CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 30, 2008

സി. കെ. ബാബു മാഷിന്റെ : “സൂരജിനു് ഒരു മറുപടി ”

സി. കെ. ബാബു മാഷിന്റെ ലേഖനം: സൂരജിനു് ഒരു മറുപടി

പ്രിയ സൂരജ്‌,
താരാപഥത്തിന്റെ കമന്റിലെ രണ്ടും മൂന്നും പോയിന്റുകളുടെ എന്റെ മറുപടിക്കു് (മനുഷ്യരുടെ പെരുമാറ്റം, മരണം മുതലായവയെ സംബന്ധിച്ചവ) താങ്കള്‍ നല്‍കിയ അനുബന്ധങ്ങള്‍ യുക്തമാണു്. അവയെ അതേപടി അംഗീകരിച്ചുകൊണ്ടു്, കാര്യകാരണങ്ങളെ സംബന്ധിച്ച ഒന്നാമത്തെ പോയിന്റിനു് നല്‍കിയ മറുപടിയില്‍ എനിക്കുള്ള അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ഇവിടെ സൂചിപ്പിക്കട്ടെ. കമന്റിന്റെ ചെറിയ frame-ല്‍ ഒതുക്കാന്‍ മാത്രം ചെറുതല്ലാത്തതിനാലാണു്‍ പോസ്റ്റുന്നതു്.ultimate reality എന്നതു് മതങ്ങളുടെ ഭാഷയില്‍ ദൈവമാണു്. മതങ്ങളുടെ ഭാഷ ഇവിടെ ആദ്യമേ ഒഴിവാക്കുന്നു. ഭൗതികതയുടെ ഭാഷയിലെ ultimate reality വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. Mathematical Induction പോലെ, ഒന്നിനു് പുറകെ ഒന്നായി 'ചെറിയ ചെറിയ' reality-കള്‍ അറിയാന്‍ കഴിയുമ്പോള്‍, അതിലും ആഴമേറിയ, ഭൗതികമായ ഒരു reality ഉണ്ടാവാം എന്നു് ഊഹിക്കുകയും, അതിനോടു് സാവകാശം സമീപിക്കാന്‍ ശ്രമിക്കുകയും മാത്രമാണു് ശാസ്ത്രം ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നതും. ultimate reality യില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നും, ഒരുപക്ഷേ എന്നും ആയിരിക്കുമെന്നും ഉള്ളതിനു് ഏറ്റവും നല്ല ഉദാഹരണമാണു് dark matter, dark energy മുതലായവ.....
........Big-bang എന്നാല്‍ പള്ളിപ്പെരുന്നാളുകളിലേതിനേക്കാള്‍ ഇത്തിരി വലിയ ഒരു 'കതിനവെടി' എന്നു് കരുതുന്നവര്‍ പ്രപഞ്ചവികാസം എന്നാല്‍ ഒരു 'ബലൂണ്‍ വീര്‍ക്കല്‍' ആണെന്നും കരുതും, അത്രതന്നെ. പ്രപഞ്ചത്തിനു് അതില്‍ത്തന്നെ വികസിക്കാനാവുമെന്നും, പ്രപഞ്ചം അതില്‍ത്തന്നെ അതിര്‍ത്തിയും ഉള്ളടക്കവുമാവാമെന്നുമൊക്കെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. അതിരും പരിധിയുമൊന്നുമില്ലാത്ത പ്രപഞ്ചം എന്തു് പ്രപഞ്ചം!? നമ്മെ സംബന്ധിച്ചു് ഇന്നും സൂര്യന്‍ കിഴക്കുദിച്ചു് പടിഞ്ഞാറു് അസ്തമിക്കുകയല്ലാതെ ഭൂമി പടിഞ്ഞറുനിന്നും കിഴക്കോട്ടു് കറങ്ങുകയല്ലല്ലോ! "ആദിസ്ഫോടനം ഉണ്ടാവാന്‍ അന്നു് oxygen ഉണ്ടായിരുന്നോ?" എന്നു് ചോദിച്ച ഒരു പുരോഹിതനെ എനിക്കു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്! തന്റെ അറിവു് ഖണ്ഡിക്കപ്പെടാവുന്നതല്ല എന്ന പൂര്‍ണ്ണവിശ്വാസവും, 'പുരോഹിതന്‍' എന്ന പദവിയുടെ തലക്കനവും, ദൈവത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്ന ഉറപ്പുമെല്ലാം മൂലം അധികാരത്തിന്റെ പ്രത്യേകതയായ ഒരുതരം പുച്ഛസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്ത വിളംബരം!......


അവിടെ ചില സംഗതികള്‍ വിശദീകരിച്ചുകൊണ്ടിട്ട കമന്റ് (ഇത് ഒരു പുതിയ പോസ്റ്റിന്റെ ഡ്രാഫ്റ്റാണ്)

പ്രിയപ്പെട്ട, ബാബു മാഷ്,


Ultimate Reality യെക്കുറിച്ചുള്ള ഒരേകാഴ്ചപ്പാടിന്റെ രണ്ടു വശങ്ങളായിട്ടാണ് നമ്മുടെ ഇക്കാര്യത്തിലെ അഭിപ്രായവ്യത്യാസത്തെ ഞാന്‍ കാണുന്നത്. ഒരു നാണയത്തിന്റെ വശങ്ങള്‍ പോലെ:

ഒന്നാമതായി വളരെ നീണ്ടൊരു ആമുഖം വേണ്ടുന്ന വിഷയമായിരുന്നു അത്. പ്രത്യേകിച്ചും ശാസ്ത്രം എന്നാലെന്ത്, മനുഷ്യയുക്തിയും ശാസ്ത്രവും ഒന്നാണോ, ശാസ്ത്രീയതയും ശാസ്ത്രവും ഒന്നാണോ എന്നിങ്ങനെ കുറേ ചോദ്യങ്ങളുടെ വിശകലനം ഒഴിവാക്കി കാച്ചിക്കുറുക്കി ആ പോസ്റ്റിന് ഞാന്‍ ഇട്ട കമന്റിന്റെ വെളിച്ചത്തിലാണെന്നു തോന്നുന്നു Ultimate universal reality എന്നതുകൊണ്ട് ഞാനുദ്ദേശിച്ചതെന്ത് എന്ന് വ്യക്തമാവാതെ പോയത്.


എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics)വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)

5. പ്രപഞ്ചനിയമങ്ങളുടെ ഭാഷയായ ഗണിതത്തിലൂടെയേ നമുക്കു പ്രപഞ്ചത്തിന്റെ സത്തയെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അറിയാനാകൂ. Because, the universe is intrinsically mathematical.

6. ഗണിതമാകട്ടെ എല്ലായ്പ്പോഴും നമ്മുടെ സാമാന്യയുക്തിക്ക് നിരക്കുന്നതാവണമെന്നില്ല. നമ്മുടെ commonsense-നു കടകവിരുദ്ധമായ കാര്യങ്ങള്‍ പോലും പ്രപഞ്ചത്തിന്റെ നിയമങ്ങളിലും സത്തയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നു സാരം. കാരണം, ഗണിതം പ്രപഞ്ചനിയമങ്ങളെയാണ് അനാവരണം ചെയ്യുന്നത്. ആ ഗണിതത്തെ സാമാന്യയുക്തിക്കനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന പണിയാണ് മനുഷ്യമസ്തിഷ്കം ചെയ്യുന്നത്. ആ capacity-യാകട്ടെ നേരത്തെ പറഞ്ഞ (പോയിന്റ് -3) പ്രകാരം നമുക്കു limited ആണ്.

7. അപ്പോള്‍ ഈയൊരു അര്‍ത്ഥത്തില്‍ നോക്കിയാല്‍ പ്രപഞ്ചത്തിന്റെ ultimate reality എന്നത് മനുഷ്യയുക്തിക്ക് പൂര്‍ണ്ണമായി വഴങ്ങുന്ന ഒന്നല്ല.

8. പക്ഷേ, മനുഷ്യയുക്തിക്കു വഴങ്ങാത്തതാണ് എന്നുകരുതി അത് ശാസ്ത്രത്തിനോ അതിന്റെ ഭാഷയായ ഗണിതത്തിനോ‍ വഴങ്ങാതിരിക്കണമെന്നര്‍ത്ഥമില്ല.

ഒരു ഉദാഹരണത്തിലൂടെ ഈ ലോജിക് വിശദീകരിക്കാം :

പ്രപഞ്ചത്തിന്റെ, മൂന്നു ഡൈമെന്‍ഷന്‍ മാത്രമുള്ള ഒരു തലത്തിലാണ് ഭൂമിയിലെ മനുഷ്യനടക്കമുള്ള എല്ലാ ജന്തുക്കളുടെയും ഉത്ഭവവും പരിണാമവും. അപ്പോള്‍ ആ 3 ഡൈമെന്‍ഷനുകളാല്‍ പരിമിതപ്പെട്ടിരിക്കുന്നു നമ്മുടെ കാഴ്ച, കേള്‍വി എന്നിങ്ങനെയുള്ള ഇന്ദ്രിയ പ്രവര്‍ത്തനങ്ങളും അതിന്റെ ആകെത്തുകയായ മനസ്സും. എന്നാല്‍ ഗണിത നിര്‍ധാരണങ്ങള്‍ വഴി പ്രപഞ്ചത്തിന്റെ fabric-ല്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന time-നെയോ, മറ്റു ഡൈമെന്‍ഷനുകളെയോ കണ്ടെത്താന്‍ ഐന്‍സ്റ്റീനോ, ഫ്രീഡ്മാണോ ഒന്നും മനുഷ്യമസ്തിഷ്കത്തിന്റെ ഈ പരിമിതികള്‍ ഒരു തടസ്സവും ഉണ്ടാക്കിയില്ല. എന്നാല്‍ നാലാമതൊരു ഡൈമെന്‍ഷനെയോ സ്പേസും കാലവും ഇഴചേര്‍ന്ന ഒരു പ്രപഞ്ച ജ്യാമിതിയേയോ ഒന്നും നമ്മുടെ common-man's sense-നു വഴങ്ങും വിധം ആവിഷ്കരിക്കാനാവുന്നില്ല, ഇപ്പോഴും. (നമ്മുടെ ബിഗ്-ബാംഗ് - കതിനാവെടി സങ്കല്പം നല്ലോരുദാഹരണം.)

ഇതിന്റെയര്‍ത്ഥം, പ്രപഞ്ച/പ്രകൃതി നിയമങ്ങള്‍ ഒരിക്കലും മനുഷ്യനു വഴങ്ങില്ല എന്നല്ല.
പ്രകൃതിയുടെ ഭാഷയായ ഗണിതത്തിലൂടെ നമുക്ക് പ്രപഞ്ചത്തെ decode ചെയ്തും demystify ചെയ്തും എടുക്കാവുന്നതേയുള്ളൂ. പക്ഷേ ആ decode ചെയ്ത ഭാഷ പൂര്‍ണ്ണമായും വായിക്കാനും മനസ്സിലാക്കാനും നമ്മുടെ biological ആയ പരിമിതികള്‍ മൂലം നമുക്കു കഴിയുമോ എന്ന കാര്യത്തിലേ ഉള്ളൂ സംശയം.

Causality, ക്വാണ്ടം ലോകത്തെ Uncertainty, പാര്‍ട്ടിക്കിള്‍-തരംഗ ദ്വന്ദ്വം തുടങ്ങിയവയൊക്കെ ഇതേ ആശയത്തെ ബലപ്പെടുത്തുന്നു - ഇവയൊക്കെ mathematical ആയി prove ചെയ്യാനും, testable predictions നടത്താനുമൊക്കെ നിഷ്പ്രയാസം കഴിയും. ഈ തത്വങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആകെയുള്ള പ്രശ്നം, ഈ principles നമ്മുടെ biologically delimited ആയ യുക്തിക്ക് നിരക്കുന്നതാക്കാന്‍ ഉള്ള പ്രയാസമാണ്.
അതാകട്ടെ ശാസ്ത്രത്തിന്റെ പ്രശ്നമല്ല, അത് interpret ചെയ്യുന്ന മനുഷ്യന്റേതാണുതാനും.

ആത്യന്തികമായി നോക്കിയാല്‍, നമ്മുടെ മതങ്ങളിലോ അതിനു പുറത്തോ ഉള്ള ദൈവ സങ്കല്‍പ്പങ്ങളേക്കാളൊക്കെ അത്ഭുതാവഹവും വിചിത്രവും അവര്‍ണ്ണനീയവുമാണ് പ്രപഞ്ചം. അതിന്റെ രഹസ്യക്കെട്ടഴിക്കാന്‍ കുത്തിയിരുന്ന് ധ്യാനിക്കുകയോ, തപസ്സുചെയ്യുകയോ, നിലവിളിച്ചു പ്രാര്‍ത്ഥിക്കുകയോ അല്ല വേണ്ടത് - മറിച്ച് ശാസ്ത്രത്തെ അറിയുകയും പ്രയോഗിക്കാന്‍ പഠിക്കുകയുമാണ് വേണ്ടത്.

പറഞ്ഞുവരുമ്പോള്‍ അങ്ങ് ഇതേ ആശയം തന്നെ വേറൊരു ആംഗിളില്‍ നിന്ന് കാണുകയാണ് എന്ന് എനിക്കു തോന്നുന്നു.

മെട്രിക് ടെന്‍സറിനെക്കുറിച്ച് അപ്പു എന്ന ബ്ലോഗര്‍ ഒരു സംശയമുന്നയിച്ചതു കണ്ടപ്പോഴാണ് ആ പോയിന്റ് അല്പം കൂടി വിശദീകരിച്ചില്ലെങ്കില്‍ ‘ബലൂണ്‍-പ്രപഞ്ചവികാസം’ പോലെ അതും തെറ്റിദ്ധരിക്കാനിടയാവുമെന്ന് മനസ്സിലായത്. താങ്കള്‍ ഇവിടെ അത് അല്പം കൂടി ഡീറ്റെയില്‍ഡ് ആക്കി. നന്ദി.

ഞാന്‍ ഈ വിഷയത്തില്‍ തയാറാക്കിക്കൊണ്ടിരുന്ന ലേഖനത്തിലെ പ്രപഞ്ച-വികാസത്തെ വിശദീകരിക്കുന്ന ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം :

....ബലൂണ്‍ വീര്‍ക്കുമ്പോള്‍ ബലൂണിന്റെ പ്രതലം വലിയുന്നുണ്ടല്ലോ (stretching). ബലൂണിന്റെ ഈ വലിവ് നാം 2 ഡൈമെന്‍ഷനിലാണല്ലൊ കാണുന്നത് - അതായത് ബലൂണിന്റെ പ്രതലത്തില്‍ രണ്ടു വരകള്‍ x, y ആക്സിസുകളെ പ്രതിനിധീകരിച്ചു വരച്ചാല്‍, ബലൂണിന്റെ വലിയല്‍ ആ രണ്ടു ആക്സിസുകളില്‍ മാത്രമാണെന്നു മനസ്സിലാക്കാം. ബലൂണിന്റെ വീര്‍ക്കല്‍ എന്നത് നേരത്തെ പറഞ്ഞ x, y ആക്സിസുകള്‍ക്ക് ലംബമായി (perpendicular) സങ്കല്‍പ്പിക്കാവുന്ന ഒരു z അക്സിസിന്റെ ദിശയിലേക്കായിരിക്കും. ഈ z ആക്സിസിന്റ്റെ ദിശയിലാണ് നമ്മള്‍ ബലൂണിനുള്ളിലേയ്ക്ക് ഊതി കാറ്റു നിറയ്ക്കുന്നത്.

ഇനി പ്രപഞ്ചത്തിന്റെ മെട്രിക്കിനെ സംബന്ധിച്ച് ഈ ആക്സിസുകള്‍ ഏതെല്ലാം ഡൈമെന്‍ഷനെ പ്രതിനിധീകരിക്കുന്നു എന്നു നോക്കാം. ബലൂണിന്റെ പരപ്പ് വര്‍ധിക്കുന്നത് അതിന്റെ പ്രതലം വലിയുമ്പോഴാണല്ലൊ. ബലൂണിന് ഇത് 2 ഡൈമെന്‍ഷനിലുള്ള വലിയലാണെങ്കില്‍ പ്രപഞ്ചത്തിന് ഇത് 3 ഡൈമെന്‍ഷനിലുള്ള വലിയല്‍ ആണ്. (പ്രപഞ്ചത്തിന്റെ മൂന്നാമത്തെ ഡൈമെന്‍ഷന്‍ ബലൂണിന്റെ രണ്ടു ഡൈമെന്‍ഷനിലായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക ; വലിയ പാടാണ് അങ്ങനെ സങ്കല്പിക്കുവാന്‍, എങ്കിലും ഒന്ന് ശ്രമിക്കുക. ) ബലൂണിന്റെ മുന്നാമത്തെ ഡൈമെന്‍ഷനിലുള്ള വികാസത്തെ പ്രപഞ്ചത്തിന്റെ 4-ആം ഡൈമെന്‍ഷനിലുള്ള വികാസമായും കാണുക. പ്രപഞ്ചത്തീന്റെ ഈ നാലാം ഡൈമെന്‍ഷന്‍ ഗണിതപരമായ വ്യവഹാരങ്ങളിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലും ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും കണ്ണുകൊണ്ടോ, യന്ത്രങ്ങള്‍ കൊണ്ടോ അതിനെ കാണാനോ അനുഭവിക്കാനോ, മറ്റു ഡൈമെന്‍ഷനുകളില്‍ നിന്നും വേര്‍തിരിച്ചറിയാനോ നമുക്കു കഴിയില്ല....

അതും, ഒപ്പം ഈ കമന്റിലെ ആശയങ്ങളും ഒക്കെ വിശദമാക്കിക്കൊണ്ട് ഒരു പോസ്റ്റു തന്നെ ഡ്രാഫ്റ്റാക്കി വച്ചിട്ടുണ്ട്... പീന്നീട് ഇടാമെന്നു വിചാരിക്കുന്നു :)

2 comments:

  1. സൂരജ് മാഷെ,
    എന്റെ പോസ്റ്റിന് അഭിപ്രായം പറഞ്ഞതിനും, ശാസ്ത്രീയമായ പ്രതിപാതിക്കുന്ന ഇത്തരം ലെഖനങ്ങൾ കാണാൻ ഇടയാക്കിയതിനും നന്ദി. ഇതിലെ പരാമർശിക്കുന്ന കാര്യങ്ങൾ വായിച്ചു, ‘ബലൂണ്‍-പ്രപഞ്ചവികാസം’ ഇതിൽ കുറച്ച് സംശയങ്ങൾ ഉണ്ട്, ഞാൻ ഈ മെയിൽ ചെയ്യാം, നന്ദി

    ReplyDelete
  2. പ്രപഞ്ചത്തീന്റെ ഈ നാലാം ഡൈമെന്‍ഷന്‍ ഗണിതപരമായ വ്യവഹാരങ്ങളിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലും ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും കണ്ണുകൊണ്ടോ, യന്ത്രങ്ങള്‍ കൊണ്ടോ അതിനെ കാണാനോ അനുഭവിക്കാനോ, മറ്റു ഡൈമെന്‍ഷനുകളില്‍ നിന്നും വേര്‍തിരിച്ചറിയാനോ നമുക്കു കഴിയില്ല....

    Bertrand Russell ന്റെ ഒരു ലേഖനത്തിലെ വരികൾ ഓർമ്മ വരുന്നു. ഇരുട്ടുമുറിയിലെ കറുത്ത ഇല്ലാത്ത പൂച്ചയെ തേടുകയാണ് ഭൌതിക വാദികൾ എന്നു പരയുമ്പോൾ, അതിനെ കണ്ടു എന്ന് ദൈവ വിശ്വാസികൾ പറയും. ഇതിന് എന്റെ മറുപടി, ആദ്യത്തെകൂട്ടർ അന്വേഷിച്ചുകൊണ്ടേയിരിക്കും, രണ്ടാമത്തെ കൂട്ടർക്ക് മനസ്സമാധാനം കിട്ടും. സുഖമായുറങ്ങാം. ഇനി എവിടെയെങ്കിലും എത്തിയതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നുള്ളത് അവിടെ എത്തിയതിനുശേഷമെ അറിയൂ.

    ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)