CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 4, 2008

വെള്ളെഴുത്തിന്റെ ലേഖനം : ദൈവമേ...!

വെള്ളെഴുത്തിന്റെ ലേഖനം : ദൈവമേ......

.....ദൈവം ഒരു മൂലകാരണമാണ്. അല്ലെങ്കില്‍ മൂല്യസഞ്ചയമാണ്. അതുമല്ലെങ്കില്‍ ഒരു അതീതത്വമാണ്. ‘ദൈവത്തെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മറ്റൊരു തത്ത്വം നിലനില്‍ക്കുന്നില്ല എന്നാണ് നാം അര്‍ത്ഥമാക്കുന്നത് ‘ സെന്റ് ആന്‍സ്‌ലെം പറയുന്നു. മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത്. പരിപൂര്‍ണ്ണതയെ. പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത, എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര? മതഗ്രന്ഥങ്ങള്‍ ശീലിക്കാന്‍ ഒത്താശ ചെയ്തു തരുന്ന ആത്മീയതയ്ക്കു വിരുദ്ധമാണീ സംഗതി. ‘ഞാന്‍’ എന്നും ‘എന്റേതെന്നു’മുള്ള ബോധമാണ് സകല തിന്മയ്ക്കും കാരണം എന്നാണ് ആത്മീയത ഉപദേശിക്കുന്നത്. പ്രപഞ്ചമനസുമായുള്ള താദാത്മ്യത്തിലാണ് യഥാര്‍ത്ഥമോക്ഷം കുടിയിരിക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, ഞാന്‍ നിന്നില്‍ ലയിച്ച് നീ മാത്രമായി അവശേഷിക്കുന്ന അവസ്ഥ. ഒന്നും ഒന്നും കൂടെ കൂടിയ ഇമ്മിണി ബല്യ ഒന്ന്. ‘അഹമേവ വിശ്വതനു‘. അനല്‍ ഹക്ക്. ‘ഞാന്‍‘ എന്ന ബോധത്തിന്റെ നാശത്തിലാണ് ആ അവസ്ഥയുടെ ജനനം. എന്നാല്‍ ‘അഹം’ബോധമില്ലാത്തവന് സംഘര്‍ഷമെവിടെ? എത്തേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എവിടെ? അവിടെയ്ക്കുള്ള വഴി അന്വേഷിക്കേണ്ട ആവശ്യമെവിടെ? പ്രാര്‍ത്ഥനയെവിടെ?....

അവിടെ ഇട്ട ആദ്യ ‘ചൊറി’ കമന്റ് ഇതാണ്. എന്നാല്‍ വെള്ളെഴുത്ത് മാഷ് ഇങ്ങനെ പറഞ്ഞത് കൊണ്ട് ഈ കമന്റ് ഇട്ടു :


പ്രിയ വെള്ളെഴുത്ത് മാഷേ,

"കണ്ണൂസേ അതു നന്നായി. നളനും സൂരജിനും കാര്യങ്ങള്‍ പറയാമായിരുന്നു..."

ശരി...റൈറ്റ്...എന്റെ അറിവുകളുടെ പരിമിതിയെ വച്ച് ജാമ്യമെടുത്തോണ്ട് ഇതാ ഇത്തിരി സൈക്കോ ന്യൂറോളജി തുടങ്ങാന്‍ പോകുന്നു - എല്ലാരും ശ്രദ്ധിച്ചിരിക്കണം..ആരും ഉറക്കം തൂങ്ങരുത്...തൂങ്ങിയാല്‍ ഗെറ്റ് ഔട്ട് അടിക്കുമേ...ബോറഡിച്ചാല്‍ തിരിച്ചടിച്ചോണം :)

മനുഷ്യന്റെ തലച്ചോറില്‍ - നമ്മുടെ ചെവികളുടെ സ്ഥാനത്തിനു മുകളിലായി - ഉള്ള ഭാഗമാണ് പാര്‍ശ്വദളങ്ങള്‍ അഥവാ Temporal Lobe-കള്‍.
പാര്‍ശ്വദളങ്ങളില്‍ നിന്നും ഉളവാകുന്ന സിഗ്നലുകളുടെ അമിതപ്രഭാവത്താല്‍ ഉണ്ടാകുന്ന അപസ്മാരമാണ് ടെമ്പറല്‍ ലോബ് എപ്പിലെപ്സി. ഇത്തരം രോഗികളില്‍ kindling അഥവാ ഉദ്ദീപനം എന്നൊരു പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. ഈ kindling മൂലം ഇവരുടെ തലച്ചോറിലെ വികാര-ക്ഷേത്രങ്ങളില്‍ (emotional centers) സാധാരണക്കാരുടേതിലും കൂടുതല്‍ ആത്മനിഷ്ഠവും തീവ്രവുമായ വികാരങ്ങളാണ് ഉണ്ടാകുക. ഇത് അവരുടെ വ്യക്തിത്വത്തെ തന്നെ ഉടച്ചുവാര്‍ക്കുന്നതും പതിവാണ്. ഇതിനേക്കുറിച്ചുള്ള കൂലങ്കഷമായ പഠനങ്ങള്‍, തലച്ചോറില്‍ ഒരു 'ആത്മീയ-സെന്റര്‍' ഉണ്ടെന്ന സ്തോഭജനകമായ സാധ്യതയാണ് നമുക്കു മുന്നില് തുറന്നു വച്ചത്.

ആത്മീയമായ/ആധ്യാത്മികമായ വികാരങ്ങളുടെ ഇരിപ്പിടമാണിതെന്ന് ലളിതമായി പറയാം. നാമിടപെടുന്ന പരിത:സ്ഥിതി, വ്യക്തികള്‍, ദൈനം ദിന സംഭവങ്ങള്‍ തുടങ്ങി കല്ല് കരട് കാഞ്ഞിരക്കുറ്റിയും, മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും വരെയുള്ള സകലതിനും അപാരമായ ഒരു ആധ്യാത്മിക പ്രാധാന്യവും ആഴവും ഉണ്ട് എന്ന് മസ്തിഷ്കത്തിലെ ഈ 'ആത്മീയ-കേന്ദ്രം' നമ്മെ വിശ്വസിപ്പിക്കുന്നു/തോന്നിപ്പിക്കുന്നു. (വികാരങ്ങളുടെ relay കേന്ദ്രമായ Papez-limbus-circuit-ലെ ഒരു ഭാഗമായ അമിഗ് ഡാല ആണ് ഈ 'ദൈവ-സെന്റര്‍' എന്നു വിശ്വസിക്കാന്‍ തെളിവുകളുണ്ട്.)

ആനന്ദം, ക്രോധം, ലൈംഗികത തുടങ്ങിയ വികാരങ്ങള്‍ പ്രോസസ് ചെയ്യുന്ന രീതിക്കു തന്നെയാണ് ശരീരം ഈ 'ആത്മീയത'യെയും കൈകാര്യം ചെയ്യുന്നത്. [ടെമ്പറല്‍ ലോബ് അപസ്മാര രോഗികളില്‍ ഇതിന്റെ തീവ്രമായ ഭാവമാണ് ഉണ്ടാകുക എന്നേയുള്ളൂ - സാധാരണ മനുഷ്യരിലും ഈ കേന്ദ്രം അതിന്റേതായ ജോലികള്‍ ചെയ്യുന്നുണ്ട്].

ഈ ആത്മീയതയെ ‘മതാത്മകത’യായി തെറ്റിദ്ധരിക്കരുത്. സ്വന്തം സത്ത, നാം കരുതുന്നതിലും വളരെ വളരെ പ്രധാനമാണ് എന്നും അതിനു പ്രപഞ്ചത്തിന്റെ ഓരോ കണികയുമായും ബന്ധമുണ്ട് എന്നുമുള്ള ഒരു തരം profound sense of self-importance ആണ് മസ്തിഷ്കത്തിലെ ആത്മീയതയുടെ കാതല്‍. അതിന്റെ ഉപോല്‍പ്പന്നം മാത്രമാണ് മതപരമായ ചടങ്ങുകളിലുള്ള ആവേശവും, പുതുതായി രൂപം നല്‍കുന്ന ആചാരങ്ങളും (ഉദാഹരണത്തിന് ഒരു പുതിയ രീതിയിലുള്ള പൂജ, അല്ലെങ്കില്‍ അനുഗ്രഹ രീതി എന്നിങ്ങനെ), ആധ്യാത്മിക സിദ്ധാന്തങ്ങളുമൊക്കെ.

തലച്ചോറിനകത്ത് ഇത്തരമൊരു ഭാഗത്തിന്റെ ആവശ്യമെന്താണ് ?
പാരിണാമിക മന:ശാസ്ത്രം അഥവാ evolutionary psychology എന്ന ശാസ്ത്രവിഭാഗം പറയുന്ന ചില സാധ്യതകള്‍ നോക്കൂ :
1. മനസ്സിന്റെ ആത്മീയ/ആധ്യാത്മിക വ്യാപാരങ്ങളില്‍ അന്തര്‍ലീനമായി
നേതൃഗുണത്തിന്റെ ഒരു വിത്തുണ്ട്. “നിങ്ങള്‍ക്കറിയാത്ത ഒരു അഭൌമ സത്യം എനിക്കറിയാം; എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങള്‍ക്കതു പറഞ്ഞുതരാം” എന്ന ശൈലിയിലുള്ള ഒരു ‘അല്‍-മുസ്തഫ’ ഇതില്‍ ഒളിഞ്ഞിരിക്കുന്നു. (അല്‍മുസ്തഫ = ഖലീല്‍ ജിബ്രാ‍ന്റെ കൃതിയിലെ കേന്ദ്ര കഥാപാത്രമാണേ)

2. ഓരോ ‘അല്‍-മുസ്തഫ’യും പൊതുസമൂഹത്തിന്റെ ആത്മീയ വ്യാപാരങ്ങളുടെ stockist-ഉം retailer-ഉം ആയി മാറാം.

3. പുരോഹിതന്‍, രാജഗുരു, പ്രവാചകന്‍, സുവിശേഷകാരന്‍, മതാദ്ധ്യക്ഷന്‍, കള്‍ട്ട്
ഫിഗറുകള്‍, ഗോത്രത്തലവന്‍, രാജാവ്, ഭരണസാരഥി....ഇങ്ങനെ നീളുന്ന അധികാരശ്രേണിയുടെ സ്വാഭാവിക പാരിണാമിക പാതയിലേക്കാണ് ആധ്യാത്മികത നീളുക.

4. നമുക്കു ചുറ്റിനുമുള്ള പലതിനേയും കുറിച്ച് ഉണ്ടാകുന്ന മനസിന്റെ സംശയങ്ങള്‍
മനോ-നിര്‍മിതമായ ഒരു ലോകചിത്രത്തെ ഉടച്ചു കളയാന്‍ കെല്‍പ്പുള്ളതാണ്. അത്തരം
മുറിപ്പെടുത്തലുകള്‍ ഉണ്ടാക്കുന്ന മാനസിക-സംഘര്‍ഷത്തില്‍ നിന്നും ആധ്യാത്മികത നമ്മെ രക്ഷിക്കുന്നു - അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് ആഴമേറിയതെന്ന് സ്വയം തോന്നുന്ന കുറേ ചിന്തകള്‍ ഉണ്ടാക്കി മനസ് മനസിനെത്തന്നെ ആശ്വസിപ്പിക്കുന്നു. (ഒരു ആദിവാസി ഗോത്രാംഗത്തിനുള്ള ആത്മീയതയല്ല ഒരു മാത്തമാറ്റിക്കല്‍ ഫിസിസിസ്റ്റിന്
എന്നര്‍ത്ഥം!).


നമ്മിലോരോരുത്തരിലും ഉറങ്ങുന്ന, ഉദ്ദീപിക്കപ്പെടാത്ത അല്‍-മുസ്തഫ ആണ് ‘ദൈവത്തിന്റെ ഫ്രീക്വന്‍സിയിലേക്ക് ട്യൂണ്‍ ചെയ്തു വചിരിക്കുന്ന’ നമ്മുടെ radar എന്ന് ഇത്തിരി ഫിലോസഫിക്കലായിട്ട് പറയാം..ഹ ഹ ഹ!

എന്നാല്‍ പ്രതിഫലേച്ഛയോടെയുള്ള പ്രാര്‍ത്ഥന ആത്മീയതയുടെ അനേകം സൌകര്യപ്രദമായ ഉപോല്‍പ്പന്നം മാത്രമാണ്. അത് ആത്മീയതയുമായി നേരിട്ട് ബന്ധപ്പെടുന്നില്ല - ഒരു തരം operant conditioning മാത്രം. ഉച്ചനേരത്ത് ക്ലോക്കിലേക്കു നോക്ക്കുമ്പോഴോ, അയലത്തെ ഹോട്ടലിലെ മീന്‍ മണം മൂക്കിലടിക്കുമ്പോഴോ ഉള്ള വിശപ്പില്ലേ, അതു പോലൊരു കണ്ടീഷന്‍ഡ് റെസ്പോണ്‍സ്.

ഇങ്ങനെ ധ്യാനിച്ചാല്‍, ഇങ്ങനെ കാണിക്കയിട്ടാല്‍, ഇങ്ങനെ നിസ്കരിച്ചാല്‍, ഇങ്ങനെ മെഴുകുതിരി കത്തിച്ചാല്‍, ഇങ്ങനെ മന്ത്രം ചൊല്ലിയാല്‍, ഇങ്ങനെ വഴിപാടു നേര്‍ന്നാല്‍, ഇങ്ങനെ പുകഴ്ത്തിയാല്‍, ഇങ്ങനെ ജീവിച്ചാല്‍ --- അങ്ങനെ പരീക്ഷ പാസാകും, അങ്ങനെ കുടുമ്പത്തിനൈശ്വര്യമുണ്ടാകും, അങ്ങനെ ബിസ്നസ് വളരും, അങ്ങനെ കല്യാണം നടക്കും, അങ്ങനെ മത്സരവിജയിയാകും, അങ്ങനെ മോക്ഷ് കിട്ടും, അങ്ങനെ സ്വര്‍ഗ്ഗം ലഭിക്കും, അങ്ങനെ ജന്മ-കര്‍മ്മ ചക്രങ്ങളില്‍ നിന്ന് മോചിതനാകും......!

തലച്ചോറില്‍ ആലേഖനം ചെയ്യപ്പെട്ട ആത്മീയതാക്ഷേത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു മനുഷ്യനും absolute atheist ആകാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ത്ഥനയും മതാ‍ത്മകതയും ആചാരബദ്ധമായ ജീവിതവുമൊക്കെ ആണ് അളവുകോലായി എടുക്കുന്നതെങ്കില്‍ ദൈവ വിശ്വാസി എന്നു പറയുന്നവര്‍ ആത്മീയ അനുഭൂതികളില്‍ പരമ ദരിദ്രരുമാണ് !!

ഈ വിഷയത്തെ കുറിച്ചുള്ള പ്രാഥമികമായ ആശയങ്ങള്‍ മാത്രമാണ് ഇത്. കൂടുതല്‍ ന്യുറോബയോളജിയൊക്കെ ചേര്‍ത്ത് വിശദമായി ഇതൊരു പോസ്റ്റാക്കി വേറൊരിക്കല്‍ ഇടാം.


ഓഫ് ടോപ്പിക്:

ഈ സയന്‍സിനൊരു കൊഴപ്പോണ്ട്... എന്തര് പറഞ്ഞാലും, എന്തര് കണ്ടാലും അതിനേ പിടിച്ച് അപനിഗൂഢവല്ക്കരിച്ചു (de-mystify) കളയും..അതോട ഫിലാസഫീട ആ ഒരു ഇദ് അങ്ങ് പോകും...ങ്ഹാ എന്തര് പറയാംഗ്... ഒന്നിന്റെ കട്ടയും പടോം തീരുമ്പം അടുത്തതിലോട്ട് പ്വോവും...അല്ലെങ്കീ അതീ തന്ന ഇട്ട് കിണ്ടിക്കോണ്ടിരിക്കും...അദ് തന്നെ ഏര്‍പ്പാട്..വെവരദോഷം(!) [കടപ്പാട്: Unweaving the Rainbow]


അവിടെ വെള്ളെഴുത്ത് മാഷിന്റെ ഈ കമന്റിനിട്ട മറുപടി :

വെള്ളെഴുത്ത് മാഷേ, നളന്‍സേ ...

താങ്കൂ‍! :)
നമ്മട വാചകമടി meta-narrative ആകുന്നുവെന്നോ ?
തള്ളേ! കിളി പറന്ന് നില്‍പ്പാണ് !

സയന്‍സിന്റെ സാര്‍വജനീനതയും സമഗ്രതയും ആണ് നമ്മട ഒരു ലൈന്‍...അതില് നമ്മള് ച്വോദ്യങ്ങള് ഇഷ്ടപ്പെടണില്ല, ഉത്തരങ്ങളിലാണ് ഇന്ററസ്റ്റ്. ഓരോ പ്രഹേളികയ്ക്കും ഉത്തരം റെഡിയാക്കി വച്ചോണ്ടാണ് ചോദ്യം ഇടണത് തന്ന! പക്ഷേ..ങേഹെ...ഉത്തരത്തീന്നു കൊളത്തില്‍ കൊളം തോണ്ടുന്ന ചോദ്യങ്ങള് നമ്മട ഉള്ളീന്ന് തന്നെ വേറേ വരും...അപ്പപ്പിന്നെ അദിന്റെ ഉത്തരമായി കടിപിടിയായി...പട്ടി സ്വന്തം വാലിലെ ചെള്ള് കടിക്കാന്‍ കിടന്നു തിരിയണ എടപാടില്ലേ..വോ അദ് തന്നെ!
അദ്ദാണ് ശാസ്ത്രവിദ്യാര്‍ത്ഥിയുടെ അവാച്യമായ അനുഭൂതി!

പിന്ന, സയന്‍സ് എല്ലാത്തിനേം കേറി വ്യക്തിക്കുള്ളിലേക്ക് കുത്തിച്ചെലുത്തുന്നു എന്ന് വെള്ളെഴുത്ത് മാഷിനു പരാതിയൊണ്ടാ ?
നോ..അപ്പടിയല്ലൈ!

എല്ലാ തൊന്തരവിനും മൈക്രോസ്കോപ്പിക് ലെവലില്‍ ഒരു കാരണമുണ്ട് - സകല കിടുതാപ്പിനേം പിടിച്ച് അഴിച്ചു പറക്കി, കീറി, തന്നം തുന്നന കിണ്ടി നോക്കി...ഒരു വര്‍ക്ക് ഷാപ്പ് പരിപാടി. ആ ചേലിക്ക് ഒരു അന്വേഷണം - അദ് കഴിയുമ്പം പതുക്കെ പതുക്കെ മൈക്രോസ്കോപ്പീന്ന് പൊറകോട്ട് മാറി, wholistic ആയി നോക്കും (holistic അല്ല!) : വലിയ പടത്തില് ഈ സുനാപ്പികള് വര്‍ക്ക് ചെയ്യണതെങ്ങനേന്ന് - ചിത്രശലഭത്തിന്റെ ചിറകടി കൊടുങ്കാറ്റാവണൊണ്ടാ, 11-ഡൈമെന്‍ഷന്‍ brane-ന്റെ തുമ്പത്ത് 4-ഡൈമെന്‍ഷന്‍ ലോകം ഇരിക്കുവോ....അങ്ങനെയങ്ങനെ.

അവിടെയാണ് ചെലപ്പോ ചെലവന്മാര് മെറ്റാഫിസിക്സ് കൊണ്ടിട്ട് ഇളക്കണത്! അദ് നമ്മ സമ്മതിക്കൂല...അദ് ഫിലാസഫിയിലായലും ശരി പൊളിട്ടിക്സ് ആയാലും ശരി...സയന്‍സ് വിട്ടൊരു കളിയില്ല ദിനേശാ ന്ന് പറയും. ഹ ഹ ഹ!

തലച്ചോറില്‍ നിന്നു മനസിലേക്കും, മനസില്‍ നിന്നും വ്യക്തിയിലേക്കും, വ്യക്തിയില്‍ നിന്നും കുടുമ്പത്തിലേക്കും, കുടുംബത്തില്‍ നിന്നും, സമജനിതകരിലേക്കും, സമ ജനിതകരില്‍ നിന്ന് സമുദായത്തിലേക്കും, പിന്നെ ഗോത്രത്തിലേക്കും, രാഷ്ട്രത്തിലേക്കും....അങ്ങനെയങ്ങനെ...വീണ്ടും നമ്മട bird's eye view തെളിഞ്ഞുവരുന്നു!
ഫോട്ടോണില്‍ നിന്നു തരംഗത്തിലേക്കും, തരംഗത്തില്‍ നിന്നു ഡിസ്പേര്‍ഷനിലേക്കും, പിന്നെ കോമ്പോസിറ്റ് വെളിച്ചത്തിലേക്കും ഒക്കെയായി മഴവില്ല് വീണ്ടും മഴവില്ലാകുകയും അമിഗ്ഡാലയിലെ രാസമാറ്റങ്ങള്‍ വീണ്ടും അദ്വൈത സിദ്ധാന്തമാകുകയും ചെയ്യും....പക്ഷേ ശാസ്ത്രത്തിന്റെ കണ്ണിലൂടെ കാണുന്നതിന്റെ സൌന്ദര്യം ഉള്‍ക്കൊള്ളണമെന്നു മാത്രം!


അവിടെ കണ്ണൂസ് ജി യുടെ കമന്റിനിട്ട മറുപടി :

പ്രിയ കണ്ണൂസ് ജീ,

"....ഇങ്ങനെ വെളിയില്‍ ഒരു അത്താണി വേണ്ടാതെ, സ്വയം അവനവന്റെ മനസ്സിനെ അത്താണിയായി രൂപപ്പെടുത്താനുള്ള വഴികള്‍ ഉണ്ടോ ശാസ്ത്രത്തില്‍ എന്നതാണ്‌ എന്റെ ചോദ്യം. സൂരജിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അല്‍ മുസ്തഫ"യെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കാന്‍ നളന്‍ പറഞ്ഞ തട്ടിപ്പുകളല്ലാത്ത എന്തെങ്കിലും മാര്‍ഗം?!!"

സത്യത്തില്‍ മതമോ ദൈവമോ ഇല്ലാതെ തന്നെ പരോപകാരിയും അന്യസ്നേഹിയും ആകാനുള്ള കഴിവ് ജന്തുക്കളുടെ മസ്തിഷ്കത്തില്‍ ഉണ്ട് എന്നത് മറ്റൊരു സ്തോഭ ജനകമായ അറിവാണ്. (നമ്മ ദേ പിന്നേം പോവേണ് ന്യൂറോളജീലോട്ട്...എന്ന തല്ലണ്ട വെള്ളെഴുത്തേ ഞാന്‍ നന്നാവൂല്ല!)

മറ്റൊരു ജന്തു വേദനിക്കുമ്പോള്‍, ഒരു സഹജീവിയുടെ സങ്കടം കാണുമ്പോള്‍, ഒരു കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഒക്കെ ‘ആ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍’ എന്ന ഒരു ആഴത്തിലുള്ള വികാരം നമ്മില്‍ ഉണ്ടാക്കാന്‍ കെല്പുള്ള ചില കോശങ്ങളുണ്ട് നമ്മുടെ തലച്ചോറില്‍! ദര്‍പ്പണ നാഡികള്‍ (mirror neurons) എന്ന് അറിയപ്പെടുന്ന കോശങ്ങള്‍ ഇതിലെ ഒരു ടൈപ്പാണ്.

എന്തിനാണ് ജന്തുക്കളില്‍ ഈ ‘സഹതാപ’ സെന്റര്‍ ?

സാമൂഹിക ജീവിതം നയിക്കുന്ന ജീവികളില്‍ ഇത് വലിയൊരു സാധ്യത തുറക്കുന്നു. അന്യന്റെ വേദനയില്‍ ദു:ഖിക്കുക എന്നത് സാമൂഹിക സഹകരണത്തിന്റെ പരമമായ രൂപമാണ്.
സാമൂഹിക സഹകരണത്തിന്റെ ലക്ഷ്യമോ ?
ആ സമുദായത്തിന്റെ gene pool പരമാവധി വിതരണം നടത്തുക, പ്രജനനത്തിലൂടെ വ്യാപിക്കുക.

സഹതാപത്തിലൂടെയുള്ള ഈ സഹകരണം പരിണാമ വഴികളില്‍ ഒരു പുതിയ ജന്തു സ്വഭാവത്തിനു കൂടെ വഴിവച്ചു - ആത്മാഹൂതിയിലൂടെ സഹജീവികളെ/ബന്ധുക്കളെ രക്ഷിക്കുക എന്ന മാക്സിമം സഹകരണം! അമ്മ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും, സഹോദരന്‍ സഹോദരങ്ങള്‍ക്ക് വേണ്ടിയും, ഭര്‍ത്താവ് ഭാര്യയ്ക്കു വേണ്ടിയും, വ്യക്തികള്‍ ഗോത്രത്തിനു വേണ്ടിയും, പട്ടാളക്കാരന്‍ രാജ്യത്തിനു വേണ്ടിയും...അങ്ങനെ ആത്മാര്‍ത്ഥമായി നടത്തപ്പെടുന്ന ചാവേര്‍ പ്രവര്‍ത്തിക്കും ഒരു കൃത്യമായ ന്യായമുണ്ടാകുന്നു.
ഇത് ബോധപൂര്‍വ്വം ആകണമെന്നില്ല കേട്ടോ. ചിലതരം താഴ്ന്ന ജന്തുക്കളില്‍ ഇതൊരു അബോധമായ impulsive/instinctual പ്രക്രിയയാണ്. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിനെ കൊന്ന് ശാപ്പിടും - മുട്ടയിടും മുന്‍പ് അമ്മയ്ക്ക് പരമാവധി പ്രോട്ടീന്‍ നിറഞ്ഞ ആഹാരം ശരീരത്തില്‍ സ്റ്റോക്കു ചെയ്യേണ്ടതുണ്ട്! ഒടുവില്‍ മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിയും വരെ കാത്തിരുന്ന് വിശന്ന് അമ്മയും ചാകുന്നു. (നാമം ജപിക്കുന്ന പച്ചക്കുതിരയില്ലേ- praying mantis...ലത് ഏതാണ്ട് ഇതു പോലൊരു ചാവേര്‍ ഉദാഹരണമാണ്! നാമം ജപിക്കുന്ന പച്ചക്കുതിര! നല്ല പേര് അല്ലേ ?)

ഇത്തരത്തില്‍ നോക്കുമ്പോള്‍ ഒരു ദൈവ സങ്കല്‍പ്പവും ഇല്ലാതെ, ഒരു മൊറാലിറ്റി പോലീസുമില്ലാതെ, ഒരു അത്താണിയുമില്ലാതെ, വളരെ നൈസര്‍ഗ്ഗികമായിത്തന്നെ തന്നെ മനുഷ്യന്‍ സഹജീവി-സ്നേഹവും, പരോപകാരിയുമൊക്കെയാണ്.

ദൈവം എന്ന ‘അത്താണി’ക്കാകട്ടെ മുന്‍ കമന്റില്‍ പറഞ്ഞപോലെ ഗോത്ര/വംശ ശ്രേണികളിലെ അധികാരസ്ഥാപനത്തിനായുള്ള ഒരു പാരിണാമിക വിദ്യയെന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് സാമൂഹിക റോള്‍ ഒന്നുമില്ല ജീവശാസ്ത്രപരമായി നോക്കിയാല്‍.

ഇതേ പോയിന്റിന്റെ ഒരു എക്സ്റ്റന്‍ഷനാണ് കണ്ണൂസിന്റെ ചോദ്യത്തിനുള്ള ഉത്തരം. ‘അല്‍മുസ്തഫ’ ആത്മീയതയുടെ തലത്തിലെ അലിഗറിയാണ്. അവിടെ ദൈവത്തിനു മുന്നിലെ സബ്മിഷനല്ല, മറിച്ച് പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മനിഷ്ഠമായ significance ആണ് ഉണരുന്നത്. എല്ലാരും അടിയറവു പറയേണ്ടുന്ന ഒരു ശക്തി ഉണ്ട് എന്നതിനേക്കാള്‍, എന്നിലും,എല്ലാരിലും,എല്ലാറ്റിലും ഒരു ശക്തിയുണ്ട് എന്നും, അത് പ്രപഞ്ചവുമായി കണക്ടഡ് ആണ് എന്നുമാണ് നമ്മിലെ ‘അല്‍മുസ്തഫ’ നമ്മെ വിശ്വസിപ്പിക്കാന്‍ വെമ്പുന്നത്. ഈ അല്‍മുസ്തഫയ്ക്ക് പ്രത്യേകം പരിശീലനം ആവശ്യമില്ല. അതൊരു സ്വാഭാവികമായ പ്രതിഭാസമാണ്. മാത്രമല്ല മതാത്മകമായ പരിശീലനം നല്‍കുന്തോറും നൈസര്‍ഗ്ഗികമായ ആ ആത്മീയ ഫീലിംഗ് നശിക്കുകയും അവിടെ സമൂഹം ഡിക്റ്റേറ്റ് ചെയ്യുന്ന താടിക്കാരുടെയും തൊപ്പിക്കാരുടേയുമൊക്കെ രൂപങ്ങള്‍ കയറി കുടിയിരിപ്പാവുകയും ചെയ്തേക്കും.

ചുരുക്കത്തില്‍ sense of self-significance-ന് ഒരു ദൈവചിന്തയുടേയും, ഒരു തത്വശാസ്ത്രത്തിന്റേയും ആവശ്യമില്ല. അതില്‍ നിന്നു ഉളവാകുന്ന ആത്മവിശ്വാസം കുറേക്കൂടി enduring ആണ്. അടിച്ചവഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കാം എന്ന് എളുപ്പം ചുവടുമാറ്റാന്‍ അത്തരം ആത്മവിശ്വാസത്തിനു കഴിയും.

അതേസമയം ഒരു പിതൃ ബിംബമോ മാതൃബിംബമോ പോലുള്ള external force-നെ അത്താണിയാക്കിക്കൊണ്ടാണ് ഒരാളുടെ പ്രവര്‍ത്തികള്‍ പോകുന്നതെങ്കില്‍ അത് വളരെ short-lived ആയ ഒരു ബാഹ്യ പ്രേരണയ്ക്കപ്പുറം ഒന്നും നമ്മില്‍ അവശേഷിപ്പിക്കില്ല. കാരണം ഓരോ നിമിഷവും നമ്മുടെ ആന്തരിക ലോജിക്കിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അത്തരമൊരു ശക്തിയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ ഉറപ്പിക്കാന്‍ നമ്മുടെ മനസ് ശ്രമിക്കുന്നത്.
എത്ര പ്രാര്‍ത്ഥിച്ചിട്ട് പരീക്ഷയെഴുതാനിരുന്നാ‍ലും, ഒരു ചോദ്യം അറിഞ്ഞുകൂടാ എന്നു ഞെട്ടലോടെ മനസിലാക്കി അടുത്ത ചോദ്യത്തിലേക്കു പോകുമ്പോള്‍, തീര്‍ന്നുകൊണ്ടിരിക്കുന്ന സമയത്തിനായി ക്ലോക്കിലേക്ക് നോക്കുമ്പോള്‍ ഒക്കെ ആ ‘അത്താണിയുടെ പവറില്‍’ നമുക്ക് ഇടയ്ക്കിടെ സംശയം തോന്നുന്നതും, ഒടുവില്‍ പ്രാര്‍ത്ഥന വിട്ട് ‘ എന്തരോ വരട്ട്..’ എന്ന് മനസ് നിസ്സഹായമാകുന്നതും അതുകൊണ്ടുതന്നെ.

സൈക്കോ തെറാപ്പിയില്‍ ഇത് വളരെ ഉപയോഗിക്കപ്പെടുന്ന ഒരു കണ്‍സെപ്റ്റാണ്.
തങ്ങള്‍ ബാഹ്യമായ ഒരു ശക്തിയാല്‍/ദൈവത്താല്‍/വിധിയാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് കരുതുന്ന (രണ്ടാമത്തെ തരം ക്ഷിപ്ര വിശ്വാസികള്‍) ആളുകള്‍ രോഗികളാകുമ്പോള്‍ ആത്മഹത്യാ പ്രവണത കൂടുതലായിരിക്കും. കാരണം അവരുടേത് ആത്മീയതയല്ല, വെറും ദൈവ വിശ്വാസം മാത്രമാണ്. ‘ദൈവം കൈവിടുന്നു’ എന്ന് തോന്നുന്ന പോയിന്റില്‍ അവര്‍ തകരുന്നു.... അതേ സമയം ആദ്യത്തെ ഗ്രൂപ്പ് എല്ലാത്തിലും ഒരു purpose കാണുന്നത് കൊണ്ട് കൂടുതല്‍ പോസിറ്റീവ് ആകുന്നു.

അപ്പോള്‍... വിധി,മാടന്‍, മറുത, ചാത്തന്‍, ശരി-തെറ്റുകളെക്കുറിച്ചുള്ള rigid ആയ കല്പനകള്‍, നരകത്തിലെ പാമോയില്‍ തിളക്കുന്ന അണ്ടാവ് എന്നിങ്ങനെയുള്ള ക്ഷുദ്രവിശ്വാസങ്ങളും, ആചാരബദ്ധ-മതവിശ്വാസങ്ങളും പിള്ളാരില്‍ പറഞ്ഞു ചെലുത്താതിരിക്കുന്നതാവും നല്ലത് !കുറഞ്ഞപക്ഷം മനുഷ്യനെ മനുഷ്യനായി മാത്രം കാണാനെങ്കിലും അയഞ്ഞ ആത്മീയത പിള്ളാരെ സഹായിക്കും.

ശരീഖ് ഹൈദര്‍ വെള്ളറക്കാട് മാഷിന്റെ ഈ കമന്റിനിട്ട മറുപടി :

പ്രിയ ശരീഖ് ജീ ,

എന്റെ ചോദ്യങ്ങള്‍ക്കു ഉത്തരമറിയാം എന്ന് അങ്ങ് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ അതിനായി ആത്മാര്‍ത്ഥമായി കാത്തിരുന്നു. ഞാന്‍ നിരാശനായി എന്നു പറയട്ടെ.

1. എങ്ങനെയാണ് മനുഷ്യന്റെ പരിമിതമായ യുക്തിക്കുള്ളില്‍ നിന്നു കൊണ്ട് അങ്ങേയ്ക്ക് “....പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത്‌ ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു.....” എന്ന് പറയാന്‍ കഴിയുക ?

ഏതു ഗ്രന്ഥത്തെ പ്രമാണമായി എടുത്തിട്ടായാലും ശരി മനുഷ്യ യുക്തിക്കതീതനായ ഒരു ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ എങ്ങനെ ‍സാധിക്കും ?

മനുഷ്യ യുക്തിക്കതീതനാണ് ഒരു വസ്തുവെങ്കില്‍ അത് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാന്‍ ആവില്ലല്ലോ. അതിനേകുറിച്ച് ആകെ പറയാവുന്നത് ഇത്രമാത്രം : “അതിനേക്കുറിച്ചറിയാന്‍ നമുക്ക് കഴിവില്ല”.
ആധുനിക ശാസ്ത്രവും ഇതു തന്നെയേ പറയുന്നുള്ളൂ: ദൈവമെന്ന ഒരു ശക്തി പ്രപഞ്ചത്തിനു പുറത്തുണ്ടെങ്കില്‍ അതിനേക്കുറിച്ചറിയാന്‍ മനുഷ്യന്റെ തലച്ചോറിനു കഴിവില്ല. കാരണം നമ്മുടെ തലച്ചോറിന്റെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളെയേ ശാസ്ത്രത്തിന് കണ്ടെത്താനും ഗണിതസമീകരണങ്ങളിലൂടെ നിയമമായി കാച്ചിക്കുറുക്കാനും കഴിയൂ. അതുകൊണ്ടുതന്നെ ദൈവത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ ശാസ്ത്രത്തില്‍ സാംഗത്യവുമില്ല.

ഇനി ദൈവം പറഞ്ഞിട്ടോ അവന്റ്റെ/അവളുടെ വചനങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടുള്ളത് എന്നവകാശപ്പെടുന്നതോ ആയ ഏതെങ്കിലും പുസ്തകാമാണ് ഒരാള്‍ പ്രമാണ ഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത് എങ്കില്‍ ഏത് യുക്തി വച്ചാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം.

ഏതു യുക്തിവച്ചാണ് ഇന്നയിന്ന ഗ്രന്ഥങ്ങള്‍, ഇന്നയിന്ന വചനങ്ങള്‍, ഇന്നയിന്ന പ്രാര്‍ത്ഥനാ നിര്‍ദേശങ്ങള്‍ ഒക്കെ പ്രാമാണികമാണ് എന്നും ദൈവം പറഞ്ഞ യഥാര്‍ത്ഥ ഉപദേശങ്ങളാണെന്നും അറിയുന്നത് ?

ഇനി തന്നെയറിയാനായിട്ടുള്ള പരിമിതമായ യുക്തി ദൈവം മനുഷ്യനു ജന്മനാ നല്‍കിയിട്ടുണ്ടെന്നു കരുതിയാലും പ്രശ്നമുണ്ട്. അങ്ങനെ വരുമ്പോള്‍ അതേ യുക്തിവച്ചു നമുക്കു ചോദിക്കാവുന്ന കാര്യമുണ്ട് : ദൈവത്തേക്കാള്‍ വലിയൊരു ദൈവത്തെ ദൈവത്തിനു ഉണ്ടാക്കാമോ എന്ന്. Ridiculous എന്ന് തോന്നാമെങ്കിലും അതിലൊരു ലോജിക്കുണ്ട്. ദൈവത്തേക്കാള്‍ വലിയൊരു ശക്തിയെ ഉണ്ടാക്കാനാവാത്ത് ഒരു ദൈവം എങ്ങനെ സര്‍വശക്തനാകും ? ഇനി ദൈവത്തേക്കാള്‍ വലിയൊരു ദൈവത്തെ ഉണ്ടാക്കുകയാണെങ്കില്‍ ആ ദൈവമല്ലേ ആദ്യത്തെ ദൈവത്തേക്കാള്‍ ശക്തനാകുക ? ഇത് തമാശയ്ക്ക് ഇടുന്ന ചോദ്യമല്ല. മനുഷ്യന്റെ logical reasoning ന്റെ പരിമിതിയെ തന്നെ പുറത്തു കൊണ്ടുവരുന്ന ഒരു പ്രശ്ന ചിന്തയാണ്.
മനുഷ്യന്റെ അല്പബുദ്ധിയെവച്ച് ദൈവത്തെ അളക്കരുത്- ദൈവം ഇന്ന രീതിയിലിരിക്കും എന്നോ ഇന്ന രീതിയില്‍ സംസാരിക്കുമെന്നോ ഇന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുമെന്നോ ഇന്ന രീതിയില്‍ വചനങ്ങള്‍ ഇറക്കുമെന്നോ, ഇന്ന രീതിയില്‍ പ്രവാചകന്മാരെ അയയ്ക്കുമെന്നോ ഇന്ന രീതിയില്‍ മനുഷ്യ ജീവിതങ്ങളെ വഴിക്കാട്ടും എന്നോ ഒക്കെ ആരെങ്കിലും പറയുമ്പോള്‍ അത് മേല്‍ പറഞ്ഞ വളരെ വളരെ ലിമിറ്റഡ് ആയ യുക്തി മാത്രമുള്ള മനുഷ്യ മസ്തിഷ്കത്തിന് എങ്ങനെയാണ് മനസിലായത് എന്ന് ചോദിക്കാമല്ലോ.

2 . "..അങ്ങിനെയായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന..."

പരിണാമസിദ്ധാന്തത്തെ കുറിച്ച് ശാസ്ത്രീയമായ പാഠങ്ങളൊന്നുമറിയാത്ത ചിലര്‍ ‘കാഴ്ചബംഗ്ലാവിലെ കുരങ്ങന്മാരെന്താ മനുഷ്യരാവാത്തത്?’ എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. മേല്‍ ക്വോട്ട് ചെയ്ത ശരീഖ് ജീ യുടെ വാചകവും അതേ ഗണത്തില്‍ തന്നെയാണ് പെടുന്നത്.

സൈക്ക്യാട്രി ക്ലിനിക്കില്‍ വയലന്റായി എത്തുന്ന രോഗികളെയൊക്കെ ആദ്യമേ പിടിച്ച് 110 കിലോ വോള്‍ട്ട് ഇലക്ട്രിക്ക് കണക്ഷനിലേക്ക് കണക്ടുചെയ്ത് ഷോക്കു കൊടുക്കുന്നതാണ് ഭ്രാന്താശുപത്രിയിലെ ഡോക്ടറ് ആദ്യം ചെയ്യുന്നത് എന്ന് നമ്മുടെ പല സിനിമകളും കണ്ടു കണ്ട് പൊതുജനം തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഷോക്ക് എന്നാലെന്താണെന്ന് അറിയണമെങ്കില്‍ ശാസ്ത്രീയമായ അതിന്റെ വശങ്ങളറിയണം, രോഗം എന്തെന്നും ചികിത്സ എങ്ങനെ അതിനെ മാറ്റിമറിക്കുന്നു എന്നും സയന്റിഫിക്കായി സിസ്റ്റമാറ്റിക് ആയി പഠിക്കണം.

പരിണാമത്തെക്കുറിച്ച ആ സംശയങ്ങള്‍ക്ക് അങ്ങ് തന്നെ ഇവിടെ ഉദ്ധരിച്ച സ്റ്റീഫന്‍ ജേ ഗൂള്‍ഡിന്റെ അനേകമനേകം പുസ്തകങ്ങളില്‍ പരന്ന് കിടക്കുന്ന പരിണാമ ശാസ്ത്രത്തിന്റെ വിശാലമായ അറിവുകളില്‍ ഉത്തരങ്ങളുമുണ്ട്. ഡാനിയല്‍ ഡെന്നറ്റ്,റിച്ചാര്‍ഡ് ഡോക്കിന്‍സ്, പിങ്കര്‍, റിഡ്ലി തുടങ്ങിയവര്‍ എത്രയോ പുസ്തകങ്ങളിലൂടെ പരിണാമനിയമങ്ങളെക്കുറിച്ചുള്ള ഈ പോപ്പുലര്‍ തെറ്റിദ്ധാരണകളെ ഖണ്ഡിച്ചിട്ടുണ്ട്.
ശരീഖ് ജീ അതൊക്കെ അന്വേഷിച്ചു വായിക്കണം എന്നൊന്നും ഞാന്‍ പറയില്ല. അതൊക്കെ ഓരോരുത്തരുടേയും ഇഷ്ടവും വിശ്വാസവുമാണ്.
പക്ഷേ ശരീഖ് ജീ ഇവിടെ ഉദ്ധരിച്ചതുപോലെയൊന്നുമല്ല പരിണാമ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് വൈദ്യശാസ്ത്രമടക്കം സയന്‍സിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന, ഗണിത സമീകരണങ്ങളിലൂടെയും അല്ലാതെയും അനേകം വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന, വ്യക്തമായ നിയമങ്ങളും പ്രവര്‍ത്തന രീതികളുമുള്ള ഒരു ശാസ്ത്ര ശാഖയാണ്. അതേക്കുറിച്ച് കൂടുതലെഴുതാന്‍ ഏതായാലും സമയമനുവദിക്കുന്നില്ല.ഒന്നോരണ്ടോ ബ്ലോഗ് തുടങ്ങി എഴുതിയാലും അതൊന്നും തീരുകയുമില്ല.
(ആ വിഷയത്തെപ്രതിയുള്ള എന്റെ അഭിപ്രായങ്ങള്‍ ഈ പുസ്തകത്തിലൂടെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.)

3 comments:

 1. ഏതെങ്കിലുമൊരു particular പ്രകൃത്യാതീത അനുഭവം,ലോകത്തിലങ്ങിങ്ങായി ചിതറിക്കിടക്കുന്ന,പരസ്പരമറിയാത്ത കുറെമനുഷ്യര്‍ക്ക് ഉണ്ടാകുമ്പോള്‍,
  അതിനൊരു സമാനസ്വഭാവം ഉണ്ടാകുന്നെങ്കില്‍ അതീ Temporal Lobe തിയറി
  എങ്ങിനെയാണു വിശദീകരിയ്ക്കുക എന്നറിയാന്‍ താല്പര്യമുണ്ട്.
  (I am not sure if I have made myself clear.
  സൂരജിനു പറയാനുള്ളതുകൂടി കേട്ടിട്ടാകാം
  ബാക്കി)

  ReplyDelete
 2. പ്രിയ ഭൂമിപുത്രീ,

  ‘ഏതെങ്കിലുമൊരു particular പ്രകൃത്യാതീത അനുഭവം ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉത്തരം കുറേകൂടി സ്പെസിഫിക് ആക്കാം എന്ന് തോന്നുന്നു.

  ഏതായാലും വളരെ ജനറല്‍ ആയി ഇത്രയും പറയാം:

  മനുഷ്യ മസ്തിഷ്കത്തിന്റെ ആര്‍ക്കിടെക്ചര്‍, രാസപ്രവര്‍ത്തനങ്ങള്‍, സിഗ്നല്‍ പാറ്റേണ്‍ എന്നിവയൊക്കെ ഒരു പോലെയാണ്. ഉളവാകുന്ന ചിന്തകളിലും അതിന്റെ ക്രോഡീകൃത ഉല്പന്നമായ മനസും മാത്രമേ പല തോതുകളില്‍ വ്യത്യസ്ഥമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ഉണര്‍വ്വ്, ഉറക്കം,സ്വപ്നങ്ങള്‍, ഭയങ്ങള്‍, തുടങ്ങി മരണാസന്ന ചിന്തകളും near-death അനുഭവങ്ങളും വരെ സമാനതകളുള്ളവയായിരിക്കും. ഇന്ദ്രിയാതീതം എന്ന് നാം വിശ്വസിക്കുന്ന അനുഭവങ്ങള്‍ക്ക് പോലും ഈ സമാനതയുണ്ട്.(ഉദാഹരണത്തിന് ദിവ്യദര്‍ശനങ്ങള്‍, മരിച്ചവരെ കാണുക തുടങ്ങിയ അനുഭവങ്ങള്‍). കാരണം മനുഷ്യ മസ്തിഷ്കത്തിനും അതിന്റെ റഡാറുകളായ ഇന്ദ്രിയങ്ങള്‍ക്കുമെല്ലാം ചില ഫിസിയോ കെമിക്കല്‍ നിയമങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടേ നമ്മുടെ പരിത:സ്ഥിതിയെ അറിയാന്‍ കഴിയൂ. ആ പരിമിതികള്‍ക്കുള്ളിലായതിനാല്‍ അവ ഉളവാക്കുന്ന ചിന്തകള്‍ക്കും അതേ പരിമിതികള്‍ ബാധകമാണ്. തദ്വാരാ അനുഭവങ്ങലും സമാനസ്വഭാവമാകുന്നതില്‍ അത്ഭുതമില്ലല്ലോ.

  ReplyDelete
 3. സൂരജ്‌ ഏകദേശം ഞാന്‍ ഉദ്ദ്യേശിച്ചതു തന്നെയാണ്‍ പറഞ്ഞതു,നന്ദി.
  എന്റെ ചോദ്യം കുറെക്കൂടി വിശദമാക്കിയാലെ വ്യക്തമാവുകയുള്ളു.
  അടുത്ത ബ്ളോഗായിട്ടുത്തന്നെ ഇട്ടേക്കാം.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)