sense of the word. May be that's why even the Pope has incidentally warned his followers not to be bothered about what was beyond the Big Bang ! he he he...

  Thanks for the Links. Ian Musgrave is a familiar figure and his articles at Panda's Thumb and TalkOrigins are my favourite references .

  Cheerio!

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)