CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 19, 2008

കെ.സി. ബാബു മാഷിന്റെ ലേഖനം: ‘ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും‘

കെ.സി. ബാബു മാഷിന്റെ മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍... എന്ന ബ്ലൊഗിലെ ലേഖനം : "ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും"

ദൈവമുണ്ടോ? എനിക്കറിയില്ല. ദൈവമില്ലേ? അതുമറിയില്ല. അതു് എനിക്കു് ഒരു തലവേദനയേ അല്ല എന്നതാണു് കൂടുതല്‍ സത്യം. ദൈവമേ, നീയുണ്ടെങ്കില്‍, നീയുണ്ടെന്നു് മനുഷ്യര്‍ അറിയണമെന്നു് നിനക്കുണ്ടെങ്കില്‍ അതു് അവരെ അറിയിക്കേണ്ടതു് നിന്റെ ചുമതലയാണു്. നീയില്ലെങ്കില്‍ അതവരെ അറിയിക്കാന്‍ നിനക്കൊട്ടാവുകയുമില്ല! .......
......സ്വതന്ത്ര ഇച്ഛാശക്തിയെ ആധുനിക neuro-science-ഉം നിഷേധിക്കുന്നു. അതിന്‍പ്രകാരം, മനുഷ്യരുടെ പ്രവൃത്തികളുടെ autonomy വ്യക്തിനിഷ്ഠമായി അനുഭവപ്പെടുന്ന ഇച്ഛാശക്തിയിലല്ല, പ്രത്യുത ആന്തരിക പ്രേരകശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള തലച്ചോറിന്റെ കഴിവിലാണു് സ്ഥാപിതമായിരിക്കുന്നതു്. തലച്ചോറു്, അഥവാ പൂര്‍ണ്ണമായ മനുഷ്യനാണു് autonomous system, അനുഭവിക്കുന്ന "ഞാന്‍" അല്ല. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ തലച്ചോറിലെ limbic system വഴി വിലയിരുത്തപ്പെട്ടശേഷം അതിന്റെ ഫലം ഓര്‍മ്മയില്‍ (memory) നിക്ഷേപിക്കപ്പെടുന്നു........


അവിടെയിട്ട കമന്റ് :


പ്രിയ ബാബു മാഷ്,

'ജീവന്റെ അര്‍ത്ഥം' എന്ന പേരില്‍ 2003ല്‍ ഞാന്‍ കോളെജിലായിരിക്കുമ്പോള്‍ എഴുതുകയും 2006ല്‍ " ഡാര്‍വിന്റെ സൈന്യം " എന്ന പേരില്‍ പ്രസിദ്ധീകൃതമാകുകയും ചെയ്ത ഒരു പുസ്തകമുണ്ട്.
അതിലെ ഏഴാം അധ്യായത്തില്‍ ഫ്രോയിറ്റ് മുതല്‍ ഡോ: വിളയന്നൂര്‍ രാമചന്ദ്രനും ഒളിവര്‍ സാക്സും വരെയുള്ള മന:/മസ്തിഷ്ക ഗവേഷകരുടെ അനാവരണങ്ങളെ സംഗ്രഹിച്ച് മനുഷ്യ മസ്തിഷ്കത്തിന്റെ അവസ്ഥാന്തരങ്ങളും അതില്‍ ദൈവത്തിന്റെ ഇരിപ്പിടവുമൊക്കെയാണ് ഞാന്‍ ചര്‍ച്ചക്കു വച്ചിട്ടുള്ളത്.

ഇപ്പോള്‍ ബാബു മാഷിന്റെ ഈ ലേഖനം കണ്ടപ്പോള്‍ ഞാന്‍ ആ പേജുകളാണോ വായിക്കുന്നതെന്നു തോന്നിപ്പോയി...അത്രയ്ക്കും ആശയ സാമ്യം...സമാനമനസ്കരായവരെ കാണുമ്പോഴുള്ള സന്തോഷം പറയാവതല്ല.
ദൈവം നമ്മുടെ തലയിലാണ് എന്ന ഒറ്റവാചകത്തില്‍ തന്നെ അതു സംഗ്രഹിക്കാം.

ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ഇടയ്ക്കിടെ ചില അദൃശ്യ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. ആ‍ദ്യമാദ്യം അവ അമൂര്‍ത്തമായിരുന്നെങ്കിലും പിന്നീട് അവ ദൈവത്തിന്റെ അശരീര ഉത്തരവുകള്‍ ആണെന്ന് അധ്യാപകനു മനസ്സിലാകുന്നു (അഥവാ അങ്ങനെ അദ്ദേഹം വിശ്വസിക്കുന്നു).മരണത്തെക്കുറിച്ചും അതീന്ദ്രീയ ജ്ഞാനത്തെക്കുറിച്ചുമൊക്കെ ദൈവം അദ്ദേഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു.വീട്ടില്‍ ക്രമേണ പൂജകളും പ്രാര്‍ത്ഥനകളും കൂടിക്ക്കൂടി വന്നു - ഏതാണ്ട് 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിലെ ശ്രീനിവാ‍സന്റെ 'സ്വാമി' വേഷത്തിന്റെ അവസ്ഥ. പൂര്‍ണ്ണമായി ഇതിന് ആ അധ്യാപകന്‍ കീഴ്പ്പെട്ടുവെന്ന് പറയാനാവില്ലായിരുന്നു. ഇടയ്ക്കിടെ ഏതോ നിമിഷങ്ങളില്‍ അയാള്‍ നോര്‍മലാകും, ദിവസങ്ങളോളം വലിയ പ്രശ്നമില്ലാതെയിരിക്കും. സങ്കടകരമായ കാര്യമെന്തെന്നാല്‍, തന്റെ ഈ അസ്തിത്വമാറ്റം രോഗിക്ക് അറിയാമെന്നുള്ളതായിരുന്നു. അതില്‍ നിന്നു മോചിതനാകാനുള്ള ആഗ്രഹം മൂക്കുമ്പോളൊക്കെ അദ്ദേഹം ഡിപ്രഷനിലേക്കു കൂപ്പുകുത്തും, ഇടയ്ക്കു വൈദ്യസഹായം തേടും..വീണ്ടും ഒരു ദൈവ വെളിപാടുണ്ടാകും..പിന്നെ പുജ, മന്ത്രവാദക്രിയകള്‍, മറുഭാഷയില്‍ എന്തൊക്കെയോ പുലമ്പല്‍. നാട്ടുകാര്‍ അദ്ദേഹത്തെ സിദ്ധനായിക്കണ്ട് ആരാധനയും തുടങ്ങി കുറേശ്ശെ. Atypical Schizophrenia എന്ന അപൂര്‍വ (undifferentiated എന്നും വിളിക്കും) മനോരോഗം ആയിരുന്നു ഞങ്ങടെ ഡയ്ഗ്നോസിസ്. (വടക്കും നാഥനില്‍ മോഹന്‍ ലാലിനു വരുന്ന മതിഭ്രമം ലാക്ഷണികമായി നോക്കിയാല്‍ ഈ രോഗമാണ് - ബൈ പോളാര്‍ ഡിസോഡര്‍ അല്ല.) ഹാലോപ്പെരിഡോള്‍ മുതല്‍ റിസ്പെരിഡോണ്‍ വരെയുള്ള കടുത്ത മരുന്നുകളുമായി ഏതാണ്ട് 6 മാസം പ്രാഥമിക ചികിത്സ കഴിഞ്ഞപ്പോള്‍ 'ദൈവവിളികള്‍' നിന്നു. മറുഭാഷപറച്ചിലും മന്ത്രവാദവുമൊക്കെ എങ്ങോ പോയ് മറഞ്ഞു. സോഡിയം വാല്പ്രോയേറ്റു കൊണ്ട് ഒരു കോഴ്സ് കഴിഞ്ഞതോടെ അകാരണമായ ഡിപ്രഷനും പൊട്ടിക്കരച്ചിലുകളും നിന്നു. (ഇന്ന് അദ്ദേഹം ഒരു കോളെജ് ലെക്ചറര്‍ ആണ്) പിന്നീടൊരിക്കല്‍ കൌണ്‍സലിംഗിനു വന്നപ്പോള്‍ അദ്ദേഹം പ്രഫസറോട് പറയുന്നതു കേട്ടു: " എന്റെ മുത്തശ്ശിയുടെ പരാതി, എന്റെ ദേഹത്തു കുടിയേറിയ ദേവിയെ നിങ്ങളൊക്കെ കൂടി ഒഴിപ്പിച്ചുകളഞ്ഞുവെന്നാണ് ". അദ്ദേഹം അതും പറഞ്ഞ് പൊട്ടി പൊട്ടിച്ചിരിച്ചു!

5 comments:

 1. ഒരു സംശയമാണ് തെറ്റിദ്ധരിക്കരുത്.

  തന്റെ ഈ അസ്തിത്വമാറ്റം രോഗിക്ക് മനസ്സിലാവാത്തിടത്തോളം അല്ലെങ്കില്‍ മനസ്സിലായില്ലെന്നു നടിക്കുന്നിടത്തോളം ആധുനീക വൈദ്യശാസ്ത്രത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

  ചോദിക്കാന്‍ കാരണം,ഒരു ശ്മശാനത്തിനരികില്‍ നിന്നു പേടിപറ്റിയ അല്പം വയസ്സായ ഒരു സ്ത്രീക്ക്
  ഡോക്ടര്‍ നല്‍കിയ മരുന്നൊന്നും ഫലിക്കാതെ മഴതകര്‍ത്തുപെയ്യുന്ന ഒരര്‍ദ്ധരാത്രിയില്‍ അവരുടെ മകനോടൊപ്പം
  മന്ത്രവാദിയെത്തേടി പോവേണ്‍ടി വന്നിട്ടുണ്‍ട് ഒരിക്കല്‍.(ഞാന്‍ പറഞ്ഞിട്ടാണ് അവരെ ഡോക്ക്ടറെ കാണിച്ചിരുന്നത് അതു കെണിയായി)പിന്നീട് മത്രവാദം ചെയ്ത് അവരുടെ കേടു മാറുകയും ചെയ്തു.

  അതിനേക്കാള്‍ കഷ്ടം മരുന്നും മന്ത്രവും തോറ്റുപിന്‍ വാങ്ങിയൊരു ചെറുപ്പക്കാരിയുടെ കാര്യം
  വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിട്ടും അവരിടയ്ക്കിപ്പോഴും ദേവിയോ,മറ്റോ ആവാറുണ്ട് എന്നാണു കേള്വി. അത് പൂര്‍ണ്ണ അടവാണോ എന്നും എനിക്കു തോന്നിയിട്ടുണ്ട്.

  ReplyDelete
 2. പ്രിയ വിനോദ് ജി,

  ഒരു രോഗി പൂര്‍ണ്ണ സമ്മതത്തോടെ ചികിത്സ സ്വീകരിക്കണം എന്നതാണ് അലോപ്പതിയുടെ മെഡിക്കല്‍ എത്തിക്സ്. (അതെങ്ങനെയൊക്കെ പ്രായോഗികമായി നടപ്പിലാക്കുന്നുവെന്നത് ശാസ്ത്രത്തിന്റെയല്ല, മറിച്ച് അത് പ്രയോഗിക്കുന്ന ജ്ഞാനികളുടെ/അജ്ഞാനികളുടെ പ്രശ്നമാണ്.)

  സ്കീറ്റ്സൊ ഫ്രീനിയ (ചിത്തഭ്രമം), ഡെല്യൂഷണല്‍ ഡിസോഡര്‍ (സംശയ രോഗം), മേജര്‍ ഡിപ്പ്രഷന്‍ (വിഷാദരോഗം) തുടങ്ങ്Gഇയ രോഗാവസ്ഥകളില്‍ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നത് രോഗിയല്ല,ബന്ധുമിത്രാദികളാണ്. അവര്‍ കൊണ്ടു വന്നു ചികിത്സിപ്പിക്കുന്നതാണ് ഇത്തരം കേസുകളില്‍ 70 - 80 ശതമാനവും. രോഗിക്ക് തന്റെ പ്രശ്നം ഒരു രോഗമാണ് എന്ന് തിരിച്ചറിയാന്‍ പറ്റുമ്പോള്‍ അതിനെ നമ്മള്‍ Insight എന്നു വിളിക്കുന്നു. Insightful ആയ രോഗി ഏറെക്കുറേ കൃത്യമായി മരുന്നുകള്‍ കഴിക്കും, കൌണ്‍സലിംഗിനു വരും, പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകും, ഹിപ്നോട്ടിക് ആശയ സ്വീകരണങ്ങള്‍ക്ക് വിധേയരുമാകും. ഇതൊക്കെ വിജയമായാല്‍ ചികിത്സ പൂര്‍ണ്ണമായും ഫലം കാണുകയും ചെയ്യും. എന്നാല്‍ നേരത്തേപറഞ്ഞ മൂന്നാലും തരം മനോരോഗങ്ങളില്‍ insight ഉണ്ടാവുക അപൂര്‍വമാണ്. അതുണ്ടാക്കിയെടുക്കുക എന്നതാണ് ചികിത്സയുടെ ആദ്യപടി. 'ഇതൊരു രോഗം മാ‍ാത്രമാണെന്നും അതിനു ചികിത്സയുണ്ടെന്നും അതു മാറുമെന്നു'മൊക്കെ രോഗിയെ മനസ്സിലാക്കിപ്പിക്കല്‍ ആണ് ആദ്യപടി. ഇതിനു ചിലപ്പോള്‍ അല്പം കടുത്ത ചില മരുന്നുകള്‍ വേണ്ടി വരും. ആത്മഹത്യാ പ്രവണതയൊക്കെ വളരെ ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാകും പലപ്പോഴും. അങ്ങനെയുള്ളപ്പോള്‍ അപൂര്‍വമായി, രോഗിയുടെ സമ്മതപ്രകാരം മാത്രം ചെറു വൈദ്യുത ഷോക്കുകളും കൊടുക്കാറുണ്ട്. (പക്ഷേ സിനിമയിലൊക്കെ കാണുന്നതു പോലെ വന്നു കേറുമ്പോള്‍ തന്നെ പിടിച്ച് മുറിയിലടച്ച് ഇടുക്കിയിലെ ജനറേറ്ററുകള്‍ മുഴുവനുണ്ടാക്കുന്ന വൈദ്യുതിയും അടിച്ചു കേറ്റുന്ന മാതിരിയുള്ള ഷോക്ക് കൊടുക്കുന്ന ഏര്‍പ്പാടൊന്നും ഭൂമിയില്‍ എവിടെയും ഇല്ല കേട്ടോ! ഭീകരമായൊരു തെറ്റിദ്ധാരണയാണത്)

  ഇന്‍സൈറ്റിനെക്കുറിച്ച് ഇപ്പോള്‍ മനസ്സിലായെന്നു കരുതുന്നു.

  മറ്റൊന്ന്, സൈക്കിയാട്രിയില്‍ മരുന്നുകള്‍ ഡോക്ടറുടെ ഒരു സഹായി മാത്രമാണ്. രോഗിയില്‍ അനുകൂലമായ ഒരു മനോഭാവം ഉണ്ടാക്കിയെടുക്കാനും ഒപ്പം സങ്കടമുണ്ടാക്കുന്ന ചിന്തകള്‍ ഒഴിവാക്കി, അവനെ ജീവിതത്തെ പോസിറ്റീവ് ആയി കാണാനും, അകാരണമായ ഭയപ്പാട്, ആത്മഹത്യാവാസന, ദുഷ്ചിന്തകള്‍ എന്നിവയൊക്കെ കുറയ്ക്കാനും മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയൊക്കെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് വിവിധ രാസപ്രവര്‍ത്തനങ്ങളെ മാറ്റിമറിക്കുനതിലൂടെയാണ് ഇതു സാധിക്കുന്നത്.
  ഈ മാറ്റങ്ങളൊക്കെ സാധിച്ചെടുക്കുന്നത് ഡോക്ടര്‍ക്ക് രോഗിയെ കൌണ്‍സല്‍ ചെയ്യാനും കൂടുതല്‍ പ്രസന്നനായി ജീവിതത്തേയും രോഗത്തേയും നേരിടാനും വേണ്ടിയാണ്. അല്ലാതെ മരുന്നു മാത്രം തിന്നു കൊണ്ട് നടന്നാല്‍ ഒരു സൈക്കിക് രോഗവും ഭേദമാകാന്‍ പോകുന്നില്ല - കാരണം, മനസ്സ് എന്നത് നാം ചുറ്റുപാടുനിന്നും ഇന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന ഇന്‍പുട്ടുകള്‍ കൊണ്ട് കെട്ടിപ്പടുക്കുന്ന ഒരു ആന്തരിക ലോകമാണ്. ഈ ആന്തരിക ലോകത്തിന്റെ നിശ്ചയങ്ങളും പുറം ലോകത്തിന്റെ നിശ്ചയങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടാവുമ്പോള്‍ ആന്തരിക ലോകം വികൃതമാകുന്നു. അതില്‍ നിന്നുള്ള റിയാക്ഷനുകളാണ് കൂടിയതും കുറഞ്ഞതുമായ അളവില്‍ പലതരം മനോരോഗങ്ങളായി പുറത്തു വരുന്നത്.
  ഈ റിയാക്ഷനുകളെ സമൂഹത്തിനോ വ്യക്തിക്കോ ഹാനികരമല്ലാതാക്കുക എന്ന ധര്‍മ്മമാണ് പ്രഥമമായി മരുന്ന്നുകള്‍ ചെയ്യുക. എന്നാല്‍ ആത്യന്തികമായി ചികിത്സ വേണ്ടത് മനസ്സിനാണ് - തലച്ചോറിനല്ല. അപ്പോള്‍ രോഗിക്കും ബന്ധുക്കള്‍ക്കുമുള്ള കൌണ്‍സലിംഗ്, അവന്റെ ചിന്താക്കുഴപ്പങ്ങള്‍ക്കുള്ള മറുപടികള്‍, അവന്റെ ജീവിത പ്രതിസന്ധിക്കുള്ള പരിഹാരങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നാലേ മനോരോഗം പൂര്‍ണ്ണമായും ചികിത്സിക്കാനാവൂ.
  എന്നാല്‍ സൈക്കിയാട്രി എന്നാല്‍ മരുന്ന് മാത്രമാണ് എന്ന് ധരിച്ചു വശായ ചില ഡോക്ടര്‍മാര്‍ വെറുതേ തലങ്ങും വിലങ്ങും ആന്റീ ഡിപ്രസന്റുകളും സെഡേറ്റീവ്സുമെഴുതി കാര്യമറിയാത്ത ജനത്തെ പറ്റിക്കുന്നു. കൌണ്‍സലിംഗിനൊന്നും നേരമില്ലാതെ നൂറുകണക്കിനു രോഗികളെ മണിക്കൂറുകള്‍ കൊണ്ട് നോക്കിത്തള്ളുന്ന വൈദ്യന് മരുന്നു മാത്രമാണാശ്രയം - ട്രീറ്റ്മെന്റ് ഫെയില്യര്‍ ഉണ്ടാകുന്നതും അതൊക്കെക്കൊണ്ടുതന്നെ.

  പിന്നെ, മന്ത്രവാദവും ഒരു ചികിത്സാരീതിതന്നെയാണ്. അത് Hypnotic suggestion therapy യുടെ ഇഫക്റ്റാണ് യഥാര്‍ത്ഥത്തില്‍ തരുന്നത് - രോഗിയുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചുള്ള ഒരു തരം ഹിപ്നോസിസ്. ബാധ കൂടി എന്ന് സ്വയം വിശ്വസിക്കുകയും, ക്രമേണ ആ വിശ്വാ‍സത്തിന് അടിപ്പെട്ട് മറ്റു ചേഷ്ടകള്‍ കാണീച്ചു തുടങ്ങുകയും ചെയ്യുന്ന ഒരാളുടെ മനസ്സിനെ ബാധ ഒഴിഞ്ഞു എന്ന് convince ചെയ്യിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മതപരമായ ആചാരക്രിയകളിലൂടെ അത് നടത്തുക എന്നതാണ്. ഹൈന്ദവ വിശ്വാസിയായ രോഗിക്ക് മന്ത്രവാദഠിലൂ‍ടെ, ക്രിസ്തീയ വിശ്വാസിക്ക് അവരുടെ രീതിയില്‍, ഇസ്ലാം വിശ്വാസിക്ക് അതിന്റ്റേതായ രീതിയില്‍ എന്ന വ്യത്യാസം മാത്രം. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ കാണിച്ചിരിക്കുന്ന ഈ സങ്കേതം ഏറെക്കുറേ സയന്റിഫിക് ആണ്.
  പക്ഷേ ഇന്നത്തെകാലത്ത് അത്ര അഡ്വഞ്ചറസ് ആകാനൊന്നും മനശാസ്ത്രജ്ഞര്‍ തയാറാകില്ല എന്നു മാത്രം:)

  വീട്ടില്‍ ബാധയുണ്ടെന്നും അതു കൂടോത്രത്തിന്റെ ഫലമായി ഉണ്ടായതാണെന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളെ ചികിത്സിക്കാനായി ഞങ്ങള്‍ ഒരു ചെറിയ പൂജ സംഘടിപ്പിച്ചു. പൂജക്കിടയില്‍ മുറ്റത്തൊരു സ്ഥലം ചൂണ്ടിക്കാട്ടിയിട്ട് അവിടെ കുഴിച്ച് ഒരു തകിട് തപ്പിയെടുക്കുന്നതായി അഭിനയിച്ചു. കുഴിവെട്ടിയ ആളുടെ കൈയ്യില്‍ നേരത്തേ ഞാന്‍ ഏല്‍പ്പിച്ചിരുന്ന ഒരു തകിടാണ് അയാള്‍ എടുത്തു കാട്ടിയത് ;) അതോടെ ഗൃഹനാഥന്റെ സംശയ രോഗവും തീര്‍ന്നു..! ഇത് അബോധമനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ഒരു പൊടിക്കൈ മാത്രമ്മായിരുന്നു.

  ReplyDelete
 3. വളരെ നന്ദി സൂരജ്.
  എനിക്കും തോന്നിയിട്ടുള്ളതാണ് മനുഷ്യന്റെ അനിശ്ചിതാവസ്ത്ഥയെ,അറിവില്ലായ്മയെയാണ് പല മുറിവൈദ്യന്മാരും മന്ത്രവാദികളും മറ്റും ചൂഷണം ചെയ്യുന്നത് എന്ന്.അറിയുന്നവരാകട്ടെ കാശിനോടുള്ള വെറിമൂലം 'മിനിമം ടൈം മക്സിമം ഇന്‍‍കം' എന്ന തത്വം വച്ചു പുലര്‍ത്തുന്നതിനാല്‍ സാമാന്യ ജനം പെട്ടന്ന് മുന്‍പറഞ്ഞവയിലേയ്ക്കു തിരിഞ്ഞു പോവുന്നു.ഫലം ആരോഗ്യമില്ലാത്ത മനസ്സുള്ള തലമുറ. അവിടെ എന്തു പുരോഗമനം? എന്തുനീതി?.

  ഞാന് ‍പറഞ്ഞ രണ്ടു കുടുമ്പങ്ങളിലും മദ്യത്താലും ദാരിദ്ര്യത്താലും
  സമ്പന്നമായിരുന്നു.ആദ്യത്തെ വീട്ടമ്മ ഉത്തരവാദിത്വങ്ങളെ ക്കുറിച്ച് ബോധമുള്ളതിനാലാകാം മന്ത്രവാദം കോണ്ടെങ്കിലും കേടുമാറി. രണ്‍ടാമത്തെ പെണ്‍കുട്ടിക്ക് അസുഖത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അല്പം പരിഗണന എല്ലാവരില്‍ നിന്നും കിട്ടിയതിനാലാവാം മരുന്നും മന്ത്രവും അത്രകണ്ട് ഫലിച്ചില്ല.അതൊരു സുഖമായിട്ട് തോന്നുന്നുണ്ടായിരിക്കാം. അവിടെ പ്രശ്നം വച്ച ഒരു ടീം പറഞ്ഞതു കേട്ട് ഏതു കൊടികുത്തിയ അന്ധവിശ്വാസിയും ഒന്നു ചിരിച്ചുപോകും ആ പ്രവചനം ഇതായിരുന്നു.
  "ഒരു ബ്രഹ്മരക്ഷസിന്റെ സ്വാധീനം കാണാണ്ടല്ലോ....അപമൃത്യു വല്ലതും???

  :...............!!!!!!!!!!!!!!!!????? ഓര്‍മ്മീല്യ നോക്കിപ്പറയ്വാ വേണ്ടതു ഞങ്ങള്‍ ചെയ്തോളാം.

  "ഹും.....ഒരു പൂച്ചേടെ ബ്രഹ്മ രക്ഷ്സാണ്.പേടിയ്ക്കാല്യ. ഞാം...പറേണപോല്യങ്ങട് ചെയ്താമതി.

  എനിക്കതുകേട്ട് അത്ര ചിരിവന്നില്ല ഒരു ദരിദ്രനെ പേടിപ്പിക്കാന്‍ പൂച്ചരക്ഷസു ധാരാളം. ഒരു ധനികന്റെ വീടായിരുന്നെങ്കില്‍ അയാള്‍ ഒരു ആനയുടെ ബ്രഹ്മരക്ഷസ് എന്നെങ്കിലും പറഞ്ഞേനെ എന്നു തോന്നി.

  നന്ദി ഒരിക്കല്‍ കൂടി.

  ഓ,ടോ:
  താങ്കളുടെ എല്ലാനിരീക്ഷണങ്ങളോടും യോജിക്കാന്‍ കഴിയില്ലെങ്കിലും (മേല്പറഞ്ഞ വിഷയത്തിലല്ല).എല്ലാം ഞാന്‍ വായിക്കാറുണ്ട്. വീണ്ടും കാണാം.

  ReplyDelete
 4. .."താങ്കളുടെ എല്ലാനിരീക്ഷണങ്ങളോടും യോജിക്കാന്‍ കഴിയില്ലെങ്കിലും (മേല്പറഞ്ഞ വിഷയത്തിലല്ല).എല്ലാം ഞാന്‍ വായിക്കാറുണ്ട്. വീണ്ടും കാണാം..."


  പ്രിയ, വിനോദ് ജീ,

  വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റെ ഇടങ്ങള്‍ കണ്ടെത്തുക എന്നതാണല്ലോ സംവാദങ്ങളുടെ ലക്ഷ്യം. ബ്ലോഗ് ലോകത്തിന്റെ ജനാധിപത്യം നല്‍കുന്ന ഏറ്റവും വലിയ സാധ്യതയും അതു തന്നെ...
  തീര്‍ച്ചയായും വീണ്ടും കാണാം.

  ReplyDelete
 5. ഹാലോപെരിഡോളും റിസ്പരിഡോണുമെല്ലാം കടുത്ത മരുന്നുകളാണെന്ന പ്രയോഗത്തോട് വിയോജിക്കുന്നു.മാനസികരോഗചികില്‍സ തേടുന്നതില്‍ നിന്ന് ആളുകളെ അകറ്റുന്നതിന് ഒരു കാരണം ഈ ചിന്താഗതിയാണ്‌.

  ReplyDelete

Comments to posts older than 30 days will be moderated for spam.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)