CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Mar 1, 2008

വേദങ്ങളിലെ ഹിംസാത്മകമായ ഒരു ഉദാഹരണം .

അശോക് കര്‍ത്താ മാഷുമായി നടത്തിയ കമന്റ് സംവാദത്തില്‍ ഇങ്ങനൊരു വിശദീകരണം കര്‍ത്താവ് സാര്‍ ഇട്ടിരുന്നു, ഇവിടെ.

ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തിന്റെ വിശദമായ കമന്റുകള്‍ ഇവയായിരുന്നു :

1. യജ്ഞത്തിലെ കുതിരയെപ്പറ്റി 'പണ്ഡിതന്മാര്‍' ചര്‍ച്ച ചെയ്യുന്നത്‌ കേട്ടപ്പോള്‍ ഒന്നിത്രടം വരെ വന്നു പോകാമെന്ന് കരുതി. തല്ലുന്നേല്‍ തല്ലട്ടെ! ഡിഗ്രിയും പത്രാസ്സുമുള്ളവര്‍ കാര്യങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനു മാറ്റമുണ്ടാവില്ലെന്നറിയാം. യജ്ഞത്തിലെ കുതിരയേക്കുറിച്ച്‌ ഡോക്ടറുടേയും ഉത്സാഹക്കമ്മിറ്റിക്കാരുടേയും അഭിപ്രായം അങ്ങനെ തന്നെ ഇരിക്കട്ടെ. നാലടി നടന്നാല്‍, ഒരാണികേറ്റിയാല്‍ ചത്തുപോകുന്ന കുതിര! ആത്മതത്ത്വത്തേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നിടത്താണു ബീഫും പോര്‍ക്കും! ഹാ..ഹ. അവരുടെ അഭിപ്രായം മാറ്റാന്‍ ഞാന്‍ ആളല്ല. അതു മാറിയാല്‍ അവരുടെ പല സങ്കല്‍പങ്ങളും തകരും. എങ്കിലും ബൃഹാദാരണ്യം ഒന്നാം ബ്രാഹ്മണം ഒന്ന് വായിച്ചു നോക്കുക. "ഓംഃ ഉഷാവ അശ്വസ്യ മേധസ ശിരഃ സുര്യശ്ചക്ഷുവാദപ്രാണോ........" എന്ന് തുടങ്ങുന്നത്‌. അതില്‍ യാഗാശ്വത്തിന്റെ മുഖം, കൈകാലുകള്‍ തുടങ്ങി എല്ലാത്തിനേക്കുറിച്ചും പറയുന്നുണ്ട്‌. എന്നിട്ടും സ്വന്തം അഭിപ്രായമാണു ശരി എന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക. വേദങ്ങളുടെ 'പ്രകൃതം' അഹിംസയാണു. അതില്‍ നിന്നും വാച്യമായോ അല്ലാതെയോ അതിനു മാറിപ്പോവാനാവില്ല.

2. വേദങ്ങളുടെ വിശകലനങ്ങളാണു ഉപനിഷത്തുകള്‍. വേദം സവിശേഷമായ ഒരു ഗണിത ഭാഷയിലാണു രചിച്ചിരിക്കുന്നത്. അതിനെ നമ്മുടെ വ്യവഹാര ഭാഷകൊണ്ട് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധമാകും. ടെന്‍സര്‍ എന്ന ഗണിതം പഠിക്കാന്‍ അരിത്തമറ്റിക്ക് അപര്യാപ്തമാകുന്ന പോലെ. സൂരജിനു പറ്റിയ ഈ അബദ്ധം നമ്മുടെ മുനിമാര്‍ മുങ്കൂട്ടി കണ്ടിരുന്നു. അതു കൊണ്ട് വേദത്തിനു വിശകലനങ്ങള്‍ ഉണ്ടായി. അക്കൂട്ടത്തില്‍ വളരെ ശ്രേഷ്ഠമായതാണു, ബൃഹദാരണ്യകം. അത് വേദമായി തന്നെ കണക്കാക്കാം. അതിലെ ഒന്നാം ബ്രാഹ്മണത്തില്‍ യാഗത്തിലെ കുതിരയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണു പ്രസക്ത സൂചന.

ഈ കമന്റുകള്‍ക്കുള്ള എന്റെ മറുപടി നീണ്ടുപോയതിനാലും, മെഡിസിന്‍ @ ബൂലോകത്തിലെ പോസ്റ്റില്‍ ഈ കമന്റ് ഓഫ് ടോപ്പിക് ആയതിനാലും ഇവിടെയിടുന്നു :

പ്രിയ അശോക് കര്‍ത്താ മാഷ്,

ഞാന്‍ വേദങ്ങളിലെ ഹിംസാത്മകമായ ഒരു ഉദാഹരണം പറഞ്ഞത് വ്യക്തമായ ധാരണകളോടെ തന്നെയാന്, അല്ലാതെ അമര്‍ചിത്രകഥ വായിച്ചുള്ള അറിവു വച്ചിട്ടൊന്നുമല്ല.

താങ്കള്‍ അവകാശപ്പെടുന്നതു പോലെ ഋഗ് വേദത്തില്‍ ഒരു ഗണിതഭാഷയുമില്ല. അതിന്റെ ഭാഷ വളരെ straight forward ആണ്. അതിനു ബൃഹദാരണ്യകത്തേക്കാള്‍ ചുരുങ്ങിയത് 1000 കൊല്ലമെങ്കിലും പഴക്കവുമുണ്ട്.
ഉപനിഷത്തുകളില്‍ ആദ്യത്തേതെന്നു കരുതപ്പെടുന്ന ബൃഹദാരണ്യകവും, ഛാന്ദോഗ്യവും ക്രിസ്തു വര്‍ഷപ്പിറവിക്കും 700-800 കൊല്ലം മുന്‍പ് എഴുതപ്പെട്ടതാണ്. എന്നാല്‍ ലോകത്തില്‍ ഇന്നറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ ക്രോഡീകൃത മതഗ്രന്ഥമായ ഋഗ്വേദം ക്രിസ്തുവിനും സുമാര്‍ 1700 മുന്‍പ് എഴുതപ്പെട്ടതാണ്. ഇതില്‍ ഉപനിഷത്തുക്കള്‍ വേദങ്ങളുടെ പുനര്‍ വ്യാഖ്യാനങ്ങളായി പറയാറുണ്ട്ടെങ്കിലും ഋഗ് വേദത്തിനു ഐതരേയ ബ്രാഹ്മണത്തിലും കൌശിതകീ ബ്രാഹ്മണത്തിലുമല്ലാതെ ഒരു ഉപനിഷത്തിലും വ്യക്തമായ പുനരാഖ്യാനങ്ങളോ വ്യാഖ്യാനങ്ങളൊ ഇല്ല. കാരണം ഋഗ് വേദം ഇന്‍ഡോ-ഇറാനിയന്‍ സംസ്കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആര്യഗോത്രത്തിന്റെ അന്നത്തെ പ്രാചീന ദേവതകളെ സ്തുതിക്കാനും, പര്‍വ്വതം, നദി അശ്വം, യജ്ഞം, മൃഗ ബലി, ശത്രുക്കളെ നശിപ്പിക്കാനുള്ള പ്രാര്‍ത്ഥനകള്‍ , എന്നിങ്ങനെയുള്ള അവരുടെ ദൈനം ദിന ജീവിതത്തിലെ അനവധി കാര്യങ്ങളെ മന്ത്രങ്ങളാക്കി സൂക്ഷിക്കാനും ഉപയോഗിച്ച കാവ്യരീതി മാത്രമാണ്. അതില്‍ തത്വചിന്തയും സൈദ്ധാന്തിക ചര്‍ച്ചകളും വളരെ കുറവും ഭാഷ താരതമ്യേന ഋജുവുമാണ്. (ഉപയോഗിച്ചിരിക്കുന്ന സംസ്കൃതം ഇന്നുള്ളതില്‍ നിന്നും അല്പം പഴയതാണെങ്കിലും).

ഉപനിഷത്തുകളിലൂടെ പ്രചരിച്ച ആ‍ധ്യാത്മിക തത്വചിന്തകളും മറ്റും പില്‍ക്കാലത്ത് ഭാരതീയ തത്വചിന്താശാഖ വളര്‍ന്നപ്പോള്‍ ഉണ്ടായവയാണ്.

ഋഗ് വേദത്തില്‍ സ്തുതിച്ചുകൊണ്ട് എഴുതപ്പെട്ട മന്ത്രങ്ങളിലെ 1% ദേവതകളെ പോലും ഇന്ന് ഇന്ത്യയില്‍ ആരാധിക്കുന്നില്ല - കാരണം ഋഗ് വേദം പ്രതിനിധീകരിക്കുന്നത് ഇന്നത്തെ ദേവതാ സങ്കല്‍പ്പമേ അല്ല എന്നതു തന്നെ. അതിലെ ജീവിതരീതികളും യജ്ഞ്നുഷ്ഠാനങ്ങളുമൊക്കെ പില്‍ക്കാല വേദങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമാണ് പലപ്രകാരത്തിലും.

പിന്നെ ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം നോക്കിയാല്‍ ആര്‍ക്കും മനസിലാകും അതില്‍ മൃഗബലിയെത്തെന്നെയാണ് വിവരിച്ചിരിക്കുന്നതെന്ന്:

ഒന്നാം മണ്ഡലം, അദ്ധ്യായം 22 സൂക്തം 162-ല്‍ ദീര്‍ഘതമസ്സ് ഋഷി ക്രോഡീകരിച്ച കാവ്യശകലങ്ങള്‍ നോക്കുക:

"ദേവകള്‍ക്കയക്കേണ്ടുന്ന ഹവിസ്സ് (ഹോമിക്കുന്ന വസ്തു) ആകാന്‍ പോകുന്ന അശ്വത്തെ ആളുകള്‍ കാലേകാലേ മൂന്നു വലം വയ്ക്കും. അഗ്നിയുടെ ഭാഗമായിത്തിര്‍ന്ന ആട് യജ്ഞത്തെക്കുറിച്ച് ദേവന്മാരെ അറിയിക്കാന്‍ മുന്‍പേ പോകും" (4); "ഈ കുതിരയെ ആടിനോട് കൂടെ ത്വഷ്ടാവു അമൃതേത്തിനെടുക്കുന്നു."
6-ആം മന്ത്രത്തില്‍ അശ്വത്തെ ഹോമിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പറയുന്നത് നോക്കുക: "അശ്വത്തെ കെട്ടാനുപയോഗിക്കുന്ന തൂണിനു മരം മുറിക്കുന്നവര്‍, ആ തൂണ് ചുമക്കുന്നവര്‍, അതില്‍ കെട്ടുന്ന ബന്ധന വലയം ഉണ്ടാക്കുന്നവര്‍ കുതിരയെ വേവിക്കാന്‍ ഒരുക്കം ചെയ്യുനവര്‍- ഈ ആളുകളുടെ കര്‍ത്തവ്യബുദ്ധി വര്‍ധിച്ചു വരട്ടെ".

"മുതുകു തഴച്ച ഈ മൃഗം ദേവകളുടേ ആശ നിറവേറ്റട്ടെ. നന്നായി കെട്ടിയ ഇതിനെ ദേവകളുടെ പുഷ്ടിക്ക് ഉപയോഗിക്കാം." (7)
അശ്വമേധത്തെ ക്കുറിച്ചുള്ള കൂടൂതല്‍ വിശദമായ graphical വിവരണമാണ് യജുര്‍വേദത്തില്‍ കാണുന്നത്. ശതപഥബ്രാഹ്മണത്തിലും ഇതിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ കൃത്യമായ വിശദീകരണമുണ്ട്(അ:22 മുതല്‍ 25 വരെ).

യജുര്‍വേദത്തിലെത്തുമ്പോള്‍ അശ്വമേധത്തിന്റെ മുഴുവന്‍ ക്രൌര്യവും തെളിഞ്ഞുവരുന്നതായിക്കാണാം. (ഇത് ഒരുപക്ഷേ ആര്യസംസ്കാരം ഉറച്ചതിനു ശേഷമുള്ള നാഗരിക ജീവിതത്തിന്റെ സംഭാവനയുമാകാം.) കുതിരയെ ബലി കൊടുത്തതിനു ശേഷം അതിന്റെ ശവത്തിനു ചുറ്റും രാജ്ഞിയും സപത്നിമാരും നിലവിളിക്കുകയും മന്ത്രോച്ചാരണത്തോടെ പ്രദക്ഷിണം വയ്ക്കുകയും ചെയുന്നു. മഹാരജ്ഞി ഇതിനിടെ ചത്ത കുതിരയുമായി ലൈംഗികക്രീഢയില്‍ ഏര്‍പ്പെടുന്നതായും വിവരണമുണ്ട്. ഒരു രാത്രി കുതിരയുടെ (ശവ) ഭോഗം നടത്തുന്ന മഹാരാജ്ഞിയെ ആ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഋക്കിലെ 4-ആം മണ്ഡലത്തിലെ 39,40 സൂക്തങ്ങളിലെ 11 മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നു. ഇത് അഗ്നിദേവന്റെ അശ്വരൂപമായ ദധിക്രാവ് എന്ന ദേവനെ സ്തുതിക്കുന്ന മന്ത്രങ്ങളാണ് ( ...അതി വേഗമുള്ള ദധിക്രാവിനെ നാം ക്ഷിപ്രം സ്തുതിക്കുക...വാനൂഴികളില്‍ തീറ്റയും വിതറിക്കൊടുക്കുക.. എന്നിങ്ങനെ തുടങ്ങുന്ന മന്ത്രം).

ഇതിനു ശേഷം രാജ്ഞിയും സപത്നിമാരും കുതിരയെ കീറിമുറിക്കാനുള്ള ശൂലങ്ങള്‍ സ്വീകരിക്കുന്നു. കുതിരയെ (മറ്റു അറവുകാര്‍ ചേര്‍ന്ന്) കീറിമുറിച്ചശേഷം ശവത്തില്‍ നിന്നും ഓരോ‍ ശരീരാവയവങ്ങളായി എടുത്ത് ഓരോ ദേവതയ്ക്കായി ഹോമിക്കുന്നു. ഇത് പ്രത്യേകം തയാറാക്കിയ വേവ് ചട്ടികളിലാണ് ചെയ്യുന്നത്.

ഋഗ് വേദ മന്ത്രങ്ങള്‍ ഇങ്ങനെയാണ് : “ കുതിരയുടെ കഴുത്തു കയര്‍, കാല്‍ക്കയര്‍, ശിരസിലെ കടിഞ്ഞാണ്‍, വായില്‍ വയ്ക്കപ്പെട്ട പുല്ല്, ഇതൊക്കെ ദേവന്മാരിലെത്തട്ടെ” (8); ‘ഈച്ച തിന്ന കുതിരയുടെ പച്ചമാംസം അറവുകത്തിയിലും മഴുവിന്മേലും പുരണ്ടത് അറവുകാരന്റെ കൈയ്യില്‍ പുരണ്ടത് നഖത്തില്‍ പുരണ്ടത് - അല്ലയോ കുതിരേ, നിന്റെ ഇതൊക്കെയും ദേവകളിലെത്തി അവരില്‍ പ്രീതിയുണ്ടാക്കട്ടെ.(9);

നിന്റെ വയറ്റിലെ അല്പം ദഹിച്ചപുല്ല് പുറത്തുവരുന്ന്നതും, വേവാത്ത മാംസത്തിന്റെ ഗന്ധം പുറപ്പെടുന്നതുമൊക്കെ നിന്റെ അറവുകാര്‍ ഒഴിവാക്കട്ടെ. അങ്ങനെ അവയവങ്ങള്‍ ശരിക്കു വേവിക്കട്ടെ(10).

നിന്റെ മാംസം വേവിക്കുമ്പോള്‍ പുറപ്പെട്ടതോ, കശാപ്പുചെയ്യുമ്പോള്‍ ആയുധത്തില്‍ തറച്ചതോ ഒന്ന്നും ഭൂമിയില്‍ പറ്റരുത്. പുല്ലുകളില്‍ പതിയരുത്. അത് ഹവിസ് മോഹിക്കുന്ന ദേവതകള്‍ക്കുള്ളതായി തീരട്ടെ.(11).

അശ്വത്തെ വേവിക്കുന്നത് നോക്കിക്കാണുന്നവര്‍ ‘നല്ല വാസന, ഇത്തിരി മാംസം തരൂ’ എന്ന് അപേക്ഷിക്കുന്നവര്‍, കുതിരയുടെ ബാക്കിമാംസം ഇരക്കുന്നവര്‍ - ഇവരൊക്കെ നമുക്കു ചുറ്റും വന്നു ചൂഴട്ടെ. (അത്ര ഗംഭീരമായ് ഈ ദഹനം നടക്കട്ടെ)(12)

മാംസം വേവിക്കുന്ന ഉരുളിയുടെ മരം കൊണ്ടുള്ള പിടിയില്‍, തിളയെടുത്ത് പകരുന്ന പാത്രങ്ങള്‍, ആവിയടക്കികള്‍, മാംസ പാത്രങ്ങളുടെ അടപ്പുകള്‍, അടയാള വസ്തുക്കള്‍, കത്തികള്‍ എന്നിവയെക്കുറിച്ച് 13-ആം മന്ത്രത്തില്‍ വിശദീകരിക്കുന്നു.


എല്ലാം കഴിഞ്ഞ് ചില സുഖിപ്പിക്കല്‍ മന്ത്രങ്ങള്‍ കൂടിയുണ്ട്: ‘കുതിരേ, നിന്നെ ഈ അഗ്നിയുടെ പുക ചിനപ്പിക്കരുത്. ഗന്ധവും തിളക്കവുമുള്ള ഈ ഉരുളി അധികം ചൂടു വയ്ക്കരുത്...(നിനക്കു ജീവനുണ്ടായിരുന്നപ്പോള്‍) നീ തളര്‍ന്നുപോയാല്‍ നിന്റെ പുറത്തേറിയവന്‍ നിന്നെ ഒച്ചയിട്ടും മടമ്പുകൊണ്ടോ ചമ്മട്ടികൊണ്ടോ നിന്നെ ഉപദ്രവിച്ചിട്ടുണ്ടാകുമല്ലോ. നിന്റെ ആ വേദനയൊക്കെ ഞാ‍ാന്‍ മന്ത്രം കൊണ്ട് തീര്‍ത്തുതരാം(15,17)

‘ഉയര്‍ന്നുയര്‍ന്നു പോകുന്ന നിന്റെ അരുമയായ ശരീരം ദു:ഖിപ്പിക്കരുത്. മഴു നിന്റെ അവയവങ്ങളെ ഏറെ നേരം നിര്‍ത്തരുത്. വെട്ടിക്കീറാന്‍ അറിഞ്ഞുകൂടാത്ത അറവുകാരന്‍ നിന്നെ വാള്‍ കൊണ്ട് ആക്രമിച്ചു വെറുതേ തുണ്ടു തുണ്ടാക്കരുത്.(19); തീര്‍ച്ചയായും നീ ഇപ്പോള്‍ മരിക്കുന്നില്ല. ഹിംസിക്കപ്പെടുന്നില്ല, നീ ദേവകളുടെ അടുത്തേയ്ക്ക് പോകുകയാണ്...അശ്വം നമുക്ക് നല്ല പശുക്കളേയും നല്ല കുതിരകളേയും പുരുഷപ്രജകളേയും വിശ്വപോഷകമാ‍ായ ധനത്തേയും തരട്ടെ. ഹോമിക്കപ്പെട്ട ഈ കുതിരയുടെ അവയവങ്ങള്‍ നമുക്കു ബലം തരട്ടെ...!(22)


അശോക് കര്‍ത്താ മാഷ് പറയുന്ന ബൃഹദാരണ്യകോപനിഷത്തില്‍ മാത്രമല്ല, അവധൂതോപനിഷത്തിലും ബ്രഹ്മവൈവര്‍ത്തെ പുരാണത്തിലും ഒക്കെ അശ്വമേധത്തിന്റെ ബിംബാത്മക പ്രാധാന്യത്തെ എടുത്ത് പറയുന്നുണ്ട്.

ഇതില്‍ തന്നെ ബൃഹദാരണ്യകത്തില്‍ അശ്വമേധം എന്ന concept-നെയല്ല ‘മരണ’വുമായി താരതമ്യം ചെയ്തിരിക്കുന്നത്, മറിച്ചാണ്. അശ്വത്തിന്റെ കീറിമുറിക്കപ്പെടുന്ന ശരീരമായി സംവത്സരത്തെയും സൂര്യന്റെ താപത്തെ ഹോമാഗ്നിയായും സങ്കല്‍പ്പിച്ചിരിക്കുന്നു.

എന്നാല്‍ ഈ സൈദ്ധാന്തിക രൂപത്തിലുള്ള അശ്വമേധത്തെ പുരാണങ്ങളില്‍ കാണാനാവില്ല. രാമായണത്തില്‍ ദശരഥന്‍ നടത്തുന്ന അശ്വമേധത്തില്‍ അദ്ദേഹത്തിന്റെ മൂത്ത രാജ്ഞിയായ കൌസല്യ കുതിരയുടെ ശവത്തിനൊപ്പം രാത്രിചെലവഴിക്കുന്നുണ്ട്. മഹാഭാരത്തതില്‍ യുദ്ധശേഷം യുധിഷ്ടിരന്‍ നടത്തുന്ന അശ്വമേധത്തിലും അദ്ദേഹത്തിന്റെ രാജ്ഞി ദ്രൌപതി കുതിരയുടെ ശവഭോഗം നടത്തുന്നു. പില്ക്കാലത്ത് മൌര്യവംശത്തിലെ രാജാക്കന്മാരടക്കം പലരും വേദാനുസാരിയായി അശ്വമേധം ചെയ്തിരുന്നതായി ചരിത്രം തെളിവു നല്‍കുന്നു.

അശ്വത്തെ ബലികൊടുക്കുന്ന രീതി ഇന്ത്യയില്‍ തുടങ്ങിയതൊന്നുമല്ല. അതിനു ആര്യന്മാര്‍ക്കും മുന്‍പുള്ള ഇന്‍ഡോ യൂറോപ്പിയന്‍ സംസ്കാരങ്ങളുമായും പില്‍ക്കാല ഗ്രീക്ക് സംസ്കാരവുമായുമൊക്കെ ബന്ധമുണ്ട്.

പിന്നെ വേദവും ആയുര്‍വേദവുമൊക്കെ അപൌരുഷേയങ്ങളാ‍ണെന്നും അലംഘനീയ തത്വങ്ങളുടെ സമാഹാരങ്ങളാണെന്നും വിശ്വസിക്കുന്ന താങ്കള്‍ക്ക് അതു തുടര്‍ന്നും വിശ്വസിക്കാം. പക്ഷെ ബാക്കിയൂള്ളവര്‍ മണ്ടന്മാരാണെന്ന് കരുതരുത്.

28 comments:

 1. സുല്ലേ, സുല്ല്. സൂരജിന്റേത് information കളുടെ ഒരു ക്രോഡീകരണമാണു. ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കണമെന്നല്ലാതെ അതിനു മറ്റൊരു ഉദ്ദേശവുമില്ല. ആര്യന്മാരുടെ അധിനിവേശം എന്നൊക്കെയുള്ളത് ഇന്നാരും subscribe ചെയ്യുന്നില്ല. കാ‍രണം ഭാഷാ ശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും അതിനു സാധുതയില്ല. പ്രാകൃതമായ ഒരു കാലത്തില്‍ ഒരു ideology ഇത്ര വ്യാപകമായി എങനെ അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത് പറയുമായിരുന്നില്ല. വിവരസാങ്കേതിക വിദ്യയും മറ്റു ടെക്നോളജിയും ഇത്രയും ഉന്നത നിലവാരത്തില്‍ നില്‍ക്കുമ്പോഴും ഒരാശയത്തെ ഇത്ര വേഗത്തിലും വ്യാപകമായും എത്തിക്കാന്‍ ഇന്നും കഴിയുന്നില്ല. പിന്നെയാണോ അന്ന്. എന്ന് മാത്രമല്ല, ബീഹാറിലെ കുഗ്രാമങ്ങളിലും ശ്രീലങ്കയിലെ ദ്രാവിഡര്‍ക്കിടയിലും ഒരേപോലെ അത് ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചു എന്ന് ആലോചിച്ചിരുന്നെങ്കില്‍ ഈ മണ്ടത്തരം എഴുതുമായിരുന്നില്ല. പാശ്ചാത്യന്‍ ഇവിടെ വന്നപ്പോള്‍ അവരുടെ സൌകര്യത്തിനുവേണ്ടി ഉണ്ടാക്കിയ ഒരു തിയറി എടുത്ത് കാണിച്ചാല്‍ എല്ലാമാകുമോ? സൂരജിനു അതില്‍ തൃപ്തി തോന്നാം. പക്ഷെ ആലോചിക്കുന്നവര്‍ക്ക് അങ്ങനെ തോന്നില്ല. എനിക്കൊരു സംശയം. താങ്കള്‍ എന്തു കൊണ്ട് സ്വന്തമായി ചിന്തിക്കുന്നില്ല. ഇനി ഈ വിഷയത്തില്‍ താങ്കള്‍ക്ക് താല്‍പ്പര്യവും യതാര്‍ത്ഥ്യമറിയണമെന്ന് നിര്‍ബ്ബന്ധവുമുണ്ടെങ്കില്‍ ഈ കമന്റടി അവസാനിപ്പിച്ചിട്ട് ഒരിടത്തിരുന്ന് ഇതൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം. മറുപടി എന്റെ ഇ-മെയിലിലേക്ക് അയക്കു.

  ReplyDelete
 2. സുല്ലേ, സുല്ല്. സൂരജിന്റേത് information കളുടെ ഒരു ക്രോഡീകരണമാണു. ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കണമെന്നല്ലാതെ അതിനു മറ്റൊരു ഉദ്ദേശവുമില്ല. ആര്യന്മാരുടെ അധിനിവേശം എന്നൊക്കെയുള്ളത് ഇന്നാരും subscribe ചെയ്യുന്നില്ല. കാ‍രണം ഭാഷാ ശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും അതിനു സാധുതയില്ല. പ്രാകൃതമായ ഒരു കാലത്തില്‍ ഒരു ideology ഇത്ര വ്യാപകമായി എങനെ അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത് പറയുമായിരുന്നില്ല. വിവരസാങ്കേതിക വിദ്യയും മറ്റു ടെക്നോളജിയും ഇത്രയും ഉന്നത നിലവാരത്തില്‍ നില്‍ക്കുമ്പോഴും ഒരാശയത്തെ ഇത്ര വേഗത്തിലും വ്യാപകമായും എത്തിക്കാന്‍ ഇന്നും കഴിയുന്നില്ല. പിന്നെയാണോ അന്ന്. എന്ന് മാത്രമല്ല, ബീഹാറിലെ കുഗ്രാമങ്ങളിലും ശ്രീലങ്കയിലെ ദ്രാവിഡര്‍ക്കിടയിലും ഒരേപോലെ അത് ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചു എന്ന് ആലോചിച്ചിരുന്നെങ്കില്‍ ഈ മണ്ടത്തരം എഴുതുമായിരുന്നില്ല. പാശ്ചാത്യന്‍ ഇവിടെ വന്നപ്പോള്‍ അവരുടെ സൌകര്യത്തിനുവേണ്ടി ഉണ്ടാക്കിയ ഒരു തിയറി എടുത്ത് കാണിച്ചാല്‍ എല്ലാമാകുമോ? സൂരജിനു അതില്‍ തൃപ്തി തോന്നാം. പക്ഷെ ആലോചിക്കുന്നവര്‍ക്ക് അങ്ങനെ തോന്നില്ല. എനിക്കൊരു സംശയം. താങ്കള്‍ എന്തു കൊണ്ട് സ്വന്തമായി ചിന്തിക്കുന്നില്ല. ഇനി ഈ വിഷയത്തില്‍ താങ്കള്‍ക്ക് താല്‍പ്പര്യവും യതാര്‍ത്ഥ്യമറിയണമെന്ന് നിര്‍ബ്ബന്ധവുമുണ്ടെങ്കില്‍ ഈ കമന്റടി അവസാനിപ്പിച്ചിട്ട് ഒരിടത്തിരുന്ന് ഇതൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം. മറുപടി എന്റെ ഇ-മെയിലിലേക്ക് അയക്കു.

  ReplyDelete
 3. ബാക്കിയൂള്ളവര്‍ മണ്ടന്മാരാണെന്ന് കരുതരുത് ........
  സുരജോ മറ്റ് ഉത്സാഹക്കമ്മറ്റിക്കാരൊ മണ്ടന്മാരാനെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നോ. ഒരിക്കലുമില്ല. സൂരജ് ഒരു വല്ലാത്ത സിദ്ധാന്തം മുറുകെ പിടിക്കുന്നു. അതില്‍ ഞാന്‍ ചില്ലറകുത്തുകള്‍ കുത്തി. തന്റെ ശാസ്ത്രത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കില്‍ അത് അവഗണിക്കാമായിരുന്നു. അതിനു പകരം പരുഷം പറഞ്ഞു. വാദങ്ങള്‍ നിരത്തി. ഇപ്പോള്‍ തന്നെ മണ്ടനാണെന്ന തോന്നല്‍ സ്വയമുണ്ടായതു കൊണ്ടല്ലേ ഇവിടെ ഇങ്ങനെ എഴുതിയത്. നമ്മള്‍ വ്യക്തികള്‍ ആരേപ്പറ്റിയുമല്ലല്ലോ ചര്‍ച്ച ചെയ്തത്. എതാണ്ട് ഒരു ശാസ്ത്രത്തെപ്പറ്റിയല്ലെ? അതിനെ വ്യക്തിയുമായി താദാമ്യപ്പെടുത്തി എന്തിനാ ചിന്തിക്കുന്നത്?

  ReplyDelete
 4. ...ആര്യന്മാരുടെ അധിനിവേശം എന്നൊക്കെയുള്ളത് ഇന്നാരും subscribe ചെയ്യുന്നില്ല. കാ‍രണം ഭാഷാ ശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും അതിനു സാധുതയില്ല. പ്രാകൃതമായ ഒരു കാലത്തില്‍ ഒരു ideology ഇത്ര വ്യാപകമായി എങനെ അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത് പറയുമായിരുന്നില്ല...


  മാഷേ, ആര്യന്മാര്‍ ഒരു വെളുപ്പാന്‍ കാലത്ത് ഇവിടെക്കേറിവന്ന് ഇവിടുള്ളവരെയെല്ലാം കൊന്നുതള്ളിയെന്നോ അതുകൊണ്ടാണ് ഹാരപ്പാ-മൊഹേന്‍ ജൊദാരോ സംസ്കാരങ്ങള്‍ തകര്‍ന്നുവീണത് എന്നൊന്നും ഉള്ള വാദങ്ങളല്ല ഞാന്‍ ഇവിടെ നിരത്തിയിട്ടുള്ളത്. അത്തരത്തിലൊരു 'അധിനിവേശം' നടന്നു എന്നു ഞാന്‍ എവിടെയും പറഞ്ഞിട്ടുമില്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടൂ തിരുത്താം!

  തവളകളെ ഡിസക്ഷന്‍ ചെയ്ത് പഠിക്കുന്നതിനെക്കുറിച്ചുള്ള എന്റെ പോസ്റ്റില്‍ താങ്കള്‍ സകല ഡോക്ടര്‍മാരേയും കുറ്റപ്പെടുത്തിക്കൊണ്ട് കമന്റിട്ടു.വൈദ്യത്തെക്കുറീച്ചോ സയന്‍സിനെക്കുറിച്ചോ ഒരു ചുക്കും ചുണ്ണാമ്പും അറിയാതെയാണ് താങ്കള്‍ ഇതൊക്കെ പറയുന്നത് എന്ന് താങ്കളുടെ അക്ഷരക്കഷായം ബ്ലോഗിലെ അണുസിദ്ധാന്തത്തെക്കുറിച്ചും, എം.ആര്‍.ഐ സ്കാനിനെക്കുറിച്ചും പാപ്പിലോമാ വൈറസിനെക്കുറിച്ചും, സ്ത്രീകളെ തീണ്ടാരിയാകുമ്പോള്‍ ഇരുട്ടുമുറിയിലേക്കു മാറ്റുന്നതിന്റെ ശാസ്ത്രീയ വശത്തെക്കുറിച്ചുമൊക്കെ വിവരിച്ച പഴയ പോസ്റ്റുകളില്‍ നിന്നു മനസിലായിരുന്നു.
  അതുകൊണ്ടുതന്നെയാണ് താങ്കള്‍ മുറുകെപ്പിടിക്കുന്ന വേദങ്ങളിലും പാരമ്പര്യത്തിലുമൊക്കെ ഹിംസാത്മകമായ കര്‍മ്മങ്ങളുണ്ടെന്നത് കാണിക്കാനായി ഋഗ്വേദത്തിലെയും യജുര്‍വേദത്തിലെയും അശ്വമേധത്തെക്കുറിച്ചു ഉദാഹരിച്ചുപറഞ്ഞത്. അപ്പോള്‍ താങ്കള്‍ അത് ബൃഹദാരണ്യകോപനിഷത്തിലെ ഉദയാസ്തമന/'കാല-ചക്ര' കണ്‍സെപ്റ്റുമായി അശ്വമേധത്തെ താരതമ്യം ചെയ്യുന്ന ശ്ലോകം ക്വോട്ട് ചെയ്ത് വാദിക്കാന്‍ വന്നു.

  ആ വാദം എന്റെ വാദത്തെ ഖണ്ഡിക്കുന്നില്ല എന്ന് പറയാനാണ് ഈ പോസ്റ്റിട്ടത്.

  ചര്‍ച്ചകള്‍ ഇവിടെ കമന്റുകളായിത്തന്നെ വരണം. ഇ-മെയിലില്‍ ആയാല്‍ ഇത് സ്വകാര്യമായി ഒടുങ്ങും. അതു പോരാ. ബുലോകത്ത് ഇതേക്കുറിച്ച് അറിവുള്ളവരും ഉണ്ടല്ലോ. അവരും ചര്‍ചയില്‍ പങ്കാളികളാകട്ടെ.
  അതിനായി തലക്കാലം ഇതിലെ കമന്റുകള്‍ മറുമൊഴി ഗ്രൂപ്പില്‍ വരാനായി സെറ്റിംഗ്സ് മാറ്റുന്നു. ഒപ്പം കമന്റ് മോഡറേഷനും.

  പിന്നെ എനിക്ക് സപ്പോര്‍ട്ടിനായി ഒരു ഉത്സാഹക്കമ്മറ്റിക്കാരേയും ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടില്ല. താങ്കള്‍ ഹരികുമാറിന്റെ തരത്തില്‍ സംഘടിത ആക്രമണം എന്നൊന്നും പറഞ്ഞ് കുഴിയില്‍ചാടുകയും വേണ്ടാ.

  ശാസ്ത്രം കൊണ്ടാണ് താങ്കള്‍ വാദിക്കാന്‍ വരുന്നതെങ്കില്‍ അതേ ശാസ്ത്രം കൊണ്ടു മറുപടിനല്‍കാന്‍ ഒരു ഉത്സാഹക്കമ്മറ്റിക്കാരുടേയും സഹായവും എനിക്കു വേണ്ടാ. ആ ആത്മവിശ്വാസം ഉള്ളതുകൊണ്ടുതന്നെയ്‍ാ‍ണ് ഈ പോസ്റ്റിട്ടത്. അല്ലാതെ താങ്കള്‍ പറയുമ്പോലെ സ്വയം മണ്ടനാണെന്നു തോന്നിയിട്ടല്ല! ഹ ഹ ഹ!

  ReplyDelete
 5. പഴയതിനേയൊക്കെ എതിര്‍ക്കാന്‍ ഒരു കാലത്ത് സോഷ്യലിസ്റ്റുകള്‍ കൊണ്ടു നടന്നിരുന്ന വാദങ്ങളിലാണു താങ്കളുടെ ചുവടുകള്‍. ഡി.ഡി.കൊസാംബിയെ പോലുള്ളവരായിരുന്നു അതിന്റെ പ്രചാരകര്‍. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച അവര്‍ക്ക് ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിനു സംസ്കൃതമായ ഒരു ഭൂതകാലം ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അറിഞ്ഞോ അറിയാതയോ ബ്രിട്ടണൊപ്പമായിരുന്നു. വേദങ്ങള്‍, ഇടിമിന്നലിനേയും,മഴയേയും മഞ്ഞിനേയും കണ്ട് പേടിച്ച ആദിമവര്‍ഗ്ഗത്തിന്റെ ഭീതിദമായ പ്രലപനങ്ങളാണു എന്നവര്‍ പറഞ്ഞു. ഇപ്പോള്‍ സൂരജും ആ നിലപാടിലൊക്കെ തന്നെയാണു. അതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ താങ്കള്‍ തയ്യാറല്ല. വേദമെഴുതിയ ഭാഷയുടെ വ്യാകരണം വിശകലനം ചെയ്തിട്ടുണ്ടാകുമല്ലോ. താ‍ങ്കള്‍ക്കെന്തു തോന്നി? ഒരു ഭാഷയുടെ മാറ്റ് നിശ്ചയിക്കുന്നത് അതിന്റെ വ്യാകരണമാണല്ലോ. വെറും ഭൌതിക കാര്യത്തെക്കുറിച്ച് തന്നെയാണു അതില്‍ ചര്‍ച്ച എന്ന് വയ്ക്കുക. ഇത്രയധികം വിഷയങ്ങള്‍, ഇത്ര വ്യത്യസ്തതയോടെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തു? 700ഉം 1000ഉം വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിനു എന്തിനു കമന്ററി ഉണ്ടായി? ആയുര്‍വ്വേദം പോലെ ഒരു വൈദ്യശാഖ അതില്‍ നിന്ന് ഉരുത്തിരിഞ്ഞു വരികയും ഇപ്പോഴും സജീവമായി നില്‍ക്കുകയും ചെയ്യുന്നു.( അതേതാണ്ട് മൊത്തമായും അഥര്‍വ്വമാണു?) 5000 കൊല്ലം കഴിഞ്ഞിട്ടും അതിലെ മരുന്നു ഇന്നും ഉപയോഗിക്കാം. ഫലപ്രദവുമാണു. അതിന്റെ സാംഗത്യമെന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? മനസിനേക്കുറിച്ചുള്ള ഉപനിഷത്ത് പഠനങ്ങള്‍ ഒരു ലോകോത്തര മനഃശ്ശാസ്ത്രജ്ഞനെ സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം അത് തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണു. താങ്കള്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ആധുനികമെന്ന രീതിയില്‍ പഠിച്ചിരിക്കാനുമിടയുണ്ട്. ആര്‍ക്കിടെക്ചര്‍? പദ്മനാഭ പുരം കൊട്ടാരം കണ്ട് അന്തം വിട്ടു നിന്ന ബാനിസ്റ്റര്‍ ഫ്ലെച്ചറിനേക്കുറിച്ച് താങ്കള്‍ക്കറിയാമോ? വേദാന്തമൊക്കെ നില്‍ക്കട്ടെ. വെറും വാസ്തു വിദ്യപോലും ആധുനികനായ ഒരു ആര്‍ക്കിടെക്റ്റിനെ അമ്പരപ്പിക്കണമെങ്കില്‍ അതു ഗിമിക്കുകള്‍ കൊണ്ട് സാധിക്കുമെന്നാണോ വിചാരം? ഇതിനൊക്കെ പിന്നില്‍ കൃത്യമയ ഒരു ശാസ്ത്രമുണ്ടെന്ന് വിചാരിക്കുന്നില്ലയോ? ഈ ശാസ്ത്രം വൈദ്യത്തിന്റെ മെഖലയിലുമുണ്ട്. പക്ഷെ താങ്കള്‍ മുഖം തിരിച്ചു നില്‍പ്പാണു. വൈദ്യശാസ്ത്രത്തിന്റെ യാന്ത്രിക മോഡലിലാണു ഇന്നും താങ്കള്‍ പിന്‍പറ്റുന്ന അലോപ്പതി. ആയുര്‍വ്വേദത്തിലെ മൂന്ന് വിഭാഗത്തില്‍ അത് ഒന്ന് മാത്രം. സുശ്രുതന്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ശസ്ത്രങ്ങളെപ്പറ്റി താങ്കള്‍ കെട്ടിരിക്കുമല്ലോ. താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സാധാരണ ശസ്ത്രക്രിയാ ഉപകരണങ്ങളുമായി അവയെ താരതമ്യം ചെയ്യുമ്പോള്‍ എന്താണു തോന്നുക? അവരൊക്കെ പറഞ്ഞത് സ്വപ്നദര്‍ശനങ്ങള്‍ ആണെന്നാണോ? താങ്കളേപ്പോലെ രോഗികളെ കാണുകയും ചികിത്സിക്കുകയും ചെയ്തവരായിരുന്നു. അവര്‍. അതേ മരുന്നു കൊണ്ട് അതേ സങ്കേതം കൊണ്ട് ആയിരങ്ങളെ ചികിത്സിച്ച് ഫലമുണ്ടാക്കുന്നവര്‍ ഇന്നുമുണ്ട്. ഇതു ആ ശാസ്ത്രത്തിന്റെ നൈരന്തര്യവും ശാസ്ത്രീയതയും വെളിവാക്കുനു. അതിനെപ്പറ്റി പഠിക്കേണ്ടത് അവരുടെ സങ്കേതത്തില്‍ പോയി നിന്നു കൊണ്ട് വേണം. ഗണിതശാസ്ത്രം പഠിക്കേണ്ടവന്‍ സോഷ്യ്യോളജിയില്‍ അറിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ?( ലോകത്തില്‍ എറ്റവുമധികം നേത്രശസ്ത്രക്രിയ നിര്‍വ്വഹിച്ച ഭാരതീയനെ താങ്കള്‍ അറിയാതിരിക്കില്ല. അദ്ദേഹം ഒരു ആയുര്‍വ്വേദ വൈദ്യനായിരുന്നു.)അതു കൊണ്ട് എന്താണു ആ ഈട് വയ്പ് എന്നറിയണമെങ്കില്‍ പൂര്‍വ്വപക്ഷമായെങ്കിലും അത് പഠിച്ചു നോക്കണം. തര്‍ക്കിക്കാനാണെങ്കില്‍ ആര്‍ക്കും സാധിക്കും. അതു കൊണ്ട് അവനവനു പ്രയോജനമുണ്ടാവില്ല. താങ്കള്‍ പിന്‍പറ്റുന്ന അലോപ്പതിയില്‍ നിന്നും ഫിസിക്സും കെമിസ്റ്റ്രിയും കുറച്ചാല്‍ എന്തുണ്ട്? ഡൊക്ടറെ ഒരു രക്ഷകനെപ്പോലെയാണു ലോകം കാണുന്നത്. പക്ഷെ ഇന്നത്തെ ചികിത്സയില്‍ ഒരു ഡൊക്ടര്‍ക്കുള്ള സ്ഥാനം എന്നേക്കാള്‍ നന്നായി സൂരജിനറിയാം. എന്റെ പൊസ്റ്റില്‍ ഡോക്ടറന്മാരെ ചൊടിപ്പിക്കുന്നത് അതു കൊണ്ടാണു. അലോപ്പതിയായാലും ആയുര്‍വ്വേദമായാലും വൈദ്യം വൈദ്യന്റെ നിയന്ത്രണത്തിലായിരിക്കണം. അലോപ്പതി ഇന്ന് ആപല്‍ക്കരമായ ഒരാത്മഹത്യാമുനമ്പിലാണു. അത് തിരിച്ചറിയുന്നതു കൊണ്ടാണു താങ്കള്‍ പ്രകോപിതനാകുന്നതും.
  (ഇതിലൂടെ ഒരു ചര്‍ച്ചയ്ക്ക് എനിക്ക് വിരോധമില്ല. ചോദ്യം താങ്കള്‍ ചോദിക്കുക. താങ്കള്‍ക്ക് അറിയാനുള്ളതിനേക്കുറിച്ച് സംസാരിച്ചിട്ടല്ലെ കാര്യമുള്ളു.അറിയാവുന്നത് പറയാം. അറിയാത്തത് അരിയില്ല എന്നും പറയാം. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാലബദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക)

  ReplyDelete
 6. "മഹാഭാരത്തതില്‍ യുദ്ധശേഷം യുധിഷ്ടിരന്‍ നടത്തുന്ന അശ്വമേധത്തിലും അദ്ദേഹത്തിന്റെ രാജ്ഞി ദ്രൌപതി കുതിരയുടെ ശവഭോഗം നടത്തുന്നു"

  ഡിയര്‍ സൂരജ്
  ഇതെവിടെയാണ് പറഞ്ഞിട്ടുള്ളത്? ഇനി അധവാ ഉണ്ടെങ്കില്‍ തന്നെ അത് ആ പ്രവര്‍ത്തിക്ക് പ്രതീകമായി വല്ലതും ചെയ്തതാവാനേ തരമുള്ളൂ. ഉദാഹരണത്തിന് മറ്റു മതങ്ങളിലും മനുഷ്യബലി എന്നിവയ്കൊക്കെ സമാനമായ മറ്റു ചില ക്രിയകള്‍ ഉണ്ടല്ലോ..പ്രതീകാത്മകമായി ചെയ്യാന്‍?
  ഇനി അങ്ങനെ പുരാണത്തിലെഴുതി വെച്ചത് അതേപടി വിശ്വസിച്ചാല്‍ തന്നെ, അതിനൊപ്പം മറ്റു കാര്യങ്ങളും ശരിയാണെന്ന് സമ്മതിക്കുമോ? ഉദാഹരണത്തിന്, കുടത്തില്‍ നിന്ന് നൂറ് പേരുണ്ടായതും, പുഷ്പക വിമാനവും എല്ലാം , ഈ ഒരു ലോജിക്ക് വെച്ച് അങ്ങു വെള്ളം തൊടാതെ വിഴുങ്ങാമല്ലോ?
  അതോ ഇന്നത്തെ മനുഷ്യന് ചെയ്യാന്‍ പറ്റുന്ന കാര്യമേ അന്നത്തെ പുരാണങ്ങളില്‍ നിന്ന്, എഴുതിയ അതേപടി എടുക്കാന്‍ പറ്റൂ? കുതിരമായി രതി ഇന്ന് ഒരു കാര്യമേ അല്ലല്ലോ. ഹഹ!

  എന്തായാലും ഈ വിവരങ്ങള്‍ക്കൊക്കെ നന്ദി.

  ReplyDelete
 7. പ്രിയ ചിത്രകോരന്‍ ജീ,

  അശ്വമേധാശ്വവുമായി മഹാരാജ്ഞി ശവഭോഗം ചെയ്യണമെന്നുള്ളത് യജുര്‍വേദത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കുതിരയുടെ ലിംഗത്തെയും രാജ്ഞിയുടെ യോനിയേയും, ശുക്ല സ്ഖലനത്തെയും കുറിച്ചടക്കം.
  1899-ല്‍ റാ‍ല്ഫ് ഗ്രിഫിത്തും പിന്നീട് 1914-ല്‍ ആര്‍തര്‍.ബി കീത്തും യജുര്‍വേദം തര്‍ജ്ജമ ചെയ്തപ്പോള്‍ ഈ ‘ശവഭോഗ’ കര്‍മ്മങ്ങള്‍ അശ്ലീലപാരമ്യമായിക്കരുതി വിട്ടുകളഞ്ഞു എന്നറിയുക!
  രാജ്ഞി കുതിരയോടൊത്ത് ശയിച്ചുകഴിഞ്ഞതിന്റെ പിറ്റേ ദിവസം പറയുന്ന മന്ത്രങ്ങള്‍ (ദധിക്രാവിനെ സ്തുതിക്കുന്ന) സാധാരണ പാപമുക്തിക്ക്, വിശേഷിച്ച് അശ്ലീലപരമായ പാപങ്ങളില്‍നിന്നും മോചനത്തിനായി ഉപയോഗിക്കുന്നവയാണെന്നതും ശ്രദ്ധേയമാണ്.

  പിന്നെ ഇത് പ്രതീകാത്മകമായിരുന്നോ അല്ലയോ എന്നത് മറ്റൊരു ചോദ്യമാണ്. പുരാണങ്ങളിലെ കഥകളില്‍ ഇതു പ്രതീകാത്മകമായി മാത്രമാവാം നടന്നിട്ടുണ്ടാകുക.ഉദാഹരണത്തിനു ദശരഥന്‍ അശ്വമേധം കഴിഞ്ഞ് മുഖ്യ കാര്‍മ്മികനു തന്റെ ഭാര്യമാരെ ദാനമായി നല്‍കുന്നുണ്ട്. അതു സിമ്പോളിക് ആണ്. കാര്‍മ്മികന്‍ ഭാര്യമാരെ തിരികെ ഏല്‍പ്പിച്ച് പകരം രത്നങ്ങളും പശുക്കളും സമ്മാനമായി സ്വീകരിക്കുന്നെന്ന് പറയുന്നുണ്ടല്ലോ. ദ്രൌപതിയും കുതിരയോടൊത്ത് ശയിച്ചുവെന്നേ പ്രസ്താവമുള്ളൂ. നെക്രോഫീലിയയെക്കുറിച്ച് പറയുന്നില്ല.
  കാരണം ആര്യസമാജവും ഗായത്രീപരിവാര്‍ പോലുള്ള സംഘടനകളുമൊക്കെ ഇതിനെ പ്രതീകാത്മകമായി മാത്രം കണ്ടാല്‍ മതി എന്ന് പറയുന്നു. അങ്ങനെ കാണണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷേ വേദങ്ങളില്‍ അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും വരാത്തവണ്ണം ഏതാണ്ട് നേരെ വാ നേരെ പോ മട്ടില്‍ തന്നെയാണ് ഇതൊക്കെ പ്രസ്താവിച്ചിട്ടുള്ളത്. (ഏഴോ എട്ടോ തരത്തില്‍ വേദങ്ങളിലെ വിവരങ്ങള്‍ വ്യാഖ്യാനിക്കുന്ന സമ്പ്രദായങ്ങള്‍ നേരത്തേ തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്നു. അവ - നൈരുക്തം , വൈയാകരണം, യാജ്ഞികം, ജ്യൌതിഷം, സാമ്പ്രദായികം,ആധ്യാത്മികം, ഐതിഹാസികം, ആഗമികം എന്നിങ്ങനെയാണ്. ഇതില്‍ യാജ്ഞിക/ആധ്യാത്മിക പ്രസ്ഥാനക്കാരാണ് വേദങ്ങളിലെ മന്ത്രങ്ങള്‍ക്ക് ഗൂഢാര്‍ത്ഥമുണ്ടെന്നും അതു മുഴുവ്വന്‍ ആധ്യാത്മികമാണെന്നും വാദിക്കുന്നവരില്‍ മുന്‍പന്മാര്‍. എന്നാല്‍ ചരിത്രപരമായ - കാബൂള്‍/ അഫ്ഘാന്‍ പ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള ആര്യന്‍മാരുടെ വരവ്, അവരുടെ ഇവിടുത്തെ ജീവിതരീതി, അവരുടെ പ്രകൃതിവര്‍ണ്ണനകള്‍, മൃഗങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍, കാലഗണനാക്രമങ്ങള്‍, ഏറ്റവും പ്രാചീനമായ സൃഷ്ടിസങ്കല്‍പ്പങ്ങള്‍, ദൈവങ്ങള്‍, മുനിമാരുടെ കഥകള്‍, മുനിമാര്‍ തമ്മിലുള്ള വഴക്കുകള്‍, കൃഷിരീതി, കൃഷി രക്ഷ എന്നിവയൊക്കെയാണ് പ്രധാനമായും ആദിമ വേദങ്ങളുടെ പ്രദിപാദനവിഷയം. ഇത് ഋഗ്വേദഥ്തില്‍ ഏതാണ്ടു മുഴുവനും ഈ പറഞ്ഞത് മാത്രമേ ഉള്ളൂ. അതില്‍ തത്വചിന്ത വളരെ കുറവുമാണ്. പിന്നെ ശത്രു നാശത്തിനായി ഇന്ദ്രന്‍, വരുണന്‍, മിത്രന്‍, ആദിത്യന്മാര്‍ തുടങ്ങിയ ദേവതകളോടുള്ള നിരന്തരമായ പ്രാര്‍ത്ഥനയും. ഇന്നുകാണുന്ന തരത്തിലുള്ള ദൈവങ്ങളൊന്നുമല്ല ൠഗ്വേദത്തിലെ ദൈവ സങ്കല്പങ്ങള്‍ - ശരിക്കും പ്രാചീന ഇറാനിയന്‍, ഗ്രീക്ക് ദൈവസങ്കല്പങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന സങ്കല്പങ്ങളാണ് ഋഗ്വേദത്തിലുള്ളത്.

  ഇത്രയും പറഞ്ഞത്, പുരാണങ്ങളിലെ കഥപോലെയല്ല വേദങ്ങളിലെ വിവരങ്ങള്‍ എന്നു കാണിക്കാനാണ്. വേദങ്ങളുടെ നിര്‍മ്മാണരീതിയുടെ പ്രത്യേകതകള്‍ കൊണ്ടാകാം, അവ കാര്യമായ തിരുത്തലുകളില്ലാതെ നമുക്ക് ഇന്നും കിട്ടുന്നത്. ആര്യ സംസ്കാരത്തിന്റെ ലോകം മുഴുവനുമുള്ള പരിണാമങ്ങളും, ആര്‍ക്കിയോളജിക്കല്‍ വിവരങ്ങളുമായി പ്രാചീന വേദങ്ങളിലെ വിവരങ്ങള്‍ നന്നായി ഒത്തു പോകുന്നുണ്ട് എന്നതും കാണിക്കുന്നത് വേദങ്ങള്‍ കാവ്യങ്ങള്‍ മാത്രമല്ല, നല്ല history ടെക്സ്റ്റുകള്‍ കൂടിയാണ് എന്നാണ്.

  ReplyDelete
 8. ഹാ, കഷ്ടം. ഈ ഡോക്ടര്‍ക്കാകെ വട്ട് ഇളകിയിരിക്കുകയാണല്ലോ? മൂന്നേമുക്കാല്‍ നാഴിക നേരം പോലും നില നില്‍ക്കാത്ത ശാരീരിക കാമത്തിനു വേണ്ടി മുനിമാര്‍ ഇത്രയും വിചാരം ചെയ്തു എന്ന് പറയുന്നത് സ്വന്തം മനസിലെ കാമത്തിന്റെ കറുപ്പാണു വെളിവാക്കുന്നത്. വേദം, ഇതിഹാസം, പുരാണം എന്നിവയേക്കുറിച്ചോ അവയുടെ ക്രമിക വികാസത്തേക്കുറിച്ചോ ഡോക്ടര്‍ക്ക് വലുതായൊന്നും ധാരണയുണ്ടെന്ന് വിശ്വസിക്കാനാവില്ല. ഉള്ളതൊക്കെയും ഇന്ത്യയെ ഇകഴ്ത്തിക്കാണണമെന്നാഗ്രഹിച്ച് പാശ്ചാത്യന്റെ വീക്ഷണവും. ഈ ടെക്സ്റ്റുകള്‍ അതിന്റെ ഇന്ത്യന്‍ കമന്റിറിയോടെ ഒന്ന് വായിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഈ അബദ്ധവിശ്വാസങ്ങള്‍ മാറിപ്പോകാന്‍ ഇടയുണ്ട്. ശര്‍മ്മാസാറിനേപ്പോലെ ഒരു ആചാര്യനേ കണ്ട് അതൊരു പുനര്‍ വായനയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കു. എന്നിട്ടാവാം ചര്‍ച്ച. എല്ലാത്തിലും പാശ്ചാത്യനെ ആചാര്യനായിക്കാണുന്നവര്‍ ഇണ്‍ഗനെയൊക്കെ ചിന്തിക്കൂ.

  ReplyDelete
 9. പ്രാഞ്ചീസിന്റെ കാമം മൂന്നേമുക്കാല്‍ നാഴിക പോയിട്ടു് മൂന്നേമുക്കാല്‍ നിമിഷം പോലും നിലനില്‍ക്കാറില്ല. അതോണ്ടാ പ്രാഞ്ചീസും ഇതുപോലെ ഓരോരോ പുരാണങ്ങളു് പറഞ്ഞും എഴുതീം ഒക്കെ കാമം തീര്‍ക്കാന്നു് കരുതീതു്. ഇച്ചിരെ കാമം തീര്‍ക്കാന്‍ എന്തിനു് ഒത്തിരി, ല്ലേ മാഷേ? മുതുകാള എന്തിനു് വെറുതെ പശൂനെ മെനക്കെടുത്തണം?

  നന്ദി, മാഷേ. ഒരാളെങ്കിലും പ്രാഞ്ചീസിനെ മനസ്സിലാക്കീലോ. പ്രാഞ്ചിക്കു് സന്തോഷായി.

  ReplyDelete
 10. ഹ ഹ ഹ !
  കര്‍ത്താമാഷേ, എന്തരിന് ശര്‍മ്മാജീയേയും വര്‍മ്മാജീയേയുമൊക്കെ മെനക്കെടുത്തണം....ഞാനീ എഴുതിയതൊന്നും ഒരു പാശ്ചാത്യന്റേയും വേദ വ്യാഖ്യാനമല്ല!
  സായണന്‍ എന്നൊരു മണ്ടനുണ്ടായിരുന്നു..മാഷ് കേട്ടിട്ടുണ്ടാകും...മൂപ്പരുടെ വേദാര്‍ത്ഥദീപികയാണ് ഇന്ത്യയിലെ ഋഗ് വേദത്തിന്റെ സാമ്പ്രദായിക ആഖ്യാനങ്ങളില്‍ മുഖ്യം. അതൊന്നെടുത്ത് വായിച്ച് നോക്ക്...ഇല്ലെങ്കില്‍ സ്കന്ദസ്വാമിയുടെ വ്യാഖ്യാനം, മാധവന്റെ ഋഗര്‍ത്ഥ ദീപിക, ഇനി അതുമല്ലെങ്കില്‍ ഉല്‍ഗീഥഭാഷ്യം...അങ്ങനെ കെടക്കേല്ലേ ഇന്ത്യയിലെ തന്നെ പണ്ഡിതശ്രേഷ്ഠരുടെ ആഖ്യാ‍നങ്ങള്‍....അതൊക്കെ തീര്‍ന്നിട്ടു വേണ്ടേ മാക്സ് മുള്ളറേയും കീത്തിനെയും ഗ്രിഫിത്തിനേയുമൊക്കെ പൊക്കിക്കൊണ്ടുവരാന്‍....
  ഇനി ഇതൊന്നും വയ്യാന്നുച്ചാ നമ്മട വള്ളത്തോള്‍ നാരായണമേനോന്‍ തന്നെ എഴുതീട്ടുണ്ട് നല്ല ബഡാബംഗാളന്‍ ഒരു ഋഗ്വേദസംഹിത - നല്ല പച്ചമലയാളം പരിഭാഷ! 1955-ല് സാഹിത്യാക്കാദമി ഗ്രാന്റില്‍. നുമ്മട കേരളായൂണിവേഴ്സിറ്റീടെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ ചെതലരിച്ച് തീരാറായ നാലഞ്ചു കോപ്പിയുണ്ട്...ഒന്നെടുത്ത് വായിച്ചേരെ!

  വട്ട് ആര്‍ക്കാണെന്ന് അപ്പോ മനസിലാകും!!!

  ReplyDelete
 11. ഇത്ര ചെറു പ്രായത്തിലെ ഇതൊക്കെ വായിച്ചു തീര്‍ത്ത താങ്കളുടെ പാദങ്ങള്‍ ഒന്ന് നീട്ടിത്തരുമോ....ഞാനൊന്ന് നമസ്കരിക്കട്ടെ.

  ReplyDelete
 12. ഹെന്റെ അശോക് കര്‍ത്താവ് സാറേ,

  ഇതൊന്നും വായിക്കാന്‍ 45 വര്‍ഷമൊന്നും കാത്തിരിക്കണ്ട. താളിയോലയൊന്നുമല്ലല്ലോ മഞ്ഞള്‍പ്പൊടിയൊക്കെയിട്ട് മോണോക്കിളൊക്കെ വച്ച് തപ്പി തപ്പി വായിക്കാന്‍, പേപ്പറും ബിറ്റും ബൈറ്റുമൊക്കെയല്ലേ. അതിനിപ്പോ 24 വയസ് തന്നെ ധാരാളം! (:B)

  ReplyDelete
 13. പിന്നെ കാലൊക്കെ നീട്ടിത്തരുകാ എന്നു വച്ചാ...അതു ബോറല്ലേ ? ഛായ്!

  ReplyDelete
 14. ഡോ: സൂരജ്,

  “വിഡ്ഢികളോട് തര്‍ക്കിക്കരുത് . കേട്ടു നില്‍ക്കുന്നവര്‍ക്കും കണ്ടു നില്‍ക്കുന്നവര്‍ക്കും ഒന്നും മനസിലാവില്ല!” എന്നൊരു പഴഞ്ചൊല്ലുണ്ട്.

  ഏ.കേ സാറിന് ശര്‍മ്മയെ (പി.വി ശര്‍മ്മയോ ഏ.എന്‍ ശര്‍മ്മയോ അതോ ഹേമരാജ ശര്‍മ്മയോ?) മാത്രമേ അറിയൂ; ബാക്കിയൊക്കെ പാശ്ചാത്യന്മാരാണ്, അല്ലെങ്കില്‍ അവരുടെ ചെരുപ്പു നക്കികള്‍! ഡോക്ടറിങ്ങനെ ഛടപടേന്ന് ഓരോന്ന് പറയാതെ, നിര്‍ത്തി നിര്‍ത്തി പാടൂ. അപ്പോഴേ മൂപ്പിലാന് മനസിലാവൂ.

  ഏതായാലും ചാവണനേരത്തും കുതിരയെ മന്ത്രം പറഞ്ഞ് ‘സുഖിപ്പിക്കുന്ന’ ആ എടപാടുണ്ടല്ലോ, അത് പെരുത്തിഷ്ടായി. കൊല്ലുമ്പം അങ്ങനെതന്നെ വേണം. കൌശികീയത്തില് മരം വെട്ടുമ്പം മിണ്ടാപ്രാണികളോട് ക്ഷമ ചോദിക്കുന്ന പഴയ നമ്പര്‍!

  പിന്നെ, ഏ.കേ സാറിന് വേദവും ആയുര്‍വേദവുമെല്ലാം അപൌരുഷേയമാണ്. ആരും എഴുതിയുണ്ടാക്കിയതല്ലാത്രെ!
  അപ്പോ പിന്നെ അതിലു ഷക്കീലപ്പടം വന്നാ മൂപ്പര്‍ സഹിക്കുവോ ?

  ReplyDelete
 15. "അശ്വമേധാശ്വവുമായി മഹാരാജ്ഞി ശവഭോഗം ചെയ്യണമെന്നുള്ളത് യജുര്‍വേദത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കുതിരയുടെ ലിംഗത്തെയും രാജ്ഞിയുടെ യോനിയേയും, ശുക്ല സ്ഖലനത്തെയും കുറിച്ചടക്കം."

  ശവഭോഗമാണെങ്കില്‍ ശുക്ലസ്ഖലനം നടക്കുന്നതെങ്ങനെ? കണ്‍‍ഫ്യൂഷന്‍.

  ReplyDelete
 16. ശവഭോഗമാണെങ്കില്‍ ശുക്ലസ്ഖലനം നടക്കുന്നതെങ്ങനെ? കണ്‍‍ഫ്യൂഷന്‍.

  അതേ കണ്‍ഫ്യൂഷന്‍ തന്നെ എനിക്കും ചിത്രകോരാ...:)

  കുതിരയ്ക്കു സ്ഖലനമുണ്ടാകുന്നു, അതു യോനിയിലാകുന്നു എന്നൊക്കെയാണ് വര്‍ണ്ണന! ഹ ഹ ഹ!
  കുതിരയെ കൊന്നിട്ടേ രാജാവ് റാണിയെ കൂടെക്കിടക്കാന്‍ സമ്മതിക്കൂ.അത് കട്ടായം. അങ്ങനെതന്നെയാണ് യജുര്‍വേദത്തിലും. ചത്ത കുതിര ഏതായാലും ‘ലത്’ നടത്തില്ല! അതു കാവ്യ സങ്കല്പമാവാം. കുതിരയെ സംബന്ധിച്ച സമകാലീന സംസ്കാരങ്ങളില്‍ ഉണ്ടായിരുന്ന fertility - fables ആകാം ഇത്തരമൊരു ചടങ്ങിനു രൂപം നല്‍കിയത് എന്നു കരുതാനും ന്യായമുണ്ട്.

  ReplyDelete
 17. ഈ നെക്രോഫോബിയായും, ബീസ്റ്റിയാലിറ്റിയുമൊക്കെ പണ്ടേ ഉണ്ടായിരുന്നോ സൂരജേ..
  എന്തായാലും ഈ ഇളംപ്രായാത്തില്‍ ഇത്ര ഗഹനമായി പഠിച്ചതിനുപുറമേ, സുവ്യക്തമായി എഴുതി ഫലിപ്പിക്കുകയും ചെയ്യുന്ന ആ അഖ്യാനരീതി അപാരം തന്നെ. ഇതു ഒരു പുകഴ്ത്തലല്ല കേട്ടൊ..ഒരു സത്യം മാത്രം.

  ReplyDelete
 18. അശോക് കര്‍ത്താവിനെ ഇഞ്ചി കടിപ്പിച്ചല്ലാ ചെല്ലാ ഹ ഹാ ഹാ.

  ഡോ: സൂരജ്, പോസ്റ്റിലും കമന്റിലും പുലര്‍ത്തുന്ന ഈ ഷാര്‍പ്നെസ്സ് പെരുത്തിഷ്ടായി ഇഷ്ടാ...

  എന്താ ഇപ്പം ഒരു ആത്മീയ ലൈന്‍? ഇവനോടൊക്കെ തര്‍ക്കിച്ച് തര്‍ക്കിച്ച് ജീവിതം മടുത്താ ?

  keep up the good work.

  ReplyDelete
 19. അമ്ബേദ്ക്കര്‍,ആര്യ-ഹിന്ദു പുരാണങ്ങള്‍ വിശകലനം ​ചെയ്യുമ്പോള്‍,
  ഈ വഹകളൊക്കെ-വിസ്ഥരിക്കുന്നുണ്ട്.മഹാ-സമ്സ്ക്രിത പണ്ഠിതന്മാരുടെ
  (അശോക് കര്‍ത്താവെന്ന മുനിയെ-അറിഞ്ഞിരുന്നില്ല)
  സഹായത്തോടെ വ്യാഖ്യാനിക്കുമ്പോള്‍.ഇത്തരം തറ ടീമുകളേയാണല്ലോ ദൈവം
  കറ്ത്താവേ നീ ഞങ്ങളുടെ നാട്ടില്‍ വാഴിച്ചന്നോര്‍ത്ത് ശപിച്ചുപോയി.
  വന്നതിനും -വരാന്‍പോകുന്നതിനും ആയുര്‍വേദത്തിലും
  പുരാണത്തിലും മരുന്നുണ്ടന്നു ധരിച്ചുവിവശനായിരിക്കുന്ന
  (വിഷണനായി, ഇളിഭ്യനായി,ഏകാന്തനായ് ഞാന്‍ നിന്നു......)
  ടീമുകളോട് കൈകൊടുക്കരുത്.സമയം പോകുന്നത് നിങ്ങടെ..

  ReplyDelete
  Replies
  1. ദ്രമിളൻ1/20/2018 3:37 PM

   അതു കലക്കി. എന്തിനും ഏതിനും ഉത്തരം പുരാണങ്ങളിലും വേദങ്ങളിലും
   ഉണ്ട് എന്നു പറഞ്ഞ് യുക്തിക്ക് നിരക്കാത്ത കുറേ വ്യാഖ്യാനങ്ങളും വിശ്വാസങ്ങളുമായി നടക്കുന്നവരാണ് ഭൂരിഭാഗവും.

   Delete
 20. സൂരജ്, പോസ്റ്റ് ഇഷ്ടപ്പെട്ടു. സൂരജും, കര്‍ത്താവും, ഇന്ത്യാ ഹെരിറ്റേജും തമ്മില്‍ നടക്കാറുള്ള ഈ "അടിപിടികള്‍" മൂലം ഋഗ്വേദം വായിച്ചുതുടങ്ങിയ ഒരു നാസ്തികനാണു ഞാന്‍ :-) അതിനു നന്ദി പറഞ്ഞോട്ടെ. വായിച്ച അത്രയും ഭാഗത്തൊക്കെ കണ്ട പ്രാകൃതമായ ഒരുതരം നിഷ്കളങ്കത വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.

  പോസ്റ്റില്‍ പറഞ്ഞ I.162 സൂക്തത്തില്‍ ഒരു ചെറിയ തിരുത്തുണ്ടെന്നു തോന്നുന്നു - യജ്ഞത്തിലെ ആട് പൂഷാവിന്റെ വീതമാണ്‌ ("When thrice the men lead round the Steed, in order, who goeth to the Gods as meet oblation,
  The goat precedeth him, the share of Pūṣan, and to the Gods the sacrifice announceth." - ഗ്രിഫിത്തിന്റെ "http://www.sacred-texts.com/hin/rigveda/rv01162.htm"തര്‍‌ജ്ജമ). അതുപോലെ ത്വഷ്ടാവ് എന്നാല്‍ ഇന്ദ്രനല്ല, സ്വര്‍‌ഗ്ഗത്തിലെ ശില്‍‌പ്പിയാണെന്നാണ്‌ തോന്നുന്നത്. ഇന്ദ്രനു വജ്രായുധം നിര്‍‌മ്മിച്ചുകൊടുത്തത് ത്വഷ്ടാവാണത്രേ (X.48.3 "For me hath Tvaṣṭar forged the iron thunderbolt: in me the Gods have centred intellectual power."). ബാക്കിയെല്ലാം പൂര്‍‌ണ്ണമാണെന്നു തോന്നിയതിനാലാണ്‌ ഇവ ശ്രദ്ധയില്‍‌പ്പെടുത്തുന്നത്

  ReplyDelete
 21. പ്രിയ സെബു:മാണിക്കന്‍ ജീ,

  ഗ്രിഫിത്തിന്റെ തര്‍ജ്ജമ കൈയ്യില്‍ ഉണ്ടായിരുന്നെങ്കിലും “സായിപിന്റെ റെഫറന്‍സ്” ഇവിടെ ചില പാരമ്പര്യക്കാര് എടുക്കൂല്ല എന്നതിനാല്‍ വള്ളത്തോളിന്റെ ഋഗ്വേദ സംഹിതയിലെ ഗദ്യ തര്‍ജ്ജമയാണ് ഞാനീ പോസ്റ്റില്‍ ക്വോട്ട് ചെയ്യാനെടുത്തത് :))
  അതിലെ വാചകത്തില്‍ “പൂഷാവിനെ‍” ഒഴിവാക്കിചുരുക്കിയിരിക്കുന്നതിനാല്‍ ഇവിടെയും ഞാന്‍ വിട്ടുവെന്നേയുള്ളൂ.

  അശ്വത്തെ വധിക്കും മുന്‍പേ അതിന്റെ വരവറിയിക്കാന്‍ കൊമ്പില്ലാത്ത ആടിനെ ബലികഴിക്കുന്ന പതിവുണ്ട്. 4-ആം മന്ത്രത്തില്‍ ആ ആട് അശ്വത്തിന്റെ വരവറിയിക്കാന്‍ മുന്നേ പോവുന്നതിനെപ്പറ്റിയാണ് പറയുന്നത്.

  ത്വഷ്ടാവ് എന്നാല്‍ “ചെത്തി കനം കുറയ്ക്കുന്ന” എന്നും “തൊലിയുരിക്കുന്ന” എന്നുമൊക്കെ അര്‍ത്ഥം. അതുപ്രകാരം വേദങ്ങളില്‍ ബ്രഹ്മാവിന്റെ പര്യായമായും ഇന്ദ്രന്റെ പര്യായമായും വിശ്വകര്‍മ്മാവ് (തച്ചന്‍,ആശാരി) ആയുമൊക്കെ ‘ത്വഷ്ടാ’വിനെ പ്രയോഗിച്ചിട്ടുണ്ട്.ദ്വാദശ ആദിത്യന്മാരിലൊരാളായും “ത്വഷ്ടാവ്” എന്ന ദേവതയെ സങ്കല്‍പ്പിച്ചിട്ടുണ്ട് വൈദിക മതത്തില്‍ . ദധീചി(?)യുടെ അസ്ഥികളില്‍ നിന്ന് വൃത്രനെ വധിക്കാനുള്ള ആയുധം(വജ്രം?) നിര്‍മ്മിച്ചുനല്‍കിയ ആളിനെയും “ആശാരി” എന്ന അര്‍ത്ഥത്തില്‍ “ത്വഷ്ടാവ്” എന്നു വിളിക്കുന്നുവെന്നേയുള്ളൂ.

  ഋഗ്വേദസംഹിതയില്‍ ത്വഷ്ടാവിനെ “തൊലിയുരിക്കുന്ന”,“ദഹിപ്പിക്കുന്ന” എന്ന അര്‍ത്ഥത്തില്‍ അഗ്നിയായിട്ടാണ് വള്ളത്തോള്‍ ടിപ്പണി നല്‍കിയിരിക്കുന്നത്. ‘ത്വഷ്ടാവായ അഗ്നി’യാണ് ഹോമിക്കപ്പെടുന്ന ആടിനെയും പിന്നാലെ വരുന്ന അശ്വത്തെയും ദേവകള്‍ക്കെത്തിച്ചുകൊടുക്കുന്നത് എന്ന് സങ്കല്പം. “അഗ്നിയുടെ ഭാഗമായിത്തിര്‍ന്ന ആട്” എന്ന് വള്ളത്തോള്‍ 4-ആം മന്ത്രത്തെ വ്യാഖ്യാനിച്ചിരിക്കുന്നതും അതിനാലാവാം.

  പിശക് ചൂണ്ടിക്കാട്ടിയതിനു നന്ദി. ത്വഷ്ടാവിന്റെ അപ്പുറത്ത് ബ്രാക്കറ്റില്‍ ഉള്ളത് തിരുത്തിയിട്ടുണ്ട്.

  ReplyDelete
 22. പ്രിയപ്പെട്ട സുരജ്‌ സര്‍,
  താങ്കളുടെ ബ്ലോഗ്‌ ഈ അടുത്താണ് ഒരു സുഹൃത്ത്‌ പരിചയപ്പെടുത്തിയത്. വളരേ നന്നായിതോന്നി. ബാബു സാറിന്റെ ബ്ലോഗ്‌ പോലെയുള്ള ബ്ലോഗ്‌.
  Thank you suraj sir.
  we people expect more and more subjects for discussion through your blogs.

  regards

  Haryjith
  alias Abdu Raheem

  ReplyDelete
 23. "മഹാഭാരത്തതില്‍ യുദ്ധശേഷം യുധിഷ്ടിരന്‍ നടത്തുന്ന അശ്വമേധത്തിലും അദ്ദേഹത്തിന്റെ രാജ്ഞി ദ്രൌപതി കുതിരയുടെ ശവഭോഗം നടത്തുന്നു"

  ഈ വിഷയത്തില്‍ ഒരു സംശയം ചോദിച്ചോട്ടെ..? പലരോടും ചോദിച്ചിരുന്നു ഈ ചോദ്യം പക്ഷെ കൃത്യമായ മറുപടി കിട്ടാഞ്ഞത് കൊണ്ട് ഇവിടെയും ചോദിക്കട്ടെ.. ഒരു ഡോക്ടറുടെ ബ്ലോഗ്‌ ആയതു കൊണ്ട് മറുപടി കിട്ടാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

  ചത്ത ഒരു പെണ്‍ കുതിരയെ ഒരു പുരുഷന്‍ ഭോഗിച്ചാല്‍ അത് മനസിലാക്കാം. എന്നാല്‍ ചത്ത ഒരു ആണ്കുതിരയെ എങ്ങനെ ഒരു സ്ത്രീ ഭോഗിക്കും? ചത്ത ഏതെങ്കിലും ജീവിയുടെ ലിംഗം പൊങ്ങുമോ? ലിംഗം പൊങ്ങാതെ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമോ? അത് വേണ്ട ചത്ത കുതിരയുടെ ലിംഗം അതിന്റെ ഉറയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുമോ? കുതിര, കഴുത, ആന തുടങ്ങിയ മൃഗങ്ങള്‍ മൂത്രം ഒഴിക്കാനും ലൈംഗിക ബന്ധം നടത്താനും ഒക്കെ മാത്രമല്ലേ ലിംഗം പുരത്തെക്കെടുക്കുന്നത്? അപ്പോള്‍ ചത്ത കുതിരയുമായി എങ്ങനെ ഒരു സ്ത്രീക്ക് ബന്ധപ്പെടാന്‍ സാധിക്കും? ഒന്ന് വിശദമാക്കാമോ?

  ReplyDelete
  Replies
  1. രാമായണവും മഹാഭാരതവും ചരിത്രഗ്രന്ഥങ്ങളല്ല, മിത്തുകളാണ്. കഥകളിലെ കഥാപാത്രങ്ങള്‍ വേദവിധിപ്രകാരം ചെയ്ത കാര്യത്തിന്റെ വര്‍ണനയെപ്പറ്റിയാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്, അല്ലാതെ ദ്രൗപദിയോ കൗസല്യയോ ശരിക്കും ഈ പണി ചെയ്തോ എന്നതിന്റെ ബയോളജിക്കല്‍ സാധ്യതയെപ്പറ്റിയല്ല. അശ്വമേധത്തിന്റെ വിധി പട്ടമഹിഷി കുതിരയുമായി ശവഭോഗം ചെയ്യണമെന്നാണ്. അത് യജുര്‍‌വേദത്തിന്റെയും ഋക്കിന്റെയും വിധിപ്രകാരമാണ് എന്നു വായിച്ചെടുക്കാം (യജുസ്സും ഋക്കും സനാതനനു തന്നെ റെഫര്‍ ചെയ്യാവുന്നതേയുള്ളൂ). വേദങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത പഴക്കം ചെന്ന വൈദിക രേഖ ശതപഥ ബ്രാഹ്മണമാണല്ലോ. അതില്‍ 13-ആം കാണ്ഡത്തില്‍ (5:2:1മുതല്‍ 10വരെ) കുതിരയുടെ ലിംഗം വലിച്ചെടുത്ത് റാണിയുടെ ഗുഹ്യത്തില്‍ വയ്ക്കുന്നത് അങ്ങനെ തന്നെ എഴുതിയിട്ടുണ്ട്. ചത്തകുതിരയുടെ ലിംഗം ഉദ്ധരിക്കാതെയും വലിച്ചെടുക്കാനും ഇങ്ങനെ ചെയ്യാനും സാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അതൊരു symbolic gesture ആയിരുന്നിരിക്കാമെന്നും ചത്തകുതിര സ്ഖലിക്കില്ല എന്നും ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണ്. ഇവിടെ പോസ്റ്റിന്റെ വിഷയം തന്നെ വേദങ്ങളിലെ ഹിംസയുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളെപ്പറ്റിയാണ്.

   Delete
 24. sathyam parajal, eniku, onnum manassilayilla................

  ReplyDelete
 25. Akhiljith.kappyanathu3/02/2016 11:55 PM

  രാമായണം മഹാഭാരതം എന്നതൊക്കെ വെറും മിത്തുകളായി തള്ളികളയാൻ നമുക്കു സാധിക്കില്ല...... അങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് ഏകദേശം 2000 കി.മീ ദൂരെ ജീവിച്ചിരുന്ന ഒരാൾക്ക് ഇവിടുത്തെ ഭൂപ്രകൃതിയെപ്പറ്റിയും അതിനപ്പുറമുള്ള ലങ്കയെപ്പറ്റിയും വർണ്ണിക്കാനായി? അതും സഹസ്രാബ്ദങ്ങൾക്ക് മുന്നേ തന്നെ..... ഇന്ത്യയിലെ പ്രാചീനമായ പല രാജവംശങ്ങളെയും ഈ പുരാണങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നില്ലേ?....
  വേദങ്ങളെപ്പറ്റി എനിക്കു ജ്ഞാനമില്ല...... പക്ഷെ അങ്ങു പറയുന്ന ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നു. ആര്യന്മാർ ഇങ്ങോട്ട് കടന്നു വന്നവരാണ്. അതു കൊണ്ട് വേദങ്ങളിൽ മുകളിൽ പറയുന്ന പോലെ പ്രാകൃതമായ പലതും പ്രതിപാദിക്കുന്നുണ്ടാകാം.
  വേദങ്ങളെ പിൻതുടർന്നവർ Symbolic ആയി അതിലെ പല കർമ്മങ്ങളും ചെയ്തിട്ടും ഉണ്ടാകാം.....


  ഒരു വാർത്തയിൽ സ്വീഡിഷ് ലിബറേഷൻ പീപ്പിൾസ് പാർട്ടി ശവഭോഗവും സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധവും നിയമവിധേയം ആക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതായി കണ്ടു. ഇത്ര പ്രാകൃതമായ ഒരു കൃത്യമോ എന്നു തിരഞ്ഞതുകൊണ്ടാണ് ഈ പോസ്റ്റ് കാണാൻ ഇടയായത്.... ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരുക......

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

Art of Living (1) Biennale (1) British Library (1) cartoon (1) Life of Pi (1) Papez-limbus-circuit (1) saraswati (1) Writing Britain (1) അതിരാത്രം (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആത്മാവ് (2) ആത്മീയത (3) ആമവാതം (1) ആയുര്‍വേദം (1) ആരോഗ്യ മേഖല (2) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (1) ഉന്നത വിദ്യാഭ്യാസം (1) ഋഗ്വേദം (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) ഏ. അയ്യപ്പൻ (1) ഒറ്റമൂലി ചികിത്സ (1) ഓർമ്മ (1) കണ്ണുകള്‍ (1) കല (1) കാളിയംബി (1) കൃഷ്ണന്‍ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ഡാര്‍വിന്‍ (1) തത്വചിന്ത (1) ദൈവവിശ്വാസം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (1) പാഞ്ഞാള്‍ അതിരാത്രം (2) പാരമ്പര്യം (1) പാരമ്പര്യ വാദം (2) പൈതൃക ഉഡായിപ്പ് (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (1) ഫലസ്തീന്‍ (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (2) ഭൌതിക ശാസ്ത്രം (1) ഭ്രൂണശാസ്ത്രം (1) മനസ്സ് (2) മരുന്നു ഗവേഷണം (1) മരുന്ന് ഗവേഷണം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മൃഗബലി (1) രാഷ്ട്രീയം (1) വര്‍ഗ്ഗീയത (1) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (3) വൈയക്തികം (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (4) സായിബാബ (1) സാഹിത്യം (1) സിനിമ (4) സ്ഥലമെഴുത്ത് (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (1)