CONTENT WARNING

The contents of this blog and the language used herein are "mature" and suited only for non-idiot adults. Stay away if you do not wish to be offended. You've been warned !

Jan 30, 2008

സി. കെ. ബാബു മാഷിന്റെ : “സൂരജിനു് ഒരു മറുപടി ”

സി. കെ. ബാബു മാഷിന്റെ ലേഖനം: സൂരജിനു് ഒരു മറുപടി

പ്രിയ സൂരജ്‌,
താരാപഥത്തിന്റെ കമന്റിലെ രണ്ടും മൂന്നും പോയിന്റുകളുടെ എന്റെ മറുപടിക്കു് (മനുഷ്യരുടെ പെരുമാറ്റം, മരണം മുതലായവയെ സംബന്ധിച്ചവ) താങ്കള്‍ നല്‍കിയ അനുബന്ധങ്ങള്‍ യുക്തമാണു്. അവയെ അതേപടി അംഗീകരിച്ചുകൊണ്ടു്, കാര്യകാരണങ്ങളെ സംബന്ധിച്ച ഒന്നാമത്തെ പോയിന്റിനു് നല്‍കിയ മറുപടിയില്‍ എനിക്കുള്ള അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ഇവിടെ സൂചിപ്പിക്കട്ടെ. കമന്റിന്റെ ചെറിയ frame-ല്‍ ഒതുക്കാന്‍ മാത്രം ചെറുതല്ലാത്തതിനാലാണു്‍ പോസ്റ്റുന്നതു്.ultimate reality എന്നതു് മതങ്ങളുടെ ഭാഷയില്‍ ദൈവമാണു്. മതങ്ങളുടെ ഭാഷ ഇവിടെ ആദ്യമേ ഒഴിവാക്കുന്നു. ഭൗതികതയുടെ ഭാഷയിലെ ultimate reality വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. Mathematical Induction പോലെ, ഒന്നിനു് പുറകെ ഒന്നായി 'ചെറിയ ചെറിയ' reality-കള്‍ അറിയാന്‍ കഴിയുമ്പോള്‍, അതിലും ആഴമേറിയ, ഭൗതികമായ ഒരു reality ഉണ്ടാവാം എന്നു് ഊഹിക്കുകയും, അതിനോടു് സാവകാശം സമീപിക്കാന്‍ ശ്രമിക്കുകയും മാത്രമാണു് ശാസ്ത്രം ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നതും. ultimate reality യില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നും, ഒരുപക്ഷേ എന്നും ആയിരിക്കുമെന്നും ഉള്ളതിനു് ഏറ്റവും നല്ല ഉദാഹരണമാണു് dark matter, dark energy മുതലായവ.....
........Big-bang എന്നാല്‍ പള്ളിപ്പെരുന്നാളുകളിലേതിനേക്കാള്‍ ഇത്തിരി വലിയ ഒരു 'കതിനവെടി' എന്നു് കരുതുന്നവര്‍ പ്രപഞ്ചവികാസം എന്നാല്‍ ഒരു 'ബലൂണ്‍ വീര്‍ക്കല്‍' ആണെന്നും കരുതും, അത്രതന്നെ. പ്രപഞ്ചത്തിനു് അതില്‍ത്തന്നെ വികസിക്കാനാവുമെന്നും, പ്രപഞ്ചം അതില്‍ത്തന്നെ അതിര്‍ത്തിയും ഉള്ളടക്കവുമാവാമെന്നുമൊക്കെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. അതിരും പരിധിയുമൊന്നുമില്ലാത്ത പ്രപഞ്ചം എന്തു് പ്രപഞ്ചം!? നമ്മെ സംബന്ധിച്ചു് ഇന്നും സൂര്യന്‍ കിഴക്കുദിച്ചു് പടിഞ്ഞാറു് അസ്തമിക്കുകയല്ലാതെ ഭൂമി പടിഞ്ഞറുനിന്നും കിഴക്കോട്ടു് കറങ്ങുകയല്ലല്ലോ! "ആദിസ്ഫോടനം ഉണ്ടാവാന്‍ അന്നു് oxygen ഉണ്ടായിരുന്നോ?" എന്നു് ചോദിച്ച ഒരു പുരോഹിതനെ എനിക്കു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്! തന്റെ അറിവു് ഖണ്ഡിക്കപ്പെടാവുന്നതല്ല എന്ന പൂര്‍ണ്ണവിശ്വാസവും, 'പുരോഹിതന്‍' എന്ന പദവിയുടെ തലക്കനവും, ദൈവത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്ന ഉറപ്പുമെല്ലാം മൂലം അധികാരത്തിന്റെ പ്രത്യേകതയായ ഒരുതരം പുച്ഛസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്ത വിളംബരം!......


അവിടെ ചില സംഗതികള്‍ വിശദീകരിച്ചുകൊണ്ടിട്ട കമന്റ് (ഇത് ഒരു പുതിയ പോസ്റ്റിന്റെ ഡ്രാഫ്റ്റാണ്)

പ്രിയപ്പെട്ട, ബാബു മാഷ്,


Ultimate Reality യെക്കുറിച്ചുള്ള ഒരേകാഴ്ചപ്പാടിന്റെ രണ്ടു വശങ്ങളായിട്ടാണ് നമ്മുടെ ഇക്കാര്യത്തിലെ അഭിപ്രായവ്യത്യാസത്തെ ഞാന്‍ കാണുന്നത്. ഒരു നാണയത്തിന്റെ വശങ്ങള്‍ പോലെ:

ഒന്നാമതായി വളരെ നീണ്ടൊരു ആമുഖം വേണ്ടുന്ന വിഷയമായിരുന്നു അത്. പ്രത്യേകിച്ചും ശാസ്ത്രം എന്നാലെന്ത്, മനുഷ്യയുക്തിയും ശാസ്ത്രവും ഒന്നാണോ, ശാസ്ത്രീയതയും ശാസ്ത്രവും ഒന്നാണോ എന്നിങ്ങനെ കുറേ ചോദ്യങ്ങളുടെ വിശകലനം ഒഴിവാക്കി കാച്ചിക്കുറുക്കി ആ പോസ്റ്റിന് ഞാന്‍ ഇട്ട കമന്റിന്റെ വെളിച്ചത്തിലാണെന്നു തോന്നുന്നു Ultimate universal reality എന്നതുകൊണ്ട് ഞാനുദ്ദേശിച്ചതെന്ത് എന്ന് വ്യക്തമാവാതെ പോയത്.


എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics)വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)

5. പ്രപഞ്ചനിയമങ്ങളുടെ ഭാഷയായ ഗണിതത്തിലൂടെയേ നമുക്കു പ്രപഞ്ചത്തിന്റെ സത്തയെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അറിയാനാകൂ. Because, the universe is intrinsically mathematical.

6. ഗണിതമാകട്ടെ എല്ലായ്പ്പോഴും നമ്മുടെ സാമാന്യയുക്തിക്ക് നിരക്കുന്നതാവണമെന്നില്ല. നമ്മുടെ commonsense-നു കടകവിരുദ്ധമായ കാര്യങ്ങള്‍ പോലും പ്രപഞ്ചത്തിന്റെ നിയമങ്ങളിലും സത്തയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നു സാരം. കാരണം, ഗണിതം പ്രപഞ്ചനിയമങ്ങളെയാണ് അനാവരണം ചെയ്യുന്നത്. ആ ഗണിതത്തെ സാമാന്യയുക്തിക്കനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന പണിയാണ് മനുഷ്യമസ്തിഷ്കം ചെയ്യുന്നത്. ആ capacity-യാകട്ടെ നേരത്തെ പറഞ്ഞ (പോയിന്റ് -3) പ്രകാരം നമുക്കു limited ആണ്.

7. അപ്പോള്‍ ഈയൊരു അര്‍ത്ഥത്തില്‍ നോക്കിയാല്‍ പ്രപഞ്ചത്തിന്റെ ultimate reality എന്നത് മനുഷ്യയുക്തിക്ക് പൂര്‍ണ്ണമായി വഴങ്ങുന്ന ഒന്നല്ല.

8. പക്ഷേ, മനുഷ്യയുക്തിക്കു വഴങ്ങാത്തതാണ് എന്നുകരുതി അത് ശാസ്ത്രത്തിനോ അതിന്റെ ഭാഷയായ ഗണിതത്തിനോ‍ വഴങ്ങാതിരിക്കണമെന്നര്‍ത്ഥമില്ല.

ഒരു ഉദാഹരണത്തിലൂടെ ഈ ലോജിക് വിശദീകരിക്കാം :

പ്രപഞ്ചത്തിന്റെ, മൂന്നു ഡൈമെന്‍ഷന്‍ മാത്രമുള്ള ഒരു തലത്തിലാണ് ഭൂമിയിലെ മനുഷ്യനടക്കമുള്ള എല്ലാ ജന്തുക്കളുടെയും ഉത്ഭവവും പരിണാമവും. അപ്പോള്‍ ആ 3 ഡൈമെന്‍ഷനുകളാല്‍ പരിമിതപ്പെട്ടിരിക്കുന്നു നമ്മുടെ കാഴ്ച, കേള്‍വി എന്നിങ്ങനെയുള്ള ഇന്ദ്രിയ പ്രവര്‍ത്തനങ്ങളും അതിന്റെ ആകെത്തുകയായ മനസ്സും. എന്നാല്‍ ഗണിത നിര്‍ധാരണങ്ങള്‍ വഴി പ്രപഞ്ചത്തിന്റെ fabric-ല്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന time-നെയോ, മറ്റു ഡൈമെന്‍ഷനുകളെയോ കണ്ടെത്താന്‍ ഐന്‍സ്റ്റീനോ, ഫ്രീഡ്മാണോ ഒന്നും മനുഷ്യമസ്തിഷ്കത്തിന്റെ ഈ പരിമിതികള്‍ ഒരു തടസ്സവും ഉണ്ടാക്കിയില്ല. എന്നാല്‍ നാലാമതൊരു ഡൈമെന്‍ഷനെയോ സ്പേസും കാലവും ഇഴചേര്‍ന്ന ഒരു പ്രപഞ്ച ജ്യാമിതിയേയോ ഒന്നും നമ്മുടെ common-man's sense-നു വഴങ്ങും വിധം ആവിഷ്കരിക്കാനാവുന്നില്ല, ഇപ്പോഴും. (നമ്മുടെ ബിഗ്-ബാംഗ് - കതിനാവെടി സങ്കല്പം നല്ലോരുദാഹരണം.)

ഇതിന്റെയര്‍ത്ഥം, പ്രപഞ്ച/പ്രകൃതി നിയമങ്ങള്‍ ഒരിക്കലും മനുഷ്യനു വഴങ്ങില്ല എന്നല്ല.
പ്രകൃതിയുടെ ഭാഷയായ ഗണിതത്തിലൂടെ നമുക്ക് പ്രപഞ്ചത്തെ decode ചെയ്തും demystify ചെയ്തും എടുക്കാവുന്നതേയുള്ളൂ. പക്ഷേ ആ decode ചെയ്ത ഭാഷ പൂര്‍ണ്ണമായും വായിക്കാനും മനസ്സിലാക്കാനും നമ്മുടെ biological ആയ പരിമിതികള്‍ മൂലം നമുക്കു കഴിയുമോ എന്ന കാര്യത്തിലേ ഉള്ളൂ സംശയം.

Causality, ക്വാണ്ടം ലോകത്തെ Uncertainty, പാര്‍ട്ടിക്കിള്‍-തരംഗ ദ്വന്ദ്വം തുടങ്ങിയവയൊക്കെ ഇതേ ആശയത്തെ ബലപ്പെടുത്തുന്നു - ഇവയൊക്കെ mathematical ആയി prove ചെയ്യാനും, testable predictions നടത്താനുമൊക്കെ നിഷ്പ്രയാസം കഴിയും. ഈ തത്വങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആകെയുള്ള പ്രശ്നം, ഈ principles നമ്മുടെ biologically delimited ആയ യുക്തിക്ക് നിരക്കുന്നതാക്കാന്‍ ഉള്ള പ്രയാസമാണ്.
അതാകട്ടെ ശാസ്ത്രത്തിന്റെ പ്രശ്നമല്ല, അത് interpret ചെയ്യുന്ന മനുഷ്യന്റേതാണുതാനും.

ആത്യന്തികമായി നോക്കിയാല്‍, നമ്മുടെ മതങ്ങളിലോ അതിനു പുറത്തോ ഉള്ള ദൈവ സങ്കല്‍പ്പങ്ങളേക്കാളൊക്കെ അത്ഭുതാവഹവും വിചിത്രവും അവര്‍ണ്ണനീയവുമാണ് പ്രപഞ്ചം. അതിന്റെ രഹസ്യക്കെട്ടഴിക്കാന്‍ കുത്തിയിരുന്ന് ധ്യാനിക്കുകയോ, തപസ്സുചെയ്യുകയോ, നിലവിളിച്ചു പ്രാര്‍ത്ഥിക്കുകയോ അല്ല വേണ്ടത് - മറിച്ച് ശാസ്ത്രത്തെ അറിയുകയും പ്രയോഗിക്കാന്‍ പഠിക്കുകയുമാണ് വേണ്ടത്.

പറഞ്ഞുവരുമ്പോള്‍ അങ്ങ് ഇതേ ആശയം തന്നെ വേറൊരു ആംഗിളില്‍ നിന്ന് കാണുകയാണ് എന്ന് എനിക്കു തോന്നുന്നു.

മെട്രിക് ടെന്‍സറിനെക്കുറിച്ച് അപ്പു എന്ന ബ്ലോഗര്‍ ഒരു സംശയമുന്നയിച്ചതു കണ്ടപ്പോഴാണ് ആ പോയിന്റ് അല്പം കൂടി വിശദീകരിച്ചില്ലെങ്കില്‍ ‘ബലൂണ്‍-പ്രപഞ്ചവികാസം’ പോലെ അതും തെറ്റിദ്ധരിക്കാനിടയാവുമെന്ന് മനസ്സിലായത്. താങ്കള്‍ ഇവിടെ അത് അല്പം കൂടി ഡീറ്റെയില്‍ഡ് ആക്കി. നന്ദി.

ഞാന്‍ ഈ വിഷയത്തില്‍ തയാറാക്കിക്കൊണ്ടിരുന്ന ലേഖനത്തിലെ പ്രപഞ്ച-വികാസത്തെ വിശദീകരിക്കുന്ന ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം :

....ബലൂണ്‍ വീര്‍ക്കുമ്പോള്‍ ബലൂണിന്റെ പ്രതലം വലിയുന്നുണ്ടല്ലോ (stretching). ബലൂണിന്റെ ഈ വലിവ് നാം 2 ഡൈമെന്‍ഷനിലാണല്ലൊ കാണുന്നത് - അതായത് ബലൂണിന്റെ പ്രതലത്തില്‍ രണ്ടു വരകള്‍ x, y ആക്സിസുകളെ പ്രതിനിധീകരിച്ചു വരച്ചാല്‍, ബലൂണിന്റെ വലിയല്‍ ആ രണ്ടു ആക്സിസുകളില്‍ മാത്രമാണെന്നു മനസ്സിലാക്കാം. ബലൂണിന്റെ വീര്‍ക്കല്‍ എന്നത് നേരത്തെ പറഞ്ഞ x, y ആക്സിസുകള്‍ക്ക് ലംബമായി (perpendicular) സങ്കല്‍പ്പിക്കാവുന്ന ഒരു z അക്സിസിന്റെ ദിശയിലേക്കായിരിക്കും. ഈ z ആക്സിസിന്റ്റെ ദിശയിലാണ് നമ്മള്‍ ബലൂണിനുള്ളിലേയ്ക്ക് ഊതി കാറ്റു നിറയ്ക്കുന്നത്.

ഇനി പ്രപഞ്ചത്തിന്റെ മെട്രിക്കിനെ സംബന്ധിച്ച് ഈ ആക്സിസുകള്‍ ഏതെല്ലാം ഡൈമെന്‍ഷനെ പ്രതിനിധീകരിക്കുന്നു എന്നു നോക്കാം. ബലൂണിന്റെ പരപ്പ് വര്‍ധിക്കുന്നത് അതിന്റെ പ്രതലം വലിയുമ്പോഴാണല്ലൊ. ബലൂണിന് ഇത് 2 ഡൈമെന്‍ഷനിലുള്ള വലിയലാണെങ്കില്‍ പ്രപഞ്ചത്തിന് ഇത് 3 ഡൈമെന്‍ഷനിലുള്ള വലിയല്‍ ആണ്. (പ്രപഞ്ചത്തിന്റെ മൂന്നാമത്തെ ഡൈമെന്‍ഷന്‍ ബലൂണിന്റെ രണ്ടു ഡൈമെന്‍ഷനിലായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക ; വലിയ പാടാണ് അങ്ങനെ സങ്കല്പിക്കുവാന്‍, എങ്കിലും ഒന്ന് ശ്രമിക്കുക. ) ബലൂണിന്റെ മുന്നാമത്തെ ഡൈമെന്‍ഷനിലുള്ള വികാസത്തെ പ്രപഞ്ചത്തിന്റെ 4-ആം ഡൈമെന്‍ഷനിലുള്ള വികാസമായും കാണുക. പ്രപഞ്ചത്തീന്റെ ഈ നാലാം ഡൈമെന്‍ഷന്‍ ഗണിതപരമായ വ്യവഹാരങ്ങളിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലും ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും കണ്ണുകൊണ്ടോ, യന്ത്രങ്ങള്‍ കൊണ്ടോ അതിനെ കാണാനോ അനുഭവിക്കാനോ, മറ്റു ഡൈമെന്‍ഷനുകളില്‍ നിന്നും വേര്‍തിരിച്ചറിയാനോ നമുക്കു കഴിയില്ല....

അതും, ഒപ്പം ഈ കമന്റിലെ ആശയങ്ങളും ഒക്കെ വിശദമാക്കിക്കൊണ്ട് ഒരു പോസ്റ്റു തന്നെ ഡ്രാഫ്റ്റാക്കി വച്ചിട്ടുണ്ട്... പീന്നീട് ഇടാമെന്നു വിചാരിക്കുന്നു :)

“ മാതാ അമൃതാനന്ദമയിയും ഞാനും “

എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം : മാതാ അമൃതാനന്ദമയിയും ഞാനും

മാതാ അമൃതാനന്ദമയിയുമായുള്ള എന്റെ അഭിമുഖത്തിന്റെ സാന്ദര്‍ഭിക വിവരണം. വള്ളിക്കാവിലെ അമ്മ സ്ഥലത്തെത്തുമ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ പലപ്പോഴും വാര്‍ത്ത വായനക്കാരനായും ഇന്റെര്‍വ്യൂവറായും മറ്റും വിവിധ വേഷങ്ങള്‍ കെട്ടാറുള്ള മലയാളം റ്റി. വി.സ്റ്റേഷന്‍ തകൃതിയില്‍ ചെയ്തുവച്ചു. പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല. ഭക്തരെ സ്വീകരിക്കുമ്പോള്‍ തന്നെ അമ്മയുമായി സംഭാഷണത്തില്‍ ഇടപെടാം. ആശ്ലേഷാശീര്‍വാദങ്ങള്‍ ഇടമുറിയാന്‍ സമ്മതിയ്ക്കുകയില്ല അവര്‍. ബി. ബി. സിയ്ക്കോ എന്‍. ബി. സിയ്ക്കോ മറ്റു ലോകത്തിലെ വിഖ്യാത മീഡിയയ്ക്കോ പോലും ഇങ്ങനെയുള്ള അഭിമുഖമേ തരപ്പെടാറുള്ളു. ....
.....അല്ലെങ്കിലും ചോദ്യങ്ങള്‍ നേരിടാതെ വഴുതാന്‍ സാദ്ധ്യതയുള്ളവ ചോദിക്കാനോ അത്തരം കാര്യങ്ങളിലേക്കു കടക്കാനോ എനിയ്ക്ക് പദ്ധതിയില്ലായിരുന്നു. അതുകൊണ്ട് ആദ്യത്തെ ചോദ്യം സ്വല്‍പ്പം കുസൃതി കലര്‍ന്ന ഇതുതന്നെ: “എപ്പോഴും ഒരു ചിരിയാണല്ലൊ. ഇതെവിടുന്നു വരുന്നു ഈ ചിരി? ഉള്ളിലും ചിരിയാണോ?” ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചതും ഒന്നിച്ചായിരുന്നു. ഇത്തരം ഒരു ചോദ്യം ആരും അവരോട് ചോദിച്ചിട്ടില്ലെന്ന മട്ടില്‍. കുലുങ്ങിച്ചിരിച്ചപ്പോള്‍ പുറകോട്ട് ആഞ്ഞതിനാല്‍ ആലിംഗനം ചെയ്യാന്‍ നിന്ന ചെറുപ്പക്കാരനില്‍ നിന്നും പിടി വിട്ട പോലെയായി. “മോന്റെ ചിരി എവിടുന്നു വരുന്നു? കണ്ണാടിയില്‍ പോയി നോക്കിക്കേ എന്തു നല്ലതാ മോന്റെ ചിരി “എന്ന മറുപടിയാല്‍ എന്നെ നേരിട്ടു.


അവിടെ ആദ്യത്തെ കമന്റിട്ടപ്പോള്‍ വന്ന നിരീക്ഷണങ്ങളും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ഇട്ട രണ്ടാമത്തെ കമന്റുകൂടി ഇവിടെ അനുബന്ധമായി ചേര്‍ക്കുന്നു:

ഇന്ന് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന, ‘കെട്ടിപ്പിടിക്കുന്ന അമ്മ’യാകുന്നതിനു മുന്‍പ് സുധാമണിയുടെ സന്ദര്‍ശകര്‍/ആരാധകര്‍ ആ കെട്ടിപ്പിടിത്തത്തിലെ ലൈംഗിക സുഖത്തിനായാണ് ആദ്യകാലത്ത് ആശ്രമത്തില്‍ എത്തിത്തുടങ്ങിയതെന്നും അവരുടെ ഈ ചെയ്തികളില്‍ അന്നു വളരെയധികം പ്രതിഷേധിച്ച അവരുടെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതെന്നുമൊക്കെയുള്ള കഥകളും വള്ളിക്കാവ്/വവ്വാക്കാവ്/പറയക്കടവു വാസികളിലെ പഴമക്കാര്‍ പറയും.

സുധാമണിയുമായുള്ള എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂകള്‍ അനുവദിക്കപ്പെടാറില്ല എന്നത് വസ്തുതാപരമല്ല. കൈരളി ടീവിയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഒരിന്റര്‍വ്യൂ ആയിരുന്നു അമൃതാനന്ദമയിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയത്.

അല്പമെങ്കിലും ക്രിട്ടിക്കലായി ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ സുധാമണിയെന്ന സാധാരണസ്ത്രീയേയും അവര്‍ പ്രതിനിധീ‍കരിക്കുന്ന ബ്രാന്‍ഡഡ് ആയ ‘മൂല്യങ്ങളെയും’ കച്ചവട സാമ്രാജ്യത്തെയും ഗൂഢാര്‍ത്ഥങ്ങളുള്ള ചോദ്യങ്ങള്‍ വഴി ബ്രിട്ടാസ് തുറന്നുകാട്ടിയിട്ടുണ്ട് ആ ഇന്റര്‍വ്യൂവില്‍.

അതിലെ ഒരു ചെറിയ ഭാഗം ഓര്‍മ്മയില്‍ നിന്ന് :

ബ്രിട്ടാസിന്റെ ചോദ്യം : “ ആശ്രമവും ആശുപത്രിയുമൊക്കെ വരുന്ന ഈ വലിയ സംരംഭങ്ങളുടെ എല്ലാ വിവരങ്ങളും അമ്മ അറിഞ്ഞു വയ്ക്കാറുണ്ടോ ?”

സുധാമണിയുടെ ഉത്തരം: “അമ്മ എല്ലാമറിയുന്നു. അമ്മ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ അമ്മ ഒന്നും ചെയ്യുന്നുമില്ല ”

ബ്രിട്ടാസ് : “ അമ്മയുടെ ബിസ്നസുകളുടെ ആസ്തിയെത്രയാണ് ?”

സുധാമണി : “അതൊന്നും അമ്മയ്ക്കറിയില്ല!”

എല്ലാ വെടിയും അവിടെത്തീരുന്നു....!രണ്ടാമത്തെ കമന്റ് :


പ്രിയ കതിരവന്‍ ജീ,

ഈയൊരു ഓഫിനു കൂടി മാപ്പ്.

ആരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും നിസാരമായിക്കാണാനോ അമൃതാനന്ദമയി എന്ന സുധാമണിയെ അധിക്ഷേപിക്കാനോ ഒന്നും ഞാനാളല്ല.

നേരിട്ടറിയുന്ന കാര്യം അതുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ പറഞ്ഞു എന്നു മാത്രം. എത്ര പേര്‍ വളഞ്ഞിട്ട് എഴുതിയാലും സുധാമണിയുടെ ബിസ്നസ്സ് താല്പര്യങ്ങളെ അതു തരിമ്പുപോലും ബാധിക്കാന്‍ പോകുന്നില്ല.

പിന്നെ,
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ‘ലോകം ഇന്നു കാണുന്ന’ അമ്മ ആകാന്‍ തുടങ്ങിയിട്ട് ഒരു പാടു നാളൊന്നും ആയിട്ടില്ല. അതിനു മുന്‍പുള്ള ജീവിതവും വളര്‍ച്ചയും ഇന്ന് വളരെയൊന്നും പ്രചാരത്തിലില്ലാത്ത ഒരു പാടു പുസ്തകങ്ങളിലും ലേഖനങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കൊല്ലം-കരുനാഗപ്പള്ളി ഭാഗങ്ങളിലും വള്ളിക്കാവ് ആശ്രമ പരിസരങ്ങളിലുമുള്ള പഴമക്കാരോട് അന്വേഷിച്ചാല്‍ നേരിട്ടറിവുള്ള (ഗോസിപ്പ് അല്ല) ഒരുപാടുകാര്യങ്ങള്‍ അറിയാനും കഴിയും.

സുധാമണിയുടെ ‘അമ്മ’യായതിനു ശേഷമുള്ള കഥകളെ ലോകം അറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുള്ളൂ‍. അവരുടെ തന്നെ ആശീര്‍വാദത്തോടെ അവരുടെ പബ്ലിക് റിലേഷന്‍സ് സംഘവും ആശ്രമവും ഭക്തന്മാരും എഴുതിയുണ്ടാക്കുകയും വിറ്റുനടക്കുകയും ചെയ്യുന്ന എത്രയെത്ര പുസ്തകങ്ങളിലാണ് അവരെ ദൈവമായി വര്‍ണ്ണിച്ചിരിക്കുന്നതും അവതാരരൂപമാ‍യി വിശേഷിപ്പിച്ചിരിക്കുന്നതും. സുനാമി ദുരന്തത്തിനു മുന്‍പു വരെ അവര്‍ കൃഷ്ണന്റെ ഒരു ‘ബാലെ’ വേഷം കെട്ടി ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. ചില ദിവസം ഇതു ‘ഭഗവതി’ വേഷമാവും. ഇതിനേ ഭക്തര്‍ഭാവ ദര്‍ശനം എന്നു പേരിട്ടു വിളിച്ചിരുന്നു. (സുനാമി ദുരന്തത്തിനു ശേഷം എന്തുകാരണം കൊണ്ടോ, ഈ പരിപാടി നിന്നു).

ഓം അമൃതേശ്വര്യൈ നമ: എന്നൊക്കെയുള്ള വാചകങ്ങളും ശനിദോഷപരിഹാരപൂജ (ദാ ഇതെഴുതുമ്പോള്‍ തിരുവനന്തപുരത്തു നടക്കുന്ന മാമാങ്കം), ബ്രഹ്മസ്ഥാന പ്രതിഷ്ഠകള്‍ എന്നിങ്ങനെ മറ്റേതൊരു ഹൈന്ദവ ആത്മീയാചാര്യനും കാണിക്കുന്നതൊക്കെ സുധാമണിയും കാണിക്കുന്നുണ്ട്. കുഷ്ഠരോഗം നക്കി മാറ്റുക, പശുവിന്റെ ജീവന്‍ കൊടുത്ത് മനുഷ്യജീവന്‍ രക്ഷിക്കുക എന്നിങ്ങനെയുള്ള ‘അത്ഭുതപ്രവര്‍ത്തികള്‍’ ചെയ്തുവെന്ന് എഴുതിയുണ്ടാക്കിയും പ്രചരിപ്പിച്ചുമൊക്കെത്തന്നെയാണ് വള്ളിക്കാവിലമ്മ ഒരു കാലത്ത് ആളെക്കൂട്ടിയിരുന്നത്. പൊതു സമൂഹത്തിന്റെ collective memory വളരെ മോശമായതുകൊണ്ട് ഈ വസ്തുതകള്‍ വളരെ വേഗം നാട്ടുകാര്‍ മറക്കുന്നുവെന്നേയുള്ളൂ.
“ഇത്രയധികം കഴിവുകളുള്ള, ദൈവ ചൈതന്യമുള്ള അമ്മയ്ക്ക് പ്രഷര്‍ പോലുള്ള രോഗങ്ങള്‍ എങ്ങനെ പിടിപെടുന്നു?” എന്ന ചോദ്യത്തിന് സുധാമണി നല്‍കിയ ഉത്തരം “അമ്മ മക്കളുടെ (ആരാധകരുടെ) എല്ലാ രോഗങ്ങളും തന്നിലേയ്ക്ക് ഏറ്റെടുക്കുന്നു. മക്കളൂടെ രോഗം സ്വീകരിച്ച് അമ്മയുടെ ശരീരം രോഗിയാകുന്നു...” (!)

സുധാമണി പ്രചരിപ്പിക്കുന്ന ആത്മീയത എന്തു തരത്തിലുള്ളതോ ആവട്ടെ, ഓരോ ഭക്തനും ആശ്ലേഷം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ മുന്നിലേയ്ക്ക് നീളുന്ന ദക്ഷിണപാത്രത്തില്‍ (ചെറുതായാലും വലുതായാലും )ഒരു തുക നിക്ഷേപിക്കേണ്ടിവരും. ഇതു വള്ളിക്കാവ് ആശ്രമത്തിലെ routine ദര്‍ശനസമയത്തൊക്കെ നേരിട്ടു ചെന്നു കണ്ടു ബോധ്യപ്പെടാം ആര്‍ക്കും.(ഇന്റര്‍നെറ്റില്‍ ലണ്ടന്‍ നോക്കി കുരയ്ക്കുന്ന സമയമേ വേണ്ടൂ) - 'ഒരു ആലിംഗനത്തിന് ഇത്രരൂപാ' എന്ന ഫീസ് നിരക്കൊന്നുമില്ല എന്നേയുള്ളൂ, യഥാര്‍ത്ഥത്തില്‍ നടക്കുന്നത് കച്ചവടം തന്നെ. പിന്നെ ഈ കെട്ടിപ്പിടുത്തത്തെ അമ്മയുടെ ആശ്ലേഷമായി കാണണോ, രതിസുഖദ്യോതകമായി കാണണോ എന്നൊക്കെയുള്ളത് ഭക്തന്റെ സാംസ്കാരിക നിലവാരം പോലിരിക്കും. (ഖുശ്വന്ത് സിംഗ് എഴുതിയ ഒരു ‘ചീപ്പ്’ ലേഖനമുണ്ട് അങ്ങേര്‍ക്കു ലഭിച്ച ആലിംഗനത്തെപ്പറ്റി)

അമൃതാനന്ദമയീ മഠത്തിന്റെ വിദേശഫണ്ടുകള്‍ ഓഡിറ്റു ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതു ഓഡിറ്റ് ചെയ്യണമെന്നും കേന്ദ്രഗവണ്മെന്റ്,ജില്ലാ റെജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് കൃത്യമായ വാര്‍ഷികകണക്കുകള്‍ ബോധിപ്പിക്കണമെന്നും ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്റ്റും അനുബന്ധ നിയമങ്ങളും പറയുന്നെങ്കിലും ഈ കണക്കുകള്‍ അന്വേഷിച്ചു ചെന്ന ഒരുത്തനും അതു കിട്ടിയിട്ടുമില്ല. (ഇതിനെതിരേ യുക്തിവാദി സംഘങ്ങളും മറ്റും നല്‍കിയ കേസുകള്‍ അറ്റം കാണാതെ കിടക്കുന്നു)

ഭക്തി/മന്ത്ര-തന്ത്രം/ആത്മീയത എന്നിങ്ങനെയുള്ള ചരക്കുകളൊനും വില്‍ക്കാതെയും ജനത്തെ അതിന്റെ പേരില്‍ പിഴിയുകയോ മൂഢസ്വര്‍ഗ്ഗത്തിലാറാടിക്കുകയോ ചെയ്യാതെയും ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സാധാരണക്കാരുണ്ട് നമുക്കു ചുറ്റിനും - സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ തൊട്ട് വിമുക്തഭടന്മാരും വീട്ടമ്മമാരും വരെ.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ് നാട്ടില്‍ പോയപ്പോള്‍ അവിടെ യാതൊരു സ്വാര്‍ത്ഥ/ബിസ്നസ് താല്പര്യങ്ങളുമില്ലാതെ അഹമഹമികയാ ഭാരതത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള നാടുകളില്‍ നിന്നും ഒഴുകിയെത്തി രാവും പകലും പ്രവര്‍ത്തിക്കുന്നവരെ കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്.
ഇപ്പോള്‍ ഓരോ ദിവസവും അങ്ങനെയുള്ള അഞ്ചു പേരെയെങ്കിലും ഞാന്‍ പരിചയപ്പെടുന്നുമുണ്ട്. അവരെ വച്ചൊക്കെ താരതമ്യപ്പെടുത്തിയാല്‍ വള്ളിക്കാവിലമ്മ മഹാവൃക്ഷം പോയിട്ട് ഒരു പുല്‍ക്കൊടിപോലുമല്ല.

Thursday, January 31, 2008 8:28:00 PM IST

Jan 29, 2008

സി.കെ ബാബു മാഷിന്റെ ലേഖനം

കെ സി ബാബു മാഷിന്റെ ലേഖനം: "താരാപഥത്തിനു് ഒരു മറുപടി "

'ദൈവവിശ്വാസവും സ്വതന്ത്ര ഇച്ഛാശക്തിയും' എന്ന എന്റെ ഒരു പോസ്റ്റില്‍ താരാപഥം ഇട്ട ഒരു കമന്റിനു് മറുപടി എഴുതി വന്നപ്പോള്‍ കുറച്ചു് നീണ്ടുപോയി എന്നു് തോന്നിയതിനാല്‍ അല്‍പം വിപുലീകരിച്ചു് ഒരു പോസ്റ്റാക്കുന്നു.താരാപഥത്തിന്റെ കമന്റ്‌ :

താരാപഥം said...വായിക്കുന്നുണ്ട്‌. ചില കാര്യങ്ങള്‍ യോജിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. അത്‌ താങ്കളുടെ കാഴ്ചപ്പാട്‌ എനിക്ക്‌ ഇല്ലാത്തതുകൊണ്ടാവാം.

(1) കാര്യകാരണങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, അതിനെ ഒരു നിയമവും ഭരിക്കുന്നില്ല എന്നു പറയുന്നുണ്ട്‌. പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തു ഒരേ സമയം കാരണവുമാണ്‌, കാര്യവുമാണ്‌. അതുകൊണ്ട്‌ മാറ്റിനിര്‍ത്തുന്നത്‌ യുക്തിയല്ല എന്നു തോന്നുന്നു.

(2) മനുഷ്യരുടെ പെരുമാറ്റരീതികളുടെ അടിസ്ഥാനം ജനനം മുതല്‍ തലച്ചോറിലെത്തുന്ന ഓര്‍മ്മസമ്പത്താണ്‌ എന്ന് പറയുന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. ഒരേ തരത്തിലുള്ള കാര്യങ്ങള്‍ കേട്ടും കണ്ടും പഠിച്ചും വളരാന്‍ മാത്രം അനുവദിച്ചിട്ടുള്ള കുട്ടികളില്‍ നിന്ന് ഒരേതരത്തിലുള്ള പെരുമാറ്റവും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ ഒരേ തീരുമാനവും പ്രതീക്ഷിക്കാമോ. ചില കാര്യങ്ങള്‍ കണ്ടീഷ്യന്‍ ചെയ്തെടുക്കാം എന്നല്ലാതെ.

(3) ദൈവത്തിന്‌ മരണം ഒഴിവാക്കാന്‍ കഴ്യാതെവരുമ്പോള്‍ വിശ്വാസി നിരീശ്വരവാദിയാകും എന്നു പറയുന്നതിനോടും യോചിക്കാന്‍ കഴിയുന്നില്ല. ജനനവും മരണവും അനിവാര്യമായതാണ്‌ എന്ന് പഠിപ്പിക്കുന്ന ദര്‍ശ്ശനങ്ങള്‍ നിരവധിയുണ്ടല്ലോ ഭാരതത്തില്‍. അതിനോടെല്ലാം നിഷേധാത്മകമായ നിലപാടാണെങ്കില്‍ എല്ലാ വാദവും പിന്നാലെ വന്നുകൊള്ളും. ( ഭ.ഗീ. 2-22 ഉം, 2-27 ഉം ശ്ലോകം താങ്കള്‍ക്കും അറിയാമെന്നു തോന്നുന്നു.)അവിടെ ഇട്ട കമന്റ് :


പ്രിയ ബാബു ജീ,

കഴിഞ്ഞ പോസ്റ്റില്‍ താരാപഥം എഴുതിയ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയ ആശയങ്ങള്‍ ഇവിടെ കമന്റായി ടൈപ്പു ചെയ്തു തുടങ്ങിയെങ്കിലും പിന്നീട്, താങ്കള്‍ തന്നെ അതിന് ആദ്യം വിശദീകരണം നല്‍കട്ടെ എന്നു കരുതി കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ താങ്കള്‍ ഈ പോസ്റ്റിലൂടെ നല്‍കിയ മറുപടിയ്ക്ക് അനുബന്ധമായ ചില കാര്യങ്ങള്‍ പറയണമെന്നു തോന്നി. അങ്ങയുടെ അനുവാ‍ദത്തോടെ അതിവിടെ പറയട്ടെ:


1. വസ്തുതകളെ വിശദീകരിക്കുമ്പോള്‍ ശാസ്ത്രം അതിന്റെ കാതലായി ഉപയോഗിക്കുന്ന ഒരു സംഗതിയാണ് 'കാര്യകാരണ' ബന്ധം. ഈ Causality അല്ലെങ്കില്‍ Cause-Effect relationship എന്നത് പക്ഷേ മനുഷ്യന്റെ സാമാന്യയുക്തിക്ക് നിരക്കുന്നതാവണമെന്നില്ല. കാരണം ശാസ്ത്രം ultimate reality-യുടെ വിശദീകരണമേ തരുന്നുള്ളൂ, ആ വിശദീകരണം നമ്മുടെ യുക്തിക്കോ മനസ്സിനോ ബോധ്യമാകണം എന്ന നിര്‍ബന്ധം ശാസ്ത്രത്തിനില്ല.

ഉദാഹരണത്തിനു ഒട്ടനവധി കാര്യങ്ങള്‍ നിര്‍വചിക്കാനും വിശകലനം ചെയ്യാനും പരീക്ഷിച്ചും നിരീക്ഷിച്ചും ബോധ്യപ്പെടാനും ശാസ്ത്രത്തിനുപയോഗിക്കേണ്ടിവരുന്ന ഒരു tool ആണ് 'നെഗറ്റീവ് സംഖ്യ'(negative integers) എന്നത്. Negative ആയ force എന്നോ നെഗറ്റീവ് ആയ ചാര്‍ജ് എന്നോ ഒക്കെ ശാസ്ത്രത്തിന്റെ യുക്തിക്ക് ചേരുന്നരീതിയില്‍ അതു വിശദീകരിച്ചെന്നിരിക്കും. അതിനെ ഏതര്‍ത്ഥത്തില്‍ നമ്മള്‍ മനുഷ്യര്‍ മനസ്സിലാക്കുന്നു എന്ന മുന്‍ കൂട്ടിയറിഞ്ഞിട്ടോ നിശ്ചയിച്ചിട്ടോ അല്ല ശാസ്ത്രത്തില്‍ അതു സംഭവിക്കുന്നത്.

അതു പോലെയാണ് കാര്യകാരണ ബന്ധവും. പ്രപഞ്ചത്തിന്റെ പല പ്രതിഭാസങ്ങളും വിശദീകരിക്കുമ്പോള്‍ ശാസ്ത്രം ഇത്തരം കാര്യകാരണ ബന്ധത്തിന്റെ സാമാന്യ യുക്തി കൈവെടിഞ്ഞ് 'അയുക്തികം' എന്നോ ഭ്രാന്തമെന്നോ ഒക്കെ നമുക്ക് തോന്നാവുന്ന മേഖലകളിലേക്ക് സഞ്ചരിക്കുന്നു. ഉദാ‍ഹരണത്തിനു സമയസഞ്ചാരം, കണ-പ്രതികണ (matter-antimatter annihilation), ഊര്‍ജ്ജ-ദ്രവ്യ മാറ്റങ്ങള്‍ (energy-matter interchange) തുടങ്ങിയ പ്രതിഭാസങ്ങളൊക്കെ വിശദീകരിക്കുമ്പോള്‍ ഈ കാര്യ-കാരണ ബന്ധം ഉപേക്ഷിക്കാറുണ്ട്. അതു പോലെ ഒരു പോയിന്റാണ് സമയത്തിന്റെയും പ്രപഞ്ചത്തിന്റെയും തുടക്കം എന്നു വിളിക്കാവുന്ന 'ബിഗ്-ബാംഗ്'.
പ്രപഞ്ചത്തെയും പ്രകൃതിയേയും വിശകലനം ചെയ്തു വിശദീകരിച്ചു പിന്നോട്ട് പിന്നോട്ട് പോകുമ്പോള്‍ ബിഗ് ബാംഗ് എന്ന ഈ പോയിന്റില്‍ വച്ച് കാലം, സ്പേസ് എന്നിവ തുടങ്ങുകയാണ് എന്നു നാം കാണുന്നു. കാലം തന്നെ തുടക്കമിടുന്ന (സമയം = 0) ഒരു പോയിന്റിന്റെ അപ്പുറത്ത് എന്ത് എന്നു ചോദിക്കുന്നത് ശാസ്ത്രത്തിന്റെ യുക്തിക്കു നിരക്കാത്തതാണെന്നു പറയുന്നതും അതു കൊണ്ടു തന്നെ. പ്രപഞ്ചത്തിന്റെ തുടക്കമാകുന്ന ആ പോയിന്റ് 'സ്വയം ഭൂ' ആണ് എന്നു പറയുന്നതും അതേ കാരണത്താല്‍ തന്നെ.

അപ്പോള്‍ അവിടെയും ഒരു സംശയം ഉന്നയിക്കപ്പെടാം:

ഒന്നിലേക്കുമല്ലാതെ അതു വികസിക്കുന്നു (expanding into nothing but itself) എന്ന് പ്രപഞ്ചത്തെ വിശേഷിപ്പിച്ചാല്‍ കേള്‍ക്കുന്ന ആര്‍ക്കായാലും വട്ടുപിടിക്കും! Expand ചെയ്യുക എന്നുപറഞ്ഞാല്‍ അതിന് ഒരു സ്ഥലം വേണ്ടേ ? പ്രപഞ്ചത്തിനു പുറത്തേയ്ക്കെന്തെങ്കിലും ഉണ്ടെങ്കിലല്ലേ അതിലേക്ക് അതിനു വികസിക്കാന്‍ പറ്റൂ? പ്രപഞ്ചത്തിനു പുറത്തുള്ളതും അകത്തുള്ളതുമെല്ലാം പ്രപഞ്ചം തന്നെ. അതിന്റെ EXPANSION എന്നതും നമ്മുടെ commonsense-ലുള്ള വികാസം എന്നതും ഒന്നല്ല.

Metric tensor എന്ന ജ്യാമിതീയ സാങ്കേതിക വിദ്യയിലാണ് പ്രപഞ്ചത്തിന്റെ വികാസം എന്ന ശാസ്ത്രതത്വം അധിഷ്ടിതമായിരിക്കുന്നത്. മെട്രിക് ടെന്‍സറുകളുടെ ഒരു പ്രധാന ഗുണമെന്നത് എന്തെന്നാല്‍ അതിന് 2 ഡൈമെന്‍ഷനുകളിലേ വികസിക്കേണ്ടതായിട്ടുള്ളൂ. മൂന്നാമതൊരു ഡൈമെന്‍ഷന്‍ അതിന്റെ വികാസത്തിനാവശ്യമില്ല. അതുകൊണ്ടു തന്നെ ആ വികാസത്തെ ചില പ്രൈമറി സ്കൂള്‍ പുസ്തകങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ ഒരു ബലൂണ്‍ വീര്‍ക്കുന്നതായി സങ്കല്പിക്കാനാവില്ല. ബലൂണിനു വികസിക്കാന്‍ കുറഞ്ഞത് 3- ഡൈമെന്‍ഷനെങ്കിലും വേണം. 2 -ഡൈമന്‍ഷണല്‍ വികാസമാകുമ്പോള്‍ 'എന്തിലേക്കാണ് പ്രപഞ്ചം വികസിക്കുന്നത്' എന്ന ചോദ്യത്തിനടിസ്ഥാനവുമില്ല.
(ഇതു പല യുക്തിവാദ ചര്‍ച്ചക്കാരും,പല ശാസ്ത്രകാരന്മാരും മനസ്സിലാക്കാത്ത ഒരു പോയിന്റാ‍ണ്)

2. മനുഷ്യരുടെ പെരുമാറ്റം, സമൂഹവുമായി അവന്‍/അവള്‍ ഇടപഴകുന്ന രീതി, കോപതാപലോഭമോഹരാഗദ്വേഷങ്ങള്‍ എന്നിവയൊക്കെയും ജീവിതകാലത്ത് അവന്‍/അവള്‍ സ്വാംശീകരിക്കുന്ന അനുഭവപാഠങ്ങളും സമൂഹവുമായുള്ള നീക്കുപോക്കുകളുമൊക്കെ ഉരുണ്ടുകൂടി പരുവപ്പെടുനതാണ്. ജീനുകള്‍ക്കും പാരമ്പര്യമായിക്കിട്ടുന്ന ചില ഗുണവിശേഷങ്ങള്‍ക്കും ആ അനുഭവസമ്പത്തിന്റെ പ്രയോഗത്തില്‍ ചില ഇടപെടലുകള്‍ നടത്താമെന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാന്നാവില്ല. ഉദാഹരണത്തിനു നമ്മുടെ 7-ആം വയസ്സിലെ മനസ്സിനെയും 18-ആം വയസ്സ്സിലെ മനസ്സിനെയും ഒന്നു താരതമ്യം ചെയ്തു നോക്കൂ. 7 വയസ്സുകാരന്റെ മനസ്സും ചിന്താരീതിയും പ്രതികരണ രീതിയുമൊക്കെ 7 വര്‍ഷത്തെ അവന്റെ അനുഭവത്തിന്റെയും, ബാഹ്യപ്രകൃതിയുമായി അവന്‍ ഇടപെട്ടതിന്റെയും ആകെത്തുകയാണ്. ജീനുകളിലൂടെ അവനു കിട്ടിയ ഗുണങ്ങള്‍ ഈ പ്രതികരണത്തെയും അനുഭവത്തെയും സ്വാധീനിക്കുമെന്നതൊഴിച്ചാല്‍, മാനസിക വ്യാപാരങ്ങളില്‍ ഏറിയപങ്കും അനുഭവങ്ങളുടെ ഊറിക്കൂടലില്‍ നിന്നുളവാകുന്നതു തന്നെ. 18 വയസ്സാകുമ്പോള്‍ അവന്‍ ആര്‍ജ്ജിച്ചു കഴിയുന്ന അനുഭവങ്ങള്‍/സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ആ പ്രായത്തില്‍ അയാളുടേ ചിന്തകളെയും മനസ്സിനേയും നിര്‍ണ്ണയിക്കുക. അവന്റെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും, ദഹനപ്രക്രിയയും, ഹൃദയമിടിപ്പും അടക്കം സര്‍വ്വ ജൈവ പ്രക്രിയയിലും അനുഭവത്തിന്റെ ഈ ഇഫക്റ്റ് നേരിയതോതിലെങ്കിലും കാ‍ണാനാവും.

എന്നാല്‍ ഒരേ സാഹചര്യവും അനുഭവങ്ങളുമുള്ളവര്‍ എന്തു കൊണ്ട് ഒരു പോലെയാവുന്നില്ല? അവിടെയാണ് അനുഭവങ്ങളില്‍ നിന്നുമുണ്ടാകുന്ന ചിന്തകളെ ബാഹ്യ പ്രതികരണങ്ങളായി വരുന്ന സമയത്ത് നിയന്ത്രിക്കുന്ന ജീന്‍ ഇഫക്റ്റുകളെ കുറിച്ച് പറയേണ്ടത്.
ചെറിയൊരുദാഹരണത്തിലൂടെ അതു വ്യക്തമാക്കാം: ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തിയുണ്ടാകാന്‍ സഹായിക്കുന്ന ചില ഹോര്‍മോണുകളുണ്ട്, (ലെപ്റ്റിനുകളും, ന്യൂറോ പെപ്റ്റൈഡ്-y യും). ഇവയെ നിയന്ത്രിക്കുന്നത് ജന്മനാ കിട്ടുന്ന ചില ജീനുകളാണ്. ഒരാള്‍ വണ്ണമുള്ള പ്രകൃതിയാണോ മെലിഞ്ഞ പ്രകൃതമാണോ എന്നൊക്കെ നിശ്ചയിക്കുന്നതില്‍ വലിയപങ്കുണ്ട് ഈ ജീനുകള്‍ക്ക്. ജീനുകളുടെ ഇഫക്റ്റ് അയാളുടെ ആഹാരരീതിയുമായി ചേരുമ്പോള്‍ (ഉദാഹരണത്തീനു ഐസ്ക്രീം ചോക്ലേറ്റ് തുടങ്ങിയ സാധനങ്ങളോടുള്ള ആഗ്രഹം) അയാളുടെ ശരീരപ്രകൃതി നിശ്ചയിക്കപ്പെടുന്നു. കാലാകാലം വിവിധരീതികളില്‍, വിവിധപാ‍കങ്ങളില്‍ ഉള്ള ഭക്ഷണം കഴിച്ചിട്ടുള്ള അനുഭവങ്ങളില്‍ നിന്നും സ്വരുക്കൂട്ടിയ ചിന്തകളാണ് അയാളുടെ പില്കാല ഭക്ഷണ രീതിയെ സ്വാധീനിക്കുന്നത്. അനുഭവങ്ങള്‍ ജീനുകളെയും ജീനുകള്‍ അനുഭവങ്ങളേയും പരിപോഷിപ്പിക്കുന്ന ഒരു അവസ്ഥ. ഇതു ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു തീരെ ചെറിയ കാര്യം. ഇതു പോലെ, കായികാധ്വാനം, സെക്സ്, ഫാഷന്‍, തുടങ്ങി മുടിയുടെ സ്റ്റൈലും മലം പോകുന്നതും വരെ ജീനുകളും അനുഭവവും ചേര്‍ന്നു നിയന്ത്രിക്കുന്നു.ഇങ്ങനെയുള്ള ഒരു നിയന്ത്രണം ഉള്ളപ്പോള്‍ ഒരു മനുഷ്യനും മറ്റൊരാളെപ്പോലെയാകുന്നില്ല, എത്രതന്നെ സമാനമായ സാമൂഹികാവസ്ഥകളില്‍ വളര്‍ത്തപ്പെട്ടാലും. ഇതേ ന്യായം കൊണ്ടു തന്നെയാണ് ക്ലോണിംഗിലൂടെ ഒരാളുടെ കൃത്യമായ പകര്‍പ്പ് ഉണ്ടാക്കാനാവില്ല എന്നു പറയുന്നത്. അങ്ങനെ വരണമെങ്കില്‍ അയാളുടെ ജീവിതാനുഭവങ്ങള്‍ അത്രയും അതു പോലെ പുനര്‍സൃഷ്ടിക്കേണ്ടിവരും.
[താ‍രാപഥത്തിന്റെ മൂന്നാമത്തെ ചോദ്യം അല്പം ഫിലോസഫികലാണ്. അതിനു ബാബു മാഷ് നല്‍കിയിരിക്കുന്ന മറുപടി സ്വയമേ പൂര്‍ണ്ണമാണ് എന്ന് തോന്നുന്നതിനാല്‍ അതിവിടെ വിശദീകരിക്കുന്നില്ല. ]

Jan 23, 2008

പണിക്കര്‍ സാറിന്റെ എന്‍റെ കമന്‍റുപെട്ടി യില്‍ വന്ന പോസ്റ്റിനിട്ട മറുപടി.

ഇന്‍ഡ്യാഹെറിറ്റേജിന്റെ എന്‍റെ കമന്‍റുപെട്ടി യില്‍ വന്ന പോസ്റ്റിനിട്ട മറുപടി.

ശ്രീ സുമേഷിന്റെ പോസ്റ്റില്‍ ഡങ്കിപനിയുടെ പൂര്‍ണ്ണ ചികില്‍സയായിട്ടാണോ പപ്പായ ഇലയുടെ നീര്‌ പറഞ്ഞത്‌? ഞാന്‍ മനസിലാക്കിയടത്തോളം താല്‍ക്കാലികമായി ഉണ്ടായ platelet count കുറവിനെ നികത്തുവാന്‍ അതുപകരിച്ചു എന്നു മാത്രമാണ്‌ അതിന്റെ സന്ദേശം. അത്‌ ശരിയാണോ തെറ്റാണോ എന്നു ആധികാരികമായി പറയുവാന്‍ ഞാന്‍ ആളല്ല. അതിനെ കുറിച്ച്‌ വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അങ്ങനെ ഒരു തീരുമാനത്തിലെത്തുവാനും ബുദ്ധിമുട്ടാണ്‌ - പക്ഷെ അതില്‍ ആന പറക്കുന്നതു പോലെ ഉള്ള അസ്വാഭാവികത ഉണ്ടെന്നു സമ്മതിക്കുവാന്‍ എന്റെ സാമാന്യബുദ്ധിയും സമ്മതിക്കുന്നില്ല. .......
........ദൂതലക്ഷണം കൊണ്ടു തന്നെ മനസിലാകുമത്രെ വിഷമുണ്ടോ ഇല്ലയോ എന്ന്‌. ഇതില്‍ അത്ര കാര്യമുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കുവാന്‍ എനിക്കും ആയില്ല- കാരണം ഒന്ന്‌ ചെറുപ്പം മുതലുള്ള അനുഭവം കണ്മുന്നില്‍ കാണുന്നത്‌, പക്ഷെ രണ്ടാമത്‌ എനിക്ക്‌ അത്‌ എന്തു കൊണ്ടു മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നത്‌.പക്ഷെ ഇതിനൊരുത്തരം കുറെ മുമ്പ്‌ ലഭിച്ചു.ഒരു ദിവസം അമ്മ, തന്റെ അടുത്തു വന്ന ഒരു രോഗിയേ പറഞ്ഞു വിടുന്നത്‌ കണ്ടു, ആ രോഗിക്ക്‌ വിഷബാധയേറ്റതായി എനിക്കു തോന്നിയില്ല. രോഗി പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട്‌ ചോദിച്ചു അയാളെ എന്തിനാണ്‌ പറഞ്ഞുവിട്ടത്‌ എന്ന്‌. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു " മോനേ അതെനിക്കിപ്പോള്‍ മനസിലാകുന്നില്ല. ഞാന്‍ ഇനിമേലില്‍ വിഷചികില്‍സ നടത്തുകയില്ല" ....

അതിനിട്ട കമന്റ് :


പ്രിയ പണിക്കര്‍ സാര്‍,

സുമേഷി ജിയുടെ പോസ്റ്റിലും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു കമന്റായി അദ്ദേഹം ആ സന്ദര്‍ഭത്തെ കുറിച്ചു തന്ന വിവരണവും അങ്ങു വ്യക്തമായി വായിച്ചു കാണുമെന്നു കരുതട്ടെ.
ഇല്ലെങ്കില്‍ ദാ, താഴെ അദ്ദേഹം പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നു :

1. "ചുരുക്കിപറഞ്ഞാല്‍, ഡെങ്ക്യൂ, മലേറിയ തുടങ്ങിയുള്ള ഹൈ ടെമ്പറേച്ചര്‍ ഉള്ള ഒട്ടുമിക്ക പനിരോഗങ്ങളിലും "പ്ലേറ്റ്ലെറ്റ്സ് കൌണ്ട്" താഴെ പോകാം.. ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും "പപ്പായനീ‍ര്‍" എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!"

2. "പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ കൊടുക്കേണ്ടിവന്നത് രമേശേട്ടനു മാത്രമാണ്. അതു പൂര്‍ണ്ണമായും നിറുത്തിയിരുന്നു. ആശുപത്രിയും മാറി."

3. "..കാലത്ത്, ബേലാപൂരുള്ള പേരുകേട്ട ചൈല്‍ഡ് സ്പെഷ്യലിസ്റ്റ്, ഡോ: പ്രശാന്ത് മൊറാല്‍വറുടെ, വസതിയിലെ ക്ലിനിക്കില്‍ "പ്ലേറ്റ്ലെറ്റ്സ് കൌണ്ട് റിപ്പോര്‍ട്ട് (കൌണ്ട്: 25000) നോക്കിയ ശേഷം, വാഷിയിലുള്ള, അദ്ദേഹത്തിന്റെ തന്നെ ക്ലിനിക്കില്‍ പിറ്റേന്ന് രാവിലെ വന്ന് അഡ്മിറ്റാകാന്‍ പറഞ്ഞ 11 മാസം പ്രായമുള്ള കല്യാണി എന്ന പേഷ്യന്റിനെ രാത്രിയില്‍ പപ്പായനീരു കുടിപ്പിയ്ക്കുകയും ശേഷം, പിറ്റേന്ന് 10 നും 11 നും ഇടയില്‍ രണ്ടാമത് നടത്തിയ കൌണ്ടിംഗില്‍ പ്ലേറ്റ്ലെറ്റ്സ് നിരക്ക് 60000 ആയി ഉയര്‍ന്നതും, രണ്ടു റിപ്പോര്‍ട്ടുകളും കൈയ്യില്‍ പിടിച്ച് "കണ്‍ഫ്യൂഷനായി" നിന്ന ഡോക്റ്ററുടെ മുഖവുമൊന്നും.."

4. "അന്നവിടെ ഐ സി യൂവിലെ 16 ബെഡ്ഡിലും ഡെങ്കി പേഷ്യന്റുകളായിരുന്നു... അതില്‍ ചിലരോടൊക്കെ, ആ ഡോക്റ്റര്‍ തന്നെ ഈ മരുന്നിനെക്കുറിച്ച് ശുപാര്‍ശ ചെയ്തെന്നാണു കേള്‍വി."

മേല്‍ കൊടുത്ത വാചക ശകലങ്ങള്‍ ആകെക്കൂടി തരുന്ന സന്ദേശമെന്നത് 'പപ്പായ ജ്യൂസ് പ്രസ്തുത അസുഖത്തെ ഒറ്റയടിക്കു ശരിയാക്കാ‍ന്‍ കഴിവുള്ള ഒരു അത്ഭുത മരുന്നാണ് ' എന്നെനിക്കു തോന്നി. സുമേഷ് ജി വൈദ്യവുമായി ബന്ധമില്ലാത്ത ആളായതു കൊണ്ടു തന്നെ അദ്ദേഹത്തെ ഈ അതിശയോക്തിപരമായ കാര്യമെഴുതിയതിനു ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
(അതദ്ദേഹവുമായി ഇ-മെയിലില്‍ ചര്‍ച്ചചെയ്തതുമാണ്)

പക്ഷേ, ഈ മരുന്ന് ഒന്നു ട്രയല്‍ നടത്തി ഇഫക്റ്റും സൈഡ് ഇഫക്റ്റും ഉറപ്പിക്കാതെ തന്റെ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്ത ആ സ്പെഷ്യലിസ്റ്റ് ഡോക്ടറുണ്ടല്ലോ - അദ്ദേഹത്തെ ശാസ്ത്രം പഠിപ്പിക്കാനുപയോഗിച്ച കാശ് സര്‍ക്കാരിനു പാഴാണ് എന്നു മാത്രം ഏറ്റവും സഭ്യമായ ഭാഷയില്‍ പറയാം.!

അവിടെത്തന്നെയാണ് പ്രശ്നങ്ങളുടെ കിടപ്പും. പ്ലേറ്റ് ലെറ്റുകളുടെ സിന്തസിസും, ഡെങ്കി-വൈറല്‍പനിയില്‍ അവ കുറയുന്നതിന്റെ മെക്കാനിസവും നോക്കുമ്പോള്‍ നമുക്കു പപ്പായ ഇലജ്യൂസ് act ചെയ്യുന്ന (അങ്ങനെയൊന്നുണ്ടെങ്കില്‍) ചില possible sites ഊഹിക്കാം. ഒറ്റ രാത്രിയില്‍ ഇത് സംഭാവ്യമോ ? ആണെങ്കില്‍ തന്നെ ഇത്രകണ്ട് കൌണ്ട് ഉയരുമോ ? ഇങ്ങനെ ഫാസ്റ്റ് ആക്ഷന്‍ വരുമ്പോള്‍ അതിന് സൈഡ് ഇഫക്റ്റ് ഉണ്ടാകില്ലേ ? ഇനി സൈഡ് ഇഫക്റ്റ് ഉണ്ടാകാതിരിക്കാനും വേണ്ടി ഡൈല്യൂട്ടായ മരുന്നാണ് നല്‍കിയതെങ്കില്‍ ഇത്ര ഫാസ്റ്റ് ആക്ഷന്‍ ഉണ്ടാകുമോ ?... ഇങ്ങനെയൊക്കെ സ്വാഭാവികമായും ആരും ചോദിക്കും. അതിനൊക്കെ തൃപ്തികരമായ ഒരു ഹൈപ്പോതെസിസ് എങ്കിലുമുണ്ടെങ്കിലേ ഇതിനെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ കൊള്ളാവുന്നിടങ്ങളില്‍ നിന്നു ഫണ്ടു കിട്ടൂ.

കുട്ടികളിലെ ഇഡിയോപ്പതിക് ത്രോമ്പോസൈറ്റോപ്പീനിക് പര്‍പ്പ്യൂറയിലും മറ്റും ഒന്നോരണ്ടോ ദിവസം കൊണ്ട് പ്ലേറ്റ് ലെറ്റ് കൌണ്ട് അല്പമെങ്കിലും ഉയര്‍ത്തി ബ്ലീഡിംഗ് തടയാന്‍ നാം സ്റ്റിറോയ്ഡ് ഉപയോഗിക്കും. എന്നു വച്ച് മലേറിയയില്‍ അതുപോലെ സ്റ്റിറോയിഡെടുത്ത് പ്രയോഗിച്ചാല്‍ ? സെപ്റ്റിസീമിയയില്‍ സ്റ്റീറോയ്ഡെടുത്തു പ്രയോഗിച്ചാല്‍ ?

ഇന്‍സുലിനെയും പപ്പായ ഒറ്റമൂലിയേയും കൂട്ടിക്കെട്ടുന്നതില്‍ അര്‍ത്ഥമില്ല. ഇന്‍സുലിന്‍ ഉപയോഗിക്കപ്പെടുന്ന രോഗാവ്സ്ഥകളിലെല്ലാം അതെങ്ങനെ ശരീരകോശങ്ങളില്‍ ഇടപെടുന്നു, എത്ര ഡോസ് വേണം, എത്ര ഡോസ് പാടില്ല തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞ്, മറ്റ് അനുബന്ധ ചികിത്സകളുടെ സഹായത്തോടെ തന്നെയാണ് നല്‍കുന്നത്. (ഉദാ: DKA യില്‍ Saline, Dextrose, KClതുടങ്ങിയവയുടെ അകമ്പടി) ഇവിടെ ഇന്‍സുലിന്‍ രോഗത്തിന്റെ ഏതവസ്ഥയ്ക്കു മാറ്റം വരുത്തും, പൊട്ടാഷ്യം എന്തു മാറ്റം വരുത്തും എന്നൊക്കെ objective ആയ അറിവുകളുണ്ട്. എന്നാല്‍ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാര കൂടുമ്പോലെ ഋജുവായ ഒരു മെക്കാനിസത്തിലൂടെയാണോ ഡെങ്കിയിലും മലേറിയയിലുമെല്ലാം പ്ലേറ്റ് ലെറ്റ് കൌണ്ട് കുറയുന്നത് ?

മജ്ജയില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ വിഭജിച്ചു പെരുകുന്ന പ്ലേറ്റ്ലെറ്റ് പോലുള്ള ഒരു കോശം അതുപോലെ സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് Dengue-യിലും Malaria-യിലും ITP-യിലും DIC-യിലുമൊക്കെ നശിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഇതിലെവിടെയെങ്കിലുമൊക്കെ സുമേഷ് ജി പറഞ്ഞപോലെയുള്ള ഒരു superfast ഒറ്റമൂലികയുടെ സാധ്യത എന്താണെന്ന് അങ്ങേയ്ക്കു തന്നെ ചിന്തിച്ചു നോക്കാം. (സുമേഷ് ജി ഡെങ്കിയ്ക്കു മാ‍ത്രമേ ഇതു suggest ചെയ്തിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട e-mailകളിലൊക്കെ കൂടുതല്‍ indications പറയുന്നുണ്ട്.)

പിന്നെ, ഈ ഒറ്റമൂലിയുടെ ഇന്റര്‍ നെറ്റ് ചരിത്രം ഒന്നു ചികഞ്ഞു നോക്കുമ്പോള്‍ ഇത് സ്പാമാവാനുള്ള സാധ്യത വളരെ കൂടുതലായും കണ്ടു.

ഇതൊന്നും ഞാന്‍ പറയുന്നത്, എല്ലാക്കാലവും രോഗികള്‍ ചെലവേറിയ ചികിത്സാ വിധികള്‍ തന്നെ സ്വീകരിച്ചുകൊള്ളണം എന്ന അര്‍ത്ഥത്തിലേയല്ല. മരുന്നുകള്‍ സയന്റിഫിക് ആയി തയാര്‍ ചെയ്യപ്പെടുമ്പോള്‍ Beta error-നെക്കാള്‍ കൂടുതല്‍ Alpha error-നാണല്ലോ നാം ശ്രദ്ധ കൊടുക്കുക. അതായത് സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍ document ചെയ്യാതെയുള്ള കളി തീക്കളിയാണെന്ന സിമ്പിള്‍ തത്വം !


മറ്റൊന്ന് ,

നിമിത്തശാത്രം, ദൂതലക്ഷണം എന്നിവയെക്കുറിച്ച് അങ്ങെഴുതിയത് വ്യക്തിനിഷ്ഠമായ കാര്യമാണ്. അതു വസ്തുനിഷ്ഠമാകണമെങ്കില്‍ കടമ്പകളനവധി കടക്കേണ്ടതുണ്ട്.

ആയുര്‍വേദത്തെ അതു വികസിച്ചു വന്ന സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ ചിത്രവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം - അതു പലകാലഘട്ടങ്ങളിലേയും വൈദ്യന്മാരുടെ സിസ്റ്റമാറ്റിക് ആയ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്നതാണെന്നാണ്. അതില്‍ മതപരമായ'വിശ്വാസ'ങ്ങളെ ചേര്‍ത്തത് അതിനെ മുരടിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ.

ശല്യതന്ത്രത്തിലെ സര്‍ജ്ജറി യന്ത്രങ്ങള്‍ ശരീരത്തെക്കുറിച്ചുള്ള വിശ്വാസങ്ങളില്‍ നിന്നും രൂപകല്പന ചെയ്തതാവാന്‍ വഴിയില്ലല്ലോ. ജനപദോദ്ധംസനീയം പോലുള്ള ആധുനിക epidemiology-യോട് കിടപിടിക്കുന്ന നിരീക്ഷണങ്ങളൊക്കെ കാണിക്കുന്നത് അക്കാലത്തു നിലനിന്നിരുന്ന scientific attitude അല്ലേ ?

ആചാര്യന്‍ പറയുന്നത് അലംഘനീയമായ തത്വങ്ങളല്ല, അതിനാല്‍ അവയെ വിമര്‍ശനബുദ്ധ്യാ പഠിക്കുക എന്ന് ഉപദേശിച്ചവര്‍ dogma-യെ എത്രത്തോളം വെറുത്തിരുന്നുവെന്നതിന് ഗര്‍ഭോപനിഷത്തിലെയും ഗര്‍ഭാവക്രാന്തിയിലേയുമൊക്കെ ശിഷ്യരുടെ ചോദ്യം ചെയ്യലുകള്‍ പറഞ്ഞുതരും (ആത്രേയന്‍ ഭ്രൂണശാസ്ത്രത്തില്‍ ആവശ്യമില്ലാതെ ആത്മീയത കുത്തിച്ചെലുത്തുന്നതിനെ കുമാരശിര: ഭരദ്വാജന്‍ ഖണ്ഡിക്കുന്ന ഭാഗങ്ങള്‍ പോലെ എത്രയോ ഉദാഹരണമുണ്ട്)

അങ്ങ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷചികിത്സയിലെ ദൂതലക്ഷണം ആയുര്‍വേദത്തിന്റെ ആ critical thinking-ന്റെ തന്നെ വെളിച്ചത്തില്‍ ഒരു ലിറ്റമസ് ടെസ്റ്റിനു വിധേയമാക്കി നോക്കൂ.

അഗദ തന്ത്രത്തെ ആസ്പദമാക്കി ആയുര്‍വേദ / പാരമ്പര്യ വിഷ ചികിത്സാ രീതികളെ കോടശേരി മാര്‍ഗ്ഗം എന്നപേരില്‍ (Kerala Govt: Ayurveda Publication series-19 (1988) Ed: Dr.K.P Sreekumari Amma, Professor, Ayurveda college TVM) വന്നിട്ടുള്ള ഗ്രന്ഥത്തില്‍ ദൂതസ്ഥിതി വിവരിക്കുന്നതില്‍ ചില സാമ്പിളുകള്‍ ദാ:

a. "...(വിഷം തീണ്ടിയവനേയും കൊണ്ട്)വന്നവന്‍ വ്യഗ്രം പൂണ്ട് നോക്കിലും, ദണ്ഡോടു കയര്‍ കൈയ്യിലിരികുമ്പോഴും ദണ്ഡുകൊണ്ട് നിലത്തടിച്ചീടുകിലും, കാല്‍ കൊണ്ട് ഭൂമി കീറീടുകിലും, മൂരിനിവര്‍ന്ന് കൈ കുടഞ്ഞ് കായത്തെ നോക്കീടുകിലും, നവദ്വാരങ്ങള്‍ തൊട്ടീടുകിലും, ദു:ഖത്താല്‍ മരം ചാരിടുകിലും, മിഥുനത്തിലും മീനത്തിലും വൃശ്ചികത്തിലും നിന്ന് പറഞ്ഞവനെങ്കില്‍ തീരാവിഷം...... .....ചിത്തിര ചോതി മകം ആയില്യം തൃക്കേട്ട തിരുവോണം കാര്‍ത്തിക രോഹിണീ തിരുവാതിര വിശാഖം മൂലം പൂ‍രം പൂരാടം അശ്വതിയും ഈ നാളുകളില്‍ പാമ്പുകടിച്ചാല്‍ തീരാവിഷം......കിഴക്കും പടിഞ്ഞാറും പുരുഷനെന്നറിക, തെക്കും വടക്കുമാണെങ്കില്‍ സ്ത്രീയെന്നറിക...ഇങ്ങനെ പാമ്പു ആണും പെണ്ണുമെന്ന് ദിക്കുകൊണ്ട് അറിക "

b. പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന രീതികളില്‍ ഒന്ന് :

വാലിനു മേല്‍പ്പോട്ട് നാലുവിരല്‍ ചെല്ലുന്നേടം പാമ്പിന്റെ ഗുദഭാഗം. അവിടം അടക്കിപ്പിടിച്ചാല്‍ അതിനു പിടിക്കുന്നവനെ ഇങ്ങോട്ടൊന്നും ചെയ്യാന്‍ കഴിയില്ല. അതു കൊണ്ട് അവിടവും കഴുത്തില്‍ ശ്വാസനാളത്തെയും അമര്‍ത്തി, തലയിലും രണ്ടു കൈ കൊണ്ടും അടക്കിപ്പിടിച്ചിട്ട് പാമ്പിനെ രോഗി കടിക്കണം. എന്നാല്‍ വിഷം അങ്ങോട്ടു തന്നെ പകര്‍ന്നു പോകും. അഥവാ ഇങ്ങോട്ടു കടിക്കയാണെങ്കില്‍ ഒരു കടി അധികമായി അങ്ങോട്ടും കൊടുത്താല്‍ മതിയാകും. "

c. പാമ്പും ചേരയും ഇണചേര്‍ന്നുണ്ടാകുന്ന വ്യന്തരന്‍ (വേന്തിരന്‍/വ്യന്ദരന്‍/വേന്ത്രന്‍) എന്നൊരിനം പാമ്പുണ്ട്. 21 വിധത്തിലുള്ള വ്യന്തര വര്‍ഗ്ഗങ്ങളും പറയുന്നു. ഇതിനുള്ള അനേക വിഷ ചികിത്സകളില്‍ ഒന്ന് : "..അമുക്കുരം ചുക്ക് ചന്ദനം എന്നിവ സമം ചേര്‍ത്ത് മനുഷ്യ മൂത്രത്തിലരച്ച് കൊടുക്കുകയും തേയ്ക്കുകയും ചെയ്യുക. "

d. " ഓരോ ആഴ്ച ദിവസവും പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് മുമ്പില്‍ കൊടുക്കേണ്ടുന്ന ഔഷധങ്ങള്‍ :
ഞായര്‍ - മരിചചൂര്‍ണ്ണം ഉരുക്കു നെയ്യില്‍; തിങ്കള്‍ - തിപ്പലി തേനില്‍; ചൊവ്വ - ഇന്തുപ്പ് മോരില്‍ ; ബുധന്‍ - പാടക്കിഴങ്ങരച്ചുണക്കിപ്പൊടിച്ച് പാലില്‍; വ്യാഴാഴ്ച - വെളുത്ത കുന്നിവേരിലരച്ച് പാലില്‍; വെള്ളി - ചുക്കും ത്പ്പലിയും പൊടിച്ച് തേനില്‍; ശനി - പൂപ്പാതിരി വേരരച്ച് പാലില്‍. ഇതില്‍ വിഷം സ്തംഭിക്കും. പിന്നെ കുറച്ചു കറ്റു ചാനകം തിന്നാന്‍ കൊടുക്കുക. "

കോടശ്ശേരി മാര്‍ഗ്ഗത്തിന്റെ ഓരോ പേജും ഇങ്ങനെയുള്ള ചികിത്സാ വിധികളാല്‍ സമ്പുഷ്ടമാണ്. സ്കിന്‍ ഗ്രാഫ്റ്റിംഗ് ടെക്നിക്ക് ലോകത്തെ പഠിപ്പിച്ച സുശ്രുതന്റെയും, വസൂരിക്കുരുക്കളുടെ ചെറിയ ഡീറ്റെയിലുകള്‍ പോലും നിരീക്ഷിച്ച് എഴുതിവച്ച ഭവ മിശ്രന്റെയും ശാസ്ത്രമാണ് ഇതും എന്ന് പറഞ്ഞാല്‍ അവരുപോലും വന്നു ചൂലെടുക്കും...തീര്‍ച്ച!

വീണ്ടുമൊരു അടിയുണ്ടാക്കാനല്ല ഇതൊന്നും പറഞ്ഞത് മാഷേ.

ആയുര്‍വേദത്തിലെ ശാസ്ത്രീയ വശങ്ങള്‍ ചര്‍ചയ്ക്കു വന്നാല്‍ ചാകും വരെ അതിനെ ഡിഫന്റ് ചെയ്യാന്‍ ഞാനുണ്ടാകും. പക്ഷേ അതിലെ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രമാക്കാന്‍ ആരെങ്കിലും വന്നാല്‍ ചാകും വരെ എതിര്‍ക്കാനും ഞാനുണ്ടാകും. അത്രേയുള്ളൂ.

(പോസ്റ്റിനേക്കാള്‍ ന്നീണ്ട് കമന്റിട്ടതിനു വീണ്ടും ക്ഷമ ചോദിക്കുന്നു.)

Jan 21, 2008

ഇന്‍ഡ്യാഹെറിറ്റേജിന്റെ കമന്റു പെട്ടിയില്‍ ലേഖനം : "ഒറ്റമൂലികളെ കുറിച്ചു്"

ഇന്‍ഡ്യാഹെറിറ്റേജി (ഡോ: പണിക്കര്‍)ന്റെ കമന്റു പെട്ടിയില്‍ ലേഖനം : "ഒറ്റമൂലികളെ കുറിച്ചു്"

ഒറ്റമൂലികളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടുഅതിന് ഡോ.സൂരജിന്റെ മറുപടിയും കണ്ടു.ഇനി ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ ഒരു അടിയാകും എന്നു വിചാരിക്കേണ്ട. ഒരു സമന്വയം സമൂഹത്തിന്‌ ഗുണകരമാകുമോ എന്ന രീതിയില്‍ ചിന്തിക്കുവാന്‍ തോന്നി. അതിനു ചിലകാര്യങ്ങള്‍......
...........അപ്പോള്‍ ഇങ്ങനെ തെറ്റാവുന്നതാണ്‌ automated Investigation എന്ന്‌ ഇവര്‍ ഇതുപോലൊരു വേദിയിലല്ലാതെ സമ്മതിക്കുന്നുണ്ടോ?അതോ അതിനു പകരം ആ തെറ്റുകള്‍ തങ്ങള്‍ക്ക്‌ എങ്ങനെ വരുമാനമര്‍ഗ്ഗമാക്കാം എന്നല്ലെ നോക്കുന്നത്‌?.....
......അപ്പോള്‍ ഇതുപോലെ ഉള്ള എന്തെങ്കിലുമൊക്കെ വിവരങ്ങള്‍ ആരെങ്കിലും വെളിപ്പെടുത്തുമ്പോള്‍ അത്‌ പുതിയ തലമുറ വേണ്ട ഗൗരവത്തോടെ നോക്കിക്കാണണം എന്നാണ്‌ എനിക്കു പറയുവാനുള്ളത്‌.platelet synthesis ന്റെ നീണ്ട വഴിയില്‍ എവിടെയാണ്‌ തകരാറ്‌, എന്നറിയാത്തതും, പറഞ്ഞ മരുന്ന്‌ ഏതു ഭാഗത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാത്തതും ആ മരുന്നിന്റെ ഉപയോഗം നിഷ്ഫലമാണെന്നു വാദിക്കുവാന്‍ മതിയായ കാരണങ്ങളല്ല.......
......മുന്‍പൊക്കെ വളരെ ചെറിയ പ്രായത്തില്‍ മരിച്ചു പോയിരുന്ന രോഗികളുടെ ആയുഷ്കാലം നീട്ടിക്കൊടുക്കുവാന്‍ സഹായിക്കുന്ന Insulin ഒരു ഒറ്റമൂലിയുടെ രൂപത്തിലല്ലെ Diabetes Mellitus രോഗികളില്‍ പ്രവര്‍ത്തിക്കുന്നത്‌? അതിനര്‍ത്ഥം ആ രോഗം മുഴുവന്‍ ഇന്‍സുലിന്‍ സുഖപ്പെടുത്തുന്നു എന്നല്ലല്ലൊ.....സാധാരണ കാണുന്ന viral Hepatitis ആദ്യം തന്നെ ആശുപത്രി പരിശോധന നടത്തി, അത്‌ viral Hepatitis ആണ്‌ എന്ന്‌ ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ചികില്‍സ ആവശ്യമില്ല എന്ന രീതിയില്‍ ഒരു പ്രസ്താവന ഡോ സൂരജ്‌ എഴുതിക്കണ്ടു - അത്‌ ചികില്‍സ ഇല്ലാതെ തന്നെ ഭേദമാകുന്നതാണ്‌ എന്ന്‌.ഇതില്‍ എനിക്കൊരു അഭിപ്രായവ്യത്യാസം ഉണ്ട്‌. ഏതാണ്‌ 27- 28 mg/dl Serum Total bilirubin ഉള്ള രോഗികളും ഒരാഴ്ച കൊണ്ട്‌ Normal ആകുന്നത്‌ അന്നുഭവമാണ്‌. അത്രയും വേഗത്തില്‍ ഭേദപ്പെടും എങ്കില്‍ അതിന്‌ ഒരു ഫലവുമില്ല എന്നു തീരുമാനിക്കുന്നത്‌ ബുദ്ധിമോശമാണ്‌ഈ എഴുതിയതിനെ positive ആയികാണും എന്ന പ്രതീക്ഷയോടെ.....

പണിക്കര്‍ സാറിന്റെ ഈ പോസ്റ്റ് സുമേഷ് ജിയുടെ ഒരു പോസ്റ്റിനു ഞാനെഴുതിയ വിമര്‍ശനത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമറിയിച്ചുകൊണ്ടുള്ളതാണ്. ഈ പോസ്റ്റിനു അനംഗാരി മാഷും വേണു ജി യും എഴുതിയ കമന്റുകള്‍ക്ക് കൂടിയുള്ള മറുപടിയായി ഈ കമന്റവിടെ ഇട്ടു :

പ്രിയ പണിക്കര്‍ സര്‍,

ആ പോസ്റ്റിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം അതിന്റെ എല്ലാ ഗൌരവത്തോടെയും ഉള്‍ക്കൊള്ളുന്നു.

ഒറ്റമൂലിചികിത്സ എന്ന കണ്‍സെപ്റ്റിന്റെ ശാസ്ത്രീയതയാണ് എന്റെ ലേഖനത്തിന്റെ വിഷയം എന്ന് അങ്ങ് മനസ്സിലാക്കിയെന്നു കരുതുന്നു.

എന്റെ ബ്ലോഗിലെ മുന്‍ ലേഖനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ലേഖനവും ഒരു ‘ആന്റീ-ആയുര്‍വേദ പ്രോപ്പഗാണ്ട’യായി കാണാനിടയാകുമെന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് “ ഞാന്‍ മനസ്സിലാക്കിയിടത്തോളം ആയുര്‍വേദം (തത്വങ്ങള്‍ എന്തായിരുന്നാലും,എന്തൊക്കെ മുരടിപ്പുണ്ടെങ്കിലും) വളരെ സിസ്റ്റമാറ്റിക്ക് ആയി വികസിപ്പിക്കപ്പെട്ട ഒരു സങ്കേതം ആണ്. അവര്‍ പോലും ഇത്തരം ഒറ്റമൂലി പ്രയോഗങ്ങളെ അശാസ്ത്രീയം എന്നേ വിളിക്കൂ. തീര്‍ച്ച.” എന്ന് അവിടെത്തന്നെ ഒരു കമന്റിനു മറുപടിയായി എഴുതിയത് .

ഇവിടെ വേണു ജി പറയും പോലെ ഒറ്റമൂലിയെ കാര്യകാരണങ്ങളില്ലാതെയൊന്നുമല്ല എതിര്‍ത്തിട്ടുള്ളത് - എന്റെ ബ്ലോഗിലെ പോസ്റ്റിലും, തുടര്‍ന്നു കമന്റുകളിലുമായി വിശദമായി തന്നെയാ‍ണ് പപ്പായ ഒറ്റമൂലിയുടെ ശാസ്ത്രീയതയെ വിമര്‍ശിച്ചിട്ടുള്ളത്..സമയം /സൌകര്യമുണ്ടെങ്കില്‍ സ്വന്തമായി അല്പം ശരീരശാസ്ത്രം വായിച്ചിട്ട്, ആ വാദങ്ങളെ ഖണ്ഡിക്കാന്‍ ഞാന്‍ വേണു ജീയെയും അനംഗാരി ജീയെയും ക്ഷണിക്കുന്നു.

വൈറല്‍ ഇന്‍ഫക്ഷനും ത്രോമ്പോസൈറ്റോപീനിയയും പോലുള്ള Multifactorialഉം Multidimensionalഉം സങ്കീര്‍ണ്ണമായ pathogenesis ഉം ഉള്ള രോഗാവസ്ഥകള്‍ക്ക് ഒറ്റരാത്രികൊണ്ടൊക്കെ ക്ഷിപ്രഫലം തരാന്‍ കഴിവുള്ള ഒറ്റമൂലികള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഇതിന്റെയൊക്കെ മെക്കാനിസത്തെക്കുറിച്ച് അല്പമെങ്കിലും അറിയാവുന്നവര്‍ സംശയാലുക്കളാകും.
അത്രയേ ഞാനും ചെയ്തുള്ളൂ എന്നുതന്നെയാണ് എന്റെ വിശ്വാസം - അതു പ്രായത്തിന്റെ ഇളക്കമാണ് എന്ന് അനംഗാരിക്കും മറ്റും തോന്നുന്നെങ്കില്‍ സന്തോഷം- ആ ‘ഇളക്കവും എടുത്തു ചാട്ടവും എണ്‍പതാം വയസ്സുവരെയും എന്റെ കൂടെ വേണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും ഹ ഹ ഹ!


പണിക്കര്‍ സര്‍ പറഞ്ഞ കാര്യങ്ങളിലേക്കു വരാം:

1. Automated ആയ ലാബ് റിസള്‍ട്ടുകള്‍ തെറ്റുന്നതിനെ മുതലെടുത്തും വേണ്ടാത്ത ചികിത്സകള്‍ സന്ദര്‍ഭം നോക്കാതെ കൊടുത്തും തന്നെയാണ് നാട്ടിലെ പല നക്ഷത്ര ആശുപത്രികളും പിഴയ്ക്കുന്നതും കോടികള്‍ വാരുന്നതും - അതെത്രയോ വട്ടം നമ്മള്‍ രണ്ടുപേരും പോസ്റ്റിട്ടും കമന്റിട്ടും പറഞ്ഞകഥ !

( പോസ്റ്റില്‍ അതെഴുതിയപ്പോള്‍ ഫോണ്ട് ചെറുതായിപ്പൊയി, ആരും ശ്രദ്ധിച്ചുമില്ല - അത് അങ്ങ് ഇവിടെ ചര്‍ച്ചയ്ക്കുവചതിനു വളരെ നന്ദി.)

ഇനി അഥവാ പ്ലേറ്റ് ലെറ്റ് കൌണ്ട് കുറഞ്ഞുവെന്നു ലാബ് റിസള്‍ട്ടില്‍ കാണുന്നു എന്നിരിക്കട്ടെ, എന്നാലും രോഗി ഉടന്‍ ബ്ലീഡ് ചെയ്യുമോയെന്നറിയാനുള്ള ഒരു bed-side പൊടി വിദ്യ ഡോക്ടര്‍മാര്‍ക്ക് മൂന്നാം വര്‍ഷ എം.ബി.ബി.എസ് മുതല്‍ പറഞ്ഞു തരുന്നുണ്ടല്ലോ - ബീ‍.പീ കഫ് എടുത്ത് രോഗിയുടെ കൈയ്യേല്‍ക്കെട്ടിയിട്ട് purpuric spots എണ്ണിനോക്കാനുള്ള സാധാരണക്കാരന്റെ കോമണ്‍ സെന്‍സ് വിദ്യ ! അതു പോലും ചെയ്തു നോക്കാതെ കൊണ്ട് വാ പ്ലേറ്റ്ലെറ്റ്, കൊണ്ട് വാ ബ്ലഡ് എന്ന് വിളിച്ചു കൂവുന്നവനെയൊക്കെ എന്തിന് പഠിപ്പിച്ചു പാസാക്കി വിടുന്നു ?!

ശാസ്ത്രജ്ഞനെന്നു ഭാവിക്കുന്ന അജ്ഞന്മാരുടെ പിഴവുകള്‍ക്ക് ശാസ്ത്രത്തെ ആരും discredit ചെയ്യില്ലല്ലെന്നു വിശ്വസിക്കുന്നു.

2. പ്ലേറ്റ്ലെറ്റ് സിന്തസിസിന്റെ നീണ്ട ഇടനാഴികളില്‍ എവിടെയാണ് ഈ മരുന്നു പ്രവര്‍ത്തിക്കുന്നത് എന്നു പറയാന്‍ വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ല എന്നു ആദ്യമേ തന്നെ പ്രഖ്യാപിച്ച സുമേഷ് ജി അല്ല ബാധ്യസ്ഥന്‍ എന്നെനിക്കറിയാം. അതു അംബി എന്ന ബ്ലോഗറുടെ കമന്റിനു മറുപടിയായി ഞാന്‍ പറഞ്ഞിട്ടുമുണ്ട്.

ഈ പപ്പായയില ഒറ്റമൂലി 2004, 2005 എന്നീ വര്‍ഷങ്ങളില്‍ പല ഐ.ടി കമ്പനികളിലും ചെയിന്‍ മെയിലായി വന്നത് ബോംബേ ഹോസ്പിറ്റലിലെ ഒരു Dr.Sumedha Bajaj എന്നയാളുടെ സ്വകാര്യമെയിലിന്റെ പകര്‍പ്പുകളായിട്ടാണ്. നാട്ടില്‍ പലര്‍ക്കും ഈ മെയില്‍ കിട്ടി അന്ന്. ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കഥയും ഇതോടൊപ്പം പുറത്തിറങ്ങി. എന്നാല്‍ അന്ന് അതന്വേഷിച്ചപ്പോള്‍ Dr.Sumedha Bajaj എന്നൊരു പുമാന്‍ ബോംബേ ഹോസ്പിറ്റലിലേ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലാകട്ടെ ഇങ്ങനൊരു പരീക്ഷണവും നടന്നിട്ടില്ല എന്ന് അവിടെയുള്ള അധ്യാപകര്‍ പറഞ്ഞു !

ഓരോ അസുഖവും മഹാമാരിയായി വരുമ്പോള്‍ ചുളുവില്‍ ഒരു കച്ചവടം ഒപ്പിക്കാന്‍ കുറേപേര്‍ കച്ചകെട്ടിയിറങ്ങും. കുറച്ചുകാലം മുന്‍പ് ചിക്കുന്‍ ഗുന്യ വാതപ്പനി മാറാന്‍ കമ്മ്യൂണിസ്റ്റുപച്ച ബെസ്റ്റാണെന്നു പറഞ്ഞ് തിരുവനന്തപുരത്ത് ഒരു ന്യൂസിറങ്ങി. അതോടെ ഒരു പിടി കമ്മ്യൂണിസ്റ്റു പച്ച 90 രൂപയ്ക്കു വരെ വിറ്റു പോയത് ഞാന്‍ നേരിട്ടു കണ്ടതാണ്.

മലേഷ്യയില്‍ പപ്പായ കൃഷി നല്ല ബിസ്നസ്സാണ്. അവിടുന്നാണ് പപ്പായ ഒറ്റമൂലികളുടെ ആദ്യ ഈമെയിലുകളിലൊന്ന് പലര്‍കക്കും കിട്ടിയതും...!

3. പപ്പായ ഇലയിലല്ല, മൂത്രത്തിന്റെ ഔഷധഗുണത്തിന്മേല്‍ പോലും ഗവേഷണം നടത്താന്‍ ഫണ്ടു കിട്ടാ‍ന്‍ ഇന്ന് യാതൊരു പാടുമില്ലാതിരിക്കെ ഇത്ര വര്‍ഷമായിട്ടും ഒരൊറ്റ പേപ്പര്‍ പോലും നേച്ചറിലോ സയന്‍സിലോ പബ്മെഡിലോ ഇന്റര്‍ സയന്‍സിലോ വരാത്തതെന്തേ ?

അപ്പോള്‍ ചിലര്‍ പറയും Absence of evidence is not evidence of absence എന്ന്.

അവരോട് എന്റെ ചോദ്യം ഇതാണ് : “ ആന പറക്കുന്നത് ആരും കണ്ടിട്ടില്ല. എന്നു വച്ച് ലോകത്തെവിടെയും ആനകള്‍ പറക്കുന്നേയില്ല എന്നു പറയാനാവില്ല” എന്നു സമ്മതിക്കുമോ ?

അവിടെ നാം ആനയുടെ ശരീരത്തിന്റെ ഡൈനാമിക്സും, അതു പോലൊരു ജീവി പറക്കാന്‍ വേണ്ട ഏയറോഡൈനാമിക്സുമൊക്കെ കണക്കുകൂട്ടി നോക്കുന്നത്. പറക്കുന്ന ആനയെ ആരും കണ്ടിട്ടില്ലേലും അതിന്റെ ഫിസിക്സിന്റ്റെ അസംഭാവ്യത ഗണിച്ചെടുക്കാന്‍ ഇപ്പോഴുള്ള ശാസ്ത്രത്തിന്റെ അറിവുകള്‍ തന്നെ ധാരാളമല്ലേ ?

Extra ordinary claims require extra ordinary proof !

പ്ലേറ്റ്ലെറ്റുകളുടെ ഫിസിയോളജിയറിയാമെങ്കില്‍ ആര്‍ക്കും പകല്‍ പോലെ വ്യക്ത്മാകും ഈ Overnight ഒറ്റമൂലിയുടെ അസംഭാവ്യത. അതുകൊണ്ടുതന്നെയാവാം ഇതിനേപ്രതി ആധികാരികമായ ഗവേഷണങ്ങള്‍ വരാത്തതും

4. ഡയബറ്റിസില്‍ ഇന്‍സുലിന്റെ ആക്ഷന്‍ നേരെ വാ നേരെ പോ എന്ന മട്ടില്‍ ൠജുവായ ഒന്നാണ്.

പഞ്ചസാരയെ ഇന്‍സുലിന്‍ റിസപ്റ്ററുകളുടെ സഹായത്താല്‍ ശരീരകോശങ്ങളിലേക്കു കയറ്റിയാല്‍ ഇന്‍സുലിന്റെ ജോലി തീര്‍ന്നു. അതു പോലെ ഋജുവാണോ ഡെങ്കിപ്പനിയിലെ platelet destructionന്റെ പാത്തോളജി ? ഡയബറ്റീസിന്റെ multifaceted പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍സുലിനു കഴിവുണ്ടോ ? ഇല്ലല്ലോ... ഇന്‍സുലിനാല്‍ നിയന്ത്രിക്കപ്പെടുന്ന പഞ്ചസാരയുടെ ഗതിവിഗതികളില്‍ ഒതുങ്ങുന്ന ഒന്നല്ലല്ലോ ന്യൂറോപ്പതിയും നെഫ്രോപ്പതിയുമൊന്നും ?

ഡയബറ്റിക് കീറ്റോ അസിഡോസിസോ ഹൈപ്പര്‍ ഓസ്മോളാര്‍ കോമയോ വരുമ്പോള്‍ ഇന്‍സുലിനേക്കാള്‍ ആവശ്യം നോര്‍മ്മല്‍ സലൈന്‍ ഡ്രിപ്പല്ലേ ? ഇന്‍സുലിന്‍ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ ഹൈപ്പോ കലീമിയകൊണ്ട് രോഗിക്ക് ഹൃദയാഘാതമല്ലേ വരുക ?

അവിടേയും രോഗ ഹേതു multifactorial ആകുമ്പോള്‍ ഒറ്റമരുന്നു കൊണ്ടൊന്നും കാര്യം നടക്കുകില്ല.

ഈയൊരു പോയിന്റ് തന്നെയാണ് വീണ്ടും വീണ്ടും ഞാന്‍ പറയുന്നത് : പലമുഖങ്ങളുള്ള, പല രീഥിയില്‍ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ ഒറ്റയടിക്ക് അതും ‘ഒറ്റമരുന്നു‘ കൊണ്ട് കാര്യങ്ങളെ നേരെയാക്കാം എന്ന ‘ഒടിവൈദ്യന്‍’ സങ്കല്‍പ്പം തന്നെ ശരീരത്തെയോ അതിന്റെ സങ്കീര്‍ണ്ണതകളെയോ പറ്റി മനസ്സിലാക്കാത്തതു കൊണ്ടാണ് എന്ന്.

5. വൈറല്‍ ഹെപ്പറ്റൈറ്റിസ് Obstructive phaseലേക്കു പോകുന്നതെപ്പോഴാണ് ? കരള്‍ കോശങ്ങളില്‍ അല്പസ്വല്പം നീരു കെട്ടി അത് intrahepatic biliary radiclesലൂടെയുള്ള പിത്തരസത്തിനെ തടയുമ്പോളല്ലേ ? അല്ലാതെ ഹെപ്പാറ്റിക് ഡക്റ്റിനെയോ common bile duct നെയോ തടഞ്ഞിട്ടല്ലല്ലോ ? കരള്‍ കോശങ്ങളുടെ ആ നീരു വറ്റാന്‍ ഒരാഴ്ചപോലും വേണ്ടല്ലോ പണിക്കര്‍ മാഷേ ?

ആ നീരു വറ്റുന്നതോടെ വൈറല്‍ ഹെപ്പറ്റൈറ്റിസിലെ obstructive jaundice ശടേന്നു താഴോട്ടു വരുന്നതും സാധാരണ കാഴ്ചയല്ലേ ?

വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ ചികിത്സ വിവരിക്കുന്ന പുസ്തകങ്ങളിലൊക്കെ ആദ്യത്തെ വാചകം : Drugs should be avoided in hepatitis എന്നാണ്. മരുന്നുകള്‍ - അതു പച്ചമരുന്നായാലും ഡിസൈനര്‍ മോളീക്യൂള്‍ ആയാലും - ചയാപചയപ്രക്രിയയിലൂടെ വിഘടിച്ച് ആക്റ്റീവ് മോളിക്യൂളുകലാകുന്നത് കരളിലാണ് എന്നത് ബയോളജി ബാലപാഠം.
രോഗം വന്നു വീര്‍ത്തുകെട്ടിയിരിക്കുന്ന കരളിനെ പിന്നെയും മരുന്നു നല്‍കി മെനക്കെടുത്തരുതേ എന്ന അപേക്ഷയാണ് ‘ Drugs should be avoided in hepatitis ‘ വാചകത്തില്‍. എന്നിട്ടും സിലിമാരിനും മറ്റും നല്‍കി രോഗിയെ പിഴിയുന്ന ഗ്യാസ്ട്രോളജിസ്റ്റ് വീരന്മാര്‍ ഉണ്ടെന്നത് സങ്കടകരമായ വേറൊരു യാഥാര്‍ത്ഥ്യം !

ശരിക്കുള്ള കിടിലന്‍ obstructive jaundice വരുന്നത് Cholelithiasis പോലുള്ള അവസരത്തിലല്ലേ...ഒറ്റമൂലിയുടെ മിടുക്കു കാണിക്കേണ്ടത് അവിടെയാണ് - പിത്തരസത്തെ അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുന്ന നല്ല ഊക്കന്‍ കൊളസ്ട്രോള്‍ കല്ലുകളെ ഉരുക്കി/പൊടിച്ചു മാറ്റാന്‍ പറ്റിയ “ കല്ലുരുക്കി “ കള്‍ വരട്ടെ....

‘ഒറ്റമൂലി’ ആയാല്‍ അങ്ങനെ വേണം, അല്ലാതെ ശരീരം താനേ രോഗവിമുക്തമാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കലല്ല.

ഗോള്‍ പോസ്റ്റിലേക്കു ആരോ അടിച്ചുവിട്ട പന്തിനെ പുറകേ ചെന്ന് വീണ്ടും പോസ്റ്റിലേക്കടിച്ചിട്ട് ‘ഗോള്‍’ ഗോള്‍ എന്ന് വിളിക്കുന്നതില്‍ മിടുക്കെവിടെ ?!

ഈ എഴുതിയതൊക്കെ എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ - എന്റെ മാത്രം അഭിപ്രായങ്ങളാണ്. ഞാനെന്റെ യുക്തിക്കും ബോധ്യത്തിനുമനുസരിച്ച് എഴുതി. ഇതിന്റെ ആധികാരികത തള്ളിക്കളയാനും അംഗീകരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഒരു തരം ചികിത്സാ രീതികളേയും വാഴ്ത്താനോ, ഇകഴ്ത്താനോ വേണ്ടിയല്ല ഇതൊന്നും എഴുതിയത് . പക്ഷേ, ശാസ്ത്രത്തിന്റെ പേരില്‍ കൊണ്ടുവരുന്ന അവകാശങ്ങള്‍ക്ക് ശാസ്ത്രം കൊണ്ടു തന്നെ Proof വേണം. അല്ലാത്തിടത്തോളം എതിര്‍ക്കേണ്ടവര്‍ എതിര്‍ക്കുക തന്നെചെയ്യും.

ഇത്രയും എഴുതിക്കൂട്ടുവാന്‍ അനുമതി തരുന്നതിനു പണിക്കര്‍ സാറിനു വലിയൊരു നന്ദി.(മൂര്‍ത്തിയേയ്...ഓടിവാ...ഓടിവാ...ഹ ഹ!)

ഒരു കാര്യം കൂടി -

അനംഗാരി വിചാരിച്ചുവച്ചിരിക്കുനത് ഈ ആംഗല ചികിത്സ എന്നത് ചൊവ്വയില്‍ നിന്നോ യുറേനസ്സില്‍ നിന്നോ കെട്ടിയെടുത്ത ഏതോ രീതിയാണെന്നാണ്...

പൊന്നു മാഷേ....അങ്ങ് ഇപ്പോള്‍ ഈ വായിക്കുകയും ടൈപ്പു ചെയ്യുകയും ചെയ്യുന്ന കമ്പ്യൂട്ടറ് കണ്ടുപിടിക്കാന്‍ സഹായിച്ച അതേ ശാസ്ത്രവും തിയറികളും യുക്തികളുമൊക്കെത്തന്നെയാണ് ആംഗല വൈദ്യം ആംഗല വൈദ്യം എന്ന് വിളിക്കുന്ന ഈ ശാസ്ത്രത്തിന്റേയും കാതല്‍.

ചരകനും, ആത്രേയനും സുശ്രുതനുമൊക്കെ ഒരുകാലത്ത് ഇതേ രീതിശാസ്ത്രത്തില്‍ തന്നെയാണ് ഗവേഷണം ചെയ്തതും സര്‍ജ്ജറി ഉപകരണങ്ങളടക്കം വലിയ സംഭാവനകള്‍ ഈ രംഗത്തിനു നല്‍കിയതും. അവരൊന്നും സ്വന്തം ആചാര്യന്മാര്‍ പറഞ്ഞതൊക്കെ അലംഘനീയമാ‍യ വേദവാക്യം എന്നും പറഞ്ഞ് ഇരുന്നിരുന്നവരല്ല.

രോഗത്തെ സിസ്റ്റമാറ്റിക് ആയി പഠിക്കാനും theorize ചെയ്യാനുമെല്ലാം ലോകത്തെ ആദ്യം പഠിപ്പിച്ചത് അവരായിരുന്നു. അവര്‍ തുടങ്ങിവച്ചതിനെ ഒരു പടി പോലും മുന്നോട്ടു കൊണ്ടു പോകാതെ അവര്‍ അന്നത്തെ പരിമിത ജ്ഞാനത്തില്‍ എഴുതിവചതൊക്കെ അനിഷേധ്യം/അലംഘനീയം/ സനാതനം എന്നു പറഞ്ഞ് പുരോഗതിക്കുള്ള സര്‍വ്വ സാധ്യതയേയും കൊട്ടിയടച്ചതാരാണ് ?

എന്നിട്ട് ഒടുവിലിപ്പോള്‍ ആ അറിവുകള്‍ വികസിച്ച് പരിണമിച്ച് Heart Lung machine ഉം Extracorporeal membrane Oxygen transfer ഉം CT scanner-ഉമൊക്കെയായി വല്ല നാട്ടുകാരന്റേയും കൈയ്യില്‍ നിന്നും വാങ്ങേണ്ട ഗതി ഭാരതത്തിനു വരുത്തിയത് ആരാണ് ?

“....ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ആയുര്‍വേദവും, ഒറ്റമൂലികളും കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവരേണ്ടതാണു...”

പ്രിയ ദേശാഭിമാനീ,

ഇതു തന്നെയാണ് ഈയുള്ളവനും പറയുന്നത്.

കൊള്ളേണ്ടതു ഉള്‍ക്കൊണ്ട്, തള്ളേണ്ടതു തള്ളി, പുതുക്കേണ്ടതു പുതുക്കി, മാറ്റേണ്ടതു മാറ്റി...അങ്ങനെയൊക്കെയാണ് വളരുന്ന സംസ്കാരങ്ങള്‍ തങ്ങളുടെ പൈതൃക സ്വത്തിനെ സംരക്ഷിക്കുന്നത്.

നമ്മള്‍ക്ക് മാത്രം മാറ്റം എന്നു കേട്ടാല്‍ അപ്പോള്‍ വയറിളകും !

ആധുനിക ശാസ്ത്ര പുരോഗതിയുടെ ചരിത്രമെടുത്താല്‍ ഗാലന്‍ എന്നൊരു വൈദ്യന്റെ പേര്‍ ഒട്ടനവധിയിടത്തു കാണാം. മൂപ്പരാണത്രെ രക്തധമനികളിലൂടെ രക്തമാണ് പോകുന്നത്, കാ‍റ്റല്ല എന്ന് കണ്ടുപിടിച്ചത് എന്നാണ് ലോകം മുഴുവന്‍ പഠിക്കുന്നത്.

അങ്ങോര്‍ക്കും എത്രയോ മുന്നേ ഇവിടെ ഹൃദയത്തെയും ധമനികളെയും കീറിമുറിച്ച് പഠിച്ചു നമ്മുടെ പ്രാചീന സയന്റിസ്റ്റുകള്‍.

എന്തിന്, ഹിമാലയ താഴ്വരയില്‍ സയന്റിഫിക് മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് ഗുരുവും ശിഷ്യന്മാരും കൂടി ഗര്‍ഭകാലത്തെ ഭ്രൂണവളര്‍ച്ചയെക്കുറിച്ച് തര്‍ക്കിക്കുക പോലുമുണ്ടായിട്ടുണ്ട്. അന്നത്തെ അവരുടെ നിഗമനങ്ങള്‍ എത്രതന്നെ അയഥാര്‍ത്ഥമായിരുന്നാലും ഇതു പോലൊരു systematic സമീപനം ഭൂമിയില്‍ വേറെ ഒരു പ്രാചീന സംസ്കാരത്തിനും ഉണ്ടായിട്ടില്ല.

ഇന്ന് സയന്റിഫിക് കോണ്‍ഫറന്‍സ് എന്നു കേട്ടാല്‍ നമ്മുടെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് ഹാലിളകും! ആചാര്യന്‍ പറഞ്ഞതിനെ refute ചെയ്യുന്ന ശിഷ്യന്‍ റോഡില്‍ ചെന്നു കിടക്കേണ്ടിയും വരും ! ഇവരോ ആത്രേയന്റെയും അഗ്നിവേശന്റേയും പിന്മുറക്കാര്‍ ???

അവരിന്നു ജീവിച്ചിരുന്നേല്‍ ഇമ്മാതിരി ടീമുകളെയൊക്കെ ചൂലെടുത്തടിച്ചേനെ !

Jan 20, 2008

മൈനയുടെ ലേഖനം: "പര്‍ദ്ദയും സാരിയും പ്രതിക്കൂട്ടില്‍ ...?"

സര്‍പ്പഗന്ധി എന്ന ബ്ലോഗില്‍ മൈനയുടെ ലേഖനം: "പര്‍ദ്ദയും സാരിയും പ്രതിക്കൂട്ടില്‍ ...?"

...പര്‍ദ്ദ സ്വദേശിയോ വിദേശിയോ?
ഇന്നലെ ഒരു പുസ്‌തകപ്രകാശന ചടങ്ങില്‍ വെച്ചാണ്‌ ഇങ്ങനെ ഒരു ചോദ്യം മനസ്സിലേക്കു കടന്നു വന്നത്‌. ഡോ.ഖദീജ മുംതാസ്‌ എഴുതിയ 'ബര്‍സ' എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ സംസാരമാണ്‌ എന്നെ ചിന്തിപ്പിച്ചത്‌.ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം. നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്‌. മുഖം തുറന്നിടലിലൂടെ മനസ്സുതന്നെ തുറന്നിടാനാണ്‌ നായിക ആഗ്രഹിക്കുന്നത്‌. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ നടത്തുന്ന ഒരു യാത്രയാണ്‌ നോവല്‍ എന്നു പറയാം. പുരുഷന്റെ കണ്ണുകളിലൂടെയായിരുന്നു ഇന്നു വരെ ഇസ്ലാം വ്യാഖ്യാനിക്കപ്പെട്ടിരുന്നത്‌. സ്‌ത്രീ എന്നും പിന്നാമ്പുറത്ത്‌ നിന്നു. നോവലിന്റെ പശ്ചാത്തലം സൗദി അറേബ്യയാണ്‌.....
.........സ്‌ത്രീ ഒരിക്കലും മുഖം തുറന്നിടാന്‍ പാടില്ലെന്നാണ്‌ അവളുടെ പക്ഷം. അക്കാര്യം ഒരാവശ്യവുമില്ലാതെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നു. എന്തിനാണിത്‌? ആ പെണ്‍കുട്ടിയോട്‌ എനിക്ക്‌ ചിലത്‌ പറയണമെന്നുണ്ടായിരുന്നു.ചെറുപ്പത്തില്‍ ഞാന്‍ കണ്ടു ശീലിച്ച, എനിക്ക്‌ സൗകര്യം എന്നു തോന്നുന്ന വസ്‌ത്രം ഞാനുപയോഗിക്കുന്നു. എന്റെ അമ്മ ശീലിച്ചത്‌ അവര്‍ ധരിക്കുന്നു. ഡോക്‌ടര്‍ ശീലിച്ചത്‌ അവരും.......


അവിടെ ഇട്ട കമന്റ് :


പ്രിയ മൈനേ,

ചിത്രകാരന്റെ കമന്റു ഭരണിയില്‍ ഈ വിഷയം കണ്ടാണ് എത്തിയത്. ഇങ്ങനൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നു വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കാരണമായ പോസ്റ്റിനെയും മൈനയേയും അഭിനന്ദിക്കട്ടെ.

ഏതു വസ്ത്രവും അതു ധരിക്കുന്നവരുടെയും കാണുന്നവരുടെയും മനോനിലയെ അനുസരിച്ചാണ് സഭ്യം/സഭ്യേതരം/വര്‍ഗ്ഗീയം എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നല്‍. സ്വയം സെക്സ്സിയായി തോന്നിക്കാന്‍ ഒരു സ്ത്രീയോ പുരുഷനോ ഇറുകിയതും revealing മായ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് കാണുന്നവരുടെ മനോനിലയനുസരിച്ച് ശ്ലീലമോ അശ്ലീലമോ ആസ്വാദ്യമോ ഒക്കെയാവും. വസ്ത്രത്തിലെ വര്‍ഗ്ഗീയതാ പ്രകടനവും അങ്ങനെ തന്നെ.

ഖദീജമാഡത്തെ നേരിട്ടല്ലെങ്കിലും, ഒരു അധ്യാപിക എന്നനിലയില്‍ പരിചയമുണ്ട്. മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ തട്ടമിടുന്നതിനെതിരേയൊക്കെ ഒരുപാട് സംസാരിച്ചിരുന്ന വ്യക്തിയാണ് അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ പരിസരങ്ങളിലെ ചില മത മൌലിക വാദ ഗ്രൂപ്പുകളുടെ സ്വാധീനം ഈ പര്‍ദ്ദ/ബുര്‍ഖ ധരിക്കലില്‍ ഉണ്ടെന്നും മാഡത്തിന് അഭിപ്രായമുള്ളതായി അറിയാം. (പൂര്‍ണ്ണമായും ശരിയല്ല അത്, എന്നാല്‍ അല്പമൊക്കെ ശരിയുമാണ്.)

ബുര്‍ഖ/പര്‍ദ്ദ വര്‍ഗ്ഗീയമാകുന്ന അതേ പോയിന്റില്‍ തന്നെ സെറ്റ് മുണ്ടും നേര്യതും ചന്ദനക്കുറിയും ചട്ടയും മുണ്ടും ഒക്കെ വര്‍ഗ്ഗീയമാകും. ഒരു സാംസ്കാരിക ചിഹ്നമായി മാത്രം വസ്ത്രങ്ങളെയും അതു ധരിക്കുന്ന രീതികളേയും കാണാമെങ്കില്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ പര്‍ദ്ദയും കുരിശുമാലയും നേര്യത് മുണ്ടുമൊക്കെ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്നു തോന്നുന്നു.

ഭൂരിപക്ഷം ജനങ്ങള്‍ ധരിക്കുന്ന വസ്ത്രത്തില്‍ നിന്നും വ്യത്യസ്ഥമായ വസ്ത്രം ഒരു കൂട്ടര്‍ ധരിക്കുന്നതില്‍ എന്താണ് തെറ്റ് ? റെഡ് ഇന്‍ഡ്യക്കാരുടെ തനതു വസ്ത്രം ധരിച്ചുനടക്കുന്നവരെ അമേരിക്കയില്‍ ആരെങ്കിലും അതില്‍ വര്‍ഗ്ഗീയത കാണുന്നുണ്ടോ ?

പര്‍ദ്ദ/തട്ടം എന്നിവ ധരിച്ച ഒട്ടനവധി സുഹൃത്തുക്കളുടെ ദീര്‍ഘകാല സാമീപ്യത്തില്‍ നിന്നും എനിക്കു മനസ്സിലായത്, ആ വസ്ത്രം അവര്‍ തൊലിപ്പുറമേ മാത്രമേ ധരിച്ചിട്ടുള്ളൂ, ഹൃദയത്തിനുമേല്‍ ധരിച്ചിട്ടേയില്ല എന്നാണ്. ഹൃദയത്തിനുമേല്‍ ചന്ദനക്കുറിയും കുരിശുമാലയും തൊപ്പിയുമിടുന്നവരെയേ ഭയക്കേണ്ടതുള്ളൂ. അങ്ങനെയുള്ളവരെ പുറമേയ്ക്കു കണ്ടാല്‍ ഒട്ട് തിരിച്ചറിയാന്‍ കഴിയുകയുമില്ല!

Jan 19, 2008

കെ.സി. ബാബു മാഷിന്റെ ലേഖനം: ‘ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും‘

കെ.സി. ബാബു മാഷിന്റെ മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍... എന്ന ബ്ലൊഗിലെ ലേഖനം : "ദൈവവിശ്വാസവും, സ്വതന്ത്ര ഇച്ഛാശക്തിയും"

ദൈവമുണ്ടോ? എനിക്കറിയില്ല. ദൈവമില്ലേ? അതുമറിയില്ല. അതു് എനിക്കു് ഒരു തലവേദനയേ അല്ല എന്നതാണു് കൂടുതല്‍ സത്യം. ദൈവമേ, നീയുണ്ടെങ്കില്‍, നീയുണ്ടെന്നു് മനുഷ്യര്‍ അറിയണമെന്നു് നിനക്കുണ്ടെങ്കില്‍ അതു് അവരെ അറിയിക്കേണ്ടതു് നിന്റെ ചുമതലയാണു്. നീയില്ലെങ്കില്‍ അതവരെ അറിയിക്കാന്‍ നിനക്കൊട്ടാവുകയുമില്ല! .......
......സ്വതന്ത്ര ഇച്ഛാശക്തിയെ ആധുനിക neuro-science-ഉം നിഷേധിക്കുന്നു. അതിന്‍പ്രകാരം, മനുഷ്യരുടെ പ്രവൃത്തികളുടെ autonomy വ്യക്തിനിഷ്ഠമായി അനുഭവപ്പെടുന്ന ഇച്ഛാശക്തിയിലല്ല, പ്രത്യുത ആന്തരിക പ്രേരകശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള തലച്ചോറിന്റെ കഴിവിലാണു് സ്ഥാപിതമായിരിക്കുന്നതു്. തലച്ചോറു്, അഥവാ പൂര്‍ണ്ണമായ മനുഷ്യനാണു് autonomous system, അനുഭവിക്കുന്ന "ഞാന്‍" അല്ല. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ തലച്ചോറിലെ limbic system വഴി വിലയിരുത്തപ്പെട്ടശേഷം അതിന്റെ ഫലം ഓര്‍മ്മയില്‍ (memory) നിക്ഷേപിക്കപ്പെടുന്നു........


അവിടെയിട്ട കമന്റ് :


പ്രിയ ബാബു മാഷ്,

'ജീവന്റെ അര്‍ത്ഥം' എന്ന പേരില്‍ 2003ല്‍ ഞാന്‍ കോളെജിലായിരിക്കുമ്പോള്‍ എഴുതുകയും 2006ല്‍ " ഡാര്‍വിന്റെ സൈന്യം " എന്ന പേരില്‍ പ്രസിദ്ധീകൃതമാകുകയും ചെയ്ത ഒരു പുസ്തകമുണ്ട്.
അതിലെ ഏഴാം അധ്യായത്തില്‍ ഫ്രോയിറ്റ് മുതല്‍ ഡോ: വിളയന്നൂര്‍ രാമചന്ദ്രനും ഒളിവര്‍ സാക്സും വരെയുള്ള മന:/മസ്തിഷ്ക ഗവേഷകരുടെ അനാവരണങ്ങളെ സംഗ്രഹിച്ച് മനുഷ്യ മസ്തിഷ്കത്തിന്റെ അവസ്ഥാന്തരങ്ങളും അതില്‍ ദൈവത്തിന്റെ ഇരിപ്പിടവുമൊക്കെയാണ് ഞാന്‍ ചര്‍ച്ചക്കു വച്ചിട്ടുള്ളത്.

ഇപ്പോള്‍ ബാബു മാഷിന്റെ ഈ ലേഖനം കണ്ടപ്പോള്‍ ഞാന്‍ ആ പേജുകളാണോ വായിക്കുന്നതെന്നു തോന്നിപ്പോയി...അത്രയ്ക്കും ആശയ സാമ്യം...സമാനമനസ്കരായവരെ കാണുമ്പോഴുള്ള സന്തോഷം പറയാവതല്ല.
ദൈവം നമ്മുടെ തലയിലാണ് എന്ന ഒറ്റവാചകത്തില്‍ തന്നെ അതു സംഗ്രഹിക്കാം.

ഒരു ഹൈസ്കൂള്‍ അധ്യാപകന്‍ ഇടയ്ക്കിടെ ചില അദൃശ്യ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. ആ‍ദ്യമാദ്യം അവ അമൂര്‍ത്തമായിരുന്നെങ്കിലും പിന്നീട് അവ ദൈവത്തിന്റെ അശരീര ഉത്തരവുകള്‍ ആണെന്ന് അധ്യാപകനു മനസ്സിലാകുന്നു (അഥവാ അങ്ങനെ അദ്ദേഹം വിശ്വസിക്കുന്നു).മരണത്തെക്കുറിച്ചും അതീന്ദ്രീയ ജ്ഞാനത്തെക്കുറിച്ചുമൊക്കെ ദൈവം അദ്ദേഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു.വീട്ടില്‍ ക്രമേണ പൂജകളും പ്രാര്‍ത്ഥനകളും കൂടിക്ക്കൂടി വന്നു - ഏതാണ്ട് 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിലെ ശ്രീനിവാ‍സന്റെ 'സ്വാമി' വേഷത്തിന്റെ അവസ്ഥ. പൂര്‍ണ്ണമായി ഇതിന് ആ അധ്യാപകന്‍ കീഴ്പ്പെട്ടുവെന്ന് പറയാനാവില്ലായിരുന്നു. ഇടയ്ക്കിടെ ഏതോ നിമിഷങ്ങളില്‍ അയാള്‍ നോര്‍മലാകും, ദിവസങ്ങളോളം വലിയ പ്രശ്നമില്ലാതെയിരിക്കും. സങ്കടകരമായ കാര്യമെന്തെന്നാല്‍, തന്റെ ഈ അസ്തിത്വമാറ്റം രോഗിക്ക് അറിയാമെന്നുള്ളതായിരുന്നു. അതില്‍ നിന്നു മോചിതനാകാനുള്ള ആഗ്രഹം മൂക്കുമ്പോളൊക്കെ അദ്ദേഹം ഡിപ്രഷനിലേക്കു കൂപ്പുകുത്തും, ഇടയ്ക്കു വൈദ്യസഹായം തേടും..വീണ്ടും ഒരു ദൈവ വെളിപാടുണ്ടാകും..പിന്നെ പുജ, മന്ത്രവാദക്രിയകള്‍, മറുഭാഷയില്‍ എന്തൊക്കെയോ പുലമ്പല്‍. നാട്ടുകാര്‍ അദ്ദേഹത്തെ സിദ്ധനായിക്കണ്ട് ആരാധനയും തുടങ്ങി കുറേശ്ശെ. Atypical Schizophrenia എന്ന അപൂര്‍വ (undifferentiated എന്നും വിളിക്കും) മനോരോഗം ആയിരുന്നു ഞങ്ങടെ ഡയ്ഗ്നോസിസ്. (വടക്കും നാഥനില്‍ മോഹന്‍ ലാലിനു വരുന്ന മതിഭ്രമം ലാക്ഷണികമായി നോക്കിയാല്‍ ഈ രോഗമാണ് - ബൈ പോളാര്‍ ഡിസോഡര്‍ അല്ല.) ഹാലോപ്പെരിഡോള്‍ മുതല്‍ റിസ്പെരിഡോണ്‍ വരെയുള്ള കടുത്ത മരുന്നുകളുമായി ഏതാണ്ട് 6 മാസം പ്രാഥമിക ചികിത്സ കഴിഞ്ഞപ്പോള്‍ 'ദൈവവിളികള്‍' നിന്നു. മറുഭാഷപറച്ചിലും മന്ത്രവാദവുമൊക്കെ എങ്ങോ പോയ് മറഞ്ഞു. സോഡിയം വാല്പ്രോയേറ്റു കൊണ്ട് ഒരു കോഴ്സ് കഴിഞ്ഞതോടെ അകാരണമായ ഡിപ്രഷനും പൊട്ടിക്കരച്ചിലുകളും നിന്നു. (ഇന്ന് അദ്ദേഹം ഒരു കോളെജ് ലെക്ചറര്‍ ആണ്) പിന്നീടൊരിക്കല്‍ കൌണ്‍സലിംഗിനു വന്നപ്പോള്‍ അദ്ദേഹം പ്രഫസറോട് പറയുന്നതു കേട്ടു: " എന്റെ മുത്തശ്ശിയുടെ പരാതി, എന്റെ ദേഹത്തു കുടിയേറിയ ദേവിയെ നിങ്ങളൊക്കെ കൂടി ഒഴിപ്പിച്ചുകളഞ്ഞുവെന്നാണ് ". അദ്ദേഹം അതും പറഞ്ഞ് പൊട്ടി പൊട്ടിച്ചിരിച്ചു!

ചിത്രകാരന്റെ ലേഖനം : " ഒരു ലക്ഷത്തിന്റെ ഇന്ത്യന്‍ കാര്‍ "

ചിത്രകാരന്റെ കാര്യം നിസ്സാരം എന്ന ബ്ലോഗിലെ ലേഖനം : " ഒരു ലക്ഷത്തിന്റെ ഇന്ത്യന്‍ കാര്‍ "


25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റേഡിയോ കൈവശംവക്കാന്‍പോലും ലൈസന്‍സും വാര്‍ഷിക ടാക്സും വേണ്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ.തീപ്പെട്ടിക്ക് ചക്രം പിടിപ്പിച്ചതുപോലുള്ള പ്രീമിയര്‍ പത്മിനി കാറുകള്‍ അന്ന് നമ്മുടെ ഡോക്റ്റര്‍മാരുടെ ഇഷ്ട വാഹനമായിരുന്നു. തവളപോലുള്ള ചവര്‍ലൈറ്റ് കള്ളക്കടത്തിനുപയോഗിച്ചിരുന്ന(അരി,പഞ്ചസാര,കശുവണ്ടി) ടാക്സിക്കാറുകളായിരുന്നു. അംബാസഡര്‍ കാര്‍ ഔദ്യോഗിക രാജ്യസ്നേഹിയായിരുന്നു.....
.........ഇവരുടെ ഭരണ പരിഷ്കാരഫലമായി ഇന്ത്യയുടെ മാരുതിസുസുക്കിയുണ്ടായി. ടാറ്റയുടെ കൈകാലുകള്‍ ലൈസന്‍സ് രാജിന്റെ ബന്ധനത്തില്‍ നിന്നും മുക്തമായി. ഇന്ത്യയുടെ സ്വന്തം കാറായ ഇന്‍ഡിക ടാറ്റയില്‍ നിന്നും ജന്മംകൊണ്ടു. ഇപ്പോള്‍ ഏറ്റവും വിലക്കുറവുള്ള നാനോ പുറത്തിറക്കിക്കൊണ്ട് ടാറ്റ നമ്മേ അഭിമാനംകൊള്ളിക്കുന്നു....

ആ പോസ്റ്റില്‍ പുതിയ കാറിന്റെ സ്പെസിഫിക്കേഷനുകള്‍ മുതല്‍ ' മൂന്നാര്‍ കയ്യേറിയ ടാറ്റ യുടെ ' രാജ്യസ്നേഹം വരെ ചര്‍ച്ചാവിഷയമായി. ChitrakOran എന്നൊരു അനോണി ഇട്ട കമന്റ് വിയോജിപ്പു വിളിച്ചുവരുത്തുകയും ചെയ്തു.

ആ പോസ്റ്റില്‍ ഇട്ട കമന്റ് :


വളരെ വൈകിയാണ് പോസ്റ്റ് കണ്ടത്.
വെറുമൊരു പത്രവാര്‍ത്തയ്ക്കപ്പുറം ഇത് ബ്ലോഗില്‍ രേഖപ്പെടുത്താന്‍ ചിത്രകാരന്‍ കാട്ടിയ താല്പര്യത്തില്‍ അനല്പമായ സന്തോഷം.

ടാറ്റയുടെ രാജ്യസ്നേഹത്തെ അളക്കാനുള്ള മീറ്ററൊന്നും എന്റെ കൈയ്യിലില്ല.
എന്നാല്‍ രത്തന്‍ ടാറ്റയുടെ അഭിമുഖങ്ങള്‍ കണ്ടതില്‍ നിന്നും മനസ്സിലായത് ഈ കാര്‍ നമ്മുടെ മെട്രോകളുടെ പകിട്ടിനെ ഉദ്ദേശിച്ചിറക്കിയതേ അല്ല എന്നാണ്. അദ്ദേഹം തന്നെ പറയുന്നത് ഇത് ട്രാക്റ്ററും മുതല്‍ കാളവണ്ടി വരെയുള്ള വാഹനങ്ങളില്‍ ഇഴഞ്ഞു നീങ്ങേണ്ടി വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുടുംബങ്ങളേ ഉദ്ദേശിച്ചുള്ളതാണെന്നാണ്. നഗരങ്ങളില്‍ ഇത് യുവജനങ്ങള്‍ക്കോ, സ്ത്രീകള്‍ക്കോ,അല്ലെങ്കില്‍ നേരത്തേ തന്നെ ഒരു കാര്‍ ഉള്ള ആളുകള്‍ക്ക് ഒരു സെക്കന്‍ഡ് ഓപ്ഷന്‍ കാര്‍ എന്ന നിലകളിലേ ഉദ്ദേശിച്ചിട്ടുള്ളൂ, അല്ലാതെ സ്കോഡയേയോ ഷെവര്‍ലേയേയോ അട്ടിമറിക്കാനൊന്നും യാതൊരുദ്ദേശ്യവുമില്ല എന്ന് രത്തന്‍ ടാറ്റ ആരംഭത്തിലേ വ്യക്ത്മാക്കിയിരുന്നു.

റോഡിലിറക്കുമ്പോള്‍ 1.25 ലക്ഷം ഇന്നത്തെ നിലയ്ക്ക് ഇതിനു ചെലവു വരും. ഇതു തന്നെ ചില ഇന്‍സ്റ്റാള്‍മെന്റ് സ്കീമുകളിലുള്‍പ്പെടുത്തി പരമാവധി തുക കുറച്ച് ഗ്രാമമേഖലകളില്‍ വില്‍ക്കാനാകുമോ എന്നാണ് അവര്‍ അന്വേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു കണ്ടു.

“....തുലയാന്‍ പോകുന്നത് ട്രാഫിക്ക് റൂള്‍സിന്റെ സാമാന്യ മര്യാദ പാലിക്കാനറിയാത്ത അനേകായിരം വിവരം കെട്ട ടൂ വീലര്‍ ഡ്രൈവര്‍മാര്‍ക്ക് ഈ കാറ് കൈയ്യില്‍ കിട്ടുമ്പോഴാണ്! ഒന്നാമതേ ട്റാഫിക് ജാമുള്ള നഗരങ്ങളിലൊക്കെ ഈ കാറുകളും കൂടിയിറങ്ങിയാല്‍ ഉത്സവമായിരിക്കും!...”

ChitrakOran (ചിത്രകാരനല്ല) പറഞ്ഞ ഈ വാചകത്തോട് വിയോജിക്കുന്നു. ഫുള്‍ കപ്പസിറ്റിയില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായാല്‍ പോലും ഈ മോഡലിലുള്ള 2.5 ലക്ഷം കാറുകളേ ടാറ്റയ്ക്ക് ഇറക്കാനാവൂ എന്ന് രത്തന്‍ ടാറ്റ തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാറുകള്‍ കൊണ്ട് റോഡുകള്‍ നിറയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

പിന്നെ ടൂ വീലര്‍ ഡ്രൈവര്‍മാ‍രെ അടച്ചാക്ഷേപിക്കുന്നത് യാഥാര്‍ത്ഥ്യ ബോധമില്ലാതെയാണെന്നേ പറയാനാവൂ. അല്ലെങ്കില്‍ ഒരു തരം ‘അപ്പര്‍-ക്ലാസ് കണ്ണു കടി’.
രണ്ടു ഫര്‍ലോംഗ് നടക്കാനുള്ള ദൂരം മാത്രമുള്ളപ്പോഴും ഷോപ്പിംഗിന് കടയുടെ മുന്നിലെ നോ പാര്‍ക്കിംഗ് ഏര്യയില്‍ത്തന്നെ ബഡാബംഗാളന്‍ കാര്‍ കൊണ്ടു നിര്‍ത്തിയിട്ട് പാതി താഴ്ത്തിയ വിന്‍ഡോഗ്ലാസിനിടയിലൂടെ പാലും പട്ടിബിസ്കറ്റും പീറ്റ്സയും വാങ്ങി ട്രാഫിക് ജാമുണ്ടാക്കി മെനക്കെടുത്തുന്ന സ്നോബുകളെക്കുറിച്ചു തിരിച്ചും പറയാമല്ലോ ?

Jan 5, 2008

മാരീചന്റെ വായനശാലയില്‍ : “അതെ, നമ്മുടെ മുറ്റത്ത് ആരാണ്? “

മാരീചന്റെ വായനശാലയില്‍ വെള്ളെഴുത്തിന്റെ പോസ്റ്റിനിട്ട ദീര്‍ഘ മറുപടി : അതെ, നമ്മുടെ മുറ്റത്ത് ആരാണ്? (വെള്ളെഴുത്തിന്റെ പരാമൃഷ്ട പോസ്റ്റിതാണ്: നമ്മുടെ മുറ്റത്ത് ആരാണ്? )

പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാറ്റങ്ങളോട് പൊതുവെ അസിഹ്ണുത കാട്ടുകയും വേരുറച്ച ശീലങ്ങളിലും പാരമ്പര്യങ്ങളിലും വല്ലാതെ അഭിരമിക്കുകയും ചെയ്യുന്നവര്‍ ഏത് മാറ്റത്തോടും അനുകൂലമായി പ്രതികരിച്ചെന്നു വരില്ല. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്ന എന്ന ഒറ്റ പ്രചരണവാക്യം മതി ഏത് രക്ഷിതാവിന്റെയും നെഞ്ചിടിപ്പിക്കാന്‍. നെട്ടോട്ടവും നെഞ്ചത്തടിയുമായി തെരുവുണരാന്‍ ഈ പടപ്പാട്ട് ധാരാളം.പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നത് വെളെളഴുത്താണ്. നമ്മുടെ മുറ്റത്ത് ആര് എന്ന പേടിപ്പിക്കുന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു.ഈ ചോദ്യം ആദ്യം ഉണര്‍ത്തിയത് കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ് എന്ന മറു ചോദ്യമാണ്. പിന്നാലെ മനസിലിരുന്നാരോ ഇങ്ങനെയും ചോദിച്ചു.....


ഈ വിഷയത്തേപ്രതി സ്വന്തമായി ഒരു രാഷ്ട്രീയാഭിപ്രായം രൂപീകരിക്കാന്‍ വൈകിയാണെങ്കിലും വെള്ളെഴുത്തിന്റെ പോസ്റ്റും കമന്റുകളും വായിച്ചു. പക്ഷേ വക്കാരി ജി പറഞ്ഞ പോലെ കൂടുതല്‍ കണ്‍ഫ്യൂഷ്യസ് ആയതു മിച്ചം!

ഏതായാലും മാരീചന്റെ പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെ എടുത്തുവയ്ക്കാം. പിന്നീട് പ്രയോജനപ്പെട്ടാലോ (ആത്മഗതം) :

ഈ പോസ്റ്റ് വളരെ പ്രാധാന്യമുള്ളതെങ്കിലും കാണാന്‍ ഒത്തിരി വൈകി.

മാരീചനും വെള്ളെഴുത്തും കിരണ്‍ തോമസും പറഞ്ഞത് വായിച്ചു.
ഈ പദ്ധതിയുടെ അണിയറ രാഷ്ട്രീയത്തെക്കുറിച്ച് സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.

എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. ഈ പാഠ്യപദ്ധതി എന്തുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ചിന്താ‍സ്വാതന്ത്ര്യമെന്തെന്ന് കാട്ടിക്കൊടുക്കുന്ന ഒന്നാണ്.

ഞാന്‍ ഒരു പ്രൈവറ്റ് കോണ്വെന്റു സ്കൂളിലാണ് പഠിച്ചതെങ്കിലും 9, 10 ക്ലാസുകളില്‍ പിന്തുടര്‍ന്നിരുന്നത് സ്റ്റേറ്റ് സിലബസ്സായിരുന്നു. അന്നത്തെ ഡോഗ്മാറ്റിക് ആയ, ബുദ്ധിക്കോ ചിന്തക്കോ യാതൊരു ഗുണവും ചെയ്യാത്ത, സ്റ്റുപ്പിഡ് പാഠപുസ്തകങ്ങളെ രസകരമായി ക്ലാസില്‍ അവതരിപ്പിക്കാന്‍ ഞങ്ങളുടെ അദ്ധ്യാപകര്‍ പെട്ടിരുന്ന പാട് ഞാനോര്‍ക്കുന്നു.
അന്നവര്‍ ക്ലാസെടുക്കുമ്പോള്‍ പറഞ്ഞു പറഞ്ഞു കാടുകയറിയിരുന്ന വിഷയങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ചിന്തകളെ തീപ്പിടിപ്പിച്ചത്, അല്ലാതെ “ബുദ്ധമതപ്രചാരണത്തില്‍ അശോകന്റെ സംഭാവനയെന്ത്?” എന്ന മട്ടിലുള്ള അറുബോറന്‍ പാഠപുസ്തക ‘അഭ്യാസങ്ങളായി‘രുന്നില്ല.

ആ കാലത്തെയും അന്നത്തെ പാഠപുസ്തകങ്ങളേയും പാഠ്യരീതികളേയും വച്ചു നോക്കുമ്പോള്‍ എത്രയോ ഉന്നതവും ശാസ്ത്രീയവുമാണ് ‘ഡീപ്പീയീപ്പി‘ എന്ന് പരിഹാസച്ചുവയില്‍ വിളിക്കപ്പെടുന്ന ഇന്നത്തെ രീതി എന്ന് വയനാട്ടിലും കൊഴിക്കോടുമൊക്കെ ചില സര്‍ക്കാര്‍ സ്കൂളുകളില്‍ ക്ലാസുകളെടുക്കാന്‍ പോയപ്പോള്‍ നേരിട്ട് മനസ്സിലായി.

ഈ കുട്ടികള്‍ മൃഗശാലകളില്‍ പോയി സുവോളജി പഠിക്കുന്നു, കാര്‍ഷിക കോളെജില്‍പ്പോയി വിത്തിനങ്ങളേയും വിളകളേയും വളത്തേയും കൃഷിയേയും പറ്റി പ്രോജക്റ്റുകള്‍ തയാറാക്കുന്നു, മെഡിക്കല്‍ കോളജില്‍ വന്ന് അനാട്ടമി മ്യൂസിയം കണ്ട് റിപ്പോറ്ട്ടെഴുതുന്നു ,ഡോക്ടര്‍മാര്‍ പോലും ചോദിക്കാത്ത ചോദ്യങ്ങളാല്‍ നമ്മെ ഞെട്ടിക്കുനു, ഒരു വിനോദയാത്ര പോയാല്‍ അതിനെക്കുറിച്ച് ഡയറിയെഴുതിയും കവിതയെഴുതിയും ക്ലാസില്‍ ചാര്‍ട്ടായി തൂക്കുന്നു, പരീക്ഷകളില്‍ കവിതകള്‍ക്ക് സ്വന്തമായി (ഒരു പീറ ഗൈഡിലുമില്ലാത്ത) സ്വതന്ത്രമായി ആസ്വാദനങ്ങള്‍ എഴുതുന്നു......മസ്തിഷ്കത്തിനു തീ പിടിക്കുന്ന ആ ഒരു സ്വാതന്ത്ര്യം - ഹാ!

അതിനു വേണ്ടി ഒന്നുകൂടി സ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ പോലും ഇന്നു ഞാന്‍ കൊതിക്കുന്നു; ആത്മാര്‍ത്ഥമായി.

ദുര്യോധനന്റെ കണ്ണട !

ദേവന്‍ ജീയുടെ കമന്ററയില്‍ കമന്റായി വന്ന്, പോസ്റ്റായി വികസിച്ച ലേഖനം: ദുര്യോധനന്റെ കണ്ണട

....ഒരു ഭ്രൂണം ഛേദിച്ചത് നൂറ്റൊന്നാക്കി എന്നെഴുതിയ വ്യാസന്‍ അര്‍ജ്ജുനനു ഒഴിയാത്ത തൂണീരം കൊടുത്തിട്ടുണ്ട്. അതേതുശാസ്ത്രപ്രകാരം ന്യായീകരിക്കും ? വ്യാസന്റെ അമ്മ മല്‍സ്യഗന്ധി മീന്‍ ബീജം വിഴുങ്ങിയപ്പോ ജനിച്ച കഥയോ? വ്യാസന്‍ ജനിക്കാനായി കാളിന്ദിക്കു നടുവില്‍ മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി ദ്വീപ് ഉണ്ടാക്കിയതോ? അങ്ങനെ ആയിരം ചോദ്യം ഉയര്‍ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല.ജോജു ചോദിച്ചതുപോലെ ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി വിജയിക്കുമ്പോള്‍ അത് ബാലരമ കാര്‍ട്ടൂണിസ്റ്റിനു കൊടുക്കാമോ?ഓര്‍ഡിനറി അഡല്‍റ്റ് സെല്ലിനെ പ്ലൂറിപൊട്ടന്റ് ആക്കാമോ എന്ന കാര്യത്തില്‍ ഒരു ചുവട് ശാസ്ത്രം വച്ചിട്ടേയുള്ളു, നിശ്ചിതഫലങ്ങളൊന്നും ആയിട്ടില്ല. ഡി എന്‍ ഏ റീപ്രോഗ്രാമ്മിങ് വ്യാസന്‍ നടത്തിയത് കുടത്തിലടച്ച് മന്ത്രം ചൊല്ലിയിട്ടാണെന്ന് പറഞ്ഞാല്‍ സംഭവം ബുദ്ധിമുട്ടാകും....ഈ കമന്റുകള്‍ രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ? എന്ന തുറന്ന്നിട്ട വലിപ്പുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന് ദേവന്‍ ജീ‍ ഇട്ട കമന്റില്‍ നിന്ന് വികസിച്ചതാണെന്ന് മനസ്സിലാക്കുന്നു. ത്രിശങ്കുവുമായുള്ള ഒരു ടിഷ്യൂകള്‍ചര്‍ സംവാദം കഴിഞ്ഞ് ഇട്ട മറ്റൊരു വിശദീകരണ കമന്റാണ് “ദുര്യോധനന്റെ കണ്ണട”


അവിടെ ഇട്ട കമന്റ് :

ദേവന്‍ ജീ,
ഈയൊരു കമന്റ് ശൃംഖലയും ചര്‍ച്ചയും ഇപ്പോഴാണു ശ്രദ്ധിച്ചത്. രസകരമായിരിക്കുന്നു.

പൈതൃകമായി കിട്ടിയതെന്തിനേയും വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് കുഴിയാനയെ ഐരാവതമാക്കുന്ന ഒരേര്‍പ്പാട് മൌലികവാദമായിത്തെന്നെ നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രവസ്തുതകള്‍ അറിയുന്നവര്‍ തങ്ങളുടെ മൌനം കൊണ്ട് ഈ വക അഭ്യാസങ്ങള്‍ക്ക് വളംവച്ചുകൊടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത് പണ്ട് ഹിറ്റ്ലര്‍ സ്വന്തം ചെയ്തികളാല്‍ കാട്ടിത്തന്നിട്ടുണ്ട്.

സ്വന്തം കഴിവില്‍ വിശ്വാസമോ അഭിമാനമോ ഇല്ലാത്ത സമൂഹങ്ങളാണ് പാരമ്പര്യവീമ്പുകളില്‍ കാലം കഴിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. “അതു ഞമ്മളാ” എന്ന മമ്മൂഞ്ഞ്-ശൈലിയില്‍ അടച്ചുള്ള പറച്ചിലോടെ കൂടുതല്‍ ഗവേഷണ സാധ്യത തുറക്കുകയല്ല, മറിച്ച് സകല അന്വേഷണങ്ങളുടേയും കൂമ്പടയുകയാണു സത്യത്തില്‍.

ഈപ്പറഞ്ഞ ശാസ്ത്രങ്ങളൊക്കെ പ്രയോഗത്തില്‍ വരുത്തിയിരുന്ന ഒരു സംസ്കൃതിയെക്കുറിച്ചാണ് വേദേതിഹാസങ്ങളില്‍ പറയുന്നതെങ്കില്‍ അതിന്റെയൊക്കെ (ഉദാഹരണത്തിനു പുഷ്പകവിമാനത്തിന്റെ) ഒരു കഷ്ണമെങ്കിലും ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടമായി കണ്ടെടുക്കേണ്ടതല്ലേ ? പോട്ടെ, ഇത്രയും സാങ്കേതികജ്ഞാനമുണ്ടായിരുന്ന ഒരു ജനത എന്തേ ഈ ടെക്നിക്കല്‍ വിവരങ്ങളുടെ ഒരു രേഖപോലും അവശേഷിപ്പിക്കാതെ മണ്മറഞ്ഞുപോയി?

താളിയോലയില്‍, മരവുരിയില്‍, പാപ്പിറസില്‍, പോട്ടെ എത്രയോ കല്‍ത്തൂണൂകളും സ്തംഭങ്ങളിലുമായി എന്തെല്ലാം മന്ത്രതന്ത്രാദികള്‍ കുറിച്ചുവച്ചു; രതിക്രീഡാ രീതികള്‍ വരെ കൊത്തിവച്ചു....എന്നാല്‍ പിന്നെ, വിമാനത്തിന്റെ ഏയറോഡൈനാമിക്സിന്റെ ഒരു വരി...ആഗ്നേയാസ്ത്രത്തിന്റെ ന്യൂക്ലിയര്‍ ഫിസിക്സിനെക്കുറിച്ചൊരു ശ്ലോകം....സ്റ്റെം സെല്‍ സാങ്കേതികത സാധ്യമാകുന്ന അന്തരീക്ഷത്തെക്കുറിച്ച് ഒരു പദ്യശകലം....ഒക്കെ പോട്ടെ, മിനിമം, ഭ്രൂണം പരിണമിച്ച് മനുഷ്യക്കുഞ്ഞാവുന്ന പ്രക്രിയയെക്കുറിച്ചെങ്കിലും കൃത്യതയുള്ള വൃത്തിയായ ഒരു വിവരണം തരാനുണ്ടോ ???

ഗുരുത്വാകര്‍ഷണം കണ്ടെത്തിയ മഹര്‍ഷി ചക്ക തലയില്‍ വീണ് മൃതിയടഞ്ഞതിനെക്കുറിച്ച് ബാബുരാജ് പറഞ്ഞ കമന്റ് ഓര്‍മ്മവരുന്നു.

മാരീചന്റെ ഒളിയമ്പുകളില്‍ : "എന്തിനീ ശാഠ്യം, എന്തിനീ നിര്‍ബന്ധം?"

മാരീചന്റെ വിഖ്യാതമായ ഒളിയമ്പുകളില്‍ ഐ.എസ്.ആര്‍.ഒ - മെര്‍ക്കിസ്റ്റണ്‍ ഇടപാടിനെക്കുറിച്ചു വന്ന ലേഖനം: "എന്തിനീ ശാഠ്യം, എന്തിനീ നിര്‍ബന്ധം?"

....പിന്നെയെങ്ങനെയാണ് മെര്‍ക്കിസ്റ്റണ്‍ ഇടപാടും സേവി മനോമാത്യുവും ബഹിരാകാശ ഗവേഷണ സ്ഥാപനവും വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്? ഐഎസ്ആര്‍ഒയിലെ മാധവ മനസുകളില്‍ സേവിയുടെ നാലുകോടി ആനവായിലെ അമ്പഴങ്ങ മാത്രമാണ്.എന്നാല്‍, അങ്ങനെ കരുതി കയ്യൊഴിയാവുന്നതല്ല ഈ വിവാദത്തിന്റെ തട്ടകമെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു. ദുശ്ശാഠ്യത്തിന്റെയും നിര്‍ബന്ധത്തിന്റെയും തൊലി പൊളിയ്ക്കുമ്പോള്‍ ഐഎസ്ആര്‍ഒ നിഗൂഢതകളുടെ നികുംഭിലയാവുന്നു.ആകാശവ്യാപാരങ്ങളിലെന്ന പോലെ പോലെ ഭൂമിയിടപാടിലും ഐഎസ്ആര്‍ഒയ്ക്ക് മിടുക്കുണ്ടെന്ന് നാം തലകുലുക്കി സമ്മിതിക്കും , ഈ വാര്‍ത്തകള്‍ വായിച്ചാല്‍!നൂറേക്കര്‍ റവന്യൂ ഭൂമി ആവശ്യപ്പെട്ട് തുടങ്ങിയതാണ് അവരുടെ അഭ്യാസം. റോക്കറ്റ് വേഗത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ നിന്നും ഐഎസ്ആര്‍ഒയ്ക്ക് അവരാഗ്രഹിച്ച മറുപടി കിട്ടി. രോഗി ഇച്ഛിച്ചു. ജില്ലാ കളക്ടര്‍ അയ്യപ്പന്‍ അവര്‍കള്‍ അറിയാതെ ഡെപ്യൂട്ടി കളക്ടര്‍ ബാഹുലേയന്‍ ഭൂമിയില്ലെന്ന് കല്‍പിച്ചു.....


അവിടെ ഇട്ട കമന്റ്:

മൊത്തം വിദ്യാഭ്യാസ മേഖലയുടെ 1% ഗുണഭോക്താക്കള്‍ പോലും തികച്ചില്ലാത്ത ഉന്നതവിദ്യാഭ്യാസ രംഗത്ത്കരം കൊടുക്കുന്നവന്റെ ചെലവില്‍ നടക്കുന്ന പൊറാ‍ട്ടു നാടകങ്ങളില്‍ ഒരെണ്ണം കൂടിയായി ISROയുടെ ഈ ഐറ്റം.
കേരളത്തിനു നഷ്ടപ്പെടാന്‍ പോകുന്ന സുവര്‍ണ്ണാവസരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാരിനേയും നികുതികൊടുക്കുന്ന ജനത്തേയും സൂചിമുനയില്‍ നിര്‍ത്താന്‍ മാധവന്‍ നായര്‍ക്കും മറ്റും കഴിയുന്നെങ്കില്‍ അത് ഇത്തരം സ്ഥാപനങ്ങളെപ്രതി ജനസാമാന്യത്തിനുള്ള (ഏറെക്കുറേ അന്ധമായ) ആരാധനയാണ്.

ഓരോ ബിരുദാര്‍ത്ഥിക്കും പ്രതിവര്‍ഷം 10-15ലക്ഷം രൂപയെന്ന നിരക്കില്‍ ഒരു കേന്ദ്ര പ്രസ്റ്റീജ് സ്ഥാപനത്തില്‍ സൌകര്യമൊരുക്കി നാം ഉന്നത വിദ്യാഭ്യാസത്തെ “പരിപോഷിപ്പി“ക്കുമ്പോള്‍ തിരിച്ച് നാടിനെന്തു കിട്ടുന്നു എന്ന് ചോദിക്കാന്‍ ജനത്തിന് അവകാശമുണ്ടല്ലോ.
കേരളത്തില്‍ അതു ചോദിക്കാനും ഒരു സംവാദം ഉയര്‍ത്താനും ചിലര്‍ക്കെങ്കിലും കഴിയുന്നെങ്കില്‍ അത് ഒരു നേട്ടമാണ്,ചില പത്രങ്ങള്‍ പറയുമ്പോലെ കോട്ടമല്ല.

ISROയുടേത് സ്പേസ് റിസര്‍ച്ച് സ്ഥാപനമാകുമ്പോള്‍ നാടിനു തിരിച്ചുകിട്ടുന്ന ‘പ്രയോജനങ്ങള്‍’ ഒരു ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും കിട്ടാന്‍ സാധ്യതയുള്ളതിനേക്കാള്‍ narrow ആണ്. ഏറെ specialised-ഉം.
ഇനി ഇവിടുന്നിറങ്ങുന്നവരും ബോണ്ടും കഴിഞ്ഞ് ഐ.ഐ.റ്റി ക്കാര്‍ ഒഴുകും പോലെ സിലിക്കണ്‍ വാലിക്കോ നാസയ്ക്കോ ഒഴുകിയാല്‍ ?

ഏഴ് ഐ.ഐ.റ്റികളും 120ല്‍ പരം സര്‍വ്വകലാശാലകളുമായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മേഖലയ്ക്കു ഇപ്പോഴും 1000 പേര്‍ക്കു 0.3 എന്ന കണക്കിലേ സാങ്കേതിക/ആരോഗ്യ/ശാസ്ത്ര വിദഗ്ധരെ ഉല്പാദിപ്പിക്കാന്‍ പറ്റുന്നുള്ളൂ (UNDP report) എങ്കില്‍ ഏതു പൊന്മുടിയിടിച്ചുനിരത്തിയിട്ടെന്തു കാര്യം എന്നു ജനം ചോദിക്കും...

വിഷയാനുബന്ധം:
പ്രതിവര്‍ഷം15 ലക്ഷം രൂപ കൊണ്ട് 100 കുട്ടികളുടെ പ്രൈമറി/സെക്കന്ററി വിദ്യാഭ്യാസം international standard-ല്‍ത്തന്നെ നല്കാം. അടിസ്ഥാന വിദ്യാഭ്യാസത്തില്‍ നടത്തുന്ന ആ നിക്ഷേപം എത്ര അമൂല്യമാണെന്ന് കേരളത്തിന്റെ human developmental indices കാണിച്ചു തരും...നമ്മുടെ വിദ്യാഭ്യാസ സംബന്ധിയായ മുന്‍ ഗണനകള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

Jan 4, 2008

"അണുബാധയും ആരോഗ്യപരിപാലനവും"

സി കെ ബാബു സാറിന്റെ മനുഷ്യചരിതങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന ലേഖനം : "അണുബാധയും ആരോഗ്യപരിപാലനവും"

ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് കേരളത്തിലെ ആശുപത്രികളില്‍ അണുബാധ ഉണ്ടായപ്പോള്‍ എഴുതിയതാണിതു്. അന്നെനിക്കു് ബ്ലോഗോ, ഞാന്‍ എഴുതുന്നതു് പ്രസിദ്ധീകരണയോഗ്യമായി കരുതിയിരുന്ന ആനുകാലികങ്ങളോ ഇല്ലായിരുന്നു. അതിനാല്‍ അതു് Hard Disk-ന്റെ Hades-ല്‍ പുനര്‍ജനി കാത്തു് കിടക്കേണ്ടി വന്നു.....

....."അണുഗവേഷണം" മതിയാക്കി കേരളകൗമുദിയുടെ online edition വായിക്കാമെന്നു് കരുതി. ജന്മനാട്ടില്‍ പുതിയ അഴിമതിയോ, അണുബാധയോ, കയ്യേറ്റമോ, കയ്യാങ്കളിയോ ഉണ്ടാവുന്നതു് ഞാന്‍ അറിയാതെ പോകരുതു്. അതില്‍ "പാവം അണുക്കള്‍" എന്നൊരു ലേഖനം കണ്ടു.** ......ഒരു മരണപരമ്പര സൃഷ്ടിക്കാന്‍ തക്ക ശേഷിയൊന്നും ബാക്റ്റീരിയക്കില്ലെന്നും, ആഹരിക്കുക, വിസര്‍ജ്ജിക്കുക, പ്രത്യുത്പാദനം നടത്തുക എന്നിവയൊഴികെ മറ്റു് യാതൊരു ദുരുദ്ദേശവും അവയ്ക്കില്ലെന്നും ആ ലേഖനത്തില്‍ നിന്നും മനസ്സിലാക്കി. അതിപ്പോള്‍ ഒരു പ്രശ്നമോ? ഈ മൂന്നു് കാര്യങ്ങളല്ലാതെ മറ്റൊന്നും മലയാളികളും ചെയ്യാറില്ലല്ലോ! പിന്നെ എങ്ങനെ ഈ അണുബാധ കേരളസമൂഹത്തെ പിടിച്ചുകുലുക്കി ഭയത്തിലാഴ്ത്താന്‍ മാത്രം വളര്‍ന്നു് പന്തലിച്ചു? അതു് മോഡേണ്‍ മെഡിസിന്‍ തെറ്റു് മറച്ചുപിടിക്കാന്‍ നടത്തിയ ഒരു പ്രോപഗാന്‍ഡ ആയിരുന്നു എന്ന വാര്‍ത്ത ശരിയായിരിക്കുമോ? ......

** പാവം അണുക്കള്‍: ചിറ്റാറ്റിന്‍കര എന്‍. കൃഷ്ണപിള്ള വൈദ്യകലാനിധി, നേത്രവൈദ്യവിശാരദ്‌, Kerala Kaumudi online Edition 15.05.2007


അവിടെ ഇട്ട കമന്റ് :

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തന്നെ ‘ജനപദോദ്ധംസനീയം’ എന്ന വിഭാഗത്തിലായി പകര്‍ച്ചവ്യാധികളെക്കുറിച്ച് (ആ കാലഘട്ടത്തിന്റെ സ്റ്റാന്‍ഡാര്‍ഡ് വച്ചു നോക്കുമ്പോള്‍) വളരെ മികച്ചതെന്നു പറയാവുന്ന വിവരണങ്ങള്‍ ഉണ്ട്. പേരില്‍ നിന്ന്, ഇന്നത്തെ “എപ്പിഡീമിയോളജി” (epidemiology) തന്നെയാണ് ഈ ‘ജനപദോദ്ധംസനീയം’ എന്ന് അനുമാനിക്കാവുന്നതാണ്.

നേത്ര രോഗമായ കണ്‍ജങ്റ്റിവൈറ്റിസിനെക്കുറിച്ചൊക്കെ അതില്‍ വിവരിച്ചിരിക്കുന്നതു കണ്ടാല്‍ അന്നത്തെ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണപാടവത്തെ നാം എഴുന്നേറ്റു നിന്നു തൊഴും. രോഗാണുക്കള്‍ എന്ന സങ്കല്‍പ്പം പോലുമില്ലാതിരുന്നതെന്ന് നാം കരുതുന്ന ആ കാലഘട്ടത്തില്‍പ്പോലും പകര്‍ച്ചവ്യാധികള്‍ വെള്ളം,സ്പര്‍ശം,ഭക്ഷണം, മലിനാവസ്ഥകള്‍ തുടങ്ങിയ പല സംഗതികളിലൂടെയും പകരുന്നതായി ആ മഹാ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിരുന്നതായി കാണാം. അതും സമീപപ്രദേശത്തെ പക്ഷിമൃഗാദികളുടെ ഗതിവിഗതികള്‍ വരെ നോക്കിപഠിച്ച്!

അത്ര മികച്ച ഒരു പാരമ്പര്യത്തില്‍ ഇതുപോലുള്ള ചിറ്റാറ്റിന്‍ കര...വിശാരദ” ഫൂളുകള്‍ വന്നുപെട്ടതാണ് യഥാര്‍ത്ഥ “സുകൃതക്ഷയം” !

സത്യത്തില്‍ നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും ആ മഹത്തായ പാരമ്പര്യത്തെ അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്ന യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ടു പോയത്/പോകുന്നത് ഇവരൊക്കെ പുച്ഛിക്കുന്ന ആധുനിക വൈദ്യമാണ്.

വേദമാണ്,ദൈവദത്തമാണ്, സംസ്കൃതമാണ് എന്നൊക്കെപ്പറഞ്ഞ് അറിവിനെ ഒഴുകാതെ കിടന്നു പുഴുകുത്തുന്ന ഒരു ചേറ്റു പാടമായി മാറ്റിയത് ഈ വൈദ്യന്മാര്‍ തന്നെ. എന്നിട്ടിപ്പോ പുതിയ വങ്കത്തരങ്ങളുമായി നാട്ടാരെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. കഷ്ടമെന്നേ പറയാവൂ !

Jan 2, 2008

"ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........"

അശോക് കര്‍ത്താ സാറിന്റെ അക്ഷരക്കഷായം എന്ന ബ്ലോഗിലെ ലേഖനം : "ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........"

HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടെന്ന് അക്ഷരക്കഷായത്തില്‍ എഴുതിയിരുന്ന പോസ്റ്റിനോട്‌ ചിലരെങ്കിലും പ്രതികരിച്ചത്‌ വേണ്ടത്ര ഗൗരവത്തോടെയായിരുന്നില്ല. സ്ത്രീസമൂഹത്തെ മുച്ചൂടും രോഗാതുരമാക്കാനിടയുള്ള ഒരു വിപത്തിനെ ലാഘവത്തോടെ കാണാന്‍ കഴിയുന്നത്‌ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ചികിത്സയുള്ള രോഗമല്ല HPV ബാധ. എന്നിട്ടും അതു വരാതിരിക്കാനുള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതക്രമം മാറിപ്പോയതു കൊണ്ട്‌ ഇനി തിരിച്ച്‌ പോക്കാവില്ലെന്ന ഒരു നിലപാടാണു പലരും കൈക്കൊണ്ടത്‌. മരിച്ച്‌ പോയാലും, കമ്പനി നിര്‍മ്മിത മാസമുറത്തുണികള്‍ വിടില്ല എന്നതായിരുന്നു മനോഭാവം. ഇതു സമകാലിക മലയാളിയുടെ ആന്തരിക ഭാവങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു....അവിടെ ഇട്ട കമന്റ് (ഈ കമന്റ് വികസിച്ച് പാപ്പിലോമാ വൈറസ് പുരാണം ! എന്ന പേരില്‍ ഒരു പോസ്റ്റായത് മെഡിസിന്‍@ബൂലോകത്തില്‍ ഇട്ടിട്ടുണ്ട് ) :


പ്രിയ അശോക് കര്‍ത്താ സര്‍,

ഈ പോസ്റ്റും ഇതില്‍ പരാമര്‍ശിച്ച പാപ്പിലോമ വൈറസ്-ആര്‍ത്തവത്തുണി പാരസ്പര്യത്തെക്കുറിച്ചുള്ള മുന്‍പത്തെ പോസ്റ്റും വായിച്ചതില്‍ നിന്നു രൂപപ്പെട്ട ചില അഭിപ്രായങ്ങള്‍ ഇവിടെ കമന്റായി ഇടുന്നു.

മറ്റുള്ളവരിട്ട 74ഓളം കമന്റുകള്‍ മുഴുവന്‍ വായിക്കാന്‍ ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ പോസ്റ്റിനു മാത്രമാണ് ഈ കമന്റ്:

1. HPV നൂറോളം തരത്തിലുണ്ടെങ്കിലും ലൈംഗികാവയവങ്ങളിലെ HPV 30 ടൈപ്പുകളാണുള്ളത്. ഇവയാകട്ടെ രതിജന്യ രോഗാണുക്കളാണ് .HPV-6ഉം 11ഉം ലൈംഗികാവയവങ്ങളില്‍ സാധാരണ അരിമ്പാറകള്‍ ഉണ്ടാക്കുമ്പോള്‍ HPV-18,30,33,35 തുടങ്ങിയവ ഗര്‍ഭാശയഗളക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു .

ഈ കമന്റില്‍ ഇനിമേല്‍ HPV എന്നതുകൊണ്ടുദ്ദേശിച്ചിരിക്കുന്നത് ലൈംഗിക-HPVയെ ആണ്.

2. രതിയിലേര്‍പ്പെടുന്ന മനുഷ്യരില്‍ 50% പേര്‍ ഈ വൈറസ് അണുബാധയ്ക്കു വിധേയരാവുന്നു. എന്നാലും ഇത് താരതമ്യേന പ്രശ്നക്കാരനല്ലാത്ത ഒരു വൈറസ് ആയതിനാല്‍ വളരെ ചെറിയൊരു പങ്കിലേ രോഗങ്ങള്‍ ഉണ്ടാകുന്നുള്ളൂ. ക്യാന്‍സര്‍ രൂപത്തിലേക്കൊക്കെ വളരുന്നതു പിന്നേയും ചെറിയ ഒരു വിഭാഗത്തില്‍ മാത്രം. ഗര്‍ഭാശയഗള ക്യാന്‍സര്‍ (cervical cancer) ബാധിച്ച ഏതാണ്ടെല്ലാവരിലും HPV കണ്ടെത്തിയിട്ടുണ്ട് എന്നു കരുതി HPV ഉള്ളവരിലെല്ലാം ക്യാന്‍സറും ഉണ്ട് എന്ന് ആരും തെറ്റിദ്ധരിക്കരുതേ. ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റിയവരിലും HPV അണുബാധ നിലനില്ക്കും. HPV ഗര്‍ഭാശയഗളക്യാന്‍സറിന്റെ അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ്.

3. രതിജന്യ രോഗാണുവായതിനാല്‍ HPV ഇന്‍ഫക്ഷനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും രതിയില്‍ ഏര്‍പ്പെടാതിരിക്കേണ്ടി വരും. കാരണം അത്രകണ്ട് സര്‍വ്വസാധാരണമാണു HPV.
പിന്നെ, കുറേയൊക്കെ ഇന്‍ഫക്ഷന്‍ സാധ്യത കുറയ്ക്കാന്‍ ‘ഏകപങ്കാളീവ്രതം’ എടുത്താല്‍ മതി. അല്ലെങ്കില്‍ ഉറകള്‍ ഉപയോഗിക്കാം. (ഉറ വലിയ പ്രയോജനമൊന്നും ചെയ്യില്ലെങ്കിലും അതുപയോഗിക്കുന്ന പങ്കാളികള്‍ ഉള്ളവരില്‍ ഗര്‍ഭാശയഗളക്യാന്‍സര്‍ കുറയുന്നതായി അസന്ദിഗ്ധമായ തെളിവുകളുണ്ട്.)

4. പങ്കാളിക്ക് ഈ ഇന്‍ഫക്ഷന്‍ ഉണ്ടോയെന്ന് PCR വഴി പരിശോധിക്കാന്‍ വലിയ ചെലവു വരും. മാത്രമല്ല സ്ത്രീജനസംഖ്യയില്‍ ഏതാണ്ട് 50-80 ശതമാനത്തിനും തങ്ങളുടെ 50 വയസ്സോടടുത്ത് ഈ ഇന്‍ഫക്ഷന്‍ ഉണ്ടാവുമെന്നിരിക്കെ ഇങ്ങനെ ലാബ് പരിശോധനയും കൊണ്ടിറങ്ങിയാല്‍ കുത്തുപാളയെടുക്കുമെന്നുറപ്പ്.

5. കന്യകമാരിലെ യോനീസ്രവത്തിലും കന്യകന്മാരായ പുരുഷന്മാരിലും ലൈംഗിക-HPV കാണാറില്ല. ചേലാകര്‍മ്മം(circumcision) ചെയ്യുന്നത് പുരുഷനിലെ HPV ഇന്‍ഫക്ഷന്‍ സാധ്യത ഗണ്യമായി കുറയ്ക്കും.

6. ആ‍ര്‍ത്തവകാലത്തുപയോഗിക്കുന്ന “തീണ്ടാരി”ത്തുണി/നാപ്കിന്‍ എന്നിവയില്‍ HPV വളരുകയൊന്നുമില്ല. ജീവനുള്ള കോശത്തിനു പുറത്ത് ഒരു വൈറസിന്റെ ആയുസ്സ് സെക്കന്റുകള്‍ പോലുമില്ല. (ഒരു വൈറസിനെ ലബോറട്ടറിയില്‍ വളര്‍ത്തിയെടുക്കാന്‍ പെടുന്ന പാട് മൈക്രോബയോളജിസ്റ്റുകള്‍ക്കറിയാം!).

കക്കൂസിന്റെ വക്കുകള്‍, വൃത്തിയില്ലാത്ത തുണികള്‍, കുളിക്കാതിരിക്കല്‍, വിയര്‍പ്പ്, മൂത്രം മലം എന്നിവയിലൊന്നും HPVയെ ജീവനോടെ കാണാനാവില്ല. ഇന്‍ഫക്ഷനുണ്ടാക്കാവുന്ന ഒരു രൂപത്തില്‍ HPVയെ ഈ പറഞ്ഞ സ്ഥലങ്ങളിലോ അവസ്ഥകളിലോ കണ്ടെത്തിയിട്ടുമില്ല. അപ്പോള്‍ നാപ്കിനുകളോ അത്തരം തുണികളോ HPV ഇന്‍ഫക്ഷനു കാരണമാകുമെന്നു പറയുന്നതില്‍ ശാസ്ത്രാടിസ്ഥാനവുമില്ല.

7. പരുത്തികൊണ്ടുള്ള നാപ്കിനുകള്‍ മിക്ക പ്രകൃതിജന്യ വസ്തുക്കളേയും പോലെ പ്ലാസ്റ്റിക് അടങ്ങിയ നാപ്കിനുകളേക്കാള്‍ പല സംഗതികളിലും മികച്ചതാണ്. എന്നു വച്ച് കമ്പനി നാപ്കിനുകളില്‍ HPV വളരും അല്ലെങ്കില്‍ പരുത്തിയില്‍ വളരില്ല എന്ന് പറയുന്നത് ശാസ്ത്രത്തിനു നിരക്കുന്നതല്ല.

9. Vaginal Tamponകളും ടോക്സിക് ഷോക് സിന്‍ഡ്രോമും (Toxic Shock Syndrome-TSS) തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചു മാത്രം മുന്‍ വിധി വച്ചുകൊണ്ട് നാപ്കിനുകളെ പഴിപറയുന്ന പതിവ് പലയിടത്തുമുണ്ട്. ഇതേക്കുറിച്ച് പഠിച്ചാല്‍ തെറ്റിദ്ധാരണ വ്യക്തമാകും.

ആഗിരണശേഷി അധികമുള്ള ടാമ്പൂണുകള്‍ യോനിക്കുള്ളിലേക്കു തിരുകിവയ്ക്കുമ്പോള്‍ അവ യോനിയുടെ ഉള്‍ ഭാഗത്തെ വരണ്ടതാക്കുന്നു. ഇതു മുറികുകളുണ്ടാകാന്‍ കാരണമാകുന്നു. തുടര്‍ന്ന് നമ്മുടെ ചര്‍മ്മത്തില്‍ നേരത്തേതന്നെയുള്ള സ്റ്റഫൈലോക്കോക്കസ് എന്ന ബാക്ടീരിയ ഇന്‍ഫക്ഷനുകള്‍ ഉണ്ടാക്കുന്നു. അതാണ് Toxic Sock Syndrome ആയി പരിണമിക്കുന്നത്.

ഇതില്‍ പ്രശ്നക്കാരന്‍ റയോണോ പരുത്തിയോ ഒന്നുമല്ല, മറിച്ച് ഉപയോഗിച്ച തുണിയുടെ അധിക ആഗിരണശേഷിയാണ്. അതുണ്ടാക്കുന്ന വരള്‍ച്ച (vaginal Dryness) ആണ് യഥാര്‍ത്ഥ വില്ലന്‍. ആ വരള്‍ച്ച കമ്പനിത്തുണിക്കും വീട്ടിലുണ്ടാക്കുന്ന പരുത്തിതുണിക്കും ഒക്കെയുണ്ടാവാം.

വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന തുണികളില്‍ അതിന്റെ ആഗിരണ ശേഷി(absorbancy)രേഖപ്പെടുത്തിവയ്ക്കാന്‍ നിയമമുണ്ട്. അതനുസരിച്ച് മാസമുറയുടെ കണക്കിന് വേണം തുണിയുപയോഗിക്കാന്‍. പരുത്തികൊണ്ടുള്ള ‘ഹോം മേയ്ഡ്‘ തുണിക്കും ഈ നിഷ്കര്‍ഷയുണ്ടാകണം.

8. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലെ ഉയര്‍ന്ന അളവിലെ ഡയോക്സിനും രോഗങ്ങളുമായുള്ള ബന്ധം പണ്ടേ തെളിയിക്കപ്പെട്ടതാണ്. ഡൈപ്പറുകളില്‍ ഡയോക്സിന്റെ അളവു രേഖപ്പെടുത്താന്‍ നിയമങ്ങളുമുണ്ട്. പാലിക്കപ്പെടുന്നോ ഇല്ലയോ എന്നത് വേറേ കാര്യം.

There was an error in this gadget

Topics | Tags

“ഊത്ത് “ ഫോര്‍ ഈക്വാളിറ്റി (1) Art of Living (1) Biennale (1) British Library (1) cartoon (1) Kerala LAC Election 2011 (1) Life of Pi (1) Matrix the movie (1) Papez-limbus-circuit (1) saraswati (1) Tao of Physics (1) Writing Britain (1) അതിരാത്രം (1) അദ്വൈതവും ക്വാണ്ടം ഫിസിക്സും (1) അപാര്‍തൈഡ് (1) അമൃതാനന്ദമയി (1) അശ്വമേധം (1) ആണത്ത നിര്‍വചനങ്ങള്‍ (1) ആത്മാവ് (3) ആത്മീയത (4) ആമവാതം (1) ആയുര്‍വേദം (5) ആയുര്‍വേദ തത്വങ്ങളുടെ ശാസ്ത്രീയത (2) ആരോഗ്യ മേഖല (9) ആര്യന്മാര്‍ (1) ഇസ്രയേല്‍ (1) ഉണ്ടച്ചുരുട്ട് (3) ഉന്നത വിദ്യാഭ്യാസം (2) ഋഗ്വേദം (1) എം.എഫ് ഹുസൈന്‍ (1) എതിരവന്‍ (1) എൻഡോസൾഫാൻ (1) എന്തരോ (4) എളമരം കരീം (1) ഏ. അയ്യപ്പൻ (1) ഐ.എസ്.ആര്‍.ഓ (2) ഒറ്റമൂലി ചികിത്സ (3) ഓർമ്മ (1) കണ്ണുകള്‍ (1) കമലാസുരയ്യ (1) കല (2) കാളിയംബി (1) കുഴൂര്‍ (1) കൃഷ്ണന്‍ (1) കൃഷ്ണന്‍ നായര്‍ (1) കേരള നിയമസഭാ ഇലക്ഷൻ 2011 (1) ക്ലോണിംഗ് (1) ക്വംകാംബ (1) ഖുര്‍ ആനിലെ സയന്‍സ് (2) ഗീത (1) ഗോപാലകൃഷ്ണന്‍ (2) ചരിത്രം (1) ചര്‍ച്ച (1) ജനിതകം (1) ജീര്‍ണലിസം (1) ജോധ-അക്ബര്‍ (1) ടാറ്റയുടെ കാര്‍ (1) ടിബറ്റ് (1) ഡാര്‍വിന്‍ (1) ഡി.പി.ഇ.പി പാഠ്യപദ്ധതി (2) തത്വചിന്ത (1) തീട്ടം (3) തെരഞ്ഞെടുപ്പുരാഷ്ട്രീയം (3) തേന്‍ ചുമയ്ക്ക് (1) ദേവസേന (1) ദൈവത്തെ തേടുന്ന ലോജിക് (2) ദൈവവിശ്വാസം (5) നരവംശ ശാസ്ത്രം (2) നിരീശ്വരത്വം (2) നോബൽ സമ്മാനം 2010 (1) ന്യായാസനം (1) പരിണാമം (1) പരിണാമസിദ്ധാന്തം (2) പര്‍ദ്ദ (1) പാഞ്ഞാള്‍ അതിരാത്രം (2) പാഠപുസ്തക വിവാദം (1) പാപിലോമാ വൈറസ് (1) പാരമ്പര്യം (1) പാരമ്പര്യ വാദം (3) പിന്നോക്ക ജനത (1) പുരാണങ്ങളിലെ സയന്‍സ് (1) പൈങ്കിളിവിപ്ലവം (1) പൈതൃക അറിവുകള്‍ (1) പൈതൃക ഉഡായിപ്പ് (2) പൈതൃക ജാഡ (1) പ്രണയം (1) പ്രതിഭ (1) പ്രതിരോധക്കുത്തിവയ്പ് (1) പ്രപഞ്ചം (3) പ്രപഞ്ചവികാസം (2) പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം (1) പ്ലസീബോ (1) ഫലസ്തീന്‍ (1) ഫാഷിസം (1) ബൂലോകകവിത (1) ഭക്തിക്കച്ചവടം (1) ഭാരതീയ ശാസ്ത്രപാരമ്പര്യം (3) ഭാഷയിലെ ശ്ലീലാശ്ലീലങ്ങള്‍ (1) ഭാസില്‍ രമിക്കുന്നത് (1) ഭൌതിക ശാസ്ത്രം (1) ഭ്രൂണ രഹിത ഭ്രൂണ കോശം (1) ഭ്രൂണശാസ്ത്രം (1) മതം കൊണപ്പിക്കല്‍ (2) മതേതരത്വം (1) മനസ്സിലായില്ല എന്ന നിഷേധ വാക്യം (1) മനസ്സ് (3) മരുന്നു ഗവേഷണം (4) മരുന്ന് ഗവേഷണം (1) മലയാളിയുടെ ആഹാര ശീലം (1) മാതൃഭൂമി (1) മാധ്യമങ്ങളിലെ പിഴവുകള്‍ (1) മിഡില്‍ ക്ലാസ് സ്നോബറി (1) മൃഗബലി (1) മെഡിക്കല്‍ വിദ്യാഭ്യാസം (1) യുക്തിവാദം (2) രാഷ്ട്രീയം (4) ലൈംഗികത (1) വനിതാസം‌വരണ ബില്‍ (1) വര്‍ഗ്ഗീയത (2) വംശീയവിവേചനം (1) വസൂരിയുടെ ഇന്ത്യന്‍ ചരിത്രം (1) വേദാന്തം (5) വൈയക്തികം (1) വ്യവസായ വകുപ്പ് 2006-11 (1) ശാസ്ത്ര തെറ്റിദ്ധാരണകള്‍ (9) ശാസ്ത്രീയത (1) സംഘപരിവാരം (1) സരസ്വതി (1) സംവരണം (1) സംവരണ ചര്‍ച്ച (2) സംവരണവിരുദ്ധത (2) സാനിട്ടറി നാപ്കിന്‍ (1) സാമ്രാജ്യത്വം (1) സായിബാബ (1) സാരംഗി (1) സാഹിത്യം (1) സാഹിത്യനിരൂപണം (1) സാഹിത്യവാ‍രഫലം (1) സാഹിത്യവിമര്‍ശം (1) സി.ആര്‍ . നീലകണ്ഠന്‍ (1) സിനിമ (5) സിനിമയിലെ വേദാന്തം (1) സൈക്കിയാട്രി (1) സ്ഥലമെഴുത്ത് (1) സ്മാട്ട് സിറ്റി (1) സ്വാര്‍ത്ഥികളായ ജീനുക്കള്‍ (1) ഹോക്കിംഗ് (1) ഹോമിയോപ്പതി (4)